Monday, December 6, 2021

 


കഥ‌ :‌ 

 

സ്വർഗ്ഗകവാട‌ത്തിലെ‌  മൗനലിപികൾ‌!

................................................................‌


(‌ വാരാദ്യ‌ മാധ്യമത്തിൽ‌ 5‌.12‌.21‌ ന്‌‌  പ്രസിദ്ധീകരിച്ച‌ കഥ‌ )


രചന‌ :‌ റസാഖ്‌ വഴിയോരം‌

ശബ്ദം :‌ ശ്രീകല‌ ഗോപിനാഥ്‌ ജിനൻ‌

ചിത്രീകരണം‌ :‌ അമീർ‌ ഫൈസൽ‌

....................................................... 


ചില‌ മനുഷ്യർ‌ അങ്ങനെയാണ്‌‌.‌ 

ഒരു‌ നിമിഷത്തിന്റെ‌ മറവിലൂടെ‌യ‌ങ്ങോട്ടി‌റങ്ങി‌നടക്കും‌‌!  ‌ 

 

ചുമലി‌ൽ‌ കൈവെച്ചുനടന്നിരുന്ന‌  സൗഹൃദങ്ങ‌ളിൽ‌ നിന്ന്‌,   ബന്ധങ്ങളുറങ്ങുന്ന‌  വീടുകളിൽ‌ നിന്ന്‌,‌ 

ചിലപ്പോൾ‌ എറെ‌ സ്നേഹിച്ചിരുന്ന‌ ‌സ്വന്തം‌ ജീവിതത്തിൽ‌ നിന്നുപോലും‌  ‌ഒന്നുമു‌രിയാടാതെ‌,  

ഒന്നു‌ തിരിഞ്ഞു‌നോക്കുകപോലും‌ ചെയ്യാതെ‌  ഇറങ്ങിപ്പോകും‌‌. 

ആ ശൂന്യതയിലേക്കുനോക്കി‌ ആ‌ളു‌‌കൾ‌ അടക്കം‌ പറയും‌:‌ 

''എന്നാലും‌ അ‌യാൾ‌..‌!''‌   

‌  ‌ 

ഘടികാര‌മു‌റങ്ങിപ്പോയ‌ ഒരു‌ നിമിഷത്തിന്റെ‌ നിശ്ചലതയിലൂടെ‌ സദാനന്ദ‌‌നും‌   ഇറങ്ങി‌ നടന്നു‌. 

അയാളിറങ്ങിപ്പോയതെന്തിനെന്നോ‌, ‌ ഇറക്കിവിട്ടതാരെന്നോ‌ അറി‌യാതെ‌ ആ‌ ശൂന്യതയിലേക്കുനോക്കി‌യും‌   

ആളുകൾ‌ അടക്കം‌ പറ‌ഞ്ഞു‌ :‌ 

''എന്നാലും‌ അ‌യാൾ‌..!''‌ 

 

സദാനന്ദ‌‌ൻ‌ '‌ആത്മഹത്യ‌'‌ ചെയ്തു‌വെന്നത്‌ ശരിയാണ്‌‌. എന്നാലും‌ അതിനെ‌ ആത്മഹത്യ‌യെന്നു‌ പറയാമോ‌..?  

ഉൾവലിയലിന്റെ‌  നേർത്ത‌ ചരടുകൊണ്ട്‌ മനസ്സിന്റെ‌ കുഞ്ഞു‌ കഴുത്തിൽ‌ കുരുക്കിട്ട്‌ മൗനത്തിലേക്കങ്ങോട്ട്‌  എടുത്തുചാടി‌.        

ശിഖരത്തിൽ‌ നിന്നടർന്ന്‌‌  ‌മണ്ണിന്റെ‌ ശാന്തത‌യിലേക്കു‌   വീണുറങ്ങുന്ന‌  ഒരില‌യുടേതുപോലെ‌ സുന്ദരമായ‌ മരണം‌‌!   

 

ഇപ്പോൾ‌  സദാ‌നന്ദ‌ൻ‌ മനസ്സു‌ മരിച്ചൊരു‌  ശരീ‌രം‌ മാത്ര‌മാണ്‌‌. നടക്കുകയും‌ ഇരിക്കുകയും‌ കിടക്കുകയും‌ ചെയ്യുന്ന‌ ഒരു‌ ശവശരീരം‌‌! 

ഏതായാലും‌ ഫാനിൽ‌ തൂങ്ങിയാടി‌, കഴുത്ത്‌ മുറുകി‌, വീട്ടുകാർക്ക്‌   ആർത്തുകരയാനും‌ നാട്ടുകാർക്ക്‌ അടക്കം‌ പറയാനും‌   

അവൻ‌    അവസരം‌ കൊടുക്കാതിരുന്നത്‌ തന്നെ‌ വലിയ‌ കാര്യം‌! 

ഇപ്പോൾ‌ അയാളെ‌  കടന്നുപോകുന്ന‌ സ്ഥലകാലങ്ങളോട്‌,  ‌ഋതുഭേദങ്ങളോട്‌, ജീവജാലങ്ങളോട്‌ സദാ‌നന്ദ‌ന്റെ‌   

അനക്കമറ്റ‌ ചുണ്ടുക‌ളും‌  തിളക്കമറ്റ‌ കണ്ണു‌കളും‌  ഒട്ടുമേ‌ സംവദിക്കുന്നില്ല‌.‌    

 

''ഇയാൾക്കിതെന്തുപറ്റി‌..?''‌ 


 

'മരണ‌'‌ കാരണങ്ങളന്വേഷിച്ച‌ ഓരോരുത്തരും‌ അവരവരു‌ടെ‌ മനോനിലയനുസരിച്ചുള്ള‌ നി‌ഗമനങ്ങളിലെത്തിച്ചേ‌ർന്നു‌. 

മൗനത്തിന്റെ‌ ലിപികളറിയാത്തതുകൊണ്ടാവാം‌   എനിക്കും‌ ഒന്നും‌ കണ്ടെ‌ത്താ‌നായില്ല‌. അതുകൊണ്ടാണ്‌‌   

ഞാൻ‌ അവന്റെ‌ ഫെയ്സ്‌ ബുക്ക്‌  പോസ്റ്റുകളിലൂടെ‌ സ്ക്രോൾ‌ ചെയ്ത്‌‌  എവിടെയെങ്കിലും‌ അവന്റെ‌ '‌ആത്മഹത്യാ‌ കുറിപ്പ്‌'‌  

കണ്ടെത്താനാകുമോയെന്ന്‌  വെറുതെ‌ പരതി‌നോക്കിയത്‌.  

 

ആരും‌ ലൈക്കടിച്ചിട്ടില്ലാത്ത‌‌, കമന്റിട്ടിട്ടില്ലാത്ത‌, ഷെയർ‌  ചെയ്തിട്ടില്ലാത്ത‌ ഒരു‌  പോ‌സ്റ്റിൽ‌ എന്റെ‌ കണ്ണുകളുടക്കി‌.  

‌ 

''‌അവഗണിക്കപ്പെടുന്നിടത്തെ‌ൻ‌  സാന്നിദ്ധ്യം‌  പാപമാണെങ്കിൽ‌ അസാന്നിദ്ധ്യം‌  പുണ്യമാണല്ലോ‌! ‌ 

ആ‌ പുണ്യങ്ങളെക്കുറിച്ച്‌  മൗനത്തിന്റെ‌ ലിപികളിൽ‌ എനിക്ക്‌  സ്വർഗ്ഗകവാ‌ട‌ത്തിലൊരു‌  കവിത‌യെഴുതണം‌! 

അതിനായി‌  ഉൾവലിയലിന്റെ‌  നേർത്ത‌ ചരടുകൊണ്ട്‌ മനസ്സിന്റെ‌ കുഞ്ഞു‌ കഴുത്തിൽ‌ കുരുക്കിട്ട്‌ ഞാൻ‌  

മൗനത്തിലേക്കെടു‌ത്തു‌ചാടുന്നു‌..  

 

ഉണർവും‌  ഉറക്കവും‌  വേർപിരിയുന്ന‌  സമയ‌രഹിതമായൊ‌രു‌‌  ബിന്ദുവിലേക്ക്‌  ഞാനിപ്പോൾ‌  സഞ്ചരിച്ചുകൊണ്ടി‌രിക്കയാണ്‌‌. ‌ 

ഓർമ‌കളുടെ‌ അനുസ്യൂതമായ‌ പ്രവാഹത്തിൽ‌ നിന്ന്‌   കരകയറി  ശാന്തസുന്ദരമായ‌   സ്വർഗ്ഗകവാടത്തിലേക്ക്‌ ഞാൻ‌  

എത്തു‌ന്നത്‌‌ വരെ‌ ‌ആരും‌ ഇവിടെ‌  ക‌മന്റിടരുത്‌‌‌, ലൈക്കടിക്കരുത്‌‌,  ഷെയർ‌  ചെയ്യരുത്‌‌‌.‌  

 

കാരണം‌,  അവഗണനകളില്ലാത്ത‌‌,  ആക്ഷേപങ്ങളില്ലാത്ത‌, താ‌രതമ്യങ്ങളില്ലാത്ത‌‌ ശാന്തസുന്ദരമായ‌   

ആ‌ സ്വർഗ്ഗത്തിൽ‌ ഞാൻ‌  സ്വപ്നരഹിതമായ‌  സുഷുപ്തി‌യിലായിരിക്കുമ്പോൾ‌   

നിങ്ങളുടെ‌  '‌ലൈക്കു'‌കൾ‌  എന്നെ‌ ഉണർത്തിയേക്കും‌..! 

 

സ്വർഗ്ഗത്തിൽനിന്നും‌  പുറത്തുപോകാൻ‌ കൊച്ചു‌ പ്രലോഭനങ്ങൾ‌ പോലും‌ കാരണമാകുമല്ലോ‌!''‌  

(ലോഗ്‌ ഔട്ട്‌‌)