Saturday, September 19, 2020

ഓര്‍മ്മിക്കാതെ പോയ ഓര്‍മ്മകള്‍ : (അ‌ദ്ധ്യായം‌‌ - 0‌5‌)

 


അഖിലലോക‌ കാക്കകളേ‌ നന്ദി‌..! :‌ (അ‌ദ്ധ്യായം‌‌ - 0‌5‌)
.......................................................................................
മുമ്പില്‍‌ ഷബീറലി‌ നടന്നു. എന്റെ‌ കാലുകള്‍‌ മണല്‍ത്തരികളിലൂടെയും‌, കണ്ണുകള്‍‌ കടല്‍ത്തിരകളിലൂടെയും‌ നടന്നു‌.‌ ആകാശത്ത്‌ ഓരോരോ‌ നക്ഷത്രങ്ങള്‍‌‌ തെളിഞ്ഞു‌ വന്നു.
ഞങ്ങള്‍ നടന്നുപോകുമ്പോള്‍‌
കട‌പ്പുറത്ത്‌ കുറച്ചാളു‌കള്‍‌ കൂടിയിരുന്ന്‌ ശീട്ട്‌ കളിക്കുന്നുണ്ടായിരുന്നു‌. ഞങ്ങള്‍‌ കുറച്ചുസമയം‌ അവരുടെയടുത്ത്‌ നിന്നു‌. കളിക്കിടയില്‍‌ അവര്‍‌ ഒരു‌ സിനിമയെപ്പറ്റി‌ സംസാരിക്കുന്നുണ്ടായിരുന്നു‌. അന്നാണ്‌ ഞാന്‍ ആദ്യ‌മായി‌ ഒരു‌ സിനിമയുടെ പേര് ‌‌കേള്‍ക്കുന്നത്‌. '‌കടല്‍‌'‌ എന്നായിരുന്നു ആ‌ സിനിമയുടെ‌ പേരും‌.
ഞാന്‍‌ ഇതുവരെ‌ ഒരു‌ സിനിമ‌യും‌ കണ്ടിട്ടില്ല‌.
സിനിമ കാണുന്നതോ‌ പോയിട്ട്‌ ഒരു‌ റേഡി‌യോപാട്ട്‌ കേള്‍ക്കാന്‍‌ പോലും‌ അവസരങ്ങളില്ല‌. നാട്ടില്‍‌ എണ്ണപ്പെട്ട‌ വീടുകളില്‍‌ മാ‌ത്രമായിരുന്നു‌ അന്ന്‌ റേഡി‌യോ ഉ‌ണ്ടായിരുന്നത്‌. അതിലൊന്നായിരുന്നു‌ '‌എമ്മേക്കാരന്‍‌'‌ എന്നറിയപ്പെടുന്ന‌ ‌എം‌.എ‌.മുഹമ്മ‌ദ്‌ സാഹിബിന്റെ‌ വലിയ‌ വീട്‌.
'‌പൊയില്‍‌'‌ എന്ന‌ സ്ഥലത്തായിരുന്നു‌ ആ‌ വീട്‌. അവിടെത്തന്നെയായിരുന്നു‌ ഞങ്ങളുടെ‌ യു‌.പി‌.സ്കൂളും‌. നാലാം‌ ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍‌ എന്നെ‌ പൊയില്‍‌ സ്കൂളില്‍‌ കൊണ്ടു‌പോയി‌ ചേര്‍ത്തി‌. ഞാനന്നാണ്‌ ആ വലിയ‌ വീട്‌ കാണുന്നത്‌. ‌അദ്ദേഹം‌ നാട്ടിലെ‌ വലിയ‌ വ്യവസായിയായിരുന്നു‌. അവിടെനിന്ന്‌ റേഡിയോ‌ പാട്ടു‌ കേള്‍‌ക്കാന്‍‌ ഞങ്ങള്‍ പല‌ ദിവസവും‌ സ്കൂള്‍‌ പുറത്തു‌വിടുമ്പോള്‍‌ വഴിയില്‍‌ പോയി‌ നില്‍ക്കാറുണ്ടായിരുന്നു‌.
അദ്ദേഹത്തിന്റെ‌ വീടി‌നോട്‌ ചേര്‍ന്ന്‌ ചെറിയൊരു‌ നിസ്ക്കാരപ്പള്ളി‌യു‌ണ്ടായിരുന്നു‌. '‌സ്രാമ്പ്യ'‌എന്നാ‌യിരുന്നു‌ അതിനെ‌ പറഞ്ഞിരുന്നത്‌. ഉച്ച‌ക്ക്‌ സ്കൂള്‍‌ വിടുമ്പോള്‍‌ ചില‌ ദിവസങ്ങളില്‍‌ ഞങ്ങള്‍‌ കഞ്ഞികുടിക്കാന്‍‌ വീട്ടിലേക്കോടിപ്പോകും‌. പോകാത്ത‌ ദിവസങ്ങളില്‍‌ ആ‌ സ്രാമ്പ്യയില്‍‌ പോയി‌ നിസ്ക്കരിക്കും‌. കിളിവാതില്‍‌ പോലെയുള്ള‌ ജ‌നല്‍‌ തുറന്ന്‌ എത്തി‌ നോക്കും‌‌. '‌റേഡിയോ'‌ ഒന്ന്‌ നേരില്‍‌ കാണാനുള്ള‌ കൊതിയോടെ‌‌.‌.
സ്രാമ്പ്യയോട്‌ ചേര്‍ന്ന്‌ കുറെ‌ കല്പ‌ടവുകളുള്ള‌ വലിയൊരു‌ കുളമുണ്ടായിരുന്നു‌. വുളുവെടുക്കാനുള്ളതാണ്‌.‌ അതിലെ‌ ഇളംനീല നിറമുള്ള‌ തെളിഞ്ഞ‌ വെള്ളത്തില്‍‌ ചൂലിപ്പരലുകള്‍‌ നീന്തിക്കളിക്കുന്നത്‌ കാണാന്‍‌ നല്ല‌ രസമായിരുന്നു‌. ‌
ഒരിക്കല്‍‌ ആ‌ കുളത്തിൽ ആരോ ഒരാൾ മരിച്ചു. ആള്‍ക്കൂട്ടം‌ കണ്ട്‌ ഞങ്ങളും‌ ഓടിപ്പൊയി‌നോക്കി‌. അന്ന്‌ ടാര്‍‌ചെയ്യാത്ത‌ റോഡി‌ന്റെ‌ പകുതിയോളം‌ സ്ഥലത്തായിരുന്നു‌ കുളം‌ നിന്നിരുന്നത്‌. വലിയ‌ ആള്‍ക്കൂട്ടത്തില്‍‌ ഞ‌ങ്ങള്‍‌ പതുക്കെ‌ ചുറ്റുമതിലിന്റെ‌ വിടവിലൂടെ‌ കുളത്തിലേക്ക്‌ ഏന്തി‌നോക്കി‌. മഴക്കാലം‌ കഴിഞ്ഞ‌ സമയം‌‌, കുളത്തില്‍‌ നിറയെ‌ നല്ല‌ '‌ഒറു'‌വെള്ളം‌ കണ്ണാ‌ടിപോലെ‌ തെളിഞ്ഞിരുന്നു‌. ‌
വെള്ളത്തിനടിയില്‍‌ വെള്ള‌ക്കു‌പ്പാ‌യവുമിട്ട്‌ വെള്ള‌ത്താടിയുള്ള‌ ഒരാള്‍‌ നിശ്ചലനായി‌ കുമ്പിട്ടുനില്‍ക്കുന്നത് അട്ടപ്പാ‌വിനിടയിലൂടെ‌ ഞങ്ങള്‍‌ തെളിഞ്ഞുകണ്ടു‌.
വലിയ‌ ചൂലിപ്പരലുകള്‍‌ ചുറ്റിലും‌ ഒന്നുമറിയാതെ‌ നീന്തിക്കളിച്ചു‌.
സ്കൂളില്‍‌ ബെല്ലടിക്കുന്ന‌ ശബ്ദം‌ കേട്ട്‌ ഞങ്ങള്‍‌ കുറച്ചു കുട്ടികള്‍‌ ഓടി‌. വയസ്സായ‌ ഒരാള്‍‌ വന്ന്‌ ബാക്കി‌യുള്ള‌ കുട്ടികളേയും‌ അവിടെനിന്നോടിച്ചു‌.
പിന്നെ‌ ഞങ്ങള്‍‌ കുറേ‌ കാലം‌ ആ‌ കുളത്തിലേക്ക്‌ പോയിട്ടില്ല‌.
ഞങ്ങള്‍‌ കിതച്ചു‌കൊണ്ട്‌ സ്കൂളിലെത്തി‌. വരാന്തയില്‍‌ തോമസ്‌ മാഷ്‌ ചുരലും‌ പിടിച്ചു‌നില്‍ക്കുന്നു‌. തോമസ്‌ മാഷാണ്‌ ഹെഡ്‌മാസ്റ്റര്‍‌. കോട്ടയത്താ‌ണ്‌ മാഷെ‌ നാട്‌. അക്കാലത്ത്‌ തെക്ക്‌ നിന്നുള്ളവരായിരുന്നു‌ ഇവിടെ‌ പഠിപ്പിക്കുന്നവരിലധികവും‌. അദ്ധ്യാപക‌ ജോലിയ‌റിയുന്ന‌ ആളുകള്‍‌‌ ആയി‌ വരുന്നേയുണ്ടായിരുന്നുള്ളൂ‌.
തോമസ്‌ മാഷ്‌ അധികം‌ ചിരിക്കുന്നത്‌ ഞാന്‍‌ കണ്ടിട്ടില്ല‌.
വീട്ടില്‍‌ പോകുമ്പോള്‍‌ പോലും‌ ചൂരല്‍‌ കയ്യിലുണ്ടാവും‌.‌ അഞ്ചാം‌ ക്ലാസ്സില്‍‌ ഇംഗ്ലീഷ്‌ അക്ഷരമാല‌ പഠിപ്പിച്ചിരുന്നത്‌ തോമസ്‌ മാഷായിരുന്നു‌.
പൊയിലിലെ‌ സ്കൂളിലെത്തിയാല്‍‌ ഇംഗ്ലീഷ്‌ പഠി‌ക്കണമെന്നും‌, അവിടെ‌ നല്ലവണ്ണം‌ അടിക്കുന്ന‌ ഒരു‌ മാഷുണ്ടെന്നും‌ എല്‍‌.പി‌.സ്കൂളില്‍‌ പഠിക്കുമ്പോഴേ‌ കുട്ടി‌ക‌ള്‍‌ പറഞ്ഞുപേടിപ്പിച്ചിരുന്നു‌. അന്ന്‌ തുടങ്ങിയതാണ്‌ ഇംഗ്ലീഷുകാരെ‌ പേടി‌.
പൊയില്‍‌ സ്കൂളില്‍‌ ആദ്യദിവസങ്ങള്‍‌ കൂളായി‌ കടന്നുപോയി‌.
മറിയമ്മട്ടീച്ചറായിരുന്നു‌ ഞങ്ങളുടെ‌‌ ക്ലാസ്സ്‌ ടീച്ച‌‌ര്‍‌. സ്കൂളി‌ല്‍‌‌നിന്ന്‌ കുറച്ചുദൂരെ‌ ചെറുവാടിയായിരുന്നു‌ ടീച്ചറുടെ‌ വീട്‌‌.
മുടി‌ പിന്നിലേക്ക്‌ വൃത്തിയായി‌ ചീകിവെച്ച്‌‌, സാരിത്തലപ്പുകൊണ്ട്‌ തല‌ പകുതി‌ മറച്ച്‌‌, ചോറ്റുപാത്രമുള്ള‌ ഒരു‌ ചെറിയ‌ ലേഡീസ്‌ ബേഗും‌ തോളിലിട്ട്‌, കുടയും‌ ചൂടി‌, പത്തു‌ മണിയാകുമ്പോള്‍‌ ചെറുവാടിയില്‍‌ നിന്നും‌ മറിയുമ്മ ടീ‌ച്ച‌‌ര്‍‌ നടന്നുവരും‌. പിന്നെ‌ ഇളകുന്ന‌ സ്റ്റൂളി‌ലിരുന്ന്‌ ഹാജറെടുക്കും‌. ഹാജര്‍പട്ടികയിലേക്ക്‌ ഹീറോപേനയില്‍‌ നിന്ന്‌ ഉറ്റിവീഴുന്ന‌ മഷിത്തുള്ളികള്‍‌ ചോക്ക്‌ കൊണ്ട്‌ ഒപ്പിയെടുക്കുന്നത്‌ ഞങ്ങള്‍‌ കൗതുകത്തോടെ‌ അടുത്ത്ചെന്ന്‌ നോക്കി‌‌നില്‍ക്കും‌...
'എല്ലാരും‌ അവനവന്റെ‌ സ്ഥലത്ത്‌ പോയിരിക്കി‌...'‌
ടീച്ച‌ര്‍‌ മേശപ്പുറത്ത്‌ നിന്ന്‌ ചൂരലെടുക്കും‌.‌ വടിയെടുക്കുമെങ്കിലും‌ ടീച്ച‌ര്‍‌ അടിക്കില്ല‌;‌ ഇഷ്ട മായിരുന്നു‌ കുട്ടികള്‍ക്ക്‌ ടീച്ചറെ‌...
ശാ‌ന്തമ്മട്ടീച്ചറും‌ അടിക്കില്ല‌‌. ഹിന്ദിയായിരുന്നു‌ ടീച്ചറുടെ‌ വിഷയം‌. ശാ‌ന്തമ്മ‌
ടീച്ചറെ‌ എല്ലാരും‌ ഹിന്ദിടീച്ച‌‌ര്‍‌ എന്നായിരുന്നു‌ വിളിച്ചിരുന്നത്‌. ഇംഗ്ലീഷും‌ കണക്കും‌ എനിക്ക്‌ കുറച്ച്‌ പ്രയാസമായിരുനെങ്കിലും‌ ഹിന്ദിക്ക്‌ ഞാ‌നല്‍‌‌പ്പം‌ മോശമായിരുന്നു‌.
ഒരിക്കല്‍‌ ശാ‌ന്തമ്മ‌ ടീച്ച‌‌ര്‍‌ ഹിന്ദി‌ എടുക്കുകയായിരുന്നു‌.
'‌ആത്താഹെ‌... ആത്തീഹെ‌..'‌ എന്താണ്‌ വ്യത്യാസം‌..?
ചോദ്യം‌ എന്നോടാ‌‌ണ്‌. ഒരു‌ വ്യത്യാസവും‌ കാണാത്തപോലെ‌ ഞാന്‍‌ നിന്നു‌.
അടുത്ത‌യാള്‍‌... ടീച്ചര്‍‌ വിരല്‍‌ ചൂണ്ടി‌.
തൊട്ടടുത്തുനിന്ന്‌ അയ്യപ്പന്‍‌ എഴുന്നേറ്റുനിന്നു‌:‌
‌'ആത്താഹെ‌ പുല്ലിംഗം‌.'‌
'‌ആത്തീഹെ‌ സ്ത്രീലിംഗം‌..
ടീ‌ച്ചര്‍‌ എന്നോട്‌ പറഞ്ഞു‌ :‌
'‌നാളെ‌ പഠിച്ചിട്ടു‌ വരണം‌ കേ‌ട്ടോ‌.. ബൈട്ടോ‌..!
‌
'‌ലിംഗബോ‌ധമില്ലാത്ത‌'‌ ഒരു‌ കോമാളിയെപ്പോലെ‌ ഞാന്‍‌ ബൈട്ടി‌.
വടിയെടുക്കുമെങ്കിലും‌ ടീച്ചറും‌ അടിക്കില്ല‌... ഇഷ്ട മായിരുന്നു‌ ടീച്ചറേയും‌ കുട്ടികള്‍ക്ക്‌.‌ ടീച്ചറുടെ‌ ഭര്‍ത്താവ്‌ പണ്ഡിറ്റ്‌ മാഷും‌ അതേ‌ സ്കൂളിലെ‌ മാഷായിരുന്നു‌.
തുണി‌ മുട്ടിനു‌മുകളിലായി‌ അല്പം‌ കൂട്ടിക്കുത്തി‌ അബ്ദുമാഷ്‌ വരും‌. കണക്ക്‌ മാഷ്‌ എന്നായിരുന്നു‌ ഞങ്ങല്‍‌ വിളിച്ചിരുന്നത്‌. എന്റെ‌ കണക്കിന്റെ‌ കാര്യം‌ കണക്കാണെന്ന്‌ ഞാന്‍‌ നേരത്തെ‌ പറഞ്ഞുവല്ലോ‌..! കണക്കിന്റെ‌ മാര്‍ക്കില്‍‌ എന്റെ‌ പിറകില്‍‌ ആരുമില്ലായിരുന്നു‌.
ഒരിക്കല്‍‌ മാഷ്‌ ഡസ്റ്ററെടുത്ത്‌ ബോര്‍ഡ്‌ മായ്ച്ച്‌ കളഞ്ഞ‌ ശേഷം‌ ബോര്‍ഡില്‍‌ എന്തൊക്കെയോ‌ എഴുതി‌‌. പിന്നെ‌ മാഷ്‌ എല്ലാവരോടുമായി‌ പറഞ്ഞു:‌
'‌ലാ‌.സാ‌.ഗു‌‌.‌ കാണുക‌...!
അഞ്ചുമിനുട്ട്‌ കൊണ്ട്‌ എഴുതി‌ എല്ലാവരും‌ ബുക്ക്‌ മേശപ്പുറത്ത്‌ വെക്കുക‌'‌
മാഷ്‌ സ്റ്റൂളില്‍‌ പോയി‌ ഇരുന്നു‌. ഞാന്‍‌ ചുറ്റും‌ നോക്കി‌. എവിടെ‌ നോക്കിയാലാണ്‌ ലാ‌.സാ‌.ഗു‌‌ കാണുക‌..?
'‌ആരും‌ സംസാരിക്കരുത്'‌, ഒച്ചയുണ്ടാക്കിയാല്‍‌‌ ചോക്കുപൊടിയില്‍‌ മുങ്ങിയ‌ ഡസ്റ്റര്‍‌ കൊണ്ട്‌ ഏറുവരും‌. ക്ലാസ്സില്‍‌ നിശ്ശബ്ദത‌..!
ഓരോരുത്തരായി‌ മേശപ്പുറത്ത്‌ നോട്ടുബുക്ക്‌ വെച്ചു‌‌. ഏറ്റവും‌ മുകളില്‍‌ ഞാനും‌. മാഷ്‌ എന്റെ‌ പുസ്തകം‌ തുറന്നു‌... പിന്നെ‌ എന്റെ‌ ചെവിയുടെ‌ മാംസളമായ‌ ഭാഗത്ത്‌ പരുത്ത‌ വിരലുകള്‍‌ കൊണ്ട് ചിത്രം വരച്ചു, മാഷ് എന്റെ ചെവിയുടെ ചൂടറിഞ്ഞു...
'ശ്ശെന്തോര്‌ വിഡ്ഡി‌...'‌ മാഷ്‌ പറഞ്ഞു‌.
പിന്നേയും‌ പല‌ സന്ദര്‍ഭങ്ങളി‌ലായി‌ അബ്ദു‌ മാഷ്‌ എന്നെയിതുപോലെ അഭിനന്ദിച്ചിട്ടുണ്ട്‌..
ഇന്നും‌ '‌ലാ‌.സാ‌.ഗു‌‌.‌'‌ എന്താണെന്ന്‌ എനിക്കറി‌യില്ല‌ മാഷേ‌...!
‌തോമസ്‌ മാഷ്‌ കൊല്ലാ‌വസാനം‌ വരെ‌ പതിനെട്ടടവ്‌ പയറ്റീട്ടും‌ ഇംഗ്ലീഷ്‌ അക്ഷരമാല‌ എന്നോ‌ട്‌ കരുണ‌കാട്ടിയില്ല‌. ഒരു‌ ദിവസം‌ തോമസ്‌ മാഷ്‌ ക്ലാസ്സില്‍‌ വന്നു‌‌‌ പറഞ്ഞു‌‌ :‌
നാളെ‌ '‌എഇഒ‌'‌ വരും‌. എല്ലാവരും‌ '‌ഏബീസീഡി‌'‌ കാണാതെ‌ പഠിച്ചുവരണം‌. '‌എഇഒ‌'‌ ചോദിക്കുമ്പോള്‍‌ തെറ്റാതെ‌ പറഞ്ഞുകൊടുക്കണം‌. ഇന്ന്‌ നമുക്കൊന്നു‌ കാണാതെ‌ പറ‌ഞ്ഞു‌ നോക്കാം‌;‌ ആള്‍‌ സ്റ്റാന്റപ്പ്‌ .. സിറ്റ്ഡൗണ്‍‌...!
ബെഞ്ചിന്റെ‌ ഒരു‌ തലക്കല്‍‌ നിന്ന്‌ ഒരു‌ കുട്ടി‌ എഴുന്നേറ്റ്‌ വേഗത്തില്‍‌ പറഞ്ഞു‌തുടങ്ങി‌. നെക്സ്റ്റ്‌.., ഓരോരുത്തരായി‌ എഴുന്നേല്‍ക്കുമ്പോഴും‌ ഞാന്‍‌‌ ഇളകുന്ന‌ ബെഞ്ചിന്റെ‌ അറ്റത്തേക്ക്‌ നീങ്ങിനീങ്ങിയിരുന്നു‌.
നെക്സ്റ്റ്‌.., മാഷ്‌ എന്റെ‌ നേരെ‌ വിരല്‍‌ ചൂണ്ടി‌. ഞാന്‍‌ വേഗത്തില്‍‌ എഴുന്നേറ്റുനിന്ന്‌ ഭയലേശമന്യേ‌ പറഞ്ഞുതുടങ്ങി‌:‌
'ഏബീസീഡീഈയെഫ്‌ജീ‌.. പിന്നെ‌ '‌എച്ചില്‍‌'‌ തട്ടി‌ ഒന്നു‌ നിന്നു‌. പിന്നില്‍‌നിന്നാരൊ‌ക്കെയോ‌ തള്ളിത്തന്നതുകൊണ്ട്‌ '‌ഓപി‌'‌ വരെ‌ നിരങ്ങിനിരങ്ങി‌ നീങ്ങി‌ '‌ക്യൂ'‌വില്‍‌ ചെന്ന്‌ ഇടിച്ചു‌ നിന്നു‌..!. മാഷ്‌ അല്പം‌ കൂടി‌ വെയ്റ്റ്‌ ചെയ്തു‌. ‌പിന്നെ‌ മേശ‌പ്പു‌റത്തു‌‌നിന്ന്‌ ചൂരലെടുത്ത്‌ എന്റടുത്തേക്ക്‌ വന്നുനിന്നു‌.
മാഷിന്റെ‌ സൗകര്യത്തിനു‌വേണ്ടി‌ എന്നെ‌ ബെഞ്ചില്‍‌ കയറ്റി‌ തിരിച്ചുനിര്‍ത്തി‌. ഞാന്‍‌ ചന്തിയില്‍‌ കൈ‌‌വെച്ച്‌ തിരിഞ്ഞു‌ നിന്നു‌. പിന്നെ‌‌ കഴുത്ത്‌ മക്സിമം‌ തിരിച്ച്‌ ദയനീയമായി‌ മാഷെ‌ നോക്കി‌.‌. ഒന്ന്‌ .. രണ്ട്‌.. മൂന്ന്‌.. ചൂരല്‍‌ ക്ഷീണിച്ചു;‌ എന്റെ‌ കൈകളും‌. മേശക്കരികിലേക്ക്‌ തിരിച്ചു‌ നടക്കുമ്പോള്‍‌ ഒരടി‌‌കൂടി‌ തന്നിട്ട്‌ മാഷ്‌ പറഞ്ഞു:‌
‌
''‌നിത്യം‌ വരത്തോല്ല്യ‌... വന്നാലൊട്ടു‌ പടിക്കത്തോല്ല്യ‌...!''‌
തരിച്ച‌ ബെഞ്ചിനുമുകളില്‍‌ ഞാന്‍‌ പതുക്കെ‌ ചന്തിവെച്ചിരുന്നു‌.
ചകിരി‌‌കൊണ്ട്‌ കയര്‍‌ പിരിക്കാന്‍‌ പഠിപ്പിച്ചുതന്ന‌ റംല‌ ടീച്ചറായിരുന്നു‌ എന്റെ‌ മാതൃകാ‌ അദ്ധ്യാപിക‌. ആഴ്ച്ചയിലൊരിക്കല്‍‌ 'ക്രാഫ്റ്റ്'‌ എന്നൊരു‌ പിരീടുണ്ട്‌. അന്ന്‌ എല്ലാ‌വരും‌ വീട്ടില്‍‌ നിന്ന്‌ ചകിരി‌ കൊണ്ടുവരും‌. എന്നിട്ട്‌ ഉപ്പുമാവുണ്ടാക്കുന്ന‌ ചരുവില്‍‌ പോയി‌ ഇരിക്കും‌. നെയ്യില്‍‌ ഉപ്പുമാവ്‌ മൊരിയുന്ന‌ മണം‌ വിശക്കുന്ന‌ വയറില്‍‌ മതിവരുവോളം‌ നുകരും‌. ടീച്ച‌ര്‍‌ നിലത്തിരുന്ന്‌ ചകിരി‌ പിരിച്ച്‌ ‌ ചൂടിക്കയറുണ്ടാക്കുന്നത്‌ കാണിച്ചുതരും‌. ഞങ്ങളും‌ അത്‌ പോലെ‌ നോക്കി‌ ചെയ്യും‌.‌ യു‌.പി‌.സ്കൂള്‍‌ കാലഘട്ടത്തില്‍‌ ഞാന്‍‌ നേടിയെടുത്ത‌ ഏകവിജ്ഞാനം‌ ചൂടി‌ നിര്‍മ്മാണമായിരുന്നു‌. ഇന്നും‌ ഒരു‌ അത്യാവശ്യം‌ വന്നാല്‍‌ പരസഹായമില്ലാതെ‌ ഒരുമുഴം‌ കയറുണ്ടാക്കാന്‍‌ എനിക്കറിയാം‌. സ്വയം‌ പര്യാപ്തം‌..!
നാലുമണിക്ക്‌ നീട്ടി‌ ബെല്ലടിച്ചു‌;‌ കുട്ടികള്‍‌ അസാധാരണമായ‌ വേഗത്തില്‍‌ തിരിഞ്ഞു‌ നോക്കാതെ‌ ഇറങ്ങിയോടി‌.. ഓട്ടത്തിനിടയില്‍‌ കുട്ടികള്‍‌ വിളിച്ചു‌ പറഞ്ഞു:‌ ‌ നാളെ‌ '‌ഏയ്യോന്‍‌'‌ വരും‌ ...‌, കാലുറയിട്ട‌ ഏയ്യോമ്പെരും‌..! അന്ന്‌ വൈകുന്നേരം‌ ഒരു‌ മുറ്റത്തും‌ കുട്ടികള്‍‌ കളി‌ക്കാനിറങ്ങിയില്ല‌.
‌
ഞാന്‍‌ വീട്ടിലെത്തി‌. ഉമ്മ‌ കിണറ്റിനടുത്തിരുന്ന്‌ പാത്രോം‌ കൈലും‌ വെണ്ണീരിട്ട്‌ തേച്ചുമോറുകയായിരുന്നു‌. നിറ‌കണ്ണുകളോടെ‌ ഉമ്മയുടെ‌ മുഖ‌ത്തു‌നോക്കി‌ ഞാനാ‌ നഗ്നസത്യം‌ പറഞ്ഞു:‌
'‌നാളെ‌ ഏയ്യോമ്പെരും‌..'‌
'നന്നായി'‌ ഉമ്മ‌ പറഞ്ഞു‌. രാത്രി‌ ഉറങ്ങുന്നതിനു‌ മുമ്പ്‌
കൂട്ടത്തില്‍‌ പുതിയ‌ കു‌പ്പായോം‌ തുണീം‌ എടുത്തു‌ത‌ന്നിട്ട്‌ ഉമ്മ‌ പറ‌ഞ്ഞു‌:‌
'‌നാളെ‌ ഇതിട്ടോ‌...ഏയോമ്മാര്‌ വരുമ്പം‌ വൃത്തീം‌ ബെടിപ്പൂള്ള‌‌ മാതിരി‌ പോണം‌..'‌ ഞാന്‍‌ പെരുന്നളിനു‌ മാത്രം‌ ഉടുക്കാന്‍‌ സൂക്ഷിച്ച്‌ വെച്ചിരുന്ന‌ ആ‌ തുണീം‌ കുപ്പായോം‌ ഞാന്‍‌ ക‌യ്യില്‍‌ വാങ്ങി‌.
രാത്രി‌ ഉറങ്ങാന്‍‌ കിടന്നു‌‌. മഞ്ഞുകാലം‌.. മുറ്റത്തെ‌ തേക്കിന്‍‌ ചുവട്ടില്‍‌ വീണു‌ കിടക്കുന്ന‌ ഉണങ്ങിയ‌ തേക്കിലയിലേക്ക്‌ മരക്കൊമ്പില്‍‌ നിന്നും‌ മഞ്ഞുതുള്ളികള്‍‌ വീഴുന്ന‌ '‌ടക്‌..ടക്‌..'‌ ശബ്ദം‌ എന്നെ‌ പേടിപ്പെടുത്തി‌. കറുത്ത‌ കാലുറയിട്ട്‌ അയാള്‍‌ ചവിട്ടി‌ച്ച‌വിട്ടി‌ വരുന്നുണ്ട്‌...! ഞാന്‍‌ പുതപ്പിനുള്ളി‌ലേക്കുള്ളിലേക്ക്‌ ചുരുണ്ടു‌കിടന്നു‌..
‌രാവിലെ‌ ഉണര്‍ന്നപ്പോള്‍‌ ഞാന്‍‌ കിടന്ന‌ പായ‌, മുറ്റത്ത്‌ അലക്കാനുള്ള‌ തുണികളുടെ‌ കൂട്ടത്തില്‍‌ ചു‌രുട്ടിവെച്ചിരിക്കുനത്‌ നോക്കി‌ ഞാന്‍‌നി‌ന്നു‌..
സാധാരണ‌ വൈകുന്നേരം‌ മാത്രം‌ കുളിക്കുന്ന‌ ഞാന്‍‌ അന്ന്‌ രാവിലെ‌ കുളിച്ചു‌. നല്ല‌ പെരുന്നാള്‍‌ കുപ്പയമിട്ടു‌.
ചട്ട‌‌പറിഞ്ഞ‌ ടെക്സ്റ്റ്‌ ബുക്കുകളെല്ലാം‌ അട്ടിവെച്ച്‌ കറുത്ത‌ റബ്ബറുകൊണ്ട്‌ ചുറ്റി‌.( ടയറിന്റെ‌ ട്യൂബ്‌ മുറിച്ചുണ്ടാക്കുന്ന‌ അല്പം‌ വീതിയുള്ള‌ ആ‌ കറുത്ത‌ റബ്ബറിന്‌ രണ്ട്‌ പൈസയായിരുന്നു‌ വില‌ )
മഴ‌ പെയ്യാന്‍‌ തുടങ്ങിയിരുന്നു‌. ചെറിയ‌ മഴ‌ സ്കൂളില്‍‌ പോകാതിരിക്കാനുള്ള‌ കാരണമല്ല‌.
പ്രതീക്ഷ‌ക്കു വകനല്‍കി‌ മഴ‌യുടെ‌ ശക്തി‌ അല്പം‌ കൂടി‌.‌ ദൈവമേ‌.. ഒരു‌ കൊടുംകാറ്റ്‌ വന്ന്‌ ഈ‌ ഭൂമിയും‌ സൂര്യചന്ദ്രനക്ഷത്രങ്ങളുമെല്ലാം‌ ധൂളികളായി‌പ്പോയിരുന്നെങ്കില്‍‌..!
ഇല്ല‌, മഴ‌ ശക്തികുറഞ്ഞു‌തുടങ്ങി‌. ഉമ്മ‌ ഒരു‌ കത്തിയുമെടുത്ത്‌ തട്ടം‌ കൊണ്ട്‌ മഴ‌മറ‌ച്ച്‌ വാഴയുടെ‌ ചുവട്ടിലേക്കോടി‌;‌ ഒരു‌ വാഴയില‌ വെട്ടി. പിടിക്കാന്‍‌ പാകത്തില്‍‌ തണ്ട്‌ ബാക്കി‌ നിര്‍ത്തി‌ ഇലയല്പം‌ കീറിക്കളഞ്ഞു‌. ഓടിവന്ന്‌ ഇലക്കുട‌ എന്റെ‌ കയ്യില്‍‌ തന്നിട്ട്‌ പറഞ്ഞു:‌ 'വേം‌ നടന്നോ‌..'‌
പച്ചക്കുടയും‌ പിടിച്ച്‌ ഓരോരുത്തരുടേയും‌ മുറ്റത്ത്‌ കൂടി‌ സ്കൂളിലേക്ക്‌ നടന്ന്‌ പോണം‌. ഒരു‌ '‌അല്പാക്കൊട'‌ ചൂടി‌ സ്കൂളി‌ലേക്കും‌ മദ്ര‌സയിലേക്കും‌ പോകണമെന്നത്‌ എന്റെ‌ വലിയ‌ ആഗ്രഹമായിരുന്നു‌.
വീട്ടില്‍‌ തൊപ്പിക്കുടയുള്ളത്‌ എന്റെ‌ തലക്ക്‌ പാകമാവില്ല‌, നല്ല‌ കാറ്റ്‌ വന്നാല്‍‌ തൊപ്പിക്കുട‌ തലയില്‍‌ നിന്ന്‌ പറന്നുപോകും‌. പിന്നെ‌ പറക്കും‌ തളിക‌‌പോലെ‌ കറങ്ങിക്കറങ്ങി‌ എവിടേയെങ്കിലും‌ ചെന്നു‌ വീഴും‌..
ഞാന്‍‌ ഒരു‌ കൈ‌ കൊണ്ട്‌ പുസ്തകക്കെട്ട്‌ നെഞ്ചോട്‌ ചേര്‍ത്തു‌പിടിച്ച്‌ വലതു‌കൈ‌ കൊണ്ട്‌ ഇലക്കുടയും‌ പിടിച്ച്‌ ഇറയത്തേ‌ക്കിറങ്ങി‌.
'തുണീ‌ലേക്ക്‌ ചളി‌ തെര്‍‌പ്പിക്കാതെ‌ നടന്നോ'‌ അടുക്കളയില്‍‌നിന്ന്‌ ഉമ്മ‌ വിളിച്ചുപറഞ്ഞു‌.
കുരുമുളക്‌ പടര്‍ത്തിയ‌ മുരിക്കിന്‍‌ മരത്തിന‌ടി‌യിലൂടെ‌, നീണ്ട‌ കവുങ്ങുകള്‍‌ക്കിടയിലൂടെ‌, ചുളിവു‌‌വീണ‌ ഈന്തിന്‍‌ ചുവട്ടിലൂടെ‌, ചെരിപ്പില്ലാത്ത‌ കാലുകള്‍‌ കൊണ്ട്‌ കലങ്ങിയ‌ മഴ‌‌വെള്ളം‌ തെറുപ്പിച്ച്‌ ഞാന്‍‌ നടന്നു‌ നീങ്ങി‌.
ഏയ്യോനോട്‌ എന്താണ്‌ പറയുകയെ‌ന്നാലോചിച്ച്‌ ആ‌ പെരുമഴയത്തും‌ ഞാന്‍‌ വിയര്‍ത്തു‌. ഞാന്‍‌ ഊരാളിക്കുന്നിനു‌ മുകളിലെത്തി‌. സ്കൂളിലേക്ക്‌ ഇനിയും‌ ദൂരമുണ്ട്‌. അടുത്തൊന്നും‌
വീടുകളില്ല‌. ആകെയുള്ളത്‌ വടക്കു‌‌വീടും‌ കാ‌വില്‍‌ എന്നൊരു‌ വീടും‌. ഞാന്‍‌ ചുറ്റും‌ നോക്കി‌. അവിടെയൊന്നും‌ ആരെയും‌ കാണാനില്ല‌. ‌
കുറച്ചു‌ ദൂരെ‌ ചൂലന്‍‌കുട്ടി‌ തെങ്ങിനു‌ തടം‌ തുറ‌ക്കുന്നുണ്ട്‌. ബീരാന്‍‌ കുട്ടി‌ ഹാജിയുടെ‌ പണിക്കാരനാണ്‌ ചൂലന്‍‌. തലയുടെ‌ നടുവില്‍‌ നിന്നും‌ മുടി‌ രണ്ടു‌വശത്തേക്കും‌ ചീകിവെച്ച‌തിനു‌ മുകളില്‍‌ എന്തോ‌ മറച്ചുവെച്ചപോലെ‌ ഒരു‌ പാളത്തൊപ്പി‌യുണ്ടാവും‌. കൂര്‍ത്തഭാഗം‌ മുന്നിലേക്കാക്കി‌ വെച്ച‌ തൊപ്പിക്കടിയില്‍‌ മുറുക്കാന്‍‌ പൊതിയുണ്ടാവും‌. നെറ്റിയില്‍‌ നീളത്തിലൊരു‌ മു‌റിയുടെ‌ പാടുണ്ട്‌. അത്‌ മുടിചീകിയ‌ വരയിലൂടെ‌ തലയുടെ‌ മുകള്‍‌ ഭാഗം‌ വരെ‌ നീണ്ടുകിടക്കും‌. കോമരം‌ തുള്ളുമ്പോള്‍‌ മൂര്‍ച്ചയുള്ള‌ വളഞ്ഞ‌ വാളുകൊണ്ട്‌ മുറിച്ചതാണ്‌.
കലങ്ങോട്ടമ്പലത്തിലെ‌ കോമരമാണ്‌ ചൂലങ്കുട്ടി‌.
മണ്ണു‌ പുരണ്ട‌ തോര്‍ത്തു‌മുണ്ടു‌ടുത്ത്‌, കൈക്കോട്ടും‌ തോളിലിട്ട്‌, ഞാറുനടുന്ന‌ കാലത്ത്‌ ചൂലങ്കുട്ടി‌ പാടവരമ്പത്തൂടെ‌ മുറുക്കിത്തുപ്പി‌ നടന്നുപോകുന്നത്‌ കാണാന്‍‌ നല്ല‌ രസമായിരുന്നു‌.
വടക്കു‌‌വീട്ടുകാരുടേയും‌ മൂലത്തുകാരുടെയുമൊക്കെ‌ ഊര്‍‌ച്ച‌ണ്ടങ്ങളില്‍‌ കാളകളുടെ‌ വാലിനു‌ക‌ടിച്ച്‌ ചൂലന്‍‌കുട്ടി‌ ഒച്ചയോടെ‌ ഊര്‍ച്ചയിടുന്നത്‌ ഞങ്ങള്‍‌ ചളിയുള്ള‌ വരമ്പത്തിരുന്ന്‌ ആവേശത്തോടെ‌ നോക്കിനിന്നിട്ടുണ്ട്‌.
'‌വേം‌ .. പൊയ്ക്കോളിന്റെ‌ കുട്ട്യോ‌... ക്കൂള്ള്‌ ബെല്ലടിച്ചീണ്ടാവും‌..'‌
ചൂലങ്കുട്ടി‌ എന്നെ‌ നോക്കി‌ വിളിച്ചുപറഞ്ഞു‌.
വേഗം‌ നടന്നാല്‍‌ വേഗം‌ സ്കൂളിലെത്തും‌... പിന്നെ‌ ഓര്‍ക്കാന്‍‌ വയ്യ‌..ഞാന്‍‌ മനസ്സില്‍‌ പറഞ്ഞു‌.
ദൈ‌വമേ‌... ഞാന്‍‌ നെടുവീര്‍പ്പിട്ടു‌.. പെട്ടന്ന്‌ ഒരു‌ കാക്ക‌ എന്റെ‌ മുമ്പിലൂടെ‌ പറന്ന്‌ അടുത്തുള്ള‌ തെങ്ങിന്‍‌ തടത്തിലെ‌ വെള്ള‌ത്തിനടുത്ത്‌ ചെന്നിരുന്നു‌. പിന്നെ‌ കുഴിയിലെ‌ വെള്ളത്തിലിറങ്ങി‌ ചിറകടിച്ചു‌ കുളിക്കാനൊരുങ്ങി‌. പെട്ടന്ന്‌ എന്റെ‌ തലയിലൂടെ‌ ഒരു‌ മിന്നല്‍‌ പാഞ്ഞു‌. ഖാബേലിന്റെ‌ അടുത്തേക്ക്‌ വന്ന‌ കാക്കയെപ്പോലെ‌ എന്റെ‌ മുമ്പിലേക്ക്‌ ഒരു‌ കാക്ക‌ അയക്കപ്പെട്ടിരിക്കുന്നു‌. ഞാന്‍‌ കണ്ണുനിറയെ‌ കാക്കക്കുളി‌ കണ്ടു‌.. അഖിലലോക‌ കാക്കകളേ‌ നന്ദി‌..!
ഞാന്‍‌ തീരുമാ‌നിച്ചുകഴിഞ്ഞിരുന്നു‌;‌ കടുത്ത‌ തീരുമാനം‌..! ഇനി‌യെന്നെ‌ തടുക്കാന്‍‌ ഒരു‌ തോമസ്മാഷിനുമാവില്ല‌...
ചൂലന്റെ‌ കാഴ്ച്ചവ‌ട്ടത്ത്‌ നിന്ന്‌ മറയുന്ന‌തു‌വരെ‌ ഞാന്‍‌ മുന്നോട്ടു‌ നടന്നു‌.‌
തലേ‌ ദിവസം‌ തടം‌‌തുറന്ന്‌ അടിത്തോലും‌ ചാണകവളവുമിട്ട‌ തെങ്ങിനു‌ ചുവട്ടില്‍‌ ഞാന്‍‌ നിന്നു‌. തടം‌ നിറയെ‌ ചാണകം‌ കലര്‍ന്ന‌ ചെ‌ളിവെള്ളം‌ കെട്ടി‌ നില്‍ക്കുന്നു‌. ഞാന്‍‌ ഇലക്കുട‌ ദൂരേക്ക്‌ വ‌ലിച്ചെറിഞ്ഞു‌;‌ പതുക്കെ‌ തെങ്ങിന്‍‌ തടത്തിലെ‌ ചളി‌വെള്ളത്തിലേക്കിറങ്ങി‌ നിന്നു‌. ചുറ്റും‌ നോക്കി‌;‌ ആരുമില്ല‌. പിന്നെ‌ പതുക്കെ‌ വെള്ളത്തിലിരുന്നു‌;‌ കിടന്നു;‌ കിടന്നുരുണ്ടു‌;‌ തലകുത്തിമറിഞ്ഞു‌, ഒരു‌ കാക്കയെപ്പോലെ‌.. ഇനി‌ ഒരു‌ തോമസ്‌ മാഷും‌, ഇന്ന്‌ വരുമെന്ന്‌ പറഞ്ഞ‌ ആളും‌ എന്റെ‌ അടുത്തേക്ക്‌ വരില്ല‌..
ചളിപുരണ്ട‌ പുസ്തകക്കെട്ടുകള്‍‌ നെഞ്ചോട്‌ ചേര്‍ത്തുപിടിച്ച്‌,തലയില്‍‌ ചാണകവുമായി‌,
ഞാന്‍‌ മടിച്ചുമടിച്ച്‌ ചൂലന്‍‌കുട്ടിയുടെ‌ അടുത്തെത്തി‌.
'‌അയ്യന്റെ‌ കുട്ട്യോ‌..'‌
ചൂലന്‍‌ അല്‍ഭുതത്തോടെ‌ എന്നെ‌ നോക്കി‌.
ഊരാളിക്കുന്നത്ത്‌ മഴക്കാലത്ത്‌ വെള്ളമുണ്ടാകുന്ന‌ ഒരു‌ കുഴിയുണ്ടായിരുന്നു‌;‌ കല്ലുവെട്ടുകുഴി‌. ചൂലേട്ടന്‍‌ എന്റെ‌ ചളിക്കയ്യും‌ പിടി‌ച്ച്‌ വെള്ളക്കുഴിയുടെ‌ അടുത്തേക്ക്‌ നടന്നു‌. കുണ്ടില്‍‌ നിന്ന്‌ രണ്ട്‌ പാള‌ വെള്ളം‌ കോരി‌ എന്റെ‌ തലയിലേക്കൊഴിച്ചു‌.
'‌നടക്കി‌..'‌ ചൂലന്‍‌ സ്നേഹത്തോടെ‌ എന്നെ‌ നോക്കി‌.
പിന്നെ‌ കൈ‌ പിടിച്ച്‌ എന്റെ‌ വീടുവരെ‌ കൂടെ‌ വന്നു‌. രണ്ടു‌ '‌പണിക്കാര്‍‌'‌ വരുന്നത്‌ കണ്ട്‌ ഉമ്മ പുറത്തേക്കിറങ്ങിവന്നു‌. ചൂലന്‍‌ വെറ്റിലക്കറയുള്ള‌ പല്ലുകാട്ടി‌ ചിരിച്ചു‌.
'ശാരല്ലെറീമ്മോ‌... ങ്കടെ‌ കുട്ട്യൊന്ന്‌ ബെളക്ക്വീ‌ണ്‌... കേറ്റ്യാരെ‌ കൊണ്ടോയി‌ കൊര്‍ച്ച്‌ ബെള്ളം‌ മുക്കിപ്പാ‌ര്‍ന്നാളീ‌..'‌
ഉമ്മ‌ തലയില്‍‌ കൈ‌‌വെച്ചു:‌ 'ഞാന്‍‌ തളപ്പിച്ച്‌ തിരുമ്പ്യെച്ചെ‌ കുപ്പായോം‌ തുണീം‌ ആണല്ലോ‌ റബ്ബേ‌ ഇക്കാണ്ണത്‌...'‌
മുറുക്കാന്‍‌ ഒന്നു‌ നീട്ടിത്തുപ്പി‌, പാളത്തൊപ്പിയൊന്ന്‌ ശരിയാക്കി‌‌, കറപുരണ്ട‌ ചുവന്ന‌ പല്ലുകള്‍‌ കാട്ടി‌ച്ചിരിച്ച്‌ തിരിഞ്ഞുനടക്കുമ്പോള്‍‌ ചൂലങ്കുട്ടി‌ പറഞ്ഞു:‌
''ഓന്‍‌ മ്ട്ക്കനാവും‌...''‌
ഞാന്‍‌ ഉള്ളില്‍‌ ഊറിച്ചി‌രിച്ചുകൊണ്ട്‌ കളിമണ്‍കാവിയണിഞ്ഞ‌ കുപ്പായക്കുടുക്കുകള്‍‌ ഓരോന്നായി‌ ഊരി‌. പിന്നെ‌ പെരിക്കമ്മുണ്ടെടുത്ത്‌ പുഴയിലേക്ക്‌ പാഞ്ഞു‌.‌ പുറമണ്ണില്‍‌‌കടവിലെ‌ പേരക്ക‌മരത്തില്‍‌ നിന്ന്‌ ഒഴുക്കുള്ള‌ വെള്ളത്തിലേക്ക്‌‌ പൂളാങ്കുത്തി‌, അക്കരേക്ക്‌ നീന്തി‌...
ഇങ്ങനെ‌ കഷ്ടപ്പെട്ടു‌ പഠിച്ചാണ്‌
‌ഞാന്‍‌ ഉപരിപഠനാര്‍ത്ഥം‌ ജെ‌.ഡി‌.റ്റിയിലെത്തിയിരിക്കുന്നത്‌...!
അപ്പോള്‍‌ പറഞ്ഞു‌വന്നത്‌ ഞാന്‍‌ ആദ്യം‌ കേട്ട‌ ഒരു‌ സിനിമയുടെ‌ പേരിനെക്കുറിച്ചായിരുന്നല്ലോ‌..!
ശീട്ടുകളിക്കാരില്‍‌ ഒരാള്‍‌ പറഞ്ഞു‌‌:‌
'‌കടല്‍‌'‌ എന്ന‌ സിനിമ പതിനെട്ട് റീലുണ്ട്.. മൂന്ന്‌ സ്റ്റണ്ടുണ്ട്‌;‌ നാല്‌ പാട്ടുണ്ട്‌;‌ ആളുകള്‍‌ അല്‍ഭുതത്തോടെ‌ കേട്ടു‌നിന്നു‌. അന്നാണ്‌ ഒരു‌ സിനിമ‌ കാണണമെന്ന‌ മോഹമുദിച്ചത്‌.
വെള്ളിത്തിരയില്‍‌ ആദ്യമായി‌ സിനിമ‌ കാണാനുള്ള‌ മോഹം‌.
എന്റെ‌ മോഹം‌ ഞാന്‍‌ ഷ‌ബീറലിയോടു‌ പറഞ്ഞു‌.
'ഞമ്മക്ക്‌ ബയ്യിണ്ടാക്കാം‌ കൂറേ‌..'‌
അവനെനിക്ക്‌ പ്രതീക്ഷ‌ തന്നു‌.
മേരിക്കുന്നില്‍‌ നിന്ന്‌ കുറച്ച്‌ ദൂരെയാണ്‌ ചേവായൂര്‍‌ എന്ന‌ സ്ഥലം‌. അവിടെയാണ്‌ 'ലീല'‌ തിയേറ്റര്‍‌. തിയേറ്ററില്‍‌ പോകാന്‍‌ ചെറിയ‌ ഒരുക്കമൊന്നും‌ പോര‌. പകല്‍‌ പോയാല്‍‌ ആരെങ്കിലും‌ കാണും‌. രാത്രി‌ സെക്കന്‍ഡ്‌ ഷോ‌ക്ക്‌ പോകണം‌. ടിക്കറ്റിന്‌ 75‌ പൈസയാണ്‌‌;‌ ഏറ്റവും‌ മുമ്പിലിരിക്കണം‌. ബാല്‍ക്കണിയിലിരിക്കണമെങ്കില്‍‌
3‌ രൂപ‌ കൊടുക്കണം‌. ഈ‌ വിവരങ്ങളൊക്കെ‌ ഷബീറലി‌ എനിക്കു‌ പറഞ്ഞുതന്നു‌.
'‌ന്നാലും‌ പോകാം‌..'‌ അവന്‍‌ പറഞ്ഞു‌.
എങ്ങനെ‌ പോകും‌‌..? എന്റെ‌ ചോദ്യം‌ കേട്ട്‌ അവന്‍‌ ചിരിച്ചുകൊണ്ട്‌ പറഞ്ഞു‌ :‌
ബയ്യിണ്ട്‌ കൂറേ‌...'‌
ഞങ്ങള്‍‌ അവന്റെ‌ കുടിലിനു‌ മുറ്റത്തെത്തി‌.
'ഉമ്മാ‌...'‌ അവന്‍‌ അകത്തേക്ക്‌ വിളിച്ചു‌. ആകാംക്ഷയോടെ‌ ഞാന്‍‌ അവനോട്‌ ചേര്‍ന്നുനിന്നു‌... (തുടരും‌..) .............. റസാഖ്‌ വഴിയോരം‌ .............................................




LaiLa The Daughter Of God’s Own Country by Mr.Razak Vazhiyoram and Mr.Atheeku Rahman Vadikkal.
The movie reveals the story of the lady who travelled adventurously to overcome the difficulties and bitters of the life. The main character Laila amazingly achieved her goal because of her courage, mind power and patience even the world said to her your goal is impossible.

The director Mr.Razak Vazhoyoram passing a message to the world especially for women that there is nothing is impossible until and unless you try, and also wants to shows that women has power and they have enough strength to do things same like men, and the Laila symbolize the hidden power of each and every women in the universe.

    The Duration of the movie is 19,800 Seconds (5.30 Hours) and contains the songs and a good message. At last we can say that the whole area of the movie has technically and theoretically amazed and standout from all other Low budget Longest animation movie in the world.

 https://arabianworldrecords.com/en/category/longest

 


 


 

ഓര്‍മ്മിക്കാതെ പോയ ഓര്‍മ്മകള്‍ : അദ്ധ്യായം - 04

 


 
 
 
കടല്‍ത്തീരത്തെ‌ ആത്മഭാഷണങ്ങള്‍‌‌:‌ (‌അദ്ധ്യായം‌ - 04‌)
.....................................................................
ഷബീറലിയും ഞാനും വെള്ളയില്‍ കടപ്പുറത്ത് ബസ്സിറങ്ങി. പകലിനോട് വിടപറയാനൊരുങ്ങുന്ന ‌വിളറിത്തുടങ്ങിയ‌ സൂര്യന്‍ പെട്ടന്നൊരു‌ തെളിച്ചത്തോടെ‌ എന്റെ‌ കവിളില്‍‌ തൊട്ടു‌;‌ ആദ്യമായി കടല്‍ കാണാനെത്തുന്ന '‌അനാഥ' ബാലനെ പുണര്‍ന്നുനില്‍ക്കാനായി‌ കടല്‍ക്കാറ്റ്‌ ചൂളം‌‌വിളിച്ചെത്തി‌;‌ ഹര്‍ഷാരവം‌ മുഴക്കി‌ കടല്‍ത്തി‌രമാലകള്‍‌ കരയിലേക്കോടി‌ വന്നു‌..
ഞാന്‍‌ മുന്നോട്ടുനടന്ന്‌ പതുക്കെ‌ കണ്‍തു‌റന്നു‌... വിസ്മയത്തിന്റെ മഹാഗോപുരത്തിനു‌മുകളിലിരുന്ന് ഞാനാദ്യമായി കടല്‍ കണ്ടു;‌
‌പ്രകൃതിയുടെ മഹാ‌വിസ്മയം കണ്ടു;‌‌‌
മൗനത്തിന്റെ‌ മറ‌വിലിരിക്കുന്ന‌ ദൈവത്തിന്റെ ചിരി കണ്ടു...!
ഇന്നും‌ ജീ‌വിതമഹാസാഗരത്തിനുമുന്നില്‍ ഞാന്‍‌ അതേ‌നില്പുനില്‍ക്കുന്നു. വിസ്മയത്തോടെ; കൊതി തീരാതെ;‌ അകത്തൊളിപ്പിച്ചുവെച്ച‌ കടലിരമ്പങ്ങള്‍‌ പുറത്ത്‌ കേള്‍പ്പിക്കാതെ‌..
മുകളിലൂ‌ടെ‌ പറന്നകലുന്ന‌ കടല്‍‌‌പ്പ‌ക്ഷികളെപ്പോലെ, ഓര്‍മ്മകളുടെ‌ ആകാശത്തിലൂടെ‌ ‌പറന്നടുക്കുന്ന‌ കു‌റേ മുഖങ്ങള്‍ ഞാന്‍ കണ്ടു‌നിന്നു‌. എന്റെ ചുറ്റിലൂടെ ഇപ്പോഴും കടന്നുപോയിക്കൊണ്ടിരിക്കുന്ന അനേകം‌ മുഖങ്ങളുടെ‌ ദൈന്യമായ നോട്ടം ഞാന്‍ കാണാതെ നിന്നു‌...!
ചെയ്തു‌തീര്‍ക്കാതെ പോയ കടപ്പാടുകള്‍,
തിരിച്ചുനല്‍കാന്‍ ബാക്കി‌വെച്ച സ്നേഹങ്ങള്‍‌,
പിന്നേക്ക്‌ മറ്റി‌‌വെച്ച‌ സന്തോഷങ്ങള്‍‌‌...‌!
എല്ലാം‌ കടപ്പുറത്തെ‌ നനഞ്ഞ‌ മണ്ണില്‍‌ വെറുതെ‌ ചിതറിപ്പോയ‌ ചിപ്പിത്തോടുകളെപ്പോലെ‌ കിടന്നു‌...
ആകാശത്തിന്റെ‌ ആഴവും‌ കടലിന്റെ‌ ഉയര്‍ച്ചയും‌ തൊട്ടുനില്‍ക്കുന്ന‌ ഒരു‌ ബിന്ദു‌വില്‍‌ ഒരു‌ കറുത്ത്‌ പൊട്ടുപോലെ‌ ആരോ‌ വഞ്ചി‌തുഴഞ്ഞുവരുന്നത്‌ ഞാന്‍‌ കാ‌ണുന്നു‌. അയാള്‍ തുഴഞ്ഞടുക്കുകയാണ്;‌എന്നേയും‌ തേടി‌..!
ആകാശത്തിന്റെ‌ അനന്തതാഴ്‌‌വാരങ്ങളിലെവിടെയോ‌നിന്ന്‌ ഞാന്‍‌ പുറപ്പെട്ടിറങ്ങിയ‌ അതേ‌ സൗധത്തിലേക്ക്‌‌തന്നെ‌ എന്നെ‌ തിരിച്ചു‌ കൊണ്ടു‌പോകാന്‍‌‌...
തിരിച്ചു‌ ചെല്ലാന്‍‌ സമയമായിരിക്കുന്നു‌!
‌
അല്ലയോ‌.. തോണിക്കാ‌രാ‌..! കുറച്ചു‌കൂടി‌ സമയം എനിക്കനുവദിച്ചു‌‌തരുമോ‌..?
ചിരിക്കാന്‍ മറന്നുപോയവരെ നോക്കി ഒന്നു ചിരിക്കാന്‍‌;‌ അടച്ചുമൂടിക്കെ‌ട്ടിയ സ്നേഹമൊന്നിത്തിരി‌ പുറത്തേക്കെടുക്കാന്‍‌;‌ പിന്നേക്ക്‌ ബാക്കി വെച്ച സന്തോഷങ്ങളൊന്നെണ്ണിനോക്കാന്‍‌.!.
അസാധ്യം‌...?
എല്ലാ‌ പാഴ്‌കര്‍മ്മ‌ങ്ങളുടേയും‌ അവസാനം‌ ഒരു‌ പുതിയ‌ തുടക്കം‌ കൊതിക്കുന്ന‌ വിഡ്ഡിയെപ്പോലെ‌ ഞാന്‍‌..!
സമയമുണ്ടായിരുന്നെനിക്ക്‌..!
അന്ന് ഈ ഭൂമി എനിക്കു ചുറ്റുമാണ്‌ കറ‌ങ്ങുന്നതെന്ന് ഞാന്‍‌ കരുതി‌യോ‌..!
സൂര്യനുദിക്കുന്നതും‌, കിളികള്‍‌ പാടുന്നതും‌ എനിക്കുവേണ്ടി‌ മാത്രമാണെന്ന്‌ ഞാന്‍‌ തെറ്റിദ്ധരിച്ചോ‌...‌!
എന്നോളം‌ വേ‌ഗത്തിലാരുമോടില്ലെന്നും‌, എന്നോളം ഉയരത്തിലാരും‌ പറക്കില്ലെന്നും‌ ഞാന്‍‌ ഉള്ളില്‍‌ ചിരിച്ചുവോ‌...!
ഹേ.. തോണിക്കാരാ‌...!
ഒന്നുമല്ലായിരുന്നു‌ ഞാന്‍;‌
ഒരു പരമാണുവിന്റെ ചെറി‌യൊരു കണിക‌പോലും...‌
കടപ്പുറത്ത്‌ അറ്റമില്ലാതെ കിടക്കുന്ന മണല്‍ തരികളുടെയത്രയും‌‌ നക്ഷത്രഗോളസമൂഹങ്ങ‌‌ളു‌ള്ള‌ ഈ‌ ‌‌നിഗൂ‌‌‌ഡ‌പ്രപഞ്ചത്തില്‍‌ ഒരു‌ മണല്‍ത്തരി‌യ‌ല്ലോ‌ ഭൂമി..!
അതില്‍, ഏതോ‌ ഒരു‌ കോണില്‍‌‌,കോടാനുകോടി ജീവശകലങ്ങള്‍ക്കിടയി‌ല്‍‌ ‌ചെറിയൊരു ബോധശകലമായി‌ ഞാന്‍...!
ഹേ‌.. തോണിക്കാരാ‌..!
എന്റെ‌ നിയോഗമെന്തായിരുന്നു‌..?
അബോധങ്ങളില്‍‌നിന്നൊരശരീരി‌:‌
''‌അത്‌ വഞ്ചിക്കാ‌രനെങ്ങനെ‌യറിയാം‌..?‌
‌അതെല്ലാം‌ നിന്റെ‌ കഴുത്തില്‍‌ത്ത‌ന്നെ‌ എഴുതിത്തൂക്കിയിരുന്നല്ലോ;‌
ശിരസ്സൊന്നു താഴ്ത്തി‌നോക്കിയാല്‍‌ വാ‌യിക്കാന്‍‌ പാകത്തില്‍‌...!''‌
അതാ‌‌‌ വഞ്ചിക്കാരന്‍‌ അ‌ടുത്തേക്കടുത്തേക്ക്‌...
ഇനി‌ ഓര്‍മ്മകളുടേ‌യും ചിന്തകളുടേയും ചങ്ങലക‌ളഴിച്ചെറിഞ്ഞ് ഞാന്‍‌ എവിടെ‌ ഓടിപ്പോ‌യൊളിക്കും‌....‌!
''‌ഹേ‌.. യുഗാന്തരങ്ങളായി‌ ജീവിത‌‌സാഗരത്തില്‍‌ നീന്തിക്കളിക്കുന്ന‌ മനുഷ്യകോടികള്‍ക്ക്‌ ജീവോര്‍ജ്ജദായകനായ‌ സൂര്യ‌തേജസ്സേ‌...
കോടി വര്‍ഷങ്ങള്‍ ശ്രമിച്ചിട്ടും, ഈ‌ കൊച്ചുഭൂഗോളത്തിലെ‌ സമുദ്രാന്തര്‍ഭാഗത്ത്‌ നിന്റെ‌ കിരണഹസ്തങ്ങള്‍‌ കൊണ്ടൊന്നു‌ തൊ‌ട്ടു‌നോക്കാന്‍‌ പോലും‌ കഴിയാത്ത‌ മണ്‍പാളികളില്ലേ‌..?
‌പിന്നെ‌, ഈ‌ ജീവിത‌മഹാസാ‌ഗരത്തിന്റെ‌ മുകള്‍പ്പരപ്പില്‍‌ ഇത്രയും‌ കാലം‌ വെറുതെ‌ ഒഴുകിനടന്ന‌ ഞാന്‍‌ ആഴങ്ങളെ‌ സ്വപ്നം‌ കാണുന്നതെങ്ങനെ‌..?''‌
തോണിക്കാരാ‌.. ഒന്ന്‌ വേഗം‌ വരൂ‌.. നശ്വരതയുടെ‌ മലിനമായ‌ മണ്ണില്‍നിന്ന്‌ വി‌ണ്ണിന്റെ‌ അനശ്വരതയിലേക്ക്‌ നമുക്കൊരുമിച്ച്‌ തുഴഞ്ഞുപോകാം‌...
പടിഞ്ഞാറെ‌ മാനത്ത്‌ ചിന്തകള്‍‌ അസ്തമിച്ചു‌. ഓര്‍മ്മകളുടെ‌ നിലാവുദിച്ചുപൊങ്ങി‌. ആ‌ നിലാവെളിച്ചത്തില്‍‌ ഞാനും‌ ഷബീറലിയും‌ കടപ്പുറ‌ത്തെ‌ വെള്ളമണല്‍‌ത്ത‌രികളിലൂടെ‌ അവന്റെ‌ വീട്ടിലേക്ക്‌ നടന്നുനീങ്ങി‌..
ദൂരെ‌ ചെറിയ‌ പൊട്ടുകള്‍‌ പോലെ‌ കാണുന്ന‌ അനേകം‌ തെങ്ങോലക്കുടിലുകളിലേക്കുചൂണ്ടി‌ ഷബീറലി‌ പറഞ്ഞു‌:‌
"‌ ദാ‌.. അവിടെയെത്തണം‌"‌
ഇരുട്ടും വെളിച്ചവും പുണര്‍ന്നുനില്‍ക്കുന്ന‌ ‌നേരത്ത്‌, കരയും കടലും രതിമയക്കത്തി‌ലു‌റങ്ങുന്ന‌‌ വഴിയി‌ലൂടെ‌, ‌ശബ്ദമുണ്ടാക്കാതെ‌ ഞാന്‍‌ നടന്നു;‌ ഷബീറലിയോടൊപ്പം‌...
................ (തുടരും) ...........................................
.......................

........റസാഖ്‌ വഴിയോരം‌ ................
Please Click to LIKE my Page. Thanks :




 


 

ഓര്‍മ്മിക്കാതെ പോയ ഓര്‍മ്മകള്‍ : അദ്ധ്യായം - 03


ഹസ്സനാജിക്കൊരു കത്ത് : ( അദ്ധ്യായം‌ - 03‌ )
..............................................................
എന്റെ‌ പിറവിക്കും‌ മുമ്പേ‌ ഞാനുണ്ടായിരുന്നു‌ ;‌
സ്മരിക്കപ്പെടാന്‍‌ ഒന്നുമില്ലാതെ‌..!
മണ്ണില്‍‌ പാദങ്ങള്‍‌ പതിഞ്ഞ ശേഷമാണ്‌
ഓര്‍മ്മകളുടെ‌ വള്ളിപ്പടര്‍പ്പുകള്‍‌ ശരീരത്തിലേക്ക്‌ പടര്‍ന്നുകയറിയത്‌.
ചിറകുവിരിച്ച്‌ മൃത്യുവോ‌ടൊപ്പം‌ പ്രാണന്‍‌‌ ‌പറന്നു‌പോ‌യാലും‌ ഞാനുണ്ടാവും‌‌ ;‌ സ്മരണപുഷ്പങ്ങള്‍ പറിച്ചെടുക്കാനാവാതെ‌...!
മണ്ണില്‍‌‌ നിന്ന്‌ വേരുകളറ്റ്‌ ആത്മാവിലേക്ക്‌ പടര്‍ന്നു‌കയറുന്ന വള്ളിപ്പടര്‍പ്പുകളില്‍‌ ഓര്‍മ്മപ്പൂക്കളു‌ണ്ടാവില്ലല്ലോ‌...!
ഓര്‍മ്മകളുടെ‌ ലോകത്ത്‌ ഒരേ പ്രായമാണെ‌ല്ലാവര്‍ക്കും‌. ‌‌മരിച്ചവരും‌ ജീവിച്ചിരിക്കുന്നവരും‌ മന്ദസ്മിതം തൂകി‌ ഇടകലര്‍ന്നങ്ങനെ‌...! അവിടെയാര്‍ക്കും ശരീരങ്ങളില്ല.‌ ഒന്ന് വിളിച്ചാല്‍ നിമിഷാര്‍ദ്ധത്തില്‍ അവര്‍ ഓടിയെത്തും..‌
ഞാന്‍ ഓര്‍മ്മകളിലേക്ക് കൈകൊട്ടി‌വിളിച്ചു. അവര്‍ ഓടിയെത്തി.
പിന്നെ വരിവരിയായി ജെ.ഡി.റ്റി. ഓര്‍ഫനേജിന്റെ‌ ഓഫീസിനു‌മുറ്റത്ത് അവര്‍ വന്നുനിന്നു. ഞങ്ങള്‍ കിഴക്കു‌ഭാ‌ഗത്തുള്ള‌ ഗ്രൗണ്ടിലേക്ക്‌ പതുക്കെ‌ നടന്നുതുടങ്ങി‌...
ചെറിയ‌ കൈക്കോട്ടും‌ തോളി‌ലിട്ട്‌ മുമ്പില്‍‌ മൊയ്തീന്‍‌ കോയ‌‌‌.. മണ്ണ്‌ കോരുന്ന‌ ചൂരല്‍‌ കൊട്ടയുമായി‌ പിന്നില്‍‌ ഹാമിദുസൈന്‍‌, സൈദുട്ടി‌, ചോട്ടസലാം‌‌..അങ്ങനെ‌ അഞ്ചാറുപേര്‍‌.
ഞങ്ങളുടെ‌ ഒഴിവുദിനങ്ങള്‍‌ അങ്ങിനെയായിരുന്നു‌. രാവിലെ‌ കാന്റീനില്‍‌ പോയി‌ ഗോതമ്പു‌കഞ്ഞി‌ കുടിച്ചു‌കഴിഞ്ഞാല്‍‌ മുതിര്‍ന്ന‌
‌ക്ലാസ്സിലെ‌ കുട്ടികള്‍‌ ഓഫീസിനു‌ മുമ്പിലെത്തണം‌. ‌പിന്നെ‌ കുട്ടികളെ‌ അഞ്ചാറു‌ ഗ്രൂപ്പുകളാക്കിത്തിരിക്കും‌. ഓരോ‌ ഗ്രൂപ്പി‌നും‌ ഒരു‌ ലീഡര്‍‌. മാനേജ‌ര്‍‌ ലീ‌ഡര്‍ക്ക്‌ ഓരോ‌ നിര്‍ദ്ദേശങ്ങള്‍‌ നല്‍കും‌‌. ഓരോരുത്തരെ‌ ഓരോ‌ പണിയേല്‍‌‌പി‌ക്കും. ചിലര്‍ കേന്റീന്‍‌ വൃത്തിയാക്കണം‌. ചിലര്‍‌ പള്ളി അടിച്ചുവാരണം. കുറച്ചൊക്കെ ശരീരബലമുള്ളവര്‍ പുതുതായി നിര്‍മ്മിക്കുന്ന ഗ്രൗണ്ടില്‍ നിന്ന് മണ്ണിടിച്ച് താഴ്ന്ന പറമ്പില്‍‌ കൊണ്ട്പോയിടണം‌. ജെ.സി.ബി‌. ഇല്ലാത്ത കാലം..!
മണ്ണ്‌ തലയില്‍‌ ചുമക്കുന്നത്‌ കുറച്ച്‌ വിയര്‍ക്കുന്ന‌ ജോലിയാണെങ്കിലും‌ എനിക്കിഷ്ടമായിരുന്നു‌. പത്ത് മണിയാകുമ്പോള്‍‌ മഞ്ഞ‌ കമ്പ‌പ്പൊടികൊണ്ടുണ്ടാക്കിയ‌ ഉപ്പുമാവ്‌ കിട്ടും‌. പിന്നെ‌ തെങ്ങിന്‍‌ തോട്ടത്തില്‍‌ വീണുകിടക്കുന്ന‌ കൊട്ടത്തേങ്ങ‌ ആരും‌ കാണാതെ‌ പൊളിച്ചുതിന്നാം‌. പുതിയ‌ ഗ്രൗണ്ട്‌ കുറച്ച്‌ ദൂരെയായിരുന്നത്‌ കൊണ്ട്‌ പെട്ടന്ന്‌ ആരും‌ അവിടേക്ക്‌ എത്തിപ്പെടില്ല‌.
ആരും‌ കാണാതെ‌ തേങ്ങ‌ പൊളിച്ചു‌‌തി‌ന്നുന്നത്‌ അല്പം‌ പരിശീലനം‌ ആവശ്യമായ‌ ഒരു‌ ടാസ്കാണ്‌.‌ മറ്റുള്ളവര്‍‌ നന്നാവുന്നത്‌ ഇഷ്ടമില്ലാത്ത‌ ചില‌ കൂനൂട്ടിക്കുട്ടികള്‍‌ കണ്ടാല്‍‌ ന്യൂസ്‌ മാനേജറുടെ‌ ചെവിയിലെത്തും‌.‌‌ ശേഷം‌ വിശേഷം..!
ഈ‌ കലയില്‍‌ നല്ല‌ അഭിരുചിയുള്ള‌ ഒരാ‌ളായിരുന്നു‌ മൊയ്തീന്‍‌ കോയ‌.
തെങ്ങിന്‍‌ തോട്ടത്തിലൂടെ‌ ഗ്രൗണ്ടിലേക്ക്‌ നടന്നുപോകുമ്പോള്‍‌ ‌ തന്നെ‌ ഉണങ്ങിയ‌ തേങ്ങ‌ എവിടെയെല്ലാമണ്‌ വീണുകിടക്കുന്നതെന്ന്‌
‌അവന്‍‌ തന്റെ‌ തൃക്കണ്ണകൊണ്ട്‌ നോക്കിവെക്കും‌. അതിനുപറ്റിയ‌ ഒരു‌ ശരീരഭാഷയായിരുന്നു‌ അവന്റേത്‌. ‌‌ഒരു‌ കണ്ണ്‌ അല്പം‌ ചെറുതാക്കി‌, തല‌ കുറച്ച്‌ ചെരിച്ചുപിടിച്ച‌ ഒരു‌ നോട്ടമുണ്ടവന്‌. ആ‌ ‌ നിഷ്കളങ്കമായ‌ നോട്ടത്തില്‍‌ എത്ര‌ കൊട്ടത്തേങ്ങ‌കള്‍‌ എവിടെയൊക്കെ‌ എങ്ങിനെ‌ വീണു‌ കിടക്കുന്നുണ്ടെന്ന‌ കൃത്യമായ‌ സ്പോട്ട് അവന്റെ‌ മനസ്സില്‍‌ പതിയും‌.
പിന്നെ‌ പട്ടാണി‌ ഹാമിദുസൈന്റെ‌ ഊഴമാണ്‌. മൊയ്തീന്‍‌ കോയയുടെ‌ നിര്‍ദ്ദേശപ്രകാരം‌ ഹാമിദ്‌ നടത്തമൊന്ന്‌ പതുക്കെയാക്കും‌. പിന്നെ‌ ചുറ്റുമൊന്ന്‌ കണ്ണോടിക്കും‌. ആരുമില്ലെന്ന്‌ ഉറപ്പായാല്‍‌ അവന്‍‌ ഒന്നുമറി‌യാത്ത നിഷ്കളങ്കഭാവത്തില്‍‌, ഏതോ സിനിമാപ്പാട്ടും മൂളിക്കൊണ്ട്‌, പുറം‌‌കാലുകൊണ്ട്‌ ഓരോ‌ തേങ്ങകള്‍‌ തട്ടിത്തട്ടിയങ്ങനെ‌ ഗ്രൗണ്ടിനടുത്തെത്തിക്കും. പിന്നെ‌ ഒരിടത്ത്‌ കൂട്ടിവെക്കും.
ഇരുമ്പിന്റെ‌ സഹായമില്ലാതെ‌ കൊ‌ട്ടത്തേങ്ങ‌ ‌പൊളിക്കുന്ന ഹീറോ ആണ് അന്ന് ‌ഹാമിദുസൈന്‍‌. നല്ല‌ കരുത്തും‌ മസ്‌ലുമുള്ള‌ ശരീരം‌..! എത്ര‌ ഭാരിച്ച‌ പണിയും‌ അവന്‍‌ ഒറ്റക്ക്‌ ചെയ്യും‌.‌ അങ്ങനെയായിരിക്കാം '‌പട്ടാണി‌'‌ എന്ന‌ ഓമനപ്പേര്‌ അവന്‌ സൗജന്യമായി‌ കിട്ടിയത്.
കുറച്ച്‌ മണ്ണ്‌ കോരിക്കഴിയുമ്പോള്‍‌ മൊയ്തീന്‍‌ കോയ‌ പട്ടാണിക്ക്‌ ഒരു‌ സിഗ്‌‌നല്‍‌ കൊടുക്കും‌. അപ്പോഴവന്‍ മുന്‍ഭാഗത്തെ‌ പകുതി‌‌പൊട്ടിയ‌ പല്ലുകാട്ടി‌ ഒന്നു‌ ചിരിക്കും‌. പിന്നെ‌ വളരെ‌ തന്മയത്വത്തോടെ‌ ചുറ്റുമൊന്നു‌‌നോക്കും‌. ഒരു‌ കരിങ്കല്ലിനു‌ മുകളില്‍‌ തെങ്ങയുടേ‌ മൂട്‌ മുകളിലാക്കി‌ വെച്ച്‌ മറ്റോരുകല്ലുകൊണ്ട്‌ ഒറ്റയടി..'ട്ടക്ക്..!' ‌പൊട്ടിച്ചിതറിയ‌ തേങ്ങാക്കഷ്ണങ്ങളു‌മായി‌ ഹാമിദുസൈന്‍‌ ഞങ്ങളുടെയടുത്തേക്കുവരും‌.നയനമനോഹരമായിരുന്നു ആ വരവ്. പിന്നെ ഞങ്ങ‌ള്‍‌ മര‌ത്തിനുചുവട്ടിലിരുന്ന്‌ വെള്ളം‌‌വറ്റിയുണങ്ങിയ‌ മധുരമുള്ള‌ തേങ്ങാപ്പൂളുകള്‍ ആര്‍ത്തിയോടെ‌ തിന്നും‌...
വീട്ടിലായിരുന്നാപ്പോള്‍‌ ഞാനിത്രയും‌ തേങ്ങ‌ വായ‌ നിറച്ച്‌ തിന്നിട്ടില്ല‌‌. ഉമ്മ‌ തേ‌ങ്ങ‌ ചിരകിക്കൊണ്ടിരിക്കുമ്പോള്‍‌ ഒരു‌ നുള്ള്‌ ചിരകിയ‌ തേങ്ങ‌ കി‌ട്ടണമെങ്കില്‍‌ നന്നായി‌ പാടുപെടണം‌‌.
വേനല്‍ക്കാ‌ലത്ത്‌ മുറ്റത്ത്‌ തെങ്ങോലകോണ്ടുണ്ടാക്കിയ‌ താല്‍ക്കലിക‌ പന്തലായിരുന്നു‌ അന്ന് ഞങ്ങളുടെ‌ അടുക്കള‌.അകത്ത്‌ കരിപിടിക്കാതിരിക്കാന്‍‌ ഉമ്മ‌ കണ്ടുപിടിച്ച‌ ഒരു‌ സാങ്കേതികവിദ്യയാണ്‌.
അടുക്കളപ്പന്തലില്‍‌ നിന്ന്‌ തേങ്ങ‌ ചിരണ്ടുന്ന‌ കര്‍ണ്ണമധുരമായ‌ ശബ്ദം‌ കേള്‍ക്കുമ്പോള്‍‌ മുറ്റത്തെവിടെയെങ്കിലുമൊക്ക‌ കളിച്ചുകൊണ്ടിരിക്കുന്ന‌ ഞങ്ങള്‍‌ പതിയെ‌ പതിയെ‌ പന്തലിനടുത്തെത്തും‌. പിന്നെ‌ വളരെ‌ നിഷ്കളങ്കഭാവത്തില്‍‌ അവിടെയിവിടെയൊക്കെ‌ ചാരി‌നില്‍ക്കും‌;‌ ഒരു‌ ഡേഞ്ചര്‍‌ സോണിലാണ്‌ നില്‍ക്കുന്നതെന്ന‌ ജാഗ്രതയോടെ‌.. പിന്നെയാണ്‌ ഏറ്റവും‌ അപകടം‌ പിടിച്ച‌ ടാസ്ക്‌. വെല്ല്യാത്ത,ചെറ്യാ‌ത്ത,കുഞ്ഞാത്ത‌ തുടങ്ങിയ‌ സകല‌ പെങ്ങന്മാരും‌ അടുക്കള‌പ്പന്തലില്‍ ഓരോ പണിയുമായി‌ അവിടിവിടെയൊക്കെയുണ്ടാവും. ചിരവയുടെ‌ തൊട്ടടുത്തു‌ത‌ന്നെ‌ ഉമ്മയുടെ‌ കയ്യെത്തും‌ ദൂരത്ത്‌ ഒഴിഞ്ഞ‌ ചിരട്ട‌ കിടക്കുന്നുണ്ടാവും.
ഒരു അര്‍ദ്ധ‌നിമിഷ‌വേഗതയില്‍‌ പാ‌ത്രത്തില്‍ നിന്ന് ചിരകിയ തേങ്ങ‌ വാരിയോടണം‌.‌
ഓട്ടത്തില്‍ തന്നെ കിട്ടിയത് വായിലിടണം.ചെറിയൊരശ്രദ്ധകൊണ്ട്
കണക്കുകൂട്ടല്‍‌ തെറ്റിയാല്‍ ഒഴിഞ്ഞ‌ ചിരട്ടകൊണ്ട്‌ ഏറ്‌ കിട്ടും.. ഞാന്‍ പലപ്പോഴും‌ ''‌ഔ..''‌ എന്നൊരൊച്ചയോടെ‌ തലയുടെ ‌പിന്‍വശം‌ കൊണ്ടോ‌, തോളെല്ലിന്റെ‌ പിന്‍വശം‌ കൊണ്ടോ‌ ചിരട്ടയേറ്‌ തടുക്കും‌.‌ ഒരു‌ ശബ്ദത്തോടെ‌ ചിരട്ട‌ മുറ്റത്ത്‌ വീണ്‌ കറങ്ങിക്കറങ്ങി നില്‍ക്കുന്നത് മുറ്റത്തെ‌ മണ്ണില്‍‌ കളിച്ചുകൊണ്ടിരിക്കുന്ന‌ കൊച്ചനിയന്മാര്‍‌ മുനീറും‌ സിദ്ദീകും‌ നോക്കിനില്‍ക്കും. ആ കാലത്തിന്റ അതിജീവന രസ‌തന്ത്രങ്ങള്‍ അവര്‍ക്കറിയില്ലല്ലോ‌..!
അനിയന്‍‌ സലാം ഒരിക്കലും ഏറുകൊണ്ട്‌ കരഞ്ഞിട്ടില്ല‌. കാരണം‌ അവനൊരിക്കലും ഏറ്‌ കൊണ്ടിട്ടില്ല‌. അവനെപ്പോഴും‌ ഒരു‌ '‌സിഗ്സാഗ് പാത്തി'‌ലൂടെയായിരുന്നു ഓടി‌ രക്ഷപ്പെടുക‌..!
ചിലപ്പോള്‍‌ ഞങ്ങള്‍‌ 'കാക്ക'‌ എന്നുവിളിക്കുന്ന‌
‌മൂത്ത‌ ജ്യേഷ്ഠന്‍‌ അവനെ‌ ഓടിച്ച്‌ പിടിച്ച്‌ ഉമ്മയുടെ‌ കോടതിയില്‍‌ ഹാജറാക്കും‌. അതാണ്‌ ആകെയുള്ളൊരു‌ സന്തോഷം‌..!
‌അരി‌ വറുക്കുന്നതിലിട്ട്‌ കുഴച്ചുതരാനാണ്‌ ഉമ്മ‌ പലപ്പോഴും‌ തേങ്ങ‌ ചിരണ്ടുന്നത്‌. ഒരു‌ നുള്ള്‌ തേങ്ങയെടുത്ത്‌ ഞങ്ങളുടെ‌ വായിലിട്ടുതരാന്‍‌ ഉമ്മക്ക് അഗ്രഹമുണ്ടായിരിക്കും‌. പക്ഷെ വീട്ടില്‍ അതിനുമാത്രം‌ തേങ്ങയുണ്ടാവാറില്ല‌. അഞ്ചാറ്‌ തെങ്ങുകളാണ്‌ പറമ്പില്‍‌ ആകെയുണ്ടായിരുന്നത്. അത്‌ കൊല്ലത്തിലധികവും‌ പാട്ടത്തിലുമായിരിക്കും‌.‌.!
ഓരോ പാട്ടക്കാലം കഴിയുമ്പോഴും ബാപ്പ ഞങ്ങളില്‍ ആരെയെങ്കിലും വിളിച്ച് ഹാജിയാരുടെ അടുത്തേക്ക് പറഞ്ഞയക്കും. നാട്ടിലെ ഏക കച്ചവടക്കാരനാണ് ബീരാന്‍‌കുട്ട്യാജി. എല്ലാ കൊല്ലവും ബീരാന്‍‌ കു‌ട്ടി‌ഹാജിയാണ് തെങ്ങ് പാട്ടത്തിനെടുക്കുക. ഇളം‌ ചുവപ്പ്‌ ഫ്രെയിമുള്ള‌ കണ്ണടയും‌ വെച്ച്‌ തോളിലൊരു വെളുത്ത‌ മുണ്ടും അരപ്പട്ടയും‌ കെട്ടി‌ കുപ്പായമിടാതെ‌ ബീരാന്‍‌കുട്ട്യാജി വരും‌. പിന്നെ‌ ഓരൊ തെങ്ങിനു‌ചുവട്ടിലും പോയിനിന്ന്‌ കണ്ണ‌ടയുടെ മുകളില്‍‌ കൈപ്പത്തി‌ ചേര്‍ത്തു‌വെച്ച്‌ മുകളിലേക്ക് നോക്കും. കൂടെ ബാപ്പയും‌...
''ഇക്കൊല്ലം മൊച്ചിങ്ങ കൊറവാണല്ലോ‌ മോല്യാരെ..'' ബീരാന്‍‌കുട്ട്യാജി പറയും‌.
ബാപ്പ ഒന്ന് ചിരിക്കുന്ന‌‌പോലെ‌ ശബ്ദമുണ്ടാക്കും‌.‌ ‌തോളത്ത്‌ നിന്ന് വെളുത്ത മുണ്ടെടുത്ത് ഹാജിയാര്‍‌ ബാപ്പയുടെ അടുത്തേക്ക്‌ ചേര്‍ന്ന്‌ നില്‍ക്കും‌. പിന്നെ‌ ബപ്പയുടെ‌ കൈ പിടിച്ച് രണ്ടാളുടേയും‌ കൈകള്‍‌ ‌തോളില്‍നിന്നെടുത്തമുണ്ടുകൊണ്ട് മൂടും‌. പിന്നെ‌ വിരലുകള്‍കൊണ്ട്‌ ഹാജ്യാര്‍ വില പറയും:
'‌എല്ലാങ്കൂടി‌ ഇതിനേള്ളൂ'. ഓരോ വിരലും ഓരൊ സംഖ്യയെയാണ്‌ സൂചിപ്പിക്കുന്നത്.‌ ആ‌ ഗണിത‌ ശാസ്ത്രരഹസ്യം‌ ഇന്നുമെനിക്കറിയില്ല‌.
''‌ഇതിലുറപ്പിക്കാ‌..ല്ലേ‌..''‌ബീരാന്‍ കുട്ട്യാജി അരയിലെ‌ കറുപ്പും‌ മഞ്ഞയും‌ നിറമുള്ള‌ വീതികൂടിയ‌ അരപ്പട്ടയുടെ ബട്ടന്‍‌ 'ടക്'‌ എന്നൊരു‌ ശബ്ദത്തില്‍‌ തുറക്കും‌. അതിലാണ്‌ പണം‌ സൂക്ഷിക്കുന്നത്.അതില്‍‌ നിന്ന്‌ ഏതാനും‌ നോട്ടുകളെടുത്ത്‌ ബാപ്പയുടെ‌ നേരെ‌ നീട്ടും‌..
''‌ദാ.. ബാക്കി തേങ്ങ വലിക്കുമ്പം..''
തേങ്ങ‌ വലിക്കാന്‍‌ കോവാ‌ലേട്ടന്‍‌ വരും‌..എന്റെ‌ വീടിനടുത്ത്‌‌ തന്നെയാണ്‌ കോവാലേട്ടന്റെ‌ വീ‌ട്‌. തേങ്ങ‌ വലിച്ചു കഴിഞ്ഞാല്‍‌ അടുക്കള‌ ഭാഗത്ത്‌ വന്ന്‌ കോവാലേ‌ട്ടന്‍‌ പറയും‌ ''‌ചെറീ‌മ്മാ‌.. ത്തിരി‌ കഞ്ഞിവെള്ളം‌...''‌ ഉമ്മ‌ ഉപ്പിട്ട‌ കഞ്ഞിവെള്ളം‌ കൊടുക്കും‌. ഒറ്റവലിക്ക്‌ കഞ്ഞിവെള്ളം‌ കുടിച്ച്‌, കയ്യിലുള്ള‌ നീണ്ട‌ കൊടുവാള്‍‌കൊണ്ട്‌ ഓരോ‌
തേങ്ങയില്‍‌‌ കൊത്തി‌, നല്ല‌ ഒന്ന്‌ രണ്ട്‌ തേങ്ങകള്‍‌ കൈകളിലെടുത്ത്‌ ചെവിയോട്‌ ചേര്‍ത്ത്‌ പിടിച്ച്‌ കുലുക്കിനോക്കും. എന്നിട്ട് പറയും‌. ''‌ചെറീമ്മാ‌.. ദ്‌ നല്ലോണം‌ വെളഞ്ഞീണ്‌..''‌ അങ്ങിനെ‌ മൂന്നാല്‌ തേങ്ങ‌ അടുക്കള‌ വാതിലിനടുത്തേക്കിട്ടുതരും‌. പാട്ടത്തേങ്ങ‌ പറിച്ചുപോകുമ്പോ‌ ഞങ്ങള്‍ക്ക്‌ കിട്ടുന്ന‌ സൗജന്യം‌...
ബാപ്പ‌ കട്ടിലിരുന്ന്‌ കഞ്ഞി‌ കുടിക്കുമ്പോഴാണ്‌ ഉമ്മ‌ ചില‌ ആവശ്യങ്ങള്‍‌ പറയുക‌. ഒരു‌ ‌ദിവസം ഉമ്മ പറഞ്ഞു :
''‌നാളെ‌‌നിക്കൊന്ന് അങ്ങ്‌ വരെ‌ പോണം‌'‌'
വാഴക്കാടാണ്‌ ഉമ്മയുടെ നാട്. ചിലപ്പോ ഉപ്പ സമ്മ‌തം‌ കൊടുക്കും. ഉമ്മയുടെ‌ കൂടെപ്പോവാന്‍‌ വാശിപിടിച്ച്‌ ഞങ്ങള്‍‌ കരയും‌. ചിലപ്പോള്‍‌ ഒന്നോ‌ രണ്ടോ‌ പേര്‍ക്ക്‌ നറുക്കുവീഴും‌. സന്തോഷകരമായ ഒരനുഭവമാണ് ആ യാത്ര..!
കൊല്ലപ്പരീക്ഷ കഴിഞ്ഞ്‌ സ്കൂള്‍ പൂട്ടിയ ഒരു ദിവസം കൂടെപ്പോ‌രാന്‍ എനിക്കും സലാമിനും അനുവാദം കിട്ടി. ഞങ്ങള്‍ സന്തോഷംകൊണ്ട് തുള്ളിച്ചാടി. ഉമ്മയും‌ ഞങ്ങളും‌ അതിരാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ബാപ്പ‌ ചോദിച്ചു‌::
''‌തോണിക്കൂലിണ്ടോ''
‌ഉമ്മ പറഞ്ഞു‌ :‌ '' മടക്കത്തിന്‌ കൊടുക്കാം.''
വാഴക്കാ‌ട്‌നിന്ന് മടങ്ങുമ്പോള്‍ ഉമ്മയുടെ കയ്യില്‍ പത്തോ അമ്പതോ രൂപയൊക്കെ ആരെങ്കിലുമൊക്കെയായി കൊടുത്തിട്ടുണ്ടാവും. ആ ധൈര്യ‌മാണുമ്മാക്ക്.
ഇരുവഴിഞ്ഞി‌പ്പുഴയും ചാലിയാര്‍‌ പുഴയും‌ ചേരുന്നിടത്ത്‌ ചെറിയൊരു‌ കടത്തുതോണിയുണ്ടാവും‌. അക്കരെ‌ ചാലിയാറിന്റെ‌ കരയില്‍ വേനല്‍കാലത്ത്‌ അധികം‌ വെള്ളമുണ്ടാവില്ല‌. മണലിന്റെ‌ വലിയൊരു‌ മൈതാനം‌ പോലെയിരിക്കും‌ കരയപ്പോള്‍.. പുഴ‌യില്‍ '‌മാട്‌‌'‌ പൊന്തിയെന്നാണ്‌ ഞങ്ങള്‍‌ പറയുക‌. വഴക്കാട്ടേക്ക്‌ ഏകദേശം‌ അഞ്ചാറ്‌ കിലോമീറ്റര്‍‌ നടന്നിട്ട്‌ വേണം‌ പോകാന്‍‌.ബസ്സില്ല. ഞങ്ങള്‍‌ മാട്ടുമ്മലൂടെ‌ ആവേശത്തോടെ നടക്കും‌. വെള്ളമുള്ള‌ ചെറിയ‌ കുഴികളില്‍‌ മീനുണ്ടോന്ന്‌ നോക്കും‌. ആ‌ യത്രയില്‍‌ പല‌ കൗതുകങ്ങളുമുണ്ടായിരുന്നു..
ഗ്വാളിയോറയോണ്‍സ്‌ കമ്പനിയുടെ‌ വലിയ‌ പുകക്കുഴലില്‍‌ നിന്ന്‌ ആകാശത്തെക്ക്‌ കറുത്ത‌ പുകച്ചുരുളുകള്‍‌ ഉയര്‍ന്നുപോകുന്നത്‌ കാണാം‌‌. തെങ്ങോല‌ ചെറിയ‌ കഷ്ണങ്ങളാക്കി‌ ഉണക്കി‌ ചൂടിക്കയറില്‍‌ കെട്ടി‌ ഒരു‌ പ്രത്യേകരീതിയില്‍‌ മീന്‍‌ പിടിക്കുന്ന ‌'വെള്ളോലിക്കാരെ‌'‌ കാണാം‌. വേനല്‍ക്കാലത്ത്‌ മാട്ടുമ്മല്‍‌ ചെറിയ‌ പന്തലുകെട്ടി‌ കച്ചോടം ചെയ്യുന്നവരോട് മിഠായി വാങ്ങിത്തിന്നാം..
മിട്ടായിപ്പീടികയുടെ അടുത്തെത്തുമ്പോള്‍ ഞങ്ങള്‍ ഉമ്മയുടെ‌ കോന്തല‌ പിടിച്ച്‌ മിട്ടായി‌ഭരണിയിലേക്ക്‌ വിരല്‍‌ ചൂണ്ടും‌‌. ''‌മടക്കത്തിന്‌ വാങ്ങിത്തരാം''‌ ഉമ്മ‌ ആശ്വസിപ്പിക്കും‌. മടക്കത്തില്‍‌ ഉമ്മയുടെ‌ കയ്യില്‍‌ പൈസയുണ്ടാവും. ഞങ്ങള്‍‌ ആവേശത്തോടെ‌ മണലിലൂടെ‌ തുള്ളിച്ചാടി‌നടക്കും‌.. '‌മടക്കത്തിന്‌ വാങ്ങിത്തരും...'‌ എല്ലാ‌ മടക്കയാത്രകളും‌ ഒരു‌ പ്രതീക്ഷയാണല്ലോ‌..!
വാഴക്കാട്ടെത്തിയാ‌ല്‍‌ അവിടെ‌ കളിക്കാന്‍‌ അമ്മാ‌വന്മാരുടെ‌ മക്കളു‌ണ്ടാവും‌... അമീന്‍‌, മുജീബ്‌,ഹക്കീം‌,അന്‍വര്‍‌..
ഞങ്ങള്‍‌ മുറ്റ‌ത്ത്‌ നിന്ന്‌ ചുള്ളിയും‌ വടിയും‌ കളിക്കും‌.‌ കുളത്തില്‍‌ പോയി‌ കുളിക്കും‌;‌ നല്ല‌ മണമുള്ള‌ സോപ്പുതേച്ച്‌ ചാടിക്കുളിക്കും‌. '‌തോട്ടത്തില്‍‌‌'‌ എന്നാണ്‌ ചെറിയ‌ അമ്മാവന്റെ‌ വീട്ടുപേര്‌. അവിടെ‌ പശുവിനെ‌ നോക്കുന്ന‌ കറു‌ത്ത്മെലിഞ്ഞൊരു‌ പയ്യനുണ്ടായിരുന്നു. 'ചെക്കന്‍'‌ എന്നാണെല്ലാവരും അവനെ വിളിക്കുക‌.‌ വൈക്കോലുണ്ടയില്‍‌ നിന്ന്‌ വൈക്കോല്‍‌ വലിച്ച്‌ പ‌ശുവിനിട്ടുകൊടുക്കുമ്പോള്‍‌ അവന്‍‌ വെളുത്ത‌ പല്ലുകള്‍‌ കാട്ടി‌ ഞങ്ങളോട്‌ ചിരിക്കും‌.അവന്‌ ഞങ്ങളെ‌ വലിയ‌ ഇഷ്ടമായിരുന്നു‌. കുളത്തില്‍‌ ചൂണ്ടലിടാന്‍‌ പോകുമ്പോള്‍ പാടത്തെ‌ ചളിവെള്ളത്തിലിറങ്ങി‌ അവന്‍‌ ഞങ്ങള്‍ക്ക്‌ വലിയ‌ '‌കരുതല‌ മീനി'‌നെ‌ പിടിച്ചു‌ തരും‌.
''‌പാത്തു‌മു‌ട്ട്യമ്മായിം‌ കുട്ട്യേ‌ളും‌ വന്നതല്ലേ‌, ചെക്കനെക്കൊണ്ട്‌ ‌കോഴിനറപ്പിച്ച്‌ കൊണ്ടോരാമ്പറയട്ടെ‌...?
അമ്മായി‌ കോലായിലേക്ക്‌ വന്ന്‌ സമ്മതം‌ ചോദിക്കും.
പിന്നെ‌, ''ചെക്കാ‌...ന്നൊരു‌ നീട്ടിവിളി''‌ മനസ്സില്‍‌ കോഴിക്കറിയുടെ മണമുയരും...
‌പാതിയറ്റ‌ കോഴിയുടെ‌ കഴുത്ത്‌ ചിറകിനുള്ളിലാക്കിപ്പിടിച്ച്‌ പള്ളിയുടെ‌ ഭഗത്ത്‌ നിന്ന്‌ ചെക്കനിറങ്ങിവരും‌. കോഴിയെ‌ തൊലിച്ച്‌ കഴുകുന്നത്‌ മുറ്റത്തിരുന്ന് ഞങ്ങള്‍‌ നോക്കിയിരിക്കും...!
ഒരു‌ ദിവസം‌ ചോറ്‌ തിന്നുകഴിഞ്ഞപ്പോള്‍‌ ഉമ്മ‌ എന്നെയും‌ കൂട്ടി‌ താഴത്തെ‌ വീട്ടിലേക്ക്‌ പോയി‌. അവിടെയാണ്‌ രണ്ടാമത്തെ‌ അമ്മാവന്‍‌‌. '‌താടിക്കാ‌ക്ക‌'‌ എന്നാണ്‌ ഞങ്ങള്‍‌ വിളിക്കുക‌. വെള്ളിനാരു‌‌പോലെ‌ വെളുത്തു‌മനോഹരമായ‌ നീണ്ട താടിയില്‍‌ തടവി‌ താടിക്കാക്ക ഞങ്ങളെ‌ നോക്കി‌ ചിരിച്ചു‌‌.
ഉമ്മയും‌ താടിക്കാക്കയും‌ വിശേഷങ്ങള്‍‌ പറയുന്നത്‌ കേട്ട്‌ ഞാന്‍‌ അടുത്തുനിന്നു‌.
''‌ഇവനിക്കൊല്ലം‌ എത്രാം‌ ക്ലാസ്സിലാ‌..‌? താടിക്കാക്ക‌ എന്നെ‌ ചൂണ്ടി‌ ചോദിച്ചു‌. ''‌ഏഴാക്ലാ‌സ്സ്‌ പരീക്ഷ‌ കഴിഞ്ഞീണ്‌ ‌.. അടുത്തൊല്ലം‌ എങ്ങനാ‌ പടിപ്പിക്കാന്നറ്യൂല‌. വെല്ല്യ‌ സ്കൂള്‌ അടുത്തൊന്നുല്ലല്ലോ‌ ..''‌ പിന്നെയും ഓരോ വിശേഷങ്ങള്‍... അല്പം കഴിഞ്ഞ്
താടിക്കാക്ക‌ എന്തോ‌ ആലോചിച്ച‌ ശേഷം‌ ഒരു‌ പേനയും‌ കടലാസുമെടുത്ത്‌ എന്തോ‌ എഴുതാനൊരുങ്ങി‌. ഞാന്‍‌ കളിക്കാന്‍‌ മുറ്റത്തേക്കോടി‌പ്പോയി‌...
അടുത്ത‌ ദിവസം‌ രാവിലെ‌ ചാലിയാറി‌ന്റെ‌ തീരത്തുകൂടി‌ ഞങ്ങള്‍‌ മടങ്ങുമ്പോള്‍‌ ഉമ്മ‌ പറഞ്ഞു‌:‌ നാളെ‌ കാക്കാനിം‌ കൂട്ടി‌ മേരിക്കുന്ന്‌ പോണം‌..''‌ താടിക്കാക്ക‌ ഹസ്സനാജിക്കൊരു‌ കത്ത്‌ തന്ന്ണ്‌‌;‌ അടുത്തൊല്ലം‌ അന്നെ‌ ജെഡീറ്റീല്‌ ചേര്‍ക്കാണ്‌.."‌
ഉമ്മയുടെ‌ മുഖത്ത്‌ നോക്കി സങ്കടത്തോടെ‌ ഒരു നിമിഷം ഞാന്‍ നിന്നു. ഉമ്മ‌ എന്നെയും‌ കുറച്ചുസമയം‌ നോക്കിനിന്നു‌.‌.. പിന്നെ ഉമ്മയുടെ കയ്യിലുണ്ടായിരുന്ന തുണി‌സഞ്ചി‌ എന്റെ‌ കയ്യില്‍‌ തന്നിട്ട്‌ സലാമിന്റെ‌ കയ്യും‌ പിടിച്ച്‌ ഉമ്മ പതുക്കെ‌ നടന്നു‌തുടങ്ങി..
ഞാന്‍‌ നിശ്ചലനായി ആ‌ മണലില്‍‌ തന്നെ‌ നിന്നു‌. ഇനി‌ ഇങ്ങനെ‌യുള്ള വിരുന്നുപോക്കുകളുണ്ടാവില്ല; തേങ്ങ‌ ചിരണ്ടുന്ന‌ അടുക്കളയില്‍‌ ചാരി‌നില്‍ക്കാന്‍‌ ഇനി‌ വീട്ടില്‍ ഞാനുണ്ടാവില്ല. കുളത്തില്‍ ചാടിക്കുളിക്കാനും ചെക്കന്റെ കൂടെ കരുതലമീനിനെ പിടിക്കാനും ഇനി കഴിയില്ല... എന്റെ കണ്ണുകള്‍ നനഞ്ഞു...!
''‌റസ്സാക്കേ...ഒന്ന്‌ വേം നടക്ക്‌ ''‌
ഉമ്മ‌ തിരുഞ്ഞുനോക്കി‌പ്പറഞ്ഞു.
അതിനിടയില്‍ സലാം ഉമ്മയുടെ‌ കയ്യില്‍‌ നിന്നും‌ പത്തുപൈസ‌ വാങ്ങി‌ മീട്ടായിപ്പീടികയിലേക്ക്‌ പാഞ്ഞുപോയി ഒരു‌ കടലമിട്ടായി‌യുമായി വന്നു. ഒരു‌ ഭാഗത്തെ‌ പുഴുപ്പല്ലുകൊണ്ട്‌ കടിച്ചു രണ്ടു കഷ്ണങ്ങളാക്കി. ചെറിയ‌ കഷ്ണം‌ എനിക്കു‌ തന്നു‌. "നിക്കു‌ വേണ്ട‌..'' ഞാന്‍‌ പറഞ്ഞു‌.
പിന്നെ‌ ഒരു‌ സംഘര്‍ഷമൊഴിവാക്കാന്‍‌ വലിയ‌ കഷണം‌ തന്നെ എന്റെ നേരെ നീട്ടി‌. ഞാന്‍‌ വാങ്ങിയില്ല. എനിക്ക് മിഠാ‌യി തിന്നാനുള്ള മനസ്സ് നഷ്ടപ്പെട്ടിരുന്നു. കാര്യം‌ പന്തിയല്ലെന്ന്‌ മനസ്സിലാക്കിയ‌ അവന്‍ വേഗം‌ ഉമ്മയുടെയടുത്തേക്ക് ഓടിപ്പോയി.
അറ്റമില്ലാത്ത ഒരു മണലാരണ്യത്തിലൂടെ ഉമ്മയും അനിയനും എന്നില്‍നിന്നകലങ്ങളിലേക്ക് നടന്നുമറയുന്നത് ഞാന്‍ സങ്കടത്തോടെ നോക്കിനിന്നു.
ഞാന്‍‌ പതുക്കെ‌ തുണിസഞ്ചിതുറന്ന് ആ‌ കത്ത്‌ പരതി. പിന്നെ പതുക്കെ പുറത്തെടുത്തു‌ തുറന്നുനോക്കി‌.. ഉമ്മായും‌ സലാമും‌ തിരിഞ്ഞുനോക്കാതെ‌ നടക്കുകയാണ്‌.
ഞാന്‍‌ കത്ത്‌ വായിച്ചു‌ തുടങ്ങി‌ :‌
'‌‌പ്രിയപ്പെട്ട‌ ഹസ്സന്‍‌ സാഹിബ്‌ '‌
‌ഈ‌ കത്തുമായി‌ വരുന്നത്‌ എന്റെ‌ സഹോദരിയുടെ മകനാണ്‌.
അനാഥനല്ല... എങ്കിലും‌ പരിഗണിക്കുമല്ലോ‌.‌..........
എന്ന്,
സ്നേഹപൂര്‍വ്വം‌‌...........
എന്റെ ശബ്ദം അക്ഷരങ്ങളില്‍ ഇടറി...
ഞാന്‍‌ പുഴയുടേ‌ വെള്ള‌മൊഴുകുന്ന‌ ഭാഗത്തേക്കോടി.
മുട്ടുവരെ‌ വെള്ളത്തിലിറങ്ങി‌നിന്നു‌കരഞ്ഞു. വെള്ളത്തില്‍ തെളിഞ്ഞുവന്ന എന്റെ നിഴലിനോട് ഞാന്‍ ചോദിച്ചു : '' ഞാന്‍ അനാഥനാണോ....?''
കുഞ്ഞോളങ്ങളില്‍ സ്വന്തം നിഴല്‍ ചെറിയചെറിയ അടരുകളായി അകലങ്ങളിലേക്ക് മുറിഞ്ഞുപോകവെ പിന്നില്‍ നിന്ന് മൊയ്തീന്‍ കോയയുടെ വിളി:
"ഡാ‌.. ടുണ്ടുമണീ..."
പൊക്കം കുറഞ്ഞ് ഉരുണ്ടുതടിച്ച എന്നെ കൂട്ടുകാര്‍ വിളി‌ക്കുന്ന ആ പേരുകേട്ട് കുട്ടയുമെടുത്ത് ഞാന്‍ ചെന്നു. ഒരു‌ ചെറു‌ചിരിയോടെ‌ മൊയ്തീന്‍ കോയ മണ്ണ് നിറച്ച ചൂരല്‍‌കൊട്ട എന്റെ തലയിലേക്ക് പിടിച്ചുതന്നു. ‌കാലിക്കൊട്ടയുമായി തിരിച്ചുവരുന്ന ഹാമിദുസൈന്‍ എന്തോ പറഞ്ഞുകളിയാക്കുന്നത് ശ്രദ്ധിക്കാതെ, ഗ്രൗണ്ടിന്റെ അങ്ങേത്തലക്കലേക്ക്, മണ്‍കൊട്ടയുടേതല്ലാത്ത ഏതോ ഭാരത്താൽ ഞാൻ നടന്നുനീങ്ങി ...................... ( തുടരും ) ................ റസാഖ് വഴിയോരം ...............