..............................................................
ഓര്മിക്കാതെ പോയ ഓര്മ്മകള് ( അദ്ധ്യായം ഒന്ന് )
.............................................................................................
ആത്മാവിന്റെ നിശ്ശബ്ദതയില് മൗനത്തിന്റെ മഞ്ഞ് പുതഞ്ഞ് എന്റെ ബാല്യകാല ഓര്മ്മകള് നശിക്കാതെ കിടക്കുന്നുണ്ടെന്ന് ഞാനറിഞ്ഞ ദിവസം, 2020 ജനുവരി 26, ഞായറാഴ്ച..
സമയബോധത്തിന്റെ വേദനകളില്ലാതെ, ഭാരശൂന്യമായ സ്വന്തം ശരീരത്തില് മുഖമമര്ത്തിപ്പിടിച്ച് ആ അനാഥാലയത്തിന്റെ മുറ്റത്ത് ഞാന് നിന്നു. അന്നായിരുന്നു ജെ.ഡി.റ്റി. ഇസ്‌ലാം ഓര്ഫനേജ് ഓള്ഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷന്റെ ഈ വര്ഷത്തെ ഒത്തുചേരല്...
എന്റെ ബാല്യത്തിന്റെ ആത്മശകലങ്ങള് വീണുകിടക്കുന്ന ആ അനാഥാലയത്തിന്റെ മുറ്റത്ത് നിന്നപ്പോള്, ആത്മവേദനയുടെ ഭാരത്താല് ഓര്മ്മകളുടെ കടലാഴങ്ങളിലേക്ക് ഞാന് പതിയെ താണുപോയി. കാലം പിന്നിലുപേക്ഷിച്ചുപോയ ഓര്മ്മകളുടെ പാതി മുളച്ച വിത്തുകള് പെറുക്കിയെടുക്കുകയായിരുന്നു ഞാന്..
ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിലേക്ക് ഓര്മ്മകള് കണ്ണ് തുറന്നപ്പോള്, ഒരു നനഞ്ഞ പുഞ്ചിരിയുമായി മുന്നില് ഷബീറലി.. പതിമൂന്ന് വയസ്സുള്ള മെലിഞ്ഞുണങ്ങിയ ബാലന്. മാതാപിതാക്കള് ജീവിച്ചിരിക്കെ അനാഥരായ അനേകം ബാല്യങ്ങളിലൊരാളായിരുന്നു എന്നെപ്പോലെ ഷബീറലിയും. കോഴിക്കോട് വെള്ളയില് കടപ്പുറത്തെ ഒരു മല്സ്യത്തൊഴിലാളിയുടെ ഇളയ മകന്.
ഓഫീസിന് പുറത്ത് ചുമരില് ചാരിനിന്ന് ചെറിയൊരു ഞരക്കത്തോടെ അവന് ശ്വാസം വലിക്കുന്നത് ഞാന് നോക്കി നിന്നു. ശ്വാസം അകത്തേക്കെടുക്കുമ്പോള് വാരിയെല്ലുകള് മുകളിലേക്കുയര്ന്ന് , അരയിലെ കറുത്ത ചരടിനോടൊപ്പം ഒറ്റക്കരയുള്ള തുണി ഊര്ന്ന് പോവുമ്പോള് തുണിയുടെ തുമ്പ് പിടിച്ച് അവന് എന്നേയും നോക്കി. അവനൊരു ആസ്തമരോഗിയായിരുന്നെന്ന് അന്നെനിക്കറിയില്ലായിരുന്നു..
വീതികുറഞ്ഞ റൂമില്, നിലത്ത് വരിവരിയായിട്ടിരിക്കുന്ന പുല്‌പായയില് എന്റെ തൊട്ടടുത്ത് തന്നെയായിരുന്നു ഷബീറലിയുടെയും കിടത്തം. രാത്രിയുടെ നിശ്ശബ്ദതയില് തലയുടെ ഭാഗത്ത് വെച്ചിരിക്കുന്ന പഴയ ഇരുമ്പുപെട്ടിയില് കൈ കുത്തി, ചുമരിനോട് ചാരിയിരുന്ന് ഒരു ഞരക്കത്തോടെ അവന് ശ്വാസം വലിക്കുന്നത് ഉറക്കത്തിനിടയില് ഞാന് പലപ്പോഴും കേട്ടിട്ടുണ്ട്.
എല്ലാവരും ഉറങ്ങുന്ന ഇരുട്ടിന്റെ നിശ്ശബ്ദതയിലേക്ക് നേര്ത്തില്ലാതാവുന്ന അവന്റെ നനഞ്ഞ ശ്വസനതാളത്തോളം ശോകസാന്ദ്രമായ ഒരു ശബ്ദവീചിയും ഞാന് ജീവിതത്തിലിത് വരെ കേട്ടിട്ടില്ല...
നല്ല മഴയുള്ള ഒരു രാത്രി ഉറങ്ങാന് കിടക്കുമ്പോള് എന്റെ ഭാഗത്തേക്ക് തിരിഞ്ഞുകിടന്നുകൊണ്ട് അവന് പറഞ്ഞു :
"ഇപ്പൊ കടലെളകാന്തൊടങ്ങീട്ട്ണ്ടാവും.. ഇടീം മഴേം തൊടങ്ങുമ്പോ പേട്യാവും.. അപ്പൊ ഞാനെന്റെ ഉപ്പേടെ കൂടേ കെടെക്കാ... " പിന്നെ കുറച്ച് സമയം അവന് ഒന്നും പറഞ്ഞില്ല; ഞാനും...
ആ മൗനത്തിനിടയില് ഞാനെന്റെ ഓര്മ്മകളിലേക്ക് കമഴ്ന്നുകിടന്നു... നല്ല മഴയുള്ള കര്ക്കിടകരാത്രികളില് ഓടുകള്ക്കിടയിലൂടെ മുറിയിലെ മണ്ണ്‌തേച്ച നിലത്തേക്ക് മഴത്തുള്ളികളിറ്റിവീഴുമ്പോള്, തിരിനീട്ടിയ മണ്ണെണ്ണവിളക്കുമായി ഒരു കയ്യില് അലൂമിനിയപ്പാത്രവും പിടിച്ച് ഉമ്മ ഓരോ മുറിയിലൂടെയും നടക്കുന്നുണ്ടാവും; നിലത്ത് പായവിരിച്ചുറങ്ങുന്ന മക്കള് ഉണരാതിരിക്കാന് ശബ്ദമുണ്ടാക്കാതെ...
ചോര്ച്ചവീണ് നനയാതിരിക്കാന് കട്ടിലിലെ തെങ്ങോലപ്പായയുടെ ഒരറ്റം തന്നിലേക്ക് ചേര്ത്ത്പിടിച്ച്, ചുവന്ന കരയുള്ള കറുത്ത പുതപ്പ് ചുമലിലൂടെ ചുറ്റി ബാപ്പ അകത്തേക്ക് വിളിച്ചുപറയും.. '' ഏയ്.. ഒരു പാള ഇവിടേം വെക്ക്.."
രാത്രിയുടെ നിശ്ശബ്ദതയില്, മണ്ണെണ്ണവിളക്കിന്റെ അരണ്ട വെളിച്ചത്തില്, അലൂമിനിയപ്പാത്രങ്ങളിലേക്ക് വീണ് തെറിക്കുന്ന മഴത്തുള്ളികളുണ്ടാക്കിയ ആ ശബ്ദതരംഗങ്ങളേക്കാള് മനോഹരമായ ഒരു സംഗീതവും ഞാനിത് വരെ കേട്ടിട്ടില്ല...
"റസാ.. മഴക്കാലത്ത് കടപ്പുറത്ത് ബന്ന് കണ്ടീട്ട്‌ണ്ടോ...? നല്ല കടല്‌ക്കാറ്റ്‌ണ്ടാവുമ്പോ തെങ്ങോലപ്പൊരേമ്മല് ബല്ലാത്തൊരൊച്ചേ.."
ഉറക്കത്തിനും ഉണര്ച്ചക്കുമിടയില് ആടിക്കൊണ്ടിരുന്ന എന്റെ ഓര്മ്മകളില് നിന്നുണര്ന്ന് ഞാന് ഷബീറലിയെ നോക്കി.. പിന്നെ അല്പം ജാള്യതയോടെ ഞാന് പറഞ്ഞു:
"ഞാന് കടല് കണ്ടീല്ല"
ഞരക്കത്തോടൊപ്പം അവന് ഒന്ന് ചിരിച്ചപോലെ തോന്നി..
ഒരു നാട്ടുമ്പുറത്തുകാരന്റെ നിഷ്കളങ്കതയോടെ ഞാന് ചോദിച്ചു: " കടലെങ്ങനേ..?
വല്ല്യെ പൊഴ പോലായിരിക്ക്വോ..?
ഒരു ദിവസം സ്കൂള് അവധിദിനത്തില് വാര്ഡന്റെ സമ്മതം വാങ്ങി വെള്ളിമാട്‌കുന്നിലെ നിര്മ്മലാഹോസ്പിറ്റലിന്റെ ഭാഗത്ത് വരിവരിയായി നിര്ത്തിയിട്ടിരിക്കുന്ന പച്ചനിറമുള്ള സിറ്റിബസ്സുകളിലൊന്നില് ഞാനും ഷബീറലിയും കയറി ഇരുന്നു. "രണ്ട് വെള്ളയില് ബീച്ച്" അറുപത് പൈസയുടെ നാണയങ്ങളെടുത്ത് അവന് കണ്ടക്ടര്‌ക്ക് നീട്ടി.
ബസ്സിന്റെ മുന്ഭാഗത്തുള്ള ബോക്സിന് മുകളിലിരുന്ന് പൊടിപിടിച്ച ചില്ലിനുള്ളിലൂടെ ഞാന് പുറത്തേക്ക് നോക്കി. കമാനാകൃതിയില് ജെ.ഡി.റ്റി. ഇസ്‌ലാം ഓര്ഫനേജ് എന്നെഴുതിയ ഗേറ്റിനോട് ചേര്ന്ന 'ഉല്ലാസ് ' ഹോട്ടലില്, ചില്ലലമാരയില് അടുക്കി വെച്ചിരിക്കുന്ന പൊറോട്ടയില് എന്റെ കണ്ണ് ചെന്നുനിന്നു. ഞാന് മനസ്സില് ചിന്തിച്ചു;
'ഒരു പൊറാട്ടയുടെ രുചി എങ്ങിനെയായിരിക്കും..!
"പുവാം" പിന്നിലെ വാതില്ക്കലില് നിന്ന് ക്ലീനര് വിളിച്ചു പറഞ്ഞു. ഞാന് ഷബീറലിയുടെ ചുമലില് കൈവെച്ച് ആരാധനയോടെ ബസ് ഡ്രൈവറെ നോക്കിയിരുന്നു................ ( തുടരും )
റസാഖ് വഴിയോരം ... Please Click to LIKE my Page :
https://www.facebook.com/rasakvazhiyoram.kodiyathoor/

No comments:
Post a Comment