Saturday, September 19, 2020

ഓര്‍മ്മിക്കാതെ പോയ ഓര്‍മ്മകള്‍ : (അ‌ദ്ധ്യായം‌‌ - 0‌5‌)

 


അഖിലലോക‌ കാക്കകളേ‌ നന്ദി‌..! :‌ (അ‌ദ്ധ്യായം‌‌ - 0‌5‌)
.......................................................................................
മുമ്പില്‌ ഷബീറലി‌ നടന്നു. എന്റെ‌ കാലുകള്‌ മണല്ത്തരികളിലൂടെയും‌, കണ്ണുകള്‌ കടല്ത്തിരകളിലൂടെയും‌ നടന്നു‌.‌ ആകാശത്ത്‌ ഓരോരോ‌ നക്ഷത്രങ്ങള്‌‌ തെളിഞ്ഞു‌ വന്നു.
ഞങ്ങള് നടന്നുപോകുമ്പോള്
കട‌പ്പുറത്ത്‌ കുറച്ചാളു‌കള്‌ കൂടിയിരുന്ന്‌ ശീട്ട്‌ കളിക്കുന്നുണ്ടായിരുന്നു‌. ഞങ്ങള്‌ കുറച്ചുസമയം‌ അവരുടെയടുത്ത്‌ നിന്നു‌. കളിക്കിടയില്‌ അവര്‌ ഒരു‌ സിനിമയെപ്പറ്റി‌ സംസാരിക്കുന്നുണ്ടായിരുന്നു‌. അന്നാണ്‌ ഞാന് ആദ്യ‌മായി‌ ഒരു‌ സിനിമയുടെ പേര് ‌‌കേള്ക്കുന്നത്‌. '‌കടല്‌'‌ എന്നായിരുന്നു ആ‌ സിനിമയുടെ‌ പേരും‌.
ഞാന്‌ ഇതുവരെ‌ ഒരു‌ സിനിമ‌യും‌ കണ്ടിട്ടില്ല‌.
സിനിമ കാണുന്നതോ‌ പോയിട്ട്‌ ഒരു‌ റേഡി‌യോപാട്ട്‌ കേള്ക്കാന്‌ പോലും‌ അവസരങ്ങളില്ല‌. നാട്ടില്‌ എണ്ണപ്പെട്ട‌ വീടുകളില്‌ മാ‌ത്രമായിരുന്നു‌ അന്ന്‌ റേഡി‌യോ ഉ‌ണ്ടായിരുന്നത്‌. അതിലൊന്നായിരുന്നു‌ '‌എമ്മേക്കാരന്‌'‌ എന്നറിയപ്പെടുന്ന‌ ‌എം‌.എ‌.മുഹമ്മ‌ദ്‌ സാഹിബിന്റെ‌ വലിയ‌ വീട്‌.
'‌പൊയില്‌'‌ എന്ന‌ സ്ഥലത്തായിരുന്നു‌ ആ‌ വീട്‌. അവിടെത്തന്നെയായിരുന്നു‌ ഞങ്ങളുടെ‌ യു‌.പി‌.സ്കൂളും‌. നാലാം‌ ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‌ എന്നെ‌ പൊയില്‌ സ്കൂളില്‌ കൊണ്ടു‌പോയി‌ ചേര്ത്തി‌. ഞാനന്നാണ്‌ ആ വലിയ‌ വീട്‌ കാണുന്നത്‌. ‌അദ്ദേഹം‌ നാട്ടിലെ‌ വലിയ‌ വ്യവസായിയായിരുന്നു‌. അവിടെനിന്ന്‌ റേഡിയോ‌ പാട്ടു‌ കേള്‌ക്കാന്‌ ഞങ്ങള് പല‌ ദിവസവും‌ സ്കൂള്‌ പുറത്തു‌വിടുമ്പോള്‌ വഴിയില്‌ പോയി‌ നില്ക്കാറുണ്ടായിരുന്നു‌.
അദ്ദേഹത്തിന്റെ‌ വീടി‌നോട്‌ ചേര്ന്ന്‌ ചെറിയൊരു‌ നിസ്ക്കാരപ്പള്ളി‌യു‌ണ്ടായിരുന്നു‌. '‌സ്രാമ്പ്യ'‌എന്നാ‌യിരുന്നു‌ അതിനെ‌ പറഞ്ഞിരുന്നത്‌. ഉച്ച‌ക്ക്‌ സ്കൂള്‌ വിടുമ്പോള്‌ ചില‌ ദിവസങ്ങളില്‌ ഞങ്ങള്‌ കഞ്ഞികുടിക്കാന്‌ വീട്ടിലേക്കോടിപ്പോകും‌. പോകാത്ത‌ ദിവസങ്ങളില്‌ ആ‌ സ്രാമ്പ്യയില്‌ പോയി‌ നിസ്ക്കരിക്കും‌. കിളിവാതില്‌ പോലെയുള്ള‌ ജ‌നല്‌ തുറന്ന്‌ എത്തി‌ നോക്കും‌‌. '‌റേഡിയോ'‌ ഒന്ന്‌ നേരില്‌ കാണാനുള്ള‌ കൊതിയോടെ‌‌.‌.
സ്രാമ്പ്യയോട്‌ ചേര്ന്ന്‌ കുറെ‌ കല്പ‌ടവുകളുള്ള‌ വലിയൊരു‌ കുളമുണ്ടായിരുന്നു‌. വുളുവെടുക്കാനുള്ളതാണ്‌.‌ അതിലെ‌ ഇളംനീല നിറമുള്ള‌ തെളിഞ്ഞ‌ വെള്ളത്തില്‌ ചൂലിപ്പരലുകള്‌ നീന്തിക്കളിക്കുന്നത്‌ കാണാന്‌ നല്ല‌ രസമായിരുന്നു‌. ‌
ഒരിക്കല്‌ ആ‌ കുളത്തിൽ ആരോ ഒരാൾ മരിച്ചു. ആള്ക്കൂട്ടം‌ കണ്ട്‌ ഞങ്ങളും‌ ഓടിപ്പൊയി‌നോക്കി‌. അന്ന്‌ ടാര്‌ചെയ്യാത്ത‌ റോഡി‌ന്റെ‌ പകുതിയോളം‌ സ്ഥലത്തായിരുന്നു‌ കുളം‌ നിന്നിരുന്നത്‌. വലിയ‌ ആള്ക്കൂട്ടത്തില്‌ ഞ‌ങ്ങള്‌ പതുക്കെ‌ ചുറ്റുമതിലിന്റെ‌ വിടവിലൂടെ‌ കുളത്തിലേക്ക്‌ ഏന്തി‌നോക്കി‌. മഴക്കാലം‌ കഴിഞ്ഞ‌ സമയം‌‌, കുളത്തില്‌ നിറയെ‌ നല്ല‌ '‌ഒറു'‌വെള്ളം‌ കണ്ണാ‌ടിപോലെ‌ തെളിഞ്ഞിരുന്നു‌. ‌
വെള്ളത്തിനടിയില്‌ വെള്ള‌ക്കു‌പ്പാ‌യവുമിട്ട്‌ വെള്ള‌ത്താടിയുള്ള‌ ഒരാള്‌ നിശ്ചലനായി‌ കുമ്പിട്ടുനില്ക്കുന്നത് അട്ടപ്പാ‌വിനിടയിലൂടെ‌ ഞങ്ങള്‌ തെളിഞ്ഞുകണ്ടു‌.
വലിയ‌ ചൂലിപ്പരലുകള്‌ ചുറ്റിലും‌ ഒന്നുമറിയാതെ‌ നീന്തിക്കളിച്ചു‌.
സ്കൂളില്‌ ബെല്ലടിക്കുന്ന‌ ശബ്ദം‌ കേട്ട്‌ ഞങ്ങള്‌ കുറച്ചു കുട്ടികള്‌ ഓടി‌. വയസ്സായ‌ ഒരാള്‌ വന്ന്‌ ബാക്കി‌യുള്ള‌ കുട്ടികളേയും‌ അവിടെനിന്നോടിച്ചു‌.
പിന്നെ‌ ഞങ്ങള്‌ കുറേ‌ കാലം‌ ആ‌ കുളത്തിലേക്ക്‌ പോയിട്ടില്ല‌.
ഞങ്ങള്‌ കിതച്ചു‌കൊണ്ട്‌ സ്കൂളിലെത്തി‌. വരാന്തയില്‌ തോമസ്‌ മാഷ്‌ ചുരലും‌ പിടിച്ചു‌നില്ക്കുന്നു‌. തോമസ്‌ മാഷാണ്‌ ഹെഡ്‌മാസ്റ്റര്‌. കോട്ടയത്താ‌ണ്‌ മാഷെ‌ നാട്‌. അക്കാലത്ത്‌ തെക്ക്‌ നിന്നുള്ളവരായിരുന്നു‌ ഇവിടെ‌ പഠിപ്പിക്കുന്നവരിലധികവും‌. അദ്ധ്യാപക‌ ജോലിയ‌റിയുന്ന‌ ആളുകള്‌‌ ആയി‌ വരുന്നേയുണ്ടായിരുന്നുള്ളൂ‌.
തോമസ്‌ മാഷ്‌ അധികം‌ ചിരിക്കുന്നത്‌ ഞാന്‌ കണ്ടിട്ടില്ല‌.
വീട്ടില്‌ പോകുമ്പോള്‌ പോലും‌ ചൂരല്‌ കയ്യിലുണ്ടാവും‌.‌ അഞ്ചാം‌ ക്ലാസ്സില്‌ ഇംഗ്ലീഷ്‌ അക്ഷരമാല‌ പഠിപ്പിച്ചിരുന്നത്‌ തോമസ്‌ മാഷായിരുന്നു‌.
പൊയിലിലെ‌ സ്കൂളിലെത്തിയാല്‌ ഇംഗ്ലീഷ്‌ പഠി‌ക്കണമെന്നും‌, അവിടെ‌ നല്ലവണ്ണം‌ അടിക്കുന്ന‌ ഒരു‌ മാഷുണ്ടെന്നും‌ എല്‌.പി‌.സ്കൂളില്‌ പഠിക്കുമ്പോഴേ‌ കുട്ടി‌ക‌ള്‌ പറഞ്ഞുപേടിപ്പിച്ചിരുന്നു‌. അന്ന്‌ തുടങ്ങിയതാണ്‌ ഇംഗ്ലീഷുകാരെ‌ പേടി‌.
പൊയില്‌ സ്കൂളില്‌ ആദ്യദിവസങ്ങള്‌ കൂളായി‌ കടന്നുപോയി‌.
മറിയമ്മട്ടീച്ചറായിരുന്നു‌ ഞങ്ങളുടെ‌‌ ക്ലാസ്സ്‌ ടീച്ച‌‌ര്‌. സ്കൂളി‌ല്‌‌നിന്ന്‌ കുറച്ചുദൂരെ‌ ചെറുവാടിയായിരുന്നു‌ ടീച്ചറുടെ‌ വീട്‌‌.
മുടി‌ പിന്നിലേക്ക്‌ വൃത്തിയായി‌ ചീകിവെച്ച്‌‌, സാരിത്തലപ്പുകൊണ്ട്‌ തല‌ പകുതി‌ മറച്ച്‌‌, ചോറ്റുപാത്രമുള്ള‌ ഒരു‌ ചെറിയ‌ ലേഡീസ്‌ ബേഗും‌ തോളിലിട്ട്‌, കുടയും‌ ചൂടി‌, പത്തു‌ മണിയാകുമ്പോള്‌ ചെറുവാടിയില്‌ നിന്നും‌ മറിയുമ്മ ടീ‌ച്ച‌‌ര്‌ നടന്നുവരും‌. പിന്നെ‌ ഇളകുന്ന‌ സ്റ്റൂളി‌ലിരുന്ന്‌ ഹാജറെടുക്കും‌. ഹാജര്പട്ടികയിലേക്ക്‌ ഹീറോപേനയില്‌ നിന്ന്‌ ഉറ്റിവീഴുന്ന‌ മഷിത്തുള്ളികള്‌ ചോക്ക്‌ കൊണ്ട്‌ ഒപ്പിയെടുക്കുന്നത്‌ ഞങ്ങള്‌ കൗതുകത്തോടെ‌ അടുത്ത്ചെന്ന്‌ നോക്കി‌‌നില്ക്കും‌...
'എല്ലാരും‌ അവനവന്റെ‌ സ്ഥലത്ത്‌ പോയിരിക്കി‌...'‌
ടീച്ച‌ര്‌ മേശപ്പുറത്ത്‌ നിന്ന്‌ ചൂരലെടുക്കും‌.‌ വടിയെടുക്കുമെങ്കിലും‌ ടീച്ച‌ര്‌ അടിക്കില്ല‌;‌ ഇഷ്ട മായിരുന്നു‌ കുട്ടികള്ക്ക്‌ ടീച്ചറെ‌...
ശാ‌ന്തമ്മട്ടീച്ചറും‌ അടിക്കില്ല‌‌. ഹിന്ദിയായിരുന്നു‌ ടീച്ചറുടെ‌ വിഷയം‌. ശാ‌ന്തമ്മ‌
ടീച്ചറെ‌ എല്ലാരും‌ ഹിന്ദിടീച്ച‌‌ര്‌ എന്നായിരുന്നു‌ വിളിച്ചിരുന്നത്‌. ഇംഗ്ലീഷും‌ കണക്കും‌ എനിക്ക്‌ കുറച്ച്‌ പ്രയാസമായിരുനെങ്കിലും‌ ഹിന്ദിക്ക്‌ ഞാ‌നല്‌‌പ്പം‌ മോശമായിരുന്നു‌.
ഒരിക്കല്‌ ശാ‌ന്തമ്മ‌ ടീച്ച‌‌ര്‌ ഹിന്ദി‌ എടുക്കുകയായിരുന്നു‌.
'‌ആത്താഹെ‌... ആത്തീഹെ‌..'‌ എന്താണ്‌ വ്യത്യാസം‌..?
ചോദ്യം‌ എന്നോടാ‌‌ണ്‌. ഒരു‌ വ്യത്യാസവും‌ കാണാത്തപോലെ‌ ഞാന്‌ നിന്നു‌.
അടുത്ത‌യാള്‌... ടീച്ചര്‌ വിരല്‌ ചൂണ്ടി‌.
തൊട്ടടുത്തുനിന്ന്‌ അയ്യപ്പന്‌ എഴുന്നേറ്റുനിന്നു‌:‌
‌'ആത്താഹെ‌ പുല്ലിംഗം‌.'‌
'‌ആത്തീഹെ‌ സ്ത്രീലിംഗം‌..
ടീ‌ച്ചര്‌ എന്നോട്‌ പറഞ്ഞു‌ :‌
'‌നാളെ‌ പഠിച്ചിട്ടു‌ വരണം‌ കേ‌ട്ടോ‌.. ബൈട്ടോ‌..!
'‌ലിംഗബോ‌ധമില്ലാത്ത‌'‌ ഒരു‌ കോമാളിയെപ്പോലെ‌ ഞാന്‌ ബൈട്ടി‌.
വടിയെടുക്കുമെങ്കിലും‌ ടീച്ചറും‌ അടിക്കില്ല‌... ഇഷ്ട മായിരുന്നു‌ ടീച്ചറേയും‌ കുട്ടികള്ക്ക്‌.‌ ടീച്ചറുടെ‌ ഭര്ത്താവ്‌ പണ്ഡിറ്റ്‌ മാഷും‌ അതേ‌ സ്കൂളിലെ‌ മാഷായിരുന്നു‌.
തുണി‌ മുട്ടിനു‌മുകളിലായി‌ അല്പം‌ കൂട്ടിക്കുത്തി‌ അബ്ദുമാഷ്‌ വരും‌. കണക്ക്‌ മാഷ്‌ എന്നായിരുന്നു‌ ഞങ്ങല്‌ വിളിച്ചിരുന്നത്‌. എന്റെ‌ കണക്കിന്റെ‌ കാര്യം‌ കണക്കാണെന്ന്‌ ഞാന്‌ നേരത്തെ‌ പറഞ്ഞുവല്ലോ‌..! കണക്കിന്റെ‌ മാര്ക്കില്‌ എന്റെ‌ പിറകില്‌ ആരുമില്ലായിരുന്നു‌.
ഒരിക്കല്‌ മാഷ്‌ ഡസ്റ്ററെടുത്ത്‌ ബോര്ഡ്‌ മായ്ച്ച്‌ കളഞ്ഞ‌ ശേഷം‌ ബോര്ഡില്‌ എന്തൊക്കെയോ‌ എഴുതി‌‌. പിന്നെ‌ മാഷ്‌ എല്ലാവരോടുമായി‌ പറഞ്ഞു:‌
'‌ലാ‌.സാ‌.ഗു‌‌.‌ കാണുക‌...!
അഞ്ചുമിനുട്ട്‌ കൊണ്ട്‌ എഴുതി‌ എല്ലാവരും‌ ബുക്ക്‌ മേശപ്പുറത്ത്‌ വെക്കുക‌'‌
മാഷ്‌ സ്റ്റൂളില്‌ പോയി‌ ഇരുന്നു‌. ഞാന്‌ ചുറ്റും‌ നോക്കി‌. എവിടെ‌ നോക്കിയാലാണ്‌ ലാ‌.സാ‌.ഗു‌‌ കാണുക‌..?
'‌ആരും‌ സംസാരിക്കരുത്'‌, ഒച്ചയുണ്ടാക്കിയാല്‌‌ ചോക്കുപൊടിയില്‌ മുങ്ങിയ‌ ഡസ്റ്റര്‌ കൊണ്ട്‌ ഏറുവരും‌. ക്ലാസ്സില്‌ നിശ്ശബ്ദത‌..!
ഓരോരുത്തരായി‌ മേശപ്പുറത്ത്‌ നോട്ടുബുക്ക്‌ വെച്ചു‌‌. ഏറ്റവും‌ മുകളില്‌ ഞാനും‌. മാഷ്‌ എന്റെ‌ പുസ്തകം‌ തുറന്നു‌... പിന്നെ‌ എന്റെ‌ ചെവിയുടെ‌ മാംസളമായ‌ ഭാഗത്ത്‌ പരുത്ത‌ വിരലുകള്‌ കൊണ്ട് ചിത്രം വരച്ചു, മാഷ് എന്റെ ചെവിയുടെ ചൂടറിഞ്ഞു...
'ശ്ശെന്തോര്‌ വിഡ്ഡി‌...'‌ മാഷ്‌ പറഞ്ഞു‌.
പിന്നേയും‌ പല‌ സന്ദര്ഭങ്ങളി‌ലായി‌ അബ്ദു‌ മാഷ്‌ എന്നെയിതുപോലെ അഭിനന്ദിച്ചിട്ടുണ്ട്‌..
ഇന്നും‌ '‌ലാ‌.സാ‌.ഗു‌‌.‌'‌ എന്താണെന്ന്‌ എനിക്കറി‌യില്ല‌ മാഷേ‌...!
‌തോമസ്‌ മാഷ്‌ കൊല്ലാ‌വസാനം‌ വരെ‌ പതിനെട്ടടവ്‌ പയറ്റീട്ടും‌ ഇംഗ്ലീഷ്‌ അക്ഷരമാല‌ എന്നോ‌ട്‌ കരുണ‌കാട്ടിയില്ല‌. ഒരു‌ ദിവസം‌ തോമസ്‌ മാഷ്‌ ക്ലാസ്സില്‌ വന്നു‌‌‌ പറഞ്ഞു‌‌ :‌
നാളെ‌ '‌എഇഒ‌'‌ വരും‌. എല്ലാവരും‌ '‌ഏബീസീഡി‌'‌ കാണാതെ‌ പഠിച്ചുവരണം‌. '‌എഇഒ‌'‌ ചോദിക്കുമ്പോള്‌ തെറ്റാതെ‌ പറഞ്ഞുകൊടുക്കണം‌. ഇന്ന്‌ നമുക്കൊന്നു‌ കാണാതെ‌ പറ‌ഞ്ഞു‌ നോക്കാം‌;‌ ആള്‌ സ്റ്റാന്റപ്പ്‌ .. സിറ്റ്ഡൗണ്‌...!
ബെഞ്ചിന്റെ‌ ഒരു‌ തലക്കല്‌ നിന്ന്‌ ഒരു‌ കുട്ടി‌ എഴുന്നേറ്റ്‌ വേഗത്തില്‌ പറഞ്ഞു‌തുടങ്ങി‌. നെക്സ്റ്റ്‌.., ഓരോരുത്തരായി‌ എഴുന്നേല്ക്കുമ്പോഴും‌ ഞാന്‌‌ ഇളകുന്ന‌ ബെഞ്ചിന്റെ‌ അറ്റത്തേക്ക്‌ നീങ്ങിനീങ്ങിയിരുന്നു‌.
നെക്സ്റ്റ്‌.., മാഷ്‌ എന്റെ‌ നേരെ‌ വിരല്‌ ചൂണ്ടി‌. ഞാന്‌ വേഗത്തില്‌ എഴുന്നേറ്റുനിന്ന്‌ ഭയലേശമന്യേ‌ പറഞ്ഞുതുടങ്ങി‌:‌
'ഏബീസീഡീഈയെഫ്‌ജീ‌.. പിന്നെ‌ '‌എച്ചില്‌'‌ തട്ടി‌ ഒന്നു‌ നിന്നു‌. പിന്നില്‌നിന്നാരൊ‌ക്കെയോ‌ തള്ളിത്തന്നതുകൊണ്ട്‌ '‌ഓപി‌'‌ വരെ‌ നിരങ്ങിനിരങ്ങി‌ നീങ്ങി‌ '‌ക്യൂ'‌വില്‌ ചെന്ന്‌ ഇടിച്ചു‌ നിന്നു‌..!. മാഷ്‌ അല്പം‌ കൂടി‌ വെയ്റ്റ്‌ ചെയ്തു‌. ‌പിന്നെ‌ മേശ‌പ്പു‌റത്തു‌‌നിന്ന്‌ ചൂരലെടുത്ത്‌ എന്റടുത്തേക്ക്‌ വന്നുനിന്നു‌.
മാഷിന്റെ‌ സൗകര്യത്തിനു‌വേണ്ടി‌ എന്നെ‌ ബെഞ്ചില്‌ കയറ്റി‌ തിരിച്ചുനിര്ത്തി‌. ഞാന്‌ ചന്തിയില്‌ കൈ‌‌വെച്ച്‌ തിരിഞ്ഞു‌ നിന്നു‌. പിന്നെ‌‌ കഴുത്ത്‌ മക്സിമം‌ തിരിച്ച്‌ ദയനീയമായി‌ മാഷെ‌ നോക്കി‌.‌. ഒന്ന്‌ .. രണ്ട്‌.. മൂന്ന്‌.. ചൂരല്‌ ക്ഷീണിച്ചു;‌ എന്റെ‌ കൈകളും‌. മേശക്കരികിലേക്ക്‌ തിരിച്ചു‌ നടക്കുമ്പോള്‌ ഒരടി‌‌കൂടി‌ തന്നിട്ട്‌ മാഷ്‌ പറഞ്ഞു:‌
''‌നിത്യം‌ വരത്തോല്ല്യ‌... വന്നാലൊട്ടു‌ പടിക്കത്തോല്ല്യ‌...!''‌
തരിച്ച‌ ബെഞ്ചിനുമുകളില്‌ ഞാന്‌ പതുക്കെ‌ ചന്തിവെച്ചിരുന്നു‌.
ചകിരി‌‌കൊണ്ട്‌ കയര്‌ പിരിക്കാന്‌ പഠിപ്പിച്ചുതന്ന‌ റംല‌ ടീച്ചറായിരുന്നു‌ എന്റെ‌ മാതൃകാ‌ അദ്ധ്യാപിക‌. ആഴ്ച്ചയിലൊരിക്കല്‌ 'ക്രാഫ്റ്റ്'‌ എന്നൊരു‌ പിരീടുണ്ട്‌. അന്ന്‌ എല്ലാ‌വരും‌ വീട്ടില്‌ നിന്ന്‌ ചകിരി‌ കൊണ്ടുവരും‌. എന്നിട്ട്‌ ഉപ്പുമാവുണ്ടാക്കുന്ന‌ ചരുവില്‌ പോയി‌ ഇരിക്കും‌. നെയ്യില്‌ ഉപ്പുമാവ്‌ മൊരിയുന്ന‌ മണം‌ വിശക്കുന്ന‌ വയറില്‌ മതിവരുവോളം‌ നുകരും‌. ടീച്ച‌ര്‌ നിലത്തിരുന്ന്‌ ചകിരി‌ പിരിച്ച്‌ ‌ ചൂടിക്കയറുണ്ടാക്കുന്നത്‌ കാണിച്ചുതരും‌. ഞങ്ങളും‌ അത്‌ പോലെ‌ നോക്കി‌ ചെയ്യും‌.‌ യു‌.പി‌.സ്കൂള്‌ കാലഘട്ടത്തില്‌ ഞാന്‌ നേടിയെടുത്ത‌ ഏകവിജ്ഞാനം‌ ചൂടി‌ നിര്മ്മാണമായിരുന്നു‌. ഇന്നും‌ ഒരു‌ അത്യാവശ്യം‌ വന്നാല്‌ പരസഹായമില്ലാതെ‌ ഒരുമുഴം‌ കയറുണ്ടാക്കാന്‌ എനിക്കറിയാം‌. സ്വയം‌ പര്യാപ്തം‌..!
നാലുമണിക്ക്‌ നീട്ടി‌ ബെല്ലടിച്ചു‌;‌ കുട്ടികള്‌ അസാധാരണമായ‌ വേഗത്തില്‌ തിരിഞ്ഞു‌ നോക്കാതെ‌ ഇറങ്ങിയോടി‌.. ഓട്ടത്തിനിടയില്‌ കുട്ടികള്‌ വിളിച്ചു‌ പറഞ്ഞു:‌ ‌ നാളെ‌ '‌ഏയ്യോന്‌'‌ വരും‌ ...‌, കാലുറയിട്ട‌ ഏയ്യോമ്പെരും‌..! അന്ന്‌ വൈകുന്നേരം‌ ഒരു‌ മുറ്റത്തും‌ കുട്ടികള്‌ കളി‌ക്കാനിറങ്ങിയില്ല‌.
ഞാന്‌ വീട്ടിലെത്തി‌. ഉമ്മ‌ കിണറ്റിനടുത്തിരുന്ന്‌ പാത്രോം‌ കൈലും‌ വെണ്ണീരിട്ട്‌ തേച്ചുമോറുകയായിരുന്നു‌. നിറ‌കണ്ണുകളോടെ‌ ഉമ്മയുടെ‌ മുഖ‌ത്തു‌നോക്കി‌ ഞാനാ‌ നഗ്നസത്യം‌ പറഞ്ഞു:‌
'‌നാളെ‌ ഏയ്യോമ്പെരും‌..'‌
'നന്നായി'‌ ഉമ്മ‌ പറഞ്ഞു‌. രാത്രി‌ ഉറങ്ങുന്നതിനു‌ മുമ്പ്‌
കൂട്ടത്തില്‌ പുതിയ‌ കു‌പ്പായോം‌ തുണീം‌ എടുത്തു‌ത‌ന്നിട്ട്‌ ഉമ്മ‌ പറ‌ഞ്ഞു‌:‌
'‌നാളെ‌ ഇതിട്ടോ‌...ഏയോമ്മാര്‌ വരുമ്പം‌ വൃത്തീം‌ ബെടിപ്പൂള്ള‌‌ മാതിരി‌ പോണം‌..'‌ ഞാന്‌ പെരുന്നളിനു‌ മാത്രം‌ ഉടുക്കാന്‌ സൂക്ഷിച്ച്‌ വെച്ചിരുന്ന‌ ആ‌ തുണീം‌ കുപ്പായോം‌ ഞാന്‌ ക‌യ്യില്‌ വാങ്ങി‌.
രാത്രി‌ ഉറങ്ങാന്‌ കിടന്നു‌‌. മഞ്ഞുകാലം‌.. മുറ്റത്തെ‌ തേക്കിന്‌ ചുവട്ടില്‌ വീണു‌ കിടക്കുന്ന‌ ഉണങ്ങിയ‌ തേക്കിലയിലേക്ക്‌ മരക്കൊമ്പില്‌ നിന്നും‌ മഞ്ഞുതുള്ളികള്‌ വീഴുന്ന‌ '‌ടക്‌..ടക്‌..'‌ ശബ്ദം‌ എന്നെ‌ പേടിപ്പെടുത്തി‌. കറുത്ത‌ കാലുറയിട്ട്‌ അയാള്‌ ചവിട്ടി‌ച്ച‌വിട്ടി‌ വരുന്നുണ്ട്‌...! ഞാന്‌ പുതപ്പിനുള്ളി‌ലേക്കുള്ളിലേക്ക്‌ ചുരുണ്ടു‌കിടന്നു‌..
‌രാവിലെ‌ ഉണര്ന്നപ്പോള്‌ ഞാന്‌ കിടന്ന‌ പായ‌, മുറ്റത്ത്‌ അലക്കാനുള്ള‌ തുണികളുടെ‌ കൂട്ടത്തില്‌ ചു‌രുട്ടിവെച്ചിരിക്കുനത്‌ നോക്കി‌ ഞാന്‌നി‌ന്നു‌..
സാധാരണ‌ വൈകുന്നേരം‌ മാത്രം‌ കുളിക്കുന്ന‌ ഞാന്‌ അന്ന്‌ രാവിലെ‌ കുളിച്ചു‌. നല്ല‌ പെരുന്നാള്‌ കുപ്പയമിട്ടു‌.
ചട്ട‌‌പറിഞ്ഞ‌ ടെക്സ്റ്റ്‌ ബുക്കുകളെല്ലാം‌ അട്ടിവെച്ച്‌ കറുത്ത‌ റബ്ബറുകൊണ്ട്‌ ചുറ്റി‌.( ടയറിന്റെ‌ ട്യൂബ്‌ മുറിച്ചുണ്ടാക്കുന്ന‌ അല്പം‌ വീതിയുള്ള‌ ആ‌ കറുത്ത‌ റബ്ബറിന്‌ രണ്ട്‌ പൈസയായിരുന്നു‌ വില‌ )
മഴ‌ പെയ്യാന്‌ തുടങ്ങിയിരുന്നു‌. ചെറിയ‌ മഴ‌ സ്കൂളില്‌ പോകാതിരിക്കാനുള്ള‌ കാരണമല്ല‌.
പ്രതീക്ഷ‌ക്കു വകനല്കി‌ മഴ‌യുടെ‌ ശക്തി‌ അല്പം‌ കൂടി‌.‌ ദൈവമേ‌.. ഒരു‌ കൊടുംകാറ്റ്‌ വന്ന്‌ ഈ‌ ഭൂമിയും‌ സൂര്യചന്ദ്രനക്ഷത്രങ്ങളുമെല്ലാം‌ ധൂളികളായി‌പ്പോയിരുന്നെങ്കില്‌..!
ഇല്ല‌, മഴ‌ ശക്തികുറഞ്ഞു‌തുടങ്ങി‌. ഉമ്മ‌ ഒരു‌ കത്തിയുമെടുത്ത്‌ തട്ടം‌ കൊണ്ട്‌ മഴ‌മറ‌ച്ച്‌ വാഴയുടെ‌ ചുവട്ടിലേക്കോടി‌;‌ ഒരു‌ വാഴയില‌ വെട്ടി. പിടിക്കാന്‌ പാകത്തില്‌ തണ്ട്‌ ബാക്കി‌ നിര്ത്തി‌ ഇലയല്പം‌ കീറിക്കളഞ്ഞു‌. ഓടിവന്ന്‌ ഇലക്കുട‌ എന്റെ‌ കയ്യില്‌ തന്നിട്ട്‌ പറഞ്ഞു:‌ 'വേം‌ നടന്നോ‌..'‌
പച്ചക്കുടയും‌ പിടിച്ച്‌ ഓരോരുത്തരുടേയും‌ മുറ്റത്ത്‌ കൂടി‌ സ്കൂളിലേക്ക്‌ നടന്ന്‌ പോണം‌. ഒരു‌ '‌അല്പാക്കൊട'‌ ചൂടി‌ സ്കൂളി‌ലേക്കും‌ മദ്ര‌സയിലേക്കും‌ പോകണമെന്നത്‌ എന്റെ‌ വലിയ‌ ആഗ്രഹമായിരുന്നു‌.
വീട്ടില്‌ തൊപ്പിക്കുടയുള്ളത്‌ എന്റെ‌ തലക്ക്‌ പാകമാവില്ല‌, നല്ല‌ കാറ്റ്‌ വന്നാല്‌ തൊപ്പിക്കുട‌ തലയില്‌ നിന്ന്‌ പറന്നുപോകും‌. പിന്നെ‌ പറക്കും‌ തളിക‌‌പോലെ‌ കറങ്ങിക്കറങ്ങി‌ എവിടേയെങ്കിലും‌ ചെന്നു‌ വീഴും‌..
ഞാന്‌ ഒരു‌ കൈ‌ കൊണ്ട്‌ പുസ്തകക്കെട്ട്‌ നെഞ്ചോട്‌ ചേര്ത്തു‌പിടിച്ച്‌ വലതു‌കൈ‌ കൊണ്ട്‌ ഇലക്കുടയും‌ പിടിച്ച്‌ ഇറയത്തേ‌ക്കിറങ്ങി‌.
'തുണീ‌ലേക്ക്‌ ചളി‌ തെര്‌പ്പിക്കാതെ‌ നടന്നോ'‌ അടുക്കളയില്‌നിന്ന്‌ ഉമ്മ‌ വിളിച്ചുപറഞ്ഞു‌.
കുരുമുളക്‌ പടര്ത്തിയ‌ മുരിക്കിന്‌ മരത്തിന‌ടി‌യിലൂടെ‌, നീണ്ട‌ കവുങ്ങുകള്‌ക്കിടയിലൂടെ‌, ചുളിവു‌‌വീണ‌ ഈന്തിന്‌ ചുവട്ടിലൂടെ‌, ചെരിപ്പില്ലാത്ത‌ കാലുകള്‌ കൊണ്ട്‌ കലങ്ങിയ‌ മഴ‌‌വെള്ളം‌ തെറുപ്പിച്ച്‌ ഞാന്‌ നടന്നു‌ നീങ്ങി‌.
ഏയ്യോനോട്‌ എന്താണ്‌ പറയുകയെ‌ന്നാലോചിച്ച്‌ ആ‌ പെരുമഴയത്തും‌ ഞാന്‌ വിയര്ത്തു‌. ഞാന്‌ ഊരാളിക്കുന്നിനു‌ മുകളിലെത്തി‌. സ്കൂളിലേക്ക്‌ ഇനിയും‌ ദൂരമുണ്ട്‌. അടുത്തൊന്നും‌
വീടുകളില്ല‌. ആകെയുള്ളത്‌ വടക്കു‌‌വീടും‌ കാ‌വില്‌ എന്നൊരു‌ വീടും‌. ഞാന്‌ ചുറ്റും‌ നോക്കി‌. അവിടെയൊന്നും‌ ആരെയും‌ കാണാനില്ല‌. ‌
കുറച്ചു‌ ദൂരെ‌ ചൂലന്‌കുട്ടി‌ തെങ്ങിനു‌ തടം‌ തുറ‌ക്കുന്നുണ്ട്‌. ബീരാന്‌ കുട്ടി‌ ഹാജിയുടെ‌ പണിക്കാരനാണ്‌ ചൂലന്‌. തലയുടെ‌ നടുവില്‌ നിന്നും‌ മുടി‌ രണ്ടു‌വശത്തേക്കും‌ ചീകിവെച്ച‌തിനു‌ മുകളില്‌ എന്തോ‌ മറച്ചുവെച്ചപോലെ‌ ഒരു‌ പാളത്തൊപ്പി‌യുണ്ടാവും‌. കൂര്ത്തഭാഗം‌ മുന്നിലേക്കാക്കി‌ വെച്ച‌ തൊപ്പിക്കടിയില്‌ മുറുക്കാന്‌ പൊതിയുണ്ടാവും‌. നെറ്റിയില്‌ നീളത്തിലൊരു‌ മു‌റിയുടെ‌ പാടുണ്ട്‌. അത്‌ മുടിചീകിയ‌ വരയിലൂടെ‌ തലയുടെ‌ മുകള്‌ ഭാഗം‌ വരെ‌ നീണ്ടുകിടക്കും‌. കോമരം‌ തുള്ളുമ്പോള്‌ മൂര്ച്ചയുള്ള‌ വളഞ്ഞ‌ വാളുകൊണ്ട്‌ മുറിച്ചതാണ്‌.
കലങ്ങോട്ടമ്പലത്തിലെ‌ കോമരമാണ്‌ ചൂലങ്കുട്ടി‌.
മണ്ണു‌ പുരണ്ട‌ തോര്ത്തു‌മുണ്ടു‌ടുത്ത്‌, കൈക്കോട്ടും‌ തോളിലിട്ട്‌, ഞാറുനടുന്ന‌ കാലത്ത്‌ ചൂലങ്കുട്ടി‌ പാടവരമ്പത്തൂടെ‌ മുറുക്കിത്തുപ്പി‌ നടന്നുപോകുന്നത്‌ കാണാന്‌ നല്ല‌ രസമായിരുന്നു‌.
വടക്കു‌‌വീട്ടുകാരുടേയും‌ മൂലത്തുകാരുടെയുമൊക്കെ‌ ഊര്‌ച്ച‌ണ്ടങ്ങളില്‌ കാളകളുടെ‌ വാലിനു‌ക‌ടിച്ച്‌ ചൂലന്‌കുട്ടി‌ ഒച്ചയോടെ‌ ഊര്ച്ചയിടുന്നത്‌ ഞങ്ങള്‌ ചളിയുള്ള‌ വരമ്പത്തിരുന്ന്‌ ആവേശത്തോടെ‌ നോക്കിനിന്നിട്ടുണ്ട്‌.
'‌വേം‌ .. പൊയ്ക്കോളിന്റെ‌ കുട്ട്യോ‌... ക്കൂള്ള്‌ ബെല്ലടിച്ചീണ്ടാവും‌..'‌
ചൂലങ്കുട്ടി‌ എന്നെ‌ നോക്കി‌ വിളിച്ചുപറഞ്ഞു‌.
വേഗം‌ നടന്നാല്‌ വേഗം‌ സ്കൂളിലെത്തും‌... പിന്നെ‌ ഓര്ക്കാന്‌ വയ്യ‌..ഞാന്‌ മനസ്സില്‌ പറഞ്ഞു‌.
ദൈ‌വമേ‌... ഞാന്‌ നെടുവീര്പ്പിട്ടു‌.. പെട്ടന്ന്‌ ഒരു‌ കാക്ക‌ എന്റെ‌ മുമ്പിലൂടെ‌ പറന്ന്‌ അടുത്തുള്ള‌ തെങ്ങിന്‌ തടത്തിലെ‌ വെള്ള‌ത്തിനടുത്ത്‌ ചെന്നിരുന്നു‌. പിന്നെ‌ കുഴിയിലെ‌ വെള്ളത്തിലിറങ്ങി‌ ചിറകടിച്ചു‌ കുളിക്കാനൊരുങ്ങി‌. പെട്ടന്ന്‌ എന്റെ‌ തലയിലൂടെ‌ ഒരു‌ മിന്നല്‌ പാഞ്ഞു‌. ഖാബേലിന്റെ‌ അടുത്തേക്ക്‌ വന്ന‌ കാക്കയെപ്പോലെ‌ എന്റെ‌ മുമ്പിലേക്ക്‌ ഒരു‌ കാക്ക‌ അയക്കപ്പെട്ടിരിക്കുന്നു‌. ഞാന്‌ കണ്ണുനിറയെ‌ കാക്കക്കുളി‌ കണ്ടു‌.. അഖിലലോക‌ കാക്കകളേ‌ നന്ദി‌..!
ഞാന്‌ തീരുമാ‌നിച്ചുകഴിഞ്ഞിരുന്നു‌;‌ കടുത്ത‌ തീരുമാനം‌..! ഇനി‌യെന്നെ‌ തടുക്കാന്‌ ഒരു‌ തോമസ്മാഷിനുമാവില്ല‌...
ചൂലന്റെ‌ കാഴ്ച്ചവ‌ട്ടത്ത്‌ നിന്ന്‌ മറയുന്ന‌തു‌വരെ‌ ഞാന്‌ മുന്നോട്ടു‌ നടന്നു‌.‌
തലേ‌ ദിവസം‌ തടം‌‌തുറന്ന്‌ അടിത്തോലും‌ ചാണകവളവുമിട്ട‌ തെങ്ങിനു‌ ചുവട്ടില്‌ ഞാന്‌ നിന്നു‌. തടം‌ നിറയെ‌ ചാണകം‌ കലര്ന്ന‌ ചെ‌ളിവെള്ളം‌ കെട്ടി‌ നില്ക്കുന്നു‌. ഞാന്‌ ഇലക്കുട‌ ദൂരേക്ക്‌ വ‌ലിച്ചെറിഞ്ഞു‌;‌ പതുക്കെ‌ തെങ്ങിന്‌ തടത്തിലെ‌ ചളി‌വെള്ളത്തിലേക്കിറങ്ങി‌ നിന്നു‌. ചുറ്റും‌ നോക്കി‌;‌ ആരുമില്ല‌. പിന്നെ‌ പതുക്കെ‌ വെള്ളത്തിലിരുന്നു‌;‌ കിടന്നു;‌ കിടന്നുരുണ്ടു‌;‌ തലകുത്തിമറിഞ്ഞു‌, ഒരു‌ കാക്കയെപ്പോലെ‌.. ഇനി‌ ഒരു‌ തോമസ്‌ മാഷും‌, ഇന്ന്‌ വരുമെന്ന്‌ പറഞ്ഞ‌ ആളും‌ എന്റെ‌ അടുത്തേക്ക്‌ വരില്ല‌..
ചളിപുരണ്ട‌ പുസ്തകക്കെട്ടുകള്‌ നെഞ്ചോട്‌ ചേര്ത്തുപിടിച്ച്‌,തലയില്‌ ചാണകവുമായി‌,
ഞാന്‌ മടിച്ചുമടിച്ച്‌ ചൂലന്‌കുട്ടിയുടെ‌ അടുത്തെത്തി‌.
'‌അയ്യന്റെ‌ കുട്ട്യോ‌..'‌
ചൂലന്‌ അല്ഭുതത്തോടെ‌ എന്നെ‌ നോക്കി‌.
ഊരാളിക്കുന്നത്ത്‌ മഴക്കാലത്ത്‌ വെള്ളമുണ്ടാകുന്ന‌ ഒരു‌ കുഴിയുണ്ടായിരുന്നു‌;‌ കല്ലുവെട്ടുകുഴി‌. ചൂലേട്ടന്‌ എന്റെ‌ ചളിക്കയ്യും‌ പിടി‌ച്ച്‌ വെള്ളക്കുഴിയുടെ‌ അടുത്തേക്ക്‌ നടന്നു‌. കുണ്ടില്‌ നിന്ന്‌ രണ്ട്‌ പാള‌ വെള്ളം‌ കോരി‌ എന്റെ‌ തലയിലേക്കൊഴിച്ചു‌.
'‌നടക്കി‌..'‌ ചൂലന്‌ സ്നേഹത്തോടെ‌ എന്നെ‌ നോക്കി‌.
പിന്നെ‌ കൈ‌ പിടിച്ച്‌ എന്റെ‌ വീടുവരെ‌ കൂടെ‌ വന്നു‌. രണ്ടു‌ '‌പണിക്കാര്‌'‌ വരുന്നത്‌ കണ്ട്‌ ഉമ്മ പുറത്തേക്കിറങ്ങിവന്നു‌. ചൂലന്‌ വെറ്റിലക്കറയുള്ള‌ പല്ലുകാട്ടി‌ ചിരിച്ചു‌.
'ശാരല്ലെറീമ്മോ‌... ങ്കടെ‌ കുട്ട്യൊന്ന്‌ ബെളക്ക്വീ‌ണ്‌... കേറ്റ്യാരെ‌ കൊണ്ടോയി‌ കൊര്ച്ച്‌ ബെള്ളം‌ മുക്കിപ്പാ‌ര്ന്നാളീ‌..'‌
ഉമ്മ‌ തലയില്‌ കൈ‌‌വെച്ചു:‌ 'ഞാന്‌ തളപ്പിച്ച്‌ തിരുമ്പ്യെച്ചെ‌ കുപ്പായോം‌ തുണീം‌ ആണല്ലോ‌ റബ്ബേ‌ ഇക്കാണ്ണത്‌...'‌
മുറുക്കാന്‌ ഒന്നു‌ നീട്ടിത്തുപ്പി‌, പാളത്തൊപ്പിയൊന്ന്‌ ശരിയാക്കി‌‌, കറപുരണ്ട‌ ചുവന്ന‌ പല്ലുകള്‌ കാട്ടി‌ച്ചിരിച്ച്‌ തിരിഞ്ഞുനടക്കുമ്പോള്‌ ചൂലങ്കുട്ടി‌ പറഞ്ഞു:‌
''ഓന്‌ മ്ട്ക്കനാവും‌...''‌
ഞാന്‌ ഉള്ളില്‌ ഊറിച്ചി‌രിച്ചുകൊണ്ട്‌ കളിമണ്കാവിയണിഞ്ഞ‌ കുപ്പായക്കുടുക്കുകള്‌ ഓരോന്നായി‌ ഊരി‌. പിന്നെ‌ പെരിക്കമ്മുണ്ടെടുത്ത്‌ പുഴയിലേക്ക്‌ പാഞ്ഞു‌.‌ പുറമണ്ണില്‌‌കടവിലെ‌ പേരക്ക‌മരത്തില്‌ നിന്ന്‌ ഒഴുക്കുള്ള‌ വെള്ളത്തിലേക്ക്‌‌ പൂളാങ്കുത്തി‌, അക്കരേക്ക്‌ നീന്തി‌...
ഇങ്ങനെ‌ കഷ്ടപ്പെട്ടു‌ പഠിച്ചാണ്‌
‌ഞാന്‌ ഉപരിപഠനാര്ത്ഥം‌ ജെ‌.ഡി‌.റ്റിയിലെത്തിയിരിക്കുന്നത്‌...!
അപ്പോള്‌ പറഞ്ഞു‌വന്നത്‌ ഞാന്‌ ആദ്യം‌ കേട്ട‌ ഒരു‌ സിനിമയുടെ‌ പേരിനെക്കുറിച്ചായിരുന്നല്ലോ‌..!
ശീട്ടുകളിക്കാരില്‌ ഒരാള്‌ പറഞ്ഞു‌‌:‌
'‌കടല്‌'‌ എന്ന‌ സിനിമ പതിനെട്ട് റീലുണ്ട്.. മൂന്ന്‌ സ്റ്റണ്ടുണ്ട്‌;‌ നാല്‌ പാട്ടുണ്ട്‌;‌ ആളുകള്‌ അല്ഭുതത്തോടെ‌ കേട്ടു‌നിന്നു‌. അന്നാണ്‌ ഒരു‌ സിനിമ‌ കാണണമെന്ന‌ മോഹമുദിച്ചത്‌.
വെള്ളിത്തിരയില്‌ ആദ്യമായി‌ സിനിമ‌ കാണാനുള്ള‌ മോഹം‌.
എന്റെ‌ മോഹം‌ ഞാന്‌ ഷ‌ബീറലിയോടു‌ പറഞ്ഞു‌.
'ഞമ്മക്ക്‌ ബയ്യിണ്ടാക്കാം‌ കൂറേ‌..'‌
അവനെനിക്ക്‌ പ്രതീക്ഷ‌ തന്നു‌.
മേരിക്കുന്നില്‌ നിന്ന്‌ കുറച്ച്‌ ദൂരെയാണ്‌ ചേവായൂര്‌ എന്ന‌ സ്ഥലം‌. അവിടെയാണ്‌ 'ലീല'‌ തിയേറ്റര്‌. തിയേറ്ററില്‌ പോകാന്‌ ചെറിയ‌ ഒരുക്കമൊന്നും‌ പോര‌. പകല്‌ പോയാല്‌ ആരെങ്കിലും‌ കാണും‌. രാത്രി‌ സെക്കന്ഡ്‌ ഷോ‌ക്ക്‌ പോകണം‌. ടിക്കറ്റിന്‌ 75‌ പൈസയാണ്‌‌;‌ ഏറ്റവും‌ മുമ്പിലിരിക്കണം‌. ബാല്ക്കണിയിലിരിക്കണമെങ്കില്
3‌ രൂപ‌ കൊടുക്കണം‌. ഈ‌ വിവരങ്ങളൊക്കെ‌ ഷബീറലി‌ എനിക്കു‌ പറഞ്ഞുതന്നു‌.
'‌ന്നാലും‌ പോകാം‌..'‌ അവന്‌ പറഞ്ഞു‌.
എങ്ങനെ‌ പോകും‌‌..? എന്റെ‌ ചോദ്യം‌ കേട്ട്‌ അവന്‌ ചിരിച്ചുകൊണ്ട്‌ പറഞ്ഞു‌ :‌
ബയ്യിണ്ട്‌ കൂറേ‌...'‌
ഞങ്ങള്‌ അവന്റെ‌ കുടിലിനു‌ മുറ്റത്തെത്തി‌.
'ഉമ്മാ‌...'‌ അവന്‌ അകത്തേക്ക്‌ വിളിച്ചു‌. ആകാംക്ഷയോടെ‌ ഞാന്‌ അവനോട്‌ ചേര്ന്നുനിന്നു‌... (തുടരും‌..) .............. റസാഖ്‌ വഴിയോരം‌ .............................................

No comments:

Post a Comment