Friday, October 2, 2020

ഓര്‍മ്മിക്കാതെ‌ പോയ‌ ഓര്‍മ്മക‌‌ള്‍‌ :‌ അദ്ധ്യായം‌ - 06

 

...............‌..‌ ‌അദ്ധ്യാ‌യം - 06 .................
 
മാതൃഹൃദയത്തിലുറങ്ങുന്ന‌ സംഗീതം‌
..................................................‌.............
രാത്രി നല്ല നിലാവുണ്ടായിരുന്നു. നിലാവെളിച്ചം‌ കടലിലേക്കിറ്റിവീണ്‌ ‌തിരമാലകള്‍ക്കുമുകളിലൂടെ കരയിലേക്കൊലിച്ചു‌‌വന്നു‌. മുറ്റത്തുള്ള ചൂടിക്കട്ടിലില്‍ കടലിന്ന‌ഭിമുഖമായി ഇരിക്കുകയായിരുന്നു‌ ഞാനും ഷബീറലിയും.
അവന്റെ ഉപ്പ പുറംകടലില്‍‌ മീന്‍പിടിക്കാന്‍‌ പോയിരിക്കയാണ്‌.
മകന്റെ കൂട്ടുകാരന്‍ വന്ന സന്തോഷത്തില്‍ ഉമ്മ അടുക്കളയില്‍ തിരക്കിലാണ്‌. അവന്റെ‌ ചെറിയ അനിയന്‍ ഓലവാതിലിന്റെ മറവില്‍ വന്ന് കൗതുകത്തോടെ എത്തിനോ‌ക്കീട്ട് അകത്തേ‌ക്കോടിപ്പോകും;‌ മാനസിക‌വളര്‍ച്ച‌ കുറഞ്ഞ‌ കുട്ടി‌.
ഷബീറലി‌ പറ‌ഞ്ഞു:‌ കടലിന് ഏഴുതട്ടുകളുണ്ട്;‌ അവന്റു‌പ്പ‌ പറഞ്ഞുകൊടുത്ത കഥകളാ‌ണ്...
''ഏഴാം‌ കടലും‌ കടന്നെത്തിയാല്‍‌ പാറക്കല്ലുകള്‍‌ നിറഞ്ഞൊരു‌ ദ്വീപുണ്ട്‌. അവിടെ‌യാണ്‌ ‌ചങ്ങലകളില്‍‌ ബന്ധിക്കപ്പെട്ട‌ ആ‌ ‌ഭീകര‌രൂപം‌‌;‌ ഒറ്റക്കണ്ണുള്ള‌ ദജ്ജാല്‍‌..!
ലോകാവസാനമാവുമ്പോള്‍‌ പാറക്കല്ലുകളില്‍‌ കെട്ടിയ‌ ചങ്ങലകള്‍‌ പൊട്ടി‌ച്ച്‌ അയാള്‍‌ കടലിലേക്കിറങ്ങി‌ വരും‌;‌ വെള്ളം‌ മുഴുവന്‍‌ നക്കിക്കുടിക്കും‌. പിന്നെ‌ കട‌ലിലും‌ പുഴയിലും‌ ഒരു‌ തുള്ളി‌ വെള്ളമുണ്ടാവില്ല‌..!‌ മനുഷ്യര്‌ ചീത്തയാകുമ്പോഴാണത്രെ‌ ദജ്ജാല്‍‌ വരിക‌..! ഞാന്‍‌ പേടിയോടെ‌ കേട്ടിരുന്നു‌...
‌പിന്നെ‌ ‌മുത്തും‌ സ്വര്‍ണ്ണവുമുള്ള‌ ദ്വീപുകളെ‌പ്പ‌റ്റിയും‌, ‌കടലിന്ന‌ടിയിലുള്ള‌ വലിയ‌ നീരാളികളെപ്പറ്റിയുമെല്ലാം‌ അവന്‍‌ പറഞ്ഞുതുടങ്ങി‌..
‌''‌ഷെ‌ബ്യേ‌... ആ‌ തണപ്പത്തങ്ങനെ‌ നിക്കണ്ട‌‌, സാസമ്മുട്ടദ്യാ‌വും‌..''‌
ഉമ്മ‌ അകത്തു‌നിന്ന്‌ വിളിച്ചുപറ‌ഞ്ഞു‌‌, ഞങ്ങള്‍‌ അകത്തേക്ക്‌ കയറിപ്പോയി‌.
ഉമ്മ‌ പാ‌ത്രത്തില്‍‌ നിറയെ‌ ചോറും‌ കറിയും‌ വിളമ്പിവെച്ചിരിക്കുന്നു‌. ‌ചുവന്ന‌ ‌കറിയില്‍‌ വലിയ‌ ‌കഷ്ണങ്ങളായി‌ കടല്‍‌‌മീന്‍‌..! മത്തിയും‌ ഐലയും‌ മാത്രമല്ല‌ കടലിലുള്ളതെന്ന്‌ അപ്പോള്‍‌ ഞാനറിഞ്ഞു‌.
മണല്‍‌‌ വിരിച്ച‌ അടുക്കളയില്‍‌ ഞങ്ങള്‍‌ പലകയിട്ട്‌ ഇരുന്നു‌. ‌ഷബീര്‍‌ എന്റെ‌ പാത്രത്തിലേക്ക്‌ ചോറ്‌ കോരിയിട്ടു‌. മോന്റെ‌ ‌കൂട്ടുകാരനെ ‌ പുഞ്ചിരിയോടെ‌ നോക്കിക്കൊ‌ണ്ട്‌ ഉമ്മ‌ പറ‌ഞ്ഞു:‌ ‌
''‌ബെയ്‌ച്ചോളി‌...''‌
എന്റെ‌ പാത്രത്തിലേക്ക്‌ പൊരിച്ച‌മീനിന്റെ‌ വലിയ‌ ‌കഷ്ണങ്ങളിട്ടു‌ തരുന്നതിനിടയില്‍‌ ഞങ്ങളുടെ‌ അടുത്തേക്ക്‌ നീങ്ങിയിരുന്ന്‌ ഉമ്മ‌ ചോദിച്ചു:‌
''‌യത്തീങ്കാനേന്ന്‌ ങ്ങക്ക്‌ പള്ള‌ നറ‌യാറ്ണ്ടോ‌..മക്കളേ‌..?''‌
'‌ങും‌..'‌ ഞങ്ങള്‍‌ മൂളി‌.
‌‌ആ‌ സ്നേഹം‌ തുളുമ്പുന്ന‌ നോട്ടത്തില്‍‌, നിറഞ്ഞ‌ പുഞ്ചിരിയില്‍‌, ദൈവത്തിന്റെ‌ മനോഹരമായ‌ കവിത ഞാന്‍‌ വായിച്ചു‌‌..! മാതൃഹൃദയത്തിലുറങ്ങുന്ന‌ സംഗീതം‌ ഞാന്‍‌ ശ്രവിച്ചു‌..!
‌പ്രകൃതിയിലെപ്പോഴും‌ നിറഞ്ഞൊഴുകുന്ന‌ ആ‌ സംഗീതം‌ ഓരോ‌ കുട്ടിയും‌ അര്‍ഹിക്കുന്നുണ്ടല്ലോ‌..!
''‌‌ച്ചിരിങ്കൂടി‌ തിന്ന്‌ മോനെ‌..''‌ ഉമ്മ‌ എന്റെ‌ തലയില്‍‌ തടവി‌ക്കൊണ്ട്‌ അടുത്തേക്കി‌രുന്നു‌. എന്റെ‌ വയറു‌ നിറഞ്ഞു‌ ;‌ കണ്ണ്‌ നിറഞ്ഞു‌.‌..!
ഞങ്ങള്‍‌ പുറത്തിറങ്ങി‌;‌ കൈകള്‍‌ കഴുകി‌. നിലാവിന്റെ‌ തെളിച്ചം‌ കുറഞ്ഞു‌ തുടങ്ങിയിരുന്നു‌.
പിന്നെ‌ അകത്തെ‌ ചൂടിക്ക‌ട്ടിലില്‍‌ ഞാനും‌ ഷബീറലിയും‌ കിടന്നു‌‌;‌ കഥകള്‍‌ പറഞ്ഞുറങ്ങാനായി‌...‌
‌കട‌ല്‍ക്കാറ്റു‌പിടിച്ച്‌ കുടിലിളകി‌;‌ തിരയിളകി‌.. ആ‌ തിരമാല‌കളിലാടിയുലഞ്ഞ്‌ ‌ഞാന്‍‌ നിദ്രയുടെ‌ ഏഴാം‌ കടലിനപ്പുറത്തേക്കൊഴുകി‌;‌ പാറക്കല്ലുകള്‍‌ നിറഞ്ഞ‌ ആ‌ ദ്വീപിനടുത്ത്‌ ചെന്നു‌നിന്നു‌.
കൂറ്റന്‍‌ ചങ്ങലകളിളക്കി‌‌, പാറക്കല്ലില്‍‌ നിന്നെഴുന്നേറ്റ്‌ അയാള്‍‌ ചിരിച്ചു‌;‌ ഒറ്റക്കണ്ണുതുറന്ന്‌ അയാള്‍‌ ചോദിച്ചു:‌
''ആരാണ്‌ നീ‌..?''‌
''‌കാല‌പ്രവാഹത്തിലൂടെ‌ കളിവഞ്ചി‌ തുഴഞ്ഞുപോകവെ‌ ആരോ‌ ഒഴുക്കിലേക്കെറിഞ്ഞ‌ ഒരു‌ തുണ്ട്‌ ശ്വാസം‌..''‌ ഞാന്‍‌ പറഞ്ഞു‌.
അയാള്‍‌ വീണ്ടും‌ ചിരിച്ചു:‌
''‌അല്ല‌..‌‌ അമ്മയുടെ‌ ശ്വാസം‌ കടം വാങ്ങി വന്നവന്‍‌
‌നീ‌‌..‌‌ കടം‌കൊണ്ട‌ ശ്വാസം‌ മണ്ണിലുപേക്ഷിക്കപ്പെടുന്നതിനുമുമ്പ്‌ ഇനിയെന്താണ്‌ നിനക്കറിയേണ്ടത്‌..?
''‌അനാഥരെക്കുറിച്ച്‌ എനിക്കറിയണം‌..''‌ ഞാന്‍‌ പറഞ്ഞു‌.
''‌ആഴമുള്ളൊരു‌ വേദനയോടൊപ്പം‌ കുഞ്ഞിനെ‌ കാണാതെ‌ മരണത്തിലേക്ക്‌ കണ്ണടച്ചവരും‌, അമ്മയെ‌ കാണാതെ‌ ജീവിതത്തിലേക്ക്‌ കണ്ണ്‌ തുറന്നവരുമാണ്‌ അനാഥര്‍‌..;‌ മണ്ണിലുള്ളതെല്ലാം‌ നേടിയാലും‌ അനാഥരാണവര്‍‌..!''‌
പാതിചാരിയ‌ പറുദീസയുടെ‌ പടിവാതിലില്‍‌ താരാട്ടുറങ്ങുന്ന‌ കണ്ണുകളുമായി‌ കാത്തിരിക്കുന്നുണ്ടവരെ‌;‌ മാലാഖമാര്‍‌...!
അവരുടെ‌ പൊക്കിള്‍ക്കൊ‌ടിയിലെ‌ ദിവ്യപ്രകാശം‌ എന്നെ‌ അസ്വസ്ഥനാക്കുന്നു‌.. പോകൂ‌‌..;‌ സമയദൂരങ്ങള്‍‌ കടന്ന്‌ ദൂരെപ്പോകൂ‌...
ഉദയ‌ സൂര്യന്‍‌ അകത്തേക്കെത്തിനോക്കി‌.
''‌‌ഡാ‌.. എണീക്ക്‌‌.. വേഗം‌ ചായ‌ കുടിച്ചിട്ട്‌ നമുക്ക്‌ ‌കരയിലടുക്കുന്ന‌ മീന്‍വഞ്ചി‌കള്‍‌ കാണാന്‍‌ പോണം‌.''‌
ഞാന്‍‌ വേഗം‌ പുറത്തിറങ്ങി‌. തിരമാലകള്‍ക്കു‌മുകളില്‍‌ കൈകള്‍‌‌കുത്തി‌നിന്ന്‌ ഉദയ‌സൂര്യന്‍‌ ‌ചിരിച്ചുകൊണ്ട്‌ എന്നെ‌ നോക്കി;‌ എന്തോ‌ പറയാനെന്നപോലെ‌...!
ഉമിക്കരി‌ പോലെ‌ എന്തോ‌ സാധനവുമായി‌ ഷബീര്‍‌ വന്നു;‌ ‌''ങും‌.. പല്ലു‌ തേച്ചൊ‌..''‌
‌വൈകുന്നെരം‌ ജെ‌.ഡി‌.റ്റി.യിലേക്ക്‌ മടങ്ങിപ്പോവുമ്പോള്‍‌ തരാനുള്ള‌ ‌പലഹരങ്ങളുണ്ടാക്കുകയാണ്‌ ഉമ്മ‌..
ചായ‌ കുടിക്കുമ്പോള്‍‌ ഉമ്മ‌ ചോദിച്ചു:‌
''‌അവിടെ‌ രാവിലെ‌ ചായക്കെന്താ‌ ണ്ടാവാ‌..?''‌‌ ഞങ്ങള്‍‌ ചിരിച്ചു‌....
‌സുബഹ്‌ നിസ്കാരം‌ കഴിഞ്ഞാ‌ല്‍‌ എല്ലാ‌വരും‌ വരിവരിയായി‌ മെസ്സിലേക്ക്‌ പോകും‌. സ്റ്റീലിന്റെ‌ ഗ്ലാസ്സില്‍‌ കട്ടന്‍‌ ചായ‌..!
പിന്നെ‌ കുളി‌ കഴിഞ്ഞു‌ വന്നാല്‍‌ എട്ടു‌മണിക്ക്‌ കഞ്ഞി‌;‌ ചിലപ്പോള്‍‌ കൂട്ടാന്‍‌ ചമ്മന്തി‌യു‌ണ്ടാവും‌. ഉച്ച‌ക്ക്‌ ചോറ്‌.
ചില‌ ദിവസങ്ങളില്‍‌ ഇറ‌ച്ചിക്കറിയുണ്ടാവും‌. ആഴ്ച്ചയില്‍‌ നെയ്ച്ചോര്‍‌. ചിലപ്പോല്‍‌ ആരുടെയെങ്കിലും‌ വക‌ ബിരിയാണി‌.
മെസ്സിലെ‌ വലിയ‌ ഹാളിലെത്തിയാ‌ല്‍‌ നല്ല‌ ബഹളമായിരിക്കും‌. ചിലപ്പോള്‍‌ ഭക്ഷണം‌ കഴിക്കുന്നത്‌ കാണാന്‍‌ ‌ഹസ്സനാജി‌ വരും‌;‌ ഹാളില്‍‌ നിശ്ശബ്ദത‌ നിറയും‌;‌ ശ്വസനം‌ നിലച്ച‌ നിശ്ശബ്ദത‌..!
ശാന്തഗംഭീരം‌..!
മെസ്സിന്റെ‌ ഹാള്‍‌ചുമരില്‍‌ ചെറിയൊരു‌ ബോക്സുണ്ട്‌. അതിലാണ്‌ മൈക്ക്‌ സെറ്റ്‌. കുട്ടികള്‍‌ ഭക്ഷണം‌ കഴിക്കാന്‍‌ തുടങ്ങുന്നതിനുമുമ്പ്‌ മിക്ക‌ ദിവസങ്ങളി‌ലും‌
‌ഹസ്സനാജിയുടെ‌ ഒരു‌ '‌നസീഹത്ത്‌'‌ ഉണ്ടാവും‌.‌ ബോക്സില്‍‌ നിന്ന്‌ മൈക്ക്‌ കയ്യിലെ‌ടുത്ത്‌ സ്നേ‌ഹത്തോടെ‌ എല്ലാവരേയും‌ ഒന്ന്‌ നോക്കും‌. കുട്ടികള്‍‌ വളരെ‌ ശാന്തമായി‌ ഇരിക്കുന്നുണ്ടാവും‌. ജെ‌..ഡി‌.റ്റി‌ യുടെ‌ പഴയ‌‌കാല‌ ചരിത്രങ്ങള്‍‌ പറയും‌;‌ ഭക്ഷണത്തിന്‌ പ്രയാസമുണ്ടായിരുന്ന‌ കാലം‌ ഓര്‍മ്മിപ്പിക്കും‌;‌ അനാഥശാലയെ‌ സഹായിക്കുന്നവര്‍ക്ക്‌ വേണ്ടി‌ പ്രാര്‍ത്ഥി‌ക്കും‌;‌ നല്ല‌ കുട്ടികളായി‌ വളരാനുള്ള‌ ഉപദേശങ്ങള്‍‌ നല്‍കും‌...
അങ്ങനെയുള്ള‌ ഒരു‌ ദിവസമായിരുന്നു‌ ഹസ്സനാജി‌ ആ‌ വാര്‍ത്ത‌ ഞങ്ങളോട്‌ പറഞ്ഞത്‌‌ :‌
‌
''‌അസ്‌‌ലം‌ സാഹിബ്‌ വിമാനാപകടത്തില്‍‌ മരണപ്പെട്ടിരിക്കുന്നു‌.‌..''‌
ഹസ്സനാജി‌ ആദ്യമായി‌ വിതുമ്പിക്കരയുന്നത്‌ ഞങ്ങള്‍‌ കണ്ടു‌;‌ പ്രാര്‍ത്ഥനയോടെ‌;‌ നിറകണ്ണുകളോടെ‌ ഞങ്ങളിരുന്നു‌...
വടിവൊത്ത‌ വെള്ളവേഷമ‌ണിഞ്ഞ്‌, വളരെ‌ വിനയത്തോടെ‌‌,പുഞ്ചിരിയോടെ‌, പതുക്കെ‌ പതുക്കെ‌ നടന്ന്‌ മുഹമ്മദ്‌ അസ്‌‌ലം‌ സാഹിബ്‌ ഇനി‌ ഓഫീ‌സിലേക്ക്‌ വരില്ല‌...!
''‌സ്വര്‍ഗ്ഗം‌ നല്‍കി‌ അനുഗ്രഹിക്കണേ‌...''‌ അനാഥക്കുട്ടികള്‍‌ നാഥനോട്‌ പ്രാര്‍ത്ഥിച്ചു‌..
‌എട്ട്‌ മണിക്ക്‌ കഞ്ഞി‌ കുടിച്ചു‌ കഴിഞ്ഞാല്‍‌ എല്ലാ‌വരും‌ റൂ‌മില്‍‌ പോയി‌ സ്കൂള്‍‌ ക്ലാസ്സില്‍‌ പോകാന്‍‌ തെയ്യറെടുക്കണം‌. ഉറക്കം‌ നല്ലപോലെ‌ തെളിയാതെയാണ്‌ മിക്ക‌ ദിവസങ്ങളിലും‌ ഉണരുക‌.
രാവിലത്തെ‌ കുളി കഴിഞ്ഞാല്‍‌ വീണ്ടും‌ ഉറക്കം‌ വരും‌. പലപ്പോഴും‌ ക്ലാസ്സിലെ‌ ഡെസ്ക്കില്‍‌ തലവെച്ചാണ്‌ അത്‌ മേക്കപ്പ്‌ ചെയ്യുന്നത്‌.
‌ഒരു‌ ദിവസം‌ കഞ്ഞികുടിച്ചു‌ വന്ന്‌ ഞാന്‍‌ വെറുതെ‌ ഒന്നു‌ കിടന്നതായിരുന്നു‌. അറി‌യാതെ‌ ഉറങ്ങിപ്പോയി‌. കുട്ടികള്‍‌ ഓരോരുത്തരായി‌ ക്ലാസിലേക്ക്‌ പോയിരുന്നു‌.. ശാന്തമായ‌ അന്തരീക്ഷത്തില്‍‌ ഗാഢ‌നിദ്ര‌യിലേക്കാണ്ടുപോയി‌ ഞാന്‍‌. പെട്ടന്ന്‌ മുറ്റത്ത്‌ ഹവായ്‌ ചപ്പലിന്റെ‌ ‌ശബ്ദം‌ കേട്ട്‌ ഞെട്ടിയുണര്‍ന്നു‌‌. ജലനിനിടയിലൂടെ‌ നോക്കി‌യപ്പോള്‍‌ വാര്‍ഡന്‍‌..!
സുബഹ്‌ ബാങ്ക്‌ കേട്ടാ‌ല്‍‌ എല്ലവരും‌ ഉണരണം‌. പായ‌ മടക്കി‌ വെച്ച്‌ വേഗം‌ പള്ളിയിലേക്ക്ന്‍‌ പോകണം‌. ബാങ്ക്‌ കേട്ടാലും‌ കേള്‍ക്കാത്തപോലെ‌ ഉറങ്ങുന്ന‌ നിര്‍ദോഷികളായ‌‌ പയ്യന്മാര്‍‌ ചൂരലിന്റെ‌ ശീല്‍ക്കാരം‌ കേട്ടാല്‍‌ ഞെട്ടിയുണരും‌. ചിലപ്പോള്‍‌ പായയും‌ പിടിച്ചായിരിക്കും‌ ഓട്ടം‌. നേരത്തെ‌ ഉണരുന്ന‌ വിരുതന്മാര്‍‌ പായയില്‍‌ തലയിണ‌ നീളത്തില്‍‌ വെച്ച്‌ പുതപ്പുകൊണ്ട്‌ മൂടി‌‌ വെക്കും‌;‌ കണ്ടാല്‍‌ ആരോ‌ ഉറങ്ങുന്നപോലെ‌ തോന്നും‌. വാര്‍ഡന്റെ‌ ചൂരല്‍‌ പ്ര‌യോഗത്തില്‍‌ ആ‌ തലയിണയില്‍‌ നിന്ന്‌ ഉന്നം‌ പറന്നുപോകുന്നതു‌നോക്കി‌ കുട്ടികള്‍‌ ഒളി‌ഞ്ഞിരുന്ന്‌ ചിരിക്കും‌;‌ വാര്‍ഡന്‌ കലിയിളകും‌;‌ പിന്നെ‌ പരക്കയോട്ടം‌..!
അതേ‌ വാര്‍ഡനാണ്‌ ആ‌ വരുന്നത്‌. സ്കൂള്‍‌ ക്ലാസ്സ്‌ തുടങ്ങിയാല്‍‌ റൂ‌മില്‍‌ കയറിയുള്ള‌‌ ഈ‌ പരിശോധന‌ പതിവുള്ളതാണ്‌. ഞാന്‍‌ പരിഭ്ര‌മത്തോടെ‌ ചുറ്റും‌ നോക്കി‌;‌ ആരുമില്ല‌. ‌ ഞാന്‍‌ വാതിലിനു‌ മറ‌വിലേക്ക്‌ നീങ്ങിനിന്നു‌. ഹാവൂ‌..‌ രക്ഷപ്പെട്ടു‌...! ചെരുപ്പടി‌ ശബ്ദം‌ നീങ്ങിനീങ്ങിപ്പോയി‌... ഞാന്‍‌ പതുക്കെ‌ വാതില്‍‌ തുറന്നു‌ പുറ‌ത്തേക്കു‌ നൊക്കി‌. കുറച്ച്‌ ദൂരെ‌ നിന്ന്‌ അദ്ദേഹം‌ എന്റെ‌ തല‌ കണ്ടുവോ‌..! വാര്‍ഡന്‍‌ തിരിച്ചു‌വന്നു‌;‌ എന്റെ‌ റൂമില്‍‌ കയറി‌.‌
''‌സാര്‍‌ .. ഞാന്‍‌‌.. ഉ‌..ഉ‌..ഉറങ്ങിപ്പോയി‌..!
പിന്നെ‌, ചൂരലിന്റെ‌ ശീല്‍ക്കാരം‌..! തല്‍ക്കാലം‌ ഒരു‌ മൂന്നെണ്ണം‌;‌ ബാക്കി‌..
''വൈകുന്നേരം‌ ഓഫീസിലേക്ക്‌ വാ‌..''‌ വാര്‍ഡന്‍‌ നടന്നുനീങ്ങി‌.
വൈകുന്നേ‌രം‌ ഞാന്‍‌ പേടിച്ചുപേടി‌ച്ച്‌ ഓഫീസിലെത്തി‌. സ്കൂള്‍‌ സമയം‌ കഴിഞ്ഞാല്‍‌ മുതിര്‍ന്ന‌ ക്ലാസ്സിലെ‌ ചില‌ കുട്ടികള്‍‌ സഹായത്തിനായി‌ ഓഫീസിലിരിക്കും‌. 'ഓഫീസ്‌ ബോയ്'‌ എന്നാണ്‌ അവരെ‌ വിളിക്കുക‌.
അന്നത്തെ‌ ഓഫീസ്‌ ബോയ്‌ അബ്ദുല്‍‌ ഖാദറായിരുന്നു‌. അവനെന്റെ‌ ബിച്ചാപ്പയുടെ‌ മകനാണ്‌. അബ്ദുല്‍‌ കാദറും‌ അ‌വന്റെ‌ അ‌നിയന്‍‌ അബ്ദുല്‍‌ ജലീലുമൊക്കെ‌ നാട്ടില്‍‌ എന്റെ‌ സുഹൃത്തുക്കളാണ്‌.
ഇവിടെ‌ അതൊന്നും‌ പറഞ്ഞിട്ട്‌ കാര്യമില്ലല്ലോ‌..!
വാര്‍ഡന്റെ‌ കല്പനപ്രകാരം‌ ഞാന്‍‌ കാദറിന്റെ‌ കൂടെ‌ നടന്നു‌;‌
‌നേരെ‌ ബാര്‍ബ‌‌ര്‍‌ ഷോപ്പിലേക്കണ്‌ നടക്കുന്നത്‌;‌ കാര്യം‌ തീരുമാനമായി‌‌. ക്ലാസ്സില്‍‌ പോകാതെ‌ ഒളിച്ചിരുന്നതിന്‌ സാധാരണ‌ കൊടുക്കാറുള്ള‌ സമ്മാനം‌;‌ 'തല‌ മൊട്ടയടി‌..!
നടന്നുപോകുന്നതിനിടയില്‍‌ അബ്ദുല്‍‌ കാദര്‍‌ തലയല്പം‌ ചെരിച്ചു‌‌കൊണ്ട്‌ എന്റെ‌ മുഖത്തുനോക്കാതെ‌ തമാശയായി‌ ചോദിച്ചു:‌ ബച്ചനോ‌, ബ്രൂസിലിയോ‌..?
അന്നത്തെ‌ പ്രധാനപ്പെട്ട‌ ര‌ണ്ട്‌ ഹെയര്‍‌ സ്റ്റൈലായിരുന്നു‌ 'ബച്ചന്‍‌ കട്ടും'‌ 'ബ്രൂസിലി‌ കട്ടും'‌.. ചെവിയുടെ‌ പകുതി‌ മുടിമൂടിയ‌ കട്ട്‌;‌ '‌അമിതാബച്ചനെ'‌പ്പോലെയിരിക്കും‌. എനിക്ക്‌ ഏറെ‌ ഇഷ്ടമായിരുന്നു‌ ബച്ചന്‍‌ കട്ട്‌. അതിന്റെ‌ മററ്റൊരു‌ രൂപമാണ്‌ ബ്രൂസ്‌‌ലി‌ കട്ട്‌.. മുഖത്തെ‌ എല്ലാ‌ പേശികളും‌ വലിച്ചുപിടിച്ച്‌ ഞാന്‍‌ അബ്ദുല്‍‌ ഖാദറിനെ‌ നോക്കി‌ വല്ലാത്തൊരു‌ ചിരി‌ ചിരിച്ചു‌;‌ ചിരിക്കാതെ‌ പറ്റില്ലല്ലോ‌..!അവന്‍‌ എന്റെ‌ ബിച്ചാപ്പയുടെ‌ കുട്ടിയാണല്ലോ‌..!
അഞ്ചുമിനുട്ട്‌ കൊണ്ട്‌ ഞങ്ങള്‍‌ കോവൂരുള്ള‌ ബാര്‍ബര്‍‌ ഷോപ്പിലെത്തി‌. ഷോപ്പിനുമുമ്പില്‍‌ അമിതാബ്‌ ബച്ചന്റെ‌ വലിയ‌ സിനിമാ‌പോസ്റ്റര്‍‌ ഒട്ടിച്ചുവെച്ചിരിക്കുന്നു‌. ''‌‌ഷോലെ''‌ ഇന്നുമുതല്‍‌ കോഴിക്കോട്‌ അപ്സര‌യില്‍‌;‌ ദിവസേന‌ മൂന്നു‌ കളികള്‍‌.. !
ബച്ചന്‍‌ എന്നെ‌യൊന്ന്‌ ഒളികണ്ണിട്ടുനോക്കി;‌ ഞാന്‍‌ മൈന്‍ഡ്‌ ചെയ്യാതെ‌ ബാര്‍ബര്‍‌ ഷോപ്പിലേക്ക്‌ കയറിയിരുന്നു‌;‌ പിന്നാലെ‌ അബ്ദുല്‍‌ കാദറും‌.
ഒരാ‌ളുടെ‌ മുടിവെട്ടിക്കഴിയുന്ന‌തു‌വരെ‌ ഞാന്‍‌ ഒരു‌ പഴയ‌ പത്രമെടുത്ത്‌ ബെഞ്ചിലിരുന്ന്‌ ആത്മാര്‍ത്ഥതയോടെ‌ വായിച്ചു‌. അതിനു‌ മുമ്പും‌ ശേഷവും‌ ഞാന്‍‌ ഒരു‌ ദിനപ്പത്രവും‌ ഇത്ര‌ കൃത്യതയോടെ‌ വായിച്ചിട്ടില്ല‌.
കഴുത്തില്‍‌ ചുറ്റുന്ന‌ തുണി‌ ആഞ്ഞു‌കുടഞ്ഞ്‌ ബാര്‍ബര്‍‌ എന്നെ‌ വിളിച്ചു:‌ ''‌വന്നിരിക്ക്‌..''‌
അയാള്‍‌ എന്നെ‌ വെള്ളത്തുണി‌ പുതപ്പിച്ചു;‌ ഞാന്‍‌ തിളങ്ങുന്ന‌ കത്തിക്കുമുമ്പിലേക്ക്‌ എന്റെ‌ ആത്മാഭിമാനത്തിന്റെ‌ തല‌ നീട്ടിക്കൊടുത്തു‌.
എന്റെ‌ '‌സൗന്ദര്യ‌ ബോധം‌'‌ മുടിച്ചുരുളുകളായി‌ തുണിയിലൂടെ‌ നിലത്തേക്കുരുണ്ടു‌വീണു‌...
പിറ്റേന്ന്‌ രാവിലേ‌ കഞ്ഞികുടിച്ച ശേഷം‌ ഞങ്ങളുടെ‌ ക്ലാസിലെ‌ കുട്ടികള്‍‌ ഓഫീസിനു‌ മുമ്പില്‍‌ വന്നു‌ നിന്നു‌. ചില‌ ദിവസങ്ങളില്‍‌ അങ്ങിനെ‌ അസംബ്ലിയുണ്ടാവും‌. എല്ലാവരും‌ വരിവരിയായി‌ നില്‍ക്കണം‌. ഏറ്റവും‌ ഉയരം‌ കൂടി‌യ‌ ആള്‍‌ ഒരറ്റത്ത്‌;‌ ഏറ്റവും‌ ഉയരം‌ കുറഞ്ഞ‌യാള്‍‌ മറ്റെ‌ അറ്റത്തുമായി‌ വലിപ്പത്തിനനുസരിച്ച്‌ നില്‍ക്കണം‌.
ഞങ്ങളുടെ‌ ക്ലാസ്സില്‍‌ ഞാനായിരുന്നു‌ ഏറ്റവും‌ ഉയരം‌ കുറഞ്ഞവന്‍‌. എന്റെ‌ തൊട്ടടുത്ത്‌ ജോഷി‌ എന്നൊരു‌ പയ്യനാണ്‌. '‌എന്നേക്കാള്‍‌ ഉയരം‌ കൂടിയവന്‍‌'‌ എന്നൊരു‌ ഗമയിലാണ്‌ അവന്റെ‌ നില്പ്‌. ‌മൊട്ടയടിച്ച‌ തലയുമായാണ്‌ ഞാന്‍‌ വന്നു‌ നില്‍ക്കുന്നത്‌.
മൊട്ടത്തലയും‌‌, പൊക്കം‌ കുറഞ്ഞ‌ ഉരുണ്ട‌ ശരീരപ്രകൃതിയും‌..! ‌ഒരറ്റത്ത്‌ നിന്നാല്‍‌ പെട്ടന്ന്‌ കണ്ണില്‍‌ പെടും‌ ഈ‌ വൈരൂപ്യം‌. ഞാന്‍‌ ലൈനിന്റെ‌ അറ്റത്ത്‌ നിന്ന്‌ രണ്ടുമൂന്നുപേരുടെ‌ ഇടയിലേക്ക്‌ കയറിനിന്നു‌. ചെറിയൊരു‌ അഡ്ജെസ്റ്റ്മെന്റ്‌..! വാര്‍ഡന്‍‌ വന്നു‌. ആദ്യം‌ എന്റെ‌ നേരെ‌ വിരല്‍‌ ചൂണ്ടി‌;‌ ആ‌ മീസാന്‍‌‌കല്ല്‌ ഏറ്റവും‌ അറ്റത്തേക്ക്‌ നീങ്ങി‌ നിക്കട്ടെ‌...! അവിടെയാണ്‌ മീസാന്‍‌ കല്ലിന്റെ‌ സ്ഥാനം‌..! ഞാന്‍‌ സാ‌മൂഹ്യ‌ അകലം‌ പാലിച്ച്‌ നീങ്ങിനിന്നു‌.
മൊട്ടത്തലപോലെ‌ എന്റെ‌ ശരീരമാകെ‌ വിളറിവെളുത്തു‌. ആത്മനിന്ദയില്‍‌ ഞാന്‍‌ ഉരുകിയൊലിച്ചു‌. കുറച്ച്‌ കഴിഞ്ഞ്‌
ഞാന്‍‌ റൂമിലെക്ക്‌ ഓടിപ്പോയി‌ കണ്ണാടിയില്‍‌ നോക്കി;‌ അതെ‌, ഒരു‌ മീസാന്‍‌ കല്ലു‌ പോലെ ഞാന്‍‌..!
അന്ന്‌ വൈകുന്നേരം‌ ഞാന്‍‌ വെള്ളിമാടുകുന്നിലെ‌ പോസ്റ്റോഫീസില്‍‌ പോയി‌ പതിനഞ്ച്‌ പൈസ‌ കൊടുത്തൊരു‌ 'ഇന്‍ലന്റ്'‌ വാങ്ങി‌. രാത്രി‌ കരഞ്ഞുകൊണ്ട്‌ ‌ഉമ്മക്കൊരു‌ കത്തെഴുതി;‌ ലോകത്തുള്ള‌ നിഷ്കളങ്കരായ‌ എല്ലാ‌ പൊക്കം‌ കുറഞ്ഞവരുടേയും‌ ആത്മരോദനങ്ങള്‍‌ മഷിയില്‍‌ മുക്കിയെഴുതിയ‌
‌‌കത്ത്‌;‌ ഒരു‌ അവസാന‌ കത്ത്‌ പോലെ‌...!‌
കുറച്ചു‌ ദിവസങ്ങള്‍ക്കു‌ ശേഷം‌ അതിനു‌ മറുപടിയായി‌ എനിക്ക്‌ ഉമ്മയുടെ‌ ഒരു‌ കത്തുവന്നു‌;‌ എന്റെ‌ ചിന്താമണ്ഡ‌ലത്തിലേക്ക്‌ പുതിയ‌ സ്വപ്നങ്ങളും‌ പ്രതീക്ഷകളും‌ നിറക്കുന്ന‌ വാക്കുകളായിരുന്നു‌ ആ‌ കത്തില്‍‌..!
ഇന്നും‌ ആ‌ വരികള്‍‌ എന്നെ‌ സ്വാധീനിക്കുന്നു;മുന്നോട്ടുനയിക്കുന്നു‌..!
ചെമ്മീന്‍‌‌മസാല‌ നിറച്ച‌ പൊരിച്ച‌ അട‌കള്‍‌ കടലാസില്‍‌ പൊതിഞ്ഞുതരുന്നതിനിടയില്‍‌ ഷബീറലിയുടെ‌ ഉമ്മ‌ പറഞ്ഞു:‌ ''റൂമിലെ‌ കുട്ട്യോള്‍ക്കൊക്കെ‌ കോടുക്കണം‌ ട്ടോ‌..'‌ ഞങ്ങള്‍‌ വൈകുന്നേരം‌ ജെ‌.ഡി‌.റ്റി‌‌.‌യിലേക്ക്‌ തന്നെ‌ തിരിച്ചു‌ പോകാനുള്ള‌ ഒരുക്കത്തിലായിരുന്നു‌.
അതിനിടയില്‍‌ ഷബീറലി ചോദിച്ചു:‌ ''‌അനക്ക്‌ മീന്‍‌വഞ്ചി‌ കരേലട്ക്കണത്‌ കാണാന്‍‌ പോണ്ടേ‌..?
ഞാന്‍‌ പറഞ്ഞു:‌ പോണം‌..!
...... ( തുടരും‌ )‌ .... റസാഖ്‌ വഴിയോരം‌ .....
......................................................................

No comments:

Post a Comment