Friday, October 9, 2020

(‌ അദ്ധ്യായം :‌- 08 ) ശോ‌കമേഘങ്ങള്‍‌ നിറഞ്ഞ‌ ഹൃദയാകാശം‌:‌

 

(‌ അദ്ധ്യായം :‌- 08 )
...............................................................‌
ശോ‌കമേഘങ്ങള്‍‌ നിറഞ്ഞ‌ ഹൃദയാകാശം‌:‌
...............................................................
വഴിയരികിലെ‌ കാഴ്ചകള്‍‌ കണ്ണുകളില്‍‌ തട്ടി‌‌ റോഡില്‍‌ വീണ്‌ ചിതറിപ്പോകുന്നത്‌
‌മ‌നസ്സറിഞ്ഞതേയില്ല‌. ഒന്നിലും‌ കൗതുകം‌ തോന്നാതെ‌ ബസ്സിന്റെ‌ തണുത്ത‌ സീറ്റു‌കമ്പിയില്‍‌ തലവെച്ച്‌ ഞാന്‍‌ ഇരുന്നു‌. കടപ്പുറം‌ കഴിഞ്ഞ്‌ നഗരത്തിന്റെ‌ വര്‍ണ്ണക്കാഴ്ച‌കളിലേക്ക്‌ ചക്രങ്ങള്‍‌ ഉരുണ്ടെ‌ത്തീട്ടും‌ ഷബീറലി‌ എന്റെ‌ മുഖത്തേക്ക്‌ നോക്കിയില്ല;‌ ഒന്നും‌ മിണ്ടി‌യതുമില്ല‌..!
എല്ലാ‌ തിരിച്ചുപോക്കുകളും‌ അങ്ങനെയാണല്ലൊ‌..! എവിടൊക്കയോ‌ പറ്റിപ്പിടിച്ചുപോയ‌ ഹൃദയത്തിന്റെ‌ വേരുകള്‍‌ പെട്ടന്ന്‌ പറിച്ചെടുക്കുമ്പോഴുണ്ടാവുന്ന‌ പിടച്ചിലില്‍‌ എല്ലാ‌ കാഴ്ചക‌ളും‌ മങ്ങിപ്പോകുന്നു‌. വിരഹത്തിന്റെ‌ നോവുനിറയുന്ന‌ കണ്ണു‌കളില്‍‌ എല്ലാ‌ വര്‍ണ്ണങ്ങള്‍ക്കും‌ ഒരേ‌ നിറമാണ്‌;‌ ഇരുട്ടിന്റെ‌ നിറം‌!
ഞാന്‍ പതുക്കെ അവന്റെ ചുമലില്‍ കൈവെച്ചുകൊണ്ട് ചോദിച്ചു:
'‌'‌ഷെബീ.‌.. നമ്മളിപ്പോ എവിടെത്തി..?''
നിരനിരയായി നിര്‍ത്തിയിട്ടിരിക്കുന്ന പച്ച‌ബസ്സുകളെ നോക്കി അവന്‍ പറ‌ഞ്ഞു:
''സിറ്റിസ്റ്റാന്റ് ''‌
ഉണക്കാനിട്ടിരിക്കുന്ന‌ അലക്കിയ‌ വസ്ത്രങ്ങള്‍‌ ജീവനുള്ളപോലെ‌ തുള്ളിക്കളിക്കുന്നത്‌ ‌കാണാനായി‌ ഞാന്‍‌ പുറത്തേക്ക്‌ നോക്കിയപ്പോള്‍‌ അവന്‍‌ പറഞ്ഞു:‌
''‌അത്‌ മുതലക്കുളം‌ മൈതാനി‌..‌!''‌
കോണ്‍ക്രീറ്റ്‌ പണിനടക്കുന്ന‌ വട്ടത്തിലുള്ള‌ വ‌ലിയ‌ കെട്ടിടത്തിലേക്ക്‌ അവന്‍‌ വിരല്‍‌ ചൂണ്ടി‌:‌
''‌അത്‌ പുത്യ‌ പള്ളി;‌ പട്ടാളപ്പള്ളി‌!''‌
പിന്നെ‌ അവന്‍‌ ഒന്നും‌ പറയാതെ‌ ബസ്സില്‍‌ ആളുകള്‍‌ കയറിയിറങ്ങുന്നത്‌ നോക്കി‌ വെറുതെ‌ കൈകെട്ടിയിരുന്നു‌..
മേരിക്കുന്ന്‌ നിന്ന്‌ കോഴിക്കോട്ടേക്ക്‌ വരുമ്പോള്‍‌ എന്ത്‌ രസമായിരുന്നു‌.. റെ‌യില്‍വെസ്റ്റേഷനില്‍‌ നിര്‍ത്തിയിട്ടിരുന്ന‌ തീവണ്ടി‌ ചൂണ്ടിക്കാണിച്ചുതരുമ്പോള്‍‌ അവനെന്തൊരു‌ ഉല്‍സാഹമായിരുന്നു‌..
പതുക്കെ‌ നീങ്ങിത്തുടങ്ങിയ‌ തീവണ്ടിയുടെ‌ നീളം‌ കണ്ട്‌ ഞാന്‍‌ അല്‍ഭുതപ്പെട്ടിരുന്ന‌പ്പോള്‍‌‌‌
‌''‌എന്താ‌ കൂറേ‌, വണ്ടിയില്‍‌ കേറണോ‌..''‌ എന്നവന്‍‌ ചോദിച്ചില്ലേ‌..!
ആദ്യമായി‌ തീവണ്ടി‌യോടുന്നത്‌ കാണുന്ന‌ ഒരു‌ കുട്ടിയുടെ‌ കൗതുകം‌ അവനറിഞ്ഞിരുന്നോ‌..!
'‌ഇത്രയും‌ വീതികുറഞ്ഞ‌ റെയില്‍‌‌പാളത്തിലൂടെ‌, പാളം‌ തെറ്റാ‌തെ‌,
‌എങ്ങിനെയാണ്‌ അതിന്റെ‌ ഡ്രൈവര്‍‌ വണ്ടി‌യോടിക്കുന്നത്‌..‌?
അനന്തമായ‌ ഒരു‌ ബിന്ദുവിലേക്ക്‌ നീണ്ടുപോകുന്ന‌ റെയില്‍‌ പാളങ്ങള്‍‌ എവിടെയായിരിക്കും‌ ചെന്ന‌വസാനിക്കുന്നത്..‌?
ഏങ്ങോട്ടാ‌യിരിക്കും‌ ഈ‌ ആളുകളെല്ലാം‌ ഇങ്ങനെ‌ വെപ്രാളപ്പെട്ട്‌ ഓടിപ്പോ‌കുന്നത്‌..? ഉത്തരമ‌റിയാത്ത‌ ഒരുപാടുചോദ്യങ്ങള്‍‌ ഉള്ളിലൊ‌ളിപ്പിച്ച്‌ ഞാനിരുന്നു‌.
‌''‌‌ഷെബീ‌..നീ‌ തീവണ്ടീല്‌ കേറീ‌ട്ടുണ്ടൊ‌..?''‌
ഞാന്‍‌ ചോദിച്ചു‌.
‌
''ങും‌.. ഒരു‌ വട്ടം‌‌..''‌ അവന്‍‌ കൈകൊണ്ട്‌ ആംഗ്യം‌ കാണിച്ചു‌.
‌പിന്നെ‌ ഞാനൊന്നും‌ ചോദിച്ചില്ല‌.
ഞാനിതുവരെ‌ തോണിയിലും‌ ബസ്സിലും‌ മാത്രമെ‌ കേറീട്ടുള്ളൂ‌വെന്ന്‌ അവനോട്‌ പറയണം‌;‌
അതും‌ വല്ല‌പ്പോ‌ഴും‌ നല്ല‌ പനി‌യോ‌, പല്ലുവേദനയോ‌ ഉണ്ടാ‌കു‌മ്പം‌ ഉമ്മ‌ മാവൂരിലെ‌ ആശുപത്രിയിലേ‌ക്ക്‌ കൊണ്ടു‌പോകുമ്പോള്‍‌ മാത്രം‌..!‌
ഒറ്റക്ക്‌ ഒരു‌ സൈക്കിള്‍‌ ഓടിച്ചുനോക്കണമെന്ന‌, ഇതുവരെ‌ നട‌ക്കാത്ത‌ എന്റെ‌ കുഞ്ഞുസ്വപ്നവും‌ അവനോട്‌ പറയണം‌ !
നല്ല‌ ശക്തിയായ‌ പനി‌ വന്നാല്‍‌ ഉമ്മ‌ ബസ്സില്‍‌ കയറ്റി‌ മാവൂരിലെ‌ മൂര്‍ത്തി‌ഡോക്ടറുടെ‌ അടുത്തേക്ക്‌ കൊണ്ടു‌പോകും‌. ഡോക്ടറെ‌ ഉമ്മക്ക്‌ വലിയ‌ വിശ്വാസമായിരുന്നു‌.‌
വെളുത്ത്‌ പൊക്കം‌ കുറഞ്ഞ്‌‌, ക‌ട്ടിഫ്രെയ്മുള്ള‌ കണ്ണടവെച്ച‌ ഡോക്ടര്‍‌ പതുക്കെ‌ തലയുയര്‍ത്തി‌ ചോദിക്കും‌ :‌
''‌എന്താ‌ ഉമ്മാ‌ കൊച്ചിനസു‌ഖം‌..?
എന്നെ‌ അടുത്തേക്ക്‌ ചേര്‍ത്തുനിര്‍ത്തി‌, ചെവിയില്‍‌ വെച്ച‌ കുഴലിന്റെ‌ ഒരറ്റം‌കൊണ്ട്‌ നെഞ്ചില്‍‌ അവിടിവിടെ‌ അമര്‍ത്തിക്കൊണ്ട്‌ സൗമ്യമായി‌ പറയും‌‌‌ :‌ ''ങും‌.. ശ്വാസം‌ വലിക്കൂ‌..'‌
അപ്പോഴേക്കും‌ പനിയുടെ‌ തീവ്രത‌ പകുതി‌ കുറഞ്ഞിട്ടുണ്ടാവും‌...
മട‌ങ്ങുമ്പോള്‍‌ മരുന്ന്പീടികയില്‍‌ നിന്ന്‌ ഉമ്മയെ‌നിക്ക്‌ ഗ്ലൂകോസ്‌ പൊടി‌യുടെ‌ പച്ചനിറത്തിലുള്ള‌ ചെറിയ‌ പാക്കറ്റ്‌ വാങ്ങിത്തരും‌. വെളുത്തനിറമുള്ള‌ തണുത്ത‌ ഗ്ലൂക്കോസ്‌പൊടി‌ കൈവെള്ളയില്‍‌ ചെരിഞ്ഞ്‌ നാവുകൊണ്ട്‌ പതുക്കെ‌ പതുക്കെ‌ ഒപ്പിത്തിന്നും‌;‌ തീര്‍ന്നുപോകാതെ‌..
ചെറിയ‌ '‌കാച്ചില്‍‌പനി‌'‌യാണെങ്കില്‍‌ ഉമ്മ‌ നേരെ‌ ‌ '‌മാക്ക‌ല്‍‌'‌ ധര്‍മ്മാശുപത്രി‌യിലേക്ക്‌ കൊണ്ടു‌പോകും‌. ശീട്ട്‌ വാങ്ങി‌ ഡോക്ടറെ‌ കാണും‌. മരുന്ന്‌ വാങ്ങാന്‍‌ കുപ്പി‌ വേണം‌;‌ അടു‌ത്തുള്ള‌ പെട്ടിക്കടയില്‍‌ നിന്ന്‌ ‌മരത്തിന്റെ‌ കോര്‍ക്കുള്ള‌ വെളുത്ത‌ കുപ്പി‌ വാങ്ങും‌.
വലിയ‌ ചില്ലു‌‌ഭരണിയില്‍‌ കലക്കിവെച്ചിരിക്കുന്ന‌ 'മിക്സ്ചര്‍‌'‌ എന്ന‌ ചുവന്ന‌ മരുന്ന്‌ രണ്ടോ‌ മൂന്നോ‌ ഔണ്‍സ്‌ കുപ്പിയിലേക്ക്‌ ഒഴിച്ചു‌ തരും‌. പനി‌ക്ക്‌ മാത്രമല്ല‌, ഒരു‌ വിധം‌ അസുഖ‌ങ്ങളൊ‌ക്കെ‌ മാറാന്‍‌ ആ‌ ചുവന്ന‌ മരുന്നു‌വെള്ളം‌ കുടിച്ചാമതി‌.
അന്ന്‌ പ്രധാനമാ‌യും‌ പല്ലുവേദനയും‌ പള്ളവേദനയുമായിരുന്നു‌ കുട്ടികള്‍‌ക്കുണ്ടായിരുന്നത്‌..
കൂടാതെ‌, ധാരാളം‌ കല്ലുകള്‍‌ പൊന്തി‌നില്‍ക്കുന്ന‌ ചെത്തുവഴികളില്‍‌ കൂടി‌ ചെരിപ്പില്ലാതെ‌ സ്കൂളിലേക്കും‌ മദ്രസയിലേക്കും‌ ഓടിപ്പോ‌കുന്ന‌ കുട്ടികള്‍ക്കിടയില്‍‌ '‌‌കാലു‌വെച്ചുകുത്തല്‍‌'‌ എന്ന‌‌ മറ്റൊരു‌ '‌നടപ്പു‌‌'‌ദീനവുമുണ്ടാ‌യിരുന്നു‌.
അതിനുള്ള‌ ചികില്‍സ കു‌ട്ടി‌കള്‍ക്കുതന്നെ‌ അ‌റിയാമായിരുന്നു‌.
'കാട്ടപ്പ'‌ എന്ന‌ ചെടിയുടെ‌ തൂമ്പ്‌ പറി‌ച്ചെടുത്ത്‌ കയ്യിലിട്ട്‌ തിരുമ്പി‌ നീരെടുത്ത്‌ മുറിവിലുറ്റിക്കും‌. വേദന അറിയാതിരിക്കാന്‍‌ ഏതെങ്കിലും‌ പച്ച‌ ഇലയിലേക്ക്‌ നോക്കിനില്‍ക്കും‌. പിന്നെ‌ പഴന്തുണി കീറി‌ വരിഞ്ഞുകെട്ടും‌..
അന്ന്‌ കാലിന്റെ‌ ഏതെങ്കിലുമൊരു‌ വിരലില്‍‌ പഴന്തുണിക്കെട്ടില്ലാത്ത‌ കുട്ടികള്‍‌ തുലോം‌ കുറവായിരുന്നു‌.
ചെറിയ‌ പനി‌കൊണ്ട്‌ ഒരു‌ കാര്യവുമില്ല‌. പനിക്കുകയാണെങ്കില്‍‌ 'കുലുക്കിപ്പനി' തന്നെ‌ വരണം‌. അതിന്‌ ‌രണ്ട്‌ ഗുണങ്ങളുണ്ട്‌.
ഒന്ന്‌, ബസ്സില്‍‌ കയറി‌ മാവൂരിലേക്ക്‌ പോകാം‌.
രണ്ട്‌,‌ പനി‌യുടെ‌ ശക്തിയനുസരിച്ച്‌ രണ്ടോ‌ മൂന്നോ‌ ദിവസമെങ്കിലും‌ സ്കൂളിലും‌ മദ്രസയിലും‌ പോകാതിരിക്കാം‌.!
അങ്ങനെയിരിക്കെ ആറ്റുനോറ്റിരുന്ന്‌
‌ഒരു‌ ദിവസം‌ എനിക്ക്‌ '‌കുലുക്കിപ്പനി‌'‌ വന്നു‌‌..
ആനന്ദലബ്ദിക്ക്‌ ഇതില്‍‌പരം‌ ഇനി‌യെന്തുവേണം‌!
ഉമ്മ‌ പറ‌ഞ്ഞു‌ :‌ ''‌ദ്‌ കൊറച്ച്‌ കട്‌പ്പള്ള‌ പന്യാണ്‌.. മാക്കല്‌ പോയിട്ട്‌ കാര്യല്ല‌, മാവൂര്‌ മൂര്‍ത്തിന്റട്ത്തോ‌, ചെറൂപ്പേലെ‌ ആസ്പത്രീലോ‌ പോകണ്ടിവെരും‌..''‌
ബാപ്പ‌ പറഞ്ഞു‌ :‌ ''‌ ന്നാ‌ പിന്നെ‌ ചേറൂപ്പേലെ‌ ധര്‍മ്മാസ്പത്ര്യാ‌ നല്ലത്‌..''‌
‌ഞാന്‍‌ സന്തോഷം‌‌‌ അടക്കിപ്പിടിക്കാന്‍‌ പാടുപെട്ടു‌.
‌മാവൂരും‌ കഴിഞ്ഞ്‌ ചെറൂ‌പ്പയിലെത്താന്‍‌ കുറെ‌ നേരം‌ ബസ്സിലിരിക്കാം‌. മാവൂ‌രിനപ്പുറത്തെ‌ വിശാലമായ‌ ലോകം‌ ആ‌ദ്യമായി‌ കാണാന്‍‌ എനിക്ക്‌ അവസരമൊരുങ്ങുകയാണ്‌‌..
ബസ്സ്‌ കിട്ടണ‌മെങ്കില്‍‌ ഇടവഴിക്ക‌ട‌വ്‌ കട‌ന്ന്‌ '‌മഠത്തുമ്പാറ'‌ വരെ‌ നടക്കണം‌. അന്നാകെ‌ രണ്ടോ‌ മൂന്നോ‌ ‌ബസ്സുകളെയുള്ളൂ‌. അതില്‍‌ '‌പി‌.വി‌. ബ്രദേഴ്സ്‌'‌ എന്ന‌ ബസ്സ്‌ മാത്രമെ‌ കൂ‌ളിമാട്‌ വരികയുള്ളൂ‌. അവിടെ‌യാണ്‌ വാഹനമോടുന്ന‌‌ റോഡ്‌ അവസാനിക്കുന്നത്‌.
രാത്രി‌ ‌കൂളിമാട്ടെ‌ കാഞ്ഞിര‌‌‌മരത്തിനു‌ ചുവട്ടില്‍‌ നിര്‍ത്തിയിടുന്ന‌ ബസ്സ്‌ രാവിലെ‌ പുറപ്പെടാനാവുമ്പോള്‍‌, യാത്രക്കാരായ‌ ആളുകള്‍‌ ഇടവഴിക്ക‌ടവുകടന്ന്‌ ചെളിനിറഞ്ഞ‌ ഇട‌വഴിയിലൂടെ‌ ഓടി‌വരും‌‌. എതിരെ‌ വരുന്നവരോട്‌ വിളിച്ചുചോദിക്കും :‌ ‌ ''‌ബസ്സെളക്യോ‌..?''‌
രാവിലെ‌ കുളികഴിഞ്ഞ്‌ വരുന്ന‌ ഡ്രൈവര്‍‌ ബസ്സ്‌ സ്റ്റാ‌ര്‍ട്ടാക്കി‌ നിര്‍ത്തി‌യ‌‌ ശേഷം‌ കൂളിമാട്ടെ‌ ഏക‌ ചായപ്പീടികയായ‌ '‌സൈദുട്ട്യാക്ക'‌യുടെ‌ പീടികയില്‍‌ നിന്ന്‌ കണ്ടക്ടറോടൊപ്പം‌ ചായയും‌ ബര്‍ക്കിയും‌ കഴിക്കുന്നുണ്ടാവും‌.
അന്ന്‌ ഉമ്മയും‌ കാക്കയും‌ ഞാനും‌ രാവിലെ‌‌, ബിര്‍ളാകമ്പനിയില്‍‌ നിന്ന്‌ ഏഴുമണിയുടെ‌ വിസിലടിക്കുന്നതിനു‌ മുമ്പു‌ തന്നെ‌‌‌‌ ബസ്സിനടുത്തെത്തി‌.‌
എവിടന്നോ‌ തുടങ്ങി‌ ഡ്രൈവറുടെ‌ തൊട്ടുപിന്നില്‍‌ ചെന്നവസാ‌നിക്കുന്ന‌ ‌ഗീറെന്ന‌ വളഞ്ഞുപുളഞ്ഞ‌ കമ്പിയില്‍‌ തൊടാ‌തെ‌, '‌N.A. ചവിട്ടരുത്‌'‌ എന്ന‌ പെട്ടിക്കരികെ ഞാനിരുന്നു‌.
വലിയ‌ കരിങ്കല്ലുകള്‍‌ പാകിയ‌ കൂളി‌മാട്‌ കയറ്റത്തിലൂടെ‌ കുത്തിക്കുലുങ്ങി‌ 'പി‌.വി‌.ബ്രദേ‌ഴ്സ്‌'‌ ഇഴഞ്ഞിഴഞ്ഞ്‌ എളമരവും‌ കഴിഞ്ഞ്‌ മാവൂരെത്തി;‌ കല്പള്ളിയും‌ കഴിഞ്ഞ്‌ ചെറൂ‌പ്പയെത്തി‌..
ഞങ്ങള്‍‌ ബസ്സിറങ്ങി‌;‌ ബസ്സ്‌ നീണ്ട‌‌ റോഡിലൂടെ‌ മുന്നോട്ട്പോയി‌ വളവില്‍‌ അപ്രത്യക്ഷമാകുന്നതുവരെ‌ ഞാന്‍‌ നോക്കിനിന്നു‌.
ചെറൂപ്പയിലെ‌ ആ‌ വളവുകഴിഞ്ഞാല്‍‌ ഭൂമി‌ അവസാനിക്കുകയാണെന്നും‌, എല്ലാ‌ ബസ്സുകളും‌ അവിടെ‌ വലിയൊരു‌‌ ഗര്‍ത്തത്തിലേക്ക്‌ വീണുപോവുകയാണെന്നും‌ കുറേകാലം‌ ഞാന്‍‌ വിശ്വ‌സിച്ചിരുന്നു‌.
ശീട്ട്‌ വാങ്ങി‌ ഡോക്ടറെ‌ കാണാന്‍‌ നില്‍ക്കുന്നവരുടെ‌ നീണ്ട‌ 'ക്യൂ'‌ കണ്ടപ്പോള്‍‌ കാക്ക‌ പറഞ്ഞു:‌
''‌വാ‌‌.. ഞമ്മക്കൊരു‌ വെള്ളച്ചായ‌ കുടിക്കാം''‌
അടുത്തുള്ള‌ മക്കാനിയിലെ‌ ഇളകുന്ന‌ ബെഞ്ചില്‍‌ കാക്ക‌ക്ക‌ഭിമുഖമായി‌, ഉമ്മയുടെ‌ അടുത്ത്‌ ഞാന്‍‌ ഇരുന്നു‌. ഉമ്മ‌ എന്റെ‌ നെറ്റിയില്‍‌ കൈവിരലുകള്‍‌ വെച്ചുനോക്കി‌ പറഞ്ഞു‌ :‌
''‌പനി‌ കൊറവ്ണ്ട്‌.. ഇനി‌ ചൂട്‌ള്ള വെള്ളച്ചായ‌ കുടിച്ചാ‌ ബെസര്‍ത്തോളും‌..''‌
എന്റെ‌ കണക്കുകൂട്ടല്‍‌ തെറ്റുകയാണ്‌.
‌നാളെ‌ മിക്കവാറും‌ സ്കൂളിലേക്ക്‌ പോകേണ്ടി‌ വരും‌! എനിക്ക്‌ വിയര്‍ക്കാന്‍‌ തുടങ്ങി‌.
ചൂടുള്ള‌ വെള്ളച്ചായയില്‍‌ മുക്കിയ‌ ബെന്ന്‌ കഷ്ണങ്ങള്‍‌ പിടിവിട്ട്‌ ഗ്ലാ‌സ്സിലേക്ക്‌ തന്നെ‌ കുതിര്‍ന്ന്‌ വീഴുന്നത്‌ ശ്രദ്ധിക്കാതെ‌ ഞാന്‍‌ ഉമ്മയോട്‌ പറഞ്ഞു‌:‌
'‌'‌ഉള്ളില്‌ നല്ല‌ പനീണ്ട്‌.. മ്മാ‌..'‌'‌
ഏതോ‌ പൂര്‍വ്വകാല‌ സുകൃതം‌ പോലെ‌ ചെറൂപ്പയിലെ‌ മരുന്ന്‌ കുടിക്കുന്തോ‌റും‌ പനി‌ കൂടിക്കൂ‌ടി‌ വന്നു‌.‌ രണ്ടുദിവസം‌ നല്ല‌ പാറ്റലരി‌ക്കഞ്ഞിയും‌ ഉപ്പിലിട്ട‌ മാങ്ങയും‌ കൂട്ടി‌ ഞാന്‍‌ വീട്ടില്‍‌ സുഖമായി‌ പുതച്ചുമൂടിക്കിടന്നു;‌ നോ‌ സ്കൂള്‍‌..‌ നോ‌ മദ്രസ്സ‌.. നോ‌ ടെ‌ന്‍ഷന്‍‌...!
മൂന്നാം‌ ദിവസം‌ കാര്യങ്ങള്‍‌ കീഴ്മേല്‍‌ മറി‌യാന്‍‌ തുടങ്ങി‌. ഉമ്മ‌ സ്വന്തമായി‌ വികസിപ്പിച്ചെടുത്ത‌ ചില‌ ചികില്‍സാരീതികള്‍‌ തുടങ്ങുന്നതിന്റെ‌ ലക്ഷണങ്ങള്‍‌ കണ്ടുതുടങ്ങി‌. ‌ഒരു‌ ചിരട്ട‌യും‌ കയ്യില്‍‌ പിടിച്ച്‌ ഉമ്മ‌ എന്റെ‌ അടുത്ത്‌ വന്നിട്ട്‌ പറഞ്ഞു:‌
''ഇനി‌ പാത്താമ്പോ‌കുമ്പം‌ ഈ‌ ചെരട്ടേല്‌ കൊറച്ച്‌....‌''‌
രാത്രി‌ കുറച്ച്‌ വറ്റെടുത്ത്‌‌ ചിരട്ടയിലിട്ടുവെച്ചു‌‌..
നേരം‌ മിന്നിവെളുത്തു‌...
ഉമ്മ‌ ചിരട്ടയിലുള്ളത്‌ നോക്കിക്കൊണ്ട്‌ ചെറിയൊരു‌ ബേജാറോടെ‌ ബാപ്പയുടെ‌ അടുത്തേക്ക്‌ ഇളകിയിളകി‌ ചെന്നു‌.
ബാ‌പ്പ‌, ചേറ്റുപടിയില്‍‌ കയ്യുംകുത്തി‌, മുറ്റത്തെ‌ കമുകിന്‍‌ തൈ‌കളില്‍‌ പടര്‍ത്തിയ‌ കുരുമുളകുവള്ളികള്‍‌ നോക്കിനില്‍ക്കുകയായിരുന്നു‌..
''ഞാമ്പറഞ്ഞിലെ‌... ദ്‌‌.. അതെന്നെ‌..!''‌
''ഏത്‌..?''‌ ബാപ്പ‌ ചോദിച്ചു.
''മഞ്ഞപ്പിത്തം''‌ ഉമ്മ‌ ചിരട്ടയിലെ‌ കടും‌ മ‌ഞ്ഞ‌ നിറത്തിലുള്ള‌ വറ്റ്‌ ബാപ്പക്ക്‌ കാണിച്ചുകൊടുത്തു‌.
‌
വെല്ല്യാത്തയും‌ ചെറ്യാ‌ത്തയും‌ മദ്രസ‌ വിട്ടു‌ വന്നപ്പോള്‍‌ ഉമ്മ‌ അവരോട്‌ പറഞ്ഞു:‌
''‌വേഗം‌ പോയി‌ ചാ‌രൂട്ടി‌ വൈദ്യരോട്‌ വരാന്‍‌ പറയ്‌..''‌
മഞ്ഞപ്പിത്തം‌ ചികില്‍സിച്ചുമാറ്റുന്നതില്‍‌ പേരുകേട്ട‌ ആളാണ്‌ ‌ചാരൂട്ടി‌വൈദ്യര്‍‌. ചികില്‍സക്കായി‌ ആരെങ്കിലും‌ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോകാന്‍‌ വന്നാല്‍‌ വൈദ്യര്‍‌ പറയും‌
''‌ നടന്നോളൂ‌..."‌
പിന്നെ‌ കരയി‌ല്ലാത്ത‌ വെള്ളത്തുണി‌ മടക്കി‌ക്കുത്തി‌, നീണ്ട‌ അഴകുള്ള‌ പല്ലുകളില്‍‌ ഒരു‌ ചിരി‌ പടര്‍ത്തി‌‌, ചെരിപ്പിടാത്ത‌ കാലുക‌‌ള്‍‌കൊണ്ട്‌‌‌ പതുക്കെ‌ പതുക്കെ‌ വീട്ടിലേക്ക്‌ നടന്നുവരും;‌ ഭൂമിയെ‌ നോവിക്കാതെ‌..
വൈദ്യര്‍ക്കറിയാത്ത‌ ഒരു‌ വീടും‌,ഊടുവഴിയും‌ ഞങ്ങളു‌ടെ‌ നാട്ടിലില്ല‌.
‌വീണ്‌ എല്ലു‌പൊട്ടിയാലും‌ ഉളുക്കിയാലും‌ വൈദ്യരെ‌ത്തേടി‌ ആളുകള്‍‌ വീട്ടിലെത്തും‌.‌
അന്ന്‌ വൈകുന്നേരം‌ വൈദ്യര്‍‌ ഞങ്ങളുടെ‌ വീട്ടിലെത്തി‌. ഞാന്‍‌ കിടക്കുന്ന‌ കട്ടിലിനടുത്ത്‌ വന്ന്‌ എന്റെ‌ നെറ്റിയില്‍‌ തൊട്ടുനോക്കി;‌ തള്ളവിരല്‍കൊണ്ട്‌ എന്റെ‌ കണ്‍പോളകള്‍‌ വിടര്‍ത്തിനോക്കി‌.
''കൊറച്ച്‌ കൂടിപ്പോയീട്ട്ണ്ട്''‌
പിന്നെ‌ നീണ്ട‌ മുടിരോമങ്ങളുള്ള‌ ചെവിയില്‍‌ പതുക്കെ‌ ചൊറിഞ്ഞുകൊണ്ട്‌ വൈദ്യര്‍‌ പറഞ്ഞു‌ :‌
''കൊറച്ച്‌ ആട്ടുമ്പാല്‌ വേണ്ടിവരും‌..''‌
വൈദ്യര്‍‌ കോലായിലെ‌ സിമന്റ്‌ തിണ്ണയില്‍‌ ഇരുന്ന്‌ മടി‌യില്‍‌ നിന്ന്‌ ഒരു‌ പൊതിയെടുത്തു‌ ഉമ്മയുടെ‌ നേരെ‌ നീട്ടി‌. വാഴയിലയില്‍‌ പൊതിഞ്ഞ‌ ആ‌ ചെറിയ‌ പൊതിയില്‍‌ ചാണകത്തിന്റെ‌ നിറമുള്ള‌ ഒരു‌ മരുന്നായിരുന്നു‌. അതാണ്‌ മഞ്ഞപ്പിത്തത്തിനുള്ള‌ 'ഒറ്റമൂലി'‌.
പൈസ‌ വാങ്ങാന്‍‌ കാത്തിരിക്കാതെ‌ വൈദ്യര്‍‌ മുറ്റത്തിറങ്ങി‌. പിന്നെ‌ കിണറിനു‌ ചുറ്റും‌ വളര്‍ന്നിരിക്കുന്ന‌ 'കീയാര്‍നെല്ലി'‌ എന്ന‌ ചെറിയ‌ ചെടിക‌‌ള്‍‌ പറി‌ച്ച്‌ വേരുകളിലെ‌ മണ്ണ്‌ കുടഞ്ഞു‌കൊണ്ട്‌ ‌പറഞ്ഞു:‌
''‌ഉപ്പിടാത്ത‌ കഞ്ഞി;‌ പിന്നെ‌ എരിവും‌ പുളിയും‌ ഒന്നും‌ പാടില്ല‌.. വേണെങ്കീ‌ ചുട്ട‌ പപ്പടം‌ കൊഴപ്പല്ല്യ‌..''‌
ആട്ടുമ്പാലില്‍‌ കലക്കിയ‌ കീയാര്‍നെല്ലിയുടെ‌ കൊടുംകൈപ്പുള്ള‌ മരുന്ന്‌ കണ്ണുകള്‍‌ പൂട്ടി‌ വലിച്ച്‌ കുടിക്കുമ്പോല്‍‌ ഞാന്‍‌ മനസ്സില്‍‌ മന്ത്രിച്ചു‌ :‌ ''‌വേണ്ടായിരുന്നു‌... ചെറിയൊരു‌ കാച്ചിലു‌പ‌നി‌ വന്നുപോയാ‌മതിയായിരുന്നു‌..
അങ്ങനെ‌‌ ചാരൂട്ടിവൈദ്യര്‍‌ എന്നെ‌യൊരുപാട്‌ കൈപ്പുനീരു‌ കുടിപ്പിച്ചു‌;‌
ഉപ്പില്ലാത്ത‌ കഞ്ഞിയും‌ ചുട്ട‌ പപ്പടവും‌ തിന്നു‌മടുത്തു‌.
മഞ്ഞപ്പിത്താനന്തരകാലം‌ ഞാന്‍‌ ഒരു‌ കൈക്കോട്ടെടുത്ത്‌ പറമ്പിലെ‌ എല്ലാ‌ കീയര്‍നെല്ലിത്തൈകളും‌ ചെത്തിക്കോരി‌ ദൂരേക്കെറിയുന്നത്‌ കണ്ട്‌ ഉമ്മ‌ ഓടിവന്നു‌ പറഞ്ഞു:‌
''‌കൊണക്കേട്‌ മാറീട്ടേള്ളൂ‌...അധികം‌ തടി‌യെളക്കണ്ട‌..''‌ കൈക്കോട്ട്‌ പിടിച്ചുവാങ്ങി‌ തെങ്ങിന്‍‌ ത‌ടത്തിലേക്കിട്ടു‌.
മേരിക്കുന്ന്‌ നിര്‍മ്മല‌ ഹോസ്പിറ്റലിനു‌ മുന്നില്‍‌ പച്ച‌ ബസ്സ്‌ ഇളകിയിളകി‌ നിന്നു‌.. ''ആളെറങ്ങാ‌.. ആളെറങ്ങാ‌.. ക്ലീന‌ര്‍‌ വിളിച്ചുപറ‌ഞ്ഞു.
ആദ്യം‌ ഷെബീറലിയും‌ പിന്നെ‌ ഞാനും‌ ബസ്സില്‍നിന്നിറങ്ങുമ്പോള്‍‌ സൂര്യന്‍‌ അസ്തമിച്ചു‌ തുടങ്ങിയിരുന്നു‌.
ഞങ്ങള്‍‌ റൂമിലെത്തി‌. നാട്ടില്‍‌ നിന്ന്‌ വരുന്നവര്‍‌ കൊണ്ട്‌ വരുന്ന‌ 'നാട്ടുകോള്'‌ കിട്ടാന്‍‌ കുട്ടികള്‍‌ കൂട്ടം‌ കൂടി‌ വന്നു‌.
ഷബീറലി‌, ഉമ്മ‌ പൊതിഞ്ഞുകൊടുത്ത‌ ചെമ്മീന്‍‌ പത്തിരി‌ എല്ലാ‌വര്‍ക്കും‌ മുറിച്ചുകൊടുത്തു‌.‌ ‌
'‌'‌സൈതലവി‌ ഉണ്ടായിരുന്നെങ്കില്‍‌..!''‌ എന്റെ‌ മനസ്സൊന്നിട‌റി‌.‌.!
‌കളിചിരിയോടെ‌ പിടിവലികൂടി‌ പലഹാരം‌ തിന്നുന്ന‌ കുട്ടികള്‍ക്കിടയില്‍‌ എന്റെ‌ കണ്ണുകള്‍‌ വെറുതെ‌ സൈതലവിയുടെ‌ നുണക്കുഴിച്ചിരിക‌ള്‍‌ പരതി...!
അന്ന്‌ രാത്രി‌ ഞാനും‌ ഷബീറലിയും‌ കുറെ‌ വൈകിയാണ്‌ ഉറങ്ങിയത്‌. അവന്‍‌ കഴുത്തു‌‌വരെ‌ പുതച്ച്‌ കണ്ണുതുറന്ന്‌ കിടക്കുന്നത്‌ ഞാന്‍‌ ശ്രദ്ധിച്ചു‌.
ഞാനാലോചി‌ച്ചു;‌ അവനിപ്പോള്‍‌ എന്തായിരിക്കും‌ ഓര്‍മ്മിക്കുന്നത്‌..!
ചുമലില്‍‌ കൈവെച്ച്‌ ഒരു‌ കൂട്ടുകാരനെപ്പോലെ‌ ബസ്സിനടുത്ത്‌ വരെ‌ വന്ന്‌ യാത്രയാക്കിയ‌ ഉപ്പയെക്കുറിച്ചായിരിക്കുമോ‌‌..‌.?
പെരുന്നാള്‍‌ രാത്രിപോലെ‌ ഉറങ്ങാതെ‌ ഇന്നലെ‌ ഞങ്ങളൊടൊപ്പമിരുന്ന്‌ വിശേഷങ്ങള്‍‌ ചോദിച്ചറിഞ്ഞ‌ ഉമ്മയെക്കുറിച്ചായിരിക്കുമോ‌..?
പാതി‌വഴിയിലോളം‌ കൂടെ‌ വന്ന്‌ തിരിഞ്ഞുനോക്കി‌കൊണ്ട്‌ ഉമ്മയോടൊപ്പം‌ തിരിച്ചുപോയ‌ അനിയനെക്കുറിച്ചായിരിക്കുമോ‌..?
പുറത്ത്‌ ചെറിയ‌ ചാറ്റല്‍‌‌മഴ പെയ്യുന്നുണ്ടായിരുന്നു‌.
''ഷെബ്യേ‌..''‌ ഞാന്‍‌ വിളിച്ചു‌.
''‌നമ്മളില്ലാത്ത‌ സങ്കടത്തില്‌ നിന്റുമ്മ‌ ഇപ്പൊ‌ ഒറങ്ങതെ‌ കിടക്കുന്നുണ്ടാവും‌ ല്ലേ‌..?''‌
ചെറിയൊരു‌ മൗനത്തിനു‌ ശേഷം‌ ഒരിടറിയ‌ ശബ്ദത്തില്‍‌ അവന്‍‌ പറഞ്ഞു:‌
''‌അത്‌ എന്റുമ്മയല്ല‌..!''‌
പിന്നെ‌ അവന്‍‌ പുതപ്പുകൊണ്ട്‌ തല‌ മൂടി‌ എന്റെ‌ എതിര്‍ഭാഗത്തെക്ക്‌ തിരിഞ്ഞുകിടന്നു‌...
ഇറയത്ത്‌ വീണുതെറിക്കുന്ന‌ മഴത്തുള്ളികളുടെ‌ ശബ്ദം‌ മാത്രം‌ ആ‌ ഇരുട്ടുള്ള‌ മുറിയിലൂടെ‌ ഒഴുകിനടന്നു‌.
എന്റെ‌ ഹൃദയാകാശ‌ത്തില്‍‌ ഉരുണ്ടുകൂടിയ‌ ശോക‌മേഘങ്ങള്‍‌ പതുക്കെ‌ പെയ്യാന്‍‌ തുടങ്ങി‌. രാത്രി‌ ഏറെ‌ നാഴിക‌ കഴിയും‌വരെ‌ ഞാന്‍‌ നിശ്ചലനായി‌ കിടന്നു;‌ അവനും‌...
.....‌......... ( തുടരും ) ............
റസാഖ് വഴിയോരം ...........

No comments:

Post a Comment