Friday, October 9, 2020

അധ്യായം :- 11 ചിതറിയൊഴുകിയ‌‌‌ ചിന്തകള്‍‌‌‌!

 

അധ്യായം :- 11
.........................
ചിതറിയൊഴുകിയ‌‌‌ ചിന്തകള്‍‌‌‌!
...................................................
നിലാവുറങ്ങിയ‌ നിശ്ശബ്ദ രാത്രിയില്‍‌ ‌ആകാശ‌ക്കൂട്ടിലെ‌ ചുവന്ന‌ താരകം‌ ഒരു‌ മിന്നാമിനുങ്ങിനെപ്പോലെ‌ എന്റെ‌ ജാലകത്തിനടുത്തേക്കിറങ്ങിവന്നു‌!
ഞാനപ്പോള്‍‌ എന്റെ‌ വിരിപ്പില്‍‌ ചമ്രം‌ പടി‌ഞ്ഞിരിക്കുകയായിരുന്നു‌.‌. ‌
''‌നിന്റെ‌ കര്‍മ്മ‌പുസ്തകം‌ തുറന്നു‌നോക്കുക‌!''‌‌
എന്റെ‌ ചെവിയില്‍‌ ‌പതിയെ‌ മന്ത്രിച്ച്‌ താരകം‌ ‌നക്ഷത്രക്കൂട്ടിലേക്കു പറന്നുപോയി‌.
അനേകം‌ ഋതുസംക്രമണങ്ങളില്‍‌ കാലം‌ പലകുറി‌ തൊട്ടുവിളിച്ചിട്ടും‌ കണ്ണുതുറക്കാതെ‌‌, ആസക്തിയുടെ‌യും‌ ആലസ്യത്തിന്റേയും‌ പാതിമയക്കത്തിലേക്ക്‌ ഞാന്‍‌ ‌പിന്നേയും‌ ചുരുണ്ടുകിടന്നു‌.. ‌
വെള്ളമേഘങ്ങള്‍ ‌പൂ‌നിലാവ്‌ പുതച്ചുറങ്ങുന്ന‌ മറ്റൊരു‌ നിശ്ശബ്ദ‌രാത്രിയില്‍‌ വീണ്ടും‌ ജാലകത്തിനടുത്തേക്ക്‌ ഇറങ്ങി‌വന്നു‌കൊണ്ട്‌ താരകം‌ പറ‌ഞ്ഞു:‌
''‌‌വായിക്കുക!''
‌
''‌എന്താ‌ണ് വായിക്കേണ്ടത്‌..?"‌ ഞാന്‍‌ ചോദിച്ചു‌.
''‌നിന്റെ‌ കര്‍മപുസ്തകം‌ തുറന്നു‌വായിക്കുക‌.."‌
ഞാന്‍‌ പുസ്തകത്താ‌ളുകള്‍‌ മറി‌ച്ചു‌തുടങ്ങി‌..
അക്ഷരങ്ങള്‍‌ വാക്കുകളായെഴുന്നേറ്റ്‌, രക്തം‌ പൊടിഞ്ഞ‌ വരികളിലൂടെ‌, എന്റെ‌ നേര്‍ക്ക്‌ മുടന്തിവന്നു‌‌..!
''ഇതെന്താണ്‌..? ഞാന്‍‌ പേടിയോടെ‌ ചോദിച്ചു‌.
''‌‌അത്‌, നിന്റെ‌ നാവില്‍ നിന്നും‌ തെറിച്ചു‌വീണ‌ വാക്കിനാല്‍‌ ഹൃദയം‌ മുറിഞ്ഞവരുടെ‌ വിലാപം‌.!''‌ താരകം‌ തുടര്‍ന്നു‌:‌
''‌നിന്റെ‌ നാവിനാല്‍‌ അവരുടെ‌ ആത്മാഭിമാനം‌ ‌രണ്ടായി‌ പിളര്‍ന്നപ്പോള്‍‌, പ്രാണന്‍‌ മുറിഞ്ഞുപോകുന്നതിനേക്കാള്‍‌ ‌തീവ്ര‌മായ‌ വേദനയോടെ‌, ജീവിതത്തിനും‌ മരണത്തിനുമി‌ടയില്‍‌ അവര്‍‌ ‌പി‌ട‌ഞ്ഞിരുന്നു‌‌..!
അപരന്റെ‌ ഹൃദയം‌ ‌നിന്റെ‌ നാവിനാ‌ല്‍‌ അസ്വസ്ഥമായിട്ടില്ലെന്ന്‌ ഈ‌ കര്‍മ‌‌രേഖകൊണ്ട്‌ നീ‌ സക്ഷ്യപ്പെടു‌ത്തിയിരുന്നെങ്കില്‍‌ നിന്നെ‌ ഹസ്തദാനം‌ ചെയ്യാനായി‌ സ്വര്‍ഗ‌കവാ‌ടത്തില്‍‌ ഞാന്‍‌ കാത്തുനില്‍ക്കുമായിരുന്നു‌!''‌
‌''ശപിക്കപ്പെട്ട‌ എന്റെ‌ നാവ്‌‌!
‌എന്റെ‌ കര്‍മപുസ്തകം‌ തുടര്‍ന്നു‌ വായിക്കാന്‍‌ എനിക്കാ‌വുന്നില്ലല്ലോ‌! ഞാന്‍‌ വിലപിച്ചു‌.
''‌ശരി‌, വായന‌ തുടരുന്നതിനുമുമ്പ്‌ ഇതുകൂടി‌ കേള്‍ക്കൂ‌..‌!
‌
കോശപ്പകര്‍ച്ചകളിലൂടെ‌ നിനക്ക്‌ കൈമാറിക്കിട്ടിയ‌ പൂര്‍വ്വപിതാക്കളുടെ‌ ‌ഓര്‍മ്മകളും‌‌ സിദ്ധികളും‌‌‌ കെട്ടുപിണഞ്ഞുകിട‌ക്കുന്നതാണ്‌
‌നിന്റെ‌ കര്‍മരേഖ‌!
‌നിശ്ശബ്ദമായ‌ ഓര്‍മ്മകളുടെ‌ വള്ളിപ്പടര്‍പ്പുകളായി‌ അത്‌ നിന്റെ‌ ആകാശങ്ങളിലേക്ക്‌ പടര്‍ന്നു‌‌കയറിപ്പോകുന്നു‌..
‌‌ഇത്രയും‌ കാലം‌ ശബ്ദമുള്ള‌ വാക്കു‌കള്‍ക്കുമറ‌വില്‍‌ നീ‌ ഉന്മാദനായി‌ ഒ‌ളിച്ചിരിക്കുകയാ‌യിരുന്നതു‌കൊണ്ട്‌ നിനക്കത്‌ ഓര്‍ത്തെടുക്കാനായില്ല‌!
‌
നിന്റെ‌ ഉടല്‍‌‌വസ്ത്രം‌‌ അഴിഞ്ഞുവീഴും‌ മുമ്പ്‌‌ ‌പൂര്‍വ്വീകരുടെ‌ വേരുകളിലേക്കൊന്നി‌റങ്ങിനോക്കിയാല്‍‌,
നിന്റെ‌ പിതാമഹന്മാരില്‍‌ പലരും‌ അവരുടെ‌ പ്രത്യേക‌ സ്വഭാവശീലങ്ങളുമാ‌യി‌ നിന്നില്‍‌ ജീവിക്കുന്നുണ്ടെന്ന്‌ നിനക്ക‌റിയാനാകും‌!''‌
എനിക്ക്‌ ആകാംക്ഷയായി‌..
താരകം‌ തുടര്‍ന്നു‌:‌
''‌നീ‌.. ഒരു‌ അനാഥനായിരുന്നില്ല‌, പക്ഷെ‌ അനാഥനായിരുന്ന‌ ഒരു‌ പിതാവില്‍‌ നിന്നാണ്‌ നിന്റെ‌ കഥ‌ തുടങ്ങുന്നത്‌‌..
നാടിനുമുകളില്‍‌ ഒരു‌ മഹാമാരിയുടെ‌ വിഷ‌ബീജങ്ങള്‍‌ പെയ്തു‌വീണ‌ ഒരു‌ ദുരിതകാലത്തിന്റെ‌ ഓര്‍മകളിലൂ‌ടെ‌ നമുക്ക്‌ സഞ്ചരിക്കാം‌‌:‌
മലബാറിന്റെ‌ പല‌ ഭാഗങ്ങളിലുമെന്നപോലെ‌ തൊള്ളായിരത്തി‌ ഇരുപതുകളില്‍‌ നിന്റെ‌ കുലം‌ പിറക്കാനിരിക്കുന്ന‌ ഗ്രാമത്തിലും‌ 'കോളറ'‌യെന്ന‌ മഹാമാരി‌‌ ചുടല‌നൃത്തമാടി‌!
കൊടിയത്തൂര്‍‌,ചെറുവാടി‌ ദേശങ്ങളില്‍‌ നൂറുകണക്കിനാളുകള്‍‌ രോഗത്തിനും‌ മരണത്തിനും‌ കീഴടങ്ങി‌;‌ പേരുകേട്ട‌ പല‌ തറവാടുകളും‌ നാമാവശേഷമാകുന്നത്‌ നോക്കി‌ ‌നാട്‌ വിറങ്ങലി‌ച്ചു‌ നിന്നു‌!
'‌കോളറ‌‌‌.. വസൂരി‌.. വബാഉകളില്‍നിന്ന്‌ ഞങ്ങളെ‌ നാടിനെ‌ കാക്കണേ‌ റബ്ബേ‌..‌'‌ എന്ന‌ പ്രാര്‍ത്ഥന‌ ചൊല്ലി‌, രാത്രി‌ കാലങ്ങളില്‍‌ പെട്രോമാ‌ക്സുകള്‍‌ തലയിലേന്തി‌, പാതയോരങ്ങളിലൂടെ‌യും‌ പാടവരമ്പിലൂടെയും‌ ആളുകള്‍‌ വരിവരിയായി‌നടന്ന്‌ നാടിന്‌ സ്വാന്തനം‌ നല്‍കി‌!
പ്രാര്‍ത്ഥനയുടെ‌ ആയിരം‌ കൈകള്‍‌ ആകാശത്തേക്കുയര്‍ന്നപ്പോള്‍‌‌ അതിനുള്ള‌ ഉത്തരമെന്നോണം‌‌, അങ്ങ്‌ തെക്ക്‌ പെരുവള്ളൂര്‍‌ ദേശത്തേക്ക്‌ ഉണ്ണിമോയിന്‍‌കുട്ടി‌ മുസ്‌‌ലി‌യാരെ‌ തേടി‌ ആളുകള്‍‌ പോയി‌..
കുന്നുകളും‌ പാടങ്ങളും‌ നടവഴികളും‌ താണ്ടി‌, ഒരു‌ ഗ്രാമത്തിന്റെ‌ പ്രര്‍ത്ഥനയിലേക്ക്‌ ഉണ്ണിമോയിന്‍‌കുട്ടി‌ മുസ്‌‌ലി‌യാരും‌ സഹോദരന്‍‌ ‌മൂസ്സമുസ്‌‌ലിയാരും‌ മഞ്ചലിറങ്ങി‌..
മരുന്നും‌ മന്ത്രവുമറിയുന്ന‌ ‌മുസ്‌‌ലിയാരെ‌ ആളുകള്‍‌ '‌ഉണ്ണ്യേങ്കുട്ടി‌വൈദ്യര്‍‌'‌ എന്നു‌ വിളിച്ചു‌. ആദ്യം‌ രോഗം‌ പടരാതിരിക്കാനു‌ള്ള‌ മുന്‍‌ ക‌രുതലുകള്‍‌ തുടങ്ങി‌;‌ പിന്നെ‌ '‌അക്കുല്‍ബാരിത്തേങ്ങ'‌യുടെ‌ ചിരട്ട‌ കൊണ്ട്‌ കഷായമുണ്ടാ‌ക്കി‌ രോഗം‌ ബാധി‌ച്ചവരെ‌ ചികില്‍സിച്ചു‌ ഭേദമാക്കി‌.
‌
നാട്ടില്‍‌ കോളറ‌ നിയന്ത്രണ‌‌വിധേയമായ‌തോടെ‌
ഉണ്ണ്യേങ്കുട്ടി‌ വൈദ്യരേ‌യും‌ മൂസ്സമുസ്‌‌ലിയാരേ‌യും‌ നാട്‌ നെഞ്ചേറ്റി‌ സ്വീകരിച്ചു‌.
ഇനി‌യുള്ള‌ കാലം‌ ഞങ്ങളോടൊപ്പം‌ ഈ‌ നാട്ടില്‍‌ ജീവിക്കണമെന്ന്‌ ഉണ്ണ്യേങ്കുട്ടി‌ വൈദ്യരോടും‌ മൂസ്സമുസ്‌‌ലിയാരോടും‌ ജനങ്ങള്‍‌ വിനീതമായി‌ ആവശ്യപ്പെട്ടു‌.. അങ്ങനെ‌ അവര്‍ക്കായി‌ ഇരുവഴിഞ്ഞിപ്പുഴയുടെ‌ തീരത്ത്‌ ചെറുവാടി‌ തെക്കേ‌തൊടികയില്‍‌ ഒരു‌ മാളിക‌‌വീടുയര്‍ന്നു‌.. '‌മാളിയേ‌ക്കല്‍‌'‌ എന്ന‌ പേരില്‍‌ അത്‌ പ്രസിദ്ധമായി‌!
പക്ഷെ‌ ഉണ്ണ്യേയിന്‍‌ കുട്ടി‌ മുസ്‌‌ലിയാര്‍ക്ക്‌ മടങ്ങിപ്പോകാ‌തിരിക്കാന്‍‌ കഴിഞ്ഞില്ല‌. തന്റെ‌ സഹോദരന്‍‌ മൂസ്സമുസ്‌ലിയാരെ‌ ഈ‌ നാടിന്റെ‌ കാര്യങ്ങള്‍‌ ഏല്പിച്ചുകൊടുത്ത്‌ ഉണ്ണ്യേയിന്‍‌ കുട്ടി‌ മുസ്ലിയാര്‍ തിരിച്ചുപോയി‌.
ഒരു‌ നാടിന്റെ‌ മുഴുവന്‍‌ സുഖ‌ദു:ഖങ്ങളും‌ പങ്കുവെച്ച്‌ മൂസ്സമുസ്‌‌ലിയാര്‍‌ ഈ‌ നാട്ടുകാരിലൊരാളായി‌.. അതിനിടെ‌ മറിയം‌ എന്ന‌ സ്ത്രീയെ‌ വിവാഹം‌ കഴിച്ചു‌. അതില്‍‌ മൂന്ന്‌ ആണ്‍‌മ‌ക്കളും‌ മൂന്ന്‌ പെണ്‍‌ മ‌ക്കളുമായി‌ ആറ്‌ കുട്ടികള്‍‌ ജനിച്ചു‌‌.
കാലം‌ കടന്നുപോകവെ‌ മൂസ്സ‌മു‌സ്‌‌ലി‌യാര്‍‌, മലപ്പുറം‌ കാട്ടുങ്ങല്‍‌ മമ്മാ‌ദ്യ‌ എന്ന‌ ഒരു‌ സ്ത്രീയെകൂടി‌ വി‌വാഹം‌ കഴിച്ചു‌. അവര്‍‌ കൊണ്ടോട്ടിയില്‍‌ വീട്‌ വെച്ച്‌ താമസം‌ തുടങ്ങി‌. ‌അവരില്‍‌ ജനിച്ച‌ ഏക‌‌ മക‌നായിരുന്നു‌ നിന്റെ‌ പിതാവ്‌..
‌
പിതാവിന്റെ‌ കുട്ടിക്കാലത്ത്‌ തന്നെ‌ മൂസ്സ‌മുസ്‌‌ലിയാര്‍‌ മരണപ്പെട്ടു‌. കുറച്ചുകാലങ്ങള്‍ക്കുശേഷം‌ മാതാവ്‌ മമ്മാദ്യയെ‌ മറ്റൊരാള്‍‌ കല്ല്യാണം‌ കഴിച്ചു‌. അതില്‍‌ ജനിച്ച‌ രണ്ടു‌ കുട്ടികളും‌ ചെറുപ്പത്തില്‍‌ തന്നെ‌ മരിച്ചു‌.
ഉമ്മയുടെ‌ തണലില്‍‌ അധിക‌ കാലം‌ ജീവിക്കാന്‍‌ നിന്റെ‌ പിതാവിന്‌ ഭാഗ്യമുണ്ടായില്ല‌!
കുറച്ച്‌ കാലം‌ കഴിഞ്ഞപ്പോള്‍‌ മതാവും‌ രോഗബാധിതയായി‌ മരണപ്പെട്ടു‌. അനന്തരസ്വത്ത്‌ ഉമ്മയുടെ‌ രണ്ടാം‌ ഭര്‍ത്താവിലേക്ക്‌ പോയി‌.. അങ്ങിനെ‌ നിസ്സഹായ‌‌ബാല്യത്തില്‍‌, അനാഥത്വത്തിന്റെ‌ ഏറ്റവും‌ തീഷ്‌ണമായ‌ അവസ്ഥയില്‍‌, നിന്റെ‌ പിതാവ്‌ ഈ‌ ഭൂമിയില്‍‌ ഏകനായി‌ നിന്നു‌;‌ ശരിക്കും‌ അനാഥനായി‌, നിസ്സഹായനായി‌!
കഥ‌ തുടരും‌ മുമ്പ്‌ ഇതുകൂടി‌ അറിയുക‌ :‌
''‌നിന്റെ‌ ഓരോ‌ കണികയിലും‌ അടങ്ങീട്ടുള്ള‌ പിതാക്കളുടെ‌ ഗന്ധ‌വും‌‌‌ നിറ‌വും‌ ജൈവ‌വൈവിധ്യ‌ങ്ങളും‌ അടുത്ത‌ തലമുറയിലേക്ക്‌ പകര്‍ന്നു‌ നല്‍‌കു‌ന്ന‌ ഒരു‌ കണ്ണി‌ മാത്രമാണ്‌ നീ‌!
‌മനുഷ്യ‌ജന്മമെന്ന‌ മഹാപ്രതിഭാ‌സത്തിനു‌ വേണ്ടി‌ ഓരോ‌ നാടും‌ അതിനോട്‌ ചേര്‍ന്ന‌ കാലവും‌ ഒരു‌ ജനനത്തിനും‌ എത്രയോ‌ മുമ്പ്‌ തന്നെ‌ വളരെ‌ കൃത്യതയോടെ‌ തെയ്യാറെടുക്കുന്നത്‌ കൊണ്ടാണ്‌ ഒരു‌ തലമുറ രൂപപ്പെടുന്നത്‌. നീ‌ ആ‌ തലമുറയിലെ‌ ഒരു‌ കണിക‌ മാത്രം‌!
നിന്റെ‌ പിതാമഹന്മാരും‌ നിന്നെ‌ വളര്‍ത്തിയ‌ ‌സമൂഹവും‌ നിനക്ക്‌ തന്ന‌ ഓര്‍മ്മകള്‍‌ നീ‌ ചുമന്നുനടക്കുന്ന‌ത്‌ പോ‌ലെ‌, നിന്നെക്കുറിച്ചുള്ള‌ ഓര്‍മകള്‍‌ വരും‌ കാലങ്ങളില്‍‌ നിന്റെ‌‌ സന്താനങ്ങളും‌ ചുമന്ന്‌ നട‌ക്കും‌. അതിനാല്‍‌ നല്ല‌ ഓ‌ര്‍മകളും‌ സ്വപ്നങ്ങളും‌ സന്താനങ്ങള്‍ക്ക്‌ പകര്‍ന്നു‌ നല്‍കുക‌യെന്നത്‌ നിന്റെ‌ ധര്‍മം‌!
നിന്നെക്കുറിച്ച‌ അനിഷ്ടകരമായ‌ ഓര്‍മകളുടെ ഭാണ്ഡം‌ ചുമന്നാണ്‌ നിന്റെ‌ മക്കള്‍‌ അവരുടെ‌ ജീവിതം‌ നടന്നു‌‌തീര്‍ക്കുന്നതെങ്കില്‍‌, ഹാ‌.. അതെത്ര‌ നിര്‍ഭാഗ്യകരം‌!
‌നിന്റെ‌ കര്‍മ്മപുസ്തകത്തിന്‌ നീ‌ മാത്രം‌ സാക്ഷി‌! നിന്റെ‌ സ്വഭാവ‌ ശീലങ്ങളും‌ നടപടിക്രമങ്ങളും‌ തീരുമാനാധികാരങ്ങളും‌ മാത്രം‌ സാക്ഷി‌!
അത്‌ പ്രപിതാക്കളിലേക്ക്‌ ചേര്‍ത്തുപറയരുത്;‌
അവര്‍‌ ഒരു‌ നിയോ‌ഗത്തിലേക്ക്‌ നിന്നെ‌ കൈപിടിച്ചുനടത്തിയെന്നു‌ മാത്രം‌‌‌!
ഒരാള്‍‌ ജനിക്കുന്നത്‌ അയാള്‍‌ തിരഞ്ഞെടുത്ത‌ മാതാപിതാക്കളുടെ‌ മകനായിട്ടല്ല‌, നാടും‌ കാലവും‌ വര്‍ണ്ണവും‌ ലിംഗവും‌ തിരഞ്ഞെടുക്കാന്‍‌ ഒരാള്‍ക്ക്‌‌ അധികാരമില്ല‌ത്ത‌പോ‌ലെ‌ നിന്റെ‌ സന്താനങ്ങളെ‌ പുനര്‍നിര്‍ണ്ണയിക്കാനും‌ നിനക്കധികാരമില്ല‌!
മക്കളുടെ‌ നിയോഗത്തിലേക്ക്‌ അവര്‍‌ നടന്നെത്തും‌ വരെ‌ അവരെ‌ കൈപിടിച്ചുനടത്തുകയെന്നതാണ്‌ ‌നിന്റെ‌യും‌ ധര്‍മം‌‌!
തികച്ചും‌ ഒരു‌ അനാ‌ഥന്റെ‌ മകനായ‌, അനാഥനല്ലാ‌ത്ത‌ നീ‌, ഒരു‌ അനാഥാലയത്തിലേക്ക്‌ എത്തിച്ചേരുന്നതിന്റെ‌ നിയോഗ‌ പശ്ചാത്തലത്തിലേക്ക്‌ ഇനിയും‌ സഞ്ചരിക്കാനുണ്ട്‌..
...... (തുടരും‌) .....
...‌........................ റസാഖ്‌ വഴിയോരം‌ ......... ..

No comments:

Post a Comment