Friday, October 9, 2020

അത്താഴം‌ വിളമ്പിത്തന്ന‌ ‌നക്ഷത്രങ്ങള്‍‌ :‌ (അദ്ധ്യായം - 07)

 

...... (അദ്ധ്യായം - 07) ...............................
അത്താഴം‌ വിളമ്പിത്തന്ന‌ ‌നക്ഷത്രങ്ങള്‍‌ :‌
.....................................................................
രണ്ടു തിരമാലകള്‍ക്കിടയിലെ ചെറിയൊരു ഇടവേളയിലേക്ക് മഹാസമുദ്രം കൊണ്ടിട്ട‌ അണുതരി‌യാ‌ഹാരം പെറുക്കിയോടുന്ന കുഞ്ഞുഞ‌ണ്ടുകളെ‌ ചവിട്ടാതെ‌ ഞങ്ങള്‍‌ നടന്നു..
‌കടല്‍‌ തിരമാലകളിറങ്ങിപ്പോകുമ്പോള്‍‌ കടല്‍വക്കിലോളം‌ ചെന്നു ഞാന്‍‌ സമുദ്രത്തെ‌ തൊട്ടു. നനഞ്ഞ‌ മണലില്‍‌ കാ‌ല്‍‌വിരലുകള്‍കൊണ്ട്‌ ഞങ്ങള്‍‌ വരച്ചിട്ട‌ ചിത്രങ്ങള്‍‌ മായ്ച്ചുകളഞ്ഞ്‌ കടല്‍‌തിരമാലകള്‍‌ നുരഞ്ഞുചിരിച്ചു‌;‌ എല്ലാം‌ മായ്ച്ചുകളയുന്ന‌ കാലത്തെപ്പോലെ‌...!
കാക്കകളും‌ പരുന്തുകളും‌ നിറഞ്ഞുപറക്കുന്ന‌ ആകാശത്തിനുതാഴേക്ക്‌ കൈചൂണ്ടിക്കൊണ്ട്‌ ഷബീറലി‌ പറഞ്ഞു‌:‌
''‌‌ദാ‌.. അവിടെ‌ ആള്‍ക്കര്‌ കൂടിനിക്കണത്‌ കണ്ടോ‌..?‌
‌‌ജീവ്‌ള്ള‌ മീന്കള്‌ പെടക്കണത്‌ കാണ‌ണെങ്കീ‌ വേഗം‌ വാ‌..''‌
ചില വഞ്ചികള്‍ കരയിലേക്ക് വലിച്ചു കയറ്റിയിരിക്കുന്നു. ചിലത് കരക്കടുത്തുകൊണ്ടിരിക്കുന്നു. കരക്കെത്തുന്നതിനു മുമ്പായി ചിലര്‍ വഞ്ചിയില്‍‌ നിന്ന്‌ വെള്ളത്തിലേക്ക് ചാടിയിറങ്ങും. പിന്നെ ഒത്തൊരുമിച്ച് കരയിലേക്ക് തള്ളിക്കയറ്റും. നല്ല രസമുണ്ട് കാണാന്‍.
''നിന്റുപ്പ വന്നിട്ടുണ്ടാവുമോ‌‌..? '' ഞാന്‍ ഷബീറിനോട് ചോദിച്ചു.
''‌ഇല്ല‌''‌ ചുറ്റും‌ തിരിഞ്ഞുനോക്കി‌ അവന്‍‌ പറഞ്ഞു‌.
പല വലിപ്പത്തിലും നിറത്തിലുമുള്ള മീനുകള്‍ ‌വഞ്ചിയില്‍ നിന്ന് പിടച്ചുകളിക്കുന്നത്‌ ഞാന്‍‌ ആദ്യമായി‌ കാണുകയാണ്‌.
നാട്ടില്‍ കൊണ്ടുവരുന്ന മീനുകള്‍ക്ക് ഒരു കാ‌ലത്ത് ജീവനുണ്ടായിരുന്നെന്ന് വിശ്വാസിക്കാന്‍‌ പോലുമാവില്ല‌..!
ഓട‌ ചീന്തിയുണ്ടാക്കിയ‌ വലിയ '‌കൊട്ട'‌യില്‍ നിറയെ‌ മത്തിയുമായി‌‌, ‌മടക്കിപ്പിടിച്ച‌ തേക്കിലയും‌ കയ്യില്‍‌ പിടിച്ച്‌, പൊതിഞ്ഞുകൊടുക്കാന്‍ പാകത്തില്‍ കാത്തിരിക്കുന്ന '‌മീന്‍‌കാരു'‌ടെ‌ ചിത്രം മനസ്സില്‍‌ തെളിഞ്ഞു.
മിക്ക‌ ദിവസവും‌ ഇത്താത്തമാരുടെ‌ കൂടെ‌ സാധങ്ങള്‍‌ വാങ്ങാന്‍‌ പീടികയിലേക്ക്‌ ഞാനും‌ പോകും‌. മീന്‍‌ കിട്ടണമെങ്കില്‍‌ ‌'‌ചുള്ളി‌ക്കാറമ്പ്‌'‌ അങ്ങാടിയില്‍‌ പോകണം‌. രാവിലെ‌ പോയാല്‍‌ മീന്‍‌ കിട്ടില്ല‌.‌
പാടത്തും‌‌ പറമ്പ‌ത്തും‌‌ പണിയെടുത്ത്‌, വൈകുന്നേരം‌ കൂലിയും‌ വാങ്ങി‌, അതേ‌ വേഷത്തില്‍‌ തന്നെ‌ അങ്ങാടിയിലേക്ക്‌ വരുന്ന കല്ലു വെട്ടുകാര്‍‌, കിണര്‍ പണിക്കാര്‍, കന്നുപൂട്ടുകാര്‍, ഞാറ്റു‌പണിക്കാര്‍‌ തുടങ്ങിയ‌ എല്ലാവരും‌, വൈകുന്നേരം‌ ‌വീട്ടിലേക്കു‌ മടങ്ങുമ്പോള്‍‌ തേക്കിലയില്‍‌ പൊതിഞ്ഞ‌ ഒരു‌ മീന്‍പൊതി കയ്യിലുണ്ടാ‌ണ്ടാവും‌.
ചിലര്‍‌ തോര്‍ത്ത്‌ മുണ്ടിന്റെ‌ ഒരു‌ തലക്കല്‍‌ അരിയും‌ മറുതലക്കല്‍‌ ചില്ല്വാനങ്ങളും‌ കെട്ടി‌ തോളിലിട്ട്‌, ചാക്ക്നൂല്‍‌കയറില്‍‌ കെട്ടിയ‌ കുപ്പിയില്‍‌ കുറച്ച്‌ വെളിച്ചെണ്ണയോ‌, കാസ്രട്ടോ‌ തൂക്കിപ്പിടിച്ചിട്ടായിരിക്കും‌ മട‌ങ്ങുന്നത്‌. വൈകുന്നേരം‌ മിക്ക‌ വീടുകളിലും‌ നല്ലൊരു‌ ചോറും‌ മീങ്കറിയുമുണ്ടാവും‌.
ഓട്ടവും‌ നടത്തവുമല്ലാത്ത‌ ഒരു‌ പ്രത്യേക‌ താളത്തില്‍‌ ''കൂയ്‌ '‌'‌എന്നൊരു‌ വിളിയോടെ‌, തലയില്‍‌ കൊട്ടയുമായി‌ '‌മീങ്കാരെ'‌ത്തുമ്പോള്‍‌ പലപ്പോഴും‌ നാലുമണി‌ കഴിയും‌.
ഏകദേശം‌ നാലഞ്ച്‌ കിലോമീറ്റര്‍‌ ദൂരെയുള്ള‌ മാവൂരില്‍‌ നിന്നാണ്‌ അവര്‍‌ തലച്ചുമടുമായി‌ വരുന്നത്‌.
ഇരുവഴിഞ്ഞിപ്പുഴ‌ ചാലിയാറിനോട്‌ ചേരുന്നതിനോടടു‌ത്താണ്‌ കടത്തു‌തോണി‌.
കൂളിമാട്‌ നിന്ന്‌ ഇടുങ്ങിയ‌ ഇടവഴിയിലൂടെ‌ നടന്ന്‌ വരുമ്പോള്‍‌ തന്നെ‌ അവര്‍‌ ''‌കൂയ്‌..''‌ എന്ന്‌ തോണിക്കാരെ‌ വിളിക്കും‌.
തോണിയില്‍‌ കുട്ട‌ ഇറക്കി‌ വെച്ച്‌ വലിയ‌ മത്തികളെടുത്ത്‌ മുകളില്‍‌ വെക്കുന്നതിനിടയില്‍‌ കടത്തുകാരനുമായി‌ അവര്‍‌ വിശേഷങ്ങള്‍‌ പങ്കുവെക്കും‌. പിന്നെ‌ ടാറിടാത്ത‌ വീതികുറഞ്ഞ‌ റോഡി‌ലൂടെ‌, ഒരു‌ പ്രത്യേകതാളത്തില്‍‌ ചുള്ള്യാര്‍മ്പ്‌ അങ്ങാടിയിലേക്ക്‌ അവര്‍‌ '‌നട‌ന്നോടും‌'‌.
പലപ്പോഴും‌ ആദ്യമെത്തുക‌ '‌കുഞ്ഞോക്ക‌'‌ യായിരിക്കും‌. വെളുത്തുമെലിഞ്ഞ്‌, കട്ടികുറഞ്ഞ‌ മീശയുള്ള‌ കുഞ്ഞോക്ക‌ അങ്ങാടിയിലെത്തുമ്പോള്‍‌ മീന്‍‌ വാങ്ങാന്‍‌ കാത്തിരിക്കുന്ന‌ ആരെങ്കിലുമൊരാള്‍‌ കുട്ട‌ തലയില്‍‌ നിന്ന്‌ പിടിച്ചുകൊടുക്കും‌. പിന്നെ‌ തലയില്‍കെട്ടിയ‌ മുണ്ട്‌ കുടഞ്ഞ്‌ എല്ലാവരെയും‌ നോക്കി‌ ഒന്നു‌ ചിരിക്കും‌.
അപ്പോഴേ‌ക്കും‌ തേക്കിലയുടെ‌ വലിയ‌ കെട്ടുകളുമായി‌ കുട്ടികള്‍‌ വന്നുനില്‍ക്കും‌. അവരില്‍‌ നിന്ന്‌ ഇലക്കെട്ടുകള്‍‌ വാങ്ങി‌ ചില്ലറ‌ എണ്ണിക്കൊടുത്ത്‌ ചീനിമരത്തിനു‌ ചുവട്ടില്‍‌ ഇരിക്കും‌;‌ ആ‌.. ഒന്നാ‌ ഒന്ന്‌..രണ്ടാ‌ രണ്ട്‌..
ചീനിക്കൊമ്പില്‍‌ കാക്കകള്‍‌ വട്ടംകൂടും‌.
അപ്പോഴേ‌ക്കും‌ തോളിലിട്ട‌ മുളവടിയുടെ‌ രണ്ടറ്റത്തായി‌, മുന്നി‌ലും‌ പിന്നിലും‌ തൂക്കിയിട്ട‌ മീങ്കൊട്ടകളുമായി‌ 'ആല്യാക്ക'‌വരും‌. കറുത്തുതടിച്ച‌ ശരീരപ്രകൃതിയുള്ള‌ അദ്ദേഹത്തിന്റെ‌ കുപ്പായമില്ലാത്ത‌ ചുമലില്‍‌ മുളവടി‌ തട്ടി‌ കുഴിഞ്ഞുപോയ‌ വലിയൊരു‌ തഴമ്പുണ്ടായിരുന്നു‌.‌
കിലോമീറ്ററുകള്‍‌ ഭാരം‌‌ചുമന്ന്‌, നടന്ന്‌ നടന്ന്‌ ഞങ്ങളുടെ‌ ഗ്രാമത്തിലേക്ക്‌ അവര്‍‌ മുടങ്ങാതെ‌ കടല്‍‌‌രുചികളെത്തിച്ചു‌..‌ ചീനിമരം‌ സാക്ഷി‌..!
ചീനിയുടെ ചുവട്ടില്‍‌ മീങ്കാരെ‌ത്തിയാല്‍‌ ചുള്ളിക്കാപറ‌മ്പ്‌ അങ്ങാടി‌ സജീവമാകും‌.
‌അങ്ങാടിയില്‍‌ നാലുംകൂടിയ സ്ഥലത്തായിരുന്നു‌ ആ‌ ചീനിമരം‌. റോഡി‌ന്റെ‌ പകുതിയോളം‌ അതിന്റെ‌ വലിയ‌ വേരുകള്‍‌ കെട്ടുപിണഞ്ഞുകിടക്കും‌. ‌ ടാറിടാത്ത‌ റോഡി‌ലൂടെ‌ വല്ലപ്പോഴും‌ കടന്നുപോകുന്ന‌ കാളവണ്ടി‌, പിന്നെ‌ അരിയുമായി‌ വരുന്ന‌ '‌സീപ്യാക്ക'‌യുടെ‌ ചരക്കു‌ലോറി‌, അല്ലെങ്കില്‍‌ അച്ചുതേട്ടന്റെ‌ ബുള്ളറ്റ്‌‌‌, വേരുകളെ‌ വേദനിപ്പിക്കതെ‌ ഒരു‌ ഭാഗത്തൂടെ‌ കടന്നുപോകുന്നുണ്ടാവും‌.
‌റേഷന്‍ പീടികയിലും‌ ചീനിയുടെ‌ ചുവട്ടിലുമാണ്‌ കൂടുതല്‍‌ ആളുണ്ടാവുക‌..!
'‌മോന്തി'‌യായല്‍ മീന്‍‌ വേഗം വിറ്റു തീര്‍ക്കണം. അടുത്ത‌ ദിവസത്തേക്ക്‌ മീന്‍‌ സൂക്ഷിച്ചുവെക്കാന്‍‌ കഴിയില്ല‌.‌ മിക്കപീടികയിലും‌ കറ‌ണ്ടില്ല‌;‌ ഇരുട്ട്‌ തുടങ്ങുമ്പോള്‍‌ 'പെട്രോ‌മാക്സ്‌'‌ കത്തിച്ചു‌ വെക്കണം‌.
ഇരുട്ടിത്തുടങ്ങിയാല്‍‌ ‌'‌മീങ്കച്ചോടം‌'‌ ഒന്നുകൂടി‌ ചൂടുപിടിക്കും‌. കിട്ടുന്ന‌ വിലക്ക്‌ കൂടുതല്‍‌ മീന്‍‌ വാരിക്കൊ‌ടുത്ത്‌ വിറ്റുതീര്‍ക്കുന്ന‌ 'വാര്യടി'‌ തുടങ്ങുന്നത്‌ അപ്പോ‌ഴാണ്‌. പിന്നെ‌ തേക്കിലയുടെ‌ വലിയ‌ മീന്‍‌‌പൊതികളുമായി‌ ആളുകള്‍‌ സന്തോഷത്തോടെ‌ വീട്ടിലേക്കു‌ മടങ്ങും‌.
ചെറുവാടി‌ ചന്തയുണ്ടാവുന്ന‌ ചൊവ്വാഴ്ചദിവസങ്ങളില്‍‌ രാത്രി‌ വൈകുന്നതുവരെ‌ അങ്ങാടിയില്‍‌ ആളുകളു‌ണ്ടാവും‌. ചീനിയുടെ‌ ചുവട്ടിലുള്ള‌ നീണ്ട‌ ഷെഡുകളിലേക്ക്‌ പല‌‌ നാടുകളില്‍‌ നിന്നും‌ കച്ചവടക്കാര്‍‌ വരും;‌ കുപ്പി‌‌വളകളും‌ മുക്കുമാലകളും‌,
ഉണക്കമീനും‌‌,‌ മണ്‍പാത്രങ്ങളും‌,പച്ചക്കറികളുമൊക്കെയായി‌..‌!
ഒരു നോമ്പുകാലത്ത്‌, മുറത്തില്‍ അരിപ്പൊടി‌ കുഴച്ച് ചെറിയ‌ ഉരുളകളാക്കി,‌ '‌എട്ട്‌'‌ എന്ന‌ ആകൃതിയിലുള്ള‌ പത്തിരിപ്പ‌ല‌കയില്‍‌ ഓടക്കുഴലു‌കൊണ്ട് പരത്തുന്നതിനിടയില്‍‌ ഉമ്മ‌ പറ‌ഞ്ഞു:‌
''‌ഇന്നെന്താ‌ ചാറ്‌.. ബാപ്പാനോട്‌ പോയ്‌ ചോയ്ക്കി‌''‌
അരപ്പട്ടയില്‍‌ നിന്ന്‌ '‌കാലണ‌'‌ എടുത്തു‌തന്നിട്ട്‌ ബാപ്പ‌ പറഞ്ഞു‌:‌
''കാ‌‌ഉര്‍പ്പ്യക്ക്‌ മത്തിവാങ്ങിക്കോളി‌..''‌
ഞങ്ങല്‍ക്ക്‌ സന്തോഷമാ‌യി‌.
ഞാനും വല്ല്യാത്തയും‌ നോമ്പുകാലത്തെ‌ ആ‌ വൈകുന്നേരം‌ ചേരാം‌കുന്നും‌ കയറി‌ പഞ്ചാര‌മാവിന്‍‌ ചോട്ടി‌ലൂടെ‌ പച്ച‌മീന്‍ വാങ്ങാന്‍ പോയി‌. കുഞ്ഞോക്ക ഒരു‌ തേക്കിലയില്‍‌ മത്തി‌ പൊതിഞ്ഞു‌‌തന്നു‌. നോമ്പ്‌ തുറക്കുമ്പോഴേക്ക്‌ ചാറ്‌ വെക്കാനുള്ള‌താണ്‌, ഞങ്ങള്‍‌ വേഗം‌ വീട്ടിലേക്ക്‌ മടങ്ങി‌യെത്തി‌.
മണ്‍ചട്ടിയില്‍‌ മീന്‍‌ ചെരിഞ്ഞ്‌ മുറ്റത്തിരുന്ന്‌ താത്ത‌ മീന്‍‌ മുറിച്ചുതുടങ്ങി‌. ഞങ്ങള്‍‌ മീനിന്റെ‌ ആന്തരാവയവങ്ങള്‍‌ നോക്കി‌ ചുറ്റുമിരുന്നു‌. മീന്‍‌ മുറിച്ച്‌ കഴുകുന്നതിനിടയില്‍‌ ചട്ടിയില്‍‌ നിന്ന്‌ ഒരു‌ കരകരപ്പ്‌‌ ശബ്ദം‌...! ഞങ്ങള്‍‌ അല്‍ഭുതത്തോടെ‌ നോക്കി‌;‌ ചട്ടിയിലെ‌ മീനുകള്‍ക്കിടയില്‍‌ ഒരു‌ '‌സ്വര്‍ണ്ണമോതിരം‌.‌.!'‌
കടലില്‍‌ നിന്ന്‌ ഏതോ‌ മീന്‍‌ വിഴുങ്ങിയ‌ സ്വര്‍ണ്ണമായിരിക്കും‌;‌ കോളടിച്ചു‌..!
ഞങ്ങള്‍‌ സന്തോഷത്തോടെ‌ തുള്ളിച്ചാടുന്നതിനിടയിലേക്ക്‌ ബാപ്പ‌ അകത്തുനിന്ന്‌ ഇറങ്ങി‌ വന്നു‌.
''‌അത്‌ മീങ്കാരന്റേതായിരിക്കും‌.‌.., നാളെ‌ത്തന്നെ‌ അത്‌ കൊണ്ടുപോയി‌ മടക്കിക്കൊടുക്കണം‌..!''‌
‌ഞങ്ങള്‍ക്കെല്ലാം‌ പേടിയായി‌;‌ അന്യന്റെ‌ '‌മുതല്‍‌'‌ കയ്യില്‍‌ വെച്ച്‌‌...! നേരം‌ വെളുത്തുകിട്ടിയാല്‍‌ തിരിച്ചുകൊടുക്കാമായിരുന്നു‌.
‌സമയം‌ നീങ്ങാതെ‌ രാത്രി‌ കുറെ‌ സമയം‌ ഞങ്ങള്‍‌ ഇരുന്നു‌... സമയം‌ എത്രയായെന്ന്‌ അറിയാന്‍‌ വഴിയില്ല‌;‌ വീട്ടില്‍‌ ഘടികാരമോ‌ വാച്ചോ‌ ഇല്ല‌.
‌
താത്തൂര്‍‌ പള്ളിയില്‍‌ നിന്ന്‌ വെടി‌ പൊ‌ട്ടുന്ന‌ ശബ്ദം‌ കേട്ടാണ്‌ നോമ്പുതുറക്കുക‌. പല‌ പള്ളിയിലും‌ സ്പീക്കര്‍‌സെറ്റില്ലാത്തതിനാല്‍‌ ബാങ്ക്‌ കേള്‍ക്കാറില്ല‌.
നോമ്പു‌കാ‌ലത്ത്‌ രാത്രി‌ കുറച്ചു‌ സമയം‌ ഉറങ്ങിയുണര്‍ന്നാല്‍‌ ഒരു‌ കുപ്പിവിളക്കുമായി‌ ഉമ്മ‌ മുറ്റത്തിറങ്ങി‌ ആകാശത്തേക്ക്‌ നോക്കും‌. ഓരോ‌ നക്ഷത്രങ്ങളുടേയും‌ സ്ഥാനവും‌ വലിപ്പവും‌ നോക്കിയാണ്‌ ഉമ്മ‌ സമയം‌ കണക്കാക്കിയിരുന്നത്‌.
അത്താഴച്ചോറ്‌ വെന്തുകഴിഞ്ഞാല്‍‌ ഉമ്മ‌ ഒന്നു‌ കൂടി‌ പുറത്തിറങ്ങിനോക്കീട്ട്‌ അകത്തേക്ക്‌ വിളിച്ചു‌പറയും‌:‌
''തള്ളപെട്ടീം‌ മക്കളും‌ ഉദി‌ച്ചീ‌ണ്‌.. എനി‌ സുബയിക്ക്‌ തോനെ‌ നേരല്ല്യ‌..‌ ല്ലാരും‌ വേഗം‌ ണീക്കി‌..''‌
‌ഗോളശാസ്ത്രം‌ എവിടന്നാണ്‌ ഉമ്മ‌ പഠിച്ചതെന്നറിയില്ല‌‌.! ഓരോ‌ താരവ്യൂഹങ്ങള്‍ക്കും‌ ഉമ്മയുടേതായ‌ ഒരു‌ പേരുണ്ട്‌.
മൂന്ന്‌ വലിയ‌ നക്ഷത്രങ്ങള്‍‌ ഒരേ‌ നേര്‍‌രേ‌ഖയിലായി‌ ‌മുകളില്‍‌ തെളിഞ്ഞുവന്നാല്‍‌ ഉമ്മ‌ പറയും‌:‌ ‌
'‌'‌കാഉണ്ട‌കാരന്‍‌ തലക്ക്‌ നേരെ‌ മുകളിലെത്തീണ്‌;‌ മൂന്ന്‌ മണിയായി‌...''‌ ‌
തള്ളക്കോഴീം‌ മക്കളും‌ പോലെ‌‌‌ ഒരു‌ വലിയ‌ നക്ഷത്രത്തിനു‌ ചുറ്റും‌ കൂടി‌ നില്‍ക്കുന്ന‌ കുഞ്ഞു‌ നക്ഷത്രങ്ങളുടെ‌ കൂട്ടത്തെയാണ്‌ ‌'‌തള്ള‌‌പെട്ടീം‌ മക്കളും‌'‌ എന്ന്‌ ഉമ്മ‌ പേരിട്ടത്‌.
അത്താഴച്ചോറ്‌ കഴിക്കാന്‍‌ ഉമ്മ‌ ഞങ്ങളെ‌ വിളിച്ചുകൊ‌ണ്ടേയിരിക്കും;‌ ഞങ്ങള്‍‌ വിളിയുടെ‌‌ ഈണ‌ത്തില്‍‌ ചുരുണ്ട്ചുരുണ്ട്‌ കിടക്കും‌.
കിഴക്ക്‌ '‌തള്ള‌‌പെട്ടീം‌ മക്കളും‌'‌ ഉദിച്ചുകഴിഞ്ഞാല്‍‌ പിന്നെ‌ സുബഹ്‌ ബാങ്കിന്‌ അധികം‌ നേരമുണ്ടാവില്ല‌.
പിന്നെ‌ വിളിക്കുന്നതിന്റെ‌ സ്വരമൊന്നു‌ മാറും‌;‌ രീതിയൊന്നു‌ മാറ്റും‌;‌ ഞങ്ങള്‍‌ ചാടിയെണീറ്റ്‌ മുഖം‌ കഴുകും‌;‌ അടുക്കളയില്‍‌ നിലത്ത്‌ പലകയിട്ടിരിക്കും;‌ മണ്ണിന്റെ‌ 'മണ്ടത്തില്‍'‌ ഉമ്മ‌ ചോറുവിളമ്പിത്തരും;‌ ഞങ്ങള്‍‌ നോമ്പിനു‌ നിയ്യത്ത്‌ വെക്കും‌ ''‌ നെ‌വൈത്തു‌ സൗമ‌ ഗദിന്‍‌...''‌
അലാറമില്ലാതെ‌, ഘടികാരമില്ലാതെ‌ ഒരു‌ പാടു‌ നോമ്പുകാലം‌, ഒരു‌ നോമ്പുപോലും‌ നഷ്ടപ്പെടുത്താതെ‌ ഞങ്ങള്‍‌ക്ക്‌ അത്താഴച്ചോറ്‌ വിളമ്പിത്തന്നു‌ ഉമ്മ‌..!
പകലും‌ ഞങ്ങള്‍ക്ക്‌ സമയം‌ പറ‌ഞ്ഞുതന്നിരുന്നത്‌ ഉമ്മയായിരുന്നു‌‌.
പുരപ്പുറത്തെ‌ ഓടില്‍‌ നിന്ന്‌ ഇറയത്ത്‌
‌മഴ‌‌വെ‌ള്ളം‌ വീഴുന്ന‌ ചാലിലേക്ക്‌ ഉച്ചവെയില്‍‌ ഇറങ്ങിയാല്‍‌ ഉമ്മ‌ പറ‌യും:‌
''‌ബാങ്ക്‌ പ്പം‌ കൊടുക്കും.. ജുമൂഅക്ക്‌ പോകാ‌ന്‍‌ നേരായി‌..''
ചുമരില്‍‌, ജനലിനു‌തൊട്ടു‌‌താഴെ‌ വെയില്‍‌ കയറുമ്പോള്‍‌ ഉമ്മ‌ പറയും‌ ''‌അസറായി‌.. കുട്ടികളിപ്പം‌ സ്കൂള്‌ വിട്ട്‌ വരും‌..''‌
പിറ്റേന്ന് വൈകുന്നേരം ചെറ്യാത്തയും വെല്ല്യാത്തയും ‌സ്വര്‍ണ്ണ‌മോതിരവുമായി മീങ്കാരന്റെ അടുത്തെക്ക് ചെന്നു‌..!‌മോതിരം‌ നഷ്ടപ്പെട്ട‌തിനാല്‍‌ കുഞ്ഞോക്ക‌ ദുഖ:ത്തോടെ‌ ‌ ഇരിക്കുക‌യായിരുന്നു‌;‌ ആര്‍ക്കൊക്കെയോ‌ നേര്‍ച്ചയും‌ നേര്‍ന്ന്‌..!
''‌‌ദാ‌.. ദ്‌ ങ്ങളെ‌ മോതിരാണോ‌..?''‌
ചെറ്യാത്ത‌ ചോദിച്ചു‌. കുഞ്ഞോക്ക‌ പെട്ടന്ന്‌ തലയുയര്‍ത്തിനോക്കി‌.. സന്തോഷം‌ കൊണ്ട്‌ അയാളുടെ‌ കണ്ണുകള്‍‌ നിറഞ്ഞു‌.
നിറചിരിയോടെ‌ അയാള്‍‌ മോതിരം‌ വാങ്ങി‌ മടി‌യില്‍‌ വെച്ചു‌.
''മോല്യാരെ‌ കുട്ട്യേളാ...'‌'‌ അടുത്ത്‌ നില്‍ക്കുന്ന‌ ആരോ‌ പരിചയപ്പെടുത്തി‌‌.
പിന്നെ‌ വെറ്റിലപ്പല്ലുകള്‍‌ കാട്ടിച്ചിരിച്ച്‌ വലിയൊരു‌ ഇലയില്‍‌ ഒരു‌പാട്‌ മീന്‍‌ വാരിപ്പൊതിഞ്ഞ്‌ ഞങ്ങള്‍ക്ക്‌ തന്നു‌;‌ ഹൃദയം‌ നിറഞ്ഞ്‌ ചിരിച്ചു‌..
ഏത്‌ ദാരിദ്ര്യത്തിലും‌, ആരുമറിയുന്നില്ലെങ്കിലും‌, അര്‍ഹതയില്ലാത്തത്‌ അനുഭവിക്കരുതെന്ന‌ വലിയൊ‌രു‌ ജീവിതപാഠം‌ ഞങ്ങളെ‌ പഠിപ്പിക്കയായിരുന്നു‌ ബാപ്പ‌...!
അന്ന് അത്താഴത്തിന്‌ ഞങ്ങള്‍‌ കൊതി തീരുന്ന വരെ മീന്‍‌ കഴിച്ചു;‌ ഇന്നലെ‌
‌‌ഷബീറിനോടൊപ്പം‌ കഴിച്ചപോലെ‌.
‌
വൈകുന്നേരം‌ ജെ‌.ഡി‌.റ്റി‌.യിലേക്ക്‌ തിരിച്ചുപോക‌ണം‌. വഞ്ചിക്കാരുടെ‌ ആരവങ്ങള്‍ക്കിടയിലൂടെ‌ ഞങ്ങള്‍‌ തിരിച്ചു‌ നടന്നു‌;‌
ഏതോ‌ ഉള്‍‌കടലില്‍‌ നീന്തിക്കളിക്കുന്ന‌ മീനുകള്‍‌ ഏതോ‌ ഉള്‍ഗ്രാമത്തിലെ‌ അടുക്കളയില്‍‌ ഭക്ഷണമാകുന്ന‌ പ്രകൃതിയുടെ‌ അദൃശ്യ‌ ക്രമീകരണത്തിന്റെ‌ പൊരുളറിയാതെ‌..
‌
ഒരു‌ കുഞ്ഞു‌‌ഞെണ്ടിനു‌ മുമ്പി‌ലേക്ക്‌ പോലും‌ ഭക്ഷണം‌ വിള‌മ്പിക്കൊടുക്കുന്ന‌ മഹാ‌സമുദ്രത്തിന്റെ‌ വിനയഭാവം‌ തിരിച്ചറിയാതെ‌;‌ കട‌ല്‍നുരകളില്‍‌ ചവിട്ടി‌ ഞങ്ങള്‍‌ നടന്നു‌നീങ്ങി‌..!
ഉച്ചവെയിലിന്റെ‌ ചൂടറിയാതെ‌ ഞങ്ങള്‍‌ കട‌പ്പുറത്ത്‌ പന്തുതട്ടിക്കളിക്കുന്ന‌ നേരത്ത്‌ ഷബീറലിയുടെ‌ ഉപ്പ‌ വന്നു‌. നീണ്ടുമെലിഞ്ഞൊരാള്‍‌... അയാള്‍‌ എന്നെനോക്കി‌ സ്നേഹമസൃണമായ‌ ശബ്ദത്തില്‍‌ പേരു‌ ചോദിച്ചു;‌ ചിരിച്ചു;‌ കുഞ്ഞോക്ക‌യെപ്പോലെ‌..!
വൈകുന്നേരം‌ അവന്റെ‌ ഉമ്മ‌ ഞങ്ങള്‍ക്ക്‌ കൊണ്ടുപോകാ‌നുള്ള‌ പലഹാരങ്ങള്‍‌ പൊതിഞ്ഞുതന്നു;‌ ഷബീറലിയെ‌ അണച്ചുപിടിച്ച്‌ ഉമ്മ‌ വിതുമ്പി‌.. ഇനിയും‌ വരണമെന്ന‌ നോട്ടത്തില്‍‌ എന്നെ‌ നോക്കി‌ പുഞ്ചിരിച്ചു‌‌; കട‌ലോളം‌ നിറഞ്ഞ‌ സമൃദ്ധമായ‌ പുഞ്ചിരി‌...!
വെള്ളയില്‍‌ കടപ്പുറത്ത്‌ ബസ്‌സ്റ്റോപ്പ്‌ വരെ‌ അവന്റെ‌ ഉപ്പ‌ ഞങ്ങളോടൊപ്പം‌ വന്നു‌. മേരിക്കുന്നിലേക്കുള്ള‌ ബസ്സില്‍‌ ഞങ്ങള്‍‌ കയറി‌യിരുന്നു‌. കടല്‍ക്കാറ്റ്‌ വന്ന്‌ എന്റെ‌ മുടിയിഴകളില്‍‌ വിരലോടിച്ചുകൊണ്ട്‌ പറഞ്ഞു:‌ ''ഇനിയും‌
‌വരണം‌...''‌
ബസ്സ്‌ നീങ്ങിനീങ്ങി‌ കണ്ണില്‍നിന്ന്‌ മറയുന്നത്‌ വരെ‌ അവന്റെ‌ ഉപ്പയെ‌ നോക്കി‌ ഷബീറലി‌ ഇരുന്നു;‌ ഒന്നും‌ മിണ്ടാതെ‌..! ( തുടരും‌ )
........... റസാഖ്‌ വഴിയോരം‌ .......................

No comments:

Post a Comment