Saturday, October 24, 2020

Wednesday, October 21, 2020

ഹലാല്‍‌ ലൗവ്‌ സ്റ്റോറിയും‌ ഹോം‌ സിനിമകളും‌ !‌





 

 ഹലാല്‍‌ ലൗവ്‌ സ്റ്റോറിയും‌ ഹോം‌ സിനിമകളും‌ !‌
...............................................................................
ഞാന്‍‌ ഏറ്റവുമധികം‌ ആസ്വദിച്ച‌ അഞ്ച്‌ സിനിമകളുടെ‌ പേരു‌ പറ‌യുകയാണെങ്കില്‍‌  അതിലൊന്ന്‌ '‌ഹലാല്‍‌ ലൗവ്‌ സ്റ്റോറി'‌യായിരിക്കും‌.  അതില്‍‌  ഏറ്റവുമധികം‌ വിസ്മയിപ്പിച്ച‌ കഥാപാത്രം‌  പ്രിയ‌ സുഹൃത്ത്‌ നാസര്‍‌ കറു‌ത്തേനി‌യുടേതും‌.
ഏതോ‌ കാലത്ത്‌ ആരുമറിയാതെ‌ ആ‌ നടന്റെ‌  ജീവിതം‌  അദൃശ്യമായ‌ ക്യാമറയില്‍‌  പകര്‍ത്തിയെടുത്ത്‌ എഡിറ്റു‌ ചെയ്യാതെ‌ അങ്ങനെത്തന്നെ‌ സിനിമയിലേക്ക്‌ ചേര്‍ത്തുവെച്ചപോലെ‌ അത്രയും‌ റിയ‌ലി‌സ്റ്റിക്കായി‌ അനുഭവപ്പെട്ടു‌ നാസർ 'സാഹിബി'ന്റെ ആ‌ കഥാപാത്രം‌.

റ‌ഹീം‌ സാഹിബ്‌  സിനിമയിലൂടെ‌ കടന്നുപോകുന്ന‌ വഴികള്‍‌, നാസര്‍‌  കറുത്തേനി‌ എന്ന‌ മനുഷ്യന്‍‌  ജീവിതത്തില്‍‌ കട‌ന്നുപോയ‌ വഴികള്‍‌ തന്നെയാണ്‌.
ഒരു‌ കാലഘട്ടത്തേയും‌  കുറെ‌ നിഷ്കളങ്കരായ‌ മനുഷ്യരേയും‌ ഒട്ടും‌ കലര്‍പ്പില്ലാതെ‌ അതി‌മനോഹരമായി‌ അടയാളപ്പെടുത്തി‌യിരിക്കു‌ന്നു‌  സകരിയ‌ - മുഹ്സിന്‍‌ പരാരി ടീം‌‌.

മാസങ്ങളും‌ വര്‍‌ഷ‌ങ്ങളും‌ നീണ്ട‌ കഠിനപ്രയന്തത്തിലൂടെ‌ രൂപപ്പെട്ടുവരുന്ന‌ ഒരു‌ കലാസൃഷ്ടിയാണ്‌ സിനിമ‌. അതിനെ‌ വിലയിരുത്തുക‌യെന്ന‌ത്‌  ശ്രമകരവും‌.
ഇത്‌ ഹലാല്‍‌ ലൗവ്‌ സ്റ്റോറി എന്ന‌ സിനിമയുടെ‌ ഒരു‌ പുറം‌ വായന‌ മാത്രമാണ്‌.

ഈ‌ സിനിമയില്‍‌, മത‌‌ചിട്ടകളോടെ‌ ജീവിക്കുന്ന‌  ഒരു‌ കൂട്ടം‌ കലാ‌‌കാരന്മാര്‍‌  ഒരു‌ ഹോം സിനിമാ‌ ചിത്രീകരണത്തിന്‌ തുടക്കമിടുമ്പോള്‍‌, ലൊക്കേഷന്‍‌ പരിസരത്തു‌‌നിന്നുയര്‍ന്നുവരുന്ന‌  കോഴിയുടേയും‌  മിക്സിയുടെയും‌ അലക്കു‌ കല്ലിന്റേയുമെല്ലാം‌ ശബ്ദങ്ങള്‍ക്ക്‌‌,  ‌ഒരു‌ കാലത്ത്‌  സിനിമാ‌നിര്‍മാ‌ണത്തെക്കുറിച്ചുള്ള‌  ചര്‍ച്ചകള്‍ക്കിടയില്‍‌ ‌മത‌‌സംഘടനാ‌ പരിസരത്തു‌ നിന്ന്‌ ഉയര്‍ന്നു‌വന്നിരുന്ന‌ വിയോജിപ്പിന്റെ‌ ശബ്ദങ്ങളുമായി‌ ‌ഏറെ‌ സാമ്യമുണ്ട്‌.‌‌

അലക്കുന്ന‌ സ്ത്രീ‌യെ‌ അനുനയിപ്പിക്കാന്‍‌ സങ്കോച‌ലേശമന്യെ‌ സംവിധാന‌ സഹായികള്‍‌ ഒന്നിലധികം‌ തവണ‌ അപേക്ഷിക്കുന്നതും‌,  മിക്സിയും‌ പ്രഷര്‍കുക്കറും‌ സ്വന്തം‌ കൈകൊണ്ട്‌ അമര്‍ത്തിപ്പിടിക്കുന്നതും‌, എല്ലാ‌ പ്രതികൂല‌ ശബ്ദങ്ങളേയും‌ ഇല്ലാതാക്കുമ്പോള്‍‌  ദൂരെ‌ നിന്ന്‌ എത്തി‌നോക്കി‌ അടക്കം‌ പറയുന്ന നിഷ്കളങ്കരായ‌ ഗുണ‌കാംക്ഷി‌ക‌ള്‍‌  ‌സംവിധായകനെ‌ അലോസരപ്പെടുത്തുന്നതുമെല്ലാം‌ ‌മനോഹര‌‌മായ‌ മെറ്റഫര്‍‌ തന്നെയാണ്‌.

എത്ര‌ ആത്മസംഘര്‍ഷങ്ങളിലൂടെയാണ്‌  ഒരു‌ കാലത്ത്‌  ഇത്തരം‌ കലാസൃഷ്ടികള്‍‌ രൂപപ്പെട്ടുവന്നിരുന്നതെന്നും‌‌, മ‌തപരിസരത്തുനിന്നുള്ള‌  ഹലാല്‍‌ ഹറാമുകളുടെ‌ സങ്കുചിത‌ വായനകള്‍‌  കര്‍മ്മോല്‍സുകരായ‌ കലാകാരന്മാരെ‌  എത്രമാത്രം‌ നിഷ്ക്രിയരാക്കിയിരുന്നെന്നും‌ ഈ‌ സിനിമ  വ്യക്തമായി‌ പറ‌ഞ്ഞുതരുന്നുണ്ട്‌.‌

സിനിമാ‌ - ഹോം‌ സിനിമാ‌ രംഗത്തെ‌ എല്ലാ‌ കലാകാരന്മാരും‌ മികച്ച‌ അഭിനയമാണ്‌  കാഴ്ച‌ വെച്ചത്‌. ‌‌സിറാജിന്റെ‌ (ജോജോ‌) സ്വകാ‌ര്യ‌ കുടുംബ‌ സംഘ‌ര്‍ഷങ്ങളും‌, ശരീഫിന്റെ‌ (ഇന്ദ്രജിത്ത്‌)  ആത്മ‌ സംഘര്‍ഷങ്ങളും‌ ചേര്‍ന്നൊന്നാവുന്ന‌  ഒരു‌ ക്ലൈമാക്സിലേക്ക്‌ പ്രേക്ഷകന്റെ‌ പ്രതീക്ഷയെ‌ മെല്ലെ‌ കൊണ്ടുവന്ന്‌‌,  ഒട്ടും‌ അലോസരപ്പെടുത്താതെ‌  പ്രേക്ഷകന്റെ‌ ചുമലില്‍‌ കൈ‌ വെച്ച്‌  മറ്റൊരു‌ ദിശയിലേക്ക്‌  നടത്തിക്കൊണ്ടുപോയി‌ കഥയവസാനിപ്പിച്ചതിലൂടെ‌‌, നടപ്പു‌ രീതികളെ‌ വിജയകരമായി‌ മറികടക്കുന്നുണ്ട്‌ സംവിധായകന്‍‌.

ഏതെങ്കിലും‌ മത‌സംഘടനകളെ‌  പ്രതിക്കൂട്ടില്‍‌ നിര്‍ത്തുന്നതല്ല‌ ഈ‌ സിനിമ‌ എന്നാണ്‌ ഞാന്‍‌ മനസ്സിലാക്കുന്നത്‌. പുരോഗമന‌‌ ഇസ്‌‌ലാമിക‌  പ്രസ്ഥാനങ്ങളുടെ‌ തണലിലൂടെ‌  പല‌രും‌   സിനിമാ‌ മോഹങ്ങളിലേ‌ക്ക്‌  നടന്നെത്തീട്ടുണ്ട്‌. ഒറ്റ‌പ്പെട്ട‌ വിയോജിപ്പിന്റെ‌ ശബ്ദങ്ങളില്‍‌ പലതും‌  കാലത്തിനൊപ്പം‌ സഞ്ചരിക്കാന്‍‌ കഴിയാതിരുന്ന‌  നിഷ്കളങ്കരുടെ‌‌ നിര്‍മ്മലമായ‌ വിശ്വാസത്തില്‍‌ നിന്ന്‌ പ്രതി‌ധ്വനിച്ചതാവാം‌‌.  '‌അവര്‍‌ പാവങ്ങളാ‌..'‌  എന്ന്‌ സിറാ‌ജ്‌ എന്ന‌ കഥാ‌പാത്രം‌ സിനിമയിലൊരിടത്ത്‌ പറ‌യുന്നുണ്ടല്ലോ‌!
ഇങ്ങനേയും‌ ഒരു‌ കാലഘട്ടത്തിലൂടെ‌ നമ്മുടെ‌ നാട്ടില്‍‌ ചില‌ മനുഷ്യര്‍‌ കടന്നുപോയിട്ടുണ്ടെന്ന്‌ അടയാള‌പ്പെടുത്തേണ്ടത്‌ തന്നെയാണ്‌.  സകരിയ‌ അത്‌ വളരെ‌ ലളിതമായി‌, സരസമായി‌  അടയാളപ്പെടു‌ത്തി‌... അഭിനന്ദനങ്ങള്‍‌ ആള്‍‌ ടീം‌ !
- റ‌സാ‌ഖ്‌ വഴിയോ‌രം‌ ( 17‌.10‌.2020‌ )
@Zakariya K Muhsin Parari Salam Kodiyathur
 Halal Love Story

Thursday, October 15, 2020


 

രണ്ടു കവിതകള്‍ : 1‌.സ്വര്‍ഗ്ഗീയം 2‌.മറ‌വി

 സ്വര്‍ഗ്ഗീയം‌ ( കവിത‌ )
....................................

ആകാശ‌‌ഗോളങ്ങള്‍‌ ആടിയുലയവെ‌
ആഴികളൊക്കെയും‌  കത്തിപ്പടരവെ‌
ഖബറുകള്‍‌ പൊട്ടിപ്പിളര്‍ന്നു‌ ഞാനുണരവെ‌
ഖല്‍ബി‌ലാദ്യം‌ തെളിയും‌ ‌‌- പ്രിയേ‌ നിന്‍‌മുഖം‌..

മന്നാ‌ന്റെ‌ മുമ്പില്‍‌ സുജൂദില്‍‌ വീഴുവാന്‍‌
മഹ്ശറയിലേക്കു‌ നാം‌ ചകിതരായോടവെ‌
കൈപിടിച്ചോടു‌വാന്‍‌ ഞാന്‍‌ വരും‌ നേരമില്‍‌
കണ്‍നിറയെ‌ കാണണം‌ വീണ്ടുമാ‌ പൂമുഖം‌..

നന്മ‌ തിന്മകള്‍‌ വേര്‍തിരിക്കാനായി‌
നാഥന്റെ‌ മുമ്പില്‍‌ നാം‌ വരിയായി‌ നില്‍ക്കവെ‌ -
നന്ദിയോടോതിടും‌ റബ്ബിനോടെന്‍‌ സഖീ‌,
നീയെ‌നിക്കായ്‌  ചെയ്ത‌ സുകൃതങ്ങളൊക്കെയും‌..

ശ‌ജറത്തുല്‍‌ മുന്‍‌‌തഹാ‌ തണല്‍‌‌ചേര്‍ന്നിരിക്കവെ‌
ശയ്യയില്‍‌ നീ‌ ചാരെ‌ ചിരി‌‌തൂകി‌ നില്‍ക്കവെ‌
താരാട്ടുപാട്ടുമായ്‌ ചുറ്റിലും‌ വന്നിടും‌
തുള്ളിക്കളിച്ചിടാന്‍‌  പേരക്കിടാങ്ങളും‌..

സ്വര്‍ഗ്ഗീയ‌ജീവിതത്തിനു‌ നിമിത്തമാം‌
സ്വന്തബന്ധങ്ങളും‌ മതാപിതാക്കളും‌
കൂടി‌യിരുന്നോര്‍ത്ത്‌ ഉ‌ള്ളില്‍‌ചിരിച്ചിടും‌
കുസൃതി നിറ‌ഞ്ഞൊരാ‌ ഭൂലോക‌ ജീവിതം‌..

ഭൂമിയില്‍‌ ജീവിക്കുവാനായി‌ തന്നു‌ നീ‌
ഭാഗ്യമായ്‌ നഥാ‌ നിന്‍‌ കൃപയാലൊര‌വസരം‌
കരുതലോടോതുന്നു‌ സര്‍വ്വസ്തുതികളും‌
കാരുണ്യദായകാ‌  ലോകൈക‌‌നായകാ‌...!
..............................

..........................
റസാഖ്‌ വഴിയോരം‌ ( 05‌.08‌.2020‌)

 

 മറവി‌ :‌
...........
‌മറവികള്‍‌ വന്നെന്റെ‌ ഓര്‍മ്മകളെയെല്ലാം‌
മറ‌മാടി‌ മണ്ണിട്ടു‌ മൂടീ‌...
മരിച്ചുപോയാലും‌ മറക്കുക‌യില്ലെന്ന്‌‌
പറ‌ഞ്ഞതും‌ ഓര്‍ക്കാതെയായീ‌...2‌

ഇഷ്ടമായ്‌ അടു‌ത്തവര്‍‌ നമ്മളെന്നാകിലും‌
ഇപ്പോള്‍‌ അകന്നപോലായീ‌
ഒരിക്കലും‌ കാ‌ണാത്തൊരന്യരെ‌പ്പോലെ‌ നാം‌
ഭൂമിയില്‍‌ ഏകാന്തരായീ‌..2‌

ഒരിക്കലും‌ മറക്കയില്ലന്നു‌ നീ‌ പറ‌ഞ്ഞപ്പോള്‍‌
കുളിര്‍മഴ‌ പെയ്തിരുന്നുള്ളില്‍‌.. ഇന്ന്‌
‌മഴപോയി‌ വരണ്ടൊരു‌‌ മരുഭൂമി‌ പോലെ‌
കരിഞ്ഞുവോ‌ ഇന്നെന്റെ‌ ഉള്ളം‌..2‌

കിളിയായി‌ പറന്നുവന്നൊരിക്കെലെന്‍‌ ഖല്‍ബില്‍‌ നീ‌
തുണയായി‌ കൂടു‌ വെച്ചില്ലേ‌
ചിരിയോടെ‌  ചേര്‍ന്നിരുന്നെന്നും‌ നമ്മള്‍‌‌ തമ്മില്‍‌
‌സ്വപ്നങ്ങള്‍‌ പങ്കുവെച്ചില്ലേ‌..

ഇഷ്ടങ്ങളും‌ പ്രിയ‌ സ്വപ്നങ്ങളും‌ വെറും‌
തോന്നലാണെന്നറിയാതെ‌‌ നമ്മള്‍‌ ‌
ഇത്രയും‌ കാലം‌ ഈ‌ മണ്ണില്‍‌ കഴിഞ്ഞത്‌
എത്ര‌ വിചിത്രമാണള്ളാ‌... 2‌

മറവികള്‍‌ വന്നെന്റെ‌ ഓര്‍മ്മകളെയെല്ലാം‌
മറ‌മാടി‌ മണ്ണിട്ടു‌ മൂടീ‌...
മരിച്ചുപോയാലും‌ മറക്കുകയില്ലെന്ന്‌‌
പറ‌ഞ്ഞതും‌ ഓര്‍ക്കാതെയായീ‌...

റസാഖ്‌ വഴിയോരം‌ .. 12‌.08‌.2020‌





 


 


 


 


 


 BROTHERS : RASAK VAZHIYORAM, SALAM KODIYATHUR,SIDHIK KODIYATHUR ( HOME CINEMA LOCATION )


 


 


 DR MANIKFAN @ CARROT FILM ACADEMY

 



 


 


 


 

MARUPPACHA ANIMATION

 


 

ARABIAN BOOKS OF WORLD RECORDS


ചിത്രം :‌ ഒറ്റച്ചിറകുള്ള പക്ഷി
കഥ‌     :‌   റസാഖ്‌ വഴിയോരം‌‌


 

Friday, October 9, 2020

അധ്യായം :- 11 ചിതറിയൊഴുകിയ‌‌‌ ചിന്തകള്‍‌‌‌!

 

അധ്യായം :- 11
.........................
ചിതറിയൊഴുകിയ‌‌‌ ചിന്തകള്‍‌‌‌!
...................................................
നിലാവുറങ്ങിയ‌ നിശ്ശബ്ദ രാത്രിയില്‍‌ ‌ആകാശ‌ക്കൂട്ടിലെ‌ ചുവന്ന‌ താരകം‌ ഒരു‌ മിന്നാമിനുങ്ങിനെപ്പോലെ‌ എന്റെ‌ ജാലകത്തിനടുത്തേക്കിറങ്ങിവന്നു‌!
ഞാനപ്പോള്‍‌ എന്റെ‌ വിരിപ്പില്‍‌ ചമ്രം‌ പടി‌ഞ്ഞിരിക്കുകയായിരുന്നു‌.‌. ‌
''‌നിന്റെ‌ കര്‍മ്മ‌പുസ്തകം‌ തുറന്നു‌നോക്കുക‌!''‌‌
എന്റെ‌ ചെവിയില്‍‌ ‌പതിയെ‌ മന്ത്രിച്ച്‌ താരകം‌ ‌നക്ഷത്രക്കൂട്ടിലേക്കു പറന്നുപോയി‌.
അനേകം‌ ഋതുസംക്രമണങ്ങളില്‍‌ കാലം‌ പലകുറി‌ തൊട്ടുവിളിച്ചിട്ടും‌ കണ്ണുതുറക്കാതെ‌‌, ആസക്തിയുടെ‌യും‌ ആലസ്യത്തിന്റേയും‌ പാതിമയക്കത്തിലേക്ക്‌ ഞാന്‍‌ ‌പിന്നേയും‌ ചുരുണ്ടുകിടന്നു‌.. ‌
വെള്ളമേഘങ്ങള്‍ ‌പൂ‌നിലാവ്‌ പുതച്ചുറങ്ങുന്ന‌ മറ്റൊരു‌ നിശ്ശബ്ദ‌രാത്രിയില്‍‌ വീണ്ടും‌ ജാലകത്തിനടുത്തേക്ക്‌ ഇറങ്ങി‌വന്നു‌കൊണ്ട്‌ താരകം‌ പറ‌ഞ്ഞു:‌
''‌‌വായിക്കുക!''
‌
''‌എന്താ‌ണ് വായിക്കേണ്ടത്‌..?"‌ ഞാന്‍‌ ചോദിച്ചു‌.
''‌നിന്റെ‌ കര്‍മപുസ്തകം‌ തുറന്നു‌വായിക്കുക‌.."‌
ഞാന്‍‌ പുസ്തകത്താ‌ളുകള്‍‌ മറി‌ച്ചു‌തുടങ്ങി‌..
അക്ഷരങ്ങള്‍‌ വാക്കുകളായെഴുന്നേറ്റ്‌, രക്തം‌ പൊടിഞ്ഞ‌ വരികളിലൂടെ‌, എന്റെ‌ നേര്‍ക്ക്‌ മുടന്തിവന്നു‌‌..!
''ഇതെന്താണ്‌..? ഞാന്‍‌ പേടിയോടെ‌ ചോദിച്ചു‌.
''‌‌അത്‌, നിന്റെ‌ നാവില്‍ നിന്നും‌ തെറിച്ചു‌വീണ‌ വാക്കിനാല്‍‌ ഹൃദയം‌ മുറിഞ്ഞവരുടെ‌ വിലാപം‌.!''‌ താരകം‌ തുടര്‍ന്നു‌:‌
''‌നിന്റെ‌ നാവിനാല്‍‌ അവരുടെ‌ ആത്മാഭിമാനം‌ ‌രണ്ടായി‌ പിളര്‍ന്നപ്പോള്‍‌, പ്രാണന്‍‌ മുറിഞ്ഞുപോകുന്നതിനേക്കാള്‍‌ ‌തീവ്ര‌മായ‌ വേദനയോടെ‌, ജീവിതത്തിനും‌ മരണത്തിനുമി‌ടയില്‍‌ അവര്‍‌ ‌പി‌ട‌ഞ്ഞിരുന്നു‌‌..!
അപരന്റെ‌ ഹൃദയം‌ ‌നിന്റെ‌ നാവിനാ‌ല്‍‌ അസ്വസ്ഥമായിട്ടില്ലെന്ന്‌ ഈ‌ കര്‍മ‌‌രേഖകൊണ്ട്‌ നീ‌ സക്ഷ്യപ്പെടു‌ത്തിയിരുന്നെങ്കില്‍‌ നിന്നെ‌ ഹസ്തദാനം‌ ചെയ്യാനായി‌ സ്വര്‍ഗ‌കവാ‌ടത്തില്‍‌ ഞാന്‍‌ കാത്തുനില്‍ക്കുമായിരുന്നു‌!''‌
‌''ശപിക്കപ്പെട്ട‌ എന്റെ‌ നാവ്‌‌!
‌എന്റെ‌ കര്‍മപുസ്തകം‌ തുടര്‍ന്നു‌ വായിക്കാന്‍‌ എനിക്കാ‌വുന്നില്ലല്ലോ‌! ഞാന്‍‌ വിലപിച്ചു‌.
''‌ശരി‌, വായന‌ തുടരുന്നതിനുമുമ്പ്‌ ഇതുകൂടി‌ കേള്‍ക്കൂ‌..‌!
‌
കോശപ്പകര്‍ച്ചകളിലൂടെ‌ നിനക്ക്‌ കൈമാറിക്കിട്ടിയ‌ പൂര്‍വ്വപിതാക്കളുടെ‌ ‌ഓര്‍മ്മകളും‌‌ സിദ്ധികളും‌‌‌ കെട്ടുപിണഞ്ഞുകിട‌ക്കുന്നതാണ്‌
‌നിന്റെ‌ കര്‍മരേഖ‌!
‌നിശ്ശബ്ദമായ‌ ഓര്‍മ്മകളുടെ‌ വള്ളിപ്പടര്‍പ്പുകളായി‌ അത്‌ നിന്റെ‌ ആകാശങ്ങളിലേക്ക്‌ പടര്‍ന്നു‌‌കയറിപ്പോകുന്നു‌..
‌‌ഇത്രയും‌ കാലം‌ ശബ്ദമുള്ള‌ വാക്കു‌കള്‍ക്കുമറ‌വില്‍‌ നീ‌ ഉന്മാദനായി‌ ഒ‌ളിച്ചിരിക്കുകയാ‌യിരുന്നതു‌കൊണ്ട്‌ നിനക്കത്‌ ഓര്‍ത്തെടുക്കാനായില്ല‌!
‌
നിന്റെ‌ ഉടല്‍‌‌വസ്ത്രം‌‌ അഴിഞ്ഞുവീഴും‌ മുമ്പ്‌‌ ‌പൂര്‍വ്വീകരുടെ‌ വേരുകളിലേക്കൊന്നി‌റങ്ങിനോക്കിയാല്‍‌,
നിന്റെ‌ പിതാമഹന്മാരില്‍‌ പലരും‌ അവരുടെ‌ പ്രത്യേക‌ സ്വഭാവശീലങ്ങളുമാ‌യി‌ നിന്നില്‍‌ ജീവിക്കുന്നുണ്ടെന്ന്‌ നിനക്ക‌റിയാനാകും‌!''‌
എനിക്ക്‌ ആകാംക്ഷയായി‌..
താരകം‌ തുടര്‍ന്നു‌:‌
''‌നീ‌.. ഒരു‌ അനാഥനായിരുന്നില്ല‌, പക്ഷെ‌ അനാഥനായിരുന്ന‌ ഒരു‌ പിതാവില്‍‌ നിന്നാണ്‌ നിന്റെ‌ കഥ‌ തുടങ്ങുന്നത്‌‌..
നാടിനുമുകളില്‍‌ ഒരു‌ മഹാമാരിയുടെ‌ വിഷ‌ബീജങ്ങള്‍‌ പെയ്തു‌വീണ‌ ഒരു‌ ദുരിതകാലത്തിന്റെ‌ ഓര്‍മകളിലൂ‌ടെ‌ നമുക്ക്‌ സഞ്ചരിക്കാം‌‌:‌
മലബാറിന്റെ‌ പല‌ ഭാഗങ്ങളിലുമെന്നപോലെ‌ തൊള്ളായിരത്തി‌ ഇരുപതുകളില്‍‌ നിന്റെ‌ കുലം‌ പിറക്കാനിരിക്കുന്ന‌ ഗ്രാമത്തിലും‌ 'കോളറ'‌യെന്ന‌ മഹാമാരി‌‌ ചുടല‌നൃത്തമാടി‌!
കൊടിയത്തൂര്‍‌,ചെറുവാടി‌ ദേശങ്ങളില്‍‌ നൂറുകണക്കിനാളുകള്‍‌ രോഗത്തിനും‌ മരണത്തിനും‌ കീഴടങ്ങി‌;‌ പേരുകേട്ട‌ പല‌ തറവാടുകളും‌ നാമാവശേഷമാകുന്നത്‌ നോക്കി‌ ‌നാട്‌ വിറങ്ങലി‌ച്ചു‌ നിന്നു‌!
'‌കോളറ‌‌‌.. വസൂരി‌.. വബാഉകളില്‍നിന്ന്‌ ഞങ്ങളെ‌ നാടിനെ‌ കാക്കണേ‌ റബ്ബേ‌..‌'‌ എന്ന‌ പ്രാര്‍ത്ഥന‌ ചൊല്ലി‌, രാത്രി‌ കാലങ്ങളില്‍‌ പെട്രോമാ‌ക്സുകള്‍‌ തലയിലേന്തി‌, പാതയോരങ്ങളിലൂടെ‌യും‌ പാടവരമ്പിലൂടെയും‌ ആളുകള്‍‌ വരിവരിയായി‌നടന്ന്‌ നാടിന്‌ സ്വാന്തനം‌ നല്‍കി‌!
പ്രാര്‍ത്ഥനയുടെ‌ ആയിരം‌ കൈകള്‍‌ ആകാശത്തേക്കുയര്‍ന്നപ്പോള്‍‌‌ അതിനുള്ള‌ ഉത്തരമെന്നോണം‌‌, അങ്ങ്‌ തെക്ക്‌ പെരുവള്ളൂര്‍‌ ദേശത്തേക്ക്‌ ഉണ്ണിമോയിന്‍‌കുട്ടി‌ മുസ്‌‌ലി‌യാരെ‌ തേടി‌ ആളുകള്‍‌ പോയി‌..
കുന്നുകളും‌ പാടങ്ങളും‌ നടവഴികളും‌ താണ്ടി‌, ഒരു‌ ഗ്രാമത്തിന്റെ‌ പ്രര്‍ത്ഥനയിലേക്ക്‌ ഉണ്ണിമോയിന്‍‌കുട്ടി‌ മുസ്‌‌ലി‌യാരും‌ സഹോദരന്‍‌ ‌മൂസ്സമുസ്‌‌ലിയാരും‌ മഞ്ചലിറങ്ങി‌..
മരുന്നും‌ മന്ത്രവുമറിയുന്ന‌ ‌മുസ്‌‌ലിയാരെ‌ ആളുകള്‍‌ '‌ഉണ്ണ്യേങ്കുട്ടി‌വൈദ്യര്‍‌'‌ എന്നു‌ വിളിച്ചു‌. ആദ്യം‌ രോഗം‌ പടരാതിരിക്കാനു‌ള്ള‌ മുന്‍‌ ക‌രുതലുകള്‍‌ തുടങ്ങി‌;‌ പിന്നെ‌ '‌അക്കുല്‍ബാരിത്തേങ്ങ'‌യുടെ‌ ചിരട്ട‌ കൊണ്ട്‌ കഷായമുണ്ടാ‌ക്കി‌ രോഗം‌ ബാധി‌ച്ചവരെ‌ ചികില്‍സിച്ചു‌ ഭേദമാക്കി‌.
‌
നാട്ടില്‍‌ കോളറ‌ നിയന്ത്രണ‌‌വിധേയമായ‌തോടെ‌
ഉണ്ണ്യേങ്കുട്ടി‌ വൈദ്യരേ‌യും‌ മൂസ്സമുസ്‌‌ലിയാരേ‌യും‌ നാട്‌ നെഞ്ചേറ്റി‌ സ്വീകരിച്ചു‌.
ഇനി‌യുള്ള‌ കാലം‌ ഞങ്ങളോടൊപ്പം‌ ഈ‌ നാട്ടില്‍‌ ജീവിക്കണമെന്ന്‌ ഉണ്ണ്യേങ്കുട്ടി‌ വൈദ്യരോടും‌ മൂസ്സമുസ്‌‌ലിയാരോടും‌ ജനങ്ങള്‍‌ വിനീതമായി‌ ആവശ്യപ്പെട്ടു‌.. അങ്ങനെ‌ അവര്‍ക്കായി‌ ഇരുവഴിഞ്ഞിപ്പുഴയുടെ‌ തീരത്ത്‌ ചെറുവാടി‌ തെക്കേ‌തൊടികയില്‍‌ ഒരു‌ മാളിക‌‌വീടുയര്‍ന്നു‌.. '‌മാളിയേ‌ക്കല്‍‌'‌ എന്ന‌ പേരില്‍‌ അത്‌ പ്രസിദ്ധമായി‌!
പക്ഷെ‌ ഉണ്ണ്യേയിന്‍‌ കുട്ടി‌ മുസ്‌‌ലിയാര്‍ക്ക്‌ മടങ്ങിപ്പോകാ‌തിരിക്കാന്‍‌ കഴിഞ്ഞില്ല‌. തന്റെ‌ സഹോദരന്‍‌ മൂസ്സമുസ്‌ലിയാരെ‌ ഈ‌ നാടിന്റെ‌ കാര്യങ്ങള്‍‌ ഏല്പിച്ചുകൊടുത്ത്‌ ഉണ്ണ്യേയിന്‍‌ കുട്ടി‌ മുസ്ലിയാര്‍ തിരിച്ചുപോയി‌.
ഒരു‌ നാടിന്റെ‌ മുഴുവന്‍‌ സുഖ‌ദു:ഖങ്ങളും‌ പങ്കുവെച്ച്‌ മൂസ്സമുസ്‌‌ലിയാര്‍‌ ഈ‌ നാട്ടുകാരിലൊരാളായി‌.. അതിനിടെ‌ മറിയം‌ എന്ന‌ സ്ത്രീയെ‌ വിവാഹം‌ കഴിച്ചു‌. അതില്‍‌ മൂന്ന്‌ ആണ്‍‌മ‌ക്കളും‌ മൂന്ന്‌ പെണ്‍‌ മ‌ക്കളുമായി‌ ആറ്‌ കുട്ടികള്‍‌ ജനിച്ചു‌‌.
കാലം‌ കടന്നുപോകവെ‌ മൂസ്സ‌മു‌സ്‌‌ലി‌യാര്‍‌, മലപ്പുറം‌ കാട്ടുങ്ങല്‍‌ മമ്മാ‌ദ്യ‌ എന്ന‌ ഒരു‌ സ്ത്രീയെകൂടി‌ വി‌വാഹം‌ കഴിച്ചു‌. അവര്‍‌ കൊണ്ടോട്ടിയില്‍‌ വീട്‌ വെച്ച്‌ താമസം‌ തുടങ്ങി‌. ‌അവരില്‍‌ ജനിച്ച‌ ഏക‌‌ മക‌നായിരുന്നു‌ നിന്റെ‌ പിതാവ്‌..
‌
പിതാവിന്റെ‌ കുട്ടിക്കാലത്ത്‌ തന്നെ‌ മൂസ്സ‌മുസ്‌‌ലിയാര്‍‌ മരണപ്പെട്ടു‌. കുറച്ചുകാലങ്ങള്‍ക്കുശേഷം‌ മാതാവ്‌ മമ്മാദ്യയെ‌ മറ്റൊരാള്‍‌ കല്ല്യാണം‌ കഴിച്ചു‌. അതില്‍‌ ജനിച്ച‌ രണ്ടു‌ കുട്ടികളും‌ ചെറുപ്പത്തില്‍‌ തന്നെ‌ മരിച്ചു‌.
ഉമ്മയുടെ‌ തണലില്‍‌ അധിക‌ കാലം‌ ജീവിക്കാന്‍‌ നിന്റെ‌ പിതാവിന്‌ ഭാഗ്യമുണ്ടായില്ല‌!
കുറച്ച്‌ കാലം‌ കഴിഞ്ഞപ്പോള്‍‌ മതാവും‌ രോഗബാധിതയായി‌ മരണപ്പെട്ടു‌. അനന്തരസ്വത്ത്‌ ഉമ്മയുടെ‌ രണ്ടാം‌ ഭര്‍ത്താവിലേക്ക്‌ പോയി‌.. അങ്ങിനെ‌ നിസ്സഹായ‌‌ബാല്യത്തില്‍‌, അനാഥത്വത്തിന്റെ‌ ഏറ്റവും‌ തീഷ്‌ണമായ‌ അവസ്ഥയില്‍‌, നിന്റെ‌ പിതാവ്‌ ഈ‌ ഭൂമിയില്‍‌ ഏകനായി‌ നിന്നു‌;‌ ശരിക്കും‌ അനാഥനായി‌, നിസ്സഹായനായി‌!
കഥ‌ തുടരും‌ മുമ്പ്‌ ഇതുകൂടി‌ അറിയുക‌ :‌
''‌നിന്റെ‌ ഓരോ‌ കണികയിലും‌ അടങ്ങീട്ടുള്ള‌ പിതാക്കളുടെ‌ ഗന്ധ‌വും‌‌‌ നിറ‌വും‌ ജൈവ‌വൈവിധ്യ‌ങ്ങളും‌ അടുത്ത‌ തലമുറയിലേക്ക്‌ പകര്‍ന്നു‌ നല്‍‌കു‌ന്ന‌ ഒരു‌ കണ്ണി‌ മാത്രമാണ്‌ നീ‌!
‌മനുഷ്യ‌ജന്മമെന്ന‌ മഹാപ്രതിഭാ‌സത്തിനു‌ വേണ്ടി‌ ഓരോ‌ നാടും‌ അതിനോട്‌ ചേര്‍ന്ന‌ കാലവും‌ ഒരു‌ ജനനത്തിനും‌ എത്രയോ‌ മുമ്പ്‌ തന്നെ‌ വളരെ‌ കൃത്യതയോടെ‌ തെയ്യാറെടുക്കുന്നത്‌ കൊണ്ടാണ്‌ ഒരു‌ തലമുറ രൂപപ്പെടുന്നത്‌. നീ‌ ആ‌ തലമുറയിലെ‌ ഒരു‌ കണിക‌ മാത്രം‌!
നിന്റെ‌ പിതാമഹന്മാരും‌ നിന്നെ‌ വളര്‍ത്തിയ‌ ‌സമൂഹവും‌ നിനക്ക്‌ തന്ന‌ ഓര്‍മ്മകള്‍‌ നീ‌ ചുമന്നുനടക്കുന്ന‌ത്‌ പോ‌ലെ‌, നിന്നെക്കുറിച്ചുള്ള‌ ഓര്‍മകള്‍‌ വരും‌ കാലങ്ങളില്‍‌ നിന്റെ‌‌ സന്താനങ്ങളും‌ ചുമന്ന്‌ നട‌ക്കും‌. അതിനാല്‍‌ നല്ല‌ ഓ‌ര്‍മകളും‌ സ്വപ്നങ്ങളും‌ സന്താനങ്ങള്‍ക്ക്‌ പകര്‍ന്നു‌ നല്‍കുക‌യെന്നത്‌ നിന്റെ‌ ധര്‍മം‌!
നിന്നെക്കുറിച്ച‌ അനിഷ്ടകരമായ‌ ഓര്‍മകളുടെ ഭാണ്ഡം‌ ചുമന്നാണ്‌ നിന്റെ‌ മക്കള്‍‌ അവരുടെ‌ ജീവിതം‌ നടന്നു‌‌തീര്‍ക്കുന്നതെങ്കില്‍‌, ഹാ‌.. അതെത്ര‌ നിര്‍ഭാഗ്യകരം‌!
‌നിന്റെ‌ കര്‍മ്മപുസ്തകത്തിന്‌ നീ‌ മാത്രം‌ സാക്ഷി‌! നിന്റെ‌ സ്വഭാവ‌ ശീലങ്ങളും‌ നടപടിക്രമങ്ങളും‌ തീരുമാനാധികാരങ്ങളും‌ മാത്രം‌ സാക്ഷി‌!
അത്‌ പ്രപിതാക്കളിലേക്ക്‌ ചേര്‍ത്തുപറയരുത്;‌
അവര്‍‌ ഒരു‌ നിയോ‌ഗത്തിലേക്ക്‌ നിന്നെ‌ കൈപിടിച്ചുനടത്തിയെന്നു‌ മാത്രം‌‌‌!
ഒരാള്‍‌ ജനിക്കുന്നത്‌ അയാള്‍‌ തിരഞ്ഞെടുത്ത‌ മാതാപിതാക്കളുടെ‌ മകനായിട്ടല്ല‌, നാടും‌ കാലവും‌ വര്‍ണ്ണവും‌ ലിംഗവും‌ തിരഞ്ഞെടുക്കാന്‍‌ ഒരാള്‍ക്ക്‌‌ അധികാരമില്ല‌ത്ത‌പോ‌ലെ‌ നിന്റെ‌ സന്താനങ്ങളെ‌ പുനര്‍നിര്‍ണ്ണയിക്കാനും‌ നിനക്കധികാരമില്ല‌!
മക്കളുടെ‌ നിയോഗത്തിലേക്ക്‌ അവര്‍‌ നടന്നെത്തും‌ വരെ‌ അവരെ‌ കൈപിടിച്ചുനടത്തുകയെന്നതാണ്‌ ‌നിന്റെ‌യും‌ ധര്‍മം‌‌!
തികച്ചും‌ ഒരു‌ അനാ‌ഥന്റെ‌ മകനായ‌, അനാഥനല്ലാ‌ത്ത‌ നീ‌, ഒരു‌ അനാഥാലയത്തിലേക്ക്‌ എത്തിച്ചേരുന്നതിന്റെ‌ നിയോഗ‌ പശ്ചാത്തലത്തിലേക്ക്‌ ഇനിയും‌ സഞ്ചരിക്കാനുണ്ട്‌..
...... (തുടരും‌) .....
...‌........................ റസാഖ്‌ വഴിയോരം‌ ......... ..

അധ്യാ‌യം‌ :‌- 10‌ കൊടുത്തുവീട്ടാന്‍‌ കഴിയാത്ത‌ കട‌ങ്ങള്‍‌ :‌

 

അധ്യാ‌യം‌ :‌- 10‌
...................‌.......
കൊടുത്തുവീട്ടാന്‍‌ കഴിയാത്ത‌ കട‌ങ്ങള്‍‌ :‌
.....................................................................‌..
ചേരാംകുന്നിനുമുകളില്‍‌ ചന്ദ്രനുദിച്ചു‌. നിറഞ്ഞ‌ നിലാവിലൂടെ‌‌ പഞ്ചാരമാവിലേക്ക്‌ പാതിരാപ്പ‌ക്ഷികള്‍‌ പറ‌ന്നുവന്നു‌.‌ കുന്നിനുമുകളിലെ‌ കുശവന്മാരുടെ‌ ആലയില്‍‌‌നിന്ന്‌ ‌കുതിര്‍ന്ന‌
‌കളിമണ്ണിന്റെ‌ ചടുല‌ശബ്ദ‌‌താളം‌ കുന്നിറങ്ങിവന്നു‌. മുറ്റത്ത്‌ മെടഞ്ഞിട്ട‌ തെങ്ങോ‌ലയില്‍‌ ഞാന്‍‌‌ ‌വെറുതെ‌ നിലാവുനോക്കി‌ ‌കിടന്നു‌...
മേയ്‌ മാസത്തിലെ‌ കളിയുന്മാദങ്ങള്‍‌ അവസാ‌നിക്കുകയാണ്‌. ഹസ്സനാജിക്ക്‌ കൊടുക്കാന്‍‌ അമ്മാവന്‍‌ എഴുതിത്തന്ന‌ കത്ത്‌ ഭദ്രമായി‌ ഇരുമ്പുപെട്ടിയില്‍‌ വെച്ചിട്ടുണ്ട്‌.
തുരുമ്പുപിടിച്ച്‌ കറുത്ത‌ ഇരുമ്പുപെട്ടി‌ കാക്കയാണ്‌ മഞ്ഞപെയ്ന്റടിച്ച്‌ പുത്തനാക്കിത്തന്നത്‌. രണ്ടുദിവസം‌ കഴിഞ്ഞാല്‍‌ മേരിക്കുന്നിലേക്ക്‌ പോകു‌മ്പോള്‍‌ കൊണ്ടുപോകാനുള്ളതാണ്‌.
‌ഇക്കൊല്ലത്തെ‌ വെള്ളപ്പൊക്കത്തിന്‌ പാടവരമ്പത്ത്‌ പോയിനില്‍ക്കാനും‌,
‌കൂട്ടിക്കെട്ടിയ‌ വാഴത്തടിയിലിരുന്ന്‌ രണ്ടുകൈകള്‍കൊണ്ടും‌ അക്കരെയിക്കരേക്ക്‌ തുഴഞ്ഞുകളിക്കാനും‌‌ ഞാനുണ്ടാവില്ല‌!
പാടത്തെ‌ കല‌ക്കുവെള്ളത്തിലിറങ്ങി‌ ‌ ‌കുഞ്ഞുമീനുകളെ‌ പിടിച്ച്‌‌ ചേമ്പിലയിലാക്കി‌, കിണറ്റിലെ‌ തെളിഞ്ഞ‌ ‌വെള്ളത്തിലേക്കിട്ട്‌, അവ‌ നീന്തിപ്പോകുന്നത്‌ നോക്കി‌ കി‌ണറ്റുവക്കത്തിരിക്കാനും‌ ഇനി‌ ഞാനുണ്ടാവില്ല‌!
ചീവീടുകളു‌റങ്ങാത്ത‌ വീട്ടു‌മുറ്റത്ത്‌ ആകാശം‌ നോക്കി‌ ഞാന്‍‌ കിടന്നു‌. നിലാവിനു‌ മുകളിലൂടെ‌ കരിമേഘങ്ങള്‍‌ പാഞ്ഞുപോകുന്നുണ്ട്‌;‌ മഴക്കാലം‌ തുടങ്ങുന്ന‌തിന്റെ‌ ലക്ഷണ‌ങ്ങളണ്‌‌!
മഴപെയ്ത്‌ വെള്ളം‌ കലങ്ങുന്നതിനു‌ മുമ്പ്‌
പുഴയില്‍‌ പോയി‌ നന്നായൊന്നുകൂടി‌ നീന്തിക്കു‌ളിക്കണം‌.
വേലിയിറക്കമാണെങ്കില്‍‌ അക്കരെ‌ പോയി‌ ചൂണ്ടയി‌ട്ട്‌ മീന്‍പിടിക്കണം‌.
കുളികഴിഞ്ഞ്‌ മടങ്ങുമ്പോള്‍‌
പുഴവക്കത്തെ‌ '‌നിസ്കാ‌രക്കല്ലി'‌ല്‍‌ പോയി‌ കുറച്ച്‌ സമയം‌ വെറുതെ‌യിരി‌ക്കണം‌.‌..
നിസ്ക‌രിക്കാന്‍‌ പാകത്തില്‍‌ നീളത്തിലുള്ള‌ ആ‌ പാറ‌ക്ക‌ല്ല്‌‌ ആരാണ്‌ ചുങ്കത്തു‌കടവിനടുത്ത്‌ കൊണ്ടിട്ടതെന്ന്‌ പരിയാരത്തെ‌ വല്ല്യുമ്മയോട്‌ ഒരിക്കല്‍‌ ചോ‌ദിച്ചതാണ്‌:‌
''‌‌ജിന്ന്വോള്‌ കൊണ്ടോയിട്ടതാ‌...''‌ വല്ല്യുമ്മ‌ കുലുങ്ങിച്ചിരിച്ചുകൊണ്ട്‌ പറഞ്ഞു‌;‌
ഞങ്ങളെ‌ പേടിപ്പിക്കാന്‍‌ പറഞ്ഞതായിരുന്നു‌!
ഒരിക്കല്‍‌ ചുങ്കത്തെ‌ '‌ബാപ്പു'‌വാണ്‌ ഒരാളുടെ‌ നീളമുള്ള‌ ആ‌ നിസ്ക്കാരക്ക‌ല്ലിന്റെ‌ കഥ‌ ഞങ്ങള്‍ക്ക്‌ പറ‌ഞ്ഞു‌തന്നത്‌. മുളങ്കൂ‌ട്ടങ്ങള്‍‌ നിറ‌ഞ്ഞ‌ ചുങ്കത്തെ‌ കടവിനടുത്താണ്‌ ബാപ്പുവിന്റെ‌ വീട്‌;‌ പുഴയെക്കുറിച്ച്‌ അവ‌നറിയാത്ത‌തായി‌ ഒന്നുമില്ല‌!
നിസ്കാ‌രക്കല്ലിനടുത്തുള്ള‌ കോമാ‌വില്‍‌ നിന്ന്‌ പഴുത്ത‌ കോമാങ്ങ‌ '‌ക്ലും'‌ എന്ന‌ ശബ്ദത്തോടെ‌ പുഴയില്‍‌ വീണ്‌ ഒഴുകിത്തുട‌ങ്ങുമ്പോള്‍‌ ‌ ബാപ്പു‌ വെള്ളത്തിലേക്കിറങ്ങി‌ മാങ്ങയെടുത്ത്‌ കരയിലേക്കെറിഞ്ഞുതരും‌. പിന്നെ‌ നിസ്കാ‌രക്കല്ലിലിരുന്ന്‌ കടിച്ചീമ്പിത്തിന്ന്‌ മാങ്ങയണ്ടി‌ ഞങ്ങള്‍‌ വെള്ളത്തിലേക്കു‌തന്നെ വലിച്ചെ‌റിയും‌.
ചുങ്കത്തെ‌ വീടിനുമുറ്റത്തുകൂടിയാണ്‌ ഞങ്ങള്‍‌ പുഴയില്‍‌ ചൂണ്ടലിടാന്‍‌ പോകുന്നത്‌.
പെരുമ്മഴ‌ '‌ഒരമ്പി‌'‌ വരുമ്പോള്‍‌ ചൂണ്ടല്‍‌ പുഴവക്കത്ത്‌ കുത്തിയിട്ട്‌ ഞങ്ങള്‍‌ കൊ‌ടപ്പനയുടെ‌ ചോട്ടിലേക്കോടും‌.
നല്ല‌ മഴയാണെങ്കില്‍‌ ചുങ്കത്തെ‌ ഓല‌വീടിന്റെ‌ ഇറയത്ത്‌ പോയി‌ കൂനിക്കൂടി‌നില്‍ക്കും‌.
ഒരു‌ കയ്യില്‍‌ നൂറുതേച്ച‌ മഞ്ഞ‌ വെറ്റിലയും‌ പിടിച്ച്‌, മുറ്റത്തേക്കെത്തിനോക്കി‌ 'മായി'‌ ഉറക്കെ‌ വിളിച്ചു‌പ‌റ‌യും‌:‌
''മഴ‌ കൊള്ളണ്ട‌ കുട്ട്യളെ‌.. മ്മാരത്തേക്ക്‌ കേറി‌ നിന്നോളി‌..''‌
പിന്നെ‌ വെറ്റിലക്കറയുള്ള‌ ചുവന്ന‌ പല്ലുകാട്ടി‌ ചിരിച്ചുകൊണ്ട്‌ ഞങ്ങ‌ളെ‌ സ്നേഹത്തോടെ‌ നോക്കിനില്‍ക്കും‌.
ഞങ്ങള‌പ്പോള്‍‌, ഓല‌പ്പുറത്ത്‌ നിന്ന്‌ ഇറയിലേക്ക്‌ വീഴുന്ന‌ മഴവെള്ളത്തിലേക്ക്‌ കാലുകള്‍‌ നീട്ടി‌ക്കഴുകി‌ ‌'‌ചീറ്റ‌ലടിച്ച്‌'‌ നനഞ്ഞ‌ മണ്‍കോലായിലേക്ക്‌ കയറി‌ നില്‍ക്കും‌.
ഏതോ‌ മാപ്പിളപ്പാട്ടിന്റെ‌ ഈ‌ണത്തില്‍‌ ചൂളം‌ വിളിച്ച്‌, മുറ്റത്തെ‌ പിലാവില്‍‌ നിന്ന്‌ അണ്ണാന്‍‌ തുരന്ന‌ പഴുത്ത‌ ചക്ക‌ വലിച്ച്‌ ബാപ്പു‌ ഞങ്ങള്‍ക്ക്‌ ഓരൊ‌ 'എത്തു'‌കളാ‌ക്കി‌ മുറിച്ചു‌ ത‌രും‌.
ചുങ്കത്തെ‌ കോലായില്‍‌ നിന്ന്‌ നോക്കിയാല്‍‌ ചെറുതും‌ വലുതുമായ‌ വര‌മ്പിന്റെ‌ കള്ളികളായി‌ ഊരാളിക്കുന്നുവരെ‌ നീണ്ടുകിടക്കുന്ന‌ ഈ‌ങ്ങല്ലീരിപ്പാടം‌ കാണാം‌.
പാടത്ത്‌ കൊയ്ത്തുകഴിഞ്ഞാല്‍‌ പിന്നെ‌ പന്തുകളി‌യുടെ‌ കാലമാണ്‌. ‌നെല്‍കുറ്റികള്‍‌ നിറഞ്ഞ‌ നനഞ്ഞ‌ മണ്ണില്‍‌ ശീമക്കൊന്ന‌വടിയുടെ‌ പോസ്റ്റുകള്‍‌ നാട്ടി‌ ഞങ്ങള്‍‌ പന്ത്‌ കളിക്കും‌. കളികഴിഞ്ഞ്‌ പുഴയില്‍‌ പോയി‌ ഇരുട്ടുന്നവരെ‌ നീന്തിക്കു‌ളി‌ക്കും‌..‌
മഴക്കാലം‌ തുടങ്ങിയാല്‍‌ തോടും‌ പാടവും‌ നിറയും‌.
പുഴയില്‍‌‌നിന്ന്‌ തോട്ടിലൂടെ‌ വെള്ളം‌ ഒഴുകിവന്ന്‌ പാടത്ത്‌ നിറയാന്‍‌ തുടങ്ങുമ്പോള്‍‌ മീന്‍പിടിക്കാന്‍‌ വലയും‌ കത്തിയുമായി‌ ആളുകള്‍‌ വരും‌.
വെള്ളം‌ ഏറ്റം‌ തുടങ്ങിയാല്‍‌ തലയിലൊരു‌ തോര്‍ത്തുമുണ്ട്‌ കെട്ടി‌, കയ്യില്ലാത്ത‌ ബനിയനുമിട്ട്‌ ബാപ്പു‌ ‌പാടത്തൂടെ‌ ചെറുതോണി തുഴഞ്ഞ്‌ പോകും‌;‌ വെള്ളം‌ കയറുന്ന‌ വീടുകളില്‍‌ നിന്ന്‌ ‌സാധങ്ങളെടുത്ത്‌ വെള്ളം‌ കയറാത്ത‌ വീടു‌കളിലേക്കെത്തിക്കും‌!‌
പുഴവക്കത്തെ‌ '‌നിസ്കാ‌രക്കല്ലി'‌ല്‍‌ ഞാന്‍‌ കണ്ണടച്ചുകിടന്നു‌.‌..
ബാപ്പു‌വില്ലാതെ‌ പിന്നെയും‌ പുഴയൊഴുകി‌‌...!
കാലവര്‍ഷങ്ങളില്‍‌ നിസ്ക്കാരക്കല്ലിനോളം‌ കയറിവന്ന്‌ ‌പു‌ഴ‌ ഒന്നും‌ മിണ്ടാതെ‌ മടങ്ങിപ്പോയി‌...!
കോമാവില്‍‌ നിന്ന്‌ പിന്നെയും‌ മാങ്ങകള്‍‌ വീണ്‌ പുഴയിലൂടെ‌ ഒലിച്ചു‌പോയി‌;‌ ആരും‌ കരയിലേ‌ക്കെടുത്തെറിയാതെ‌...!
ബാല്യകൗമാരങ്ങളിലെ‌ എല്ലാ‌ ദു:ഖങ്ങളും‌ പിണക്കങ്ങളും‌ കുഞ്ഞോളങ്ങളിലേറ്റുവാങ്ങി‌ ഞങ്ങളെ‌ തഴുകിത്തലോടി‌യ‌ സാന്ത്വനത്തിന്റെ‌ നീരൊഴുക്കായിരുന്നു‌ ഇരുവഴിഞ്ഞിപ്പുഴ‌!
പുഴയുടെ‌ കുളിരറിയാതെ‌ ഒരു‌ ദിവസം‌ പോലും‌ കടന്നു‌പോ‌യില്ല‌.‌
മുളങ്കൂട്ടങ്ങളില്‍‌ നിന്ന്‌
മിഴിനീരുപോലെ‌ കുഞ്ഞോളങ്ങളില്‍‌ വീണലിയുന്ന‌ ജലകണങ്ങള്‍‌ക്കൊപ്പം‌
എന്റെ‌ പുഴയോര്‍മ‌കളും‌ അലിഞ്ഞുപോവുകയാണ്‌.
‌പുഴയിലേക്കോടിപ്പോ‌കുമ്പോള്‍‌ പെരിയാ‌രത്തെ‌ '‌വെല്ലിമ്മ‌'‌ വിളിച്ചുപറയും:‌
''‌വെള്ളംവേലിന്റെ‌ നേരാ‌.. നീറായ്ക‌ള്ണ്ടാവും‌..''‌
‌ഞങ്ങള്‍‌ തിരിച്ചെത്തുന്നവരെ‌ കോലായില്‍‌ വടിയും‌ കുത്തിപ്പിടിച്ച്‌ വ‌ഴിയിലേക്ക്‌ നോക്കിനില്‍ക്കുന്നുണ്ടാവും‌ വെല്ലിമ്മ‌!
പിന്നെ‌ കട്ടിലില്‍‌ കാലുകള്‍‌ നീട്ടിവെച്ച്‌, കാച്ചിത്തുണിയുടെ‌ കരകള്‍‌ ശരിയാക്കി‌ വല്ല്യുമ്മ കഥകള്‍‌ പറയാന്‍‌ തുടങ്ങും‌.. ലഹളയുടെ‌ കാലത്ത്‌
നാട്ടിലിറങ്ങിയ‌ പട്ടാളക്കാരുടെ‌ വെടികൊണ്ട്‌ '‌ശഹീദാ'‌യി‌ മരിച്ച‌വരുടെ‌ വീര‌കഥകള്‍‌ കേട്ട്‌ ഞങ്ങള്‍‌ ചുറ്റുമിരിക്കും‌‌..
കുറച്ച്‌ കഴിയുമ്പോള്‍‌ ''ബാക്കി‌ നാളെ‌..''‌ എന്നൊരു‌ ചിരിയോടെ‌ ഞങ്ങളെ‌ സ്നേഹത്തോടെ‌ നോക്കി‌യിരിക്കും‌...
ഇരുവഴിഞ്ഞിപ്പുഴയില്‍‌ എപ്പോഴും‌ ആളുകളുടെ‌ തിരക്കാണ്‌;‌ കുളി‌ക്കുന്നവരും‌,അലക്കുന്നവരും‌,മീന്‍‌ പിടിക്കുന്നവരുമൊക്കെയായി‌..
വേലിയേറ്റം‌ തുടങ്ങു‌മ്പോള്‍‌
അക്കരെ‌ പാടത്തുനിന്ന്‌ കുട്ടയിലാക്കി‌യ‌ കളിമണ്ണ്‌ തലയില്‍‌ വെച്ച്‌, പുഴവക്കത്തെ‌ കുത്തനെയുള്ള‌ സ്റ്റെപ്പുകളിറങ്ങി‌ '‌മമ്പണിക്കാര്‍‌'‌ വരും‌.
മണ്ണ്‌ നിറച്ച‌ തോണി‌ വെള്ളത്തിന്‌ ‌സമാന്തരമാകുമ്പോള്‍‌ ‌വക്കത്തുകൂടി‌ കഴുക്കോല്‍‌ കുത്തി‌‌നടന്ന്‌
ഫറോ‌ക്കിലെ‌‌ ഓട്ടുകമ്പനിയിലേക്ക്‌ കൊണ്ടു‌പോകും‌.‌
ചിലപ്പോള്‍‌ തേങ്ങ‌യും‌ ചെങ്കല്ലും‌ മറ്റു‌ സാധനങ്ങളും‌ കയറ്റിയ‌ വലിയ‌ തോണികളും‌ പുഴയിലൂടെ‌ തുഴഞ്ഞുപോകും‌.
വലിയ‌ മരത്തടികള്‍‌ കൂട്ടിക്കെട്ടി‌ കല്ലാ‌യിലേക്ക്‌ '‌തെരപ്പം‌'‌ കുത്തിപ്പൊകുന്നവര്‍‌, ഓട‌ ചീന്തി‌ പരമ്പുകളുണ്ടാ‌ക്കുന്നവര്‍ക്കായി‌ മലയില്‍‌ നിന്ന്‌ ഓടകളുടെ‌ കെട്ടുകള്‍‌ തുഴഞ്ഞുവരുന്നവര്‍‌... ‌ എല്ലവരുടേയും‌ ജലപാത‌യായിരുന്നു‌ ഇരുവഴിഞ്ഞിപ്പുഴ‌!
ഫറോക്കില്‍‌ നിന്ന്‌ തോണിക്കാര്‍‌ മടങ്ങിവരുമ്പോള്‍‌ അങ്ങാടിയി ലേക്കുള്ള‌ അരി‌സാധങ്ങളായിരിക്കും‌ തോണി‌ നിറയെ‌‌.
മഴക്കാലത്ത്‌ നല്ല‌ ഒഴുക്കുള്ള‌ വെള്ളപ്പൊക്കത്തില്‍‌, തോണിയില്‍‌ നി‌റയെ‌ അരിസാധങ്ങളുമായി‌, പുഴ‌ യിലേക്ക്‌ തൂങ്ങി‌ നില്‍ക്കുന്ന‌ മരപ്പൊ‌ന്തകളില്‍‌ പിടിച്ചു‌വലിച്ച്‌, ഒഴുക്കിനെതിരെ‌ തോണിതുഴഞ്ഞ്‌ ഞങ്ങളുടെ‌ ഗ്രാമത്തിന്റെ‌ വിശപ്പിലേക്ക്‌ ആരൊക്കെയോ‌ ‌ആഹാരമെത്തിച്ചു‌തന്നു‌.
'‌കയ്യിലും‌ കാലിലും‌ കഠിനാ‌ദ്ധ്വാനത്തിന്റെ‌ കറുത്ത‌ തഴമ്പുകളുള്ള‌, അറി‌യപ്പെടാത്ത‌ ഒരു‌ പാടു‌ മനുഷ്യരുടെ‌ വിയര്‍പ്പില്‍‌ നനഞ്ഞ‌
‌സെല്ലുകളുടെ‌ സാകല്യമാണ്‌ '‌ഞാനെ'ന്ന‌ അഹങ്കാരം‌‌..'‌
മുമ്പേനടന്നുപോയ‌വര്‍‌ പകരമായി‌ ഒന്നും‌ ചോദിച്ചില്ല‌, കണ‌ക്കുകള്‍‌ എഴുതിവെച്ചില്ല‌‌‌‌;‌ ഒരു‌ പുഞ്ചിരിക്കു‌പോലും‌ ‌കാത്തുനിന്നില്ല‌‌! ‌‌‌
കൊടുത്തു‌ വീട്ടാന്‍‌ കഴിയാതെപോയ‌ കട‌ങ്ങള്‍‌ക്ക്‌ പകരമാവില്ല‌ ഈ‌ ഓര്‍മ‌പ്പൂ‌ക്കളെന്നറിയാം‌;‌ എങ്കിലും‌..‌!
സഹയാത്രികന്‍‌ പറ‌ഞ്ഞു‌:‌
''‌ഒരു‌ ബീജത്തില്‍‌ നിന്നും‌ മനുഷ്യപൂര്‍ണ്ണ‌തയിലേക്കുള്ള‌ നിന്റെ‌ യാത്രയില്‍‌ അനേകമാളു‌കളെ‌, അവസരങ്ങളെ‌, അര്‍ഹമായ‌ സ്ഥലങ്ങളില്‍‌, കാലങ്ങളില്‍‌, നിനക്കു‌‌ സഹായികളായി‌ ദൈ‌വം‌ ഒരുക്കി‌ നിര്‍ത്തിയിരിക്കുന്നുവെന്ന്‌ ഞാനറിയുന്നു‌..''‌
എനിക്കാകാംക്ഷയായി‌..!
''‌ആരുടെയൊക്കെ‌ കരുതലിലാണ്‌ ഞാനെന്ന‌ ദുര്‍ബല‌ജന്മം‌ സ്വന്തം‌‌ ‌കാലിലമര്‍ന്നു‌നില്‍ക്കാന്‍‌ ശക്തി‌നേടിയതെന്നു‌കൂടി‌ എനിക്കു‌ പറ‌ഞ്ഞുതരൂ‌..''‌
''‌ഒരിക്കല്‍‌ പോ‌ലും‌ ക‌ണ്ടി‌ട്ടില്ലാത്ത‌ എത്ര സുമനസ്സുകളുടെ‌ ഔദാര്യത്തിലാണ്‌ നീ‌ അനാഥാലയത്തില്‍‌ അന്തിയുറങ്ങിയതെന്ന്‌ നിനക്കുതന്നെ‌ ഓര്‍ത്തെടുക്കാവുന്നതേയുള്ളൂ‌..!''‌ സഹയാത്രികന്‍‌ മന്ദഹസിച്ചു‌.
''ശരിയാണ്;‌ ഞാന്‍‌ ഓര്‍ക്കാതിരുന്നത്‌ എന്റെ‌ അധമത്വം‌!‌ ഈ‌ ചേര്‍ത്തെഴുതുന്ന‌ അക്ഷരങ്ങള്‍‌ പോലും‌ ആരോ‌ കനിഞ്ഞരുളിയ‌ ദാനമാണെന്ന്‌ ‌ഇപ്പോള്‍‌ ഞാന‌റി‌യുന്നു‌.."‌
ഭൂതകാലങ്ങളി‌ലേക്ക്‌ കണ്ണ്‌ തുറന്ന്‌ ഞാന്‍‌ വീണ്ടും‌ നിസ്കാ‌രക്കല്ലിലിരുന്നു‌..
'‌നടക്കാനറിയാത്ത‌ കൈകുഞ്ഞായിരുന്നപ്പോള്‍‌ എത്ര‌ സ്ഥലങ്ങളിലേക്കെന്നെ‌‌ എടുത്തുകൊണ്ടുനടന്നിട്ടുണ്ടാവും‌ എന്റെ‌ സഹോദരന്‍‌‌!
വിശന്നു‌കരഞ്ഞപ്പോള്‍‌ എനിക്കെത്ര‌ തവണ‌ ചോ‌റു‌ വാരിത്തന്നിട്ടുണ്ടാവും‌ എന്റെ‌ സഹോദരിമാര്‍‌‌!
എത്ര‌ തവണ‌ എന്നെ‌ താലോലിച്ചിട്ടുണ്ടാവും‌ എന്റെ‌ അയല്‍വാസികള്‍‌!
പിന്നെ‌യും‌ നേരിട്ടറിയാത്ത‌ എത്രയെ‌ത്ര‌യാളുകളെന്നെ‌ രോഗങ്ങളില്‍‌ പരിചരിച്ചിട്ടുണ്ടാവും‌...!
ഓര്‍മ്മകളിലേക്ക്‌ ഒരിക്കല്‍‌ പോലും‌ എത്തി‌ നോക്കി‌ അലോസരപ്പെടുത്താതെ‌, ഒന്നിനും‌ കണ‌ക്കു‌പറ‌ഞ്ഞ്‌ ശല്യപ്പെടുത്താതെ‌ എന്നെ‌ തഴുകിത്തലോടിപ്പോയ‌ സുകൃതജന്മങ്ങളേ‌‌..;‌
എല്ലാം‌ സ്വന്തമായി‌ ചെയ്യാ‌മെന്നായപ്പോള്‍‌, സ്വന്തമായി‌ സമ്പാദിക്കാമെന്നായപ്പോള്‍‌,
കറുപ്പും‌ വെളുപ്പുമുള്ള‌ കള്ളികളി‌ലേക്ക്‌ നിങ്ങളെ‌ മാറ്റിനിര്‍ത്തിയ‌ എന്റെ‌ മൗഢ്യ‌ത്തിന്‌ മാപ്പ്‌!
........
‌ഞങ്ങളുടെ‌ ഗ്രാമത്തിലേക്ക്‌ തോണിയില്‍‌ കൊണ്ടുവരുന്ന‌ അരിച്ചാക്കുകളും‌ മറ്റും‌ കടവില്‍‌ നിന്ന്‌ പാടവരമ്പത്തൂടെ‌ തലച്ചുമടായി‌ട്ടാ‌യിരുന്നു‌ പീടികയിലെത്തിച്ചിരുന്നത്‌. റോഡും‌ വൈദ്യുതിയുമെ‌ത്താത്ത‌ ഞങ്ങളുടെ‌ ഗ്രാമ‌ത്തിലന്ന്‌ രണ്ട്‌ പീടികകള്‍‌ മാത്രമാണുണ്ടാ‌യിരുന്നത്‌.
തേങ്ങയും‌ അടക്കയുമൊക്കെ‌ ഉണക്കുന്ന‌ വലിയ‌ 'ചേവുപുര'‌കളോട്‌ ചേര്‍ന്ന്‌ ബീരാങ്കുട്ടി‌ ഹാജിയുടെ‌ പല‌ചരക്കു‌കട‌യും‌,
അങ്ങാടിയുടെ‌ നടുവിലുള്ള‌ വലിയ‌ കിണറിനപ്പുറത്ത്‌ പള്ളിപ്പറമ്പിനടുത്തുള്ള‌ '‌പീസ്യാക്ക‌'‌യുടെ‌ അരിപ്പീടിക‌യും‌...
കാലവര്‍ഷം‌ തിമര്‍ത്തുപെയ്യുന്ന‌ ഒരു‌ വൈകുന്നേരം‌.! മഴ‌ അല്പം‌ കുറഞ്ഞപ്പോള്‍‌, നോട്ടുബുക്കില്‍‌ നിന്ന്‌ പറിച്ചെടുത്ത‌ നീല‌വരയുള്ള‌ കടലാസിലൊരു‌ കത്തും‌ ഒരു‌ തുണി‌‌സഞ്ചിയും‌ തന്നിട്ട്‌ ഉമ്മ‌ എന്നെ‌
‌പീടികയിലേക്ക്‌ പറഞ്ഞയച്ചു‌.
വീട്ടില്‍‌ നിന്ന്‌ ഇടുങ്ങിയ‌‌ ഇ‌ടവഴി‌യിലൂടെ‌ നടന്ന്‌ വടക്കുവീട്ടിലെ‌ പാടവക്കത്തെത്തിയാല്‍‌ പിന്നെ‌ ചെങ്കല്ലുകൊണ്ട്‌ കെട്ടിയ‌ വലിയ‌ സ്റ്റെപ്പുകളിറങ്ങി‌ ‌ പാടത്തെ‌ വീതികുറഞ്ഞ‌ വളഞ്ഞ‌ വരമ്പിലൂടെ‌ നടന്നുവേണം‌ പീടികയിലെത്താന്‍‌‌.
പാടത്ത്‌ വെള്ളപ്പൊക്കം‌ കയറി‌ത്തുടങ്ങിയിരുന്നു‌. പാടവരമ്പുകള്‍‌ ഏറെക്കുറെ‌ മുങ്ങിത്തുടങ്ങി‌. വരമ്പിലെ‌ മുറിവഴികളി‌ലൂടെ‌ വെള്ളം‌ ശക്തിയായി‌ മേലെ‌ പാടത്തേക്ക്‌ കയറുന്നുണ്ട്‌.
കലങ്ങോട്ടെ‌‌ അമ്പലത്തിന‌ടു‌ത്ത‌ ചെത്തുവഴിയിലെത്തിയപ്പോള്‍‌ ഞാന്‍‌ പതുക്കെ‌ കത്ത്‌ വായിച്ചു‌ നോക്കി‌:‌
''‌ഉദവിയാല്‍‌‌.. കുറച്ച്‌ അരിയും‌ സാധനങ്ങളും‌ കൊടുത്തയക്കണം‌. പൈസ‌ അടുത്താഴ്ച‌ തന്നു‌ തീര്‍ക്കാം‌... എന്ന്‌...'‌'‌
കുപ്പായമിടാതെ‌, മുട്ടുവരെയുള്ള‌ കള്ളിത്തുണിയുടുത്ത്‌ മടിച്ച്‌ മടിച്ച്‌ ഞാന്‍‌ പീസ്യാക്കയുടെ‌ പീടികയുടെ‌ അടുത്തെത്തി‌. സാ‌ധനം‌ വാങ്ങാന്‍‌ വ‌ന്നവര്‍‌ പോകുന്ന‌വരെ‌ ഞാന്‍‌ സഞ്ചികൊണ്ട്‌ വായ‌ മൂടിപ്പിടിച്ച്‌ ഒരു‌ തൂണിന്മേല്‍‌ ചാരിനിന്നു‌.
തിരക്കൊഴിഞ്ഞപ്പോള്‍‌ ഞാന്‍‌ പീസ്യാക്ക‌യുടെ‌ നേരെ‌ കത്തു‌ നീട്ടി‌. കത്ത്‌ നിവര്‍ത്തി‌ വായിക്കുന്നതിനിടയില്‍‌ എന്നെയൊന്ന്‌ നോക്കി‌ക്കൊണ്ടയാള്‍‌ ചോദിച്ചു:‌
''‌‌മുമ്പ്‌ വാങ്ങ്യേന്റെ‌ പൈസെവിടെ‌...?''‌
''‌ബാപ്പ‌ അടുത്താഴ്ച‌ വന്നാ‌ ഒന്നായി‌ തരാന്ന്‌ പറഞ്ഞു‌ ഉമ്മ‌..''‌ ഞാന്‍‌ വിക്കി‌വിക്കി‌പ്പ‌റഞ്ഞു‌.
''‌‌ ഇനി‌ ക‌ടം‌ തരാന്‍‌ കയ്യൂലാന്ന്‌ മ്മാനോട്‌ ചെന്ന്‌ പറഞ്ഞാളാ‌.."‌ കത്ത്‌ മടക്കി‌ എന്റെ‌ നേര്‍ക്ക്‌ നീട്ടിക്കൊ‌ണ്ട്‌ അയാള്‍‌ പറ‌ഞ്ഞു‌.
അപമാനവും‌ ആശാഭംഗവും‌ ഒരു‌ തേങ്ങലായി‌ പുറത്തേക്കുവരാതിരിക്കാന്‍‌ ചുരുട്ടിപ്പിടിച്ച‌ തുണിസഞ്ചി‌കൊണ്ട്‌ ഞാന്‍‌ ചുണ്ടില്‍‌ അമര്‍ത്തിപ്പിടിച്ചു‌.
മഴ‌ പതുക്കെ‌ പെയ്യാന്‍‌ തുടങ്ങി‌യിരുന്നു‌. ഇന്ന്‌ രാത്രിയും‌ പട്ടിണിയായിരിക്കുമല്ലോ‌ എന്ന‌ വിതുമ്പലുമാ‌യി‌ പള്ളിപ്പറമ്പിനടുത്ത്‌ കുറച്ച്‌ സമയം‌ ഞാന്‍‌ നിന്നു‌.
കള്ളിച്ചെടികള്‍‌ കാടുകൂടിയ‌ ഇരുട്ടിലേക്ക്‌ വെറുതെ‌ നോക്കിനിന്നപ്പോള്‍‌ ആരൊക്കെയോ‌ എന്നെ‌ സമാധാനിപ്പിക്കുന്ന‌ പോലെ‌ ഒരു‌ തോന്നല്‍‌!
അവിടെയിരുന്ന്‌ അബ്ദുല്‍മജീദ്‌ എന്നെ‌ കാണുന്നുണ്ടാവുമോ‌..!
ഞാനങ്ങനെ‌ ആലോചിച്ചു‌നില്‍ക്കുമ്പോള്‍‌ എന്റെ‌ സങ്കടത്തിലേക്ക്‌ അപ്രതീക്ഷിതമായി‌ അയാള്‍‌ ‌കൈ‌‌കൊട്ടി‌വിളിച്ചു‌... ഞാന്‍‌ മടിച്ച്‌ മടിച്ച്‌ അയാളുടെ‌ അടുത്തേക്ക്‌ ചെന്നു‌.
അയാള്‍‌ എന്റെ‌ അടുത്ത്‌ നിന്ന്‌ തുണി‌സഞ്ചി‌ വാങ്ങി‌. പാതിയൊഴിഞ്ഞ‌ ഒരു‌ ചാ‌ക്കില്‍‌നിന്ന്‌ അരി അളന്നു‌ തന്നു‌;‌ പിന്നെ‌ ലി‌സ്റ്റിലുള്ള‌ സാധനങ്ങളും‌..!
''‌മഴ‌ വര്‌ണ്ട്‌..വേം‌ പോയ്ക്കോളി‌..''‌ പീസ്യാക്ക‌ എന്റെ‌ തലയിലേക്ക്‌ സഞ്ചി‌ വെച്ചുതന്നുകൊണ്ട്‌ പറ‌ഞ്ഞു‌.
എന്റെ‌ മുഖത്ത്‌ അനേകം‌ ഇതളുകളു‌ള്ള‌ സന്തോഷപുഷ്പങ്ങള്‍‌ വിരിഞ്ഞു‌. ഇരുട്ട്‌ മൂടുന്നതിനുമുമ്പ്‌ ഞാന്‍‌ വേ‌ഗത്തില്‍‌ വീട്ടിലേക്ക്‌ നടന്നു‌. പാടത്ത്‌ വെള്ളത്തില്‍‌ മൂടിയ‌ ചെറിയ‌ വരമ്പുകള്‍‌ ഒരു‌ നിഴല്‍‌ പോലെ‌ തെളിഞ്ഞുകാണുന്നുണ്ടായിരുന്നു‌.
തലയിലെ‌ അരിസഞ്ചിയുമായി‌ വരമ്പിലെ‌ '‌മുറിവഴി'‌ ചാടിക്കടക്കാന്‍‌ കഴിയാതെ‌ ഞാന്‍‌ പേടിച്ചു‌നില്‍ക്കുന്നത്‌ കണ്ടുകൊ‌ണ്ട്‌ എന്റെ‌ പിന്നാലെ‌ ഒരാള്‍‌ നടന്നു‌വരുന്നുണ്ടായിരുന്നു‌;‌ എന്റെ‌ അയല്‍വാസി തെങ്ങുകയറ്റക്കാരന്‍‌ 'കടുങ്ങോച്ചന്‍‌!'‌
അയാള്‍‌ പുഞ്ചിരിയോടെ‌ എന്റെ‌ കയ്യില്‍നിന്നും‌ അരി‌‌സഞ്ചി‌ വാങ്ങി‌ എന്റെ‌ കൈ‌യ്യും‌ പിടിച്ച്‌ വീതി‌കു‌റഞ്ഞ‌ വരമ്പിലൂടെ‌, മുട്ടിന്‌ വെള്ളത്തില്‍‌, പതുക്കെ‌ പതുക്കെ‌ നടന്നു‌നീങ്ങുമ്പോള്‍‌ പെട്ടന്ന്‌ മഴ‌ പെയ്യാന്‍‌ തുടങ്ങി‌.. അപ്പോള്‍‌ അരി‌ നനയാതെ‌, തല‌ നനയാതെ‌ അയാളെന്നെ‌ തൊപ്പിക്കുടയിലേക്ക്‌ ചേ‌ര്‍ത്തുപിടിച്ചു‌.
അങ്ങനെ‌, ഏതോ‌ നാട്ടില്‍‌ നിന്ന്‌ ‌ ആരോ‌ക്കെയോ‌ തുഴഞ്ഞ്‌ കൊണ്ടുവന്ന്‌, ഒരാളുടെ‌ അനുകമ്പയുടെ‌ അളവുപാത്രത്തില്‍‌ അളന്നുതന്ന‌ അരി‌ ഞങ്ങളുടെ‌ വീട്ടില്‍‌ അന്നത്തെ‌ അത്താഴമായി‌!
വിശപ്പുമാറി‌ കിടന്നുറങ്ങിയ‌ ആ‌ രാ‌ത്രി‌യിലും‌ അതിന്റെ‌ തുടര്‍ച്ചയായ‌ അനേകം‌ ദിനരാത്രങ്ങളുടെ‌ മുറിഞ്ഞുപോവാത്ത‌ പ്രവാഹത്തിലും‌;‌ നനയാതെ‌, വീഴാതെ‌ ചേര്‍ത്തുപിടിച്ച‌ ആ‌ കരുതലിനും‌, ആര്‍ദ്രമായ‌ ആ‌ പിന്‍വിളിയുടെ‌ ഔദാര്യത്തിനും‌ ‌ ഉടല്‍‌‌പൂണ്ട‌ പ്രാര്‍ത്ഥനയായി‌ ഞാനിപ്പോഴും‌ ‌'‌നിസ്കാ‌രക്ക‌ല്ലി'‌ല്‍‌ ക‌ണ്ണടച്ച്‌ കിടക്കുന്നു‌...!
( തുടരും‌ )‌
....................... റസാഖ്‌ വഴിയോരം‌ ...... ..

അദ്ധ്യായം :- 09 ജനിമൃതികളുടെ‌ പൊരുളറിയാതെ‌..

 

അദ്ധ്യായം :- 09
......................‌....
ജനിമൃതികളുടെ‌ പൊരുളറിയാതെ‌..
..........................
സ്വന്തമായി‌ കണ്ടെത്തിയ‌ വഴികളിലൂടെയാണ്‌ എല്ലാ‌ പുഴകളുമൊഴുകുന്നത്‌.
പുഴയും‌ '‌കാല'‌വും‌ ഒരുപോലെയാണ്;‌ പിന്നോട്ടേക്കൊഴുകാന്‍‌ കഴിയാത്ത‌ നിസ്സഹായ പ്രതിഭാസങ്ങള്‍‌.!
കാലപ്രവാഹ‌ത്തിനു‌ കരയിലിരുന്ന്‌ സ്വച്ഛസ്മൃതികളുടെ‌ ഒഴുക്ക്‌ കാണുകയാണ്‌ ഞാന്‍‌..!
ഒരിക്കല്‍‌ ഈ‌ ഒഴുക്കിലലിഞ്ഞ്‌ വിസ്മൃതിയുടെ‌ ഇരുളിലൊടുങ്ങും‌ മുമ്പ്‌ ഓര്‍മ്മകളുടെ‌ ദുര്‍ബലമായ‌ പിടി‌വള്ളിയില്‍‌ തൂങ്ങിപ്പിടിച്ചിരിക്കാന്‍‌
‌ഒരു‌ സുഖം‌..!
ഒരു‌ മഴക്കാല‌പ്പു‌ലരിയില്‍‌ ഞങ്ങള്‍‌
പുഴക്കരയിലെത്തി‌.. വെള്ളം‌‌ ചുവന്നുകല‌ങ്ങിയിരുന്നു‌;‌ നല്ല‌ ഒഴുക്കും‌‌!
''‌അധികം‌ ദൂരത്തേക്കൊന്നും‌ നീന്തിപ്പോകരുത്''‌ വാര്‍ഡന്‍‌ പറഞ്ഞു‌.
പുഴവക്കത്തെ‌ ചെരിഞ്ഞ‌ കരിങ്കല്‍ഭിത്തിക്കു‌ മുകളില്‍നിന്ന്‌ ഞങ്ങള്‍‌ താഴോട്ടു‌‌നോക്കി‌. ഓര്‍മ്മയിലേക്ക്‌ സൈതലവിയും‌ ഓടി‌വ‌ന്നു..
ഞങ്ങള്‍‌ സാധാരണ‌ അലക്കാറുള്ള‌ വലിയ‌ കല്ലു‌കള്‍‌, കലങ്ങിയ‌ വെള്ളത്തില്‍‌ മുങ്ങിപ്പോയിരുന്നു‌.
‌'‌'ഞാനിന്നു‌ കുളിക്കിണില്ല‌, ചെറിയ‌ പനിയുള്ളപോലെ‌''‌ ഷെബീറലി‌ പറഞ്ഞു‌.
പുഴക്കു‌ കുറുകെയുള്ള‌ നടപ്പാ‌ലത്തിനു‌ മുകളില്‍‌ നിന്ന്‌ ‌വെള്ളത്തിലേക്ക്‌ ചാടാന്‍‌ നല്ല‌ രസമായിരുന്നു‌. ‌ഒഴുക്കിനോടൊപ്പം‌ നീന്തി‌‌, പാലത്തിന്റെ‌ സിമന്റ്‌ തൂണില്‍‌ പിടിച്ചുനിന്ന്‌ കുട്ടികള്‍‌ ആര്‍ത്തുചിരിച്ചു‌.
മഴക്കാലത്ത്‌ പാല‌ത്തിനടിയിലെ‌ കരിങ്കല്‍‌ ഭിത്തി‌ക്കുമുകലിലൂടെ‌ വെള്ളം‌ കവിഞ്ഞൊ‌ഴുകും‌. പിന്നെ‌ ഒരു‌ വെള്ളച്ചാട്ടം‌ പോലെ‌ താഴ്ച്ചയിലേക്കു‌പതിച്ച്‌ പുഴ‌ പതഞ്ഞൊഴുകും‌.
സാഹസികരായ‌ കുട്ടികളോടൊപ്പം‌ അന്ന്‌ പാലത്തില്‍‌ നിന്ന്‌ ഞാനും‌ വെള്ളത്തിലേക്ക്‌ എടുത്തു‌ചാടി‌..
ശക്തമായ‌ ഒഴുക്കില്‍‌ പൊങ്ങിക്കിടന്ന്‌ കൈകാലിട്ടടിച്ച്‌ പാലത്തിന്റെ‌ ഏതോ‌ സിമന്റു‌ കാലില്‍‌ ഒരുവിധത്തില്‍‌ പിടിച്ചു‌നിന്നു‌.
പിടിവിട്ടുപോയാല്‍‌ താഴേ‌ക്കുപതിക്കുന്ന‌ കുത്തുഴുക്കിലേക്ക്‌ ഞാന്‍‌ അപ്രത്യക്ഷനാകും‌.. പിടിവിടാതിരിക്കാന്‍‌ തണുത്തുമരവിച്ച‌ കൈകള്‍ക്കാ‌വുന്നില്ല‌.. സഹായിക്കാന്‍‌ അടുത്തൊന്നും‌ കൂട്ടുകാരില്ല‌!‌
''‌മരണത്തിനു‌ വിട്ടുകൊടുക്കാതെ‌, ജീവിതത്തിലേക്കുതന്നെ‌ തിരിച്ചു‌കയറാന്‍‌ അന്നെനിക്കു‌നേരെ‌ കൈനീട്ടിയ‌
അദൃശ്യനായ‌ ആ‌ സഹയാത്രികന്‍‌ ആരായിരുന്നു‌..?''‌
ആക‌സ്മി‌കനിമിഷങ്ങളില്‍‌ നമുക്കുനേരെ‌ കരുതലിന്റെ‌ കൈനീട്ടിത്തരുന്ന‌ ഒരു‌ അദൃശ്യനെ‌ അനുഭവിക്കാത്തവരുണ്ടോ‌..?
മരണത്തിന്റെ‌ കൈകളില്‍നിന്നും‌ ജീവിതത്തിലേക്ക്‌ തിരിച്ചുപിടിക്കുന്ന‌ ഒരു‌ ഒരു‌ രക്ഷകനെ‌‌ സ്മരിക്കാത്തവരുണ്ടോ‌..?
മരണത്തിന്‌ റാഞ്ചിക്കൊണ്ടുപോകാ‌ന്‍‌ എതെയെത്ര‌ കാരണങ്ങളുണ്ടാ‌യിരുന്നു‌ ചുറ്റിലും‌;‌ എന്നിട്ടും‌ ഞാനിപ്പോഴും‌..!
എന്റെ‌ തൊട്ടുമുമ്പ്‌,‌ ഉമ്മയുടെ‌ ഗര്‍ഭകോശത്തില്‍‌ സൃഷ്ടിയുടെ‌ സൂക്ഷ്മ‌‌സ്പന്ദന‌ങ്ങളറി‌ഞ്ഞവനായിരുന്നു‌ അവന്‍‌‌;‌ എന്റെ‌ സഹോദരന്‍‌!
ബാപ്പ‌യും‌ ഉമ്മയും‌ അവന്‌ 'അബ്ദുല്‍‌ മജീദ്'‌ എന്ന്‌ പേരിട്ടു‌. മൂന്നു‌ പെണ്‍‌ മക്കള്‍ക്കു‌ ശേഷം‌ ഈ‌ ഭൂമിയിലെക്കു‌ വിരുന്നുവന്ന‌വനായിരുന്നു‌ എന്റെ‌ സഹോദരന്‍‌..!
ഉമ്മയുടെ‌ അഞ്ചാമത്തെ‌ പ്രസവമടുത്തപ്പോള്‍‌ പതിവുപോലെ‌ ര‌ണ്ടു‌മുറികള്‍‌ മാത്രമുള്ള‌ വീട്‌ പ്രസവമുറി‌യാ‌യി‌. പൊളിയില്ലാത്ത‌ വാതിലിനു മറ‌യായി‌ വെള്ളത്തുണികൊണ്ടുള്ള‌ വിരി‌ തൂങ്ങി‌.
'‌നമ്പല'ത്തിന്റെ‌ വേദന‌ തുടങ്ങിയപ്പോള്‍‌ '‌ബേല്‍ത്തി'‌ യെ‌ തിരഞ്ഞ്‌ ആളുപോയി‌.
പാതിരക്കു‌ തൊട്ടുമുമ്പായി‌, കുറ്റിച്ചൂട്ട്‌ മിന്നി‌ ചെരാങ്കുന്നിറങ്ങി‌‌ 'പാന്താത്ത'‌ വന്നു‌.
പൊക്കിള്‍കൊടി‌ മുറിക്കാനുള്ള‌ 'മാറാങ്കത്തി'‌ മടി‌യില്‍നിന്നെടുത്ത്‌
ഉരക്കല്ലിലണച്ച്‌ പാന്താത്ത‌ പ്രസവമെടുക്കാന്‍‌ കാത്തുനിന്നു‌..
അയല്പക്കത്തുനിന്ന്‌ ‌സഹായത്തിനായി‌ 'ആമ്മ‌' വന്നു‌..
മണ്ണുതേച്ച‌ ഒറ്റമുറിത്തറയിലെ‌ ഓലപ്പായയില്‍‌ കിടന്ന്‌ ഉമ്മ‌ പ്രസവിച്ചു‌;‌‌
ഒന്നല്ല‌, ‌കാലത്തിന്റെ‌ ചാക്രിക‌താള‌ങ്ങളുടെ‌ ഇടവേളകളില്‍‌ അതേ‌ മുറിയില്‍‌ അതേ‌ നിലയില്‍‌, ഒമ്പത്‌ മക്കളെ‌..!
ഒമ്പത്‌ കുഞ്ഞി‌ക്ക‌രച്ചിലുകളില്‍‌
അഞ്ചാമത്തേതായിരുന്നു‌ അബ്ദുല്‍‌ മജീദ്‌. ശ്വേതവര്‍ണ്ണമുള്ള‌ സുമുഖനായ‌ കുഞ്ഞ്‌..
തെങ്ങോലകൊണ്ട്‌ മറച്ചുണ്ടാക്കിയ‌ മുറ്റത്തെ‌ കുളിമുറിയില്‍‌ 'മൊച്ചിങ്ങ'‌ അരച്ചുണ്ടാക്കിയ‌ കുഴമ്പ്‌ തേച്ച്‌, കമുകിന്‍പാളയില്‍‌ കിടത്തി‌ അവനെ‌ കുളിപ്പിച്ചു‌.‌
ഒറ്റത്തിരിയുള്ള‌ മണ്ണെണ്ണ‌ വിളക്കിന്റെ‌ അരണ്ട‌ വെളിച്ചത്തില്‍‌ ഉമ്മ‌ അവനെ‌ 'ലായില‌..'‌‌ പാടിയുറക്കി‌.
ഒന്നു‌രണ്ടാ‌ഴ്ച‌കള്‍‌ കഴിഞ്ഞപ്പോള്‍‌ പ്രസവത്തിന്റെ‌ തലേ‌ ദിവസത്തെപ്പോ‌ലെ‌ത്തന്നെ‌‌, ചെറിയ‌ മക്കള്‍ക്ക്‌ ഭക്ഷണം‌ വിളമ്പാന്‍‌ പതിവുപോലെ‌ ഉമ്മ‌ അടുക്കളയില്‍‌ തിരക്കിലായി;‌ വിശ്രമമില്ലാതെ‌!
മൂന്നുമാസമായപ്പോള്‍‌ അബ്ദുല്‍‌ മജീദ്‌ ചില‌ രോഗലക്ഷണങ്ങള്‍‌ കാണിച്ചുതുടങ്ങി‌..‌ മുലപ്പാല്‍‌ കുടിക്കാതെയായി‌;‌ ശരീരത്തിനു‌ നിറ‌മാറ്റം‌ വന്നു‌..
‌മഞ്ഞബേഗും‌ കക്ഷത്തിലിറുക്കിപ്പിടിച്ച്‌‌, വെളുത്ത‌ കുറ്റിത്താടിയുള്ള‌ '‌അസ്‌‌ലാ‌ന്‍‌‌ ബൈച്യര്‍‌'‌ എത്തുമ്പോള്‍‌ ‌ഏറെ‌ വൈകിയിരുന്നു‌.
''‌മോല്യാരടു‌ത്തേക്ക്‌‌ ‌ഉടനെ‌ ആളെ‌ പറ‌ഞ്ഞയക്കണം‌‌, എത്രയും‌ പെട്ടന്ന്‌ വരാന്‍‌ പറ‌യണം‌..''‌ വൈദ്യര്‍‌ പറ‌ഞ്ഞു‌.
പിറ്റേന്ന്‌, ദൂരെയേ‌തോ‌ അറബിക്കോളേ‌ജില്‍‌ അധ്യാപകനായ‌ ബാ‌പ്പ‌ വന്നു‌..
വൈദ്യര്‍‌ ബാപ്പയോട്‌ പറഞ്ഞു‌‌‌:‌
‌''‌ഓളറിയണ്ട‌.. കവിഞ്ഞാല്‍‌ രണ്ട്‌ ദിവസം കൂടി‌''‌
അത്യുഷ്ണ‌മുള്ള‌ ഒരു‌ വേനല്‍‌ക്കാ‌ല‌ രാത്രി‌യില്‍‌, പാളകൊണ്ടുള്ള‌ വീശറി‌ ‌വീശിക്കൊടുത്ത്‌ ഉമ്മ‌ കുഞ്ഞിനെയുമെടുത്തിരുന്നു‌...
ശരിക്കൊന്നുറങ്ങീട്ട്‌ രണ്ടുമൂന്ന്‌ ദിവസമായി‌രുന്നതിനാല്‍‌ ഉമ്മ‌ ഇടക്കിട‌ക്ക്‌ ഉറക്കത്തിലേക്ക്‌ ആടി‌വീണുപോകുന്നുണ്ടായിരുന്നു‌..
രാത്രി‌ ഏറെ‌ വൈകിയപ്പോള്‍‌ ഉമ്മയുടെ‌ അടുത്തുവന്ന്‌ ബാ‌പ്പ‌ പറഞ്ഞു:‌
''‌നീ‌ പോയി‌ കൊറച്ച്‌ കെടന്നോ‌... ഞാന്‍‌ നോക്കിയിരുന്നോളാം‌‌..''‌
രാത്രിയുടേ‌ ഏതോ‌ നിശ്ശബ്ദ‌യാമത്തില്‍‌ കുഞ്ഞുമുഷ്ടികള്‍‌ ചുരുട്ടിപ്പിടിച്ച്‌ അബ്ദുല്‍മജീദ്‌ ഒന്നു‌ കരഞ്ഞു‌.‌ അര്‍ദ്ധനിദ്രയില്‍‌ ഉമ്മ‌ എഴുന്നേറ്റുവന്നു‌...
പാതിതുറന്ന‌ മിഴികളിള്‍‌ ബാപ്പയുടേയും‌ ഉമ്മയുടേയും‌ മങ്ങിയ‌ മുഖങ്ങള്‍‌ ഒളിപ്പിച്ചു‌വെച്ചുകൊണ്ട്‌ അവന്‍‌ പോയി‌;‌ ‌'‌ഷജറത്തുല്‍‌ മുന്‍‌ത‌ഹാ'‌യിലേക്ക്‌‌ മിന്നിപ്പറ‌ക്കുന്ന‌ ഒരു‌ കുഞ്ഞുമിന്നാമിനുങ്ങിനോടൊപ്പം‌..
രണ്ടുവര്‍ഷങ്ങള്‍ക്കു‌ ശേഷം‌ അതേ‌ മണ്ണുതേച്ച‌ മുറിയില്‍‌ അവന്റെ‌ മുറിഞ്ഞുപോയ‌ നിശ്വാസത്തില്‍‌ തുന്നിച്ചേര്‍ത്താണ്‌ എന്റെ‌ ശ്വാസം‌ തുടങ്ങുന്നത്‌.‌.
ഗര്‍ഭകൂടാരത്തിന്റെ‌ ഭി‌ത്തികളില്‍‌ അവന്റെ‌ കുഞ്ഞുനഖങ്ങള്‍‌ കോറിയിട്ട‌ അവ്യക്ത‌ ലിപികളാണ്‌ ഞാന്‍‌ ആദ്യം‌ വായിച്ച‌ അക്ഷരങ്ങള്‍‌..!
അദൃശ്യ‌ സഹയാത്രികാ‌.. ജനിമൃതികളുടെ‌ പൊരുളെന്താണെന്ന്‌ ഇനിയെങ്കിലും‌ എനിക്കു‌ പറഞ്ഞുതന്നാലും‌..!
എന്റെ‌ സഹോദരന്റെ‌ കുഞ്ഞുകൈകളില്‍‌ മരണം‌ വന്നുതൊട്ടപ്പോള്‍‌ അവനുണ്ടായിരുന്ന‌
അതേ‌ രോഗം‌, ടൈഫോയ്ഡ്‌, പിന്നീടൊരിക്കല്‍‌ അതേ‌ തീവ്രതയോടെ‌ എനിക്കുമുണ്ടായി‌ല്ലേ‌..!
എന്നിട്ടും‌ എന്തുകൊണ്ടാ‌ണ്‌ ജീവിതത്തിന്റെ‌ നേര്‍വരമ്പുകളിലൂടെ‌ ഞാനിപ്പോഴും‌ നടന്നുപോകുന്നത്‌..?
കാണാമറയത്തുനിന്നും‌ സഹയാത്രികന്‍‌ ‌പറഞ്ഞു:‌
''‌ഒരാള്‍‌ പിറക്കുമ്പോല്‍‌ ഒരു‌ മരണം‌ ജനിക്കുന്നു‌;‌ ജനനത്തിന്റെ‌ മറ്റൊരു‌ പേരാണല്ലോ‌ മരണം‌..!
മാതാവിന്റെ‌ ഗര്‍ഭത്തില്‍നിന്ന്‌ ഭൂമിയുടെ‌ ഗര്‍ഭത്തിലേക്ക്‌ നീ തിരിഞ്ഞുകിടന്നതേയുള്ളൂ‌.. യഥാ‌ര്‍ത്ഥ‌ ‌ജീവിതത്തിലേക്കുള്ള‌ പിറവിയ‌ല്ലോ‌ മരണം‌..!''‌
സഹയാത്രികന്‍‌ തുടര്‍ന്നു‌ :‌
''‌സൃഷ്ടിസംഹാരങ്ങളുടെ‌ യുക്തി‌ എനിക്കറിയില്ല‌‌! ദേഹി‌യാല്‍‌ ഉപേക്ഷിക്കപ്പെടുന്ന‌ ദേ‌ഹത്തിന്റെ‌ പരിണിതിയും‌ എനിക്കറിയില്ല‌!
ഞാന്‍‌ വെറുമൊരു‌ സഹയാത്രികന്‍‌.. എനിക്കറിയാത്തതെല്ലാം‌ നിങ്ങള്‍‌ക്കറിയാമല്ലോ‌..!''‌
''‌ഞങ്ങള്‍ക്കോ‌..?''‌ ഞാനല്‍ഭുതപ്പെട്ടു‌. ‌
''അതെ''‌
'‌നാമങ്ങള്‍‌'‌ പഠിപ്പിക്കപ്പെട്ടത്‌ നിങ്ങള്‍‌ക്കാണല്ലോ‌! നാമങ്ങളില്‍‌ നിന്ന്‌ ആശയങ്ങള്‍‌ ഗ്രഹിക്കുന്നവരും‌ നിങ്ങള്‍‌ തന്നെ‌! പക്ഷെ‌,
ആത്മജ്ഞാനങ്ങള്‍‌ ഒളിച്ചിരിക്കുന്നത്‌ പുസതക മട‌‌ക്കുകളിലല്ല‌;‌ ജീവിതത്താളുകളിലാണെന്ന്‌ നിങ്ങളറിയാതെപോയതെന്തേ‌...?
''‌എനിക്കൊന്നും‌ മനസ്സിലാകുന്നില്ല‌ സഹയാത്രികാ‌..!''‌
അയാള്‍‌ എന്റെ‌ ഭൂതകാല‌‌പുസ്തകം‌ കയ്യിലെടുത്ത്‌ താളുകള്‍‌ മറിച്ചുതുടങ്ങി‌..
നിനക്കറിയാത്തതെല്ലാം‌ ഈ‌ ‌താ‌ളുകളില്‍‌ ഒളിപ്പിച്ചുവെച്ചിരിക്കുന്നു‌!‌
മിന്നിമറി‌ഞ്ഞ‌ പേജുകളിലൊന്നിലേക്ക്‌ നോക്കി‌ സഹയാത്രികന്‍‌ ചോദിച്ചു:‌
ഇവരെ‌ അറിയാമോ‌..?
''‌ങും‌..''‌ ഞാന്‍‌ തലയാട്ടി‌.
''‌ഇവര്‍‌ ഒരേ‌ ഉദരത്തില്‍‌ ജനിച്ചവര്‍‌..! അനന്തരം‌ ലഭിച്ച മണ്ണ്‌ പങ്കുവെച്ചപ്പോള്‍‌ വിഹിതത്തിന്റെ‌ തോത്‌ നോ‌ക്കി‌ കലഹിച്ചുനിന്നവര്‍;‌ രക്തബന്ധം‌ മുറിച്ചവര്‍‌..!
സഹയാത്രികന്‍‌ ചോദിച്ചു‌:‌
''‌അര്‍ഹമായ‌ വിഹിതം‌ അനുഭവിക്കാനാവാതെ‌, അകാലത്തില്‍‌ മരണം‌ അവരെ‌ തേടിവന്നപ്പോള്‍‌ അവര്‍‌ കുറിച്ചുവെച്ച‌ വിലാപത്തില്‍നിന്ന്‌ നീ‌ '‌അറിവ'‌റിയുന്നുണ്ടോ..?''‌‌
''‌ങും‌..''‌ ഞാന്‍‌ തലയാട്ടി‌.
''‌ഭുതകാലത്തിന്റെ‌ ഓരോ‌ പേജുകളില്‍‌ നിന്നും‌ ഓര്‍മ്മകള്‍‌ വായിച്ചെടുക്കുമ്പോള്‍‌ നിനക്ക്‌ ആത്മവിചാ‌രമുണരും‌;‌ അതാണ്‌ ആത്മജ്ഞാനത്തിലേക്കുള്ള‌ വഴി‌..''‌
സഹയാത്രികന്‍‌ മന്ദഹസിച്ചു‌:‌
''‌ഓരോരുത്തരുടേയും‌ കണ്ണുകളില്‍‌ തങ്ങില്‍ക്കുന്ന‌ കാഴ്ച്ചകള്‍‌ അവരവര്‍ക്കു‌ സ്വന്തം‌.. എത്ര‌ വര്‍ണ്ണിച്ചാലും‌ മറ്റുള്ളവര്‍ക്കത്‌ അപൂര്‍ണ്ണം‌..!''‌
''‌നിന്നെ‌ തഴുകിപ്പോയ‌ കാല‌‌ദേശങ്ങള്‍‌, നിനക്കു‌ തണലായിനിന്ന‌ കുടുംബ‌വൃക്ഷങ്ങള്‍‌, ആത്മ‌ബന്ധങ്ങള്‍‌ എല്ലാം‌ വിശിഷ്ട‌നിധികളാണ്‌. അവര്‍‌ ഓര്‍മ്മകളില്‍‌ ബാക്കിവെച്ചതെല്ലാം‌ പിറകെ‌ വരുന്നവര്‍ക്കായി‌ നീ‌ അടുക്കിവെക്കുക‌.
നിന്റെ‌ കണ്ണുകളില്‍‌ പതിഞ്ഞത്‌ നീ‌ മാത്രം‌ കണ്ടെടുത്ത‌ നിധി‌...!‌''‌
ശ്ലഥചിന്തകളുടെ‌ ഒഴുക്കു‌നിലച്ചു‌;‌
ഉയര്‍ച്ചയില്‍‌ നിന്ന്‌ താഴ്ച്ചയിലേക്ക്‌ ജലമൊഴുകി‌;‌ പുഴ‌യൊഴുകി‌;‌ കഥയൊടുങ്ങാതെ‌ പകലൊടുങ്ങി‌...!
പ്രിയ‌ ആസ്വാദകാ‌.‌. കാല്പനികതയുടെ‌ തേന്‍പുരട്ടാത്ത‌ ചെടിച്ച‌ വിവരണങ്ങളും‌, രസവിരസതകള്‍‌ ഇടകലര്‍ന്ന‌ ‌ കുറിമാനങ്ങളും‌‌‌ അരോചകമായിപ്പോ‌കുന്നുവെങ്കില്‍‌ മാപ്പ്‌... ഇത്‌ ഞാനറിഞ്ഞ‌ കാലദേശ‌ത്തിന്റെ‌ പകര്‍ത്തിയെഴുത്ത്‌ മാത്രം‌..!
.......... റ‌സാഖ് വഴിയോരം ....................