Saturday, September 5, 2020

ഓര്‍മ്മിക്കാതെ പോയ ഓര്‍മ്മകള്‍ : അദ്ധ്യായം - 02

 

.......................‌...................................................
സൈതലവിയുടെ‌ മരണം‌  ( അദ്ധ്യായം :‌ 02 )
..........................................................................
അനാഥാലയത്തിലെ അന്തേവാസികളായ ഞങ്ങളില്‍ പലര്‍ക്കും ജനിച്ചുവളര്‍ന്ന വീടും നാടുമുണ്ടായിരുന്നു‌.
എന്നാല്‍‌ വേനലവധിയുടെ‌ ഉല്ലാസകാലങ്ങളില്‍‌ പോലും‌ ഓര്‍ഫനേജിന്റെ‌ ചുറ്റുമതിലിന്‌ പുറത്തെത്താന്‍‌ ഭാ‌ഗ്യമില്ലാത്ത‌ കുട്ടികളുണ്ടായിരുന്നു‌ ഞങ്ങള്‍ക്കിടയില്‍‌.‌ പോകാന്‍ ഇടമില്ലാത്തവര്‍, കാത്തിരിക്കാന്‍ ആളില്ലാത്തവര്‍‌, അനാഥത്വത്തിലേ‌ക്ക് പിറന്ന് വീണവര്‍..‌. അവരിലൊ‌രാളാ‌യിയിരുന്നു സൈതലവി‌..!
മേയ്‌പൂട്ടിന് സ്കൂള്‍‌ അവധി‌ തുടങ്ങിയാല്‍‌ കുട്ടികള്‍‌ മുറ്റത്ത്‌ വരിവരിയായി‌ നില്‍ക്കും‌. കൂടെ‌‌കൂട്ടാന്‍‌ ആളുവന്നവര്‍ക്ക്‌ അനുവാദം‌ വാങ്ങി‌ നേരത്തെ‌ നാട്ടിലേക്ക്‌ പോകാം‌.‌ അങ്ങിനെയൊരു‌ അവധിക്കാലം‌‌,‌ എന്നെ‌ കൂട്ടിക്കൊണ്ട്‌ പോകാന്‍‌ നാട്ടില്‍‌ നിന്ന്‌ ആളുവന്നു‌. റൂമിന്റെ‌ തുരുമ്പു‌പി‌ടിച്ച‌ ജനാല‌ക്കമ്പിയില്‍‌ മുറുകെപ്പിടിച്ച്‌ സൈതലവി‌ ഞങ്ങളെ‌ നോ‌ക്കി‌ നിന്നു‌. എന്നെങ്കിലുമൊരിക്കല്‍‌ അവനെ‌ കൊണ്ട്‌ പോകാന്‍‌ ആരെങ്കിലും‌ വരുമെന്ന‌ പ്രതീക്ഷയുടെ‌ മങ്ങിയ‌ വെളിച്ചം‌‌ പോലും‌ കണ്ണില്‍‌ തെളിയാതെ‌..
ഓര്‍ഫനേജില്‍‌ നിന്ന്‌ ഏകദേശം‌ ഒരു‌ കിലോമീറ്ററോളം‌ നടന്നിട്ട്‌ വേണം‌ പുഴയിലെത്താന്‍‌. എല്ലാ‌ കുട്ടികളും‌ ഏത്‌ കാലാവസ്ഥ‌യിലും‌ കുളിക്കാന്‍‌ രാവിലെ‌ പുഴയില്‍‌ പോകണം‌. ‌ അതിരാ‌വിലെ‌ തോര്‍ത്ത്മുണ്ടും‌ സോപ്പുമെടുത്ത്‌
ഞങ്ങള്‍‌ മുറ്റത്ത്‌ വരിവരിയായി‌ നില്‍ക്കും‌. പിന്നെ‌ വാര്‍ഡന്റെ‌ അനുവാദം‌ കിട്ടിയാല്‍‌ പതുക്കെ‌ തെങ്ങിന്‍‌ തോപ്പിലൂടെ‌ പുഴയിലേക്ക്‌ നടക്കും‌. പലദിവസങ്ങളിലും‌ എന്റെ‌ മുന്നിലോ‌ പിന്നിലോ‌ ആയി‌ സൈതലവിയുമു‌ണ്ടാകും‌.‌ അങ്ങിനെയുള്ള‌ ഒരു‌ നടത്തത്തിനിടയിലാണ്‌ അവന്‍‌ അവന്റെ‌ ഉമ്മയെപ്പറ്റി‌ എന്നോട്‌ പറഞ്ഞത്‌. ഉമ്മയെക്കുറിച്ച്‌ ചെറിയൊരോര്‍മ്മ‌ മാത്രമെ‌ അവനുള്ളൂ‌. ‌അത്തോളിയിലെ‌ ഏതോ‌ ഒരുള്‍പ്രദേശത്ത്‌ ഉമ്മയും‌ അവനും‌ മാത്രമുള്ള‌‌‌ ഒരു‌ കൊച്ചുവീടിന്റെ‌ ചിത്രമുണ്ട്‌ അവന്റെ‌ മനസ്സില്‍‌. ഒന്നാം‌ ക്ലാസില്‍‌ പഠിക്കുമ്പോള്‍‌ ക്ഷയരോഗം‌ പിടിച്ച്‌ ഉമ്മ‌ കിടപ്പിലായപ്പോഴാണ്‌ അവന്‍‌ ആദ്യമായി‌ ഈ‌ അനാഥാലയത്തിലെത്തിയത്‌.
പിന്നെ‌ കുറെ‌ കാലം‌ അവനെ‌ തേടി‌ ആരും‌ വന്നില്ല‌. ഒരു‌ നോമ്പു‌കാലത്ത്‌ നാട്ടില്‍‌ നിന്നും‌ ആരോ‌ ഒരാള്‍‌ വന്ന്‌ അവനെ‌ കൂട്ടിക്കൊ‌ണ്ട്‌‌ പോയി‌. അയാള്‍‌ സൈതലവിയേയും‌ കൂട്ടി‌ നേരെ‌ പോയത്‌ ഏതൊ‌ ഒരു‌ ജുമുഅത്ത്‌ പള്ളിയിലേക്കാണ്‌. അവന്‌ ഒന്നും‌ മനസ്സിലായില്ല‌. പള്ളിപ്പറമ്പിലെ‌ ചെറിയൊരു‌ ആള്‍ക്കൂട്ടത്തിനിടയിലേ‌ക്ക്‌ അയാളവനെ‌ കൈ‌ പിടിച്ചു‌നടത്തു‌ന്നതിനിടയില്‍‌ നോക്കിനിന്നവരോടയാള്‍‌ പറഞ്ഞു‌ :‌ '‌പാത്തൂന്റെ‌ കുട്ട്യാ..'‌
നനഞ്ഞുകുതിര്‍ന്ന‌‌ ചുവന്ന‌ മണ്ണില്‍‌ പാതി‌ മൂടിക്കിടക്കുന്ന‌ ഒരു‌ മീസാന്‍‌ കല്ലിന്റെ‌ ചിത്രം‌ അന്ന്‌ പതിഞ്ഞതാണ്‌ അവന്റെ‌ മനസ്സില്‍‌... അവന്റെ‌ ഉമ്മ‌..! മരണത്തിന്റെ‌ മൂന്നാം‌ നാള്‍‌ അവന്‍‌ വീണ്ടും‌ ഇവിടെയെത്തി‌...പിന്നെ‌ അവനെ‌ തേടി‌ ആരും‌ വന്നിട്ടില്ല‌‌.‌
പുഴക്കരയിലെത്തിയാല്‍‌ എല്ലാവരും‌ ഉടുപ്പുകളൊക്കെ‌ കരയിലഴിച്ചുവെച്ച്‌ തോര്‍‌ത്ത്മുണ്ടുടുത്ത്‌ പുഴയിലേ‌ക്കിറങ്ങും‌. പൂളക്കടവ്‌ പാലത്തിന്റെ‌ ചുവട്ടിലാണ്‌ കുളിക്കടവ്‌. പാലത്തിനടിയിലെ‌ കരിങ്കല്‍‌ കെട്ടിലിരുന്ന്‌ ഞാനും‌ സൈതലവിയും‌ തുണിയും‌ കുപ്പായവും‌ സാബൂന്‍‌ തേച്ച്‌ തിരുമ്പും‌‌, നീലം‌ മുക്കും‌‌, മുകളിലെ‌ പൊന്തയില്‍‌ ‌കൊ‌ണ്ട്പോയിട്ട്‌ ഉണക്കും‌. തുണിയുടെ‌ നനവ്‌ മാറുന്നത്‌‌വരെ‌ ഞങ്ങള്‍‌ പുഴവക്കത്തെ‌ തെങ്ങിന്‍‌തോട്ടത്തില്‍‌ ഓടി‌ക്കളിക്കും‌, പൊന്തച്ചെടികള്‍ക്കിടയില്‍‌ ഒളിച്ചു‌കളിക്കും‌. സൈത‌ലവിയുടെ‌ കൂടെ‌ എപ്പോഴും‌ ആരെങ്കിലും‌ വേണമെന്ന്‌ വാര്‍ഡന്‍‌ പറഞ്ഞിട്ടുണ്ട്‌. വെള്ളത്തിലിറങ്ങുമ്പോള്‍‌ പ്രത്യേകിച്ചും‌.. അവന്‍‌ അപസ്മാരമുള്ള‌ കുട്ടിയാണത്രെ‌..!
പാ‌ലത്തിനടിയിലെ‌ അലക്കുകല്ലിലിരുന്ന്‌ ഞങ്ങള്‍‌ കാലുകള്‍‌ വെള്ളത്തിലിട്ട്‌ കളിക്കും‌. അന്നേരം‌, വാലില്‍‌ ചുവപ്പും‌ കറുപ്പും‌ പുള്ളികളുള്ള‌ വെളുത്ത‌ പരല്‍മീനുകള്‍‌‌ വന്ന്‌ കാ‌ലില്‍‌ പതിയെ‌ കൊത്തിക്കൊത്തിക്കളിക്കും‌. എന്റെ‌ കാലില്‍‌ ചൊറി‌‌വന്ന്‌ പൊറ്റകെട്ടിപ്പഴുത്ത‌ ഒരു‌ മുറിവുണ്ടായിരുന്നു‌. പരല്‍‌ മീനുകള്‍‌ ആ‌ മുറിവിലെ‌ പഴുപ്പിന്റെ‌ നാരുകള്‍‌ വലിച്ചെടുത്ത്‌ മറിഞ്ഞ്‌ കളിക്കുന്നത്‌ ഞാന്‍‌ സുഖമുള്ള‌ ഒരു‌ വേദനയോടെ‌ നോക്കി‌ നില്‍ക്കും‌‌;‌ ഒരു‌ ജീവന്റെ‌ വേദനയില്‍‌ പൊടിഞ്ഞുവന്ന‌ അഴുക്ക്‌ ഈ‌ ലോകത്തിലെ‌ മറ്റൊരു‌ ജീവിയുടെ‌ ആഹാരമാകുന്ന‌ പ്രപഞ്ചത്തിന്റെ‌ നിഗൂഢനിയമങ്ങളറിയാതെ‌‌....
വെയിലില്ലാത്ത‌ ഒരു‌ വെള്ളി‌യാഴ്ച‌..! എന്റെ‌ ‌ അല‌ക്കിയിട്ട‌ കുപ്പായം‌ ഉണങ്ങാത്തതു‌കൊണ്ട്‌ നനഞ്ഞ‌ കുപ്പായവുമിട്ട്‌ ഞാന്‍‌ പള്ളിയിലേക്ക്‌ പോകാ‌നിറങ്ങിയപ്പോള്‍‌ പിന്നില്‍‌ നിന്ന്‌ സൈതലവി‌ വിളിച്ചു‌‌ :‌
'റസാ.. ദെന്താ‌‌.. നനഞ്ഞ‌ കുപ്പായോട്ടോണ്ട്‌..? ''‌
'വെയിലില്ലാത്തോണ്ട്‌ തിരുമ്പ്യതൊന്നൊം‌ ഉണങ്ങീല്ല'‌ ഞാന്‍‌ പറഞ്ഞു‌.
'‌'‌ന്റെ‌ കുപ്പായം‌ വേണോ‌ ..? ''‌ സെയ്ദു‌ അടുത്തേക്ക്‌ വന്ന്‌ ചോദിച്ചു‌.
ഞാന്‍‌ അല്പ്പം‌ മടിയോടെ‌ അവനെ‌ നോക്കി‌. അപ്പോഴേക്കും‌ അവന്‍‌ താഴെ‌ ഭാഗത്തുള്ള‌ റൂ‌മിലേക്ക്‌ ഓടിപ്പോയി‌. അവന്റെ‌ ഇരുമ്പ്‌ പെട്ടിയില്‍‌ മടക്കി‌‌വെച്ച‌ ഒരു‌ വെളുത്ത‌ കുപ്പാ‌യവുമെടുത്ത്‌വന്ന്‌ അവന്‍‌ എന്റെ‌ നേരെ‌ നീട്ടി‌, ദാ‌.. !
ഞാന്‍‌ അല്‍ഭുതത്തോടെ‌ കുപ്പായത്തിലേക്കും‌ അവന്റെ‌ മുഖത്തേക്കും‌ മാറി‌‌മാറി‌ നോക്കി‌. നീലം‌ മുക്കിയ‌ ഒരു‌ വെള്ള‌ പോളിസ്റ്റര്‍‌ കുപ്പായം‌.‌ കോളറി‌ന്റെ‌ മടക്കില്‍‌ തുന്ന്‌പൊ‌ട്ടി‌ കീറിയിരിക്കുന്നു‌. കൈ‌‌മടക്കുകളില്‍‌ വിയര്‍പ്പ്‌ പിടിച്ച‌
മഞ്ഞ‌ അടയാളത്തിനുമുകളില്‍‌ കറുത്ത‌ പുള്ളി‌കള്‍‌..! '‌എന്നാലും‌ അതൊരു‌ ഫുള്‍‌‌കയ്യുള്ള‌ പോളിസ്റ്റര്‍‌ കുപ്പായമായിരുന്നു‌.'‌ ഞാന്‍‌ സന്തോഷത്തോടെ‌ വാങ്ങി‌. പിന്നെ‌ മുഖത്തേക്കടുപ്പിച്ച്‌ പഴന്തുണിയുടെ‌ ഹൃദ്യമായ‌ മണമറിഞ്ഞു‌. ‌
അന്ന്‌ ജീവി‌തത്തില്‍‌ ആദ്യമായി‌ ഞാന്‍‌ ഫുള്‍കയ്യുള്ള‌ പോളിസ്റ്റര്‍‌ കുപ്പായമിട്ടു‌...
മുഖത്തെ‌ നുണക്കുഴികള്‍‌ വിടര്‍ത്തി‌ സെയ്ദു‌ പറഞ്ഞു‌ :‌ ''‌ അനക്ക്‌ നല്ല‌ രസണ്ട്‌."‌
ഞാന്‍‌ സന്തോഷത്തോടെ‌‌, അല്പം‌ അഭിമാനത്തോടെ‌ പള്ളിയില്‍‌ പോയി‌ ഇരുന്നു‌.
കുലീന‌ വസ്ത്രങ്ങളണിഞ്ഞ‌ ഒരു‌ രാജകുമാരനെപ്പോലെ‌...!
മൂടിക്കെട്ടിയ‌ ഒരു‌ വൈകുന്നേരം‌ ഞങ്ങള്‍‌ കുറെ‌ കുട്ടികല്‍‌ റൂ‌മിനടുത്തുള്ള‌ ഗ്രൗണ്ടില്‍‌, പഴന്തുണി‌ വാഴനാരുകൊണ്ട്‌ ‌വരിഞ്ഞുകെട്ടിയുണ്ടാക്കിയ‌ പന്ത്‌ തട്ടിക്കളി‌ക്കുകയായിരുന്നു‌...
കളിച്ചുകൊ‌ണ്ടിരിക്കുന്നതിനിടയില്‍‌ സി‌മൗലവിയും‌ കുറച്ച്‌ കുട്ടികളും‌ താഴെ‌ ഭാഗത്തുള്ള‌ റൂമിലേക്ക്‌ ഓടിപ്പൊകുന്നതു‌ കണ്ടു‌.
ഒന്നും‌ മന‌സ്സിലാകാതെ‌ തുണിപ്പന്ത്‌ ദൂരേക്ക്‌ തട്ടിക്കളഞ്ഞ്‌ ഞങ്ങളും‌ അവിടേക്കോടി‌.
നിലത്ത്‌ വി‌രിച്ചിരിക്കുന്ന‌ പുല്‍‌പായയില്‍‌ മലര്‍ന്ന്‌കി‌ടന്ന്‌ കൈകാലിട്ടടിക്കുന്ന‌ സൈതലവി‌... !
വായില്‍‌ നിന്ന്‌ നുരയും‌ പതയും‌ നുണക്കുഴികള്‍ക്ക്‌ മുകളിലൂടെ‌ ഒലിച്ച്‌ പായയില്‍‌ വന്ന്‌ നിറയുന്നു‌..
കണ്ണുകള്‍‌ മുകളിലേക്ക്‌ തറച്ച്‌ ഒരു‌ ഞരക്കത്തോടെ‌ അവന്‍‌....
''‌അവ‌സ്മാരം‌ ത്തിരി‌ കൂടീട്ടാണല്ലോ‌...''‌ പ്പം‌ വരാ‌.. വാര്‍ഡന്‍‌ പുറത്തിറങ്ങി‌‌ വേഗം‌ നടന്ന്പോയി‌...
സി‌മൗലവി‌ ഞങ്ങളെയെല്ലാം‌ പുറത്താക്കി‌ വാതിലടച്ചു‌...
കുറച്ച്‌ കഴിഞ്ഞ്‌ മൗലവി‌ വാതില്‍‌ തുറന്നു‌... പിന്നെ‌
അറബി‌യിലെന്തോ‌ പ്രാര്‍ത്ഥന‌ ചൊല്ലി‌... കുറെനേരം‌ മിണ്ടാതിരുന്നു‌...‌!
"‌ സൈദലവി‌ പോയി‌.. അനാഥനില്‍‌ നിന്ന്‌ നാഥനിലേക്ക്‌..."‌
‌
അന്നു‌ വൈകുന്നേരം‌ ഞങ്ങള്‍‌ അവന്റെ‌ മുഖം‌ കണ്ടു‌.. ഇനിയൊരിക്കലും‌ വിടരാത്ത‌ നുണക്കുഴികളിലേക്ക്‌ നോക്കി‌ ഞാന്‍‌ മരണം‌ കണ്ടു‌. ജീവിതത്തിലാദ്യമായി‌ മരണം‌ കണ്ടു‌.. !
എന്തിനാണവന്‍‌ ഇത്ര‌ വേഗം‌ ഈ‌ ഭൂമി‌ വിട്ട്‌ പോയത്‌...?‌ ഞാന്‍‌ എന്നോട്‌ തന്നെ‌ ചോദിച്ചു‌..
‌ഒരു‌ പക്ഷെ‌ അവന്റെ‌ ഉമ്മ‌ കണ്ണടക്കുമ്പോള്‍‌ ഒരു‌ തേങ്ങലോടെ‌ അവസാ‌നമായി‌ പ്രാര്‍ത്ഥിച്ചിട്ടുണ്ടാവും‌ ''‌ നാഥാ‌ .. എന്റെ‌ കുട്ടീനെ‌ കൊറേ‌കാലം‌‌ ഒറ്റക്ക്‌ ഈ‌ ഭൂമിയിലിട്ട്‌ കഷ്ടപ്പെടുത്തരുതേ‌..."‌ മനസ്സ്‌ എന്നെ‌ സമാധാനിപ്പിച്ചു‌.
എന്റെ‌ പല‌ ഉറക്കത്തിലേക്കും‌ ‌നുരയും‌ പതയും‌ ഒലിച്ചുവന്നു‌... ഞാന്‍‌ ഞെട്ടിയുണര്‍ന്നു‌...
ഒരിക്കല്‍ നക്ഷ‌ത്ര‌ങ്ങല്‍‌ പോലുമുറങ്ങിയ‌ ദൈര്‍ഘ്യമേറിയ‌ ഒരു‌ രാത്രിയുടെ‌ അരികുപറ്റി‌ സെയ്ദ് എന്റെ‌ സ്വ‌പ്നത്തിലേക്കിറങ്ങി‌‌വന്നു‌.. കവിളത്തെ‌ നു‌ണക്കുഴികളില്‍‌ ചിരിച്ചു‌.. പിന്നെ‌ കൈ‌കള്‍‌ പിടിച്ച്‌ എന്നെ‌ കൂട്ടിക്കൊണ്ട്‌ പോയി‌.. ഞങ്ങള്‍‌ വെള്ള‌മേഘങ്ങള്‍ക്ക്‌ മുകളിലൂ‌ടെ‌ ഓടിക്കളിച്ചു‌‌, നക്ഷത്രങ്ങള്‍ക്കിടയില്‍‌
‌ഒളിച്ചുകളിച്ചു‌‌, മഴ‌മേഘ‌ക്കുഴികളിലിറങ്ങി‌നിന്ന്‌ പരല്‍‌‌മീനുകള്‍ക്ക്‌ നേരേ‌ കാലുകള്‍‌ നീട്ടി‌‌, പിന്നെ‌ നീലം‌ മുക്കിയ‌ വെളുത്ത‌ പോളിസ്റ്റ‌ര്‍‌കുപ്പായം‌ എന്റെ കൈകളിലേക്ക്‌ വെച്ചു‌തന്ന് അവന്‍‌ ദൂരേക്ക്‌ ദൂരേക്ക്‌ ഓടിമറയവെ‌ ഏഴാനാകശത്തിന്റെ‌ വക്കത്ത് നിന്ന് ഞാനെന്റെ‌ ഉണര്‍ച്ചയിലേക്ക്‌ തലകുത്തിവീണു‌....
ഇന്ന്‌ പല‌വിധ‌ വര്‍ണ്ണങ്ങളി‌ലുള്ള‌ ഡ്രസ്സുകള്‍‌ തൂക്കിയിട്ടിരിക്കുന്ന‌ അലമാരക്കു‌ മുന്നില്‍‌‌, ഒരു‌ കളറിലും‌ ഫാഷനിലും‌ കൗതുകമില്ലാതെ‌‌, ഇന്നേതാണ്‌ ധരിക്കേണ്ടതെന്നാലോചിച്ച്‌ കണ്ണടച്ച്‌ നില്‍ക്കുമ്പോള്‍‌ പിന്നില്‍‌ നിന്ന്‌ എന്റെ‌ ചുമലില്‍‌ കൈ‌‌വെച്ച്‌ സെയ്ദു‌ ചോദിക്കും‌‌ :‌
"‌‌ന്റെ‌ കുപ്പായം‌ വേണോ‌..? ''‌
വേണം‌ സെയ്ദൂ‌... ഈ‌ ഉടുപ്പുകളെല്ലാം‌ വ‌ലിച്ചു‌ കീറി‌‌യെറിഞ്ഞ്‌, പഴന്തുണിയുടെ‌ മണമുള്ള‌‌, കോളറിന്റെ‌ തുന്ന്‌ കീറിയ‌, കൈമടക്കുകളി‌ല്‍‌ വിയര്‍പ്പിന്റെ‌ മഞ്ഞ‌‌നിറമുള്ള‌ ആ‌ പോളിസ്റ്റ‌‌ര്‍‌ കുപ്പായം‌ ഒരിക്കല്‍‌ കൂടി‌....
എന്നിട്ട്‌ ഒരു‌ രാജകുമാരനെപ്പോലെ‌....
ഉറക്കമില്ലാതെ‌ കിടക്കുന്ന‌ ഓരോ‌ ഏകാ‌ന്ത‌‌രാവുകളിലും‌ ഞാനിപ്പോഴും‌ സെയ്ദി‌നെ‌ കാത്തിരിക്കാറുണ്ട്‌...
വെള്ള‌ മേഘങ്ങള്‍ക്കിടയിലൂടെ‌ അവന്‍‌ ഇറങ്ങി‌ വരുന്നതും‌ കാത്ത്‌..
‌മങ്ങിയ‌ നിലാവുള്ള‌ ഒരു‌ രാത്രിയില്‍‌, രാപ്പാടികളുറങ്ങുന്ന‌ നേരത്ത്‌ എനിക്കുള്ള‌ കുപ്പായവുമായി‌ അവന്‍‌ വരും‌.‌..‌! നീലം‌ മുക്കിയ‌ ആ‌ വെള്ളക്കുപ്പായവു‌മിട്ട്‌ ഞാന്‍‌ നിശ്ചലനായി‌ കിടക്കും‌.‌. പിന്നെ‌ ഞങ്ങള്‍‌ വെള്ള‌മേ‌ഘങ്ങള്‍ക്ക്‌ മുകളിലൂടെ‌ ഓടിക്കളിക്കും‌‌, നക്ഷത്രങ്ങല്‍ക്കിടയില്‍‌ ഒളിച്ചുകളിക്കും‌‌, ഒരു‌ ഉണര്‍ച്ചയിലേക്കും‌ ഒരിക്കലും‌ തലകുത്തി‌ വീഴാതെ‌..‌ അനന്ത‌കാലം‌..‌... (തുടരും‌ )‌‌
...... റസാഖ് വഴിയോരം‌ ............................................................................................................

No comments:

Post a Comment