Thursday, September 3, 2020

രണ്ട്‌ കവിതകള്‍‌ :


 

ചിലര്‍ ജീവിതം മുറിച്ചു കടക്കുന്നത് നോക്കിനിന്നുപോകും,
കാലത്തിനു കുറുകെ വലിച്ചു കെട്ടിയ കയറിനു മുകളിലൂടെ
പിടി വിട്ട്.. പാട്ടു പാടി.. പൊട്ടിച്ചിരിച്ചങ്ങനെ....
അവരെ നോക്കി നില്‍ക്കുന്നവര്‍ക്കാണ് പേടി.
ചിലര്‍ കഴിഞ്ഞ കാലത്തില്‍ മനസ്സുടക്കി,
വരും കാലത്തില്‍ കണ്ണുടക്കി പരിഭവിച്ചങ്ങനെ....
ഈ നിമിഷം, വര്‍ത്തമാന കാലത്തെ നോക്കി
പുഞ്ചിരിച്ചങ്ങനെ നില്‍ക്കുകയാണ് ഞാന്‍...
................................................................................................................
റസാഖ് വഴിയോരം ( വാരാദ്യ‌ മാധ്യമത്തില്‍‌ പ്രസിദ്ധീകരിച്ചത്‌ )
28.05.2015

...............................................................................................................

 
 
ഉത്തരം ( കവിത‌ )
................................

ഈ ആകാശത്തിന് മറവിലിരുന്ന്
കരഞ്ഞു തളര്‍ന്നൊരു മഴ മേഘം
എന്നോട് ചോദിക്കുന്നു....
ആര്‍ക്കു വേണ്ടിയാണ് മഴ പെയ്യേണ്ടത്...?
മരങ്ങള്‍ക്കും മീതെ ഉയര്‍ന്നു നില്ക്കുന്ന
മൊബൈല്‍ ടവറുകള്‍ക്കോ..?
സ്മാര്‍ട്ട് ഫോണില്‍ നിന്ന് തലയുയര്‍ത്തി
ആകാശത്തിന്റെ അനന്തതയിലേക്കൊന്ന് നോക്കാന്‍
സമയമില്ലാത്ത മനുഷ്യര്‍ക്കോ...?
മണ്ണ് തുരന്ന് മരിച്ചു പോയ മലകള്‍ക്കോ...?
മണലൊഴിഞ്ഞ പുഴകള്‍ക്കോ....?
ആര്‍ക്കു വേണ്ടിയാണ് മഴ പെയ്യേണ്ടത്...?
മണ്ണിട്ടു മൂടിയ വയലുകള്‍ക്കോ...?
മഴക്കാടുകളെ ശ്വാസം മുട്ടിച്ചു കൊന്ന
കോണ്ക്രീറ്റു കാടുകള്‍ക്കോ...?
ആര്‍ക്കു വേണ്ടിയാണ് മഴ പെയ്യേണ്ടത്...?
ഞാനെന്താണ് ഉത്തരം പറയേണ്ടത്...?
.........................................
റസാഖ് വഴിയോരം - 12.6.2015
 
 

 

No comments:

Post a Comment