ചിരിച്ചുകൊണ്ട് ചതിക്കുന്നവരുടെ ലോകം!
...............................................................................
ഒരു ദിവസം ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് അവനെന്റെ എൻ്റെ വീട്ടിലേക്ക് കയറി വന്നത്. ഞങ്ങൾ സുഹൃത്തുക്കൾ തന്നെയാണെങ്കിലും മാസങ്ങളായി തമ്മിൽ കണ്ടിട്ടും സംസാരിച്ചിട്ടും. മുമ്പൊരിക്കൽ എൻ്റെയടുത്തുനിന്ന് കുറച്ച് രൂപ കടം മേടിച്ച് പോയതിനുശേഷം പിന്നെ ഇന്നാണിവനെ നേരിൽ കാണുന്നത്. ഒരിക്കൽ എനിക്കൊരത്യാവശ്യം വന്നപ്പോൾ കൊടുത്ത പണം തിരിച്ചു ചോദിക്കാനായി ഒന്നുരണ്ട് തവണ ഞാനവനെ വിളിച്ചതാണ്. പക്ഷെ അന്നൊന്നും അവനെൻ്റെ ഫോണെടുക്കുകയോ തിരിച്ച് വിളിക്കുകയോ ചെയ്തില്ല. ഇപ്പോഴിതാ വിനീതനായി വീണ്ടും അവനെൻ്റെ മുമ്പിൽ വന്നുനിൽക്കുന്നു. ഇനിയും കടം ചോദിക്കാനായിരിക്കുമോ ഇവൻ വന്നിരിക്കുന്നത് എന്നൊരു സംശയം എൻ്റെ മനസ്സിലുയർന്നു. അഥവാ അങ്ങനെ ചോദിക്കുകയാണെങ്കിൽ പറയാനുള്ള മറുപടിയൊക്കെ ഞാൻ മനസ്സിൽ കരുതിവക്കാൻ തുടങ്ങി. ഒരിക്കൽ ഒരബദ്ധം പറ്റിയതാണ്, ഇനിയതുണ്ടാവരുതല്ലോ. ഏതായാലും മുഖത്ത് കൃത്രിമമായൊരു ചിരിവരുത്തിക്കൊണ്ട് ഞാൻ ചോദിച്ചു: എന്താണ് പതിവില്ലാതെ ? മറുപടിയായി ഒന്ന് ചിരിക്കുക മാത്രം ചെയ്തുകൊണ്ട് അവൻ വരാന്തയിൽ കയറിയിരുന്നു. പിന്നെ എൻ്റെയും വീട്ടുകാരുടെയുമൊക്കെ കാര്യങ്ങൾ അവൻ വളരെ താല്പര്യത്തോടെ ചോദിച്ചറിയാൻ തുടങ്ങി. അപ്പോൾ വീണ്ടും കടം ചോദിക്കാൻ തന്നെയാണ് ഇവൻ്റെ വരവെന്ന് ഞാൻ മനസ്സിലുറപ്പിച്ചു. അവൻ പല കാര്യങ്ങളെക്കുറിച്ചും ഇതിനിടയിൽ സംസാരിച്ചുകൊണ്ടിരുന്നെങ്കിലും എന്നെത്തേടി വന്നതിന്റെ ഉദ്ദേശം മാത്രം അവൻ അപ്പോഴും പറഞ്ഞില്ല. അവസാനം പോകാനൊരുങ്ങുമ്പോൾ അവൻ പേഴ്സ് തുറന്ന് അതിൽ ഭംഗിയായി മടക്കിവച്ചിരുന്ന ഏതാനും അഞ്ഞൂറ് രൂപയുടെ നോട്ടുകളെടുത്ത് എന്റെ പോക്കറ്റിലിട്ട് തന്നുകൊണ്ട് ഇങ്ങനെ പറഞ്ഞു: ഒരിക്കൽ ഞാൻ നിന്റെയടുത്ത്നിന്ന് കടം വാങ്ങിയതാണ്. മടക്കിത്തരാൻ കുറെ വൈകിയെന്നറിയാം, ഓരൊരോ പ്രശ്നങ്ങളിൽ കുടുങ്ങിപ്പോയി, ക്ഷമിക്കണം.
ഒന്നും പറയാനാവാതെ ഒരു നിമിഷം ഞാൻ തരിച്ചുനിന്നു. സുഹൃത്തിനെ വെറുതെ തെറ്റിദ്ധരിച്ചുപോയതിൽ എനിക്ക് വല്ലാത്തൊരു ജാള്യത തൊന്നി. ഞാൻ പറഞ്ഞു:
ഓ.. വൈകിയതൊന്നും പ്രശനമല്ല, സത്യം പറഞ്ഞാൽ നീ കടം വാങ്ങിപ്പോയ കാര്യം തന്നെ ഞാനിപ്പോഴാണോർക്കുന്നത്. സാധാരണ പഴയ കടങ്ങളൊന്നും കുറെ കഴിയുമ്പോൾ ആരും തിരിച്ചുകൊടുക്കാറില്ല, പലരും മടക്കി ചോദിക്കാറുമില്ല. ഇത്രയും കാലം കഴിഞ്ഞിട്ടും നീയിത് മറക്കാതെ മടക്കിത്തന്നല്ലൊ, രൊമ്പ താങ്ക്സ്.
ചിരിയിൽ പൊതിഞ്ഞ എൻ്റെ താങ്ക്സ് കേട്ടപ്പോൾ അവൻ്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു. പിന്നെ മുഖത്തൊരു ഭാവവ്യത്യാസം വരുത്തിക്കൊണ്ട് അവൻ പറഞ്ഞു:
ഒരു രൂപ പോലും കടം മേടിക്കാതെ ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ആളായിരുന്നു ഞാൻ. പക്ഷെ വല്ലാതെ പ്രയാസപ്പെടുമ്പോൾ വല്ലവരോടും വാങ്ങുകയല്ലാതെ വെറെ വഴിയുണ്ടാവില്ല. ശമ്പളക്കാരനാണെങ്കിലും കിട്ടുന്നതൊന്നും മതിയാകാത്ത കാലമാണല്ലോ. മക്കളുടെ പഠനം, ചികിൽസ, വീട്ടുചെലവുകൾ തുടങ്ങിയ അത്യാവശ്യങ്ങൾ കഴിഞ്ഞുപോകണ്ടേ? അതിന് കടം വാങ്ങുകയല്ലാതെ വേറെന്തു വഴി? അപ്പോഴൊക്കെ സഹായിക്കുന്ന നിങ്ങളെപ്പോലെയുള്ളവർക്ക് സമയത്തിനത് തിരിച്ചുതരാതെ ബുദ്ധിമുടിക്കുന്നത് വലിയ നന്ദികേടാണെന്നറിയാം. നിവൃത്തികേടുകൊണ്ടാണെന്ന് കരുതിയാൽ മതി.
അല്പം അനുകമ്പയോടെ അവനെ നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു: ഇക്കാലത്ത് ഇങ്ങനെയൊക്കെ ചിന്തിക്കുന്ന നിന്നെപ്പോലെ കുറച്ചാളുകളെങ്കിലുമുണ്ടല്ലോ, സന്തോഷം.
കടം വാങ്ങിപ്പോകുന്ന അധികപേരും സമയത്തിനത് തിരിച്ചുകൊടുക്കാത്ത അനുഭവങ്ങളാണ് പലരും പറയാറുള്ളത്. അതുകൊണ്ട് തന്നെയായിരിക്കണം കയ്യിൽ വെറുതെ കിടക്കുന്ന പണമുണ്ടെങ്കിലും ചോദിച്ച് വരുന്നവർക്ക് കടം കൊടുക്കാൻ പലരും മടിക്കുന്നതും. വളരെ വിനീതരായി കടം വാങ്ങിപ്പോകുന്ന പലരും സമയത്തിനത് തിരിച്ചുകൊടുക്കാറില്ലെന്ന് മാത്രമല്ല, പിന്നെയത് തിരിച്ചുകിട്ടണമെങ്കിൽ കൊടുത്തവൻ വാങ്ങിയവന് പിന്നാലെ ദിവസങ്ങളോളം യാചിച്ചുനടക്കണം. കടം കൊടുത്തതിൻ്റെ പേരിൽ അടുത്ത ബന്ധങ്ങൾ വരെ മുറിഞ്ഞുപോയത് എനിക്കറിയാം. വെറുതെയെന്തിന് അതിനൊക്കെ ഇടവരുത്തണമെന്ന് ആരെങ്കിലും ചിന്തിച്ചുപോയാൽ അവരെ കുറ്റപ്പെടുത്താനാവില്ലല്ലോ. ഇതിനിടയിൽ കുടുങ്ങിപ്പോകുന്നത് നിന്നെപ്പോലെയുള്ള ശുദ്ധന്മാരാണെന്നുമാത്രം.
ശരിയാണ്, സുഹൃത്ത് പറഞ്ഞു. പരസ്പര വിശ്വാസം വലിയൊരു കാര്യം തന്നെയാണ്. ഒരിക്കലത് തകർന്നുപോയാൽ പിന്നെയത് നേരെയാക്കാൻ വലിയ പ്രയാസമാണ്.
ഞാൻ പറഞ്ഞു: സഹായിക്കാൻ സന്മനസ്സുള്ളതുകൊണ്ടാണ് പലരും കടം കൊടുക്കാൻ തയ്യാറാവുന്നത്. പരസ്പര വിശ്വാസമുള്ളത് കൊണ്ടാണ് കടം ചോദിക്കുന്ന പലർക്കും ഒരു രേഖയുമില്ലാതെ ചോദിക്കുന്ന പണം അപ്പോൾതന്നെ എടുത്ത് കൊടുക്കുന്നത്. എന്നാൽ അങ്ങനെയുള്ള നല്ല മനുഷ്യരോടു പോലും വിശ്വാസവഞ്ചന കാണിക്കുന്നവരാണ് ഇക്കാലത്തധികവുമുള്ളത്. ചിരിച്ചുകൊണ്ട് പറ്റിക്കുന്നവരുള്ള ലോകമാണിത്. ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം.
സുഹൃത്ത് ശരിയാണെന്ന അർത്ഥത്തിൽ തലയാട്ടി. ഞാൻ പറഞ്ഞു: ഒന്നും വേണ്ട, ഒരത്യാവശ്യത്തിന് ലോണെടുക്കാനായി ഏതെങ്കിലുമൊരു ബാങ്കിലൊന്ന് ചെന്നുനോക്കിയാലറിയാം കുറച്ച് പണം കിട്ടണമെങ്കിൽ എത്ര പ്രയാസമുണ്ടെന്ന്. അതിനായി എത്ര പ്രാവശ്യം അവരുടെ ഓഫീസിൽ കയറിയിറങ്ങണമെന്നും എത്ര ഡോക്യുമെൻ്റുകൾ കാണിച്ചുകൊടുക്കണമെന്നും. എന്നാൽ ഇതൊന്നുമില്ലാതെ
മനുഷ്യത്വത്തിൻ്റെ പേരിൽ മാത്രം പണം കൊടുത്ത് സഹായിക്കാൻ തയ്യാറുള്ള നല്ലവരായ ആളുകളെ കഴിവുണ്ടായിട്ടും പിന്നീടത് തിരിച്ചുകൊടുക്കാതെ പറ്റിക്കുന്നത് ക്രൂരതയല്ലേ? ഇതുപോലെ വിശ്വാസവഞ്ചന കാണിച്ച് മാറിനടന്ന ഒരുത്തന് അവൻ ചതിച്ചുനേടിയതിനേക്കാൾ വലിയ തുക ഒട്ടും പ്രതീക്ഷിക്കാത്ത വഴികളിലൂടെ അവന് നഷ്ടപ്പെട്ടുപോയത് എനിക്കറിയാം. അപ്പോഴാണ് അവന് തെറ്റ് മനസ്സിലായത്.
ഞാൻ പറഞ്ഞതിനോട് യോജിച്ചുകൊണ്ട് സുഹൃത്ത് പറഞ്ഞു, ശരിയാണ്. അന്യായമായി മറ്റൊരാളുടെ പണം സ്വന്തമാക്കിയാലും സ്വന്തത്തിനത് ഉപകരിക്കില്ലെന്ന് പലരുടെയും അനുഭവത്തിൽ നിന്ന് ഞാനും മനസ്സിലാക്കീട്ടുണ്ട്. അന്യൻ്റെ മുതൽ അവിഹിതമയി നമ്മുടെയോ മക്കളുടേയോ ആഹാരത്തിലോ രക്തത്തിലോ കലർന്നുപോയാൽ അത് മതിയാവും നമ്മുടെയൊക്കെ ജീവിതത്തിൻ്റെ നിറം കെട്ടുപോകാൻ. തെറ്റും ശരിയും നോക്കാതെ എത്ര സമ്പാദിച്ചിട്ടെന്താ അതൊക്കെ നഷ്ടപ്പെടാൻ എന്തൊക്കെ കാരണങ്ങളുണ്ട് നമുക്ക് ചുറ്റും? ഒരപകടം മതിയല്ലോ, അല്ലെങ്കിൽ ഒരു രോഗം അതുമല്ലെങ്കിൽ ഏതെങ്കിലുമൊരു തടിപ്പിലോ കേസിലോ ചെന്നുപെട്ടാലും മതിയല്ലോ കയ്യിലുള്ളതെല്ലാം തീർന്നുപോകാൻ. നിറങ്ങി
അവിഹിതമായത് സമ്പാദിക്കാതിരിക്കുകയും മറ്റുള്ളവർക്ക് കൊടുക്കാനുള്ളത് പിടിച്ചുവെക്കാതിരിക്കുകയും ചെയ്യുന്നവരുടെ ജീവിതത്തിൽ നിന്ന് ഇത്തരം പല ആപത്തുകളും നീങ്ങിപ്പോകുന്നത് പല സന്ദർഭങ്ങളിലൂടെയും ഞാൻ മനസ്സിലാക്കീട്ടുണ്ട്.
ഞാൻ പറഞ്ഞു: ഇതൊന്നും മനസ്സിലാക്കാതെയാണല്ലോ തെറ്റും ശരിയും നോക്കാതെ പലരും വാരിക്കൂടുന്നത്.
സുഹൃത്ത് പറഞ്ഞു: ഇത്തിരി കുറഞ്ഞാലും സ്വന്തമായുള്ളതുകൊണ്ട് ജീവിക്കണമെന്ന് തന്നെയാണ് എൻ്റെ ആഗ്രഹം. എന്നാലും ചിലപ്പോൾ ചിലരുടെ സഹായങ്ങൾ ഇല്ലാതെ പറ്റില്ല. അതുകൊണ്ടുതന്നെ സഹായിക്കുന്നവരോട് ഞാനൊരിക്കലും വിശ്വാസവഞ്ചന കാണിക്കാറില്ല. വല്ലവരോടും കടം ചോദിക്കേണ്ടിവന്നാൽ അത് തിരിച്ചുകൊടുക്കാൻ കഴിയണേ എന്ന പ്രാർത്ഥനയോടെയാണ് ഞാനത് വാങ്ങാറ്. അതുകൊണ്ടായിരിക്കണം അല്പം വൈകിയാലും എനിക്കത് മടക്കിക്കൊടുക്കാൻ കഴിയാറുണ്ട്.
ഇതിനിടയിൽ ഭാര്യ ചായയും പലഹാരങ്ങളും കൊണ്ടുവന്നു. ഒരുമിച്ചിരുന്ന് ഞങ്ങളത് കഴിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു: തമ്മിൽ കുറേനേരം സംസാരിച്ചിരുന്നെങ്കിലും ചോദിക്കാൻ വിട്ടുപോയി, മക്കളൊക്കെ എന്തുചെയ്യുന്നു? മുഖത്തൊരു സന്തോഷം തെളിയിച്ചുകൊണ്ട് സുഹൃത്ത് പറഞ്ഞു. അവരൊക്കെ പഠിച്ചുകൊണ്ടിരിക്കുന്നു. മക്കളൊക്കെ ജോലിയിലാകുന്നതുവരെ ഇങ്ങനെയൊക്കെത്തന്നെ മുന്നോട്ട് പോകണം. എന്നാലും അത്യാവശ്യ കാര്യങ്ങൾക്കൊന്നും ഇതുവരെ ദൈവം സഹായിച്ചിട്ട് എനിക്ക് പ്രയാസപ്പെടേണ്ടി വന്നിട്ടില്ല കേട്ടോ.
അത് പറയുമ്പോൾ അവൻ്റെ മുഖത്ത് ഒരു പ്രതീക്ഷയും സംതൃപ്തിയും നിറഞ്ഞുവരുന്നത് ഞാൻ ശ്രദ്ധിച്ചു.
പിന്നെയും കുറച്ച് സമയം കൂടി ഞങ്ങൾ സംസാരിച്ചിരുന്ന ശേഷം അവൻ പോകാനൊരുങ്ങി. അപ്പോൾ നേരത്തെ അവനെൻ്റെ പോക്കറ്റിലിട്ടുതന്നിരുന്ന ആ പണമെടുത്ത് ഞാൻ അവൻ്റെ കയ്യിൽ തന്നെ വച്ചുകൊടുത്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: എനിക്കിപ്പോൾ അത്യാവശ്യമൊന്നുമില്ല, ഇത് കടമായി കരുതുകയും വേണ്ട. അത് പറയുമ്പോൾ അവൻ ആശ്ചര്യത്തോടെ എന്നെത്തന്നെ നോക്കിനിന്നു. അപ്പോൾ അവൻ്റെ കണ്ണുകളിൽ ഒരു നനവ് പടരുന്നത് ഞാൻ കണ്ടു. പിന്നെ അവൻ പതുക്കെ തിരിച്ചു നടക്കുന്നതും നോക്കി ഞാനങ്ങനെ നിൽക്കുമ്പോൾ മനസ്സിലെവിടെയോ അവൻ്റെ വാക്കുകൾ പതിയെ പ്രതിദ്ധ്വനിക്കുന്നത് ഞാനറിഞ്ഞു.. ‘’നമ്മുടെയോ മക്കളുടേയോ ആഹാരത്തിലോ രക്തത്തിലോ അവിഹിതമായതെന്തെങ്കിലും അകപ്പെട്ടുപോയാൽ അതുമതിയാകും ജീവിതത്തിൻ്റെ നിറം കെട്ടുപോകാൻ..’’ അവൻ കണ്ണിൽ നിന്ന് മറഞ്ഞുപോയിട്ടും ആ വാക്കുകൾ എൻ്റെ മനസ്സിൽ നിന്ന് മാഞ്ഞുപോയില്ല. ഏറെ നേരം അങ്ങനെ നിന്ന ശേഷം ഞാൻ അകത്തേക്ക് കയറിപ്പോകുമ്പോൽ മനസ്സ് സ്വയം ചോദിച്ചു; ദൈവമേ, അനർഹമായ വല്ലതും അറിയാതെ എൻ്റെ സമ്പാദ്യത്തിലും കലർന്നിട്ടുണ്ടാവുമോ?
……………………………………
കഥ: റസാഖ് വഴിയോരം
……………………………………
26.6.2023