Monday, March 11, 2013
ABOUT VAZHIYORAM ഇനി വിദ്യാഭ്യാസ വിപ്ലവം അനിമേഷനിലൂടെ ... ടി.പി ഷുക്കൂര്‍
വിദ്യാഭ്യാസരംഗത്ത് അനിമേഷ³ കൊണ്ട് എന്ത് വിപ്ലവം സൃഷ്ടിക്കാനാവും എന്ന അന്വേഷണത്തിലാണ റസാഖ് വഴിയോരം. കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാരറ്റ് ക്രിയേഷന്‍സിന്‍റെ മാനേജിംഗ് ഡയറക്ടറായ അദ്ദേഹം ഈ ഉദ്ദേശ്യവുമായി കഴിഞ്ഞ എട്ടു വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. അനിമേഷന്‍ സിനിമകള്‍, കുടുംബ സിനിമകള്‍, കാര്‍ട്ടൂണുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ പുതുമയാര്‍ന്ന സൃഷ്ടികളുമായി കാരറ്റ് ക്രിയേഷന്‍ രംഗപ്രവേശനം ചെയ്തു കൊണ്ടിരിക്കുന്നു. സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ അനിമേഷന്‍ പഠിപ്പിക്കുക, അവരെ സ്വന്തം സൃഷ്ടികള്‍ ഉണ്ടാക്കിയെടുക്കാന്‍ പരിശീലിപ്പിച്ച് പൊതുജനസമക്ഷം അവതരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് രണ്ടു വര്‍ഷം മുമ്പ് ഒരു ഓണ്‍ലൈന്‍ ടിവിയും കാരറ്റ് ക്രിയേഷന്‍സ് സ്ഥാപിക്കുകയുണ്ടായി.
പഠനം എളുപ്പമാക്കാന്‍ വിദ്യാഭ്യാസരംഗത്ത് അനിമേഷന്‍ ഉപയോഗപ്പെടുത്തുക എന്ന നൂതനാശയവുമായാണ് റസാഖ് വഴിയോരവും സംഘവും ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.
“അനിമേഷന്‍, വിദ്യാഭ്യാസ രംഗത്ത് എങ്ങനെ ഉള്‍പ്പെടുത്താം എന്നാണ് ഞങ്ങള്‍ നോക്കുന്നത്.” അദ്ദേഹം പറഞ്ഞു. “ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ സ്ക്രീനിലൂടെ അനിമേഷനായി പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ അവര്‍ക്ക് പഠനം വളരെ എളുപ്പമായി അനുഭവപ്പെടും. സമര്‍ത്ഥരായ കുട്ടികളെ കണ്ടെത്തി അവരുടെ വരക്കാനുള്ള കഴിവിനെ പ്രോത്സാഹിപ്പിച്ച് അവരുടെ ആശയങ്ങളെ അനിമേഷനിലൂടെ അവതരിപ്പിക്കാന്‍ പ്രാപ്തരാക്കുകയും അവര്‍ക്ക് സ്വന്തമായി തന്നെ പ്രോജക്ടുകള്‍ നിര്‍മ്മിച്ചെടുക്കാന്‍ കഴിയുന്ന രീതിയില്‍ അവരെ വളര്‍ത്തിയെടുക്കുകയും ചെയ്യുക. ഇങ്ങനെ അവര്‍ സ്വന്തമായി നിര്‍മ്മിച്ചെടുക്കുന്ന സൃഷ്ടികള്‍ കാര്‍ട്ടൂണ്‍ കിഡ്സ് ടിവിയില്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ അത് മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്രദമാക്കുകയും ചെയ്യുക. ഇതാണ് ഓണ്‍ലൈന്‍ ടിവിയുടെ ലക്‌ഷ്യം”
ഈ ആശയം സംബന്ധമായി കൂടുതല്‍ അഭിപ്രായരൂപീകരണത്തിലാണ് ഞങ്ങള്‍.” റസാഖ് വഴിയോരം പറഞ്ഞു.
“അനിമേഷന്‍ രംഗം ഇന്ത്യയില്‍, പ്രത്യേകിച്ചും കേരളത്തില്‍, ഇപ്പോഴും അതിന്റെ ശൈശവദശയിലാണ്. പഴയ ഇംഗ്ലീഷ് അനിമേഷനുകള്‍ തപ്പിയെടുത്ത് അവയെ മലയാളത്തിലേക്ക് ഡബ്ബ് ചെയ്യുകയാണ് ചില മലയാളം ടി വി ചാനലുകള്‍ ചെയ്യുന്നത്. അവയില്‍ മിക്കതിലും അക്രമരംഗങ്ങള്‍ അടങ്ങിയത് കൊണ്ട് പലപ്പോഴും കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ അപായകരമായ ദൂഷ്യഫലങ്ങളാണ് ഉളവാക്കുന്നത്. കുട്ടികള്‍ക്ക് നന്മയുടെയും സാംസ്ക്കാരിക മൂല്യങ്ങളുടെയും സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കുന്ന അനിമേഷനുകള്‍ കേരളത്തില്‍ നിര്‍മ്മിക്കപ്പെടുന്നില്ല. അനിമേഷന്‍ വിദഗ്ദ്ധരുടെ അഭാവവും മാര്‍ക്കറ്റിംഗ് പരിമിതികളുമാവാം അതിന് കാരണം.” അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റസാഖ് വഴിയോരം മുമ്പ് ഏതാനും വര്‍ഷങ്ങള്‍ ഖത്തറിലെ പെനിന്‍സുല ഇംഗ്ലീഷ് പത്രത്തില്‍ കാര്‍ട്ടൂണിസ്റ്റ് ആയി ജോലി ചെയ്യുകയും അതേസമയം തന്നെ ഗള്‍ഫ് ടൈംസിനു വേണ്ടി കാര്‍ട്ടൂണുകള്‍ വരക്കുകയും ചെയ്തിരുന്നു.
കുട്ടികളുടെ കഥ പറയുന്ന ഒരു പുതിയ ഹോം സിനിമയുടെ അവസാനവട്ട മിനുക്കു പണികളിലാണിപ്പോള്‍ അദ്ദേഹം. ‘രഹസ്യങ്ങളുടെ താഴ്‌വരയും ‘സര്‍ക്കസ് കടുവ’യുമാണ് വരാനിരിക്കുന്ന മറ്റു ചിത്രങ്ങള്‍. പതിനാറ് എപ്പിസോഡുകളുള്ള അനിമേറ്റഡ് സിനിമയാണ് രഹസ്യങ്ങളുടെ താഴ്‌വര. പ്രകൃതിയെയും പരിസ്ഥിതിയെയും അടുത്തറിഞ്ഞു കൊണ്ട് മരുഭൂമിയിലൂടെയും കാട്ടിലൂടെയും സാഹസിക യാത്ര നടത്തുന്ന ധീരയായ ഒരു പെണ്‍കുട്ടി കേന്ദ്രകഥാ പാത്രമായ സിനിമയില്‍ സാമൂഹികപ്രസക്തമായ പല സന്ദേശങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അത്തീക്ക് വാടിക്കല്‍ ആണ് നിര്‍മ്മാണം. പ്രൊജക്റ്റ് ഡയരക്ടര്‍ സലാം കൊടിയത്തുരും അനിമേഷന്‍ ഡയരക്ടര്‍ അമീന്‍ വേങ്ങരയുമാണ്.
ആസ്വാദനത്തിലുപരിയായി പരിസ്ഥിതിയും പ്രകൃതിമാതാവും സംരക്ഷിക്കപ്പെടേണ്ടതിന്‍റെ ആവശ്യകതയാണ് പ്രസ്തുത സിനിമ മുന്നോട്ടു വെക്കുന്ന സന്ദേശം. ചില സാങ്കേതിക പ്രശ്നങ്ങള്‍ മൂലം ഈ പ്രൊജക്റ്റ് നിര്‍മ്മാണത്തിന്‍റെ തുടക്കത്തില്‍ കുറച്ചു തടസ്സങ്ങള്‍ നേരിട്ടിരുന്നെങ്കിലും പെട്ടെന്ന് തന്നെ പുറത്തിറക്കാനാവുമെന്നാണ് അദ്ദേഹം നല്‍കുന്ന സൂചന.
ചുണ്ടുക്കുറുക്കന്‍, കുട്ടാപ്പി, വമ്പന്‍ ചിമ്പു, മരുപ്പച്ച, അണ്ണാറക്കണ്ണന്‍, കുസൃതിക്കുറുക്കന്‍, പൂമ്പാറ്റയും തുടങ്ങിയവ കാരറ്റ് ക്രിയേഷന്‍ പുറത്തിറക്കിയ പ്രശസ്തമായ ചില അനിമേഷന്‍ ചിത്രങ്ങളാണ്. കൂടാതെ പ്രവാസിക്കഥ പറയുന്ന ഹോം സിനിമകളില്‍ ശ്രദ്ധേയമായ ‘പരേതന്‍ തിരിച്ചു വരുന്നു’ അടക്കം ഹോം സിനിമകള്‍ നിര്‍മ്മിചിട്ടുണ്ട്. കുട്ടാപ്പി 2009 ലെ കേരള സ്റ്റേറ്റ് ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച അനിമേഷന്‍ സിനിമക്കുള്ള അവാര്‍ഡിനര്‍ഹമായി. 2011 ലെ മികച്ച കുട്ടികളുടെ അനിമേഷന്‍ ആല്‍ബത്തിനുള്ള അവാര്‍ഡ് പൂമ്പാറ്റക്കും ലഭിച്ചു. ഇവ കൂടാതെ അദ്ദേഹം ഏതാനും ഡോക്യുമെന്ററികളുടെ സംവിധാനം നിര്‍വ്വഹിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും തമ്മില്‍ ഉണ്ടായിരിക്കേണ്ട മനശാസ്ത്രപരമായ ബന്ധത്തെക്കുറിച്ച് പറയുന്ന ‘ഒറ്റച്ചിറകുള്ള പക്ഷി’ എന്ന ഡോക്യു-ഫിക് ഷന്‍റെ കഥ രചിച്ചത് അദ്ദേഹമാണ്. വി ആര്‍ ജഗന്ത് സംവിധാനം ചെയ്ത ഇതിന് ഏറ്റവും നല്ല വിദ്യാഭ്യാസ സിനിമക്കുള്ള അവാര്‍ഡ് ലഭിക്കുകയും ചെയ്തിട്ടുണ്ട്.:
http://www.youtube.com/watch?v=tHTJxd1o9Yc
http://www.carrotcreation.in
Subscribe to:
Post Comments (Atom)

No comments:
Post a Comment