Tuesday, January 31, 2023

വാർദ്ധ്യക്യം‌ ബാധ്യതയോ‌?

 വാർദ്ധ്യക്യം‌ ബാധ്യതയോ‌?

.................................. ...........


‌ഉച്ചയ്‌ക്ക്‌ കഴിക്കാനുള്ള‌ ഭക്ഷണം‌ മേശപ്പുറ‌‌ത്ത്‌ മൂടി‌‌വ‌ച്ചിട്ടുണ്ട്‌. പിന്നെ‌ സ‌മ‌യമാകു‌മ്പോൾ‌ മരുന്നെടുത്ത്‌ ‌കഴിക്കാൻ‌ മറക്കണ്ട‌. വല്ലവരും‌ വന്ന്‌ ബെല്ലടി‌ച്ചാൽ‌ ആരാണെന്ന്‌ നോക്കിയേ‌ ‌വാതിൽ‌ തുറക്കാവൂ‌. 

രാവിലെ‌ ‌ കോളേ‌ജിലേക്ക്‌ പോകാനിറങ്ങുമ്പോൾ‌ മ‌കൾ‌ 

എന്നും‌ ഇതൊക്കെത്തന്നെയാണ്‌‌ അയാളെ‌  ഓർമ്മിപ്പിക്കാറു‌ള്ളത്‌.  


അവൾ‌ ഇനി‌  ‌തിരിച്ചെത്തുന്ന‌തു‌വരെ‌  ആ‌ 

വീട്ടിൽ‌ അയാൾ‌ ഒറ്റക്കായിരിക്കും‌. ‌എകാന്തത‌  അയാൾക്കിപ്പോൾ‌   ശീലമായിക്കഴിഞ്ഞിരിക്കുന്നു‌. എങ്കിലും‌ കുറെ‌ സമയം‌  തനിച്ചിരിക്കുമ്പോൾ‌ 

ഒന്ന്‌  മിണ്ടാ‌നും‌ പറ‌യാനു‌മൊക്കെ‌   അടുത്താരെങ്കിലുമുണ്ടായിരുന്നെങ്കിലെന്ന്‌   അയാൾ‌ വെറുതെ‌ ആഗ്രഹിച്ചുപോകും‌. അച്ഛനെ‌ തനിച്ചാക്കി‌ പോകുന്നതിൽ‌  അവൾ‌ക്ക്‌  പ്രയസമുണ്ടെങ്കിലും‌ പകൽ‌ സമയം‌ ഞാനിവിടെ‌ ഒറ്റക്കിരുന്നോളാമെന്നും‌ എന്നെയോർത്ത്‌  നിന്റെ‌ പഠിപ്പ്‌ മുടക്കേണ്ടെന്നും‌  അയാൾ‌ തന്നെ‌ മകളെ‌  നിർബ്ബന്ധിച്ചതുകൊണ്ടാണ്‌‌ അവൾ‌ കോളേജിൽ‌ പോകാൻ‌ ത‌യ്യാറായത്‌.   ‌കാൽമുട്ടിന്‌‌  വേദനയുള്ളതിനാൽ‌ ന‌ട‌ക്കാൻ‌  അല്പം‌ ബുദ്ധിമുട്ടുണ്ടെന്നല്ലാതെ‌  സ്വന്തം‌ കാര്യങ്ങൾക്കൊന്നും‌  ‌അയാൾക്കിപ്പോഴും‌    ആരുടേയും‌ സഹായവും‌  ആവശ്യവുമില്ല‌.    


ഊന്നുവടി‌യിൽ‌  അമർത്തിപ്പിടിച്ച്‌ കസേരയിൽ‌ നിന്ന്‌‌ പതുക്കെ‌ എ‌ഴുന്നേറ്റ്‌   മെല്ലെ‌ കട്ടിലിനടുത്തേക്ക്‌ ‌നട‌ന്നുപോകുമ്പോൾ‌ ചുമരിൽ‌ തൂങ്ങിക്കിടക്കുന്ന മങ്ങിയ‌ ഫ്രെ‌യ്മുള്ള‌ ആ‌  ‌ഫോട്ടോയിലേക്ക്‌  അയാൾ‌ അല്പസമയം‌ നോക്കിനിന്നു‌. ജീവിത‌യാത്രയിൽ‌  ഏറെ‌ക്കാലം‌ കൂടെയുണ്ടായിരുന്നവൾ‌!   ഈ‌ വീട്ടിലെ‌  ഓരോ‌ മൺതരിയിലും‌ ഇന്നും‌ അവളെ‌‌ക്കുറിച്ചുള്ള‌ ഓർമകളുണ്ട്‌.  ഓരോ‌ ‌ചുമരിലും‌ അവളുടെ‌ നിശ്വാസങ്ങൾ‌ പതിഞ്ഞുകിടപ്പുണ്ട്‌. അവളിന്നുണ്ടായിരുന്നെങ്കിൽ‌  അയാളൊരിക്കലും‌ ഈ‌ ഏകാന്തത‌ അനുഭവിക്കേണ്ടി‌വരില്ലായിരുന്നു‌. ജീവിച്ചിരുന്ന‌ കാലത്ത്‌ അവളുടെ‌ ‌പല‌ ആഗ്രഹങ്ങൾക്കും‌  ഞാനൊരു‌  തടസ്സമായിരുന്നല്ലോ‌ എന്നോർത്തപ്പോൾ‌  അയാൾക്കിന്നും‌ വല്ലാത്തൊരു‌ കുറ്റബോധമാണ്‌‌. മറ്റൊരാളുടെ‌  ഇഷ്ടങ്ങൾക്കും‌ ആഗ്രഹങ്ങൾക്കും‌  ഇനിയൊരിക്കലും‌ എതിരുനിൽക്കുകയില്ലെന്ന്‌   അവളുടെ‌  മരണത്തോടെ‌ അയാൾ‌  തീരുമാനിച്ചതാണ്‌‌. 

 ‌

ഓർമകളോരോന്നും‌ ഇന്നലെ‌ കഴിഞ്ഞപോലെ‌ അയാളുടെ‌ മനസ്സിലേക്കോടി‌യെത്തി‌.  വിവാഹത്തിന്റെ‌ ആദ്യ‌ നാളുകളിൽ‌ അയാൾ‌   രാവിലെ‌  ഓഫീസിലേക്ക്‌ പോകാൻ‌  വീട്ടിൽ‌ നിന്നിറങ്ങുമ്പോൾ‌ ഒരു‌  കുസൃതിച്ചിരിയോടെ‌ അവൾ‌  മുറ്റത്തേക്കിറങ്ങി‌വന്ന്‌  സ്കൂട്ടറിന്റെ‌ പിന്നിൽ‌ ചാരിനിന്ന്‌  ഇങ്ങനെ‌ പറയും‌:‌


''‌ഇന്ന്‌ ഞാനും‌  വരുന്നു നിങ്ങളുടെ‌ കൂ‌ടെ‌.   നിങ്ങളുടെ‌  ജോലി‌ കഴിയുന്നവരെ‌ ഞാനവിടെ‌  കാത്തിരുന്നോളാം‌. എന്നാലും‌ നിങ്ങളൊടൊപ്പം‌ അങ്ങോട്ടുമിങ്ങോട്ടും‌ പോയിവരാമല്ലൊ‌. തമാശയായിട്ടാണ്‌‌ അവളങ്ങനെ‌ പറ‌യുന്നതെങ്കിലും‌ അയാളുടെ‌ കൂടെ‌  പുറത്തേക്ക്‌ പോകാനും‌ ഒന്നിച്ചിരിക്കാനുമൊക്കെ‌യുള്ള‌ അവളുടെ‌ കൊച്ചു‌മോഹമായിരുന്നു‌  ആ‌ വാക്കുകളിൽ‌ നിറഞ്ഞിരുന്നത്‌.  എങ്കിലും‌ അതൊന്നും‌ ശ്രദ്ധിക്കാതെ‌‌, സമയം‌ വൈകിയെന്ന‌ ഭാവത്തിൽ‌  വാച്ചിലേക്ക്‌  നോക്കി‌ അയാൾ‌ ധൃ‌തിയിൽ‌ സ്കൂട്ടറോടിച്ച്‌ പോകുമ്പോൾ‌  അവളുടെ‌ മുഖത്ത്‌ കാർമേഘം‌ പോലെ‌ ഒരു‌ നിരാ‌ശ‌ വന്നുമൂ‌ടും‌.  പല‌ ദിവസങ്ങളിലും‌  അവൾ‌  അയാളോ‌ടിങ്ങനെ‌  പല‌ ആഗ്രഹങ്ങളും‌ പറഞ്ഞിരുന്നെങ്കിലും‌  അതൊന്നും‌ അയാൾ‌ ‌പരിഗണിച്ചതേയില്ല‌.


ഒരിക്കൽ‌ അവൾ‌ പറ‌ഞ്ഞു:‌  നമുക്കൊരു‌ദിവസം‌ ഒരുമിച്ചൊരു‌  ട്രെയ്നിൽ‌ കയറി‌ ‌ദൂരെയുള്ളൊരു‌ സ്ഥലത്തേക്ക്‌  യാത്ര‌ പോക‌ണം‌. പുതിയ‌ നാടും‌  സ്ഥലങ്ങളും‌ കാണാൻ‌  അയാളോടൊത്തുള്ളൊരു‌ യാത്ര  അവളുടെ‌ വലിയ‌  ആഗ്രഹങ്ങളിലൊന്നായിരുന്നു‌.  ‌മഞ്ഞണിഞ്ഞ‌ കാശ്മീർ‌ തടാ‌ക‌ങ്ങളും‌  ലോകാൽഭുതങ്ങലിലൊന്നായ‌ താജ്‌‌മഹലു‌മൊക്കെ‌  കാണാനുള്ള‌  അവളു‌ടെ‌ ആഗ്രഹങ്ങൾ‌  എത്ര തവണയാണ്‌‌ അയാളോടവൾ‌  പറ‌ഞ്ഞിരുന്നത്‌. എന്നിട്ടും‌   ഓഫീസിലെ‌ തിരക്കുകളും‌  യാത്രക്കുവേണ്ടി‌വരുന്ന‌ ചെലവുകളു‌മൊക്കെ‌   കാരണങ്ങളായിപ്പറഞ്ഞ്‌ അയാളവളെ‌ നിരുൽസാഹപ്പെടുത്തി‌. അങ്ങനെ‌  ഒന്നിച്ചൊരു‌  ‌യാത്ര ചെയ്യാതെ‌‌, ‌ഒരുമിച്ചൊരു‌ സിനിമയ്‌ക്കു‌ പോകാതെ‌‌, അയാളോടൊപ്പം‌ ബീ‌ച്ചിലോ‌ ഷോപ്പിംഗിനോ‌ സമയം‌ ചെലവഴിക്കാതെ‌  അവളുടെ‌  വിവാഹത്തിന്റെ‌  ആദ്യ‌ നാളുകൾ‌ സാധാരണപോലെ‌  ‌ കഴിഞ്ഞുപോയി‌.


വല്ലപ്പോഴും‌  വല്ല‌  കല്ല്യാണത്തിനോ‌ വീടുകൂടലിനോ‌  അയാളോ‌ടൊന്നിച്ച്‌  ‌ പുറത്ത്‌ പോകാനിറങ്ങുമ്പോൾ‌  ‌എന്തൊരു‌ ഉൽസാഹമായിരുന്നു‌ അവൾക്ക്‌.  പുതിയ‌ സാരിയുടുത്ത്‌‌, സ്കൂട്ടറിന്റെ‌ പിറകിൽ‌  ചേർന്നിരുന്ന്‌‌, വഴിയിൽ‌ കാണുന്ന‌ കൗതുകങ്ങളൊരോന്നും‌ മിഴിയടയാതെ‌ നോക്കി‌യിരുന്ന്‌ മുന്നോട്ടുപോകുമ്പോൾ‌ എന്തൊരു‌ തിളക്കമായിരുന്നു‌ അവളുടെ‌ കണ്ണുകൾക്ക്‌‌‌. എന്തൊരു‌ സന്തോഷമായിരുന്നു‌ അവ‌ളുടെ‌ വാക്കുകൾക്ക്‌. ‌വല്ലപ്പോഴും‌ കിട്ടുന്ന‌ 

അത്തരം‌ പരിഗണനകളും‌  ‌‌സന്തോഷങ്ങളുമായിരുന്നു‌  ജീവിതം‌‌ പ്രസരിപ്പോടെ‌   മുന്നോട്ട്‌ കൊണ്ടുപോകാൻ‌ അവൾക്ക്‌ പ്രേരണയായിരുന്നത്‌. എങ്കിലും‌ പലപ്പോഴും‌  ‌അയാളുടെ‌  തിരക്കുകളും‌ ഒഴിഞ്ഞുമാറലുമൊക്കെ‌ മനസ്സിലായിത്തുടങ്ങിയപ്പോൾ‌  അവൾ‌ പിന്നെ‌  ഓരോ‌രോ‌ ആഗ്രഹങ്ങൾ‌ ‌

പറ‌ഞ്ഞ്‌ അയാളെ‌ ബുദ്ധുമുട്ടിക്കാനൊന്നും‌ പോയില്ല‌. 


കാലവും‌ സമയവും‌ ആ‌രെയും‌ കാത്തിരിക്കാറില്ലല്ലോ‌.  ജീവിതം‌ എത്ര‌ സു‌ന്ദ‌രമാണെന്നോ‌ ലോകം‌ എത്ര‌ ‌പുതുമകൾ‌ നിറഞ്ഞതാണെന്നൊ‌ കാണാതെ‌,  അനുഭവിച്ചറിയാതെ‌ അയാൾ‌ ഓഫീസിലെ‌ തിരക്കുകളിലും‌ കണക്കുകളിലും‌ മുങ്ങിക്കിടന്നപ്പോൾ‌  അവൾ‌  കൂട്ടിലട‌ച്ച‌ കിളി‌യെപ്പോലെ‌ പ്രസരിപ്പ്‌ നഷ്ടപ്പെട്ട്‌  ‌ ആ‌ വീടിന്റെ‌  നാലുചുമരുകൾക്കുള്ളിൽ‌‌ ഒതുങ്ങി‌ക്കൂടി‌.  എങ്കിലും‌ കാലക്രമത്തിൽ‌  അവൾ‌ രണ്ടു‌ പെൺകുഞ്ഞുങ്ങളു‌ടെ‌ അമ്മയായതോടെ‌ അവളുടെ‌ ജീവിതത്തിനും‌ പുതിയൊരു‌ താള‌വും‌ നിറവുമൊക്കെ‌ ഉണ്ടായിത്തുടങ്ങി‌. ഒരിക്കലും‌ തിരിച്ചുകിട്ടാത്ത‌ ജീവിതത്തിലെ‌  സുന്ദര‌‌നിമിഷങ്ങൾ‌ ആ‌വോളം‌ ആ‌സ്വ‌ദിച്ച്‌  അവൾ കുഞ്ഞുങ്ങളോടൊപ്പം‌ സമയം‌ ചെ‌ലവഴിച്ചു‌.  പല‌ ദിവസങ്ങളിലും‌ അ‌യാൾ‌ ജോലി‌ കഴിഞ്ഞെത്തുമ്പോൾ‌  കുഞ്ഞുങ്ങളുടെ‌  കുസൃതികളും‌ വിശേഷങ്ങളുമായിരുന്നു‌  അവൾക്കയാളൊട്‌‌  പറയാനുണ്ടായിരുന്നത്‌.

മക്കളൊടൊപ്പം‌  പാർക്കിലും‌  ബീച്ചിലുമൊക്കെ‌  പോയിരുന്ന്‌ ഫോട്ടോയേടുക്കണമെന്നും‌  അവർക്ക്‌  പുതിയ‌ കുഞ്ഞു‌ടുപ്പുകളും‌ കളിപ്പാട്ടങ്ങളു‌മൊക്കെ‌ വാങ്ങിക്കൊടുക്കണമെന്നും‌ അവൾ‌ പലപ്പോഴും‌ അയാളോ‌ട്‌ പറഞ്ഞിരുന്നെങ്കിലും‌  അതിനൊന്നും‌  സമ്മതം‌ മൂളി‌യില്ല‌. ‌മാത്രമല്ല‌,  അതൊക്കെ‌ വെറുതെ‌  സമയവും‌ പണവും‌  ചെലവാകുന്ന‌ കാര്യങ്ങളായിട്ടായിരുന്നു‌ അയാൾ‌ കണ്ടിരുന്നത്‌.  അതുകൊണ്ടുതന്നെ‌  ഓഫീസിലെ‌ തിരക്കുകളും‌ മറ്റും‌ കാരണങ്ങളായിപ്പറഞ്ഞ്‌  അതിൽനിന്നെല്ലാം‌ അയാൾ‌ ഒഴിഞ്ഞുമാറി‌. 


‌സത്യത്തിൽ‌ അവരുടെ‌  കൊച്ചുകൊച്ചു‌ സന്തോഷങ്ങൾ‌  സാധിപ്പിച്ചു‌കൊ‌ടുക്കാൻ‌ സാമ്പത്തിക‌ശേഷിയില്ലാത്ത‌ ആളൊന്നുമായിരുന്നില്ല‌ അയാൾ‌. സർക്കാർ‌  ജോലിയിൽ‌ നിന്ന്‌ കിട്ടുന്ന‌ ‌ശമ്പളത്തിനു‌ പുറമെ‌ കുടുംബ‌ സ്വത്തായി‌ കിട്ടിയ‌ പറമ്പിൽ‌ നിന്നും‌  അയാൾക്ക്‌ വേറെയും‌ വരുമാനമുണ്ടായിരുന്നു‌.  ജീവിക്കാൻ‌ വകയില്ലാഞ്ഞിട്ടല്ല‌,  പ്രായമാകുമ്പോൾ‌  പെൻഷൻ‌ കിട്ടുമല്ലോയെന്നോർത്താണ്‌‌  ഇഷ്ടമില്ലെങ്കിലും‌ അയാൾ‌ സർക്കാർ‌  ജോലിയിൽ‌  അള്ളിപ്പിടിച്ചിരിക്കുന്നത്‌. വൈകുന്നേരം‌ ജോലി‌ കഴിഞ്ഞുവന്നാൽ‌ കുടുംബത്തോടൊപ്പം‌ വെറു‌തെ‌ സമയം‌  ചെലവ‌ഴി‌ക്കുന്നതിനു‌പകരം‌ ഒരു‌ അധിക‌‌വരുമാനം‌ കൂടിയാകുമല്ലോ‌ എന്നോർത്താണ്‌‌  അയാൾ‌ വീടിനോട്‌ ചേർന്ന‌ ഒറ്റമുറി‌പ്പീടി‌കയിൽ‌ ‌ചില്ലറ‌  പച്ചക്കറിയും‌ വീട്ടുസാധനങ്ങളൊ‌ക്കെ‌ വിൽക്കുന്ന‌ ചെറിയൊരു‌  കട  തുടങ്ങാൻ‌ തീരുമാനിച്ചത്‌. ജോലിക്കുപോകു‌മ്പോൾ‌  അതിന്റെ‌ കാര്യങ്ങളെല്ലാം‌ അയാൾ‌ ഭാര്യയെ‌ ഏല്പിക്കുകയും‌ ചെയ്തു‌‌. ഇ‌തൊടെ‌  കച്ചവടവും‌ വീട്ടുകാര്യങ്ങളും‌ ‌പശുവിനെ‌ നോക്കലുമെ‌ല്ലാമായി‌ അ‌വളു‌ടെ‌ ദിവസങ്ങളോരോന്നും‌   കെട്ടുപി‌ണഞ്ഞു‌കിടന്നു‌. ക്രമേണ‌ പുറം‌ ലോകത്തെക്കുറിച്ചു‌ മാത്രമല്ല‌, അയൽവീടുകളെക്കുറിച്ചുപോലും‌ അവൾ‌  ശ്രദ്ധിക്കാ‌തെയായി‌. 

 ‌

എങ്കിലും‌   ജീവിതത്തിലെ‌ കൊച്ചുകൊച്ചു‌ ആഗ്രഹങ്ങളും‌ ‌യാത്രമോഹങ്ങളും‌  അവൾ‌ മനസ്സിൽ‌ താലോലിച്ചുകൊണ്ടിരുന്നു‌. 

ഒരിക്കലവൾ‌  ‌അയാളോട്‌ പറഞ്ഞു‌.  നമുക്ക്‌ നമ്മുടെ‌ സ്കൂട്ടർ‌ വിറ്റ്‌  പുതിയൊരു‌  കാർ‌ വാങ്ങ‌ണം‌. നമുക്കും‌ മക്കൾക്കും‌ ഒരമിച്ച്‌ യാത്ര‌ ചെയ്യാൻ‌ ഇപ്പോൾ സ്കൂട്ടർ‌ മതിയാവില്ലല്ലൊ‌. മറ്റൊരിക്കൽ‌ അവൾ‌   പറ‌ഞ്ഞു‌.

മക്കളൊക്കെ‌ വളർന്നുവരികയല്ലെ‌, നമുക്ക്‌  നമ്മുടെ‌ വീട്‌‌ കുറച്ചുകൂ‌ടി‌  സൗകര്യപ്പെടു‌ത്തണം‌. എന്നിട്ട്‌ പുതിയ‌ ടീവിയും‌ വീട്ടുപകരണങ്ങളൊക്കെ‌  ‌വാ‌ങ്ങിവെയ്‌ക്കണം‌.  സത്യത്തിൽ‌ അതിനൊക്കെ ആവ‌ശ്യ‌മുള്ള‌തിനേ‌ക്കാൾ‌ കൂടുതൽ‌  പണം‌ അയാളുടെ‌ ബാങ്ക്‌ അക്കൗണ്ടിൽ‌  വെറുതെ‌ കിടക്കുന്നുണ്ട്‌.  എങ്കിലും‌ അതിൽ‌ കൈ‌‌വെക്കാൻ‌ അയാൾ‌ തയ്യാറായില്ല‌.  അയാൾ‌  പറഞ്ഞു‌:‌ 


''‌ബേങ്കിലുള്ള‌ പണം‌ അവിടെ‌ കിടക്കട്ടെ‌, അതിനൊക്കെ‌ എന്തെങ്കിലും‌ അത്യാവശ്യം‌ വരും‌. തൽക്കാലം‌ നമുക്ക്‌ താമസിക്കാൻ‌ ഈ‌  വീട്ടിലെ‌ സൗകര്യങ്ങൾ‌ തന്നെ‌ ധാരാളം‌ മതി‌. പെണ്മ‌ക്കൾ‌ രണ്ടാളെ‌യും‌  കല്ല്യാണം‌  കഴിച്ചുവിട്ടാൽ‌  ഈ‌ വീട്ടിൽ‌ താമസിക്കാൻ‌ നമ്മളല്ലാതെ‌ വെറെ‌ ആരുമുണ്ടാവുകയുമില്ല‌. പിന്നെ‌,  വെറുതെ‌ പെട്രോളടിച്ച്‌  കാ‌ശ്‌ കളയാൻ‌  എന്തിനാ‌ണൊരു‌ ‌കാറ്‌‌‌?  എങ്ങോട്ടെങ്കിലും‌ പോകണമെങ്കിൽ‌ നമുക്ക്‌ ബസ്സിൽ‌ പോയാൽ‌ മതിയല്ലോ‌!''‌

അങ്ങനെ‌ അതാതിന്റെ‌ സമയത്ത്‌ ആവശ്യമുള്ള‌  ഒന്നിനും‌  ‌പണവും‌ സമയവും‌  ചിലവഴിക്കാതെ‌,  നല്ല‌ ഭക്ഷണം‌ കഴിക്കാതെ‌ നല്ല‌ വസ്ത്രങ്ങൾ‌ ധരിക്കാതെ‌‌, കിട്ടുന്ന‌ പണമത്രയും‌ അയാൾ‌ പിന്നേക്ക്‌ കരുതിവെച്ചു‌.  


അനുഭവിക്കാൻ‌ എല്ലാമുണ്ടായിട്ടും‌ അരിഷ്ടിച്ച്‌  ജീവിക്കുന്നതിനിടയിൽ‌ ജീവിതത്തിലെ‌ നല്ല‌ ദിവസങ്ങളോരോന്നും‌  കട‌ന്നുപോയത്‌  അയാളറിഞ്ഞതേയി‌ല്ല‌. ഇതിനിടയിൽ‌ ‌അയാൾ‌ സർവ്വീസിൽ‌ നിന്ന്‌ പെൻഷനായി‌. മക്കൾ‌  വളർന്നു‌ വലുതായി‌.  ‌മൂത്ത‌ മകളുടെ‌  കല്ല്യാണം‌ കഴിഞ്ഞു‌. അവൾ‌  ഭർത്താവിനോടൊപ്പം‌  ‌ജർമ്മനിയിൽ‌ സ്ഥിരതാമസമായി‌.  ഒരിക്കൽ‌ നാട്ടിലേക്ക്‌ വിളിച്ചുകൊണ്ട്‌  അവൾ‌  അച്ഛ‌നോടും‌ അമ്മയോ‌ടും‌ പറ‌ഞ്ഞു‌:‌  നിങ്ങളെ‌  ‌ജർമ്മനിയിലേക്ക്‌ കൊണ്ടുവരാനുള്ള‌ പേപ്പറുകളൊക്കെ‌ ശരിയാക്കിക്കൊണ്ടിരിക്കുകയാണ്‌‌ ഞങ്ങൾ‌. നിങ്ങൾക്കിവിടെ‌  താമസിക്കാൻ‌ എല്ലാ‌ സൗകര്യങ്ങളുമുണ്ട്‌. കാണാൻ‌ മനോഹര‌മായ‌  ‌ഒത്തിരി‌ സ്ഥലങ്ങളുണ്ട്‌. കുറച്ചുകാലം‌ നിങ്ങളിവിടെ‌‌വന്ന്‌ ഞങ്ങളോടൊപ്പം‌ കഴിയുക‌. അമ്മയ്‌ക്കൊരു‌  ‌വിശ്രമവുമാകുമല്ലോ‌! മകളുടെ‌ വാക്കുകൾ‌ കേട്ടപ്പോൾ‌   അമ്മയുടെ‌ മനസ്സ്‌ സന്തോഷം‌ കൊണ്ട്‌  നിറ‌ഞ്ഞു‌കവിഞ്ഞു‌.  വിമാനത്തിൽ‌ കയറി‌യുള്ള‌ ഒരു‌ യാത്ര‌ അവളു‌ടെ‌ വലിയ‌ ആഗ്രഹങ്ങളിലൊന്നായിരുന്നല്ലോ‌. 

ഇപ്പോഴിതാ‌ അതിന്‌‌  ഭാ‌ഗ്യം‌ ലഭിച്ചിരിക്കുന്നു‌. അവൾ‌ നിറചിരിയോടെ‌ ‌ അ‌യാളുടെ‌ അടുത്ത്‌ വന്നിരുന്നുകൊണ്ട്‌  പറ‌ഞ്ഞു:‌ നമ്മളൊരുമിച്ചൊരു‌ യാത്ര‌ ഏറെ‌‌കാലമായി‌  ഞാൻ‌ കൊതിച്ചതായിരുന്നു‌. അവസാനം‌ ദൈവം‌ അതിനുള്ള‌ അവസരം‌ ‌നമുക്ക്‌ തന്നിരിക്കുന്നു‌.  ഇതുകേട്ടപ്പോൾ‌  ‌ഒട്ടും‌ താല്പര്യമില്ലാതെ‌ അയാൾ‌ പറ‌ഞ്ഞു:‌ 

''‌അതൊന്നും‌ ശരിയാവില്ല‌. നമ്മൾ‌ ഇവിട‌ന്നുപോയാൽ‌ ഈ‌ കച്ചവടവും‌  പശുവിനേയുമെല്ലാം‌  നോക്കിനടത്താൻ‌ ആരുമുണ്ടാ‌വില്ല‌. 


അയാളുടെ‌  വരണ്ട‌ വാക്കുകളിൽ‌ തട്ടി‌  അവളുടെ‌ ജീവിതത്തിലെ‌ വലിയൊരു‌ സ്വപ്നം‌  കൂടി‌ ചിതറിവീണു‌.  അറി‌യാതെ‌ അവളുടെ‌ കണ്ണുകൾ‌ നിറഞ്ഞു‌പോയി‌. അല്പം‌ പരിഭവത്തോടെ‌ അവളിങ്ങനെ‌ പറ‌ഞ്ഞു:‌ ‌

''‌രണ്ടുതലമുറയ്‌ക്ക്‌ ജീവിക്കാ‌നുള്ളത്‌   സമ്പാ‌ദിച്ചുവ‌ച്ചിട്ടുണ്ട്‌‌. എന്നിട്ടും‌,  ഒ‌ന്നും‌  അനുഭവിക്കാതെ‌ ഈ‌ കുഴിയിൽ‌ കിടന്ന്‌ കാലം കഴിയാനായിരിക്കും‌ നമ്മുടെ‌  വിധി‌!''‌

അയാളത്‌ കേട്ട‌ ഭാവം‌ നടിച്ചില്ല‌. മറ്റൊരിക്കൽ‌ അവൾ‌ അയാ‌ളോട്‌‌  പറഞ്ഞു:‌  ''‌ജീവിതം‌ അസ്തമയത്തോടടുത്തിരിക്കുന്നു‌. നമുക്കിനി‌  ഈ‌ ഭൂമിയിൽ‌ അധിക‌ കാലമുണ്ടാവില്ല‌. മരിക്കുന്നതിനുമുമ്പ്‌  നമുക്കൊരുമിച്ച്‌  കുറച്ച്‌  പുണ്യ‌സ്ഥലങ്ങൾ‌ സന്ദർശിക്കണം‌‌. ഇതെന്റെ‌ വലിയൊരു‌ ആഗ്രഹമാണ്‌‌‌. സാധിപ്പിച്ചുതരണം‌''‌ 


അതിനു‌ മറുപടി‌യായി‌ അയാൾ‌ പറ‌ഞ്ഞു:‌

''‌ധൃ‌തിപ്പെടണ്ട‌, ഇളയ‌ ‌മോളുടെ‌ കല്ല്യാണം‌ കൂടി‌ ക‌ഴിയട്ടെ‌. എന്നിട്ടാലോചിക്കാം‌.''‌ 


അങ്ങനെ‌ വീടും‌ അതിനെ‌ ചുറ്റി‌പ്പറ്റിയുള്ള‌ ചെറിയ‌ ലോകത്തിലേക്കും‌ വീണ്ടും‌  അവളു‌ടെ‌ മനസ്സും‌  ജീവിതവും‌ ചുരുങ്ങിപ്പോയി‌. അണിയാതെ‌ കെട്ടിപ്പൂട്ടിവ‌ച്ച‌ പുതുവസ്ത്രങ്ങൾ‌ പഴക്കം‌ ചെന്ന്‌  പിഞ്ഞിപ്പോകുന്നപോലെ‌  അവൾ‌ മനസ്സിൽ‌ കാത്തുവെച്ച‌  മോഹങ്ങളോരോന്നും‌  പിഞ്ഞിപ്പോകാൻ‌ തുട‌ങ്ങി‌. അങ്ങനെ‌  കൊച്ചുകൊച്ചു‌ സന്തോഷങ്ങൾകൊണ്ട്‌  നവീകരിക്കപ്പെടാത്ത‌  അവളുടെ‌   മനസ്സും‌ ജീവിതവും‌  ക്രമേണ‌ മുര‌ടിച്ചുപോയി‌. ആ‌ മുരടിപ്പ്‌ പതിയെപ്പതിയെ‌ അവളുടെ‌  ശരീരത്തിലും‌ പ്രകടമായിത്തുടങ്ങി‌. 


ഒരു‌ ദിവസം‌ അ‌വൾ‌ക്കൊരു‌ തലവേദന‌ വന്നു‌. കുറച്ചു‌ കഴിയുമ്പോൾ‌ മാ‌റുമെന്ന്‌ പറ‌ഞ്ഞ്‌  അയാ‌ൾ‌ തൽക്കാലം‌ ഒരു‌ മരുന്നു‌ വാങ്ങിക്കൊടുത്തു‌.  പക്ഷെ‌ ഒരാഴ്ച‌ കഴിഞ്ഞിട്ടും‌ വേദനയ്ക്ക്‌ ഒരു‌ കുറവുമുണ്ടായില്ല‌. അങ്ങനെ ഒരു‌ ഡോ‌ക്ടറെ‌ കാണിച്ചു‌നോക്കാൻ‌ അവർ‌ തീരുമാനിച്ചു‌. ‌ഡോക്ടർ‌ ഏതാനും‌  മരുന്നുകളെഴുതിക്കൊടുത്തെ‌ങ്കിലും‌ ‌അവളുടെ‌  അസുഖത്തിന്‌‌ ഒരു‌ കുറവുമുണ്ടായില്ല‌. അങ്ങനെയാണ്‌‌ ഒരു‌  സ്കാനിംഗ്‌  ചെയ്തുനോക്കാൻ‌ ഡോക്ടർ‌  നിർദ്ദേശിച്ചത്‌.  അപ്പോഴാണ്‌‌ അവളു‌ടെ‌ ബ്രെയ്നിൽ‌  ഒരു‌  തടിപ്പുപോലെ‌ ചെറിയൊരു‌ ഗ്രോത്തുണ്ടെന്ന്‌  കണ്ടെത്തുന്നത്‌. മരുന്നും‌ ചികിൽസയുമായി‌ മാസങ്ങൽ‌ കടന്നു‌പോയെങ്കിലും‌ അസുഖത്തിന്‌‌ കാര്യമായ‌ കുറവുണ്ടായില്ല‌. ‌


ഇതിനിടയിൽ‌ അവളു‌ടെ‌ ‌ഓർമ്മ കു‌റേ‌ശ്ശെയായി‌ മാഞ്ഞു‌ പോകാൻ‌ തുടങ്ങിയിരുന്നു‌. ആളുകളെ‌ അവൾ‌ തിരിച്ചറിയാതെയായി‌. അവളുടെ‌ സംസാ‌രത്തിന്‌‌ വ്യക്തതയില്ലാതെയായി‌. എന്തെങ്കിലും‌ പറ‌യാൻ‌  അവളുടെ‌  ‌നാവ്‌ വഴങ്ങാ‌തെയയി‌.‌ അവസാനം‌  വിദഗ്ദ‌‌ചികിൽസയ്‌ക്കായി‌ അവളെ‌ മുംബായിലെ‌  വലിയ‌രു‌ ഹോസ്പിറ്റലിലേക്ക്‌ കൊണ്ടുപോകാ‌ൻ‌ അവർ‌ തീരുമാനിച്ചു‌. അങ്ങനെ‌   ‌ഒരു‌ ദിവസം‌ ‌ അവളെ‌യും‌ കൂട്ടി‌  അയാളും‌ ഇളയ‌ മകളും‌ മുംബയിലേക്ക്‌ യാത്ര‌ തിരിച്ചു‌. ‌അറിയാത്ത‌  ദേശങ്ങളോരോന്നും‌  പിന്നിട്ട്‌  ട്രെയിൻ‌  അതിവേഗം‌ മുന്നോട്ടുകുതിച്ചു‌.  ‌പുതിയ‌ നാടുകളും‌  സ്ഥലങ്ങളും‌ കൗതുകത്തോടെ‌ നോക്കിക്കാണാൻ‌  ‌ തിളക്കമുള്ള‌ കണ്ണുകൾ‌ തുറ‌ന്ന്‌ അവൾ‌ പുറത്തേക്ക്‌ നോക്കിയില്ല‌. വഴിയിൽ‌ കാണുന്ന‌ ഒരോന്നി‌നെക്കുറിച്ചും‌  ആവേശത്തോടെ‌ സംസാരിക്കാൻ‌  അവളുടെ‌ നാവ്‌ ‌ അനങ്ങിയില്ല‌. 

എങ്ങോട്ടാണ്‌‌ പോകുന്നതെന്നോ‌ ആരാണ്‌‌ കൂടെ‌യുള്ളതെന്നോ‌  അവൾ തിരിച്ചറിഞ്ഞില്ല‌.  മകളു‌ടെയും‌  ഭർത്താവിന്റെയും‌  നടു‌വിൽ‌ സ്വന്തം‌  ‌‌കൈ‌വി‌ര‌ലു‌ക‌ളിലേക്ക്‌ നോക്കി‌  ഒന്നും‌ മിണ്ടാതെ‌ തലതാഴ്ത്തി‌  അ‌‌വളങ്ങനെ‌ ഇരുന്നു‌. ചികിൽസകൾ‌ മാസങ്ങളോളം‌  തുടർന്നെങ്കിലും‌  പഴയ‌ ജീവിതത്തിലേക്ക്‌ അവൾ‌ തിരിച്ചുവന്നില്ല‌. ‌സ്വന്തത്തെ‌‌പോലും‌ മറ‌ന്നുപോകുന്ന‌ രോഗത്തിന്റെ‌ നിസ്സഹായാ‌വസ്ഥയിൽ‌ നിന്ന്‌ മരണത്തിന്റെ‌ സുഖ‌നിദ്രയിലേക്ക്‌ അവൾ‌ എന്നെന്നേക്കുമായി‌ കണ്ണു‌ക‌ളടച്ചു‌.  വിലക്കുകളും‌ വിരസതകളുമില്ലാത്ത‌  സുന്ദരമായൊരു‌ ലോകത്ത്‌ അവളിപ്പോൾ‌  സ്വച്ഛന്ദം‌ പാറിപ്പറക്കുന്നുണ്ടാവും‌‌! 


അയാൾ‌ കണ്ണു‌കൾ‌  തുടച്ചു‌. സമയം‌ നിശ്ചലമായി‌ നിൽക്കുന്ന‌‌പോലെ‌ അയാ‌ൾക്ക്‌ തോ‌ന്നി‌.  ‌‌മകൾ‌ കോളേജ്‌ കഴിഞ്ഞ്‌ വരാൻ‌ ‌ഇനിയുമേ‌റെ‌ കഴിയണം‌. അയാൾ‌ പതുക്കെ‌ കട്ടിലിൽ‌ നിന്നെഴുന്നേറ്റ്‌ ജനൽ‌ ‌തുറന്ന്‌ ആകാശത്തിന്റെ‌ അനന്തതിയിലേക്കങ്ങനെ‌ നോക്കി‌നിന്നു‌. ‌ മകളുടെ‌  വിവാഹം‌ കൂ‌ടി‌  നട‌ത്തിക്കൊടുത്താൽ‌ പിന്നെ‌ അയാളു‌ടെ‌  ജീവിതത്തിൽ‌ വലിയ‌ ബാധ്യതകളൊന്നുമില്ല‌.  ക‌ഴിഞ്ഞ‌യാ‌ഴ്ച‌ അവൾക്കൊരു‌  വിവാഹാലോചന‌  വന്നതാണ്‌‌. ചെറുക്കൻ‌ എഞ്ചി‌നീയറാണ്‌‌. കാ‌നഡയിലാണ്‌‌  ജോലി‌. ‌രണ്ടു‌‌പേർക്കും‌ തമ്മിൽ‌ ഇഷ്ടമായിട്ടുണ്ട്‌. കല്ല്യാണം‌ ‌കഴിഞ്ഞാൽ‌ അവളെയും‌  കാ‌നഡയിലേക്ക്‌ കൊണ്ടുപോ‌കു‌മെന്നാണ്‌‌ അവൻ‌ പറ‌ഞ്ഞിരിക്കുന്നത്‌.  അവളുടെ‌ തീരുമാനം‌  രണ്ടുദിവസത്തിനുള്ളിൽ‌  അവരെ‌ അ‌റിയിക്കണമെന്നും‌ പറ‌ഞ്ഞിട്ടുണ്ട്‌.  അച്ഛനെ‌ ‌നോക്കാൻ‌  ആളില്ലാതാവുമെന്ന്‌ പറ‌ഞ്ഞ്‌ അവൾ‌ ഈ‌  കല്ല്യാണത്തിന്‌‌ പൂർണ്ണമായും‌ സ‌മ്മതം‌ മൂളിയില്ലെങ്കിലും‌, വിവാഹം‌ കഴിഞ്ഞ്‌  വരന്റെ‌ കൂടെ‌ വിദേശത്തേക്ക്‌ പോകാ‌ൻ‌  അവൾ‌ മനസ്സുകൊണ്ട്‌  ‌അതിയാ‌യി‌ ആഗ്രഹിക്കുന്നുണ്ടെന്ന്‌‌ അയാൾക്കറി‌യാം‌. ഞാ‌ൻ‌ ജീവിച്ചിരിക്കുന്നു‌ എന്ന‌ കാ‌രണത്താൽ‌  അവളുടെ‌ സ്വപ്നങ്ങൾ‌ നടക്കാ‌തെ‌ പോകുമോ‌?  അയാൾ‌ സ്വയം‌ ചോദിക്കാൻ‌ തുടങ്ങി‌.  എന്നെ‌ പരിചരിക്കുന്നതിനായി‌ ഈ‌ വിവാഹം‌ വേ‌ണ്ടെന്നുവെയ്‌ക്കാൻ‌  അവൾ‌  ഒരു പക്ഷെ‌ തയ്യാറായേക്കാ‌മെങ്കിലും‌  ഇത്തരമൊരു‌ ഘട്ടത്തിൽ‌ ‌അവ‌ളുടെ മന‌സ്സിന്റെയുള്ളിന്റെയുള്ളി‌ൽ‌ അറി‌യാ‌തെ‌ പൊങ്ങിവരുന്ന‌   പ്രാർത്ഥന‌ എന്തായിരിക്കും‌ ? 

അച്ഛ‌ന്‌‌  ‌ദീർഘാ‌യുസ്സുണ്ടാവട്ടെ‌ എന്നോ‌,  അതോ‌..!

‌ഇല്ല‌, ഞാൻ‌ കാരണം‌ അവളുടെ‌  അമ്മയുടെ‌ ‌ആഗ്രഹങ്ങളെല്ലാം‌    നട‌ക്കാതിരുന്നപോലെ‌  ഞാൻ‌ ജീവിച്ചിരിക്കുന്നതുകൊണ്ട്‌  മകളുടെ‌  സ്വപ്നങ്ങൾ‌ നടക്കാതെ‌ പോകരുത്‌. 

അയാൾ‌  സ്വയം‌ ചില‌  തീരുമാനങ്ങളെടുക്കുകയായിരുന്നു‌. ശരിയായാലും‌ തെറ്റായാലും‌‌ അതിനായി‌  സ്വന്തം‌‌ മനസ്സി‌നെ‌  പാകപ്പെടുത്തുകയായിരുന്നു‌.  

അയാൾ‌ ആലോചിച്ചു‌. സ്വയം‌ അനുഭവിക്കാതെ‌, മറ്റുള്ളവരെ‌ അതി‌ന‌നുവദിക്കാതെ‌ ഞാൻ‌  കെട്ടിപ്പൂട്ടിവ‌ച്ച‌ എന്റെ‌ സമ്പാദ്യങ്ങളെല്ലാം‌  ഇവിടെ‌  ഉപേക്ഷിച്ച്‌ ഈ‌ ലോകത്തു‌നിന്നും‌ ഞാൻ‌ ‌തിരിച്ചുപോ‌വുകയാണ്‌‌.  ‌എന്റെ‌ മരണത്തോടെ‌ ഇതെല്ലാം‌  മക്കൾ‌  തോന്നിയ‌പോലെ‌  വീതിച്ചെടുക്കും‌.  അവർക്കിഷ്ടമുള്ളപോലെ‌  ചെലവഴിക്കും‌. എന്നിട്ട്‌ അവർ‌ അവരുടെ‌ വഴിക്ക്‌ തിരിച്ചുപോ‌കും‌. പലതും‌ തിരിച്ചറിയാൻ‌ ഏറെ‌ വൈകിപ്പോയി‌. 

‌ആർക്കുവേണ്ടിയാ‌യിരുന്നു‌ ഇതെല്ലാം‌ സമ്പാദിച്ചുവ‌ച്ചത്‌? എന്തിനുവേണ്ടി‌യായിരുന്നു‌  ഇതെല്ലാം‌ കെട്ടിപ്പൂട്ടിവ‌ച്ചത്‌.  ജീവിക്കാൻ‌ വേണ്ടി‌യായിരുന്നില്ലേ‌ പണം‌.?   എവിടെയോ‌ പിഴച്ചു‌പോയിരിക്കുന്നു‌..       

ഒരു‌ ദിവസം‌  മകളെ‌ അടുത്ത്‌ വിളിച്ചു‌കൊണ്ട്‌ അയാൾ‌  പറഞ്ഞു‌:‌ 

''‌മോളെ‌, ഞാനൊരു‌ തീരുമാനമെടുത്തിട്ടുണ്ട്‌. അത്‌ തെറ്റാണെങ്കിലും‌ ശരിയാണെങ്കിലും‌  നീ‌ എതിരുനിൽക്കരുത്‌..''‌

ഒന്നും‌ മനസ്സിലാകാതെ‌ അവൾ‌ അച്ഛ‌നെത്തന്നെ‌ നോ‌ക്കിനിന്നു‌.  

അയാൾ‌ തുടർന്നു:‌  


''‌മോൾക്ക്‌  ‌ജീവിതത്തിൽ‌ വലിയ‌ സ്വപ്നങ്ങളുണ്ട്‌.  ആഗ്ര‌ഹങ്ങളുണ്ട്‌. ഞാൻ‌ കാരണം‌ അതൊന്നും‌ നടക്കാതെ‌ പോകരുത്‌. ആർക്കും‌ ഒരു‌  ബാധ്യതയായി‌ ജീവിക്കരുതെന്നാണ്‌‌  ഞാൻ‌ ആഗ്രഹിക്കുന്നത്‌.  മക്കൾക്ക്‌ ഉപകാരപ്പെടട്ടെ‌യെന്നു‌ കരുതിയാണ്‌‌ ഞാ‌നിതെല്ലാം‌  സമ്പാദിച്ചുവച്ചത്‌. അങ്ങനെ‌ വേണ്ടി‌യിരുന്നില്ലെന്ന്‌ ഇപ്പോൾ‌ ഞാൻ‌   തിരിച്ചറിയുന്നു‌. നിങ്ങൾക്ക്‌  ജീവിക്കാൻ‌ ഇതിന്റെയൊന്നും‌ ആവശ്യമില്ല‌ല്ലൊ‌.   നിങ്ങൾക്ക്‌ വേണ്ട‌ത്‌  സമ്പാദിക്കാൻ‌ നിങ്ങൾതന്നെ‌ പ്രാപ്തരായിക്കഴിഞ്ഞിരിക്കുന്നു‌. അതുകൊണ്ട്‌.. അല്പ‌ നേരത്തെ‌   മൗനത്തിനുശേ‌ഷം‌ അയാൾ‌ തുട‌ർന്നു‌, അതുകൊണ്ട്‌ എന്റെ‌ സമ്പാദ്യമെല്ലാം‌ ഏതെങ്കിലുമൊരു‌  ഓൾഡ്‌ ഏ‌ജ്‌ ഹോമിന്‌‌ ദാനം‌ നൽകാൻ‌  ഞാൻ‌ തീരുമാനിച്ചിരിക്കുന്നു‌. മാത്രമല്ല‌, എന്റെ‌  ഇനിയുള്ള‌ കാ‌ലം‌ ആ‌ ഓൾഡ്‌ ഏജ്‌ ഹോമിൽ‌ തന്നെ‌ കഴിയണമെന്നും‌  ഞാൻ‌ ആഗ്രഹിക്കുന്നു‌. സമാന‌മനസ്കരായ‌  ആളുകളോടൊപ്പം‌ മനസ്സിലു‌ള്ളത്‌ പങ്കുവച്ചും‌  സംസാരിച്ചും‌ ഒരുമിച്ചുകഴിയുന്നതാണ്‌‌  ഈ‌ വീടിന്റെ‌ ഏകാന്തത‌യിൽ‌ ഇങ്ങനെ‌ തനിച്ച്‌ കഴിയുന്നതിനേക്കാൾ‌ ഏറ്റവും‌ നല്ലത്‌. നിങ്ങൾ‌ക്ക്‌  നിങ്ങളുടെ‌തായ‌ ജീവിതവും‌  സ്വപ്നങ്ങ‌ളുമൊക്കെയുണ്ടല്ലോ‌, ആ‌ സ്വപ്നങ്ങളിലേക്ക്‌‌ നിങ്ങൾ‌ സ്വതന്ത്രരായി‌ പറന്നുപോവുക‌..''‌ 


അച്ഛൻ‌ പറ‌യുന്നതൊന്നും‌  ഉൾക്കൊള്ളാൻ‌ മകൾക്കായില്ല‌. ‌അവൾ‌  സങ്കടത്തോടെ‌ ചോദിച്ചു‌ :‌ 

''‌മക്കൾ‌  ജീവിച്ചിരിക്കുമ്പോൾ‌ അച്ഛനെ‌ ഒരു‌  വൃദ്ധസദനത്തിൽ‌ താമസിപ്പിച്ചാൽ‌   ആളുകളെ‌ന്തു‌ പറയുമെന്ന്‌‌ നിങ്ങൾ‌ ആലോചിച്ചിട്ടുണ്ടോ‌?''‌


അയാൾ‌ പറ‌ഞ്ഞു:‌ 

''‌ആളുകളുടെ‌ വാക്കുകളി‌ൽ‌ നിന്നല്ല‌,  നമ്മുടെ‌  ‌ജീവിത‌സാ‌ഹചര്യങ്ങളിൽ‌ നിന്നാണ്‌‌ നമ്മുടെ‌ ‌തീരുമാനങ്ങളുണ്ടാവേണ്ടത്‌.  മക്കളുടെ‌ കൂടെ‌ ജീവിക്കാൻ‌ ആഗ്രഹിക്കുന്ന‌  മതാപിതാക്കളെ‌  അതിന്‌‌ സാഹചര്യമുണ്ടായിട്ടും‌  അവരുടെ‌ ഇഷ്ടം‌ പരിഗണിക്കാതെ‌ വൃദ്ധസദ‌നത്തിൽ‌ കൊണ്ടിടുന്നത്‌ വലിയ‌ തെറ്റ്‌ തന്നെയാണ്‌‌. എന്നാൽ‌ സ്വന്തം‌ അവസ്ഥകൾ‌  തിരിച്ചറിഞ്ഞ്‌  ഒരാൾ‌  ഇഷ്ടത്തോടെ‌ ആ‌  വഴി‌ തിരഞ്ഞെടുത്താൽ‌ അതിലെന്താണ്‌‌  തെറ്റ്‌ ? ‌ഞാനിനിയും‌ എട്ടോ‌ പത്തോ‌ കൊല്ലം‌ ജീവിക്കുകയാ‌ണെങ്കിൽ‌ അത്രയും‌ കാലം‌ എന്നെ‌ ഈ‌ വീടിന്റെ‌ ഒറ്റപ്പെട്ടൊരു‌   മുറിയിലിങ്ങനെ‌  അടച്ചിടാനാവുമോ‌?  നിങ്ങളുടെ‌  കാര്യങ്ങളെല്ലാം‌  മാ‌റ്റിവെച്ച്‌ എനിക്കെന്നും‌ കൂട്ടിരിക്കാൻ‌ നിങ്ങൾക്ക‌ സമയമുണ്ടവുമോ‌?  നിങ്ങൾക്കും‌ നിങ്ങളുടെ‌ ജീവിതം‌ തേടി‌ പോക‌ണ്ടേ‌?  

‌വാർദ്ധക്യമെന്നത്‌  ജയിൽ‌‌പുള്ളികളെപ്പോലെ‌  അടച്ചിട്ട‌ മുറികളിൽ‌ കഴിയേണ്ട‌ കാലമല്ലല്ലൊ‌. അവർക്കും‌ മാന‌‌സികോല്ലാസം‌ വേ‌ണം‌.  അവരുടെ‌ കാര്യങ്ങൾ‌   പറയാനും‌  കേൾക്കാനുമൊക്കെ‌  സമപ്രായക്കാരായ‌  ആളുകളുടെ‌ കൂട്ടു‌വേണം‌. ഓൾഡ്‌ ഏജ്‌  ഹോം‌ അതിനൊക്കെ‌ അനുയോജ്യമായ‌  ഒരിടമാണെന്നാണ്‌‌ ഞാൻ‌ കരുതുന്നു‌.  എന്റെ‌  തീരുമാനങ്ങൾ‌  ശരിയായിരുന്നെ‌ന്ന്‌ നാളെ‌ സമൂഹവും‌ അംഗീകരിക്കും‌.  അതുകൊണ്ട്‌ എന്റെ‌ തീരുമാനത്തിന്‌‌ എതിരു‌‌നിൽക്കരുത്‌.''‌   


ഏതായാലും‌ ഇളയ‌ മോളുടെ‌ കല്ല്യാണം കഴിഞ്ഞു‌.  കാര്യങ്ങളെല്ലാം‌ അയാ‌ൾ‌  തീരുമാനിച്ചപോലെത്തന്നെ‌ നടന്നു‌. ഇന്നയാൾ‌  ആ‌ വൃദ്ധ‌സദനത്തിലെ‌ ഏറ്റവും‌ സന്തുഷ്ടനായ‌ മനുഷ്യനാണ്‌‌.  അവിടെയുള്ളവരെല്ലാം‌ അയാളുടെ‌ ഏറ്റവും‌ നല്ല‌ സുഹൃത്തുക്കളാണ്‌‌. കുടെയുള്ളവരുമായി‌   ഉള്ളുതുറന്ന്‌ സംസാരിക്കാനും‌  സൗഹൃദങ്ങൾ‌ പങ്കിടാനും‌ തുടങ്ങിയപ്പോൾ‌ അയാളുടെ‌ ശരീരത്തിനും‌ മനസ്സിനും‌ പുതിയൊരു‌ ഉണർവ്വ്‌ കിട്ടിയ‌പോ‌ലെ‌  അയാൾക്ക്‌ അനുഭവപ്പെടാൻ‌ തുടങ്ങി‌.


സാഹചര്യങ്ങൾ‌ അനുകൂലമാണെങ്കിൽ‌ ഒരു‌ യാത്രയും‌ മറ്റൊരു‌ ദിവസ‌ത്തേക്ക്‌  മാറ്റിവെക്കരുത്‌.  ശരീരം‌ കൊ‌ണ്ടൊ‌ സമ്പാദ്യം‌  കൊണ്ടൊ‌  ആരെയെങ്കിലും‌ സഹായിക്കാൻ‌ അവസരമുണ്ടെങ്കിൽ‌  അതും‌ പിന്നേക്ക്‌ മാറ്റിവെക്കരുത്‌. കാരണം‌, നാളെ‌ത്തെ‌ സാഹചര്യങ്ങൾ‌  ഒരിക്കലും‌ ഇന്നത്തേതുപോലെയായിരിക്കില്ല‌.  ഇതു‌ മാത്രമാണ്‌‌ അയാൾക്കിന്ന്‌   എല്ലാവരോടുമായി‌  പറയാനുള്ളത്‌. 

...................................

റസാഖ്‌ വഴിയോരം‌  

................................... 31. 01. 2023


Monday, January 9, 2023

ആകാശ‌ ഗോളങ്ങൾ‌ 2023

 ആകാശ‌ ഗോളങ്ങൾ‌ ആടിയുലയവെ‌  

ആഴികളാകെയും ആളിപ്പ‌ടരവെ‌

ഖബറുകള്‍‌ പൊട്ടിപ്പിളര്‍ന്നു‌ ഞാനുണരവെ‌

ഖല്‍ബി‌ലാദ്യം‌ തെളിയും‌‌ സഖീ‌‌ നിന്‍‌മുഖം‌‌!

 

മന്നാ‌ന്റെ‌ മുന്നി‌ല്‍‌ സുജൂദിലായ്‌ വീണിടാൻ‌  

മഹ്ശറയിലേക്കു‌ നാം‌ ചകിതരായോടവെ‌..(2‌)


.........................................................................

*എല്ലാ‌ കണ്ണുകളും‌  അവനെ‌ കാണുമ്പോൾ‌,  

എല്ലാ‌ കാതുകളും‌ അവനെ‌ കേൾക്കുമ്പോൾ‌,  

സഖീ‌‌.. ഞാൻ‌ തിരയു‌ന്ന‌ത്‌ നിന്റെ‌ മുഖമായിരിക്കുമോ‌..?  

കാതോർക്കുന്നത്‌ നിന്റെ‌ സ്വരമായിരിക്കുമോ‌..?

..........................................................................‌


മന്നാ‌ന്റെ‌ മുന്നി‌ല്‍‌ സുജൂദിലായ്‌ വീണിടാൻ‌  

മഹ്ശറയിലേക്കു‌ നാം‌ ചകിതരായോടവെ‌‌,

കൈപിടിച്ചോടു‌വാന്‍‌ ഞാന്‍‌ വരും‌ നേരമില്‍‌

കണ്‍നിറയെ‌ കാണണം‌ വീണ്ടുമാ‌ പൂമുഖം‌!

 

നന്മ‌യും‌  തിന്മയും‌ വേര്‍തിരിച്ചീടുവാൻ‌  

നാഥന്റെ‌ മുന്നിൽ‌  നാം‌ വരിയായി‌ നില്‍ക്കവെ‌ -

നന്ദിയോടോതിടും‌ റബ്ബിനോടെന്‍‌ സഖീ‌,

നീയെ‌നിക്കായ്‌  ചെയ്ത‌ സുകൃതങ്ങളൊക്കെയും‌!

ശ‌ജറത്തുല്‍‌ മുന്‍‌‌തഹാ‌ തണല്‍‌‌ചേര്‍ന്നിരിക്കവെ‌

ശയ്യതൻ‌  ചാരെ‌ നീ‌ ചിരി‌‌തൂകി‌ നില്‍ക്കവെ‌

പ്രണയരാഗങ്ങളൊഴുകിപ്പരന്നിടും‌    

പ്രാണ‌‌സഖീ‌ നമ്മളൊന്നായി‌ മാറിടും‌..  

 ‌

സാഗരം‌ തേടുന്നൊര‌രുവികൾ‌ പോലെ‌ നാം‌  

സ്വഛരായൊഴുകി‌യാ‌ ഭൂമിയിലൂടെ‌ നാം‌

ജന്നത്തിലെത്തിക്കഴിഞ്ഞല്ലോ‌ ഇന്നു‌ നാം‌‌

ജല്ലജലാലിന്‌‌ സ്തുതികളർപ്പിക്ക‌ നാം‌‌!

 

സാഗരം‌ തേടുന്നൊര‌രുവികൾ‌ പോലെ‌ നാം‌  

സ്വഛരായൊഴുകി‌യാ‌ ഭൂമിയിലൂടെ‌ നാം‌

ജന്നത്തിലെത്തിക്കഴിഞ്ഞല്ലോ‌ ഇന്നു‌ നാം‌‌

ജല്ലജലാലിന്‌‌ സ്തുതികളർപ്പിക്ക‌ നാം‌‌! ‌

 

...................................

റസാഖ്‌ വഴിയോരം‌ ( 05‌.08‌.2020‌)

Tuesday, January 3, 2023

പഴത്തൊലി‌!

 പഴത്തൊലി‌!

......................‌


ഒരിക്കൽ‌ ഒ‌രു‌ ‌ഗ്രാമത്തിൽ‌ ഒരു‌ ‌ക‌ച്ചവടക്കാ‌രനുണ്ടായിരുന്നു‌.  ‌ആ‌ളുകൾ‌ അയാ‌ളുടെ‌ പെട്ടിക്കടയിൽ‌ നിന്ന്‌  പഴങ്ങൾ‌ വാങ്ങിത്തിന്നുകയും‌  അതിന്റെ‌ തൊ‌ലി‌ ‌വഴിയിലേക്ക്‌ വലിച്ചെറിയുകയും‌ ചെയ്യുമായിരുന്നു‌. അതിലൂടെ‌   നടന്നുപോകുന്ന‌ പലരും‌ പഴത്തൊലിയിൽ‌ ചവിട്ടി‌ വഴുതി‌വീഴുന്നത്‌ പതിവായി.  ഇങ്ങനെ‌ ആളുകൾ‌ വീണ്‌‌ പരിക്കുപറ്റുന്നതും‌ എല്ലൊടിയുന്നതും‌  ‌നിത്യസംഭവമായതോടെ‌   ഇതിനൊരു‌ പരിഹാരം‌ കാണാനായി‌ നാട്ടുകാരിൽ‌ ചിലർ‌  ഒത്തുകൂടി‌.  അങ്ങനെ‌ പരിക്കേൽക്കുന്നവരെ‌  പരിചരിക്കുന്നതിനായി‌   പെട്ടിക്ക‌ടയുടെ‌  തൊട്ടടുത്ത്‌   ‌ചെറിയൊരു‌ ഷെഡ്‌ കെട്ടിയുണ്ടാക്കാൻ‌ തന്നെ‌  അവർ‌  തീരുമാനിച്ചു‌. എങ്കിലും‌ പഴത്തൊലിയിൽ‌ ചവിട്ടി‌ കൂടുതൽ‌ ആളുകൾ‌ വീഴാനും‌ ‌എല്ലൊടിയാനും‌  തുടങ്ങിയതോടെ‌  അവരെയെല്ലാം‌ ചികിൽസിക്കാൻ‌  ആ‌ സ്ഥലം‌ മതിയാവാതെവന്നു‌. അങ്ങനെയാണ്‌‌ കൂടുതൽ‌  ആളുകൾക്ക്‌ ചികിൽസ‌ നൽകാൻ‌ പാകത്തിൽ‌  അവിടെ‌  ഒരു‌  ആശുപത്രി‌കെട്ടിടം‌   ‌പണിയാൻ‌ നാട്ടുകാരിൽ‌ ചിലർ‌ തീരുമാനിക്കുന്നത്‌‌. 


അധികം‌ താമസിയാതെ‌  കെട്ടിടത്തിന്റെ‌ പണി‌ തുടങ്ങി‌.  ധാരാ‌ളം‌ തൊഴിലാളികളും‌ നിർമ്മാണ‌ സാമഗ്രികളും‌ അവിടേ‌ക്ക്‌ എത്തിത്തുടങ്ങി‌. കുറച്ചു‌ മാസങ്ങൾകൊണ്ടുതന്നെ‌  അ‌വിടെ‌  വലിയൊരു‌ ആശുപത്രി‌ കെട്ടിടം‌ ഉയർന്നുവന്നു‌. ധാരാളം‌  ‌ഡോ‌ക്ടർമാരും‌ നേഴ്സുമാ‌രും‌    അവിടെ‌ ജോലി‌ ചെയ്യാനെത്തി‌.  ഇതോടെ‌ പുറം‌ നാടുകളിൽ‌ നിന്നും‌ മറ്റും‌ കൂടുതലാളുകൾ‌  ചികിൽസക്കായി‌ അവിടെക്ക്‌ വന്നുതുടങ്ങി‌.  യാത്രക്കാരുടെ‌ തിരക്ക്‌   വർദ്ധിച്ചപ്പോൾ‌  റോഡുകളെല്ലാം‌ വീതികൂട്ടി‌ നാലുവരിപ്പാതകളാക്കി‌. ‌കൂടുതൽ‌  സന്ദർശകർ‌ വരാൻ‌ തുടങ്ങിയപ്പോൾ‌ അവർക്കെല്ലാം‌ താമസിക്കാൻ‌  പുതിയ‌ ലോഡ്ജുകളു കോർട്ടേഴ്സുകളും‌ ഉയർന്നുവന്നു‌. ക്രമേണ‌ ഹോട്ടലുകൾ‌, മെഡിക്കൽ‌ ഷോപ്പുകൾ‌,  തുണിക്കടകൾ‌, ‌ ഷോപ്പിംഗ്‌  മാളുകൾ‌  തുടങ്ങി‌ നിരവധി‌ സ്ഥാപനങ്ങൾ‌ ഉയർന്നുവന്ന‌തോ‌ടെ‌ ആ‌ പ്രദേശം‌ വളരെ‌ വേഗത്തിൽ‌ ഒരു‌ പട്ടണമായി‌ വളർന്നു‌. 


അപ്പോഴും‌ ആ‌ ക‌ച്ചവടക്കാരന്റെ‌ പെട്ടിക്കട‌  അവിടെത്തന്നെയുണ്ടായിരുന്നു‌.  ‌ആളു‌കൾ‌  അവി‌ടെ‌നിന്നും‌ പഴങ്ങൾ‌ വാങ്ങിത്തിന്നു‌ന്നതും‌ തൊലി‌ വലിച്ചെറിയുന്ന‌തും‌  അതിൽ‌ ചവിട്ടി‌ പലരും‌ വീണ്‌‌ എല്ലോടിയുന്നതും‌ തുടർന്നുകൊണ്ടേയിരുന്നു‌.  എന്തുകൊണ്ടാണ്‌‌ ആളുകൾ‌ വീണ്‌‌  എല്ലൊടിയുന്നതെ‌ന്ന്‌ കണ്ടു‌പിടിക്കാൻ‌  പിന്നേയും‌ ‌കുറേ‌ കാലം‌ കഴിയേണ്ടിവന്നു‌.  പഴ‌ത്തൊലി‌ വഴിയിലേക്ക്‌ വലിച്ചെറിയുന്ന‌താണ്‌‌ ഇതിനെല്ലാം‌ കാരണമെന്ന്‌   കണ്ടെത്തി‌യതോടെ‌ പ്രശ്നപരിഹാരത്തിനായി‌ നാട്ടുകാർ‌  ‌ വീണ്ടും‌ ഒത്തുകൂടി‌. അങ്ങനെ‌ കടയുടെ‌ മുമ്പിൽ‌ വലിയൊരു‌  ചവ‌റ്റു‌കൊട്ട‌  വെയ്‌‌ക്കാൻ‌ അവർ‌ തീരുമാനിച്ചു‌. ‌'‌പഴത്തൊലി‌ റോ‌ഡിലേക്ക്‌ വലിച്ചെറിയരുത്‌'‌ എന്നെഴുതിയ‌ ഒരു‌   ബോർഡും‌ അവർ‌  അതിനടുത്ത്‌ സ്ഥാപിച്ചു‌. 


അതിനുശേഷം‌ പഴം‌ തിന്നുന്ന‌ ആളുകൾ‌   തൊലി‌ വഴിയിലേക്ക്‌ വലിച്ചെ‌റിയാതെ‌ ചവറ്റുകൊട്ടയിൽ‌ മാത്രം‌ ഇടാൻ‌ തുടങ്ങി‌. ഇതോ‌ടെ‌ ‌വഴിയാത്രക്കാർ‌  വീഴാതെയായി‌.  ആർക്കും‌ പരിക്കുപറ്റാ‌തെയായി‌.  ‌ക്രമേ‌ണ‌ ആശുപത്രിയിൽ‌ തിരക്ക്‌ കുറഞ്ഞു‌.  രോഗികളും‌ സന്ദർശകരും‌ കുറഞ്ഞ‌തോടെ‌ മാളുകളിൽ‌  കച്ചവടമില്ലാ‌തെയയി‌. ലോഡ്‌ജു‌കളിൽ‌ താമസിക്കാൻ‌ ആളില്ലാതെയായി‌. ബസ്‌‌ ഓട്ടൊ‌ വാഹനങ്ങളിൽ‌ തിരക്ക്‌ കുറഞ്ഞു‌. കടു‌ത്ത‌ മാന്ദ്യ‌ത്തി‌ലേക്ക്‌  നാട്‌  കൂപ്പുകുത്തി‌.  ഇതോടെ‌ ആശു‌പത്രി‌ അധികൃതരും‌ ഉദ്യോഗസ്ഥരും‌ അങ്കലാപ്പിലായി‌.  ‌തൊഴിലാളികളും‌  ബസ്സ്‌ ജീവനൽക്കാരും‌ സമരങ്ങളും‌ ധർണ്ണകളുമായി‌ തെരുവിലിറങ്ങി‌.

 ‌

പഴം‌ തിന്നുന്ന‌ ആളുകളിപ്പോൾ‌ തൊ‌ലി‌ റോ‌ഡിലേ‌ക്ക്‌ വലിച്ചെറിയുന്നില്ലെന്നും‌  ചവറ്റുകൊട്ട‌ സ്ഥാ‌പിച്ചതിനു‌‌ശേഷമാണ്‌‌  സ്ഥിതി‌ ഇത്ര‌ വഷളായതെന്നും‌  ആശുപത്രി‌ മാനേജ്മെന്റിന്‌‌ ബോധ്യപ്പെട്ടതോടെ‌  പെട്ടിക്കടയുടെ‌ മുമ്പിൽ‌ സ്ഥാപിച്ചിരിക്കുന്ന‌ ചവറ്റുകൊട്ട‌ എത്രയും‌  വേഗം‌  എടുത്തുമാറ്റ‌ണമെന്ന്‌ അവർ‌ ആ‌വശ്യപ്പെടാൻ‌ തുടങ്ങി‌.   അവർ‌ ശക്തമായ‌ സമരം‌ ആരംഭിച്ചു‌. സമരക്കാരുടെ‌ ആവശ്യങ്ങൾ‌  ന്യായമാണെ‌ന്ന്‌ സർക്കാറിന്‌‌ ബോധ്യപ്പെട്ടതോടെ‌  പെട്ടിക്കടയുടെ‌ മുമ്പിലു‌ള്ള‌ ചവറ്റുകൊട്ട ഉടൻ‌ എടുത്തുമാറ്റാൻ‌ സർക്കർ‌  ഉത്തരവിറക്കി‌. 


സർക്കാരും‌ മാനേജ്മെന്റും‌ മീഡിയകളെ‌ പലവിധത്തിൽ‌ സ്വാധീനി‌ച്ചു‌. അതിനാൽത്തന്നെ‌ പഴത്തൊലി‌ ചവറ്റു‌കൊട്ടയിൽ‌ കൂ‌ട്ടിയി‌ടുന്നത്‌  മാരക‌ ആരോഗ്യ‌ പ്ര‌ശ്‌നത്തിന്‌‌ കാരണമാകുമെന്നും‌  തൊലി‌ റോഡിലേക്ക്‌ വലിച്ചെറിയുന്നതാണ്‌‌ പരിസ്ഥിതിക്ക്‌ ഗുണകരമെന്നും‌  പത്രങ്ങളും‌ മീഡി‌യകളും‌  പ്രചരിപ്പിക്കാൻ‌ തുടങ്ങി‌.  സെലിബ്രിറ്റികൾ‌ പഴം‌ തിന്ന്‌ തൊലി‌ വഴി‌യിലേക്ക്‌ വലിച്ചെറിയുന്ന‌ പരസ്യചിത്രങ്ങൾ‌  ചാനലുകളിൽ‌ നിറഞ്ഞു‌. ഇതിനെ‌യെല്ലാം‌  ചോ‌ദ്യം‌ ചെയ്യാൻ‌ ഏതാനും‌ ബു‌ദ്ധിജീവികൾ‌ മുന്നോട്ടുവന്നെങ്കിലും‌ അവരെയെല്ലാം‌  തീവ്രവാദികളെന്ന്‌ വിളിച്ച്‌ സർക്കാ‌രും‌ ജനങ്ങളും‌ ഒറ്റപ്പെടുത്തി‌. അങ്ങനെ‌ പഴം‌ തിന്നുമ്പോൾ‌  തൊലി‌ വഴിയിലേ‌ക്ക്‌ വലിച്ചെറിയലാണ്‌‌  ദേശ‌‌സ്നേഹമെന്ന‌ ‌ഒരു‌  ‌പൊതുബോധം‌ രൂപപ്പെട്ടു‌.  


ഇതോടെ‌  എല്ലാവരും‌  ‌പ‌‌ഴയപോലെ‌  പെട്ടിക്കടയിൽ‌ നിന്ന്‌ പഴം‌ വാങ്ങിക്കഴിച്ച്‌  ‌തൊലി‌ റോഡി‌ലേക്കു‌തന്നെ‌ വലിച്ചെറിയാൻ‌ തുടങ്ങി‌. വീണ്ടും‌  ആളുകൾ‌ വീണ്‌‌ പരിക്കുപറ്റാനും‌ എല്ലൊടിയാനും‌ തുടങ്ങി‌യതോടെ‌  ആ‌ശുപതിയിൽ‌ തിരക്കോട്‌ തിരക്കായി‌. ബസ്സിലും‌ ഹോട്ടലുകളിലും‌ ആളുകൾ‌ നിറഞ്ഞു‌. മാർക്കറ്റുകളിൽ‌ കച്ചവടം‌  പൊടിപൊടിച്ചു‌.  നാട്‌ പുരോഗതിയിലേക്ക്‌ കുതിക്കാൻ‌ തുടങ്ങിയതോടെ‌   എല്ലാ‌വരുടെ‌യും‌ മുഖത്ത്‌ സന്തോഷവും‌ സംതൃപ്തിയും‌ കളിയാ‌ടി‌. ജനങ്ങൾ‌  സർക്കാ‌റിന്റെ‌ വികസന‌ നയങ്ങളെ‌ പുകഴ്ത്തി‌പ്പറയാൻ‌ തുടങ്ങി‌.  പെട്ടിക്കടക്കാരന്‌‌  ഏറ്റവും‌ നല്ല‌  സം‌‌രം‌ഭകനുള്ള‌ ബഹുമതി‌ ലഭിച്ചു‌. പഴക്കച്ചവടക്കാർക്ക്‌ ഭീമമായ‌  ലോണുകൾ‌ നൽകാൻ‌ ബേ‌ങ്കുകൾ‌ മൽസരിച്ചു‌.   അങ്ങനെ‌യാണ്‌‌ വികസനത്തിന്റെ‌ ഏറ്റവും‌ നല്ല‌ മാതൃകയായി‌ ആ‌ നാട്‌‌  അറിയപ്പെടാൻ‌ തുടങ്ങിയത്‌.‌ 


Courtesy‌ :‌

മുമ്പെന്നോ‌ വായിച്ചൊരു‌ കഥയാണ്‌‌ ഇതിലെ‌ ഉള്ളടക്കം‌. ഇത്‌ ആരാണെഴുതിയതെന്ന്‌ ഓർക്കുന്നില്ല‌.  ഒരു‌ നാടോടിക്കഥപോലെ‌  ‌പലരും‌ ഇ‌ത്‌ കേട്ടിരിക്കാമെങ്കിലും‌ ഇക്കാലത്ത്‌ ഏറെ‌  പ്രസക്തമാണ്‌‌ ഈ‌ കഥ‌! 

.................................

റസാഖ്‌ വഴിയോരം‌

.................................

4.1.2023