Tuesday, January 3, 2023

പഴത്തൊലി‌!

 പഴത്തൊലി‌!

......................‌


ഒരിക്കൽ‌ ഒ‌രു‌ ‌ഗ്രാമത്തിൽ‌ ഒരു‌ ‌ക‌ച്ചവടക്കാ‌രനുണ്ടായിരുന്നു‌.  ‌ആ‌ളുകൾ‌ അയാ‌ളുടെ‌ പെട്ടിക്കടയിൽ‌ നിന്ന്‌  പഴങ്ങൾ‌ വാങ്ങിത്തിന്നുകയും‌  അതിന്റെ‌ തൊ‌ലി‌ ‌വഴിയിലേക്ക്‌ വലിച്ചെറിയുകയും‌ ചെയ്യുമായിരുന്നു‌. അതിലൂടെ‌   നടന്നുപോകുന്ന‌ പലരും‌ പഴത്തൊലിയിൽ‌ ചവിട്ടി‌ വഴുതി‌വീഴുന്നത്‌ പതിവായി.  ഇങ്ങനെ‌ ആളുകൾ‌ വീണ്‌‌ പരിക്കുപറ്റുന്നതും‌ എല്ലൊടിയുന്നതും‌  ‌നിത്യസംഭവമായതോടെ‌   ഇതിനൊരു‌ പരിഹാരം‌ കാണാനായി‌ നാട്ടുകാരിൽ‌ ചിലർ‌  ഒത്തുകൂടി‌.  അങ്ങനെ‌ പരിക്കേൽക്കുന്നവരെ‌  പരിചരിക്കുന്നതിനായി‌   പെട്ടിക്ക‌ടയുടെ‌  തൊട്ടടുത്ത്‌   ‌ചെറിയൊരു‌ ഷെഡ്‌ കെട്ടിയുണ്ടാക്കാൻ‌ തന്നെ‌  അവർ‌  തീരുമാനിച്ചു‌. എങ്കിലും‌ പഴത്തൊലിയിൽ‌ ചവിട്ടി‌ കൂടുതൽ‌ ആളുകൾ‌ വീഴാനും‌ ‌എല്ലൊടിയാനും‌  തുടങ്ങിയതോടെ‌  അവരെയെല്ലാം‌ ചികിൽസിക്കാൻ‌  ആ‌ സ്ഥലം‌ മതിയാവാതെവന്നു‌. അങ്ങനെയാണ്‌‌ കൂടുതൽ‌  ആളുകൾക്ക്‌ ചികിൽസ‌ നൽകാൻ‌ പാകത്തിൽ‌  അവിടെ‌  ഒരു‌  ആശുപത്രി‌കെട്ടിടം‌   ‌പണിയാൻ‌ നാട്ടുകാരിൽ‌ ചിലർ‌ തീരുമാനിക്കുന്നത്‌‌. 


അധികം‌ താമസിയാതെ‌  കെട്ടിടത്തിന്റെ‌ പണി‌ തുടങ്ങി‌.  ധാരാ‌ളം‌ തൊഴിലാളികളും‌ നിർമ്മാണ‌ സാമഗ്രികളും‌ അവിടേ‌ക്ക്‌ എത്തിത്തുടങ്ങി‌. കുറച്ചു‌ മാസങ്ങൾകൊണ്ടുതന്നെ‌  അ‌വിടെ‌  വലിയൊരു‌ ആശുപത്രി‌ കെട്ടിടം‌ ഉയർന്നുവന്നു‌. ധാരാളം‌  ‌ഡോ‌ക്ടർമാരും‌ നേഴ്സുമാ‌രും‌    അവിടെ‌ ജോലി‌ ചെയ്യാനെത്തി‌.  ഇതോടെ‌ പുറം‌ നാടുകളിൽ‌ നിന്നും‌ മറ്റും‌ കൂടുതലാളുകൾ‌  ചികിൽസക്കായി‌ അവിടെക്ക്‌ വന്നുതുടങ്ങി‌.  യാത്രക്കാരുടെ‌ തിരക്ക്‌   വർദ്ധിച്ചപ്പോൾ‌  റോഡുകളെല്ലാം‌ വീതികൂട്ടി‌ നാലുവരിപ്പാതകളാക്കി‌. ‌കൂടുതൽ‌  സന്ദർശകർ‌ വരാൻ‌ തുടങ്ങിയപ്പോൾ‌ അവർക്കെല്ലാം‌ താമസിക്കാൻ‌  പുതിയ‌ ലോഡ്ജുകളു കോർട്ടേഴ്സുകളും‌ ഉയർന്നുവന്നു‌. ക്രമേണ‌ ഹോട്ടലുകൾ‌, മെഡിക്കൽ‌ ഷോപ്പുകൾ‌,  തുണിക്കടകൾ‌, ‌ ഷോപ്പിംഗ്‌  മാളുകൾ‌  തുടങ്ങി‌ നിരവധി‌ സ്ഥാപനങ്ങൾ‌ ഉയർന്നുവന്ന‌തോ‌ടെ‌ ആ‌ പ്രദേശം‌ വളരെ‌ വേഗത്തിൽ‌ ഒരു‌ പട്ടണമായി‌ വളർന്നു‌. 


അപ്പോഴും‌ ആ‌ ക‌ച്ചവടക്കാരന്റെ‌ പെട്ടിക്കട‌  അവിടെത്തന്നെയുണ്ടായിരുന്നു‌.  ‌ആളു‌കൾ‌  അവി‌ടെ‌നിന്നും‌ പഴങ്ങൾ‌ വാങ്ങിത്തിന്നു‌ന്നതും‌ തൊലി‌ വലിച്ചെറിയുന്ന‌തും‌  അതിൽ‌ ചവിട്ടി‌ പലരും‌ വീണ്‌‌ എല്ലോടിയുന്നതും‌ തുടർന്നുകൊണ്ടേയിരുന്നു‌.  എന്തുകൊണ്ടാണ്‌‌ ആളുകൾ‌ വീണ്‌‌  എല്ലൊടിയുന്നതെ‌ന്ന്‌ കണ്ടു‌പിടിക്കാൻ‌  പിന്നേയും‌ ‌കുറേ‌ കാലം‌ കഴിയേണ്ടിവന്നു‌.  പഴ‌ത്തൊലി‌ വഴിയിലേക്ക്‌ വലിച്ചെറിയുന്ന‌താണ്‌‌ ഇതിനെല്ലാം‌ കാരണമെന്ന്‌   കണ്ടെത്തി‌യതോടെ‌ പ്രശ്നപരിഹാരത്തിനായി‌ നാട്ടുകാർ‌  ‌ വീണ്ടും‌ ഒത്തുകൂടി‌. അങ്ങനെ‌ കടയുടെ‌ മുമ്പിൽ‌ വലിയൊരു‌  ചവ‌റ്റു‌കൊട്ട‌  വെയ്‌‌ക്കാൻ‌ അവർ‌ തീരുമാനിച്ചു‌. ‌'‌പഴത്തൊലി‌ റോ‌ഡിലേക്ക്‌ വലിച്ചെറിയരുത്‌'‌ എന്നെഴുതിയ‌ ഒരു‌   ബോർഡും‌ അവർ‌  അതിനടുത്ത്‌ സ്ഥാപിച്ചു‌. 


അതിനുശേഷം‌ പഴം‌ തിന്നുന്ന‌ ആളുകൾ‌   തൊലി‌ വഴിയിലേക്ക്‌ വലിച്ചെ‌റിയാതെ‌ ചവറ്റുകൊട്ടയിൽ‌ മാത്രം‌ ഇടാൻ‌ തുടങ്ങി‌. ഇതോ‌ടെ‌ ‌വഴിയാത്രക്കാർ‌  വീഴാതെയായി‌.  ആർക്കും‌ പരിക്കുപറ്റാ‌തെയായി‌.  ‌ക്രമേ‌ണ‌ ആശുപത്രിയിൽ‌ തിരക്ക്‌ കുറഞ്ഞു‌.  രോഗികളും‌ സന്ദർശകരും‌ കുറഞ്ഞ‌തോടെ‌ മാളുകളിൽ‌  കച്ചവടമില്ലാ‌തെയയി‌. ലോഡ്‌ജു‌കളിൽ‌ താമസിക്കാൻ‌ ആളില്ലാതെയായി‌. ബസ്‌‌ ഓട്ടൊ‌ വാഹനങ്ങളിൽ‌ തിരക്ക്‌ കുറഞ്ഞു‌. കടു‌ത്ത‌ മാന്ദ്യ‌ത്തി‌ലേക്ക്‌  നാട്‌  കൂപ്പുകുത്തി‌.  ഇതോടെ‌ ആശു‌പത്രി‌ അധികൃതരും‌ ഉദ്യോഗസ്ഥരും‌ അങ്കലാപ്പിലായി‌.  ‌തൊഴിലാളികളും‌  ബസ്സ്‌ ജീവനൽക്കാരും‌ സമരങ്ങളും‌ ധർണ്ണകളുമായി‌ തെരുവിലിറങ്ങി‌.

 ‌

പഴം‌ തിന്നുന്ന‌ ആളുകളിപ്പോൾ‌ തൊ‌ലി‌ റോ‌ഡിലേ‌ക്ക്‌ വലിച്ചെറിയുന്നില്ലെന്നും‌  ചവറ്റുകൊട്ട‌ സ്ഥാ‌പിച്ചതിനു‌‌ശേഷമാണ്‌‌  സ്ഥിതി‌ ഇത്ര‌ വഷളായതെന്നും‌  ആശുപത്രി‌ മാനേജ്മെന്റിന്‌‌ ബോധ്യപ്പെട്ടതോടെ‌  പെട്ടിക്കടയുടെ‌ മുമ്പിൽ‌ സ്ഥാപിച്ചിരിക്കുന്ന‌ ചവറ്റുകൊട്ട‌ എത്രയും‌  വേഗം‌  എടുത്തുമാറ്റ‌ണമെന്ന്‌ അവർ‌ ആ‌വശ്യപ്പെടാൻ‌ തുടങ്ങി‌.   അവർ‌ ശക്തമായ‌ സമരം‌ ആരംഭിച്ചു‌. സമരക്കാരുടെ‌ ആവശ്യങ്ങൾ‌  ന്യായമാണെ‌ന്ന്‌ സർക്കാറിന്‌‌ ബോധ്യപ്പെട്ടതോടെ‌  പെട്ടിക്കടയുടെ‌ മുമ്പിലു‌ള്ള‌ ചവറ്റുകൊട്ട ഉടൻ‌ എടുത്തുമാറ്റാൻ‌ സർക്കർ‌  ഉത്തരവിറക്കി‌. 


സർക്കാരും‌ മാനേജ്മെന്റും‌ മീഡിയകളെ‌ പലവിധത്തിൽ‌ സ്വാധീനി‌ച്ചു‌. അതിനാൽത്തന്നെ‌ പഴത്തൊലി‌ ചവറ്റു‌കൊട്ടയിൽ‌ കൂ‌ട്ടിയി‌ടുന്നത്‌  മാരക‌ ആരോഗ്യ‌ പ്ര‌ശ്‌നത്തിന്‌‌ കാരണമാകുമെന്നും‌  തൊലി‌ റോഡിലേക്ക്‌ വലിച്ചെറിയുന്നതാണ്‌‌ പരിസ്ഥിതിക്ക്‌ ഗുണകരമെന്നും‌  പത്രങ്ങളും‌ മീഡി‌യകളും‌  പ്രചരിപ്പിക്കാൻ‌ തുടങ്ങി‌.  സെലിബ്രിറ്റികൾ‌ പഴം‌ തിന്ന്‌ തൊലി‌ വഴി‌യിലേക്ക്‌ വലിച്ചെറിയുന്ന‌ പരസ്യചിത്രങ്ങൾ‌  ചാനലുകളിൽ‌ നിറഞ്ഞു‌. ഇതിനെ‌യെല്ലാം‌  ചോ‌ദ്യം‌ ചെയ്യാൻ‌ ഏതാനും‌ ബു‌ദ്ധിജീവികൾ‌ മുന്നോട്ടുവന്നെങ്കിലും‌ അവരെയെല്ലാം‌  തീവ്രവാദികളെന്ന്‌ വിളിച്ച്‌ സർക്കാ‌രും‌ ജനങ്ങളും‌ ഒറ്റപ്പെടുത്തി‌. അങ്ങനെ‌ പഴം‌ തിന്നുമ്പോൾ‌  തൊലി‌ വഴിയിലേ‌ക്ക്‌ വലിച്ചെറിയലാണ്‌‌  ദേശ‌‌സ്നേഹമെന്ന‌ ‌ഒരു‌  ‌പൊതുബോധം‌ രൂപപ്പെട്ടു‌.  


ഇതോടെ‌  എല്ലാവരും‌  ‌പ‌‌ഴയപോലെ‌  പെട്ടിക്കടയിൽ‌ നിന്ന്‌ പഴം‌ വാങ്ങിക്കഴിച്ച്‌  ‌തൊലി‌ റോഡി‌ലേക്കു‌തന്നെ‌ വലിച്ചെറിയാൻ‌ തുടങ്ങി‌. വീണ്ടും‌  ആളുകൾ‌ വീണ്‌‌ പരിക്കുപറ്റാനും‌ എല്ലൊടിയാനും‌ തുടങ്ങി‌യതോടെ‌  ആ‌ശുപതിയിൽ‌ തിരക്കോട്‌ തിരക്കായി‌. ബസ്സിലും‌ ഹോട്ടലുകളിലും‌ ആളുകൾ‌ നിറഞ്ഞു‌. മാർക്കറ്റുകളിൽ‌ കച്ചവടം‌  പൊടിപൊടിച്ചു‌.  നാട്‌ പുരോഗതിയിലേക്ക്‌ കുതിക്കാൻ‌ തുടങ്ങിയതോടെ‌   എല്ലാ‌വരുടെ‌യും‌ മുഖത്ത്‌ സന്തോഷവും‌ സംതൃപ്തിയും‌ കളിയാ‌ടി‌. ജനങ്ങൾ‌  സർക്കാ‌റിന്റെ‌ വികസന‌ നയങ്ങളെ‌ പുകഴ്ത്തി‌പ്പറയാൻ‌ തുടങ്ങി‌.  പെട്ടിക്കടക്കാരന്‌‌  ഏറ്റവും‌ നല്ല‌  സം‌‌രം‌ഭകനുള്ള‌ ബഹുമതി‌ ലഭിച്ചു‌. പഴക്കച്ചവടക്കാർക്ക്‌ ഭീമമായ‌  ലോണുകൾ‌ നൽകാൻ‌ ബേ‌ങ്കുകൾ‌ മൽസരിച്ചു‌.   അങ്ങനെ‌യാണ്‌‌ വികസനത്തിന്റെ‌ ഏറ്റവും‌ നല്ല‌ മാതൃകയായി‌ ആ‌ നാട്‌‌  അറിയപ്പെടാൻ‌ തുടങ്ങിയത്‌.‌ 


Courtesy‌ :‌

മുമ്പെന്നോ‌ വായിച്ചൊരു‌ കഥയാണ്‌‌ ഇതിലെ‌ ഉള്ളടക്കം‌. ഇത്‌ ആരാണെഴുതിയതെന്ന്‌ ഓർക്കുന്നില്ല‌.  ഒരു‌ നാടോടിക്കഥപോലെ‌  ‌പലരും‌ ഇ‌ത്‌ കേട്ടിരിക്കാമെങ്കിലും‌ ഇക്കാലത്ത്‌ ഏറെ‌  പ്രസക്തമാണ്‌‌ ഈ‌ കഥ‌! 

.................................

റസാഖ്‌ വഴിയോരം‌

.................................

4.1.2023

No comments:

Post a Comment