പ്രവാസിയുടെ വീട്
..................... .....................
കുടുംബത്തിലെ മൂത്ത മകനായിരുന്നതിനാൽ കല്ല്യാണം കഴിഞ്ഞപ്പോൾ മറ്റൊരു വീടുണ്ടാക്കി താമസം മാറാൻ അയാൾ നിർബ്ബന്ധിതനായിരുന്നു. പക്ഷെ അതിനുള്ള പണം അയാളുടെ പക്കലുണ്ടായിരുന്നില്ല.
അങ്ങനെയാണ് ഒരു ജോലിതേടി ഗൾഫിലേക്കുപോകാൻ അയാൾ തീരുമാനിക്കുന്നത്. വിവാഹിതരായി മാസങ്ങൾ കഴിയും മുമ്പ് തന്നെയും തനിച്ചാക്കി അന്യനാട്ടിലേക്ക് പോകാനൊരുങ്ങുന്ന ഭർത്താവിനെയോർത്ത് അവൾ സങ്കടപ്പെട്ടു. ഗൽഫിലേക്ക് പുറപ്പെടുന്ന ദിവസം അയാളെ യാത്രയക്കാനായി കൂടെ എയർപോർട്ടിലെത്തിയ ഭാര്യയെ അരികിൽ ചേർത്തുനിർത്തിക്കൊണ്ട് അയാൾ പറഞ്ഞു:
ഏറിയാൽ രണ്ട് വർഷം. അതിനിടയിൽ നമുക്ക് സ്വന്തമായൊരു വീട്. പിന്നെ ഗൾഫിലേക്കൊരു തിരിച്ചുപോക്കുണ്ടാവില്ല. എന്തെങ്കിലുമൊരു ജോലി ചെയ്ത് നമുക്കിവിടെ ഒരുമിച്ച് ജീവിക്കാം, നീ കാത്തിരിക്കണം.
അന്നാണ് അയാൾ ആദ്യമായി ഗൽഫിലേക്ക് വിമാനം കയറിയത്. സൗദി അറേബ്യയിലെ ഏതോ ഉൾപ്രദേശത്ത് ഒരറബിവീട്ടിലായിരുന്നു അയാൾക്ക് ജോലി. അഞ്ഞൂറു റിയാൽ ശമ്പളം. രണ്ടു വർഷത്തിലൊരു മാസം ലീവ്. അറബിയുടെ ഹൗസ് ഡ്രൈവറായിരുന്നെങ്കിലും ആ വീട്ടിലെ മറ്റുജോലികളും അയൾക്ക് പലപ്പോഴും ചെയ്യേണ്ടിവന്നു. ഏത് സമയത്ത് വിളിച്ചാലും വീട്ടുകാരുടെ ആവശ്യത്തിനായി വാഹനമോടിക്കാൻ തയ്യാറായി നിൽക്കണം. ഉറക്കത്തിനോ വിശ്രമത്തിനോ വേണ്ടത്ര സമയം കിട്ടാതെ അയാൾ ദിവസം മുഴുവൻ ജോലി ചെയ്യും. ഇഷ്ടമുള്ള ആഹാരം കഴിക്കാതെ, ആഗ്രഹമുള്ള വസ്ത്രങ്ങൾ ധരിക്കാതെ കിട്ടുന്ന ഓരോ റിയാലും അയാൾ കുടുംബത്തിനും വീടിനുമായി കരുതിവെക്കും.
ദിവസങ്ങൾ മാസങ്ങളായും മാസങ്ങൾ വർഷങ്ങളായും അതിവേഗം കടന്നുപോകവെ സൗദിഅറേബ്യയിലെ അതേവീട്ടിൽ അതേ ജോലികൾ ചെയ്ത്‌കൊണ്ട് അയാൾ പതിനഞ്ച് വർഷങ്ങൾ പിന്നിട്ടു. എന്നിട്ടും സ്വന്തമായൊരു വീടെന്ന അയാളുടെ സ്വപ്നം യാഥാർത്ഥ്യമായില്ല. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടയിൽ ആറു തവണ മാത്രമാണ് അയാൾ നാട്ടിലേക്ക് പോയത്. ഏതാനും ദിവസങ്ങൾ മാത്രമാണ് കുടുംബത്തോടൊപ്പം ജീവിച്ചത്. കാലങ്ങൾ കടന്നുപോകവെ അയാൾ രണ്ട് പെൺമക്കളുടെ പിതാവായി.
ഒരു തവണ ലീവിന് നാട്ടിൽ വന്നപ്പോൾ ചെറിയൊരു വീട് വെക്കുന്ന കാര്യം ഭാര്യ അയാളെ ഓർമ്മിപ്പിച്ചു. പലരേയും പോലെ വീടിനെക്കുറിച്ച് വലിയ സങ്കല്പങ്ങളൊന്നും അയാൾ മനസ്സിൽ കൊണ്ടുനടന്നിരുന്നില്ല. കടമൊന്നും വരുത്തിവെക്കാതെ, കയ്യിലുള്ള സമ്പാദ്യം കൊണ്ട് ചെറിയൊരു വീട്. അത്രയും മതിയെന്ന് ഭാര്യയും സമ്മതിച്ചപ്പോൾ അയാൾക്കും സന്തോഷമായി.
അങ്ങനെയാണ് നാട്ടിൽ പത്തുസെന്റ് സഥലം വാങ്ങി ചെറിയൊരു വീടുവെക്കാൻ അയാൾ തീരുമാനിക്കുന്നത്. ചെറിയൊരു പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി വീടുപണിക്കുള്ള ഒരുക്കങ്ങൾ തുടങ്ങുന്നതിനിടയിലാണ് ഉടനെ തിരിച്ചുവരണമെന്നുപറഞ്ഞ് അറബി അയാളെ വിളിക്കുന്നത്. അയാൾ കൂടുതലൊന്നുമാലോചിച്ചില്ല. വിടുപണിയുടെ കാര്യങ്ങളും കയ്യിലുള്ള പണവുമെല്ലാം കുടുംബക്കാരെ ഏല്പിച്ച് അയാൾ സൗദിയിലേക്ക് തന്നെ തിരിച്ചുപോയി.
ഒരു ദിവസം നാട്ടിൽ നിന്ന് അയാളുടെ സഹോദരൻ വിളിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: വീടുപണിയുടെ മൊത്തം കാര്യങ്ങൾ ഒരു കരാറുകാരനെ ഏല്പിക്കുന്നതായിരിക്കും നല്ലത്. ഞങ്ങൾക്കൊന്നും അതിന്റെ പിന്നാലെ നടക്കാൻ സമയമുണ്ടാവുകയില്ല. വല്ലപ്പോഴുമൊക്കെ ഞങ്ങളും ശ്രദ്ധിച്ചുകൊള്ളാം.അത് കേട്ടപ്പോൾ വീടിന്റെ പണി മൊത്തമായി ഒരാളെ കരാറേല്പിക്കാൻ അയാൾ തീരുമാനിച്ചു.
അങ്ങനെ പരിചയമുള്ള ഒരു കോണ്ട്റാക്ടർക്ക് അയാൾ വീടിന്റെ പ്ലാൻ അയച്ചുകൊടുത്തു. പിന്നീട് നേരിൽ വിളിച്ച് കാര്യങ്ങളേല്ലാം സംസാരിച്ചെങ്കിലും കരാറേറ്റെടുക്കാൻ കോണ്ട്റക്ടർ വലിയ താല്പര്യം കാണിച്ചില്ല. ഇപ്പോൾ നല്ല തിരക്കിലാണെന്നും മാത്രമല്ല, ഇതുപോലുള്ള ചെറിയ വർക്കുകൾക്കൊന്നും വലിയ ലാഭമുണ്ടാവുകയില്ലെന്നുമാണ് കരാറുകാരൻ അതിന് പറഞ്ഞ കാരണം. വലിയ വരുമാനമില്ലാത്തവർ പോലും നാട്ടിൽ ഇതിനേക്കാൾ വലിയ വീടാണുണ്ടാക്കുന്നതെന്നും അങ്ങനെയുള്ള പണികൾ തന്നെ ഇപ്പോൾ ഇഷ്ടം പോലെയുണ്ടെന്നും അയാൾ കൂട്ടിച്ചേർത്തു. എന്നിരുന്നാലും ഇപ്പോഴുള്ള പ്ലാനിൽ ചെറിയൊരു മാറ്റം വരുത്തുകയാണെങ്കിൽ
അടുക്കളയും ഡൈനിംഗ് ഹാളും അല്പം വീതികൂട്ടാമെന്നും അപ്പോൾ തരക്കേടില്ലാത്ത വലിപ്പത്തിലൊരു വീടാകുമെന്നും കരാറുകാരൻ നിർദ്ദേശിക്കുകയും ചെയ്തു.
കരാറുകാരൻ പറഞ്ഞതാണ് ശരിയെന്നും
മക്കളൊക്കെ വളർന്നുവലുതാകുമ്പോൾ കുറച്ചൊക്കെ സൗകര്യങ്ങളുള്ളൊരു വീടുതന്നെ വേണ്ടിവരുമെന്നും അയാളുടെ സഹോദരനും അഭിപ്രായപ്പെട്ടു. ജീവിതത്തിലൊരിക്കൽ മാത്രമുണ്ടാക്കുന്ന വീടിന് മറ്റുള്ളവർ കണ്ടാൽ മോശം പറയാത്ത വലിപ്പവും സ്റ്റൈലുമൊക്കെയുണ്ടാവുന്നതിൽ തെറ്റില്ലെന്ന് സുഹൃത്തുക്കളും കൂടി പറഞ്ഞപ്പോൾ അവരെല്ലാവരും പറയുന്നത് ശരിയാണെന്ന് അയാൾക്കും തോന്നി.
സ്വന്തം വരുമാനത്തെക്കുറിച്ച് അയാൾ ആശങ്കപ്പെട്ടപ്പോൾ വീടുപണി തുടങ്ങിക്കഴിഞ്ഞാൽ അതൊക്കെയങ്ങോട്ട് നടക്കുമെന്ന് അവരെല്ലാവരും അയാൾക്ക് ധൈര്യം നൽകി. അങ്ങനെ നല്ല സൗകര്യങ്ങളുള്ളൊരു വീടുണ്ടാക്കാൻ തന്നെ അയാൾ തീരുമാനിക്കുകയും അതിന്റെ പ്ലാനുണ്ടാക്കുന്നതിനായി നാട്ടിലുള്ള സഹോദരനെ ഏല്പിക്കുകയും ചെയ്തു.
അങ്ങനെ ഒരു ദിവസം സഹോദരനേയും കൂട്ടി കരാറുകാരൻ പരിചയമുള്ള ഒരു എഞ്ചിനീയറുടെ അടുത്തെത്തി. അപ്പോഴാണ് എഞ്ചിനീയർ മറ്റൊരു നിർദ്ദേശം മുന്നോട്ടുവെക്കുന്നത്. കമ്പിക്കും സിമന്റിനുമൊക്കെ ഓരോ ദിവസവും വില കൂടിക്കൊണ്ടിരിക്കുകയാണെന്നും കുറച്ചുനാൾ കഴിയുമ്പോൾ സാധനങ്ങൾക്കൊക്കെ ഇരട്ടിവിലയാകുമെന്നും അതിനാൽ ഇതിന്റെ കൂടെത്തന്നെ അപ്സ്റ്റെയറിന്റെ പണികൂടി തീർക്കാൻ കഴിയുമെങ്കിൽ അത് വലിയ ലാഭമായിരിക്കുമെന്നും എഞ്ചിനീയെർ സഹോദരനെ പറഞ്ഞുബോധ്യപ്പെടുത്തി. ഗൾഫുകാർ വിചാരിച്ചാൽ അതൊക്കെയങ്ങോട്ടു നടക്കുമെന്ന് പറഞ്ഞുകൊണ്ട് കരറുകാരനും അതിനെ അനുകൂലിച്ചു.
പക്ഷെ അയാളുടെ ഭാര്യ മാത്രം ഇതിനോടൊന്നും യോജിച്ചില്ല. പുറമെയുള്ളവർക്ക് കാണാനല്ല നമ്മൾ വീടുണ്ടാക്കുന്നതെന്നും ചെറിയ പ്ലാനിൽത്തന്നെ നമുക്കൊരു കൊച്ചുവീട് മതിയെന്നും അവൾ അയാളോട് പറഞ്ഞു നോക്കി. വീടുപണി വേഗം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിവരണമെന്നും
അധികകാലം തമ്മിൽ പിരിഞ്ഞിരിക്കാനാവില്ലെന്നും അവൾ ഓർമ്മിപ്പിക്കുകയും ചെയ്തു. പക്ഷെ അതിനിടയിൽ കാര്യങ്ങളൊക്കെ എല്ലാവരും കൂടി തീരുമാനിച്ചുകഴിഞ്ഞിരുന്നു.
നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും കരാറുകാരനും എഞ്ചിനീയറും ജോലിക്കാർ പോലും പലവിധത്തിലിൽ ഇടപെട്ടുകൊണ്ട് അവിടെ വലിയൊരു വീട് തന്നെ ഉയർന്നുവരാൻ തുടങ്ങി. കണക്കാക്കിയിരുന്ന നിർമ്മാണച്ചെലവിനേക്കാളും രണ്ടും മൂന്നും ഇരട്ടിയായിരുന്നു അവസാന ഘട്ടത്തിൽ വീടിനു വേണ്ടിവന്ന ചെലവുകൾ. ഏതായാലും പണിതുടങ്ങിക്കഴിഞ്ഞ സ്ഥിതിക്ക് കിട്ടാവുന്നിടത്തു നിന്നെല്ലാം കടം വാങ്ങിയും അവളുടെ ആഭരണങ്ങളെല്ലാം പണയം വെച്ചും അയാൾ വീടുപണി പൂർത്തിയാക്കി.
കടബാധ്യതകൾ കാരണം ആ വർഷം അയാൾക്ക് നാട്ടിലേക്ക് പോകാനായില്ല. കാലം കടന്നുപോകവെ പെൺമക്കൾ രണ്ടാളും വളർന്നുവലുതാവുകയും അവരുടെ വിവാഹം നടത്തിക്കൊടുക്കേണ്ട ബാധ്യതയും കൂടി അയാളിലേക്ക് വന്നുചേർന്നതോടെ അയാൾ പൂർണ്ണമായും കടക്കെണിയിൽ അകപ്പെട്ടു.
കാലം പിന്നേയും കടന്നുപോയി. ഭാര്യ അസുഖബാധിതയയി കിടപ്പിലായി. അയാളെയൊന്നുകാണാൻ അവൾ അതിയായി ആഗ്രഹിച്ചു. പക്ഷെ സാമ്പത്തിക ബാധ്യതകൾ കാരണം ആ സമയത്തുപോലും അയാൾക്ക് നാട്ടിലേക്ക് വരാനായില്ല. അവസാനമായി ഭർത്താവിന്റെ മുഖം ഒരു നോക്ക് കാണാതെയാണ് അയാളുടെ ഭാര്യ ഈ ലോകത്തോട് യാത്ര പറഞ്ഞത്. അധികം കഴിയുന്നതിനുമുമ്പ് പെണ്മക്കൾ രണ്ടാളും ഭർത്താക്കന്മാരൊടൊപ്പം ദൂരസ്ഥലത്തേക്ക് താമസം മാറിപ്പോവുക കൂടി ചെയ്തപ്പോൾ തമസിക്കാനാളില്ലാതെ ആ വലിയ വീട് അടഞ്ഞുകിടന്നു.
ഇതിനിടയിൽ ഗൾഫിലെ കഠിനാദ്ധാനവും ഏകാന്തതയും അയാളെയും ഒരു നിത്യരോഗിയാക്കി മാറ്റിയിരുന്നു. നാട്ടിലേക്കുള്ള ഒരു തിരിച്ചുപോക്ക് സ്വപ്നം കണ്ടുകൊണ്ട് അയാളിന്ന് ആ അറബിവീട്ടിൽ മുപ്പത് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. എന്നെങ്കിലുമൊരിക്കൽ അയാൾ തിരിച്ചുവരുന്നതും കാത്ത് ആ മാളികവീട് പിന്നേയും കുറേകാലം അടഞ്ഞുകിടന്നു.
ഒരു ദിവസം ആ വീട്ടിലേക്ക് അയാൾ കയറിവന്നു. കണ്ണുകളടച്ച് ശീതീകരിച്ച പെട്ടിക്കുള്ളിൽ നിശ്ചലനായികിടന്നുകൊണ്ട്. ആ വീട്ടിൽ നിന്നും അയാൾ അവസനയാത്രയിറങ്ങുമ്പോൾ പുറംകാഴ്ചക്കാരായി അവരും അവിടെയുണ്ടായിരുന്നു, എത്തിപ്പിടിക്കാനാവാത്ത ഒരുപാട് മോഹങ്ങൾ ഒരിക്കലയാളുടെ മനസ്സിലേക്കിട്ടുകൊടുത്തുകൊണ്ട് അയാളുടേ ജീവിതം പകുത്തെടുത്തവർ!
വീടായാലും വാഹനമായാലും ബിസിനസ്സായാലും സ്വന്തം വരുമാനവും ജീവിതസാഹചര്യങ്ങളും അറിയുന്നവർ തന്നെയായിരിക്കണം അതിന്റെയൊക്കെ കാര്യങ്ങൾ തീരുമാനിക്കേണ്ടതും. മറ്റുള്ളവരെന്നും വെറും പുറംകാഴ്ചക്കാർ മാത്രമായിരിക്കും!
..................................
റസാഖ് വഴിയോരം.
..................................
No comments:
Post a Comment