കാത്തിരിക്കുന്നവർ പ്രാർത്ഥിക്കുന്നത്!
....................................................................
വീട്ടിലെത്തിയാൽ പോലും ഭാര്യയോടോ മക്കളോടോ അല്പനേരം സംസാരിച്ചിരിക്കാൻ അയാൾക്ക് സമയമില്ലായിരുന്നു. അത്രയും ജോലിത്തിരക്കായിരുന്നു അയാൾക്ക്. ഓഫിസിൽ നിന്നും തിരിച്ചെത്തിയാലുടൻ അന്ന് ചെയ്തുതീർക്കാൻ ബാക്കിയുള്ള ജോലികളുമായി അയാൾ ലാപ്ടോപ്പിനുമുമ്പിലിരിക്കും. ഈ സമയത്ത് വീട്ടിലുള്ളവർ അയാളോടെന്തെങ്കിലും സംസാരിക്കുന്നതുപോലും അയാൾക്കിഷ്ടമില്ലായിരുന്നു.
ആഹാരം വിളമ്പിവെച്ചിട്ടുണ്ടെന്ന് ഭാര്യ വന്ന് ഓർമ്മിപ്പിച്ചാൽ പോലും ഫോണിലാരോടോ സംസാരിച്ചുകൊണ്ടായിരിക്കും അയാൾ ഭക്ഷണമേശക്കരികിലെത്തുക. അപ്പോൾ ഭാര്യയുടെ മുഖത്തേക്ക് സന്തോഷത്തോടെയൊന്ന് നോക്കാൻ പോലും അയാൾ പലപ്പോഴും മറന്നുപോയിരുന്നു.
ഏറെ വൈകി ഫെയ്സ്‌ബുക്കിലും യൂറ്റ്യൂബിലുമൊക്കെ നോക്കിക്കഴിഞ്ഞ് കിടക്കാനൊരുങ്ങുമ്പോഴേക്കും ഭാര്യയും മക്കളുമൊക്കെ ഉറങ്ങീട്ടുണ്ടാവും. രാത്രിയിൽ ഉറക്കം കിട്ടാതെ അസ്വസ്ഥനായി അയാൾ ഏറെ നേരം കണ്ണുതുറന്ന് കിടക്കും. കുടുംബത്തിൽ നിന്ന് അയാൾക്കും അയാളിൽ നിന്ന് കുടുംബത്തിനും സന്തോഷം ലഭിച്ചില്ല.
ഒരു ദിവസം രാത്രി ഏറെ വൈകി അയാൾ ജോലിസ്ഥലത്തുനിന്നും വീട്ടിലേക്കുമടങ്ങുമ്പോൾ ബാഗും തോളിലിട്ടുകൊണ്ട് റോഡരികിൽ നിൽക്കുകയായിരുന്ന ഒരപരിചിതൻ അയാളുടെ ബൈക്കിന് കൈ കാണിച്ചു. അല്പം സംശയത്തോടെയാണെങ്കിലും അയാൾ വണ്ടി നിർത്തി. ചെറിയ ചാറ്റൽ മഴ നനഞ്ഞുകൊണ്ട് അപരിചിതൻ അടുത്തുവന്നു ചോദിച്ചു:
''ഒരു ലിഫ്റ്റ് തരാമോ?''
അസമയത്ത് പരിചയമില്ലാത്ത ഒരാൾക്ക് ലിഫ്റ്റ് കൊടുത്താലുണ്ടാകുന്ന അനർത്ഥങ്ങളെക്കുറിച്ച് അയാളൊരു നിമിഷം ആലോചിച്ചു. നാട്ടിലേക്കുള്ള അവസാന ബസ്സും പോയതുകൊണ്ടാണെന്ന് ആ മനുഷ്യൻ താഴ്മയോടെ പറഞ്ഞപ്പോൾ അർദ്ധമനസ്സോടെയാണെങ്കിലും അയാൾ സമ്മതിച്ചു.
അല്പദൂരം ചെന്നപ്പോൾ അപരിചിതന്റെ ഫോൺ ശബ്ദിക്കാൻ തുടങ്ങി. അയാൾ പോക്കറ്റിൽ നിന്നും ഫോണെടുത്ത് നോക്കിക്കൊണ്ട് അയാളോട് ചിരിച്ചുകൊണ്ട് പറഞ്ഞു:
വൈഫാണ്!
ഞാൻ എവിടെയെത്തിയെന്നറിയാൻ അവളിടക്കിങ്ങനെ വിളിച്ചുകൊണ്ടിരിക്കും. അതൊന്നും കേൾക്കാത്തപോലെ അയാൾ ബൈക്കോടിച്ചുകൊണ്ടിരുന്നു. കുറച്ചുദൂരം മുന്നോട്ടുചെന്നപ്പോൾ അപരിചിതൻ പറഞ്ഞു:
''വീട്ടിലേക്ക് കുറച്ചുകൂടി പോകാനുണ്ട്. എന്നാലും ഞാനിവിടെയിറങ്ങി നടന്നുപോയ്‌ക്കൊള്ളാം. നിങ്ങളേയും വീട്ടുകാർ കാത്തിരിക്കുന്നുണ്ടാവുമല്ലോ!''
''സാരമില്ല, ഞാൻ വീടിനടുത്ത് ഡ്രോപ് ചെയ്യാം!''
അയാൾ വണ്ടിനിർത്താതെ മുന്നോട്ടേക്കുനീങ്ങി. അല്പം കഴിഞ്ഞ് അവർ ചെറിയൊരു വീടിനടുത്തെത്തി. വാതിൽ തുറന്ന് ചിരിച്ചുകൊണ്ട് അയാളുടെ ഭാര്യ കോലായിലേക്കിറങ്ങിവന്നു. പിന്നാലെ രണ്ടു പിഞ്ചുമക്കളും.
ഞാൻ വരുന്നതുവരെ അവരാരും ഉറങ്ങുകയില്ലെന്ന് സ്വയം പറഞ്ഞ് ഒരു ചെറുചിരിയോടെ അയാൾക്ക് നന്ദിയും പറഞ്ഞ് അപരിചിതൻ വരാന്തയിലേക്ക് കയറിപ്പോയി. പിന്നെ ബാഗിൽ നിന്നും ചോക്ക്ലേറ്റെടുത്ത് കുഞ്ഞുങ്ങൾക്കു നേരെ നീട്ടിക്കൊണ്ട് അവരുടെ സന്തോഷം നോക്കി അയാൾ ചിരിച്ചുകൊണ്ടങ്ങനെ നിന്നു. അയാളുടെ മഴനനഞ്ഞ തലമുടി സാരിത്തലപ്പുകൊണ്ട് തുടച്ചുകൊടുത്തുകൊണ്ട് അവളും കുഞ്ഞുങ്ങളുടെ കളിചിരികളിലേക്ക് നോക്കിനിന്നു.
ഒരാളുടെ സാന്നിധ്യത്തിലേക്ക് ഒരു കുടുംബത്തിന്റെ സ്നേഹസന്തോഷങ്ങൾ പെയ്തിറങ്ങുന്ന മനോഹരമായ ആ നിമിഷങ്ങളിലേക്ക് നോക്കി അയാൾ അപ്പോഴും മുറ്റത്തുതന്നെ നിൽക്കുകയായിരുന്നു. മറ്റൊരാളുടെ സന്തോഷത്തിൽ നിന്ന് അയാളന്നാദ്യമായി അനിർവ്വചനീയമായൊരു ആനന്ദം അനുഭവിച്ചു.
സന്തോഷത്തോടെയായിരുന്നു അയാളവിടെനിന്നും മടങ്ങിയതെങ്കിലും വല്ലാത്തൊരു കുറ്റബോധത്തോടുകൂടിയായിരുന്നു അയാൾ സ്വന്തം വീട്ടിലേക്ക് കയറിച്ചെന്നത്. അവിടെ ഉറങ്ങാതെ മക്കളാരും അയാളെ കാത്തുനിൽക്കുന്നുണ്ടായിരുന്നില്ല. ഭാര്യ വാതിൽ തുറന്നുകൊടുത്തുകൊണ്ട് ഒന്നും പറയാതെ അടുക്കളയിലേക്ക് പോയി. അയാളുടെ മനസ്സിലപ്പോൾ സന്തോഷവാനായ ആ അപരിചിതന്റെ മുഖം തെളിഞ്ഞു.
വീട്ടിൽ നിന്നിറങ്ങിപ്പോകുന്നവർ തിരിച്ചുവരുന്നതും കാത്ത് അവിടെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരുപാടുപേരുണ്ടാവും. മാതാപിതാക്കൾ, ഭാര്യ, മക്കൾ, അങ്ങനെ പലരും! വീട്ടിലേക്ക് കയറിവരുന്നവരുടെ സന്തോഷത്തിലാണ് ഒരു കുടുംബത്തിന്റെ സന്തോഷമുള്ളതെന്ന്
അപരിചിതൻ അയാളുടെ ചെവിയിൽ മന്ത്രിച്ചപോലെ അയാൾക്ക് തോന്നി.
പിന്നീടുള്ള ദിവസങ്ങളിൽ അയാൾ ഓഫീസിൽ നിന്നും വൈകാതെ മടങ്ങിയെത്തും. വീട്ടിലെത്തിക്കഴിഞ്ഞാൽ പിന്നെ അന്നുണ്ടായ ഇഷ്ടകരമാല്ലാത്ത സംഭവങ്ങളൊന്നും അയാൾ ആലോചിച്ചതേയില്ല. ഓഫീസിൽനിന്നുണ്ടാകുന്ന മാനസികസംഘർഷങ്ങളൊന്നും അയാൾ വീട്ടിനകത്തേക്ക് ചുമന്നുകൊണ്ടുവന്നില്ല.
ഇന്നയാൾ ജോലികഴിഞ്ഞുവരുന്നതും കാത്ത് കുഞ്ഞുമക്കൾ വീട്ടിൽ ആഹ്ലാദത്തോടെ നോക്കിനിൽക്കുന്നുണ്ടാവും.കാത്തിരിക്കുന്നുണ്ടാവും. പുഞ്ചിരിയോടെ ഭാര്യ വരാന്തയിൽ പിന്നെ അവർ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കും. തമാശകൾ പറയും. കളിചിരികൾ നിറഞ്ഞ മനോഹരമായ ആ നിമിഷങ്ങളിലേക്ക് സമാധാനത്തിന്റെ മാലാഖമാർ ഇറങ്ങിവരും.
നമ്മൾ കാരണം മറ്റൊരാൾ സന്തോഷിക്കുന്നത് കാണുകയെന്നതാണ് ഒരാളനുഭവിക്കുന്ന ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന്. സ്നേഹത്തോടെ നമ്മെ കാത്തിരിക്കാൻ ആരെങ്കിലുമുണ്ടാവുകയെന്നതാണ് ജിവിതത്തിലെ മഹാസൗഭാഗ്യങ്ങളിലൊന്ന്.
ഒരു പക്ഷെ ഒരാപത്തുമില്ലാതെ ഓരോ ദിവസവും ഒരാൾക്ക് പ്രിയപ്പെട്ടവരിലേക്കുതന്നെ തിരിച്ചെത്താനാവുന്നത് അയാളെ കാത്തിരിക്കുന്ന ആരുടേയോ പ്രാർത്ഥനകൾ കൊണ്ടായിരിക്കാം!
.................................
റസാഖ് വഴിയോരം
.................................
No comments:
Post a Comment