അധ്യായം - 18
.........................................................................
നന്ദി മാഷെ, തെറ്റാത്ത പ്രവചനങ്ങൾക്ക്!
..........................................................................
ചലിക്കുന്ന ചിത്രങ്ങളായി കാലം കൺമുമ്പിലൂടെ കടന്നുപോയി. തണലായിനിന്ന കുടുംബവൃക്ഷങ്ങള്‍, കുളിരായിനിന്ന ആത്മബന്ധങ്ങൾ എല്ലാം ഒരിക്കൽകൂടി മനസ്സിലൂടെ മിന്നിമറഞ്ഞു.
അനാഥാലയമുറ്റത്തൊരുക്കിയ വലിയ പന്തലിൽ അലുംനി അസോസീഷന്റെ വാർഷികപരിപാടികൾ നടക്കുകയാണ്. ഞാനെന്റെ ഓർമകളിൽനിന്നുണർന്ന് സദസ്സിന്റെ ഏറ്റവും പിന്നിലായി ചെന്നുനിന്നു. ആ വലിയ സദസ്സിൽ എന്റെ കണ്ണുകളപ്പോൾ ആരൊക്കെയോ തിരയുകയാണ്.. പട്ടാണി ഹാമിദുസൈൻ, കണ്ണൻ മൊയ്‌തീൻ കോയ, നൊയനി മജീദ്, നൊട്ടൻ ഇബ്രായി, ചോട്ട സലാം.. അങ്ങനെ മനസ്സിൽ പതിഞ്ഞ ഓരോരോ പഴയ മുഖങ്ങളെയും പരതുകയാണ്.
പെട്ടന്ന് തോളിൽ കൈവെച്ചുകൊണ്ട് ഒരാൾ പിന്നിൽനിന്ന് സലാം പറഞ്ഞു. ഞാൻ തിരിഞ്ഞുനോക്കി. നീട്ടിവളർത്തിയ മുടി പിന്നിലേക്ക് ചീകിയിട്ട് ചിരിച്ചുകൊണ്ട് നിൽക്കുന്ന സൈദുട്ടിയെ ഞാൻ കണ്ടു. മൂന്നുകൊല്ലം അനാഥാലയത്തിൽ എന്റെ സഹപാഠിയായിരുന്നു സൈദുട്ടി. അന്നവൻ ഒരു പാവം പയ്യനായിരുന്നു. അധികമാരോടും സംസാരിക്കാതെ ഒതുങ്ങിക്കൂടുന്ന പ്രകൃതം.
''വന്നിട്ട് കുറേ സമയായോ..?'' അവൻ കുശലം ചോദിച്ചു.
സ്റ്റേജിൽ ആരോ പ്രസംഗിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഞങ്ങൾ പോയി സദസ്സിലെ കസേരയിൽ ഇരുന്നു. പിന്നെ ഓരോരുത്തരെയായി ചൂണ്ടിക്കാണിച്ചുകൊണ്ട് സൈദുട്ടി ചോദിക്കാൻ തുടങ്ങി:
''ആ ആളെ അറിയ്യ്വോ..?
പലരേയും എനിക്ക് പെട്ടന്ന് മനസ്സിലാക്കാനായില്ല. എങ്കിലും ഓരോ മുഖങ്ങളും ഓർമ്മിച്ചെടുക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ ആൾക്കൂട്ടത്തിൽ കൗതുകത്തോടെ ഇരുന്നു. ഉച്ചക്കുള്ള ലഞ്ച് ബ്രെയ്‌ക്കിൽ ഞങ്ങൾ വരിയായി നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ചു. പിന്നെ ചെറിയ കൂട്ടങ്ങളായി ചേർന്നിരുന്ന് പരിചയം പുതുക്കി, ഓർമകൾ പങ്കുവെച്ചു, തോളിൽ കൈവെച്ച് തമാശകൾ പറഞ്ഞുചിരിച്ചു.
പലരും തിരിച്ചറിയാനാവാത്ത വിധം മാറിക്കഴിഞ്ഞിരുന്നു. സർക്കാർ സർവ്വീസിൽ നിന്ന് പെൻഷനായി പിരിഞ്ഞവർ, ജോലിയാവശ്യാർത്ഥം വിദേശത്ത് അനേകവർഷങ്ങൾ കഴിഞ്ഞുകൂടിയവർ, സ്വന്തമായി ബിസിനെസ്സ് സ്ഥാപങ്ങൾ കെട്ടിപ്പടുത്തവർ അങ്ങനെ ജീവിതത്തിന്റെ വിവിധ മേഖലകളിൽ ജീവിച്ച് ധാരാളം അനുഭവജ്ഞാനമുള്ളവരാണ് ഈ മുമ്പിലിരിക്കുന്നത്. പലരുമിപ്പോൾ വിശ്രമജീവിതം നയിക്കുന്നവരാണ്. ചിലർ മക്കളോടൊപ്പം വിദേശങ്ങളിൽ സുഖമായി ജീവിക്കുന്നവരാണ്. കാലമേ, നീ എഴുതിയ ജീവിതകഥകൾ എത്ര സുന്ദരം!
ഞാൻ ഓരോരുത്തരേയും വിസ്മയത്തോടെ നോക്കിനിന്നു. ഒരിക്കൽ പത്താം ക്ലാസ്സിലായിരുന്നപ്പോൾ മുഹമ്മദലി മാഷ് പറഞ്ഞ വാക്കുകൾ മനസ്സിലേക്കോടിവന്നു:
''കുറച്ചു കാലം കഴിയുമ്പോൾ നിങ്ങളൊക്കെ വളർന്നു വലുതാവും. അപ്പോൾ ഈ ലോകത്തിന്റെ ഏതൊങ്കിലുമൊരു കോണിൽ നിങ്ങൾക്കായി ഒരു ജോലി കാത്തിരിക്കുന്നുണ്ടാവും. നിങ്ങളവിടെ എത്തിപ്പെടുകതന്നെ ചെയ്യും! നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരാൻ ആരോ ഒരാൾ ഈ ലോകത്ത് കാത്തിരിക്കുന്നുണ്ട്. അവരെ നിങ്ങൾ കണ്ടെത്തുകതന്നെ ചെയ്യും..!''
ഇന്നതെല്ലാം സത്യമായി പുലർന്നിരിക്കുന്നു.. നന്ദി മാഷെ, നല്ല വാക്കുകൾക്ക്! തെറ്റാത്ത പ്രവചനങ്ങൾക്ക്..!
സൈദുട്ടി പറഞ്ഞു: '' വാ.. നമുക്കൊന്ന് ചുറ്റിക്കറങ്ങാം..''
ഞങ്ങൾ ആ പഴയ സ്കൂൾ കെട്ടിടത്തിനടുത്തേക്ക് നടന്നു. സ്കൂളിന് നടുവിലൂടെയുള്ള പഴയ ഇരുമ്പ് ഗെയ്റ്റിനടുത്ത് അല്പനേരം നിന്നു. പണ്ട് സ്കൂൾ പുറത്തേക്ക് വിടുന്ന സമയത്ത് ഞങ്ങൾ ആ ഗെയ്റ്റിനടുത്ത് പോയി നിൽക്കുമായിരുന്നു. അപ്പോൾ മെയിൻ റോഡിന്റെ ഓരത്ത് നാലുചക്രങ്ങളുള്ള ഉന്തുവണ്ടിയുമായി അസീസ്ക്ക നിൽക്കുന്നുണ്ടാവും. വലിയ ഐസ്‌കട്ട ഒരു തുണികൊണ്ട് കൂട്ടിപ്പിടിച്ച്, ചിരവ പോലെയുള്ള ഒരു പലകയിൽ ഉരസി അസീസ്ക്ക 'ചെരണ്ട്യൈസ്' ഉണ്ടാക്കും. അഞ്ചു പൈസ കൊടുത്താൽ ഐസ് പൊടിയിലേക്ക് ചുവന്ന നിറത്തിലുള്ള മധുരദ്രാവകം ഒഴിച്ച് ഒരു കുഞ്ഞുഗ്ലാസ്സിലാക്കി ഞങ്ങൾക്ക് നീട്ടും. ചിലപ്പോൾ പഴുക്കാറായ കോമാങ്ങ കഷ്ണങ്ങളാക്കി ഉപ്പും മുളകുപൊടിയും തേച്ച് ഞങ്ങൾക്ക് തരും. കുറഞ്ഞ മധുരവും അല്പം എരിവും പുളിയുമുള്ള ആ മാങ്ങക്കഷ്ണവുമായി ഞങ്ങൾ ഗേയ്റ്റിനടുത്തേക്ക് ഓടിവന്ന് വാർഡൻ നോക്കുന്നുണ്ടൊയെന്ന് തിരിഞ്ഞുനോക്കിക്കൊണ്ട് അങ്ങനെ കടിച്ചു തിന്നും.
''വാ.. പോവാം..'' സൈദുട്ടി ചുമലിൽ തട്ടിക്കൊണ്ട് പറഞ്ഞപ്പോൾ ഞാൻ ഓർമ്മയിൽ നിന്നുണർന്നു.
ആ കാലത്തെപ്പോലെ കുറേ സമയം പുറത്തേക്ക് നോക്കിനിൽക്കാനൊന്നും ഇന്നാർക്കും സമയമില്ല. എല്ലാവർക്കും വീടുകളുണ്ട്. അവിടെ കാത്തിരിക്കാൻ മക്കളും പേരമക്കളുമൊക്കെയുണ്ട്. ചെയ്തുതീർക്കാൻ പല ജോലികളുണ്ട്. ഓരോരോ വിശേഷങ്ങൾ പറഞ്ഞും 1922 ൽ ആരംഭിച്ച അനാഥാലയത്തിന്റെ ചരിത്രം ഓർമ്മിച്ചെടുത്തും ഞങ്ങൾ ആ കോമ്പൗണ്ടിലൂടെ നടന്നു.
കേരളത്തിൽ ആദ്യമായി വ്യവസ്ഥാപിതമായി ആരംഭിച്ച ഓർഫനേജാണ് കോഴിക്കോട് മേരിക്കുന്നിലെ ഈ അനാഥശാല. 1921 ലെ മലബാർ കലാപത്തെ തുടർന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി സ്വാതന്ത്ര്യ സമര നായകരിൽ പ്രമുഖനായ മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ് അന്നത്തെ മലബാർ ജില്ലാ കലക്ടറായിരുന്ന മി. തോമസിന് ഒരു നിവേദനം സമർപ്പിച്ചു. മറുപടിയൊന്നും ലഭിക്കാതിരുന്നതിനാൽ ആ കത്ത് മദിരാശിയിലെ 'ഹിന്ദു' ബോംബെയിലെ 'ക്രോണിക്കിൾ ' എന്നീ പത്രങ്ങൾക്ക് പ്രസിസദ്ധീകരണത്തിന് നൽകി.
പഞ്ചാബിലെ ജംഇയ്യത്തെ ദഅ്‌വത്തു തബ്‌ലീഗിൽ ഇസ്‌ലാം എന്ന സംഘടനയുടെ സ്ഥാപക നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന മൗലാന അബ്ദുൽ ഖാദിർ ഖസൂരി പ്രസ്തുത ലേഖനം വായിക്കാനിടയായി. തന്റെ പുത്രന്മാരായ മൗലാന മുഹയദ്ധീൽ അഹമ്മദിനെയും മൗലാന അബ്ദുൽ കാദർ കുസൂരിയേയും ദുരിദാശ്വാസ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ അദ്ദേഹം മലബാറിലേക്കയച്ചു.
കലാപത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ നേരിൽ കണാനും അവരെ സഹായിക്കാനുമായി മലബാറിലെത്തിയ അബ്ദുൽ ഖാദർ ഖസൂരിയും മുഹയദ്ധീൻ അഹമ്മദും ചേർന്നാണ് ജെ.ഡി.റ്റി. ഇസ്‌ലാം എന്ന അനാഥാലയം സ്ഥാപിക്കുന്നത്.
എം. കാദരിക്കോയ, പൊന്മാടത്ത് മൊയ്‌ദീൻ കോയ എന്നി പൗരപ്രമുഖർ ഇവർക്ക് എല്ലാ വിധ സഹായ സഹകരണങ്ങളും നൽകി.
അസ്‌ലം സാഹിബും, ഹസ്സനാജിയും, സീമൗലവിയുമൊക്കെ അനേകം അനാഥമക്കൾക്കുവേണ്ടി ജീവിതം മുഴുവൻ നീക്കിവെച്ചു. ആ മഹാത്മാക്കൾക്കുവേണ്ടി ഞങ്ങൾ മൗനമായി പ്രാർഥിച്ചു.
ഇന്ന് ഈ മുറ്റത്തുനിന്ന് ആ പഴയ കാലം സങ്കല്പിക്കാനാവില്ല. എല്ലാം മാറിപ്പോയിരിക്കുന്നു. വലിയ കെട്ടിടങ്ങൾ, വിദ്യാഭ്യാസ സ്ഥാപങ്ങൾ, പലവിധ കോഴ്സുകൾ പഠിക്കാനായി വരുന്ന ധാരാളം വിദ്യാർത്ഥികാൾ!
ഇരുപതിനായിരത്തിലധികം അനാഥർക്ക് തണലായി മാറിയ ജെ.ഡി.റ്റി. യെന്ന മഹാസ്ഥാപനം ഇന്ന് പന്ത്രണ്ടായിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഇരുപത്താറ് സ്ഥാപനങ്ങളുടെ സമുച്ചയമാണ്.
പ്രിയ ആസ്വാദകാ.. കാല്പനികതയുടെ അല്പം തേന്‍പുരട്ടിയ ഈ വിവരണങ്ങളും കുറിമാനങ്ങളും ഇവിടെ അവസാനിപ്പിക്കുകയാണ്. ഇത് ഞാനനുഭവിച്ചറിഞ്ഞ അനാഥാലയജീവിതത്തിന്റേയും അതിന്റെ ഓർമകളുടേയും വെറുമൊരു പകർപ്പ് മാത്രമാണ്.
ഇരുവഴിഞ്ഞിപ്പുഴയിലൂടെ ഇപ്പോഴും കഥകളൊഴുകുന്നുണ്ട്. ചേരാംകുന്നിലിപ്പോഴും മിത്തുകൾ മണ്ണുമൂടിക്കിടക്കുന്നുണ്ട്. ഇനിയും കണ്ടെടുക്കാത്ത അനേകം ഓർമകൾ ഈ അനാഥാലയമുറ്റവും ഉള്ളിലൊളിപ്പിച്ചുവെച്ചിട്ടുണ്ട്. ഞാൻ ഓർത്തെടുത്ത കഥകൾ അപൂർണ്ണമാണ്. ബാക്കിയായത് പിറകെവരുന്നവർ കണ്ടെടുക്കും.. നന്ദി!
.........................................
റസാഖ് വഴിയോരം
........................................
( അവസാനിച്ചു)
No comments:
Post a Comment