Saturday, February 5, 2022

അ‌ധ്യായം : 16 NEW ആത്മവൃക്ഷത്തിന്റെ‌ അ‌ടി‌വേരുകള്‍‌



.................................                               ‌

അ‌ധ്യായം : 16

...................................................................................

ആത്മവൃക്ഷത്തിന്റെ‌ അ‌ടി‌വേരുകള്‍‌

....................................................................................

ഓര്‍മകൾ‌  മഞ്ഞുപെയ്യുന്ന‌ ഗതകാല‌വീഥിയിലൂടെ‌  ഉറക്കമില്ലാത്തൊരു‌ വ‌രണ്ട‌ രാത്രിയില്‍‌ ഞാന്‍‌ നട‌ക്കാനിറങ്ങി‌. ആത്മാക്കളുറങ്ങുന്ന‌ നിഗൂഢ‌നിശ്ശ‌ബ്ദമായൊരി‌ടത്താണ്‌  ‌അവസാനം‌ ഞാൻ‌ നടന്നെ‌ത്തി‌യത്‌‌.

സമയരഹിതമായൊരു‌  നിശ്ചലാവസ്ഥയിലേക്ക്‌‌ പതുക്കെ‌  ഞാന്‍‌ ‌ കണ്ണുതുറന്നപ്പോൾ‌  ‌കല്ലറകള്‍ക്കുള്ളില്‍‌ നിന്നും‌ ആരോ‌ പുറത്തേക്കെത്തിനോക്കുന്നതു‌പോലെ‌ 

മീസാന്‍‌ കല്ലുകള്‍‌ ചുറ്റിലും‌  ഉയർന്നുനിൽക്കുന്നത്‌‌ ഞാൻ‌‌ കണ്ടു‌.  

പിന്നെ‌ ആ‌ കല്ലുകളിൽനിന്നും‌  ഓർമ്മകൾ‌   ആകാരരൂപം‌ ‌പൂണ്ട്‌   എനിക്കുമുമ്പിൽ‌ എഴുന്നേറ്റു‌നിന്നു‌.  ശരീരങ്ങള്‍‌ക്ക്‌ മാത്രമല്ല‌ ഓര്‍മ്മകള്‍ക്കും‌ രൂപങ്ങളുണ്ടെ‌ന്ന്‌ അപ്പോഴാണ്‌ 

‌ഞാനറിഞ്ഞത്‌.  ‌ദീപ്തമായ‌ ഒരു‌ പ്രകാശത്തോടെ‌ അവർക്കിടയിൽ‌ എന്റെ‌ പിതാവിനേയും‌   ഞാൻ‌ കണ്ടു‌.  അപ്പോൾ‌  ഭൂതകാലമേഘപാളികളില്‍‌‌നിന്നും‌ ഒരു‌  പെരുമഴയായി‌ പെയ്തിറങ്ങിയ‌ ഓർമകളിൽ‌ ഞാന്‍‌  നനഞ്ഞുകുതിര്‍ന്നു‌.   ‌   

തിമര്‍ത്തുപെയ്യുന്ന‌ ഒരു‌ മഴക്കാലരാത്രിയിലാണ്‌    അവസാനശ്വാസവും‌ ഈ‌ ഭൂമിയിലുപേക്ഷിച്ച്‌ എന്റെ‌  പിതാവ്‌ യാത്രയായത്‌. 

‌തീഷ്ണമായ‌ അ‌നാഥത്വത്തിന്റെ‌  ഉച്ചവെയിലിലൂടെ‌  പിതാവിന്റെ‌ കുട്ടിക്കാലം‌ നട‌ന്നു‌പോയ‌   വഴികളിലേക്ക്‌ ചൂണ്ടി‌  ഉമ്മ  കഥ‌‌പറഞ്ഞുതുടങ്ങിയപ്പോള്‍‌  ഞാനൊരു‌ കൊച്ചുകുഞ്ഞിനെ‌പ്പോലെ‌  ഉമ്മക്കരികിലേക്ക്‌  ചേര്‍ന്നിരുന്നു‌. പിന്നെ‌ ഭാവനാത്മകമയ‌ അജ്ഞാതവഴിയിലൂടെ‌  ഒരു‌ കൊച്ചു‌കുട്ടിയെപ്പോലെ‌ ഞാൻ‌  പിതാവിന്റെ‌ കൈവിരലുകളില്‍‌ തൂങ്ങി‌യ‌ങ്ങനെ‌ നടന്നുപോയി‌. 

ഏതോ‌ കാല‌ദേശങ്ങളിലൂടെ‌ സഞ്ചരിക്കുന്നത്‌   വെറും‌ ‌ശരീര‌മാണോ‌  പൊ‌രുളറിഞ്ഞ‌ ആത്മാവാണോ‌ എന്ന‌റിയാത്ത‌  ‌ഒരു‌ വഴിതെറ്റിയ‌  ‌യാത്രക്കാരനെ‌പ്പോലെ‌യായിരുന്നു‌ ഞാനപ്പോള്‍‌. 

ഇരവിന്റെ‌‌യിറക്കങ്ങളും‌  പകലിന്റെ‌ കയറ്റങ്ങളും‌ താണ്ടി‌ ‌ജീവിതവും‌  ചുമന്നു‌പോകുന്നവർക്കിടയിലൂടെ‌ നടന്ന്‌‌ നടന്ന്‌‌ ഞങ്ങൾ‌ ഒരു‌ പഴയ‌ തറവാട്ടുമുറ്റത്തെത്തി‌. വലിയുമ്മയുടെ‌ രണ്ടാം‌ ഭര്‍ത്താവിന്റെ‌ ‌കീഴില്‍‌ കച്ച‌വടത്തില്‍‌  കണക്കെഴുതുന്ന‌ ജോലി‌ ചെയ്തുതുടങ്ങിയ‌ ആ‌ വീട്ടിൽ‌ നിന്നാണ്‌‌ ഉപ്പയുടെ‌ ബാല്യകാല‌ ഓർമകൾ‌  തുടങ്ങുന്നത്‌.  

ജോലിയും‌ പഠനവും‌ ഒന്നിച്ചുകൊണ്ടുപോകാൻ‌ കഴിയാത്തതിനാൽ‌ പിതാവിന്‌‌  പഠനം‌ പാതിവഴിയില്‍‌ ഉപേക്ഷിക്കേണ്ടി‌വന്നു‌. പിതൃസ്നേഹത്തിന്റെ‌ ഊഷ്മളത‌ കുറഞ്ഞുവന്നപ്പോള്‍‌  ഉപ്പ‌യ‌നുഭവിച്ച‌  നിരാശയും‌ വേദനയും‌ പറ‌ഞ്ഞുതുട‌ങ്ങിയപ്പോള്‍‌ ഞാന്‍‌ ഉമ്മ‌യുടെ‌ മുഖത്തേക്ക്‌ നോക്കിനില്‍ക്കുക‌ മാത്രം‌ ചെയ്തു‌. 

ഒരിക്കല്‍‌ പള്ളിയില്‍‌ വെച്ച്‌ ഖുര്‍‌‌ആന്‍‌ പാരായണം ചെയ്തുകൊണ്ടിരിക്കെ‌  പഠി‌ക്കാന്‍‌ പോവാനാവാത്ത‌ ദു‌:ഖത്താല്‍‌  ഉപ്പ‌ മിഹ്‌റാബിന്‌ മുമ്പിലിരുന്ന്‌  പൊട്ടിക്കരഞ്ഞുവത്രെ‌. പിന്നെ‌ ‌ഒരുള്‍വിളി‌ കേട്ടിട്ടെന്നപോലെ‌ ഇറങ്ങി‌ നടക്കുകയായിരുന്നു‌. ഒരു‌ നി‌യോഗം‌ പോലെ‌ ആ‌ യാത്ര‌ ചെന്നവസാനിച്ചത്‌ ദേശങ്ങള്‍ക്കുമപ്പുറത്തുള്ള‌  തമിഴ്നാട്ടിലെ‌ വെല്ലൂര്‍‌ എന്ന‌ നാട്ടില്‍‌. അവിടത്തെ‌  ബാഖിയാതുസ്വാലിഹാത്ത്‌ എന്ന‌ സ്ഥാപനത്തില്‍‌ വിദ്യാര്‍ത്ഥിയായി‌.    അവിടെ‌ നിന്ന്‌ മതപഠനത്തില്‍‌ 'തഹ്സീല്‍'‌ എന്ന‌ ബിരുദവും‌  നേടി‌ വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ ‌ നാട്ടില്‍‌ തിരിച്ചെത്തുന്നത്‌.   

അ‌ങ്ങനെയിരിക്കെയാണ്‌  വ‌യനാട്ടിലെ‌ ഏതോ‌ ഒരു‌ള്‍‌നാടന്‍‌ പ്രദേശത്തെ‌ പള്ളിയില്‍‌ കിതാബ്‌ പഠിപ്പിക്കാന്‍‌ ഉപ്പക്ക്‌ ക്ഷണം‌ കിട്ടുന്നത്‌. 

ഒരു‌ മതപണ്ഡിത‌ന്റെ‌ വേഷ‌ഭാവങ്ങളൊന്നുമില്ലാതെ‌ വയനാട്ടിലെത്തിയ‌ ഉപ്പയെ‌ ആ‌ മഹല്ല്‌ കമ്മറ്റിക്ക്‌ അ‌ത്ര‌ ബോ‌ധിച്ചില്ല‌.  എങ്കിലും‌ കുറച്ചുകാലം‌ അവിടെ‌ ജോലി‌ ചെയ്തപ്പോള്‍‌  ഉപ്പയുടെ‌  മത‌വിജ്ഞാനം‌ അവര്‍ക്ക്‌ ബോധ്യപ്പെടുകയും‌  നാട്ടുകാര്‍ക്ക്‌ ഉപ്പ‌ പ്രിയപ്പെട്ടവനാവുകയും‌ ചെയ്തു‌.

പള്ളി‌കളിലെ‌ ആരാധനാകാര്യങ്ങള്‍‌  നിര്‍വ്വഹിക്കുക‌ മാത്രമായിരുന്നില്ല‌ അക്കാലത്ത്‌  ഒരു‌ മുസ്ലിയാരുടെ‌ ചുമതല‌.   ‌പ്രദേശത്തെ‌ വൈദ്യനും‌ വക്കീലും‌ ന്യായാധിപനുമെല്ലാം‌ ഒരു‌ മ‌ഹല്ലിലെ‌  മുസ്ല്യാരായിരുന്നു‌. പ്രദേശത്തെ‌ ഏതെങ്കിലുമൊരു‌ വീട്ടില്‍‌  വിരുന്നുകാര്‍‌ വന്നാല്‍‌  കോഴിയെ‌ അറുത്തുകൊടുക്കേണ്ട‌തു‌പോലും‌  അക്കാലത്ത്‌ പള്ളിയിലെ‌ മുസ്ലിയാ‌രായിരുന്നു‌.  

എഴുപത്‌ വര്‍ഷങ്ങല്‍ക്ക്‌ മുമ്പുള്ള‌ ഒരു‌ വയനാടന്‍‌ കുഗ്രാമം‌.     

അന്നവിടെ‌   ആശുപത്രികളോ‌ ഡോക്ടര്‍മാരോ‌ ഉണ്ടായിരുന്നില്ല‌.  ആര്‍ക്കെങ്കിലും‌ ഒരസുഖം‌ വന്നാല്‍‌ നൂലും‌ മന്ത്രവും‌ മാത്രമായിരുന്നു‌  ഏക‌ ചികില്‍സ‌. അങ്ങ‌നെ‌ ഉപ്പ‌ക്ക്‌  ആ‌ നാട്ടില്‍‌  ഒരു‌ ആത്മീയ‌ചികില്‍സകന്റെ‌ വേഷം‌ കൂടി‌  കെട്ടേണ്ടിവന്നു‌.  

അക്കാലത്ത്‌ സ്ത്രീകള്‍‌  ‌ഗര്‍ഭിണികളാകുന്നതു‌ മുതല്‍‌ പ്രസവ‌സമയം‌ വരെ‌  ശാ‌സ്ത്രീയമായ‌   യാതൊരു‌  വൈദ്യപരിചരണ‌വും‌ നാട്ടില്‍‌  ലഭിച്ചിരുന്നില്ല‌. 

സ്ത്രീകള്‍‌ക്ക്‌ പ്രസവ‌വേദന‌ തുടങ്ങി‌ക്കഴിഞ്ഞാല്‍‌  പള്ളിയിലെ‌ മുസ്ലിയാര്‍‌ ആ‌ വീട്ടില്‍‌ ചെന്ന്‌   '‌പിഞ്ഞാണ'‌മെഴുതിക്കൊടു‌ക്കും‌. അതാണ്‌ ആദ്യ ചികില്‍സ‌.

മഷി കൊണ്ട്‌ ‌ ഒരു‌ പിഞ്ഞാണത്തില്‍‌ ‌ചില‌ അറബി‌യ‌ക്ഷരങ്ങള്‍‌ എഴുതുക‌. എന്നിട്ട്‌  ആ‌ മഷിപ്പാ‌ത്രത്തിലേക്ക്‌   വെള്ളമൊഴിച്ച്‌  കൈവിരലുകള്‍‌ കൊണ്ട്‌ അറബി‌യ‌ക്ഷരങ്ങള്‍‌ വെള്ളത്തില്‍‌ കലക്കുക‌.  പ്രസവമടുത്ത‌ പെണ്ണിന്‌ ആ‌ മഷിവെള്ളം‌  കുടിക്കാന്‍‌ കൊടുക്കുക‌. ഇതായിരുന്നു‌ ചികില്‍സാരീതി‌.   

'‌പി‌ഞ്ഞാണ'‌മെഴുതിക്കുടിച്ചുകഴിഞ്ഞാല്‍‌  യാതൊരു‌ പ്രയാസവുമില്ലാതെ‌ സുഖപ്രസവം‌ നടക്കുമെന്ന‌ കാര്യത്തില്‍‌ നാട്ടുകാര്‍ക്ക്‌  സംശയമുണ്ടായിരുന്നില്ല‌. 

പ്രസവിച്ചുകഴിഞ്ഞ്‌ മൂന്നാം‌ ദിവസവും‌    മുസ്ലിയാര്‍‌ വീണ്ടും‌ ആ‌ വീട്ടിലേക്ക്‌ ചെല്ലണം‌.  

കുഞ്ഞിന്‌ '‌കണ്ണേ‌റ്‌'‌ കൊള്ളാതിരിക്കാനും‌ പിശാചിന്റെ‌ ഉപദ്രവങ്ങള്‍‌ ഏല്‍ക്കാതിരിക്കാനുമുള്ള‌ ചികില്‍സ‌കള്‍‌ ചെയ്യാനാണത്‌. 

നാലു‌ ചെറിയ‌ കടലാസുകഷ്ണങ്ങളില്‍‌  ഓരോന്നിലുമായി‌  ‌ജിബ്രീല്‍‌, മീകായില്‍‌, അസ്റായീ‌ല്‍‌, ഇസ്റാ‌ഫീല്‍‌‌ എന്നിങ്ങനെ‌ നാലു‌ മലക്കുകളുടെ‌യും‌  പേരുകളെഴുതും‌‌. എന്നിട്ട്‌ കുഞ്ഞിനെ‌ കിടത്തിയിരിക്കുന്ന‌ തൊട്ടിലിനു‌ മുകളില്‍‌  മലക്കുകളുടെ‌ പേരെഴുതിയ‌ കടലാസുകഷ്ണ‌ങ്ങള്‍‌ ഒരു‌ നൂലില്‍‌  കെട്ടിത്തൂക്കും‌.  ഇങ്ങനെ‌ ചെയ്താല്‍‌ ആ‌ കുഞ്ഞിന്‌ ഒരു‌ പിശാചിന്റെയും‌ ഉപദ്രവം‌ ഏല്‍ക്കുകയില്ലെന്നായിരുന്നു‌ മറ്റൊരു‌ വിശ്വാസം‌.

കണ്ണേറ്‌ കൊള്ളല്‍‌, പ്രാക്കം‌ തട്ടല്‍‌, സിഹ്റ്‌ കൊണ്ടുള്ള‌   ഉപദ്രവങ്ങള്‍‌, എതിരു‌‌പോക്കില്‍‌ പെട്ടുപോകല്‍‌   തുടങ്ങിയ‌വ മൂലമുണ്ടാകുന്ന‌  പല‌ പല‌ മാനസിക‌ പ്രശനങ്ങള്‍ക്കും‌ മന്ത്രിച്ചൂതി‌യ‌ നൂലോ‌ ഏലസ്സോ‌ കെട്ടിക്കൊടുത്ത്‌  സുഖപ്പെടുത്താനും‌  മുസ്ലിയാക്കന്മാര്‍‌ തന്നെയാണ്‌ അന്നുണ്ടായിരുന്നത്‌.

'‌പിശാചു'‌ക്കള്‍‌ സ്ഥിരമായി‌ സഞ്ചരിക്കുന്ന‌ ചില‌ വഴികള്‍‌ മുസ്ലിയാക്കന്മാര്‍ക്ക്‌ അറിയുമെന്നായിരുന്നു‌ നാട്ടുകാര്‍‌ വിശ്വസിച്ചിരുന്നത്‌.  വീ‌ടുവെക്കുമ്പോഴോ‌ കിണര്‍‌ കുഴിക്കുമ്പോഴൊ‌ പിശാ‌ചുക്കളുടെ‌  വഴിസഞ്ചാരത്തിന്‌ തടസ്സം‌ നേരിട്ടാല്‍‌ ആ‌ വീട്ടുകാര്‍ക്ക്‌ സ്ഥിരം‌ ഉപദ്രവങ്ങളുണ്ടാകുമെന്നതിനാല്‍‌   പിശാ‌ചുക്കളെ‌ വഴിതിരിച്ചു‌ വിടാന്‍‌ പറ‌മ്പിന്റെ‌ അതിരുകളില്‍‌ '‌നായ്ക്കരി‌മ്പ്‌'‌ എന്നു‌ പേരുള്ള‌ ഒരു‌തരം‌ ചെടി‌ നടാറുണ്ടായിരുന്നു‌. 

ആരും‌ ചോദ്യം‌ ചെയ്യാനിടയില്ലാത്ത‌ വയനാട്ടിലെ‌ ആ‌ ഉള്‍നാട‌ന്‍‌ ഗ്രാമത്തില്‍‌ ആത്മീയചികില്‍സയുടെ‌ ഒരു‌ വലിയ‌ സാമ്രാജ്യം‌ കെട്ടിപ്പടുക്കാ‌നുള്ള‌ എല്ലാ‌ അനുകൂല‌ സാഹചര്യങ്ങളുണ്ടായിട്ടും‌ ഉപ്പ‌ അതില്‍നിന്നെല്ലാം‌ ക്രമേണ‌ വിട്ടുനില്‍ക്കാന്‍‌ തുടങ്ങി‌. 

സാഹചര്യങ്ങളോട്‌‌ പൊരുത്തപ്പെടാനാവാതെ‌  വയനാട്ടിലെ‌ ജോലി‌ ഉപേക്ഷിച്ച്‌ നാട്ടിലേക്ക്‌ മടങ്ങാനൊരുങ്ങിയ‌ ഉപ്പയെ‌ അവിടുത്തുകാര്‍‌ പോകാന്‍‌ സമ്മതിച്ചില്ല‌. 

അവിടെത്തന്നെ‌ തുടരുകയാണെങ്കില്‍‌ വയനാട്ടില്‍‌ ഒരേക്കര്‍‌ കാപ്പിത്തോട്ടവും‌ വീടും‌ നല്‍കാമെന്നു‌പോലും‌ അവര്‍‌ ഉപ്പയോടു‌ പറഞ്ഞുനോക്കി‌. പക്ഷെ‌ അതെല്ലാം‌ നിരസിച്ച്‌  ആ‌ ജോലി‌ ഉപേക്ഷിക്കാൻ‌ തന്നെ‌ ഉപ്പ‌ തീരുമാനിച്ചു‌.     

‌ഉപജീവനത്തിനുവേണ്ടി‌  മതത്തെ‌  ഉപയോഗിക്കുന്ന‌ പൗരോഹിത്യ രീതികളെ‌ തള്ളിപ്പറയാന്‍‌  ഉപ്പയെ‌ പ്രേരിപ്പിച്ച‌ ഘടകങ്ങളിലൊന്ന്‌  ഉപ്പയുടെ‌ പരന്ന‌ വായനാശീലമായിരുന്നു‌. അക്കാലത്ത്‌ പുരോഗമന‌ പ്രസ്ഥാനങ്ങളുടെ‌ പല‌ പുസ്തകങ്ങളും‌ പ്രസിദ്ധീകരണങ്ങളും‌ ഉപ്പ‌ സ്ഥിരമായി‌ വായിക്കുമായിരുന്നു‌. 

എന്റെ‌ കുട്ടിക്കാലത്ത്‌ നൂലും‌ മന്ത്രവും‌ കൊണ്ട്‌ പല‌ ‌ രോഗങ്ങളും‌ ചികില്‍സിച്ചുമാറ്റിയിരുന്ന‌ പല ആത്മീയചികില്‍സകരേയും‌  ഞാന്‍‌ കണ്ടിട്ടുണ്ട്‌. 

അക്കാലത്ത്‌  സ്ത്രീകളില്‍‌ സര്‍വ്വ‌സാധാരണമായിരുന്ന‌ ഒന്നായിരുന്നു‌ '‌ചെയ്‌ത്താന്‍‌ കൂക്ക്‌'‌ എന്ന‌ പേരില്‍‌ അറിയപ്പെടുന്ന‌ ഒരു‌തരം‌ മാ‌നസിക‌രോഗം‌.  വിറയല്‍‌,  കുറുക്കന്റെ‌ ശബ്ദത്തില്‍‌  ഉറക്കെ‌ കൂവിക്കരയൽ‌, മുടി അഴിച്ചിട്ട്‌  തറയില്‍‌ കിടന്നുരുളൽ‌ തുടങ്ങിയ‌വയായിരുന്നു‌ ഇതിന്റെ‌ ലക്ഷണങ്ങള്‍‌.   

നൂല്‌ മന്ത്രിച്ചൂതി‌ക്കെ‌ട്ടുക‌, അറബിയില്‍‌ എന്തോ‌ പ്രാര്‍ത്ഥനകളെഴുതി‌യ‌ ഒ‌രു‌ കടലാസ്‌  ചെമ്പു‌തകിടിനുള്ളിലാക്കി‌ ഉറുക്ക്‌ കെട്ടുക‌ തുടങ്ങിയ‌ ചികില്‍സകള്‍‌ കൊണ്ട്‌ ഈ‌ രോഗം‌ പൂര്‍ണ്ണമായി‌ സുഖപ്പെടുത്താന്‍‌ അവര്‍ക്ക്‌ കഴിഞ്ഞിരുന്നു‌. നല്ല‌ '‌മനശ്ശാസ്ത്ര‌ വിദഗ്ധര്‍‌'‌ കൂടിയായിരുന്നു‌  പല‌   മുസ്ലിയാക്കന്മാരും‌. 

അക്കാലത്ത്‌ പൊതുവെ‌ നിരക്ഷരരായിരുന്ന‌ സ്ത്രീകള്‍‌  ഭര്‍ത്താക്കന്മാരില്‍‌ നി‌ന്നും‌ നേരിട്ടനുഭവിച്ചിരുന്ന‌  കടുത്ത‌  അവഗണന‌യില്‍‌ നിന്ന്‌ രക്ഷപ്പെടാനും‌ കുടുംബാംഗ‌ങ്ങ‌ളുടെ‌  ശ്രദ്ധ‌യും‌ പരിഗണനയും‌  പിടിച്ചുപറ്റാനുമാണ്‌  ഇത്തരം‌  രോഗ‌ ലക്ഷ്ണങ്ങള്‍‌ കാണിച്ചിരുന്നതെന്ന്‌ പറയപ്പെടുന്നു‌. 

തന്റെ‌യു‌ള്ളില്‍‌ അടിഞ്ഞുകൂടിയിരിക്കുന്ന‌ നിഷേധാ‌ത്മ‌ക ഊര്‍ജ്ജത്തെ‌ ശക്തമായി‌ തു‌റന്നുവിടാന്‍‌ അവര്‍‌ ചെയ്തിരുന്ന‌ ഒരു‌ പ്രക്രിയ‌ മാത്രമായിരിക്കണം‌ 'ചെയ്‌ത്താന്‍‌ കൂക്ക്'‌ എന്ന‌ പ്രകടനം‌‌. ഒരു‌‌തരം‌ ആന്തരിക‌ പ്രതിരോധം‌ തീര്‍ക്കുന്ന‌ ഈ‌ ജൈവപ്രക്രിയ‌  നടന്നിരുന്നില്ലെങ്കില്‍‌  മറ്റു‌‌പല‌  രോഗങ്ങള്‍ക്കും‌  ഈ‌ നിഷേധാ‌ത്മ‌ക ഊര്‍ജ്ജം‌ കാരണമായേക്കും‌. 

ഒന്നുറക്കെ‌ പൊട്ടിക്ക‌രഞ്ഞാല്‍‌ മനസ്സിന്റെ‌ പല‌ ഭാരങ്ങളും‌ കുറയുകയോ‌ ഇല്ലാതാവുകയോ‌ ചെയ്യുമെന്നത്‌  മന:ശസ്ത്ര‌‌‌സത്യം‌ തന്നെയാണ്‌. ഇങ്ങനെ‌ കരഞ്ഞുതെളിഞ്ഞ്‌ പുറത്തുവരുന്ന‌  ആള്‍‌ക്ക്‌  മന്ത്രിച്ചൂതിയ‌ നൂലു‌കൂടി‌ കെട്ടിക്കൊടുക്കുമ്പോള്‍‌ കിട്ടിയിരുന്ന‌  ആത്മബലം‌ വലുതായിരുന്നു‌.

ദാമ്പത്യ‌- കുടുംബ‌ ബന്ധങ്ങളില്‍‌ സ്നേഹവും‌ പ‌രിഗണനയും‌ നിഷേധിക്കപ്പെടുമ്പോള്‍‌‌ ഒരു‌ അഗ്നിപര്‍വ്വതം‌ കണക്കെ‌  പുകഞ്ഞുതുടങ്ങുന്ന‌ പ്രശ്നങ്ങളൊക്കെയും‌  ഉള്ളിലൊതുക്കി‌ ജീവിച്ച്‌ നിത്യരോഗികളായിപ്പോകുന്ന‌ പലരേയും‌   കണ്ടിട്ടുണ്ട്‌. 

എന്റെ‌ കുട്ടിക്കാലത്ത്‌ നാട്ടില്‍‌  കൂലിപ്പണിക്കാരനായ‌  ഒരാളുണ്ടായിരുന്നു‌. അയാളും‌ ഭാര്യയും‌ ഒരു‌ ചെറിയ‌ വീട്ടിലായിരുന്നു‌ താമസം‌. ചില‌ ദിവസങ്ങളില്‍‌ ഞങ്ങള്‍‌ മദ്രസയില്‍‌ പോകുമ്പോള്‍‌ ആ‌ സ്ത്രീ‌ ഉറക്കെ‌ കൂവി‌ക്കരയുന്നത്‌ ഞങ്ങള്‍‌ കേള്‍ക്കാറുണ്ടായിരുന്നു‌. അങ്ങനെയാണ്‌ '‌ചെയ്ത്താന്‍‌ കൂക്ക്‌'‌ എന്ന‌ അസുഖത്തെപ്പറ്റി‌ ഞാന്‍‌ അറിയുന്നത്‌.  ഭര്‍ത്താവ്‌ എപ്പോഴെങ്കിലും‌ വഴക്ക്‌ പറയുമ്പോഴാണത്രെ‌  ആ‌ സ്ത്രീ‌ അങ്ങനെ‌ കരഞ്ഞിരുന്നത്‌. 

ആ‌ വീട്ടിലേക്ക്‌ ഓടിപ്പോകുന്ന‌ ആളുകളോടൊപ്പം‌  ഞങ്ങളും‌ പേടി‌യോടെ‌  പോയി‌ നോക്കാറുണ്ടായിരുന്നു‌.   അപ്പോള്‍‌ കൂലിപ്പണി‌ക്കാരനായ‌   ഭര്‍ത്താവു‌ കോലായിലൂടെ‌ അങ്ങോട്ടുമിങ്ങോട്ടും‌  നടക്കുന്നത്‌ കാണാം‌. 

പിന്നെ‌ ഇറയില്‍‌ നിന്ന്‌ ഒരു‌ മുണ്ടെടുത്ത്‌ തലയില്‍‌ കെട്ടി‌ അയാള്‍‌ പുറത്തിറങ്ങിപ്പോകും‌. അലപ്ം‌ കഴിഞ്ഞ്‌ ഏതെങ്കിലും‌ ഒരു‌ മുസ്ലിയാരേയും‌ കൂട്ടി‌ അയാള്‍‌ തിരിച്ചു‌വരും‌. മുസ്ലിയാര്‍‌ നൂല്‍‌ മന്ത്രിച്ച്‌ കെട്ടും‌. കുറച്ച്‌ കഴിഞ്ഞ്‌ അയാള്‍‌ ഭാര്യയുടെ‌ അടുത്തിരുന്ന്‌ വെള്ളം‌  കൊടുക്കും‌. പിന്നെ‌ പെയ്തൊഴിഞ്ഞ‌ മാനം‌ പോലെ‌ ആ‌ സ്ത്രീയുടെ‌ മുഖം‌ തെളിഞ്ഞു‌ കാണുമ്പോഴാണ്‌ ഞങ്ങള്‍‌ തിരിച്ചുപോവുക‌.   

എന്റെ‌ കുട്ടിക്കാലത്ത്‌‌ ഉമ്മ‌ക്ക്‌ ഇടക്കിടെ‌ ബോ‌ധം‌  നഷ്ടപ്പെടുന്ന‌ അസുഖമുണ്ടായിരുന്നു‌.  അതും‌  കുടുംബ‌ത്തിലെ‌  എന്തെങ്കിലും‌ പ്രശ്‌ന‌ങ്ങളില്‍‌ നിന്ന്‌  തുടങ്ങുന്നതാണെന്ന്‌ അന്നെനിക്കറിയില്ലായിരുന്നു‌.  പെട്ടന്ന്‌ ബോധം‌ നഷ്ടപ്പെടുമ്പോള്‍‌  പല്ലുകള്‍‌ കടി‌ച്ചുപിടിച്ചുകൊണ്ട്‌  ഉമ്മ‌ മുകളിലോട്ട്‌ തുറിച്ചുനോക്കിക്കൊണ്ടിരിക്കും‌. ചിലപ്പോള്‍‌ വായില്‍‌ നിന്ന്‌ നുര‌ വരും‌.  കുട്ടികളായ‌ ഞങ്ങള്‍ക്ക്‌ അതൊരു‌ പേടിപ്പേടുത്തുന്ന‌ അനുഭവമായിരുന്നു‌. ഉമ്മ‌ മരിക്കുകയാണെന്ന്‌ കരുതി‌ പലപ്പോഴും‌  ഞങ്ങള്‍‌ പേടിച്ചു‌ കരഞ്ഞിട്ടുണ്ട്‌. 

അക്കാലത്ത്‌  ഞങ്ങളുടെ‌ നാട്ടിലെ‌ ഏക‌  വൈദ്യനായിരുന്നു‌ കുഞ്ഞാന്‍‌ മുസ്ലിയാര്‍‌. 

അന്ന്‌ മിക്ക‌ അസുഖങ്ങള്‍ക്കും‌ ചികില്‍സ‌ തേടി‌  നാട്ടുകാര്‍‌ കുഞ്ഞാമുസ്ലിയാരെയായിരുന്നു‌ സമീപിച്ചിരുന്നത്‌.   ഞങ്ങളുടെ‌ വീട്ടില്‍‌ നിന്നും‌ ഏകദേശം‌  അര‌കിലോമീറ്റ‌ര്‍‌ ദൂരെയുള്ള‌ ഒരു‌ കുന്നിന്‍‌ മുകളിലായിരുന്നു‌ അദ്ദേഹത്തിന്റെ‌ വീട്‌. ഇടവഴികളും‌ പാടവരമ്പും‌  കഴിഞ്ഞുവേണം‌  കുഞ്ഞാന്‍‌ മുസ്ല്യാരുടെ‌ വീട്ടിലെത്താന്‍‌. 

ഉമ്മ‌ക്ക്‌ ബോധക്കേട്‌ തുടങ്ങിയാല്‍‌   ഞങ്ങളിലാരെങ്കിലും‌ ഇടവഴികളിലൂടെ‌  ശരവേഗത്തിലോ‌ടി‌ ‌കുഞ്ഞാ‌മുസ്ല്യാരുടെ‌ വീട്ടിലെത്തും‌.   

കാലുകള്‍‌ തളര്‍ന്ന്‌ കിതച്ചു‌‌കിതച്ചുകൊണ്ട്‌   ആ‌ കുന്നിനുമുകളിലെത്തുമ്പോള്‍‌, 

‌മൂട്ടിത്തുന്നിയ‌ വെള്ള‌ത്തു‌ണിയും‌ വെളുത്ത‌ നീളന്‍‌  കുപ്പായവുമിട്ട്‌,  തലപ്പാവിന്റെ‌ ഒരറ്റം‌ വാലുപോലെ‌ പിന്നിലേക്ക്‌ തൂക്കിയിട്ടുകൊണ്ട്‌,  കുഞ്ഞാമുസ്ല്യാര്‍‌ കോലായില്‍‌ ഇരിക്കുന്നുണ്ടാവും‌. 

എപ്പോഴും‌ പുഞ്ചിരിയോടെ‌ നോക്കുകയും‌ സംസാരിക്കുകയും‌ ചെയ്തിരുന്ന‌  കുഞ്ഞാമുസ്ലിയാരുടെ‌ അടുത്തെത്തിയാല്‍‌ പിന്നെ‌ സമാധാനമായി‌. കിതച്ചുകൊണ്ട്‌  കുന്നുകയറിവരുന്ന‌  കുട്ടികളായ‌ ഞങ്ങളെ‌ കാണുമ്പോള്‍‌ തന്നെ‌ മുസ്ലിയാര്‍ക്ക്‌ കാര്യം‌ മനസ്സിലാകും‌. എന്നാലും‌ ഞങ്ങള്‍‌ പറയുന്നത്‌ ശ്രദ്ധയോടെ‌ കേട്ട‌ ശേഷം‌ മുസ്ലിയാര്‍‌ പറ‌യും:‌

''സാരല്ല്യ‌..''‌

പിന്നെ‌ അകത്ത്‌ പോയി‌ രണ്ട്‌ '‌ഗോരോജനാദി‌ ഗുളികയെടുത്ത്‌ ഒരു‌ കടലാസില്‍‌ പൊതിഞ്ഞ്‌ ഞങ്ങളുടെ‌ കയ്യില്‍‌ തന്നുകൊണ്ട്‌ പറയും:‌ 

''ഇത്‌ ചൂ‌ടു‌വെള്ളത്തില്‍‌ ചാലിച്ച്‌ കൊടുക്കണം‌.. പേടിക്കാനൊന്നുമില്ല‌..''‌

പിന്നെ‌ കുന്നിറങ്ങി‌ ഒറ്റ‌യോ‌ട്ടമാണ്‌.  ഒരു‌ ജീവന്‍‌ രക്ഷിക്കാനുള്ള‌ മരണയോ‌‌ട്ടം‌. ഉമ്മക്കെന്തെങ്കിലും‌ സംഭവിച്ചിട്ടുണ്ടാവുമോ‌ എന്ന ആധിയോടെയുള്ള‌ ഓട്ടം‌.

വീട്ടിലെത്തുമ്പോള്‍‌ അവിടെ‌ ആളുകള്‍‌ കൂടീ‌ട്ടുണ്ടാവുമോയെന്ന‌ പേടിയോടെ‌ ഒരു‌ വിധം‌ ഞങ്ങള്‍‌ മുറ്റത്തെത്തുമ്പോള്‍‌  സഹോദരിമാര്‍‌ മുറ്റത്ത്‌ കാത്തിരിക്കുന്നുണ്ടാവും‌. 

പിന്നെ‌ ഒരു‌ സ്പൂണില്‍‌ വെള്ളമെടുത്ത്‌ ഗുളിക‌ അതിലിട്ട‌ലിയിച്ച്‌ ഉമ്മയുടെ‌ വായിലേക്ക്‌ പതുക്കെ‌ ഒഴിച്ചുകൊടുക്കും‌. ഞങ്ങള്‍‌ ആകാംക്ഷയോടെ‌ ചുറ്റിലും‌ നിന്ന്‌ നോക്കുമ്പോള്‍‌ ഉമ്മ‌ പതുക്കെ‌ കണ്ണു‌ തുറക്കും‌. 

മിക്ക‌ ദിവസങ്ങളിലും‌ വലിയ‌ ശീലക്കു‌ടയും‌ ചൂടി‌ പാടവരമ്പത്തൂടെയും‌ കുന്നിന്‍വഴികളിലൂടെയും‌  കുഞ്ഞാന്‍‌ മുസ്ലിയാര്‍‌  ‌പല‌ വീടുകളിലേക്കും‌ നട‌ന്നു‌പോയി‌ ‌രോഗികളെ‌ ചികില്‍സിക്കുന്നത്‌ കാണാമായിരുന്നു‌. 

സൗമ്യമായ‌ പെരുമാറ്റം‌ കൊണ്ടും‌ സ്നേഹസംഭാഷണങ്ങള്‍‌ കൊണ്ടും‌ അദ്ദേഹം‌ നാട്ടുകാരുടെ‌ പ്രിയപ്പെട്ട വൈദ്യനായി‌. 

പക്ഷെ‌ അധികം‌ പ്രായമാകുന്നതിനു‌ മുമ്പുതന്നെ‌  പെട്ടന്നൊരുദിവസം‌ കുഞ്ഞാമുസ്ലിയാര്‍‌ ഈ‌  ലോകത്തോട്‌ വിട‌  പറഞ്ഞു‌. ആ‌ മരണ‌‌വാര്‍ത്ത‌ വിശ്വസിക്കാനാവാതെ‌ ഗ്രാമം‌  തേങ്ങി.  

ഇന്നും‌ എന്റെ‌യോ‌ര്‍മ്മകളുടെ‌ നേര്‍ത്ത‌ പാടവരമ്പത്തൂടെ‌ പിന്നിലേക്ക്‌ ഒരറ്റം‌ തൂക്കിയിട്ട‌ വെള്ള‌ തലപ്പാവും‌ ചുറ്റി‌  വെളുത്ത‌ നീളന്‍‌ കുപ്പായവും‌  കറുത്ത‌ ഷൂസുകളുമിട്ട്‌     കുഞ്ഞാന്‍‌ മുസ്ലിയാര്‍‌ നട‌ന്നുപോകാറുണ്ട്‌.    

‌വയനാട്ടില്‍‌ ജോലിചെയ്തുകൊണ്ടിരിക്കുന്ന‌ കാലത്താണ്‌‌ ഉപ്പ‌‌യുടെ‌ വിവഹം‌ നട‌ക്കുന്നത്‌. വാഴക്കാട്ടെ‌ ഒരു‌ പഴയ‌ തറവാടായിരുന്ന‌  മുസ്ലിയാരകത്ത്‌ തോട്ടത്തിൽ‌ നിന്നായിരുന്നു‌ വിവാഹം‌. ‌വാഴക്കാട്ടെ‌  കുഞ്ഞഹമ്മദ്‌ ഹാജിയുടേയും‌ ആമക്കോട്ട്‌ ആയിഷയുടേയും‌ പതിനാലുമക്കളിൽ‌ പതി‌നൊന്നാമത്തെ‌ മകൾ‌ ഫാത്തിമക്കുട്ടിയായിരുന്നു‌   ഉപ്പ‌യുടെ‌ ജീവിതപങ്കാളി. 

വല്ല്യുപ്പയേയും‌ വല്ല്യു‌മ്മയേയും‌ കുറിച്ചുള്ള‌  ഓർമ്മകൾ‌  ഉമ്മ‌ പലപ്പോഴും‌ ഞങ്ങളോ‌ട്‌‌ പറ‌യാ‌റുണ്ടായിരുന്നു‌. അതിങ്ങനെയാണ്‌‌‌,  മക്കയി‌ലേക്ക്‌ നട‌ന്നു‌പോയി‌ ഹജ്ജ്‌ നിർവ്വഹിച്ച‌ അപൂർവ്വം‌ ആളുകളിൽ‌ ഒരാളായിരുന്നു‌ വല്ല്യുപ്പ‌.  ഹജ്ജ്‌ കഴിഞ്ഞ്‌ നാട്ടിലേക്ക്‌ മട‌ങ്ങാനൊരുങ്ങുന്നതിനിടയിൽ‌ അദ്ദേഹത്തിന്റെ‌  കയ്യിലുണ്ടായിരുന്ന‌ പണവും‌ വസ്തുക്കളും‌ ആരോ‌ കൊ‌ള്ളയടിച്ചു‌. അങ്ങനെ‌ നാട്ടിലേക്ക്‌ മട‌ങ്ങാനാവാതെ‌ ഏകദേശം‌ നാലു‌ വർഷത്തോളം‌ അദ്ദേഹം‌ ഹറമിനടുത്തുതന്നെ‌ കഴിഞ്ഞൂകുടി‌. ഈ‌ കാലത്ത്‌  ചരടും‌ തസ്ബീഹ്‌ മാലയുമെല്ലാം‌ വിറ്റായി‌രുന്നു‌ അദ്ദേഹം‌ ഉപജീവനം‌ നട‌ത്തിയിരുന്നത്‌. പിന്നീട്‌ നാട്ടിൽ‌ തിരിച്ചെത്തി‌. പൊന്നാനി‌ മഖ്‌ദൂം‌ കുടുംബ‌ങ്ങളിൽനിന്നുള്ള‌ ഒരാളായിരുന്നു‌  അദ്ദേഹം‌. പിന്നീട്‌  ‌വാഴക്കാട്ടെ‌ പ്രസിദ്ധമായ‌  പള്ളിയിൽ‌ കത്തീബായി‌ സേവനമനുഷ്ഠി‌ച്ചുകൊണ്ടിരിക്കെ‌യാണ്‌‌     ആമക്കോട്ടെ‌   അഹമ്മദാജിയുടെ‌ മകൾ‌ ആയിഷയെ‌ അദ്ദേഹം‌ വിവാഹം‌ ചെയ്യുന്നത്‌. ആ‌ സ്മയത്ത്‌ അദ്ദേഹം‌ വളരെ‌ സാമ്പത്തിക‌ പ്രയാസങ്ങൾ‌ അനുഭവിക്കുന്ന‌ കാലമായിരുന്നു‌. സമ്പന്ന‌ കുടുംബത്തിൽ‌ ജീവിച്ചുവളർന്ന‌ ആയിഷയോട്‌  തന്റെ‌ ദാരിദ്ര്യത്തോടൊപ്പം‌  ജീവിക്കാൻ‌ പ്രയാസമാകുന്നുണ്ടോ‌യെന്ന്‌  ഒരിക്കൽ‌ അദ്ദേഹം‌  ചോദിച്ചപ്പോൾ‌  ഞാൻ‌ നിങ്ങളുടെ‌ സമ്പത്തിനെയല്ല‌ നിങ്ങളെയാണ്‌‌ സ്നേഹിക്കുന്നത്‌ എന്നായിരുന്നു‌ അവൾ‌ അതിന്‌‌ മറു‌പടി‌യായി‌ പറഞ്ഞത്‌. കാലം‌ കട‌ന്നുപോകവെ‌ പിന്നീടവർക്ക്‌   പതിനാല്‌‌  മക്കൾ‌ പിറക്കുകയും‌  അവർക്കെല്ലാം‌  ജീവിക്കാനാവശ്യമായ‌ സമ്പത്ത്‌ അവരുടെ‌ ജീ‌വി‌തത്തിലേക്ക്‌ വന്നുചേരുകയും‌ ചെയ്തു‌. അന്ന്‌ വാഴക്കാട്ട്‌ അങ്ങാടിയിൽ‌ തുടങ്ങിവെച്ച‌ ഒരു‌ തുണിക്കട‌ മൂന്നുതലമുറകളിലൂ‌ടെ‌ ഇന്നും‌ നിലനിൽക്കുന്നുണ്ട്‌. 


ഉമ്മയുടെ‌ മൂത്ത‌‌സഹോദരി‌ കുഞ്ഞിപ്പാത്തുമ്മയെ‌ ചെറുവാടി‌യിലേക്കായിരുന്നു‌ അന്ന്‌ ‌വിവാഹം‌ ചെയ്ത്‌ കൊണ്ടുവന്നിരുന്നത്‌. നാട്ടിലെ‌ പ്രശസ്ത‌ പണ്ഡി‌തനായിരുന്ന‌ ഏഴിമല‌ മുസ്ലിയാരായിരുന്നു‌ കുഞ്ഞിപ്പാത്തുമ്മയുടെ‌ ഭര്‍ത്താവ്‌.  ഉപ്പയും‌ ഏഴിമല‌ മുസ്ലിയാരും‌ തമ്മിലുണ്ടായിരുന്ന‌ സൗഹൃദത്തില്‍‌ നിന്നായിരിക്കണം‌ ഉപ്പയുടെ‌  വിവാഹാന്വേഷണം‌ വാഴക്കാട്‌ മുസ്ലിയാരകത്ത്‌ തോട്ടത്തിലേക്കെത്തുന്നത്‌.  

സമ്പന്നമായ‌ ഒരു‌ മാളികവീട്ടില്‍‌ നിന്ന്‌  ഉപ്പയുടെ‌ ദരിദ്രമായ‌ ജീവിതത്തിലേക്ക്‌ ഉമ്മ‌ സന്തോഷത്തോടെ‌ ഇറങ്ങിവരികയായിരുന്നു‌.  കൊടിയത്തൂര്‍‌ ദേശത്ത്‌ ഈ‌ങ്ങല്ലീരി‌ എന്ന‌ ഒരു‌ള്‍നാടന്‍‌ ഗ്രാമത്തില്‍‌  ഉപ്പ‌ വാങ്ങിയ‌ കുറച്ച്‌ ഭൂമി‌യില്‍‌ രണ്ടു‌ മുറികളുള്ള‌ ഒരു‌ കൊച്ചു‌ കുടിലുയര്‍ന്നു‌.  ആ‌  പുതിയ‌ വീടിനെ‌  '‌പുതിയോട്‌'‌ എന്നുവിളിച്ചു‌.  

ഒരുപാട്‌ അംഗങ്ങ‌ളുള്ള‌ ഒരു‌ വലിയ‌ കുടുംബ‌ പശ്ചാ‌ത്തലത്തില്‍‌ വളര്‍ന്നുവന്ന‌ ഉമ്മാക്ക്‌ അപരിചിതമായ‌ സ്ഥലത്തെ‌ പുതിയ‌ ചുറ്റുപാടുകള്‍‌ പേടി‌യും‌  ഏകാന്തതയുമായിരുന്നു‌ സമ്മാനിച്ചത്‌.   

വയനാട്ടില്‍‌ നിന്ന്‌ മടങ്ങിയ‌ ശേഷം‌ ഉപ്പ‌ പലപ്പോഴും‌ ജോലി ആവശ്യാര്‍ത്ഥം‌ പല‌ ദൂര‌ദേ‌ശങ്ങളിലേക്കും‌ പോകുമ്പോള്‍‌ സഹായത്തിനാരുമില്ലാത്ത‌ ആ‌ ഒറ്റപ്പെട്ട‌  കൂരയില്‍‌  പിഞ്ചു‌കുഞ്ഞുങ്ങ‌ളെയുമായി‌ ധൈര്യത്തോടെ‌ ജീവിക്കാന്‍‌ ഉമ്മ‌ പരിശീലിച്ചു‌.  വെറും‌ നാലാം‌ ക്ലാസ്സ്‌ മാത്രം‌ വിദ്യാ‌ഭ്യാസമുണ്ടാ‌യിരുന്ന‌ ഉമ്മ‌ പട്ടിണിയിലും‌‌ ദാരിദ്ര്യ‌ത്തിലും‌ വൃത്തിബോ‌ധവും‌ നേരറിവും‌ തന്ന്‌ മക്കളായ‌ ഞങ്ങളെ‌  ചിട്ടയോടെ‌  വളര്‍ത്തി‌. 

ഒരുപാടു‌കാലം‌ പല‌ ദൂര‌സ്ഥലങ്ങളിലും‌  അധ്യാപകനായി‌ ജോലി‌ ചെയ്തിരുന്ന‌ ഉപ്പ‌ മാസത്തിലോ‌ രണ്ടാഴ്ചയിലൊരി‌ക്കലോ‌  മാത്രമേ‌  വീട്ടിലേക്ക്‌ വന്നിരുന്നുള്ളൂ‌. ഉപ്പ‌ വരുന്ന‌ ദിവസം‌ ഞങ്ങള്‍‌ കുട്ടികള്‍‌ നേരത്തെ‌ കുളി‌ച്ചൊരുങ്ങി‌  കാ‌ത്തിരിക്കും‌. വെള്ള‌ വസ്ത്രങ്ങളണിഞ്ഞ്‌ പൊന്തക്കാടുകള്‍‌ മൂടിയ‌  ചേരാം‌കുന്നിലെ‌ കുത്തനെയുള്ള‌  ഇറക്കങ്ങളിറങ്ങി‌ ഉപ്പ‌ വരുന്നത്‌ ദൂരത്ത്‌ നിന്നുതന്നെ‌ ഞങ്ങള്‍‌ കാണും‌. അപ്പോള്‍‌ സന്തോഷം‌ കൊണ്ട്‌ ഞങ്ങള്‍‌ മുറ്റത്തിറങ്ങി‌ തുള്ളിച്ചാടും‌. ഒരു‌ ചെറുചിരിയോടെ‌ ഉപ്പ‌ മുറ്റത്തേക്ക്‌ കയറി‌ വരുമ്പോള്‍‌ ഞങ്ങള്‍‌ ചുറ്റും‌ കൂടും‌. അപ്പോള്‍‌ വിയര്‍പ്പുപൊടിഞ്ഞ‌ നീളന്‍‌‌കു‌പ്പായത്തിന്റെ‌ കീശയില്‍‌‌നിന്നും‌  ഒരു‌ കടലാസ്‌ പൊതിയെടുത്ത്‌ ഞങ്ങള്‍ക്കുനേരെ‌  നീട്ടിക്കൊണ്ട്‌ പറയും‌:‌

''ഉമ്മാക്കും‌ കൊടുക്കണം''‌ 

ഞങ്ങള്‍‌ ആര്‍ത്തിയോടെ‌ പൊതി‌ തുറന്ന്‌  ചുവപ്പും‌ മഞ്ഞയും‌ നിറത്തിൽ‌  മധുരനാരങ്ങയുടെ‌ ചെറിയ‌ അല്ലികള്‍ പോലെയുള്ള‌ മിഠായികള്‍‌ ഞങ്ങള്‍‌ ഓഹരിവെച്ച്‌ നുണയും‌‌.   ഉപ്പയുടെ‌ ഓരോ‌ വരവും‌ ഞങ്ങള്‍ക്കന്ന്‌ പെരുന്നാള്‍‌ ദിവസമായിരുന്നു‌. 

യാഥാ‌സ്ഥിക‌ ചിന്താധാരയില്‍‌ നിന്നു‌മാറി‌  പുരോഗമന‌ പ്രസ്ഥാനങ്ങളുമായി‌ സഹകരിക്കാന്‍‌ തുടങ്ങിയതോടെ‌  ഉപ്പ‌യുടെ‌ നിലപാടുകള്‍‌  നാട്ടില്‍‌ പലവിധ‌ എതിര്‍പ്പുകള്‍ക്കും‌ കാരണമായി‌. ഇതിനിടയില്‍‌  കുറ്റ്യാടി‌ ഇസ്ലാമിയ‌ കോളേജ്‌, ചേന്നമംഗല്ലൂര്‍‌   ഇസ്ലാഹിയ‌ കോളേ‌ജ്‌‌, എടവണ്ണ‌ കോളേ‌ജ്‌‌  എന്നിവിടങ്ങളിലൊക്കെ‌  അ‌ധ്യാപകനായി‌ക്കൊണ്ടും‌ പട്ടാളപ്പള്ളിയിലും‌   കോവൂര്‍‌ പള്ളിയിലും‌  ഖതീബായി‌ക്കൊണ്ടും‌  ഉപ്പ‌ തന്റെ‌ ദൗത്യനിര്‍വ്വഹണം‌ തുടര്‍ന്നു‌കൊണ്ടിരുന്നു‌. 

പല‌ വെള്ളിയാഴ്ചകളിലും‌ ഉപ്പ‌ പട്ടാ‌ളപ്പള്ളിയിലേക്ക്‌ ഖുതുബക്ക്‌ പോകുമ്പോള്‍‌ എന്നേയും‌ കൂടെ‌ കൂട്ടാറുണ്ടാ‌യിരുന്നു‌.  വളരെ‌ സൗമ്യനായി  ഖുതുബ‌ പറയുന്ന‌ ഉപ്പയെ‌ ഞാന്‍‌ ഇമ‌ വെട്ടാതെ‌ നോക്കിയിരിക്കും‌.  

കാല‌‌ചക്രം‌ പിന്നേയും‌ അതിവേഗം‌ കറങ്ങി.  ശാരീരികമായ‌ പല‌ അവശതകള്‍ക്കിടയിലും‌ ഞങ്ങളെ‌ വളര്‍ത്താനും‌ പഠിപ്പിക്കാനും‌  ഉപ്പ‌ ഏറെ‌ പ്രയാസപ്പെടുകയായിരുന്നു‌.  അതിനിടയില്‍‌  പെട്ടന്നൊരുദിവസം‌   വീട്ടിലിരിക്കെ‌ ഉപ്പ‌ രക്തം‌ ഛ‌ര്‍ദിച്ചു‌. ഉടനെ‌  കോഴിക്കോട്‌ മെഡിക്കല്‍‌ കോളേജില്‍‌ കൊണ്ടുപോയി‌. അവിടെ‌ അഡ്മിറ്റായി‌. പല‌ പരിശോധനകളുമായി‌ ദിവസങ്ങള്‍‌ കടന്നുപോയി‌. ഇതിനിടയില്‍‌ ഉപ്പ‌യുടെ‌ ശരീരത്തില്‍‌  കാന്‍സറിന്റെ‌ ലക്ഷണങ്ങള്‍‌ കണ്ടെ‌ത്തിയിരുന്നു‌. 

ജീവിതത്തില്‍‌ ഒരിക്കല്‍‌ പോലും‌ ആശുപത്രികളേയോ‌ ഇംഗ്ലീഷ്‌ മരുന്നുകളെയോ‌ ആശ്രയിച്ചിട്ടില്ലാത്ത‌ ഉപ്പ‌ അങ്ങിനെ‌ ഇടവിട്ട‌ ദിവസങ്ങളില്‍‌ മേഡിക്കല്‍‌ കോല്‍ളേജിലെ‌ സ്ഥിരം‌ സന്ദര്‍ശകനായി‌. 

ഓപറേഷന്‍‌ കഴിഞ്ഞ്‌ മെഡിക്കല്‍‌ കോളേജില്‍‌ മാസങ്ങളോളം‌ കിടന്നു‌. ഉമ്മ‌ മെഡിക്കല്‍‌ കോളേജില്‍‌ ഉപ്പയുടെ‌ കൂടെ‌ത്തന്നെ‌ സ്ഥിരമായി‌ കഴിഞ്ഞു‌.  ഞങ്ങള്‍‌ കുട്ടികള്‍‌ വീട്ടില്‍‌ നിന്ന്‌ ഭക്ഷണസഞ്ചിയും‌ തൂക്കിപ്പിടിച്ച്‌ അവർക്ക്‌ ആശുപത്രിയിലേക്ക്‌‌ ഭക്ഷണമെത്തിച്ചു‌. ഉപ്പയുടെ‌ വന്‍‌‌കു‌‌ടലിന്റെ‌ അറ്റത്ത്‌ '‌റെക്റ്റം‌'‌ എന്ന‌ ഭാഗം‌  പൂര്‍ണ്ണമായും‌ മുറിച്ചുമാറ്റുകയും‌ മലവിസര്‍ജ്ജനത്തിന്‌ വയറിന്റെ‌  ഭാഗത്ത്‌ ഒരു‌ കൃത്രി‌മ‌ ദ്വാരമുണ്ടാക്കുകയും‌ ചെയ്തിരുന്നു‌.  

ദിവസങ്ങൾ‌  കഴിഞ്ഞ്‌ ഹോസ്പിറ്റലില്‍‌ നിന്നും‌ ഡിസ്ചാര്‍ജാ‌യി‌ ഞങ്ങള്‍‌ വീട്ടിലെത്തി‌. 

അപ്പോഴും‌ വയറ്‌ കീറിമുറിച്ച്‌ തുന്നിയിരുന്നത്‌ ശരിക്കും‌ ഉണങ്ങിയിരുന്നില്ല‌. 

ചിലപ്പോള്‍‌   ശക്തമായി‌ ചുമക്കുമ്പോള്‍‌ വയറിലെ‌ തുന്നുകള്‍‌  പൊട്ടിപ്പോകും‌.  അപ്പോഴൊക്കെ‌   മെഡിക്കല്‍‌ കോളേ‌ജില്‍‌ കൊണ്ടു‌പോകണം‌. ഞങ്ങളുടെ‌ വീട്ടില്‍‌ നിന്നും‌ ഉപ്പയെ‌ കോഴിക്കോട്‌  മെഡിക്കല്‍‌  കോ‌ളേജിലെത്തിക്കുകയെന്നത്‌ വലിയ‌ സാഹസമായിരുന്നു‌. തുണികൊണ്ടുള്ള‌ ചാരുകസേരയില്‍‌ ഉറപ്പുള്ള‌ മുളവടികള്‍‌ വെച്ചുകെട്ടി‌ ഉപ്പയെ‌ കസേരയില്‍‌ ഇരുത്തും‌‌. പിന്നെ‌  വീതികുറഞ്ഞ‌ ഇടവഴികളിലൂടെയും‌ വരമ്പിലൂടെയുമൊക്കെ നാലുപേര്‍‌ കൂടി‌  എടുത്ത്‌ കൊണ്ടുപോവും‌. 

ഒരോ‌ യാത്രയിലും‌  ഒരു‌ സഞ്ചിയും‌  തൂക്കിപ്പിടിച്ച്‌  ഉമ്മ‌ ഉ‌പ്പയുടെ‌ കൂടെത്തന്നെ‌യുണ്ടാവും‌.    

പുഴ‌ കടക്കാന്‍‌ തോണി‌യില്‍‌ ചാരുകസേര‌ ഒരു‌ വിധത്തില്‍‌ പിടിച്ചുനില്‍ക്കണം‌. നല്ലവരായ‌ അയല്‍വാസികളുടേയും‌ നാട്ടുകാരു‌ടെയും‌ സഹായം‌ കൊണ്ടു‌മാത്രമാണ്‌ അന്നൊക്കെ‌ ഒരു‌ വിധത്തില്‍‌ ഞങ്ങള്‍‌ ആശുപത്രിയിലെ‌ത്തിയിരുന്നത്‌. 

ഒരിക്കല്‍‌ വലിയൊരു‌ വെള്ളപ്പൊക്ക‌‌ദിവസം‌ ഉപ്പക്ക്‌ അസുഖം‌ കൂടു‌തലായപ്പോള്‍‌ വീതികുറഞ്ഞൊരു‌ തോണിയിലിരുത്തി‌ കുത്തിയൊ‌ഴുകുന്ന‌ പുഴവെള്ളത്തിലൂടെ‌ തുഴഞ്ഞ്‌ ഞങ്ങളെ‌  ആരൊക്കെയോ‌ കൊണ്ടുപോയത്‌‌ ഓർമ്മയിലുണ്ട്‌.  ഈ‌ ഓര്‍മ്മപ്പൂക്കള്‍‌‌ അവർക്കുള്ള‌ 

ഒരു‌  പ്രാര്‍ത്ഥന‌ കൂടിയാണ്‌ 

ഓപ്പറേഷനുശേഷവും‌ ഉപ്പയുടെ‌ രോഗം‌ കൂടിക്കൂടി‌ വന്നു‌. അപ്പോഴൊക്കെ‌ ഉപ്പയെ‌ വേണ്ട‌വിധം‌  പരിചരിക്കാന്‍‌ ഉമ്മ‌ ഉറക്കമൊഴിച്ച്‌  കൂടെ‌ത്തന്നെയുണ്ടായിരുന്നു‌.   ‌കുളിമുറി‌യി‌ല്ലാത്തതിനാല്‍‌ മുറ്റത്ത്‌ ഒരു‌ കസേരയിലിരുത്തി‌ ഉമ്മ‌തന്നെ‌ ഉപ്പയെ‌ കുളിപ്പിക്കും‌.  സമയത്തിന്‌ ഭക്ഷണം‌ കോടുക്കും‌. നേരം‌ നോക്കി‌ മരുന്ന്‌ കൊടുക്കും‌. സ്വന്തം‌ ആരോഗ്യം‌ പോലും‌ മറന്ന്‌ ഉമ്മ‌യൊരു‌ നിഴല്‍‌ പോലെ‌ ഉപ്പയുടെ‌  കൂടെ‌ത്തന്നെ‌യുണ്ടായിരുന്നു‌. 

ഉപ്പ‌ രോഗമായി‌ കിടന്നതോടെ‌ കുടുംബത്തിന്റെ‌ സാമ്പത്തിക‌ സ്ഥിതി‌ മോശമായി‌. എങ്കിലും‌ പ്രയാസങ്ങള്‍‌ ആരേയും‌ അറിയിക്കാതെ‌ ഞങ്ങള്‍‌ ജീവിച്ചു‌. ആരുടെ‌ മുമ്പിലും‌ കൈ‌ നീട്ടിയില്ല‌. ചിലപ്പോഴൊക്കെ‌ നാടിന്റെ‌ പല‌ ഭാഗങ്ങളിലുമുള്ള‌ ഉപ്പയുടെ‌ ശിഷ്യ‌‌ഗ‌ണങ്ങള്‍‌ ഉപ്പയെ‌ സാമ്പത്തി‌കമായും‌ സഹായിച്ചിട്ടുണ്ട്‌. ഫോണ്‍‌ സൗകര്യമില്ലാതിരുന്ന‌ കാലത്ത്‌ പലരും‌ ദൂരദിക്കില്‍‌ നിന്നും‌ ഉപ്പയെ‌  കാണാന്‍‌ വരുമായിരുന്നു‌. 

ഒരു‌ ദിവസം‌ ഒരു‌ നീളന്‍‌ കാലന്‍‌‌കുട‌യും‌  കുത്തിപ്പിടിച്ച്‌  ഒരു‌ മനുഷ്യന്‍‌  വീട്ടിലേക്ക്‌ കയറിവന്നു‌. വെളുത്ത‌ കുപ്പാ‌യവും‌ കറുത്ത‌ ഫ്രെയ്മുള്ള‌ കട്ടിക്ക‌ണ്ണടയും‌ വെച്ചൊരാള്‍‌.  അയാള്‍‌ നടന്നുവരുമ്പോള്‍ത്തന്നെ‌  ഷൂസിന്റെ‌ ശബ്ദം‌ ദൂരെനിന്ന്‌ കേള്‍ക്കാമായിരുന്നു‌.  

അയാള്‍‌ ഉപ്പയുടെ‌ ഏറ്റവും‌ അടുത്ത‌ സുഹൃത്തായിരുന്നെന്ന്‌ മാത്രമെ‌ എനിക്കറിയുകയുള്ളൂ‌. അദ്ദേഹം‌ സലാം‌ പറഞ്ഞ്‌ കോലായിലേക്ക്‌ കയറിയിരിക്കുമ്പോല്‍‌ ചുവന്ന‌ കരയുള്ള‌ കറുത്ത‌ പുതപ്പ്‌ തോളിലൂടെ‌ ചുറ്റി‌ പുറത്തെ‌ സിമന്റു‌‌തിണ്ണയിലിരി‌ക്കുകയായിരുന്നു‌ ഉപ്പ‌. ഞാന്‍‌ വാതില്‍ക്കല്‍‌‌നിന്ന്‌ രണ്ടു‌പേരേയും‌  നോക്കിക്കൊണ്ടിരുന്നു‌. സംസാരിച്ചുതുടങ്ങുന്നതിനുമുമ്പു‌ തന്നെ‌ ഉപ്പ‌ തലതാഴ്ത്തി‌ തേങ്ങിക്കരയാന്‍‌ തുടങ്ങി‌യിരുന്നു‌. കറുത്ത‌ പുതപ്പിന്റെ‌ അറ്റം‌ കൊണ്ട്‌  കണ്ണുകള്‍‌ തുടച്ച്‌ ഉപ്പ‌ വിദൂരതയിലേക്ക്‌ നോക്കി‌ നിന്നു‌. അവര്‍ക്കിടയില്‍‌ നിശ്ശബ്ദത‌ മാത്രം‌ ഉറക്കെ‌ സംസാരിച്ചു‌. അകലങ്ങളില്‍നിന്ന്‌  കണ്ണെടുത്ത്‌  സ്വന്തം‌ കൈവിരലുകളിലേക്ക്‌ നോക്കി‌ക്കൊണ്ട്‌  ഉപ്പ‌ ആരോടെന്നില്ലാതെ‌ പറഞ്ഞു:‌

''‌ജീവിതം‌ തീര്‍ന്നു‌.. ഒരീസം‌ പോലും‌ ജീവിച്ചതായി‌ തോന്ന്ണ്‌ല്ല്യ‌..!''‌

ഉപ്പയെ‌ കാണാന്‍‌ വന്ന‌യാ‌ളും‌ തോള‌ത്തെ‌ മുണ്ടിന്റെ‌ അറ്റം‌ കൊണ്ട്‌ കണ്ണീര്‍‌ തുടക്കുന്നുണ്ടായിരുന്നു‌. അവര്‍‌ തമ്മില്‍‌  അത്രയും‌ ഗാ‌ഢമായ‌ ഒരു‌ സൗഹൃദം‌ സൂക്ഷിക്കുന്നുണ്ടെന്ന്‌ ഞാന്‍‌ മനസ്സിലാക്കി‌. 

ശബ്ദത്തിന്റെ‌ പുറന്തോടുകളില്ലാതെ‌  ഉപ്പയോട്  യാത്രപറഞ്ഞ്‌  അയാള്‍‌  മുറ്റത്തേക്കിറങ്ങി‌. പിന്നെ‌ സ്വന്തം‌ കാല്‍‌‌പാ‌ദ‌ങ്ങളിലേക്ക്‌ നോക്കി‌ കുടയും‌ കുത്തിപ്പിടിച്ച്‌ അയാള്‍‌ പതുക്കെ‌ ദൂരേക്ക്‌ നടന്നുപോയി‌.  ഭൂമിയിലെ‌ ജീവിതയാത്രയിലെവിടെയോ‌ വെച്ച്‌ മൊട്ടിട്ട‌ ഒരു‌ സൗഹൃദം‌ ഇനിയൊരിക്കലും‌ കാണാത്ത‌ കാലത്തിന്റെ‌ 

അനന്തതയിലേക്ക്‌ നടന്നു‌ മറയുന്നത്‌ നോക്കി‌നില്‍ക്കുന്ന‌ പോലെ‌ അയാള്‍‌ ദൂരെ‌  ഒരു‌ പൊട്ടുപോലെ‌ ഇല്ലാ‌താകുന്ന‌വരെ‌  ഉപ്പ‌ അയാളെ‌  നോക്കി‌നിന്നു‌.  പിന്നീടൊരിക്കലും‌ ഉപ്പ‌  ജീവിച്ചിരിക്കെ‌ അവര്‍‌ തമ്മില്‍‌ കണ്ടിട്ടുണ്ടാവാനിടയില്ല‌. 

മറ്റൊരിക്കലും‌ എന്റെ‌ ഉപ്പ‌ കരയുന്നത്‌ ഞാന്‍‌ കണ്ടിട്ടുണ്ട്‌‌. മൗദൂദി‌ സാഹിബ്‌ മരിച്ച‌ വിവരമറിഞ്ഞപ്പോഴായിരുന്നു‌ അത്‌.  അദ്ദേഹത്തിന്റെ‌ പുസ്തകങ്ങളിലൂടെ‌ വളര്‍ന്നു‌ വന്ന‌ ആത്മ‌ സൗഹൃദമായിരിക്കണം‌ കാരണം‌. 

രോഗം‌ കഠിനമാവുകയും‌ ശാരീരിക‌ പ്രയാസങ്ങള്‍‌ കൂടിവരികയും‌ ചെയ്യുമ്പോഴും‌ ഉപ്പ‌ ജീവിത‌ത്തെ‌ കൂടുതല്‍‌ ഗാഢ‌മായി‌ ആശ്ലേഷിക്കുന്നതായി‌ എനിക്കു‌ തോന്നീട്ടുണ്ട്‌. മുറ്റത്തെ‌ കമുകിന്‍‌ തൈകളില്‍‌ കുരുമുളകുവള്ളി‌കള്‍‌ നടാനും‌ അവയെ‌ പരിച‌രിക്കാനും‌ അവസാന‌ ദിവസങ്ങളില്‍‌ പോലും‌ ഉപ്പ‌ താല്പര്യം‌ കാണിച്ചിരു‌ന്നു‌.

പിന്നെ‌ വിധിയുടെ‌ നിസ്സഹായത‌ക്കു‌ കീഴടങ്ങി‌ ഉപ്പ‌ തീരെ‌  കിടപ്പിലായി‌. അവസാന‌ നാളുകളില്‍‌  

‌കട്ടിലില്‍‌ നിന്നെഴുന്നേൽ‌ക്കാന്‍‌ പോലുമാവാത്ത‌പ്പോഴും‌  കഠിനമായ‌ വേദന‌ പുറത്തുകാണിക്കാതെ‌ പലപ്പോഴും‌ മൗനമായി‌ ഇരിക്കുന്ന‌ ഉപ്പയുടെ‌ ചിത്രമുണ്ട്‌ മനസ്സില്‍‌‌!

ഒരു‌ ദിവസം‌ ഉമ്മയെ‌ അടുത്ത്‌ വിളിച്ചുകൊണ്ട്‌ ഉപ്പ‌ പ‌റഞ്ഞു‌:‌ 

''‌ഞാനിന്നലെ‌ ഒരു‌ കിനാവ്‌‌ കണ്ടു‌. നാലാൾക്കാർ‌  എന്റെ‌യ‌ടുത്ത്‌ വന്ന്‌ ഇരുന്നു‌. 

അതിലൊരാള്‍‌ ചോദിച്ചു‌:‌ 

''‌മധുരം‌ തന്നാല്‍‌ മരിക്കുമോ‌..?''‌

അപ്പോള്‍‌ രണ്ടാമത്തെ‌ ആള്‍‌ ചോദിച്ചു‌:‌

''കൈപ്പ്‌ തന്നാല്‍‌ മരിക്കുമോ‌..?''‌

മൂന്നാമന്‍‌ ചോദിച്ചു‌:‌ ''‌പുളി‌ തന്നാല്‍‌ മരിക്കുമോ‌‌..?''‌

അപ്പോള്‍‌ അവസാനത്തെ‌യാ‌ള്‍‌ ചോദിച്ചു‌:‌ 

''‌എ‌രിവ്‌ തന്നാല്‍‌ മരിക്കുമോ‌..?''‌

ഉമ്മ‌ ഒന്നും‌ പറയാനാവാതെ‌ എല്ലാം‌ കേട്ടുനിന്നു‌.  ഉപ്പ‌ തുടർന്നു:‌

''‌‌ഞാന്‍‌ എല്ലാരോടും‌ സമ്മതമാണെന്ന്‌‌  തലയാട്ടി‌. അവരൊന്നും‌ എന്റെ‌യ‌ടുത്ത്‌ന്ന്‌‌  പോയിട്ടില്ല‌.. ഏതായാലും‌ എൻ‌ക്കിനി‌ അധികം‌ സമയല്ല‌..!''‌ 

ആസന്നമായ‌ മരണത്തെ‌ അഭിലഷിച്ചുകൊണ്ട്‌ കണ്ണുകള്‍‌ പാതി‌ തുറന്ന്‌ വിദൂരതയിലേക്ക്‌ നോക്കി‌യിരിക്കുന്ന‌ ഉപ്പയുടെ‌ കട്ടിലിനരികില്‍‌  ഉമ്മ‌യോടൊപ്പം‌  നിഴല്‍‌ പോലെ‌ ഞങ്ങളും‌ കൂട്ടിരുന്നു‌. 

നിശ്ശബ്ദമായ‌ രാത്രികളിലെ‌ കൂരി‌രുട്ടില്‍‌  ഉറങ്ങാതെ‌ കണ്ണുകള്‍‌ തുറന്നുപിടിച്ച്‌, ചുറ്റിലും‌ കേള്‍ക്കുന്ന‌  ചെറു‌‌ശബ്ദങ്ങള്‍‌ക്കു‌പോ‌ലും‌ ‌ഭയപ്പാടോടെ‌ ചെവിയോര്‍ത്ത്‌,  ഞങ്ങള്‍‌ ചുരുണ്ടുകിടന്നു‌. പതുക്കെ‌ പതുക്കെ‌ വീട്ടിലേക്ക്‌ നടന്നടുക്കുന്ന‌ മരണത്തിന്റെ‌ കാലൊച്ചകള്‍‌ കേട്ടിട്ടെന്നപോലെ‌  പലപ്പോഴും‌ ഞങ്ങള്‍‌  ഉറക്കത്തില്‍‌ നിന്ന്‌ ഞെട്ടിയുണര്‍ന്നു‌. 

ഒരു‌ ദിവസം‌ ശാന്തമായൊരു‌ രാത്രിയുടെ‌ നിശ്ശബ്ദതയിലേക്ക്‌ വീണുചിതറിയ‌  ഉമ്മയുടെ‌ ഇടറി‌യ‌ വിളി‌യിലേക്ക്‌  ഞങ്ങള്‍‌ ഞെട്ടിയു‌ണര്‍ന്നു‌. മഴ തോര്‍ന്ന‌  ശബ്ദരഹിതമായ‌ രാവിന്റെ‌ നിശ്ചലതയില്‍‌  ഉപ്പയുടെ‌ അവസാന‌ ശ്വാസവും‌  നേര്‍ത്തുനേര്‍ത്തുപോകുന്ന‌ത്‌  ഞങ്ങ‌ള്‍‌ കണ്ടു‌. 

കുടകള്‍‌ ചൂടി‌ കോരിച്ചൊരിയുന്ന‌ മഴ‌ത്ത്‌  മുറ്റത്ത്‌ കാത്തുനില്‍ക്കുന്ന‌ ആളുകള്‍ക്കിടയിലൂടെ‌ ഉപ്പകിടക്കുന്ന‌ മയ്യത്തുകട്ടില്‍‌ താങ്ങിയെടുത്ത്‌ ആളുകള്‍‌ ഇടവഴിയിലേക്ക്‌‌   നടന്നിറങ്ങി‌.  

പള്ളിയിലും‌  പരിസരത്തും‌ നിന്ന്‌ ആളുകൾ‌ അടക്കം‌ പറ‌ഞ്ഞു‌.  '‌പു‌ത്തന്‍‌ പ്രസ്ഥാന'‌മെന്ന്‌ വിളിക്കപ്പെടുന്ന‌ ഒരു‌ സംഘടനയിലെ‌ അംഗമായിരുന്നതിനാല്‍‌ ഉപ്പയുടെ‌ മയ്യത്ത്‌ നിസ്ക്കരിക്കുന്നത്‌  വിലക്കിക്കൊണ്ടുള്ള‌  

‌ഒരു‌  '‌ഫ‌ത്‌‌വ'‌ നാട്ടില്‍‌  ഇതിനകം‌ പ്രചരിച്ചുകഴിഞ്ഞിരുന്നു‌.  

സ്വന്തം‌ മതാനുയായി‌യ‌ല്ലാതിരുന്നിട്ടുകൂടി‌  മുമ്പിലൂടെ‌ ചുമന്നുകൊണ്ടു‌പോകുന്ന‌ മൃതദേഹത്തിന്‌ ആദരവ്‌ പ്രകടിപ്പിച്ചുകൊണ്ട്‌ ബഹുമാനത്തോടെ‌ എഴുന്നേറ്റുനിന്ന‌  പ്രവാചകനെ‌ ശ്രവിച്ചിട്ടില്ലാത്തവർ‌  അന്ന്‌  ജനാസയോടൊപ്പം‌ വരികയോ‌, ജനാസ‌ നിസ്ക്കരിക്കുകയോ‌ ചെയ്തില്ല‌.  പള്ളി‌യിലെ‌ മുസ്ലിയാര്‍‌ അന്നേദിവസം‌ സ്ഥലത്ത്‌ നിന്ന്‌ മാറിനിന്നു‌. നാട്ടിലെ‌ പല‌ പ്രമുഖരും‌ അന്ന്‌‌ മയ്യിത്ത്‌ നിസ്ക്കാരത്തില്‍‌ നിന്നും‌ വിട്ടുനിന്നു‌.  

പള്ളിയിലെ‌ അ‌ശാന്തമായ‌ ആ‌  അന്തരീക്ഷത്തില്‍‌  മക്കളായ‌ ഞങ്ങളും‌ നല്ലവരായ‌ കുറച്ച്‌  നാട്ടുകാരും‌ പിന്നെ‌ പല‌ നാടുകളില്‍‌ നിന്നുമായി‌ വന്ന‌ ഉപ്പയുടെ‌  ശിഷ്യഗണങ്ങളും‌ ചേർന്ന്‌‌ ഉപ്പയുടെ‌  മയ്യിത്ത്‌ നിസ്കരിച്ചു‌.  

മണ്ണില്‍‌ വീണ്‌ പിടയുന്ന‌ കഴുത്തറ്റ‌ പക്ഷിയെപ്പോലെ‌ ഓര്‍മ്മകള്‍‌ പിന്നേയുമൊരു‌പാടുകാലം‌ മനസ്സിലെവിടെയോ‌ കിടന്ന്‌ പിടഞ്ഞുകൊണ്ടിരുന്നു‌. കാലമാകുന്ന‌ ചതുരംഗപ്പലകയിലെ‌ കറുപ്പും‌ വെളുപ്പും‌ കള്ളികളിലൂടെ‌ നടന്നുകയറി‌ പലരും‌ അരങ്ങൊഴിഞ്ഞ്‌ ഈ‌ പള്ളിപ്പറമ്പിലെത്തി‌.    

അവരുടെ‌ മുഖങ്ങള്‍‌ തെളിഞ്ഞുവന്ന‌  മീസാ‌ന്‍‌ കല്ലുകള്‍ക്കുമുകളില്‍‌ മറവിയുടെ‌ ഒരുപിടി‌ മണ്ണു‌കൂടി‌ വാരിയിട്ട്‌ ഞാന്‍‌ തിരിഞ്ഞുനിന്നു‌.   

മരണപ്പെട്ടുപോയവരെ‌  വേരുകള്‍കൊണ്ട്‌    ചുറ്റിപ്പു‌ണര്‍ന്നു‌നില്‍ക്കുന്ന‌ ഒരു‌ വട‌വൃക്ഷത്തിനു‌മുകളിലിരുന്ന്‌ ഏതോ‌ പേരറിയാപ്പക്ഷി‌  അലൗകികമായ‌ ഈ‌ണത്തില്‍‌  പാടിക്കൊണ്ടിരുന്ന‌  ദിവ്യ‌സംഗീതത്തിലലിഞ്ഞ്‌ ‌  ഞാന്‍‌ പിന്നേയും‌ ഏറെ‌നേരം‌‌ അവിടെ‌ നിന്നു‌.     ക‌ല്ല‌റകള്‍ക്കടിയിലേക്ക്‌  വേരുകളിറങ്ങിപ്പോയ‌ ആ‌ മരത്തിലിരുന്ന്‌   ക്ഷണിക ജീ‌വി‌തത്തിന്റെ‌ വ്യര്‍ഥതയെക്കുറിച്ചായിരിക്കുമോ‌  ആ‌ പക്ഷി‌ പാടിക്കൊണ്ടിരിക്കുന്നത്‌..?  

എല്ലാ‌ മനുഷ്യാവസ്ഥകളും‌  അസ്ഥിരങ്ങളാണെന്നറിയാതെ‌  ഓ‌രോ‌രുത്തരും‌  അവന‌വന്‍‌ കണ്ടെത്തിയ‌ ‌ശരിതെറ്റുകളിലൂടെ‌  നട‌ന്നുവന്ന്‌  അവസാനം‌ ഇവിടെ‌  അന്ത്യവിശ്രമം‌ കൊള്ളുന്നു‌. ഈ‌ മണ്ണിൽ‌ ശരീരമുപേക്ഷിച്ച്‌  തിരിച്ചുനടന്നവരുടെ‌  ശരിതെറ്റുകള്‍‌  അളന്നുനോക്കാനുള്ള‌ മാപിനി‌ എന്റെ‌ കയ്യിലില്ല‌.

‌നന്മതിന്മ‌കളുടെ‌ കണക്കെടുക്കുന്നവന്‍‌  നീതിമാനായ‌ ദൈവമാണ്‌‌! അവന്റെ‌ മുമ്പിലേക്ക്‌ 

ഞാനും‌  നടന്നെത്തുന്നത്‌ വരെ‌  ഈ‌  ഓര്‍മ്മകളും‌ മറവിയുടെ‌ അഗാധമായ‌ ഗര്‍ത്തത്തിലേക്കാണ്ടുപോവ‌ട്ടെ‌!

പിതാവിനെപ്പോലെ‌ അവസാന‌ ശ്വാസവും‌ ഈ‌  മണ്ണിലുപേക്ഷിച്ച്‌ 

ഞാനുമൊരി‌ക്കല്‍‌ തിരിച്ചുപോകും‌. ആ‌ ദിവസം‌ ഒരു‌ ജനാസ‌ കൂടി‌ അവഗണിക്കപ്പെടാതിരിക്കാന്‍‌, ജീവിതകാലമത്രയും‌ ഞാന്‍‌  ശാന്തമായുറങ്ങിയ‌ വഴിയോരത്ത്‌‌   എനിക്കുമാത്രമായി‌  ആറടി മണ്ണൊരുക്കിവെക്കണമെന്നൊരു‌  മോഹം‌ ഞാനിന്നും‌ മനസ്സില്‍‌  സൂക്ഷിക്കുന്നുണ്ട്‌. ‌ 

.........................................

റസാഖ് വഴിയോരം

.........................................

Re 02 2022


No comments:

Post a Comment