അധ്യായം - 14
...............................................................
കാലം നടന്നുപോയ വഴികള്‍ !
...............................................................
ഓര്‍മകളുടെ ഓളങ്ങളിലൂടെ ഏതു ദിക്കിലേക്കു തുഴഞ്ഞുപോയാലും അവസാനം ഞാനെത്തിപ്പെടുന്നത് എന്റെ ബാല്യകാലം നീന്തിക്കുളിച്ച പ്രശാന്തസുന്ദരമായ ആ ഇരുവഞ്ഞിപ്പുഴയുടെ തീരത്തുതന്നെയായിരിക്കും.
തെളിനീര്‍കണ്ണാടിയില്‍ മുഖം നോക്കി, മഞ്ഞനിറമുള്ള മുളങ്കൂട്ടങ്ങള്‍ക്കിടയിലൂടെ പുഴയിലേക്ക് ചാഞ്ഞുകിടക്കുന്ന പേരമരക്കൊമ്പില്‍ ഞാൻ ചെന്നിരിക്കും.
അസ്തമയശോഭയില്‍ മുങ്ങിക്കുളിച്ച് തെങ്ങിന്‍തലപ്പുകള്‍ക്കിടയിലൂടെ സൂര്യന്‍ പതിയെ താഴ്ന്നിറങ്ങുമ്പോള്‍ ഇരുവഴിഞ്ഞിപ്പുഴയിലെ കുഞ്ഞോളങ്ങളില്‍ വിഷാദം പരക്കും. അപ്പോൾ
ഇരുട്ട് പുതച്ചുതുടങ്ങുന്ന പുഴവക്കത്തെ പൊന്തക്കാടുകളിലേക്ക് അന്തിസ്വപ്നങ്ങള്‍ കൊത്തിപ്പെറുക്കാന്‍ ഇണക്കൊക്കുകള്‍ കൂടണയും.
നിറം മങ്ങിയ ഒരു പകല്‍ കൂടി എന്നോട് വിടപറയാനൊരുങ്ങിയപ്പോൾ എന്റെ കൗമാരവിഹ്വലതകളുടെ വള്ളിപ്പടര്‍പ്പുകളിലേക്ക് ഒരുകൂട്ടം ഋണാത്മകചിന്തകള്‍ പറന്നിറങ്ങി.
എന്റെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നു തരാന്‍ ആരുമില്ലെന്നും പഠിച്ചുയരാന്‍ എനിക്കാവില്ലെന്നും ഞാന്‍ തിരിച്ചറിയുന്ന കാലമായിരുന്നു അത്.
എട്ടാം ക്ലാസ്സിലേക്ക് ഓര്‍ഫനേജില്‍ വന്നു ചേര്‍ന്നപ്പോള്‍ പഠനത്തിലുള്ള എന്റെ ആത്മവിശ്വാസം പൂര്‍ണ്ണമായും തകര്‍ന്നുകഴിഞ്ഞിരുന്നു.
സ്കൂള്‍ വഴികളില്‍ അപകര്‍ഷതാബോധം ഒരു നിഴല്‍ പോലെ എന്നെ പിന്തുടര്‍ന്നു. ഓരോ പരീക്ഷകള്‍ കഴിയുമ്പോഴും നിരാശയുടെ ആഴമുള്ള ഗര്‍ത്തത്തിലേക്ക് ഞാന്‍ പതിയെ താണുപോയി.
പരീക്ഷകള്‍ അടുത്തുവരുമ്പോള്‍ ക്ലാസ്സില്‍ നാന്നായി ശ്രദ്ധിക്കാന്‍ ഞാന്‍ പലപ്പോഴും ശ്രമിച്ചുനോക്കി. പഠിക്കാന്‍ നല്ല ആഗ്രഹമുണ്ടായിരുന്നെങ്കിലും ടീച്ചര്‍ പഠിപ്പിക്കുന്ന പാഠങ്ങളൊന്നും എനിക്ക് മനസ്സിലായില്ല.
പുലര്‍ച്ചെ സുബഹ്‌ബാങ്ക് കേട്ടുണര്‍ന്ന് പള്ളിയിലേക്ക് പോകണം. പിന്നെ മെസ്സില്‍ പോയി ഒരു കട്ടന്‍ ചായ. ചൂടാണെങ്കിലും തണുപ്പാണെങ്കിലും രാവിലെത്തന്നെ പുഴയില്‍ പോയി കുളിക്കണം. മുങ്ങിക്കുളിച്ചാലും നീന്തിക്കുളിച്ചാലും ഉറക്കച്ചടവ് മാറീട്ടുണ്ടാവില്ല.
അതുകഴിഞ്ഞ് മെസ്സില്‍ പോയി കഞ്ഞികുടിച്ച് വീണ്ടും സ്കൂളിലേക്ക്. ഇതായിരുന്നു അനാഥാലയത്തിലെ ദിനചര്യ.
ക്ലാസ്സെടുത്തുകൊണ്ടിരിക്കുമ്പോള്‍ ബെഞ്ചിന്റെ ഒരു മൂലയിലിരുന്ന് ഞാന്‍ ഉറങ്ങും.
സുന്ദരസ്വപ്നങ്ങള്‍ മേഞ്ഞുനടക്കുന്ന എന്റെ മൊട്ടത്തലയിലേക്ക് ടീച്ചറുടെ കയ്യിലുള്ള ചോക്കുകഷ്ണം ശക്തിയായി തട്ടിത്തെറിക്കുമ്പോഴാണ് ഞാന്‍ ഞെട്ടിയുണരുക.
അപ്പോള്‍ ബ്ലാക്ക് ബോര്‍ഡിലെന്തോ എഴുതിക്കൊണ്ട് ടീച്ചര്‍ പറയും:
''ഇനി എന്റെ ക്ലാസ്സിലിരുന്നുറങ്ങരുത്.''
പിന്നേയും പല ദിവസങ്ങളിലായി അനേകം ചോക്കുകഷ്ണങ്ങള്‍ എന്റെ തലയില്‍ തട്ടി ക്ലാസ്സിലെ പൊട്ടിച്ചിരികള്‍ക്കിടയിലേക്ക് തെറിച്ചുവീണു.
അരക്കൊല്ലപ്പരീക്ഷക്ക് ചോദ്യം തന്നെ തലതിരിച്ചെഴുതി ഉത്തരക്കടലാസ് നിറച്ചു. കൊല്ലപ്പരീക്ഷയെ അഭിമുഖീകരിക്കാനുള്ള ധൈര്യവുമില്ല.
ക്ലാസ്സിലും റൂമിലുമിരുന്ന് പരീക്ഷയില്‍ നിന്ന് രക്ഷപ്പെടാനുള്ള പല വഴികളും ഞാന്‍ ആലോചിച്ചുകൊണ്ടിരുന്നു.
അവസാനം മായിന്‍ കുട്ടിയാണ് രക്ഷപ്പെടാനുള്ള ആ വഴി പറഞ്ഞു തന്നത്:
'യത്തീം ഖാനയില്‍ നിന്ന് ചാടിപ്പൊവുക'
അവന്‍ കൂടെയുള്ള ധൈര്യത്തില്‍ ഞാനും സമ്മതിച്ചു. യത്തീം ഖാനയില്‍ നിന്ന് ചാടിപ്പൊവുക തന്നെ!
പക്ഷെ നാട്ടിലേക്കു പോയാല്‍ ആരെങ്കിലും ഇവിടേക്കുതന്നെ പിടിച്ചുകൊണ്ടുവരുമെന്ന് ഞാന്‍ ഭയപ്പെട്ടു.
പലപ്പോഴും പല കുട്ടികളും ഇവിടെ നിന്ന് ചാടിപ്പോയിട്ടുണ്ട്. നാട്ടിൽനിന്ന് ആരെങ്കിലുമവരെ ഓർഫനേജിലേക്കുതന്നെ പിന്നേയും തിരിച്ചുകൊണ്ടുവരും. അടുത്ത ദിവസം തല മൊട്ടയടിച്ച് അവര്‍ ഓഫീസിനുമുമ്പില്‍ അപമാനിതരായി നില്‍ക്കുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്.
ഏതായാലും ആര്‍ക്കും കണ്ടെത്താന്‍ കഴിയാത്ത ഏതോ നാട്ടിലേക്ക് പോകുന്നതാണ് നല്ലതെന്നൊരു ചിന്ത എന്റെ തലയിലുദിച്ചു.
രാത്രി പോയാല്‍ ആരും കാണുകയില്ലെങ്കിലും പക്ഷെ ബസ്സ് കിട്ടുകയില്ല. പകലു പോയാല്‍ കിട്ടുന്ന ബസ്സില്‍ കയറി രക്ഷപ്പെടാമെന്ന് മായിൻ കുട്ടിയാണ് ധൈര്യം തന്നത്.
അങ്ങനെ മതിലു ചാടുന്നതും ബസ്സില്‍ കയറുന്നതുമൊക്കെ മനസ്സില്‍ സങ്കല്പിച്ച് ഓരോ ദിവസവും കഴിച്ചു കൂട്ടി. അതിനിടയില്‍ ചാടിപ്പോകുന്നത് കണ്ടാല്‍ പോലീസ് പിടിക്കുമോ എന്നൊരു ഭയവും എന്നെ പിടികൂടി.
കൊല്ലപ്പരീക്ഷക്ക് ഇനി ഏതാനും ദിവസങ്ങള്‍ കൂടി മാത്രമേ ബാക്കിയുള്ളൂ. പെട്ടന്ന് ഒരു തീരുമാനമെടുക്കാന്‍ ധൈര്യമില്ലാതെ ഞാന്‍ വിഷമിച്ചിരിക്കുമ്പോഴാണ് 'ചൊറി'യുടെ രൂപത്തില്‍ ഭാഗ്യം എന്നെ തേടിവന്നത്.
എനിക്ക് ചൊറി പിടിച്ചു.
ചൊറിയെന്നു പറഞ്ഞാല്‍, കയ്യിലും കാലിലും ചുവന്ന കുരുമുളകുമണികള്‍ പോലെയുള്ള കുരുക്കള്‍. കൈവിരലുകള്‍ക്കിടയിലെ കുരുക്കള്‍ ക്രമേണ പഴുത്തുവരുന്നത് ഞാന്‍ ആകാംക്ഷയോടെ നോക്കിനിന്നു.
യത്തീംഖാനയുടെ 'ഔദ്യോഗിക' ദീനമായിരുന്നു ചൊറി. ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ അത് എല്ലാ കുട്ടികളേയും പിടികൂടുകതന്നെ ചെയ്യും. എന്റെ കാര്യത്തില്‍ തികച്ചും വേണ്ടപ്പെട്ടൊരു സമയത്ത് അതെന്നെ പുണർന്നുവെന്നുമാത്രം. മഹാഭാഗ്യം!
ഇനി സ്കൂള്‍ ക്ലാസ്സിലേക്കൊന്നും പൊകാതെ പകല്‍സമയം റൂമില്‍ സുഖമായി കിടന്നുറങ്ങാനുള്ള കാരണമായി.
സീമൗലവിയുടെ അടുത്ത് കുപ്പിയില്‍ നിറച്ചുവെച്ച വയലറ്റ് നിറമുള്ള ചൊറിമരുന്ന് വാങ്ങി അതിൽ കോഴിത്തൂവലിന്റെ അറ്റം മുക്കി നാലഞ്ച് ദിവസം തേച്ചിട്ടും ദൈവസഹായം കൊണ്ട് ചൊറി മാറിയില്ല.
അവസാനം രോഗി ഇച്‌ഛിച്ച പോലെത്തന്നെ സംഭവിച്ചു. എനിക്ക് നാട്ടില്‍ പോകാന്‍ സമ്മതം കിട്ടി.
വാര്‍ഡന്‍ പറഞ്ഞു:
''നാട്ടിൽ പോയി സുഖമായിട്ട് പരീക്ഷക്കുമുമ്പു തന്നെ മടങ്ങിയെത്തണം''
ഏതായാലും അന്നുതന്നെ ഞാൻ യത്തീം ഖാനയോട് യാത്രപറയാനൊരുങ്ങി. ഞാൻ പെട്ടിസാധനങ്ങളെടുത്ത് റുമിൽനിന്നും പുറത്തിറങ്ങുമ്പോൾ ചൊറിപിടിക്കാത്ത ഭാഗ്യഹീനരായ പല കുട്ടികളും എന്നെ അസൂയയോടുകൂടി നോക്കിനില്‍ക്കുന്നുണ്ടായിരുന്നു.
അഴുക്കുപിടിച്ച വെള്ളത്തുണിയും മടക്കിക്കുത്തി ഇരുമ്പ് പെട്ടിയും തൂക്കിപ്പിടിച്ച് ഒരു വിധത്തില്‍ ഞാന്‍ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍ ഉമ്മ ചുമരില്ലാത്ത അടുക്കളയിലിരുന്ന് മുറത്തിലെ അരിയില്‍ നിന്ന് കല്ലുപെറുക്കുകയായിരുന്നു.
അപ്രതീക്ഷിതമായി എന്നെ കണ്ട ഷോക്കില്‍ ഉമ്മ കുറച്ചുസമയം അനങ്ങാതെ എന്നെത്തന്നെ നോക്കിയിരുന്നു. ആ നോട്ടത്തിലേക്ക് എന്റെ രണ്ടു ചൊറിക്കൈകളും ഞാന്‍ അഭിമാനപുരസ്സരം നീട്ടിക്കാണിച്ചു. ഉമ്മ മുറം താഴെയിട്ട് 'ശ്..ശ്..' എന്നൊരു ശബ്ദം വായിലൂടെ ഉള്ളിലേക്ക് വലിച്ചെടുത്തുകൊണ്ട് എഴുന്നേറ്റു.
അന്നു വൈകുന്നേരം ഉമ്മ എന്നേയും കൂട്ടി പുഴക്കടവിലെത്തി. എന്നോട് യാതൊരു പരിചയവും കാണിക്കാതെ ഒഴുകിക്കൊണ്ടിരിക്കുന്ന പുഴയെ നോക്കി ഞാന്‍ അലക്കുകല്ലിലിരുന്നു.
മുറിച്ച ചകിരിയില്‍ സാബൂന്‍ തേച്ചുപിടിപ്പിച്ച് മുട്ടോളം വെള്ളത്തിലേക്കിറങ്ങിനിന്ന് ഒരു മുന്‍പരിചയവും കാണിക്കാതെ ഉമ്മ എന്നോട് കൈ നീട്ടാന്‍ ആഗ്യം കാണിച്ചു. ഞാന്‍ നിഷേധഭാവത്തില്‍ കൈകള്‍ പരമാവധി പിന്നിലേക്ക് മറച്ചുപിടിച്ചു. അവസാനം രണ്ടും കല്പിച്ച് ഒരു തേങ്ങിക്കരച്ചിലോടെ കണ്ണുകൾ മുറുക്കിയടച്ച് ഞാൻ രണ്ടു കൈകളും ഉമ്മയുടെ നേർക്ക് നീട്ടി.
പിന്നെ ചൊറിക്കൈകളില്‍ മുറിച്ചകരി ചടുലതാണ്ഡവമാടി. എനിക്കുചുറ്റിലും പരല്‍മീനുകള്‍ തുള്ളിച്ചാടി. വേദനയില്‍ ഞാന്‍ വളഞ്ഞുപുളഞ്ഞു.
ഇടക്കെപ്പൊഴോ ഉമ്മയുടെ ശ്രദ്ധയൊന്നു തെറ്റിപ്പോയ ഒരസുലഭമുഹൂര്‍ത്തത്തില്‍ ഒരുവിധം കുതറിമാറി ഞാന്‍ കരയിലേക്ക് ചാടിക്കയറി. പിന്നെ മുണ്ടുടുക്കാന്‍ പോലും സമയം പാഴാക്കാതെ ശരവേഗത്തില്‍ വീട്ടിലേക്കോടി.
ഓടിക്കിതച്ച് ഞാന്‍ വീടിന്റെ കോലായിലെ സിമന്റുതിണ്ണയില്‍ പോയി കിടന്നു. ഇടക്കെപ്പൊഴോ ഒന്നു മയങ്ങിപ്പോയി. പെട്ടന്ന് ഞെട്ടിയുണര്‍ന്ന് കണ്ണുതുറന്നു നോക്കുമ്പോള്‍ വലിയൊരു അലൂമനിയം പാത്രത്തില്‍ തിളപ്പിച്ച ഉപ്പുവെള്ളവുമായി ഉമ്മ മുന്നില്‍ നില്‍ക്കുന്നു. ഭിന്നഭാവങ്ങള്‍ എന്റെ മുഖത്ത് മിന്നിമറിഞ്ഞു. പിന്നെ മുറ്റത്തെ
ചെറിയൊരു മരപ്പലകയില്‍ എന്നെ കൊണ്ടുപോയി ഇരുത്തിയ ശേഷം എന്റെ രണ്ടു കുഞ്ഞിക്കൈകളും പിടിച്ച് ഉപ്പുവെള്ളത്തില്‍ മുക്കിക്കൊണ്ട് ഉമ്മ പറഞ്ഞു:
''ബേകം സൊകാവും''
ഒരിറ്റു വൈദ്യശാസ്ത്രമോ ഡെര്‍മറ്റോളജിയോ പഠിക്കാതെ വെറും രണ്ടേരണ്ടു ദിവസങ്ങള്‍കൊണ്ട് ഉമ്മ എന്റെ കയ്യിലെ ചൊറി പൂര്‍ണ്ണമായും സുഖപ്പെടുത്തി.
പക്ഷെ ആ സുഖപ്പെടുത്തല്‍ എനിക്കു നല്ലതിനല്ലെന്ന് ഞാന്‍ മനസ്സിലാക്കി. കാരണം ചൊറി മാറിയാല്‍
പരീക്ഷക്കുമുമ്പ് തന്നെ യത്തീം ഖാനയിലേക്കു മടങ്ങിപ്പോകേണ്ടിവരും.
അങ്ങനെ ഞാന്‍ എട്ടാം ക്ലാസ്സിലെ കൊല്ലപ്പരീക്ഷയില്‍നിന്ന് രക്ഷപ്പെടാനുള്ള പല തന്ത്രങ്ങളുമാലോചിച്ചുകൊണ്ട് അകത്തും കോലായിലും അങ്ങോട്ടുമിങ്ങോട്ടും നടന്നു. പിന്നെ തോര്‍ത്തുമുണ്ടെടുത്ത് പുഴയിലേക്കോടി,
എന്റെയെല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരവും സാന്ത്വനവും പകര്‍ന്നുതന്നിരുന്ന ഇരുവഞ്ഞിപ്പുഴയിലേക്ക്.
സന്തോഷമുണ്ടായാലും ദു:ഖമുണ്ടായാലും ഞാന്‍ ആദ്യം അവിടേക്കാണോടിയെത്തുക.
അങ്ങനെയുള്ള അശാന്തമായ ഒരു വൈകുന്നേരം ഞാന്‍ പുറമണ്ണില്‍ കടവിലെ പേരമരത്തില്‍ ആലോചനയില്‍ മുഴുകിയിരിക്കുകയായിരുന്നു. അന്നേരം അക്കരെനിന്ന് പുഴയിറങ്ങി ഒരാള്‍ ഇക്കരേക്ക് നടന്നുവരുന്നതുകണ്ടു. തലയിലെ ചൂരല്‍കൊട്ട കണ്ടപ്പോള്‍ എനിക്കാളെ പെട്ടന്ന് മനസ്സിലായി, 'ഉണ്ണിമോയ്യ്യാക്ക!'
പുറമണ്ണില്‍ കടവിനു തൊട്ടടുത്താണ് ഉണ്ണിമോയ്യ്യാക്കയുടെ വീട്. എന്നും രാവിലെ അയാൾ തലയില്‍ ഒരു ഉരുണ്ട ചൂരൽകുട്ടയും വെച്ച് നാട്ടുമ്പുറത്തെ ഇടവഴികളിലൂടേയും നടവഴികളിലൂടേയും നടന്നുപോകും. ഒരോ വീടിന്റെ മുമ്പിലെത്തുമ്പോഴും അയാള്‍ ഉറക്കെ വിളിച്ചു ചോദിക്കും :
''കോയിമുട്ടണ്ടോ..? കോയ്‌മുട്ടണ്ടോ..?''
അപ്പോള്‍ കയ്യിൽ കോഴിമുട്ടകളുമായി ഓലമേഞ്ഞ ചായ്പ്പുകളില്‍ നിന്ന് പെണ്ണുങ്ങള്‍ പുറത്തേക്കിറങ്ങിവരും.
മുട്ടയോരോന്നും എണ്ണിവാങ്ങി കരുതലോടെ കുട്ടയില്‍ അടുക്കിവെച്ച് അഞ്ചു പൈസയുടേയും പത്തു പൈസയുടേയും ചില്ലറത്തുട്ടുകള്‍ എണ്ണിക്കൊടുക്കുന്നതിനിടയിൽ അടുത്ത വീട്ടിലേക്ക് വിളിച്ചുചോദിക്കും:
''കോയിമുട്ടണ്ടോ..? കോയ്‌മുട്ടണ്ടോ..?''
അങ്ങനെ നാട്ടിലെ ഓരോ വീടുകളും കയറിയിറങ്ങി ഒരുക്കൂട്ടുന്ന കോഴിമുട്ടകള്‍ കുട്ടയിലാക്കി മാവൂര്‍ കമ്പനി കോട്ടേഴ്‌സില്‍ കൊണ്ടുപോയി വിറ്റാണ് അദ്ദേഹം കഴിഞ്ഞിരുന്നത്.
ഉമ്മയുടെ കൂടെ വാഴക്കാട്ടേക്കു പോകുമ്പോള്‍ ആ സ്ഥലങ്ങൾ ഞാന്‍ കണ്ടിട്ടുണ്ട്. മൂന്നും നാലും നിലകളുള്ള മഞ്ഞനിറത്തിലുള്ള ആ കോട്ടേഴ്‌സുകളിലാണ് ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറിയിലെ തൊഴിലാളികള്‍ താമസിക്കുന്നത്. എളമരം കടവു മുതല്‍ മാവൂര്‍ വരെ പരന്നുകിടക്കുന്ന ആ കെട്ടിടങ്ങൾക്കിടയിലൂടെയങ്ങനെ കടന്നുപോകുമ്പോള്‍ ഏതോ ഒരു വലിയ നഗരത്തിലൂടെ നടന്നുപോകുന്നതുപോലെ തോന്നും.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ പല ഭാഷകളും പല വേഷങ്ങളുമുള്ള ആ തൊഴിലാളികളെ കാണുന്നത് മനോഹരമായൊരു കാഴ്ചയായിരുന്നു. വലിയ തലപ്പാവും നീണ്ട താടിയുമൊക്കെയുള്ള പഞ്ചാബികളെന്നും സിക്കുകാരെന്നും വിളിക്കുന്ന ആളുകളും അക്കൂട്ടത്തിലുണ്ട്.
കമ്പനിയില്‍ നിന്ന് പലപ്പോഴായി ഉച്ചത്തില്‍ സൈറണ്‍ മുഴങ്ങും. ഡ്യൂട്ടി ഷിഫ്റ്റ് ചെയ്യാനുള്ള സമയമായെന്ന് അറിയിക്കാനുള്ളതാണ് ആ വിസില്‍. അപ്പോൾ കാലുറയും നല്ല കുപ്പായവുമിട്ട തൊഴിലാളികള്‍ കോര്‍ട്ടേഴ്‌സില്‍ നിന്നിറങ്ങി വരുന്നത് കാണാം. മനോഹരമായി സാരിയുടുത്ത് ഹിന്ദി സംസാരിക്കുന്ന പെണ്ണുങ്ങള്‍ ഫ്ലാറ്റിനുമുകളിലുള്ള ബാല്‍ക്കണിയില്‍ നിന്ന് അവരെ യാത്രയാക്കാനെന്നോണം താഴേക്ക് നോക്കിനില്‍ക്കുന്നുണ്ടാവും.
വൃത്തിയായി മുടി ചീകിയൊതുക്കി, നീലയും വെള്ളയും നിറമുള്ള യൂണിഫോം ധരിച്ച ആണ്‍കുട്ടികളും പെണ്‍കുട്ടികളും ബേഗുകള്‍ തൂക്കിപ്പിടിച്ച് കമ്പനിസ്കൂളുകളിലേക്ക് നടന്നുപോകും.
നല്ല ശമ്പളം വാങ്ങുന്ന തൊഴിലാളികളുടെ മക്കള്‍ക്ക് പഠിക്കാന്‍ അവിടെ മികച്ച സൗകര്യങ്ങളുള്ള സ്കൂളുകളുണ്ടായിരുന്നു.
വീതികൂടിയ റോഡുകളിലൂടെ കമ്പനിയിലേക്ക് മുളയും മരങ്ങളും കയറ്റിപ്പോകുന്ന എട്ടുചക്രലോറികള്‍ മാവൂരിലൂടെ ഇടതടവില്ലാതെ ഓടിക്കൊണ്ടിരിക്കും. ഫോട്ടോസ്റ്റുഡിയോകള്‍, വലിയ പലചരക്കു കടകള്‍, ടെക്സ്റ്റയില്‍ ഷോപ്പുകള്‍, ഫ്രൂട്‌സ് പച്ചക്കറി കടകൾ, മല്‍സ്യ മാംസ മാര്‍ക്കറ്റുകള്‍ എല്ലാമുള്ള തിരക്കുപിടിച്ച മാവൂരങ്ങാടിയോട് ചേർന്ന്
ടാക്സിയോടുന്ന അംബാസ്സഡര്‍ കാറുകള്‍ വരിവരിയായി നിര്‍ത്തിയിട്ടിരിക്കുന്നത് കാണാം.
കമ്പനിപ്പണിക്കാര്‍ക്ക് ശമ്പളം കിട്ടുന്ന ദിവസമായാല്‍ മാവൂര്‍ അങ്ങാടിയിലെ പലചരക്കു കടയിലും മീന്‍ മാര്‍ക്കറ്റിലുമൊക്കെ നല്ല തിരക്കായിരിക്കും. ഫ്രൂട്സ് വില്‍ക്കുന്ന കടകളൊക്കെ പലതരത്തിലുള്ള പഴങ്ങൾ കൊണ്ട് നിറയും. ചുവന്നുതുടുത്ത ഓരോരോ ആപ്പിളുകള്‍ വെളുത്ത നൂലുകളില്‍ ഫ്രൂട്സ് കടകൾക്കുപുറത്ത് കെട്ടിത്തൂക്കിയിട്ടിരിക്കുന്നത് കാണുമ്പോള്‍ കൊതിതോന്നും.
വാഴക്കാട്ടേക്ക് ഉമ്മയുടെ കൂടെ നടന്നുപോകുമ്പോള്‍ നൂലില്‍ കെട്ടിത്തൂക്കിയ ആപ്പിളിലേക്ക് വിരല്‍ ചൂണ്ടി ഞാന്‍ ഉമ്മയുടെ കണ്ണിലേക്കു നോക്കിനിന്നിട്ടുണ്ട്. അപ്പോള്‍ ഉമ്മ പറയും:
''അതൊക്കെ കമ്പനിപ്പണിക്കാര്‍ക്ക്‌ള്ളതാ..''
നാട്ടിന്‍പുറത്തൊന്നും അന്ന് ഫ്രൂട്സ് കടകളുണ്ടായിരുന്നില്ല. ഒരു ആപ്പിളിന്റെ രുചിയറിയാനുള്ള കുഞ്ഞുമോഹവും ഉള്ളിലൊളിപ്പിച്ച് ഉമ്മയുടെ കറുത്ത ബുർഖയുടെ നിഴല്‍പ്പറ്റി ഒന്നും മിണ്ടാതെ ഞാന്‍ നടന്നുപോകും.
മാവൂരില്‍നിന്ന് ഗ്രാസിം കമ്പനിയുടെ അടുത്തുകൂടിനടന്ന് ചാലിയാര്‍പ്പുഴയിലെ മണന്തലക്കടവിലെത്തി തോണി കയറിവേണം വാഴക്കാട്ടേക്കെത്താന്‍. അങ്ങനെ നടന്നുപോകുമ്പോൾ ഉയരത്തിൽ നീണ്ടുനിൽക്കുന്ന കൂറ്റന്‍ പുകക്കുഴലുകളിലൂടെ വലിയ ഇരമ്പലോടെ കറുപ്പും വെളുപ്പുമുള്ള പുകച്ചുരുളുകള്‍ ആകാശത്തേക്ക് ഉയർന്നുപോകുന്നത് കാണാം. അങ്ങിനെ ഉയര്‍ന്നുപോകുന്ന പുകയാണ് ആകാശത്ത് പഞ്ഞിക്കെട്ടുകള്‍ പോലെയുള്ള മേഘക്കൂട്ടങ്ങളായി മാറുന്നതെന്ന് ഞാന്‍ വിശ്വസിച്ചു.
ചാലിയാര്‍ കടവിനടുത്തെത്തുമ്പോൾ ഗ്രാസിം കമ്പനിയിലേക്കുള്ള വലിയ ഗെയ്റ്റ് കാണാം. അവിടെ വലിയ കൂണുകള്‍ പോലെയുള്ള കൂടാരങ്ങളിൽ സെക്യൂരിറ്റി പോലീസുകാര്‍ നില്‍ക്കുന്നുണ്ടാവും. അവർക്ക് മുമ്പിലൂടെയാണ് തൊഴിലാളികള്‍ വരുന്നതും പോകുന്നതും.
കുപ്പായക്കോളറിനുപിന്നില്‍ വളഞ്ഞ കാലന്‍കുടയും തൂക്കിയിട്ട് കമ്പനിയില്‍ നിന്നും ജോലികഴിഞ്ഞിറങ്ങിവരുന്ന തൊഴിലാളികളില്‍ ചിലര്‍ മാവൂര്‍ ഭാഗത്തേക്ക് നടന്നുപോകും. മറ്റുചിലര്‍ കടവിനടുത്തേക്ക് നടന്നുപോകുമ്പോൾ തോണിക്കാരൻ കേൾക്കാനായി ഉച്ചത്തിൽ 'കൂയ്..' എന്നൊരു ശബ്ദമുണ്ടാക്കും.
ആളുകള്‍ പുഴവക്കത്തെ ചെളിനിറഞ്ഞ നടവഴിയിലൂടെ ഓടിവന്ന്, വെള്ളത്തിൽ ചവിട്ടി, തോണിയിലേക്ക് ധൃതിയില്‍ ചവിട്ടിക്കയറുന്നതും നോക്കി തോണിയുടെ തുഞ്ചത്ത് പങ്കായവും കുത്തിപ്പിടിച്ച് തോണിക്കാരന്‍ ഇരിക്കുന്നുണ്ടാവും.
വീതികുറഞ്ഞ തോണിയുടെ രണ്ടു വക്കുകളിലുമായി കൂടുതല്‍ ആളുകള്‍ തിങ്ങിയിരിക്കുന്നതിനനുസരിച്ച് തോണിയുടെ മുകള്‍ ഭാഗം വെള്ളത്തിനു സമാന്തരമായി താഴാൻ തുടങ്ങും. അപ്പോൾ ദൂരത്തുനിന്ന് നോക്കുന്നവര്‍ക്ക് ആളുകള്‍ വെള്ളത്തില്‍ നിരനിരയായി ഇരിക്കുന്നതുപോലെയാണ് തോന്നുക. ഏതു സമയവും ആളുകൾ വെള്ളത്തിൽ മുങ്ങിപ്പോകുമെന്ന് തോന്നുമെങ്കിലും അതൊന്നുമാലോചിക്കാതെ തൊഴിലാളികള്‍ ബോണസ്സിന്റേയും അലവന്‍സിന്റേയുമൊക്കെ കണക്കുകള്‍ പറഞ്ഞ് കളിചിരികളോടെ മുഖത്തോടുമുഖം നോക്കിയിരിക്കും.
തോണി തുഴഞ്ഞെത്തി കരയോട് നന്നായി അടുക്കുന്നതിനുമുമ്പു തന്നെ അഞ്ചു പൈസയുടേയും പത്തു പൈസയുടേയുമൊക്കെ നാണയ്ത്തുട്ടുകള്‍ വെള്ളം കെട്ടിനില്‍ക്കുന്ന തോണിയുടെ കള്ളികളിലേക്കിട്ടുകൊടുത്തുകൊണ്ട് ആളുകൾ കരയിലേക്ക് ചാടിയിറങ്ങി വേഗത്തില്‍ നടന്നു പോകും.
കോരിച്ചൊരിയുന്ന മഴയത്തും കുത്തിയൊലിച്ചുപോകുന്ന വെള്ളപ്പൊക്കത്തിലും, വരുംതലമുറയുടെ അദൃശ്യബീജവാഹകരായ ഒരു ജനസഞ്ചയത്തെ മുങ്ങാതെ മറിയാതെ ചാലിയാറിനക്കരേക്കും ഇക്കരേക്കും തുഴഞ്ഞെത്തിച്ച നല്ലവരായ ആ തോണിക്കാരുടെ മുഖങ്ങള്‍, സുരക്ഷിതമായി കരപറ്റിക്കയറിപ്പോയവരുടെ ഓര്‍മ്മകളിലേക്ക് പിന്നീടെപ്പോഴെങ്കിലും തെളിഞ്ഞു വന്നിട്ടുണ്ടാവുമോ?
കാലനൈരന്തര്യത്തിന്റെ ഏതൊക്കെയോ സന്ധികളില്‍ പിറകെവരുന്ന ഒരു തലമുറയുടെ സ്വപ്നജീവിതത്തിന്
ആ പഴയ തലമുറ കാവലിരുന്നു. നമ്മുടെ സ്വപ്നസാക്ഷാല്‍ക്കാരങ്ങളിലേക്ക് നമുക്കെളുപ്പത്തിൽ ചെന്നെത്താൻ പാകത്തിൽ വഴികളൊരുക്കിവെച്ചാണ് അവരിൽ പലരും കാലതിരശ്ശീലക്കുപിന്നിലേക്ക് മറഞ്ഞുപോയത്. ആ വഴികളിലൂടെ നമ്മളനായാസം പാഞ്ഞുപോകുമ്പോൾ അവർക്കായി ഒരു മൗനപ്രാര്‍ത്ഥനയെങ്കിലും
മനസ്സിൽ ബാക്കിനിർത്തണം.
തോണിയിലിരിക്കുമ്പോള്‍ ചാലിയാറിനോടുചേര്‍ന്നുള്ള കുന്നിനുമുകളില്‍ വാഴക്കാട് യത്തീംഖാനയുടെ ഓടുമേഞ്ഞ കെട്ടിടം കാണാം. ആ കുന്നിനുമുകളില്‍നിന്ന് വെള്ളക്കുപ്പായവും തൊപ്പിയുമിട്ട അനാഥക്കുട്ടികൾ ചെമ്മണ്‍പാതയിറങ്ങി പുഴയിലേക്കിറങ്ങിവരുന്നത് നോക്കിനിന്നിട്ടുണ്ട്. അന്നൊന്നും ഞാനുമൊരിക്കല്‍ ഒരനാഥാലയത്തിലെ അന്തേവാസിയാകുമെന്ന് കരുതിയിരുന്നില്ല! കാലമേ.. നീ ഉള്ളിലൊളിപ്പിച്ചുവെച്ചിരിക്കുന്നത് ഇനിയുമെന്തെല്ലാം?
ഗ്രാസിം കമ്പനിയില്‍നിന്ന് രാസപദാര്‍ത്ഥങ്ങള്‍ കലര്‍ന്ന മലിനജലം വലിയ കുഴലുകളില്‍കൂടി ചാലിയാര്‍ പുഴയിലേക്ക് വന്നുപതിക്കുമ്പോള്‍ പുഴ ശരിക്കുമൊരു അഴുക്കുചാലായിമാറും. കറുത്തിരുണ്ട വെള്ളത്തിലൂടെ പഞ്ഞിക്കെട്ടുകള്‍ പോലെയുള്ള പതയൊഴുകിവരുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ തോണിയിലിരുന്ന് അത് കൈകള്‍ കൊണ്ട് തൊട്ട് നോക്കും. വേനല്‍ക്കാലങ്ങളിലെ വേലിയേറ്റസമയത്ത് ഇരുവഴിഞ്ഞിപ്പുഴയിലേക്കും ദുര്‍ഗന്ധവും കറുപ്പുനിറവുമുള്ള ഈ മലിനജലം കയറിവരും. അപ്പോൾ പുഴയിലെ മീനുകളും മറ്റു ജലജീവികളും ചത്തുപൊങ്ങിക്കിടക്കുന്നത് കാണാം.
എന്തൊക്കെയായാലും പട്ടിണിയുടേയും വറുതിയുടേയും അരക്ഷിതമായ ഒരു കാലത്ത് രാവും പകലും ഗ്രാസിം കമ്പനിയില്‍ ജോലി ചെയ്ത് നമ്മുടെ പഴയ തലമുറ നാടിന്റെ സാമ്പത്തിക വ്യവഹാരങ്ങള്‍ക്ക് ഉണര്‍വ്വേകി.
ഗള്‍ഫ് തൊഴില്‍ മേഖലകളെക്കുറിച്ചും പ്രവാസത്തെക്കുറിച്ചും കേട്ടു കേള്‍വിപോലുമില്ലാതിരുന്ന ഒരു കാലത്ത് ആ തലമുറയാണ് നമ്മുടെ പ്രദേശത്തെ ഇന്നത്തെ പുരോഗതിയിലേക്ക് കൈപിടിച്ചുനടത്തിയതെന്ന് പറയുന്നതിൽ തെറ്റില്ല.
പ്രദേശവാസികളായ അനേകമാളുകള്‍ക്ക് ജോലി നല്‍കിയിരുന്ന ഗ്രാസിം കമ്പനിയെ മലിനീകരണത്തിന്റെ പേരില്‍ ആദ്യമൊന്നും ആരും എതിര്‍ത്തില്ല. സമീപപ്രദേശങ്ങളിലുള്ള പലര്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസമോ ജോലിപരിചയമോ പരിഗണിച്ചായിരുന്നില്ല അവിടെ ജോലി ലഭിച്ചിരുന്നത്. എങ്കിലും അവർക്ക് കമ്പനിയിൽ നല്ല ജോലിയും ഉയർന്ന ശമ്പളവും കിട്ടി. അതവരുടെ ശരീര ഭാഷകളില്‍ നിന്ന് എളുപ്പത്തിൽ മനസ്സിലാക്കാനാവും.
ഗ്രാസിം കമ്പനിയില്‍ ഒരു ജോലികിട്ടുകയെന്നത് ഒരു സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനേക്കാളും വലിയ നേട്ടമായിരുന്നു അക്കാലത്ത്. കമ്പനി ജോലിക്കാര്‍ക്ക് നല്ല ശമ്പളത്തിനുപുറമെ ലെതര്‍ഷൂസും വസ്ത്രങ്ങളും കുടയും അതുപോലെ പാലും സൗജന്യമായി ലഭിച്ചിരുന്നു. തൊഴിലാളികള്‍ക്ക് കമ്പനി കാന്റീനില്‍ നിന്ന് നാലു പൈസക്ക് ചായയും ആറു പൈസക്ക് സ്നാക്സും എട്ടു പൈസക്ക് വയറുനിറയെ ഊണും ലഭിച്ചിരുന്നു.
എന്റെ നാട്ടിലുള്ള പലരും മാവൂര്‍ കമ്പനിയില്‍ ജോലിയുള്ളവരായിരുന്നു.
വൈകുന്നേരങ്ങളില്‍ ഒരു നീളന്‍ടോര്‍ച്ചും കക്ഷത്തില്‍ വെച്ച്, മഞ്ഞുകൊള്ളാതിരിക്കാന്‍ കമ്പിളി ഷാളുകൊണ്ട് തലയിലൊരു കെട്ടും കെട്ടി, ചെത്തുവഴികളില്‍ക്കൂടി സിഗരറ്റ് വലിച്ചുകൊണ്ട് അവരങ്ങനെ നടന്നുപോകുമായിരുന്നു.
വൈദ്യുതിയെത്തീട്ടില്ലാത്ത നാട്ടിലെ ഇടവഴികളില്‍കൂടി ആറു കട്ടകളുള്ള ടോര്‍ച്ചടിച്ചുകൊണ്ട് കമ്പനിപ്പണിക്കാർ നടന്നുവരുമ്പോൾ രാത്രി മദ്രസ വിട്ടുവരുന്ന കുട്ടികളായ ഞങ്ങള്‍ ആകാശത്തേക്ക് ടോര്‍ച്ചടിച്ചു കാണിക്കാന്‍ അവരോട് ആവശ്യപ്പെടുമായിരുന്നു. അപ്പോള്‍ ആകാശത്തിന്റെ വിദൂരതയിലേക്ക് ഒരു കുഴല്‍ പോലെ നീണ്ടുപോകുന്ന വെളിച്ചത്തിന്റെ അറ്റത്ത് ഞങ്ങള്‍ ആകാശത്തിന്റെ അതിരുകള്‍ കാണുമായിരുന്നു.
പുതുവല്‍സരാഘോഷങ്ങളിലും ദീപാവലിക്കുമൊക്കെ കോര്‍ട്ടേഴ്‌സുകള്‍ ദീപാലംകൃതമായിരിക്കും. ബാല്‍ക്കണികളില്‍ പല വര്‍ണ്ണത്തിലും വലിപ്പത്തിലുമുള്ള കടലാസ് നക്ഷ്ത്രങ്ങള്‍ തൂങ്ങിക്കിടക്കും.
നിയോണ്‍ വെളിച്ചത്തില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്ന കോട്ടേഴ്‌സുകള്‍ക്കിടയിലൂടെ ഞങ്ങളുടെ നാട്ടിലേക്കുള്ള അവസാന ബസ്സില്‍ രാത്രി ഷിഫ്റ്റ് കഴിഞ്ഞുവരുന്ന യൂണിഫോമിട്ട കമ്പനിപ്പണിക്കാര്‍ ധാരാളമുണ്ടാവും. അവര്‍ ഇടക്കിടെ വെള്ളിച്ചെയിനുള്ള വാച്ചിലേക്കും പുറത്തേക്കും നോക്കി ഗമയോടെ ബസ്സിന്റെ സീറ്റിലങ്ങനെ ചാരിയിരിക്കുന്നത് തെല്ലൊരാരാധനയോടെ ഞാന്‍ പലപ്പോഴും നോക്കിനിന്നിട്ടുണ്ട്.
രാത്രി സമയങ്ങളില്‍ ചേരാംകുന്നിനു മുകളില്‍നിന്ന് മഞ്ഞ വെളിച്ചത്തില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്ന കമ്പനിയുടെ മനോഹര ദൃശ്യം കണ്ടാൽ ആകാശത്തുള്ള ആയിരം നക്ഷത്രങ്ങള്‍ കുന്നിനു മുകളിലേക്കിറങ്ങിവന്നതാണെന്നുതോന്നും. ചുവപ്പും മഞ്ഞയും കലര്‍ന്ന പ്രകാശത്തില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്ന കമ്പനിയുടെ പ്രതിബിംബങ്ങള്‍ ചാലിയാര്‍ പുഴയിലെ കുഞ്ഞോളങ്ങളില്‍ ഞൊറികളായി ഇളകിക്കൊണ്ടിരിക്കുന്നത് അതിമനോഹര കാഴ്ചയായിരുന്നു.
ചിലപ്പോള്‍ ഗ്വാളിയോറയോണ്‍സ് ചുറ്റിക്കാണാന്‍ ബിര്‍ള ഹെലികോപ്റ്ററില്‍ പറന്നുവരും. ഹെലികോപ്റ്ററിന്റെ ശബ്ദം ദൂരെനിന്നു കേള്‍ക്കുമ്പോള്‍ തന്നെ ഞങ്ങള്‍ ചേരാംകുന്നിനു മുകളിലേക്ക് ഓടിക്കയറിപ്പോകും. അവിടെ കയറി നോക്കിയാല്‍ ദൂരെ ചാലിയാര്‍ പുഴയുടെ തീരത്ത് ഇരമ്പിക്കൊണ്ടിരിക്കുന്ന കമ്പനി മുഴുവനായും കാണാനാവുന്നത് കൊണ്ട് ഹെലികോപ്റ്റര്‍ കമ്പനിക്കുമുകളിലൂടെ ചുറ്റിവരുന്നത് ശരിക്കും കാണാം. ചിലപ്പോള്‍ ഞങ്ങളുടെ തലക്കു മുകളിലേക്ക് ഹെലികോപ്റ്റര്‍ പറന്നുവരുന്നതായി തോന്നുമ്പോൾ ഞങ്ങള്‍ രണ്ടു കൈകളും മുകളിലേക്കു നീട്ടിപ്പിടിച്ച് ആര്‍ത്തു വിളിക്കും. പിന്നെ ദൂരേക്ക് ദൂരേക്ക് അത് പറന്നകലുമ്പോൾ ഞങ്ങള്‍ നിരാശയോടെ കുന്നിറങ്ങും.
ചില ദിവസങ്ങളിൽ സ്വര്‍ണ്ണത്തലമുടിയുള്ള മദാമ്മയും സായിപ്പും ഇരുവഴിഞ്ഞിപ്പുഴയിലൂടെ ബോട്ടുസവാരി നടത്തും. കമ്പനിയിൽ സന്ദർശനത്തിനെത്തുന്ന ആരെങ്കിലുമായിരിക്കുമത്. ദൂരെ നിന്ന് ബോട്ടിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ പുഴയിലേക്ക് ഓടിപ്പോയിനോക്കും. അപ്പോൾ കൂളിംഗ് ഗ്ലാസ്സും വെച്ച് ബോട്ടിലിരിക്കുന്ന മദാമ്മയെയും സായിപ്പിനേയും നോക്കി ഞങ്ങള്‍ ആര്‍ത്തുചിരിക്കും. അപ്പോഴവർ ഞങ്ങളോട് കൈവീശിക്കാണിക്കും.
മനോഹരമായ ആ കൊച്ചുബോട്ട് ചെറിയൊരിരമ്പലുമായി പുഴയുടെ നടുവിലൂടെ വളരെ വേഗത്തില്‍ പാഞ്ഞുപോകുമ്പോള്‍ ഇരുകരകളിലേക്കും ചുരുളുകളായി വന്നടിയുന്ന കുഞ്ഞോളങ്ങള്‍ നേര്‍ത്തുനേര്‍ത്തില്ലാതാകുന്നതും നോക്കി ഞങ്ങള്‍ അവിടെത്തന്നെയിരിക്കും.
പൊക്കിള്‍വരെ തെറുത്തുവെച്ച കള്ളിത്തുണി രണ്ടു കൈകള്‍ കൊണ്ടും കൂട്ടിപ്പിടിച്ച്, തലയിലെ കുട്ട വീഴാതിരിക്കാന്‍ കഴുത്തുകൊണ്ട് പ്രത്യേക താളത്തില്‍ ബാലന്‍സ് ചെയ്ത്, ഉണ്ണിമോയ്യ്യാക്ക കരയോടടുത്തപ്പോള്‍ പുറമണ്ണിൽ കടവിൽ കുഞ്ഞോളങ്ങളിളകി. ഞാന്‍ ഓര്‍മ്മകളില്‍ നിന്നുണര്‍ന്നു. കുഞ്ഞോളങ്ങളില്‍ മുറിഞ്ഞുമുറിഞ്ഞില്ലാതാവുന്ന പേരമരത്തിന്റെ പ്രതിബിംബം നോക്കി ഞാനിരുന്നു.
ചൂരല്‍ക്കൊട്ട പതുക്കെ താഴെയിറക്കിവെച്ച് പുഴയില്‍ രണ്ടുമൂന്നു തവണ മുങ്ങിനിവര്‍ന്ന് അയാള്‍ കരയിലേക്ക് കയറി വന്നപ്പോള്‍ ഞാന്‍ പേരമരത്തില്‍ നിന്ന് താഴെയിറങ്ങി. അയാളുടെ മുഖത്ത് നല്ല സന്തോഷമുണ്ടായിരുന്നു. ഇന്നു കമ്പനിപ്പണിക്കാര്‍ക്ക് ശമ്പളം കിട്ടിയ ദിവസമായതിനാൽ കോഴിമുട്ടയെല്ലാം വിറ്റു തീര്‍ന്ന സന്തോഷമായിരിക്കുമെന്ന് ഞാന്‍ മനസ്സില്‍ വിചാരിച്ചു.
വെളുത്ത വരകള്‍ പോലെ നിരനിരയായി ആകാശത്തേക്കു നീണ്ടുനില്‍ക്കുന്ന കമുകിന്‍ തോട്ടത്തിലൂടെ അയാള്‍ നടന്നുപോകുമ്പോള്‍ ഞാനും അയാളുടെ പിന്നാലെ നടന്നു. പഠിച്ച് ഒരു ജോലി നേടാന്‍ എനിക്ക് കഴിയില്ലെന്ന് എനിക്കുറപ്പായിരുന്നു. അതിനാല്‍ മാവൂര്‍ കമ്പനിയില്‍ ഒരു ജോലി ശരിയാക്കിത്തരാന്‍ പറ്റുമോയെന്ന് അയാളോട് ചോദിച്ചുനോക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.
പക്ഷെ ചോദ്യവും ഉത്തരവുമില്ലാതെ അയാൾ മുന്നിലും ഞാൻ പിന്നിലുമായി നടന്ന് അയാളുടെ വീട്ടുമുറ്റത്തെത്തി. പിന്നെ അയാൾ ചൂരൽക്കൊട്ട തിണ്ണയിലിറക്കിവെച്ച് അകത്തേക്കുകയറിപ്പോകുന്നതും നോക്കി ഞാൻ നിന്നു.
ഏതെങ്കിലുമൊരുകാലത്ത് ഒരു കമ്പനിപ്പണിക്കാരനാവാന്‍ എനിക്കും യോഗമുണ്ടാകുമെന്ന് സമാധാനിച്ചുകൊണ്ട് ഞാനെന്റെ വീട്ടിലേക്ക് നടന്നുപോയി. ഒരാഴ്ച കഴിഞ്ഞപ്പോൾ ജെ.ഡി.റ്റി.യിലേക്കു തന്നെ തിരിച്ചുപോകാനായിരുന്നു എന്റെ യോഗം.
പുഴയൊഴുകുമ്പോലെ ഉദയാസ്തമയങ്ങളുടെ അവിരാമസന്ധികളില്‍കൂടി കാലവും ഒഴുകിപ്പോയി. പത്താം ക്ലസ്സ് പരീക്ഷ കഴിഞ്ഞ് ഞാൻ നാട്ടില്‍ വെറുതെനടക്കുന്ന കാലം.
ഒരു ദിവസം എന്റെ കൂട്ടുകാരനായിരുന്ന ചാലക്കല്‍ ബീച്ചുണ്ണി വന്ന് എന്നോടുപറഞ്ഞു:
''മാവൂരെ കമ്പനീല് പണിക്ക് ആളെട്ക്ക്ണ്‌ണ്ട്.''
എനിക്ക് ആകാംക്ഷയായി. യൂണിഫോമിട്ട്, വെള്ളിച്ചെയിനുള്ള വാച്ചും കെട്ടി, പണികഴിഞ്ഞ് രാത്രിബസ്സില്‍ ഗമയോടെ ഞാൻ വീട്ടിലേക്കുപോകുന്ന രംഗം മനസ്സിൽ സങ്കല്പിച്ചു. പിന്നെയൊന്നുമോർത്തില്ല.
പിറ്റേന്നുതന്നെ മാവൂരിലെ കോണ്‍ട്രാക്ടര്‍ സുലൈമാനിക്കയെ പോയി കാണാന്‍ ഞാനും ബീച്ചുണ്ണിയും തീരുമാനിച്ചു. മാവൂര്‍ കമ്പനിയിലെ ഒരു തൊഴിലാളിയാവാന്‍ എനിക്കും യോഗമുണ്ടാവുകയാണ്. കാലമേ.. നന്ദി!
മാവൂരിൽനിന്ന് ദൂരെ കല്പള്ളിപ്പുഴയിലേക്ക് മലിനജലം ഒഴുക്കിക്കളയാന്‍ വലിയ പൈപ്പ്ലൈന്‍ സ്ഥാപിക്കുന്ന പണി ആരംഭിക്കുകയാണ്. അതിനു സ്ഥലമൊരുക്കുന്നതിനുവേണ്ടി കമ്പനിയുടെയടുത്തുള്ള പാടത്തുനിന്നും മണ്ണെടുത്ത് മാറ്റാൻ ധാരാളം പണിക്കാരെ വേണം. ഞങ്ങളെപ്പോലെ ജോലിതേടിയെത്തിയവരില്‍ ചെറുപ്പക്കാരികളായ സ്ത്രീകളും കുട്ടികളുമെല്ലാമുണ്ട്.
നാളെ മുതല്‍ പണിക്കുവരാന്‍ സുലൈമാനിക്ക ഞങ്ങളോട് പറഞ്ഞു. പിറ്റേന്നുതന്നെ ഞങ്ങള്‍ നടന്ന് വീണ്ടും മാവൂരിലെത്തി. കെട്ടിക്കിടന്ന മലിനജലത്തിന്റെ ദുര്‍ഗന്ധമുള്ള ചെളിമണ്ണ് ചൂരല്‍ കുട്ടയില്‍ നിറച്ച് ഒരാള്‍ തലയിലേക്ക് വെച്ചുതരും. അതുമായി ഞങ്ങള്‍ കുട്ടികളും പെണ്ണുങ്ങളും പൊരിവെയിലത്തുകൂടി വരിവരിയായി നടന്നുപോയി ദൂരെ ഒരു സ്ഥലത്ത് കൊണ്ടുപോയിടും. രാവിലെ ഏഴു മണിക്ക് തുടങ്ങുന്ന പണി വൈകുന്നേരം നാലുമണി വരെയുണ്ടാവും. തലയില്‍ മണ്ണെടുക്കുന്ന പണി ജെ.ഡി.റ്റി.യില്‍ നിന്നും പരിചയിച്ചതാണെങ്കിലും ഇതിത്തിരി കടുപ്പമാണ്.
കറുത്ത മണ്ണുപുരണ്ട് വൃത്തികേടായ തുണിയും മടക്കിക്കുത്തി കഴുത്തില്‍ ഒരു തോര്‍ത്തുമുണ്ടും ചുറ്റി വൈകുന്നേരം പണികഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ ഞാന്‍ ബീച്ചുണ്ണിയോടു പറഞ്ഞു:
''ദെന്ത് കമ്പനിപ്പണി.. നാളെ പണിക്ക് ഞാന്‌ണ്ടാവൂല.''
ബീച്ചുണ്ണി എന്നെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു:
''ആദ്യൊക്കെ കൊറച്ച് എടങ്ങേറ്ണ്ടാവും. പിന്നെ പണി സ്ഥിരാവുമ്പം നല്ല എള്പ്പണ്ടാവും.''
ആ വാക്കിന്റെ ബലത്തില്‍ ഞാന്‍ പിറ്റേന്നുകൂടി പണിക്കുപോയി. അന്ന് എങ്ങിനേയോ ഞെങ്ങിഞെരുങ്ങി വൈകുന്നേരമാക്കി. അന്നത്തെ പണികഴിഞ്ഞപ്പോള്‍ രണ്ടു ദിവസത്തെ കൂലി ഒന്നിച്ച് കിട്ടി. പന്ത്രണ്ടു രൂപ!
അങ്ങനെ കഠിനാദ്ധ്വാനം ചെയ്തുണ്ടാക്കിയ പൈസകൊണ്ട് മാവൂരിലെ ഫ്രൂട്ട് കടയിൽ നിന്നും നൂലിൽ കെട്ടിത്തൂക്കിയ ഒരു ആപ്പിൾ വാങ്ങിത്തിന്നു. ജീവിതത്തിലാദ്യമായി അന്ന് ആപ്പിളിന്റെ രുചിയറിഞ്ഞു, പൊറോട്ടയുടെ രുചിയറിഞ്ഞു. പിന്നെ, യൂണിഫോമിട്ട് വെള്ളിച്ചെയിനുള്ള വാച്ചും കെട്ടി രാത്രിബസ്സില്‍ ഗമയോടെ പണികഴിഞ്ഞുപോകുന്ന ഒരു കമ്പനിപ്പണിക്കാരനേയും മനസ്സിലോര്‍മ്മിക്കാതെ ഞാന്‍ എളമരം കടവിനടുത്തൂടെ നടന്ന് വീട്ടിലെത്തി.
കാലം പിന്നേയും കടന്നു പോയി. ഇരുവഴിഞ്ഞിപ്പുഴയിലും ചാലിയാര്‍ പുഴയിലും അനേകം വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും വന്നുപോയി. ഗ്രാസിം കമ്പനിയില്‍ നിന്ന് പുറന്തള്ളുന്ന മാരകവിഷപദാര്‍ത്ഥങ്ങള്‍ തങ്ങളുടെ മണ്ണിനേയും വെള്ളത്തേയും വായുവിനേയും മലിനമാക്കുന്നുണ്ടെന്ന് സമീപപ്രദേശത്തെ ജനങ്ങള്‍ ക്രമേണ മനസ്സിലാക്കിത്തുടങ്ങി. മാരകമായ പല രോഗങ്ങളും മാവൂരിലും വാഴാക്കാട്ടും വര്‍ദ്ധിച്ചുവരാന്‍ കാരണം ഗ്രാസിം കമ്പനിയില്‍ നിന്നുള്ള മലിനീകരണമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. പ്രദേശവാസികള്‍ മലിനീകരണത്തിനെതിരെ പല ഭാഗത്തു നിന്നും പ്രതിഷേധ ശബ്ദങ്ങളുയര്‍ത്താന്‍ തുടങ്ങി.
''ചാലിയാര്‍ പുഴ അശുദ്ധമാക്കും ബിര്‍ളാ കമ്പനി വേണ്ടേ വേണ്ടാ..'' എന്ന മുദ്രാവാക്യങ്ങള്‍ ഉയർന്നുകേൾക്കാൻ തുടങ്ങി. പ്രകടനങ്ങളും പ്രതിഷേധങ്ങളും സ്ഥിരം കാഴ്ചകളായി. മാവൂര്‍ അങ്ങാടിയില്‍ നിരാഹാര പന്തലുകള്‍ ഉയര്‍ന്നു. പ്രാദേശിക നേതാക്കള്‍ ബോധവല്‍ക്കരണവുമായി ജനങ്ങള്‍ക്കിടയിലേക്കിറങ്ങി.
അങ്ങനെ അടങ്ങാത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ രണ്ടായിരാമാണ്ടില്‍ കമ്പനി എന്നെന്നേക്കുമായി അടച്ചുപൂട്ടി. ഒരു ജനതയെ നിരന്തരം കര്‍മ്മനിരതരാവാൻ വിളിച്ചുണര്‍ത്തിയിരുന്ന ആ സൈറണ്‍ എന്നെന്നേക്കുമായി നിലച്ചു.
അനേകം തൊഴിലാളികളുടെ ജീവിതം അനിശ്ചിതത്വത്തിലായി. ഒരു പാടു കുടുംബങ്ങള്‍ പട്ടിണിയിലായി. പല നാടുകളില്‍ നിന്നും വന്ന തൊഴിലാളികള്‍ അവരുടെ നാട്ടിലേക്കുതന്നെ തിരിച്ചു പോയി. നാട്ടിലുള്ള പലരും നാടന്‍ പണിയിലേക്കുതന്നെ തിരിച്ചു പോയി. പലരും ജോലിയില്ലാതെ ദുരിതമനുഭവിച്ചു.
ശ്വാസം നിലച്ച് വിറങ്ങലിച്ചുപോയ മൃതശരീരങ്ങള്‍ പോലെ ഫാക്ടറി കെട്ടിടങ്ങല്‍ അനക്കമറ്റുകിടന്നു. ഐശ്വര്യത്തിന്റേയും അഭിമാനത്തിന്റേയും മുദ്രയണിഞ്ഞിരുന്ന ഗ്രാസിം കമ്പനി അടിവേരറ്റുപോയ വടവൃക്ഷം പോലെയായി. സമ്പന്നതയുടെ പച്ചമൂടിയിരുന്ന സമീപപ്രദേശങ്ങള്‍ ക്രമേണ ഇല്ലായ്മയുടെ വെയിലേറ്റുണങ്ങി. .
പ്രതാപത്തിന്റെ വര്‍ണ്ണഗോപുരങ്ങള്‍ പോലെ തലയുയര്‍ത്തിനിന്ന ഒരു മഹാസ്ഥാപനം അങ്ങനെ കാലാന്തരത്തില്‍ ഏതോ പുരാതന നദീതട സംസ്കാര്‍ത്തിന്റെ ശേഷിപ്പുകള്‍ പോലെ ജീര്‍ണ്ണാവശിഷ്ടമായി.
കമ്പനിയുടെ പഴകിപ്പൊളിഞ്ഞ് ശ്മശാനമൂകമായ കോര്‍ട്ടേഴ്സുകള്‍ക്കും കാടുപിടിച്ച വിജനപാതകള്‍ക്കുമിടയില്‍ മുഖംകുനിച്ച് നില്‍ക്കുന്ന ഇലകൊഴിഞ്ഞ മരങ്ങള്‍ പോലെ, വാര്‍ദ്ധക്യത്തിന്റേയും ഏകാന്തതയുടേയും നിശ്ശബ്ദവഴിയോരങ്ങളില്‍ സുന്ദരമായൊരു കാലത്തിന്റെ ഗൃഹാതുരസ്മരണകളുമായി അനേകം തൊഴിലാളികള്‍ വിദൂര നാടുകളിലെവിടെയോ ഇന്നും ജീവിക്കുന്നുണ്ടാവും!
ഈ ഓര്‍മ്മപ്പൂക്കൾ അവർക്കുള്ളതാണ്..!
...................................................
റസാഖ് വഴിയോരം
................................................
Re 02 2022
No comments:
Post a Comment