അധ്യായം - 17
നിശ്ശബ്ദതയിലേക്ക് വീണുടഞ്ഞ ഒരു തേങ്ങല്‍!
..................................................................................
പറഞ്ഞുകൊണ്ടിരിക്കെ പെട്ടന്ന് മുറിഞ്ഞുപോകുന്ന വാക്കുകള്‍ പോലെയാണ് ആകസ്മിക മരണങ്ങള്.
സ്വന്തം വേരില്‍ തളിര്‍ത്ത കുഞ്ഞുജീവിതങ്ങളെ വിധിയുടെ ഔദാര്യത്തിന് വിട്ടുകൊടുത്ത് പെട്ടന്നൊരു ദിവസം
പാതിമുറിഞ്ഞ വാക്കുകൾ പോലെ ഒരാൾ അസ്തമിച്ചുപോകുമ്പോൾ ചുറ്റിലും പരക്കുന്ന നിസ്സഹായതയുടെ കൂരിരുട്ടിലകപ്പെടുന്ന ഭാഗ്യഹീനരെ ലോകം അനാഥരെന്നോ വിധവകളെന്നോ പേര് ചൊല്ലിവിളിക്കുന്നു.
1975 ലെ പുതിയ അധ്യയന വര്‍ഷത്തില്‍ ജെ.ഡി.റ്റി.ഇസ്ലാം ഓര്‍ഫനേജിലേക്ക് പ്രവേശനം തേടിയെത്തിയ അനേകം അനാഥബാല്യങ്ങള്ക്കിടയില് ഞാന്‍ നിസ്സംഗഭാവത്തോടെ നിന്നു.
ചുവന്ന കരയുള്ള പുതിയ പുല്‍പ്പായയും കയ്യിൽ പിടിച്ച് ചുറ്റുമുള്ള പല മുഖങ്ങളിലേക്കും ഞാന്‍ മാറി മാറി നോക്കി. ചോദ്യങ്ങളില്ലാത്ത ഉത്തരങ്ങളായും ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളായും അവരുടെ നിശ്വാസങ്ങള്‍ എനിക്കുചുറ്റിലും നിറഞ്ഞു.
വെള്ള കാച്ചിത്തുണിയുടുത്ത ഉമ്മമാര് മക്കളെ അരികിലേക്ക് ചേര്‍ത്തുപിടിച്ചുകൊണ്ട് ഓഫീസിനുമുമ്പില്‍ കാത്തുനില്‍ക്കുന്നത് മാതൃത്വത്തിന്റെ പിടയുന്ന വേദനാചിത്രങ്ങളായി അനാഥാലയത്തിന്റെ ചുമരുകളില്‍ തെളിഞ്ഞുവന്നു.
കനിവുള്ളവരുടെ കാരുണ്യത്തില്‍ മക്കള്‍ക്ക് രണ്ട് നേരം വയറുനിറയെ ആഹാരം കിട്ടുമല്ലോ എന്ന പ്രതീക്ഷയാണോ, ജന്മം കൊടുത്ത കുരുന്നുമക്കളെ ഈ യത്തീം ഖാനയിലേല്പിച്ച് തനിയെ മടങ്ങിപ്പോവുന്നതിന്റെ ഉള്ളുലയുന്ന നൊമ്പരമാണോ ആ മാതൃഹൃദയങ്ങളിലുണ്ടായിരുന്നതെന്ന് തിരിച്ചറിയാന്‍ ഒരു പന്ത്രണ്ടുവയസ്സുകാരന് അന്ന് കഴിഞ്ഞിരുന്നില്ല!
ഓഫീസിനുള്ളില്‍ നിന്ന് അടുത്ത ബെല്‍ ശബ്ദിച്ചു. പുറത്തിരിക്കുന്ന ഓഫീസ്ബോയ് വരിയില്‍ നില്ക്കുന്ന ഒരു സ്ത്രീയേയും കുട്ടിയേയും മനേജറുടെ റൂമിലേക്ക് വിളിച്ചു. അവിടെയാണ് ഹസ്സനാജി ഇരിക്കുന്നത്. അഡ്മിഷന് കിട്ടിയ കുട്ടികളെല്ലാം വാര്‍ഡനുപിന്നാലെ വരിവരിയായി അപരിചിതമായ ഒരു ലോകത്തിലേക്കെന്നപോലെ നടന്നുനീങ്ങി.
എന്റെ മൂത്ത സഹോദരനും പിന്നെ മാളിയക്കല്‍ മൂസക്കയുമായിരുന്നു എന്റെ കൂടെ വന്നിരുന്നത്. പള്ളിയുടെ പിന്നിലുള്ള ഓടുമേഞ്ഞ താമസസ്ഥലത്തേക്ക് തിരിയുന്നതിനുമുമ്പ് ഞാൻ ഒന്നുകൂടി തിരിഞ്ഞുനോക്കി. അവർ എന്നോട് കൈവീശിക്കാണിച്ചു.
പുത്തൻ പായയുടേയും പുതപ്പുകളുടേയും മണം നിറഞ്ഞുനില്ക്കുന്ന വലിയ ഹാളില്‍ ഞങ്ങള്‍ അവിടിവിടെയായി നിന്നു. വാര്ഡന് ഓരോരുത്തര്‍ക്കും കിടക്കാനുള്ള സ്ഥലം കാണിച്ചുകൊടുക്കുന്ന തിരക്കിലാണ്.
തികച്ചും അന്യമായ ഒരു ലോകത്തെത്തിപ്പെട്ട പരിഭ്രമത്തോടെ ഞാന്‍ ഹാളിന്റെ ചുമരും ചാരി വെറുതെ നിന്നു.
ചുരുട്ടിക്കെട്ടിയ ഓലപ്പായയും പെട്ടിയും അടയാളമായി വെച്ച് ഷബീറലി ഹാളിന്റെ ഒരു മൂലയില്‍ സ്ഥലം പിടിച്ചിരുന്നു. ഞാന്‍ പതുക്കെ അവന്റെ അടുത്തേക്ക് നീങ്ങി നിന്നു.
''ഇവിടെ സ്ഥലം പിടിച്ചോ''
ഷബീറലി എന്റെ മുഖത്തുനോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. എന്റെ പെട്ടിയും പായയും എടുത്ത് ഞാന്‍ അവന്റെ അടുത്തേക്ക് ചെന്നുനിന്നു.
കുട്ടികള്‍ പായ വിരിക്കുന്നതിന്റേയും പെട്ടിയില്‍ നിന്ന് ഓരോരോ സാധനങ്ങളെടുത്തുവെക്കുന്നതിന്റേയും തിരക്കുകള്‍ക്കിടയിലൂടെ മെലിഞ്ഞുണങ്ങിയ ഒരു കുട്ടിയുടെ ചുമലില്‍ കൈവെച്ചുകൊണ്ട് വാര്ഡന് ഞങ്ങളുടെ അടുത്തേക്ക് നടന്നുവന്നു. പിന്നെ അവന്റെ സാധനങ്ങള്‍ ഞങ്ങളുടെ അടുത്ത് വെക്കാന്‍ പറഞ്ഞ് വാര്ഡന് തിരിച്ചുപോയി.
ത്രികോണാകൃതിയില്‍ മടക്കിയ ഉറുമാല് തലയില്‍ വരിഞ്ഞുകെട്ടി, പുറത്തേക്കുന്തിയ പല്ല് ചുണ്ടുകള്‍ കൊണ്ട് മറച്ചുപിടിക്കാന്‍ വെറുതെ ശ്രമിച്ചുകൊണ്ട് അവന് ആരെയും ശ്രദ്ധിക്കാതെ നിന്നു.
''പേരെന്താ..?'' ഞാന്‍ ചോദിച്ചു.
''മായിന്‍ കുട്ടി'' മുഖമുയര്‍ത്താതെ അവന് മറുപടി പറഞ്ഞു.
വാര്ഡന് ചൂരല്‍ കൊണ്ട് വാതിലില്‍ ശക്തിയായി അടിച്ചു. ശബ്ദകോലാഹലങ്ങള്‍
നിറഞ്ഞ ഹാള്‍ പെട്ടന്ന് നിശ്ശബ്ദമായി.
''എല്ലാരും ബാങ്ക് വിളിക്കും മുന്നെ പള്ളീലെത്തണം..'' വാര്ഡന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് അടുത്ത റൂമിലേക്ക് പോയപ്പോള്‍ ഹാളില്‍ കലപില ശബ്ദങ്ങള്‍ വീണ്ടും ഉയര്‍ന്നുവന്നു.
''പെട്ടീം സാധനങ്ങളൊക്കെ ഞമ്മക്ക് നിസ്കാരം കയ്ഞ്ഞി ബന്നിട്ട് ശെര്യാക്കാം''
ഷബീറലി എന്റെ തോളില്‍ കൈ വെച്ചുകൊണ്ട് പറഞ്ഞു. പിന്നെ മായിന്‍ കുട്ടിയേയും കൂടെകൂട്ടി ഞങ്ങള്‍ മുറ്റത്തേക്കിറങ്ങി.
കറുപ്പും ചുവപ്പും നിറമുള്ള മേഘങ്ങള്‍ ഒഴുകി നടക്കുന്ന അപിരിചിതത്വത്തിന്റെ വെയില് മങ്ങിയ ആകാശത്തിനു ചുവട്ടില്‍ അന്ന് പുതിയൊരു സൗഹൃദം തളിര്ത്തുതുടങ്ങുകയായിരുന്നു; ഷബീറലിയും മായിന്‍ കുട്ടിയും!
വീടിന്റെയും വീട്ടുകാരുടെയും സുരക്ഷിതവലയത്തില്‍ നിന്ന് ഓര്‍ക്കാപ്പുറത്ത് ഒരു കുഞ്ഞുഹൃദയം ദൂരേക്ക് എടുത്തെറിയപ്പെടുമ്പോള്‍ ചെന്നുവീഴേണ്ടത് അതേ വേദനയും വേര്‍പാടും ഉള്ളാലറിയുന്ന ഈ പുതിയ സൗഹൃദങ്ങളിലേക്കാകണമെന്നത് കാലത്തിന്റെ കരുതലും കാരുണ്യവുമായിരിക്കാം.
ചരല്‍മണ്ണു നിറഞ്ഞ മുറ്റത്ത് അസ്തമയമാനം നോക്കി ഞങ്ങള്‍ മൂന്നുപേരും കുറച്ചുസമയം വെറുതെ നിന്നു. വിരഹത്തിന്റെ ഒരു പകല്‍ വിടപറയുകയാണ്! വേര്‍പാടിന്റെ വേദന കൂടിച്ചേരലിന്റെ ആനന്ദത്തില്‍ അലിഞ്ഞില്ലാതാവുകയാണ്. പരസ്പരം നോക്കി തൊട്ടുരുമ്മി ഞങ്ങള്‍ പള്ളിയിലേക്ക് നടന്നുപോയി.
പാതിയോളം നിറഞ്ഞു നില്ക്കുന്ന വലിയ ഹൗളിലെ വെള്ളത്തിന് പച്ച നിറമായിരുന്നു. നീളന്‍ പിടികളുള്ള ചിരട്ടക്കൈലുകള്‍ കൊണ്ട് വെള്ളം കോരി ഞാന്‍ കാലുകള്‍ കഴുകി.
ഹൗളിനു വക്കത്തെ സിമന്റു തറയില്‍ മുട്ടുകുത്തി കുനിഞ്ഞിരുന്ന് മായിന്‍ കുട്ടി കയ്യും മുഖവും കഴുകുന്നത് ഞാന്‍ കൗതുകത്തോടെ നോക്കിനിന്നു.
വാര്‍ഡന്റെ ഒച്ചയോടൊപ്പം ചിരട്ടക്കൈലുകളുടേയും വെള്ളത്തിന്റേയും ശബ്ദമിശ്രണങ്ങൾ ഒന്നായ്ത്തീർന്ന പള്ളിവരാന്തയിലേക്ക് ക്രമങ്ങളൊന്നുമില്ലാതെ വുളുവെടുത്ത് ഞങ്ങള്‍ കയറി നിന്നു.
കാവിപൂശിയ ചുവന്ന തറയില്‍ കുട്ടികളുടെ കാലടികളില്‍ നിന്നുള്ള നനവും അഴുക്കും ശ്രദ്ധിക്കാതെ ഞങ്ങള്‍ മൂന്നുപേരും അടുത്തടുത്ത് തന്നെയിരുന്നു.
കുറച്ചുകഴിഞ്ഞപ്പോഴേക്ക് കുട്ടികള്‍ പള്ളി നിറയെ വരിവരിയായി ഇരുന്നുകഴിഞ്ഞിരുന്നു. മുതിര്‍ന്ന ക്ലാസ്സിലെ പഴയ കുട്ടികള്‍ തിരിഞ്ഞുനോക്കിയും ഉച്ചത്തില്‍ ബഹളമുണ്ടാക്കിയും അവരുടെ മിടുക്ക് കാണിക്കുന്നുന്നത് ഞാന്‍ അല്പം ഭയത്തോടെയും അല്‍ഭുതത്തോടെയും നോക്കി നിന്നു.
പെട്ടന്ന് ബട്ടനമര്ത്തിയപോലെ ശബ്ദകോലാഹലങ്ങള്‍ നിന്നു. കുട്ടികള്‍ ഓരോരുത്തരായി തിരിഞ്ഞുനോക്കി.
വട്ടമുഖത്ത് ചെറുതായി കത്രിച്ച മീശയോടൊപ്പം വടിവൊപ്പിച്ച വട്ടത്താടിയും കറുത്ത ഫ്രെയിമുള്ള കട്ടിക്കണ്ണടയും വെച്ച് അനാഥമക്കളുടെ പ്രിയപ്പെട്ട ഹസ്സനാജി നടന്നുവരുന്നു.
പോളിഷ് ചെയ്തുമിനുക്കിയ കറുത്ത ഷൂ പുറത്തഴിച്ചുവെച്ച് ശാന്തഗംഭീരമായി അദ്ദേഹം പള്ളിക്കോലായിലേക്ക് കയറി. നേര്‍ത്ത കരയുള്ള വെള്ള ഉറുമാലിന്റെ നാലുകോണുകളും രണ്ടുചെവികള്ക്കിടയിലായി തിരുകി തലമറച്ചുകൊണ്ട് പള്ളിയുടെ വരാന്തയില്‍ കയറിയ ഉടനെത്തന്നെ അദ്ദേഹം സുന്നത്ത് നിസ്ക്കരിക്കാനായി കൈകെട്ടി.
ഓരോ കുട്ടിയുടെയും നേര്‍ത്ത ചലനം പോലും അദ്ദേഹത്തിന്റെ കണ്ണുകളുടെ നിരീക്ഷണപരിധിയിലാണെന്ന് അറിയാവുന്ന കുട്ടികള്‍ നിശ്ശബ്ദം നിശ്ചലരായി ഇരുന്നു.
ശാന്തസുന്ദരമായ ആ നിമിഷങ്ങളിലൂടെ മഗ്രിബിന്റെ ബാങ്കൊലികള്‍ പ്രാവിന് കൂട്ടങ്ങളെപ്പോലെ പള്ളിമിനാരങ്ങളില്‍ നിന്ന് നനാദിക്കിലേക്കും ചിറകറ്റിച്ച് പറന്നുപോയി.
തലയിലെ വെളുത്ത തൊപ്പി ശരിയാക്കി, നരച്ച് ഇടതൂര്‍ന്ന താടിയിലൂടെ വിരലോടിച്ച്, ബാങ്കക്ഷരങ്ങള്‍ ചുണ്ടുകള്‍ കൊണ്ട് മന്ത്രിച്ച് സീമൗലവി വാതിലില്‍ ചാരി അകലങ്ങളിലേക്ക് നോക്കി നിന്നു. ജീവിതത്തിലാദ്യമായി മൈക്കിലൂടെ ബാങ്ക് വിളിക്കുന്നത് നേരില്‍ കാണുന്ന കൗതുകത്തില്‍ ഞാനിരുന്നു.
നിസ്കാരം കഴിഞ്ഞ ഉടനെ സ്വഫ്ഫുകള്ക്കു മുമ്പിലേക്ക് കയറിവന്ന ശേഷം മൈക്ക് കയ്യിലെടുത്ത് ഹസ്സനാജി പറഞ്ഞു:
''എന്റെ പ്രിയപ്പെട്ട കുട്ടികളെ.. ഇന്നലെ വരെ നിങ്ങള്‍ പല നാടുകളിലായിരുന്നു. പല വീടുകളിലായിരുന്നു. ഇന്നുമുതല്‍ നിങ്ങള്‍ ജെ.ഡി.റ്റി.യുടെ മക്കളാണ്. ഇനി മുതല്‍ ഇതാണ് നിങ്ങളുടെ വീട്..''
പിന്നെ അദ്ദേഹം മടക്കിപ്പിടിച്ച വിരലുകളില്‍ നിന്ന് ചൂണ്ടുവിരലും നടുവിരലും മാത്രം നിവര്‍ത്തിപ്പിടിച്ചുകൊണ്ട് വലതുകൈ ഉയര്‍ത്തി ഇങ്ങനെ പറഞ്ഞു:
''യത്തീം മക്കളെ സംരക്ഷിക്കുന്നവനും ഞാനും സ്വര്‍ഗ്ഗത്തില്‍ ഇതുപോലെ അടുത്തിരിക്കുമെന്ന് റസൂല്‍ പറഞ്ഞിട്ടുണ്ട്..'' ഓരോ വാക്കുകളും ശ്രദ്ധയോടെ കേട്ട് കണ്ണിമവെട്ടാതെ കുട്ടികള്‍ അദ്ദേഹത്തെ നോക്കിയിരുന്നു.
നിസ്കാരം കഴിഞ്ഞ് ഡൈനിംഗ് ഹാളിലെ നീളമുള്ള മേശയുടെ ഇരുവശത്തും ചേര്‍ത്തിട്ടിരിക്കുന്ന വീതികുറഞ്ഞ ബെഞ്ചില്‍ സ്റ്റീല്‍ ഗ്ലാസ്സിലേക്കും സ്റ്റീല്‍ പ്ലെയ്റ്റിലേക്കും ആകാംക്ഷയോടെ നോക്കിക്കൊണ്ട് 'ബിസ്മില്ലാ' എന്ന അറിയിപ്പിനായി ഞങ്ങള്‍ കാതോർത്തിരുന്നു. പിന്നെ മുമ്പില്‍ വിളമ്പിവെച്ചിരിക്കുന്ന ചോറിലേക്കും പ്ലെയ്റ്റിന്റെ അരികിലായി ഒഴിച്ചുവെച്ചിരിക്കുന്ന കുമ്പളങ്ങാകറിയിലേക്കും ആര്‍ത്തിയോടെ നോക്കി
ജീവിതത്തിലാദ്യമായി ചോറും കറിയും കഴിക്കുന്ന ആവേശത്തോടെ പ്ലെയ്റ്റിലുള്ളത് മുഴുവൻ വാരിത്തിന്ന് കൈ കഴുകിയ ശേഷം ചരല്‍കല്ലുകള്‍ നിറഞ്ഞ മുറ്റത്തെ തെങ്ങുകള്‍ക്കിടയിലൂടെ ഒറ്റയായും കൂട്ടങ്ങളായും കുട്ടികള്‍ റൂമിലേക്ക് തന്നെ തിരിച്ചുപോയി.
മായിന്‍ കുട്ടി അധികം സംസാരിക്കാന്‍ നിന്നില്ല. വന്നപാടെ അവന് പായ വിരിച്ചു പുതച്ചുമൂടിക്കിടന്നു. സിമന്റ് പൊട്ടിപ്പൊളിഞ്ഞ് ചെറിയ ചെറിയ കുഴികളുള്ള തറയുടെ മുകളില്‍ പുതിയ പായ വിരിച്ച്, പഴകി നിറം കറുത്ത മേല്‍ക്കൂരയിലെ ഓടുകളിലേക്ക് നോക്കി കുട്ടികള്‍ വെറുതെ മലര്‍ന്നുകിടന്നു.
ചുമര്കോണുകളില് തൂങ്ങിക്കിടക്കുന്ന മാറാലകളില്‍ പുതിയ അഥിതികളെ നോക്കി ചിലന്തികള്‍ അനങ്ങാതെ കിടന്നു.
ഹാളില്‍ ലൈറ്റണഞ്ഞു. ശബ്ദകോലാഹലങ്ങള്‍ നേര്‍ത്തുനേര്‍ത്തില്ലാതായി.
തിരിഞ്ഞും മറിഞ്ഞും ഞങ്ങൾ കിടന്നു.
'നാടിനെക്കുറിച്ചോ വീടിനെക്കുറിച്ചോ ഇനി ആലോചിക്കേണ്ടതില്ല. ഇന്നുമുതല്‍ ഇതാണ് എന്റെ വീട്'
ഹസ്സനാജിയുടെ വാക്കുകള്‍ കാതില്‍ പ്രതിധ്വനിച്ചുകൊണ്ടിരുന്നു.
എന്റെ ഇടത്തും വലത്തുമായി കിടക്കുന്ന കുട്ടികളെല്ലാം ഇന്നുമുതല്‍ എന്റെ സഹോദരന്മാരാണ്.
ഒരുപാട് കുഞ്ഞുസ്വപ്നങ്ങളും നിരാലംബരായ ഒരുപാട് ഉമ്മമാരുടെ പ്രതീക്ഷകളുമാണ് ഇവിടെ നിരനിരയായി കിടക്കുന്നത്. സമര്‍ത്ഥനായ ഒരു കപ്പിത്താനോടൊപ്പം സുന്ദരമായ ഭാവിയുടെ സുരക്ഷിത തീരത്തേക്ക് പതിയെ നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു കപ്പലിലെന്നപോലെ ഞങ്ങള്‍ ശാന്തരായി കിടന്നു.
പല നാടുകളില്‍ പല വീടുകളിലായി ഉള്ളുറങ്ങാതെ എത്രയോ മാതാക്കള്‍ ഈ കുഞ്ഞുങ്ങളേയും ഓർത്ത് കിടക്കുന്നുണ്ടാവും.. ഉറക്കിനും ഉണര്ച്ചക്കുമിടയിലൂടെ ചിന്തകള്‍ ഇഴഞ്ഞുനടക്കുകയായിരുന്നു. പെട്ടന്നാണ്
ഹാളിലെ നിശ്ശബ്ദതയിലേക്ക് ഒരു തേങ്ങല്‍
വീണുടഞ്ഞത്. ക്രമേണ ആ തേങ്ങല്‍ ഒരു കരച്ചിലായി പിന്നെ ഒരലര്‍ച്ചയായി!
ലൈറ്റ് തെളിഞ്ഞു. ഹാളിന്റെ പല കോണില്‍ നിന്നും കുട്ടികള്‍ ഉറക്കച്ചടവോടെ തലപൊക്കി നോക്കി. മായിന്‍ കുട്ടി പായയില്‍ എഴുന്നേറ്റിരുന്നുകൊണ്ട് ഉറക്കെ വിളിച്ചുപറയാൻ തുടങ്ങി:
''ഇൻക്കിപ്പൊത്തന്നെ നാട്ടിപ്പോണം.. ഇൻക്കിന്റെ ഉമ്മേനെ കാണ്ണം..''
ഉറക്കിൽനിന്നും ഞെട്ടിയുണർന്ന എനിക്കൊന്നും മനസ്സിലായില്ല.
വീട്ടില്‍ മണ്ണ് തേച്ച നിലത്ത് പായയിട്ട് താത്തമാരും അനിയന്മാരും എല്ലാവരും കൂടി കിടന്നുറങ്ങുമ്പോള്‍ ഉറക്കത്തില്‍ എഴുന്നേറ്റിരുന്ന് ആരും ഇങ്ങനെ നിലവിളിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. വിട്ടില്‍ നിന്ന് എത്ര ദൂരത്താണ് ഞാനുള്ളതെന്നോ ആരുടെയൊക്കെ കൂടെയാണ് ഞാന്‍ കിടന്നുറങ്ങിയതെന്നോ എനിക്കോർത്തെടുക്കാനായില്ല.
പല കുട്ടികളുടേയും കണ്ണുകള്‍ നിറഞ്ഞു. ഓരോരുത്തരും മായിന്‍ കുട്ടിയെ നിസ്സഹായരായി നോക്കിയിരുന്നു.
വാതിലില്‍ ശക്തിയായി അടിയുന്ന ചൂരലിന്റെ ശബ്ദം മുറിയിൽ നിറഞ്ഞു. ലൈറ്റണഞ്ഞു.
ചൂരല്‍വടിയുടെ ഭാഷാര്‍ത്ഥങ്ങള്‍ അറിയുന്ന കുട്ടികൾ
നിശ്ശബ്ദരായി ഇരുട്ടുപുതച്ചുകിടന്നു. പേടിപ്പെടുത്തുന്ന അതേ ചൂരല്‍ ശബ്ദം കേട്ട് ഉറക്കിൽനിന്നുണർന്ന് ഞങ്ങള്‍ സുബഹ് നിസ്ക്കരിക്കാനായി പള്ളിയിലേക്ക് പോയി.
രാപ്പകലുകളിലെടെയൊക്കയോ തട്ടിയുരസി തേങ്ങലുകളും കരച്ചിലുകളും ക്രമേണ തേഞ്ഞില്ലാതായി. റൂമില്‍ നിന്ന് ക്ലാസ്സിലേക്കും പള്ളിയില്‍ നിന്ന് മെസ്സിലേക്കും സമയക്രമമനുസരിച്ച് ചിട്ടയോടെ ഓടുന്ന ഒരു യാന്ത്രികജീവിതത്തില്‍ മണിക്കൂറുകള്‍ ദിവസങ്ങളായും ദിവസങ്ങള്‍ മാസങ്ങളായും രൂപാന്തരപ്പെടുന്നത് ഞങ്ങളറിഞ്ഞില്ല.
മഴക്കാലത്ത് ചരല്‍കല്ല് നിറഞ്ഞ അനാഥാലയമുറ്റത്ത് പരന്നൊഴുകുന്ന മഴവെള്ളത്തില്‍ മായിൻ കുട്ടിയും ഞങ്ങളോടൊപ്പം തുള്ളിക്കളിച്ചു. ക്ലാസ്സിലേക്കും റൂമിലേക്കും അവിടെനിന്ന് മെസ്സിലേക്കും അവനും ഞങ്ങളോടൊപ്പം മഴനനഞ്ഞ് ഓടിവന്നു. വേനല്‍ക്കാലത്ത് പഴന്തുണികള്‍ കൊണ്ട് കെട്ടിയുണ്ടാക്കിയ പന്തുകള്‍ തട്ടി തെങ്ങിന് തോട്ടത്തിനിടയിലെ ഒഴിഞ്ഞ സ്ഥലത്ത് ഞങ്ങള്‍ ഓടിക്കളിച്ചു.
നോമ്പുകാലത്തെ വൈകുന്നേരങ്ങളില്‍ മേരിക്കുന്നിൽ നിന്നും മൂഴിക്കലിലേക്കുള്ള ഇറക്കത്തിലൂടെ ചുമലില്‍ കൈവെച്ച് ഞങ്ങള്‍ കൂട്ടംകൂടി നടന്നു.
അനാഥാലയത്തിലെ പുതുസൗഹൃദങ്ങളുടെ പൂമരങ്ങളില്‍ നിന്ന് പൂക്കളും ഇലകളും വീണ് നാടിനെക്കുറിച്ചും വീടിനെക്കുറിച്ചുമുള്ള ഓര്‍മ്മകള്‍ പലതും ഇതിനകം മൂടിക്കഴിഞ്ഞിരുന്നു.
..............................................................
അധ്യായം - 17
നിശ്ശബ്ദതയിലേക്ക് വീണുടഞ്ഞ ഒരു തേങ്ങല്‍!
..................................................................................
No comments:
Post a Comment