Saturday, February 5, 2022

അദ്ധ്യായം - 01 ‌.......... ആത്മശകലങ്ങൾ Re Edited

                           അദ്ധ്യായം - 01

 ...........................................................................................

ഓർ‍മി‌ക്കാതെ പോയ ഓർമകൾ‌

 ...........................................................................................

സ്വന്തമായി‌ കണ്ടെത്തിയ‌ വഴിയിലൂടെയാണ്‌ പുഴയൊകുന്നത്. പുഴയും‌ കാല‌വും‌ ഒരുപോലെയാണ്. പിന്നോട്ടൊഴുകാൻ  കഴിയാത്ത‌ നിസ്സഹായ പ്രതിഭാസങ്ങൾ‍‌!

കാലപ്രവാഹ‌ത്തിനു‌ കരയിലിരുന്ന്‌ സ്വച്ഛസ്മൃതികളുടെ‌ ഒഴുക്ക്‌  നോക്കിയിരിക്കെ ആത്മാവിന്റെ നിശ്ശബ്ദതയിൽ‍  മൗനം മഞ്ഞുപുതഞ്ഞു.

ബാല്യത്തിന്റെ‌ ആത്മശക‌ലങ്ങൾ വീണുകിട‌ക്കുന്ന ആ അനാഥാലയ മുറ്റത്തേക്ക്   ഓർ‍മ്മകൾ എന്നെ കൂട്ടിക്കോണ്ടുപോയി.

സമയ‌ബോധത്തിന്റെ അലോസരമില്ലാതെ  സ്വന്തം ശരീരത്തിൽ‍ മുഖമമർ‍ത്തിപ്പിടിച്ച്‌  ആത്മവേദനയോടെ  ഞാൻ തേങ്ങി.

‌ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളി‌ലേക്ക് ഞാൻ മി‌‌ഴി തുറന്നപ്പോൾ‌ ഒരു‌ പുഞ്ചിരിയുമായി‌ മുന്നിൽ ഷബീറലി! പതിമൂന്ന് വയസ്സുള്ള മെലിഞ്ഞുണങ്ങിയ ബാലൻ‌. മാതാപിതാക്കൾ ‍ ജീവിച്ചിരിക്കെ അനാഥരായ‌ അനേകം ബാല്യങ്ങളി‌ലൊരാളായിരുന്നു‌ എന്നെപ്പോ‌ലെ ഷ‌ബീറ‌ലിയും. ‌കോഴിക്കോട്‌ വെള്ളയിൽ ‍‌ കടപ്പുറത്തെ‌ ഒരു‌ മൽസ്യ‌ത്തൊഴിലാളിയുടെ‌ ഇളയ‌ മകൻ.‍ 

ജെ‌.ഡി‌.റ്റി‌ ഇസ്ലാം‌ ഓർഫനേജിലെ ‌ ഓഫീസിനുപുറത്ത്‌ ചുമരിൽ ‍‌ ചാരിനിന്ന്‌ ചെറിയൊരു‌ ഞരക്കത്തോടെ‌ അവൻ ‍‌ ശ്വാസം വലിക്കുന്നത്‌ ഞാൻ ‍‌ ‌നോക്കി‌ നിന്നു‌. ശ്വാസം‌ അകത്തേക്കെടു‌ക്കുമ്പോൾ ‍‌ വാ‌രിയെല്ലുകൾ ‍ മുകളി‌ലേ‌ക്കുയർന്ന്, അരയിലെ‌ കറുത്ത‌ ചരടിനോടൊപ്പം‌ ഒറ്റക്കരയുള്ള‌ തുണി താഴേക്ക് ഊർന്നുപോവുന്നപോലെ തോന്നും.  ഇടക്കെപ്പൊഴോ തുണിയുടെ‌ തുമ്പ്‌ ശരിയാക്കിക്കൊണ്ട്  ‌അവൻ‍‌ എന്നെയൊന്ന് ‌ നോക്കി‌. ഞാൻ അവനെത്തന്നെ നോക്കിനിന്നു. അവനൊരു‌ ആസ്തമ‌രോഗിയായിരുന്നെന്ന്‌ അന്നെനിക്കറിയില്ലായിരുന്നു.

വീതികുറഞ്ഞ റൂമിൽ നിലത്ത് വരിവരിയായിട്ടി‌രിക്കുന്ന പുൽ‍‌പാ‌യയിൽ എന്റെ തൊട്ടടുത്ത്‌ തന്നെയായിരുന്നു‌ ഷബീറലിയും കിടന്നിരുന്നത്.  തലയുടെ‌ ഭാഗത്ത് വെച്ചിരിക്കുന്ന പഴയ ഇരുമ്പുപെട്ടിയിൽ ‍ കൈ‌ കുത്തി‌, ചുമരിനോട്‌ ചാരിയിരുന്ന് ഒരു ഞരക്കത്തോടെ അവൻ ‍‌ ശ്വാസം‌ വലിക്കുന്നത്‌ ‍ ഉറക്കത്തിനിടയിൽ‍ ഞാൻ‍ പലപ്പോഴും കേട്ടിട്ടുണ്ട്.

എല്ലാവരും ഉറങ്ങുന്ന രാത്രിയുടെ നിശ്ശബ്ദതയിലേക്ക്‌ നേർത്തു  നേർ‍ത്തില്ലാതാവുന്ന‌ അവന്റെ‌ നനഞ്ഞ‌ ശ്വസനതാളത്തോളം‌ ശോകസാന്ദ്രമായ‌ ഒരു‌ ശബ്ദവീചിയും‌ ഞാൻ‍ ജീവിതത്തിലിത്‌‌ വരെ‌ കേട്ടിട്ടില്ല‌.

നല്ല മഴയുള്ള ഒരു രാത്രിയിൽ ഉറങ്ങാൻ ‍ കിടക്കുമ്പോൾ ‍ ‌എന്റെ ഭാഗത്തേക്ക് തിരിഞ്ഞുകിടന്നുകൊ‌ണ്ട്‌ അവൻ പറഞ്ഞു ‌:

"ഇപ്പൊ‌ കടലെ‌ളകാന്തൊടങ്ങീട്ട്ണ്ടാവും‌..‌ ഇടീം‌ മഴേം‌ തൊ‌ടങ്ങുമ്പോ‌ പേട്യാവും‌‌.. അപ്പൊ‌ ഞാനെന്റെ‌ ഉപ്പാനെ കെട്ടിപ്പിടിച്ച്ചുച്ക് കെടക്കും‌... "‌

പിന്നെ കുറച്ച് സമയത്തേക്ക് അവൻ ‍ ഒന്നും പറഞ്ഞില്ല; ഞാനും.

ആ‌ മൗനത്തിനിടയിൽ‍‌ ഞാനെന്റെ‌ ഓർമകളി‌ലേക്ക് കമഴ്ന്നു‌കിടന്നു. നല്ല മഴയുള്ള കർ‍ക്കിടക‌രാത്രികളിൽ  ‌ഓടുകൾ‍ക്കിടയിലൂടെ‌‌ മുറിയിലെ‌ മണ്ണ്‌‌തേച്ച‌ നിലത്തേക്ക്‌ മഴത്തുള്ളികളിറ്റി‌വീഴുമ്പോൾ‍‌, തിരി‌നീട്ടിയ മണ്ണെ‌ണ്ണവിളക്കുമായി ഒരു‌ കയ്യിലൊരു ‍‌ അലൂമിനിയ‌പ്പാത്രവും‌ പിടിച്ച്‌ ഉമ്മ ഓരോ മുറിയിലൂടെയും‌ നടക്കുന്നുണ്ടാവും‌;‌ നിലത്ത് പായ‌വിരിച്ചുറങ്ങുന്ന മക്കൾ ‍ ഉണരാതിരിക്കാൻ, ‍ ശബ്ദമുണ്ടാക്കാതെ‌.

ചോർ‍ച്ച‌‌വീണ്‌ നനയാതിരിക്കാൻ ‍‌ കട്ടിലിലെ‌ തെങ്ങോ‌ലപ്പാ‌യയുടെ‌ ഒരറ്റം‌ തന്നിലേക്ക് ചേർ‍ത്ത്പിടിച്ച്, ചുവന്ന കരയുള്ള കറുത്ത പുതപ്പ് ചുമലിലൂടെ‌ ചുറ്റി‌ ബാപ്പ അകത്തേക്ക് വിളിച്ചുപറയും:

 '' ഏയ്.. ഒരു പാത്രം‌‌ ഇവിടേം‌ വെക്ക്.."

രാത്രിയുടെ നിശ്ശബ്ദതയിൽ‍‌, മണ്ണെണ്ണ‌‌വിളക്കിന്റെ‌ അരണ്ട‌ വെളിച്ചത്തിൽ‍‌, അലൂമിനിയപ്പാ‌ത്രങ്ങളി‌ലേക്ക് വീണ്‌ തെറിക്കുന്ന‌ മഴ‌ത്തുള്ളികളുണ്ടാക്കിയ‌ ആ‌ ശബ്ദതരംഗ‌ങ്ങളേക്കാൾ‍‌ മനോഹര‌മായ ഒരു സംഗീതവും‌ ഞാനിത്‌ വരെ‌ കേട്ടിട്ടില്ല.

"‌റസാ.. ‌മയ്ക്കാലത്ത് കടപ്പുറത്ത് ബന്ന്‌ കണ്ടീട്ട്ണ്ടാ...? കടൽ‍‌ക്കാറ്റ് ബന്ന്   തെങ്ങോലപ്പൊരേമ്മലങ്ങനെ  ഒച്ചബെക്കും‌‌.."‌

ഉറക്കത്തിനും‌ ഉണർ‍ച്ചക്കുമിടയിലാടിക്കൊണ്ടിരുന്ന‌ എന്റെയോർമകളിൽ ‍ നിന്നുണർന്ന്  ഞാൻ  ഷബീറലിയെ‌ നോക്കി. പിന്നെ‌ അല്പം‌ ജാള്യതയോടെ‌ ഞാൻ ‌ പറഞ്ഞു‌:‌

"‌‌ഞാന്‍‌ കടല്‌ കണ്ട്ട്ട്ല"

അവൻ ഞരക്കത്തോടൊപ്പം ‌ ഒന്ന്‌ ചിരിച്ചപോലെ‌ തോന്നി‌..

‌ഒരു നാട്ടുമ്പുറത്തുകാരന്റെ‌ നിഷ്കളങ്കതയോടെ‌ ഞാൻ‍‌ ചോദിച്ചു:

"കടലെങ്ങനേ‌..?

വല്ല്യെ‌ പൊഴ‌ പോലായിരിക്ക്വോ‌..?

അവൻ വീണ്ടും ഒന്ന് ചിരിച്ചു.

ഇടക്കെപ്പൊഴോ ഞങ്ങൾ ഉറങ്ങിപ്പോയി.

ഒരു‌ സ്കൂൾ‍‌ അവധി‌‌ദിനത്തിൽ‍‌ വാർ‍ഡന്റെ‌ സമ്മതം‌ വാങ്ങി‌ ‌ ഞാനും‌ ഷബീറലിയും‌  വെള്ളിമാട്‌കുന്നിലെ‌ നിർ‍മ്മലാ ‌ഹോസ്പിറ്റ‌ലിന്റെ‌ ഭാഗത്ത്‌ വരിവരിയായി‌ നിർ‍ത്തിയിട്ടിരിക്കുന്ന‌ പച്ചനിറമുള്ള‌ സിറ്റിബസ്സുകളിലൊന്നിൽ ‍‌ കയറി ഇരുന്നു‌.

"‌‌രണ്ട്‌ വെള്ളയിൽ ‌ ബീച്ച്"‌

നാൽപ്പത്‌ പൈസ‌ നാണയങ്ങളെടുത്ത്‌ ‌അവൻ ‍‌ കണ്ടക്ടർ‍‌ക്ക്‌ നീട്ടി‌.

ബസ്സിന്റെ മുൻ‍ഭാഗത്തുള്ള‌ ബോക്സിന്‌ മുകളിലിരുന്ന്‌ പൊടിപിടിച്ച‌ ചില്ലിനുള്ളിലൂടെ‌ ഞാൻ‍‌ പുറത്തേ‌ക്ക്‌ നോക്കി‌.  ജെ.ഡി.റ്റി. ഇസ്‌‌ലാം‌ ‌ഓർ‍ഫനേജ് എന്ന് കമാന  രൂ‌പ‌ത്‌‌തിൽ എഴുതിയ ഗേറ്റി‌നോട്‌ ചേർ‍ന്ന‌ 'ഉല്ലാസ് '‌ ഹോട്ടൽ‍. അവിടെ ചില്ലലമാരയിൽ ‍ അടുക്കി വെച്ചിരിക്കുന്ന പൊറോട്ടയിൽ ‍ എന്റെ കണ്ണ് ചെന്നു‌നിന്നു.‌

'‌ഒരു പൊറാ‌ട്ടയുടെ‌ രുചി‌ എങ്ങിനെയായിരിക്കും..!‘ ഞാൻ വെറുതെയോരോന്ന് ‌ മനസ്സിൽ ആലോചിച്ചുകൊണ്ടിരുന്നു.

"‌പുവാം"

പിന്നിലെ വാതിൽ‍ക്കൽ ‍ നിന്ന് ക്ലീനർ  വിളിച്ചു പറഞ്ഞു. ഞാൻ ‍ ഷബീറലിയുടെ‌ ചുമലിൽ ‍ കൈ‌വെച്ച് ‌ ബസ്‌ ഡ്രൈവറെ‌ ആരാധനയോടെ നോക്കിയിരുന്നു.

.............................................

റസാഖ്‌ വഴിയോരം‌

............................................ Re ........................................   5.2.22         

No comments:

Post a Comment