അധ്യായം - 15
....................................................
ദേവകിയമ്മയുടെ ചിരി
.....................................................
ഒരു ഘടികാരത്തിന്റെ സൂചികള്‍പോലെ കഴിഞ്ഞുപോയ സ്ഥലകാലങ്ങള്‍ക്കുചുറ്റും മനസ്സ് കറങ്ങിക്കൊണ്ടിരുന്നപ്പോൾ ഭ്രമാത്മകമായ വര്‍ത്തമാനകാലത്തിന്റെ നൈമിഷികാനുഭൂതിയേക്കാള്‍ സുന്ദരമായൊരു ഉന്മാദം എന്നെ മൂടിപ്പുതഞ്ഞു.!
ഭൂതകാലത്തിന്റെ പൂമരച്ചോട്ടിലിരുന്ന് ഓര്‍മ്മകളുടെ ഭാണ്ഡങ്ങളോരോന്നും കെട്ടഴിച്ചപ്പോള്‍ ഭിന്നരൂപഭാവങ്ങളുള്ള അനേകം മുഖങ്ങൾ വിഷാദം മുറ്റിയ കണ്ണുകള്‍ തുറന്ന് എന്നെ നോക്കി. ചിലര്‍ എന്തോ പറയാന്‍ പതിയെ ചുണ്ടുകള്‍ തുറന്നു.
കഴിഞ്ഞുപോയ സംഭവമുഹൂര്‍ത്തങ്ങള്‍ കഥാവിഷ്കാരങ്ങളാക്കി വായനക്കാരനെ രസിപ്പിക്കാൻ മാത്രമല്ല ഞാനിതെഴുതുന്നത്. മറിച്ച് കുട്ടിക്കാലത്ത് എന്റെ മനസ്സിന്റെ ചുമരുകളില്‍ അനേകം അവ്യക്തചിത്രങ്ങള്‍ കോറിയിട്ട് കടന്നുപോയ സാധാരണക്കാരായ മനുഷ്യരെ ഓർത്തുവെക്കാനാണ്.
കൂട്ടം തെറ്റിപ്പറക്കുന്ന ആകാശപ്പറവകളെപ്പോലെ ചിന്തകള്‍ പല ദിക്കിലേക്കും ചിതറിപ്പറന്നപ്പോൾ
ചെമ്മണ്ണു മെഴുകിയ ഇറയത്ത് മണ്ണെണ്ണവിളക്കും കയ്യില്‍ പിടിച്ച് ദേവകിയമ്മ നിൽക്കുന്നത് ഞാൻ കണ്ടു.
സൂര്യാസ്തമയം കഴിഞ്ഞ് ഇരുട്ടുപരക്കുന്നതിനുമുമ്പ് അമ്പലമുറ്റത്തെ പുല്ലുപടര്‍ന്ന തുളസിത്തറയില്‍ ദേവകിയമ്മ എണ്ണത്തിരി കത്തിച്ചുവെച്ചു, ആലയിലെ പശുവിന് വൈക്കോൽ വാരിയിട്ടുകൊടുത്തു. പിന്നെ ചേരാംകുന്നിലേക്കും നോക്കിക്കൊണ്ട് ഇറയത്തെ ചാണകം മെഴുകിയ തറയിൽ കുത്തിയിരുന്നു.
ഒരറ്റത്ത് കുറച്ച് റേഷനരിയും മറുതലക്കല്‍ അതിനുള്ള ചില്വാനങ്ങളും ചുറ്റിക്കെട്ടിയ തോര്‍ത്ത്മുണ്ട് തോളിലൂടെ മുന്നിലേക്കും പിന്നിലേക്കും തൂക്കിയിട്ട്, കത്തിത്തീരാറായ ഓലച്ചൂട്ട് താളത്തില്‍ വീശി കുട്ടികളുടച്ഛന്‍ കുന്നിറങ്ങിവരുന്നത് നോക്കിനിക്കുകയാണ് ദേവകിയമ്മ!
മണ്ണും കരിയും കലക്കിത്തേച്ച കോലായിൽ വട്ടംകൂടിയിരുന്ന കുട്ടികള്‍ മലയാളപുസ്തകത്തിലെ പദ്യം ഉറക്കെ ചൊല്ലിപ്പഠിക്കുമ്പോള്‍, മുറ്റവരമ്പത്ത് കുറ്റിച്ചൂട്ട് കുത്തിക്കെടുത്തി ചോയ്യ്യൂട്ടാപ്പന്‍ കോലായിലേക്ക് കയറി. പിന്നെ തേക്കിലയില്‍ പൊതിഞ്ഞ മീന്‍പൊതിയും അരിസാധനങ്ങളും ദേവകിയമ്മയെ ഏല്പിച്ചു.
രാവിലെ മുതല്‍ വൈകുന്നേരം വരെ ഈര്‍ച്ചപ്പണി കഴിഞ്ഞ് ക്ഷീണിച്ചുവരുന്ന ചോയ്യ്യൂട്ടാപ്പന്‍ അല്പം മദ്യപിച്ചിട്ടുണ്ടെങ്കിലും മടിയില്‍ പൊത്തിഞ്ഞുകെട്ടിയ മിഠായിപ്പൊതി കുട്ടികള്‍ക്കെടുത്തുകൊടുത്തശേഷം ഒരു ചെറുചിരിയോടെ ശാന്തനായി ഇറത്തിണ്ണയില്‍ ചെന്നിരുന്നു.
പിന്നെ അല്പസമയമിരുന്ന് കയ്യിലും കാലിലും എണ്ണതേച്ച് ക്ഷീണം മാറ്റിയശേഷം മുറ്റത്തെ കീണറിനടുത്ത് നിന്ന് പാളയെടുത്ത് കിണറിലേക്ക് താഴ്ത്തി. മുളയുടെ നീണ്ടുവളഞ്ഞ ഏത്തത്തിനു പിന്നില്‍ ഭാരമുള്ള കല്ല് കെട്ടിത്തൂക്കിയതിനാല്‍ ചൂടിക്കയറുപിടിച്ചുവലിക്കാതെത്തന്നെ വെള്ളം അതിവേഗം മേലോട്ട് പൊങ്ങിവന്നു. പിന്നെ കിണറിനടുത്ത് നിന്ന് പാളകൊണ്ടുതന്നെ തലയിലൂടെ വെള്ളമൊഴിച്ച് കുളിച്ചു.
ദേവകിയമ്മയും കിണറിനടുത്തിരുന്ന് തേക്കിലപ്പൊതിയഴിച്ച് മീനുകൾ മണ്‍ചട്ടിയിലേക്കിട്ട് ഓരോന്നും മുറിച്ച് വൃത്തിയാക്കാന്‍ തുടങ്ങി.
അതുകഴിഞ്ഞ് ചുവന്നമുളകും, മല്ലിപ്പൊടിയും, പറമ്പിലെ വള്ളിയില്‍നിന്ന് പറിച്ചെടുത്ത പച്ചക്കുരുമുളകും ചേര്‍ത്ത് അടുക്കളപ്പുറത്തെ അമ്മിയിൽ വെച്ച് ഒരു പ്രത്യേക താളത്തില്‍ അരയ്ക്കാന്‍ തുടങ്ങി. അതിനിടയിൽ ചായ്പ്പിലെ വിറകടുപ്പില്‍ ചോറ് വേവുന്നുണ്ടാവും. ഓലമേഞ്ഞ മേല്‍ക്കൂരക്കുമുകളിലൂടെ പുറത്തേക്ക് പരക്കുന്ന പുകയോടൊപ്പം മത്തിക്കറിയുടെ കൊതിപ്പിക്കുന്ന മണം പരക്കാന്‍ സമയമായി.
നീളമുള്ള ഈര്‍ച്ചവാള്‍ ചുമലില്‍വെച്ച് തൊട്ടടുത്ത വീട്ടിലെ ചെക്കുട്ട്യേട്ടനേയും കൂട്ടിയാണ് എന്നും രാവിലെ ചോയ്യ്യൂട്ടാപ്പന്‍ പണിക്കുപോകുന്നത്. അടുത്തുള്ള ഏതെങ്കിലും പറമ്പിലായിരിക്കും ഈര്‍ച്ചപ്പണിയുണ്ടാവുക. മരക്കൊമ്പുകള്‍കൊണ്ടുള്ള നാലു കാലുകള്‍ക്കുമുകളില്‍ ഈരാനുള്ള മരം കിടത്തിവെച്ചിട്ടുണ്ടാവും.
കരിക്കട്ട പൊടിച്ച് ഒരു ചിരട്ടയില്‍ കലക്കി അതില്‍ ചരടുമുക്കിയെടുത്ത് മരത്തിനു മുകളില്‍ വലിച്ചടിച്ച് ഒരു വര പ്രിന്റ് ചെയ്യും. ആ ലൈനിലൂടെയാണ് ഈര്‍ച്ചവാള്‍ സഞ്ചരിക്കേണ്ടത്.
മുകളിള്‍ നില്‍ക്കുന്ന ആള്‍ താളത്തില്‍ കുനിഞ്ഞുനിവര്‍ന്നു ഈര്‍ച്ചവാള്‍ മേലോട്ട് വലിക്കുമ്പോള്‍ അടിയിലിരിക്കുന്നയാള്‍ തല അല്പം ചെരിച്ച് പിടിച്ച് ഈര്‍ച്ചപ്പൊടി കണ്ണില്‍ വീഴാതെ വാള്‍ താഴോട്ടുവലിക്കും. യന്ത്രവാളുകള്‍കൊണ്ട് മരം ഈര്‍ന്നുമുറിക്കുന്ന മില്ലുകള്‍ ഇല്ലാതിരുന്ന കാലത്ത് ഇങ്ങനെ ദിവസങ്ങളുടെ അദ്ധ്വാനം കൊണ്ടാണ് വീടുണ്ടാക്കാനുള്ള ചൂഴികയും പട്ടികയും കഴുക്കോലുമൊക്കെയുണ്ടാക്കിയിരുന്നത്.
മണ്ണ് കുഴച്ചുണ്ടാക്കുന്ന കട്ടകള്‍കൊണ്ട് ചുമരുണ്ടാക്കി കമുകും മുളയും വെച്ചുകെട്ടി അതിനുമുകളില്‍ ഓലമേഞ്ഞ് സാധാരണക്കാര്‍ വീടുണ്ടാക്കുമ്പോള്‍ മണ്ണുകൊണ്ട് ചെങ്കല്ല് പടുത്ത് അതിനുമുകളില്‍
മരത്തിന്റെ ചൂഴികയും കഴുക്കോലും വെച്ച് ഓടുമേഞ്ഞാണ് അല്പം സാമ്പത്തികശേഷിയുള്ളവര്‍ വീടുണ്ടാക്കിയിരുന്നത്. കോണ്‍ക്രീറ്റ് വീടുകള്‍ നാട്ടിലൊരിടത്തും അന്ന് കാണാനുണ്ടായിരുന്നില്ല.
ദൂരസ്ഥലത്ത് നിന്ന് കല്ലും മരവും ഓടും ഓലയുമെല്ലാം തലച്ചുമടായി ചുമന്നുകൊണ്ടുവന്ന് ഞങ്ങള്‍ക്കുവേണ്ടിയും ആരൊക്കെയോ നിര്‍മ്മിച്ചുതന്ന ഒരു കൊച്ചുവീട്ടിലാണ് മഴയും വെയിലും കൊള്ളാതെ ഞാനും വളര്‍ന്നുവന്നത്.
വെള്ളത്തിലിട്ട് കുതിര്‍ത്ത് മെടഞ്ഞുണ്ടാക്കുന്ന തെങ്ങോലയും പനയോലയുമായിരുന്നു പുരകെട്ടാന്‍ ഉപയോഗിച്ചിരുന്നത്.
വേനല്‍ക്കാലം കഴിയുമ്പോഴേക്ക് മേല്‍ക്കൂരയിലെ ഓലയൊക്കെ ഓട്ടവീണ് ദ്രവിക്കും. മഴക്കാലം വരുമ്പോള്‍ ഇത്തരം വീടുകള്‍ ചോര്‍ന്നൊലിക്കും. പുര കെട്ടിമേയാന്‍ വകയില്ലാത്ത പാവപ്പെട്ട ആളുകള്‍ ഒരു മഴക്കാലം കൂടി ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ അന്തിയുറങ്ങും.
ഒരുവിധം കഴിവുള്ളവര്‍ മഴക്കാലം തുടങ്ങുന്നതിനുമുമ്പുതന്നെ വീടുകള്‍ ഓലമേയാനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. കൊല്ലത്തിലൊരിക്കലുള്ള ഈ പുരമേയല്‍ വലിയൊരു ആഘോഷമായിരുന്നു. 'പൊരകെട്ടുകല്ല്യാണം' എന്നായിരുന്നു അതിനെ വിളിച്ചിരുന്നത്. അന്ന് പണിക്കാര്‍ക്കും വീട്ടുകാര്‍ക്കും വയറു നിറയെ തേങ്ങാചോറും ഇറച്ചിക്കറിയും വിളമ്പും. പുരകെട്ടാനറിയുന്ന ജോലിക്കാര്‍ക്ക് ഈ സീസണില്‍ നല്ല തിരക്കായിരിക്കും.
പുരകെട്ടിമേയാന്‍ തുടങ്ങുന്നതിനുമുമ്പ് ആവശ്യമായ പനയോല ശേഖരിക്കണം. ഉയരമുള്ള കൊടപ്പനയില്‍ നിന്ന് ഓലവെട്ടുകയെന്നത് വളരെ അപകടം പിടിച്ച ജോലിയാണ്. ഓലയുടെ തണ്ടില്‍ കൂര്‍ത്ത മുള്ളുകളുണ്ടാവും. നല്ല വൈദഗ്ധ്യം ആവശ്യമുള്ള ജോലിയാണിത്. ഓലവെട്ടുന്നതിനിടയില്‍ പനയില്‍ നിന്ന് വീണ് മരണപ്പെട്ട പല വാര്‍ത്തകളും കുട്ടിക്കാലത്ത് കേട്ടിട്ടുണ്ട്.
ഒരു കാലഘട്ടത്തില്‍ പാര്‍പ്പിടമുണ്ടാക്കാന്‍ മാത്രമല്ല നാം പനയെ ആശ്രയിച്ചിരുന്നത്. വറുതിയുടെ കാലത്ത് പന അന്നം നല്‍കുകകൂടി ചെയ്തിട്ടുണ്ട്. അരിയും ഗോതമ്പും വളരെ ദുര്‍ലഭമായിരുന്ന നാട്ടില്‍ പന അനേകമാളുകളുടെ പട്ടിണി മാറ്റീട്ടുണ്ട്.
പനയുടെയുള്ളിലെ 'ചോറ്' ചെത്തി കഷ്ണങ്ങളാക്കിയുണക്കി മരത്തിന്റെ ഉരലിലിട്ട് ഇടിക്കും. അരയോളം ഉയരമുള്ള ഉരലിനടുത്തുനിന്ന് രണ്ട് ഉലക്കയുടേയും മൂടുകള്‍കൊണ്ട് പെണ്ണുങ്ങള്‍ ശക്തിയായി ഇടിച്ചാണ് പന പൊടിക്കുന്നത്. എന്നിട്ട് വെള്ളം നിറച്ച ഒരു മണ്‍കുടുക്ക തുണികൊണ്ട് മൂടിക്കെട്ടി അതിലേക്ക് ഇടിച്ചെടുത്ത പൊടിയിട്ട് പതുക്കെ ഇളക്കും. കുറെ കഴിയുമ്പോള്‍ മണ്‍കുടുക്കയുടെ അടിയില്‍ പാല്‍ക്കട്ടി പോലെയുള്ള പനയുടെ വെളുത്തപൊടി ഊറിവരും. അത് ഒരു തുണിയില്‍ കിഴിപോലെ കെട്ടി പിഴിഞ്ഞെടുത്തശേഷം വെയിലത്തുവെച്ച് ഉണക്കുന്നു. ഈ പൊടികൊണ്ട് പനങ്കഞ്ഞിയും പത്തിരിയുമൊക്കെ ഉണ്ടാക്കിയിരുന്നു. വില കുറഞ്ഞതും രുചിയുള്ളതുമായ ഭക്ഷണം എന്നതിനേക്കാളുപരി നല്ല ഔഷധഗുണമുള്ളതുകൂടിയായിരുന്നു ഈ പനമ്പൊടി.
നാട്ടില്‍ ഒരു പന മുറിക്കുന്ന വിവരമറിഞ്ഞാല്‍ ആളുകള്‍ നേരത്തെത്തന്നെ പനയുടെ കഷ്ണങ്ങള്‍ 'ബുക്ക്' ചെയ്യുമായിരുന്നു. 'അടുക്കുകള്‍' എന്നായിരുന്നു ഇതിനെ പറഞ്ഞിരുന്നത്.
അന്നവും പാര്‍പ്പിടവും മാത്രമായിരുന്നില്ല പന നമുക്ക് ഒരുക്കിത്തന്നിരുന്നത്. മഴക്കാലത്ത് ഉപയോഗിച്ചിരുന്ന തൊപ്പിക്കുടയും പനയോല കൊണ്ടായിരുന്നു ഉണ്ടാക്കിയിരുന്നത്. പറമ്പില്‍ പണിയെടുക്കുന്നവരും മീന്‍പിടുത്തക്കാരും വിദ്യാര്‍ത്ഥികളുമെല്ലാം അന്ന് തൊപ്പിക്കുടയായിരുന്നു ഉപയോഗിച്ചിരുന്നത്. ശീലക്കുട പ്രചാരത്തിലാകുന്നതിനു മുമ്പ് തൊപ്പിക്കുട നിര്‍മിച്ച് ഉപജീവനം നടത്തിയിരുന്ന ഒരു തലമുറ നമുക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുണ്ട്.
എന്തായാലും വറുതിയുടെ കാലത്ത് ഒരുപാടു മനുഷ്യര്‍ക്ക് അന്നവും പാര്‍പ്പിടവുമൊക്കെ ഒരുക്കിത്തന്നിരുന്ന പനയെന്ന അല്‍ഭുതവൃക്ഷം ഇന്ന് നാട്ടില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. വളരെ അപൂര്‍വ്വം സ്ഥലങ്ങളിള്‍ മാത്രമെ ഇന്നവ ശേഷിക്കുന്നുള്ളൂ. പറമ്പിലെ അലങ്കാര വൃക്ഷങ്ങള്‍ക്കിടയില്‍ ഒരു അപശകുനവും ശല്ല്യവുമായിത്തോന്നുന്നതിനാലാവാം പലരും പനകള്‍ മുറിച്ചുമാറ്റുകയാണ്.
പുതിയ സൗകര്യങ്ങളും സാമഗ്രികളും സ്വന്തമാകുമ്പോള്‍ പണ്ട് ആശ്രയം നല്‍കിയിരുന്നതിനെയൊക്കെ അകറ്റിനിര്‍ത്തുകയെന്നത് മനുഷ്യപ്രകൃതം തന്നെയാണല്ലോ.
നൂറ്റാണ്ടുകള്‍ കൊണ്ടാണ് ഒരു പന വളര്‍ന്നുവലുതാവുന്നത്. അത് മുകളിലേക്ക് എത്ര വലുതാകുന്നുവോ അത്രയും നീളത്തില്‍ താഴോട്ടും വളരുന്നുണ്ടെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഈ അല്‍ഭുതമരം കുറ്റിയറ്റുപോകാതെ വരുംതലമുറക്ക് കാണാനായെങ്കിലും സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്.
വളരെ മികച്ച ആസൂത്രണത്തോടെ പ്ലാനും എസ്റ്റിമേറ്റുമൊന്നും തയ്യാറാക്കിയായിരുന്നില്ല അന്നൊക്കെ സാധാരണക്കാരായ ആളുകള്‍ വീടുണ്ടാക്കിയിരുന്നത്. ഒരു ആശാരി വന്ന് പറമ്പിന്റെ കോണുകള്‍ നോക്കി കുറ്റിയടിക്കും. പിന്നെ കല്ലും മണ്ണും ഉപയോഗിച്ച് രണ്ടു മുറികളുണ്ടാക്കി അതിനുമുകളില്‍ ഓലകൊണ്ടോ ഓടുകൊണ്ടോ മേല്‍കൂരയിട്ടാല്‍ ഒരു വീടായി. ആ വീട്ടില്‍ അടുക്കളക്കും ടൊയ്ലറ്റിനും ഒരു പ്രാധാന്യവുമില്ലായിരുന്നു.
തള്ളപ്പുരയോട് ചേര്‍ത്ത് പിന്നീട് മറച്ചുണ്ടാക്കുന്നതാണ് അടുക്കള.
പല വീടുകളുടേയും അടുക്കള തെങ്ങോലകൊണ്ടോ പരമ്പ് കൊണ്ടോ മറച്ചുണ്ടാക്കിയതായിരുന്നു.
പരമ്പുകള്‍ മാത്രം ഉപയോഗിച്ചുണ്ടാക്കിയ വീടുകളും ഞാന്‍ വളര്‍ന്നുവലുതായ നാട്ടിന്‍പുറത്ത് ധാരാളമുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ പരമ്പുനിര്‍മ്മാണം കൊണ്ടുമാത്രം ഉപജീവനം നടത്തിയിരുന്ന ധാരാളം ആളുകളും അന്നുണ്ടായിരുന്നു,
പ്രദേശത്തെ വീട്ടുമുറ്റങ്ങളില്‍ രാത്രി വളരെ വൈകുംവരെ കുടുംബത്തിലെ ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളുമൊക്കെ ചിമ്മിനി വിളക്കിന്റെ വെളിച്ചത്തിലിരുന്ന് പരമ്പുകളുണ്ടാക്കുന്നത് കാണാമായിരുന്നു. കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒരുമിച്ചിരുന്ന് വര്‍ത്തമാനങ്ങള്‍ പറഞ്ഞും തമാശകള്‍ പറഞ്ഞുചിരിച്ചും പരമ്പുനിര്‍മാണത്തില്‍ മുഴുകുന്നത് മനോഹരമായ കാഴ്ചയായിരുന്നു.
പരമ്പുകൊണ്ട് മറച്ചുണ്ടാക്കുന്ന അടുക്കളയില്‍ മണ്ണുകൊണ്ടുണ്ടാക്കിയ അടുപ്പിലാണ് വിറകുകത്തിക്കുക. അതിനു മുകളില്‍ പരമ്പുകൊണ്ട് ഒരു ചേവ്. അതിനു മുകളില്‍ വിറകും തേങ്ങയും സൂക്ഷിക്കാന്‍ ഒരു അട്ടം. അടുപ്പില്‍ വിറക് കത്തിക്കുന്നത്കൊണ്ട് അടുക്കള യുടെ ചുമരുകളും ചേവും അട്ടവുമെല്ലാം കരിപിടിച്ച് കറുത്തിരിക്കും.
അടുക്കളയില്‍ കെട്ടിത്തൂക്കിയിരിക്കുന്ന ഉറിയിലാണ് ബാക്കിവരുന്ന ചോറും കറിയുമെല്ലാം സൂക്ഷിച്ചിരുന്നത്. ഇതായിരുന്നു ആ കാലത്തെ ഫ്രിഡ്ജ്. എലിയു പൂച്ചയുമൊന്നും ഇതിനുമുകളില്‍ കയറില്ല. ഉറിയില്‍ വെച്ച ചോറും കറിയും പിറ്റേന്ന് രാവിലെ എടുത്തുകഴിക്കാന്‍ നല്ല രുചിയായിരുന്നു.
പരിമിതമായ സൗകര്യങ്ങളുള്ള ഇത്തരം കൊച്ചുകുടിലുകളില്‍ എട്ടും പത്തും മക്കളെ പെറ്റുവളര്‍ത്തി വലുതാക്കിയവരാണ് നമ്മുടെ പൂര്‍വ്വീകരില്‍ പലരും. കൊച്ചുവീടകങ്ങളിലെ അസൗകര്യങ്ങളിലും പരിമിതികളിലും അവര്‍ തൃപ്തിയും ശാന്തിയും കണ്ടെത്തി.
പ്രസവം പോലും ഇത്തരം കൊച്ചുകുടിലുകളിലെ ഇടുങ്ങിയ മുറികളിലായിരുന്നു നടന്നിരുന്നത്. നല്ല പരിചരണം ആവശ്യമായ ഗര്‍ഭകാലത്തുപോലും നല്ല പോഷകാഹാരമോ വിശ്രമമോ കിട്ടാതെ കിണറില്‍ നിന്ന് വെള്ളം കോരിയും വിറകു കൊത്തിയും അമ്മിയരച്ചുമാണ് അവര്‍ ഭക്ഷണം പാകം ചെയ്ത് കുടുംബം പുലര്‍ത്തിയിരുന്നത്.
ഇന്ന് ജീവിതത്തിലെ മുഴുസമ്പാദ്യങ്ങളുമുപയോഗിച്ച് മേത്തരം സൗകര്യങ്ങളുള്ള വീടുകളുണ്ടാക്കി താമസിച്ചിട്ടും തൃപ്തരാവാത്തവർക്ക് പഴയ തലമുറകളുടെ ജീവിതത്തില്‍ നിന്നും ചിലതെങ്കിലും പഠിക്കാനുണ്ടാകും.
ഗര്‍ഭധാരണം ഒരു 'അസുഖ'മാണെന്നപോലെ കരുതി അമിതാശങ്കകളാൽ ആശുപത്രികളുടെ കച്ചവടതാല്പര്യങ്ങളില്‍ കുടുങ്ങിപ്പോകുന്നവര്‍ക്കും അവരുടെ ജീവിതത്തിൽ നിന്നും ഏറെ പഠിക്കാനുണ്ട്.
ഒമ്പതുമക്കളുള്ള ഞങ്ങളുടെ കുടുംബം വളര്‍ന്നുവലുതായത് മുകളില്‍ സൂചിപ്പിച്ചപോലെയുള്ള ഒരു രണ്ടുമുറിപ്പുരയിലായിരുന്നു.
ഇതുപോലുള്ള ഒരു കുടിലില്‍ തന്നെയാണ് ദേവകിയമ്മയും ഏഴു മക്കളെ പെറ്റുവളര്‍ത്തി വലുതാക്കിയത്.
ചേരാംകുന്നില്‍നിന്ന് മഴവെള്ളം കുത്തിയൊലിച്ചുപോകുന്ന ഒരു ഇടവഴിയുടെ വക്കത്തായിരുന്നു ഞങ്ങളുടെ വീട്. ഇടവഴിയുടെ തൊട്ടപ്പുറത്ത് ദേവകിയമ്മയുടെ വീട്. അതിനോടുചേര്‍ന്ന് ഒരു ചെറിയ അമ്പലം. അതിനടുത്തടുത്തായി ഓലമേഞ്ഞ അഞ്ചു കൊച്ചുകുടിലുകള്‍. അവിടെ താമസിച്ചിരുന്ന തിരുമാലയും ചക്കിയും കാളിയും കണ്ടങ്കുട്ടിയും കടുങ്ങോച്ചനുമെല്ലാം സ്വന്തം മക്കളോടെന്നപോലെ ഞങ്ങളോട്
സ്നേഹത്തോടെ പെരുമാറി. ചേരാംകുന്നിനോടുചേര്‍ന്ന മനോഹരമായ കൊച്ചുതാഴ്‌വരയില്‍ മഴകൊണ്ടും നിലാവു കണ്ടും ഒരു വീട്ടിലെ അംഗങ്ങളെന്നപോലെ ഈ വീടുകളിലെ മക്കളെല്ലാം കളിച്ചുവളര്‍ന്നു.
ചായയുണ്ടാക്കാന്‍ ഇത്തിരി ചയപ്പൊടിയോ ശര്‍ക്കരയോ വായ്പ വാങ്ങാന്‍ ഉമ്മ ചിലപ്പോള്‍ ഞങ്ങളെ ഈ വീടുകളിലേക്കായിരുന്നു പറഞ്ഞയച്ചിരുന്നത്.
പലപ്പോഴും ദേവകിയമ്മയുടെ വീട്ടിലേക്കായിരിക്കും പോവുക. അടുക്കള വാതില്‍ക്കല്‍വന്ന് ഉപ്പോ മുളകോ ഒരു കടലാസില്‍ പൊതിഞ്ഞുതരുമ്പോള്‍ ഒരു കഷ്ണം പത്തിരിയോ ഓട്ടടയോ കൂടി ദേവകിയമ്മ ഞങ്ങളുടെ കയ്യിലേക്കു വെച്ചുതരും, രാവിലെ ഒന്നും കഴിച്ചിട്ടില്ലെന്നറിഞ്ഞപോലെ.
ഇല്ലായ്മകള്‍ക്കിടയിലും അയല്‍വാസികള്‍ തമ്മില്‍ ചേമ്പും ചേനയും കപ്പയും അരിയും ഉപ്പും മുളകും അങ്ങോട്ടുമിങ്ങോട്ടും പങ്കുവെച്ചു. അതിലൂടെ സ്നേഹത്തിന്റെ ഊഷ്മളത ഞങ്ങള്‍ അനുഭവിച്ചിരുന്നു.
ഭൂതകാലത്തിന്റെ ചിപ്പിയില്‍ക്കിടന്ന് പാകപ്പെട്ട ഈ ഓര്‍മ്മമുത്തിനോളം വിലപിടിപ്പുള്ള മറ്റൊന്നും ഞാൻ മനസ്സിൽ സൂക്ഷിക്കുന്നില്ല.
ഇന്ന് നമ്മള്‍ സമ്പന്നരും സ്വയം പര്യാപ്തരുമായിരിക്കാം. എങ്കിലും അയല്‍വിടുകള്‍ തമ്മില്‍ വായ്പയായും അല്ലാതെയും നിത്യോപയോഗസാധങ്ങളുടെ കൊടുക്കല്‍ വാങ്ങലുകളുണ്ടാവാന്‍ അവസരങ്ങളുണ്ടാക്കണമെന്ന് എനിക്ക് തോന്നാറുണ്ട്.
പരസ്പരം അറിയാനും പരിഗണിക്കാനും ഇതിലൂടെ അവസരം ലഭിക്കും.
എന്നും രാവിലെ കയ്യില്‍ ഒരു മണ്‍കലവും തൂക്കിപ്പിടിച്ച് ദേവകിയമ്മ ഞങ്ങളുടെ വീട്ടിലേക്കുവരും. മുറ്റത്തെ തെങ്ങിനുചുവട്ടില്‍ വെച്ചിരിക്കുന്ന വക്കുപൊട്ടിയ മണ്‍കുടുക്കയില്‍ തലേന്നുരാത്രി ബാക്കിവന്ന കഞ്ഞിവെള്ളം ഉമ്മ ഒഴിച്ചുവെച്ചിട്ടുണ്ടാവും. അതെടുത്ത് പശുവിന് കൊടുക്കാനാണ് ദേവകിയമ്മ എല്ലാ ദിവസവും വരുന്നതെങ്കിലും കാലങ്ങളായി തുടര്‍ന്നുവരുന്ന ഒരു സൗഹൃദ സന്ദര്‍ശനം കൂടിയായിരുന്നു അത്.
ദേവകിയമ്മ വരുമ്പോഴൊക്കെ ഉമ്മ കുറെ നേരം വീട്ടുവിശേഷങ്ങളും നാട്ടുവിശേഷങ്ങളുമൊക്കെ സംസാരിച്ചിരിക്കും, തമാശകള്‍ പറയും. ഉമ്മയുടെ തമാശകള്‍ കേട്ട് ദേവകിയമ്മ നിരയൊത്ത പല്ലുകളില്‍ ഉറക്കെ പൊട്ടിച്ചിരിക്കും. വീടിനുചുറ്റും പ്രതിധ്വനിക്കുന്ന ആ ചിരിയില്‍
ദാരിദ്ര്യത്തിന്റെയും പട്ടിണിയുടേയും എല്ലാ ദു:ഖങ്ങളും അലിഞ്ഞില്ലാതാവും.
ഞങ്ങളുടെ ബാപ്പയോടും ഉമ്മയോടുമെല്ലാം വളരെ സ്നേഹവും ബഹുമാനവുമായിരുന്നു അവര്‍ക്കെല്ലാം.
ചിലപ്പോഴൊക്കെ വല്ലാതെ പ്രയാസപ്പെടുമ്പോള്‍ ഉമ്മ മക്കളായ ഞങ്ങളെയും കൂട്ടി വാഴക്കേട്ടേക്കുപോകും. ദേവകിയമ്മയുടെ വീടിനടുത്തുകൂടിയായിരുന്നു ഞങ്ങള്‍ പോകാറുണ്ടായിരുന്നത്. അപ്പോള്‍ ഉമ്മ ദേവകിയമ്മയോട് എന്തൊക്കെയോ സങ്കടങ്ങള്‍ പറഞ്ഞ് കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ ദേവകിയമ്മ പറയും:
''മ്മളെ മക്കളൊക്കെ വല്‍താവുമ്പം മ്പക്കും ഒരു നല്ലകാലണ്ടാവും ചെറീമ്മോ..!''
ചേരാംകുന്നിലെ പേരറിയാക്കിളികള്‍ കൂടുവെച്ചിരുന്ന മരങ്ങളോരോന്നും തളിര്‍ത്തും ഇലകൊഴിച്ചും അനേകം ഋതുക്കള്‍ കടന്നുപോയി. ആ മരങ്ങളിലെ കൂടുകളില്‍ നിന്നും വളര്‍ന്നുവലുതായി ദൂരദിക്കിലേക്കുപറന്നുപോകുന്ന പക്ഷികളെപ്പോലെ ഞങ്ങളും സ്വന്തം ചിറകില്‍ പല ദിക്കിലേക്കും പറന്നുപോകാൻ പ്രാപ്തരായി.
ദേവകിയമ്മയുടെ പ്രവചനം പോലെ മക്കളൊക്കെ വലുതായി വരുമാനക്കാരായി. പ്രതീക്ഷിച്ചിരുന്ന ആ നല്ലകാലം രണ്ടു കുടുംബത്തിലേക്കും പതുക്കെ കടന്നുവരാന്‍ തുടങ്ങി. പക്ഷെ അതൊന്നും അനുഭവിക്കാന്‍ കാത്തുനില്‍ക്കാതെ ഞങ്ങളുടെ ബാപ്പയും ചോയ്യ്യൂട്ട്യാപ്പനുമൊക്കെ നേരത്തെ ഈ ലോകത്തോട് യാത്ര പറഞ്ഞു.
ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റേയും നല്ല നാളുകളിൽ പേരമക്കളോടൊപ്പം സുഖമായി കഴിയുന്നതിനിടയിൽ ഒരു ദിവസം അപ്രതീക്ഷിതമായി ദേവകിയമ്മയും ഞങ്ങളെ വിട്ടുപിരിഞ്ഞു.
ഞങ്ങളുടെ വീടിനു തെക്കുഭാഗത്തുള്ള ചേരാംകുന്നിനു മുകളിലാണ് ദേവകിയമ്മയും തിരുമാലയും കടുങ്ങോച്ചനും കാളിയും ചക്കിയുമൊക്കെ അന്ത്യവിശ്രമം കൊള്ളുന്നത്.
ചിലപ്പോഴൊക്കെ ചേരാംകുന്നിലൂടെ തനിയെ നടന്നുപോകുമ്പോള്‍ വന്യമായ ആ നിശബ്ദതയിലൂടെ ഏതോ പേരറിയാപ്പക്ഷികള്‍ ചിറകിട്ടടിച്ച് ദൂരേക്ക് പറന്നുപോകുന്നത് ഞാനിപ്പോഴും നോക്കിനില്‍ക്കാറുണ്ട്.
ഞങ്ങളുടെ തറവാറ്റുമുറ്റത്തു നില്‍ക്കുമ്പോള്‍ വെള്ളങ്ങോട് പറമ്പിലൂടെ പശുവിന്റെ കയറും പിടിച്ച്, ഉമ്മയോട് വര്‍ത്തമാനവും പറഞ്ഞ് മനോഹരമായി ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ദേവകിയമ്മയെ ഞാനിന്നും കാണാറുണ്ട്.
ഇന്നും എല്ലാ ഓണാഘോഷദിവസവും ദേവകിയമ്മയുടെ മക്കളും അയല്‍വിട്ടുകാരുമൊക്കെ ഒരു കുടുംബത്തിലെ അംഗങ്ങളെന്നപോലെ ഞങ്ങള്‍ക്ക് സദ്യ വിളമ്പിത്തരാറുണ്ട്.
വിശ്വാസാചാരങ്ങളുടെ മുന്‍വിധികളില്ലാതെ അയല്‍വീടുകള്‍ക്കിടയില്‍ സ്നേഹസൗഹാര്‍ദ്ദങ്ങളുടെ പൂമരങ്ങള്‍ നട്ടുവളര്‍ത്തിയ
മുന്‍തലമുറകളുടെ നന്മകളൊക്കെയും കാലികകാലുഷ്യങ്ങളുടെ വെയില്‍നാളങ്ങളില്‍ വാടിപ്പോകാതെ ഇന്നും ബാക്കിനില്‍ക്കുന്നു.
ഇന്നലെയില്‍ നിന്ന് നാളെയിലേക്ക് നടന്നുപോകുന്ന വഴിയോരങ്ങളിലൊക്കെയും അവര്‍ നനച്ചുവളര്‍ത്തിയ തണല്‍മരങ്ങള്‍ക്കുചുവട്ടിലിരുന്നാണ് നാം വിശ്രമിക്കുന്നത്. നമുക്ക് പിറകെ വരുന്നവര്‍ക്കായും ഈ തണല്‍മരങ്ങള്‍ വാടിപ്പോകാതെ സംരക്ഷിക്കുമ്പോഴാണ് തലമുറകള്‍ തമ്മില്‍ ഓര്‍മ്മകളുടെ സ്നേഹവിനിമയം നടക്കുന്നത്.
കാലം ഒരിക്കലും നിശ്ചലമല്ലല്ലോ! നമുക്കു മുമ്പെ ഇവിടെയുണ്ടായിരുന്നവര്‍ നമ്മെ ഈ ലോകത്തേക്ക് കൂട്ടിക്കൊണ്ടുവന്നു.
അവര്‍ അവരുടെ കാലത്തില്‍ ജീവിച്ചു മരിച്ചു. കാലം ഇപ്പോള്‍ നമ്മോടൊപ്പം സഞ്ചരിക്കുന്നു. ശരീരം കൊണ്ട് നമുക്കിനി ആ പഴയ കാലത്തിലേക്ക് സഞ്ചരിക്കാനാവില്ലെങ്കിലും ഓര്‍മ്മകള്‍ കൊണ്ടെങ്കിലും ഒരു സഞ്ചാരിയാവാമല്ലോ!
ഭൂതകാലത്തിന്റെ ചിപ്പിയിലാണ് ജീവിതത്തിന്റെ യഥാര്‍ത്ഥ സൗന്ദര്യം ഒളിച്ചുവെച്ചിരിക്കുന്നതെന്ന് ഞാനിപ്പോൾ അറിയുന്നു. വല്ലപ്പോഴുമൊക്കെ ഓര്‍മ്മകളുടെ ചിപ്പികള്‍ തുറന്നുനോക്കണം. അപ്പോള്‍ അതില്‍നിന്ന്
വിലപിടിപ്പുള്ള പലതും കണ്ടെടുക്കാനാവും.
...........................................
റസാഖ് വഴിയോരം
........................................
Re 02 2022
No comments:
Post a Comment