Friday, February 11, 2022

അധ്യായം‌ :‌ 18‌ ........‌ മിത്തു‌കളുറങ്ങുന്ന‌ ‌ചേരാംകുന്ന്‌‌‌!

 



അധ്യായം‌ :‌ 18‌

..........................................................‌

മിത്തു‌കളുറങ്ങുന്ന‌ ‌ചേരാംകുന്ന്‌‌‌!

..........................................................

ഓർമകൾ‌ മിന്നാമിനുങ്ങുകളെപ്പോലെയാണ്‌‌‌!  ‌അണഞ്ഞും‌ തെളിഞ്ഞും‌ അവ‌  മനസ്സിലൂടെയങ്ങനെ‌ പാറിക്കളിച്ചുകൊണ്ടിരിക്കും‌. ചേരാംകുന്ന്‌‌ കയറിയിറങ്ങാതെ‌, ഇരുവഴിഞ്ഞിപ്പുഴ‌ മുറിച്ചുകടക്കാതെ‌, ‌എനിക്കെന്റെ‌ ‌ബാല്യകാല‌‌സ്മൃതികളിലേക്ക്‌‌  കട‌ന്നുചെല്ലാനാവില്ല‌. 

കിഴക്കുഭാഗത്ത്‌‌ കുന്നും‌ പടിഞ്ഞാറുഭാഗത്ത്‌‌ പുഴ‌യും‌‌. അതിനു‌ നടുവിൽ‌ ഞങ്ങളു‌ടെ‌ കൊച്ചു‌വീട്‌‌. ചേരാം‌കുന്നിൽ‌‌നിന്ന്‌‌  പുഴയിലേക്ക്‌‌ മഴവെള്ളമൊലിച്ചുപോകുന്ന‌ ‌കുത്തനെയുള്ള‌ ഒരു‌ ചാലിലൂടെയായിരുന്നു‌  ഞങ്ങൾ‌  കുന്നിനുമുകളിലേക്ക്‌‌ കയറിയിറങ്ങിയിരുന്നത്‌‌. 

ചേരാം‌‌കുന്നിന്റെ‌ ഏറ്റവും‌ മുകളിൽ‌ ചുടലയാണ്‌‌‌. പകൽ‌ സമയത്തുപോലും‌ അങ്ങോട്ടുപോകാൻ‌ ഞങ്ങൾക്ക്‌‌ പേടിയായിരുന്നു‌.  ഒരു‌ ദിവസം‌ ഞങ്ങളുടെ‌  വീട്ടു‌മുറ്റത്തുകൂടി‌ ആളുകൾ‌ എന്തൊക്കെയോ‌ ഉറക്കെ‌‌ പറഞ്ഞുകൊണ്ട്‌‌ ഓടിപ്പോകുന്ന ശബ്ദം‌ കേട്ടാണ്‌‌  ഞങ്ങളു‌ണർന്നത്‌‌. കുന്നിനുമുകളിലുള്ള‌  ചുടലയുടെ‌ ഭാഗത്തേക്കാണ്‌‌ ആളുകൾ‌  ഓടിപ്പോകുന്നത്‌‌.  കാര്യമെന്താണെന്നറിയാതെ‌ കട്ടിലിൽനിന്നും‌ ചാടിയിറങ്ങി‌  ഞങ്ങളും‌ ചേരാംകുന്നിനുമുകളിലേക്കോടി‌.  ഓടിയും‌ കിതച്ചും‌ കുന്നിനുമുകളിലെത്തി‌യപ്പോൾ‌ ഞങ്ങളാ‌ കാഴ്ച‌ കണ്ടു‌. കുന്നിൻ‌‌ചെരുവിലെ‌ കുറ്റിക്കാട്ടിൽ‌ ആരോ‌ ഒരാൾ‌ മരിച്ചു‌ കി‌ടക്കുന്നു‌. മരണം‌ നട‌ന്നിട്ട്‌‌  കുറച്ചുദിവസങ്ങളായിട്ടുണ്ടാവും‌. മുന്നോട്ടടുക്കുന്തോറും‌ ദുർഗന്ധം‌ അസഹനീയമായി‌. ‌ മൂക്കും‌ പൊത്തി‌ ആളുകൾ‌ അവിടെയിവിടെയൊക്കെയായി‌ നോക്കി‌നിൽക്കുന്നുണ്ട്‌. 

‌കൂടിനിൽക്കുന്ന‌ ആളുകൾക്കിടയിലൂടെ‌ ഞങ്ങൾ‌ കുറച്ചുകുടി‌ അടുത്തേക്ക്‌‌ ചെന്നു. അരയിൽ‌  തോർത്തുമുണ്ട്‌‌ ചുറ്റി‌യ‌‌നിലയിൽ‌ ഒരു‌ അസ്ഥികൂടം‌ കമഴ്ന്നുകിടക്കുന്നു‌‌! ശരീരത്തിലെ‌ മാംസമെല്ലാം‌ കുറുക്കന്മാർ‌ കടിച്ച്‌‌ വികൃതമായിരിക്കുന്നു‌. തലേദിവസം‌ രാത്രി‌ ആ‌ കുന്നിനുമുകളിൽ‌ നിന്ന്‌‌ കുറുക്കന്മാർ‌ കൂട്ടമായി‌ കരയുന്നത്‌ ഞാൻ‌ കേട്ടതാണ്‌‌. കണ്ണു‌കൾ‌ തുറന്നുകൊണ്ടാണ്‌‌  ആ‌ മൃതശരീരം‌ കിടക്കുന്നത്‌‌.    

മുഖത്തെ‌ കൊമ്പൻ‌ മീശ‌ അതുപോലെത്തന്നെയുണ്ട്‌‌.  അരയിലെ‌ ബെൽട്ടിൽ‌  കത്തിയിടുന്ന‌ ഒരു‌റയുണ്ട്‌‌. കാൽമുട്ടുകളിലെ‌ എല്ലുകൾ‌ വേർപ്പെട്ടുകിടക്കുന്നു‌. 

അധിക‌‌സമയം‌ ആ‌ മുഖം‌  നോക്കിനിൽക്കാൻ‌ ഞങ്ങൾക്കായില്ല‌. കുറച്ചുദിവസങ്ങൾക്കുമുമ്പ്‌‌  ചുള്ളിക്കാപറമ്പ്‌‌ അങ്ങാടിയിലെ‌ ഓവുകല്ലിലിരുന്ന്‌‌ കത്തികൊണ്ട്‌‌  അടക്ക‌ ചുരണ്ടി‌ വായിലേക്കിടുമ്പോൾ‌ ഞങ്ങളെ‌ നോക്കി‌ അ‌യാൾ‌  ചിരിച്ചതാണ്‌‌.  തലയിൽ‌  മുണ്ട്‌‌ ചുരുട്ടിക്കെട്ടി‌  കൊമ്പൻ‌ മീശ‌യി‌ളക്കിക്കൊണ്ടുള്ള‌ ആ‌ ചിരി‌ എത്ര‌ മനോഹരമായിരുന്നു‌‌!  

''പോലീ‌സുകാർ‌ വരുന്നുണ്ട്‌‌‌..''‌ ആരോ‌ വിളിച്ചുപറഞ്ഞു‌. 

സംശയാസ്പദമായ‌ സഹചര്യത്തിൽ‌ മരിച്ചതാണ്‌‌. കാണുന്നവരെയെല്ലാം‌ പോലീസുകാർ‌ ചോദ്യം‌ ചെയ്യും‌. ഞങ്ങൾ‌ മതിലിനുമുകളിൽ‌ നിന്ന്‌‌ ദൂരത്തേക്ക്‌‌ മാറിനിന്നു‌. 

കുറച്ചു‌‌കഴിഞ്ഞ്‌‌ രണ്ട്‌‌ പോലീസുകാർ‌ അവിടേക്ക്‌‌ നടന്നുവന്നു‌. അവരുടെ‌ നിർദ്ദേശപ്രകാരം‌ ആ‌ അസ്ഥിക്കഷ്ണങ്ങൾ‌  ഒരു‌ കൊടപ്പന‌യോലയിൽ‌  കെട്ടിപ്പൊതിഞ്ഞ്‌‌ അവിടെ‌ നിന്നും‌ എടുത്തുകൊണ്ടു‌പോ‌യി‌. 

ആ‌ മരണം‌ നടന്ന സ്ഥലത്തിനടുത്തുകൂടി‌യായിരുന്നു‌ ചുള്ളിക്കാപറ‌മ്പ്‌ അങ്ങാടിയിലേക്ക്‌‌ ഞങ്ങൾ‌ നട‌ന്നുപോയിരുന്ന‌ വഴി‌. ഇനി‌ അതിലൂടെ‌  ഒറ്റക്ക്‌  പോകാൻ‌ പേ‌ടിയാവും‌.  പഞ്ചാരമാവിനുചുവട്ടിലൂടെ‌ മറ്റൊരു‌ നടത്തുവഴിയുണ്ട്‌‌. അതിലൂ‌ടെ‌ നട‌ന്നു‌പോയാൽ‌ കുശവന്മാരുടെ‌ വീടിനുമുമ്പിലൂടെ‌യും‌   അങ്ങാടിയിലെത്താം‌.  പക്ഷെ‌ കുശവന്മാരുടെ‌ വീട്ടിൽ‌ ഒരു‌ വളർത്തുനായയുണ്ട്‌‌.  ദൂരത്തുനിന്ന്‌‌ ഞങ്ങൾ‌ വരുന്നതുകണ്ടാൽ‌ അതുറ‌ക്കെ‌ കുരക്കാൻ‌  തുടങ്ങും‌. ചിലപ്പോൾ‌ നായയെ‌ കെട്ടിയിട്ടിട്ടില്ലെങ്കിൽ‌ അത‌ടുത്തേക്കോടിവരും‌‌. ഞങ്ങളപ്പോൾ‌  പേടി‌ച്ചുകരയാൻ‌ തുടങ്ങും‌. കരച്ചിൽകേട്ട്‌‌  അകത്തുനിന്നും‌  കുശവത്തി‌ ഇറങ്ങി‌വന്നുകൊണ്ട്‌‌ അവരുടെ‌ പ്രത്യേക‌ ഭാഷയിൽ‌ പറയും:‌  

''‌ബ്‌ട്‌ പോന്നായേ‌..''‌ 

അപ്പോൾ‌ വാ‌ലും‌ മടക്കി‌  നായ‌ കൂട്ടിലേക്ക്‌‌  കയറിപ്പോകും‌. 

ചേരാംകുന്നിനുമുകളിൽ‌ മാസത്തിലൊരിക്കലെങ്കിലും‌  തെയ്യൻ‌ നായാട്ടിനായി‌ വരാറുണ്ട്‌‌.  മെരുവിനേയും‌ കീരിയേയും‌ മുയലിനേ‌യുമൊക്കെ‌  നായാടിപ്പിടിക്കുന്നതിൽ‌ വിദഗ്ദ്ധനായിരുന്നു‌ തെയ്യൻ‌! കുശവന്മാരുടെ‌ വീടുകളും‌  കഴിഞ്ഞ്‌‌ അല്പം‌‌കൂടി‌ നടന്നുവേണം‌ അദ്ധേഹത്തിന്റെ‌  വീട്ടിലെത്താൻ‌.   കുറ്റിക്കാ‌ടുകളിലും‌  പാറക്കെട്ടുകളിലും‌  ചെരിപ്പുപോലുമില്ലാതെ‌  ‌ഓടിനട‌ന്ന്‌‌ നായാട്ടുനടത്തിയിരുന്ന‌  തെയ്യനെ‌ ചേരാം‌‌കുന്നിലെ‌ ഓരോ‌  മൺ‌ത്തരിയും‌‌ ഇന്നു‌മോർക്കു‌ന്നുണ്ടവും‌‌!      ‌

നീട്ടിവളർത്തിയ‌ മുടി‌ പിന്നിലേക്ക്‌ കോതിവെച്ച്‌,  ഒരു‌ കവിളിൽ‌ ഉരുള പോലെ‌ മുറുക്കാൻ‌ ‌ഒതുക്കിവെച്ച്‌‌, ചുണ്ടുകൾ‌ കൂർപ്പിച്ച്‌‌ തെയ്യനങ്ങനെ‌ നിൽക്കും‌.  മീശ‌ വടിച്ചുവെടിപ്പാക്കിയ‌ ചുണ്ടുകളിൽ‌ സദാസമയവും‌  വെറ്റിലച്ചുവപ്പണി‌ഞ്ഞൊരു‌  ചിരി‌യുണ്ടാവും‌.  കൈ‌‌രണ്ടും‌ പിന്നിലേക്ക്‌‌ കൂട്ടിപ്പിടിച്ച്‌‌, കാലുകൾ‌ നിലത്തുറക്കാതെ‌,  ആടിയും‌ നിന്നും‌ തെയ്യനങ്ങനെ‌  നടന്നുവരുന്നത്‌‌  മനസ്സിൽ‌ പതിഞ്ഞൊരു‌ മനോഹരചിത്രമാണ്‌‌‌!   ‌

ചെങ്കല്ല്‌‌ ചെത്തിപ്പ‌ടു‌ത്ത്‌‌ വീടുണ്ടാക്കുന്ന പണിയായിരുന്നു‌ തെയ്യന്‌‌. ഉൽസവക്കാലമായൽ‌   വെള്ളങ്ങോട്‌‌  അമ്പലത്തിലും‌ പറയങ്ങാട്ട്‌‌ അമ്പലത്തിലും‌ കോമരം‌ തുള്ളാൻ‌ തെയ്യനുണ്ടാകും‌. ചിലപ്പോൾ‌ കൂട്ടിന്‌‌ അയാളുടെ‌  അയൽവാസിയായ‌ നാറായിയുമുണ്ടാകും‌‌.  കോമരം‌ തുള്ളുമ്പോൾ‌ വാളുകൊണ്ട്‌‌ മുറിഞ്ഞ‌ ഒരടയാളമുണ്ടായിരുന്നു‌ തെയ്യന്റെ‌ നെറ്റിയിലെന്നും‌. 

ചില ദിവസങ്ങളിൽ‌  തെയ്യന്റെ‌  വീടിനടുത്തുകൂടി‌ ഞങ്ങൾ‌ നടന്നു‌പോകുമ്പോൽ‌ അയാൾ‌ നായയെ‌ പരിശീലിപ്പിക്കുന്നതും‌ കളിപ്പിക്കുന്നതും‌ തീറ്റകൊടുക്കുന്നതുമൊക്കെ‌ കാണാറുണ്ട്‌‌. വീടുപണിയും‌ ഉൽസവങ്ങളുമൊന്നുമില്ലാത്ത‌ സമയത്താണ്‌‌ തെയ്യൻ‌ നായാട്ടിനിറങ്ങുക‌. ചേരാം‌‌കുന്നിനുമുകളിലെ‌ കാടുകളിൽ‌‌നിന്ന്‌‌  തെയ്യൻ‌ ഉറക്കെ‌ വിളിച്ചുപറ‌യും:‌ 

''‌ഒയ്ച്ചൊട്ത്തോട്‌‌.. ഒയ്ച്ചൊട്ത്തോട്‌‌.. നായേ‌..''‌ 

ഉച്ചത്തിലുള്ള‌ ആ‌ ശബ്ദം‌ ഞങ്ങളുടെ‌ മുറ്റത്തുനിന്നാൽ‌ ശരിക്കും‌ കേൾക്കാമായിരുന്നു‌. കയ‌റ്റി‌റക്കങ്ങൾ‌ ചാടി‌ മരങ്ങൾ‌ക്കിടയിലൂടെ‌ നായ‌ ഓടാൻ‌ തുടങ്ങുമ്പോൾ‌ കുറ്റിക്കാടുകളിലൊ‌ളിഞ്ഞിരിക്കുന്ന‌ മെരു‌കും‌  കീരിയുമെല്ലം‌ പുറത്തിറങ്ങിയോടും‌. കുറുക്കന്മാർ‌ പാറയിടുക്കുകളിൽ‌ ഒളിച്ചിരിക്കും‌. പക്ഷികൾ‌ ദൂരദിക്കിലേക്ക്‌‌ പറന്നുപോകും‌.  തെയ്യന്റെ‌ ശബ്ദം‌ അനുകരിച്ചുകൊണ്ട്‌‌ ഞങ്ങൾ‌  മുറ്റത്ത്‌‌ നിന്നും‌ ഉറക്കെ‌ അതേപോലെ‌ വിളിച്ചുപറ‌യാറുണ്ടായിരുന്നു‌.  

പണ്ട്‌ ചേരാം‌‌കുന്നിനുമു‌കളിൽ‌  ഏതോ‌ ഒരു‌ വലിയ‌ നായർ‌ കുടുംബം‌ താമസിച്ചിട്ടുണ്ടെന്ന്‌‌ പറയപ്പെടുന്നു‌.  ഒരു‌ പഴയ‌ തറവാടിന്റെ അവശിഷ്ടങ്ങൾ‌ ആ‌ കുന്നിനുമുകളിൽ‌ മണ്ണുമൂടിക്കിടക്കുന്നത്‌‌ കുട്ടിക്കാലത്ത്‌‌ കണ്ടിട്ടുണ്ട്‌‌. അതിനോടടുത്ത്‌‌ മണ്ണു‌വീണ്‌‌  തൂർന്നുപോയ‌ ഒരു‌ കി‌ണറുമുണ്ടാ‌യിരുന്നു‌. അതിനടുത്തുള്ള‌ വലിയ‌  പാറക്കല്ലിനടിയിൽ‌  നിധി‌ കുഴിച്ചിട്ടിട്ടുണ്ടെന്ന്‌‌ പഴയ‌ ആളുകൾ‌ പറ‌ഞ്ഞു‌കേട്ടിട്ടുണ്ട്‌‌.

ചേരാംകുന്നിന്റെ‌ തെക്കു‌ഭാഗത്തുള്ള‌  പാറ‌യിൽ‌  ‌വലിയൊരു‌ കിണറിന്റെ‌യത്രയും‌ ആഴമുള്ള‌ ഒരു‌ കുഴിയുണ്ട്‌‌. 

അതിൽ‌ എല്ലാ‌ കാലത്തും‌ തെളിഞ്ഞ‌ വെള്ളമുണ്ടാകും‌.  ഒറ്റ‌ രാത്രികൊണ്ട്‌‌ ജിന്നുകൾ‌ കുഴിച്ച‌ കിണറാണതെന്ന്‌‌  പഴയ‌ ആളുകൾ‌ പറയാറുണ്ടായിരുന്നു‌. മനുഷ്യർക്ക്‌‌  ഒരി‌ക്കലും‌ അങ്ങനെയുള്ള‌  പാറയിൽ‌ അത്ര‌‌വലിയൊരു‌ കിണർ‌ കുഴിക്കാൻ‌ കഴിയുകയില്ല‌ എന്നതായിരുന്നു‌ അവര‌തിന്‌‌ പറഞ്ഞിരുന്ന‌ തെളിവ്‌‌‌.    

ചേരാം‌‌കുന്നിൽ‌ ചുടലയോടു‌ചേർന്ന്‌‌  ചാരായം‌ വാറ്റുന്ന‌  ഒരു‌ കുഴിയുണ്ടായിരുന്നു‌. അതിനടുത്തുകൂടി‌ നടന്നുപോകുമ്പോൾ‌ ശർക്കരയുടേയും‌ തേനിന്റേയും‌ കൊതിപ്പിക്കുന്ന‌ ഒരു‌ മണമുണ്ടാവും‌. രാത്രി‌  കുറ്റി‌ച്ചൂട്ടും‌ മിന്നി‌ കുന്നിനുമുകളിലൂ‌ടെ‌ ‌പാട്ടും‌ പാടി‌ നട‌ന്നുപോകുന്ന‌ കള്ളുകുടി‌യന്മാരെ‌ ഞങ്ങളുടെ‌ കോലായിലിരുന്നാൽ‌ കാണാമായിരുന്നു‌.  ഞങ്ങൾ‌ ചെറിയ‌ കുട്ടികൾ‌ ‌രാത്രി എന്തിനെങ്കിലും‌  വാശി‌ പിടിച്ച്‌‌  കരയുകയാണെങ്കിൽ‌  ചേരാം‌കുന്നിലേക്ക്‌‌ ചൂണ്ടിക്കൊണ്ട്‌‌ ഉമ്മ‌ പറയും‌:‌

''‌‌ദാ‌.. ചേരാംകുന്നത്ത്ന്ന്‌ കുറ്റിച്ചൂട്ടെറങ്ങി‌ ബെര്‌ണ്‌ണ്ട്‌‌..''‌

പിന്നെ‌ ഞങ്ങൾ‌ കരച്ചിൽ‌ നിർത്തി‌ ജനലഴിക്കുള്ളിലൂടെ‌ കുന്നിനുമുകളിലേക്കു‌നോക്കി മിണ്ടാതെ‌ കിടക്കും‌. 

ഞങ്ങളുടെ‌ കരച്ചിൽ‌ മാറ്റാൻ‌ ഉമ്മയും‌ ഇക്കാ‌ക്കയും‌ ഇതുപോലുള്ള‌ പല‌ പേടിക്കഥകളും‌ പറഞ്ഞിരുന്നു‌.  

അതിലൊരു‌  കഥ‌ ഇങ്ങനെ‌യാണ്‌‌:‌  

ഒരു‌ ദിവസം‌ നട്ടപ്പാതിരനേരത്ത്‌‌   ചേരാം‌കു‌ന്നിനുമുകളിൽ‌ നിന്ന്‌‌  പത്തിരുപത്‌ കുറ്റി‌ച്ചൂട്ടുകൾ‌ ഇറങ്ങി‌‌വന്ന്‌‌ ഞങ്ങളുടെ‌  മുറ്റത്തുകൂടി‌ പുഴയിലേക്ക്‌ നടന്നുപോയത്രെ‌!  കുറ്റിച്ചൂട്ടുമാത്രം‌ സ്വന്തമങ്ങനെ‌ മിന്നിക്കൊണ്ട്‌‌ പോകുന്നതല്ലാതെ‌ ആളുകളെ‌യാരേയും‌  കാണുകയില്ല‌. അങ്ങനെ‌ നട‌ന്നുപോയി‌ ഇടവഴിയും‌ കടന്ന്‌‌ പുറമണ്ണിൽ‌ കടവിലൂടെ‌ വെള്ളത്തിലേക്കിറങ്ങി  കുറ്റിച്ചൂട്ടുകൾ‌ അക്കരേക്ക്‌‌ കയറിപ്പോയത്രെ‌! 

‌ഞങ്ങൾ‌ പുഴയിൽ‌ പോയി‌ അധികസമയം‌ കുളിക്കാ‌തിരിക്കാനും‌ ഇതുപോലുള്ള‌ കഥകൾ‌ പറഞ്ഞ്‌‌ ഞങ്ങളെ‌ പേടിപ്പിക്കാറുണ്ടായിരുന്നു‌. ഒരിക്കൽ‌ ഇക്കാക്ക‌ പറഞ്ഞ‌ കഥ‌യാണ്‌‌:‌ 

പുഴയിലെ‌ വെള്ളത്തിനടിയിൽ‌  നീളൻ‌‌മുടികളുള്ള‌ ഒരു‌ നീരാളി‌യുണ്ടത്രെ‌!  ഏതെങ്കിലും‌ കുട്ടികൾ‌ കുറേ‌നേരം‌ പുഴയിൽ‌ കുളിക്കുന്ന‌ത്‌‌ കണ്ടാൽ‌   നീരാ‌ളി‌ അവരുടെ‌  കാലിൽ‌ മുടിചുറ്റി‌വലിച്ചിഴച്ച്‌‌  ആഴത്തിലേ‌ക്ക്‌ ‌കൊണ്ടു‌‌പോകും‌. ഇരുവഴിഞ്ഞിപ്പുഴ‌യും‌  ചാലിയാർപ്പുഴയും‌ ചേരുന്നിടത്ത്‌‌ വെള്ളത്തിനടി‌യിൽ‌ നീരാ‌ളികളുടെ‌  വലിയൊരു‌ കൊട്ടാരമുണ്ട്‌‌. അവിടെ‌ നീരാളികളുടെ‌ ഒരു‌ രാജാവുണ്ട്‌‌. രാജാവ്‌‌  ഒരു‌ സിംഹാസനത്തിലങ്ങനെ‌  ഇരിക്കും‌. ഇങ്ങനെ‌ വലിച്ചുകൊണ്ടുപോകുന്ന‌ കുട്ടികളുടെ‌ ചോരയാണത്രെ‌ നീരാളിരാജാവിന്റെ‌ ആഹാരം‌‌! 

ഏതായാലും‌ ഇരുവഴിഞ്ഞിപ്പുഴയുടെ‌ മുകളിലൂടെ‌ നിഗൂഢ‌മായ‌ പല‌ രഹസ്യങ്ങളും‌ ഒഴുകിപ്പോകുന്നത്‌‌ ഞാൻ‌ കണ്ടിട്ടുണ്ട്‌‌‌. വാഴയിലയിൽ‌ പൊതിഞ്ഞുകെട്ടിയ‌ കറു‌ത്ത‌കോഴിയുടെ‌ തലയും‌ തെച്ചിപ്പൂവും‌ പുഴയിലൂ‌ടെ‌ ഒഴുകിപ്പോകാറുണ്ടായിരുന്നു‌.  അത്‌‌  കാണുമ്പോൾ‌ കുളിച്ചുകൊണ്ടിരിക്കുന്ന‌ കുട്ടികൾ‌ പേടി‌യോടെ‌ കരയിലേക്ക്‌‌ ഓടി‌ക്കയറും‌. ആപത്തുകൾ‌ ഒഴിഞ്ഞുപോകാൻ‌ ആരോ‌ 'സിഹ്‌റ്‌‌'‌ ചെയ്ത്‌‌ പുഴയിലൂടെ‌ ഒഴുക്കിവിടുന്ന‌തായിരുന്നു‌  ഈ‌ കോഴിത്തലയും‌ തെച്ചിപ്പൂവുമെല്ലാം‌.  അതിലെങ്ങാനും‌ അ‌റിയാതെ‌ തൊട്ടുപോയാൽ‌ അതേ‌ ആപത്തുകൾ‌ ഞങ്ങളെ‌  പിടികൂടുമെന്ന്‌‌ അന്നൊക്കെ‌ ഞങ്ങൾ‌ വിശ്വസിച്ചിരുന്നു‌.  ‌സിഹ്‌റ്‌‌‌ ചെയ്യുകയും‌‌, ചെയ്ത‌ സിഹ്‌റുകൾ‌ കണ്ടുപിടിച്ച്‌‌ നിർവ്വീര്യമാക്കുകയും‌ ചെയ്യാൻ‌ കഴിവുള്ള‌ സിദ്ധന്മാർ‌ ഇരുവഴിഞ്ഞിപ്പുഴയുടെ‌  തീരത്തെവിടെയോ‌ താമസിക്കുന്നുണ്ടെന്ന്‌‌ അന്ന്‌‌ പറഞ്ഞുകേൾക്കാറുണ്ടായിരുന്നു‌.‌

‌ചില‌ ദിവസങ്ങളിൽ‌ വാശിപിടിച്ചുകരയുന്ന‌ ഞങ്ങളെ‌ പേടി‌പ്പിച്ചുനിർത്താൻ‌ ഇത്തരം‌ കഥകൾക്കൊന്നും‌  കഴിയാതെവരുമ്പോൾ‌  കഥയുടെ‌ പാറ്റേണൊ‌ന്ന്‌‌ മാറ്റിപ്പിടിച്ചുകൊണ്ട്‌‌  ഉമ്മ‌ പറയും:‌

''‌ദാ‌.. നോക്കി‌..  ഒടിയന്മാരെറങ്ങി‌ ബര്‌ണ‌  ദെവസാ‌.. മിണ്ടാതിര്‌ന്നോളീ‌..''‌  

ചേരാംകുന്നിനുമുകളിലിരുന്ന്‌‌  ഒടിയന്മാർ‌  ഒടിമറിഞ്ഞ്‌‌ ആടും‌ ‌പൂച്ചയും‌ പട്ടിയുമൊക്കെ‌യായി‌   താഴേക്ക്‌‌ ഇറങ്ങിവരാറുണ്ടത്രെ‌! ഇതു‌ കേൾക്കുമ്പോൾ‌ ബട്ടണമർത്തിയപോലെ‌ ഞങ്ങൾ‌ കരച്ചിൽ‌ നിർത്തും‌.‌ ആ‌ സമയത്ത്‌ മുറ്റത്തു‌നിന്ന്‌‌ പൂച്ച‌ കരയുന്ന‌ ശബ്ദമെങ്ങാനും‌ കേട്ടാൽ‌പ്പിന്നെ‌  ശ്വാസം‌ പോലുമില്ലാതെ‌   ഞങ്ങൾ‌ പുതപ്പിനുള്ളി‌ൽ‌ ചുരുണ്ടുമൂടിക്കിടക്കും‌. പല‌ രാത്രിയിലും‌   പട്ടിയും‌ പൂച്ച‌യുമൊക്കെ‌ മുറ്റത്തുകൂടി‌ പതുങ്ങിപ്പോകുന്നത്‌‌ ഞങ്ങൾ‌ കാണാറുള്ളതാണ്‌‌. 

ഒരു‌  വെള്ളിയാഴ്ച്ച‌ നട്ടുച്ചനേരത്ത്‌‌  ചേരാം‌‌കുന്നിനുമുകളിൽ‌ നിന്ന്‌‌ രണ്ടാളുകൾ‌ ഇറങ്ങിവരുന്നത്‌‌ ഞങ്ങൾ‌ കണ്ടു‌.  ഒരാണും‌ ഒരു‌ പെണ്ണും‌. തലയിൽ‌ ‌കുട്ടയും‌ മുറവും‌ വെച്ചാ‌ണ്‌‌ അവർ‌ കുന്നിറങ്ങി‌വരുന്നത്‌‌. ‌ മുറുക്കാൻ‌ തിന്ന്‌‌ പെണ്ണിന്റെ‌  ചുണ്ടുകൾ‌ പൊട്ടിക്കീറി‌ വികൃതമായിട്ടുണ്ട്‌‌.  ജട‌പിടിച്ചപോലെയുള്ള‌ അവളുടെ‌ മുടി‌ തലയുടെ‌ പിന്നിലേക്കായി‌ കെട്ടിവെച്ചിട്ടുണ്ട്‌‌. കഴുത്തിൽ‌ ഒരു‌ കറുത്ത‌ ചരട്‌‌. കാത്‌‌ കുത്തിയ‌ ദ്വാ‌രത്തിൽ‌ ഒരു‌ ഈർക്കിൾകഷ്ണം‌ ‌തിരുകിവെച്ചിട്ടുണ്ട്‌‌. ആണിനു‌പിന്നാലെ‌ ഒരു‌ നിഴലുപോലെ‌ അവൾ‌ ചേരാംകുന്നിറങ്ങി‌  ഞങ്ങളുടെ‌ വീട്ടുമുറ്റത്തെത്തി. ഞാൻ‌ പേടിച്ച്‌‌  അകത്തേക്കോടിപ്പോയി‌. പിന്നെ‌  ഉറക്കെ‌ നിലവിളി‌ക്കാൻ‌ തുടങ്ങി‌.  കുട്ടയും‌ മുറവും‌ വിൽക്കാൻ‌ നടക്കുന്ന‌  പറയനും‌ പറച്ചിയുമായിരുന്നു‌ അവർ‌.  എന്നെ‌ പിടിച്ചുകൊണ്ടുപോകാൻ‌ വരുന്ന ഒടിയന്മാരാണ്‌‌ അവരെന്ന്‌‌  ഞാൻ‌ തെറ്റിദ്ധരിച്ചു‌. 

ചേരാംകുന്നിൽ‌  '‌എതിർപോക്ക്‌‌'‌ പോകുന്ന‌ സ്ഥലങ്ങളുണ്ടെന്നും‌  'കുള്യേൻ‌'‌ പോകുന്ന‌ വഴികളുണ്ടെ‌ന്നും‌ ഉമ്മ‌  പറഞ്ഞുതന്നിരുന്നു‌. ജിന്നുകളും‌ പിശാ‌ചുക്കളും‌ പോകുന്ന‌ പ്രത്യേക‌ റൂട്ടുകളാണത്‌‌.   എതിർപോക്കിൽ‌ പെട്ടാൽ‌ ഉ‌ദ്ദേശിക്കുന്ന‌ സ്ഥലത്തായിരിക്കില്ല നമ്മൾ‌ നടന്നെത്തുക‌! ഒരിക്കൽ‌ ചേരാംകുന്നിലൂടെ‌ ഇറങ്ങിവന്ന‌ ഉപ്പ‌ വീട്ടിലേക്ക്‌‌  കയറുന്നതിനിടയിൽ‌ തലകറങ്ങിവീണു‌. 

''‌എതിര്‌‌‌പോക്കി‌ൽ‌ പെട്ട്‌ട്ട്‌ണ്ടാവും‌!''‌ ഉമ്മ‌ പറഞ്ഞു‌.

‌മഴ തിമർത്തുപെയ്യുന്ന‌ കർക്കിടക‌ രാത്രികളിൽ‌  ചേരാംകുന്നിലെ‌   മരക്കൊമ്പുകളെയു‌ലച്ചുകൊണ്ട്‌‌  ഭീകര‌ശബ്ദത്തോടെ‌ ശക്തമായ‌ കാറ്റ്‌  കട‌ന്നുപോകുമ്പോൾ‌ അവിടേക്ക്‌‌ ചൂണ്ടി‌ ഉമ്മ‌ പറയും:‌

''‌അദ്‌.. കലിയേൻ‌  പോക്വാ‌ണ്‌‌!''‌

ഇതെല്ലാം‌ മഹാവികൃതിക്കാരായ‌ ഞങ്ങളെ‌ പേടി‌പ്പിച്ചു‌നിർത്തി‌ അനുസരണയുള്ള‌ കുട്ടികളാക്കാൻ‌ വേണ്ടി‌ ഉമ്മ‌ പറഞ്ഞിരുന്ന‌ കഥകളായിരുന്നെങ്കിലും‌ എല്ലാം‌ വിശ്വസിച്ചുകൊണ്ടുതന്നെ‌ ചേരാം‌കുന്നിലേക്ക്‌‌  എല്ലാ‌ ദിവസവും‌ ഞങ്ങൾ‌ കയറിപ്പോയി‌. പഞ്ചാരമാവിൽ‌ കല്ലെറിഞ്ഞു‌. കുറ്റിക്കാടുകളിൽ‌ ഒളിച്ചുകളിച്ചു‌. മുളങ്കൂട്ടങ്ങളിലേക്ക്‌‌ കല്ലെറിഞ്ഞു‌ രസിച്ചു‌.‌ മുരിക്കിൻ‌ പൂവുകൾ‌ കോർത്ത്‌‌ മാലയുണ്ടാക്കി‌ കഴുത്തിലിട്ടു‌.

ചുവന്ന‌ തെച്ചിക്കായകൾ‌ പറിച്ചുതിന്നു‌. ആടുകൾക്ക്‌‌ തീറ്റ‌ പറി‌ച്ചുകൊടുത്തു‌.  

ഞങ്ങളുടെ‌ വീട്ടുമുറ്റത്തുനിന്നു‌ നോക്കിയാൽ‌  ചേരാംകുന്നിലെ‌ പഞ്ചാരമാവിനു‌ ചുവട്ടിലൂടെ ആളുകൾ‌ നട‌ന്നു‌പോകുന്നതുകാണാം‌. അതാണ്‌‌ അങ്ങാടിയിലേ‌ക്കുള്ള‌ ഏക‌ വഴി‌. പഞ്ചാരമാവും‌ കഴിഞ്ഞ്‌‌   ‌കുത്ത‌നെ‌യുള്ള‌  ഇറക്കം‌ അവസാനിക്കുന്നിടത്താണ്‌‌  ‌ആയ്‌ച്ചാ‌ത്ത‌യുടെ‌ വീട്‌.‌ വീടെന്നു‌ പറഞ്ഞാല്‍‌ തെങ്ങോല‌ കൊണ്ട്‌ മറച്ചുണ്ടാക്കിയ‌ ഒറ്റമുറിപ്പുര‌‌!  അടുത്തൊന്നും‌ ഒരു‌  വീടു‌പോലുമില്ലാത്ത‌  ആ‌ കുടിലിനുചുറ്റും‌ 

കൈതക്കാടുകളാണ്‌‌. അതിനുള്ളി‌ൽ‌ ചേരയും‌ പാമ്പുമെല്ലാം‌ സ്ഥിരതാമസക്കാരാണ്‌‌. അവർക്ക്‌‌  ഭര്‍ത്താവോ‌ മക്കളോ‌ ഉണ്ടായിരുന്നില്ല‌.  എല്ലാ‌ മഴ‌ക്കാ‌ലത്തും‌ ഒന്നു‌ മിണ്ടിപ്പറയാൻ‌ ആളില്ലാതെ‌ ആയ്ച്ചാത്ത‌ ആ‌  ഒറ്റപ്പെട്ട‌ സ്ഥലത്ത്‌‌ ഒറ്റക്ക്‌‌ താമസിച്ചു‌.  

അരി‌‌സാധങ്ങള്‍‌ വാങ്ങാനായി‌ ആയ്ച്ചാത്തയുടെ‌ വീടിനടുത്തുകൂടിയായിരുന്നു‌  ഞങ്ങൾ‌  ചുള്ളിക്കാ‌പറ‌മ്പ്‌ അങ്ങാടിയിലേക്ക്‌ പോയിരുന്നത്‌‌. അപ്പോൾ‌  ഓല‌കൊണ്ട്‌‌  മറച്ച‌ ചുമരിന്റെ‌ വിടവിലൂടെ‌ വിദൂരതയിലേക്ക്‌ നോക്കി‌ക്കൊണ്ട്‌‌  ആ‌ സ്ത്രീ‌ ഒറ്റക്ക്‌‌ സംസാരിക്കുന്നത്‌‌ ഞങ്ങൾ‌  കണ്ടിട്ടുണ്ട്‌‌. കൈതക്കാടുകൾക്കിടയിലൂടെ‌ ഞങ്ങൾ‌ നട‌ന്നുവരുന്ന‌ ശബ്ദം‌ കേട്ടാൽ‌ തെങ്ങോലകൊണ്ട്‌ മെടഞ്ഞുണ്ടാക്കിയ‌ വാതിൽ‌ പതുക്കെ‌ നീക്കി‌, പച്ചനിറത്തിലുള്ള‌ കാച്ചിത്തുണിയുടുത്ത്‌‌, ആയ്ച്ചാത്ത‌ പുറത്തേക്കിറങ്ങിവരും‌. പാറിപ്പറക്കുന്ന‌ നരച്ച‌ മുടി‌ തട്ടത്തിനുള്ളി‌ൽ‌ ഒതുങ്ങിനിൽക്കില്ല‌. ഉരുണ്ട‌ കണ്ണുക‌ൾ‌ വിടർത്തി‌,  പുറത്തേക്കുന്തിനിൽക്കുന്ന‌  ദ്രവിച്ച‌ പല്ലുകൾ‌ പുറത്തു‌കാണിച്ച്‌‌, ആയ്ച്ചാത്ത‌ ഞങ്ങളെ‌ നോക്കി‌ പുഞ്ചിരിക്കും‌.  

ഞങ്ങളെ‌ കാണുമ്പോൾ‌ വലിയ‌ സന്തോഷമായിരുന്നു‌ ആ‌ മുഖത്ത്‌‌. ‌കാച്ചിത്തുണിയുടെ‌ കോന്തലക്ക‌ല്‍‌ ഭദ്രമായി‌ കെട്ടിവെച്ച‌ അഞ്ചുപൈസയുടേയും‌ പത്തുപൈസയുടേയും‌ നാണയത്തുട്ടുകള്‍‌ ഞങ്ങളുടെ‌  കയ്യിലേ‌ക്ക്‌ വെച്ചുതരും‌. പീടികയില്‍‌ നിന്നു‌വരുമ്പോള്‍‌ കുറച്ച്‌ പുകയിലയോ‌ ഉ‌ണക്കമീനോ‌ വാങ്ങിക്കൊടുക്കാനാണ്‌‌. അവർക്കുള്ള‌ സാധങ്ങളുമായി‌  ഞ‌ങ്ങള്‍‌ തിരിച്ചുവരുന്നതുവരെ‌   കോലായിലെ‌ നാൽക്കാലിപ്പലകയിലിരുന്ന്‌‌ അവർ‌  നോക്കിനിൽ‌ക്കുന്നുണ്ടാവും‌.  ഞങ്ങൾ‌ വരുന്നതുകണ്ടാൽ‌ ഇളകുന്ന‌ പല്ലുകള്‍‌ കാണിച്ച്‌‌ ചിരിച്ചുകൊണ്ട്‌‌ മുറ്റത്തേക്കിറങ്ങിവരും‌. പിന്നെ‌   കൈതക്കാട്ടി‌ൽ‌ നിന്ന്‌‌ ഞങ്ങൾക്ക്‌‌ പഴുത്ത‌ കൈതച്ചക്ക‌ പറിച്ചുതരും‌. മുറ്റത്തെ‌ പുളിച്ചിമാവിൽ‌ നിന്ന്‌‌ വീണ‌ ചെറുമാങ്ങകൾ‌ തേക്കിലയിൽ‌ പൊതിഞ്ഞുതരും‌. ഞങ്ങളെ‌ വലിയ‌ ഇഷ്ടമായിരുന്നു‌ അവർക്ക്‌‌. 

 എന്റെ‌ ഉമ്മയുടെ‌ കുപ്പായം‌ തുന്നിയിരുന്നത്‌ ആയ്ച്ചാത്തയായിരുന്നു‌. കുപ്പായത്തിന്‌‌ അന്ന്‌  കുടുക്കുകൾ‌ ഉണ്ടായിരുന്നില്ല‌.  ചെറുകഷ്ണം‌ തുണി‌  ഒരു‌ കുരുമുളക്‌ മണി‌യുടെ‌ വലിപ്പത്തിൽ‌ ഉരുട്ടിത്തുന്നിയായിരുന്നു‌ കുടുക്കുകൾ‌ ഉണ്ടാക്കിയിരുന്നത്‌. പെരുന്നാള‌ടുക്കുമ്പോൾ‌  ഇതുപോലെ‌  കുടുക്കുകളുള്ള‌  

‌കുപ്പായം‌ തുന്നിക്കാൻ‌ ഉമ്മ‌ ഞങ്ങളെ‌ അവരുടെ‌യ‌ടുത്തേക്ക്‌‌ പറഞ്ഞയക്കുമായിരുന്നു‌. കൈതച്ചക്കയും‌ ചെറുമാങ്ങയും‌ തിന്നാനുള്ള‌ കൊതികാരണം‌ ആയ്ച്ചാത്ത‌യുടെ‌ വീട്ടിലേക്ക്‌‌    പോകാൻ‌  ഞങ്ങൾ‌ തമ്മിൽ‌ മൽസരമായിരുന്നു‌.   

സൂര്യൻ‌ പടിഞ്ഞാറോട്ട്‌‌ ചായുമ്പോൾ‌  കുത്തനെയുള്ള‌ കുന്നിന്റെ‌ കിഴക്കു‌ഭാഗത്ത്‌‌ ഇരുട്ട്‌ പര‌ക്കും‌. അങ്ങനെ‌ ‌ഇരുട്ടുപരന്നുതുടങ്ങിയ‌  ഒരു‌ സന്ധ്യാസമയത്ത്‌‌  ഞങ്ങള്‍‌ പീടികയില്‍‌‌നിന്ന്‌ മടങ്ങിവരുമ്പോൾ‌  ആയ്ച്ചാത്തയുടെ‌ കുടിലിനുള്ളിൽനിന്ന്‌‌ ഒരു‌ കരച്ചിൽ‌ കേട്ടു‌. ഞങ്ങൾ‌ അല്പ‌സമയം‌ അവിടെത്തന്നെ‌ നിന്നു‌. പിന്നെ‌ ചെറി‌യ‌ കരച്ചിൽ‌ ഉച്ചത്തിലു‌ച്ചത്തിൽ‌ ഒരു‌ കൂവൽ‌ പോലെ‌ പുറത്തേക്കുവന്നു‌.  മുടിയഴിച്ചിട്ട്‌‌ മുഖം‌ പൊത്തിക്കരയുന്ന‌ ആയ്ച്ചാത്തയെ‌ ഓലച്ചുമരിന്റെ‌ വിടവിനുള്ളിലൂടെ‌ ഞങ്ങൾ‌ കണ്ടു‌‌‌. സങ്കടങ്ങൾ‌ വരുമ്പോൾ‌ ആ‌ സ്ത്രീ‌ അങ്ങനെ‌ കരയാറുണ്ടത്രെ‌! 

എന്തിനായിരുന്നു‌ ആ സ്ത്രീ‌ ഒറ്റക്ക്‌ താമസിച്ചതെന്നറിയില്ല‌. അവരുടെ‌ സങ്കടങ്ങൾ‌  എന്തായിരുന്നെന്നും‌ എനിക്കറി‌യില്ല‌. ഈ‌ ലോകത്ത്‌ അ‌വരുടെ‌ നിയോഗമെന്തായിരുന്നു‌..? അതുമെനിക്കറിയില്ല‌! സ്വന്തം‌ ശരീരത്തിൽ‌ മുഖമമർത്തിപ്പിടിച്ച്‌‌,  എല്ലാ‌ സങ്കടങ്ങളും‌ സ്വന്തത്തോടുതന്നെ‌ ചൊല്ലിപ്പറ‌ഞ്ഞ്‌‌,  ആ‌ ‌സ്ത്രീ‌  ഒറ്റക്ക്‌ ജീവിതം‌ മുറിച്ചുകട‌ന്നു‌. അവർ‌ ഭാഗ്യവതിയാണ്‌‌‌! രക്ത‌ബന്ധങ്ങളുടെ‌ ആല്‍ക്കൂട്ടത്തിലകപ്പെട്ട്‌‌  സ്വയം‌ ഒറ്റപ്പെ‌ട്ടുപോകുന്ന‌വ‌ർ‌ അ‌നു‌ഭവിക്കുന്ന‌ വേദനകളൊന്നും‌ അവർക്കനുഭവിക്കേണ്ടിവന്നില്ലല്ലോ‌!

ചുടലപ്പ‌റ‌മ്പും‌ പഞ്ചാരമാവും‌ കൈതക്കാടുകളുമുള്ള‌ ചേരാംകുന്നിനുമുകളിലൂടെ‌ ‌കുറ്റിച്ചൂട്ടും‌ മിന്നി‌ കാലം‌ അതിവേഗം‌  ക‌ട‌ന്നുപോയി‌. മുറവും‌ കുട്ടയും‌ തലയിൽവെച്ച്‌ ഇന്നാരും‌ ആ‌ കുന്നിറങ്ങിവരാറില്ല‌.  നായാട്ടുകാരന്റെ‌ അലർച്ച‌ കേട്ട്‌ മാളത്തിൽനിന്നിറങ്ങിയോടാൻ‌ ഇന്നവിടെ‌ മെരുകും‌ മുയലുകളു‌മില്ല‌. കൗമാരകൗതുകങ്ങൾക്ക്‌‌ നിറം‌ പ‌കർന്നുതന്നിരുന്ന‌ പഞ്ചാരമാവിൻ‌ ചുവട്ടിലൂടെ‌ നട‌ന്നുപോയാൽ‌ ഇന്ന്‌‌  ആയ്ച്ചാത്തയുടെ‌ വീട്‌‌ കാണാനാവില്ല‌. എല്ലാം‌ മാറി‌യിരിക്കുന്നു‌. കുന്നിനുമുകളിലൂടെ‌ പഞ്ചായത്ത്‌ റോഡ്‌ വന്നു‌.   

റോഡിനിരുവശവും‌ കോൺഗ്രീറ്റ്‌ വീടുകളുയർന്നു‌. പഞ്ചാരമാവ്‌‌ മുറിച്ച്‌ കഷ്ണങ്ങളാക്കി‌ എവിടേക്കോ‌ കൊണ്ടു‌പോയി‌. 

ഇന്ന്‌‌ ചേരാംകുന്നിനുമുകളിൽ‌ നിന്നു‌ദിച്ചുവരുന്ന‌  നിലാവിന്‌‌  ഗൃഹാതുരത്വത്തിന്റെ‌ നനവാർന്നൊരു‌ ‌മഞ്ഞ‌‌വെളിച്ചമാണ്‌‌. ഇന്നെന്റെ‌ വീടിന്റെ‌ ജനൽ‌ തുറന്ന്‌‌ പുറത്തേക്കുനോക്കിയാൽ‌ കുന്നിനുമുകളിലേക്കുള്ള‌ വഴികൾക്കിരുവശവും‌ നിറയെ‌ വീടുകൾ‌ കാണാം‌. കുട്ടികളാരും‌ നടന്നുപോകാത്ത‌ പുഴയിലേക്കുള്ള‌ വഴികളൊക്കെയും‌  കാടുപിടിച്ചുകിടക്കുന്നതുകാണാം‌. അന്നത്തെ‌ ഇടവഴികളിപ്പോൾ‌ വാഹനങ്ങൾ‌ ഇരമ്പിപ്പായുന്ന‌ റോഡുകളാണ്‌‌. നെൽക്കതിരുകൾ‌ വിളഞ്ഞുനിന്നിരുന്ന‌ വയലുകളിലിപ്പോൾ‌ നീണ്ടുവളർന്നുനിൽക്കുന്ന‌ കമുകിൻ‌ കൂട്ടങ്ങളാണ്‌‌. 

‌അന്നെന്തൊരു‌ രസമായിരുന്നു‌!‌ നല്ല‌ നിലാവുള്ള‌ രാത്രിയില്‍‌  മദ്രസ‌ വിട്ടുവരുമ്പോൾ‌ പാടവരമ്പത്ത്‌ ചൂട്ട്‌ കുത്തിക്കെടു‌ത്തി‌ കൊയ്ത്തുകഴിഞ്ഞ്‌‌ വിണ്ടു‌ കീറിയ‌ പാടത്തിറങ്ങി‌ ഞങ്ങള്‍‌  ഓടിക്കളിച്ചിരുന്നു‌. അപ്പോൾ‌ നെൽക്കുറ്റികളിൽ‌നിന്ന്‌‌   മുഖത്തേക്ക്‌‌ തെറിക്കുന്ന‌ മഞ്ഞു‌വെള്ള‌ത്തിന്‌‌ ഒരു‌ പ്രത്യേക‌ തണുപ്പായിരുന്നു‌.    

മഞ്ഞും‌ നിലാവും‌ പുണര്‍ന്നുകിടക്കുന്ന‌ കൊയ്ത്തു‌കഴിഞ്ഞ‌ വയലുകളിൽ‌ കപ്പയും‌ മധുരക്കിഴങ്ങും‌ കൃഷി‌ ചെയ്യാൻ‌  പാടവക്കത്തെ‌ വീടുകളിൽനിന്ന്‌‌ സന്ധ്യകഴിഞ്ഞാൽ‌ പെണ്ണുങ്ങളിറങ്ങിവരും‌. കൊയ്ത്തിനുശേഷം‌ മണ്ണുണങ്ങുന്നതിനുമുമ്പ്‌  കൈക്കോട്ടുകള്‍‌കൊണ്ട്‌‌  അവര്‍‌ പാടം‌ കൊത്തിയിടും‌. ഇങ്ങനെ‌ കൊത്തിയിട്ട‌ മണ്‍‌കട്ടകള്‍‌ ഉണങ്ങിക്കഴിഞ്ഞാല്‍‌  നീളമുള്ളൊരു‌  കമ്പിലുറ‌പ്പിച്ച‌ മരക്കഷ്ണം കൊണ്ട്‌ അത്‌‌ തച്ചുടച്ച്‌ പൊടിമണ്ണാക്കും‌.‌ '‌കട്ടുട്ടി‌'‌ എന്നാണ്‌ ഈ‌ ഉപകരണത്തിന്റെ‌ പേര്‌.    പിന്നെ‌ വൈക്കോല്‍‌ കുറ്റിയും‌ മറ്റും‌  പെറുക്കി‌ക്കൂ‌ട്ടി കത്തിച്ച്‌ മണ്ണ്‌ കൃഷിക്ക്‌ പാകമാക്കും‌.

പാൽ‌നിലാവ്‌ നിറഞ്ഞൊഴുകുന്ന‌ പാടത്ത്‌  വരിവരിയായി‌‌നിന്ന്‌ പെണ്ണുങ്ങള്‍‌  മണ്‍കട്ടകള്‍‌  തല്ലിയുടക്കുന്ന‌ കാഴ്ച‌  അതിമനോഹര‌മായിരുന്നു‌. മദ്രസവിട്ടു‌ വരുന്ന‌ ഞങ്ങളും‌ ചിലപ്പോള്‍‌ അവരെ‌ സഹായിക്കാനായി‌  പാട‌ത്തിറങ്ങാറുണ്ട്‌‌.   

കപ്പ‌ക്കമ്പും‌ മ‌ധുരക്കിഴങ്ങിന്റെ‌ വള്ളിയും‌  നട്ടു‌‌കഴിഞ്ഞാല്‍‌ അവ‌ നനക്കുന്നതിന്‌‌  പാട‌ത്തിനു‌ നടുവിലായി‌ വലിയൊരു‌  കു‌ഴി‌ കുഴിക്കും‌. 'കുണ്ട്'‌ എന്നാണ്‌ ഈ‌ കൊച്ചു‌ കിണറിന്റെ‌ പേര്‌. ചീടിമണ്ണുകലര്‍ന്ന‌ കുഴിയില്‍‌  നല്ല‌ തെളിഞ്ഞ‌ വെ‌ള്ളം‌ പൊങ്ങിവരും‌.  പിന്നെ‌ കമുകിന്‍‌പാള‌ കൊണ്ടുണ്ടാക്കിയ‌  തൊട്ടി‌കൊണ്ട്‌ വെ‌ള്ളം‌ കോരി‌ കപ്പയുടെ‌ മുരട്ടിൽ‌  ഒഴിച്ചുകൊടുക്കും‌. വെള്ളപ്പൊക്കത്തിനു‌ മുമ്പായി‌ പാട‌ത്തുനിന്ന്‌ പറിച്ചെടുക്കുന്ന‌ വണ്ണം‌ കുറഞ്ഞ‌ ആ‌ കപ്പക്ക്‌ നല്ല‌ രുചിയായിരുന്നു‌.

പാടത്ത്‌‌ ഞാറുനടുമ്പോൾ‌  കണക്കിപ്പെണ്ണുങ്ങൾ‌ പാടിയിരുന്ന‌  ഞാറ്റു‌പാട്ടുകൾ‌ ഒരു‌ പതിഞ്ഞ‌ ശബ്ദത്തിൽ‌ എന്നെ‌ തഴുകിക്കട‌ന്നുപോയി‌. 

''അന്റാടന്നലെ‌ അ‌ഞ്ഞീലൂട്ടാനെന്ത്‌ മീനെയ്ന്യോ‌..?

ഇന്റാടന്നലെ‌ അഞ്ഞീലുട്ടാനൊൺക്കല്‌‌ മീനെയ്ന്യോ‌...!''‌ 

പാടത്തെ‌ ചെളിയിലും‌ ചേറിലും‌ പകലന്തിയോളം‌ പണിയെടുത്ത്‌‌, സന്ധ്യയാകുമ്പോൾ‌ കാളകളേയും‌ നടത്തിക്കൊണ്ട്‌‌ പാടവരമ്പിലൂടെ‌ നടന്നുപോയിരുന്ന‌ ഒരുപാടാളുകളുടെ‌ മുഖങ്ങൾ‌  ഓർമ്മയിലേക്കോടി‌വരുന്നു‌.

പച്ചപ്പു‌ല്ലും‌ വൈക്കോലും‌ കൊടുത്ത്‌‌,  ചുങ്കത്തു‌കടവിൽ‌ കൊണ്ടുപോയി‌ പനനാരുകൊണ്ട്‌‌ തേച്ചുകുളിപ്പിച്ച്‌‌ കാളകളെ അവർ‌ കന്നുപൂട്ടിനായി‌ മെരുക്കിയെടുത്തു‌.  ഊർച്ചക്കണ്ടങ്ങളിൽ‌ അവർ‌ നാട്ടുകാരെ‌ ഹരം‌ കൊള്ളിച്ചു‌.  മോളിൽ‌ ആല്യാക്കയും‌ പറക്കുഴി‌ കോയു‌ട്ട്യാ‌ക്കയും‌ ചൂലങ്കുട്ടിയുമെല്ലാം‌ ഊർച്ചക്കണ്ടങ്ങളിൽ‌ ഞങ്ങളു‌ടെ‌ ആരാധനാപാത്രങ്ങളായി‌. കന്നുപൂട്ടി‌ക്ക‌ലങ്ങിയ‌ ചെളിവെള്ളത്തിനുമുകളിലൂടെ‌  മെല്ലെ‌ തലപൊക്കി‌   നീന്തിപ്പോകുന്ന‌ കുഞ്ഞുപരലുകളെ‌ പിടിച്ച്‌‌ ഞങ്ങൾ‌  കിണറുകളിൽ‌ കൊണ്ടുപോയിട്ടു‌. 

ആ‌ പാടത്തിനു‌ വക്കത്താണ്‌‌ കലങ്ങോട്ടമ്പലം‌. അതിനടുത്താണ്‌‌  ഞങ്ങളു‌ടെ‌  എൽ‌.പി‌.സ്കൂൾ‌. 

പാടവര‌മ്പത്തൂടെ‌ നടന്നുവേണം‌ സ്കൂളിലെത്താൻ‌. മഴക്കാലം‌ കഴിഞ്ഞ്‌‌ വെ‌ള്ളമിറങ്ങിപ്പോയാലാണ്‌‌  കന്നുപൂട്ടും‌ ഊർച്ചയുമൊക്കെ‌ നടക്കുക‌. അപ്പോൾ‌ നേർത്ത‌  പാടവരമ്പുകളുടെ‌ രണ്ടു‌ ഭാഗത്തും‌ പണിക്കാർ‌ ചെളിമണ്ണ്‌‌ കോരിയിട്ട്‌‌ വരമ്പ്‌ വീതികൂട്ടും‌. അതിനുമുകളിലൂടെ‌ ചെരുപ്പിടാത്ത‌  കുഞ്ഞിക്കാലുകൾ‌ ചെളിയിൽ‌ പൊതിഞ്ഞ്‌‌ ഞങ്ങൾ‌ വീഴാതെ‌ സ്കൂളി‌ലേക്ക്‌‌ നട‌ന്നുപോകും‌. കലങ്ങോട്ടമ്പലത്തിൽ‌ ഉൽസവമുണ്ടാകുമ്പോൾ‌ സ്കൂളിന്റെ‌ മുറ്റം‌ നിറയെ‌ വളയും‌ മാലയും‌ വിൽക്കുന്നവരുണ്ടാവും‌. ശർക്കരജിലേബി‌യുണ്ടാക്കുന്നവർ‌ വന്ന്‌‌ വലിയ‌ അടുപ്പുകളുണ്ടാക്കും‌.  ഉൽസവപ്പിറ്റേന്ന്‌‌ അതി‌രാവിലെ‌ അടുത്തുള്ള‌ പെണ്ണു‌ങ്ങൾ‌ കൂട്ടമായി‌വന്ന്‌‌ മൈലാഞ്ചിക്കൈകളിൽ‌ കുപ്പിവളയണിയും‌.

ഒരിക്കൽ‌ സ്കൂളിൽ‌ മൂന്നാം‌ ക്ലാസ്സിൽ‌ പഠിക്കുമ്പോൾ‌  മാഷ്‌ വന്നുപറഞ്ഞു‌:‌‌

''‌നാളെ‌  വസൂരിക്ക്‌‌ കുത്തിവെക്കാൻ‌ ആളുവരും, എല്ലാ‌ കുട്ടികളും‌ ഹാജറു‌ണ്ടാവണം‌.''‌

‌കൂർത്ത‌ സൂചികൊണ്ട്‌ കയ്യിന്റെ‌ മുകൾഭാഗത്ത്‌ കീറിയാണ്‌‌ വസൂരിക്ക്‌‌ കുത്തുന്നത്‌‌. '‌കുരിപ്പ്‌ കീറുക‌'‌ എന്നാണ്‌‌ അതിനെ‌ പരഞ്ഞിരുന്നത്‌‌. കുറച്ചുദിവസം‌ കഴിഞ്ഞാൽ‌ കുത്തിയ‌ സ്ഥലം‌  പഴുത്ത്‌‌ വൃണമാകും‌. നല്ല‌ പനിയുമുണ്ടാകും‌. ഞങ്ങൾക്ക്‌‌ പേടി‌യായി‌‌! 

പിറ്റേ‌ ദിവസം‌  വീട്ടിനടുത്തുള്ള‌  കൂട്ടുകാരിയോടൊപ്പം‌  പേടി‌യോടെ‌ ഞാൻ‌ സ്കൂളിലേക്ക്‌‌ പോകാനായി‌  പാടവരമ്പത്തെത്തി‌. കൊയ്യാൻ‌ പാകമായ‌ നെല്ല്‌‌  പാടത്ത്‌  ചാഞ്ഞുകിടക്കുന്നുണ്ട്‌‌. ദൂരെ‌ നിന്ന്‌‌ ഒരാൾ‌ പാടവരമ്പത്തൂടെ‌ നടന്നുവരുന്നത്‌‌ ഞങ്ങൾ‌ കണ്ടു‌. കക്ഷത്തിലൊരു‌  മഞ്ഞ‌ ബാഗുമുണ്ട്‌‌. കുരിപ്പ്‌‌ കീറുന്ന‌ ആൾ‌ തന്നെ‌! ഞങ്ങൾ‌ മനസ്സിലുറപ്പിച്ചു‌. പിന്നെ‌ ഒന്നും‌ ആലോചിച്ചില്ല‌.  കുലച്ചുനിൽക്കുന്ന‌ നെൽ‌‌പ്പാ‌ടത്തേക്ക്‌‌ ഞങ്ങൾ‌ എടു‌ത്തുചാടി‌. അന്ന്‌‌ വൈകുന്നേരം‌ സ്കൂൾ‌ വിടുന്നതുവരെ‌  ഞങ്ങളവിടെത്തന്നെ‌ ഒളിച്ചിരുന്നു‌.   

സ്കൂളിന്‌‌ തൊട്ടടുത്താണ്‌‌ ജുമൂഅത്ത്‌‌ പള്ളി‌. നാട്ടിലന്ന്‌‌  ഒരു‌ പള്ളി‌ മാ‌ത്രമാണുണ്ടായിരുന്നത്‌‌.   വെള്ളിയാഴ്ച‌ എല്ലാവരും‌ നിസ്ക്കാരത്തിന്‌‌ ആ‌ പള്ളിയിൽ‌ ഒത്തുകൂടും‌.  കുഞ്ഞാനാക്ക‌യായിരുന്നു‌ പള്ളിയിലെ‌ മൊല്ലാക്ക‌.  കാ‌ൽമുട്ടിന്‌‌ അല്പം‌ താഴെ മാത്രം‌ ഇറക്കമുള്ള‌ കരയില്ലാത്തൊരു‌  വെള്ളത്തുണി‌ ചരടുകൊ‌ണ്ട്‌‌ അരയിൽ‌ മുറുക്കിയുടുക്കും‌. പിന്നെ‌ നീലം‌ മുക്കി‌ വെളുപ്പിച്ച‌ ഒരു‌ മുണ്ട്‌‌ തോളിലും‌. അദ്ധേഹമൊരിക്കലും‌ കുപ്പായം‌ ധരിക്കാറുണ്ടായിരുന്നില്ല‌.  പള്ളിയി‌ൽ‌ ബാങ്ക്‌ കൊടുക്കുന്നതും‌,  നാട്ടിലെ‌ പ്രധാന‌ വീടു‌കളിൽ‌നിന്ന്‌‌ വലിയ‌ ടിഫിൻ‌ പാത്രത്തിൽ‌ പള്ളിയിലെ‌ ഇമാമിന്‌‌ ഭക്ഷണം‌ കൊണ്ടുവരുന്നതും‌, ഹൗളിലേക്ക്‌ വെള്ളം‌ കോരി‌ ഒഴിക്കുന്നതുമെല്ലാം‌  കുഞ്ഞാനാക്കയാണ്‌‌. പള്ളിയിൽനിന്നും‌ അകലെയായി‌ പുറായിൽ‌ അങ്ങാടിയിലെ‌ ആഴ‌മു‌ള്ള‌ കിണറില്‍‌‌നിന്ന്‌ കൈകൊണ്ട്‌‌ കോരി‌യൊ‌ഴിക്കുന്ന വെള്ളം‌ ഒരു‌ ഓവുചാലിലൂടെ‌ ഒഴുകി‌യെത്തിയാണ്‌‌ ഹൗള്‌‌ നിറഞ്ഞിരുന്നത്‌. ‌അതുകൊണ്ടുതന്നെ‌ ശ്രദ്ധ‌യില്ലാതെ‌ 

‌ഹൗളിൽ‌‌നിന്ന്‌‌ ചിരട്ടക്കൈലുകൊ‌ണ്ട്‌‌ വെള്ളം‌ കോരി‌ കാലിലൊഴിക്കുന്ന‌ ഞങ്ങളുടെ‌ അടുത്തുവന്ന്‌‌  ഓരോ‌ തുള്ളി‌ വെള്ളത്തിന്റെ‌യും‌  വിലയെന്താണെന്ന്‌‌ കുഞ്ഞാനാക്ക‌  ഞങ്ങളുടെ‌ ചെവിയിൽ‌ ഞങ്ങൾക്ക്‌ മനസ്സിലാകുന്ന‌ ഭാ‌ഷയിൽ‌ പറഞ്ഞുതന്നിരുന്നു‌.

ആ‌ പള്ളിയും‌ അതിനോടു‌ചേർന്ന‌ ചെറിയ‌ അങ്ങാടിയുമായിരുന്നു‌ ഞങ്ങളു‌ടെ‌ കൊച്ചുലോകം‌.  അവിടെയുള്ള‌ നിഷ്കളങ്കരാ‌യ‌ ആളുകളിൽ‌ നിന്ന്‌‌ ഞങ്ങൾ‌ ജീവിതത്തിന്റെ‌ സ്പന്ദനങ്ങളറിഞ്ഞു‌.  എപ്പോഴും‌  ഒറ്റക്ക്‌‌ സംസാരിച്ചുകൊണ്ട്‌‌ അങ്ങാടിയിലൂടെ‌ നട‌ന്നുപോകുന്ന‌  ഒരാളുണ്ടായിരുന്നു‌‌, പൗറാക്ക‌!  ജീവിതയാത്രക്കിടയിലെപ്പൊഴോ‌ താളം‌ തെറ്റി‌പ്പോയ‌ മനസ്സുമായി‌ എന്തൊക്കെയോ‌ പിറുപിറുത്തുകൊണ്ട്‌‌ നട‌ന്നുപോകുന്ന‌ അയാളെ‌  ഞങ്ങൾ‌ ക്ലാസ്സിനുള്ളിലിരുന്ന്‌‌  ഒളിഞ്ഞുനോക്കാറുണ്ടായിരുന്നു‌.  മനസ്സിന്റെ‌ താളം‌ തെറ്റി‌ ചെത്തുവഴിയിലൂടെ‌ വടിയും‌ കുത്തി‌ ആരോടും‌ മിണ്ടാതെ‌ നടന്നുപോയി‌രുന്ന‌ ബീമാച്ചിയെ‌ ഞങ്ങൾ‌ പേടിയോടെ‌ നോക്കിനിൽക്കാറുണ്ടായിരുന്നു‌.  കാൽമുട്ടിനുതാഴെയായി‌  എപ്പോഴും‌ ഒരു‌ പഴന്തുണികൊണ്ട്‌‌ ചുറ്റിക്കെട്ടി‌, കീറിപ്പറിഞ്ഞൊരു‌ കുപ്പായവും‌ കറുത്തൊരു‌  ഷൂസുമിട്ട്‌‌‌, മുഷ്ടിചുരുട്ടി‌ എന്തൊക്കെയോ‌ വിളിച്ചുപറഞ്ഞുകൊണ്ട്‌‌ അങ്ങാടിയിലൂടെ‌  നടന്നുപോയിരുന്ന‌  ഔക്കറാ‌ക്ക‌യെ‌ ആളുകൾ‌ ‌'പിരാന്തൻ'‌ എന്നു‌ വിളിച്ചു‌.  ജീവിതത്തിന്റെ‌ ഏത്‌‌ സന്ധിയിൽവെച്ചായിരിക്കും‌  അവരൊക്കെ‌ മനോ‌വിഭ്രാന്തിയിലേ‌ക്ക്‌‌ വഴുതിപ്പോയിട്ടുണ്ടാവുക‌‌! എവിടെവെച്ചായിരിക്കും‌ അവരുടെയെല്ലാം‌ യാത്ര‌ എന്നെന്നേക്കുമായി‌ അവസാനിച്ചുപോയിട്ടുണ്ടാവുക‌!

അന്നത്തെ‌  ഓരോ‌ രാപ്പകലുകളിലും‌  നാടിന്റെ‌ ഓരോ‌ ഹൃദയമിടിപ്പും‌ ഗ്രാമം‌   അനുഭവിച്ചറിഞ്ഞു‌.  ഗ്രാമത്തിലെ‌ ചെറിയ‌ വിശേഷങ്ങൾ‌ പോലും‌ ആളുകൾ‌ പരസ്പരം‌ പങ്കുവെച്ചു‌. തമ്മിലറിയാത്ത‌ കൊച്ചു‌കുട്ടികൾ‌ പോലും‌ അന്ന്‌‌  ഗ്രാമത്തിലുണ്ടായിരുന്നില്ല‌. ആ‌ കാലത്തിന്റെ‌ ഊഷ്മളത‌ എങ്ങോ‌ പോയ്മറഞ്ഞിരിക്കുന്നു‌. ‌

ഇന്ന്‌‌  മാസ്ക്കുകൾ‌ കൊണ്ട്‌‌ മുഖം‌ മറച്ച്‌‌, ഒരു‌ ചെറു‌ചിരികൊണ്ട്‌‌ അകം‌ മറച്ച്‌‌, മുമ്പിലൂടെ‌ അതിവേഗം‌  ഓടിയകലുന്ന‌ ‌ഗ്രാമത്തെ‌ നോക്കി‌ മിഴികൾ‌ തുടച്ച്‌‌ ഞാനെന്റെ‌ ജാലകത്തിനടുത്ത്‌‌ ഏകനായി‌ നിൽക്കുകയാണ്‌‌‌‌‌! 

...................................

റസാഖ് വഴിയോരം 

...................................

Re 02 2022

No comments:

Post a Comment