Wednesday, February 2, 2022

അധ്യായം :- 11 .... കാലം‌ പറഞ്ഞുതന്ന‌ ചരിത്ര‌കഥകൾ‌!

 



അധ്യായം :- 11

............................................................................

കാലം‌ പറഞ്ഞുതന്ന‌ ചരിത്ര‌കഥകൾ‌!

............................................................................

വെള്ളമേഘങ്ങള്‍ ‌പൂ‌നിലാവ്‌ പുതച്ചുറങ്ങുന്ന‌ ഒരു‌  നിശ്ശബ്ദ‌രാത്രിയില്‍‌ ഞാനെന്റെ‌ വിരിപ്പില്‍‌ കണ്ണുകളടച്ച്‌ ചമ്രം‌ പടി‌ഞ്ഞിരിക്കുകയായിരുന്നു‌. അപ്പോൾ‌ ‌എന്റെ‌ ജാലകത്തിനടുത്ത്‌‌ വന്ന്‌‌ ആരോ‌ ഒരാൾ‌  ഇങ്ങനെ‌ പറ‌യുന്നതായി‌ എനിക്ക്‌‌ തോന്നി‌.

''‌സ്വന്തം‌  ഉടല്‍‌‌വസ്ത്രം‌‌ അഴിഞ്ഞുവീഴും‌ മുമ്പ്‌‌ ‌ നിന്റെ‌ പൂര്‍വ്വപിതാക്കളുടെ‌  കഥ‌ നീ‌ കേൾക്കുക‌‌''‌

ഞാൻ‌ കണ്ണുകളടച്ച്‌ ആ‌ ശബ്ദം‌ ശ്രദ്ധിച്ചുകൊണ്ടിരുന്നു‌.  

''‌നീ‌ ഒര‌നാഥനായിരുന്നില്ല‌! പക്ഷെ‌ അനാഥനായ‌  ഒരു‌ പിതാവില്‍‌ നിന്നാണ്‌ നിന്റെ‌ കഥ‌ തുടങ്ങുന്നത്‌‌.

തൊള്ളായിരത്തി‌ ഇരുപതുകളില്‍‌ മലബാറിന്റെ‌ പല‌ ഭാഗങ്ങളിലുമെന്നപോലെ‌  നിന്റെ‌ കുലം‌ പിറക്കാനിരിക്കുന്ന‌ ഗ്രാമത്തിലും‌ 'കോളറ'‌യെന്ന‌ മഹാമാരി‌‌ ചുടല‌നൃത്തമാടി‌!

കൊടിയത്തൂര്‍‌,ചെറുവാടി‌ ദേശങ്ങളില്‍‌ നൂറുകണക്കിനാളുകള്‍‌ രോഗത്തിനും‌ മരണത്തിനും‌ കീഴടങ്ങി‌. പേരുകേട്ട‌ പല‌ തറവാടുകളും‌ നാമാവശേഷമാകുന്നത്‌ നോക്കി‌ ‌നാട്‌ വിറങ്ങലി‌ച്ചു‌ നിന്ന‌ കാലം‌. 

'‌കോളറ‌‌‌, വസൂരി‌, വബാഉകളില്‍നിന്ന്‌ ഞങ്ങളെ‌ നാടിനെ‌ കാക്കണേ‌ റബ്ബേ‌..‌'‌ എന്ന‌ പ്രാര്‍ത്ഥന‌ ചൊല്ലി‌, രാത്രി‌ കാലങ്ങളില്‍‌ പാതയോരങ്ങളിലൂടെ‌യും‌ പാടവരമ്പിലൂടെയും‌ ആളുകള്‍‌ പെട്രോമാ‌ക്സുകള്‍‌ തലയിലേന്തി‌‌ വരിവരിയായി‌നടന്നുപോയി‌.

ആകാശത്തേക്കുയര്‍ന്ന  ആയിരം‌ കൈകള്‍‌ക്കുള്ള‌  ഉത്തരമെന്നോണം‌‌‌ അങ്ങ്‌ തെക്ക്‌ പെരുവള്ളൂര്‍‌ ദേശത്തെ‌  ഉണ്ണിമോയിന്‍‌കുട്ടി‌ മുസ്‌‌ലി‌യാരുടെ‌ സിദ്ധികളെക്കുറിച്ച്‌ ആളുകൾ‌ കേട്ടറിഞ്ഞു‌. 

കുന്നുകളും‌ പാടങ്ങളും‌ നടവഴികളും‌ താണ്ടി‌, ഒരു‌ ഗ്രാമത്തിന്റെ‌ പ്രര്‍ത്ഥനയുമായി‌ അളുകൾ‌ അദ്ധേഹത്തെ‌ തേടിപ്പോയി‌. ഒരു‌ ദിവസം‌  ഉണ്ണിമോയിന്‍‌കുട്ടി‌ മുസ്‌‌ലി‌യാരും‌ സഹോദരന്‍‌ ‌മൂസ്സമുസ്‌‌ലിയാരും‌ കൊടിയത്തൂരിൽ‌ മഞ്ചലിറങ്ങി‌.

മരുന്നും‌ മന്ത്രവുമറിയുന്ന‌ ‌മുസ്‌‌ലിയാരെ‌ ആളുകള്‍‌ '‌ഉണ്ണ്യേങ്കുട്ടി‌വൈദ്യര്‍‌'‌ എന്നു‌ വിളിച്ചു‌. ആദ്യം‌ കോളറ‌  പടർന്നുപിടിക്കാതിരിക്കാനുള്ള‌  മുന്‍‌‌ക‌രുതലുകള്‍‌ ചെയ്തു‌തുടങ്ങി‌. '‌അക്കുല്‍ബാരിത്തേങ്ങ'‌യുടെ‌ ചിരട്ട‌ കൊണ്ട്‌ കഷായമുണ്ടാ‌ക്കി‌ കോളറ‌ ബാധിച്ചവർക്ക്‌ കുടിക്കാൻ‌ കൊടുത്തു. ക്രമേ‌ണ‌ ‌നാട്ടില്‍‌ കോളറ‌ നിയന്ത്രണ‌‌വിധേയമായി‌. 

ഇതോടെ‌ ഉണ്ണ്യേങ്കുട്ടി‌ വൈദ്യരേ‌യും‌, മൂസ്സമുസ്‌‌ലിയാരേ‌യും‌ നാട്‌ നെഞ്ചിലേറ്റി‌  സ്വീകരിച്ചു‌.

ഇനി‌യുള്ള‌ കാലം‌ ഞങ്ങളോടൊപ്പം‌ ഈ‌ നാട്ടില്‍‌ ജീവിക്കണമെന്ന്‌ ഉണ്ണ്യേങ്കുട്ടി‌ വൈദ്യരോടും‌ മൂസ്സമുസ്‌‌ലിയാരോടും‌ ജനങ്ങള്‍‌ വിനീതമായി‌ ആവശ്യപ്പെട്ടു‌. അങ്ങനെ‌ അവര്‍ക്കായി‌ ഇരുവഴിഞ്ഞിപ്പുഴയുടെ‌ തീരത്ത്‌ ചെറുവാടി‌ തെക്കേ‌തൊടികയില്‍‌ ഒരു‌ മാളിക‌‌വീടുയര്‍ന്നു‌. '‌മാളിയേ‌ക്കല്‍‌'‌ എന്ന‌ പേരില്‍‌ അത്‌ പ്രസിദ്ധമായി‌!

പക്ഷെ‌ ഉണ്ണ്യേയിന്‍‌ കുട്ടി‌ മുസ്‌‌ലിയാര്‍ക്ക്‌ മടങ്ങിപ്പോകാ‌തിരിക്കാന്‍‌ കഴിഞ്ഞില്ല‌. തന്റെ‌ സഹോദരന്‍‌ മൂസ്സമുസ്‌ലിയാരെ‌ ഈ‌ നാടിന്റെ‌ കാര്യങ്ങള്‍‌ ഏല്പിച്ചുകൊടുത്ത്‌ ഉണ്ണ്യേയിന്‍‌ കുട്ടി‌ മുസ്ലിയാര്‍ തിരിച്ചുപോയി‌.

ഒരു‌ നാടിന്റെ‌ മുഴുവന്‍‌ സുഖ‌ദു:ഖങ്ങളും‌ പങ്കുവെച്ച്‌ മൂസ്സമുസ്‌‌ലിയാര്‍‌ ഈ‌ നാട്ടുകാരിലൊരാളായി‌. അതിനിടെ‌ മറിയം‌ എന്ന‌ സ്ത്രീയെ‌ വിവാഹം‌ കഴിച്ചു‌. അതില്‍‌ മൂന്ന്‌ ആണ്‍‌മ‌ക്കളും‌ മൂന്ന്‌ പെണ്‍‌ മ‌ക്കളുമായി‌ ആറ്‌ കുട്ടികള്‍‌ ജനിച്ചു‌‌.

കാലം‌ കടന്നുപോകവെ‌ മൂസ്സ‌മു‌സ്‌‌ലി‌യാര്‍‌, മലപ്പുറം‌ കാട്ടുങ്ങല്‍‌ മമ്മാ‌ദ്യ‌ എന്ന‌ ഒരു‌ സ്ത്രീയെകൂടി‌ വി‌വാഹം‌ കഴിച്ചു‌. അവര്‍‌ കൊണ്ടോട്ടിയില്‍‌ വീട്‌ വെച്ച്‌ താമസം‌ തുടങ്ങി‌. ‌അവരില്‍‌ ജനിച്ച‌ ഏക‌‌ മക‌നായിരുന്നു‌ നിന്റെ‌ പിതാവ്‌.

‌പിതാവിന്റെ‌ കുട്ടിക്കാലത്ത്‌ തന്നെ‌ മൂസ്സ‌മുസ്‌‌ലിയാര്‍‌ മരണപ്പെട്ടു‌. കുറച്ചുകാലങ്ങള്‍ക്കുശേഷം‌ മാതാവ്‌ മമ്മാദ്യയെ‌ മറ്റൊരാള്‍‌ കല്ല്യാണം‌ കഴിച്ചു‌. അതില്‍‌ ജനിച്ച‌ രണ്ടു‌ കുട്ടികളും‌ ചെറുപ്പത്തില്‍‌ തന്നെ‌ മരിച്ചു‌.

ഉമ്മയുടെ‌ തണലില്‍‌ അധിക‌ കാലം‌ ജീവിക്കാന്‍‌ നിന്റെ‌ പിതാവിന്‌ ഭാഗ്യമുണ്ടായില്ല‌!

കുറച്ച്‌ കാലം‌ കഴിഞ്ഞപ്പോള്‍‌ മതാവും‌ രോഗബാധിതയായി‌ മരണപ്പെട്ടു‌. അനന്തരസ്വത്ത്‌ ഉമ്മയുടെ‌ രണ്ടാം‌ ഭര്‍ത്താവിലേക്ക്‌ പോയി‌. അങ്ങിനെ‌ നിസ്സഹായ‌‌ബാല്യത്തില്‍‌, അനാഥത്വത്തിന്റെ‌ ഏറ്റവും‌ തീഷ്‌ണമായ‌ അവസ്ഥയില്‍‌, നിന്റെ‌ പിതാവ്‌ ഈ‌ ഭൂമിയില്‍‌ ഏകനായി‌ നിന്നു‌;‌ ശരിക്കും‌ അനാഥനായി‌, നിസ്സഹായനായി‌!

തികച്ചും‌ ഒരു‌  അനാഥനല്ലാ‌ത്ത‌ നീ‌, ഒരു‌ അനാഥാലയത്തിലേക്ക്‌ എത്തിച്ചേർന്നു‌, ഒരു‌ നിയോഗമെന്നോണം‌!''‌

അനേകം‌ ഋതുസംക്രമണങ്ങളിലൂടെ‌  കാലം‌  പലകുറി‌ വന്ന്‌‌ എന്നോട്‌‌ പിന്നേയും‌ ഒരുപാട്‌‌ കഥകൾ‌ പറഞ്ഞുകൊണ്ടിരുന്നു‌. 

ആസക്തിയുടെ‌യും‌ ആലസ്യത്തിന്റേയും‌ പാതിമയക്കത്തിലായിരുന്നെങ്കിലും‌ ഞാനാ‌ കഥകളത്രയും‌ മനസ്സിൽ‌ കുറിച്ചിട്ടുകൊണ്ടിരുന്നു‌.  ‌

ചെറിയൊരു‌ മൗനത്തിനുശേഷം‌ ജാലകത്തിനടുത്ത്‌‌ നിന്ന്‌‌ അയാൾ‌ വീണ്ടും‌ പറഞ്ഞുതുടങ്ങി‌:‌   

‌''‌കോശപ്പകര്‍ച്ചകളിലൂടെ‌ നിനക്ക്‌ കൈമാറിക്കിട്ടിയ‌ പൂര്‍വ്വപിതാക്കളുടെ‌ ‌ഓര്‍മ്മകളും‌‌ സിദ്ധികളും‌‌‌ കെട്ടുപിണഞ്ഞുകിട‌ക്കുന്നതാണ്‌ നിന്റെ‌യും‌ ജീവിതം‌. നിന്റെ‌ ഓരോ‌ കണികയിലും‌ അടങ്ങീട്ടുള്ള‌ പിതാക്കളുടെ‌ ഗന്ധ‌വും‌‌‌ നിറ‌വും‌ ജൈവ‌വൈവിധ്യ‌ങ്ങളും‌ അടുത്ത‌ തലമുറയിലേക്ക്‌ പകര്‍ന്നു‌ നല്‍‌കു‌ന്ന‌ ഒരു‌ കണ്ണി‌ മാത്രമാണ്‌ നീ‌..

മക്കയിൽ‌ നിന്നും‌ ഒരു‌ യാത്രാസംഘം‌ യമനിലെ‌ ഹളർമൗത്ത്‌  തുറമുഖത്തുനിന്നും‌ കപ്പൽ‌ കയറുന്നു‌. അവർ‌ കച്ചവടവും‌ ‌സാംസ്കാരിക‌ പ്രവർത്തനങ്ങളുമൊക്കെയായി‌ കേരളത്തിലെ പല‌ ഭാഗങ്ങളിലേക്കും‌  ‌ സഞ്ചരിക്കുന്നു‌. വിവാഹം‌ കഴിച്ച്‌ കുടുംബമായി‌ ജീവിക്കുന്നു‌.‌ 

ഹളർമൗത്ത്‌ കോർമത്തായി‌ പരിണമിക്കുന്നതിനിടയിൽ‌ എത്രയെത്ര‌ ജീവിതങ്ങൾ‌ രേഖപ്പെടാതെ‌ മറഞ്ഞുകിടക്കുന്നുണ്ട്‌.  അനേകം‌ ജീവിതങ്ങളും‌ ഓർമകളും‌ അവിടെയെല്ലാം‌ മറഞ്ഞുകിടക്കുന്നുണ്ട്‌. നിന്റെ‌ കോശങ്ങളി‌ലും‌  അലി‌ഞ്ഞു‌കിടക്കുന്നുണ്ട്‌ അതിന്റെയൊക്കെ‌ അംശങ്ങൾ‌. അറിയതെ‌ അതെല്ലാം‌ നീയും‌‌ ചുമന്നുനട‌ക്കുന്നുണ്ട്‌.      


‌നിന്റെ‌ പിതാമഹന്മാർ‌ നിന്നിലേക്ക്‌ പകർന്ന‌  ഓര്‍മ്മകള്‍‌ നീ‌ ചുമന്നുനടക്കുന്ന‌ത്‌ പോ‌ലെ‌, നിന്നെക്കുറിച്ചുള്ള‌ ഓര്‍മകള്‍‌ വരും‌ കാലങ്ങളില്‍‌ നിന്റെ‌‌ സന്താനങ്ങളും‌ ചുമന്ന്‌ നട‌ക്കും‌.  നിന്നെക്കുറിച്ച‌ അനിഷ്ടകരമായ‌ ഓര്‍മകളുടെ ഭാണ്ഡം‌ ചുമന്നാണ്‌ നിന്റെ‌ തലമുറ‌   ജീവിതം‌ നടന്നു‌‌തീര്‍ക്കുന്നതെങ്കില്‍‌, 

ഹാ‌.. കഷ്ടം‌!

മറ്റൊരാളുടെ‌ വാക്കിനാൽ‌  ആത്മാഭിമാനം‌ ‌രണ്ടായി‌ പിളരുന്നത്‌  പ്രാണന്‍‌ മുറിഞ്ഞുപോകുന്നതിനേക്കാൾ‌  ‌തീവ്ര‌മായ‌ വേദനയാണ്‌‌. ജീവിതത്തിനും‌ മരണത്തിനുമിടയിൽ‌ അവർ‌ പിടയും‌. അതിനാൽ‌ നിന്റെ‌  നാവില്‍ നിന്നും‌ തെറിച്ചു‌വീണ‌ വാക്കിനാൽ‌  ഒരാളുടേയും‌ ഹൃദയം‌ മുറിഞ്ഞുപോകരുത്‌‌! ‌ 

നിന്റെ‌ നാവിനാ‌ല്‍‌ അപരന്റെ‌ ഹൃദയം‌ അസ്വസ്ഥമായിട്ടില്ലെന്ന്‌ നിന്റെ‌ കര്‍മ‌‌രേഖകൊണ്ട്‌ നീ‌ സക്ഷ്യപ്പെടു‌ത്തുകയാണെങ്കിൽ‌  നിന്നെ‌ ഹസ്തദാനം‌ ചെയ്യാനായി‌ ഞാൻ‌  സ്വര്‍ഗ‌കവാ‌ടത്തില്‍‌ കാത്തിരിക്കും‌..''‌

ഇത്രയും‌ പറഞ്ഞുകൊണ്ട്‌‌   ആ‌ ശബ്ദം‌ ജാലകത്തിനടുത്ത്‌ നിന്നും‌ ദൂരേക്ക്‌ ദൂരേ‌ക്കകന്നുപോയി‌. 

...........................................

റസാഖ‌ വഴിയോരം‌

.........................................

Re - 02 2022



No comments:

Post a Comment