..............................................
എല്ലാം മതിയാക്കി നാടുപിടിക്കണം, ഇനിയുള്ള കാലം നാട്ടിൽ ജീവിക്കണം. പലരേയും പോലെ കാദർക്കയും ഇങ്ങനെ പറയാൻ തുടങ്ങീട്ട് കാലമേറെയായി. പ്രവാസജീവിതത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെ പറയാത്ത ആരുമുണ്ടാവില്ലല്ലോ. ഒരിക്കൽ ഗൾഫിലെത്തിയാൽ ഇവിടം മതിയാക്കി പെട്ടന്നൊന്നും തിരിച്ചുപോകാൻ ആർക്കും കഴിയില്ലെന്ന് കാദർക്കതന്നെയാണ് പലപ്പോഴും പറഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ അയാളുടെ വാക്കുകൾ കൂടെ താമസിക്കുന്നവരാരും അത്ര കാര്യമായി എടുത്തിരുന്നില്ല. എന്നാൽ കുറച്ചുദിവസങ്ങളായി അയാളുടെ ചില ഒരുക്കങ്ങളൊക്കെ കണ്ടപ്പോൾ കൂടെയുള്ള ചിലർക്കെങ്കിലും ചെറിയയൊരു സംശയം തോന്നാതിരുന്നില്ല. അവർ സ്വകാര്യമായി അയാളോട് ചോദിച്ചു:
''അല്ലാ, നിങ്ങൾ ശരിക്കും പോകാൻ തന്നെ തീരുമാനിച്ചോ?''
ലൈറ്ററെടുത്ത് ഒരു സിഗരറ്റിന് തീ കൊളുത്തി ചുണ്ടിലേക്കടുപ്പിച്ചുകൊണ്ട് പതിഞ്ഞ സ്വരത്തിൽ അയാൾ പറഞ്ഞു:
''പോണം, ജീവിതത്തിന്റെ മുക്കാൽ ഭാഗവും ഇവിടെ തീർന്നുപായില്ലേ? ഇത്രയൊക്കെ മതി. കുറച്ച് കടങ്ങളുണ്ട്, അതൊക്കെയൊന്ന് വീട്ടണം. പിന്നെ ബക്കാലക്കടയുടെ കാര്യങ്ങൾ ആരെയെങ്കിലും ഏൽപ്പിക്കണം. എല്ലാം കൂടി ആലോചിച്ചുനിന്നാൽ ഒരിക്കലും തിരിച്ചുപോക്കുണ്ടാവില്ല.
രാത്രിയിൽ എല്ലാവരും ഉറങ്ങാൻ കിടക്കുമ്പോൾ സിഗററ്റിന്റെ ഒരു തുണ്ടു വെളിച്ചത്തിൽ കാദർക്ക എന്തൊക്കെയൊ ആലോചിച്ചുകൊണ്ട് ഇരുമ്പുകട്ടിലിൽ ചാരിയിരിക്കുന്നുണ്ടാവും. നേരം വെളുത്താൽ എല്ലാവരേയും പോലെ എല്ലാം മറന്ന് അയാളും പതിവുപോലെ ജോലിക്കുപോകും. ഒരേ ആവർത്തനങ്ങളുടെ വരണ്ട പകലുകളിൽ ഒരു യന്ത്രത്തെപ്പോലെ അയാൾ
കടയിലിരുന്ന് ജോലിചെയ്തു. വിരസമായ രാത്രികളിൽ റൂമിലെ ഇരുമ്പുകട്ടിലിൽ പുതച്ചുമൂടിക്കിടന്നു. അങ്ങനെ മാസങ്ങൾ പലതും കഴിഞ്ഞുപോയെങ്കിലും ആ ബക്കാലക്കടയും അതിനെ ചുറ്റിപ്പറ്റിയുള്ള ചെറിയ ലോകവും വിട്ട് കാദർക്ക എങ്ങോട്ടും പോയില്ല. അതൊന്നും അങ്ങനെ ഉപേക്ഷിച്ചുപോകാൻ അയാൾക്കാവില്ലല്ലോ!
വർഷങ്ങൾക്കുമുമ്പ് അയാൾ സ്വന്തമായി തുടങ്ങിയതാണ് ആ ചെറിയ ഗ്രോസറി. അന്ന് അയാളതിന് 'ബക്കാലത്തു ഫാത്തിമ' എന്നു പേരിട്ടു. അയാളുടെ ഏകസഹോദരിയുടെ പേരാണത്. അവളോടുള്ള സ്നേഹം കൊണ്ടുമാത്രമാണ് ആ പേരുതന്നെ അയാൾ തെരഞ്ഞെടുത്തത്. ആ ബക്കാല ഇന്നയാളുടെ ജീവനാണ്, ജീവിതമാണ്.
തുടക്കത്തിൽ അന്നൊന്നും ആ കടയുടെ പരിസരത്ത് അധികം താമസക്കാരുണ്ടായിരുന്നില്ല. കുറച്ചുദൂരെയായി ഏതാനും അറബി വീടുകൾ, പിന്നെ അടുത്തുള്ള വാടകക്കെട്ടിടത്തിൽ കുറച്ച് ഇന്ത്യക്കാരും പാക്കിസ്ഥാനികളും. അവരൊക്കെ കാദർക്കയുടെ സ്ഥിരം കസ്റ്റമേഴ്സാണ്. കുറച്ച് റൊട്ടിയും പച്ചക്കറിയും, പെപ്സിയും പാലുമൊക്കെ ചെലവാകും. കടയുടെ വാടക കൊടുക്കാനും കഫീലിന് ചെറിയൊരു ഫാഇദ കൊടുക്കാനുമൊക്കെ ആ കച്ചവടം തന്നെ ധാരാളം മതിയായിരുന്നു.
കണക്കുകൂട്ടാനും എഴുതിവെക്കാനുമൊന്നും വലിയ സാമർത്ഥ്യമില്ലാതിരുന്ന കാദർക്ക ഇത്രയു കാലം ആ കട നഷ്ടമില്ലാതെ നടത്തിക്കൊണ്ടുപോയതുതന്നെ വലിയൊരൽഭുതമാണ്. എന്തായാലും ആ കടയിൽനിന്നുള്ള വരുമാനം കൊണ്ട് തന്നെയാണ് കഴിഞ്ഞ പത്തിരുപത് വർഷങ്ങളായി അയാളും കുടുംബവും സുഖമായി ജീവിച്ചുപോന്നത്.
എന്നാൽ അയാളിപ്പോൾ ശാരീരികമായും മാനസികമായും ഏറെ തളർന്നിരിക്കുന്നു. ഇനിയും ഇതൊക്കെ സ്വന്തമായി നടത്തിക്കൊണ്ടുപോകാൻ അയാൾക്ക് വയ്യാണ്ടായിരിക്കുന്നു. അതുകൊണ്ടാണ് കച്ചവടമൊക്കെ ആരെയെങ്കിലുമേല്പിച്ച് എല്ലാം മതിയാക്കി നാട്ടിലേക്ക് മടങ്ങണമെന്ന് അയാൾ ഇടക്കിടെയിങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നത്. പക്ഷെ, അതിനുള്ള ഒരു സാഹചര്യവും ഒത്തുവരുന്നില്ലെന്നുമാത്രം.
ഏകദേശം പതിനഞ്ച് വർഷങ്ങൾക്ക് മുമ്പുള്ള ആ ഗൾഫ് ജീവിതം കാദർക്ക വെറുതെയങ്ങനെ ഓർത്തുപോവുകയാണ്. അന്നൊരിക്കൽ
അയാളുടെ സഹോദരി ഫാത്തിമയുടെ ഒരു കത്ത് വരുന്നത്. നാലുവക്കിലും ചുവപ്പും നീലയും വരകളുള്ള നീണ്ട വെള്ളക്കവറിനു മുകളിൽ ഇന്ദിരാഗാന്ധിയുടെ ചിത്രമുള്ള മൂന്നു സ്റ്റാമ്പുകൾ. അതിനു താഴെ ചിതറിയ ഇംഗ്ലിഷ് അക്ഷരങ്ങളിൾ അവളെഴുതിയ അഡ്രസ്സ്, കെ. കെ. അബ്ദുൽകാദർ, പോസ്റ്റ് ബോക്സ് നമ്പർ, 9072, ദോഹ, ഖത്തർ, കവറിന്റെ മറുവശത്ത് ഫ്രം എന്നെഴുതി അവളുടെ പേരും വിലാസവും.
വല്ലപ്പോഴും ഇതുപോലു വരുന്ന പെങ്ങളുടെ കത്തുകൾ തുറന്നുനോക്കാൻ കാദർക്ക അത്ര ധൃതിന്നും കാണിക്കാറില്ല. അവൾക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ മാത്രമാണല്ലോ അവൾ കത്തയക്കാറുള്ളത്. എന്നാൽ അയാളുടെ ഭാര്യ അങ്ങനെയല്ല, അവൾ രണ്ടാഴ്ചയിലൊരിക്കൽ മുടങ്ങാതെ ഒരു കത്തെങ്കിലും അയാൾക്കയച്ചിരിക്കും. ഭാര്യയുടെ കത്ത് കിട്ടിയാൽ എത്ര തിരക്കാണെങ്കിലും അപ്പോൾത്തന്നെ അയാളത് തുറന്നുവായിച്ചുനോക്കും. നാട്ടിലേയും വീട്ടിലേയും എല്ലാ വിവരങ്ങളും ഒന്നുപൊലും വിട്ടുകളയാതെ ആ കത്തിലുണ്ടാവും. അതുകൊണ്ടുതന്നെ രാത്രിയിൽ ജോലികഴിഞ്ഞ് റൂമിലെത്തിയാലും കിടക്കുന്നതിനുമുമ്പായി തിരിച്ചും മറിച്ചും ആ കത്തുകൾ ഒന്നുകൂടി വായിച്ചുനോക്കിയതിനു ശേഷമാണ് അയാൾ ഉറങ്ങിയിരുന്നുള്ളൂ.
സഹോദരിയുടെ കത്തിൽ അധികമൊന്നും വായിക്കാനുണ്ടാവില്ല. അവൾക്കാവശ്യമുള്ളത് മാത്രമെഴുതി കത്തവസാനിപ്പിക്കാറണ് പതിവ്. എങ്കിലും ആ ആവശ്യങ്ങളെല്ലാം കാദർക്ക സാധിപ്പിച്ചുകൊടുക്കാറുണ്ട്.
അവളുടെ വീട് ചോർന്നൊലിക്കാൻ തുടങ്ങീട്ടുണ്ടെന്നും അതൊന്ന് പൊളിച്ചുനന്നാക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പെങ്ങൾ ആദ്യമായി അയാൾക്ക് കത്തെഴുതിയിരുന്നത്. ചെറിയൊരു വീട്ടിലാണ് അവളും മൂന്നു മക്കളും താമസിക്കുന്നത്. നാട്ടിൽ കൂലിപ്പണിചെയ്തു ജീവിക്കുന്ന അവളുടെ ഭർത്താവിന് അതെല്ലാം സ്വന്തമായി ചെയ്യാൻ കഴിയില്ലല്ലോ. അതിനാൽ എന്നൊക്കൊണ്ട് കഴിയും വിധത്തിൽ സഹായിക്കാമെന്ന് കാദർക്ക അവൾക്ക് മറുപടി അയക്കുകയും ചെയ്തു. അങ്ങനെ സമയമായപ്പോൾ വീട് പൊളിച്ചുപണിയാനുള്ള പണം മുഴുവൻ അയാൾ അവൾക്കയച്ചുകൊടുക്കുകയും ചെയ്തു.
കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ പെങ്ങളുടെ രണ്ടാമത്തെ കത്ത് വന്നു. അവളുടെ മൂത്ത മകളുടെ കല്ല്യാണമുറപ്പിച്ച വിവരമായിക്കാനായിരുന്നു ആ കത്ത്. ആങ്ങളയെ കണ്ടിട്ടാണ് പണ്ടോം പണവുമൊക്കെ ഉറപ്പിച്ചതെന്ന് അവൾ അതിൽ പ്രത്യേകം എഴുതിയിരുന്നു. ഒരാണും രണ്ടു പെണ്മക്കളുമാണവൾക്ക്. വീട്ടിലെ ആദ്യ കാല്ല്യാണമാണമായതിനാൽ എല്ലാവരേയും വിളിച്ച് ചടങ്ങുകളൊക്കെ കേമമായി നടത്തിയില്ലെങ്കിൽ മാനക്കേടാണെന്നും അവൾ അതിൽ സൂചിപ്പിക്കുകയും ചെയ്തിരുന്നു. പെങ്ങളുടെ ആവശ്യപ്രകാരം ചടങ്ങുകളൊക്കെ ഭംഗിയായി നടത്താനുള്ള പണവും കാദർക്ക അവൾക്കയച്ചുകൊടുത്തു.
കല്ല്യാണം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോഴേക്കും അവളുടെ മകൾ ഒരാൺകുഞ്ഞിനെ പ്രസവിച്ചു. പിന്നെ അതുമായി ബന്ധപ്പെട്ട ചടങ്ങുകൾ അറിയിച്ചുകൊണ്ട് ഓരോരോ കത്തുകൾ പലപ്പോഴായി കാദർക്കയെ തേടി വന്നു. അങ്ങനെ തൊട്ടില കെട്ടൽ, മുടിയെടുക്കൽ തുടങ്ങിയ ഓരോരോ ചടങ്ങുകൾക്കും കാദർക്ക അവളെ സഹായിച്ചു. കാദർക്കയോട് ചോദിക്കാതെ അവൾ ഒരു കാര്യവും തീരുമാനിച്ചില്ല. എല്ലാ കാര്യത്തിനും അവർക്ക് ആങ്ങളയെ വേണമായിരുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും ഒരിക്കൽ ഗൽഫിൽനിന്നും നാട്ടിലേക്ക് വന്നപ്പോൾ അവൾ ആവശ്യപ്പെട്ടിരുന്ന ഒന്നുരണ്ടുസാധനങ്ങൾ വങ്ങിക്കൊണ്ടുവരാൻ അയാൾ മറന്നുപോയതുകാരണം കുടുംബക്കാരോടൊക്കെ അവൾ പരാതി പറഞ്ഞുനടന്നത് കദർക്ക ഓർത്തുപോയി. മനുഷ്യർക്ക് എന്തൊക്കെ സഹായങ്ങൾ ചെയ്തുകൊടുത്താലും അവസാനം ചെയ്യാൻ വിട്ടുപോയതുമാത്രം ഓർമ്മിച്ചുപറയുകയെന്നത് എല്ലാവരുടേയും സ്വഭാവമാണല്ലോ. അതെല്ലാമറിയാവുന്നതുകൊണ്ട് അതൊന്നും അയാൾ മനസ്സിൽ കൊണ്ടുനടന്നില്ല. അതുകൊണ്ടുതന്നെ പിന്നെയും ഓരോരോ ആവശ്യങ്ങൾ പറഞ്ഞ് അവളുടെ കത്തുകൾ വന്നപ്പോഴൊക്കെ വേണ്ട വിധത്തിൽ സഹായിക്കാൻ അയാൾ മടികാണിച്ചില്ല. അവൾക്ക് മാത്രമല്ല, കുടുംബത്തിലും നാട്ടിലും നടക്കുന്ന വിവാഹങ്ങൾ, വീടുകൂടൽ തുടങ്ങിയ മിക്ക ചടങ്ങുകൾക്കും കാദർക്കയുടെ സഹായമുണ്ടാകുമായിരുന്നു.
ഏതായാലും രാത്രി റൂമിലെത്തിയപ്പോൾ അയാൾ പെങ്ങളുടെ കത്ത് തുറന്ന് വായിക്കാൻ തുടങ്ങി:
'എത്രയും പ്രിയപ്പെട്ട ഇക്കാക്ക അറിയാൻ, സ്വന്തം സഹോദരി എഴുത്ത്, എന്തെന്നാൽ ഇവിടെ എല്ലാവർക്കും സുഖം തന്നെ, അതുപോലെ നിങ്ങളേയും കരുതി സന്തോഷിക്കുന്നു. ഒരു പ്രധാന കാര്യം അറിയിക്കാനാണ് ഈ കത്തെഴുതുന്നത്. എന്റെ മോൻ ഫവാസ് ഇപ്പോൾ പഠിപ്പൊക്കെ നിർത്തി ഒന്നും ചെയ്യാനില്ലാതെ വീട്ടിലിരിക്കുകയാണ്. പഠിക്കാനൊന്നും അവന് വലിയ താല്പര്യമില്ല. എങ്ങനെയെങ്കിലും ഒരു വിസയെടുത്ത് അവനെ അങ്ങോട്ട് കൊണ്ടുപോകണം. ഇക്കാക്കയുടെ അടുത്താകുമ്പോൾ എനിക്കൊരു സമാധാനമാണ്... എന്നു തുടങ്ങിയ കാര്യങ്ങളായിരുന്നു ആ കത്തിലുണ്ടായിരുന്നത്.
കത്ത് വായിച്ച് കദർക്ക ഏറെനേരം ആലോചിച്ചിരുന്നു. അവൾ എഴുതിയത് നല്ല കാര്യം തന്നെയാണ്. ഒരു വിസയെടുത്ത് അവനെ ഗൾഫിലേക്കു കൊണ്ടുവന്നാൽ പെങ്ങളുടെ പ്രയാസങ്ങളൊക്കെ തീരുമെന്ന് മാത്രമല്ല കുറച്ചുകാലം കൂടെ നിർത്തിയാൽ ബക്കാലക്കടയുടെ കാര്യങ്ങളെല്ലാം അവനെ ഏല്പിച്ച് അയാൾക്ക് സമാധാനമായി നാട്ടിലേക്ക് മടങ്ങുകയും ചെയ്യാം. പിന്നെ ഓരോ മാസവും അവൻ അയച്ചുതരുന്ന കച്ചവടത്തിന്റെ ലാഭ വിഹിതം കൊണ്ട് നാട്ടിൽ സുഖമായി ജീവിക്കുകയും ചെയ്യാം. പെങ്ങളുടെ മകനല്ലേ, ഒരേ ചോരയല്ലേ? അവനെ വിശ്വസിക്കുകയും ചെയ്യാമല്ലോ. കാദർക്ക ഇങ്ങനെയൊക്കെ മനസ്സിൽ കണക്ക് കൂട്ടാൻ തുടങ്ങി.
അങ്ങനെ കഫീലിനോട് സംസാരിച്ച് അയാൾ ഒരു വിസ ശരിയാക്കാനുള്ള ശ്രമങ്ങൽ തുടങ്ങി. അവസാനം കാദർക്കയുടെ ശ്രമഫലമായി പെങ്ങളുടെ മകൻ ഫവാസ് ഗൾഫിലെത്തി. കാദർക്ക അവന് ബക്കാലക്കടയുടെ കാര്യങ്ങളോരോന്നും പഠിപ്പിച്ചുകൊടുത്തു. അവൻ മിടുക്കനാണ്, ഏതുകാര്യവും ഒരു പ്രാവശ്യം പറഞ്ഞുകൊടുത്താൽ മതി, എല്ലാം പെട്ടന്ന് മനസ്സിലാകും. മാസങ്ങൾക്കുള്ളിൽത്തന്നെ ആളുകളോട് നന്നായി ഇടപഴകാനും അവരുടെ ഭാഷ സംസാരിക്കാനുമൊക്കെ അവൻ വേഗത്തിൽ പഠിച്ചു. അയാൾ എല്ലാ കാര്യങ്ങളും അവനെ വിശ്വസിച്ചേല്പിച്ചു. ഒരിക്കൽ അയാൾ അവനോട് പറഞ്ഞു: ഈ ബക്കാലക്ക് നിന്റെ ഉമ്മയുടെ പേരാണ്, നല്ലപോലെ നടത്തിക്കൊണ്ടുപോകണം.
അങ്ങനെ ഇരുപത്തഞ്ച് വർഷത്തെ പ്രവാസ ജീവിതം മതിയാക്കി അയാൾ നാട്ടിലേക്ക് പോകാനൊരുങ്ങുകയാണ്. ആ സമയത്ത് കൂടെ താമസിക്കന്ന ചിലരൊക്കെ അയാളൊട് സ്വകാര്യമായി ഇങ്ങനെ പറഞ്ഞു: കാദർക്കാ, കാര്യമെന്തായാലും ബക്കലക്കട നിങ്ങളുടേതാണ്. എല്ലാം ഫവാസിനെ ഏല്പിച്ച് നാട്ടിലേക്ക് മടങ്ങുമ്പോൾ നിങ്ങൾ തമ്മിലുള്ള ഇടപാടുകളൊക്കെ വ്യക്തമായി സംസാരിച്ച് എല്ലാം ഒരു രേഖയാക്കി എഴുതിവെക്കണം. സാമ്പത്തിക കാര്യങ്ങളാണ്, പിന്നീടൊരു പ്രശ്നമുണ്ടാവാൻ ഇടയാവരുത്. അപ്പോൾ കാദർക്ക ചിരിച്ചുകൊണ്ട് അവരോട് പറഞ്ഞു. അതിന്റെയൊന്നും ആവശ്യമില്ല. അവൻ എന്റെ പെങ്ങളുടെ മോനാണ്, സ്വന്തം ചോരയാണ്!
പിന്നീടുള്ള ഓരോ ദിവസങ്ങളിലും നാട്ടിലേക്ക് പുറപ്പെടുന്നതിനുള്ള ഒരുക്കങ്ങളുമായി കാദർക്ക തിരക്കിലായി. നാട്ടുകാരേയും സുഹൃത്തുക്കളേയുമൊക്കെ കാണണം, എല്ലാവരോടും യാത്ര പറയണം. ഇനിയിങ്ങനെ വരാനും കാണാനുമൊന്നും കഴിയില്ല. നാട്ടിലേക്ക് വിളിച്ച് കുടുംബക്കാരോടൊക്കെ അവർക്ക് ആവശ്യമുള്ള സാധനങ്ങൾ ചോദിച്ചറിയണം, അവയെല്ലാം വാങ്ങിവക്കണം. അവർക്കൊന്നും ഇനിയിങ്ങനെ ഗൾഫ് സാധനങ്ങൾ വാങ്ങിക്കൊടുക്കാൻ കഴിയില്ലല്ലോ.
അങ്ങനെ ഒരു മഞ്ഞുകാലത്തെ നല്ല തണുപ്പുള്ള രാത്രിയിൽ സൂട്ടും കോട്ടുമൊക്കെയിട്ട് വലിയ പെട്ടിയും സാധങ്ങളുമൊക്കെയായി അയാൾ കൂട്ടുകാരോടൊപ്പം എയർപോർട്ടിലെത്തി. ദോഹ എയർപോർട്ടിനിന്നും ഉയർന്നുപൊങ്ങിയ വിമാനത്തിലിരുന്ന് മഞ്ഞ വെളിച്ചത്തിൽ മുങ്ങിക്കുളിച്ചുനിൽക്കുന്ന ആ നഗരം അയാൾ ഒരിക്കൽ കൂടി കണ്ടു. കാദർക്ക ഗൾഫിനോട് വിടപറയുകയാണ്. ഇത്രയും കാലം സ്വന്തം കുഞ്ഞിനെയെന്നപോലെ തന്നെ മാറോട് ചേർത്തുപിടിച്ച് സംരക്ഷിച്ച പ്രിയപ്പെട്ട ആ നഗരത്തെ അയാൾ എന്നെന്നേക്കുമായി വിട്ടകലുകയാണ്. ആ വേർപാടിന്റെ വേദനയിൽ അറിയാതെ അയാളുടെ കണ്ണുകൾ നിറഞ്ഞു, ആരുമറിയാതെ അയാളൊന്ന് തേങ്ങി.
കാദർക്ക നാട്ടിൽ വിമാനമിറങ്ങി. എയർപോർട്ടിൽ അയാളെ സ്വീകരിക്കാൻ പെങ്ങളും അവളുടെ മക്കളും എല്ലാം കാത്തിരിക്കുന്നുണ്ടായിരുന്നു. ഇനി എല്ലാവരോടുമൊത്ത് നാട്ടിൽ സുഖമായി ജീവിക്കണം, അയാൾ മനസ്സിൽ മന്ത്രിച്ചു.
വീട്ടിലെത്തിയപ്പോൾ കാദർക്കയെ സ്വീകരിക്കാനായി അവിടേയും കുടുംബക്കാരും അയൽക്കാരുമൊക്കെയായി വലിയൊരാൾക്കൂട്ടം തന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. നല്ലവരായ അവരുടെയൊക്കെ സ്നേഹവും അടുപ്പവും കണ്ടപ്പോൾ ഇത്രയും കാലം ഇതൊന്നുമാസ്വദിക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് അയൾക്ക് നഷ്ടബോധം തോന്നി. പെട്ടി തുറന്ന് എല്ലാവർക്കും ചോക്ലേറ്റും മിഠായിയുമൊക്കെ എടുത്തുകൊടുക്കുന്നതിനിടയിൽ അയാൾ പറഞ്ഞു:
''ഇനി നിങ്ങളെയൊന്നും പിരിഞ്ഞ് ഞാൻ തിരിച്ചുപോകുന്നില്ല, മക്കളില്ലാത്ത കാദർക്ക അവരെയെല്ലാം സ്വന്തം മക്കളെപ്പോലെ മനസ്സിൽ സങ്കല്പിച്ചു. അയാൾ സന്തോഷം കൊണ്ട് വീർപ്പ്മുട്ടുന്നുണ്ടായിരുന്നു. ജയിൽ ജീവിതം കഴിഞ്ഞെത്തിയ ഒരാളുടെ സന്തോഷം അനുഭവിക്കുകയായിരുന്നു അയാളപ്പോൾ.
പക്ഷെ ആ സ്നേഹത്തിനും സന്തോഷത്തിനുമൊന്നും അധികം ആയുസ്സുണ്ടായിരുന്നില്ലെന്ന് കാദർക്കക്ക് അധികം വൈകാതെ മനസ്സിലായി. ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ ആളുകളുടെ അടുപ്പവും സ്നേഹവുമൊക്കെ നേർത്തുനേർത്തുവരുന്നത് കാദർക്ക അനുഭവിച്ചറിഞ്ഞു.
അതൊക്കെ പൂത്തിരി കത്തുന്നതുപോലെയുള്ള ഒരു മിന്നാട്ടം മാത്രമായിരുന്നു.
മാസങ്ങൾ പലതുകഴിഞ്ഞു. ഇന്ന് കാദർക്കക്ക് കൂട്ടിന് അയാളുടെ ഭാര്യ മാത്രമാണുള്ളത്. ദിവസത്തിൽ അയാൾക്ക് ചെയ്യാൻ പ്രത്യേകിച്ച് ജോലികളൊന്നുമുണ്ടായിരുന്നില്ല. രാവിലെ എഴുന്നേറ്റ് പള്ളിയിലൊന്ന് പോകും. തിരിച്ചുവന്നാൽ കുറച്ചുസമയം പത്രം വായിക്കും. പിന്നെ മുറ്റത്തുള്ള ചെടികൾക്കൊക്കെ വെള്ളമൊഴിച്ചുകൊടുക്കും. അതുകഴിഞ്ഞ് പറമ്പിലൂടെയൊന്നു നടക്കും. വൈകുന്നേരം അങ്ങാടിയിലൊന്നു പോകും. നാട്ടിൽ അധികം സൗഹൃദബന്ധങ്ങളൊന്നുമില്ലത്തതിനാൽ വേഗം വീട്ടിലേക്കുതന്നെ മടങ്ങും. ഗൾഫിൽ ജോലി ചെയ്തു ജീവിച്ചിരുന്ന ആ ഒരു സംതൃപ്തിയൊന്നും അയാൾക്ക് നാട്ടിൽനിന്നും കിട്ടിയിരുന്നില്ല.
ഒരു ദിവസം അയാളും ഭാര്യയും മുറ്റത്ത് ചെടികൾ നനച്ചുകൊണ്ടിരിക്കെ ഗെയ്റ്റിനുപുറത്തുകൂടി കടന്നുപോയ ഒരു വലിയ കാറിൽ നിന്നും ആരോ ഒരാൾ കാദർക്കയുടെ നേർക്ക് കൈ വീശിക്കാണിച്ചു. പക്ഷെ കാർ നിർത്താതെ പോയതുകാരണം കാദർക്കക്ക് ആളെ മനസ്സിലായില്ല. അയാൾ ഭാര്യയോട് ചോദിച്ചു: ആരാ ആ കാറിൽ പോയത്? വിലകൂടിയ കാറാണല്ലോ, എനിക്ക് ആളെ മനസ്സിലായില്ല!
അവൾ ചോദിച്ചു: മനസ്സിലായില്ലേ? അവൻ നമ്മുടെ അയൽക്കാരൻ തന്നെയാണ്. അപ്പുറത്തെ വീട്ടിലെ മൊയ്തുക്കയുടെ മകൻ! അവൻ ദുബായിൽ നിന്ന് കഴിഞ്ഞാഴ്ച വന്നതാണ്. ഒരാഴ്ചത്തെ ലീവിന്, അതു കഴിഞ്ഞ് തിരിച്ചുപോയതാണ് നിങ്ങൾ കണ്ടത്.
കാദർക്ക അൽഭുതത്തോടെ അവളെ നോക്കിക്കൊണ്ട് പറഞ്ഞു: എന്നിട്ടവൻ നാട്ടിലെത്തീട്ട് ഇവിടെയൊന്ന് കയറിയില്ലല്ലോ! അല്ലെങ്കിൽ തിരിച്ചുപോകുന്ന വിവരം പറയാനെങ്കിലും നമ്മുടെ വീട്ടിലേക്കൊന്ന് വന്നില്ലല്ലോ! തൊട്ടടുത്ത വീട്ടുകാരൻ ഗൾഫിൽ നിന്നും വരുന്നതും പോകുന്നതും നമ്മൾ അറിഞ്ഞില്ലെന്നുവെച്ചാൽ.. അയാൾ വെറുതെ പരിഭവിച്ചുകൊണ്ടിരുന്നു.
അവൾ പറഞ്ഞു: ഇപ്പോൾ ഗൾഫുകാർ വരുന്നതും പോകുന്നതുമൊന്നും ആരുമറിയാറില്ല. ഒരാഴ്ചത്തെ ലീവ് കിട്ടിയാൽ പലരും ഒന്നു വന്നുപോകും. എയർപോർട്ടിൽ നിന്ന് നേരെ വീട്ടിലേക്ക്. പിന്നെ വീട്ടിലുണ്ടാവും, അല്ലെങ്കിൽ കൂട്ടുകാരോടൊത്ത് ഒന്ന് കറങ്ങും. അതുകഴിഞ്ഞ് തിരിച്ചുപോകും. അങ്ങനെയെത്ര ആളുകൾ ഇടക്കൊക്കെ ഗൾഫിൽ നിന്ന് നാട്ടിൽ വന്നുപോകുന്നു. അതൊക്കെ നമ്മൾ അറിയുന്നുണ്ടോ? നിങ്ങൾ പോയിരുന്ന കാലമൊന്നുമല്ലിത്.
കാദർക്കക്ക് ഒന്നും മനസ്സിലായില്ല, അയാൾ ഗൾഫ് ജീവിതം മതിയാക്കി നാട്ടിലെത്തീട്ട് ഇപ്പോൾ അഞ്ചെട്ടു വർഷങ്ങൾ കഴിഞ്ഞെങ്കിലും പുതിയ കാലത്തെക്കുറിച്ച് അയാൾക്കൊന്നുമറിയില്ല. കാലം മാറിയിരിക്കുന്നു, ആളുകളുടെ ചിന്താഗതികളും മാറിയിരിക്കുന്നു.
ഇന്ന് ഗൽഫിൽ നിന്ന് ആരെങ്കിലും വന്നാലും തമ്മിൽ കാണാനും പറയാനുമൊന്നും ആരും ആഗ്രഹിക്കുന്നില്ല, അയൽവാസികളാണെങ്കിലും അടുത്ത ബന്ധുക്കളാണെങ്കിലും!
എന്തിനധികം, സ്വന്തം പെങ്ങളുടെ മകൻ ഫവാസ് കഴിഞ്ഞതവണ ഗൾഫിൽനിന്നുവന്നപ്പോൾ കാദർക്കയെ ഒന്നു വന്നുകാണാൻ അവന് സമയം കിട്ടിയില്ലല്ലോ. കടയുടേയും കച്ചവടത്തിന്റേയും കാര്യങ്ങളെല്ലാം അവൻ ഫോണിൽ വിളിച്ച് പറുകയായിരുന്നല്ലോ. അവൻ കാണാൻ വരാത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ പെങ്ങൾ പറഞ്ഞതിങ്ങനെയണ്:
''ഓന് ഒരാഴ്ചത്തെ ലീവല്ലേയുള്ളൂ, നേരം വേണ്ടേ..?'' കാദർക്ക അതെല്ലാം വിശ്വസിച്ചു. ആരേയും അവിശ്വസിക്കാൻ അയാൾക്കറിയില്ല!
ഒരു കാലത്ത് കാദർക്കയെ കാണാൻ എല്ലാർക്കും നേരമുണ്ടായിരുന്നു. അയളോട് ചോദിക്കാതെ കുടുംബത്തിലെ ഒരു കാര്യവും തീരുമാനിച്ചിരുന്നില്ല. എല്ലാവരുടേയും എല്ലാ കാര്യങ്ങൾക്കും അയാൾ വേണമായിരുന്നു. എന്നാലിന്ന് ആരുടേയും കാര്യങ്ങൾ കാദർക്ക അറിയാറില്ല, ആരും അറിയിക്കാറുമില്ല.
അധികം പഴക്കമൊന്നുമില്ലാത്ത പെങ്ങളുടെ വീടുപൊളിച്ച് അവിടെ വലിയയൊരു വീടുവെക്കാൻ തീരുമാനിച്ചപ്പോൾ അവർ കാദർക്കയോട് ആ വിവരം പറയുകയോ അഭിപ്രായം ചോദിക്കുകയോ ചെയ്തൊ? ഇല്ല. പെങ്ങളുടെ മകൻ ഫവാസ് പുതിയ പാർട്ടണർമാരെ ചേർത്ത് ബക്കാലത്തു ഫാത്തിമ വലിയൊരു സൂപ്പർമാർക്കറ്റാക്കിയപ്പോൾ കാദർക്കയെ അവൻ വിവരമറിയിച്ചോ? ഇല്ല. പെങ്ങളുടെ മൂന്നാമത്തെ മകളുടെ നിക്കാഹ് ഉറപ്പിച്ചപ്പോൾ കദർക്കയുടെ സമ്മതത്തിനായി അവർ കാത്തിരുന്നോ? ഇല്ല. കാദർക്ക ഒന്നും അറിഞ്ഞില്ല, ആരും അറിയിച്ചതുമില്ല. അല്ലെങ്കിലും അതെല്ലാം അറിയിച്ചതുകൊണ്ട് ഇന്ന് വലിയ പ്രയോജനവുമില്ലല്ലോ!
ഇപ്പോൾ എത്ര ദിവസങ്ങൾ കഴിഞ്ഞാണ് സഹോദരി ഒന്ന് കാണാൻ വരുന്നതുതന്നെ! കാദർക്കക്ക് ഇപ്പോഴാണ് ഓരോന്നും മനസ്സിലായിത്തുടങ്ങുന്നത്. കാലവും ജീവിതം വെളിപ്പെടുത്തിക്കൊടുക്കുന്ന സത്യങ്ങളോരോന്നും കണ്ടുകൊണ്ട് ഒന്നും അറിഞ്ഞിട്ടില്ലാത്തപോലെ അയാൾ ജീവിച്ചു.
ബക്കാലത്തു ഫാത്തിമ ഇന്ന് ചെറിയൊരു ഗ്രോസറിയല്ല. അത് വലിയൊരു ഹൈപ്പർ മാർക്കറ്റാണ്. പെങ്ങളുടെ മകൻ ഫവാസ് ഇന്നവിടെ വെറുമൊരു ജോലിക്കാരനുമല്ല. വേറെയും പാർട്ടണർമാരുള്ള ആ വലിയ സ്ഥാപനത്തിന്റെ മാനേജിംങ് ഡയറക്ടറാണ്. ആ പാർട്ടണർമാരുടെ കൂട്ടത്തിൽ കെ.കെ.അബ്ദുൽ കാദർ എന്ന പേര് മാത്രം എവിടെയും കാണില്ല. കാദർക്ക ഇന്ന് അതിന്റെ ആരുമല്ല.
പഴയ സുഹൃത്തുക്കൾ പറഞ്ഞാണ് കാദർക്ക എല്ലാം അറിഞ്ഞത്. എങ്കിലും അയാൾ അതിനെക്കുറിച്ചൊന്നും ആലോചിച്ചില്ല. പെങ്ങളുടെ മകനല്ലേ, സ്വന്തം ചോരയല്ലേ.. എന്നു സമാധാനിക്കും. എന്തൊക്കെയായാലും എല്ലാ മാസവും ചെറിയൊരു സംഖ്യ കടയുടെ ലാഭവിഹിതമായി അവൻ കാദർക്കക്ക് അയച്ചുകോടുക്കുന്നുണ്ട്. അതിനൊരു മുടക്കവും ഇതുവരെ അവൻ വരുത്തീട്ടില്ല. അയാൾക്കും ഭാര്യക്കും മിതമായി ജീവിക്കാൻ അതു മതി. അതുകൊണ്ടുതന്നെ കടയുടെ കണക്കുകളും ലാഭവുമൊന്നും ചോദിക്കാൻ കാദർക്ക പോയില്ല, അവൻ അറിയിച്ചുകൊടുത്തതുമില്ല.
അങ്ങനെ വർഷങ്ങൾ പലതും കടന്നുപോയി. ഇതിനിടയിൽ പലവിധ അസുഖങ്ങൾ കദർക്കയെ പിടികൂടാൻ തുടങ്ങിയിരുന്നു. ഇതുവരെ അവരുടെ ചെലവിനൊക്കെ ഫവാസ് അയച്ചുകൊടുക്കുന്ന ചെറിയ സംഖ്യ മതിയായിരുന്നു. എന്നാലിന്ന് അതുപോര. ഭക്ഷണം മാത്രം പോരല്ലോ, മരുന്ന് വാങ്ങണം, മാസത്തിൽ രണ്ടോ മൂന്നോ തവണ ഡയാലൈസിസ് ചെയ്യണം. അതിനൊക്കെ വലിയയൊരു സംഖ്യ തന്നെ ചെലവ് വരുന്നുണ്ട്.
ഒരു ദിവസം സഹോദരി കാദർക്കയെ കാണാനായി വീട്ടിൽ വന്നപ്പോൾ ഇക്കാര്യങ്ങളെല്ലാം സൂചിപ്പിച്ചുകൊണ്ട് അയാൾ അവളോട് പറഞ്ഞു:
''ഓരോ ദിവസം കഴിയുന്തോറും ന്റെ അസുഖം കൂടിക്കൂടി വര്വാണ്. ഓരോ ആഴ്ചയും മരുന്നിനും ചികിൽസക്കുമൊക്കെ ഒരു പത്തുപന്ത്രണ്ടായിരം ഉർപ്പ്യങ്കിലും ചെലവാകും. ഞാനായിട്ട് പറയിണില്ല, യ്യ് മോനോടൊന്ന് സൂചിപ്പിക്കണം. കച്ചോടത്തിന്റെ ലാഭമെന്നും പറഞ്ഞ് ഓന് ചെറിയൊരു സംഖ്യ മസത്തിലെനിക്ക് അയച്ച്‌തര്‌ണ്‌ണ്ട്, ഇപ്പൊ അതൊന്നും മതിയാക്‌ണില്ല്യ, ഓനോടൊന്ന് സഹായിക്കാൻ പറയണം..''
കേട്ടപാടെ അവൾ പറഞ്ഞു: ''ഓനോട് ഇക്കാക്ക തന്നെ പറയണതാ നല്ലത്. ഗൾഫിലിപ്പൊ കച്ചോടം കൊറച്ച് മോശാണെന്നാ പറഞ്ഞ്കേക്കണത്. പൈസണ്ടാക്കാൻ ഓൻ നല്ലോണം കഷ്ടപ്പെട്‌ണ്‌ണ്ട്. പിന്നെ പൊര പൊളിച്ച് വലുതാക്ക്യല്ലോ, ആ വകേല് ഓന് കൊറച്ച് കടോം വന്ന്‌ട്ട്‌ണ്ട്. അതൊക്കെ ഓൻ തന്നെ വീട്ടണ്ടേ? എല്ലാങ്കൂടി ന്താ ആവ്വാന്നറ്യൂല,
അവൾ ഒഴിഞ്ഞുമാറുകയാണ്. കാദർക്കക്കത് മനസിലായി. അയാളുടെ ശബ്ദം പൊങ്ങി. കോപം നിയന്ത്രിക്കാനാവാതെ അയാൾ ചോദിച്ചു: ''ആ നല്ല വീട് പൊളിച്ച് ഇപ്പോൾ വെറെ വിടുവെക്കേണ്ട വല്ല ആവശ്യോണ്ടായിര്‌ന്നോ..? അവിടെയെന്തായിരുന്നൊരു സൗകര്യക്കൊറവ്..? അങ്ങനെ തീരുമാനിക്കുമ്പോ നിങ്ങളാരെങ്കിലും എന്നോടൊന്ന് ചോദിച്ചോ? വിവരം പറഞ്ഞോ? പണ്ടൊക്കെ എന്ത് കാര്യങ്ങൾ ചെയ്യുമ്പൊഴും എന്നോട് അന്വേഷിച്ചിരുന്നല്ലോ, അന്ന് ആ വീട്‌ണ്ടാക്കാൻ നീ ചോദിച്ച പൈസയൊക്കെ ഞാനല്ലേ അയച്ച്‌തന്നത്..? ഇന്നിപ്പം നിങ്ങളെ കാര്യത്തിന് ങ്ങള് തന്നെ മതിയായി ല്ലേ..?
കാദർക്കയുടെ വാക്കുകൾക്ക് നല്ല മൂർച്ചയുണ്ടായിരുന്നു. അയാൾ ആദ്യമായിട്ടാണ് പെങ്ങളോട് അത്ര ഉച്ചത്തിൽ സംസാരിക്കുന്നത്.
ശബ്ദത്തിന് ഒരു അധികാരഭാവമുണ്ടായിരുന്നെങ്കിലും അത് പെങ്ങളോടുള്ള ഒരു കരുതലയിരുന്നു. കാദർക്കക്ക് അവളിപ്പോഴും കുഞ്ഞുപെങ്ങളാണ്. എന്നാൽ അവൾക്ക് അവൾ അവളങ്ങനെയല്ല, ഗൾഫിലെ അറിയപ്പെടുന്ന ഒരു ബിസിനസ്സുകാരന്റെ ഉമ്മയാണ്, നാട്ടിൽ അന്തസ്സോടെ ജീവിക്കുന്നവളാണ്. അവളേയാണ് കാദർക്ക ഇങ്ങനെയൊക്കെ പറഞ്ഞത്, അതും അയാളുടെ ഭാര്യയുടെ മുമ്പിൽ വെച്ച്. പെങ്ങളുടെ അഭിമാനത്തെ അത് മുറിപ്പെടുത്തിയിരിക്കണം.
ആങ്ങളയുടെ വീടിനേക്കാളും വലിയ വീട് പെങ്ങളുണ്ടാക്കിയതിലുള്ള
അസൂയ കോണ്ടാണ് കദർക്ക ഇങ്ങനെയൊക്കെ പറയുന്നതെന്ന് പെങ്ങൾ ഊഹിച്ചു. അതവൾ അയാളുടെ മുഖത്തുനോക്കി പറയുകയും ചെയ്തു. പിന്നെ കാദർക്കക്ക് കോപമടക്കാനായില്ല. അയാൾ പറഞ്ഞു:
ഞാൻ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് നീ പറയുന്നത്. നീ പറഞ്ഞപോലെ ഞാൻ അന്നൊക്കെ സ്വന്തം കാര്യം മാത്രം നോക്കിയിരുന്നെങ്കില് എനിക്കിവിടെ ഇതിനേക്കാൽ വലിയൊരു ബംഗ്ലാവ് തന്നെ കെട്ടിപ്പൊക്കാനാകുമായിരുന്നു. അന്നൊക്കെ ഞാൻ സ്വന്തം കാര്യം മറന്ന് എല്ലാരുറ്റെയും കാര്യങ്ങള് നോക്കി. ഞാൻ ചെയ്‌തതൊക്കെ വെറുതെയായിപ്പോയി!
പെങ്ങളും വിട്ടുകൊടുത്തില്ല, അവൾ പറഞ്ഞു: ന്നാലും ഇതൊക്കെ ഇക്കാന്റെ ഉള്ളില്‌ണ്ടല്ലോ! സങ്കടണ്ട്'
''ഇക്കാക്ക പണ്ട് ഞങ്ങളെയൊക്കെ നല്ലോണം സഹായിച്ചിട്ടുണ്ട്, ശെര്യെന്നെ, അത്ങ്ങനെ ആള്‌കളെ മുമ്പില് എട്‌ത്ത്‌പറേണോ..? പണ്ട് ചെയ്ത് തന്നതൊക്കെ മനസ്സില് കൊണ്ട്‌നടക്കണോ? ' അവൾ തേങ്ങി.
പിന്നെ തട്ടം കൊണ്ട് മുഖം പൊത്തിക്കരയുന്നതിനിടയിൽ അവൾ ഇതും കൂടി പറഞ്ഞു:
''എനിക്ക് കഴിവില്ലാത്ത കാലത്ത് സഹായിച്ചതിനൊക്കെ ആങ്ങള കണക്ക് വെച്ചിട്ട്‌ണ്ടെങ്കീ അതും അതിന്റെ ഇരട്ടീം തിരിച്ചുതരാൻ ഇന്ന് നിക്കും ന്റെ മക്കക്കും കഴിയും, ..'' പിന്നെ കരഞ്ഞുകൊണ്ട് അവൾ കാദർക്കയുടെ അടുത്തുനിന്നും എഴുന്നേറ്റുപോയി. അയാൾ ഒന്നും മിണ്ടാനാവാതെ കട്ടിലിൽ തന്നെ ഇരുന്നു.
അവൾ അന്ന് പോയതാണ്, പിന്നെ ആങ്ങളയെ കാണാൻ അവൾ വന്നിട്ടില്ല. അവളോടങ്ങനെ പറഞ്ഞുപോയതിൽ അയാൾക്കും സങ്കടമുണ്ടായിരുന്നു. അയാൾ ഭാര്യയോട് ആ സങ്കടം പറയുകയും ചെയ്തു. അപ്പോൾ ഭാര്യ അയാളെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു:
''ആർക്കെങ്കിലും എന്തെങ്കിലും ഉപകാരം ചെയ്തുകൊടുത്താൽ അത് ആ നിമിഷം അവിടെവെച്ച് മറന്നേക്കണം, സ്വന്തക്കാരാണെങ്കിലും മക്കളാണെങ്കിലും ശരി! അവരുടെയടുത്തുനിന്നൊന്നും പിന്നീട് നല്ല വാക്കും ചിരിയുമൊന്നും പ്രതീക്ഷിക്കരുത്. കഴിയുന്ന കാലത്ത് നിങ്ങള് ബാക്കിയുള്ളവരെയൊക്കെ സഹായിച്ചല്ലോ, അതുമതി! അവരൊക്കെ അവരുടെ സ്വന്തം കാലിൽ നിൽക്കാനായാൽ പിന്നെ അവരെ അവരുടെ പാട്ടിന് വിട്ടേക്കണം. എന്തെങ്കിലും ചെയ്തുകൊടുത്തതിന്റെ പേരുപറഞ്ഞ് ആരുടേയും കാര്യങ്ങളിൽ കയറി ഇടപെടരുത്.''
ഭാര്യയുടെ ആശ്വാസവാക്കുകൾ കാദർക്കക്ക് എന്നും വലിയ മനക്കരുത്തായിരുന്നു. ഗൾഫിലായിരുന്നപ്പോഴും ഇപ്പോൾ നാട്ടിലായപ്പോഴും ഭാര്യ ഒരിക്കലും അയാളെ കുറ്റപ്പെടുത്തീട്ടില്ല, തള്ളിപ്പറഞ്ഞിട്ടുമില്ല. എങ്കിലും വെറുതെയിരിക്കുമ്പോൾ ഓരോന്നാലോചിച്ച് അയാളുടെ മനസ്സ് തളർന്നുപോകും. ചിലപ്പോൾ രാത്രിയിൽ ഉറക്കം വരാതെ അയാൾ ഏറെ പ്രയാസപ്പെടും. അതൊന്നും കാദർക്ക ആരേയും അറിയിച്ചില്ല. ജീവിതം ഇനിയും എന്തെല്ലാം കാര്യങ്ങൾ വെളിപ്പെടുത്താനിരിക്കുന്നു. ദിവസങ്ങൾ കടന്നുപോകവെ അയാളുടെ ചിട്ടകളൊക്കെ തെറ്റി. ഭക്ഷണത്തോടുള്ള താൽപര്യം കുറഞ്ഞുതുടങ്ങി. ഉറക്കം തീരെയില്ലാതായി. അങ്ങനെ ശരീരവും മനസ്സും തളർന്ന് കാദർക്ക തീരെ കിടപ്പിലായി. അപ്പോഴൊന്നും സഹോദരി അയാളെ കാണാൻ വന്നില്ല. പെങ്ങള് കാണാൻ വരാത്തതിനെപ്പറ്റി പറഞ്ഞപ്പോൽ ഭാര്യ ഒരു തമാശപോലെ കാദർക്കയോട് പറഞ്ഞു:
''മാമ്പഴക്കാലത്തുമാത്രമേ ആളുകൾക്ക് മാവിനോട് കൂറുണ്ടാവുകയുള്ളൂ, മാങ്ങാക്കാലം കഴിഞ്ഞാ ആരും മാവിഞ്ചോട്ടിലേക്ക് വന്നുനോക്കാറില്ലല്ലോ!''
ഒരു ദിവസം കാദർക്കക്ക് അസുഖം കൂടുതലായ വിവരമറിയിച്ചപ്പോൾ പെങ്ങൾ ഒന്നു വന്നുപോയി. ആങ്ങളയോട് അധികമൊന്നും സംസാരിക്കാനും കാര്യങ്ങളന്വേഷിക്കാനുമൊന്നും അവൾ നിന്നില്ല.
പൊറുക്കാൻ പറ്റാത്തതാണോ ആങ്ങള അവളോട് പറഞ്ഞത് എന്നൊന്നും കാദർക്കക്കറിയില്ല. എന്നാലും അയാൾ പരഞ്ഞതൊന്നും അവൾ മറന്നിരുന്നില്ല. ആങ്ങളയോട് അവൾ പൊറുത്തുതുമില്ല. പെങ്ങൾ അങ്ങനെ വന്നുപോയപ്പോൾ കാദർക്കക്ക് കൂടുതൽ സങ്കടമായി. അപ്പോഴും ഭാര്യ അയാളെ സമാധാനിപ്പിച്ചു. കഴിഞ്ഞതൊന്നും ഓർക്കണ്ട, പടപ്പുകളുടെ അടുത്ത്ന്ന് ഒന്നും തിരിച്ചുകിട്ടുന്ന് വിചാരിച്ചല്ലല്ലോ നിങ്ങള് ആരേയും സഹായിച്ച്ത്, ഉള്ളറിയുന്നോൻ പടച്ചോനാണ്, നമുക്കവൻ മതി!
ഗൾഫിലേക്കുതന്നെ തിരിച്ചുപോകുന്നതിനെക്കുറിച്ച് കാദർക്ക വീണ്ടും ആലോചിക്കാൻ തുടങ്ങി. സുന്ദരമായ ആ പ്രവാസകാലം അയാളുടെ മനസ്സിൽ ഒരിക്കൽകൂടി തെളിഞ്ഞുവന്നു. എത്ര മനോഹരമായിരുന്നു അയാളുടെ ഗൾഫ് ജീവിതം. എല്ലാം മറന്ന് ജോലിയിലങ്ങനെ മുഴുകിപ്പോകുന്ന പകലുകൾ. പണികഴിഞ്ഞ് രാത്രി റൂമിലെത്തിയാൽ കുടെ താമസിക്കുന്നവർ പറയുന്ന വിശേഷങ്ങളും ചിരിയും തമാശകളും. ആ ജോലിയുടെ സുരക്ഷിതത്വത്തിലേക്കും കൂട്ടുകാരുടെ ഊഷ്മളമായ സ്നേഹവലയത്തിലേക്കും ഒരിക്കൽ കൂടി മടങ്ങിപ്പോകാൻ കാദർക്ക അതിയായി ആഗ്രഹിച്ചു. പക്ഷെ, കഴിയില്ലല്ലോ, ഈ അവസ്ഥയിൽ ഇനിയൊരു തിരിച്ചുപോക്ക് സാധ്യമല്ലല്ലൊ.
ശരീരം കൊണ്ടും മനസ്സുകൊണ്ടും ഏറെ വേദനിച്ചും ഏകാന്തതയനുഭവിച്ചും കാദർക്ക ഇന്നും അയാളുടെ വീട്ടിൽ ജീവിക്കുന്നുണ്ട്. പണ്ട് ഗൾഫിൽ നിന്ന് വരുമ്പോഴും പോകുമ്പോഴുമൊക്കെ ആ വീട്ടിൽ കുടുംബക്കാരും അയൽക്കാരുമൊക്കെയായി വലിയൊരു ആൾക്കുട്ടംതന്നെ ഒത്തുകൂടിയിരുന്നല്ലോ. അവരിലാരെങ്കിലുമൊക്കെ തന്നെ കാണാനയി ഒരിക്കൽ കൂടി ആ വീട്ടിലേക്ക് കയറിവരുന്നത് പ്രതീക്ഷിച്ചുകൊണ്ട് കാദർക്ക ഇന്നും ആ കട്ടിലിൽ തളർന്ന് കിടക്കുന്നുണ്ട്. പക്ഷെ, ആരും വന്നില്ല, സ്വന്തം പെങ്ങൾ പോലും! ഇനി വരുമെന്ന പ്രതീക്ഷയുമില്ല. കാരണം, അയാളുടെ ജീവിതത്തിൽ ഇനിയൊരു മാമ്പഴക്കാലം വരാനില്ലല്ലോ!
....................................
റസാഖ് വഴിയോരം
....................................
No comments:
Post a Comment