Tuesday, February 7, 2023



 ‌









ചില‌ സിനിമകൾ‌  ചിലതൊക്കെ‌ ‌മനസ്സിൽ‌ ബാക്കിവച്ചാണ്‌‌  നമ്മെ‌ കട‌ന്നുപോകുന്നത്‌. ‌കാലമേറെ‌  കഴിഞ്ഞാലും‌  അതിന്റെ‌  സുന്ദരമായ‌ ഫ്രെയ്മുകൾ‌  മനസ്സിന്റെ‌ ചുമരുകളിൽ‌  മങ്ങാതെ‌  തൂങ്ങിക്കിടക്കും‌‌.  ‌ അത്തരമൊരു‌ ചിത്രമാണ്‌‌ '‌‌ആയിഷ‌!'‌   


നിരൂപണമല്ല‌, തത്വ‌‌ചിന്താപരമായ‌ ചില‌ ട്രീ‌റ്റ്‌മെന്റുകളിലൂടെ‌  ‌ഈ‌ ചിത്രം‌ 

മനസ്സിനെ‌ തലോടുന്നതായി‌  അനുഭവിച്ചറിഞ്ഞ‌തുകൊണ്ട്‌‌, അവയിൽ‌ ചിലത്‌ ‌ പങ്കുവെയ്ക്കാനുള്ള‌ ശ്രമം‌ മാത്രമാണ്‌‌ ഈ‌ കുറിപ്പ്‌.


മനസ്സ്‌ മടു‌ത്തുകഴിഞ്ഞാൽ‌  മനുഷ്യൻ‌  പലതിൽ‌ നിന്നും‌  ഇറങ്ങി‌ നടക്കാറുണ്ട‌ല്ലോ‌. അത്‌ ചിലപ്പോൾ‌  ഇഷ്ടപ്പെട്ട‌ തൊഴിലിടങ്ങളിൽ‌ നിന്നാവാം‌, പ്രിയപ്പെട്ട‌ ബന്ധങ്ങളിൽ‌ നിന്നാവാം‌, അല്ലെങ്കിൽ‌ ഏറെ‌ ‌വിലപ്പെട്ട‌ ജീവിതത്തിൽ നിന്നുപോലുമാകാം‌‌.  മടുപ്പെന്നത്‌  മനസ്സിൽ‌ വന്നുമൂടുന്ന‌ ഒരു‌ തരം‌ ഇരുട്ടാണല്ലൊ‌. മനസ്സിനെ‌ മടു‌പ്പിക്കാത്ത‌ ഒരാളിലേക്ക്‌, ഒരിടത്തേക്ക്‌‌ നമ്മെ‌ വലിച്ചടുപ്പിക്കുന്ന‌ ‌എന്തോ‌ ഒന്നി‌ല്ലേ‌?  ആ‌ '‌എന്തോ‌ ഒന്നി'‌‌ നെയാണ്‌‌ ഈ‌ സിനിമയിൽ‌ എനിക്കനുഭവിക്കാ‌നായത്‌. 


സ്നേഹത്താൽ‌ പരസ്പരം‌ വലിച്ചുകെട്ടിയ‌ കൂടാരങ്ങളാണ്‌‌  കുടുംബവും‌  മനുഷ്യബന്ധങ്ങളുമെന്ന്‌ ‌ഈ‌ സിനിമ‌ പറ‌യുന്നുണ്ട്‌.  അത്ത‌ര‌മൊരു‌  കൂടാരത്തിലേക്ക്‌  ആയിഷയെ‌  മാമ‌  ചേർത്തുനിർത്തിയപ്പോഴാണ്‌‌  ആയിഷക്ക്‌ അ‌തൊരു‌ കൊട്ടാരമായി‌ അനുഭവപ്പെട്ടത്‌. വലിച്ചുകെട്ടിയ‌ ഏതെങ്കിലുമൊരു‌  കയറൊന്നിളകിയാൽ‌ കൂടാരം‌  ഉല‌ഞ്ഞുപോകുന്നപോലെ‌,  ‌‌മാ‌മയുടെ‌ മരണത്തോടെ‌  ആയിഷയുടെ‌ ജീവിതവും‌ ഉല‌ഞ്ഞുപോ‌കുന്നുണ്ട്‌.  പിന്നെ‌, എല്ലാ‌ സുഖ‌‌സൗകര്യ‌ങ്ങളുമുള്ള‌  ആ‌ കൊട്ടാരം‌ അവൾക്ക്‌ വെറുമൊരു‌ മണൽ‌ കൂന‌ മാത്രമാ‌യി‌ മാറുന്നു‌. ‌മന‌സ്സുകളെ‌ ഉലയാതെ‌ ബന്ധിപ്പിച്ചുനിർത്തുന്ന‌  ആകർഷണത്തിന്റെ  ‌കെട്ടുകളും‌, ഞൊടിയിടയിൽ‌ മാറിമറിയുന്ന‌  ജീവിതാവസ്ഥക‌ളും‌  മനുഷ്യ‌ജീവിതത്തെ എങ്ങിനെയൊക്കെയാണ്‌‌  ചുറ്റി‌വരിയുന്നതെന്ന്‌ ‌ഈ‌ ചിത്രം‌  ‌മനോഹരമായി‌ കാണിച്ചുതന്നു‌.  


ചീകിയൊതുക്കാത്ത‌ തലമുടിയിൽ‌ നിന്നും‌ കൊഴിഞ്ഞുവീണ‌ മുടിച്ചുരുളുകൾ‌  ഒരു‌ കൈ‌യിൽ‌ ചുരു‌ട്ടിപ്പിടിച്ച്‌, വിഷാദഭാവത്തോടെ‌  തറയിൽ‌ ഇരിക്കുന്ന‌ മാമയുടെ‌ കുഴിഞ്ഞ‌ കണ്ണുകളിൽ‌  മരണത്തിന്റെ‌ നിഴൽ‌ മാത്രമായിരിക്കും‌ അവസാനം‌ പ്രേക്ഷകർ‌  തിരഞ്ഞിട്ടുണ്ടാവുക‌.  ഏറെ‌ പ്രിയപ്പെട്ടൊരാളുടെ‌  സ്നേഹ‌‌സാന്നിധ്യം‌ നഷ്ടമായതിനെക്കുറിച്ചുള്ള‌ ഓർമ്മകളായിരിക്കാം‌ ഒരു‌ പക്ഷെ‌,   ‌കൊട്ടാര‌ത്തിലെ‌  ആഡംബര‌ത്തിലും‌ മാമയുടെ‌ ജീവിതം‌ ഇങ്ങനെ ഇടുങ്ങിപ്പോകാൻ‌ കാരണം‌.  എന്നാൽ‌,  സുന്ദരമായ‌  ഓർമകളുടെ‌  ‌വസന്ത‌ കാലത്തിലേക്ക്‌  മാമയേയും‌ കൂട്ടി‌ ആയിഷ‌ തിരിച്ചു‌ സഞ്ചരിക്കാനിറങ്ങിയപ്പോൾ‌  മാമയുടെ‌  ജീവിതം‌  ‌വീണ്ടും‌ പ്രണയാതുരമാവുന്നു‌.  പിന്നെ‌,  മഷിയെഴുതിയ‌ കണ്ണി‌ന്റെ‌ തിളക്കവും‌, പിന്നിലേക്ക്‌ ചീകിവച്ച‌ മുടിയുടെ‌  ‌സൗന്ദര്യവും‌, തുടുത്ത‌ ചുണ്ടിലെ‌ നിറ‌ചിരിയുമൊക്കെയായി‌ മാമ‌ ജീവിതത്തിലേക്ക്‌ തിരിച്ചുവരുന്നത്‌ കാണുമ്പോൾ‌ നമ്മൾ‌  അറിയാതെ‌ കയ്യടിച്ചുപോകും‌.  


നമ്മൾ‌ ആഗ്രഹിക്കുന്നൊരു‌ ലോ‌കം‌ നമ്മുടെ‌ കൺ‌മുമ്പിലേക്ക്‌ കൊ‌ണ്ടുവരാൻ‌ ജീവിതമെന്ന‌ മായാജാലത്തിന്‌‌ കഴിയുമെന്ന്‌  '‌ആയിഷ‌'‌ എന്ന‌ കലാകാരി‌  സമർത്ഥിക്കുന്നുണ്ട്‌.  മടുപ്പും‌ വിരക്തിയും‌ ‌പതുക്കെ‌  നമ്മെ‌   മരണത്തിലേക്ക്‌  കൈ‌‌പിടിച്ചു‌നടത്തുമ്പോൾ‌  പ്രിയമുള്ളവരിലേക്കും‌, പ്രിയമുള്ളതിലേക്കും‌  മന‌സ്സുകൊണ്ട്‌ സഞ്ചരിക്കാനായാൽ‌  ജീവിതാസക്തിയിലേക്ക്‌ വീണ്ടും‌  ഒരാൾക്ക്‌ തിരിച്ചുവരാൻ‌  കഴിയുമെന്ന്‌  സു‌ന്ദരമായ‌ ദൃശ്യക്രമീകരണങ്ങളിലൂടെ‌ ഈ‌ സിനിമ‌ നമുക്ക്‌ കാണിച്ചുതരുന്നു. 


ജീവിതത്തിൽ‌ നിന്ന്‌ നാടകത്തിലേക്കും‌, നാടകത്തിൽ‌ നിന്നും‌ ജീവിതത്തിലേക്കും‌ ഇറങ്ങിനടന്ന‌  ഒരു‌ കലാകാരിയുടെ‌ ‌മഹത്തായ‌  ജിവിതം‌ ഒട്ടും‌ വിരസതയില്ലാതെ‌  മ‌നോഹരമായി‌ അടയാളപ്പെടുത്തിയ‌  ‌സംവിധായകൻ‌ അമീർ‌  പള്ളി‌ക്കലിനും‌, സക്കരിയക്കും‌, ആസിഫ്‌ കക്കോടിക്കും‌  പിന്നണി‌ പ്രവർത്തകർക്കും‌ അഭിനന്ദനങ്ങൾ‌! 


നിലമ്പൂർ‌ ആയിഷ:‌ 

................................

കുട്ടിക്കാ‌ലം‌ മുതൽ‌ മനസ്സിൽ‌ പതിഞ്ഞൊരു‌ പേര്‌‌. 

സലാം‌ കൊടിയ‌ത്തൂരിന്റെ‌  മിക്ക‌ ഹോം‌ സിനിമകളിലും‌ ആയിഷത്ത‌ ഒട്ടനവധി‌ പ്രധാന‌  വേഷങ്ങൾ‌  ചെയ്തി‌ട്ടുണ്ടെങ്കിലും‌ ഇവരെ‌   കൂടു‌ത‌ൽ‌  അടുത്തറിയാൻ‌ സാധിച്ചിരുന്നില്ല‌. പിന്നീട്‌  സിദ്ധീഖ്‌  മൈ‌ക്കോ‌ൺ‌ സംവിധാനം‌ ചെയ്ത‌ '‌കൈമാറ്റം‌'‌ എന്ന‌ ചിത്രത്തിന്റെ‌ ലൊക്കേഷനിൽ‌ വെച്ചാണ്‌‌ ആയിഷത്തയെ‌ കൂടുതൽ‌  പരിചയ‌പ്പെ‌ടുന്നതും‌ അടുത്തറിയുന്നതും‌.  ഷൂട്ടിങ്ങിന്റെ‌  ഇടവേ‌ളയിലെപ്പൊഴോ‌  സംസാരിച്ചിരുന്നപ്പോഴാണ്‌‌  അവർ‌ '‌ഖദ്ദാമ'‌യായി‌ ഗൾ‌ഫിൽ‌ ജോലി‌ ചെയ്തിരുന്ന‌ കാര്യം‌ അറിയുന്നത്‌. എങ്കിലും‌ ഇത്ര‌ വലിയൊരു‌ ജീവിതകഥ‌  അതിനുപിന്നിലുണ്ടെന്നത്‌ '‌ആയിഷ'‌  കണ്ടിറങ്ങിയപ്പോൾ‌  മാത്രമാണ്‌‌ മനസ്സിലായത്‌.  അഭിനന്ദനങ്ങൾ‌ ആയിഷത്ത‌‌..

..................................

റസാഖ്‌ വഴിയോരം‌  

.................................‌ 8.02.2023.



No comments:

Post a Comment