ആശിച്ച വേഷങ്ങൾ
ആടാൻ കഴിയാത്ത ജീവിതം!
...................................................
പുറമെനിന്നു കാണുന്നവർക്ക് അതൊരു മനോഹരമായ വീടാണ്. അതിനകത്ത്
താമസിക്കുന്നവർക്ക് അതൊരു ജയിലും. മനസ്സുകൾ മരവിച്ചുപോയവർ ഒരുമിച്ചുതാമസി
ക്കുന്നൊരു ജയിൽ. അകലെ കാണുമ്പോൾ സുന്ദരമാം മന്ദിരം, അകപ്പെട്ട ഹൃദയങ്ങൾക്കത് താൻ
കാരാഗൃഹം'' എന്നൊരു പാട്ടില്ലേ ? അതുപോലെ!
ആ വീട്ടിനുള്ളിൽ വാർദ്ധക്യത്തിന്റെ എല്ലാ അവശതകളും പേറി രണ്ടു നിഴലുകൾ പോലെ ജീവിക്കുകയാണ് ഡോക്ടർ ജോണും അദ്ദേഹത്തിന്റെ ഭാര്യയും. അവർക്ക് മക്കളില്ലേയെന്നു ചോദിച്ചാൽ, ഉണ്ടായിരുന്നു. ഒരേയൊരു മകൻ ആന്റോ. അവനിന്ന് ജീവിച്ചിരിപ്പുണ്ടോ, ഉണ്ടെങ്കിൽത്തന്നെ എവിടെയാണെന്നോ അവർക്ക് രണ്ടുപേർക്കുമറിയില്ല. അവനെക്കുറിച്ചുള്ള ഓർമകളിൽ മരവിച്ചുപോയതാണ് അവരുടെ മനസ്സുകൾ.
വിവാഹം കഴിഞ്ഞ് വളരെക്കാലത്തിനുശേഷമായിരുന്നു അവർക്ക് ആന്റോയെന്ന കുഞ്ഞ് ജനിച്ചത്. ഏകമകനായിരുന്നതിനാൽ പതിവിലും കവിഞ്ഞ പരിഗണനയും ലാളനയും കൊടുത്ത് അവനെ അവർ വളർത്തി. വീട്ടിലെ ഒരു മുറി നിറയെ അവന്റെ കളിപ്പാട്ടങ്ങളായിരുന്നു. കാറുകളുടെയും വാഹനങ്ങളുടെയും പലവിധ കളിപ്പാട്ടങ്ങൾ. ഇടയ്ക്ക് ഷോപ്പിങിന് പോയിവരുമ്പോഴൊക്കെ പുതിയ മോഡൽ കാറുകളുടെ ഒന്നുരണ്ട് ടോയ്‌സെങ്കിലും അവന്റെ കയ്യിലുണ്ടാവും. വീടിനു തൊട്ടടുത്ത് തന്നെയായിരുന്നു ഡോക്ടർ ജോണിന്റെ ക്ലിനിക്ക്. അതുകൊണ്ടുതന്നെ പപ്പയുടെ ശ്രദ്ധയും സമീപ്യവും എപ്പോഴും ആന്റോക്ക് ലഭിച്ചുകൊണ്ടിരുന്നു.
സ്കൂൾ പ്രായത്തിൽ തന്നെ അസാമാന്യ കഴിവുകളായിരുന്നു ആന്റോ പ്രകടിപ്പിച്ചിരുന്നത്. മനസ്സിലുള്ള ആശയങ്ങളെല്ലാം ചിത്രങ്ങളായി അവൻ ഒരു നോട്ടുപുസ്തകത്തിൽ വരച്ചിടുമായിരുന്നു. ഒരു രൂപത്തിൽ നിന്ന് മറ്റൊരു രൂപത്തിലേക്ക് ട്രാൻസ്ഫോം ചെയ്യാവുന്ന യന്ത്രങ്ങളും, കരയിലും വെള്ളത്തിലും ഒരുപോലെ യാത്ര ചെയ്യാവുന്ന വാഹനങ്ങളുമൊക്കെയായിരുന്നു ആ ചിത്രങ്ങളിലധികവും ഉണ്ടായിരുന്നത്.
പുറത്ത് പോകുമ്പോഴൊക്കെ റോഡിൽ കാണുന്ന വാഹനങ്ങളെക്കുറിച്ചായിരുന്നു അവൻ സംസാരിച്ചിരുന്നത്. പുതിയ ബ്രാൻഡ് കാറുകളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചുമെല്ലാം പപ്പയേക്കാൾ കൂടുതൽ അവനറിയാമായിരുന്നു.
സ്കൂളിലെ ഏറ്റവും മിടുക്കനായ വിദ്യാർത്ഥിയായിരുന്നു ആന്റൊ. ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരിക്കൽ ക്ലാസ്സ് ടീച്ചർ അവനോട് ചോദിച്ചു: ആന്റോക്ക് ഭാവിയിൽ ആരായിത്തീരനാണ് ആഗ്രഹം? ആലോചിക്കാൻ ഒട്ടും സമയമെടുക്കാതെ അവൻ പെട്ടന്ന് പറഞ്ഞു: ലോകത്തിലെ ഏറ്റവും നല്ലൊരു കാർ മാന്യുഫാക്ചറർ ആകാനാണ് എനിക്കിഷ്ടം. അതുകേട്ട് ക്ലാസ്സിലെ കുട്ടികളെല്ലാവരും ചിരിക്കുന്നതിനിടയിൽ ടീച്ചർ പറഞ്ഞു: ഗ്രേറ്റ്, ആന്റോയ്‌ക്ക് അതിന് കഴിയട്ടെ! പിന്നെ ഒരു തമാശപോലെ ചിരിച്ചുകൊണ്ട് ടീച്ചർ പറഞ്ഞു: അന്ന് ഞങ്ങളെയൊന്നും മറക്കരുത് കേട്ടോ. അപ്പോൾ ആന്റോ പറഞ്ഞു: ഒരിക്കലുമില്ല ടീച്ചർ, ടീച്ചറെ എന്റെ കല്ല്യണത്തിന് ക്ഷണിക്കാൻ ഞാൻ സ്വന്തമായി ഡിസൈൻ ചെയ്ത ഒരു കാറിൽ ഒരിക്കൽ ഞാൻ വരും. അത് കേട്ടപ്പോൾ കുട്ടികൾ വീണ്ടും ഉറക്കെയുറക്കെ ചിരിച്ചു.
ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് പഠിക്കുകയെന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമെന്ന് കൂട്ടുകാരോടെല്ലാം അവൻ അന്നേ പറയുമായിരുന്നു. അവന്റെ പപ്പയുടെ ആഗ്രഹവും അതുതന്നെയായിരുന്നു. എന്നാൽ അവന്റെ മമ്മിക്ക് അവനെ പപ്പയെപ്പോലെ ഒരു ഡോക്‌ടറാക്കണമെന്നായിരുന്നു ആഗ്രഹം. ആന്റോ പത്താം ക്ലാസ്സിൽ ഉയർന്ന മാർക്കോടെ പാസ്സായി. തുടർന്ന് അവൻ പ്ലസ്‌ടുവിന് ചേർന്നു. പ്ലസ്ടു പരീക്ഷയും നല്ല മാർക്കോടെ പാസ്സായതോടെ തുടർന്ന് പഠിക്കാൻ ഏത് കോഴ്സ് തെരെഞ്ഞെടുക്കണമെന്നറിയാൻ ഒരു ദിവസം അവനെയും കൂട്ടി അവന്റെ പപ്പ ഒരു കരിയർ കൗൺസിലറുടെ അടുത്തെത്തി. പപ്പയോടു മോനോടും കാര്യളെല്ലാം ചോദിച്ചറിയുകയും ആപ്റ്റിറ്റ്യൂട് റ്റെസ്റ്റ് നടത്തുകയും ചെയ്ത ശേഷം അദ്ദേഹം പപ്പയോട് ഇങ്ങനെ പറഞ്ഞു: നിങ്ങളുടെ മോനൊരു ബ്രില്ല്യന്റാണ്. മനസിലുള്ള ആശയങ്ങൾ അതിമനോഹരമായി അവൻ പകർത്തിവച്ചിരിക്കുന്നത് ഞാൻ കണ്ടു. വാഹനങ്ങളും യന്ത്രങ്ങളുമൊക്കെ ഏറ്റവും പുതിയ രീതിയിൽ ഡിസൈൻ ചെയ്യുന്നതിൽ അവനൊരു പ്രത്യേക കഴിവുണ്ട്. അതിനാൽ മറ്റൊരു ഓപ്ഷനെക്കുറിച്ചും നിങ്ങൾ ആലോചിക്കേണ്ടതില്ല. അവന്റെ അഭിരുചിക്കനുസരിച്ച് അവനെ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗുമായി ബന്ധപ്പെട്ട കോഴ്സിന് തന്നെ പറഞ്ഞയക്കുക. ആ രംഗത്ത് അവൻ മിടുക്കനാവുമെന്ന് എനിക്കുറപ്പുണ്ട്. അതുതന്നെയായിരുന്നു അവനും പപ്പയും പ്രതീക്ഷിച്ചിരുന്നതും. എന്നാൽ അവന്റെ മമ്മിക്ക് ആ നിർദ്ദേശം ഒട്ടും സ്വീകാര്യമായില്ല. മോനെ മെഡിസിന് തന്നെ ചേർത്തുപഠിപ്പിക്കണമെന്ന് അവൾ വാശിപിടിച്ചു. അവൾ മോനോട് ഇങ്ങനെ പറയുകയും ചെയ്തു. നീ നിന്റെ പപ്പയെപ്പോലെ ഒരു ഡോക്‌ടറായാൽ മതി. മറ്റൊന്നിനെക്കുറിച്ചും ആലോചിക്കേണ്ട. ആ തീരുമാനത്തിൽ അവൾ ഉറച്ചുനിന്നു. അങ്ങനെയൊരു തീരുമാനമെടുക്കാൻ അവൾക്ക് കാരണവുമുണ്ടായിരുന്നു. അവളുടെ അനിയത്തിയുടെയും ആങ്ങളമാരുടെയും മക്കളൊക്കെ മെഡിസിന് പഠിക്കുന്നവരാണ്. അവരുടെയൊക്കെ മുമ്പിൽ അവൾ കുറഞ്ഞുപോകരുതല്ലോ! അവരുടെ മക്കളൊക്കെ വലിയ ഡോക്റ്റർമാരാവുമ്പോൾ സ്വന്തം മകൻ ഏതെങ്കിലുമൊരു വർക്ക്ഷോപ്പിൽ ദേഹത്ത് കരിയും പുരണ്ട് പണിയെടുക്കുന്നത് അവൾക്ക് സങ്കല്പിക്കാനായില്ല. ഓട്ടൊമൊബൈൽ എഞ്ചിനീയറിംഗ് എന്നു പറഞ്ഞാൽ വർക്കുഷോപ്പിലെ റിപ്പയർ ജോലിയല്ലെന്നും ഡോക്ടറുടെത് പോലെത്തന്നെ മഹത്തായ പ്രൊഫഷനാണെന്നും അവൻ മമ്മിയെ പറഞ്ഞുമനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ അല്പം അരിശത്തോടെ അവൾ ഇങ്ങനെ പറഞ്ഞു: അതൊക്കെ എനിക്കറിയാം, നിന്നെ പെറ്റുപോറ്റി ഇത്ര വലുപ്പമാക്കാൻ എനിക്കറിയാമെങ്കിൽ നിന്നെ എന്താണ് പഠിപ്പിക്കേണ്ടതെന്നും എനിക്കറിയാം. ഞാൻ പറയുന്നത് പോലെ നീയങ്ങ് അനുസരിച്ചാൽ മതി. ഇല്ലെങ്കിൽ പിന്നെ ഞാൻ ജീവനോടെയിരിക്കില്ല.
ടീനേജ് പ്രായത്തിലുള്ള ഒരു കുട്ടിയോട് ഇങ്ങനെയൊന്നും സംസാരിക്കാൻ പാടില്ലെന്ന് മനസ്സിലാക്കാനുള്ള വിദ്യാഭ്യാസമൊന്നും അവൾക്കില്ലായിരുന്നു. ലോകം എത്ര മുന്നോട്ടുകുതിച്ചെന്നോ, പഴയ രീതികളും സമ്പ്രദായങ്ങളുമൊക്കെ എത്ര മാറിപ്പോയെന്നോ അവൾക്കറിയില്ലായിരുന്നു. അതിനാൽത്തന്നെ പണ്ടേ അവളുടെ മനസ്സിൽ വേരുറച്ചുപോയ ധാരണകളൊന്നും തിരുത്താൻ ആർക്കുമായില്ല. അവൾ അവളുടെ നിലപാടിൽ ഉറച്ചുനിന്നതോടെ പപ്പയും അവളുടെ വാശിക്കുമുമ്പിൽ കീഴടങ്ങി. അങ്ങനെ മെഡിക്കൽ എൻഡ്രൻസ് പരീക്ഷക്ക് തയ്യാറാക്കുന്ന ഒരു കോച്ചിംഗ് സെന്ററിൽ ആന്റോയെ അയാൾ നിർബ്ബന്ധിച്ച് കൊണ്ടുപോയി ചേർത്തി. ഇതോടെ അവന്റെ പഠനത്തിന്റെ കാര്യത്തിൽ അവൾക്ക് അമിതമായ ശ്രദ്ധയും ഉൽക്കണ്‌ഠയുമായി. മോന് പഠിക്കാനും ഉറങ്ങാനുമൊക്കെ അ വൾ തന്നെ സമയവും നേരവും നിശചയിച്ചുകൊടുത്തു. വായനാമുറിയിൽ ആന്റോയോടൊപ്പം അവളും രാത്രി ഉറക്കമൊഴിച്ചിരുന്നു. പുലരുന്നതിനുമുമ്പ് അലാറം വെച്ചുണർത്തി അവൾ അവനെ വായിക്കാൻ തയ്യാറാക്കി. എത്ര ശ്രമിച്ചിട്ടും മെഡിക്കൽ സയൻസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ആന്റോക്ക് തീരെ വഴങ്ങിയില്ല, എത്ര വായിച്ചിട്ടും അവനതൊന്നും മനസ്സിലാക്കാനായതുമില്ല. എങ്കിലും മമ്മിയുടെ മുമ്പിൽ അവൻ നന്നായി വായിച്ചുപഠിക്കുന്നപോലെ അഭിനയിച്ചു. മെഡിക്കൽ എൻഡ്രൻസ് പരീക്ഷയിൽ തോൽക്കുമെന്ന് അവന് ഉറപ്പായിരുന്നു. അങ്ങനെ തോറ്റുപോയാൽ പിന്നെ മമ്മി ജീവിച്ചിരിക്കുമോയെന്ന പേടി അവന്റെ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കാനും തുടങ്ങിയിരുന്നു. പരീക്ഷയടുക്കുന്തോറും ഈ പേടി അവനെ കൂടുതൽ മാനസിക സമ്മർദ്ധത്തിലാക്കി. ക്രമേണ ഇതെല്ലാം അവന്റെ ഉറക്കിനേയും ഭക്ഷണക്രമത്തേയുമൊക്കെ ബാധിച്ചു. ഇതോടെ അവന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലുമൊക്കെ ചില മാറ്റങ്ങൾ കണ്ടുതുടങ്ങി. ചെറിയ കാര്യങ്ങൾക്കുപോലും അവൻ പെട്ടന്ന് ദ്യേഷ്യപ്പെടൻ തുടങ്ങി. ആരോടും അധികം സംസാരിക്കാതെ അവൻ റൂമിൽ കയറി വാതിലടച്ച് ഒറ്റക്കിരുന്നു.
അപ്പോഴൊക്കെ അവനെ ആശ്വസിപ്പിക്കാനും കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കിക്കൊടുക്കാനുമൊക്കെ പപ്പ പരമാവധി ശ്രമിച്ചു. ഒരിക്കൽ പപ്പയെ കെട്ടിപ്പിടിച്ചുകരഞ്ഞുകൊണ്ട് അവൻ പറഞ്ഞു: എനിക്ക് കഴിയുന്നില്ല പപ്പാ, ഈ പരീക്ഷ എഴുതിയാലും എനിക്ക് ജയിക്കാനാവില്ല. ഓട്ടോമൊബൈലുമായി ബന്ധപ്പെട്ട എത് കോഴ്സിന് ചേർത്തിയാലും ഫസ്റ്റ് റാങ്കോടെ ഞാൻ പാസ്സാകുമെന്ന് പപ്പക്ക് ഞാൻ ഉറപ്പുതരാം. അപ്പോൾ സ്നേഹത്തോടെ അവന്റെ തലയിൽ തടവിക്കൊണ്ട് പപ്പ പറഞ്ഞു: സാരമില്ല, മോന് കഴിയില്ലെങ്കിൽ തൽക്കാലം ഈ എക്സാം എഴുതണ്ട. നിനക്ക് താല്പര്യമുള്ള വിഷയത്തിനുതന്നെ പോകാം. മമ്മിയെ പപ്പ പറഞ്ഞ് സമ്മതിപ്പിക്കാം, മോൻ കരയാതിരിക്ക്. ഇത് കേട്ടപ്പോൾ മൂടിക്കെട്ടിയിരുന്ന ആകാശത്ത് പെട്ടന്ന് തെളിഞ്ഞ പൂർണ്ണ ചന്ദ്രനെപ്പോലെ അവന്റെ മുഖം പ്രകാശിച്ചു. അവൻ പപ്പയെ കെട്ടിപ്പിടിച്ച് കവിളിൽ ഒത്തിരി തവണ ചുംബിച്ചു.
അന്ന് രാത്രി അയാൾ ഭാര്യയോട് ഇങ്ങനെ പറഞ്ഞു: ഈ പരീക്ഷയെഴുതാൻ മോനെ നിർബ്ബന്ധിക്കേണ്ട.
മെഡിസിന് പഠിക്കാൻ അവന് താല്പര്യമില്ലെന്ന് പലവട്ടം അവൻ പറഞ്ഞതല്ലേ? ഇനി ഈ പരീക്ഷയിൽ പാസ്സായാലും ഇഷ്ടമില്ലാത്തൊരു കോഴസിന് അവനെ പറഞ്ഞുവിടുന്നതിനോട് എനിക്ക് യോജിപ്പുമില്ല. കാരണം, അതവന്റെ ഭാവിജീവിതത്തെ ബാധിക്കും. ഞാനിത് പറയുന്നത് എന്റെ ജീവിതാനുഭവത്തിൽ നിന്നു തന്നെയാണ്. ചെറുപ്പത്തിൽ ഞാനൊരിക്കലും ഒരു ഡോക്ടറാവണമെന്ന് ആഗ്രഹിച്ചിരുന്നില്ല. കുട്ടിക്കാലത്ത് പാട്ടിനോടും സംഗീതത്തോടുമൊക്കെയായിരുന്നു എനിക്ക് താല്പര്യം. വലുതാവുമ്പോൾ ഒരു മ്യൂസിക്ക് ഡയറക്ടറാകണമെന്നായിരുന്നു ഞാൻ സ്വപ്നം കണ്ടിരുന്നത്. പ്രീഡിഗ്രി കഴിഞ്ഞപ്പോൾ ഞാനത് എന്റെ ഡാഡിയോട് പറയുകയും ചെയ്തു. അത് കേട്ടപ്പോൾ ഡാഡി ഒറ്റവാക്കിൽ പറഞ്ഞു: സംഗീതം കൊണ്ടൊന്നും ജീവിക്കാൻ കഴിയില്ല, നമ്മുടെ കുടുംബത്തിൽ ഒരു ഡോക്ടറില്ല, അതുകൊണ്ട് നീയൊരു ഡോക്ടറായാൽ മതി. ഡാഡി പറയുന്നതിനെ എതിർത്ത് സംസാരിക്കാൻ അന്നൊന്നും കഴിയില്ലായിരുന്നു. ഒരു ഡോക്ടറാവാൻ എനിക്ക് കഴിയുകയില്ലെന്നറിഞ്ഞിട്ടും ഡാഡിയെ പേടിച്ച് മനമില്ലാമനസ്സോടെ ഞാൻ മെഡിസിന്, എം. ബി. ബി. എസിന് ചേർന്നു. അതോടെ കലയും സംഗീതവുമൊക്കെ ഞാൻ ഉപേക്ഷിച്ചു.
ഏറെ മാനസിക സംഘർഷങ്ങൾ അനുഭവിച്ചുകൊണ്ടായിരുന്നു അന്നത്തെ എന്റെ എം. ബി. ബി. എസി പഠനം. എങ്ങനെയോ ഞാനെന്റെ കോഴ്സ് പൂർത്തിയാക്കി. മെഡിക്കൽ ബിരുദങ്ങൾ നേടിയതുകൊണ്ടുമാത്രം ഒരാൾ ഡോക്ടറാവില്ലെന്നും അയാൾക്ക് ആ ജോലിയോട് ഒരു താല്പര്യവും വേണമെന്നും അപ്പോഴാണ് ഞാൻ തിരിച്ചറിയുന്നത്. ഒരു ഡോക്ടറുടെ ജോലിയെന്നുപറയുന്നത് മനുഷ്യശരീരവും ജീവനുമായി ബന്ധപ്പെട്ട ഒന്നാണല്ലോ. തന്റെ ജോലിയിൽ നൂറുശതമാനം സമർപ്പിക്കാൻ ഒരു ഡോക്ടർക്കാവുന്നില്ലെങ്കിൽ അയാളൊരു പരാജയമായിരിക്കും. പാവം മനുഷ്യരായിരിക്കും അതിന് വില നൽകേണ്ടിവരിക. ഞാനും അങ്ങനെ ഒരു ഡോക്ടറായിപ്പോകുമോ എന്ന് ഞാൻ ഭയപ്പെടാറുണ്ട്. ഒരു യന്ത്രത്തെപ്പോലെയാണ് ഞാൻ രോഗികളുടെ മുമ്പിൽ ചെന്നിരിക്കുന്നത്. ഫീസ് വാങ്ങി മരുന്നെഴുതിക്കൊടുക്കുന്നുവെന്നല്ലാതെ ആ ജോലിയിൽ നിന്ന് എനിക്കൊരു സംതൃപ്തിയും ലഭിക്കാറില്ല. ഇഷ്ടമില്ലാത്തൊരു ജോലി ചെയ്യുന്നതുകൊണ്ടാണത്. ചെയ്യുന്ന ജോലിയിൽ നിന്ന് സന്തോഷം ലഭിക്കുമ്പോൾ മാത്രമേ നമുക്കതിനോട് ഇഷടമുണ്ടാവുകയുള്ളൂ. ഒരു പാട് വർഷങ്ങൾ പഠിച്ച് വലിയൊരു ബിരുദം നേടീട്ടും ഈ ഗ്രാമത്തിലെ കുറച്ചാളുകൾക്കു മാത്രമേ ഞാനൊരു ഡോക്ടറാണെന്ന് അറിയുകയുള്ളൂ. തൊട്ടടുത്ത പ്രദേശത്തെ ആളുകൾക്ക് എന്റെ പേരുപോലും അറിയുകയില്ല. എനിക്ക് സ്റ്റേജിൽ കയറി പതിനായിരങ്ങളുടെ മുമ്പിൽ പട്ടുപാടാൻ കഴിയുമെന്ന് ഒരിക്കൽ വിശ്വസിച്ചിരുന്ന ഞാൻ ഇന്ന് നാലാളുടെ മുമ്പിൽ എഴുന്നേറ്റ് നിന്ന് സംസാരിക്കാൻ പോലും ആത്മവിശ്വാസമില്ലാത്തൊരു ഡോക്ടറാണ്. അങ്ങനെ, ലോകം എന്നെ അറിയാതെ, ഞാൻ ലോകത്തെ അറിയാതെ ഒരു ക്ലിനിക്കിന്റെ നാല് ചുമരുകൾക്കുള്ളിൽ എന്റെ ജീവിതം തീർന്നുപോയി. മടുത്തിരിക്കുന്നു, ചിലപ്പോൾ തോന്നും ഈ ജോലി വലിച്ചെറിഞ്ഞ് ഏതെങ്കിലും പട്ടണത്തിൽ പോയി ഒരു തെരുവ് ഗായകനായി ജീവിച്ചാലോയെന്ന്. അങ്ങനെയെങ്കിലും ചെയ്യുന്ന ജോലിയിൽ നിന്ന് മനസ്സിനൊരു സന്തോഷം കിട്ടുമായിരുന്നു. മനസ്സിന് സന്തോഷം തരുന്നൊരു ജോലി നേടുന്നതിനേക്കാൾ വലിയ നേട്ടങ്ങളൊന്നും ജീവിതത്തിലാർക്കും കിട്ടാനില്ല. ഇഷ്ടമില്ലാത്തൊരു ജോലി ചെയ്ത് ജീവിക്കേണ്ടിവരുന്നതിനേക്കാൾ വലിയ ശിക്ഷയും ഒരാൾക്ക് ലഭിക്കാനില്ല. ങാ.. നിനക്കതൊന്നും പറഞ്ഞാൽ മനസ്സിലായിക്കൊള്ളണമെന്നില്ല..
ശരിയാണ്, അയാൾ പറയുന്നതൊന്നും മനസ്സിലാവാതെ അവൾ എല്ലാം വെറുതെ കേട്ടിരുന്നു. പിന്നെ എല്ലാം മനസ്സിലായപോലെ അവൾ പറഞ്ഞു: അവന് പഠിക്കാൻ ബുദ്ധിയില്ലാഞ്ഞിട്ടൊന്നുമല്ല, വേണ്ടെന്നുവച്ചിട്ടാണ്. ഇതൊക്കെപ്പറഞ്ഞ് നിങ്ങളായിട്ട് അവന്റെ ജീവിതം നശിപ്പിക്കേണ്ട. ജീവിക്കണമെങ്കിൽ ഒരു ജോലി വേണം. ഇല്ലെങ്കിൽ അവൻ വീട്ടിൽ കുത്തിയിരിക്കേണ്ടിവരും.
ഇത് കേട്ടപ്പോൾ അയാൾ ചോദിച്ചു: ജോലി ചെയ്യാനാണോ ജീവിക്കുന്നത് ? അല്ലെങ്കിൽ ജീവിക്കാനാണോ ജോലി ചെയ്യുന്നത്? അയാൾ ചോദിച്ചതിന്റെ അർത്ഥം വീണ്ടും അവൾക്ക് മനസ്സിലായില്ല. അവളങ്ങനെ കണ്ണിലേക്ക് ഇരിക്കുന്നത് കണ്ടപ്പോൾ ഒന്ന് ചിരിച്ചുകൊണ്ട് അയാൾ തുടർന്നു: ലോകത്ത് ജീവിക്കാൻ വേണ്ടി ജോലി ചെയ്യുന്നവരും ജോലി ചെയ്യാൻ വേണ്ടി ജീവിക്കുന്നവരുമുണ്ട്. ഒരു വിഭാഗം ഏറെ ബുദ്ധിമുട്ടുകൾ സഹിച്ച് ഏതോ നാട്ടിൽ പോയി ശമ്പളത്തിനു വേണ്ടി ആരുടേയോ കീഴിൽജോലി ചെയ്യുന്നു. ഇഷ്ടമുണ്ടായിട്ടല്ല വരുമാനത്തിനുവെണ്ടി മാത്രമാണ് പലരും അങ്ങനെ ചെയ്യുന്നത്. ഒരു പക്ഷെ സ്വന്തം ജീവിതം തന്നെയായിരിക്കും അവരതിന് പകരമായി നൽകുന്നതെന്ന് ഏറെ കാലങ്ങൾ കഴിഞ്ഞായിരിക്കും അവർ തിരിച്ചറിയുന്നത്. തൊഴിൽ സമ്മർദ്ദങ്ങൾ കൊണ്ട് രോഗികളായിപ്പോകുന്ന എത്രയോ മനുഷ്യരുണ്ട്. പേരുണ്ട്. എന്നാൽ സ്വന്തം സ്വപ്നങ്ങൾ നെയ്തെടുക്കാൻ വേണ്ടി മഹത്തായ പരിശ്രമങ്ങളിലേർപ്പെടുന്ന മറ്റൊരു വിഭാഗമുണ്ട്. സ്വന്തം ജീവിതലക്ഷ്യങ്ങൾ തിരിച്ചറിഞ്ഞവർ, സ്വന്തം സ്വപ്നങ്ങളോടൊപ്പം സഞ്ചരിക്കുന്നവർ, മറ്റുള്ളവർക്കും വളരാനും സ്വപ്നം കാണാനും അവസരമൊരുക്കുന്നവർ. അവരാണ് യഥാർത്ത ഹീറോസ്. അങ്ങനെയുള്ളവരെ ലോകം കാത്തിരിക്കുന്നു. ആ പരിശ്രമങ്ങളിൽ അവർക്ക് ലഭിക്കുന്ന സ്ഥാനമോ വരുമാനമോ അല്ല, അതിൽനിന്ന് അവർക്ക് ലഭിക്കുന്ന സന്തോഷവും സംതൃപ്തിയുമാണ് അവരുടെ യതാർത്ഥ ശമ്പളം. വിലമതിക്കാനാവാത്ത സമ്മാനം
പലരും മക്കൾക്ക് വിദ്യാഭ്യാസം നൽകുന്നത് ഏതെങ്കിലുമൊരു കമ്പനിയിലോ സ്ഥാപനത്തിലൊ അവർക്ക് നല്ല ശമ്പളം കിട്ടുന്നൊരു ജോലി ലഭിക്കണമെന്ന ഉദ്ദേശത്തോടെയാണ്. ആരുടെയോ കീഴിൽ അവർ പറയുന്ന ജോലികളെല്ലാം ചെയ്ത് പലരുമങ്ങനെ ജീവിച്ചുകൊണ്ടിരിക്കുന്നത് കാണുമ്പോൾ അവർ ഈ ഭൂമിയിലേക്ക് വന്നതുതന്നെ മറ്റാർക്കോ ജോലികൾ ചെയ്തുകൊടുത്ത് അവരുടെ ശമ്പളം വാങ്ങി ജീവിക്കാനാണെന്ന് തോന്നിപ്പോകും. മക്കളെ അവർക്കിഷ്ടമുള്ളത് പഠിപ്പിക്കുന്നതോടൊപ്പം ജീവിതമെന്താണെന്നും നന്നായി ജീവിക്കെണ്ടതെങ്ങനെയാണെന്നും കൂടി പഠിപ്പിക്കേണ്ടതുണ്ട്.
തന്റെ സുഹൃത്തുക്കളോടും അയാൾ പലപ്പോഴും ഇങ്ങനെ പറയുമായിരുന്നു: മക്കളെ ഒരിക്കലും അവർക്കിഷ്ടമില്ലാത്തൊരു ജോലി ചെയ്യുന്നതിനായി നിർബ്ബന്ധിച്ച് പഠിപ്പിക്കരുത്. ഒരാൾക്ക് ഇഷ്ടമില്ലാത്തൊരു ജോലി ചെയ്യേണ്ടിവരുന്നത് അയാൾക്കുമാത്രമല്ല സമൂഹത്തിനും അത് ഗുണകരമാവില്ല. പഠിപ്പിക്കാൻ താല്പര്യമില്ലാത്തൊരാൾ അധ്യാപകനായാൽ എത്ര കുട്ടികളുടെ ഭാവിയെയായിരിക്കും അത് ദോഷകരമായി ബാധിക്കുമെന്നറിയാമോ? ഒരു ഡോക്ടർക്ക് അയാളുടെ ജോലിയോട് ആത്മാർത്ഥതയില്ലെങ്കിൽ എത്ര ആളുകളുടെ ജീവന് അത് ഭീഷണിയാകുമെന്നറിയാമോ? ഓരോരുത്തരും അവരവർക്ക് ഇഷ്ടവും അഭിരുചിയുള്ള മേഖലയിൽ ജോലി ചെയ്യട്ടെ. ഇന്നതിനുള്ള സൗകര്യവും സാഹചര്യവുമുണ്ടല്ലോ. വ്യക്തിക്കും സമൂഹത്തിനും അതാണ് നല്ലത്. ഒരാളുടെ തൊഴിലെന്ന് പറയുന്നത് മറ്റുള്ളവരുടെ മുമ്പിൽ പ്രദർശിപ്പിക്കാനുള്ള പദവിയോ അലങ്കാരമോ അല്ല. ഓരോ തൊഴിലും ഇഷ്ടത്തോടെ ചെയ്യേണ്ടുന്ന ഒരു ആരാധനയാണ്, തൊഴിലിടങ്ങൾ അവരുടെ ദേവാലയങ്ങളും.
ഡോക്ടറുടെ ഭാര്യക്ക് ഇത്തരം വലിയ കാര്യങ്ങളൊന്നും മനസ്സിലാക്കാനാവില്ല. അവൾക്ക് അവളുടേതായ ഒരു ലോകമുണ്ട്. വേരുറച്ചുപോയ ചില ധാരണകളും വിശ്വാസങ്ങളുമുണ്ട്. നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന റോബോട്ടുകൾക്ക് മനുഷ്യൻ ചെയ്യുന്ന ജോലികളെല്ലാം ചെയ്യാൻ കഴിയുന്ന ഇക്കാലത്തും ഒരു ഡോക്ടറുടെ ജോലിയാണ് ലോകത്തിലെ ഏറ്റവും വലിയ ജോലിയെന്ന് വിശ്വസിക്കുന്നവളാണവൾ. ആ വിശ്വാസത്തിനപ്പുറത്തേക്ക് അവൾക്ക് ചിന്തിക്കാനാവില്ല. അത് പറഞ്ഞുകൊണ്ടാണ് മോനോടും ആന്റോയോടും പപ്പയോടും അവൾ പല തവണ വഴക്കുണ്ടാക്കിയതും. വീട്ടിൽ ഇതേ കാര്യത്തെച്ചൊല്ലി വഴക്ക് പതിവായപ്പോൾ അതൊഴിവാക്കാനായി അവസാനം മെഡിക്കൽ എൻഡ്രൻസ് പരീക്ഷ എഴുതാൻ ആന്റോ തീരുമാനിച്ചു. അങ്ങനെ പല ദിവസങ്ങളിലായി രാവും പകലും വായിച്ച് പഠിച്ച് അവൻ പരീക്ഷയെഴുതി. പക്ഷെ, റിസൾട്ട് വന്നപ്പോൾ അവൻ തോറ്റുപോയിരുന്നു. ഇതോടെ അവന്റെ മമ്മി വല്ലാതെ അസ്വസ്ഥയായി. മകനേയും പപ്പയേയും അവൾ ഒരു പാട് കുറ്റപ്പെടുത്തി. മകന്റെ കഴിവില്ലായ്മകൾ എപ്പോഴുമിങ്ങനെ പറഞ്ഞുകൊണ്ടിരുന്നു. ഇതോടെ ആ വീട്ടിൽ ആന്റോക്ക് യതൊരു സ്വസ്ഥതയുമില്ലാതെയായി. മകൻ പരീക്ഷയിൽ തോറ്റ നാണക്കേടു കാരണം അവൾ അനിയത്തിയുടേയും ആങ്ങളയുടെയും വീട്ടിലേക്കൊന്നും പോകാതെയായി. ഇതോടെ ആന്റോയുടെ മനസ്സ് കൂടുതൽ കലുഷിതമാവാൻ തുടങ്ങി. അവൻ വീട്ടിൽ അധികസമയം ഇരിക്കാതെയായി. പുറത്തെ കൂട്ടുകെട്ടുകളിൽ അവൻ ക്രമേണ ആശ്വാസം കണ്ടെത്തി. രാത്രി പലപ്പോഴും വളരെ
വൈകി മാത്രമാണ് അവൻ വീട്ടിൽ തിരിച്ചെത്തിയിരുന്നത്. വന്നാൽ തന്നെ അവൻ റൂമിൽ ഒറ്റക്കിരുന്നു.
ദിവസങ്ങൾ മാസങ്ങളായും മാസങ്ങൾ വർഷങ്ങളായും കടന്നുപോയി. പരീക്ഷ എഴുതി ജയിക്കാമെന്നുള്ള ആത്മവിശ്വാസം പൂർണ്ണമായും അവന് നഷ്ടമായിപ്പോയതിനാൽ തുടർന്ന് പഠിക്കുന്നതിനെക്കുറിച്ചൊന്നും പിന്നീടവൻ ചിന്തിച്ചതേയില്ല. സമയം കഴിഞ്ഞുപോയതോടെ പഠിക്കാനുള്ള അവസരങ്ങളും അവന് നഷ്ടമായി.
പുറത്തെ ചീത്ത കൂട്ടുകെട്ടുകളും ദുശ്ശീലങ്ങളും ഇതിനകം അവനെ മറ്റൊരു മനുഷ്യനാക്കി മാറ്റിയിരുന്നു. തന്റെ ആവശ്യങ്ങൾക്കൊക്കെ വീട്ടിൽ നിന്ന് എങ്ങനെ പണം വാങ്ങിച്ചെടുക്കാമെന്ന് അവനറിയാമായിരുന്നതുകൊണ്ട് ഒരു ജോലിയെക്കുറിച്ചും അവൻ ആലോചിച്ചതേയില്ല. അവനിന്ന് ചെറിയ കുട്ടിയൊന്നുമല്ല. വയസ്സ് ഇരുപത്തഞ്ച് കഴിഞ്ഞിരിക്കുന്നു. പപ്പക്കും മമ്മിക്കും വയസ്സായിത്തുടങ്ങി. അവരുടെ കാലശേഷം അവൻ തനിച്ചാകുമല്ലോയെന്നോർത്ത് പപ്പക്ക് വലിയ സങ്കടമായിരുന്നു. അവനെയൊരു ജോലിക്ക് പറഞ്ഞയക്കാൻ പപ്പ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. ആരു പറയുന്നതും അനുസരിക്കുകയെന്നത് ഇന്നവന്റെ ശീലമല്ലെങ്കിലും പപ്പയുടെ സ്നേഹത്തോടെയുള്ള നിർബ്ബന്ധത്തിനു വഴങ്ങി ഒരു ജോലി ചെയ്യാൻ അവൻ അവസാനം തയ്യാറായി. അങ്ങനെയാണ് അവൻ പപ്പയുടെ ക്ലിനിക്കിൽ ഓഫീസ് ജോലി ചെയ്യാൻ തുടങ്ങിയത്. ക്രമേണ അവനിൽ ചില നല്ല മാറ്റങ്ങളൊക്കെ കണ്ടുതുടങ്ങി. ഈ സന്ദർഭത്തിൽ അവനെക്കൊണ്ടൊരു കല്ല്യാണം കൂടി കഴിപ്പിച്ചാൽ കുറച്ചുകൂടി ഉത്തരവാദിത്വവും കാര്യബോധവുമെല്ലാം അവനുണ്ടാവാനിടയുണ്ടെന്ന് പപ്പയെ പലരും ഉപദേശിച്ചു. മമ്മിക്കും ആ അഭിപ്രായം തന്നെയായിരുന്നു. അങ്ങനെ പപ്പയുടെ നിരന്തരമായ സമ്മർദ്ധത്തിനു വഴങ്ങി ഒരു കല്ല്യാണം കഴിക്കാൻ ആന്റോയും തയ്യാറായി. കല്ല്യാണാലോചനകൾ പലതും വന്നു. പുറത്തു പറയാൻ അവന് ക്ലിനിക്കിൽ ഒരു ജോലിയുണ്ടെങ്കിലും അവനെപ്പറ്റി കൂടുതലറിയുന്നതോടെ പല വിവാഹാലോചനകളും മുടങ്ങിപ്പോയി. ഏറെ കാലത്തെ അന്വേഷണത്തിനൊടുവിലാണ് മറ്റൊരു പ്രൊപ്പോസൽ ആന്റോയെ തേടിയെത്തുന്നത്. ഗ്രേസി എന്നായിരുന്നു അവളുടെ പേര്. സൗന്ദര്യവും വിദ്യാഭ്യാസവുമുള്ള നല്ല കുടുംബത്തിലെ ഒരു പെൺകുട്ടി. ഒരു ഡോക്ടറുടെ മകനായിരുന്നതിനാൽ ആന്റോയെപ്പറ്റി കൂടുതലൊന്നും അന്വേഷിക്കാതെത്തന്നെ അവളുടെ വീട്ടുകാർ ഈ കല്ല്യാണത്തിന് സമ്മതമറിയിച്ചു. ഈ ബന്ധത്തിലൂടെ മകന് പുതിയൊരു ജീവിതമുണ്ടാവുമെന്ന് അവന്റെ പപ്പയും മമ്മിയും പ്രതീക്ഷിച്ചു. ആന്റോയും അങ്ങനെത്തന്നെയാണ് പ്രതീക്ഷിച്ചിരുന്നത്. പഴയ ദുശ്ശീലങ്ങളെല്ലം മാറ്റി പുതിയൊരു ജീവിതം തുടങ്ങണം, നഷ്ടപ്പെട്ട സന്തോഷങ്ങളെല്ലാം തിരിച്ചുപിടിക്കണം, പപ്പയ്‌ക്കും മമ്മിക്കും ഒരു തുണയായി ഈ വീട്ടിലുണ്ടാവണം. അവരുടെ വാർദ്ധക്യ കാലത്ത് അവർക്ക് സമാധാനമുള്ളൊരു ജീവത സാഹചര്യം ഒരുക്കിക്കൊടുക്കണം. ഇങ്ങനെയുള്ള നല്ല ചിന്തകൾ അവന്റെ മനസ്സിലേക്ക് കടന്നുവന്നു. തുടർന്നുള്ള അവന്റെ ദിവസങ്ങൾ സുന്ദരമായിരുന്നു. കൂടുതൽ ഉൽസാഹത്തോടെയും ഉത്തരവാദിത്വത്തോടെയും അവൻ വീട്ടിലെ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചു. കല്ല്യാണത്തിന് ആളുകളെ ക്ഷണിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി.
ഒരു ദിവസം വീടും അഡ്രസ്സുമൊക്കെ അന്വേഷിച്ചറിഞ്ഞ് വിവാഹത്തിന് ക്ഷണിക്കാനായി അവൻ ടീച്ചറുടെ വീട്ടിലുമെത്തി. കുറെ കാലമായി ടീച്ചർ പെൻഷനായി വീട്ടിൽ തന്നെയാണെങ്കിലും ആന്റോയെ കണ്ടപ്പോൾ തന്നെ ടീച്ചർ തിരിച്ചറിഞ്ഞു. സന്തോഷത്തോടെ അവനെ സ്വീകരിച്ചിരുത്തുമ്പോൾ അവനൊരിക്കൽ ക്ലാസ്സിൽ പറഞ്ഞ കാര്യം ഓർമ്മിച്ചുകൊണ്ട് ടീച്ചർ പറഞ്ഞു: നീ വലിയ ആളായെങ്കിലും എന്നെയൊന്നും മറന്നുപോയില്ലല്ലോ, സന്തോഷമുണ്ട്. പിന്നെ അവന്റെ അടുത്തേക്ക് വന്നുനിന്നുകൊണ്ട് ടീച്ചർ ചോദിച്ചു: എവിടെ നീ സ്വന്തമായി ഡിസൈൻ ചെയ്ത കാറ് ? മുഖത്തൊരു ചിരി വരുത്താൻ വെറുതെ ശ്രമിച്ചുകൊണ്ട് അവൻ ഒന്നും മിണ്ടാതെ നിന്നു. സാവധാനം അവൻ ടീച്ചറോട് എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞു. അപ്പോൾ ഒന്ന് ചിരിച്ചുകൊണ്ട് ടീച്ചർ പറഞ്ഞു: ഞാൻ കരുതി നീയിപ്പോൾ ഏതോ വലിയൊരു കാർ നിർമ്മാണ കമ്പനിയുടെ മുതലാളിയായിരിക്കുമെന്ന്. സാരമില്ലെടോ, ടീച്ചർ അവനെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു: ആശിച്ച വേഷങ്ങൾ ആടാൻ കഴിയാത്ത നാടകമാണല്ലോ ജീവിതം! കുറഞ്ഞ കാലത്തെ ഒരു ജീവിതമല്ലേടോ? അത് ജീവിച്ചുതീർക്കാൻ എന്തെങ്കിലുമൊക്കെ വഴിയുണ്ടാവും. പത്തിൽ തോറ്റവരും ജയിച്ചവരും ഒട്ടും പഠിക്കാത്തവരുമൊക്കെ എന്തെങ്കിലും ജോലി ചെയ്തു ജീവിക്കുന്നില്ലേ? എന്ത് ജോലി ചെയ്യുന്നുവെന്നല്ല, ചെയ്യുന്ന ജോലിയിൽ നിന്ന് നമുക്ക് സന്തോഷം കിട്ടുന്നുണ്ടോ എന്നതാണ് പ്രധാനം. മനസ്സിന് സന്തോഷം തരുന്ന മാന്യമായ ഏത് ജോലിയും ചെയ്യാം. എല്ലാ ജോലിയും അന്തസ്സുള്ളത് തന്നെയാണ്. മറ്റു തരം തിരിവുകളൊക്കെ മനുഷ്യർ ഉണ്ടാക്കുന്നതാണ്. ലോകത്ത് അറിയപ്പെടുന്ന പല കോടീശ്വരന്മാരും കലാകാരന്മാരും ശാസ്ത്രജ്ഞന്മാരുമെല്ലാം ഒരു പാട് ബിരുദങ്ങൾ കൊണ്ട് ആ സ്ഥനത്തെത്തിയവരല്ല. സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് പരിശ്രമിച്ചതുകൊണ്ട് വിജയിച്ചവരാണ്. ഇച്ഛാശക്തിയാണ് പ്രധാനം. നിനക്കതുണ്ടെങ്കിൽ ഇനിയും സമയമുണ്ട്. . അവൻ ചോദിച്ചു: ടീച്ചറുടെ ഹസ്ബന്റും മക്കളുമൊക്കെ? ഒന്ന് നിശ്വസിച്ചുകൊണ്ട് ടീച്ചർ പറഞ്ഞു: ഭർത്താവ് ജീവിച്ചിരിപ്പില്ല. പിന്നെ ഒരു മകൻ, പ്ലസ് ടു വരെ പഠിച്ചു. ബിസിനസ്സിലായിരുന്നു അവന് താൽപര്യം. അവനിപ്പോൾ സ്വന്തമായി ബിസിനസ്സ് ചെയ്യുന്നു. ജീവിക്കാനതുമതി. ടീച്ചറുടെ വാക്കുകൾ അവന് പുതിയൊരു എനർജിയായി അനുഭവപ്പെട്ടു അവൻ മനസ്സുകൊണ്ട് സ്വയം പറഞ്ഞു, സ്വന്തം കഴിവുകൽ തിരിച്ചറിയണം, ജീവിതത്തിൽ സ്വന്തമായൊരിടം കണ്ടെത്തണം. പിന്നെ ചായയും കുടിച്ച് ടീച്ചറെ കല്ല്യാണത്തിനും ക്ഷണിച്ച് അവൻ ആ വീട്ടിൽ നിന്നിറങ്ങി. തിരിച്ചുനടക്കുമ്പോൾ പുതിയൊരു ആത്മവിശ്വാസം അവനിൽ വന്നുനിറയുകയായിരുന്നു.
നല്ല ചിന്തകളും പുതിയ പ്രതീക്ഷകളുമായി ദിവസങ്ങൾ അതിവേഗം കടന്നുപോയി. വലിയ ആഘോഷങ്ങളോടെ അവന്റെ വിവാഹം നടന്നു. ഗ്രേസി എന്ന പെൺകുട്ടി ഏറെ പ്രതീക്ഷയോടെ അവന്റെ ജീവിതസഖിയായി. വിവാഹത്തിന്റെ ആദ്യ നാളുകൾ വളരെ സന്തോഷത്തോടെ കടന്നുപോയി. ഇതോടെ അവന്റെ ജീവിതത്തിനും പുതിയൊരു അടുക്കും ചിട്ടയുമെല്ലാമുണ്ടായിത്തുടങ്ങി. പുറത്തെ വേണ്ടാത്ത കൂട്ടുകെട്ടുകളിൽ നിന്നെല്ലാം അവൻ വിട്ടുനിന്നു. ജോലിയിൽ അവൻ കൂടുതൽ ഉത്തരവാദിത്വമുള്ളവനായി. ക്രമേണ അവൻ നല്ലൊരു ഭർത്താവും നല്ലൊരു മകനുമായി മാറാൻ തുടങ്ങുകയായിരുന്നു. പക്ഷെ, അവന്റെ മമ്മിയുടെ മനസ്സിൽ അവനിപ്പോഴും പഴയ ആന്റോ തന്നെയാണ്, പരീക്ഷയിൽ തോറ്റവൻ, മറ്റുള്ളവരോട് പറയാൻ പറ്റിയ ഒരു യോഗ്യതയുമില്ലാത്തവൻ, കാക്കാഷിന് കൊള്ളത്തവൻ.. അങ്ങനെ പലതുമായിരുന്നു. അങ്ങനെയുള്ള ഒരുത്തന്റെ ഭാര്യയാണല്ലോ ഗ്രേസിയും. അതിനാൽ തന്നെ അവളോടും മമ്മിക്ക് വലിയ മതിപ്പൊന്നുമുണ്ടായിരുന്നില്ല. അവളുടെ കണ്ണിൽ ഗ്രേസി വെറുമൊരു വേലക്കാരി മാത്രമായിരുന്നു. പലപ്പോഴും മകന്റെ മുമ്പിൽ വച്ചുപോലും അവളുടെ അഭിമാനം ക്ഷതപ്പെടുന്ന വാക്കുകളുപയോഗിച്ച് സംസാരിക്കാൻ മമ്മിക്ക് ഒരു മടിയുമില്ലായിരുന്നു. സ്വന്തം മകനെക്കുറിച്ചുള്ള പ്രതീക്ഷകൾ തകർന്നുപോയതിന്റെ നഷ്ടബോധമായിരിക്കാം ഇങ്ങനെയൊക്കെ പെരുമാറാൻ അവളെ പ്രേരിപ്പിച്ചിരുന്നത്. അതുതന്നെയായിരിക്കണം തൊട്ടതിനും പറഞ്ഞതിനുമൊക്കെ മകനോടും ഭാര്യയോടും അവളെപ്പോഴും ദേഷ്യപ്പെടാൻ കാരണവും.
തന്റെ ഭർത്താവിനും അയാളുടെ പപ്പയ്‌ക്കും ആ വീട്ടിൽ ഒരു വിലയുമില്ലെന്ന് അവൾ തിരിച്ചറിഞ്ഞു. മനസ്സ് മടുത്തതുകൊണ്ടായിരിക്കണം ഒന്നും പ്രതികരിക്കാതെ പപ്പ മൗനിയായിപ്പോയത്. ആന്റോയും പതുക്കെ ഉൾവലിയാൻ തുടങ്ങിയതോടെ ഗ്രേസി ഒരു ശ്മശാനത്തിലകപ്പെട്ടപൊലെയായി. പരസ്പരം അറിയാത്ത, തമ്മിൽ പരിഗണിക്കാത്ത ആ വീട്ടിൽ ജീവിക്കാൻ ഗ്രേസി വല്ലാതെ പ്രയാസപ്പെട്ടു. അവിടെ നിന്ന് രക്ഷപ്പെടുകയല്ലാതെ ഗ്രേസിയുടെ മുമ്പിൽ മറ്റു വഴികളില്ലായിരുന്നു. ഒരു ദിവസം സ്വന്തം വീട്ടിലേക്ക് പോയ ഗ്രേസി പിന്നെ തിരിച്ചുവന്നില്ല.
ആന്റോക്ക് വലിയ ആശ്വാസമായിരുന്ന ഗ്രേസിയുടെ സാമീപ്യം കൂടി നഷ്ടമായതോടെ ആന്റോ തീർത്തും ഒറ്റപ്പെട്ടുപോയി. ഈ സന്ദർഭത്തിലെങ്കിലും അവനെ സ്നേഹത്തോടെ ചേർത്തുപിടിക്കാൻ അവന്റെ പപ്പക്കും മമ്മിക്കും കഴിയേണ്ടതായിരുന്നു. വാർദ്ധക്യത്തോടടുത്തുകൊണ്ടിരിക്കുന്ന അവർ രണ്ടാൾക്കും തണലും ആശ്രയവുമാരിക്കേണ്ട ഏക മകനാണവൻ. അതവർ മനസ്സിലാക്കിയിരുന്നെങ്കിൽ സ്വന്തം മകനെയും മരുമകളേയും അവർ ഒരിക്കലും അകറ്റിനിർത്തുകയോ അവഗണിക്കുകയോ ചെയ്യില്ലായിരുന്നു. നല്ലൊരു മകനായി ആന്റോയെ തിരിച്ചുകൊണ്ടുവരാൻ മമ്മിയുടെയും പപ്പയുടെയും മുമ്പിൽ ധാരാളം സമയവും അവസരങ്ങളുമുണ്ടായിരുന്നു. വിവാഹത്തോടെ മകനിൽ കണ്ടുവന്നിരുന്ന നല്ല മാറ്റങ്ങൾ അവർ തിരിച്ചറിയേണ്ടതായിരുന്നു. പക്ഷെ, അവർ നഷ്ടപ്പെട്ടുപോയതിനെക്കുറിച്ച് മാത്രം ആലോചിച്ച് പഴയ
ഓർമകളിൽ തന്നെ ജീവിച്ചു. കഴിഞ്ഞ കാലത്തിൽ തന്നെ അള്ളിപ്പിടിച്ചിരുന്നു. മകൻ കാക്കാശിന് കൊള്ളാത്തവനായിപ്പോയെന്ന് അവളെപ്പോഴും പിറുപിറുത്തുകൊണ്ടിരുന്നു. അങ്ങനെയുള്ള കുടുംബാന്തരീക്ഷത്തിൽ നിന്ന് രക്ഷപ്പെടാനായി ആന്റോ വീണ്ടും പഴയ കൂട്ടുകെട്ടുകളിലും ദുശ്ശീലങ്ങളിലും അഭയം തേടി.
ആ വീട് തന്റേതല്ലെന്നും ആ വീട്ടിലുള്ളവർ തന്റെയാരുമല്ലെന്നും ക്രമേണ ആന്റോക്ക് തോന്നിത്തുടങ്ങിയിരിക്കണം. സ്വന്തം ജീവിതവും സ്വന്തം ശരീരം പോലും ക്രമേണ അവനൊരു ഭാരമായിത്തീർന്നിരിക്കണം. അവഗണനയുടെയും ഒറ്റപ്പെടലിന്റെയും വേദന അവനെ ചുട്ടുപൊള്ളിച്ചിരിക്കണം. നല്ല മഴയുള്ളൊരു ദിവസം രാത്രിയുടെ മരവിക്കുന്ന തണുപ്പിൽ അവൻ ആ വീടിന്റെ മുറ്റത്തേക്കിറങ്ങിനിന്നു. 'മോനേ' എന്നൊരു സ്നേഹവിളിക്കായി അവൻ കാതോർത്ത് നിന്നിരിക്കണം. മൂടിപ്പൊതിഞ്ഞിരിക്കുന്ന ഇരുട്ടിന്റെ ആവരണത്തിനുള്ളിൽ ഒന്നും കേൾക്കാനാവാതെ അവൻ ഏകനായി ഏറെ നേരം നിന്നിട്ടുണ്ടാവണം. മഴ മാത്രം അവനെ ഗാഢമായി ആലിംഗനം ചെയ്ത് അശ്വസിപ്പിച്ചു. പിന്നെ വന്യമായ ഇരുട്ടിന്റെ തോളിൽ കൈവച്ച് മുറ്റവും വരമ്പും വഴികളും
പിന്നിട്ട് അവൻ പതുക്കെപ്പതുക്കെ നടന്നുപോയി. ഇരുട്ട് നിറഞ്ഞ ഏതോ ജീവിതവഴികളിലൂടെ അവനിപ്പോഴും ആ നടത്തം തുടർന്നുകൊണ്ടിരിക്കുന്നുണ്ടാവും. രുന്നുണ്ടാവും. മാസങ്ങളും വർഷങ്ങളും പലതും കടന്നുപോയെങ്കിലും അവനിതുവരെ ആ വീട്ടിലേക്ക് തിരിച്ചുവന്നില്ല. എന്നെങ്കിലുമൊരിക്കൽ അവൻ തിരിച്ചുവരികയാണെങ്കിൽ 'മോനേ' എന്നു വിളിച്ചൊന്ന് മാറോണച്ചുപിടിക്കാൻ അവന്റെ പപ്പയും മമ്മിയും അവിടെ നാളുകളെണ്ണി കാത്തിരിക്കുന്നുണ്ട്. പക്ഷെ, അവനെ തിരിച്ചറിയാത്ത ആ വീട്ടിലേക്ക് ഇനിയൊരിക്കലും മടങ്ങിവരാൻ അവനാവില്ലല്ലൊ!
..................................
കഥ : റസാഖ് വഴിയോരം
..................................
Posted FB Vazhiyoram Stories

No comments:
Post a Comment