Tuesday, July 13, 2021

 ആത്മശകലങ്ങള്‌ (അധ്യായം‌‌ -17‌)

........................................................................
മറവിയിലേക്ക്‌ മറയാതെ‌ ചില‌ മുഖങ്ങള്‌!
........................................................................
മണ്ണിലുറങ്ങുന്ന‌ വിത്തുകളെ‌
മഴത്തുള്ളികള്‌ ചുംബിച്ചുണര്ത്തുന്ന‌‌പോലെ‌ ‌മനസ്സിലുറങ്ങുന്ന‌ ഓര്മ്മകളെ‌ അറി‌യാതെ‌യാ‌രോ‌ തൊട്ടു‌ണര്ത്തുമ്പോള്‌ ആ‌ പഴയകാലം‌ വീ‌ണ്ടും‌ മനസ്സില്‌ ഇലപൊഴിക്കും‌.
‌കാഴ്ച‌കളും‌ ശ‌ബ്ദങ്ങളും‌ വെയിലും‌ നിഴലുമായി‌ വീണുകിടക്കുന്ന‌‌ ആ‌ കഴിഞ്ഞ‌‌ കാലത്തിലേക്ക്‌, ‌ബാഹ്യ‌ശരീരത്തിന്റെ‌ ഭാരമില്ലാതെ‌, ഓര്മ്മകള്‌ അടക്കം‌ ചെയ്തൊരു‌ പേട‌കം‌ പോലെ‌, പതിയെ‌യങ്ങനെ‌ ഒഴുകിപ്പോവാന്‌ വല്ലാത്തൊരു‌ സുഖമാണ്‌.
കാലപ്പഴക്കം‌ കൊണ്ട്‌ അരികുകള്‌ ‌ദ്രവിച്ചുപോയതാണെങ്കിലും‌ ചിലരെ‌ക്കുറിച്ചുള്ള‌ ഓര്മകള്‌ നിറം‌ മങ്ങാത്ത‌ മനോഹരചിത്രങ്ങളായി‌ പഴയകാല‌ത്തിന്റെ‌ ചുമരുകളില്‌ ഇപ്പോഴും‌ തൂങ്ങിക്കിടക്കുന്നുണ്ട്‌.
കാലമെന്ന‌ മഹാ‌‌സാഗരത്തിനു മുകളിലൂടെ‌ ജീവിതം‌ തുഴഞ്ഞ്‌ ഒറ്റക്ക്‌ പോകാന്‌ ആത്മവിശ്വാസത്തിന്റെ‌ പങ്കായമൊരുക്കിത്തന്ന‌ ഗുരുനാഥന്മാരുടേയും‌ വിദ്യാലയങ്ങളുടെയും‌ ചിത്രങ്ങളുമു‌ണ്ട്‌ ആ‌ കൂട്ടത്തില്‌.
‌നാട്ടില്‌ അംഗന്വാടി‌കളും‌ നഴ്സറി‌കളുമില്ലാതിരുന്ന‌ ആ‌ കാലത്ത്‌ ‌ കുട്ടികള്‌ അക്ഷര‌ങ്ങള്‌ പഠിച്ചു‌തുടങ്ങുന്നത്‌ എല്‌.പി‌.സ്കൂള്‌ ഒന്നാം‌ ക്ലാസ്‌ മുതലാണ്‌. ഇംഗ്ലീഷ്‌ അക്ഷരമാല‌ പഠിച്ചുതുടങ്ങണമെങ്കില്‌ ‌യു‌. പി‌. സ്കൂളിലെത്തണം‌.
എന്നെ‌ സ്കൂളില്‌ ഒന്നാം‌ ക്ലാസ്സില്‌ ചേര്ത്തുന്നതിനുമുമ്പുതന്നെ‌ സഹോദരിമാരുടെ‌ കൈ‌ പിടിച്ച്‌ ഞാന്
‌നടന്നു‌പോയിരുന്ന‌ മറ്റൊരു‌ വിദ്യാലയമുണ്ടായിരുന്നു‌ എന്റെ‌ ഗ്രാമത്തില്‌.
എപ്പോഴും‌ തുറന്നുകിടക്കുന്ന‌ മൂന്നു‌ വാതിലുകളും‌ ദ്രവിച്ച‌ ജനലുകളുമുള്ള‌ ഓടുമേഞ്ഞൊരു‌ കെട്ടിടം‌. നിലത്ത്‌ പൊടി‌മണ്ണുനിറഞ്ഞ‌ കുഴികളും‌‌ കാലിളകുന്ന‌ മൂന്നുനാല്‌ ബെഞ്ചുകളുമുള്ള‌ ചെറിയ‌ ക്ലാസ്സ്‌‌മുറികള്‌. അവിടെ‌ ക്ലാസുകളെ‌ വേര്തിരിക്കാനെന്നവണ്ണം‌ ചുമരിനോട്‌ ചേര്ത്തിട്ടിരിക്കുന്ന‌ ഒരു‌ മേശ‌യും‌ കാലിളകുന്നൊരു കസേരയും‌ പിന്നെ‌ ബല‌ഹീനമായ‌ കാലുകളില്‌ തളര്ന്നു‌‌നില്ക്കുന്നൊരാ‌ളെപ്പോലെ‌ മൂലയില്‌ ചാരി‌നില്ക്കുന്നൊരു‌ അലമാര‌യും‌. ഇതായിരുന്നു‌ മൂന്നു‌ ക്ലാസുകളുള്ള‌ ആ‌ മദ്രസയുടെ‌ ഏകദേശ‌ ചിത്രം‌.
രാവിലെ‌ ഏഴു‌മണിക്കു‌ തുടങ്ങുന്ന‌ മദ്രസ‌ പലപ്പോഴും‌ പത്തു‌മണിക്ക്‌ അവസാനിക്കുമെങ്കിലും‌ കുട്ടികള്ക്ക്‌ വീട്ടിലെത്തി‌ ചായ‌കുടിച്ച്‌ സമയത്തിന്‌ സ്കൂളി‌ലെത്തണമെങ്കില്‌ അങ്ങോട്ടുമിങ്ങോട്ടും‌ ഓടണം‌.
ഞായറാഴ്ച‌യും‌ മറ്റു‌ ഒഴിവുദിവസങ്ങളിലും‌ ഉച്ചക്കു‌ ശേ‌ഷവും‌ മദ്രസയുണ്ടാവും‌. അല്ലാത്ത‌ ദിവസങ്ങളില്‌ രാത്രിയും‌. രാത്രി‌ മദ്രസയുള്ള‌ ദിവസം‌ ഞങ്ങള്‌ നേരത്തെ‌ ‌ കുളിച്ചൊരുങ്ങി‌ ഓലച്ചൂട്ടും‌ കയ്യില്‌ പിടിച്ച്‌ പാടവരമ്പത്തൂടെ‌ നടന്ന്‌ മദ്രസയിലെത്തും‌. അപ്പോള്‌ പൊട്ടിപ്പൊളിഞ്ഞ‌ വരാന്തയിലിരുന്ന്‌ പുക‌പി‌ടിച്ചൊരു‌ പഴകിയ‌ പെട്രോമാകസ്‌ കത്തിക്കാന്‌ പാടുപെടുന്നുണ്ടാവും‌ അബ്ദുല്ല‌ മൗലവി‌.
തൊട്ടടുത്ത്‌ ഒരു‌ തീപ്പെട്ടിയും‌ കുറച്ച്‌ കടലാസു‌ കഷ്ണങ്ങളും‌ വെച്ച്‌
പെട്രോമാകസിന്റെ‌ ടാ‌ങ്ക്‌ തുറന്ന്‌ കുറച്ച്‌ മണ്ണെണ്ണ‌യൊ‌ഴിക്കും‌. പിന്നെ‌ മുട്ടുകുത്തി‌ അല്പം‌ ചെരിഞ്ഞിരുന്ന്‌‌ തീപ്പെട്ടിയുരസും‌. ‌ നീളത്തില്‌ ചുരുട്ടിയ‌ കടലാസിന്‌ തീ‌ കൊളുത്തി‌ പെട്രോ‌മാക്സിന്റെ‌ മുകളിലെ‌ ചെറിയ‌ ദ്വാരത്തിലൂടെ‌ തിരി‌ കത്തിക്കും‌. അപ്പോള്‌ കോഴിമുട്ടയുടെ‌ ആകൃതിയുള്ള‌ ചില്ലു‌കൂട്ടിലെ‌ വെളുത്ത‌ തിരി‌ ചുവന്നുകത്തും‌. വശത്തുള്ള‌ നീളമു‌ള്ള‌ വാല്വു‌കൊണ്ട്‌ വേഗത്തില്‌ കാറ്റടിക്കുമ്പോള്‌ ഒരു‌ കുഞ്ഞു‌‌സൂര്യ‌നെപ്പോലെ‌ ആ‌ വെളുത്ത‌ തിരി‌ ഒന്നുകൂടി‌ തെളിയും‌. ആ‌ പ്രകാശത്തില്‌ ‌വെളു‌ത്ത‌ നിറമുള്ള‌ മൗലവിയുടെ‌ വട്ട‌മുഖം‌ ഒന്നുകൂടി‌ ചുവപ്പണിയും‌.
കത്തിത്തെളിഞ്ഞ‌ പെട്രോമാക്‌സുമെടുത്ത്‌ മൗലവി‌ പതുക്കെ‌ അകത്തേക്കു‌കയറുമ്പോള്‌ കുട്ടികളെ‌ തിരിഞ്ഞുനോക്കി‌ ഇങ്ങനെ‌ പറയും:‌
''‌ ങാ‌.. എല്ലാരും‌ ക്ലാസ്സിക്കേറിയിരിക്കി‌..''‌
പിന്നെ‌ കഴുക്കോലില്‌ തൂക്കിയിടുന്ന‌ പെട്രോമാക്സിലെ‌ വെള്ളിവെളിച്ചത്തിന്റെ‌ പ്രലോഭനങ്ങളിലേക്ക്‌ എവിടെനിന്നോ‌ പറന്നുവന്ന്‌ സ്വയം‌ കരിഞ്ഞുവീണ്‌ നിശ്ചലമായിപ്പോകുന്ന‌ പാറ്റകളേയും‌ പ്രാണികളെയും‌ നോക്കി‌ ഞങ്ങള്‌ ബെഞ്ചില്‌ ചേര്ന്നുചേര്ന്നങ്ങനെയിരിക്കും‌.
ഞങ്ങളുടെ‌ മദ്രസയിലെ‌ ഏകാധ്യാപകനായിരുന്നു‌ എം‌.കെ‌. അബ്ദുല്ല‌ മൗലവി‌. മദ്രസയിലെ‌ ഓരോ‌ കുട്ടിയും‌ അദ്ധേഹത്തിന്‌ സ്വന്തം‌ മകനും‌ മകളുമായിരുന്നു‌. ഒരു‌ പിതാവിന്റെ‌ സ്നേഹപരിഗണകള്‌ ആസ്വദിച്ചുകൊണ്ട്‌ ഞങ്ങള് മദ്രസയില്‌ നിന്ന്‌ '‌അലിഫും‌'‌ ബാഉം'‌ ചൊല്ലിപ്പടിച്ചു‌.
എന്റെ‌ വീടിനു‌ തൊട്ടടുത്തായിരുന്നു‌ മൗലവിയുടെ‌ വീട്‌. മേത്തല്വീട്ടില്‌ അഹമ്മദ്കുട്ടി‌ മൊല്ലാക്കയുടെ‌യും‌ ആമിനത്താത്തയുടേയും‌ ഏക‌മകന്‌. എളമരം‌ യത്തീം‌ ഖാനയിലെ‌ ഉസ്താദായിരുന്നു‌ അഹമ്മദ്കുട്ടി‌ മൊല്ലാക്ക. ചെറുപ്പത്തില്‌ തന്നെ‌ ദര്സുകളില്‌ നിന്ന്‌ മത‌ വിദ്യാഭ്യാസം‌ കരസ്ഥമാക്കിയ‌ അബ്ദുല്ല‌ മൗലവി‌ ‌എന്റെ‌ കുട്ടിക്കാലം‌ മുതല്‌ തന്നെ‌ ഞങ്ങളു‌ടെ‌ മദ്രസയിലെ‌ അധ്യാപകനായിരുന്ന‌ത്‌ എനിക്കോ‌ര്മ്മ‌യു‌ണ്ട്‌‌.
സഹോദരിമാരെല്ലാം‌ പുലര്ച്ചെ‌ എഴുന്നേറ്റ്‌ മദ്രസയിലേക്ക്‌ പോകുമ്പോള്‌ അവരുടെ‌ കൂടെ‌ പോകാന്‌ ഞാനും‌ കരയുമയിരുന്നു‌. മൗലവിയുടെ‌ വീടിന്റെ‌ മുറ്റത്തുകൂടി‌യായിരുന്നു‌ മദ്രസയിലേക്കുള്ള‌ വഴി‌. മിക്ക‌ ദിവസവും‌ പോകുമ്പോഴും‌ വരുമ്പോഴും‌ മൗലവിയും‌ ഞങ്ങളുടെ‌ കൂടെയുണ്ടാവും‌.‌
അയല്‌വീട്ടുകാരുടെ‌ മുറ്റത്തുകൂടി‌ ചുവപ്പും‌ മഞ്ഞയും‌ വേ‌രുകള്‌ പൊന്തിനില്ക്കുന്ന‌ കമുകിന്‌ തൈകള്ക്കിടയിലൂടെ‌ മൗലവിയുടെ‌ കയ്യും‌ പിടിച്ച്‌ ഞങ്ങളങ്ങനെ‌ നടന്നുപോകുമായിരുന്നു‌.
അങ്ങനെയാണ്‌ ജീവിതത്തിലെ‌ ആദ്യ‌ ഗുരുനാഥനും‌ വിദ്യാലയവും‌ ഒരിക്കലും‌ മാഞ്ഞുപോകാത്ത‌ ഓര്മ്മകളായി‌ മനസ്സില്‌ തങ്ങിനില്ക്കാന്‌ തുടങ്ങിയത്‌.
കുഞ്ഞുമനസ്സുകളും‌ കുഞ്ഞുസ്വപ്നങ്ങളും‌ എളുപ്പത്തില്‌ വായിച്ചെടുക്കാനും‌ അതിന്‌ കരുതലിന്റെ‌ കൈക്കു‌മ്പിളുമായി‌ കാവല്‌ നില്ക്കാനും‌ അബ്ദുല്ല‌ മൗലവി‌ ഏറെ‌ ശ്രദ്ധിച്ചിരുന്നു‌.
ഒരു‌ ദിവസം‌ സര്ക്കസും‌ മൃഗശാലയും‌ പ്രദര്ശിപ്പിക്കുന്ന‌ ഒരു‌ സംഘം‌ ഞ‌ങ്ങളുടെ‌ അടുത്ത‌ പ്രദേശമായ‌ മുക്കത്ത്‌ തമ്പടിച്ചു‌. അടു‌ത്ത‌ ദിവസം‌ തന്നെ‌ സിംഹത്തിന്റേയും‌ കരടി‌യുടേയും‌ ഹിപ്പ‌പ്പൊട്ടാമസിന്റേയുമൊക്കെ‌ ചിത്രങ്ങളുള്ള‌ നോട്ടീസ്‌ ഞങ്ങളുടെ‌ ഗ്രാമത്തിലുമെത്തി‌. സിംഹത്തേയും‌ കരടിയേയുമൊന്നും‌ ജീവനോടെ‌ കണ്ടിട്ടില്ലാത്ത‌ കുട്ടികള് ആ‌ ചിത്രങ്ങള്‌ കൗതുകത്തോടെ‌ നോക്കിനിന്നു‌. കുട്ടികളുടെ‌ മനസ്സില്‌ ഒരു‌ കുഞ്ഞു‌ ആഗ്രഹം‌ മുളപൊട്ടുകയായിരുന്നു‌.
തൊട്ടടുത്ത‌ ദിവസം‌ മൗലവി‌ മദ്രസയിലെ‌ ബോര്ഡില്‌ ഏതോ‌ അറബി‌ വാക്കുകള്‌ എഴുതിക്കൊണ്ടിരിക്കുമ്പോള്‌ കുട്ടികളിലാരോ‌ പിന്നിലെ‌ കുട്ടികളെ‌ ചൂണ്ടിക്കൊണ്ട്‌ ഇങ്ങനെ‌ വിളിച്ചു‌ പറഞ്ഞു‌:‌
''ഉസ്താദേ‌.. ഇവെ‌ര്‌ക്ക്‌ സര്ക്കസ്സ്‌ കാണാമ്പോണം‌ ന്ന്‌..''‌
ക്ലാസ്സില്‌ പെട്ടന്നു‌ വീണുപടര്ന്ന‌ നിശ്ശബ്ദത‌യിലേക്ക്‌ മൗലവി‌ തിരിഞ്ഞുനോക്കി‌. സര്ക്ക‌സും‌ സിനിമയുമൊക്കെ‌ ഹറാമാണെന്ന്‌ വിശ്വസിക്കുന്ന‌ ഒരു‌ കാലത്ത്‌ അതും‌ ഒരു‌ മൗലവിയോടാണ്‌ കുട്ടികള്‌ ഇങ്ങനെയൊരാവ‌ശ്യം‌ പറ‌ഞ്ഞിരിക്കുന്നത്‌. അദ്ധേഹം‌ ഒന്നും‌ മിണ്ടാതെ‌ ബോര്‌ഡി‌ല്‌ എഴുത്ത്‌ തുടര്ന്നു‌. സര്ക്കസ്‌ കാണാന്‌ പോകണമെന്ന്‌ പറഞ്ഞ‌ കുട്ടികള്ക്ക്‌ ഇന്ന്‌ നല്ല‌ അടികിട്ടുമെന്ന്‌ കുട്ടികള്‌ അട‌ക്കം‌ പറ‌ഞ്ഞു‌. പക്ഷെ‌ ഒന്നും‌ സംഭവിക്കാതെ‌ അന്ന്‌ മദ്രസ‌ വിട്ടു‌.
പിറ്റെ‌ ദിവസം‌ കുട്ടികള്‌ പേടിയോടെയാണ്‌ മദ്രസയിലെത്തിയത്‌. വരാന്തയില്‌ തൂക്കിയിട്ടിരിക്കുന്ന‌ ഇരുമ്പുചക്രത്തില്‌ ക്ലാസ്സ്‌ ലീഡര്‌ കമ്പിക്കഷ്ണം‌ കൊണ്ട്‌ രണ്ടു‌ പ്രാവശ്യം‌ ശക്തിയായി‌ ‌അടിച്ചു‌. പ്രാര്ത്ഥനക്കുള്ള‌ ബെല്ലാണ്‌. കുട്ടികള്‌ എഴുന്നേറ്റുനിന്ന്‌ ഉച്ചത്തില്‌ പ്രത്യേക‌ താളത്തോടെ‌ ബിസ്മി‌ ചൊല്ലി‌:‌
"‌ അല്‌ ഹംദു‌ ലില്ലാഹി‌ റബ്ബില്‌ ആലമീന്‌..''‌
‌അബ്ദുല്ല‌ മൗലവി‌ അലമാര‌ തുറന്ന്‌ ഹാജര്‌ പട്ടികയെടുത്ത്‌ മേശപ്പുറത്ത്‌ തുറന്നുവെച്ച‌ ശേഷം‌ കാലിളകുന്ന‌ കസേരയിലിരുന്നു‌. പോളി‌സ്റ്റര്‌ കുപ്പായത്തിന്റെ‌ കീശയില്‌ നിന്ന്‌ ഹീറോ‌ പേന‌യെ‌ടുത്ത്‌ സ്വര്ണ്ണ‌ നിറമുള്ള‌ അതിന്റെ‌ മൂടി‌ തുറന്ന്‌ പട്ടികയില്‌ എന്തോ‌ എഴുതി‌. പിന്നെ‌ ഓരോരുത്തരുടേയും‌ പേരു‌ വിളിക്കാന്‌ തുടങ്ങി‌. കുട്ടികള്‌ ഓരോരുത്തരായി‌ എഴുന്നേറ്റ്‌ ‌'ഹാളിര്' പറഞ്ഞു‌.
ഹാജര്‌‌പട്ടികയിലേക്കു‌റ്റി‌‌വീണ‌ നീല‌മഷിത്തുള്ളി‌ക്കു‌‌മുകളിലൂടെ‌ ‌ ഒരു‌ ചോക്കുകഷ്ണം‌ പതുക്കെ‌യു‌രുട്ടി‌ മഷി‌യൊ‌പ്പിയെടുക്കുന്നതിനിടയില്‌ അന്ന്‌ വരാത്ത‌ കുട്ടികളുടെ‌ പേരുകള്‌ ഒന്നുകൂടി‌ വായിച്ചു‌കൊണ്ട്‌ മൗലവി‌ പറ‌ഞ്ഞു:‌
''‌നാളേ‌യും‌ ഇവര്‌ വന്നില്ലേല്‌ ഓരെ‌ പിടിച്ചൊ‌ണ്ട്‌ വരാന്‌ പൊരേലേക്ക്‌ ഞാമ്പ‌രുംന്ന്‌ ഓരോ‌ട്‌ പറേണം‌''‌
കുട്ടികള്‌ വിനീതരായി‌ തലയാട്ടി‌.
പിന്നെ‌ കീഴ്ത്താടിയില്‌ മാത്രം‌ ഇടതൂര്ന്ന്‌ വളര്ന്ന‌ താടി‌രോമങ്ങള്‌ പതുക്കെ‌ തടവിക്കൊണ്ട്‌ മൗലവി‌ കസേരയില്‌ നിന്നെ‌ഴുന്നേറ്റു‌. എന്നിട്ട്‌ ഓ‌രോ‌ കുട്ടികളേയും‌ മാറിമാറി‌ നോക്കി‌. കുട്ടികള്‌ മേശപ്പുറത്തെ‌ ചൂരല്‌ വടിയിലേക്ക്‌ ഒന്നുകൂടി‌ നോക്കി‌.
''‌കും‌..''‌ മൗലവി‌ അല്പം‌ ഉച്ചത്തില്‌ പറ‌ഞ്ഞു.
കുട്ടികള്‌ ഒന്നൊന്നായി‌ എഴുന്നേറ്റു‌ നിന്നു‌.
''ഇജ്ലിസ്‌..''‌
കുട്ടികള്‌ അനുസരണയോടെ‌ നിശ്ശ‌ബ്ദരായി‌ ഇരുന്നു‌.
രണ്ടു‌മൂന്നു‌ തവണ‌ ഇതാവര്ത്തിച്ചശേഷം‌
‌എല്ലാ‌ കുട്ടികളോടുമായി‌ മൗലവി‌ ചോദിച്ചു‌:‌
''‌ ആര്ക്കൊക്കേണ്‌ സര്ക്കസ്‌ കാണാമ്പോണ്ടത്‌..?
കുട്ടികള്‌ ഒന്നും‌ മിണ്ടാതെ‌ ശ്വാസമടക്കിപ്പിടിച്ച്‌ അടികൊള്ളാന്‌ തയ്യാറായി‌ ഇരുന്നു‌.
അല്പം‌ കഴിഞ്ഞ്‌ ഒരു‌ ചെറു‌ചി‌രിയോടെ‌ മൗലവി‌ പറ‌ഞ്ഞു‌:‌
''‌വെ‌ര്‌ന്ന‌ ഞായറാഴ്ച‌ രാവിലെ‌ എല്ലാരും‌ നേരത്തെ‌ വരണം‌.‌ നമുക്കന്ന്‌ സര്ക്കസും‌ മൃഗശാലിം‌ കാണാന്‌ മുക്കത്ത്‌ പോകാം‌..''‌
ഒരു‌ ബലൂണില്‌ നിന്നെന്ന‌പോലെ‌ കുട്ടികളുടെ‌യു‌ള്ളില്‌ നിന്നും‌ ശ്വാസം‌ പുറത്തേക്ക്‌ തെറിച്ചു‌. ആഹ്ലാദത്തിന്റെ‌ ആരവത്തിനിടയില്‌ കുട്ടികള്‌ പരസ്പരം‌ മുഖത്തോട്‌ മുഖം‌ നോക്കി‌ വാ പൊത്തിച്ചിരിച്ചു‌.
‌‌സര്‌ക്കസും‌ മൃഗശാലയും‌ കാണാന്‌ ഞങ്ങളെ‌ കൊണ്ടു‌പോകുമെന്ന‌ ആ‌ അറിയിപ്പ്‌ ‌ജീവിതത്തിലിന്നുവരെ‌ കേട്ട‌ ആനന്ദകരമായ‌ അനേകം‌ വാര്ത്ത‌കളില്‌ ആദ്യത്തേതായിരുന്നു‌.
‌അന്ന്‌ എത്ര‌ വേഗത്തിലാണ്‌ മദ്രസ‌ വിട്ട്‌ ഞ‌ങ്ങള്‌ വീട്ടിലെത്തിയതെന്നറിയില്ല‌.
ഇത്താത്തമാര്‌ ആദ്യം‌ വീട്ടിലെത്തി‌ സര്ക്കസ്‌ കാണാന്‌ ഉമ്മയോട്‌ ഒരു‌ വിധത്തില്‌ സമ്മതം‌ വാങ്ങി‌യിരുന്നു‌. ഞാന്‌ ചെറിയ‌ കുട്ടിയായതിനാല്‌ എനിക്ക്‌ പോകാന്‌ അനുവാദം‌ കിട്ടിയില്ല‌. ‌നാളെ‌ രാവിലെ‌ ഞാന്‌ ഉണരുന്നതിനു‌‌മുമ്പ്‌ എന്നെ‌യറിയിക്കാതെ‌ പോകാനാണ്‌ പെങ്ങന്മാരുടെ‌ തീരുമാനം‌.
‌ഇതെല്ലാമറിഞ്ഞ‌ ഞാന്‌ ഉറക്കെ‌ കരയാന്‌ തുടങ്ങി‌.
'‌ചെറിയ‌ കുട്ടികളെ‌ കണ്ടാല്‌ സിംഹം‌ പിടിച്ചു‌ തിന്നും‌'‌ എന്ന്‌ പറ‌ഞ്ഞാണ്‌ അവരെന്നെ‌ പിന്തിരിപ്പിക്കാന്‌ ശ്രമിച്ചത്‌.
അത്‌ കേട്ടപ്പോള്‌ എന്റെ‌ കരച്ചിലിന്റെ‌ വോള്യം‌ അല്പം‌ കുറച്ചെങ്കിലും‌ സര്ക്കസ്‌ കാണാന്‌ പോകുന്നത്‌ ഒഴിവാക്കിക്കൊണ്ടുള്ള‌ ഒരു‌ ഒത്തുതീര്പ്പിനും‌
‌ഞാന്‌ തയ്യാറായിരുന്നില്ല‌.
അന്ന്‌ നേരം‌ വെളുക്കാന്‌ ഉറക്കമൊഴിഞ്ഞ്‌ കാത്തിരിക്കുന്നതിനിടയിലെപ്പൊഴോ‌ ഞാന്‌ ഉറങ്ങിപ്പോയി‌.
മുറ്റത്തൂടെ‌ ആരോ‌ ഓടിപ്പോകുന്ന‌ ശബ്ദം‌ കേട്ടാണ്‌ ഞാന്‌ ഞെട്ടിയുണര്ന്നത്‌. വേഗം‌ ജനല്‌ തുറന്ന്‌ പുറത്തേക്ക്‌ നോക്കുമ്പോള്‌ പുതിയ‌ തട്ടവും‌ പാവാടയുമിട്ട്‌ ഇത്താത്തമാര്‌ ഓടിപ്പോകുന്നു‌. അവര്‌ ഇടക്കിടെ‌ തിരിഞ്ഞുനോക്കുന്നുണ്ട്‌.
ഞാന്‌ ഒരലര്ച്ചയോടെ‌ കട്ടിലില്‌ നിന്നും‌ ചാടിയിറങ്ങി‌ മുറ്റത്തേക്കോടി‌. ഉമ്മയു‌ടെ‌ നീരാളിപ്പി‌ടുത്തത്തില്‌ നിന്നും‌ കുതറിമാറി‌ വിവസ്ത്രനായി‌ക്കൊണ്ട്‌ ഒരു‌ വിധത്തില്‌ അബ്ദുല്ല‌ മൗലവിയുടെ‌ വീട്ടിലെത്തി‌. ഇത്താത്തമാര്‌ ഒന്നുമറി‌യാത്ത പാവങ്ങളായി‌ മൗലവിയുടെ‌ വീട്ടുമുറ്റത്തങ്ങനെ‌ നില്ക്കുകയാണ്‌.
''‌എന്തേ‌ ഓന്‌ കരേ‌ണ‌ത്‌..?''‌ മൗലവി‌ ചോദിച്ചു‌.
''‌ഓനും‌ സര്ക്കസ്‌ കാണാമ്പരണംന്ന്‌.. ''‌
ഇത്താത്തമാരിലൊരാള്‌ മറുപടി‌ പറഞ്ഞു‌.
മൗലവി:‌ ''‌ഈ‌ കോലത്തിലോ‌..?
ഇത്താത്ത‌‌:‌ ''‌
ഉമ്മ
‌ സമ്മയ്ക്കാത്തോണ്ട്‌ അറ്യാതെ‌ പാഞ്ഞി‌ വന്നാ‌..''‌
''‌സാരല്ല്യ‌.. ഓനെ‌ കൊണ്ടോയി‌ ട്രൗസറും‌ കുപ്പായോം‌ ഇട്ട്വട്ത്ത്‌ വെരി‌‌.. ഉമ്മയോട്‌ ഞാമ്പറ‌ഞ്ഞോളാം‌.''‌ മൗലവി‌ പറഞ്ഞു‌.
എന്റെ‌ മനസ്സില്‌ ആയിരം‌ പൂ‌ത്തിരികള്‌ കത്തിപ്പടര്ന്നു‌.
‌ടിക്കറ്റിനും‌ ചായ‌ കുടിക്കാനും‌ ഒരോ‌ കുട്ടിയോടും‌ ഇരുപത്തഞ്ച്‌ പൈസ‌ വീതം‌ വാങ്ങിയിരുന്നെങ്കിലും‌ എനിക്കതും‌ കൊടുക്കേണ്ടിവന്നില്ല‌.
ജീവിതത്തിലാദ്യമായി‌ മുക്കം‌ എന്ന‌ കൊച്ചു‌ പട്ടണം‌ കാണാന്‌ പൊവുകയാണ്‌. പുതിയ‌ ട്രൗസറും‌ കുപ്പയവുമിട്ട്‌ ചെമ്മണ്ണുനിറഞ്ഞ‌ ചെത്തുവഴികളിലൂടെയും‌ ഇരുവഴിഞ്ഞിപ്പുഴയുടെ‌ തീരത്തൂടെയുള്ള‌ നടവഴികളിലൂടെയും‌ മൗലവിക്ക്‌ പിന്നാലെ‌ വരിവരിയായി‌ നടക്കുന്ന‌ മറ്റു‌ കുട്ടികള്ക്കൊപ്പം‌ ഞാനും‌ നട‌ന്നു‌. കക്കാട്‌ എന്ന‌ സ്ഥലത്തെത്തിയപ്പോള്‌ ഞങ്ങള്ക്ക്‌ ദാഹിച്ചു‌. അപ്പോള്‌ വഴിവക്കത്തെ‌ ഒരു‌ വീട്ടുമുറ്റത്ത്‌ കപ്പിയും‌ കയറും‌ കെട്ടിയ‌ ഒരു‌ കിണറില്‌ നിന്നും‌ വെള്ളം‌ കോരി‌ ഒരാള്‌ ഞങ്ങളുടെ‌ കൈക്കു‌മ്പിളി‌ലേക്കൊഴിച്ചുതന്നു‌. ദാഹം‌ തീര്ത്ത്‌ പിന്നേയും‌ നട‌ന്ന്‌ നടന്ന്‌ ഞങ്ങള്‌ മുക്കത്തെത്തി‌.
ബഹുവര്ണ്ണത്തുണികള്‌ കൊണ്ട്‌ അല‌ങ്കരിച്ച‌ കൂടാരങ്ങളിലിരുന്ന്‌ ഞങ്ങള്‌ സര്ക്കസ്‌ കണ്ടു‌. ഊഞ്ഞാലാട്ടം‌ കണ്ടു‌.
മരണക്കിണറിനു‌ ചുറ്റും‌ മോട്ടോര്‌ സൈക്കളില്‌ അതിവേഗം‌ കറ‌ങ്ങുന്ന അഭ്യാസികളെ‌ കണ്ടു‌.
കുത്തനെ‌ നിര്ത്തിയ‌ ഒരു‌ പെട്ടിക്കുള്ളില്‌ കയറി‌നില്ക്കുന്ന‌ ഒരാളെ‌ നീള‌മുള്ള‌ വാളുകൊണ്ട്‌ രണ്ടു‌ കഷ്ണങ്ങളാക്കി‌ മുറിച്ച്‌ പിന്നേയും‌ കൂട്ടിയോജിപ്പിക്കുന്ന‌ അല്ഭുത‌ മേജിക്‌ കണ്ടു‌.
സിംഹവും‌ കരടിയും‌ പെരുമ്പാമ്പുമുള്ള‌ മൃഗശാല‌ കണ്ടു‌.
മുക്കത്തെ‌ ആലിന്‌ ചുവട്ടില്‌ നിര്ത്തിയിട്ടിരിക്കുന്ന വലിയ‌ ബസ്സുകള്‌ കണ്ടു‌.
എല്ലാം‌ കണ്ട്‌ കണ്ട്‌ കുഞ്ഞുമനസ്സുകള്‌ നിറഞ്ഞു‌.
കുട്ടികളുടെ‌ കുഞ്ഞു‌സ്വപ്നങ്ങള്ക്കും‌ ആഗ്രഹങ്ങള്ക്കും‌ ഈ‌ ലോകത്തോളം‌ വലുപ്പമുണ്ടെന്ന്‌ മനസ്സിലാക്കാന്‌ അത്രത്തോളം‌ വലിയ‌ മനസ്സുവേണം‌. ഒരു‌ കുഞ്ഞിനോളം‌ താഴുന്ന‌ വിനയവും‌. അതുണ്ടായിരുന്നു‌ പ്രതിഭാധന‌നായ പ്രിയപ്പെട്ട‌ മൗലവിക്ക്‌. പക്ഷെ‌ അത്‌ തിരിച്ചറിയാന്‌ കാലം‌ പിന്നേയും‌ കുറെ‌ കഴിയേണ്ടി‌വന്നു‌.
കുട്ടികളിലെ‌ കലാ‌പരമായ‌ കഴിവുകള്‌ കണ്ടെത്തി‌ വളര്ത്തിയെടുക്കുന്നതില്‌ മൗലവി‌ കാണിച്ചിരുന്ന‌ അതീവ‌താല്പര്യം‌ ആ‌ അധ്യാപകപ്രതിഭയെ‌ കൂടുതല്‌ അടയാളപ്പെടുത്തിയിരുന്നു‌.
എല്ലാ‌ ആ‌ഴ്ചയിലും‌ ഒരു‌ ദിവസം‌ മദ്രസയില്‌ സാഹിത്യ‌‌സമാജം‌ ഉണ്ടാകുമായിരുന്നു‌. പ്രസംഗി‌ക്കാനും‌ പാട്ടു‌പാടാനും‌ കഥ‌പറയാനും‌ കുഞ്ഞു‌നാളില്‌ത്ത‌ന്നെ‌ മൗലവി‌ ഞങ്ങളെ‌ പരിശീലിപ്പിച്ചു‌‌. പ്രസംഗവും‌ പാട്ടു‌മൊക്കെ‌ ദിവസങ്ങള്ക്കുമുമ്പ്‌ തന്നെ‌ അദ്ധേഹം‌ ഒരു‌ കടലാസില്‌ എഴുതി ഞങ്ങള്ക്ക്‌ ത‌രും‌. പാടുമ്പോഴുള്ള‌ ഈ‌ണവും‌ പ്രസംഗിക്കുമ്പോഴുള്ള‌ ആംഗ്യചലന‌ങ്ങളും‌ മൗലവി‌ തന്നെ‌ ഞങ്ങള്ക്ക്‌ അഭിനയിച്ച്‌ കാണിച്ചു‌തരും‌. മനോഹരമായ‌ ഈ‌ണത്തില്‌ അദ്ധേഹം‌ ഖുര്‌‌ആ‌ന്‌ പാരായണം‌ ചെയ്യുന്നതും‌ പാട്ടുപാടിത്തരുന്നതും‌ ഞങ്ങള്‌ ഇമ്പത്തോടെയും‌ അല്ഭുതത്തോടെ‌യും‌ നോക്കിനില്ക്കുമായിരുന്നു‌.
കുട്ടികള്‌ കാലത്തിന്റെ‌ മുമ്പില്‌ നടക്കാന്‌ പ്രാപ്തരാവണമെങ്കില്‌ കലാപരമായ‌ കഴിവുകള്‌ കൂടി‌ നേടിയെടുക്കേണ്ടതുണ്ടെന്നും‌, കല‌ അഭ്യസിക്കുന്നത്‌ പു‌സ്തക‌പഠനം‌ പോലെത്തന്നെ‌ പ്രാധാന്യ‌മു‌ള്ളതാണെന്നും‌ മൗലവി‌ അന്നേ‌ ദീര്ഘദര്ശനം‌ ചെയ്തിരിക്കണം‌.
ഇന്ന്‌ മണ്ണിലോടി‌ക്കളി‌ക്കുന്ന‌ കുഞ്ഞുപാദങ്ങളാണ്‌ നാളെ‌ ഒരു‌ കു‌ടുംബവും‌ ഒരു‌ നാടും‌ ലോകവും‌ നിയന്ത്രിക്കുകയെന്നും‌ അതിനാല്
തന്റെ‌ നാട്ടിലെ‌ കുട്ടികള് അതിനു‌ യോഗ്യതയുള്ള‌ മിടുക്കരായി‌ വളരണമെന്നും‌ അദ്ധേഹം‌ അതിയയി‌ ആഗ്രഹിച്ചിരുന്നു‌. അതുകൊണ്ടു‌ തന്നെ‌ സ്കൂള്‌ പരീ‌ക്ഷ‌ തുടങ്ങുമ്പോള്‌ മദ്രസയിലിരുന്ന്‌ സ്കൂള്‌ വിഷയങ്ങള്‌ നന്നായി‌ വായിക്കാനും‌ പഠിക്കാനും‌ സമയം‌ അനുവദിച്ചിരുന്നു‌.
കുട്ടിക്കാലത്ത്‌ അദ്ധേഹം‌ ഞങ്ങളുടെ‌ മനസ്സില്‌ പാകിയ‌ കലയുടേയും‌ അറിവിന്റേയും‌ ചെറു‌വിത്തുകളാണ്‌‌ ആത്മവിശ്വാസ‌ത്തിന്റെ‌
ഫല‌വൃക്ഷങ്ങളായി ഞങ്ങളുടെ‌ ജീവിതത്തിലേക്ക്‌ വളര്ന്നുപന്തലിച്ചതെന്ന്‌ പില്ക്കാല‌ത്ത്‌ പല‌ ജീവിതസന്ദര്ഭങ്ങളിലും‌ എനിക്ക്‌ ബോധ്യപ്പെട്ടിട്ടുണ്ട്‌.
കിതാബുകളുടെ‌ കൊച്ചുലോകത്തുമാത്രം‌ വിഹരിച്ചിരുന്ന‌ പല‌ ഉസ്താദുമാരും‌ അനേകം‌ കുരുന്നുകളു‌ടെ‌ സര്ഗ്ഗശേഷികളെ‌ തങ്ങളു‌ടെ‌ സങ്കുചിത‌ ചിന്തകള്‌‌കൊണ്ട്‌ തല്ലിക്കെടുത്തിയിരുന്ന‌ ഒരു‌ കാലത്ത്‌ അബ്ദുല്ല‌ മൗലവി‌ വേറിട്ട‌ വഴികളിലൂടെ‌ ഞങ്ങളെ‌ കൈ‌ പിടിച്ചു‌ നടത്തിയതുകൊണ്ടാണ്‌ ഇതെഴുതാന്‌ പോലും‌ ഈ‌ വിരലുകള് വഴങ്ങുന്നതെന്ന്‌ ഞാന്‌ വിശ്വസിക്കുന്നു‌.
അന്ന്‌ മൗലവിയുടെ‌ പ്രോല്സാഹനത്തണലില്‌ വളര്ന്നുവന്ന‌ നല്ലൊരു‌ കലാകാരനായിരുന്നു‌ ഞങ്ങളുടെ‌ മദ്രസയിലെ‌ കെ‌.പി‌.അബ്ദു‌ എന്ന‌ വിദ്യാ‌ര്ത്ഥി‌. ചിത്രകലയില്‌ മാത്രമല്ല‌ അഭിനയത്തിലും‌ സംഗീതത്തിലും‌ അബ്ദു‌ ഒരു‌ വിസ്മയമായിരുന്നു‌.
എല്ലാ‌ വര്ഷവും‌ മദ്രസ‌യു‌ടെ‌ കീഴില്‌ വാര്ഷിക‌ കലാപരിപാടികള്‌ സംഘ‌ടിപ്പിക്കുമായിരുന്നു‌. മനസ്സില്‌ എന്നും‌ തങ്ങിനില്ക്കുന്ന‌ പാട്ടുകളും‌ നാടകങ്ങളും‌ കലാവിഷ്കാരങ്ങളും‌ ആ‌ വേദിയില്‌ അരങ്ങേറും‌. പ്രശസ്ത‌ കവിയായിരുന്ന‌ യു‌.കെ‌.യുടെ‌ പാട്ടുകളില്ലാതെ‌ അന്ന്‌ ഈ‌ പ്രദേശങ്ങളിലൊന്നും‌ ഒരു‌ മദ്രസാ‌ വാര്ഷിക‌കവും‌ നടക്കാറുണ്ടായിരുന്നില്ല‌.
മദ്രസാ‌ വാര്ഷികം‌ നിശ്ചയിച്ചുകഴിഞ്ഞാല്‌ മാസങ്ങള്ക്കു‌ മുമ്പു‌തന്നെ‌ അതിനുള്ള‌ ഒരുക്കങ്ങള്‌ തുടങ്ങും‌. മദ്രസയോട്‌ ചേര്ന്ന‌ പറമ്പുകള്‌ പുല്ലുചെത്തി‌ വൃത്തിയാക്കി‌ കമുങ്ങിന്‌ കാലും‌ ഈന്തുമ്പ‌ട്ടയും‌ ‌പനമ്പട്ടയും‌ കൊണ്ടു‌വന്ന്‌ നാട്ടുകാര്‌ സ്റ്റേജിന്റെ‌ പണി തുടങ്ങും‌. പിന്നെ‌ ലൈറ്റ്‌ ആന്ഡ്‌ സൗണ്ടിന്റെ‌ ആളുകള്‌ വന്ന്‌ മനോഹരമായ‌ കര്ട്ടന്‌ വലിച്ചുകെട്ടി‌ സ്റ്റേജ്‌ അലങ്കരിക്കും‌.
ഉയരമുള്ള‌ മരത്തിന്റെ‌ കൊമ്പിലും‌ തെങ്ങിന്റെ‌ മണ്ടയിലും‌ '‌കാളം‌'‌ എന്നു‌ പേരുള്ള‌ നീണ്ട‌ ലൗഡ്‌ സ്പീക്കര്‌ കെട്ടും‌. അന്നേദിവസം‌ വൈകുന്നേരം‌ തന്നെ‌ അതിലൂടെ‌ പാട്ടു‌കള്‌ തു‌ടങ്ങും‌. റേ‌ഡിയോ‌ പോലും‌ അപൂര്വ്വമായിരുന്ന‌ കാലത്ത്‌ ലൗഡ്‌ സ്പീക്കറില്‌ കൂടി‌ ഗ്രാമത്തില്‌ അലയടിക്കുന്ന‌ പാട്ടുക‌ള്‌ കേള്ക്കാന്‌ പ്രത്യേക‌ ഇമ്പമായിരുന്നു‌.
ഞങ്ങളു‌ടെ‌ നാട്ടിലെ‌ മദ്രസയുടെ‌ അങ്ങനെയുള്ള‌ ഒരു‌ വാര്ഷിക കലാ‌പരിപാടിയിലായിരുന്നു‌ ''പലി‌ശക്കുപ്പായം''‌ എന്ന‌ പേരില്‌ മനോഹരമായ‌ ഒരു‌ ആക്ഷേപഹാ‌സ്യ‌നാടകം‌ അരങ്ങേറി‌യത്‌. സി‌.കെ‌.കക്കാട്‌ എന്ന‌ ആ‌ളായിരുന്നു‌ അതിന്റെ‌ രചനയും‌ സംവിധാനവും‌. ആ‌ നാടകത്തില്‌ കെ‌.പി‌. അബ്ദു‌ അവതരിപ്പിച്ച‌ ഹാജിയാരുടെ‌ വേഷവും‌ ചാലക്കല്‌ അബൂബക്കര്‌ അവതരിപ്പിച്ച‌ അറവുകാരന്റെ‌ വേഷവും‌ ഒരിക്കലും‌ മനസ്സില്‌ നിന്ന്‌ മാഞ്ഞുപോവില്ല‌.
മദ്രസയില്‌ മൂന്നാം‌ ക്ലാസ്സില്‌ പഠിച്ചുകൊണ്ടിരുന്ന‌ എനിക്കും‌ കെ‌.പി‌.അബ്ദുവിനോപ്പം‌ അന്ന്‌ ആ‌ നാടകത്തില്‌ അഭിനയിക്കാന്‌ ഒര‌വസരം‌ കിട്ടി‌. സാഹിത്യസമാജത്തിലെ‌ സഭാകമ്പം‌ വിട്ട്‌ ഒരു‌ വലിയ‌ ജനക്കൂട്ടത്തിനുമുമ്പില്‌ ധൈര്യമായി‌ ഒരു‌ കഥാപത്രത്തെ‌ അവതരിപ്പിക്കാന്‌ എനിക്കു‌ പ്രോല്സാഹനം‌ തന്നത്‌ അബ്ദുല്ല‌ മൗലവിയായിരുന്നു‌. എന്റെ‌ ജീവിതത്തിലെ‌ ആദ്യ അരങ്ങേ‌റ്റം‌. കര്ട്ടന്‌ ഉയരുമ്പോള്‌ ആരവം‌ മുഴക്കുന്ന‌ ഒരു‌ വലി‌യ‌ ജനക്കൂട്ടത്തിനുമുമ്പില്‌ വിറച്ചുപോകാതെ‌ എന്റെ‌ ചെറിയ‌ റോള്‌ അവതരിപ്പിച്ച്‌ ഞാന്‌ കര്ട്ടനുപിന്നിലേക്ക്‌ നടന്നു‌ ചെല്ലുമ്പോള്‌ അവിടെ‌ കയ്യടിച്ചുകൊണ്ട്‌ അബ്ദുല്ല‌ മൗലവി നില്ക്കുന്നുണ്ടായിരുന്നു‌. എന്റെ‌ ജീവിത‌ യാത്രയിലെ‌ ഓരോ‌ ഘട്ടത്തിലും‌ ഇങ്ങനെ‌ കയ്യടിച്ചുനില്ക്കുന്ന‌ അബ്ദുല്ല‌ മൗലവി‌യുടെ‌ സാന്നിധ്യം‌ ഞാന്‌ അനുഭവിച്ചിട്ടുണ്ട്‌.
ഓരോ‌ വീട്ടിലും‌ വെച്ചായിരുന്നു‌ അന്ന്‌ നാടകത്തിന്റെ‌ റിഹേര്സല്‌. തുടക്കം‌ മുതല് പരിപാടി‌ കഴിയുന്ന‌തു‌വരെ‌ എല്ലാവരും‌ എല്ലാം‌ മറ‌ന്ന്‌ അതില്‌ പൂര്ണ്ണമായും‌ മുഴുകും‌. മഗ്‌‌രി‌ബിനു‌ ശേഷം‌ തുടങ്ങുന്ന‌ വാര്‌ഷിക‌ പരിപാടി‌കള്‌ നേരം‌ പുലരുന്ന‌ വരെ‌ തുടരും‌‌. പരിപാടി‌ കഴിഞ്ഞ്‌ പിറ്റേന്ന്‌ സ്റ്റേജ്‌ പൊളിച്ചു‌ നീക്കുന്നത്‌ സങ്കട‌ത്തോടെ‌ ഞങ്ങള്‌ നോക്കി‌ നില്ക്കും‌.
‌'‌പലിശക്കുപ്പായം‌‌'‌ എന്ന‌ ആ‌ നാടകം‌ നാട്ടില്
വലിയ‌ ഒച്ചപ്പാ‌ടുണ്ടാക്കി‌. അത്‌ പല‌ വിവാദങ്ങള്ക്കും‌ കാരണമായി‌. പിറ്റെ‌ ദിവസം‌ കുട്ടികളും‌ മുതിര്ന്നവരുമൊക്കെയായി‌ അങ്ങാടിയില്‌ ഒരു‌ വിഭാഗം‌‌ നാടകത്തിനെതിരില്‌ പ്രകടനം‌ നടത്തി‌.
'‌പലിശക്കുപ്പാ‌യമെന്നൊരു‌ പേ‌രില്
സിനിമാ‌ നാടകമുണ്ടാക്കീ‌..'‌
എന്നൊക്കെയായിരുന്നു‌ അതിലെ‌ മുദ്രാവാക്യങ്ങള്‌.
അതിനോടെല്ലാം‌ വളരെ‌ സൗഹാര്ദ്ദപരമായി‌ട്ടായിരുന്നു‌ മൗലവിയടക്കം‌ അന്നത്തെ‌ ‌ ഉത്തരാവദപ്പെട്ടവര്‌ പ്രതികരിച്ചിരുന്നത്‌.
കലാപരമായ‌ ഏത്‌ പ്രവര്ത്തനത്തിനും‌ മദ്രസ‌ ഉപയോഗിക്കാന്‌ മൗലവി‌ ഞങ്ങള്ക്ക്‌ സ്വാതന്ത്ര്യം‌ തന്നിരുന്നു‌. ചിത്രങ്ങള്‌ വരക്കാനും‌ പെയ്ന്റിങ്ങി‌നുമൊക്കെ‌യായി‌ കെ‌.പി‌. അബ്ദു‌ രാവും‌ പകലുമൊക്കെ‌ മദ്രസയിലു‌ണ്ടാവും‌. വരക്കുന്നതിനുമുമ്പ്‌ ഓരോ‌ കളറും‌ പരീക്ഷിച്ചുനോക്കിയിരുന്നത്‌ മദ്രസയുടെ‌ ചുമരിലായിരുന്നു‌. അതിനാല്‌ ചുമരില്‌ പല‌ പല‌ നിറത്തിലുമുള്ള‌ കളറുകള്‌ അവ്യക്ത‌ ചിത്രങ്ങളായി‌ നിറഞ്ഞുനിന്നിരുന്നു‌. അലമാരക്കുമുകളില്‌ കാമല്‌ കളറുകളും‌ ബ്രഷുകളും‌ എപ്പോഴുമുണ്ടാകും‌. അന്ന്‌ മേരിക്കുന്ന്‌ പ്രസ്സിലെ‌ മിക്ക‌ ആര്ട്ട്‌ വര്ക്കു‌ക‌ളും‌ ഈ‌ മദ്ര‌സ‌യില്‌ വെച്ചായിരുന്നു‌ കെ‌.പി‌.അബ്ദു‌ ചെയ്തിരുന്നത്‌.
മാധ്യമം‌ ദിനപ്പ‌ത്രം‌ പ്രസിദ്ധീ‌കരിക്കാനുള്ള‌ ഒരുക്കങ്ങള്‌ നട‌ക്കുന്ന‌ സമയത്ത്‌ '‌ മാധ്യമം‌'‌ എന്ന‌ ലെ‌റ്റര്‌ സ്റ്റൈല്‌ ആ‌ദ്യ‌മാ‌യി‌ കെ‌.പി‌. അബ്ദു ഡിസൈന്‌ ചെയ്തത്‌ ഈ‌ മദ്രസയില്‌ വെച്ചായിരുന്നു‌. കാലിളകുന്ന‌ ബെഞ്ചിലിരുന്ന്‌ ഇന്ത്യനി‌ങ്കി‌ന്റെ‌ ചെറിയകുപ്പിയില്‌ ബ്രഷ്‌ മുക്കി‌ കട്ടിയുള്ള‌ വെള്ളപ്പേപ്പറിലേക്ക്‌ അത്‌ വരച്ചിടുമ്പോള്‌ ഞങ്ങള്‌ അല്ഭുതത്തോടെ‌ നോക്കിനിന്നു‌. അന്ന്‌ അബ്ദു വരച്ച‌ ആ‌ ഫോണ്ട്‌ സ്റ്റൈല്‌ തന്നെയാണ്‌ കാലങ്ങള്‌ക്കുശേഷവും‌ ഇന്നും‌ '‌മാധ്യമ‌'‌ത്തിനുള്ളത്‌.
ചെറിയ‌ രീതിയിലൊക്കെ‌ ചിത്രം‌ വരക്കാനും‌ കളര്‌ ചെയ്യാനുമൊക്കെയുള്ള‌ പ്രചോദനം‌ എനിക്കു കിട്ടിയത്‌ മദ്രസയില്‌ കെ‌.പി‌ അബ്ദുവുമൊത്തുള്ള‌ സഹവാസത്തിനിടയിലാണ്‌. ഒരിക്കല്‌ നോട്ടുബുക്കിന്റെ‌ ഒരു‌ പേജില്‌ ഞാന്‌ വരച്ച‌ ഒരു‌ കാര്ട്ടൂണ്‌ചിത്രം‌ അബ്ദു‌ കാണുകയും‌ ആ‌ കാര്ട്ടൂണ്‌ വാങ്ങിക്കൊണ്ടുപോവുകയും‌ ചെയ്തു‌. ഒരു‌ ദിവസം‌ ആ‌ കാര്ട്ടൂണ്‌ ആ‌രാമം‌ മാസികയില്‌ അച്ചടിച്ചുവന്നു‌.
അന്ന്‌ പി‌.എ‌.എം‌. ഹനീഫ്‌ സാഹിബായിരുന്നു‌ അതിന്റെ‌ എഡിറ്റര്‌ എന്നാണ്‌ എന്റെ‌ ഓര്മ്മ‌.
ഇവര്‌ പില്ക്കാ‌ലത്തും‌ എനിക്കേറെ‌ പ്രചോദനമായി നിന്നിട്ടുണ്ട്‌. ഒരാളുടെ‌ കലാസൃഷ്ടിയില്‌ ആദ്യമായി‌ അച്ചടിമഷി‌ പുരണ്ടു‌‌കാണുമ്പോള്‌ ഏതൊരു‌ കലാകാരനും‌ അനുഭവിക്കുന്ന‌ അനിര്വ്വച‌നീ‌യമായ‌ ആഹ്ലാദം‌ ഞാനും‌ അന്ന‌നുഭവിച്ചു‌.
കലാപ്രവര്ത്തനങ്ങള്ക്കും‌ ഉപരി‌പഠനത്തിനുമൊക്കെ‌ പലര്ക്കും‌ സൗകര്യങ്ങളൊരുക്കിത്തന്നത്‌ പൊടിമണ്ണു‌ നിറഞ്ഞ‌ ആ‌ കൊച്ചു മദ്രസാ‌ കെട്ടിടമായിരുന്നു‌. ബിരുദത്തിനും‌ ബിരുദാനന്തര‌ ബിരുദത്തിനുമൊക്കെ‌ ആ‌ കൊച്ചു‌ മദ്രസയിലെ‌ മങ്ങിയ‌ വെ‌ളിച്ചത്തിലിരുന്ന്‌ പഠിച്ച്‌ പലരും‌ പിന്നീട്‌ സര്ക്കാര്‌ ജോലി‌ നേടി. മദ്രസയിലെ‌ ആ‌ കൊച്ചു‌ സൗകര്യമുപയോഗിച്ച്‌ കെ‌.പി‌. അബ്ദുവും‌ കൂട്ടുകാരന്‌ കമ്പളത്ത്‌ അബ്ദുല്‌ കരീമുമൊക്കെ‌ ഉറക്കമി‌ളച്ച്‌ പഠിക്കുന്നത്‌ കണ്ടിട്ടുണ്ട്‌.
പഠനവും‌ കലയും‌ ഒരേ‌ രീതിയില്‌ മുന്നോട്ട്‌ കൊണ്ടുപോയ‌ അബ്ദു‌, ബിരുദവും‌ ബിരുദാനന്തര‌ ബിരുദവും‌ അധ്യാപക‌ ട്രെയ്നിംഗും‌ പൂര്ത്തിയാക്കി‌ ചേന്നമംഗല്ലൂര്‌ ഹൈസ്കൂളില്‌ അധ്യാപകനായി‌. അതിനിടയില്‌ ഖ‌ത്തര്‌ പോലീസില്‌ ഉയര്ന്ന‌ ജോലി‌ നേടി‌ അബ്ദു‌ വിദേശത്തേക്ക്‌ പോയി‌. ജോലിയും‌ കലയുമൊക്കെയായി‌ കര്മ്മനിരതനായിരിക്കെ‌ പെട്ടന്നൊരു‌ ദിവസം‌ നാടിനെ‌ കണ്ണീരണിയിച്ചുകൊണ്ട്‌ അബ്ദു‌ ഈ‌ ലോകത്തോട്‌ വിട‌ വാങ്ങി‌.
ഞങ്ങളുടെ‌ ഗ്രാമത്തില്‌ വിരലിലെണ്ണാവുന്ന‌ കുറച്ചു‌ പണക്കാരുണ്ടായിരുന്നെങ്കിലും‌ കൂടുതലും‌ പാവങ്ങളായ‌ സാധാരണ മനുഷ്യരായിരുന്നു‌. അതുകൊണ്ടുതന്നെ‌ മദ്രസയുടെ‌ നട‌ത്തിപ്പിന്‌ വലിയ‌ വരുമാനമൊന്നും‌ ലഭിച്ചിരുന്നില്ല‌.
‌പല‌ വീടുകളില്‌ നിന്നുമായി‌ ശേഖരിക്കുന്ന‌ അരിയും‌ തേങ്ങയുമൊക്കെ‌യാ‌യിരുന്നു‌ ഏക‌‌വരുമാനം‌. ആഴ്ചയിലൊരിക്കല്‌ മദ്രസയിലെ‌ ഏതെങ്കിലുമൊരു‌ വിദ്യാര്ത്ഥി‌ ഓരോ‌ വീടുകളിലും‌ പോയി‌ ശേഖരിക്കു‌ന്ന‌ അരി‌യായിരുന്നു‌ ഒരു‌ വരുമാനം‌. ഇങ്ങനെ‌ കിട്ടുന്ന‌ അരിക്ക്‌ '‌നുള്ളരി‌'‌ എന്നാണ്‌ പറഞ്ഞിരുന്നത്‌. മുതിര്ന്ന‌ ക്ലാസ്സിലെ‌ത്തിയപ്പോള്‌ ഞാനും‌ പലപ്പോഴും‌ ഇങ്ങനെ‌ അരി‌ ശേഖരിക്കാന്‌ പോയിട്ടുണ്ട്‌.
ഓരോ‌ വീടിന്റെയും‌ അടുക്കള‌ഭാഗത്ത്‌ ചെന്ന്‌ അവിടുത്തെ‌ സ്ത്രീകള്‌ അളന്നുതരുന്ന‌ അരി‌ ഒരു‌ സഞ്ചിയില്‌ കെട്ടി‌ തലയില്‌ വെച്ച്‌ അടു‌ത്ത‌ വീട്ടിലേക്ക്‌ നടന്നുപോകും‌. പല‌ വീട്ടില്‌ നിന്നും‌ നല്ല‌ മൂട‌രി‌യും‌ പച്ചരിയും‌ നെല്ലുകുത്തരിയും‌ കിട്ടുമ്പോള്‌ വേറെ‌ ചില‌ വീട്ടില്‌ നിന്ന്‌ ചേറി‌ ഒഴിവാക്കുന്ന‌ പൊടിയരിയാ‌യിരിക്കും‌ കിട്ടുക‌. ഇങ്ങനെ‌ കിട്ടുന്ന‌ അരിയെല്ലാം‌ ഒരു‌ സഞ്ചിയില്‌ കൂടി‌ക്കലര്ന്നുണ്ടാവുന്ന‌ ഒരു‌ പ്രത്യേക‌ അരിയാണ്‌ '‌നുള്ളരി‌‌‌'‌. ചില‌ മാസങ്ങളില്‌ ഈ‌ നുള്ളരിയായിരുന്നു‌ ഉസ്താദിനു‌ ശമ്പളമായി‌ കൊടുത്തിരുന്നത്‌.
അ‌തുപോലെ‌ ഓരോ‌ വീട്ടി‌ല്‌നിന്നും‌ ഒരു‌ തെങ്ങിലുള്ള‌ തേങ്ങ പറിക്കാന്‌ മദ്രസക്ക്‌ അനുവാദം‌ കൊടുത്തിരുന്നു‌. ആ‌ തെങ്ങിന്‌ ഒരു‌ പ്രത്യേക‌ അടയാളമുണ്ടായിരുന്നു‌. അതില്‌ നിന്ന്‌ ഉസ്താദ്‌ തേങ്ങ‌ പറിപ്പിച്ച്‌ അത്‌ വിറ്റ്‌ പണമാക്കി‌ ശമ്പളം‌ സ്വയം‌ കൈപ്പ‌റ്റും‌.
ഇങ്ങനെയുള്ള‌ വറുതിയുടെ‌ കാല‌ത്തുപോലും‌ നാട്ടിലെ‌ കുട്ടികള്ക്ക്‌ മതവിദ്യാഭ്യാസം‌ നല്കുകയെന്ന‌ തന്റെ‌ ദൗത്യം‌ വലിച്ചെറിഞ്ഞ്‌ മെച്ചപ്പെട്ട‌ ജീവിത‌ സൗകര്യങ്ങള്‌ തേടി അബ്ദുല്ല‌ മൗലവി‌ എവിടേക്കും‌ പോയില്ല‌.
ഞങ്ങളുടെ‌ നാട്ടിലന്ന്‌ രണ്ട്‌ മദ്രസകളു‌ണ്ടാ‌യിരുന്നു‌. രണ്ടു‌ വിഭാഗങ്ങള്‌ നടത്തുന്ന‌ മദ്രസകാളായിരുന്നു‌ പഴയ‌ മദ്രസയും‌ പുതിയ‌ മദ്ര‌സയും‌. ഞ‌ങ്ങള്‌ പുതിയ‌ മദ്രസയിലായിരുന്നു‌.
പഴയ‌ മദ്ര‌സയിലെ‌ കുട്ടികള്ക്ക്‌ ഖുര്‌‌ആന്‌ ചൊല്ലിക്കൊടുത്തിരുന്നത്‌ പള്ളിയിലെ‌ ഇമാമായിരുന്ന‌ മുഹമ്മദ്‌ മുസ്ലിയാരായിരുന്നു‌. കുട്ടികള്‌ വളരെ‌ ബഹുമാനത്തോടെ‌‌ ഒരു‌ തുണിസഞ്ചിയില്‌ ഖുര്‌‌ആന്‌ കെട്ടിപ്പൊതിഞ്ഞായിരുന്നു‌ മദ്രസയിലേക്ക്‌ വന്നിരുന്നത്‌.
അവര്‌ പഠിച്ചിരുന്നത്‌ അധികവും‌ അറബിമലയാളത്തിലുള്ള‌ പുസ്തകങ്ങളായിരുന്നു‌.
ഞങ്ങള്‌ മലയാലത്തിലുള്ള‌ പാട്ടുകളും‌ കഥ‌കളുമുള്ള‌ പുസ്തകങ്ങളും‌.
മദ്രസയിലെ‌ ഉസ്താദുമാര്ക്ക്‌ നാട്ടിലെ‌ ഓരോ‌ വീട്ടിലുമായിരുന്നു‌ അന്ന്‌ ഓരോ‌ ദിവസവും‌ ‌ഭക്ഷണം‌. മുസ്ലിയാര്ക്കുള്ള‌ '‌ചെലവ്‌'‌ എന്നായിരുന്നു‌ ഈ‌ സമ്പ്രദായത്തെ‌ പറ‌ഞ്ഞിരുന്നത്‌. പള്ളിയിലെ‌ ഇമാമിന്‌ വലിയ‌ ടിഫിന്‌ പാത്രത്തില്‌ ഭക്ഷണമെത്തിക്കാന്‌ പ്രത്യേകം‌ ആളുണ്ടായിരുന്നു‌.
ചില‌ ദിവസങ്ങളില്‌ ചില‌ വീട്ടുകാര്‌ ബിസ്ക്കറ്റും‌ തേങ്ങാ‌പൂ‌ളുമൊക്കെ‌ മദ്ര‌സയിലേക്ക്‌ കൊണ്ടുവരും‌. ഇതിനെ‌ 'ചീ‌ര്‌ണി‌'‌ എന്നായിരുന്നു‌ പറ‌ഞ്ഞിരുന്നത്‌. ബാര്ലി‌ ബിസ്ക്കറ്റിന്റെ‌ കൂടെ‌ തേങ്ങാപൂള്‌ കടിച്ചു‌ തിന്നുമ്പോഴുള്ള‌ രസം‌ ഒന്നു‌ വേറെത്തന്നെയായിരുന്നു‌.
ചിലപ്പോള്‌ നാട്ടിലെ‌ പ്രധാനപ്പെട്ട‌ വീടുകളില്‌ മദര്സയിലെ‌ കുട്ടികള്ക്ക്‌ 'കഞ്ഞി‌‌പാര്ച്ച'‌യുണ്ടാവും‌. എന്തെങ്കിലും‌ ആഗ്രഹങ്ങള്‌ നടക്കാനുള്ള‌ ഒരു‌ നേര്ച്ചയായിരുന്നു‌ ഇത്‌.
അന്ന്‌ നാട്ടിലെ‌ പ്രധാനപ്പെട്ട‌ വീടുകളില്‌ ഒന്നായിരുന്നു‌ മൂലത്ത്‌ കോയ്സനാജിയുടെ‌ വീട്‌. അവര്ക്ക്‌ പ്രായമേറെയായിട്ടും‌ മക്കളുണ്ടായിരുന്നില്ല‌. ആ‌ ഒരാഗ്രഹ‌ സഫലീകരണത്തിനായിരിക്കണം‌ അവര്‌ എല്ലാ‌ മാസവും‌ രണ്ടു‌ മദ്ര‌സയിലേയും‌ കുട്ടികള്ക്ക്‌ കഞ്ഞി‌ നേര്ച്ചയാക്കുമായിരുന്നു‌.
അങ്ങനെയുള്ള‌ ദിവസങ്ങളില്‌ മദ്രസ‌ നേരത്തെ‌ വിടും‌. പിന്നെ‌ രണ്ടു‌ മദ്ര‌സയിലേയും‌ കുട്ടികള്‌ വരിവരിയായി‌ അവരുടെ‌ വീട്ടിലേക്ക്‌ നടക്കും‌. ഒരു‌ സര്പ്പത്തെപ്പോലെ‌ വളഞ്ഞുപുളഞ്ഞു‌ കിടക്കുന്ന‌ ഇരുവഴിഞ്ഞിപ്പുഴ‌യുടെ‌ മൂലത്ത്‌ വളവിനോട്‌ ചേര്ന്നാണ്‌ അവരുടെ‌ വീട്‌. ആ‌ വീട്ടുമുറ്റത്ത്‌ നിരനിരയായി‌ വിരിച്ചിരിക്കുന്ന‌ മെടഞ്ഞ തെങ്ങോലയില്‌ കുട്ടികള്‌ നിരനിര‌യായി‌ ഇരിക്കും‌. പിന്നെ‌ പിഞ്ഞാണത്തില്‌ നല്ല‌ തവിടിന്റെ‌ നിറമുള്ള‌ പൊടിയരിക്കഞ്ഞ്‌. കോരിക്കുടിക്കാന്‌ ചിരട്ടക്കൈ‌ലുകള്‌. തൊട്ടുകൂട്ടാന്‌ തേങ്ങയരച്ച‌ ചമ്മന്തി‌. ചിലപ്പോള്‌ വേനല്‌ കാലത്ത്‌ ഉണക്കി‌‌വെച്ച‌ ചക്ക‌ കൊണ്ടുള്ള‌ ഉപ്പേരി‌..
മുറ്റത്തിരുന്ന്‌ ഞങ്ങള്‌ ആര്ത്തിയോടെ‌ കഞ്ഞി‌ കോരിക്കുടിക്കുമ്പോള്‌, കുടവയറിനെ‌ മറക്കാനെന്നവണ്ണം‌ തുണി‌ നെഞ്ചുവരെ‌ ‌കയറ്റിയുടുത്ത്‌ കോലായിലെ‌ ചാരുകസേരയില്‌ ചാഞ്ഞിരുന്ന്‌ കഷണ്ടിത്തലയില്‌ പതുക്കെ‌ തടവിക്കൊണ്ട്‌ കുട്ടികളെ‌ നോക്കി‌യങ്ങനെ‌ നിര്വൃതിയടയുന്നുണ്ടാവും‌ കോയ്സനാജി‌.
അദ്ധേഹത്തിനും‌ ഭാര്യ‌ ഹജ്ജു‌മ്മക്കും‌ സന്താനഭാഗ്യമുണ്ടായിരുന്നില്ലെങ്കിലും‌ വിശക്കുന്ന‌ വയറുമായി‌ വന്ന്‌ നിറഞ്ഞ‌ വയറുമായി‌ തിരിച്ചു‌പോകുന്ന‌ കുട്ടികളെയെല്ലാം‌ അദ്ധേഹം‌ സ്വന്തം‌ മക്കളെപ്പോലെ‌ നോക്കിനില്ക്കുമായിരുന്നു‌. ‌ആ‌ പുഴയോരങ്ങളിലെവിടെയൊക്കയോ‌ അവര്‌ക്കായുള്ള‌ മക്കളുടെ‌ മൗനപ്രാര്ത്ഥനക‌ള്‌ ഇന്നും‌ തങ്ങിനില്ക്കുന്നുണ്ടാവണം‌.
ആദ്യം‌ നാട്ടിലെ‌ എല്ലാവര്ക്കും‌ ഒരു‌ മദ്രസ‌യായിരുന്നു‌. അത്‌ രണ്ടായി‌പ്പിരിഞ്ഞ‌ കാലഘട്ടം‌ ഓര്മ്മയില്ല‌. ഈ‌ മദ്രസകള്‌ തമ്മിലുള്ള‌ വ്യത്യാ‌സ‌മെന്താണെന്ന്‌ ഞങ്ങള്‌ കുട്ടികള്ക്ക‌റിയില്ലായിരുന്നു‌. രണ്ടു‌ മദ്രസയില്‌ പഠി‌ക്കുന്ന ചില‌ കുട്ടികള്ക്കിടയിലെങ്കിലും‌ ചെറിയൊരു‌ മാനസിക‌ അ‌കല്ച്ച‌യുണ്ടായിരുന്നെങ്കിലും‌ എല്ലാ‌ കുട്ടികളോടും‌ സ്നേഹത്തോടെ‌ പെരുമാറണമെന്ന്‌ മൗലവി‌ ഞങ്ങളെ‌ പഠിപ്പിച്ചിരുന്നു‌.
ഒരു‌ കൊച്ചുപ്രദേശത്ത്‌ കളിച്ചും‌ പഠിച്ചും‌ ഒരുമിച്ച്‌ വളരേണ്ട‌ നിഷ്കളങ്കരായ‌ കുരുന്നുകള്‌ എന്തിനു‌ വേണ്ടിയായിരുന്നു‌ രണ്ടു‌ മദ്രസയുടെ‌ ചുമരുകളാല്‌ വേര്തിരിക്കപ്പെട്ടതെന്ന്‌ എനിക്കന്നും‌ ഇന്നുമറിയില്ല‌. നാടിന്റെ‌ പുരോഗതിക്ക്‌ കരുത്താവേണ്ട‌ എത്രയോ‌ സൗഹൃദങ്ങളും‌ കൂട്ടയ്മകളും‌ ഈ‌ അന്യവല്ക്കരണത്തില്‌ കുരുന്നിലേ‌ കരിഞ്ഞുപോയിട്ടുണ്ടാവും‌.
വളരെ‌ കുറച്ചു‌‌കാലം‌ വിദേശത്തും‌ കുറച്ചുകാലം‌ അയല്‌ നാടുക‌ളിലും‌ ജോലിക്കായി‌ പോയിരുന്നതൊഴിച്ചാല്‌ ജീവിതത്തിന്റെ‌ നല്ല‌ കാലമ‌ധികവും‌ അബ്ദുല്ല‌ മൗലവി‌ നാട്ടിലെ‌ മദ്രസയും‌ പ്രസ്ഥാനപ്രവര്ത്തനവുമൊക്കെയായി‌ ‌നാട്ടുകര്ക്കിടയില്‌ തന്നെ‌ ജീവിക്കുകയായിരുന്നു‌.
ഇതിനിടയില്‌ നാട്ടില്‌ പല‌ സാംസ്കാരിക‌ പ്രവര്ത്തനങ്ങള്ക്കും‌ അദ്ധേഹം‌ അടിത്തറയിട്ടു‌. സ്ത്രീകള്ക്കിടയില്‌ ഖു‌ര്‌ആന്‌ ക്ലാസ്സുകളും‌ മത‌‌പഠന‌ വേദികളും‌ രൂപീകരിച്ചു‌. ആളുകള്ക്ക്‌ പ്രത്യേകിച്ചും‌ സ്ത്രീക്കള്ക്ക്‌ ഖു‌ര്‌ആന്‌ പഠിക്കാനുള്ള‌ വേദികള്‌ അന്ന്‌ നാട്ടിലുണ്ടായിരുന്നില്ല‌.
അജ്ഞത നിറഞ്ഞു‌‌നിന്നിരുന്ന‌ സാമൂഹ്യ‌‌ചുറ്റുപാടില്‌ നാലുചുമരികള്ക്കുള്ളില്‌ ഒതുങ്ങിക്കഴിഞ്ഞിരുന്ന‌ കുടുംബിനികള്ക്ക്‌ അന്ന്‌ മത‌വി‌ജ്ഞാനത്തിന്റെ‌ വെള്ളിവെളിച്ചം‌ പകര്ന്നുകൊടുത്തതിനാലായിരിക്കണം‌ അതേ‌ കുടുംബ പശ്ചാത്തലത്തില്‌ വളര്ന്നുവന്ന‌ പുതിയ‌ തലമുറ ആ വെള്ളി‌‌വെ‌ളിച്ചം‌ വീണ്ടും‌ സമൂഹത്തിലേക്കുതന്നെ‌ പ്രസരിപ്പിക്കുന്നത്‌.
നാട്ടിലെ‌ യുവാക്കള്ക്കിടയില്‌ കമ്മ്യൂണിസ്റ്റ്‌ ആശയത്തിന്‌ നല്ല‌ സ്വാധീനമുണ്ടാ‌യിരുന്ന‌ അന്നത്തെ‌ സാമൂഹിക‌ ചു‌റ്റുപാടില്‌ ദൈവവും‌ പള്ളിയും‌ നിസ്ക്കാരവുമൊക്കെ‌ വയസ്സന്മാരുടെ‌ വെറും‌ പഴഞ്ചന്‌ ആചാരങ്ങളായിട്ടായിരുന്നു‌ കണ്ടിരുന്നത്‌. വിരലിലെണ്ണാവുന്ന‌ കുറച്ച്‌ വൃദ്ധന്മാര്‌ മാത്രന്മായിരുന്നു‌ അന്ന്‌ പള്ളികളില്‌ സ്ഥിരമായി‌ പോയിരുന്നത്‌.
അക്കാലത്ത്‌ നാട്ടിലെ‌ ചെറുപ്പക്കാര്‌ കാര്യമായ‌ ജോലികളിലൊന്നുമേര്പ്പെടാതെ‌ മുഴുസമയവും‌ ചായമക്കനികളില്‌ വന്നിരുന്ന്‌ രാഷ്ട്രീയം‌ പറഞ്ഞ്‌ കലഹിക്കുന്നത്‌ മദ്രസയില്‌ പോകുമ്പോള്‌ കാണുന്ന‌ സ്ഥിരം‌ കാഴ്ചകളായിരുന്നു‌.
ഒരു‌ ഭാഗത്ത്‌ ഭൗതിക‌ പ്രത്യയ‌ശാസ്ത്രങ്ങളുടെ‌ മേല്ക്കോയ്മയും‌ മറുഭാഗത്ത്‌
'‌ഖു‌ര്‌‌ആന്‌‌'‌ ‌എങ്ങനെയാണ്‌ ഗ്ലാസിലാക്കിക്കൊടുക്കുക‌..?'‌ എന്ന്‌ പരിഹസി‌ച്ചിരുന്ന‌ യാ‌ഥാസ്ഥി‌സതികതയും‌;‌ ഇവര്ക്കിടയില്‌ ആത്മസംഘര്ഷങ്ങളനുഭവിച്ചും‌ അതിരില്ലാത്ത‌ ക്ഷ‌മയവലം‌ബിച്ചുമാണ്‌ മൗലവി‌ പല‌ മുതിര്ന്ന‌ സഹപ്രവര്ത്തകരോടുമൊപ്പം‌ വളര്ന്നു‌‌വരുന്ന‌ പുതു‌‌തലമുറക്ക്‌ നാട്ടില്‌ സ്നേഹത്തിന്റെ‌യും‌ സൗഹൃദത്തിന്റേയും‌ പുതിയ‌ മണ്ണൊരുക്കിയ‌ത്‌.
ജീവിത‌ പരീക്ഷണങ്ങളിലും‌ സാമ്പത്തിക‌ ഞെരുക്കത്തിലും‌ ഒട്ടും‌ പതറാതെ‌ നാട്ടി‌ലെ‌ മത‌‌പ്രബോധന രംഗത്ത്‌ ഉറച്ചുനില്ക്കാനായിരുന്നു‌ അബ്ദുല്ല‌ മൗലവി‌ ആഗ്രഹിച്ചത്‌.
ജീവിതത്തില്‌ ഏറെ‌കാല‌വും‌ ഓടുമേഞ്ഞ‌ ചെറിയൊരു‌ വീട്ടിലായിരുന്നു‌ അദ്ധേഹം‌ താമസിച്ചിരുന്നത്‌.
സ്വന്തം‌ വീടിനോടുള്ള‌തിനേക്കാള്‌ സ്നേഹ‌വും‌ അടുപ്പവു‌മായിരുന്നു‌ നാട്ടിലെ‌ മദ്രസയോടും‌ പള്ളിയോടും‌ മൗലവിക്കു‌ണ്ടായിരുന്നത്‌. അവിടങ്ങളിലൊക്കെയുണ്ടാവുന്ന‌ ചെറിയ‌ ചെറിയ‌ കാര്യങ്ങളില്‌ പോലും‌ അസ്വസ്ഥതയും‌ സ്നേഹവും‌ പരിചയാക്കിക്കൊണ്ട്‌ അദ്ധേഹം‌ പരിഹാരങ്ങള്‌ കണ്ടെത്തി‌.
നാട്ടിലെ‌ പലരേയും‌ പോലെ‌ നാടുവിട്ടു പോയി‌ കൂടുതല്‌ സമ്പാദിക്കാനും‌ വലിയ‌ വീട്‌ വെക്കാനുമൊന്നും‌ അദ്ദേഹം‌ ആയുസ്സും‌ സമയവും‌ ചിലവഴിച്ചില്ല‌.
ഒരു‌ പക്ഷെ‌ തനിക്കു‌ കിട്ടിയ‌ ജീവിതം‌ കൊണ്ട്‌ മറ്റാരേക്കാളും‌ നന്നായി‌ '‌സമ്പാദി'‌ച്ചത്‌ മൗലവി തന്നെ‌യായിരിക്കണം‌. സ്വന്തത്തിന്റെ‌ മറ‌വിലിരുന്ന്‌ പുറം‌‌കണ്ണുകൾ കൊണ്ട് ലോകത്തെ നോക്കിക്കൊണ്ടിരിക്കുന്നവർക്ക് ‌അത്‌ കാണാനാവില്ല‌. അത്‌ കാണണമെങ്കില്‌ സ്വന്തം‌ കണ്ണുകളടച്ച്‌ അവനവ‌നെത്തന്നെ‌ സൂക്ഷ്മ‌മായി‌ നോ‌ക്കിയാല്‌ മതി‌. ‌
നാട്യ‌ങ്ങളുടെ‌ പുതിയ‌ ലോക‌‌ക്രമത്തില്‌ നാടിനേയും‌ നാടിന്റെ‌ മനസ്സിനേയും‌ പതിയെ‌ പൊതിഞ്ഞുമൂടുന്ന‌‌ തനിക്ക‌പരിചിതമായ‌ പല‌ ഭാവ‌മാറ്റങ്ങള്ക്കും‌ മൗന‌സാക്ഷിയായി‌ ജീവിതത്തിന്റെ‌ അരികു‌ചേര്ന്നു വിനയത്തോടെ‌ നടന്നു‌നീങ്ങവെ‌ അപ്രതീക്ഷിതമായൊരു‌ ദിവസം‌‌‌‌ പരിഭവങ്ങളൊന്നുമില്ലാതെ‌‌ നമുക്കായി‌ കുറേ‌ നന്മകള്‌ ബാക്കി‌വെച്ച്‌ അബ്ദുല്ല‌ മൗലവി‌ ഈ‌ നാടിനോടും‌ ഈ‌ ലോകത്തോടും‌ വിട‌ പറ‌ഞ്ഞു‌.
ശൂന്യതയില്‌ നിന്ന്‌ തുടങ്ങി‌ അനന്തതയിലേക്കൊഴുകിയൊടുങ്ങുന്ന‌ ജീവിത‌‌യാത്രയില്‌, മണ്ണിലെ‌ വെ‌റും‌ പാഴ്‌വസ്തുക്കളില്‌ കണ്ണുടക്കി‌ നിന്നുപോകുന്നവര്ക്കിടയില്‌, വിശുദ്ധിയോടെ‌ ജീവിത‌നിയോഗം‌ പൂര്ത്തീകരിച്ച്‌ തിരിച്ചു‌ പോകുന്നവര്‌ തന്നെയാണ്‌ ഭാ‌ഗ്യവാന്മാര്‌;‌ അവരെ‌ ഈ‌ ലോകം‌ എവിടെയും‌ അടയാളപ്പെടുത്തുന്നി‌ല്ലെങ്കിലും‌!
.......(തുടരും‌)...............
റസാഖ്‌ വഴിയോ‌രം‌
..................................... .
May be a cartoon of 1 person, standing, sky and palm trees
hers