Saturday, July 10, 2021

(അ‌ധ്യായം‌ - 14‌) കാലം‌ നട‌ന്നുപോയ‌ വഴികള്‍‌.

 



(അ‌ധ്യായം‌ - 14‌)

കാലം‌ നട‌ന്നുപോയ‌ വഴികള്‍‌.
...................................................
ഓര്‍മകളുടെ‌ ഓളങ്ങളിലൂടെ‌ ഏതു‌ ‌ദിക്കിലേക്കു‌ തുഴഞ്ഞുപോയാലും‌ അവസാനം‌ ഞാനെ‌ത്തി‌പ്പെടുന്ന‌ത്‌ എന്റെ‌ ബാല്യകാലം‌ നീന്തിക്കുളിച്ച‌ ‌ പ്രശാന്തസുന്ദ‌രമായ‌ ആ‌ ഇരുവഞ്ഞിപ്പുഴയുടെ‌ തീ‌രത്തു‌‌തന്നെയായിരിക്കും‌. ‌
തെളിനീര്‍‌‌കണ്ണാ‌ടിയില്‍‌ മുഖം‌ നോക്കുന്ന‌ മഞ്ഞ‌നി‌റമുള്ള‌ മുളങ്കൂട്ടങ്ങള്‍ക്കിടയില്‍‌‌ പുഴയിലേക്ക്‌ ചാഞ്ഞുകിടക്കുന്ന‌ പേരമരക്കൊമ്പില്‍‌ ഞാനിരിക്കും‌.
അസ്തമയശോഭയില്‍‌ മുങ്ങിക്കുളിച്ച്‌ തെങ്ങിന്‍‌‌ത‌ലപ്പുകള്‍ക്കിടയിലൂടെ‌ സൂര്യന്‍‌ പതിയെ‌ താഴ്ന്നിറങ്ങുമ്പോള്‍‌ ‌ഇരുവഴിഞ്ഞിപ്പുഴയിലെ‌ കുഞ്ഞോളങ്ങളില്‍‌ വിഷാദം‌ പരക്കും‌. ‌
ഇരുട്ട്‌ പുതച്ചു‌‌തുടങ്ങുന്ന‌ പുഴവക്കത്തെ‌ പൊന്തക്കാടുകളിലേക്ക്‌ അന്തിസ്വപ്നങ്ങള്‍‌ കൊത്തിപ്പെറുക്കാന്‍‌ ഇണ‌ക്കൊക്കുകള്‍‌ ‌കൂടണഞ്ഞു‌.
നിറം‌ മങ്ങിയ‌ ഒരു‌ പകല്‍‌ കൂടി‌ എന്നോട്‌ വിട‌‌‌പറ‌ഞ്ഞപ്പോള്‍‌ എ‌ന്റെ‌ കൗമാരവിഹ്വലതകളുടെ‌ വള്ളിപ്പടര്‍പ്പുകളില്‍‌ ഒരു‌കൂട്ടം‌ ഋണാത്മക‌ചിന്തകള്‍‌ കൂടുകെട്ടി‌.
എന്റെ‌ സ്വപ്നങ്ങള്‍ക്ക്‌ നിറം‌ പകര്‍ന്നു‌ തരാന്‍‌ ആരുമില്ലെന്നും‌ പഠിച്ചു‌യരാന്‍‌ ‌ എനിക്കാവില്ലെന്നും‌ ഞാന്‍‌ തിരിച്ചറിയുന്ന‌ കാലമായിരുന്നു‌ അത്‌.
എട്ടാം‌ ക്ലാസ്സില്‍‌ ഓര്‍ഫനേജില്‍‌ വന്നു‌ ചേര്‍ന്നപ്പോള്‍‌ പഠനത്തിലുള്ള‌ എന്റെ‌ ആത്മവിശ്വാസം‌ പൂര്‍ണ്ണമായും‌ തകര്‍ന്നുകഴിഞ്ഞിരുന്നു‌.
‌സ്കൂള്‍‌ വഴികളില്‍‌ അപകര്‍ഷതാബോധം‌ ഒരു‌ നിഴല്‍‌ പോലെ‌ എന്നെ‌ പിന്തുടര്‍ന്നു‌. ഓരോ‌ പ‌രീക്ഷക‌ള്‍‌ കഴിയുമ്പോഴും‌ നിരാശയുടെ‌ ആഴ‌മു‌ള്ള‌ ഗര്‍ത്തത്തിലേക്ക്‌ ഞാന്‍‌ പതിയെ‌ താണുപോവുകയായിരുന്നു‌.
‌പരീക്ഷ‌കള്‍‌ അടു‌ത്തുവരുമ്പോ‌ള്‍‌
ക്ലാസ്സില്‍‌ നാന്നായി‌ ശ്രദ്ധിക്കാന്‍‌ ഞാന്‍‌ പലപ്പോഴും‌ ശ്രമിച്ചു‌നോക്കി‌. പഠിക്കാന്‍‌ നല്ല‌ ആഗ്രഹമുണ്ടായിരുന്നെങ്കിലും‌ ‌ടീച്ചര്‍‌ പഠിപ്പിക്കുന്ന‌ പാഠങ്ങളൊന്നും‌ എനിക്ക്‌ മനസ്സിലായില്ല‌.
പുലര്‍ച്ചെ‌ സുബഹ്‌‌ബാങ്ക്‌ കേട്ടു‌ണര്‍ന്നാല്‍‌ ‌പള്ളിയില്‍‌ പോകണം‌. പിന്നെ‌ മെസ്സില്‍‌ പോയി‌ ‌ഒരു‌ കട്ടന്‍‌ ചായ‌. ചൂടാണെങ്കിലും‌ തണുപ്പാണെ‌ങ്കിലും‌ ‌രാവിലെത്തന്നെ‌ പുഴയില്‍‌ പോയി‌ കുളിക്കണം‌. മുങ്ങിക്കുളിച്ചാലും‌ നീന്തിക്കുളിച്ചാലും‌ ഉറക്കച്ചടവ്‌ മാറീട്ടുണ്ടാവില്ല‌.
അതുകഴിഞ്ഞ്‌ മെസ്സില്‍‌ പോയി‌ കഞ്ഞി‌ കുടിച്ച്‌ വീണ്ടും‌ സ്കൂളി‌ലേക്ക്‌‌‌.. ഇതായിരുന്നു‌ അനാഥാലയത്തിലെ‌ ദിനചര്യ‌.
ക്ലാസ്സെടുത്തുകൊണ്ടിരിക്കുമ്പോള്‍‌ ‌ബെഞ്ചിന്റെ‌ ഒരു‌ മൂല‌യിലിരുന്ന്‌ ‌ഞാന്‍‌ ഉറങ്ങും‌.
സുന്ദരസ്വപ്നങ്ങള്‍‌ മേഞ്ഞുനടക്കുന്ന‌ എന്റെ‌ മൊട്ടത്തല‌യി‌ലേക്ക്‌ ടീച്ചറുടെ‌ കയ്യിലുള്ള‌ ചോക്കുകഷ്ണം‌ ‌ശക്തിയായി‌ ‌ തട്ടിത്തെറി‌ക്കുമ്പോഴാണ്‌ ഞാന്‍‌ ഞെട്ടിയുണരുക‌.
അപ്പോള്‍‌ ബ്ലാ‌ക്ക്‌ ബോര്‍ഡിലെന്തോ‌ എഴുതിക്കൊണ്ട്‌ ടീച്ചര്‍‌ പറ‌യും:‌
''‌ഇനി‌ എന്റെ‌ ക്ലാസ്സിലിരുന്നുറ‌ങ്ങരുത്‌.''‌
പി‌ന്നേയും‌ പല‌ ദിവസങ്ങളിലായി‌ അനേകം‌ ചോക്കുകഷ്ണങ്ങള്‍‌ എന്റെ‌ തലയില്‍‌ തട്ടി‌ ക്ലാ‌സ്സിലെ‌ പൊട്ടിച്ചിരികള്‍ക്കിടയിലേക്ക്‌ തെറിച്ചുവീണു‌.
അരക്കൊല്ല‌പ്പ‌രീ‌ക്ഷക്ക്‌ ചോദ്യം‌ തന്നെ‌ തലതിരിച്ചെഴുതി‌ ഉത്ത‌രക്കടലാസ്‌ നിറച്ചു‌. കൊല്ലപ്പരീക്ഷ‌യെ‌ അഭിമുഖീകരിക്കാനുള്ള‌ ധൈര്യവു‌മില്ല‌.
ക്ലാസ്സിലും‌ റൂമിലുമിരുന്ന്‌ ‌പ‌രീക്ഷയില്‍‌ നിന്ന്‌ രക്ഷപ്പെടാനുള്ള‌ പല‌ വഴികളും‌ ഞാന്‍‌ ആലോചി‌ച്ചുകൊണ്ടിരുന്നു‌‌.
അവസാനം‌ മായിന്‍‌ കുട്ടി‌യാണ്‌ രക്ഷപ്പെടാനുള്ള‌ ആ‌ വഴി‌ പറഞ്ഞു‌ തന്നത്‌:‌
'‌യത്തീം‌ ഖാനയില്‍‌ നിന്ന്‌ ചാടിപ്പൊവുക‌'‌
‌
അവന്‍‌ കൂടെയുള്ള‌ ധൈര്യത്തില്‍‌‌ ഞാനും‌ സമ്മതിച്ചു‌. ‌യത്തീം‌ ഖാനയില്‍‌ നിന്ന്‌ ചാടിപ്പൊവുക‌ തന്നെ‌!
പക്ഷെ‌ നാട്ടിലേക്കു‌ പോയാല്‍‌ ആരെങ്കിലും‌ ഇവിടേക്കുതന്നെ‌ പിടിച്ചുകൊണ്ടുവരുമെന്ന്‌ ഞാന്‍‌ ഭയപ്പെട്ടു‌.
പല കുട്ടികളും‌ പലപ്പോഴായി‌ ഇവിടെ‌ നിന്ന്‌ ചാടിപ്പോയിട്ടുണ്ട്‌. പിറ്റേന്നുതന്നെ‌ അവര്‍‌ ‌ആരുടെയെങ്കിലും‌ കൂടെ‌ ഇവിടെ‌
‌മട‌ങ്ങിയെത്തീട്ടുമു‌ണ്ട്‌. തൊട്ടടുത്ത‌ ദിവസം‌ ‌ തല‌ മൊട്ടയടിച്ച്‌ അവര്‍‌ ഓഫീ‌സിനുമുമ്പില്‍‌ ‌അപമാനിതരായി‌ നില്‍ക്കുന്നത്‌ ഞാന്‍‌ പലപ്പോഴും‌ കണ്ടിട്ടുണ്ട്‌.
ഏതായാലും‌ ആര്‍ക്കും‌ കണ്ടെത്താന്‍‌ കഴിയാത്ത‌ ഏതോ‌ നാട്ടിലേക്ക്‌ പോകുന്നതാണ്‌ നല്ലതെന്നൊരു‌ ചിന്ത‌ ‌എന്റെ‌ തലയിലുദിച്ചു‌.
‌
രാത്രി‌ പോയാല്‍‌ ആരും‌ കാണുകയില്ലെന്ന്‌ മായിന്‍‌ കുട്ടി‌ പറഞ്ഞു‌. പക്ഷെ‌ ബസ്സ്‌ കിട്ടുകയില്ല‌. പ‌കലു‌ പോയാല്‍‌ ‌കിട്ടുന്ന‌ ബസ്സില്‍‌ കയറി‌ രക്ഷപ്പെടാം‌.‌
അങ്ങനെ‌ ‌മതിലു‌ ചാടുന്നതും‌ ബസ്സില്‍‌ കയറുന്നതുമൊക്കെ‌ മനസ്സില്‍‌ സങ്കല്പിച്ച്‌ ഓരോ‌ ദിവസവും‌ കഴിച്ചു‌ കൂട്ടി‌. അതിനിടയില്‍‌ ‌ചാടിപ്പോകുന്നത്‌ കണ്ടാ‌ല്‍‌ പോലീസ്‌ പി‌ടിക്കുമോ‌ എന്നൊരു‌ ഭയവും‌ എന്നെ‌ പിടികൂടി‌.
കൊല്ലപ്പരീക്ഷ‌ക്ക്‌ ഇനി‌ ഏതാനും‌ ദിവസങ്ങള്‍‌ കൂടി‌ മാത്രമേ‌ ബാക്കിയുള്ളൂ‌. പെട്ടന്ന്‌ ഒരു‌ തീരുമാനമെടുക്കാന്‍‌ ധൈര്യമില്ലാതെ‌ ഞാന്‍‌ വിഷമിച്ചിരിക്കുമ്പോഴാണ്‌‌ ഭാഗ്യം‌ '‌ചൊറി'‌യുടെ‌ രൂപത്തില്‍‌ എന്നെ‌ തേടിവന്നത്‌.
എനിക്ക്‌ ചൊറി‌ പിടിച്ചു‌.
ചൊറിയെന്നു‌ പറഞ്ഞാല്‍‌ കയ്യിലും‌ കാലിലും‌ ചുവന്ന‌ കുരുമുളകുമണികള്‍‌ പോലെ‌യുള്ള‌ കുരുക്കള്‍‌‌. കൈ‌വിരലുകള്‍ക്കിടയിലെ‌ കുരു‌ക്കള്‍‌
‌ക്രമേണ‌ ‌പഴുത്തുവരു‌ന്നത്‌ ഞാന്‍‌ ആകാംക്ഷയോടെ‌ നോക്കിനിന്നു‌.
യത്തീം‌‌ഖാനയുടെ‌ '‌ഔദ്യോഗിക‌'‌ ദീന‌മായിരുന്നു‌ ചൊറി‌‌. ഒരിക്കലല്ലെങ്കില്‍‌ മറ്റൊരിക്കല്‍‌ അത്‌ എല്ലാ‌ കുട്ടികളേ‌യും‌ പിടികൂടുകതന്നെ‌ ചെയ്യും‌. എന്റെ‌ കാര്യത്തില്‍‌ തികച്ചും‌ വേണ്ടപ്പെട്ടൊരു‌ സമയത്ത്‌ അതെന്നെ‌ പുണർന്നു‌വെന്നുമാത്രം‌. മഹാഭാഗ്യം‌!
ഇനി‌ ‌സ്കൂള്‍‌ ക്ലാസ്സിലേക്കൊന്നും‌ പൊകാതെ‌ പകല്‍‌സമയം‌ റൂ‌മില്‍‌ സുഖമായി‌ കിടന്നുറ‌ങ്ങാനുള്ള‌ കാരണമായി‌.‌
സീ‌മൗലവിയുടെ‌ അടു‌ത്തുപോയി‌ ‌കു‌പ്പിയില്‍‌ നിറച്ചുവെച്ച‌ വയലറ്റ്‌ ‌നിറമുള്ള‌ ചൊറി‌മരുന്ന്‌ കോഴിത്തൂവലിന്റെ‌ അറ്റം‌ കൊണ്ട്‌ മുക്കിയെടുത്ത്‌ നാലഞ്ച്‌ ദിവസം‌ തേച്ചിട്ടും‌ ദൈവസഹായം‌ കൊണ്ട്‌ ചൊറി‌ മാറിയില്ല.
അവസാനം‌ രോഗി‌ ഇച്‌ഛിച്ച‌ പോലെ‌ത്തന്നെ‌ വാര്‍ഡന്‍‌ കല്പി‌ച്ചു‌:‌
‌'‌പരീക്ഷക്കുമുന്നെ‌ മടങ്ങിയെ‌ത്തണം‌'‌ എന്ന‌ ഉപാധിയോടെ‌ എനിക്ക്‌ നാട്ടില്‍‌ പോകാന്‍‌ സമ്മതം‌ കിട്ടി‌.
ഏതായാലും‌ അന്നു‌‌തന്നെ‌ ‌എന്റെ‌ പെട്ടി‌സാധനങ്ങളെല്ലമെടു‌ത്ത്‌ ഞാന്‍‌ അന്തസ്സായി‌ യത്തീം‌ ഖാനയോട്‌ യാത്രപറ‌ഞ്ഞ്‌ പുറത്തിറങ്ങുമ്പോള്‍‌ ചൊറിപിടിക്കാത്ത‌ ഭാഗ്യഹീനരായ‌ പല കുട്ടികളും‌ എന്നെ‌ അസൂയയോടു‌കൂടി‌ നോക്കിനില്‍ക്കുന്നുണ്ടായിരുന്നു‌.
അഴുക്കുപിടിച്ച‌ ചുവന്ന‌ വെള്ളത്തു‌ണി‌യും‌ മടക്കിക്കുത്തി‌‌ ഒരു‌ വിധത്തില്‍‌ ഇരുമ്പ്‌ പെട്ടിയും‌ തൂക്കിപ്പിടിച്ച്‌ ഞാന്‍‌ വീട്ടിലേക്ക്‌ കയറി‌ച്ചെല്ലുമ്പോ‌ള്‍‌ ചുമരില്ലാത്ത‌ അടുക്കളയിലിരുന്ന്‌‌‌ ‌മുറത്തിലെ‌ അരിയില്‍‌ നിന്ന്‌ കല്ലുപെറുക്കുകയായിരുന്നു‌
ഉമ്മ
‌.
അപ്രതീക്ഷിതമായി‌ എന്നെ‌ കണ്ട ഷോക്കില്‍‌
ഉമ്മ
‌ എന്നെത്തന്നെ‌ കുറച്ചുസമയം‌ നോക്കിയിരുന്നു‌. ആ‌ നോട്ടത്തിലേക്ക്‌ ഞാന്‍‌ എന്റെ‌ രണ്ടു ചൊറിക്കൈകളും‌ അഭിമാന‌പുരസ്സരം‌ നീട്ടിക്കാണിച്ചു‌.
ഉമ്മ
‌ മുറം‌ താഴെയിട്ട്‌ '‌ശ്‌..ശ്‌..'‌ എന്നൊരു‌ ശബ്ദം‌ വാ‌യിലൂടെ‌ ഉള്ളിലേക്ക്‌ വലിച്ചെടുത്തുകൊണ്ട്‌ എഴുന്നേറ്റു.
‌
അന്നു വൈകുന്നേരം‌
ഉമ്മ
‌ എന്നേയും‌ കൂട്ടി‌ പുഴക്കടവിലെത്തി‌. എന്നോട്‌ യാതൊരു‌ ഭാവവ്യത്യാസവും‌ കാണിക്കാതെ‌ പുഴയൊഴുകി‌ക്കൊണ്ടിരിക്കുന്നതും‌ നോക്കി ഞാന്‍‌ അലക്കുകല്ലില്‍‌ ഇരുന്നു‌.
‌ഒരു‌ മുന്‍‌പരിചയവുമി‌ല്ലാത്തപോലെ‌
ഉമ്മ
‌ എന്നെയൊന്നു‌ നോക്കി‌. പിന്നെ‌ മുറിച്ച‌ ചകിരി‌യില്‍‌ സാബൂന്‍‌ തേച്ചുപിടിപ്പിച്ച്‌ മുട്ടോളം‌ വെള്ളത്തിലേക്കിറങ്ങി‌‌നിന്ന്‌
ഉമ്മ
‌ എന്നോട്‌ കൈ‌ നീട്ടാന്‍‌ ആഗ്യം‌ കാണിച്ചു‌. ഞാന്‍‌ ‌തേങ്ങി‌ക്കൊണ്ട്‌ നിഷേധഭാവത്തില്‍‌ കൈ‌കള്‍‌ പരമാവധി‌ പിന്നിലേക്ക്‌ മറ‌ച്ചുപിടിച്ചെങ്കിലും‌ അവസാനം‌ രണ്ടും‌ കല്പി‌ച്ച്‌ രണ്ടു‌ കണ്ണു‌കളും‌ മുറുക്കിയടച്ച്‌ രണ്ടു‌ കൈകളും‌ നീട്ടി‌ക്കൊടുത്തു‌. ‌
ചൊറി‌ക്കൈകളില്‍‌ മുറിച്ച‌കരി ചടുലതാണ്ഡവമാടി‌. പരല്‍മീനുകള്‍‌ എനിക്കു‌ചുറ്റിലും‌ ‌തുള്ളിച്ചാടി‌. വേദനയില്‍‌ ഞാന്‍‌ വളഞ്ഞു‌പുളഞ്ഞു‌.
ഇടക്കെപ്പൊഴോ‌ ഉമ്മയുടെ‌ ശ്രദ്ധ‌യൊന്നു‌ തെറ്റിപ്പോയ‌ ഒര‌സുലഭ‌‌മുഹൂര്‍ത്തത്തില്‍‌ ഒരുവിധം‌ കുതറി‌മാറി‌ ഞാന്‍‌ കരയിലേക്ക്‌ ചാടിക്കയറി‌. പിന്നെ‌ മുണ്ടുടുക്കാന്‍‌ പോലും‌ സമയം‌ പാഴാക്കാതെ‌ ശരവേഗത്തില്‍‌ വീ‌ട്ടിലേക്കോടി‌.
ഓടിക്കിതച്ച്‌ ഞാന്‍‌ വീടിന്റെ‌ കോലായിലെ‌ സിമന്റുതിണ്ണയില്‍‌ പോയി‌ കിടന്നു‌. ഇടക്കെപ്പൊഴോ‌ ഒന്നു‌ മയങ്ങിപ്പോയി‌. പെട്ടന്ന്‌ ഞെട്ടിയുണര്‍ന്ന്‌ കണ്ണു‌തുറന്നു‌ നോക്കു‌മ്പോള്‍‌ വലിയൊരു‌ അലൂമനിയം‌ പാത്രത്തില്‍‌ ‌തിളപ്പിച്ച‌ ഉപ്പുവെള്ളവുമായി‌ മുന്നി‌ല്‍‌
ഉമ്മ
‌ നില്‍ക്കുന്നു‌. എന്റെ‌ മുഖത്ത്‌ ഭിന്നഭാവങ്ങള്‍‌ മിന്നിമറിഞ്ഞു‌. പിന്നെ‌ മുറ്റത്ത്‌
ചെറിയൊരു‌ മരപ്പലകയില്‍‌ എന്നെ‌ ഇരുത്തി‌‌‌യ‌ ശേഷം‌ എന്റെ‌ രണ്ടു കുഞ്ഞിക്കൈ‌കളും‌ പിടിച്ച്‌ ഉപ്പു‌വെള്ളത്തില്‍‌ മുക്കിക്കൊണ്ട്‌
ഉമ്മ
‌ പറ‌‌ഞ്ഞു‌:‌
‌
''‌ബേകം‌ സൊ‌കാവും‌‌''‌
ഒരിറ്റു‌ വൈദ്യശാസ്ത്രമോ‌ ഡെര്‍മറ്റോളജിയോ‌ പഠിക്കാതെ‌ വെറും‌ രണ്ടേ‌‌രണ്ടു‌ ദിവസങ്ങള്‍‌‌കൊണ്ട്‌
ഉമ്മ
‌ എന്റെ‌ കയ്യിലെ‌ ചൊറി‌ പൂര്‍‌ണ്ണ‌മായും‌ സുഖപ്പെടുത്തി‌.
‌പക്ഷെ‌ ആ‌ സുഖപ്പെടുത്തല്‍‌ എനിക്കു‌ നല്ലതിനല്ലെന്ന്‌ ഞാന്‍‌ മനസ്സിലാക്കി‌. കാരണം‌ ചൊറി‌ മാറി‌യാല്‍‌
പ‌രീക്ഷക്കുമുമ്പ്‌ തന്നെ‌ യത്തീം‌ ഖാനയിലേക്കു മട‌ങ്ങിപ്പോകേണ്ടിവരും‌.
അങ്ങനെ‌ ഞാന്‍‌ ‌എട്ടാം‌ ക്ലാസ്സിലെ‌ കൊല്ലപ്പരീ‌ക്ഷയില്‍നിന്ന്‌ രക്ഷപ്പെടാനുള്ള‌ പല‌ തന്ത്രങ്ങളുമാ‌ലോചി‌ച്ചു‌കൊണ്ട്‌ അകത്തും‌ കോലാ‌യിലും‌ അങ്ങോട്ടുമിങ്ങോട്ടും‌ നടന്നു. പിന്നെ‌ തോര്‍ത്തുമുണ്ടെടുത്ത്‌ പുഴയിലേ‌ക്കോടി‌.
എല്ലാ‌ പ്രശ്നങ്ങള്‍ക്കും‌ പരിഹാരവും‌ സാന്ത്വനവും‌ പകര്‍ന്നു‌‌തന്നിരുന്ന‌ നല്ലൊരു‌ കൂട്ടുകാരനായിരുന്നു‌ ‌ഇരുവഞ്ഞിപ്പുഴ‌.
സന്തോഷമുണ്ടായാലും‌ ദു:ഖമുണ്ടാ‌യാലും‌ ഞാന്‍‌ ആദ്യം‌ അവിടേക്കാണോടിയെത്തുക‌.
അങ്ങനെ‌യുള്ള‌ അശാ‌ന്തമായ‌ ഒ‌രു‌ വൈകുന്നേരം‌ ഞാന്‍‌ പുറമണ്ണില്‍‌ കടവിലെ‌ പേരമരത്തില്‍‌ ആലോചനയില്‍‌ മുഴുകിയിരിക്കുകയായിരുന്നു‌. അപ്പോള്‍‌ അക്കരെ‌ നിന്ന്‌ ഒരാള്‍‌ പുഴയിറങ്ങി‌ ഇക്കരേക്ക്‌ നട‌ന്നു‌വരുന്നതുകണ്ടു‌. തലയില്‍‌ ഉരുണ്ട‌ ചൂരല്‍‌കൊട്ട‌ കണ്ടപ്പോള്‍‌ എനിക്കാളെ‌ മനസ്സിലായി‌. '‌ഉ‌ണ്ണിമോയ്യ്യാ‌ക്ക‌'‌
‌പുറമണ്ണില്‍‌ കടവിനു‌ തൊട്ടടുത്താണ്‌ ഉ‌ണ്ണിമോയ്യ്യാക്കയുടെ‌ വീട്‌. എന്നും‌ രാവിലേയോ‌ വൈകുന്നേരമോ‌ തലയില്‍‌ ഒരു‌ കു‌ട്ടയും‌ വെച്ച്‌‌ നാ‌ട്ടു‌മ്പുറത്തെ‌ ഇടവഴികളിലൂടേയും‌ നടവഴികളിലൂടേയും‌ അയാള്‍‌ നട‌ന്നു‌വരും‌. ഒരോ‌ വീട്ടിനടുത്തെത്തുമ്പോഴും‌ അയാള്‍‌ ഉറക്കെ‌ വിളിച്ചു‌ ചോദിക്കും‌ :‌
''കോയി‌മുട്ടണ്ടോ‌..? ‌കോയി‌മുട്ടണ്ടോ‌..?''‌
അപ്പോള്‍‌ ഓലമേഞ്ഞ‌ ചായ്പ്പുകളില്‍‌ നിന്ന്‌ ഒന്നോ‌ രണ്ടോ‌ കോഴിമുട്ടകളുമായി‌ പെണ്ണുങ്ങള്‍‌ പുറത്തിറങ്ങിവരും‌. ‌കോഴിമുട്ടകള്‍‌ വാങ്ങി‌ കരുതലോടെ‌ കുട്ടയില്‍‌ അടുക്കിവെച്ച്‌‌ മൂന്നു‌ പൈസയുടേയും‌ അഞ്ചു‌ പൈസയുടേയും‌ നാണയത്തുട്ടുക‌ള്‍‌ പെണ്ണുങ്ങളുടെ‌ കയ്യിലേക്കിട്ടുകൊടുത്ത്‌‌ നടത്തം‌ തുടരുമ്പോള്‍‌ അടുത്ത‌ വീട്ടിലേക്ക്‌ വീണ്ടും‌
‌അയാള്‍‌ വിളിച്ചുചോദിക്കും:‌
''കോയി‌മുട്ടണ്ടോ‌..? ‌കോയി‌മുട്ടണ്ടോ‌..?''‌
അങ്ങനെ‌ നാട്ടിലെ‌ ഓരോ‌ വീടുകളും‌ കയറിയിറങ്ങി‌ ഒരുക്കൂട്ടുന്ന‌ കോഴിമുട്ടകള്‍‌ കുട്ടയിലാക്കി‌ മാവൂര്‍‌ കമ്പ‌നി കോട്ടേഴ്‌സില്‍‌ കൊണ്ടുപോയി‌ വിറ്റാണ്‌ അദ്ദേ‌ഹം‌ കഴിഞ്ഞിരുന്നത്‌.
ഉമ്മ
‌യുടെ‌ കൂടെ‌ വാഴക്കാട്ടേക്കു‌ പോകുമ്പോള്‍‌ ആ‌ കോട്ടേഴ്‌സുകള്‍‌ ഞാന്‍‌ കണ്ടിട്ടുണ്ട്‌. അവിടെയാണ്‌ ഗ്വാളിയോര്‍‌ റയോണ്‍സ്‌ ഫാക്ടറിയിലെ‌ തൊഴിലാളികള്‍‌ താമസിക്കുന്ന‌ത്‌. എളമരം‌ കടവു‌ മുതല്‍‌ മാവൂര്‍‌ വരെ‌ പല‌ വലുപ്പത്തിലായി‌ പരന്നു‌ കിടക്കുന്ന‌ മൂന്നും‌ നാലും‌ നിലകളുള്ള‌ മഞ്ഞ‌‌നിറമുള്ള‌ ആ‌ കെട്ടിടങ്ങള്‍‌ക്കടുത്തൂടെ‌ ‌പോകുമ്പോള്‍‌ ഏതോ‌ ഒരു‌ വലിയ‌‌‌ നഗരത്തിലെത്തിലൂടെ‌ നടന്നു‌പോകുന്നതുപോലെ‌ തോന്നും‌. ‌
ഇന്ത്യ‌യിലെ‌ പല‌ സംസ്ഥാനങ്ങളില്‍‌ നിന്നും‌ വരു‌ന്ന‌ പല‌ ഭാഷകളും‌ പല‌ വേഷങ്ങളു‌മുള്ള‌ തൊഴിലാളികളാണ്‌ അവിടെ‌ താമസിക്കുന്നത്‌. വലിയ‌ തലപ്പാവും‌ നീണ്ട‌ താടിയുമൊക്കെയുള്ള‌ പഞ്ചാബി‌കളെ‌ന്നും‌ സിക്കുകാരെന്നും‌ വിളിക്കുന്ന‌ ആളുകളും‌ അക്കൂട്ടത്തിലുണ്ട്‌.
കമ്പനിയില്‍‌ നിന്ന്‌ പലപ്പോഴായി‌ ഉച്ചത്തില്‍‌ സൈറണ്‍‌ മുഴങ്ങും‌‌. ഡ്യൂട്ടി‌ ഷിഫ്റ്റ്‌ ചെയ്യാനുള്ള‌ സമയമറിയിക്കാനായിരുന്നു‌ ആ‌ വിസില്‍‌. ആ‌ സമയത്ത്‌ നല്ല‌ കുപ്പാ‌യവും‌ കാലുറയുമിട്ട്‌ തൊഴിലാളികള്‍‌ കോര്‍ട്ടേഴ്‌സില്‍‌ നിന്ന്‌ ഇറങ്ങി വരുന്നത്‌ കാണാം‌‌. അവരെ‌ യാത്രയാക്കാനെന്നോണം‌ മനോഹരമായി‌ സാരിയുടുത്ത്‌ ഹിന്ദി‌ സംസാരിക്കുന്ന‌ പെണ്ണുങ്ങള്‍‌ ഫ്ലാറ്റിനുമുകളിലുള്ള‌ ബാല്‍ക്കണിയില്‍‌ നിന്ന്‌ താഴേക്ക്‌ നോക്കി‌‌നില്‍ക്കുന്നുണ്ടാവും‌.
‌
വൃത്തിയായി മുടി‌ ചീകിയൊതുക്കി‌, നീലയും‌ വെള്ളയും‌ നിറമുള്ള‌ യൂണിഫോം‌ ധരിച്ച‌ ആണ്‍കുട്ടികളും‌ പെണ്‍‌കുട്ടികളും‌
‌ബേഗുകള്‍‌ തൂക്കി‌പ്പിടിച്ച്‌ ‌കമ്പനി‌‌സ്കൂളുകളിലേക്ക്‌ നടന്നുപോകും‌.
നല്ല‌ ശമ്പളം‌ വാങ്ങുന്ന തൊഴിലാളികളുടെ‌ മക്കള്‍ക്ക്‌ പഠിക്കാന്‍‌ മികച്ച‌ സൗകര്യങ്ങളുള്ള‌ സ്കൂളുകളുണ്ടായിരുന്നു‌ അവിടെ‌.
വീതി‌‌കൂടിയ‌ റോഡുകളില്‍‌ കൂടി‌ കമ്പനിയിലേക്ക്‌ മുള‌യും‌ മരങ്ങളും‌ കയറ്റി‌വരുന്ന‌ എട്ടു‌ ചക്രങ്ങളുള്ള‌ വലിയ‌ ലോറികള്‍‌ മാവൂരിലൂടെ‌ ഇടതടവില്ലാതെ‌ ഓടിക്കൊണ്ടിരുന്നു‌.
വലിയ‌ ടെ‌ക്സ്റ്റയില്‍‌ ഷോപ്പുകള്‍‌‌, പലചരക്കു‌ കടകള്‍‌, ഫ്രൂട്‌സ്‌ പച്ചക്കറി‌ക്ക‌ട‌കള്‍‌, മല്‍സ്യ‌ മാംസ‌ മാര്‍ക്കറ്റുകള്‍‌‌, ഫോട്ടോ‌സ്റ്റു‌ഡിയോകള്‍‌, അംബാ‌സ്സഡര്‍‌ കാറുകള്‍‌ നിര്‍ത്തിയിടുന്ന‌ വലിയ‌ ടാക്സി‌‌സ്റ്റാന്റുകള്‍‌ എല്ലാമുള്ള‌ തിരക്കുപിടിച്ച‌ അങ്ങാടിയായിരുന്നു‌ മാവൂര്‍‌.
‌കമ്പനിപ്പണിക്കാര്‍ക്ക്‌ ശമ്പളം‌ കിട്ടുന്ന‌ ദിവസമായാല്‍‌ മാവൂര്‍‌ അങ്ങാടി‌ കൂടുതല്‍‌ സജീവമാകും‌. പലചരക്കു‌ കടയിലും‌ മീന്‍‌ മാര്‍ക്ക‌റ്റിലുമൊക്കെ‌ നല്ല‌ തിരക്കായിരിക്കും‌. ഫ്രൂട്സ്‌ വില്‍ക്കുന്ന‌ കടകളിലൊക്കെ‌ പലതരത്തിലുള്ള‌ പഴങ്ങളുണ്ടാവും‌. ഫ്രൂട്സ്‌ കട‌കളുടെ‌ പുറത്ത്‌ ചുവന്നുതുടുത്ത‌ ആപ്പിളുകള്‍‌ ഓരോ‌രോ‌ വെളുത്ത‌ നൂലുകളില്‍‌ കെട്ടിത്തൂക്കി‌യി‌ട്ടിരിക്കുന്നത്‌ കാണുമ്പോള്‍‌ വാങ്ങിത്തിന്നാന്‍‌ കൊതിയാവും‌.
‌ഉമ്മയുടെ‌ കൂടെ‌ വാഴക്കാട്ടേക്കു‌ നട‌ന്നു‌പോകുമ്പോള്‍‌ നൂലില്‍‌ കെട്ടിത്തൂക്കിയ‌ ആപ്പിളിലേക്ക്‌ വിരല്‍‌ ചൂണ്ടി‌ ഞാന്‍‌ ഉമ്മയുടെ‌ കണ്ണിലേക്കു‌ നോക്കിനില്‍ക്കും‌. അപ്പോള്‍‌
ഉമ്മ
‌ പറയും:‌
''‌അതൊന്നും‌ മാങ്ങാങ്കൂ‌ട്ട്യാകൂടൂല‌..‌ അതൊക്കെ‌ കമ്പനിപ്പണിക്കാര്‍ക്ക്‌‌ള്ളതാ‌..''‌
നാട്ടിന്‍പുറത്തൊന്നും‌ അന്ന്‌ ഫ്രൂട്സുകള്‍‌ വില്‍ക്കുന്ന‌ കടകളുണ്ടായിരുന്നില്ല‌. ഒരു‌ ആപ്പി‌ളിന്റെ‌ രുചി‌യറിയാനുള്ള‌ മോഹം‌ ഉള്ളിലൊളിപ്പിച്ച്‌ ഉമ്മയുടെ‌ വെളുത്ത‌ പര്‍ദ്ദയുടെ‌ നിഴല്‍‌ പറ്റി‌ ഞാന്‍‌ ഒന്നും‌ മിണ്ടാതെ‌ നടന്നുപോകും‌. ‌
മാവൂരില്‍‌ നിന്ന്‌ ചാലിയാര്‍‌ മണന്തലക്കടവിലേക്ക്‌ ഗ്രാസിം‌ കമ്പനിയുടെ‌ അടുത്തുകൂടി‌ നടന്ന്‌ തോണി‌ കയറിവേണം‌ വാഴക്കാട്ടേക്കെത്താന്‍‌. അപ്പോള്‍‌ ആ‌കാശത്തേക്ക്‌ നീണ്ടു‌ കിടക്കുന്ന‌ കൂറ്റന്‍‌ പുകക്കുഴ‌ലുകളില്‍‌ നിന്ന്‌ വെളുപ്പും‌ കറുപ്പും‌ നിറമുള്ള‌ ‌പുകച്ചുരുളുകള്‍‌ വലിയ‌ ഇരമ്പലോടെ‌ ആകാശത്തേക്ക്‌ പൊങ്ങിപ്പോകുന്നത്‌ ‌കാണാം‌. ആ‌ പുക ഉയര്‍ന്നുപോയിട്ടാണ്‌ ആകാശ‌ത്ത്‌ പഞ്ഞിക്കെട്ടുകള്‍‌ പോലെ‌ വെളുത്ത‌ മേഘക്കൂട്ടങ്ങളുണ്ടാവുന്നതെന്ന്‌ അന്നൊക്കെ‌ ഞാന്‍‌ വിശ്വസിച്ചു‌.
ചാലിയാര്‍‌ കടവിനടുത്ത്‌ ഗ്രാ‌സിം‌ കമ്പനിയിലേക്കുള്ള‌ വലിയ‌ ഗെയ്റ്റിനോട്‌ ചേര്‍ന്ന്‌ വലിയ‌ കൂണുകള്‍‌ പോലെയുള്ള‌ കൂടാരങ്ങള്‍‌ കാണാം‌. സെക്യൂരിറ്റി‌ പോലീസുകാര്‍ക്ക്‌ നില്‍ക്കാനുള്ള‌ സ്ഥലമാണത്‌. തൊഴിലാളികള്‍‌ വരുന്നതും‌ പോകുന്നതും‌ അവര്‍‌ പരിശോധി‌ക്കും‌.
വ‌ളഞ്ഞ‌ കാലന്‍‌ കുട‌ കോള‌റിനു‌പിന്നില്‍‌ തൂക്കി‌യിട്ട്‌ കമ്പനിയില്‍‌ നിന്നും‌ ഇറങ്ങിവരുന്ന‌ തൊഴിലാളികളില്‍‌ ചിലര്‍‌ ‌മാവൂര്‍‌ ഭാഗത്തേക്ക്‌ നട‌ന്നുപോകുമ്പോള്‍‌ മറ്റുചിലര്‍‌ ‌തോണിക്കാരന്‌ 'കൂയ്‌..' എന്നൊരു‌ സിഗ്നല്‍ കൊടുത്ത്‌ കടവിനടുത്തേക്കും‌ നട‌ന്നുപോകും‌.
പുഴവക്കിനോട്‌ ചേര്‍ന്ന‌ മണലും‌ ചളിയും‌ നിറഞ്ഞ‌ ഒറ്റയടിപ്പാതയിലൂടെ‌ ആളുകള്‍‌ ധൃതിയില്‍‌ ‌നടന്നു‌വന്ന്‌ ‌വെള്ളത്തിലൂടെ‌ തോണിയിലേക്ക്‌ ചവിട്ടി‌ക്കയറുന്നതും‌ നോക്കി‌ തോണിക്കാരന്‍‌ തോണിയുടെ‌ തുഞ്ചത്ത്‌ പങ്കായവും‌ കുത്തിപ്പിടിച്ച്‌ ‌ ‌ഇരിക്കുന്നുണ്ടാവും‌.
തോണിയുടെ‌ വീതികുറഞ്ഞ‌ രണ്ടു‌ വക്കുകളിലുമായി‌ കൂടുതല്‍‌ ആളുകള്‍‌ തിങ്ങിയിരിക്കുന്നതിനനുസരിച്ച്‌ ‌തോണിയുടെ‌ മുകള്‍‌ ഭാഗം‌ വെള്ളത്തിനു‌ സമാന്തരമായി‌ താഴും‌. ദൂരത്തുനിന്ന്‌ നോക്കുന്നവര്‍ക്ക്‌ ആളുകള്‍‌ വെള്ളത്തില്‍‌ നിരനിരയായി‌ ഇരിക്കുന്ന‌തു‌ പോലെ‌യാണ്‌ തോന്നുക‌. തോണി‌ ഏതു‌ സമയവും‌ ‌മുങ്ങിപ്പോ‌കുമെന്ന്‌ തോന്നുമെങ്കിലും‌ തൊഴിലാളികള്‍‌ ബോണസ്സിന്റേയും‌ അലവന്‍സിന്റേയുമൊക്കെ‌ കണക്കുകള്‍‌ പറഞ്ഞ്‌ ‌പേടി‌യില്ലാതെ‌ മുഖത്തോടുമുഖം‌ നോക്കിയിരിക്കും‌.
കരയോട്‌ നന്നായി‌ അടുക്കുന്നതിനു‌ മുമ്പു‌ തന്നെ‌ ആളുകള്‍‌ അഞ്ചു‌ പൈസയുടേയും‌ പത്തു‌ പൈസയുടേയും‌ നാണയ്ത്തുട്ടുകള്‍‌ തോണിയിലെ‌ വെള്ളം‌ കെട്ടിനില്‍ക്കുന്ന‌ കള്ളികളിലേക്കിട്ടുകൊടുത്ത്‌ കരയിലേക്ക്‌ ചാടിയിറങ്ങി‌ വേഗത്തില്‍‌ നടന്നു‌ പോകും‌.
കോരിച്ചൊരിയുന്ന‌ മഴയത്തും‌ കുത്തിയൊലിച്ചുപോകുന്ന‌ വെള്ളപ്പൊക്കത്തിലും‌‌‌, ‌വരുംതലമുറയുടെ‌ ‌അദൃശ്യബീജവാഹകരായ‌ ഒരു‌ ജനസഞ്ചയത്തെ, മുങ്ങാതെ‌ മറിയാതെ‌ ചാലിയാറിനക്ക‌രേക്കും‌ ഇക്കരേക്കും‌ ‌തുഴഞ്ഞെത്തിച്ച‌ നല്ലവരായ‌ ആ‌ തോണിക്കാരുടെ‌ മുഖങ്ങള്‍‌, സുരക്ഷിതമായി‌ കരപറ്റിക്ക‌യറിപ്പോയ‌വരുടെ‌ ഓര്‍മ്മകളിലേക്ക്‌ പിന്നീടെപ്പോഴെങ്കിലും‌ തെളി‌ഞ്ഞു‌ വന്നിട്ടുണ്ടാവുമോ‌!
പിറകെ‌‌ വരുന്ന പുതുതലമുറയുടെ‌ ജീവിത‌സ്വപ്നങ്ങള്‍ക്ക്‌ കാവലായി‌, കാലനൈരന്തര്യത്തിന്റെ‌ ഏതോ‌ സന്ധി‌കളില്‍‌‌ ഒരു‌ കണ്ണിയായി‌ നിന്നുകൊടുത്ത്‌, ആ‌ പഴയ‌ തലമുറ‌ കാല‌തിരശ്ശീലക്കുപിറകിലേക്ക്‌ ‌മറഞ്ഞുപോയി‌ട്ടുണ്ടാവാം‌. എങ്കിലും‌ അവര്‍‌ ഒരുക്കിവെച്ച‌ സുരക്ഷിത‌ പാതകളിലൂടെ‌ സ്വന്തം‌ സ്വപ്നസാക്ഷാല്‍ക്കാരത്തിലേക്ക്‌ അനായാസം‌ പാഞ്ഞുപോകുന്ന‌ പുതു‌തലമുറ‌യുടെ‌ മനസ്സില്‍‌ ഒരു‌ മൗന‌പ്രാര്‍ത്ഥന‌യെങ്കിലും അവര്‍ക്കായി‌ കരുതിവെക്കണം‌.
തോണിയിലിരിക്കുമ്പോള്‍‌ ചാലിയാറിനോടു‌ ചെര്‍ന്നു‌ള്ള‌ കുന്നിനുമുകളില്‍‌ വാഴക്കാട്‌ യത്തീം‌‌ഖാന‌യുടെ‌ ഓടുമേഞ്ഞ‌ കെട്ടിടം‌ കാണാം‌. ഞാ‌നും‌ ഒരിക്കല്‍‌ ഒരനാ‌ഥാലയത്തിലെ‌ അന്തേവാസിയാകുമെന്നറിയാതെ‌, വെള്ളക്കുപ്പയവും‌ തൊപ്പിയുമിട്ട്‌ ആ‌ കുന്നിനു‌മുകളില്‍‌‌നിന്ന്‌ ചെമ്മണ്‍‌പാതയിറങ്ങിവരുന്ന‌ അനാഥക്കു‌ട്ടികളെ‌ ‌സഹതാപത്തോടെ‌ ഞാന്‍‌ നോക്കിനിന്നിട്ടുണ്ട്‌.
‌ഗ്രാസിം‌ കമ്പനിയില്‍‌ നിന്ന്‌ രാസപദാര്‍ത്ഥങ്ങള്‍‌ കലര്‍ന്ന‌ കറുത്ത‌ മലിനജലം‌ വലിയ‌ കുഴലുകളില്‍‌കൂടി‌ ചാലിയാര്‍‌ പുഴയിലേക്ക്‌ വന്നുപതിക്കുമ്പോള്‍‌ പുഴ‌ ഒരു‌ അഴുക്കുചാലുപോലെ‌യായി‌ മാറും‌. അതിലൂടെ‌ പഞ്ഞിക്കെട്ടുകള്‍‌ പോലെ‌യുള്ള‌ പ‌ത‌ക്കട്ടകള്‍‌ ഒഴുകിവരുമ്പോള്‍‌ ഞങ്ങള്‍‌ കുട്ടികള്‍‌ തോണി‌യിലിരുന്ന്‌ അത്‌ കൈകള്‍‌ കൊണ്ട്‌ തൊട്ട്‌ നോക്കു‌ം‌.
വേനല്‍കാലങ്ങളില്‍‌ വേലിയേറ്റസമയത്ത്‌ ഇരുവഴിഞ്ഞിപ്പുഴയിലേക്ക്‌ കയറി‌‌വരുന്ന‌
ദുര്‍‌ഗന്ധവും‌ കറുപ്പുനിറവുമുള്ള‌ മലിനജലത്തില്‍‌ ‌മീനുകളും‌ മറ്റു‌ ജലജീവികളും‌ ചത്തുപൊങ്ങിക്കിടക്കും‌.
‌‌എന്തൊക്കെയായാലും‌ പട്ടിണിയുടേയും‌ വറുതിയുടേയും‌ അരക്ഷിതമായ‌ ഒരു‌ കാലത്ത്‌ രാവും‌ പകലും‌ ഗ്രാസിം‌ കമ്പനിയില്‍‌ ജോലി ചെയ്ത്‌ നമ്മുടെ‌ പഴയ‌ തലമുറ‌ നാടിന്റെ‌ സാമ്പത്തിക‌ വ്യവഹാരങ്ങള്‍ക്ക്‌ ഉണര്‍വ്വേകി‌.
ഗള്‍ഫ്‌ തൊ‌ഴില്‍‌ മേഖലകളെക്കുറിച്ചും‌ പ്രവാസത്തെക്കുറിച്ചും‌ കേട്ടു‌ കേള്‍‌വി‌പോലുമില്ലാതിരുന്ന‌ ഒരു‌ കാ‌ല‌ത്ത്‌ ആ‌ പഴയ‌ തലമുറ‌ വെട്ടിയുണ്ടാക്കിയ‌ ചവിട്ടു‌‌വഴികളില്‍കൂടി‌യുമാ‌ണ്‌ നമ്മുടെ‌ പ്രദേശം‌ ഇന്നത്തെ‌ പുരോഗതിയിലേക്ക്‌ നടന്നെത്തിയത്‌.
പ്രദേശവാസികളായ‌ അനേകമാളുകള്‍ക്ക്‌ ജോലി‌ നല്‍കിയിരുന്ന‌ ഗ്രാസിം‌ കമ്പനിയെ‌ മലിനീകരണത്തിന്റെ‌ പേരില്‍‌ ആദ്യമൊന്നും‌ ആരും‌ എതിര്‍ത്തില്ല‌. ഉയര്‍ന്ന‌ വിദ്യാഭ്യാസമോ‌ ജോലി‌പരിചയമോ‌ പരിഗണിച്ചായിരുന്നില്ല‌ സമീപപ്രദേശങ്ങളിലുള്ള പലര്‍ക്കും‌ അവിടെ‌ ജോലി‌ കിട്ടിയിരുന്നത്‌. എങ്കിലും‌ അവരില്‍‌ പലരും‌ വലിയ‌ ശമ്പളം‌ ‌വാങ്ങുന്നവരായിരുന്നെന്ന്‌ ‌അവരുടെ‌ ശരീര‌ ഭാഷകളില്‍‌ നിന്ന്‌ മനസ്സിലാക്കാമായിരുന്നു‌.
‌ഗ്രാസിം‌ കമ്പനിയില്‍‌ ഒരു‌ ജോലികിട്ടുകയെന്നത്‌ ഒരു‌ സര്‍ക്കാര്‍‌ ജോലി ലഭിക്കുന്നതിനേക്കാളും‌ വലിയ‌ നേട്ടമായിരുന്നു‌ അക്കാലത്ത്‌. കമ്പനി‌ ജോലിക്കാര്‍ക്ക്‌ നല്ല‌ ശമ്പളത്തിനുപുറമെ‌ ലെതര്‍‌ഷൂസും‌ വസ്ത്രങ്ങളും‌ ‌കുടയും‌ അതുപോലെ പാലും‌ സൗജന്യമായി‌ ലഭിച്ചിരുന്നു‌. തൊഴിലാളികള്‍ക്ക്‌ കമ്പനി‌ കാന്റീനില്‍‌ നിന്ന്‌ നാലു‌ പൈസക്ക്‌ ചായയും‌ ആറു‌ പൈസക്ക്‌ സ്നാക്സും‌ എട്ടു‌ പൈസക്ക്‌ വയറു‌‌നിറയെ‌ ഊണും‌ ലഭിച്ചിരുന്നു‌.
‌
എന്റെ‌ നാട്ടിലുള്ള‌ പലരും‌ മാവൂര്‍‌ കമ്പനിയി‌ല്‍‌ ജോലിയുള്ളവരായിരുന്നു‌.
‌വൈകുന്നേരങ്ങളില്‍‌ നീളന്‍‌ടോര്‍ച്ചും‌ കക്ഷ‌ത്തി‌ല്‍‌ വെച്ച്‌, മഞ്ഞുകൊള്ളാതിരിക്കാന്‍‌ കമ്പിളി‌ ഷാളുകൊണ്ട്‌ ‌തലയില്‍‌ കെട്ടി‌‌, സിഗരറ്റും‌ വലിച്ചുകൊണ്ട്‌ ചെത്തുവഴികളില്‍‌ കൂടി‌ അവര്‍‌ നടന്നു‌പോകുമായിരുന്നു‌.
വൈദ്യുതി‌യെത്തീട്ടില്ലാത്ത‌ നാട്ടിലെ‌ ഇടവഴികളില്‍കൂടി‌ ആറു‌ കട്ടകളുള്ള‌ ടോര്‍ച്ചടിച്ചുകൊണ്ട്‌ കമ്പനിപ്പണിക്കാർ‌ നടന്നുവരുമ്പോൾ‌ രാത്രി‌ മദ്രസ‌ വിട്ടു‌‌വരുന്ന‌ കുട്ടികളായ‌ ഞങ്ങള്‍‌ ആകാശത്തേക്ക്‌ ടോര്‍ച്ചടിച്ചു‌ കാണിക്കാന്‍‌ അവരോട്‌ ആവശ്യ‌പ്പെടുമായിരുന്നു‌. അപ്പോള്‍‌ ആകാശത്തിന്റെ‌ വിദൂരതയിലേക്ക്‌ ഒരു‌ കുഴല്‍‌ പോലെ‌ നീണ്ടുപോകുന്ന‌ വെളിച്ചത്തിന്റെ‌ അറ്റത്ത്‌ ഞങ്ങള്‍‌ ആകാശ‌ത്തിന്റെ‌ അതിരുകള്‍‌ കാണാറുണ്ടായിരുന്നു‌.
പുതുവല്‍സരാഘോ‌ഷങ്ങളിലും‌ ദീപാവലിക്കുമൊക്കെ‌ കോര്‍ട്ടേഴ്‌സുകള്‍‌ ദീപാലംകൃതമായിരിക്കും‌. ബാല്‍ക്കണികളില്‍‌ പല‌ വര്‍ണ്ണത്തിലും‌ വലിപ്പത്തിലുമുള്ള‌ കടലാസ്‌ നക്ഷ്ത്രങ്ങള്‍‌ തൂങ്ങിക്കിടക്കും‌.
നിയോണ്‍‌ വെളിച്ചത്തില്‍‌ മുങ്ങിക്കുളിച്ച്‌ നില്‍ക്കുന്ന‌ കോട്ടേഴ്‌സുകള്‍ക്കിടയിലൂടെ ഞങ്ങളുടെ‌ നാട്ടിലേക്കുള്ള‌ വരുന്ന‌ അവസാന‌ ബ‌സ്സില്‍‌ രാത്രി‌ ഷിഫ്റ്റ്‌ കഴിഞ്ഞുവരുന്ന‌ കമ്പനിപ്പണിക്കാര്‍‌ ധാരാളമുണ്ടാവും‌. അ‌വര്‍‌ ‌യൂണിഫോമിൽ‌ ബസ്സിന്റെ‌ സീറ്റില്‍‌ ചാരിയിരുന്ന്‌ ഇടക്കിടെ‌
‌വെള്ളിച്ചെയി‌നു‌ള്ള‌ വാച്ചിലേക്കും‌ പുറത്തേക്കും‌ നോക്കി‌ ഗമയോടെ‌ ഇരിക്കുന്നത്‌ തെല്ലൊരാരാധ‌നയോടെ‌ ഞാന്‍‌ നോക്കിനിന്നിട്ടുണ്ട്‌.
രാത്രി‌ സമയങ്ങളില്‍‌ ചേരാം‌ കുന്നിനു‌ മുകളില്‍‌ കയറി‌ നോക്കിയാല്‍‌ മഞ്ഞ‌ വെളിച്ചത്തില്‍‌ മുങ്ങിക്കുളിച്ചുനില്‍ക്കുന്ന‌ കമ്പനി‌യുടെ‌ മനോഹര‌ ദൃശ്യം‌ കാണാം‌. ആകാശ‌ത്തുള്ള‌ ആയിരം‌ നക്ഷത്രങ്ങള്‍‌ കുന്നിനു‌ മുകളിലേക്കിറങ്ങിവന്നതു‌‌പോലെ‌ തോന്നും‌. ചുവപ്പും‌ മഞ്ഞയും‌ കലര്‍ന്ന‌ പ്രകാശത്തില്‍‌ മുങ്ങിക്കുളിച്ചുനില്‍ക്കുന്ന‌ കമ്പനിയുടെ‌ പ്രതിബിംബങ്ങള്‍‌ ചാലിയാര്‍‌ പുഴയിലെ‌ കുഞ്ഞോളങ്ങളില്‍‌ ‌ഞൊറികളായി‌ ഇളകിക്കൊണ്ടിരിക്കുന്നത്‌ അതിമനോഹര കാഴ്ച‌യായിരുന്നു‌.
ചിലപ്പോള്‍‌ ബിര്‍ള‌ ഗ്വാളിയോറയോണ്‍സ്‌ ചുറ്റിക്കാണാന്‍‌ ഹെലികോപ്റ്ററില്‍‌ പറ‌ന്നുവരും‌. ഹെലികോപ്റ്ററിന്റെ‌ ശബ്ദം‌ ദൂരെനിന്നു‌ കേള്‍ക്കുമ്പോള്‍‌ തന്നെ‌ ഞങ്ങള്‍‌ ചേരാം‌‌കുന്നിനു‌ മുകളിലേക്ക്‌ ഓടിക്കയറിപ്പോകും‌. അവിടെ‌ ‌കയറി‌ നോക്കിയാല്‍‌ ദൂരെ‌ ചാലിയാര്‍‌ പുഴയുടെ‌ തീരത്ത്‌ ഇരമ്പി‌ക്കൊണ്ടിരിക്കുന്ന‌ കമ്പനി‌ മുഴുവനായും‌ കാ‌ണാം‌.
ഹെലികോപ്റ്റര്‍‌ കമ്പനിക്കുമുകളിലൂടെ‌ ചുറ്റിവരുമ്പോള്‍‌ ചിലപ്പോള്‍‌ ഞങ്ങളുടെ‌ തലക്കു‌ മുകളിലൂടെ‌ പറ‌ന്നുപോകും‌. അപ്പോ‌ള്‍‌ ഞങ്ങള്‍‌ രണ്ടു‌ കൈകളും‌ മുകളിലേക്കു‌ നീട്ടി‌പ്പിടിച്ച്‌ ആര്‍ത്തു‌ വിളി‌ക്കും‌. പിന്നെ‌ ഹെലികോപ്റ്റര്‍‌ ദൂരേ‌ക്ക്‌ ദൂരേക്ക്‌ പറന്നുപോകുമ്പോള്‍‌ ഞങ്ങള്‍‌ സന്തോഷത്തോടെ‌ കുന്നിറങ്ങിപ്പോകും‌.
ചിലപ്പോള്‍‌ സ്വര്‍ണ്ണത്തലമുടിയുള്ള‌ മദാമ്മയും‌ സായിപ്പും‌ ഇരുവഴിഞ്ഞി‌പ്പുഴയിലൂടെ‌ ബോട്ട്‌ സവാരി‌ നടത്തും‌. ദൂരെ‌ നിന്ന്‌ ബോട്ടിന്റെ‌ ശബ്ദം‌ കേള്‍ക്കുമ്പോള്‍‌ ഞങ്ങള്‍‌ പുഴയിലേക്ക്‌ ഓടിപ്പോയി‌ നോക്കും‌. അപ്പോല്‍‌ കൂളിംഗ്‌ ഗ്ലാസ്സും‌ വെച്ച്‌ ബോട്ടിലിരുന്ന്‌ കൈ‌ വീശിക്കാണിക്കുന്ന‌ ഏതോ‌ വിദേശികളായ‌ മദാ‌മ്മയെ‌യും‌ സാ‌യിപ്പിനേയും‌ നോക്കി‌ ഞങ്ങള്‍‌ ആര്‍ത്തുചിരിക്കും‌. ‌
മനോഹരമായ‌ കൊച്ചു‌‌ ബോട്ട്‌ ചെറിയ‌ ഇരമ്പലോടെ‌ പുഴയുടെ‌ നടുവിലൂടെ‌ വ‌ളരെ‌ വേഗത്തില്‍‌ ‌പാഞ്ഞുപോകുമ്പോള്‍‌ ഇരു‌ കരകളിലേക്കും‌ ചുരുളുകളായി‌ വന്നടിയുന്ന‌ ഓളങ്ങള്‍‌ നേര്‍ത്തുനേര്‍ത്തില്ലാതാകുന്നതും‌ നോക്കി‌ ഞങ്ങള്‍‌ പുഴവക്കത്തുതന്നെ‌ കുത്തി‌യി‌രിക്കും‌.
‌
‌പുഴക്കടവിലേക്ക്‌ കുഞ്ഞോളങ്ങള്‍‌ അരിച്ചുകയറി‌. പൊക്കിള്‍‌ വരെ‌ തെറുത്തുവെച്ച‌ കള്ളിത്തു‌ണി‌ രണ്ടു‌ കൈകള്‍‌ കൊണ്ടും‌ കൂട്ടിപ്പിടിച്ച്‌, തലയിലെ‌ കുട്ട‌ വീഴാതിരിക്കാന്‍‌ പ്രത്യേക‌ താളത്തില്‍‌ കഴുത്തുകൊണ്ട്‌ ബാലന്‍സ്‌ ചെയ്ത്‌, ഉ‌ണ്ണി‌മോയ്യ്യാക്ക‌ കരയോടടുത്തപ്പോള്‍‌ ഞാന്‍‌ ഓര്‍മ്മകളില്‍‌ നിന്നുണര്‍ന്നു‌. കുഞ്ഞോ‌ള‌ങ്ങ‌ളില്‍‌ മുറിഞ്ഞുമുറിഞ്ഞുപോകുന്ന‌ അദ്ദേഹത്തിന്റെ‌ പ്രതിബിംബം‌ നോക്കി‌ ഞാന്‍‌ പേരമരത്തില്‍‌ തന്നെയിരുന്നു‌.
ചൂരല്‍‌കുട്ട‌ പതുക്കെ‌ താഴെ‌യി‌റക്കിവെച്ച്‌ പുഴയില്‍‌ രണ്ടുമൂന്നു‌ തവണ‌ മുങ്ങിനിവര്‍ന്ന്‌ അയാള്‍‌ കരയിലേക്ക്‌ കയറി‌ വന്നപ്പോള്‍‌ ഞാന്‍‌ പേരമരത്തില്‍‌ നിന്ന്‌ താഴെയിറങ്ങി‌. അയാളുടെ‌ മുഖത്ത്‌ നല്ല‌ സന്തോഷമുണ്ടാ‌യിരുന്നു‌. ‌ഇന്നു‌ കമ്പനിപ്പണിക്കാര്‍ക്ക്‌ ശമ്പളം‌ കിട്ടിയ‌ ദിവസമായിരിക്കും‌. കോഴി‌മുട്ടയെല്ലാം‌ വിറ്റു‌ തീര്‍ന്ന‌ സന്തോഷമായിരിക്കും‌. ഞാന്‍‌ മനസ്സില്‍‌ വിചാരിച്ചു‌.‌
ആകാശത്തേക്കു‌ നീണ്ടു‌ നില്‍ക്കുന്ന‌ വെളുത്ത‌ വരകള്‍‌ പോലെ‌ നിരനിരയായി‌ നില്‍ക്കുന്ന‌ കമുകിന്‍‌ തോട്ടത്തിലൂടെ‌ അയാള്‍‌ നട‌ന്നുപോകുമ്പോള്‍‌ ഞാനും‌ അയാളുടെ‌ പിന്നാലെ‌ നടന്നു‌. പഠിച്ച്‌ ഒരു‌ ജോലി‌ നേടാന്‍‌ എനിക്ക്‌ കഴിയില്ലെന്ന്‌ എനിക്കുറപ്പായിരുന്നു‌. അതിനാല്‍‌ മാവൂര്‍‌ കമ്പനിയില്‍‌ ഒരു‌ ജോലി‌ ശരിയാക്കിത്തരാന്‍‌ പറ്റുമോയെന്ന്‌ അയാളോട്‌ ചോദിച്ചുനോക്കാന്‍‌ തന്നെ‌ ഞാന്‍‌ തീരുമാനിച്ചു‌.
‌പക്ഷെ‌ ചോദ്യവും‌ ഉത്തരവുമില്ലാതെ‌ ഞങ്ങള്‍‌ അയാളുടെ‌ വീട്ടുമുറ്റത്തെത്തി‌. പിന്നെ‌ ചൂരല്‍‌കുട്ട‌ തിണ്ണയിലിറക്കിവെച്ച്‌ അയാള്‍‌ അകത്തേക്ക്‌ കയറി‌പ്പോയി‌. ‌ഒരു‌ കമ്പനിപ്പണിക്കാരനാവാന്‍‌ ഏതെങ്കിലും‌ കാലത്ത്‌ എനിക്കും‌ യോഗമുണ്ടാകുമെന്ന്‌ സമാധാനിച്ചു‌കൊണ്ട്‌ ഞാനെന്റെ‌ വീട്ടിലേക്കും‌ നടന്നു‌പോയി‌. ഏതായാലും‌ ഒരാഴ്ച‌ കഴിഞ്ഞപ്പോള്‍‌ ജെ‌.ഡി‌.റ്റി‌.യിലേക്കു‌ തന്നെ‌ തിരിച്ചുപോകാനായിരുന്നു‌ എന്റെ‌ യോഗം‌.
ഉദയാസ്ത‌മയങ്ങളുടെ‌ അവിരാമ‌ സന്ധികളില്‍‌കൂടി‌ പുഴയൊകും‌ പോലെ‌ കാലവും‌ ഒഴുകിപ്പോയി‌. പത്താം‌ ക്ലസ്സ്‌ പരീക്ഷ‌ കഴിഞ്ഞ്‌ ഞാൻ‌ നാട്ടില്‍‌ വെറുതെ‌നടക്കുന്ന‌ കാലം‌.
ഒരു‌ ദിവസം‌ എന്റെ‌ കൂട്ടുകാരനായിരുന്ന‌ ചാലക്കല്‍‌ ബീച്ചുണ്ണി എന്നോട്‌ വന്നു‌പറഞ്ഞു‌:‌
''‌മാവൂരെ‌ കമ്പനീല്‌ പണിക്ക്‌ ആളെ‌ട്ക്ക്ണ്‌ണ്ട്‌.''‌
എനിക്ക്‌ ആകാംക്ഷയായി‌.
യൂ‌ണിഫോമിട്ട്‌, വെള്ളിച്ചെയി‌നുള്ള‌ വാച്ചും‌ കെട്ടി‌, രാത്രി‌ബ‌സ്സില്‍‌ ഗമയോടെ‌ പണികഴിഞ്ഞ്‌ വീട്ടിലേക്കുപോകുന്ന‌ രംഗം‌ ഞാന്‍‌ സ്വപ്നം‌ കണ്ടു‌. ഹാ‌യ്‌ എന്ത്‌ രസമായിരിക്കും‌‌!
പിറ്റേന്നുതന്നെ‌ മാവൂരിലെ‌ കോണ്‍‌‌ട്രാ‌ക്ടര്‍‌ സുലൈമാനിക്കയെ‌ പോയി‌ കാണാന്‍‌ ഞങ്ങള്‍‌ തീരുമാനിച്ചു‌. മാവൂര്‍‌ കമ്പനിയിലെ‌ ഒരു‌ തൊഴിലാളിയാവാന്‍‌ എനിക്കും‌ യോഗമുണ്ടാവുകയാണ്‌.
കമ്പനിയില്‍‌ നിന്ന്‌ ദൂരെ‌ കല്പ‌ള്ളി‌പ്പുഴയിലേക്ക്‌ മലിനജലം‌ ഒഴുക്കിക്കളയാന്‍‌ വലിയ‌ പൈപ്പ്ലൈന്‍‌ സ്ഥാപിക്കുന്ന‌ പണി‌ ആരംഭി‌ക്കുകയാണ്‌. അതിനു‌ സ്ഥലമൊരുക്കാന്‍‌ വേണ്ടി‌ കമ്പനിയുടെ‌ അടുത്തുള്ള‌ പാട‌ത്തു‌നിന്ന്‌ മണ്ണെടുത്ത്‌ മാറ്റണം‌. അതിനു‌ ധാരാളം‌ പണിക്കാരെ‌ വേണം‌. ഞങ്ങളെപ്പോലെ‌ ജോലിതേടിയെത്തിയവരില്‍‌ ചെറുപ്പക്കാരികളായ‌ സ്ത്രീകളും‌ കുട്ടികളുമെല്ലാമുണ്ട്‌.
നാളെ‌ മുതല്‍‌ പണിക്കുവരാന്‍‌ സുലൈമാനിക്ക‌ ഞങ്ങളോട്‌ പറ‌ഞ്ഞു‌.‌ പിറ്റേന്നുതന്നെ‌ ഞങ്ങള്‍‌ നടന്ന്‌ മാവൂരിലെത്തി‌.
മലിനജലം‌ കെട്ടിക്കിടന്ന്‌ ദുര്‍ഗന്ധമുള്ള‌ കറുത്ത‌ ചെളിമണ്ണ്‌ ചൂരല്‍‌ കുട്ടയില്‍‌ നിറച്ച്‌ ഒരാള്‍‌ തലയിലേക്ക്‌ വെച്ചുതരും‌. അതുമായി‌ ഞങ്ങള്‍‌ കു‌ട്ടികളും‌ പെണ്ണുങ്ങളും‌ പൊരിവെയിലത്തുകൂടി‌ വരിവരിയായി‌ നടന്നുപോയി‌ ദൂരെ‌ ഒരു‌ സ്ഥലത്ത്‌ കൊണ്ടുപോയി‌ ഇടണം‌. രാവിലെ‌ ഏഴു‌ മണിക്ക്‌ തുടങ്ങുന്ന‌ പണി‌ വൈകുന്നേരം‌ നാലുമണി‌ വരെ‌യുണ്ടാവും‌. തലയില്‍‌ മണ്ണെടുക്കുന്ന‌ പണി‌ ജെ‌.ഡി‌.റ്റി‌.യില്‍‌ നിന്നും‌ പരിചയിച്ചതാണെങ്കിലും‌ ഇതിത്തിരി‌ കടുപ്പമാണ്‌.
മണ്ണുപുരണ്ട്‌ വൃത്തികേടായ‌ തുണിയും‌ മടക്കിക്കുത്തി‌ കഴുത്തില്‍‌ ഒരു‌ തോര്‍ത്തുമുണ്ടും‌ ചുറ്റി‌ വൈകുന്നേരം‌ പണികഴിഞ്ഞ്‌ വീട്ടിലേക്ക്‌ നടന്നുപോകുമ്പോള്‍‌ ഞാന്‍‌ ബീച്ചുണ്ണിയോടു‌ പറഞ്ഞു:‌
''‌ദെന്ത്‌ കമ്പനിപ്പണി‌..‌ നാളെ‌ പണിക്ക്‌ ഞാന്‌ണ്ടാ‌വൂല‌.''‌
ബീച്ചുണ്ണി എന്നെ‌ സമാധാനിപ്പിച്ചുകൊണ്ട്‌ പറഞ്ഞു:‌
''‌ആദ്യൊക്കെ‌ കൊറച്ച്‌ എടങ്ങേറ്ണ്ടാവും‌. പിന്നെ‌ പണി‌ ‌സ്ഥിരാവുമ്പം‌ നല്ല‌ എള്പ്പണ്ടാവും‌.''‌
ആ‌ വാക്കി‌ന്റെ‌ ബലത്തില്‍‌ ഞാന്‍‌ പിറ്റേന്നുകൂടി‌ പണിക്കുപോയി‌. അന്ന്‌ എങ്ങിനേയോ‌ ഞെക്കിഞെരുങ്ങി‌ ‌വൈകുന്നേരമാക്കി‌. അന്നത്തെ‌ പണികഴിഞ്ഞപ്പോള്‍‌ രണ്ടു‌ ദിവസത്തെ‌ കൂലി‌ ഒന്നിച്ച്‌ കിട്ടി‌. പന്ത്രണ്ടു‌ രൂപ‌. അങ്ങനെ‌ ഞാൻ‌ കഠിനാദ്ധ്വാനം‌ ചെയ്തുണ്ടാക്കിയ‌ പൈസകൊണ്ട്‌ മാവൂരില്‍‌ നിന്ന്‌ ആദ്യമായി‌ ഒരു‌ ആപ്പിളും‌ ‌വാങ്ങിത്തിന്ന്‌,
യൂ‌ണിഫോമിട്ട്‌ വെള്ളിച്ചെയി‌നുള്ള‌ വാച്ചും‌ കെട്ടി‌ ‌ രാത്രി‌‌ബസ്സില്‍‌ ഗമയോടെ‌ പണികഴിഞ്ഞു‌പോകുന്ന ഒരു‌ കമ്പനിപ്പണിക്കാരനേയും‌ മനസ്സിലോര്‍മ്മി‌ക്കാതെ‌ ഞാന്‍‌ എളമരം‌ കട‌വി‌നടുത്തൂടെ‌ നടന്ന്‌ വീട്ടിലെ‌ത്തി‌.
കാലം‌ പിന്നേയും‌ കട‌ന്നു‌ പോയി‌. ഇരുവഴിഞ്ഞിപ്പുഴയിലും‌ ചാലിയാര്‍‌ പുഴയിലും‌ അനേകം‌ വേലിയേറ്റങ്ങളും‌ ‌വേലിയിറക്കങ്ങളും‌ വന്നുപോയി‌. ഗ്രാസിം‌ കമ്പനിയില്‍‌ നിന്ന്‌ പുറന്തള്ളുന്ന‌ മാരകവിഷപദാര്‍ത്ഥങ്ങള്‍‌ തങ്ങളുടെ‌ മണ്ണിനേയും‌ വെള്ളത്തേയും‌ വായുവിനേയും‌ മലിനമാക്കുന്നുണ്ടെന്ന്‌ സമീപപ്രദേശത്തെ‌ ജനങ്ങള്‍‌ മനസ്സിലാക്കി‌ത്തുടങ്ങി‌. മാവൂരിലും‌ വാഴാക്കാട്ടും‌ മാരകമായ‌ പല‌ രോഗ‌ങ്ങളും‌ വര്‍ദ്ധിച്ചു‌വരാന്‍‌ കാരണം‌ ഗ്രാസിം‌ കമ്പനിയില്‍‌ നിന്നുള്ള‌ മലിനീകരണമാണെന്ന്‌ ജനങ്ങള്‍‌ തിരിച്ചറിഞ്ഞു‌ തുടങ്ങി‌. ഇത്‌ തങ്ങളുടെ‌ ജീവന്‌ ഭീഷണിയാണെ‌ന്ന്‌ മനസ്സിലാക്കിയ‌ പ്രദേശവാസികള്‍‌ മലിനീകരണത്തിനെതിരെ‌ പല‌ ഭാഗത്തു‌ നിന്നും‌ പ്രതിഷേധ‌ശബ്ദങ്ങളുയര്‍ത്താന്‍‌ തുടങ്ങി‌.
''‌ചാലിയാര്‍‌ പുഴ‌ അശുദ്ധമാക്കും‌ ബിര്‍ളാ‌ കമ്പ‌നി‌ വേണ്ടേ‌ വേണ്ടാ‌..''
എന്ന‌ മുദ്രാവാക്യങ്ങള്‍‌ മുഴക്കി‌യുള്ള‌ പ്രകടങ്ങള്‍‌ മാവൂരിലെ‌ സ്ഥിരം‌ കാഴ്ച‌കളാ‌യി‌. ദീര്‍ഘ‌ വീക്ഷണമുള്ള‌ പ്രാദേശിക‌ നേതാക്കള്‍‌ ജനങ്ങള്‍ക്കിടയില്‍‌ ബോധവല്‍ക്കരണവുമായി‌ രംഗത്തുവന്നു‌. മാ‌വൂര്‍‌ അങ്ങാടിയില്‍‌ ‌നിരാഹാര‌ പന്തലുകള്‍‌ ഉയര്‍ന്നു‌.
അടങ്ങാത്ത‌ പ്രതിഷേധങ്ങള്‍ക്കൊടുവില്‍‌ രണ്ടായിരാമാണ്ടില്‍‌ കമ്പനി‌ എന്നെന്നേക്കുമായി‌ അടച്ചു‌ പൂട്ടി‌. കര്‍മ്മോല്‍സുകരായ‌ ഒരു‌ ജനതയെ‌ നിരന്തരം‌ വിളിച്ചുണര്‍ത്തിയിരുന്ന‌ ആ‌ സൈറണ്‍‌ എന്നെന്നേക്കുമായി‌ നിലച്ചു‌.
അനേകം‌ തൊഴിലാളികളുടെ‌ ജീവിതം‌ അനിശ്ചിതത്വ‌ത്തിലായി‌. ഒരു‌ പാടു‌ കുടുംബ‌ങ്ങള്‍‌ പട്ടിണിയിലായി‌. പല‌ നാടുകളില്‍‌ നിന്നും‌ വന്ന‌ തൊഴിലാളികള്‍‌ അവരുടെ‌ നാ‌ട്ടിലേക്കു‌‌തന്നെ‌ തിരിച്ചു‌ പോയി‌. നാട്ടിലുള്ള‌ പലരും‌ നാടന്‍‌ പണിയിലേക്കുതന്നെ‌ തിരിച്ചു‌ പോയി‌. പലരും‌ ജോലിയില്ലാതെ‌ ദുരിതമനുഭവിച്ചു‌.
ശ്വാസം‌ നി‌ലച്ചു‌ വിറ‌ങ്ങലിച്ചുപോയ‌ ശരീരങ്ങള്‍‌ പോലെ‌ ഫാക്ടറി‌ കെട്ടിടങ്ങല്‍‌ അനക്കമറ്റുകിടന്നു‌.‌ ഐശ്വര്യത്തിന്റേ‌യും‌ അഭിമാനത്തിന്റേയും‌ മുദ്രയണിഞ്ഞിരുന്ന‌ ഗ്രാസിം‌ കമ്പനിയുടെ‌ തണലില്‍‌ സമ്പന്നതയുടെ‌ പച്ചമൂടിയിരുന്ന‌ സമീപപ്രദേശങ്ങള്‍‌ ക്രമേണ‌ അടിവേരറ്റുപോയ‌ വടവൃക്ഷം‌ പോലെ‌ വാടിത്തുടങ്ങി‌.
അങ്ങനെ‌ ഒരു‌ കാലത്ത്‌ പ്രതാപത്തിന്റെ‌ വര്‍ണ്ണഗോപുരങ്ങള്‍‌ പോലെ‌ തലയുയര്‍ത്തിനിന്ന‌ ഒരു‌ മഹാസ്ഥാപനം‌ കാലാന്തരത്തില്‍ ഏതോ‌ പുരാതന‌ നദീതട‌ സംസ്കാര്‍ത്തിന്റെ‌ ശേഷിപ്പുകള്‍‌ പോലെ‌ ജീര്‍ണ്ണാവശിഷ്ടമായി‌.
പഴകി‌പ്പൊളിഞ്ഞ്‌ ശ്മശാന‌‌മൂകമായ‌ കമ്പനി‌ കോര്‍ട്ടേഴ്സുകള്‍ക്കും‌ കാടുപിടിച്ച‌ വി‌ജനപാതകള്‍ക്കുമിടയില്‍‌ മുഖം‌കുനിച്ച്‌ ‌നില്‍ക്കുന്ന‌ ഇല‌ കൊഴിഞ്ഞ‌ മരങ്ങള്‍‌ പോലെ‌, വാര്‍ദ്ധക്യത്തിന്റേയും‌ ഏകാന്തതയുടേയും‌ നിശ്ശ‌ബ്ദ‌വഴിയോരങ്ങളില്‍‌
സുന്ദരമായ‌ ഒരു‌ കാലത്തിന്റെ‌ ഗൃഹാതുര‌സ്മരണകളുമായി‌ അനേകം‌ തൊ‌ഴിലാളികള്‍‌ വിദൂര‌ നാടുകളിലെവിടെയോ‌ ഇന്നും‌ ജീവിക്കുന്നുണ്ടാവും‌.
അവര്‍ക്കായി‌ കുറച്ച്‌ ഓര്‍മ്മപ്പൂക്കളെങ്കിലും‌ ഇവിടെ‌ സൂക്ഷിക്കട്ടെ‌..!
( തുടരും‌ )...........
റസാഖ്‌ വഴിയോരം‌ ....................................
ഓര്‍മിക്കാതെ പോയ ഓര്‍മകള്‍ ( അധ്യായം‌ - 14 )

No comments:

Post a Comment