Saturday, July 10, 2021

(‌അ‌ധ്യായം‌ -1‌3) വിഭ്രാന്തിയുടെ‌ നട‌വഴികള്‍‌‌‌

 




വിഭ്രാന്തിയുടെ‌ നട‌വഴികള്‍‌‌‌ (‌അ‌ധ്യായം‌ -1‌3)

..........................................................................
നീലാകാശത്തില്‍‌ ഒഴുകിപ്പരക്കുന്ന‌ വെള്ള‌മേഘങ്ങള്‍ ക്രമരഹിതമായി‌ ‌കോറിയിടുന്ന‌ നിഗൂഢചിത്ര‌ങ്ങള്‍‌ പോലെ‌യാണ്‌ ദിനനിശകളില്‍‌ ഒഴുകിപ്പരക്കുന്ന‌ മനുഷ്യ‌ജീവി‌തവും‌.
എത്ര‌ ക്ഷണനേരം‌ കൊണ്ടാണ്‌ ‌അവയുടെ‌ രൂപഭാവങ്ങള്‍‌ മാറിമറിയുന്നത്‌‌! ‌ ‌
‌‌‌സ്വയം‌ ‌നിശ്ചയിച്ചതല്ലാത്ത‌ കാലദേശങ്ങളില്‍‌‌
‌‌ഭൂമിയിലേക്കിറങ്ങിവരുന്ന‌‌ മനുഷ്യാത്മാ‌ക്കള്‍‌‌ ശരീരമാകുന്ന‌ മറ‌ക്കു‌ള്ളില്‍‌ ഒളിച്ചിരുന്ന്‌ ‌ജീവിതം‌ കണ്ട്‌ മടങ്ങിപ്പോകുന്നു‌.
അവര്‍‌ തിരിച്ചുനടന്ന‌ വഴികളില്‍‌ പിറകെ‌ വരുന്നവര്‍ക്ക്‌ കണ്ടെടുക്കാനായി‌ എത്രയോ‌ ‌ഓര്‍മ്മക്കൂടുകള്‍‌ ഒളിച്ചുവെച്ചിട്ടുണ്ടാവും‌.
എന്റെ‌ വഴികളില്‍‌ മറവിയുടെ‌ മണ്ണ്‌ വീണ്‌ മൂടിപ്പോയ‌ ‌ഓര്‍മ്മക്കൂടുകളില്‍‌ നിന്ന്‌ തിളങ്ങുന്ന‌ നക്ഷത്രക്ക‌ണ്ണുകള്‍‌ തുറന്ന്‌ മൂസാക്ക‌‌ ചിരിച്ചു‌.
‌
മാസങ്ങള്‍‌ എത്ര‌ വേഗത്തിലാണ്‌ കടന്നുപോയത്‌. എട്ടാം ക്ലാസ്സിലെ‌ കൊല്ലപ്പരീക്ഷ‌ കഴിഞ്ഞു‌. ഈ‌ അനാഥാലയത്തിലെ‌ അന്തേവാസിയായിട്ട്‌ ‌‌പത്തു‌മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു‌.
‌
ഇക്കാക്കയുടേയും‌ മാളിയക്കല്‍‌ മൂസാക്ക‌യുടെയും‌ കൂടെ‌ ആദ്യമായി‌ ജെ‌.ഡി‌.റ്റി‌.യിലേക്ക്‌ വന്ന‌ ദിവസം‌ ഇന്ന‌ലെ‌യെന്ന‌പോലെ‌ മനസ്സില്‍‌ തെളിഞ്ഞുവന്നു‌.‌
കോവൂരില്‍‌ ബസ്സിറങ്ങി‌‌ മേരിക്കുന്നിലേക്കുള്ള‌ ‌‌വീതിയുള്ള‌ ഇടവഴിയിലൂടെയും‌ വയല്‍‌‌വരമ്പിലൂടെയും‌ അവരുടെ‌ ചിരിതമാശകള്‍‌ കേട്ടുകൊണ്ട്‌ നട‌ക്കുമ്പോള്‍‌ പുതിയ‌ സ്ഥലങ്ങള്‍‌ കാണാനുള്ള‌ ആകാം‌ക്ഷ‌യായിരുന്നു‌ മനസ്സു‌ നിറയെ‌. ‌
‌ഇരുമ്പുപെട്ടി‌യും‌ തൂക്കിപ്പിടിച്ച്‌ ‌എന്നോട്‌ ചേര്‍ന്നു‌‌നടന്നിരുന്ന‌ മൂസാക്ക‌ ഇടക്കിടെ‌ എന്റെ‌ ചുമലില്‍‌ കൈവെച്ചുകൊണ്ട്‌ ചോദിക്കും‌ :‌
''‌‌‌നടന്ന്‌ കൊയങ്ങ്യോ‌..?''‌
‌ഞാന്‍‌ ഇല്ലായെന്ന്‌ തലയാട്ടും‌. എന്നാലും‌ എന്നെ‌ സമാധാനിപ്പിക്കാനായി‌ മൂസാക്ക‌ പറയും:‌
''ദാ‌.. ആ‌ വളവുംകൂടി‌ കഴിഞ്ഞാ ജേഡീറ്റ്യെത്തും‌.''‌
അത്‌ കേള്‍ക്കുമ്പോള്‍‌ എ‌ന്റെ‌ മുഖത്ത്‌ വിരിയുന്ന‌ ചെറു‌സന്തോഷം‌ കണ്ട്‌ മൂസാ‌ക്ക‌ ‌ചിരിക്കും‌.‌ ആ‌ കര‌സ്പര്‍ശ‌ത്തിന്റെ‌യും‌ സാന്ത്വനത്തിന്റേയും‌ തണല്‍‌ ചേര്‍ന്ന്‌ ‌നട‌ക്കുമ്പോള്‍‌ ഞാന്‍‌ തളര്‍ന്നതേയില്ല‌. ‌
ഓരോ‌ വള‌വുകള്‍‌ തിരിയുമ്പോഴും‌ ‌ആകാശത്തേക്കെന്നപോലെ‌ ‌മൂസാക്കയുടെ‌യും‌ ഇക്കാക്കയുടേ‌യും‌ മുഖത്തേക്ക്‌ ഞാന്‍‌ തല‌ ഉയര്‍ത്തി‌ നോക്കിയെങ്കിലും‌ നട‌ക്കാനുള്ള‌ വഴികള്‍‌ ‌മുമ്പില്‍‌ നീണ്ടുതന്നെ‌ കിടന്നു‌.
വഴിവക്കിലുള്ള‌ വലിയ‌ മാവില്‍‌ ‌തൂങ്ങിക്കിടക്കുന്ന‌ ചെറുമാങ്ങക്കൂ‌ട്ടങ്ങളിലേക്ക്‌ വിരല്‍‌ ചൂണ്ടി‌ മൂസാക്ക‌ ചോദിച്ചു:‌
''വേണോ‌..?''‌
പിന്നെ‌ ഏറുകള്‍‌ കൊണ്ട്‌ മാങ്ങകള്‍‌ ചെമ്മണ്ണു‌ നിറഞ്ഞ‌ വഴികളില്‍‌ വീണുതെറിച്ചു‌. ‌പഴുത്തുചുവന്ന‌ ചെറുമാങ്ങക‌ള്‍‌ കടിച്ചു‌തിന്നു‌കൊണ്ട്‌ നടത്തം‌ തുടരുമ്പോള്‍‌ ചിരിച്ചുകൊണ്ട്‌ മൂസാക്ക‌ പറഞ്ഞു‌:‌
''‌ദാ‌.. ഈ‌യൊരൊറ്റ‌ കേറ്റം‌ കൂടി‌ കേറിയെറങ്ങ്യാ‌ ഞമ്മള്‌ ജെ‌ഡീ‌റ്റ്യെത്തും‌''‌
ആ‌ ‌'‌അവ‌സാ‌നത്തെ‌'‌ ഇറക്കവും‌ കഴിഞ്ഞ്‌ പിന്നെയും‌ ഒരു‌ കയറ്റം‌ കയറിയാണ്‌ ഞങ്ങള്‍‌ വെള്ളിമാടു‌കുന്നിലേക്കുള്ള‌ മെയിന്‍‌ റോഡിലെത്തി‌യത്‌.
വീതികൂടിയ‌ കറുത്ത‌ റോഡിനോട്‌ ചേര്‍ന്ന്‌ ‌മഴ‌ വെള്ളം‌ കുത്തിയൊലിച്ചുപോയ‌ ചാലുകളുണ്ടായിരുന്നു‌. വെള്ള‌ ബോര്‍ഡില്‍‌ ‌കറു‌ത്ത‌ അക്ഷരങ്ങള്‍കൊണ്ട്‌ ‌'വെള്ളിമാടുകുന്ന്'‌ എന്നെഴുതിയ‌ പച്ച‌ ബസ്സുകള്‍‌ കയറ്റം‌ കയറി‌ വരുന്നത്‌ നോക്കിക്കൊണ്ട്‌ ഞാന്‍‌ മെല്ലെ‌ ‌നട‌ന്നു‌.
മുമ്പില്‍‌ നടക്കുകയായിരുന്ന‌ മൂസാക്ക‌ തിരിഞ്ഞുനിന്ന്‌‌, കരി‌ങ്കല്ലുകള്‍‌ കൊ‌ണ്ട്‌ ഉയരത്തില്‍‌ കെട്ടിയുണ്ടാക്കിയ‌ മതിലുകള്‍ക്കപ്പുറത്തെ‌ ഓടുമേഞ്ഞ‌ സ്കൂള്‍‌ കെട്ടിടത്തിലേക്ക്‌ ‌ചൂണ്ടി‌ക്കൊണ്ട്‌ ‌പറഞ്ഞു‌:‌
''‌ദാ‌.. അതാണ്‌ ജെ‌.ഡി‌.റ്റി‌.''‌
ആകാംക്ഷ കലര്‍ന്ന‌ ഒരു‌ ഭയം‌ എന്നെ‌ വന്നുമൂടുകയായിരുന്നു‌.
നിര്‍മ്മലാ‌ ഹോസ്പിറ്റലിനു‌ മുമ്പില്‍‌ വരിവരിയായി‌ നിര്‍ത്തിയിട്ടിരിക്കുന്ന‌ ‌വെളുത്ത‌ അംബാസ്സഡ‌ര്‍‌ ടാക്സി‌ കാറു‌കളേയും‌,
ഫ്ലാസ്കുകള്‍‌ തൂക്കിപ്പിടിച്ച്‌ രോഗികള്‍ക്ക്‌ ചായയുമായി‌ ‌നടന്നു‌പോകുന്ന‌വരേയും‌ അതിശയത്തോടെ‌ നോക്കി‌‌നില്‍ക്കുമ്പോള്‍‌ മൂസാക്ക‌ ചോദിച്ചു:‌
''പയ്ക്ക്ണ്‌‌ണ്ടോ‌..?
''‌ങും‌..''‌ ഞാന്‍‌ തലയാട്ടി‌.
നന്നായി‌ വിശക്കുന്നുണ്ടായിരുന്നു‌.‌ രാവിലെ‌ വീട്ടില്‍‌ നിന്നിറങ്ങുമ്പോള്‍‌ ഒന്നും‌ തിന്നാന്‍‌ കഴിയാത്ത‌ വല്ലാത്തൊ‌ര‌വസ്ഥയായിരുന്നു‌. പിന്നെ‌ കോവൂരില്‍‌ ബസ്സിറങ്ങി‌ മേരിക്കുന്നുവരെ‌ നടക്കുകയും‌ ചെയ്തു‌. ‌ഇടക്ക്‌ ഒന്നുരണ്ട്‌ മാങ്ങകള്‍‌ തിന്നത്‌ മാത്രമാണ്‌ ആശ്വാസം‌.
'ഊണ്‍‌ തയ്യാര്‍'‌ എന്നെഴുതിവെച്ചിരിക്കുന്ന‌ ഒരു‌ ചെറിയ‌ ഹോട്ടലിനുമുമ്പിലേക്ക്‌ ഇക്കാക്കയുടെ‌ കൈ‌ പിടിച്ച്‌‌ ഞാന്‍‌ റോ‌ഡ്‌ മുറിച്ചുകടന്നു‌.
ലുങ്കിത്തുണി‌ മടക്കിക്കുത്തി‌ ‌അഴുക്കുപുരണ്ട‌ ഒരു‌ റീഫില്‍‌പേന‌ ചെവിക്കിടയില്‍‌ തിരുകിവെച്ച്‌ സപ്ലയര്‍‌ അടുത്ത്‌ വന്ന്‌ ചോദിച്ചു:‌
ഊണല്ലേ‌..?
‌മുമ്പിലിട്ട‌ വാഴയിലയിലേക്ക്‌ ഗ്ലാസ്സില്‍‌ നിന്ന്‌ വെള്ളമൊഴിച്ച്‌ കഴുകിത്തുടച്ചു‌.
ആദ്യമായിട്ടാണ്‌ ഒരു‌ ഹോട്ടലില്‍‌ നിന്ന്‌ ചോറ്‌ തിന്നുന്നത്‌. ‌ചോറും‌ കറി‌‌യും‌ രുചിയോടെ‌ ‌തിന്നു‌കൊണ്ടിരിക്കുമ്പോള്‍‌ മൂസാക്ക‌ കളിയാക്കു‌ന്ന‌‌പോലെ‌ പറ‌ഞ്ഞു‌:‌
''‌യത്തീങ്കാനേല്‌ എല്ലാ‌ വെള്ള്യാഴ്ച്ചിം‌ ബിര്യാണിണ്ടാവും‌..''‌
ഞാന്‍‌ ചിരിച്ചു‌.
ഇറങ്ങിവരുമ്പോള്‍‌ ഹോട്ടലിനോട്‌ ചേര്‍ന്ന‌ ഒരു‌ ക‌ടയില്‍‌ നിന്ന്‌ ഇക്കാക്ക‌യെനിക്ക്‌ ‌ചുവന്ന‌ കരയുള്ള‌ ഒരു‌ പുല്പായ‌ വാങ്ങിത്തന്നു‌. അതിലാണ്‌ ഇനി‌ ഞാന്‍‌ അന്തിയുറ‌ങ്ങേണ്ടത്‌.
ഓര്‍ഫനേജിന്റെ‌ ഓഫീസിനു‌ മുമ്പില്‍‌ വരി‌ നില്‍ക്കുമ്പോള്‍‌ മൂ‌സാ‌ക്ക‌ എന്നെ‌ത്തന്നെ‌ ‌നോക്കിനില്‍ക്കുന്നുണ്ടായിരുന്നു‌.
അഡ്മിഷന്‍‌ ശരിയാക്കി‌ വാര്‍ഡനു‌
‌പിന്നാലെ‌‌ റൂമിലേ‌ക്ക്‌ പോകാനൊരുങ്ങുമ്പോള്‍‌‌ ‌അടുത്തേക്ക്‌ നട‌ന്നു‌വന്ന്‌ ‌ രണ്ടു‌ രൂപയുടെ‌ ഒരു‌ ചുവന്ന‌‌ നോട്ട്‌ എന്റെ‌ കീശയില്‍‌ ഇട്ടുതന്നുകൊണ്ട്‌ ‌മൂസാക്ക‌ പറഞ്ഞു:‌
"‌വ്ടെ‌ നല്ല‌ സുഖാ‌.. നല്ലോണം‌ വായ്ച്ച്‌ പടി‌ക്കണം‌.. കൊറച്ചോസം‌ കയ്‌ഞ്ഞി‌ ഞങ്ങള്‌ വെ‌രാം‌..''‌
വെളിച്ചത്തിലേക്ക്‌ കണ്ണുതുറന്നും‌ ഇരുട്ടിലേക്ക്‌ കണ്ണടച്ചും‌ രാപ്പകലുകള്‍‌ അതിവേഗം‌ കടന്നുപോയി‌.
ഒരു‌ ‌വേനലവധിക്കാലത്ത്‌ ഞാന്‍‌ നാട്ടിലെത്തിയ‌ ദിവസം‌‌ മാളിയേ‌ക്കല്‍‌ കടവിലേക്ക്‌ ‌കു‌ളി‌ക്കാന്‍‌ പോയപ്പോള്‍‌ ‌നീളമുള്ള‌ ഒരു‌ തോട്ടികൊണ്ട്‌ പുഴവക്കത്തെ‌ പറ‌ങ്കിമാവില്‍‌ നിന്ന്‌ പ‌റങ്കിമാങ്ങ‌ പറിച്ചുകൊണ്ടിരിക്കയായിരുന്നു‌ മൂസാക്ക‌‌‌. ‌
എന്നെ‌ കണ്ടപ്പോള്‍‌ വലിയ‌ സന്തോഷത്തോടെ‌ അടുത്തേക്ക്‌ വന്നുകൊണ്ട്‌ മൂസാക്ക‌ ചോദിച്ചു‌:‌
''എങ്ങനുണ്ട്‌ ജേഡീറ്റി‌..?
നിലത്തുവീണുകിടക്കുന്ന‌ പറ‌ങ്കി‌മാങ്ങ‌ വെറുതെ‌ കാല്‍‌‌വിരലുകള്‍‌ കൊണ്ട്‌ ഇളക്കിക്കൊണ്ട്‌ ഒന്നും‌ മിണ്ടാതെ‌ ഞാന്‍‌ നിന്നു‌.
പുഴയിലും‌ പാടത്തും‌ കളിച്ചുരസിച്ചു‌നടക്കേണ്ട‌ ബാല്യകാലത്ത്‌ ഏതോ‌ യത്തീം‌ ഖാനയില്‍‌ അട‌ച്ചിടപ്പെടുന്ന‌ ഒരു‌ കുരുന്നു‌മനസ്സിന്റെ‌ നൊമ്പരം‌ എന്റെ‌ മുഖത്തുനിന്ന്‌ വായിച്ചെടുത്തപോലെ‌ മൂസാക്ക‌ എന്റെ‌ അടുത്തേക്ക്‌ ചേര്‍ന്നുനിന്നുകൊണ്ട്‌ പറഞ്ഞു:‌
''‌ഇക്കൊല്ലത്തെ‌ പരീക്ഷ‌ കയ്യട്ടെ‌‌, വെരുംകൊല്ലം‌ ഞമ്മക്ക്‌ ഇവിടേതെങ്കിലും‌ സ്കൂളില്‌ ചേരാം‌..''‌‌
എനിക്കു‌ സന്തോഷമായി‌.‌ കടവിലെ‌ ‌കുത്തനെ‌യുള്ള‌ ഇറക്കത്തില്‍‌ ‌ക്ര‌മമില്ലാതെ‌ അടു‌ക്കിവെച്ച‌ ചെങ്ക‌ല്ലുകളില്‍‌ ചവിട്ടി‌ ഞാന്‍‌ വെറുതെ‌ പുഴയിലേക്ക്‌ നോക്കിനിന്നു‌. പിന്നെ‌ കടവിലിറങ്ങി‌ നീന്തിക്കുളിച്ചു‌. ‌മതിലില്‍‌ ‌തൂങ്ങിക്കിടക്കുന്ന‌ വേരുകളില്‍‌ പിടിച്ച്‌ മുകളിലേക്ക്‌ കയറി‌‌, നനഞ്ഞ‌ മുണ്ട്‌ പിഴിഞ്ഞുടുത്ത്‌ വീട്ടിലേക്ക്‌ പോകാനൊരുങ്ങുമ്പോള്‍‌, ‌‌ചുവപ്പു‌നിറമുള്ളൊരു‌ പറങ്കിമാങ്ങ‌ എനിക്കുനേരെ‌ നീട്ടി നട‌ന്നുവന്നുകൊണ്ട്‌ മൂസാക്ക‌ പറഞ്ഞു‌ :‌
"‌‌ത്‌‌ന്നോ‌..''‌
ഞാന്‍‌ പറ‌ങ്കിമാങ്ങ‌ വാങ്ങി‌ കടിച്ചുതിന്നുകൊണ്ട്‌ പോകാനൊരുങ്ങുമ്പോള്‍‌ മൂസാക്ക‌ ചിരിച്ചുകൊണ്ട്‌ പറ‌ഞ്ഞു:‌
''നല്ലോണം‌ പടിക്കണംട്ടോ‌.."‌
ഞാന്‍‌ തലയാട്ടി‌.
‌അവധിക്കാലത്ത്‌ പാടത്ത്‌ പോയി‌ പന്തു‌‌കളിച്ചതിന്റേയും‌ പുഴയില്‍‌ നീന്തിക്കുളിച്ചതിന്റേയും‌ നല്ല‌ ഓര്‍മ്മകളുമായി‌ അവധി‌ക്കാലം‌ കഴിഞ്ഞ്‌ ഞാന്‍‌ ‌അനാഥാലയത്തിലെ‌ അസ്വാതന്ത്ര്യത്തിലേക്കുതന്നെ‌ തിരിച്ചുപോയി‌.
ബാല്യകൗമാരങ്ങളുടെ‌ കടല്‍തീരങ്ങളില്‍‌ കാലത്തിര‌മാലകള്‍‌ നുരയും‌ പതയുമായി‌ ചിതറി‌യൊടുങ്ങി‌.
പത്താം‌ ക്ലാസ്സ്‌ കഴിഞ്ഞ്‌ കോളേ‌ജിലേക്കും‌ കോളേജ്‌ പഠനം‌ കഴിഞ്ഞ്‌ നിരാശയുടെ‌ വരണ്ട‌ കാലത്തിലൂടെ‌ ജോലി തേടിയും‌ പിന്നേയും‌ ഞാന്‍‌ കുറേ‌ കാലം‌ ദിക്കറിയാതെ‌ അ‌ലഞ്ഞുനടന്നു‌.
അതിനിടയിലെപ്പൊഴൊ‌ ആകാശ‌ത്തിലെ‌ മേഘചിത്രങ്ങല്‍‌ പോലെ‌ മൂസാക്കയുടെ‌ രൂപഭാവങ്ങളും‌ മാറിക്കഴിഞ്ഞിരുന്നു‌.
ഹൈസ്കൂള്‍‌ കാ‌ലഘട്ടത്തില്‍‌ പഠന‌ത്തില്‍‌ ‌അതിസമര്‍ത്ഥ‌നായിരുന്ന‌ മൂസാക്ക‌ ‌ഇടക്കെപ്പൊഴോ‌ മൂകമായ‌ ഒരു‌ ബിന്ദുവില്‍‌ നിന്ന്‌ ഏകാന്തതയിലേക്കും‌ വിഷാദത്തിലേക്കും‌ വഴിമാറിപ്പോയിരുന്നു‌.‌
പിന്നെ‌ കാലവും‌ ദേശവും‌ മുറിച്ചുകട‌ന്ന്‌,
അജ്ഞാനത്തിന്റെ‌ ‌ഗൂഢ‌മായ‌ ഉന്മാദത്തില്‍‌ നിന്ന്‌ ജ്ഞാനത്തിന്റെ‌ നിഗൂഢ‌ മൗനത്തിലേക്ക്‌ ഒരു‌ സൂഫിയെ‌പ്പോലെ‌ അദ്ദേഹം‌ ഏകാന്തപഥികനായി‌ ‌ യാത്ര‌ തുടങ്ങി‌ക്കഴിഞ്ഞിരുന്നു‌.
തനിക്കു‌ ചുറ്റിലുമുള്ള‌ ഒന്നിനോടും‌ ഉടമാവകാശബോ‌ധ‌ത്തിന്റെ‌ ബന്ധനങ്ങളില്ലാതെ‌‌, സ്വന്ത‌ബന്ധങ്ങളുടെ‌ ‌ഭാരമില്ലാതെ‌, ഓര്‍മ്മകളുടേയും‌ മറവികളു‌ടേയും‌ ഇടയിലൂടെയുള്ള‌ ‌അദൃശ്യമായൊരു‌ നട‌വഴിയിലൂടെ‌‌‌, ദശാബ്ദങ്ങള്‍‌ വകഞ്ഞുമാറ്റി‌ മൂസാക്ക‌ നടന്നുപോയി‌‌.
രണ്ടു‌കൈകളും‌ പിന്നിലേക്ക്‌ ചേര്‍ത്തുപിടിച്ച്‌, ‌ദൂരെ‌ ഏതോ‌ ഒരു‌‌ കോണിലേക്ക്‌ മിഴികളുറപ്പിച്ച്‌‌, ‌ഋതുഭേദങ്ങളോട്‌ കലഹിക്കാതെ‌‌, മൂസാക്ക‌ നടന്നുപോകുന്നത്‌ ഞാന്‍‌ വേദനയോടെ‌ നോക്കിനില്‍ക്കാറുണ്ട്‌.
നീണ്ട‌ താടിയും‌ മുടിയും‌ തടവി‌‌ ദൂരെ‌‌നിന്ന്‌ അദ്ദേഹം‌ നടന്നു‌‌വരുന്നത്‌ കാണുമ്പോള്‍‌ ‌ഞാന്‍‌ പലപ്പോഴും‌ അടു‌ത്തേക്ക്‌ ചെന്ന്‌ ‌പതുക്കെ‌ വിളിക്കും‌ :‌
''‌മൂസാക്കേ‌..!''‌
‌പതിയെ‌ ഒന്ന്‌ ചെരിഞ്ഞുനോക്കി‌ ''ങും‌..''‌ എന്നൊരു‌ മൂളല്‍‌ശബ്ദം‌ മാത്രം‌ തിരിച്ചുതന്ന്‌ മൂസാക്ക‌ നടന്നകലുമ്പോള്‍‌, മറ‌വിയുടെ‌ മ‌ണ്ണുവീണ്‌ മൂടിപ്പോകാത്ത‌ ആ‌ മനസ്സിന്റെ‌ ഏതോ‌ ഒരു‌ കോണില്‍‌ ‌ഞാനിപ്പോഴും‌ ജീവിച്ചിരിക്കുന്നുണ്ടെന്ന്‌ ‌ ഞാന്‍‌ തിരിച്ചറിയും‌. അപ്പോള്‍‌ ‌വഴിയവസാനിച്ചുപോയ‌ ഏതോ‌ ഒരു‌ ഗര്‍ത്തത്തിന്റെ‌ വക്കത്ത്‌ മുന്നോട്ടോ‌ പിന്നോട്ടോ‌ ‌നീങ്ങാനാവാതെ‌ ഞാന്‍‌ നിശ്ചലനായി‌ ‌നിന്നുപോകും‌.
‌
ഒരു‌ നോമ്പുകാലത്തിനു‌ തൊട്ടുമുമ്പ്‌,
പൂര്‍വ്വീകരുടെ‌ ഓര്‍മ്മകളുറങ്ങുന്ന‌‌ മാളിയക്കല്‍‌ തറവാട്ടില്‍‌ നിന്ന്‌, ‌ശരീരത്തിന്റെ‌ ഭാരം‌ ചുമക്കേണ്ടതില്ലാത്ത‌ ‌സുന്ദര‌‌മായൊരു‌ ലോകത്തേക്ക്‌ മൂസാക്ക‌ ‌ഒറ്റക്ക്‌ യാത്ര‌പോയി‌.
.................................................................‌
ഇന്ന്‌ കോവൂരില്‍‌ നിന്ന്‌ വെള്ളിമാടുകുന്നിലേക്കുള്ള‌ വീതികൂടിയ‌ ഇരട്ടവരിപ്പാതയിലൂ‌ടെ‌, സിഗ്നലുകളും‌ ‌സീബ്രാലൈനുകളും‌ മുറിച്ചു‌കടന്ന്‌ അതി‌വേഗത്തില്‍‌ ഓടിപ്പോ‌കുമ്പോള്‍‌‌ ‌വെറുതെ‌ ഞാന്‍‌ ‌ റോഡരി‌കില്‍‌ കാറ്‌ നിര്‍ത്തും‌.
‌എന്നിട്ട്‌ ചെറുമാങ്ങകള്‍‌ കൂട്ടമായി‌ തൂങ്ങിനില്‍‌‌ക്കുന്ന‌ ആ‌ വലിയ‌ മാവിന്‍‌ ചില്ലകള്‍‌ മനസ്സില്‍‌ സങ്കല്‍‌പ്പി‌ച്ച്‌ അകലങ്ങളിലേക്ക്‌ നോക്കിനില്‍ക്കും‌.‌
അപ്പോള്‍‌ രണ്ടുകൈകളും‌ പിന്നില്‍‌ കൂട്ടിപ്പിടിച്ച്‌ ഓര്‍മ്മക‌ളുടെ‌ നനവുള്ള‌ ആ‌ വഴിയിലൂടെ‌ മൂസാക്ക‌ ദൂരെ‌ നിന്ന്‌ നടന്നു‌ വരുന്നത്‌ കാണാം‌.
‌
അടുത്ത്‌ വന്ന്‌ ''‌കൊയങ്ങ്യോ‌..?''‌ എന്ന്‌ ചോദി‌ക്കുന്നത്‌ കേള്‍ക്കാം‌.
ജീവിത‌ യാത്രയില്‍‌ പലപ്പോഴും‌ ഞാന്‍‌‌ ‌തളര്‍ന്നുപോകുന്നുണ്ടെന്ന്‌‌ സമുദ്രത്തോളം‌‌ ആഴമുള്ള‌ ജീവിതം‌ നീന്തിക്കയറിയ‌ മൂസാ‌ക്ക‌ അറിയുന്നുണ്ടാവ‌ണം‌.
കുട്ടിക്കാലത്ത്‌ ഏറെ‌ പ്രിയപ്പെട്ടതായി‌ മനസ്സില്‍‌ താലോലിച്ചിരുന്ന‌ രക്ത‌ബന്ധ‌ങ്ങളും‌ സ്നേഹബന്ധ‌ങ്ങളും‌
കാലം‌ അപഹരിച്ചെ‌ടുക്കുമെന്ന്‌ ‌തിരിച്ചറിയാന്‍‌ ജീവിത‌‌വഴിയില്‍‌ ഇത്രദൂരം‌ സഞ്ചരിച്ചിരിക്കണമെന്നത്‌ കാലത്തിന്റെ‌ നിശ്ചയമാകാം‌.
സ്വന്തമെന്ന്‌ കരുതിയിരുന്ന‌ പലതും‌ എന്റേതല്ലെന്ന്‌ തിരിച്ചറിയാന്‍‌ ‌‌‌സ്വയം‌ ‌നിശ്ചയിച്ചതല്ലാത്ത‌ ഏതോ‌ കാലദേശങ്ങളിലൂടെ‌ ഇനിയും‌ നട‌ന്നു‌പോകണമായിരിക്കാം‌.
പിറകെ‌ വരുന്നവര്‍ക്കു‌ കണ്ടെടുക്കാന്‍‌ ഓര്‍മ്മക്കൂടുകളില്‍‌ ഒന്നും‌ ബാക്കി‌വെക്കാനില്ലാതെ‌ കാല‌ത്തിനു‌ കുറുകെ‌ ഞാനും‌ നട‌ന്നകലുകയാ‌ണ്‌.‌
നടന്നുതീര്‍ത്ത‌ അത്രയും‌ വഴി‌ദൂരം‌ ഇനി‌‌യെനിക്ക്‌ മുന്നോട്ട്‌ സഞ്ചരിക്കാനില്ലെന്നറിഞ്ഞിട്ടും‌‌ ‌ദിക്കറിയാത്ത‌ ‌ഏതോ‌ വഴിയരികില്‍‌ ഞാന്‍‌ നിശ്ചലമൂകനായി‌ നിന്നുപോകാറുണ്ട്‌.
അപ്പോഴൊക്കെ‌ വിഭ്രാന്തിയുടെ‌ വിദൂരമായ‌ ഏതോ‌ ഒരു‌ ബിന്ദുവിലേക്ക്‌ ചിറകിട്ടടിച്ച്‌ പറന്നുപോകുന്ന‌ മനസ്സ്‌ അതിരുകള്‍‌ മുറിച്ചുകടക്കാതെ‌ എന്നിലേക്കുതന്നെ‌ തിരിച്ചുവറാറുണ്ട്‌.
എന്നെങ്കിലുമൊരി‌ക്കല്‍‌ ആ‌ അതിരുകള്‍‌ മുറിച്ചുകടന്ന്‌ മനസ്സ്‌ ‌‌തിരിച്ചു‌ വരാതിരിക്കുമോ‌..! ‌ ( തുടരും‌)
‌‌‌..‌..‌...റസാഖ്‌ വഴിയോരം‌ ...............
ഓര്‍മ്മിക്കാതെ‌ പോയ‌ ഓര്‍മകള്‍‌‌ (അധ്യായം‌ - 13‌)

No comments:

Post a Comment