Saturday, July 10, 2021

അധ്യായം‌‌ -‌1‌2 അനാഥന്റെ‌ മകന്

 







അനാഥന്റെ‌ മകന്‍‌ ‌:‌ അധ്യായം‌‌ -‌1‌2

..‌.........................................................
പറഞ്ഞുകൊ‌ണ്ടിരിക്കെ‌ പെട്ടന്ന്‌ മുറിഞ്ഞുപോകുന്ന‌ ‌വാക്കുകള്‍‌ പോലെയാണ്‌ ‌ആകസ്മിക‌ മരണങ്ങള്‍‌.
സ്വന്തം‌ വേരില്‍‌ തളിര്‍ത്തുവന്ന‌ നിസ്സഹായ‌‌ജന്മങ്ങളെ‌ വിധിയുടെ‌ ഔദാര്യത്തിന്‌ വിട്ടു‌കൊടുത്ത്‌ പെട്ടന്നൊരു‌ ദിവസം‌‌ അപ്രത്യക്ഷമാവുന്ന‌ പാതിമുറിഞ്ഞ‌ ‌വാക്കുകള്‍‌!
‌ഒരാളുടെ‌ ജീവിതം‌ അപ്രതീക്ഷിതമായി‌ ‌അസ്തമി‌ക്കുമ്പോള്‍‌ ചുറ്റിലും‌ പരക്കുന്ന‌ നിസ്സഹായതയുടെ‌ കൂരിരു‌ട്ടില്‍‌ അകപ്പെടുന്ന‌ ‌അനേകം‌ ഭാഗ്യഹീനരുണ്ട്. ‌ ലോകം‌ അവരെ‌ അനാഥ‌രെന്നോ‌ വിധവകളെന്നോ‌ ‌ പേര്‍‌‌ചൊല്ലിവിളിക്കുന്നു‌.
ഒര‌നാഥനല്ലാതിരു‌ന്നിട്ടും‌ ജെ‌.ഡി‌.റ്റി‌.ഇസ്‌‌ലാം‌ ഓര്‍ഫനേജിലേക്ക്‌ 1‌975‌ ലെ‌ പുതിയ‌ അധ്യ‌യന‌ വര്‍ഷത്തില്‍‌ പ്രവേശനം‌ തേടി‌യെത്തിയ‌ അനേകം‌ അനാഥബാല്യങ്ങള്‍ക്കിടയില്‍‌ നിസ്സംഗഭാവത്തോടെ‌ ഞാന്‍‌ നിന്നു‌‌.
‌
ചുവന്ന‌ ‌കരയുള്ള‌ പുതിയ‌ പുല്‍‌പ്പാ‌യ‌ ഇരുമ്പുപെട്ടിക്കുമുകളില്‍‌ വെച്ച്‌, എന്നെപ്പോലെ‌ അഭയം‌ തേടിയെത്തിയ‌ ചുറ്റുമുള്ള‌ പല‌ മുഖങ്ങളിലേക്കും‌ ഞാന്‍‌ മാറി‌ മാറി‌ നോക്കി‌. ചോദ്യങ്ങളില്ലാത്ത‌ ഉത്തരങ്ങളായും‌ ഉത്തരങ്ങളില്ലാത്ത‌ ചോദ്യങ്ങളായും‌ അവരുടെ‌ നിശ്വാസങ്ങള്‍‌ എനിക്കുചുറ്റും‌ വന്നു‌നിറഞ്ഞു‌.
കൂടെയുള്ള‌ കുട്ടികളെ‌ ‌അരികിലേക്ക്‌ ചേര്‍ത്തുപിടിച്ചുകൊണ്ട്‌ വെള്ള‌ കാച്ചിത്തു‌ണിയുടുത്ത‌ ഉമ്മമാര്‍‌ ഓഫീസിനു‌മുമ്പില്‍‌ കാത്തുനില്‍ക്കുന്നത്‌
‌മാതൃത്വത്തിന്റെ‌ ഉള്ളുപിടയുന്ന‌ ‌വേദനാ‌ചിത്രങ്ങളായി‌ അനാഥാലയത്തിന്റെ‌ ചുമരുകളില്‍‌ പതിഞ്ഞുകിടന്നു‌.
കനിവുള്ളവരുടെ‌ കാരുണ്യത്തില്‍‌ മക്കള്‍ക്ക്‌ രണ്ട്‌ നേരം‌ വയറുനിറയെ‌ ആഹാരം‌ കിട്ടുമല്ലോ‌ എന്ന‌ പ്രതീക്ഷയാണോ‌, ജന്മം‌ കൊടുത്ത‌ കുരുന്നുമക്കളെ‌ ‌ഈ‌ യത്തീം‌‌ ഖാനയി‌ലേ‌ല്പിച്ച്‌ ‌തനിയെ‌ മടങ്ങിപ്പോവുന്നതിന്റെ‌ ഉള്ളുലയുന്ന‌ നൊമ്പരമാണോ‌ ആ‌ മാതൃഹൃദയങ്ങളിലുണ്ടായിരുന്നതെന്ന്‌ തി‌രിച്ചറിയാന്‍‌ ഒരു‌ പന്ത്രണ്ടുവയസ്സുകാര‌ന്‌ അന്ന്‌ കഴിഞ്ഞിരുന്നില്ല‌‌!
ഓഫീസിനു‌ള്ളില്‍‌ നിന്ന്‌ അടുത്ത‌ ബെല്‍‌ ശബ്ദിച്ചു‌. പുറത്തിരിക്കുന്ന‌ ഓഫീസ്‌‌ബോയ്‌ വരിയില്‍‌ നില്‍ക്കുന്ന‌ ഒരു‌ സ്ത്രീയേയും‌ കുട്ടിയേയും‌ മനേജറുടെ‌ റൂ‌മിലേക്ക്‌ വിളിച്ചു‌.‌ അവിടെയാണ്‌ ഹസ്സനാജി‌ ഇരിക്കുന്നത്‌.
അപരിചിതമായ‌ ഒരു‌ ലോകത്തിലേക്കെന്നപോലെ‌ അഡ്മിഷന്‍‌ കിട്ടിയ‌ കുട്ടികളെല്ലാം‌ വാര്‍ഡനുപിന്നാലെ‌ വരിവരിയായി‌ നടന്നു.
തിരിഞ്ഞുനോ‌ക്കിയും‌‌, കൂടെ‌ വന്നവരെ‌ കൈ‌ വീശി‌‌ യാത്രയാക്കുന്നതിനിടയില്‍‌ കണ്ണുകള്‍‌ തുടച്ചും‌ കുട്ടികള്‍‌ നടന്നുനീങ്ങുമ്പോള്‍‌ അവരിലൊരാളായി‌ പഴയ‌ ഇരുമ്പുപെട്ടിയും‌‌ തൂക്കിപ്പിടിച്ച്‌ ഞാനും‌ ഹോസ്റ്റല്‍‌ മുറിയിലേക്ക്‌ നടന്നു‌.
പള്ളിയുടെ‌ പിന്നിലുള്ള‌ ഓടുമേഞ്ഞ‌ നീളന്‍‌ ഹാളിലേക്ക്‌ തിരിയുന്ന‌ വളവില്‍‌ വെച്ച്‌ ഞാന്‍‌ തിരിഞ്ഞുനോക്കി‌.
നാട്ടില്‍‌ നിന്ന്‌ എന്റെ‌ കൂടെ‌ വന്നിരുന്ന‌ ‌മൂത്ത‌ സഹോദരനും‌, ‌ഞങ്ങള്‍ക്ക്‌ കൂട്ടായിവന്ന‌ മാളിയക്കല്‍‌ മൂസ‌ക്കയും‌ എനിക്ക്‌ ‌കാണാന്‍‌ പറ്റാത്ത‌ ദൂരത്തേക്ക്‌ നടന്നുമറഞ്ഞിരുന്നു‌.
‌പുല്‍‌‌പ്പാ‌യയുടേയും‌ പുതപ്പുകളുടേയും‌ പുതു‌മണം‌ നിറഞ്ഞുനില്‍ക്കുന്ന‌ വലിയ‌ ‌ഹാളില്‍‌ ഞങ്ങള്‍‌ ‌അവിടിവിടെയായി‌ നിന്നു‌. വാര്‍ഡന്‍‌ ഓരോരുത്തര്‍ക്കും‌ ‌കിടക്കാനുള്ള‌ സ്ഥലം‌ കാണിച്ചുകൊടുക്കുന്ന‌ തിരക്കിലാണ്‌.
തികച്ചും‌ അന്യമായ‌ ഒരു‌ ലോകത്തെ‌ത്തിപ്പെട്ട പരിഭ്ര‌മത്തോടെ‌ ഞാന്‍‌ ഹാളിന്റെ‌ ‌ചുമരും‌ ‌ചാരി‌ വെറുതെ‌‌ നിന്നു‌.
ചുരുട്ടിക്കെട്ടിയ‌ ഓലപ്പായയും‌ പെട്ടിയും‌ അടയാളമായി‌ വെച്ച്‌ ഷബീറലി‌ ഹാളിന്റെ‌ ഒരു‌ മൂലയില്‍‌ സ്ഥലം‌ പിടിച്ചിരുന്നു‌. ഞാന്‍‌ പതുക്കെ അവന്റെ‌ അടുത്തേക്ക്‌ നീങ്ങി‌ നിന്നു‌.
'‌'‌ഇവിടെ‌ സ്ഥലം‌ പി‌ടിച്ചോ‌'‌'‌‌
അവന്‍‌ എന്റെ‌ മുഖത്ത്‌ നോക്കി‌ ചിരിച്ചുകൊണ്ട്‌ പറ‌ഞ്ഞു‌. എന്റെ‌ പെട്ടിയും‌ പായയും‌ എടുത്ത്‌ ഞാന്‍‌ അവന്റെ‌ അടുത്തേക്ക്‌ ചെന്നു‌നിന്നു‌.
കുട്ടികള്‍‌ പായ‌ വിരിക്കുന്നതിന്റേയും‌ പെട്ടിയില്‍‌ നിന്ന്‌ ഓരോരോ‌ സാധനങ്ങളെടുത്തു‌‌വെക്കുന്നതിന്റേയും‌ തിരക്കുകള്‍ക്കിടയിലൂടെ‌ മെലിഞ്ഞുണങ്ങിയ‌ ഒരു‌ കുട്ടിയുടെ‌ ചുമലില്‍‌ കൈവെച്ചുകൊണ്ട്‌ വാര്‍ഡന്‍‌ ഞങ്ങളുടെ‌ അടുത്തേക്ക്‌ നടന്നുവന്നു‌. പിന്നെ‌ അവന്റെ‌ സാധനങ്ങള്‍‌ ഞങ്ങളുടെ‌ അടുത്ത്‌ വെക്കാന്‍‌ പറ‌ഞ്ഞ്‌ വാര്‍ഡന്‍‌ തിരിച്ചുപോയി‌.‌
ത്രികോണാകൃതിയില്‍‌‌ മടക്കി‌യ‌ ഉറുമാല്‍‌ തലയില്‍‌ വരിഞ്ഞുകെട്ടി‌, പുറത്തേക്കുന്തിയ‌ പല്ല്‌ ചുണ്ടുകള്‍‌ കൊണ്ട്‌ മറച്ചുപിടിക്കാന്‍‌ വെറുതെ‌ ശ്രമിച്ചുകൊണ്ട്‌ അവന്‍‌ ആരെയും‌ ശ്രദ്ധിക്കാതെ‌ നിന്നു‌.
'‌'പേരെന്താ‌..?'‌'‌ ‌ഞാന്‍‌ ചോദിച്ചു‌.
'‌'‌മായിന്‍‌ കുട്ടി‌'‌'‌ മുഖമുയര്‍ത്താതെ‌ അവന്‍‌ മറുപടി‌ പറ‌ഞ്ഞു‌‌.
‌‌‌വാര്‍ഡന്‍‌ ചൂരല്‍‌‌ കൊണ്ട്‌ വാതിലില്‍‌ ശക്തിയായി‌ അടിച്ചു‌. ശബ്ദകോലാഹലങ്ങള്‍‌
നിറഞ്ഞ‌ ഹാള്‍‌ പെട്ടന്ന്‌‌ നിശ്ശബ്ദമായി‌‌.
'‌'‌എല്ലാരും‌ ബാങ്ക്‌ വിളിക്കും‌ മുന്നെ‌ പള്ളീ‌ലെത്തണം‌..'‌'‌ വാര്‍ഡന്‍‌ ഉറക്കെ‌ വിളിച്ചുപറഞ്ഞുകൊണ്ട്‌ അടുത്ത‌ റൂമിലേക്ക്‌ പോയപ്പോള്‍‌ ഹാളില്‍‌ കലപില‌ ശബ്ദങ്ങള്‍‌ വീണ്ടും‌ ഉയര്‍ന്നുവന്നു‌.
'‌'‌പെട്ടീം‌ സാധനങ്ങളൊക്കെ‌ ഞമ്മക്ക്‌ നിസ്കാരം‌ കയ്ഞ്ഞി‌ ബന്നിട്ട്‌ ശെര്യാക്കാം‌‌'‌'‌
ഷബീറലി‌ എന്റെ‌ തോളില്‍‌ കൈ‌ വെച്ചു‌കൊണ്ട്‌ പറ‌ഞ്ഞു‌. പിന്നെ‌ മായിന്‍‌ കുട്ടി‌യേ‌യും‌ കൂടെ‌‌കൂട്ടി‌ ഞങ്ങള്‍‌ ‌ മുറ്റത്തേക്കിറങ്ങി‌.
ചുവപ്പും‌ കറുപ്പും‌ നിറമുള്ള‌ മേഘങ്ങള്‍‌ ഒഴുകി‌ നടക്കുന്ന‌‌ അപിരിചിതത്വത്തിന്റെ‌ വെയില്‍‌ മങ്ങിയ‌ ആ‌കാശത്തിനു‌ ചുവട്ടില്‍‌ അന്ന്‌ പുതിയൊരു‌ സൗഹൃദം‌ തളിര്‍ത്തുതുടങ്ങുകയായിരുന്നു‌;‌ ഷബീറലി‌‌യും‌ മായിന്‍‌ കുട്ടി‌യും‌.
വീടിന്റെ‌‌യും‌‌ വീട്ടുകാരുടെ‌യും‌ ‌സുരക്ഷിതവലയത്തില്‍‌ നിന്ന്‌‌ ഓര്‍ക്കാപ്പുറത്ത്‌ ഒരു‌ കുഞ്ഞുഹൃദയം‌ ദൂരേക്ക്‌ എടുത്തെറിയപ്പെടുമ്പോള്‍‌ ചെന്നുവീഴേണ്ടത്‌ ‌അതേ‌ വേദനയും‌ വേര്‍പാടും‌ ഉള്ളാ‌ലറിയുന്ന‌ ഈ‌ പുതിയ‌ സൗഹൃദങ്ങളിലേക്കാകണമെന്നത്‌ ‌കാലത്തിന്റെ‌ കരുതലും‌ കാരുണ്യവും‌‌ തന്നെയായിരിക്കുമോ‌?
ചരല്‍‌മണ്ണു‌ നിറഞ്ഞ‌ മുറ്റത്ത്‌ അസ്തമയ‌‌‌മാനം‌ നോക്കി‌ ഞങ്ങള്‍‌ മൂന്നുപേരും‌ കുറച്ചുസമയം‌ നിന്നു‌.‌ വിരഹത്തിന്റെ‌ ഒരു‌ പകല്‍‌ വിടപറയുകയാണ്‌.
‌വേര്‍പാ‌ടിന്റെ‌ വേദന‌ കൂടിച്ചേരലിന്റെ‌ ആനന്ദത്തില്‍‌ അലിഞ്ഞില്ലാതാവുകയാണ്‌.
പരസ്പരം‌ നോക്കി‌ തൊട്ടുരുമ്മി‌ ഞങ്ങള്‍‌ പള്ളിയിലേക്ക്‌ നടന്നുപോയി‌.
വലിയ‌ ഹൗളില്‍‌ പാതിയോളം‌ നിറഞ്ഞു‌ നില്‍ക്കുന്ന‌ വെള്ളത്തിന്‌ പച്ച‌ നിറമായിരുന്നു‌. നീളന്‍‌ പിടികളുള്ള‌ ചിര‌ട്ടക്കൈ‌ലുകള്‍‌ കൊണ്ട്‌ വെള്ളം‌ കോരി‌ ഞാന്‍‌ കാലുകള്‍‌ കഴുകി‌.
ഹൗളിനു‌ വക്കത്തെ‌ സിമന്റു‌ തറയില്‍‌ മുട്ടുകുത്തി‌ കുനിഞ്ഞിരുന്ന്‌ മായിന്‍‌ കുട്ടി‌‌ കയ്യും‌ മുഖവും‌ കഴുകുന്നത്‌ ഞാന്‍‌ കൗതുകത്തോടെ‌ നോക്കിനിന്നു‌.
‌വെള്ളത്തിന്റേയും‌ ചിരട്ടക്കൈലുകളു‌ടേയും‌ ശബ്ദമിശ്രണങ്ങളില്‍‌ വാര്‍ഡന്റെ‌ ഒച്ചകള്‍‌ തട്ടിത്തെറിച്ചു‌. ക്രമങ്ങളൊ‌ന്നുമില്ലാതെ‌ വുളു‌വെടുത്ത്‌ ഞങ്ങള്‍‌ പള്ളിയിലേക്ക്‌ കയറി‌.
ചുവന്ന‌ കാവി‌‌പൂശിയ‌ തറയില്‍‌ കുട്ടികളുടെ‌ കാലടിക‌ളില്‍‌ നിന്നുള്ള‌ നനവും‌ അഴുക്കും‌ ശ്രദ്ധിക്കാതെ‌ ഞങ്ങള്‍‌ മൂന്നുപേരും‌ അടുത്തടുത്ത്‌ തന്നെയിരുന്നു‌.
കുറച്ചുകഴിഞ്ഞപ്പോഴേക്ക്‌ പള്ളി‌യില്‍‌ നിറയെ‌ വരിവരിയായി‌ കുട്ടികള്‍‌ ഇരുന്നുകഴിഞ്ഞിരുന്നു‌. മുതിര്‍ന്ന‌ ക്ലാസ്സി‌ലെ‌ പഴയ‌ കുട്ടികള്‍‌ തിരി‌ഞ്ഞുനോക്കിയും‌ ഉച്ചത്തില്‍‌ ബഹളമുണ്ടാക്കിയും‌ അവരുടെ‌ മിടുക്ക്‌ ‌കാണിക്കുന്നുന്നത്‌ ഞാന്‍‌ ഭയത്തോടെ‌യും‌ അല്‍ഭുതത്തോടെയും‌ നോക്കി‌ നിന്നു‌. ‌
പെട്ടന്ന്‌ ബട്ടനമര്‍ത്തിയ‌‌പോലെ‌‌ ശബ്ദകോലാഹലങ്ങള്‍‌ നിന്നു‌‌. കുട്ടികള്‍‌ ‌തിരിഞ്ഞുനോക്കി‌. ‌
വട്ടമുഖവും‌ ചെറുതായി‌ കത്രിച്ച‌ മീശയും‌ ഭംഗിയോടെ‌ വടിവൊപ്പിച്ച്‌ ക്രമപ്പെടുത്തിയ‌ വട്ടത്താ‌ടിയുമുള്ള‌ അനാഥമക്കളുടെ‌ പ്രിയപ്പെട്ട‌ ഹസ്സനാജി‌, കറു‌ത്ത‌ ഫ്രെ‌യിമുള്ള‌ ‌കണ്ണടയും‌ വെച്ച്‌, നടന്നുവരുന്നു‌..
പോളിഷ്‌ ചെയ്ത്‌ മിനുക്കിയ‌ കറുത്ത‌ ഷൂ പുറത്ത്‌ അഴിച്ചു‌‌വെച്ച്‌ ശാന്ത‌ഗംഭീര‌മായി‌ അദ്ദേഹം‌ ‌പള്ളിയിലേക്ക്‌ കയ‌റി‌.
നേര്‍ത്ത‌‌ കരയുള്ള‌ വെളുത്ത‌ ഉറുമാലിന്റെ‌ ‌നാലുകോണുകളും‌ ‌രണ്ടു‌ചെവികള്‍ക്കിടയിലായി‌ തിരുകി‌ തല‌‌മറ‌ച്ചുകൊണ്ട്‌ പള്ളി‌യുടെ‌ വരാന്തയില്‍‌ ‌കയറി‌യ‌ ഉടനെ‌ അദ്ദേഹം‌ സുന്നത്ത്‌ നിസ്ക്കരിക്കാനായി‌ കൈ‌‌കെട്ടി‌.
ഓരോ‌ കുട്ടിയുടെ‌യും‌ നേര്‍ത്ത‌ ചലനം‌ പോലും‌ അദ്ദേ‌ഹത്തിന്റെ‌ കണ്ണുകളുടെ‌ നിരീക്ഷണ‌പരിധിയിലാണെന്ന്‌ അറിയാവുന്ന‌ കുട്ടികള്‍‌ നിശ്ശബ്ദം‌ നിശ്ചലരായി‌ ഇരുന്നു‌.
‌
ശാന്ത‌സുന്ദ‌രമായ‌ ആ‌ ‌നിമിഷങ്ങളിലൂടെ‌ ‌ ‌‌പള്ളിമിനാരങ്ങളില്‍‌ നിന്ന്‌ മഗ്‌‌രിബ്‌ ബാങ്കൊലികള്‍‌ ‌പ്രാവിന്‍‌ കൂ‌ട്ടങ്ങളെപ്പോലെ‌ നനാദിക്കിലേക്കും‌ ചിറകിട്ടടിച്ച്‌ പറ‌ന്നുപോയി‌.
‌തലയിലെ‌ വെളുത്ത‌ തൊപ്പി‌ ശരിയാക്കി‌‌, ഇടതൂര്‍ന്ന‌ നരച്ച‌ താ‌ടിയിലൂടെ‌ വിരലോടിച്ച്‌‌‌, ‌ബാങ്കക്ഷരങ്ങള്‍‌ ചുണ്ടുകള്‍‌ കൊണ്ട്‌ മന്ത്രിച്ച്‌ ‌സീമൗലവി‌ വാതിലില്‍‌ ചാരി‌ അകലങ്ങളിലേക്ക്‌ നോക്കി‌ നിന്നു‌. ജീവിതത്തിലാദ്യ‌മായി‌ മൈക്കിലൂടെ‌ ബാങ്ക്‌ വിളിക്കുന്നത്‌ നേരില്‍‌ കാണുന്ന‌ കൗതുകത്തി‌ല്‍‌ ഞാനിരുന്നു‌.
നിസ്കാരം‌ കഴിഞ്ഞ‌ ഉടനെ‌ സ്വ‌ഫ്ഫു‌ക‌ള്‍ക്കു‌ മുമ്പിലേക്ക്‌ കയറിവന്ന‌ ശേഷം‌ മൈക്ക്‌ കയ്യിലെടുത്ത്‌ ഹസ്സനാജി‌ പറഞ്ഞു:‌
''‌എന്റെ‌ പ്രിയപ്പെട്ട‌ കുട്ടികളെ‌.. ഇന്നലെ‌ വരെ‌ നിങ്ങള്‍‌ പല‌ നാടുകളിലായിരുന്നു‌. പല‌ വീടുകളിലായി‌രുന്നു‌. ഇന്നുമുതല്‍‌ നിങ്ങള്‍‌ ജെ‌.ഡി‌.റ്റി‌.യുടെ‌ മക്കളാണ്‌.. ഇനി‌ മുതല്‍‌ ഇതാണ്‌ നിങ്ങളുടെ‌ വീട്‌...
പിന്നെ‌ അദ്ദേഹം‌ മടക്കിപ്പിടിച്ച‌ വിരലുകളില്‍‌ നിന്ന്‌ ചൂണ്ടുവിരലും‌ നടുവിരലും‌ മാത്രം‌ നിവര്‍ത്തിപ്പിടിച്ചുകൊണ്ട്‌ വലതു‌കൈ ഉയര്‍ത്തി‌ ഇങ്ങനെ‌ പറഞ്ഞു:‌
''‌‌യത്തീം‌ മക്കളെ‌ സം‌‌ര‌ക്ഷിക്കുന്നവനും‌ ഞാനും‌ സ്വര്‍ഗ്ഗത്തില്‍‌ ഇതു‌‌പോലെ‌ അടു‌ത്തിരിക്കുമെന്ന്‌ റസൂല്‍‌ പറ‌ഞ്ഞിട്ടുണ്ട്‌..
‌
ഓരോ‌ വാക്കുകളും‌ ശ്രദ്ധയോടെ‌ കേട്ട്‌ കണ്ണിമവെട്ടാതെ‌ കുട്ടികള്‍‌ അദ്ദേഹത്തെ‌ നോക്കിയിരുന്നു‌.
മുമ്പിലെ‌ സ്റ്റീല്‍‌ ഗ്ലാസ്സിലേക്കും‌ സ്റ്റീല്‍‌ പ്ലെയ്റ്റിലേക്കും‌ ആകാംക്ഷയോടെ‌ നോക്കിക്കൊണ്ട്‌ ഡൈനിംഗ്‌ ഹാളിലെ‌ നീളമുള്ള‌ മേശയുടെ‌ ഇരുവശ‌ത്തും‌ ചേര്‍‌ത്തി‌ട്ടിരിക്കുന്ന‌ വീതികുറഞ്ഞ‌ ബെഞ്ചില്‍‌ ഞങ്ങള്‍‌ ഞെരുങ്ങിയിരുന്നു.
‌മുമ്പില്‍‌ വിളമ്പിവെച്ചിരിക്കുന്ന‌ ചോറിലേക്കും‌ പ്ലെയ്റ്റിന്റെ‌ അരികിലായി‌ ഒഴിച്ചുവെച്ചിരിക്കുന്ന‌ കുമ്പളങ്ങാ‌കറിയിലേക്കും‌ ആര്‍ത്തിയോടെ‌ നോക്കിയിരുന്നു‌കൊണ്ട്‌ ''ബിസ്മില്ലാ''‌എന്ന‌ അറിയിപ്പിനായി‌ ഞങ്ങള്‍‌ കാത്തിരുന്നു‌‌.‌
ജീവിതത്തിലാദ്യമായി‌ ചോറും‌ കറിയും‌ കഴിക്കുന്ന‌ ആവേശത്തോടെ‌ പ്ലെയ്റ്റിലുള്ളത്‌ വാരിത്തിന്ന്‌ കൈകള്‍‌ കഴുകി‌, ചരല്‍കല്ലുകള്‍‌ നിറഞ്ഞ‌ മുറ്റത്തെ‌ തെങ്ങുകള്‍ക്കിടയിലൂടെ‌ ഒറ്റയായും‌ ചെറിയ‌ കൂട്ടങ്ങളായും‌ കുട്ടികള്‍‌ റൂമിലേക്ക്‌ തന്നെ‌ തിരിച്ചുപോയി‌.
മായിന്‍‌ കുട്ടി‌ അധികം‌ സംസാരിക്കാന്‍‌ നിന്നില്ല‌. വന്ന‌‌പാടെ‌ അവന്‍‌ പായ‌ വിരിച്ചു പുതച്ചുമൂടിക്കിടന്നു‌. സിമന്റ്‌ പൊട്ടിപ്പൊളിഞ്ഞ്‌ ചെറിയ‌ ചെറിയ‌ കുഴികളുള്ള‌ തറയുടെ‌ മുകളില്‍‌‌ പുതിയ‌ പായ‌ വിരിച്ച്‌, മേല്‍ക്കൂരയിലെ‌ പഴകി‌ നിറം‌ കറു‌ത്ത‌ ഓടുകളിലേക്ക്‌ നോക്കി‌ കുട്ടികള്‍‌ വെറുതെ‌ മലര്‍ന്നു‌കിടന്നു‌‌.
ചുമര്‍കോണുകളില്‍‌ തൂങ്ങി‌ക്കിടക്കുന്ന‌ മാറാലകളില്‍‌ പുതിയ‌ അഥിതികളെ‌ നോക്കി‌ ചിലന്തികള്‍‌ അനങ്ങാതെ‌ കിടക്കുന്നുണ്ടാ‌യിരുന്നു‌.
ഹാളില്‍‌ ലൈറ്റണഞ്ഞു‌.‌ ശബ്ദകോലാഹലങ്ങള്‍‌ നേര്‍‌ത്തു‌നേര്‍ത്തില്ലാതായി‌.
വീ‌ടോര്‍മ‌കളില്‍‌ തിരിഞ്ഞും‌ മറിഞ്ഞും‌ ഞാന്‍‌ കിടന്നു‌.
നാടിനെക്കുറിച്ചോ‌ വീടിനെക്കുറിച്ചോ‌ ഇനി‌ ആലോചിക്കേണ്ടതില്ല‌‌. ഇന്നു‌‌മുതല്‍‌ ഇതാണ്‌ എന്റെ‌ വീട്‌. ഹസ്സനാജിയുടെ‌ വാക്കുകള്‍‌ കാതില്‍‌ അപ്പോള്‍‌ പ്രതിധ്വ‌നിച്ചു‌.
സമര്‍ത്ഥനായ‌ ഒരു‌ കപ്പിത്താനോടൊപ്പം‌ സുന്ദ‌രമായ‌ ഭാവിയുടെ‌ സുരക്ഷിത‌ തീരത്തേക്ക്‌ പതിയെ‌ നീങ്ങിക്കൊണ്ടിരിക്കുന്ന‌ ഒ‌രു‌ കപ്പലിലെന്നപോലെ‌ ഞങ്ങള്‍‌ ശാന്തരായി‌ കിടന്നു‌.
‌എന്റെ‌ ഇടത്തും‌ വലത്തുമായി‌ കിടക്കുന്ന‌ കുട്ടികളെല്ലാം‌ ഇന്നുമുതല്‍‌ എന്റെ‌ സഹോദര‌ന്മാരാണ്‌.
ഒരുപാട്‌ കുഞ്ഞു‌സ്വപ്നങ്ങളും‌ നിരാലംബരായ‌ ഒരുപാട്‌ ഉമ്മമാരുടെ‌ പ്രതീക്ഷകളുമാണ്‌ ഈ‌ കപ്പലില്‍‌ നിരനിരയായി‌ കിടക്കുന്നത്‌.
ഉമ്മയുടെ‌യും‌ ‌സഹോദരങ്ങളുടെ‌യും‌ കൂടെ‌ ഉറങ്ങുന്നത്‌ സ്വപ്നം‌ കണ്ടുകൊണ്ടായിരിക്കാം‌ അവര്‍‌ കിടക്കുന്നത്‌.
പല‌ നാടുകളില്‍‌ പല‌ വീ‌ടുകളിലായി‌ ഉള്ളുറങ്ങാതെ‌ ‌എത്ര‌യോ‌ മാതാക്കള്‍‌ ഈ‌ കുഞ്ഞുങ്ങളേയും‌ ചേര്‍ത്തുപിടിച്ചു‌ കിടന്നുറങ്ങുന്നതും‌ സ്വപ്നം‌ കാണുന്നുണ്ടാവും‌!
ഉറ‌ക്കി‌നും‌ ഉണര്‍ച്ചക്കുമിടയിലൂടെ‌ ചിന്തകള്‍‌ ഇഴഞ്ഞു‌നടക്കുകയായിരുന്നു‌. പെട്ടന്ന്‌
ഹാളിലെ‌ നിശ്ശബ്ദതയിലേക്ക്‌ ഒരു‌ തേങ്ങല്‍‌
‌വീണു‌ടഞ്ഞു‌. ക്രമേണ‌ തേങ്ങല്‍‌ ഒരു‌ കരച്ചിലായി‌‌ പിന്നെ‌ ഒരു‌ അലര്‍ച്ചയായി‌ ഹാളിനെ‌ കുലുക്കിയുണര്‍ത്തി‌. ‌
മായിന്‍‌ കുട്ടി‌ അവന്റെ‌ പായയില്‍‌ എഴുന്നേറ്റിരിക്കുകയാണ്‌. ഹാളിന്റെ‌ പല‌ കോണില്‍‌ നിന്നും‌ കുട്ടികള്‍‌ ഉറക്കച്ചടവോടെ‌ തലപൊക്കി‌ നോക്കി‌. അതിനിടയില്‍‌ ലൈറ്റ്‌ തെളിഞ്ഞു‌.
കരഞ്ഞുകലങ്ങിയ‌ കണ്ണുകളുമായി‌ മായിന്‍‌ കുട്ടി‌ ‌ഉറക്കെ‌ വിളിച്ചുപറഞ്ഞു‌‌:‌
''‌‌നിക്ക്‌ പ്പൊ‌ നാട്ടിപ്പോ‌ണം‌..‌ നിക്കെന്റെ‌ ഉമ്മേ‌ കാണ്ണം‌.. നിക്കിബ്‌ടെ‌ നിക്കാങ്കയ്യൂല‌..''‌
ഒന്നും‌ മനസ്സിലാകാതെ‌ ഞാന്‍‌ എഴുന്നേറ്റിരുന്നു‌.
വിട്ടില്‍‌ നിന്ന്‌ എത്ര‌ ദൂരത്താണ്‌ ഞാനുള്ളതെന്ന്‌ എനിക്കറിയില്ല‌.
ആരുടെ‌യൊക്കെ‌ കൂടെ‌‌യാണ്‌ ഞാന്‍‌ കിടന്നുറങ്ങിയതെന്ന്‌ ഓര്‍മ്മയില്ല‌.
വീട്ടില്‍‌ മണ്ണ്‌ തേച്ച‌ നിലത്ത്‌ പായയിട്ട്‌ താത്തമാരും‌ അനിയന്മാരും‌ എല്ലാവരും‌ കൂടി‌ കിടന്നുറങ്ങുമ്പോള്‍‌ ഉറക്കത്തില്‍‌ എഴുന്നേറ്റിരുന്ന്‌ ആരും‌ ഇങ്ങനെ‌ നിലവിളിക്കുന്നത്‌ ഞാന്‍‌ കേട്ടിട്ടില്ല‌.
പ‌ല‌ കുട്ടികളുടേയും‌ കണ്ണു‌കള്‍‌ നിറഞ്ഞു‌ തുടങ്ങി‌. ഓരോരുത്തരും‌ മായിന്‍‌ കു‌ട്ടിയുടെ‌ നേര്‍ക്ക്‌ നിസ്സഹായരായി‌ നോക്കിയിരുന്നു‌.
ഞാനും‌ വിതുമ്പാന്‍‌ തുടങ്ങുകയായിരുന്നു‌..
വാതിലില്‍‌ ശക്തിയായി‌ അടിക്കുന്ന‌ ചൂരലിന്റെ‌ പേടിപ്പെടുത്തുന്ന‌ ശബ്ദമുയര്‍ന്നപ്പോള്‍‌
‌ഞങ്ങള്‍‌ നിശ്ശബ്ദരായി‌ ഇരുട്ടുപുതച്ചുകിടന്നു‌.
പേടിപ്പെടുത്തുന്ന‌ അതേ‌ ചൂരല്‍‌ ശബ്ദം‌ കേട്ടുകൊണ്ട്‌ തന്നെ‌ ഉറക്കമെഴുന്നേറ്റ്‌ ഞങ്ങള്‍‌ പള്ളിയി‌ലേക്ക്‌ പോയി‌.
ചൂരല്‍‌വടി‌യുടെ‌ ഭാഷാര്‍ത്ഥങ്ങള്‍‌ ഇതിനകം‌ ‌ഞങ്ങള്‍‌ മനസ്സിലാക്കിയിരുന്നു‌.
തേങ്ങലുകളും‌ കരച്ചിലുകളും‌ രാപ്പകലുകളിലെടെയൊക്കയോ‌ തട്ടി‌യുരസി‌ തേഞ്ഞില്ലാതായി‌. റൂമില്‍‌ നിന്ന്‌ ക്ലാസ്സി‌ലേക്കും‌ പള്ളിയില്‍‌ നിന്ന്‌ മെസ്സിലേക്കും‌ സമയക്രമമ‌നുസരിച്ച്‌ ചിട്ടയോടെ‌ ഓടുന്ന‌ ആ‌ യാന്ത്രികജീവിതത്തില്‍‌ മണിക്കൂറുകള്‍‌ ദിവസങ്ങളായും‌ ദിവസങ്ങള്‍‌ മാസങ്ങളായും‌ രൂപാന്തരപ്പെടുന്നത്‌ ഞങ്ങളറിഞ്ഞില്ല‌.
അനാഥാ‌ലയത്തിലെ‌ പുതു‌‌സൗഹൃദങ്ങളുടെ‌ പൂമരങ്ങളില്‍‌ നിന്ന്‌ പൂക്കളും‌ ഇ‌ലകളും‌ വീണ്‌ നാടിനെ‌ക്കുറിച്ചും‌ വീടിനെക്കുറിച്ചു‌മു‌ള്ള‌ ഓര്‍മ്മകള്‍‌ മൂടി‌ക്കഴിഞ്ഞിരുന്നു‌.
മഴക്കാല‌ത്ത്‌ ചരല്‍കല്ല്‌ നിറഞ്ഞ‌ മുറ്റത്ത്‌ പരന്നൊഴുകുന്ന‌ കലങ്ങിയ‌ മഴവെള്ളത്തില്‍‌ തുള്ളിക്കളിച്ച്‌ ഞങ്ങള്‍‌ മഴനനഞ്ഞ്‌ മെസ്സിലേ‌ക്കും‌ റൂമിലേക്കും‌ ഓടിപ്പോയി‌‌.
‌വേനല്‍ക്കാലത്ത്‌ പഴന്തുണികള്‍‌ കൊണ്ട്‌ കെട്ടിയുണ്ടാക്കിയ‌ പന്തുകള്‍‌ തട്ടി‌ തെങ്ങിന്‍‌ തോട്ടത്തിനിടയിലുള്ള‌ ഒഴിഞ്ഞ‌ സ്ഥലത്ത്‌ ഞങ്ങ‌ള്‍‌ ഓടിക്കളിച്ചു‌.
‌നോമ്പുകാലത്തെ‌ വൈകുന്നേരങ്ങളില്‍‌
മെയിന്‍‌ റോഡിലൂടെ‌ ഞങ്ങള്‍‌ ചുമലില്‍‌ കൈവെച്ച്‌ കൂട്ടംകൂടി‌ നടന്നു‌.
അങ്ങനെയുള്ള‌‌‌ നോമ്പുകാലത്തെ‌ ഒരു‌ വൈകു‌ന്നേരം‌ മൂഴിക്കലില്‍‌ നിന്ന്‌ മേരിക്കുന്നിലേക്കുള്ള‌ കയറ്റം‌ കയറിവരുന്നതിനിടയില്‍‌ അഗതി‌മന്ദിരത്തിനടുത്ത്‌ വെച്ചാണ്‌ മായിന്‍‌ കുട്ടി‌ എന്നോട്‌ ആദ്യമായി‌ അവന്റെ‌ കഥ‌ പറ‌ഞ്ഞുതുടങ്ങിയത്‌. കണ്ണീരിന്റെ‌ നനവുള്ള‌ അവിശ്വസനീയമായ‌ അവന്റെ‌ കുടും‌ബത്തിന്റെ‌ കഥ‌!
കഥയുടെ‌ നേര്‍ത്ത‌ വരമ്പിലൂ‌ടെ‌ മായിന്‍‌ കുട്ടി‌ക്ക്‌ പിന്നാലെ‌ ഞാന്‍‌ പതുക്കെ‌ നടന്നു‌പോയി‌.. (തുടരും‌)
....‌...... റസാഖ്‌ വഴിയോരം‌ ....................
ഓര്‍മിക്കാതെ‌ പോയ‌ ഓര്‍മ്മകള്‍‌ :‌ 12

No comments:

Post a Comment