Saturday, August 20, 2022

BOOK REVIEW 03

 വായന:‌

................‌
ഇ‌.‌ അബ്ദുൽ‌ കബീർ‌
പ്രിൻസിപ്പൽ‌,
ജെ‌.ഡി‌.റ്റി‌. ഇസ്‌‌ലാം‌
ഹയർ‌ സെക്കൻഡറി‌ സ്കൂൾ‌
വെള്ളിമാടു‌കുന്ന്‌
..............................
അ‌നാഥായലത്തിലെ ഗതകാലജീ‌വിതം പശ്ചാത്തലമാക്കി
റസാഖ് വഴിയോരം രചിച്ച കൃതിയാണ്‌‌ '‌അത്താഴം വിളമ്പിത്തന്ന നക്ഷത്ര‌ങ്ങൾ‌!'
‌ഓർഫനേജ്‌ ജീവിത‌കാലത്തെ ഓർമകളോടൊപ്പം കണ്ണീരും കിനാവും നിറഞ്ഞ ബാല്യകാല സ്മൃതികളും ഈ‌ കൃതിയിൽ‌ ഇതൾ‌ വിരിയുന്നു‌. ‌
അരനൂറ്റാണ്ടിനു‌മുമ്പത്തെ ജീവിതാനുഭവങ്ങൾ ഭാവനയു‌ടെ ചായം ചാലിക്കാതെ യഥാർ‌ത്ഥമായി, സൂക്ഷ്മമായി കൃതി‌യിൽ ആവിഷ്കരിക്കുന്നു‌. കഥാകാരൻ‌ തന്റെ സ്മര‌ണകൾ പുനഃ‌സൃഷ് ടിക്കു‌മ്പോൾ വായനക്കാരും ഗതകാ‌ല സ്മരണകളുടെ തീരമണയുകയാണ്‌‌.
പുതുതലമുറക്ക് അത്ര പരിചി‌തമല്ലാത്ത ദാരിദ്ര്യവും ബുദ്ധിമു‌ട്ടുകളും ചെറുപ്പത്തിൽ അനുഭ‌വിക്കേണ്ടി‌വന്ന, രക്ഷിതാക്കളു‌ണ്ടായിട്ടും സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം അനാഥാലയ‌ത്തിലെത്തിപ്പെട്ട കൊച്ചുമനസ്സി ന്റെ വിഹ്വലതകളും സ്വപ്നങ്ങ‌ളും പ്രതീക്ഷകളുമാണ് ഈ കൃ‌തി പങ്കുവെയ്ക്കുന്നത്. മാതാപി‌താക്കൾ ജീവിച്ചിരിക്കെ അനാഥ‌മായിപ്പോയ ബാല്യങ്ങൾക്കു കൂടിയാണ് കൃതി സമർപ്പിച്ചിരി‌ക്കുന്നത്.
നാട്ടിൻപുറത്ത് ജനിച്ചുവളർന്ന‌, ഗ്രാമീണ സൗഭാഗ്യങ്ങളിൽ അഭിരമിക്കാൻ താല്പര്യമുള്ള ഒരു ബാലന്റെ നഷ്ടസൗഭാഗ്യ‌ങ്ങളുടെ ചിത്രീകരണം മാത്രമല്ല ഈ കൃതി. താനെത്തിപ്പെട്ട പു‌തിയ ലോകത്തെ അവൻ ക്രമേ‌ണ മനസാവരിക്കുന്നതും അവി‌ടത്തെ പല നഷ്ടങ്ങളും തീരാ‌വേദനയായി അവശേഷിക്കുന്ന‌തും കൃതിക്ക് പുതിയൊരു മാ‌നം നൽകുന്നു.
നിരാശ്രയരുടെ ആശാകേന്ദ്രം എന്ന നിലയ്ക്കാണ് റസാഖും ജെ.ഡി.ടി യിൽ‌ എത്തു‌ന്നത്. അന്നത്തെ പരിമിതമായ സൗകര്യങ്ങൾക്കിടയിലും സൗ‌ഹൃദത്തിന്റെ പകരം വെക്കാനി‌ല്ലാത്ത ഊഷ്മളതയാണ് അദ്ദേ‌ഹത്തിന് ഇന്നും ജെ.ഡി.ടി ഇസ്‌ലാം. സ്ഥാപനത്തിന്റെ ശില്പി‌കളെയും അമരക്കാരെയും
ജീ‌വനക്കാരെയും സഹകാരികളെ‌യും സ്നേഹത്തോടും ആദര‌വോടും കൂടി മാത്രമേ ഇന്നും അദ്ദേഹത്തിന് സ്മരിക്കാൻ കഴിയുന്നുള്ളൂ‌.
ചരിത്രമുറങ്ങുന്ന ജെ.ഡി.ടി ഇസ്ലാമിന്റെ ഇന്നലെകളിലേ‌ക്ക് ഓർമകളിലൂടെ ഒരു മടക്ക‌മാണ് ഈ കൃതി. കണ്ണീരിന്റെ ന‌നവും ആശ്വാസത്തിന്റെ കുളി‌രും പ്രതീക്ഷയുടെ തെളിച്ചവും ബന്ധങ്ങളുടെ ഊഷ്മളതയും ഇവിടെ മിന്നി മറയുന്നു. ജെ.ഡി.ടിയിലെ അനുഭവങ്ങ‌ളോടൊപ്പം സ്വന്തം ബാല്യകാ ലാനുഭവങ്ങൾകൂടി ഇഴ‌ ചേർ‌ത്ത്‌ കൃതി രചിച്ചിരിക്കുന്ന
റസാഖ് വഴിയോരത്തിന്റെ അ‌നുഭവ വിവരണം ഏറെ ഹൃദ്യ‌വും ആസ്വാദ്യകരവുമാണ്. അ‌ദ്ദേഹത്തിന്റെ ഭാവനാത്മകവും വർണനാത്മകവുമായ ശൈലി നമ്മെ വിസ്മയിപ്പിക്കുന്നതാണ്. കൈത്തഴക്കം വന്ന ഒരെഴുത്തു കാരന്റെ വർണനാചാതുര്യം കഥ‌യിൽ അനുഭവവേദ്യമാണ്. വായനയുടെ രസച്ചരട് മുറിയാതെ‌ അനുവാചക‌രെ ആനയിച്ചു കൊ‌ണ്ടു പോകുന്ന‌ മാന്തികത‌ ആ‌ രസികൻ‌ ശൈലിക്കുണ്ട്‌.
“‌അനാഥാലയ‌ത്തിലെ പുതു‌സൗ‌ഹൃദങ്ങളുടെ പൂമര‌ങ്ങളിൽ നിന്ന് പൂ‌ക്കളും ഇലകളും വീണ് നാടിനെക്കു‌റിച്ചും വീടിനെക്കു‌റിച്ചുമുള്ള ഓർമ‌കൾ പലതും ഇതിന‌കം മൂടിക്കഴിഞ്ഞി‌രുന്നു.''‌
"സ്വന്തമായി കണ്ടെത്തി‌യ വഴിയിലൂടെയാണ് പുഴയൊ‌ഴുകുന്നത്. പുഴയും കാലവും ഒ‌രു പോലെയാണ്, പിന്നോട്ടൊഴു‌കാൻ കഴിയാത്ത പ്രതിഭാസ‌ങ്ങൾ!''‌
''‌കാലപ്രവാഹത്തിന്റെ ക‌രയിൽ മൗനം പുതഞ്ഞിരിക്കെ ആത്മാ‌തമാവിന്റെ ചില്ലയിൽ സ്വച്ഛ‌സ്മൃതികൾ മഴനനഞ്ഞു",
"മണ്ണിലു‌റങ്ങുന്ന വിത്തുകളെ മഴത്തു‌ള്ളികൾ ചുംബിച്ചുണർത്തുന്ന പോലെ മനസ്സിലുറങ്ങുന്ന ഓർമ‌കളെ ആരോ തൊട്ടുണർത്തിയ‌പ്പോൾ കണ്ടു‌മറഞ്ഞ കാഴ്ചക‌ളും കേട്ടു‌പതിഞ്ഞ ശബ്ദങ്ങ‌ളും വീണ്ടും കണ്ണു തുറന്നു..''‌ തു‌ടങ്ങിയ വശ്യവും ആലോച‌നാമൃതവുമായ റസാഖിയൻ ശൈലിയുടെ ചില ഉദാഹരണ ങ്ങൾ മാത്രം.
ജീവിതത്തിന്റെ ഫിലോസഫി കണ്ടെത്തിയ എഴുത്തുകാരനാണ്‌‌ റസാഖ് വഴിയോരം. കൃതി‌യിൽ പലയിടത്തായി കാണുന്ന ജീവിതാവബോധത്തെക്കുറിച്ചു‌ള്ള പരാമർശങ്ങൾ ജീവിതത്തെ‌ക്കുറിച്ച് എഴുത്തുകാരനുള്ള കൃ‌ത്യമായ ദർശനം വ്യക്തമാക്കു‌ന്നവയാണ്.
''‌പറഞ്ഞുകൊണ്ടിരിക്കെ മുറിഞ്ഞുപോകുന്ന വാ‌ക്കുകൾ പോലെയാണ് ആകസ്‌മിക മരണങ്ങൾ"
"ഓർമകളുടെ ലോകത്ത് ഒരേ പ്രായമാണെല്ലാ‌വർക്കും. അവിടെയാർക്കും ശ‌രീരങ്ങളില്ല, ജീവിക്കുന്നവരും മ‌രിച്ചവരുമൊക്കെ മന്ദസ്മിതം തൂകി ഇടകലർന്നങ്ങന്നെയിരി‌ക്കും. ഒന്ന് കൈകൊട്ടി വിളി‌ച്ചാൽ നിമിഷാർദ്ധത്തിൽ അവർ ഓടിയെത്തും.''‌
''‌നീലാകാശ‌ത്ത്‌ ഒഴുകിപ്പരക്കുന്ന വെള്ള‌മേഘങ്ങൾ ക്രമ‌രഹിതമായി കോ റിയിടുന്ന നിഗൂഢ‌ചിത്രങ്ങൾ പോലെയാണ് മനുഷ്യജീവിത‌വും. എത്ര ക്ഷണനേരം കൊ‌ണ്ടാണ് അവയുടെ രൂപഭാവ‌ങ്ങൾ മാറി‌മറയുന്നത്..''‌ തുടങ്ങി‌യ ഭാഗങ്ങൾ വിനിമയം ചെയ്യു‌ന്ന ആശയങ്ങൾ ഒറ്റവായന‌യിൽ ഒതുങ്ങുന്നതല്ല. ജീവിത‌ത്തെക്കുറിച്ച് ഗൗരവപൂർണ്ണമാ‌യ ആലോചനകളിലേക്ക് അവ നമ്മെ നയിക്കുന്നു.
ഭൂതവർത്തമാനങ്ങളുടെ സമഞ്‌ജസ സമന്വയം കൃതിയിൽ കാണാം. അനാഥശാലാ ജീവിത‌സ്മരണകളിലൂടെ വിദൂര ഭൂത‌കാല സ്മരണകളിലേക്കും വാ‌യനക്കാരെ കൈപിടിച്ചു‌നട‌ത്തുന്ന ഗ്രന്ഥകാരന്റെ മിടുക്ക് വിസ്മയകരമാണ്.
മനുഷ്യന്റെ നന്മകൾ തൊട്ടറി‌യുന്ന എഴുത്തുകാരനാണ് റ‌സാഖ് വഴിയോരം. ഉപ്പ‌യും ബന്ധു‌ക്കളും സുഹൃത്തുക്കളും നാട്ടുകാരും സമൂഹവു‌മെല്ലാം നന്മയുടെ ആൾരൂപങ്ങ‌ളായാണ് അവതരിപ്പിക്കപ്പെടു‌ന്നത്. ജീവിതം എത്രമേൽ തീ‌ക്ഷണമായി അനുഭവപ്പെടു‌മ്പോഴും അതിൽ ആരെയും കു‌റ്റപ്പെടുത്തുകയോ പിറുപിറുക്കു‌കയോ ചെയ്യാതെ എല്ലാവരിലെ‌യും നന്മയും സത്യസന്ധതയും ആത്മാർത്ഥതയും കണ്ടെത്താ‌നാണ് ശ്രമിച്ചത്.
"അത്താഴം വി‌ളമ്പിത്ത‌ന്ന നക്ഷത്രങ്ങൾ" എ‌ന്ന ഗ്രന്ഥനാമം തന്നെ ആഴമേറി‌യ കൃതജ്ഞതാ വിചാരത്തിൽ നിന്ന് ഉത്ഭവിച്ചതായാണ് മനസ്സി‌ലാക്കാൻ കഴിയുന്നത്.‌ ഗ്രാമവും ഗ്രാമീണതയും ഗ്രാ‌മ‌നന്മകളും ഈ കൃതിയിലൂടെ
പുനർജനിക്കുന്നു. നാട്ടറിവുക‌ളും നാടൻ കഥകളും ഉചിത‌സ‌ന്ദർഭങ്ങളിൽ കൃതിയിൽ ഇടംപി‌ടിച്ചിട്ടുണ്ട്. അങ്ങനെ ബാല്യകാ‌ല സ്മരണകളോടൊപ്പം കൃതി
ദേശത്തിന്റെ ചരിത്രം കൂടിയാ‌യി മാറുകയും ചെയ്യുന്നു. താൻ കടന്നു‌വന്ന വഴികളി‌ലേക്കും കേട്ടറിഞ്ഞ പഴമകളി‌ലേക്കും കണ്ടറിഞ്ഞ കാഴ്ചകളി ലേക്കുമുള്ള തിരിഞ്ഞുനോട്ടമാ‌ണ് ഈ കൃതി. ആ ചരിത്രാംശ‌ങ്ങൾ പിൻതലമുറക്കായി കരു‌തിവെക്കുന്നു എന്ന മഹദ്‌ദൗ‌ത്യമാണ് ഈ കൃതിയിലൂടെ
‌റ‌സാഖ് വഴിയോരം നിർവ്വഹിച്ചി‌രിക്കുന്നത്.
“കാല‌നൈരന്തര്യ‌ത്തിന്റെ ഏതൊക്കെയോ സ‌ന്ധികളിൽ പിറകെ വരുന്നവർക്കായി‌ മുൻ‌തലമുറ‌ കാവലിരുന്നു. സ്വ‌പ്ന സാക്ഷാത്കാരങ്ങളിലേക്ക് പുതുതലമുറക്ക്‌ എളുപ്പത്തിൽ ചെന്നെത്താൻ പാകത്തിൽ വഴികളൊരുക്കി‌വെച്ചാണ് പഴയ‌ തലമുറ‌ കാ‌ലതിരശ്ശീലക്കു പിന്നിലേക്ക് മറ‌ഞ്ഞുപോയത്. ആ വഴികളിലു‌ടെ അനായാസം പാഞ്ഞു‌പോ കുന്നവർ ഒരു മൗന‌പ്രാർത്ഥന‌യെങ്കിലും മുൻ‌‌ഗാമികൾക്കായി‌ കരുതി വെയ്‌ക്കണം' എന്ന വാക്കുകൾ ഗ്രന്ഥ‌രചനയിലൂടെ അന്വർത്ഥ‌മാക്കപ്പെട്ടു എന്ന് നിസ്സംശയം പറയാം.
ദേശീയസ്വാതന്ത്ര്യസമ‌ര ചരിത്രത്തിന്റെ ബാക്കിപത്രമെ‌ന്നോണം സ്ഥാ‌പി‌ത‌മാ‌യ ജെ.ഡി.ടി ഇസ്ലാം ഒരു നൂറ്റാണ്ട് പൂർത്തിയാക്കുന്ന ഈ ധന്യമു‌ഹൂർത്തത്തിൽ, സ്ഥാപനത്തിന് കൈവന്ന വലിയ ആദരവായി ഈ കൃതിയെ കാണാം. ഒരു നൂ‌റ്റാണ്ടിന്റെ കർമയാത്രയിൽ റസാ‌ഖ് വഴിയൊരത്തെ പോലെ സർഗ‌ധനരും പ്രതിഭാസമ്പന്നരുമായ ഒ‌ട്ടേറെ പേരെ കൈപിടിച്ചുയർ‌ത്താൻ സ്ഥാപനം നിമിത്തമായി എ‌ന്ന‌തി‌ന്റെ നേർ‌സാക്ഷ്യം!
‌ജെ.ഡി.ടി ഇസ്ലാമിന്റെ സേവന‌ചരിത്രത്തിൽ സ്ഥാപിക്കപ്പെട്ട മ‌റ്റൊരു സ്മാരകശിലയാകുന്നു റ‌സാഖ് വഴിയോരത്തിന്റെ '‌അത്താഴം വിളമ്പിത്തന്ന നക്ഷത്ര‌ങ്ങൾ‌' എന്ന‌ കൃതി.
.......................................
ഇ‌.‌ അബ്ദുൽ‌ കബീർ‌

BOOK REVIEW 02

 

താങ്ക്സ്, മുഹമ്മദ് സാദിഖ്..🙏😊
വാ‌യനക്കാ‌രന്റെ ഭാ‌ഗത്ത്‌ നിന്നും‌ സ്വന്തം‌ എഴുത്തിനെപ്പറ്റി‌ കേൾക്കുന്നത്‌ ഹൃദ്യമായ അ‌നുഭവമാ‌ണ്‌. ആസ്വദിച്ചുകൊണ്ടെഴുതിയ വരികൾ‌ കണ്ടപ്പോൾ‌ വല്ലാത്തൊരു‌ സന്തോഷം‌..!
‌വാ‌യന‌ പങ്കുവെച്ചതിന്‌‌‌ ഒരു‌ പാട്‌ നന്ദി‌‌!
റസാഖ്‌ വഴിയോരം‌ 🥰
.........................................

പുതിയ മദ്രസയും

പഴയ മദ്രസയും
.....................................
റസാഖ് വഴിയോരം എഴുതിയ ഓര്മക്കുറിപ്പുകളാണ് അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങള്. റസാഖിനെ നിങ്ങള്ക്കും പരിചയമുണ്ട്. ഏറെ ജനപ്രീതി നേടിയ പരേതന് തിരിച്ചു വരുന്നു എന്ന ഹോംസിനിമയുടെ കഥാകൃത്ത്. സലാം കൊടിയത്തൂര് സംവിധാനം ചെയ്ത ആ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതും റസാഖ് തന്നെ. പ്രവാസികളുടെ കരളലിയിക്കുന്ന ജീവിതം അതീവ ഹാസ്യാത്മകയായി അവതരിപ്പിക്കാന് സംവിധായകനു കഴിഞ്ഞത് റസാഖിന്റെ രചനാ വൈഭവം തന്നെ. ഒരു നാടക കാലത്താണ് റസാഖിനെ പരിചയപ്പെടുന്നത്. വയറു നിറഞ്ഞാല് എനിക്ക് വിശക്കാറില്ല എന്നായിരുന്നു റസാഖ് രചന നിർവഹിച്ച ആ നാടകത്തിന്റെ പേര് എന്നാണ് ഓര്മ. ഓമശ്ശേരിയിലെ ഒരു വേദിയില് അവതരിപ്പിച്ച ആ നാടകം കണ്ട് കാണികള് ആര്ത്തു ചിരിക്കുന്നത് ഇപ്പോഴും ഓര്മയുണ്ട്. പട്ടിണിയുടെ കഥ പറയുമ്പേഴും ജനങ്ങളെ ചിരിപ്പിക്കാന് വല്ലാത്തൊരു കഴിവുണ്ട് റസാഖിന്. (കാർട്ടൂണാണ് റസാഖിൻ്റെ പ്രതിഭ വിലസുന്ന മറ്റൊരു രംഗം).
ഇപ്പോഴിതാ, അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങള് എന്ന റസാഖിന്റെ പുസ്തകം കണ്ണീരോടെ വായിക്കുമ്പോഴും ചെറിയ ചിരിയുടെ അലകള് നമ്മെ വന്നു പൊതിയും. പത്തു നാല്പതു വര്ഷം മുമ്പ് കേരളത്തിലെ ഏതു ഗ്രാമത്തിന്റെ ചരിത്രവും ചിത്രവും റസാഖ് ഈ പുസ്തകത്തില് വരച്ചു വെച്ച പോലെയാണ്. ദിരദ്രരായ മാതാപിതാക്കള്, കൈവിരലിലൊടുങ്ങാത്തത്രയും മക്കള്, കടുത്ത പട്ടിണി, മാതാപിതാക്കള് ജീവിച്ചിരിപ്പുണ്ടെങ്കിലും അനാഥാലയങ്ങളില് കഴിയാന് വിധിക്കപ്പെട്ട ഹതഭാഗ്യരായ മക്കള്. അവരെ അഗതികള് എന്നു വിളിക്കും. വിശുദ്ധ ഗ്രനഥങ്ങളില് യതീമിനൊപ്പം ചേര്ത്തു പറയുന്ന മിസ്‌കീന്. അങ്ങനെ ഒരു യതീംഖാനയില് മിസ്‌കീനായി ചെന്നു പെട്ട ബാല്യത്തിന്റെ ഓര്മകളാണ് അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങള് എന്ന പുസ്‌കത്തിന്റെ പ്രതിപാദ്യമേറെയും.
ഒപ്പം, മലബാറിലെ ഏതു ഗ്രാമത്തിലും അക്കാലത്ത് മനുഷ്യര് അനുഭവിച്ച ജീവിത ദുരിതങ്ങളും ആഖ്യാനം ചെയ്യപ്പെടുന്നു.
അനാഥാലയത്തിലെ അനുഭങ്ങളേയും അവസ്ഥകളേയും നന്ദിയോടെ ഓര്ക്കുമ്പോഴും കുരുന്നു കുട്ടികളെ പലതരം ബാലവേലകള്ക്ക് ഉപയോഗിക്കുന്ന ചില സന്ദര്ഭങ്ങള് പറയാതെ പറയുന്നുണ്ട് പുസ്തകത്തില്. മണ്ണു ചുമക്കുക, വിറക് കീറുക, പശുവിനെ തീറ്റുക, കക്കൂസ് വൃത്തിയാക്കുക തുടങ്ങിയ ജോലികള് കുട്ടികളെകൊണ്ട് ചെയ്യിക്കുന്ന അനാഥാലയങ്ങളുണ്ട്. ഒരു അനാഥാലയത്തില് പഠിച്ച എനിയ്ക്ക് അത്തരം സന്ദര്ഭങ്ങളെ അവിശ്വസിക്കേണ്ടതില്ല.
പുസ്തകത്തില് പറയാതെ പറയുന്ന മറ്റൊരു വസ്തുതയുണ്ട്. പുരോഗമന പ്രസ്ഥാനങ്ങളെന്ന നാട്യത്തില് കേരളത്തില് രംഗത്തു വന്ന ചില ഇസ്ലാമിക പ്രസ്ഥാനങ്ങള് നാട്ടുമ്പുറങ്ങളില് ഒരുമയോടെ കഴിഞ്ഞിരുന്ന മുസ്ലിം മനസ്സുകളില് എങ്ങനെ വിഭാഗീയത സൃഷ്ടിച്ചുവെന്നതാണ് അത്. റസാഖിന്റെ നാട്ടില് രണ്ട് മദ്രസകളുണ്ട്. പഴയ മദ്രസയും പുതിയ മദ്രസയും. ഒരുമിച്ചു കളിച്ചും രസിച്ചും കഴിയുന്ന കുട്ടികള് എന്തിനാണ് രണ്ട് മദ്രസകളിലേക്ക് പോകുന്നതെന്നു മനസ്സിലാകാതെ വിഷമിക്കുന്ന ഒരു കുട്ടിയുണ്ട് റസാഖിന്റെ ഓര്മകളില്. റസാഖിൻ്റെ നാട്ടിലെ മാത്രം കഥയല്ല അത്. സത്യത്തില് കേരള മുസ്ലിംകളുടെ മത രംഗത്ത് പില്ക്കാലത്ത് സംഭവിച്ച വലിയ മാറ്റങ്ങളുണ്ടാക്കുന്നത് ഈ മദ്രസാ മാറ്റം തന്നെയാണ്. ആ പുത്തന് പ്രസ്ഥാനക്കാര് കേരള മുസ്ലിംകളെ രണ്ടും മൂന്നുമൊക്കെയാക്കി. നാട്ടിലെ അറിയപ്പെടുന്ന മതപണ്ഡിതനായിരുന്നിട്ടു കൂടി റസാഖിന്റെ ബാപ്പ മരിക്കുമ്പോള് മയ്യിത്തിനെ പള്ളിയിലേക്ക് ആനയിക്കാനോ മയ്യിത്ത് നമസ്‌കരിക്കാനോ നാട്ടിലെ വലിയൊരു വിഭാഗം തയാറാകുന്നില്ല. വിട്ടു നിന്നവരായിരുന്നില്ല കുറ്റക്കാര്. അവര്ക്ക് അന്നോളം പരിചയമില്ലാത്ത പുതിയൊരു ഇസ്ലാമിനെ അവതരിപ്പിച്ചവര് തന്നെയാകും കുറ്റക്കാര്. അതിന്റെ വിശദാംശങ്ങളിലേക്ക എഴുത്തുകാരന് പോകുന്നില്ലെങ്കിലും, മതരാഷ്ട്രവാദവും ശുദ്ധ ഇസ്ലാമുമൊക്കെ കേരളത്തില് പ്രചരിപ്പിച്ച ഒരു കൂട്ടര് പില്ക്കാലത്ത് നാട്ടിലുണ്ടാക്കിയ കുലുമാലുകളുടെ സൂചനയാകുന്നുണ്ട് പഴയ മദ്രസയും പുതിയ മദ്രസയും എന്ന വേര്തിരിവ്.
ജാതി മത വേര്തിരിവുകളില്ലാതെ ജീവിച്ച ഗ്രാമീണരുടെ പഴയ ചിത്രം റസാഖ് വരച്ചിടുമ്പോള്, ആ ജീവിതങ്ങള്ക്ക് ഇക്കാലത്തുണ്ടായ പരിണാമത്തെക്കുറിച്ച് ഓര്ക്കാവുന്നതാണ്.
തുടക്കത്തില് പറഞ്ഞ പോലെ, കണ്ണീരോടെയല്ലാതെ ഈ പുസ്തകം വായിച്ചു തീര്ക്കാനാകില്ല. കവിത തുളുമ്പുന്ന ഭാഷ ഈ പുസ്തകത്തെ കൂടുതല് ഹൃദ്യമാക്കുന്നു. വായന നിരാശപ്പെടുത്തില്ല. തീര്ച്ച.
കോഴിക്കോട്ടെ കൂര ബുക്‌സാണ് പ്രസാധകര്.

BOOK REVIEW 01

 കലാകാരനും‌ എഴുത്തുകാരനും പത്രപ്രവർത്തകനുമായ‌ പ്രിയ‌ സുഹൃത്ത്‌ മുക്താർ‌ ഉദരമ്പൊയിൽ‌ എന്റെ‌ പുസ്തകം‌ എത്ര‌ ഹൃദ്യമായാണ്‌‌ ആസ്വദിച്ചതെന്ന്‌ അദ്ദേഹത്തിന്റെ‌ ഓരോ‌ വാക്കുകളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. എ‌ഴുത്തുകാരനെ ഏറെ‌ പ്രചോദിപ്പിക്കുന്ന‌ നല്ല‌ വാക്കുകൾക്ക്‌ നന്ദി‌.. മുക്താർ

....................................................................

രണ്ടു വർഷം ഞാനും ഒരു യതീംഖാനയിൽ പഠിക്കേണ്ടി വന്നിട്ടുണ്ട്. യതീംഖാനയിൽ കഴിയേണ്ടി വരുന്നവരുടെ പൊള്ളലുകൾ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അത്തരം ചില ഓർമകൾ ചേർത്തുവെച്ചാണ് ഞാൻ 'പുഴക്കുട്ടി' എന്ന കഥ ഉണ്ടാക്കുന്നത്.

സുഹൃത്ത് റസാഖ് വഴിയോരം എഴുതിയ ' അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങൾ' എന്ന പുസ്തകം വായിക്കുമ്പോൾ ഞാൻ പഴയ യതീംഖാനയിലാണെന്ന് തോന്നി. അദ്ദേഹത്തിന്റെ ജെ.ഡി.റ്റി യതീംഖാനാ പഠനകാല അനുഭവങ്ങളാണ് ഈ പുസ്തകത്തിലേറെയും.
ഓരോ വാക്കിലും വരിയിലും സങ്കടങ്ങളുടെയും വേദനകളുടെയും തണർപ്പുകൾ. ഹൃദയം കൊണ്ടാണ് വായിച്ചത്. പുസ്തകത്തിലെ കഥാപാത്രങ്ങളെ പോലെ കരയുകയായിരുന്നു ഞാനും. ആ സങ്കടങ്ങളൊക്കെയും അനുഭവിക്കുകയായിരുന്നു ഞാനും. ഇപ്പോഴും ഉള്ളിലെ പിടച്ചിൽ പോയിട്ടില്ല. ഞാനും അവരിൽ ഒരാളായിരുന്നല്ലോ.. ഇതിലെ കഥാപാത്രങ്ങളെ എനിക്ക് പരിചയമുണ്ട്. സന്ദർഭങ്ങൾ ഞാൻ അനുഭവിച്ചറിഞ്ഞതാണ്.
'മാതാപിതാക്കൾ ജീവിച്ചിരിക്കെ അനാഥമായിപ്പോയ ചില ബാല്യങ്ങളുണ്ട്' എന്നാണ് ചട്ടയിലെ ക്യാച്ച്‌വേഡ്. നെഞ്ചിലാണ് ആ വരികൾ കൊളുത്തിവലിച്ചത്.
'പുഴക്കുട്ടി' വായിച്ചിട്ട് വിളിച്ച ഒരു സുഹൃത്ത് പറഞ്ഞത് ഓർമ വന്നു. എല്ലാ യതീംഖാനകൾക്കും പറയാനുള്ളത് ഒരേ കഥകളാണ്. എല്ലാ യതീമുകൾക്കും പറയാനുള്ളത് ഒരേ കഥകളാണ്. അതുകൊണ്ട് ആര് എഴുതിയാലും അത് എല്ലാവരുടെയും കഥയാണ്. അതുകൊണ്ട്, റസാഖ് വഴിയോരത്തിന്റെ പുസ്തകം എന്റെ കൂടി പുസ്തകമാണ്.
കോഴിക്കോട്ടെ കൂര ബുക്‌സാണ് പ്രസാധകർ. 200 രൂപയാണ് വില.