Saturday, August 20, 2022

BOOK REVIEW 02

 

താങ്ക്സ്, മുഹമ്മദ് സാദിഖ്..🙏😊
വാ‌യനക്കാ‌രന്റെ ഭാ‌ഗത്ത്‌ നിന്നും‌ സ്വന്തം‌ എഴുത്തിനെപ്പറ്റി‌ കേൾക്കുന്നത്‌ ഹൃദ്യമായ അ‌നുഭവമാ‌ണ്‌. ആസ്വദിച്ചുകൊണ്ടെഴുതിയ വരികൾ‌ കണ്ടപ്പോൾ‌ വല്ലാത്തൊരു‌ സന്തോഷം‌..!
‌വാ‌യന‌ പങ്കുവെച്ചതിന്‌‌‌ ഒരു‌ പാട്‌ നന്ദി‌‌!
റസാഖ്‌ വഴിയോരം‌ 🥰
.........................................

പുതിയ മദ്രസയും

പഴയ മദ്രസയും
.....................................
റസാഖ് വഴിയോരം എഴുതിയ ഓര്‍മക്കുറിപ്പുകളാണ് അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങള്‍. റസാഖിനെ നിങ്ങള്‍ക്കും പരിചയമുണ്ട്. ഏറെ ജനപ്രീതി നേടിയ പരേതന്‍ തിരിച്ചു വരുന്നു എന്ന ഹോംസിനിമയുടെ കഥാകൃത്ത്. സലാം കൊടിയത്തൂര്‍ സംവിധാനം ചെയ്ത ആ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതും റസാഖ് തന്നെ. പ്രവാസികളുടെ കരളലിയിക്കുന്ന ജീവിതം അതീവ ഹാസ്യാത്മകയായി അവതരിപ്പിക്കാന്‍ സംവിധായകനു കഴിഞ്ഞത് റസാഖിന്റെ രചനാ വൈഭവം തന്നെ. ഒരു നാടക കാലത്താണ് റസാഖിനെ പരിചയപ്പെടുന്നത്. വയറു നിറഞ്ഞാല്‍ എനിക്ക് വിശക്കാറില്ല എന്നായിരുന്നു റസാഖ് രചന നിർവഹിച്ച ആ നാടകത്തിന്റെ പേര് എന്നാണ് ഓര്‍മ. ഓമശ്ശേരിയിലെ ഒരു വേദിയില്‍ അവതരിപ്പിച്ച ആ നാടകം കണ്ട് കാണികള്‍ ആര്‍ത്തു ചിരിക്കുന്നത് ഇപ്പോഴും ഓര്‍മയുണ്ട്. പട്ടിണിയുടെ കഥ പറയുമ്പേഴും ജനങ്ങളെ ചിരിപ്പിക്കാന്‍ വല്ലാത്തൊരു കഴിവുണ്ട് റസാഖിന്. (കാർട്ടൂണാണ് റസാഖിൻ്റെ പ്രതിഭ വിലസുന്ന മറ്റൊരു രംഗം).
ഇപ്പോഴിതാ, അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങള്‍ എന്ന റസാഖിന്റെ പുസ്തകം കണ്ണീരോടെ വായിക്കുമ്പോഴും ചെറിയ ചിരിയുടെ അലകള്‍ നമ്മെ വന്നു പൊതിയും. പത്തു നാല്‍പതു വര്‍ഷം മുമ്പ് കേരളത്തിലെ ഏതു ഗ്രാമത്തിന്റെ ചരിത്രവും ചിത്രവും റസാഖ് ഈ പുസ്തകത്തില്‍ വരച്ചു വെച്ച പോലെയാണ്. ദിരദ്രരായ മാതാപിതാക്കള്‍, കൈവിരലിലൊടുങ്ങാത്തത്രയും മക്കള്‍, കടുത്ത പട്ടിണി, മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടെങ്കിലും അനാഥാലയങ്ങളില്‍ കഴിയാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരായ മക്കള്‍. അവരെ അഗതികള്‍ എന്നു വിളിക്കും. വിശുദ്ധ ഗ്രനഥങ്ങളില്‍ യതീമിനൊപ്പം ചേര്‍ത്തു പറയുന്ന മിസ്‌കീന്‍. അങ്ങനെ ഒരു യതീംഖാനയില്‍ മിസ്‌കീനായി ചെന്നു പെട്ട ബാല്യത്തിന്റെ ഓര്‍മകളാണ് അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങള്‍ എന്ന പുസ്‌കത്തിന്റെ പ്രതിപാദ്യമേറെയും.
ഒപ്പം, മലബാറിലെ ഏതു ഗ്രാമത്തിലും അക്കാലത്ത് മനുഷ്യര്‍ അനുഭവിച്ച ജീവിത ദുരിതങ്ങളും ആഖ്യാനം ചെയ്യപ്പെടുന്നു.
അനാഥാലയത്തിലെ അനുഭങ്ങളേയും അവസ്ഥകളേയും നന്ദിയോടെ ഓര്‍ക്കുമ്പോഴും കുരുന്നു കുട്ടികളെ പലതരം ബാലവേലകള്‍ക്ക് ഉപയോഗിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ പറയാതെ പറയുന്നുണ്ട് പുസ്തകത്തില്‍. മണ്ണു ചുമക്കുക, വിറക് കീറുക, പശുവിനെ തീറ്റുക, കക്കൂസ് വൃത്തിയാക്കുക തുടങ്ങിയ ജോലികള്‍ കുട്ടികളെകൊണ്ട് ചെയ്യിക്കുന്ന അനാഥാലയങ്ങളുണ്ട്. ഒരു അനാഥാലയത്തില്‍ പഠിച്ച എനിയ്ക്ക് അത്തരം സന്ദര്‍ഭങ്ങളെ അവിശ്വസിക്കേണ്ടതില്ല.
പുസ്തകത്തില്‍ പറയാതെ പറയുന്ന മറ്റൊരു വസ്തുതയുണ്ട്. പുരോഗമന പ്രസ്ഥാനങ്ങളെന്ന നാട്യത്തില്‍ കേരളത്തില്‍ രംഗത്തു വന്ന ചില ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ നാട്ടുമ്പുറങ്ങളില്‍ ഒരുമയോടെ കഴിഞ്ഞിരുന്ന മുസ്ലിം മനസ്സുകളില്‍ എങ്ങനെ വിഭാഗീയത സൃഷ്ടിച്ചുവെന്നതാണ് അത്. റസാഖിന്റെ നാട്ടില്‍ രണ്ട് മദ്രസകളുണ്ട്. പഴയ മദ്രസയും പുതിയ മദ്രസയും. ഒരുമിച്ചു കളിച്ചും രസിച്ചും കഴിയുന്ന കുട്ടികള്‍ എന്തിനാണ് രണ്ട് മദ്രസകളിലേക്ക് പോകുന്നതെന്നു മനസ്സിലാകാതെ വിഷമിക്കുന്ന ഒരു കുട്ടിയുണ്ട് റസാഖിന്റെ ഓര്‍മകളില്‍. റസാഖിൻ്റെ നാട്ടിലെ മാത്രം കഥയല്ല അത്. സത്യത്തില്‍ കേരള മുസ്ലിംകളുടെ മത രംഗത്ത് പില്‍ക്കാലത്ത് സംഭവിച്ച വലിയ മാറ്റങ്ങളുണ്ടാക്കുന്നത് ഈ മദ്രസാ മാറ്റം തന്നെയാണ്. ആ പുത്തന്‍ പ്രസ്ഥാനക്കാര്‍ കേരള മുസ്ലിംകളെ രണ്ടും മൂന്നുമൊക്കെയാക്കി. നാട്ടിലെ അറിയപ്പെടുന്ന മതപണ്ഡിതനായിരുന്നിട്ടു കൂടി റസാഖിന്റെ ബാപ്പ മരിക്കുമ്പോള്‍ മയ്യിത്തിനെ പള്ളിയിലേക്ക് ആനയിക്കാനോ മയ്യിത്ത് നമസ്‌കരിക്കാനോ നാട്ടിലെ വലിയൊരു വിഭാഗം തയാറാകുന്നില്ല. വിട്ടു നിന്നവരായിരുന്നില്ല കുറ്റക്കാര്‍. അവര്‍ക്ക് അന്നോളം പരിചയമില്ലാത്ത പുതിയൊരു ഇസ്ലാമിനെ അവതരിപ്പിച്ചവര്‍ തന്നെയാകും കുറ്റക്കാര്‍. അതിന്റെ വിശദാംശങ്ങളിലേക്ക എഴുത്തുകാരന്‍ പോകുന്നില്ലെങ്കിലും, മതരാഷ്ട്രവാദവും ശുദ്ധ ഇസ്ലാമുമൊക്കെ കേരളത്തില്‍ പ്രചരിപ്പിച്ച ഒരു കൂട്ടര്‍ പില്‍ക്കാലത്ത് നാട്ടിലുണ്ടാക്കിയ കുലുമാലുകളുടെ സൂചനയാകുന്നുണ്ട് പഴയ മദ്രസയും പുതിയ മദ്രസയും എന്ന വേര്‍തിരിവ്.
ജാതി മത വേര്‍തിരിവുകളില്ലാതെ ജീവിച്ച ഗ്രാമീണരുടെ പഴയ ചിത്രം റസാഖ് വരച്ചിടുമ്പോള്‍, ആ ജീവിതങ്ങള്‍ക്ക് ഇക്കാലത്തുണ്ടായ പരിണാമത്തെക്കുറിച്ച് ഓര്‍ക്കാവുന്നതാണ്.
തുടക്കത്തില്‍ പറഞ്ഞ പോലെ, കണ്ണീരോടെയല്ലാതെ ഈ പുസ്തകം വായിച്ചു തീര്‍ക്കാനാകില്ല. കവിത തുളുമ്പുന്ന ഭാഷ ഈ പുസ്തകത്തെ കൂടുതല്‍ ഹൃദ്യമാക്കുന്നു. വായന നിരാശപ്പെടുത്തില്ല. തീര്‍ച്ച.
കോഴിക്കോട്ടെ കൂര ബുക്‌സാണ് പ്രസാധകര്‍.

No comments:

Post a Comment