വായന:
................
ഇ. അബ്ദുൽ കബീർ
പ്രിൻസിപ്പൽ,
ജെ.ഡി.റ്റി. ഇസ്ലാം
വെള്ളിമാടുകുന്ന്
..............................
അനാഥായലത്തിലെ ഗതകാലജീവിതം പശ്ചാത്തലമാക്കി
റസാഖ് വഴിയോരം രചിച്ച കൃതിയാണ് 'അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങൾ!'
ഓർഫനേജ് ജീവിതകാലത്തെ ഓർമകളോടൊപ്പം കണ്ണീരും കിനാവും നിറഞ്ഞ ബാല്യകാല സ്മൃതികളും ഈ കൃതിയിൽ ഇതൾ വിരിയുന്നു.
അരനൂറ്റാണ്ടിനുമുമ്പത്തെ ജീവിതാനുഭവങ്ങൾ ഭാവനയുടെ ചായം ചാലിക്കാതെ യഥാർത്ഥമായി, സൂക്ഷ്മമായി കൃതിയിൽ ആവിഷ്കരിക്കുന്നു. കഥാകാരൻ തന്റെ സ്മരണകൾ പുനഃസൃഷ് ടിക്കുമ്പോൾ വായനക്കാരും ഗതകാല സ്മരണകളുടെ തീരമണയുകയാണ്.
പുതുതലമുറക്ക് അത്ര പരിചിതമല്ലാത്ത ദാരിദ്ര്യവും ബുദ്ധിമുട്ടുകളും ചെറുപ്പത്തിൽ അനുഭവിക്കേണ്ടിവന്ന, രക്ഷിതാക്കളുണ്ടായിട്ടും സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം അനാഥാലയത്തിലെത്തിപ്പെട്ട കൊച്ചുമനസ്സി ന്റെ വിഹ്വലതകളും സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് ഈ കൃതി പങ്കുവെയ്ക്കുന്നത്. മാതാപിതാക്കൾ ജീവിച്ചിരിക്കെ അനാഥമായിപ്പോയ ബാല്യങ്ങൾക്കു കൂടിയാണ് കൃതി സമർപ്പിച്ചിരിക്കുന്നത്.
നാട്ടിൻപുറത്ത് ജനിച്ചുവളർന്ന, ഗ്രാമീണ സൗഭാഗ്യങ്ങളിൽ അഭിരമിക്കാൻ താല്പര്യമുള്ള ഒരു ബാലന്റെ നഷ്ടസൗഭാഗ്യങ്ങളുടെ ചിത്രീകരണം മാത്രമല്ല ഈ കൃതി. താനെത്തിപ്പെട്ട പുതിയ ലോകത്തെ അവൻ ക്രമേണ മനസാവരിക്കുന്നതും അവിടത്തെ പല നഷ്ടങ്ങളും തീരാവേദനയായി അവശേഷിക്കുന്നതും കൃതിക്ക് പുതിയൊരു മാനം നൽകുന്നു.
നിരാശ്രയരുടെ ആശാകേന്ദ്രം എന്ന നിലയ്ക്കാണ് റസാഖും ജെ.ഡി.ടി യിൽ എത്തുന്നത്. അന്നത്തെ പരിമിതമായ സൗകര്യങ്ങൾക്കിടയിലും സൗഹൃദത്തിന്റെ പകരം വെക്കാനില്ലാത്ത ഊഷ്മളതയാണ് അദ്ദേഹത്തിന് ഇന്നും ജെ.ഡി.ടി ഇസ്‌ലാം. സ്ഥാപനത്തിന്റെ ശില്പികളെയും അമരക്കാരെയും
ജീവനക്കാരെയും സഹകാരികളെയും സ്നേഹത്തോടും ആദരവോടും കൂടി മാത്രമേ ഇന്നും അദ്ദേഹത്തിന് സ്മരിക്കാൻ കഴിയുന്നുള്ളൂ.
ചരിത്രമുറങ്ങുന്ന ജെ.ഡി.ടി ഇസ്ലാമിന്റെ ഇന്നലെകളിലേക്ക് ഓർമകളിലൂടെ ഒരു മടക്കമാണ് ഈ കൃതി. കണ്ണീരിന്റെ നനവും ആശ്വാസത്തിന്റെ കുളിരും പ്രതീക്ഷയുടെ തെളിച്ചവും ബന്ധങ്ങളുടെ ഊഷ്മളതയും ഇവിടെ മിന്നി മറയുന്നു. ജെ.ഡി.ടിയിലെ അനുഭവങ്ങളോടൊപ്പം സ്വന്തം ബാല്യകാ ലാനുഭവങ്ങൾകൂടി ഇഴ ചേർത്ത് കൃതി രചിച്ചിരിക്കുന്ന
റസാഖ് വഴിയോരത്തിന്റെ അനുഭവ വിവരണം ഏറെ ഹൃദ്യവും ആസ്വാദ്യകരവുമാണ്. അദ്ദേഹത്തിന്റെ ഭാവനാത്മകവും വർണനാത്മകവുമായ ശൈലി നമ്മെ വിസ്മയിപ്പിക്കുന്നതാണ്. കൈത്തഴക്കം വന്ന ഒരെഴുത്തു കാരന്റെ വർണനാചാതുര്യം കഥയിൽ അനുഭവവേദ്യമാണ്. വായനയുടെ രസച്ചരട് മുറിയാതെ അനുവാചകരെ ആനയിച്ചു കൊണ്ടു പോകുന്ന മാന്തികത ആ രസികൻ ശൈലിക്കുണ്ട്.
“അനാഥാലയത്തിലെ പുതുസൗഹൃദങ്ങളുടെ പൂമരങ്ങളിൽ നിന്ന് പൂക്കളും ഇലകളും വീണ് നാടിനെക്കുറിച്ചും വീടിനെക്കുറിച്ചുമുള്ള ഓർമകൾ പലതും ഇതിനകം മൂടിക്കഴിഞ്ഞിരുന്നു.''
"സ്വന്തമായി കണ്ടെത്തിയ വഴിയിലൂടെയാണ് പുഴയൊഴുകുന്നത്. പുഴയും കാലവും ഒരു പോലെയാണ്, പിന്നോട്ടൊഴുകാൻ കഴിയാത്ത പ്രതിഭാസങ്ങൾ!''
''കാലപ്രവാഹത്തിന്റെ കരയിൽ മൗനം പുതഞ്ഞിരിക്കെ ആത്മാതമാവിന്റെ ചില്ലയിൽ സ്വച്ഛസ്മൃതികൾ മഴനനഞ്ഞു",
"മണ്ണിലുറങ്ങുന്ന വിത്തുകളെ മഴത്തുള്ളികൾ ചുംബിച്ചുണർത്തുന്ന പോലെ മനസ്സിലുറങ്ങുന്ന ഓർമകളെ ആരോ തൊട്ടുണർത്തിയപ്പോൾ കണ്ടുമറഞ്ഞ കാഴ്ചകളും കേട്ടുപതിഞ്ഞ ശബ്ദങ്ങളും വീണ്ടും കണ്ണു തുറന്നു..'' തുടങ്ങിയ വശ്യവും ആലോചനാമൃതവുമായ റസാഖിയൻ ശൈലിയുടെ ചില ഉദാഹരണ ങ്ങൾ മാത്രം.
ജീവിതത്തിന്റെ ഫിലോസഫി കണ്ടെത്തിയ എഴുത്തുകാരനാണ് റസാഖ് വഴിയോരം. കൃതിയിൽ പലയിടത്തായി കാണുന്ന ജീവിതാവബോധത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ജീവിതത്തെക്കുറിച്ച് എഴുത്തുകാരനുള്ള കൃത്യമായ ദർശനം വ്യക്തമാക്കുന്നവയാണ്.
''പറഞ്ഞുകൊണ്ടിരിക്കെ മുറിഞ്ഞുപോകുന്ന വാക്കുകൾ പോലെയാണ് ആകസ്‌മിക മരണങ്ങൾ"
"ഓർമകളുടെ ലോകത്ത് ഒരേ പ്രായമാണെല്ലാവർക്കും. അവിടെയാർക്കും ശരീരങ്ങളില്ല, ജീവിക്കുന്നവരും മരിച്ചവരുമൊക്കെ മന്ദസ്മിതം തൂകി ഇടകലർന്നങ്ങന്നെയിരിക്കും. ഒന്ന് കൈകൊട്ടി വിളിച്ചാൽ നിമിഷാർദ്ധത്തിൽ അവർ ഓടിയെത്തും.''
''നീലാകാശത്ത് ഒഴുകിപ്പരക്കുന്ന വെള്ളമേഘങ്ങൾ ക്രമരഹിതമായി കോ റിയിടുന്ന നിഗൂഢചിത്രങ്ങൾ പോലെയാണ് മനുഷ്യജീവിതവും. എത്ര ക്ഷണനേരം കൊണ്ടാണ് അവയുടെ രൂപഭാവങ്ങൾ മാറിമറയുന്നത്..'' തുടങ്ങിയ ഭാഗങ്ങൾ വിനിമയം ചെയ്യുന്ന ആശയങ്ങൾ ഒറ്റവായനയിൽ ഒതുങ്ങുന്നതല്ല. ജീവിതത്തെക്കുറിച്ച് ഗൗരവപൂർണ്ണമായ ആലോചനകളിലേക്ക് അവ നമ്മെ നയിക്കുന്നു.
ഭൂതവർത്തമാനങ്ങളുടെ സമഞ്‌ജസ സമന്വയം കൃതിയിൽ കാണാം. അനാഥശാലാ ജീവിതസ്മരണകളിലൂടെ വിദൂര ഭൂതകാല സ്മരണകളിലേക്കും വായനക്കാരെ കൈപിടിച്ചുനടത്തുന്ന ഗ്രന്ഥകാരന്റെ മിടുക്ക് വിസ്മയകരമാണ്.
മനുഷ്യന്റെ നന്മകൾ തൊട്ടറിയുന്ന എഴുത്തുകാരനാണ് റസാഖ് വഴിയോരം. ഉപ്പയും ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും സമൂഹവുമെല്ലാം നന്മയുടെ ആൾരൂപങ്ങളായാണ് അവതരിപ്പിക്കപ്പെടുന്നത്. ജീവിതം എത്രമേൽ തീക്ഷണമായി അനുഭവപ്പെടുമ്പോഴും അതിൽ ആരെയും കുറ്റപ്പെടുത്തുകയോ പിറുപിറുക്കുകയോ ചെയ്യാതെ എല്ലാവരിലെയും നന്മയും സത്യസന്ധതയും ആത്മാർത്ഥതയും കണ്ടെത്താനാണ് ശ്രമിച്ചത്.
"അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങൾ" എന്ന ഗ്രന്ഥനാമം തന്നെ ആഴമേറിയ കൃതജ്ഞതാ വിചാരത്തിൽ നിന്ന് ഉത്ഭവിച്ചതായാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഗ്രാമവും ഗ്രാമീണതയും ഗ്രാമനന്മകളും ഈ കൃതിയിലൂടെ
പുനർജനിക്കുന്നു. നാട്ടറിവുകളും നാടൻ കഥകളും ഉചിതസന്ദർഭങ്ങളിൽ കൃതിയിൽ ഇടംപിടിച്ചിട്ടുണ്ട്. അങ്ങനെ ബാല്യകാല സ്മരണകളോടൊപ്പം കൃതി
ദേശത്തിന്റെ ചരിത്രം കൂടിയായി മാറുകയും ചെയ്യുന്നു. താൻ കടന്നുവന്ന വഴികളിലേക്കും കേട്ടറിഞ്ഞ പഴമകളിലേക്കും കണ്ടറിഞ്ഞ കാഴ്ചകളി ലേക്കുമുള്ള തിരിഞ്ഞുനോട്ടമാണ് ഈ കൃതി. ആ ചരിത്രാംശങ്ങൾ പിൻതലമുറക്കായി കരുതിവെക്കുന്നു എന്ന മഹദ്‌ദൗത്യമാണ് ഈ കൃതിയിലൂടെ
റസാഖ് വഴിയോരം നിർവ്വഹിച്ചിരിക്കുന്നത്.
“കാലനൈരന്തര്യത്തിന്റെ ഏതൊക്കെയോ സന്ധികളിൽ പിറകെ വരുന്നവർക്കായി മുൻതലമുറ കാവലിരുന്നു. സ്വപ്ന സാക്ഷാത്കാരങ്ങളിലേക്ക് പുതുതലമുറക്ക് എളുപ്പത്തിൽ ചെന്നെത്താൻ പാകത്തിൽ വഴികളൊരുക്കിവെച്ചാണ് പഴയ തലമുറ കാലതിരശ്ശീലക്കു പിന്നിലേക്ക് മറഞ്ഞുപോയത്. ആ വഴികളിലുടെ അനായാസം പാഞ്ഞുപോ കുന്നവർ ഒരു മൗനപ്രാർത്ഥനയെങ്കിലും മുൻഗാമികൾക്കായി കരുതി വെയ്‌ക്കണം' എന്ന വാക്കുകൾ ഗ്രന്ഥരചനയിലൂടെ അന്വർത്ഥമാക്കപ്പെട്ടു എന്ന് നിസ്സംശയം പറയാം.
ദേശീയസ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ബാക്കിപത്രമെന്നോണം സ്ഥാപിതമായ ജെ.ഡി.ടി ഇസ്ലാം ഒരു നൂറ്റാണ്ട് പൂർത്തിയാക്കുന്ന ഈ ധന്യമുഹൂർത്തത്തിൽ, സ്ഥാപനത്തിന് കൈവന്ന വലിയ ആദരവായി ഈ കൃതിയെ കാണാം. ഒരു നൂറ്റാണ്ടിന്റെ കർമയാത്രയിൽ റസാഖ് വഴിയൊരത്തെ പോലെ സർഗധനരും പ്രതിഭാസമ്പന്നരുമായ ഒട്ടേറെ പേരെ കൈപിടിച്ചുയർത്താൻ സ്ഥാപനം നിമിത്തമായി എന്നതിന്റെ നേർസാക്ഷ്യം!
ജെ.ഡി.ടി ഇസ്ലാമിന്റെ സേവനചരിത്രത്തിൽ സ്ഥാപിക്കപ്പെട്ട മറ്റൊരു സ്മാരകശിലയാകുന്നു റസാഖ് വഴിയോരത്തിന്റെ 'അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങൾ' എന്ന കൃതി.
.......................................
ഇ. അബ്ദുൽ കബീർ
No comments:
Post a Comment