Tuesday, January 25, 2022

അദ്ധ്യായം‌ - 03‌ ഹസ്സനാജിക്കൊരു കത്ത് Re edited

 


അദ്ധ്യായം‌ - 03‌ 


ഹസ്സനാജിക്കൊരു കത്ത് 

............................................


എന്റെ‌ പിറവിക്കും‌ മുമ്പേ‌ ഞാനുണ്ടായിരുന്നു‌ ;‌

സ്മരിക്കപ്പെടാന്‍‌ ഒന്നുമില്ലാതെ‌..!

മണ്ണില്‍‌ പാദങ്ങള്‍‌ പതിഞ്ഞ ശേഷമാണ്‌

ഓര്‍മ്മകൾ‌ വള്ളിപ്പടര്‍പ്പുകളായി‌  ശരീരത്തിലേക്ക്‌ പടര്‍ന്നുകയറാൻ‌ തുടങ്ങിയത്‌. 

ചിറകുവിരിച്ച്‌ മൃത്യുവോ‌ടൊപ്പം‌ പറന്നു‌പോ‌യാലും‌ ഞാനുണ്ടാവും‌‌‌;‌ ആരുടേയെങ്കിലും‌  മനസ്സുകളിൽ‌ സ്മൃതി‌പുഷ്പങ്ങളായി‌‌!


‌ഓര്‍മ്മകളുടെ‌ ലോകത്ത്‌ ഒരേ പ്രായമാണെ‌ല്ലാവര്‍ക്കും‌. ‌‌അവിടെയാര്‍ക്കും ശരീരങ്ങളില്ല.  ജീവിച്ചിരിക്കുന്നവരും‌ മരിച്ചവരുമൊക്കെ‌ മന്ദസ്മിതം തൂകി‌ ഇടകലര്‍ന്നങ്ങനെ‌യിരിക്കും‌. ഒന്ന് കൈ‌ കൊട്ടി‌ വിളിച്ചാ‌‌ല്‍ നിമിഷാര്‍ദ്ധത്തില്‍ അവര്‍ ഓടിയെത്തും, വർത്തമാന‌ കാലത്തിലേക്ക്‌.


ഞാന്‍ കൈകൊട്ടി‌വിളിച്ചു. അവര്‍ ഓടിയെത്തി.

പിന്നെ ജെ.ഡി.റ്റി. ഇസ്ലാം‌ ഓര്‍ഫനേജ്‌ മുറ്റത്ത് അവര്‍ വരിവരിയായി വന്നുനിന്നു. ഞങ്ങള്‍ കിഴക്കു‌ഭാ‌ഗത്തുള്ള‌ ഗ്രൗണ്ടിലേക്ക്‌ പതുക്കെ‌ നടന്നുനീങ്ങി‌.

ചെറിയ‌ കൈക്കോട്ടും‌ തോളി‌ലിട്ട്‌ മുമ്പില്‍‌ മൊയ്തീന്‍‌ കോയ‌‌‌. മണ്ണ്‌ കോരുന്ന‌ ചൂരല്‍‌ കൊട്ടയുമായി‌ പിന്നില്‍‌ ഹാമിദുസൈന്‍‌, സൈദുട്ടി‌, ചോട്ടസലാം‌‌.. അങ്ങനെ‌ അഞ്ചാറുപേര്‍‌.

ഞങ്ങളുടെ‌ ഒഴിവുദിനങ്ങള്‍‌ അങ്ങിനെയായിരുന്നു‌. രാവിലെ‌ കാന്റീനില്‍‌ പോയി‌ ഗോതമ്പു‌കഞ്ഞി‌ കുടിച്ചു‌കഴിഞ്ഞാല്‍‌ മുതിര്‍ന്ന‌

‌ക്ലാസ്സിലെ‌ കുട്ടികള്‍‌ ഓഫീസിനു‌ മുമ്പിലെത്തണം‌. ‌പിന്നെ‌ കുട്ടികളെ‌ അഞ്ചാറു‌ ഗ്രൂപ്പുകളാക്കിത്തിരിക്കും‌. ഓരോ‌ ഗ്രൂപ്പി‌നും‌ ഒരു‌ ലീഡര്‍‌. വാ‌ർഡൻ‌  ലീ‌ഡര്‍ക്ക്‌ ഓരോ‌ നിര്‍ദ്ദേശങ്ങള്‍‌ നല്‍കും‌‌. ഓരോരുത്തരെ‌ ഓരോ‌ പണിയേല്‍‌‌പി‌ക്കും. ചിലര്‍ കേന്റീന്‍‌ വൃത്തിയാക്കണം‌. ചിലര്‍‌ പള്ളി അടിച്ചുവാരണം. കുറച്ചൊക്കെ ശരീരബലമുള്ളവര്‍ പുതുതായി നിര്‍മ്മിക്കുന്ന ഗ്രൗണ്ടില്‍ കൂട്ടിയിട്ടിരിക്കുന്ന‌ മണ്ണെടുത്ത്‌ അപ്പുറത്തെ‌  താഴ്ന്ന പറമ്പില്‍‌ കൊണ്ട്പോയി നികത്തണം‌.  ജെ‌സി‌ബി‌യൊന്നും‌  ഇല്ലാതിരുന്ന‌  കാലം.

കുറച്ച്‌ വിയര്‍ക്കുന്ന‌ ജോലിയായിരുന്നെങ്കിലും‌ തലയിൽ‌ മണ്ണ്‌‌ ചുമക്കാൻ‌ പോകുന്നത്‌   എനിക്കിഷ്ടമായിരുന്നു‌. പത്ത് മണിയാകുമ്പോള്‍‌ മഞ്ഞ‌ കമ്പ‌പ്പൊടികൊണ്ടുണ്ടാക്കിയ‌ ഉപ്പുമാവ്‌ കിട്ടും‌. പിന്നെ‌  തെങ്ങിൻ‌തോ‌ട്ടത്തില്‍‌ വീണുകിടക്കുന്ന‌ കൊട്ടത്തേങ്ങ‌ ആരും‌ കാണാതെ‌ പൊളിച്ചുതിന്നാം‌. പുതിയ‌ ഗ്രൗണ്ട്‌ കുറച്ച്‌ ദൂരെയായിരുന്നതിനാൽ‌  പെട്ടന്നൊന്നും‌  അവിടേക്കരും‌ എത്തിപ്പെടില്ലെങ്കിലും‌ ആരും‌ കാണാതെ‌ തേങ്ങ‌ പൊളിച്ചു‌‌തി‌ന്നുന്നത്‌ അല്പം‌ പരിശീലനം‌ ആവശ്യമായ‌ ഒരു‌ ടാസ്ക്‌ തന്നെയാണ്‌‌.  മറ്റുള്ളവര്‍‌ നന്നാവുന്നത്‌ ഇഷ്ടമില്ലാത്ത‌ ചില‌ കൂനൂട്ടിക്കുട്ടികളെങ്ങാനും‌ അറിഞ്ഞാൽ‌  ന്യൂസ്‌ മാനേജറുടെ‌ ചെവിയിലെത്തും‌.‌‌ അങ്ങനെ‌ പിടിക്കപ്പെട്ടാൽ‌പ്പിന്നെ‌ തല‌ കൊട്ടത്തേങ്ങയുടെ‌ പരുവത്തിലാവും‌. 


ആരും‌ അറി‌യാതെ‌  തേങ്ങപൊളിക്കുന്ന‌ കലയില്‍‌ നല്ല‌ വൈദഗ്ദ്യമുള്ള‌  ആ‌ളായിരുന്നു‌ മൊയ്തീന്‍‌ കോയ‌.

തെങ്ങിന്‍‌ തോട്ടത്തിലൂടെ‌ ഗ്രൗണ്ടിലേക്ക്‌ കുട്ടയും‌ കൈക്കോട്ടുമായി‌ നടന്നുപോകുമ്പോള്‍‌ ‌ തന്നെ‌  എവിടെയെല്ലാമണ്‌ ഉണങ്ങിയ‌ തേങ്ങ‌ വീണുകിടക്കുന്നതെന്ന്‌

‌അവന്‍‌ തന്റെ‌ തൃക്കണ്ണകൊണ്ട്‌ നോക്കിവെക്കും‌.  ‌‌ഒരു‌ കണ്ണ്‌ അല്പം‌ ചെറുതാക്കി‌, തല‌ കുറച്ച്‌ ചെരിച്ചുപിടിച്ച‌ ഒരു‌ നോട്ടമുണ്ടവന്‌. ആ‌ ‌ നിഷ്കളങ്കമായ‌ നോട്ടത്തില്‍‌ എത്ര‌ കൊട്ടത്തേങ്ങ‌കള്‍‌ എവിടെയൊക്കെ‌ എങ്ങിനെ‌യൊക്കെ‌  വീണു‌ കിടക്കുന്നുണ്ടെന്ന‌ കൃത്യമായ‌ ഒരു‌ രേഖാചിത്രം‌ അവന്റെ‌ മനസ്സില്‍‌ പതിയും‌.‌ പിന്നെ‌ പട്ടാണി‌ ഹാമിദുസൈന്റെ‌ ഊഴമാണ്‌. മൊയ്തീന്‍‌ കോയയുടെ‌ നിര്‍ദ്ദേശപ്രകാരം‌ ഹാമിദുസൈൻ‌  തന്റെ‌ നടത്തമൊന്ന്‌ പതുക്കെയാക്കും‌. 

പിന്നെ‌ ചുറ്റുമൊന്ന്‌ കണ്ണോടിച്ച്‌  ആരുമില്ലെന്ന്‌ ഉറപ്പാക്കും‌. പിന്നെ‌ വളരെ‌  നിഷ്കളങ്കഭാവത്തില്‍‌‌ ഏതോ സിനിമാപ്പാട്ടും മൂളിക്കൊണ്ട്‌‌ പുറം‌‌കാലുകൊണ്ട്‌ ഓരോ‌ തേങ്ങകള്‍‌ തട്ടിത്തട്ടിയങ്ങനെ‌ ഗ്രൗണ്ടിനടുത്തെത്തിക്കും. 


ഇരുമ്പിന്റെ‌ സഹായമില്ലാതെ‌ കൊ‌ട്ടത്തേങ്ങ‌ ‌പൊളിക്കാനറിയുന്ന‌ ഹീറോയാണ്‌‌  ‌ഹാമിദുസൈന്‍‌. നല്ല‌  മസ്‌ലുള്ള‌ കരുത്തുള്ള‌ ശരീരം‌. എത്ര‌ ഭാരിച്ച‌ പണിയും‌ അവന്‍‌ ഒറ്റക്ക്‌ തന്നെ‌ ചെയ്യും‌.‌ അതുകൊണ്ടാണ്‌‌  '‌പട്ടാണി‌'‌ എന്ന‌ ഓമനപ്പേര്‌  സൗജന്യമായി‌ ഞങ്ങളവന്‌‌ നൽകിയത്‌. ‌ കുറച്ച്‌ മണ്ണ്‌ കോരിക്കഴിയുമ്പോള്‍‌ മൊയ്തീന്‍‌ കോയ‌ പട്ടാണിക്ക്‌ ഒരു‌ സിഗ്‌‌നല്‍‌ കൊടുക്കും‌. അപ്പോഴവന്‍ പകുതി‌‌പൊട്ടിയ‌ പല്ലുകാട്ടി‌ ഒന്നു‌ ചിരിക്കും‌. പിന്നെ‌ വളരെ‌ തന്മയത്വത്തോടെ‌ ചുറ്റുമൊന്നു‌‌നോക്കും‌. ഒരു‌ കരിങ്കല്ലിനു‌ മുകളില്‍‌ തെങ്ങയുടേ‌ മൂട്‌ മുകളിലാക്കി‌ വെച്ച്‌ മറ്റോരുകല്ലുകൊണ്ട്‌ ഒറ്റയിടിയായിരിക്കും‌. 'ട്ടക്ക്‌.' ‌


വിജയശ്രീലാളിതനായി‌ പൊട്ടിച്ചിതറിയ‌ തേങ്ങാക്കഷ്ണങ്ങളു‌മായി‌ ഹാമിദുസൈന്‍‌ ഞങ്ങളുടെയടുത്തേക്കോടിവരും‌. നയനമനോഹരമായിരിക്കും‌ ആ വരവ്. പിന്നെ ഞങ്ങ‌ള്‍‌ മര‌ത്തിനുചുവട്ടിലിരുന്ന്‌ വെള്ളം‌‌വറ്റിയുണങ്ങിയ‌ മധുരമുള്ള‌ തേങ്ങാപ്പൂളുകള്‍ ആര്‍ത്തിയോടെ‌ കടിച്ചു‌തിന്നും‌.


വീട്ടിലായിരുന്നാപ്പോള്‍‌ ഞാനിത്രയും‌ തേങ്ങ‌ ഇങ്ങനെ‌ വായ‌ നിറച്ച്‌ തിന്നിട്ടില്ല‌‌. ഉമ്മ‌ തേ‌ങ്ങ‌ ചിരകിക്കൊണ്ടിരിക്കുമ്പോള്‍‌ ഒരു‌ നുള്ള്‌ ചിരകിയ‌ തേങ്ങ‌ കി‌ട്ടണമെങ്കില്‍‌ നന്നായി‌ പാടുപെടണം‌‌.  മുറ്റത്ത്‌ തെങ്ങോലകൊണ്ടു‌‌ണ്ടാക്കിയ‌ ഒരു‌  പന്തലായിരുന്നു‌ അന്ന് ഞങ്ങളുടെ‌ അടുക്കള‌. വേനൽക്കാലമാവുമ്പോൾ‌  അകത്ത്‌ കരിപിടിക്കാതിരിക്കാന്‍‌ ഉമ്മ‌ താല്‍ക്കലിക‌മായി‌ മുറ്റത്ത്‌ ഇങ്ങനെയൊരു‌ അടുക്കളയുണ്ടാക്കും‌. 

അവിടെനിന്ന്‌ തേങ്ങ‌ ചിരണ്ടുന്ന‌ കര്‍ണ്ണമധുരമായ‌ ശബ്ദം‌ കേള്‍ക്കുമ്പോള്‍‌ മുറ്റത്തെവിടെയെങ്കിലുമൊക്ക‌ കളിച്ചുകൊണ്ടിരിക്കുന്ന‌ ഞങ്ങള്‍‌ പതിയെ‌ പതിയെ‌ പന്തലിനടുത്തെത്തും‌. ഒരു‌ ഡേഞ്ചര്‍‌ സോണിലാണ്‌ നില്‍ക്കുന്നതെന്ന‌റിഞ്ഞുകൊണ്ടു‌ തന്നെ‌  വളരെ‌ നിഷ്കളങ്കഭാവത്തില്‍‌  ഒന്നുമറിയാത്തപോലെ‌ അവിടെയിവിടെയൊക്കെ‌ വെറുതെ‌ ചാരി‌നില്‍ക്കും‌‌.   പിന്നെയാണ്‌ ഏറ്റവും‌ അപകടം‌ പിടിച്ച‌ ടാസ്ക്‌. വെല്ല്യാത്ത,ചെറ്യാ‌ത്ത,കുഞ്ഞാത്ത‌ തുടങ്ങിയ‌ സകല‌ പെങ്ങന്മാരും‌ അടുക്കള‌പ്പന്തലില്‍ ഓരോ പണിയുമായി‌ അവിടിവിടെയൊക്കെയുണ്ടാവും. ചിരവയുടെ‌ തൊട്ടടുത്തു‌ത‌ന്നെ‌ ഉമ്മയുടെ‌ കയ്യെത്തും‌ ദൂരത്ത്‌ ഒഴിഞ്ഞ‌ ചിരട്ട‌ കിടക്കുന്നുണ്ടാവും.

ഒരു അര്‍ദ്ധ‌നിമിഷ‌വേഗതയില്‍‌ പാ‌ത്രത്തില്‍ നിന്ന് ചിരകിയ തേങ്ങ‌ വാരിയോടണം‌.‌

ഓട്ടത്തിനിടയിൽത്തന്നെ‌  കിട്ടിയ തേങ്ങ‌ വായിലിടണം. ചെറിയൊരശ്രദ്ധകൊണ്ട്

കണക്കുകൂട്ടലെങ്ങാനും‌  തെറ്റിയാല്‍ ഒഴിഞ്ഞ‌ ചിരട്ടകൊണ്ട്‌ പിന്നിൽനിന്നും‌ ഏറ്‌ കിട്ടും.  പലപ്പോഴും‌ ''‌ഔ''‌ എന്നൊരൊച്ചയോടെ‌ തലയുടെ ‌പിന്‍വശത്ത്‌ തട്ടി‌ത്തെ‌റിച്ച്‌  ചിരട്ട‌ നിലത്തുവീണ്‌‌  കറങ്ങിത്തിരിയുന്നത്‌  മുറ്റത്തെ‌ മണ്ണില്‍‌ കളിച്ചുകൊണ്ടിരിക്കുന്ന‌ കൊച്ചനിയന്മാര്‍‌ നോക്കി‌നിൽക്കുന്നുണ്ടാവും‌. അവർക്കറി‌യില്ലല്ലോ‌  ആ കാലത്തിന്റ അതിജീവന രസ‌തന്ത്രങ്ങള്‍!


‌വറുത്ത‌ അരി‌യിലിട്ട്‌ കുഴച്ച്‌ ചായക്ക്‌ കൂട്ടാനുണ്ടാക്കാനായിരിക്കും‌  ഉമ്മ‌ ചിലപ്പോൾ‌ തേങ്ങ‌ ചിരണ്ടുന്നത്‌. ഒരു‌ നുള്ള്‌ തേങ്ങയെടുത്ത്‌ ഞങ്ങളുടെ‌ വായിലിട്ടുതരാന്‍‌ ഉമ്മക്ക് അഗ്രഹമില്ലാത്തതുകൊണ്ടായിരിക്കില്ല‌.  പക്ഷെ വീട്ടില്‍ അതിനുമാത്രം‌ തേങ്ങയുണ്ടാവാറില്ല‌. നാലഞ്ച്‌  തെങ്ങുകളാണ്‌ പറമ്പില്‍‌ ആകെയുണ്ടായിരുന്നത്. അത്‌ കൊല്ലത്തിലധികവും‌ പാട്ടത്തിലുമായിരിക്കും‌.‌‌ 


ഓരോ പാട്ടക്കാലം കഴിയുമ്പോഴും ബാപ്പ ഞങ്ങളില്‍ ആരെയെങ്കിലും വിളിച്ച് ഹാജിയാരുടെ അടുത്തേക്ക് പറഞ്ഞയക്കും. നാട്ടിലെ ഏക കച്ചവടക്കാരനാണ് ബീരാന്‍‌കുട്ട്യാജി. എല്ലാ കൊല്ലവും ബീരാന്‍‌ കു‌ട്ടി‌ഹാജിയാണ് തെങ്ങ് പാട്ടത്തിനെടുക്കുക. ഇളം‌ ചുവപ്പ്‌ ഫ്രെയിമുള്ള‌ കണ്ണടയും‌ വെച്ച്‌ തോളിലൊരു വെളുത്ത‌ മുണ്ടും അരപ്പട്ടയും‌ കെട്ടി‌ കുപ്പായമിടാതെ‌ ബീരാന്‍‌കുട്ട്യാജി വരും‌. പിന്നെ‌ ഓരൊ തെങ്ങിനു‌ചുവട്ടിലും പോയിനിന്ന്‌ കണ്ണ‌ടയുടെ മുകളില്‍‌ കൈപ്പത്തി‌ ചേര്‍ത്തു‌വെച്ച്‌ മുകളിലേക്ക് നോക്കും‌, കൂടെ ബാപ്പയും‌.


''ഇക്കൊല്ലം മൊച്ചിങ്ങ കൊറവാണല്ലോ‌ മോല്യാരെ..'' ബീരാന്‍‌കുട്ട്യാജി പറയും‌.


ബാപ്പ ഒന്ന് ചിരിക്കുന്ന‌‌പോലെ‌ ശബ്ദമുണ്ടാക്കും‌.‌ ‌കുറച്ച്‌ ചുറ്റിനടന്ന‌ ശേഷം‌ ഹാജിയാരും‌ ബാപ്പയും‌ തെങ്ങിന്റെ‌ തണലിലേക്ക്‌ മാറിനിൽക്കും‌. പിന്നെ‌  തോളത്ത്‌ നിന്ന് വെളുത്ത മുണ്ടെടുത്ത് ഹാജിയാര്‍‌ ബാപ്പയുടെ അടുത്തേക്ക്‌ ചേര്‍ന്ന്‌ നില്‍ക്കും‌.  ബപ്പയുടെ‌ കൈ പിടിച്ച് രണ്ടാളുടേയും‌ കൈകള്‍‌ ‌തോളില്‍നിന്നെടുത്തമുണ്ടുകൊണ്ട് മൂടും‌. പിന്നെ‌ വിരലുകള്‍കൊണ്ട്‌ ഹാജ്യാര്‍ വില പറയും:


'‌'‌എല്ലാങ്കൂടി‌ ഇതിനേള്ളൂ''‌ രണ്ടുപേരും‌ അങ്ങോട്ടുമിങ്ങോട്ടും‌ നോക്കി‌ വില‌ പേശും‌.  


ഓരോ വിരലും ഓരൊ സംഖ്യയെയാണ്‌ സൂചിപ്പിക്കുന്നത്.‌ ആ‌ ഗണിത‌ ശാസ്ത്രരഹസ്യം‌ ഇന്നുമെനിക്കറിയില്ല‌.


''‌ഇതിലുറപ്പിക്കാ‌..ല്ലേ‌..''‌ ഹാജിയാ‌രുടെ‌ ചോദ്യത്തിന്‌‌ ബാപ്പ‌ സമ്മതം‌ മൂളും‌. 


ബീരാന്‍ കുട്ട്യാജി അരയിലെ‌ കറുപ്പും‌ മഞ്ഞയും‌ നിറമുള്ള‌ വീതികൂടിയ‌ അരപ്പട്ടയുടെ ബട്ടന്‍‌ 'ടക്'‌ എന്നൊരു‌ ശബ്ദത്തില്‍‌ തുറക്കും‌. അതിലാണ്‌ പണം‌ സൂക്ഷിക്കുന്നത്. അതില്‍‌ നിന്ന്‌ ഏതാനും‌ നോട്ടുകളെടുത്ത്‌ ബാപ്പയുടെ‌ നേരെ‌ നീട്ടും‌.


''‌ദാ.. ബാക്കി തേങ്ങ വലിക്കുമ്പം..''


തേങ്ങ‌ വലിക്കാന്‍‌ കോവാ‌ലേട്ടന്‍‌ വരും‌. എന്റെ‌ വീടിനടുത്ത്‌‌ തന്നെയാണ്‌ കോവാലേട്ടന്റെ‌ വീ‌ട്‌. തേങ്ങ‌ വലിച്ചു കഴിഞ്ഞാല്‍‌ അടുക്കള‌ ഭാഗത്ത്‌ വന്ന്‌ കോവാലേ‌ട്ടന്‍‌ പറയും‌:‌ 


''‌ചെറീ‌മ്മാ‌.. ത്തിരി‌ കഞ്ഞിവെള്ളം‌...''‌ 


ഉമ്മ‌ ഉപ്പിട്ട‌ കഞ്ഞിവെള്ളം‌ ഒരു‌ പാത്രത്തിലാക്കി‌ കൊടുക്കും‌. ഒറ്റവലിക്ക്‌ കഞ്ഞിവെള്ളം‌ കുടിച്ച്‌, കയ്യിലുള്ള‌ നീണ്ട‌ കൊടുവാള്‍‌കൊണ്ട്‌ ഓരോ‌

തേങ്ങയില്‍‌‌ കൊത്തി‌, നല്ല‌ ഒന്ന്‌ രണ്ട്‌ തേങ്ങകള്‍‌ കൈകളിലെടുത്ത്‌ ചെവിയോട്‌ ചേര്‍ത്ത്‌ പിടിച്ച്‌ കുലുക്കിനോക്കും. എന്നിട്ട് പറയും‌:‌ 


''‌ചെറീമ്മാ‌.. ദ്‌ നല്ലോണം‌ വെളഞ്ഞീണ്‌..''‌ 


അങ്ങിനെ‌ മൂന്നാല്‌ തേങ്ങ‌ അടുക്കള‌ വാതിലിനടുത്തേക്കിട്ടുതരും‌. പാട്ടത്തേങ്ങ‌ പറിച്ചുപോകുമ്പോ‌ ഞങ്ങള്‍ക്ക്‌ കിട്ടുന്ന‌ സൗജന്യം‌‌!


ബാപ്പ‌ കട്ടിലിരുന്ന്‌ കഞ്ഞി‌ കുടിക്കുമ്പോഴാണ്‌ ഉമ്മ‌ ചില‌ ആവശ്യങ്ങള്‍‌ പറയുക‌. ഒരു‌ ‌ദിവസം ഉമ്മ പറഞ്ഞു :


''‌നാളെ‌‌നിക്കൊന്ന് അങ്ങ്‌ വരെ‌ പോണം‌'‌'


വാഴക്കാടാണ്‌ ഉമ്മയുടെ നാട്. ചിലപ്പോ ഉപ്പ സമ്മ‌തം‌ കൊടുക്കും. ഉമ്മയുടെ‌ കൂടെപ്പോവാന്‍‌ വാശിപിടിച്ച്‌ ഞങ്ങള്‍‌ കരയും‌. ചിലപ്പോള്‍‌ ഒന്നോ‌ രണ്ടോ‌ പേര്‍ക്ക്‌ നറുക്കുവീഴും‌. സന്തോഷകരമായ ഒരനുഭവമാണ് ആ യാത്ര!


കൊല്ലപ്പരീക്ഷ കഴിഞ്ഞ്‌ സ്കൂള്‍ പൂട്ടിയ ഒരു‌ദിവസം കൂടെപ്പോ‌രാന്‍ ഞങ്ങൾക്ക്‌ അനുവാദം കിട്ടി. ഞങ്ങള്‍ സന്തോഷംകൊണ്ട് തുള്ളിച്ചാടി. ഉമ്മയും‌ ഞങ്ങളും‌ അതിരാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ബാപ്പ‌ ചോദിച്ചു‌:‌


''‌തോണിക്കൂലിണ്ടോ''


‌ഉമ്മ പറഞ്ഞു‌ :‌ ''‌മടക്കത്തിന്‌ കൊടുക്കാം.''


വാഴക്കാ‌ട്ടു‌നിന്ന് മടങ്ങുമ്പോള്‍ ഉമ്മയുടെ കയ്യില്‍ പത്തോ അമ്പതോ രൂപയൊക്കെ ആരെങ്കിലുമൊക്കെയായി കൊടുത്തിട്ടുണ്ടാവും. ആ ധൈര്യ‌ത്തിലാണ്‌‌ ഉമ്മയങ്ങനെ‌ പരയുന്നത്‌. 

ഇരുവഴിഞ്ഞി‌പ്പുഴയും ചാലിയാര്‍‌ പുഴയും‌ ചേരുന്നിടത്ത്‌ ചെറിയൊരു‌ കടത്തുതോണിയുണ്ടാവും‌. അക്കരെ‌ ചാലിയാറിന്റെ‌ കരയില്‍ വേനല്‍കാലത്ത്‌ അധികം‌ വെള്ളമുണ്ടാവില്ല‌.  വലിയൊരു‌ മൈതാനം‌ പോലെ പുഴയുടെ‌ നടുവിൽ‌ മണലങ്ങനെ‌  പൊങ്ങിക്കിടക്കും‌.  '‌മാട്‌‌'‌ പൊന്തിയെന്നാണ്‌ ഞങ്ങളതിനെ‌ പരയുക‌.‌  


വാ‌ഴക്കാട്ടേക്ക്‌ ഞങ്ങളുടെ‌ വീട്ടിൽ‌ നിന്നും‌ ഏകദേശം‌ അഞ്ചാറ്‌ കിലോമീറ്റര്‍‌ നടക്കാനുണ്ട്‌.  ഞങ്ങള്‍‌ മാട്ടുമ്മലൂടെ‌ ആവേശത്തോടെ നടക്കും‌. ആ‌ യത്രയില്‍‌ പല‌ കൗതുകങ്ങളുമുണ്ടായിരുന്നു.‌ വെള്ളമുള്ള‌ ചെറിയ‌ കുഴികളില്‍‌ മീനുകൾ‌ ഓടിക്കളിക്കുന്നത്‌ കാണാം‌. ഗ്വാളിയോറയോണ്‍സ്‌ കമ്പനിയുടെ‌ വലിയ‌ പുകക്കുഴലില്‍‌നിന്നും‌ കറുത്ത‌ പുകച്ചുരുളുകള്‍‌ ആകാശത്തെക്ക്‌ ഉയര്‍ന്നുപോകുന്നത്‌ കാണാം‌‌. കുരുത്തോല‌ ഉണക്കി‌  ചെറിയ‌ കഷ്ണങ്ങളാക്കി‌ ചൂടിക്കയറില്‍‌ കെട്ടി‌ ഒരു‌ പ്രത്യേകരീതിയില്‍‌ മീന്‍‌ പിടിക്കുന്ന ‌'വെള്ളോലിക്കാരെ‌'‌ കാണാം‌. വേനല്‍ക്കാലത്ത്‌ മാട്ടുമ്മല്‍‌ ചെറിയ‌ പന്തലുകെട്ടി‌ കച്ചോടം ചെയ്യുന്ന കുട്ടികളെ‌ കാണാം‌. 


മിട്ടായിപ്പീടികയുടെ അടുത്തെത്തുമ്പോള്‍ ഞങ്ങള്‍ ഉമ്മയുടെ‌ കോന്തല‌ പിടിച്ച്‌ മിട്ടായി‌ഭരണിയിലേക്ക്‌ വിരല്‍‌ ചൂണ്ടും‌‌. 


''‌മടക്കത്തിന്‌ വാങ്ങിത്തരാം''‌ ഉമ്മ‌ ആശ്വസിപ്പിക്കും‌. 


മടക്കത്തില്‍‌ ഉമ്മയുടെ‌ കയ്യില്‍‌ പൈസയുണ്ടാവും. '‌മടക്കത്തിന്‌ മിട്ടായി‌ കിട്ടും‌‌.'‌ എല്ലാ‌ മടക്കയാത്രകളും‌ ഒരു‌ പ്രതീക്ഷയാണല്ലോ‌‌! ഞങ്ങള്‍‌ പിന്നേയും‌ ആവേശത്തോടെ‌ മണലിലൂടെ‌ തുള്ളിച്ചാടി‌നടക്കും‌. 


വാഴക്കാട്ടെത്തിയാ‌ല്‍‌ കൂടെ‌ കളിക്കാന്‍‌ അവിടെ‌ അമ്മാ‌വന്മാരുടെ‌ മക്കളു‌ണ്ടാവും‌. 

ഞങ്ങള്‍‌ മുറ്റ‌ത്ത്‌ നിന്ന്‌ ചുള്ളിയും‌ വടിയും‌ കളിക്കും‌.‌ കുളത്തില്‍‌ പോയി‌ നല്ല‌ മണമുള്ള‌ സോപ്പുതേച്ച്‌ ചാടിക്കുളിക്കും‌. '‌തോട്ടത്തില്‍‌‌'‌ എന്നാണ്‌ ചെറിയ‌ അമ്മാവന്റെ‌ വീട്ടുപേര്‌. അവിടെ‌ പശുവിനെ‌ നോക്കുന്ന‌ കറു‌ത്തു‌മെ‌ലിഞ്ഞൊരു‌ പയ്യനുണ്ടായിരുന്നു. 'ചെക്കന്‍'‌ എന്നാണെല്ലാവരും അവനെ വിളിക്കുക‌.‌ വൈക്കോലുണ്ടയില്‍‌ നിന്ന്‌ വൈക്കോല്‍‌ വലിച്ച്‌ പ‌ശുവിനിട്ടുകൊടുക്കുമ്പോള്‍‌ വെളുത്ത‌ പല്ലുകള്‍‌ കാട്ടി‌ അവന്‍‌  ഞങ്ങളോട്‌ ചിരിക്കും‌. അവന്‌ ഞങ്ങളെ‌ വലിയ‌ ഇഷ്ടമായിരുന്നു‌. കുളത്തില്‍‌ ചൂണ്ടലിടാന്‍‌ പോകുമ്പോള്‍ പാടത്തെ‌ ചളിവെള്ളത്തിലിറങ്ങി‌ അവന്‍‌ ഞങ്ങള്‍ക്ക്‌ വലിയ‌ '‌കരുതല‌ മീനി'‌നെ‌ പിടിച്ചു‌ തരും‌.


''‌പാത്തു‌മു‌ട്ട്യമ്മായിം‌ കുട്ട്യേ‌ളും‌ വന്നതല്ലേ‌, ചെക്കനെക്കൊണ്ട്‌ ‌കോഴിനറപ്പിച്ച്‌ കൊണ്ടോരാമ്പറയട്ടെ‌...?


അമ്മായി‌ കോലായിലേക്ക്‌ വന്ന്‌ സമ്മതം‌ ചോദിക്കും.

പിന്നെ‌, ‌'‌ചെക്കാ‌...‌'‌ ന്നൊരു‌ നീട്ടിവിളി. മനസ്സില്‍‌ കോഴിക്കറിയുടെ മണമുയരും.

‌പാതിയറ്റ‌ കോഴിയുടെ‌ കഴുത്ത്‌ ചിറകിനുള്ളിലൊളിപ്പിച്ച്‌  പള്ളിയുടെ‌ ഭഗത്ത്‌ നിന്ന്‌ ചെക്കനിറങ്ങിവരും‌. കോഴിയെ‌ തൊലിച്ച്‌ കഴുകുന്നത്‌ മുറ്റത്തിരുന്ന് ഞങ്ങള്‍‌ നോക്കിയിരിക്കും.


ഒരു‌ ദിവസം‌ ചോറ്‌ തിന്നുകഴിഞ്ഞപ്പോള്‍‌ ഉമ്മ‌ എന്നെയും‌ കൂട്ടി‌ താഴത്തെ‌ വീട്ടിലേക്ക്‌ പോയി‌. അവിടെയാണ്‌ '‌താടിക്കാ‌ക്ക‌'‌ എന്ന്‌‌ ഞങ്ങള്‍‌ വിളിക്കുന്ന‌  രണ്ടാമത്തെ‌ അമ്മാവന്‍‌‌. വെള്ളിനാരു‌‌പോലെ‌ വെളുത്തു‌മനോഹരമായ‌ നീണ്ട താടിയില്‍‌ തടവി‌ താടിക്കാക്ക ഞങ്ങളെ‌ നോക്കി‌ ചിരിച്ചു‌‌.‌ ഉമ്മയും‌ താടിക്കാക്കയും‌ വിശേഷങ്ങള്‍‌ പറയുന്നത്‌ കേട്ട്‌ ഞാന്‍‌ അടുത്തുനിന്നു‌.


''‌ഇവനിക്കൊല്ലം‌ എത്രാം‌ ക്ലാസ്സിലാ‌..‌? താടിക്കാക്ക‌ എന്നെ‌ ചൂണ്ടി‌ ചോദിച്ചു‌. 


''‌ഏഴാങ്ക്ലാസ്‌ പരീക്ഷ‌ കഴിഞ്ഞീണ്‌‌. അടുത്തൊല്ലം‌ എങ്ങനേ‌  പടിപ്പിക്കാന്നറ്യൂല‌. വെല്ല്യ‌ സ്കൂള്‌ അടുത്തൊന്നുല്ലല്ലോ‌‌..''‌  ഉമ്മ‌ അല്പം‌ പതിഞ്ഞ‌ ശബ്ദത്തിൽ‌ പറ‌ഞ്ഞു‌.


പിന്നെയും ഓരോരോ‌ വിശേഷങ്ങള്‍... അല്പം കഴിഞ്ഞ്‌  എന്തോ‌ ആലോചിച്ചുകൊണ്ട്‌  ഒരു‌ പേനയും‌ കടലാസുമെടുത്ത്‌ താടിക്കാക്ക‌ എന്തോ‌ എഴുതാനിരുന്നു‌.  ഞാന്‍‌ കളിക്കാന്‍‌ മുറ്റത്തേക്കോടി‌പ്പോയി‌.


പിറ്റെ‌ ദിവസം‌ രാവിലെ‌ ചാലിയാറി‌ലെ‌ മണൽത്തിട്ടയിലൂടെ‌  ഞങ്ങള്‍‌ മടങ്ങുമ്പോള്‍‌ ഉമ്മ‌ പറഞ്ഞു‌:‌ 


''‌നാളെ‌ കാക്കാനിം‌ കൂട്ടി‌ മേരിക്കുന്ന്‌ പോണം‌..‌ താടിക്കാക്ക‌ ഹസ്സനാജിക്കൊരു‌ കത്ത്‌ എയ്തിത്തന്ന്‌ണ്‌‌. അടുത്തൊല്ലം‌ അന്നെ‌ ജെഡീറ്റീല്‌ ചേര്‍ത്താ‌ണ്‌.."‌


പറ‌ഞ്ഞു‌തീരുന്നത്‌ വരെ‌ ഉമ്മയുടെ‌ മുഖത്ത്‌ നോക്കി ഞാൻ‌ സങ്കടത്തോടെ‌ നിന്നു. ഉമ്മ‌ എന്നെയും‌ കുറച്ചുസമയം‌ നോക്കിനിന്നു‌.‌ പിന്നെ ഉമ്മയുടെ കയ്യിലുണ്ടായിരുന്ന തുണി‌സഞ്ചി‌ എന്റെ‌ കയ്യില്‍‌ തന്നിട്ട്‌ അനിയന്റെ‌ കയ്യും‌ പിടിച്ച്‌ ഉമ്മ പതുക്കെ‌ നടന്നു‌തുടങ്ങി.


ഞാന്‍‌ നിശ്ചലനായി ആ‌ മണലില്‍‌ തന്നെ‌ നിന്നു‌.

ഇനി‌ ഇങ്ങനെ‌യുള്ള വിരുന്നുപോക്കുകളുണ്ടാവില്ല‌. തേങ്ങ‌ ചിരണ്ടുന്ന‌ അടുക്കളയില്‍‌ ആർത്തിയോടെ‌ നോക്കിനിൽക്കാൻ‌  ഇനി‌ ആ‌ വീട്ടില്‍ ഞാനുണ്ടാവില്ല. കുളത്തില്‍ ചാടിക്കുളിക്കാനും ചെക്കന്റെ കൂടെ കരുതലമീനിനെ പിടിക്കാനും ഇനി അടു‌ത്തൊന്നും‌ ഇങ്ങോട്ട്‌ വരില്ല‌..  എന്റെ കണ്ണുകള്‍ നനഞ്ഞു. ഞാൻ‌ ആ‌ മണലിൽ‌ത്ത‌ന്നെ‌ അനങ്ങാതെ‌ നിന്നു‌. 


''‌റസ്സാ... ഒന്ന്‌ വേം നടക്ക്‌ ''‌‌ ഉമ്മ‌ തിരുഞ്ഞുനോക്കി‌ക്കൊണ്ട്‌ പ‌റഞ്ഞു.


അതിനിടയില്‍ അനിയൻ‌ ഉമ്മയുടെ‌ കയ്യില്‍‌ നിന്നും‌ പൈസ‌ വാങ്ങി‌ പുഴമാട്ടുമ്മലുള്ള‌ ചെറിയ‌ മീഠ‌യിപ്പീടികയിലേക്ക്‌ പാഞ്ഞുപോയി.  കടിച്ചു രണ്ടു കഷ്ണങ്ങളാക്കിയ‌ ഒരു‌  മിഠാ‌യി‌യുമായി‌   ഓടിവന്ന്‌ ഒരു‌  കഷ്ണം‌ എനിക്കു‌ തന്നു‌. 


"‌ക്ക്‌ മാണ്ട‌ '' ഞാന്‍‌ പറഞ്ഞു‌.


അവന്‍ വേഗം‌ ഉമ്മയുടെയടുത്തേക്ക് ഓടിപ്പോയി. ഞാ‌ൻ‌ അവിടെത്തന്നെ‌ നിന്നു‌. എനിക്ക് മിഠാ‌യി തിന്നാനുള്ള മനസ്സ് നഷ്ടപ്പെട്ടിരുന്നു. 


അറ്റമില്ലാത്ത ഒരു മണലാരണ്യത്തിലൂടെ ഉമ്മയും അനിയനും എന്നില്‍നിന്നകലങ്ങളിലേക്ക് നടന്നുമറയുന്നത് ഞാന്‍ സങ്കടത്തോടെ നോക്കിനിന്നു.

ഞാന്‍‌ പതുക്കെ‌ തുണിസഞ്ചിതുറന്ന് ആ‌ കത്ത്‌ പരതി. പിന്നെ പതുക്കെ പുറത്തെടുത്തു‌ തുറന്നുനോക്കി‌. ഉമ്മായും‌ സലാമും‌ തിരിഞ്ഞുനോക്കാതെ‌ നടക്കുകയാണ്‌.

ഞാന്‍‌ കത്ത്‌ വായിച്ചു‌ തുടങ്ങി‌ :‌


'‌‌പ്രിയപ്പെട്ട‌ ഹസ്സന്‍‌ സാഹിബ്‌ '‌

ഈ‌ കത്തുമായി‌ വരുന്നത്‌ എന്റെ‌ സഹോദരിയുടെ മകനാണ്‌.

അനാഥനല്ല, എങ്കിലും‌ പരിഗണിക്കുമല്ലോ‌.‌....

..............


എന്ന്,

സ്നേഹപൂര്‍വ്വം‌‌

എം‌.ടി‌..


എന്റെ ശബ്ദം ആ‌ അക്ഷരങ്ങളില്‍ ഇടറി.

പുഴയുടേ‌ വെള്ള‌മൊഴുകുന്ന‌ ഭാഗത്തേക്ക്‌ ഞാൻ‌ പതുക്കെ‌ നട‌ന്നു‌.

മുട്ടുവരെ‌ പുഴയിലേക്കിറങ്ങി‌. വെള്ളത്തില്‍ തെളിഞ്ഞുവന്ന എന്റെ നിഴലിനോട് ഞാന്‍ ചോദിച്ചു : 


''ഞാന്‍ അനാഥനാണോ.‌.?''


കുഞ്ഞോളങ്ങളില്‍ സ്വന്തം നിഴല്‍ ചെറിയചെറിയ അടരുകളായി  അകലങ്ങളിലേക്ക് മുറിഞ്ഞടർന്ന്‌ പോകവെ പിന്നില്‍ നിന്ന് മൊയ്തീന്‍ കോയയുടെ വിളി:


"ഡാ‌.. ടുണ്ടുമണീ..."


ഉരുണ്ടുതടിച്ച്‌ പൊക്കം കുറഞ്ഞ‌ എന്നെ‌ കൂട്ടുകാര്‍ കളിയാക്കി‌വിളി‌ക്കുന്ന ആ പേരുകേട്ട്  ഞാന്‍ ചിന്തയിൽ‌നിന്നുണർന്നു‌. ഞാൻ‌ പതുക്കെ‌  മൊയ്തീന്‍ കോയയുടെ‌ മുമ്പിലേക്ക്‌ ചെന്നുനിന്നു‌നിന്നു‌.  എന്റെ തലയിലേക്ക് വെച്ചുതന്ന‌ മണ്ണു‌നിറച്ച ചൂരല്‍‌കൊട്ടയും‌  താങ്ങിപ്പിടിച്ച്‌  ഗ്രൗണ്ടിന്റെ അങ്ങേത്തലക്കലേക്ക്‌ ഞാൻ‌ സാവധാനം‌ നടന്നുനീങ്ങി‌.

( അദ്ധ്യായം‌ - 03‌  ഹസ്സനാജിക്കൊരു കത്ത് )

No comments:

Post a Comment