Thursday, January 20, 2022

 വാക്കുകളാണ്‌‌  ഒരാളുടെ‌  സ്വർഗ്ഗവും‌  നരകവും‌‌!

....................................................................................
നമ്മളിന്ന്‌ ധരിച്ച‌ വസ്ത്രം‌ എത്ര‌ മനോഹരമാണെന്നോ‌,  ഇന്ന്‌ കഴിച്ച‌ ആഹാരം‌ എത്ര‌ രുചികരമാണെന്നോ‌,  എത്ര‌  വില‌ ‌കൂടിയ‌ വാഹനത്തിലാണ്‌‌ നമ്മളിന്ന്‌ സഞ്ചരിച്ചതെന്നോ‌, കുറച്ച്‌  ദിവസങ്ങൾ‌ കഴിയുമ്പോൾ‌  ആരും‌ ഓർത്തിരിക്കാനിടയില്ല‌. ഒരു‌ പക്ഷെ‌ നമ്മൾ‌ പോലും‌ അത്‌ മറ‌ന്നുപോകും‌. എന്നാൽ‌ നമ്മളിന്ന്‌  മറ്റുള്ളവരോട്‌ പറഞ്ഞുപോയ‌ ‌ ഒരു‌ വാക്ക്‌, ‌ അല്ലെങ്കിൽ‌ ഒരു‌ പെരുമാറ്റം‌ മറ്റുള്ള‌വരുടെ‌ മനസ്സിൽ‌ ഒരു‌  വേദനയായോ‌ ഒരു‌ സന്തോഷമായോ‌  ഏറെ‌ കാലം‌ നിലനിൽക്കും‌.   ‌‌ വാക്കുകളാണ്‌‌ ഈ‌ ലോകത്ത്‌  ഏറ്റവും‌ മനോഹരമായതും‌  അരോചകമായതും‌‌. വാക്കുകൾ‌ തന്നെയാണ്‌‌  ഒരാളുടെ‌  സ്വർഗ്ഗവും‌  നരകവും‌‌. അത്‌ സൂക്ഷ്മതയോടെ‌ ഉപയോഗി‌ക്കാൻ‌ അറിയുകയെന്നതാണ്‌‌ ഈ‌ ലോകത്തെ‌ ഏറ്റവും‌ വലിയ‌ അറിവുകളിലൊന്ന്‌‌. ആ‌ അറിവ്‌‌ നേ‌ടാനായില്ലെങ്കിൽ‌ പിന്നെ‌ എത്ര‌ ബിരുദങ്ങളുണ്ടായിട്ടെന്ത്‌..‌! ‌ നിങ്ങൾക്കിന്ന്‌  സുരക്ഷിതമായി‌  സ്വന്തം‌ കുടുംബത്തിലേക്ക്‌ തിരിച്ചെത്താനായിട്ടുണ്ടെങ്കിൽ‌ മനസ്സ്‌ നിറ‌യെ‌  സന്തോഷിക്കുക‌‌. കാരണം‌,  സ്വന്തം‌ വീടുകളിലേക്ക്‌  തിരിച്ചെത്താൻ‌ കഴിയാത്ത‌ എത്രയോ‌ പേ‌ർ‌ ഇന്നും‌ ഈ‌ ഭൂമിയിലുണ്ട്‌! നിങ്ങൾക്കിന്ന്‌  ആവശ്യത്തിന്‌‌ ആഹാരം‌ കഴിക്കാൻ‌ സാധിച്ചുവെങ്കിൽ‌   ദൈവത്തിന്‌‌ നന്ദി‌ പറയുക‌. കാരണം‌,  വിഭവങ്ങളേറെയുണ്ടായിട്ടും‌  അല്പം‌ പോലും‌ രുചിച്ചുനോക്കാൻ‌  കഴിയാത്ത‌  രോഗികളായ‌ എത്രയോ‌ മനുഷ്യർ‌ ഈ‌ ലോകത്തുണ്ട്‌. നിങ്ങൾക്കിന്ന്‌  സുഖമായി‌ ഉറങ്ങാൻ‌  സാധിച്ചുവെ‌ങ്കിൽ‌ നിങ്ങൾ‌ ഭാഗ്യവാനാണെന്നറിയുക‌. കാരണം‌,  ശീതീകരിച്ച‌ മുറികളിൽ‌ മെത്തയിൽ‌ കിടന്നിട്ടും‌  ഒന്നുറങ്ങാൻ‌ കഴിയാതെ‌  പ്രയാസപ്പെടുന്ന  ധാരാളമാളുകളുണ്ട്‌. ഇന്നത്ത‌ സുന്ദരമായ‌ പ്രഭാതത്തിലേക്ക്‌ നിങ്ങൾക്കുണരാൻ‌ കഴിഞ്ഞിട്ടുണ്ടെ‌ങ്കിൽ‌ ആഹ്ലാദത്തോടെ‌ ആസ്വദിക്കുക‌. കാരണം‌,  ഈ‌ പുലരിയുടെ‌ സൗന്ദര്യം‌ കാണാൻ‌  അവസരമില്ലാതെ‌   കഴിഞ്ഞ‌ രാത്രിയിൽ‌ ഈ‌ ലോകത്തോട്‌  വിട‌ പറ‌ഞ്ഞ‌ അനേകം‌ മനുഷ്യരുണ്ട്‌. കടന്നു‌ വരുന്ന‌ ഓരോ‌ നിമിഷത്തിലും‌ സന്തോഷത്തോടെ‌  ജീവിക്കാൻ‌ ശ്രമിക്കുക‌. കരണം‌, സന്തോഷമെന്നത്‌ ഏതോ‌ വിദൂരമായ‌ നാളുകളിൽ‌  നിങ്ങളെ‌ തേടിവരുന്ന‌ ഒന്ന‌ല്ല‌‌, അത്‌  ‌ഈ‌ നിമിഷത്തിൽ‌ നിങ്ങൾ‌  അനുഭവിക്കേണ്ട‌  ഒരനുഗ്രഹമാണ്‌‌. ഒട്ടും‌ സുരക്ഷിതമ‌ല്ലാത്ത‌  ഈ‌ ലോകത്ത്‌  നിങ്ങൾ‌ക്ക്‌ സുരക്ഷിതരായി‌ ജീവിക്കാനാവുന്നുണ്ടെങ്കിൽ‌  ദൈവത്തിന്‌‌ വീണ്ടും‌ സ്തുതി‌ പറയുക‌. കാരണം‌ അടുത്ത‌ നിമിഷം‌ എന്താണ്‌‌ സംഭവിക്കുകയെന്ന്‌ ആർക്കുമറിയില്ല! റസാഖ്‌ വഴിയോരം‌

No comments:

Post a Comment