Saturday, January 29, 2022
അദ്ധ്യായം :- 08 ശോകമേഘങ്ങള്‍ നിറഞ്ഞ ഹൃദയാകാശം
അദ്ധ്യായം :- 08
ശോകമേഘങ്ങള്‍ നിറഞ്ഞ ഹൃദയാകാശം
.........................................................................
വഴിയരികിലെ കാഴ്ചകളോരോന്നും കണ്ണുകളില്‍ തട്ടി റോഡില്‍ വീണ് ചിതറിപ്പോകുന്നത്
മനസ്സറിഞ്ഞതേയില്ല. ഒന്നിലും കൗതുകം തോന്നാതെ ബസ്സിന്റെ തണുത്ത സീറ്റുകമ്പിയില്‍ തലവെച്ച് ഞാന്‍ ഇരുന്നു. കടപ്പുറം കഴിഞ്ഞ് നഗരത്തിന്റെ വര്‍ണ്ണക്കാഴ്ചകളിലേക്ക് ചക്രങ്ങള്‍ ഉരുണ്ടെത്തീട്ടും ഷബീറലി എന്റെ മുഖത്തേക്ക് നോക്കിയില്ല, ഒന്നും മിണ്ടിയതുമില്ല!
എല്ലാ തിരിച്ചുപോക്കുകളും അങ്ങനെയാണല്ലൊ! എവിടെയൊക്കെയോ പറ്റിപ്പിടിച്ചുപോയ ഹൃദയത്തിന്റെ വേരുകള്‍ ഓരോന്നായി പറിച്ചെടുക്കുമ്പോഴുണ്ടാവുന്ന പിടച്ചിലില്‍ മറ്റെല്ലാ കാഴ്ചകളും അപ്രസക്തമായിപ്പോകും. വിരഹത്തിന്റെ വിഷാദം മുറ്റിയ കണ്ണുകളില്‍ എല്ലാ വര്‍ണ്ണങ്ങള്‍ക്കും ഒരേ നിറമാണ്, ഇരുട്ടിന്റെ നിറം!
ഞാന്‍ പതുക്കെ അവന്റെ ചുമലില്‍ കൈവെച്ചുകൊണ്ട് ചോദിച്ചു:
''ഷെബീ... നമ്മളിപ്പോ എവിടെത്തി..?''
നിരനിരയായി നിര്‍ത്തിയിട്ടിരിക്കുന്ന പച്ചബസ്സുകളെ നോക്കി അവന്‍ പറഞ്ഞു:
''സിറ്റിസ്റ്റാന്റ് ''
ഉണക്കാനിട്ടിരിക്കുന്ന അലക്കിയ വസ്ത്രങ്ങള്‍ ജീവനുള്ളപോലെ തുള്ളിക്കളിക്കുന്നത് കാണാനായി ഞാന്‍ പുറത്തേക്ക് നോക്കിയപ്പോള്‍ അവന്‍ പറഞ്ഞു:
''അത് മുതലക്കുളം മൈതാനി!''
പണിനടക്കുന്ന വട്ടത്തിലുള്ള വലിയ കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്ക് വിരല്‍ ചൂണ്ടി അവന്‍ പറഞ്ഞു:
''അദ് പുത്യ പള്ളി, പട്ടാളപ്പള്ളി!''
പിന്നീട് അവന്‍ ഒന്നും പറയാതെ ബസ്സില്‍ ആളുകള്‍ കയറിയിറങ്ങുന്നത് നോക്കി വെറുതെ കൈകെട്ടിയിരുന്നു.
മേരിക്കുന്ന് നിന്ന് കോഴിക്കോട്ടേക്ക് വരുമ്പോള്‍ എന്ത് രസമായിരുന്നു. റെയില്‍വെസ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന തീവണ്ടി ചൂണ്ടിക്കാണിച്ചുതരാൻ അവനെന്തൊരു ഉല്‍സാഹമായിരുന്നു.
പതുക്കെ നീങ്ങിത്തുടങ്ങുന്ന തീവണ്ടിയുടെ നീളം കണ്ട് ഞാന്‍ അല്‍ഭുതപ്പെടുന്നത് കണ്ട് അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു:
''ന്താ കൂറേ, തീവണ്ടീല് കേറണോ..?''
ആദ്യമായി തീവണ്ടി കാണുന്ന ഒരു കുട്ടിയുടെ കൗതുകം കാണാനായി അവനെന്റെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു.
ഇത്രയും വീതികുറഞ്ഞ റെയില്‍പാളത്തിലൂടെ
അതിന്റെ ഡ്രൈവര്‍ എങ്ങിനെയാണ് പാളം തെറ്റാതെ വണ്ടിയോടിക്കുന്നത്..?
അനന്തമായ ഒരു ബിന്ദുവിലേക്ക് നീണ്ടുപോകുന്ന റെയില്‍ പാളങ്ങള്‍ എവിടെയായിരിക്കും ചെന്നവസാനിക്കുന്നത്..?
ഏങ്ങോട്ടായിരിക്കും ഈ ആളുകളെല്ലാം ഇങ്ങനെ വെപ്രാളപ്പെട്ട് ഓടിപ്പോകുന്നത്..?
ഉത്തരമറിയാത്ത ഒരുപാടുചോദ്യങ്ങൾ ഉള്ളിലുയർന്നുവന്നപ്പോൾ ഞാൻ അവനോട് ചോദിച്ചു:
ഷെബീ.. നീ തീവണ്ടീല് കേറീട്ട്‌ണ്ടാ..?''
''ങും.. ഒരു വട്ടം..'' അവന്‍ കൈകൊണ്ട് ആംഗ്യം കാണിച്ചു.
ഞാൻ ആരാധനാഭാവത്തിൽ അവനെ നോക്കി. പിന്നെ പുറം കാഴ്ചകളിലേക്ക് കണ്ണുകൾ തുറന്നുപിടിച്ച് ഞാനിരുന്നു.
ഞാനിതുവരെ തോണിയിലും ബസ്സിലുമല്ലാതെ മറ്റൊരു വാഹനത്തിലും കേറീട്ടില്ല.
അതും വല്ലപ്പോഴും നല്ല പനിയോ, പല്ലുവേദനയോ ഉണ്ടാകുമ്പോൾ ഉമ്മ മാവൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ മാത്രം! ഒറ്റക്ക് ഒരു സൈക്കിള്‍ ഓടിച്ചുനോക്കണമെന്നത് അതുവരെ നടക്കാത്ത എന്റെ വലിയൊരാഗ്രഹമാണ്.
നല്ല ശക്തിയായ പനി വരുമ്പോൾ മാവൂരിലെ മൂര്‍ത്തി ഡോക്ടറുടെ അടുത്തേക്ക് ഉമ്മ ഞങ്ങളെ കൊണ്ടുപോകും. അപ്പോഴാണ് ബസ്സില്‍ കയറാൻ ഒരു ചാൻസ് കിട്ടുക. മൂര്‍ത്തിഡോക്ടറെ ഉമ്മക്ക് വലിയ വിശ്വാസമായിരുന്നു.
വെളുത്ത് പൊക്കം കുറഞ്ഞ സുന്ദരനായ ഡോക്ടർ. ഞങ്ങൾ ശീട്ടുമായി വാതിലിനടുത്ത് ചെന്നുനിൽക്കുമ്പോൾ കറുത്ത ഫ്രെയ്മുള്ള കട്ടിക്കണ്ണട ശരിയാക്കി ഡോക്ടര്‍ പതുക്കെ തലയുയര്‍ത്തി നോക്കും. പിന്നെ അകത്തുള്ള സ്റ്റൂളിൽ വന്നിരിക്കാൻ ആംഗ്യം കാണിക്കും.
''എന്താ ഉമ്മാ കൊച്ചിനസുഖം..?'' ഡോക്ടർ ശീട്ടിൽ എന്തോ എഴുതിക്കൊണ്ട് ചോദിക്കും.
പിന്നെ അടുത്തേക്ക് ചേര്‍ത്തുനിര്‍ത്തി, ചെവിയില്‍ വെച്ച കുഴലിന്റെ ഒരറ്റം കൊണ്ട് നെഞ്ചില്‍ അവിടിവിടെ അമര്‍ത്തിക്കൊണ്ട് സൗമ്യമായി പറയും :
''ങും.. ശ്വാസം വലിക്കൂ..''
രണ്ടുമൂന്നു പ്രാവശ്യം ശ്വാസം വലിച്ചുവിടുമ്പോൾത്തന്നെ എന്റെ പനിയുടെ തീവ്രത പകുതി കുറഞ്ഞിട്ടുണ്ടാവും.
മടങ്ങുമ്പോള്‍ മരുന്നുപീടികയില്‍ നിന്ന് ഉമ്മയെനിക്ക് ഗ്ലൂകോസ് പൊടിയുടെ പച്ചനിറത്തിലുള്ള പാക്കറ്റ് വാങ്ങിത്തരും. വെളുത്തനിറമുള്ള തണുത്ത ഗ്ലൂക്കോസ്‌പൊടി കൈവെള്ളയിലേക്ക് ചെരിഞ്ഞ് തീര്‍ന്നുപോകാതെ നാവുകൊണ്ട് പതുക്കെ പതുക്കെ ഒപ്പിത്തിന്നും.
ചെറിയ 'കാച്ചില്‍പനി'യാണെങ്കില്‍ ഉമ്മ നേരെ കൊടിയത്തൂരിലുള്ള 'മാക്കല്‍' ധര്‍മ്മാശുപത്രിയിലേക്കണ് കൊണ്ടുപോവുക. വരി നിന്ന് ശീട്ട് വാങ്ങി ഡോക്ടറെ കാണിച്ച ശേഷം മരുന്ന് കിട്ടണമെങ്കിൽ കുപ്പി കൊടുക്കണം. അടുത്തുള്ള പെട്ടിക്കടയില്‍ നിന്ന് മരത്തിന്റെ കോര്‍ക്കുള്ള വെളുത്ത കുപ്പി വാങ്ങി വരും. പിന്നെ വലിയ ചില്ലുഭരണിയില്‍ കലക്കിവെച്ചിരിക്കുന്ന 'മിക്സ്ചര്‍' എന്ന ചുവന്ന മരുന്ന് രണ്ടോ മൂന്നോ ഔണ്‍സ് കുപ്പിയിലേക്ക് ഒഴിച്ചു തരും. പനിക്ക് മാത്രമല്ല, ലോകത്ത് കണ്ടുപിടിച്ചിട്ടുള്ള ഒരു വിധം അസുഖങ്ങൾക്കൊക്കെ ആ ചുവന്ന വെള്ളമാണ് മരുന്നായി കൊടുക്കുക. അത് കുടിച്ചാൽ മിക്ക രോഗങ്ങളും സുഖമാവുകയും ചെയ്യുമായിരുന്നു.
അന്ന് പ്രധാനമായും പല്ലുവേദനയും പള്ളവേദനയുമായിരുന്നു കുട്ടികള്‍ക്കിടയിലുണ്ടായിരുന്ന 'നടപ്പുദീന'ങ്ങൾ. പിന്നെ ധാരാളം കല്ലുകള്‍ പൊന്തിനില്‍ക്കുന്ന ചെത്തുവഴികളില്‍ കൂടി ചെരിപ്പില്ലാതെ സ്കൂളിലേക്കും മദ്രസയിലേക്കും ഓടിപ്പോകുമ്പോൾ കാലുവെച്ചുകുത്തിയ മുറിവുകൾ പഴുത്തിട്ടും കുട്ടികൾ ആശുപത്രിയിലേക്ക് വരുമായിരുന്നു.
ചെറിയ മുറിവാണെങ്കിൽ 'കാട്ടപ്പ' എന്ന ചെടിയുടെ തൂമ്പ് പറിച്ചെടുത്ത് കയ്യിലിട്ട് തിരുമ്പി നീരെടുത്ത് മുറിവിലുറ്റിക്കും. അപ്പോൾ ഭയങ്കര നീറ്റലുണ്ടാവും. വേദന അറിയാതിരിക്കാന്‍ ഏതെങ്കിലും പച്ചയിലയിലേക്ക് നോക്കിനിന്നാമതിയെന്ന് കൂടെയുള്ളവർ പറഞ്ഞുവിശ്വസിപ്പിക്കും. അക്കാലത്ത്
കാലിന്റെ ഏതെങ്കിലുമൊരു വിരലില്‍ കീറിയ പഴന്തുണി കൊണ്ട് ഒരു കെട്ടെങ്കിലുമില്ലാത്ത കുട്ടികള്‍ തുലോം കുറവായിരുന്നു.
മേല്പറഞ്ഞ രോഗങ്ങളെല്ലാം സ്കൂളിലും മദ്രസയിലും പോകാതിരിക്കാനുള്ള തക്കതായ കാരണങ്ങളായിരുന്നു. എങ്കിലും ചെറിയ പനിയൊന്നും ഈ ഗണത്തിൽ ഉൾപ്പെടില്ല. പനിക്കുകയാണെങ്കില്‍ 'കുലുക്കിപ്പനി' തന്നെ വരണം. അങ്ങിനെ വന്നാൽ രണ്ട് ഗുണങ്ങളുണ്ടായിരുന്നു.
ഒന്ന്, ബസ്സില്‍ കയറി മാവൂരിലേക്ക് പോകാം.
രണ്ട്, പനിയുടെ ശക്തിയനുസരിച്ച് രണ്ടോ മൂന്നോ ദിവസമെങ്കിലും സ്കൂളിലും മദ്രസയിലും പോകാതിരിക്കാം!
അങ്ങനെയിരിക്കെ ആറ്റുനോറ്റിരുന്ന്
ഒരു ദിവസമെനിക്ക് 'കുലുക്കിപ്പനി' വന്നു.
ഞാൻ മൂടിപ്പുതച്ച് കിടക്കുന്നത് കണ്ട് ഉമ്മ ബാപ്പയുടെ അടുത്ത് ചെന്ന് പറഞ്ഞു :
''ദ് കൊറച്ച് കട്‌പ്പള്ള പന്യാണ്.. മാക്കല് പോയിട്ട് കാര്യല്ല, മാവൂര് മൂര്‍ത്തിന്റട്ത്തോ, ചെറൂപ്പേലെ ആസ്പത്രീലോ പോണ്ടിവെരും..''
ബാപ്പ പറഞ്ഞു : '' ന്നാ പിന്നെ ചേറൂപ്പേലെ ധര്‍മ്മാസ്പത്ര്യാ നല്ലത്..''
ചെറൂപ്പയിലെത്താൻ മാവൂരും കഴിഞ്ഞ് പിന്നേയും കുറച്ച് സമയം ബസ്സിലിരിക്കണം. ഇതുവരെ പോകാത്ത ആ പുതിയ സ്ഥലങ്ങൾ കാണാന്‍ എനിക്കവസരം വരികയാണ്. സന്തോഷം കൊണ്ട് എനിക്ക് തുള്ളിച്ചാടാൻ തോന്നി.
വീട്ടിൽ നിന്നിറങ്ങി ഇടവഴിക്കടവും കടന്ന് മഠത്തുമ്പാറ വരെ നടന്നാലെ ചെറൂപ്പയിലേക്കുള്ള ബസ്സ് കിട്ടുകയുള്ളൂ. അന്നാകെ രണ്ടോ മൂന്നോ ബസ്സുകളേ ഓടുന്നുള്ളൂ. അതിലൊന്നാണ് പീവി ബ്രദേഴ്സ് എന്ന ബസ്സ്.
രാത്രി വരുന്ന ബസ്സുകൾ കൂളിമാട്ടെ കാഞ്ഞിരമരത്തിനു ചുവട്ടില്‍ നിര്‍ത്തിയിടും. അവിടെയാണ് റോഡ് അവസാനിക്കുന്നത്. രാവിലെ ബസ്സ് പുറപ്പെടുന്നതിനുമുമ്പ് യാത്രക്കാരായ ആളുകള്‍ ഇടവഴിക്കടവിലെ തോണിയിൽ തിക്കിക്കയറും. കര
പറ്റാനാകുമ്പോൾ അക്കരെ തോണിക്ക് കാത്തിരിക്കുന്നവരോട് വിളിച്ചു ചോദിക്കും:
''ബസ്സെളക്യോ..?''
ഇല്ലെന്ന മറുപടി കേട്ടാൽ തോണിയിൽ നിന്നും ചാടിയിറങ്ങി ചെളിനിറഞ്ഞ ഇടവഴിയിലൂടെ ബസ്സിനടുത്തേക്ക് ഓടിപ്പോകും.
രാവിലെ കടവിൽ നിന്ന് കുളികഴിഞ്ഞ്, കൂളിമാട്ടെ ഏക ചായപ്പീടികയായ 'സൈദുട്ട്യാക്ക'യുടെ കടയിൽ നിന്നും ചായയും ബര്‍ക്കിയും കഴിച്ച് ഡ്രൈവറും കണ്ടക്ടറും കുറച്ച് സമയം സൊറ പറഞ്ഞിരിക്കും. പിന്നെ ഡ്രൈവര്‍ ബസ്സ് സ്റ്റാര്‍ട്ടാക്കി ആളുകളെല്ലാം കയറിക്കഴിയുന്ന വരെ കുറച്ചുസമയം കാത്തിരിക്കും.
അന്ന് രാവിലെ ബിര്‍ളാകമ്പനിയില്‍ നിന്നും ഏഴുമണിയുടെ വിസിലടിക്കുന്നതിനു മുമ്പുതന്നെ ഞാനും ഇക്കാക്കയും ഉമ്മയും കൂടി ചെറൂപ്പയിലേക്ക് പോകാനായി കൂളിമാട് ബസ്സിനടുത്തെത്തി. എവിടെന്നോ തുടങ്ങി ഡ്രൈവറുടെ തൊട്ടുപിന്നില്‍ ചെന്നവസാനിക്കുന്ന 'ഗീറെ'ന്ന വളഞ്ഞുപുളഞ്ഞ കമ്പിയിൽ തൊടാതെ, ഡ്രൈവറുടെ തൊട്ടടുത്തുള്ള 'N.A. ചവിട്ടരുത്' എന്നെഴുതിവെച്ചിരിക്കുന്ന പെട്ടിക്കരികെ ഞാനിരുന്നു.
വലിയ കരിങ്കല്ലുകള്‍ പാകിയ കൂളിമാട് കയറ്റത്തിലൂടെ കുത്തിക്കുലുങ്ങി ഇഴഞ്ഞിഴഞ്ഞ് പീവി ബ്രദേഴ്സ് മാവൂരും കഴിഞ്ഞ് ചെറൂപ്പയിലെത്തിയപ്പോൾ ഞങ്ങൾ ബസ്സിറങ്ങി. നീണ്ട വളവും കഴിഞ്ഞ് ആ ബസ്സ് അപ്രത്യക്ഷമാകുന്നതുവരെ ഞാന്‍ ബസ്സിനെത്തന്നെ നോക്കിനിന്നു.
ചെറൂപ്പയിലെ ആ വളവുകഴിഞ്ഞാല്‍ ഭൂമി അവസാനിക്കുകയാണെന്നും എല്ലാ ബസ്സുകളും അവിടെ വലിയൊരു ഗര്‍ത്തത്തിലേക്ക് വീണുപോവുകയാണെന്നും കുറേകാലം ഞാന്‍ വിശ്വസിച്ചിരുന്നു.
ചെറൂപ്പ ധർമ്മാശുപത്രിയിൽ ഡോക്ടറെ കാണാന്‍ 'ക്യൂ' നില്‍ക്കുന്നവരുടെ കൂട്ടത്തിൽ ഞങ്ങളും നിന്നു. കുറേ കഴിഞ്ഞ് ഡോക്ടറെ കാണിച്ച് മടങ്ങുമ്പോൾ ചായ കുടിക്കാനായി ഞങ്ങൾ ഒരു മക്കാനിയിൽ കയറി. ഉമ്മ എന്റെ നെറ്റിയിൽ തൊട്ടുനോക്കിക്കൊണ്ട് പറഞ്ഞു:
''പനി കൊറവ്ണ്ട്, ഒരു ബെള്ളച്ചായ കുട്‌ച്ചാ മാറിക്കോളും..''
മിക്കവാറും നാളെ സ്കൂളിൽ പോകേണ്ടിവരുമെന്ന് എന്റെ മനസ്സ് മന്ത്രിച്ചു.
ചൂടുള്ള വെള്ളച്ചായയില്‍ മുക്കുന്ന ബെന്ന് കഷ്ണങ്ങള്‍ പിടിവിട്ട് ഗ്ലാസ്സിലേക്ക് തന്നെ കുതിര്‍ന്ന് വീഴുന്നത് ശ്രദ്ധിക്കാതെ ഞാന്‍ ഉമ്മയോട് പറഞ്ഞു:
''ഉള്ളില് നല്ല പനിണ്ട്.. മ്മാ..''
ഭാഗ്യത്തിന് ചെറൂപ്പയിലെ മരുന്ന് കുടിക്കുന്തോറും പനി കൂടിക്കൂടി വന്നതല്ലാതെ ഒട്ടും കുറയുന്ന ലക്ഷണമില്ല. രണ്ടുദിവസം നല്ല പാറ്റലരിക്കഞ്ഞിയും ഉപ്പിലിട്ട മാങ്ങയും കൂട്ടി ഞാന്‍ വീട്ടില്‍ സുഖമായി പുതച്ചുമൂടിക്കിടന്നു. നോ സ്കൂള്‍, നോ മദ്രസ്സ, നോ ടെന്‍ഷന്‍!
മൂന്നാം ദിവസവും പനി കുറയാത്തത് കണ്ട് ഉമ്മ സ്വന്തമായ ചില ചികില്‍സാരീതികള്‍ വികസിപ്പിച്ചെടുക്കാൻ തുടങ്ങി. രാവിലെ ഒരു ചിരട്ടയും കയ്യില്‍ പിടിച്ച് ഉമ്മ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു:
''ഞ്ഞി പാത്താമ്പോകുമ്പം ഈ ചെരട്ടേല് കൊറച്ചൊയിച്ച് ന്നെ കാൺക്ക്യണം''
ഞാനതുപോലെ ചെയ്തു. ഉമ്മ കുറച്ച് വറ്റെടുത്ത് ആ ചിരട്ടയിലിട്ടുവെച്ചു. കുറച്ച് കഴിഞ്ഞപ്പോൾ വറ്റുകളെല്ലാം കടുംമഞ്ഞ നിറമായിരിക്കുന്നു.
ബാപ്പ ചേറ്റുപടിയില്‍ കയ്യുംകുത്തി, മുറ്റത്തെ കമുകിൽ പടര്‍ത്തിയ കുരുമുളകുവള്ളികളിലേക്ക് നോക്കിയങ്ങനെ ഇരിക്കുന്ന സമയത്ത് ചിരട്ടയിലെ വറ്റുമായി ഉമ്മ ബാപ്പയുടെ അടുത്തേക്ക് ബേജാറോടെ ഇളകിയിളകി ചെന്നുകൊണ്ട് പറഞ്ഞു:
''ഞാമ്പറഞ്ഞിലെ, ദ് അതെന്നെ!''
''ഏത്..?'' ബാപ്പ ചോദിച്ചു.
''മഞ്ഞപ്പിത്തം!'' ഉമ്മ കടുംമഞ്ഞ നിറമുള്ള ചിരട്ടയിലെ വറ്റ് ബാപ്പയുടെ നേർക്ക് നീട്ടി.
ബാപ്പ ഒന്ന് മൂളുക മാത്രം ചെയ്തു.
വെല്ല്യാത്തയും ചെറ്യാത്തയും മദ്രസ വിട്ടു വന്നപ്പോള്‍ ഉമ്മ പറഞ്ഞു:
''ബേം പോയി ചാരൂട്ടിനെ കൂട്ടി വെരി..''
ഏത് മഞ്ഞപ്പിത്തവും പച്ചമരുന്നുകൊണ്ട് ചികില്‍സിച്ചുമാറ്റുന്നതില്‍ പേരുകേട്ട വൈദ്യനാണ് ചാരൂട്ടിവൈദ്യര്‍!
വീട്ടിലേക്ക് ചികില്‍സക്കായി കൂട്ടിക്കൊണ്ടുപോകാന്‍ ആരെങ്കിലും ചെന്നാൽ വൈദ്യര്‍ പതിഞ്ഞ ശബ്ദത്തിൽ പറയും:
''ങ്ങള് നടന്നോളി.. ഞാനവ്ടെത്തിക്കോളാം"
പിന്നെ കരയില്ലാത്ത വെള്ളത്തുണി മടക്കിക്കുത്തി, അഴകുള്ള നീണ്ട പല്ലുകളില്‍ ഒരു ചിരി പടര്‍ത്തി, ചെരിപ്പിടാത്ത കാലുകള്‍ കൊണ്ട് പതുക്കെ പതുക്കെ മണ്ണിൽ ചവിട്ടി, ഭൂമിയെ നോവിക്കാതെ ചാരൂട്ടിവൈദ്യർ ആ വീട്ടിലേക്കങ്ങനെ നടന്നെത്തും.
വൈദ്യര്‍ക്കറിയാത്ത ഒരു വീടും, ഊടുവഴിയും ഞങ്ങളുടെ നാട്ടിലില്ല.
ആരെങ്കിലും വീണ് എല്ലുപൊട്ടിയാലും കയ്യോ കാലോ ഉളുക്കിയാലും ആളുകൾ ആദ്യം വൈദ്യരെത്തേടിയാണെത്തുക.
അന്ന് വൈകുന്നേരം തന്നെ വൈദ്യര്‍ ഞങ്ങളുടെ വീട്ടുമുറ്റത്തെത്തി. പിന്നെ കാലുകൾ കഴുകി ഞാന്‍ കിടക്കുന്ന കട്ടിലിനടുത്തേക്ക് വന്നു. എന്റെ നെറ്റിയില്‍ തൊട്ട് തള്ളവിരല്‍കൊണ്ട് എന്റെ കണ്‍പോളകള്‍ വിടര്‍ത്തിനോക്കിക്കൊണ്ട് പറഞ്ഞു:
''കൊറച്ച് കൂടിപ്പോയീട്ട്ണ്ട്''
പിന്നെ നീണ്ട രോമങ്ങളുള്ള ചെവിയില്‍ പതുക്കെ ചൊറിഞ്ഞുകൊണ്ട് വൈദ്യര്‍ ഉമ്മയോട് പറഞ്ഞു :
''കൊറച്ച് ആട്ടുമ്പാല് വേണ്ടിവരും..''
വൈദ്യര്‍ കോലായിലെ സിമന്റ് തിണ്ണയില്‍ ഇരുന്ന് മടിയില്‍ നിന്ന് ഒരു പൊതിയെടുത്ത് ഉമ്മയുടെ നേർക്ക് നീട്ടി. വാഴയിലയില്‍ പൊതിഞ്ഞ ആ പൊതിയില്‍ ചാണകത്തിന്റെ നിറമുള്ള ഒരു മരുന്നായിരുന്നു. അതാണ് മഞ്ഞപ്പിത്തത്തിനുള്ള ഒറ്റമൂലി. അത് കഴിക്കേണ്ട വിധം പറഞ്ഞുകൊടുത്തുകൊണ്ട് വൈദ്യര്‍ മുറ്റത്തേക്കിറങ്ങി. പിന്നെ കിണറിനു ചുറ്റും വളര്‍ന്നുനിൽക്കുന്ന 'കീയാര്‍നെല്ലി' എന്ന ചെറിയ ചെടികള്‍ പറിച്ച് വേരുകളിലെ മണ്ണ് കുടഞ്ഞുകളയുന്നതിനിടയിൽ വൈദ്യർ ഉമ്മയോട് പറഞ്ഞു:
''ഉപ്പിടാത്ത കഞ്ഞി. പിന്നെ എരിവും പുളിയും ഒന്നും പാടില്ല! വേണെങ്കീ ചുട്ട പപ്പടം കൊഴപ്പല്ല്യ.''
പൈസ വാങ്ങാന്‍ കാത്തുനിക്കാതെ വൈദ്യർ ഇടവഴിയിലൂടെ നടന്നുനീങ്ങുന്നത് ഞാൻ നോക്കിനിന്നു.
ആട്ടുമ്പാലില്‍ കലക്കിയ കീയാര്‍നെല്ലിയുടെ കൊടുംകൈപ്പുള്ള മരുന്ന് കണ്ണുകള്‍ പൂട്ടി വലിച്ച് കുടിക്കുമ്പോല്‍ ഞാന്‍ മനസ്സില്‍ വിചാരിച്ചു, വേണ്ടായിരുന്നു, ചെറിയൊരു കാച്ചിലുപനി വന്നുപോയാമതിയായിരുന്നു!
ഓരോ ദിവസവും കിയാർനെല്ലിയുടെ പച്ചമരുന്നുമായി വൈദ്യർ വീട്ടിൽ വന്നു. എന്നെ കൈപ്പുനീര് കുടിപ്പിച്ചു. ഉപ്പില്ലാത്ത കഞ്ഞിയും ചുട്ട പപ്പടവും തിന്ന് ഞാൻ മടുത്തു. അങ്ങനെ
മഞ്ഞപ്പിത്താനന്തരകാലം ഞാന്‍ ആദ്യമായി ചെയ്തത് കൈക്കോട്ടെടുത്ത് പറമ്പിലെ എല്ലാ കീയര്‍നെല്ലിച്ചെടികളും ചെത്തിക്കോരി തെങ്ങിനുമുരട്ട് കുഴിച്ചുമൂടുകയെന്ന സൽക്കർമ്മമാണ്.
''നമ്മള് മേരിക്കുന്നിലെത്താറായി..'' ഷെബീറലി എന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞപ്പോഴാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്.
നിര്‍മ്മല ഹോസ്പിറ്റലിനു മുന്നില്‍ പച്ച ബസ്സ് വന്നുനിക്കുമ്പോൾ സൂര്യന്‍ അസ്തമിച്ചു തുടങ്ങിയിരുന്നു.
ആദ്യം ഷെബീറലിയും പിന്നെ ഞാനും ബസ്സില്‍നിന്നിറങ്ങി. ഞങ്ങൾ റൂമിലെത്തുമ്പോൾ
നാട്ടില്‍ നിന്ന് വരുന്നവര്‍ കൊണ്ട് വരുന്ന 'നാട്ടുകോള്' കിട്ടാന്‍ കുട്ടികള്‍ കൂട്ടം കൂടി നിക്കുന്നുണ്ടായിരുന്നു.
ഉമ്മ പൊതിഞ്ഞുകൊടുത്ത ചെമ്മീന്‍ പത്തിരി ഷബീറലി എല്ലാവര്‍ക്കും മുറിച്ചുകൊടുത്തു.
കളിചിരിയോടെ പിടിവലികൂടി പലഹാരം തിന്നുന്ന കുട്ടികള്‍ക്കിടയില്‍ എന്റെ കണ്ണുകള്‍ വെറുതെ സൈതലവിയുടെ നുണക്കുഴിച്ചിരികള്‍ പരതി. സൈതലവി ഉണ്ടായിരുന്നെങ്കില്‍! എന്റെ മനസ്സൊന്നിടറി.
അന്ന് രാത്രി ഞാനും ഷബീറലിയും കുറെ വൈകിയാണ് ഉറങ്ങിയത്. അവന്‍ കഴുത്തുവരെ പുതച്ച് കണ്ണുതുറന്നു കിടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.
ഞാനാലോചിച്ചു, അവനിപ്പോള്‍ എന്തായിരിക്കും ഓര്‍മ്മിക്കുന്നത്..?
ഒരു കൂട്ടുകാരനെപ്പോലെ ചുമലില്‍ കൈവെച്ച് ബസ്സിനടുത്തുവരെ വന്ന് യാത്രയാക്കിയ ഉപ്പയെക്കുറിച്ചായിരിക്കുമോ..?
ഉറങ്ങാതെ പെരുന്നാള്‍ രാത്രിപോലെ ഇന്നലെ ഞങ്ങളൊടൊപ്പമിരുന്ന് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ഉമ്മയെക്കുറിച്ചായിരിക്കുമോ..?
പാതിവഴിയിലോളം കൂടെ വന്ന് തിരിഞ്ഞുനോക്കികൊണ്ട് ഉമ്മയോടൊപ്പം തിരിച്ചുപോയ അനിയനെക്കുറിച്ചായിരിക്കുമോ..?
പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. ഇറയത്ത് വീണുതെറിക്കുന്ന മഴത്തുള്ളികളുടെ ചില്ലുടയുന്ന ശബ്ദം കാതോർത്തുകൊണ്ട് ഞാൻ ആ ഇരുട്ടുള്ള മുറിയിൾ കണ്ണുതുറന്നുകൊണ്ട് ഏറെ നേരം കിടന്നു.
................................................................................................
അദ്ധ്യായം :- 08, ശോകമേഘങ്ങള്‍ നിറഞ്ഞ ഹൃദയാകാശം
............................................... റസാഖ് വഴിയോരം ....................
Subscribe to:
Post Comments (Atom)
No comments:
Post a Comment