..................................................................................................................
അദ്ധ്യായം - 04
കടല്‍ത്തീരത്തെ ആത്മഭാഷണങ്ങള്‍
...................................................................................................................
ഷബീറലിയും ഞാനും വെള്ളയില്‍ കടപ്പുറത്ത് ബസ്സിറങ്ങി. പകലിനോട് വിടപറയാനൊരുങ്ങുന്ന വിളറിത്തുടങ്ങിയ സൂര്യന്‍ പെട്ടന്നൊരു തെളിച്ചത്തോടെ എന്റെ കവിളില്‍ തൊട്ടു. ആദ്യമായി കടല്‍ കാണാനെത്തുന്ന 'അനാഥ' ബാലനെ പുണര്‍ന്നുനില്‍ക്കാനായി കടല്‍ക്കാറ്റ് ചൂളംവിളിച്ചെത്തി. ഹര്‍ഷാരവം മുഴക്കി കടല്‍ത്തിരമാലകള്‍ കരയിലേക്കോടി വന്നു.
ഞാന്‍ മുന്നോട്ടുനടന്ന് പതുക്കെ കണ്‍തുറന്നു. വിസ്മയത്തിന്റെ മഹാഗോപുരത്തിനുമുകളിലിരുന്ന് ഞാനാദ്യമായി കടല്‍ കണ്ടു,
പ്രകൃതിയുടെ മഹാവിസ്മയം കണ്ടു,
മൗനത്തിന്റെ മറവിലിരിക്കുന്ന ദൈവത്തിന്റെ ചിരി കണ്ടു!
അകത്തൊളിപ്പിച്ചുവെച്ച കടലിരമ്പങ്ങള്‍ പുറത്ത് കേള്‍പ്പിക്കാതെ, വിസ്മയത്തോടെ, കൊതിയോടെ, ജീവിതമഹാസാഗരത്തിനുമുന്നില്‍ ഞാനിന്നും അതേനില്പ് നില്‍ക്കുകയാണ്!
മാനത്ത് ചുറ്റിപ്പറക്കുന്ന കടല്‍പ്പക്ഷികൾ കടപ്പുറത്തെ നനഞ്ഞ മണ്ണില്‍ എന്തോ തിരഞ്ഞുകൊണ്ടിരിക്കുന്നപൊലെ, ഓര്‍മ്മകളുടെ ആകാശത്ത് അനേകം പരിചിതമുഖങ്ങള്‍ ഭൂമിയിൽ എന്തോ തിരയുന്നപോലെ വട്ടം കറങ്ങിപ്പറക്കുന്നത് ഞാൻ കണ്ടു.
എന്തായിരിക്കും അവർ തിരയുന്നത്..?
ചെയ്തുതീര്‍ക്കാതെ പോയ കടപ്പാടുകള്‍, തിരിച്ചുനല്‍കാന്‍ ബാക്കിവെച്ച സ്നേഹങ്ങള്‍,
പിന്നേക്ക് മറ്റിവെച്ച സന്തോഷങ്ങള്‍ ഇവയിലേതെങ്കിലുമായിരിക്കുമോ?
ആകാശത്തിന്റെ ആഴവും കടലിന്റെ ഉയര്‍ച്ചയും തൊട്ടുനില്‍ക്കുന്ന ഒരു ബിന്ദുവില്‍ ഒരു കറുത്ത് പൊട്ടുപോലെ അവരിലൊരാൾ തുഴഞ്ഞുവരുന്നത് ഞാന്‍ കണ്ടു.
നിങ്ങളെന്താണ് തിരയുന്നത്..? ഞാൻ ചോദിച്ചു.
പാതിയടഞ്ഞ കണ്ണുകൾ തുറന്ന് അയാൾ എന്നെ നോക്കിക്കൊണ്ട് പറഞ്ഞു:
''ഹേ, കാഴ്ച്ചക്കാരാ.. അന്നൊരിക്കൽ ഈ ആകാശത്തിനു താഴെ ഞാനുമിങ്ങനെ നിന്നിട്ടുണ്ട്. അന്ന് എനിക്കു ചുറ്റുമാണ് ഈ ഭൂമി കറങ്ങുന്നതെന്ന് ഞാന്‍ കരുതി.
സൂര്യനുദിക്കുന്നതും, കിളികള്‍ പാടുന്നതും എനിക്കുവേണ്ടി മാത്രമാണെന്ന് ഞാന്‍ ധരിച്ചു. എന്നോളം വേഗത്തിലാരുമോടില്ലെന്നും, എന്നോളം ഉയരത്തിലാരും പറക്കില്ലെന്നും ഞാന്‍ ഉള്ളില്‍ ചിരിച്ചു.''
ഹേ, കാഴ്ച്ചക്കാരാ..
''ഒന്നുമല്ലായിരുന്നു ഞാന്‍. ഒരു പരമാണുവിന്റെ ചെറിയൊരു കണികയുടെയത്ര പോലും.
കടപ്പുറത്ത് അറ്റമില്ലാതെ കിടക്കുന്ന മണല്‍ തരികളെത്രയുണ്ടോ അത്രയും നക്ഷത്രഗോളസമൂഹങ്ങളുള്ള ഈ നിഗൂഡപ്രപഞ്ചത്തിലെ ഒരു മണല്‍ത്തരിയല്ലോ ഭൂമി!
അതിലേതോ ഒരു കോണില്‍, കോടാനുകോടി ജീവികൾക്കിടയിൽ, ചെറിയൊരു ബോധശകലമായിരുന്നു ഞാന്‍!
എന്റെ നിയോഗമെന്തായിരുന്നുവെന്ന് അന്ന് ഞാൻ തിരിച്ചറിഞ്ഞില്ല.
എല്ലാം എന്റെ കഴുത്തില്‍ത്തന്നെ എഴുതിത്തൂക്കിയിരുന്നു, ശിരസ്സൊന്നു താഴ്ത്തിനോക്കിയാല്‍ വായിക്കാന്‍ പാകത്തില്‍!''
അപരനെ നോക്കി ഒന്നു ചിരിക്കാതെ, അടച്ചുമൂടിക്കെട്ടിയ സ്നേഹമൊന്നിത്തിരി പുറത്തേക്കെടുക്കാതെ, പിന്നേക്ക് ബാക്കി വെച്ച സന്തോഷങ്ങളൊന്നെണ്ണിനോക്കാതെ ഈ ജീവിതമഹാസാഗരത്തിന്റെ മുകള്‍പ്പരപ്പില്‍ ബോധശൂന്യനായി വെറുതെ ഒഴുകിനടക്കുന്നതിനിടയിലെപ്പൊഴോ എന്റെ സമയം അവസാനിച്ചുപോയിരുന്നു.
ഹേ, കാഴച്ചക്കാരാ.. നശ്വരതയുടെ മലിനമായ മണ്ണില്‍നിന്ന് വിണ്ണിന്റെ അനശ്വരതയിലേക്കുയരും മുമ്പ് പാഴ്‌സ്വപ്നങ്ങൾ കണ്ടുറങ്ങുന്ന വിഡ്ഡിയെപ്പോലെയാകരുത് നീയും!
പടിഞ്ഞാറെ മാനത്ത് ചിന്തകള്‍ അസ്തമിച്ചു. ഓര്‍മ്മകളുടെ നിലാവുദിച്ചുപൊങ്ങി. ആ നിലാവെളിച്ചത്തില്‍ ഞാനും ഷബീറലിയും കടപ്പുറത്തെ വെള്ളമണല്‍ത്തരികളിലൂടെ അവന്റെ വീട്ടിലേക്ക് നടന്നുനീങ്ങി.
ദൂരെ ചെറിയ പൊട്ടുകള്‍ പോലെ കാണുന്ന അനേകം തെങ്ങോലക്കുടിലുകളിലേക്കുചൂണ്ടി ഷബീറലി പറഞ്ഞു:
" ദാ.. അവിടെയെത്തണം"
കരയും കടലും രതിമയക്കത്തിലുറങ്ങുന്ന നേരത്ത്, ഇരുട്ടും വെളിച്ചവും പുണര്‍ന്നുനില്‍ക്കുന്ന വഴിയിലൂടെ, ഒന്നുമുരിയാടതെ ഞാന്‍ നടന്നു; ഷബീറലിയോടൊപ്പം.
( അദ്ധ്യായം - 04 കടല്‍ത്തീരത്തെ ആത്മഭാഷണങ്ങള്‍)
.................................................................................................
No comments:
Post a Comment