Friday, January 28, 2022
അദ്ധ്യായം - 07 അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങള്‍
അദ്ധ്യായം - 07
അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങള്‍
.......................................
രണ്ടു തിരമാലകള്‍ക്കിടയിലെ ചെറിയൊരിടവേളയിലേക്ക് മഹാസമുദ്രം കൊണ്ടിടുന്ന ചെറുതരിയാഹാരം പെറുക്കിയോടുന്ന കുഞ്ഞുഞണ്ടുകളെ ചവിട്ടാതെ ഞാനും ഷബീറലിയും നടന്നു.
കടല്‍ തിരമാലകളിറങ്ങിപ്പോകുമ്പോള്‍ കടല്‍വക്കിലോളം ചെന്ന് ഞാന്‍ സമുദ്രത്തെ തൊട്ടു. നനഞ്ഞ മണലില്‍ കാല്‍പാദങ്ങൾകൊണ്ട് ഞങ്ങള്‍ വരച്ചിടുന്ന ചിത്രങ്ങള്‍ മായ്ച്ചുകളഞ്ഞ് കടല്‍ത്തിരകൾ നുരഞ്ഞുചിരിച്ചു.
പരുന്തുകളും കാക്കകളും കൂടിക്കലർന്ന് പറക്കുന്ന നീലാകാകാശത്തിനുതാഴേക്ക് കൈവിരൽ ചൂണ്ടിക്കൊണ്ട് ഷബീറലി പറഞ്ഞു:
''ദാ.. അവ്‌ടെ ആള്‍ക്കാര് കൂടിനിക്കണത് കണ്ടാ..? ജീവന്‌ള്ള മീന്കള് പെടക്കണത് കാണണെങ്കീ ബേഗം വാ..''
ഞാനും ഷബീറലിയും ആൾക്കൂട്ടത്തിനടുത്തേക്ക് വേഗത്തിൽ നടന്നു. ആളുകൾ വഞ്ചികളോരോന്നായി കരയിലേക്ക് വലിച്ചടുപ്പിച്ചുകൊണ്ടിരിക്കയാണ്. കരക്കെത്തുന്നതിനു മുമ്പായി ചിലര്‍ വഞ്ചിയില്‍ നിന്ന് വെള്ളത്തിലേക്ക് ചാടിയിറങ്ങുന്നുണ്ട്. പിന്നെ എല്ലാവരുമൊത്തൊരുമിച്ച് വഞ്ചികൾ കരയിലേക്ക് തള്ളിക്കയറ്റുന്നത് കാണാന്‍ നല്ല രസമാണ്. ഞനേറെ നേരം ആ മനോഹരമയ ആ കാഴ്ചകൾ നോക്കിനിന്നു.
''ന്റുപ്പ ബന്നിട്ടില്ല!'' ഷബീറലി ചുറ്റിലും തിരിഞ്ഞുനോക്കിക്കൊണ്ട് പറഞ്ഞു.
പുറം കടലിലേക്ക് മീൻ പീടിക്കാൻ പോകുന്നവർ ചിലപ്പോൾ ഒന്നും രണ്ടും ദിവസങ്ങൾ കഴിഞ്ഞാണ് കരയിലേക്ക് മടങ്ങുകയെന്ന് അവൻ പറഞ്ഞിരുന്നു.
അവൻ എന്റെ കൈപിടിച്ച് കരക്കടുത്ത ഒരു വഞ്ചിയുടെ അടുത്തേക്ക് നടന്നു. വഞ്ചിയില്‍ പല വലിപ്പത്തിലും നിറത്തിലുമുള്ള മീനുകള്‍ പിടച്ചുകളിക്കുന്നത് ഞങ്ങൾ നോക്കിനിന്നു. ആദ്യമായിട്ടണ് മത്തിയും ഐലയുമൊക്കെ ജീവനോടെയിങ്ങനെ തുള്ളിക്കളിക്കുന്നത് ഞാൻ കാണുന്നത്.
നാട്ടിലെത്തുന്ന മത്തിക്കൊന്നും ഇത്ര ഭംഗിയുണ്ടാവില്ല. തൊലിയൊക്കെ നിറം മാറി ചീയാൻ തുടങ്ങീട്ടുണ്ടാവും. അങ്ങാടിയിൽ പോയി മീൻ വാങ്ങുന്നത് ഓർമ്മയിലേക്ക് തെളിഞ്ഞുവന്നു.
മിക്ക ദിവസങ്ങളിലും സാധങ്ങള്‍ വാങ്ങാനായി ഇത്താത്തമാരുടെ കൂടെ ഞാനും പീടികയിലേക്ക് പോകും. മീന്‍ കിട്ടണമെങ്കില്‍ ചുള്ളിക്കാറമ്പ് അങ്ങാടിയില്‍ പോകണം. രാവിലെ പോയാല്‍ അങ്ങാടിയിൽ മീനുണ്ടാവില്ല. ഓട്ടവും നടത്തവുമല്ലാത്ത ഒരു പ്രത്യേക താളത്തില്‍ തലയില്‍ മീൻകൊട്ടയുമായി 'കൂയ്'എന്നൊരു വിളിയോടെ 'മീങ്കാർ' അങ്ങാടിയിലെത്തുമ്പോൾ നാലുമണി കഴിഞ്ഞിരിക്കും. ഏകദേശം നാലഞ്ച് കിലോമീറ്റര്‍ ദൂരെയുള്ള മാവൂരില്‍ നിന്നാണ് അവര്‍ തലച്ചുമടുമായി മീൻ കൊണ്ടുവരുന്നത്.
ചീന്തിമിനുക്കിയ ഓടകൊണ്ടുണ്ടാക്കുന്ന വലിയ കുട്ടയിൽ മത്തിയും ഐലയുമൊക്കെ നിറച്ചുവെച്ച്, പൊതിഞ്ഞുകൊടുക്കാന്‍ തേക്കിലയും കയ്യില്‍ മടക്കിപ്പിടിച്ച് അങ്ങാടിയിൽ
അവരങ്ങനെ ഇരിക്കും.
പാടത്തും പറമ്പത്തും പണിയെടുത്ത്, വൈകുന്നേരം കൂലിയും വാങ്ങി, അതേ വേഷത്തില്‍ തന്നെ അങ്ങാടിയിലേക്ക് വരുന്ന കല്ലു വെട്ടുകാര്‍, കിണര്‍ പണിക്കാര്‍, കന്നുപൂട്ടുകാര്‍, ഞാറ്റുപണിക്കാര്‍ തുടങ്ങിയ എല്ലാവരും, വൈകുന്നേരം വീട്ടിലേക്കു മടങ്ങുമ്പോള്‍ തേക്കിലയില്‍ പൊതിഞ്ഞ ഒരു മീന്‍പൊതി കയ്യിലുണ്ടാണ്ടാവും.
ചിലര്‍ തോര്‍ത്ത് മുണ്ടിന്റെ ഒരു തലക്കല്‍ അരിയും മറുതലക്കല്‍ ചില്ല്വാനങ്ങളും കെട്ടി തോളിൽ തൂക്കിയിട്ട്, ചാക്കുനൂല്‍കയറ് കെട്ടിയ ഒരു കുപ്പിയില്‍ കുറച്ച് വെളിച്ചെണ്ണയോ, കാസ്രട്ടോ തൂക്കിപ്പിടിച്ചിട്ടായിരിക്കും മടങ്ങുന്നത്. വൈകുന്നേരം മിക്ക വീടുകളിലും നല്ലൊരു ചോറും മീങ്കറിയുമുണ്ടാവും. അതാണ് ദിവസത്തെ പ്രധാന ഭക്ഷണം.
ഇരുവഴിഞ്ഞിപ്പുഴയും ചാലിയാർ പുഴയും ചേർന്നൊന്നാവുന്ന കൂളിമാട് എന്ന സ്ഥലത്തിന് തൊട്ടടുത്താണ് കടത്തുതോണിയുള്ള ഇടവഴിക്കടവ്.
കൂളിമാട് അങ്ങാടിയിൽ നിന്നും കടവിലേക്കുള്ള ഇടുങ്ങിയ ഇടവഴിയിലെത്തുമ്പോൾത്തന്നെ 'കൂയ്' എന്ന് ഉറക്കെ വിളിച്ചുകൊണ്ട് മീങ്കാർ തോണിക്കാരന് സിഗ്നൽ കൊടുക്കും. തോണി ഇക്കരെയെത്തിക്കഴിഞ്ഞാൽ മീങ്കൊട്ട തോണിയിലിറക്കിവെച്ച് കയ്യും മുഖവുമൊക്കെ കഴുകി, തലയിൽ കെട്ടിയ മുണ്ടഴിച്ച് മുഖം തുടച്ച് അവർ തോണിയിൽ കയറിയിരിക്കും. വലിയ മീനുകളെടുത്ത് കുട്ടയുടെ മുകളില്‍ അടുക്കിവെക്കുന്നതിനിടയില്‍ തോണിക്കാരനുമായി അവര്‍ വിശേഷങ്ങള്‍ പങ്കുവെക്കും. ഇക്കര പറ്റിയാൽ ധൃതിയിൽ കുട്ടയെടുത്ത് തലയിൽ വെച്ച് വീതികുറഞ്ഞ ചെത്തുവഴിയിലൂടെ, ചുള്ള്യാര്‍മ്പ് അങ്ങാടി വരെ അവര്‍ മൽസരിച്ച് നടക്കും. നടത്തത്തിനും ഓട്ടത്തിനുമിടയിലുള്ള ആ 'നടന്നോട്ടം' കാണാൻ ഒരു പ്രത്യേക താളമാണ്.
പലപ്പോഴും ആദ്യമെത്തുക 'കുഞ്ഞോക്കാക്ക'യായിരിക്കും. വെളുത്തുമെലിഞ്ഞ്, കട്ടികുറഞ്ഞ മീശയുള്ള കുഞ്ഞോക്കാക്ക അങ്ങാടിയിലെത്തിയാൽ മീന്‍ വാങ്ങാന്‍ കാത്തിരിക്കുന്ന ആരെങ്കിലുമൊരാള്‍ കുട്ട തലയില്‍ നിന്ന് പിടിച്ചുകൊടുക്കും. പിന്നെ തലയില്‍കെട്ടിയ മുണ്ട് കുടഞ്ഞ് വെറ്റിലക്കറയുള്ള പല്ലുകൾ കാട്ടി ഒന്നു ചിരിക്കും.
അപ്പോഴേക്കും തേക്കിലയുടെ വലിയ കെട്ടുകളുമായി കുട്ടികള്‍ വന്നുനില്‍ക്കുന്നുണ്ടാവും. അവരില്‍ നിന്ന് തേക്കിലക്കെട്ടുകള്‍ വാങ്ങി അവർക്ക് ചില്ലറപ്പൈസകൾ എണ്ണിക്കൊടുത്ത് അയാൾ ചീനിമരത്തിനു ചുവട്ടില്‍ ഇരിക്കും.
അപ്പോഴേക്കും 'ആല്യാക്ക'വരും. തോളിൽ മുളവടിയുടെ രണ്ടറ്റത്തായി തൂക്കിയിട്ട മീങ്കൊട്ടകളുമായി അയാളെത്തിയാൽ എന്ത് മീനാണെന്നറിയാൻ ആളുകൾ കുട്ടയിലേക്ക് എത്തിനോക്കും. കറുത്തുതടിച്ച ശരീരപ്രകൃതിയുള്ള അയൾ ഒരിക്കലും കുപ്പായം ധരിക്കുന്നത് കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ തോളിൽ മുളവടി വെച്ച് കുഴിഞ്ഞുപോയ വലിയൊരു തഴമ്പുണ്ടായിരുന്നു. അധികപേരും മീൻ കാണാനായിരിക്കും വന്നുനിൽക്കുന്നത്. ഇടക്ക് ഓരോരുത്തരായി മീൻ വാങ്ങാൻ തുടങ്ങുമ്പോൾ
ഒരു പ്രത്യേക താളത്തിൽ തേക്കിലയിലേക്ക് മീനുകളെണ്ണിയെണ്ണിയിടും:
''ങാ..ഒന്നാ ഒന്ന്.. രണ്ടാ രണ്ട്.. മൂന്നാ മൂന്ന്..''
സംഗീതാത്മകമായ ആ ശബ്ദതാളത്തോടൊപ്പം ചീനിമരക്കൊമ്പില്‍ കലപിലകൂട്ടുന്ന കാക്കകളും 'കാ..കാ.. 'എന്ന് ശബ്ദമുണ്ടാക്കും. വലിയ ഭാരമുള്ള കുട്ടയും ചുമന്ന്, കിലോമീറ്ററുകള്‍ നടന്ന്, എല്ലാ ദിവസവും അവർ ഞങ്ങളുടെ ഗ്രാമത്തിലേക്ക് കടല്‍രുചികളെത്തിച്ചു, ചീനിമരം സാക്ഷി!
ചീനിയുടെ ചുവട്ടില്‍ മീങ്കാരെത്തിയാലാണ് ചുള്ളിക്കാപറമ്പ് അങ്ങാടി സജീവമാവുക.
അങ്ങാടിയില്‍ നാലും കൂടിയ സ്ഥലത്തായിരുന്നു ആ ചീനിമരം. റോഡിന്റെ പകുതിയോളം ഭാഗത്തേക്ക് അതിന്റെ വലിയ വേരുകള്‍ കെട്ടുപിണഞ്ഞുകിടക്കുന്നുണ്ടാവും. കുണ്ടും കുഴിയുമുള്ള ടാറിടാത്ത റോഡിലൂടെ വല്ലപ്പോഴും കടന്നുപോകുന്ന കാളവണ്ടി, പിന്നെ അരിയുമായി വരുന്ന 'സീപ്യാക്ക'യുടെ ചരക്കുലോറി, അല്ലെങ്കില്‍ അച്ചുതേട്ടന്റെ മോട്ടോർ സൈക്കിൾ തുടങ്ങിയവ ആ വേരുകളെ വേദനിപ്പിക്കതെ ഒരു ഭാഗത്തൂടെ കടന്നുപോകും.
'മോന്തി'യായല്‍ മീന്‍ വേഗം വിറ്റു തീര്‍ക്കണം. അടുത്ത ദിവസത്തേക്ക് സൂക്ഷിച്ചുവെക്കാന്‍ സൗകര്യങ്ങളില്ല. ഒരു പീടികയിലും കറണ്ടില്ല. ഇരുട്ട് തുടങ്ങുമ്പോള്‍ 'പെട്രോമാക്സ്' കത്തിച്ചു വെക്കും.
ഇരുട്ടിത്തുടങ്ങിയാലാണ് 'മീങ്കച്ചോടം' ഒന്നുകൂടി ചൂടുപിടിക്കുക. വിറ്റുതീര്‍ക്കാനായി കിട്ടുന്ന വിലക്ക് മീനുകൾ വാരിക്കോരിക്കൊടുക്കുന്ന 'വാര്യടി' തുടങ്ങുന്നത് അപ്പോഴാണ്. പിന്നെ വലിയ തേക്കിലപ്പൊതികളുമായി ആളുകള്‍ സന്തോഷത്തോടെ വീട്ടിലേക്കു മടങ്ങും.
ചെറുവാടി ചന്തയുണ്ടാവുന്ന ചൊവ്വാഴ്ച ദിവസങ്ങളില്‍ രാത്രി വൈകുന്നതുവരെ അങ്ങാടിയില്‍ ആളുകളുണ്ടാവും. ചീനിയുടെ ചുവട്ടിലുള്ള നീണ്ട ഷെഡുകളിലേക്ക് പല നാടുകളില്‍ നിന്നും കച്ചവടക്കാര്‍ വരും. കുപ്പിവളകളും മുക്കുമാലകളും
ഉണക്കമീനും മണ്‍പാത്രങ്ങളും പച്ചക്കറികളുമൊക്കെയായി ചന്ത നിറഞ്ഞിരിക്കും.
ഒരു നോമ്പുകാലത്ത്, മുറത്തില്‍ അരിപ്പൊടി കുഴച്ച് ചെറിയ ഉരുളകളാക്കി 'എട്ട്' എന്ന ആകൃതിയിലുള്ള പലകയില്‍ ഓടക്കുഴലുകൊണ്ട് പത്തിരി പരത്തുന്നതിനിടയില്‍ ഉമ്മ ഞങ്ങളോട് പറഞ്ഞു:
''ന്നെന്താ ചാറ് ബെക്കണ്ടതെന്ന് ബാപ്പാനോട് പോയ് ചോയ്ക്കി''
ബാപ്പ അരപ്പട്ടയില്‍ നിന്ന് 'കാലണ' എടുത്തുതന്നിട്ട് പറഞ്ഞു:
''കാഉര്‍പ്പ്യക്ക് മത്തിവാങ്ങിക്കൊണ്ടോരി..''
ഞങ്ങൾക്ക് സന്തോഷമായി. വല്ല്യാത്തയും ചെറ്യാത്തയും എന്നേയും കൂട്ടി നോമ്പുകാലത്തെ ആ വൈകുന്നേരം ചേരാംകുന്നും കയറി പഞ്ചാരമാവിന്‍ ചോട്ടിലൂടെ പച്ചമീന്‍ വാങ്ങാന്‍ ചുള്ളിക്കാപറമ്പങ്ങാടിയിലേക്ക് പോയി. കുഞ്ഞോക്കാക്കയുടെ അടുത്ത് നിന്ന് കാഉര്‍പ്പ്യക്ക് മത്തിവാങ്ങി. അയാൾ ഒരു തേക്കിലയില്‍ കുറേ മത്തി പൊതിഞ്ഞുതന്നു. നോമ്പ് തുറക്കുമ്പോഴേക്ക് ചാറ് വെക്കാനുള്ളതാണ്, ഞങ്ങള്‍ വേഗം വീട്ടിലേക്ക് മടങ്ങിയെത്തി.
താത്ത മുറ്റത്തിരുന്ന് മണ്‍ചട്ടിയിലേക്ക് മീന്‍ ചൊരിഞ്ഞ് മുറിക്കാൻ തുടങ്ങി. ഞങ്ങള്‍ മീനിന്റെ ആന്തരാവയവങ്ങള്‍ നോക്കി ചുറ്റുമിരുന്നു. മീന്‍ മുറിച്ച് കഴുകുന്നതിനിടയില്‍ ചട്ടിയില്‍ നിന്ന് ഒരു കരകരപ്പ് ശബ്ദം! ഞങ്ങള്‍ അല്‍ഭുതത്തോടെ നോക്കി. ചട്ടിയിലെ മീനുകള്‍ക്കിടയില്‍ ഒരു 'സ്വര്‍ണ്ണമോതിരം!'
''കടലിന്നേതോ മീന്റെ പള്ളേല് കുടുങ്ങ്യ പൊന്നാണ്..'' താത്ത പറയുന്നത് കേട്ട് ഞങ്ങൾ തുള്ളിക്കളിച്ചു.
ആ ബഹളത്തിലേക്ക് അകത്തുനിന്ന് ബാപ്പ ഇറങ്ങിവന്നു.
ഞങ്ങൾ പറഞ്ഞു: '' മീന്റെ പള്ളേന്ന് താത്തക്ക് പൊന്ന് കിട്ടി..''
ബാപ്പ ഒന്ന് സൂക്ഷിച്ചുനോക്കിക്കൊണ്ട് പറഞ്ഞു:
''അതാ മീങ്കാര്‌ന്റെതാ... മടക്കിക്കൊടുക്കണം!''
അപ്പോഴേക്കും അടുക്കളയിൽ നിന്നും ഇറങ്ങിവന്ന ഉമ്മ മോതിരം വാങ്ങിനോക്കി.
''ദന്യന്റെ മൊതലാ.. ബേം കൊണ്ട്ക്കൊട്ത്ത് പോരി..'' ഉമ്മ പറഞ്ഞു.
ഏതായാലും നോമ്പ് തുറക്കാനായത് കൊണ്ട് അന്ന് ഞങ്ങൾ പോയില്ല. നാളെ രാവിലെ തിരിച്ചുകൊടുക്കണം. അന്യന്റെ 'മൊതലാ'ണ് കയ്യില്. ഞങ്ങള്‍ക്കെല്ലാം പേടിയായി. അന്ന് കുറേ സമയം ഞങ്ങൾക്കുറക്കം വന്നില്ല. നേരം വെളുക്കാൻ ഇനിയെത്ര സമയമുണ്ടെന്നറിയില്ല. വീട്ടില്‍ ഘടികാരമോ വാച്ചോ ഇല്ല.
താത്തൂര്‍ പള്ളിയില്‍ നിന്ന് വെടി പൊട്ടുന്ന ശബ്ദം കേട്ടാണ് നോമ്പുതുറക്കുന്നതും നോമ്പെടുക്കുന്നതും. പല പള്ളികളിലും സ്പീക്കര്‍സെറ്റില്ലാത്തതിനാല്‍ ബാങ്ക് കേള്‍ക്കാറില്ല.
നോമ്പുകാലത്ത് രാത്രി കുറച്ചു സമയം ഉറങ്ങിയുണര്‍ന്നാല്‍ ഒരു കുപ്പിവിളക്കുമായി ഉമ്മ മുറ്റത്തിറങ്ങി ആകാശത്തേക്ക് നോക്കും. ഓരോ നക്ഷത്രങ്ങളുടേയും സ്ഥാനവും വലിപ്പവും നോക്കിയാണ് ഉമ്മ അത്താഴത്തിനുള്ള സമയം കണക്കാക്കുന്നത്. അത്താഴച്ചോറ് വെന്തുകഴിഞ്ഞാല്‍ ഉമ്മ ഒന്നു കൂടി പുറത്തിറങ്ങിനോക്കീട്ട് അകത്തേക്ക് വിളിച്ചുപറയും:
''തള്ളപെട്ടീം മക്കളും ഉദ്‌ച്ചീണ്.. ഞ്ഞി സുബെയ്ക്ക് തോനെ നേരല്ല്യ.. ല്ലാരും ബേം ണീറ്റ് ബെരി..''
ഉമ്മ എവിടന്നാണ് ഗോളശാസ്ത്രം പഠിച്ചതെന്നറിയില്ല! ഓരോ താരവ്യൂഹങ്ങള്‍ക്കും ഉമ്മയുടേതായ ഒരു പേരുണ്ട്.
മൂന്ന് വലിയ നക്ഷത്രങ്ങള്‍ ഒരേ നേര്‍രേഖയിലായി തെളിഞ്ഞുവന്നാല്‍ ഉമ്മ പറയും:
''കാഉണ്ടകാരന്‍ തലക്ക് നേരെ മോളിലെത്തീണ്.. മൂന്ന് മണ്യായി..''
ഒരു വലിയ നക്ഷത്രത്തിനു ചുറ്റും തള്ളക്കോഴീം മക്കളും പോലെ കൂടിനില്‍ക്കുന്ന കുഞ്ഞു നക്ഷത്രങ്ങളുടെ കൂട്ടത്തിനാണ് 'തള്ളപെട്ടീം മക്കളും' എന്ന് ഉമ്മ പേരിട്ടത്.
അത്താഴച്ചോറ് കഴിക്കാന്‍ ഉമ്മ ഞങ്ങളെ വിളിച്ചുകൊണ്ടേയിരിക്കും. ഞങ്ങള്‍ വിളിയുടെ ഈണത്തില്‍ ചുരുണ്ട്ചുരുണ്ട് കിടക്കും.
കിഴക്ക് 'തള്ളപെട്ടീം മക്കളും' ഉദിച്ചുകഴിഞ്ഞാല്‍ പിന്നെ സുബഹ് ബാങ്കിന് സമയായി എന്നാണ് അർത്ഥം. അപ്പോൾപ്പിന്നെ ഉമ്മയുടെ വിളിയുടെ സ്വരമൊന്നു മാറും. ഞങ്ങള്‍ ചാടിയെണീറ്റ് മുഖം കഴുകും. അടുക്കളയില്‍ നിലത്ത് പലകയിട്ടിരിക്കും. മണ്ണിന്റെ 'മണ്ടത്തില്‍' ഉമ്മ ചോറുവിളമ്പിത്തരും. ചോറ് ബെയ്ച്ചി കഴിഞ്ഞാൽ ഞങ്ങളെല്ലാരും നോമ്പിനു നിയ്യത്ത് വെക്കും:
''നെവൈത്തു സൗമ ഗദിന്‍...''
ഘടികാരമില്ലാതെ, അലാറമില്ലാതെ, ഓരോ റമളാൻ മാസവും ഒരു നോമ്പുപോലും നഷ്ടപ്പെടാതെ ഉമ്മ ഞങ്ങള്‍ക്ക് അത്താഴച്ചോറ് വിളമ്പിത്തന്നു.
പകലും ഞങ്ങള്‍ക്ക് സമയം പറഞ്ഞുതന്നിരുന്നത് ഉമ്മയായിരുന്നു.
പുരപ്പുറത്തെ ഓടില്‍ നിന്ന് ഇറയത്ത് മഴവെള്ളം വീഴുന്ന ചാലിലേക്ക് ഉച്ചവെയില്‍
ഇറങ്ങിയാല്‍ ഉമ്മ പറയും:
''ബാങ്ക് പ്പം കൊട്‌ക്കും, ജുമൂഅക്ക് പോകാന് നേരായി..''
ചുമരില്‍, ജനലിനുതൊട്ടുതാഴെ വെയില്‍ കയറിവരുമ്പോൾ ഉമ്മ പറയും
''അസറായി.. കുട്ട്യളിപ്പം സ്കൂള് ബിട്ട് ബെരും..''
പിറ്റേന്ന് വൈകുന്നേരം ചെറ്യാത്തയും വെല്ല്യാത്തയും സ്വര്‍ണ്ണമോതിരവുമായി മീങ്കാരന്റെ അടുത്തെക്ക് ചെന്നു! മോതിരം നഷ്ടപ്പെട്ടതോർത്ത് കുഞ്ഞോക്കാക്ക സങ്കടത്തോടെ ഇരിക്കുകയായിരുന്നു, ആര്‍ക്കൊക്കെയോ നേര്‍ച്ചയും നേര്‍ന്ന്.
''ദാ.. ദ് ങ്ങളെ മോതിരാണോ..?'' ചെറ്യാത്ത മോതിരം നീട്ടിക്കൊണ്ട് ചോദിച്ചു.
കുഞ്ഞോക്കാക്ക പെട്ടന്ന് തലയുയര്‍ത്തിനോക്കി. സന്തോഷം കൊണ്ട് അയാളുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു.
അയാള്‍ ഒരു പുഞ്ചിരിയോടെ മോതിരം വാങ്ങി മടിയില്‍ വെക്കുന്നതിനിടയിൽ അടുത്തുള്ളവരോട് പറഞ്ഞു:
''മോല്യാരെ കുട്ട്യേളാ...''
പിന്നെ വലിയൊരു തേക്കിലയില്‍ ഒരുപാട് മീന്‍ വാരിപ്പൊതിഞ്ഞ് ഞങ്ങള്‍ക്ക് നേരെ നീട്ടിക്കൊണ്ട് വെറ്റിലച്ചുവപ്പുള്ള പല്ലുകള്‍ കാട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു:
''ങും.. ബാങ്ങിക്കോളി..''
സ്വർണ്ണമോതിരത്തേക്കാൾ വിലയുള്ള 'സമ്മാന'വുമായി ഞങ്ങൾ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി.
ഏത് ദാരിദ്ര്യത്തിലും, ആരുമറിയുന്നില്ലെങ്കിലും, അര്‍ഹതയില്ലാത്തത് അനുഭവിക്കരുതെന്ന വലിയൊരു ജീവിതപാഠം ഞങ്ങളെ പഠിപ്പിക്കയായിരുന്നു ബാപ്പ!
അന്നത്തെ അത്താഴത്തിന് കൊതി തീരുന്നവരെ ഞങ്ങള്‍ പൊരിച്ച മീന്‍ കഴിച്ചു. സന്തോഷത്തോടെ നോമ്പെടുത്തു.
''വെയ്ല് ചൂടായിത്തൊടങ്ങി.. ഞമ്മക്ക് വീട്ടിലേക്ക് പോവാം, ബൈന്നേരം ഓർഫനേജിലേക്കെന്നെ തിരിച്ചുപോണ്ടെ..?''
ഷബീറലി എന്റെ തോളിൽ കൈവെച്ചുകൊണ്ട് ചോദിച്ചപ്പോഴാണ് ഞാൻ ഓർമ്മയിൽ നിന്നുണർന്നത്.
ഒരു കുഞ്ഞുഞെണ്ടിനു മുമ്പിലേക്ക് പോലും ഭക്ഷണം വിളമ്പിക്കൊടുക്കുന്ന മഹാസമുദ്രത്തിന്റെ വിനയഭാവം തിരിച്ചറിയാതെ, ഏതോ ഉള്‍ക്കടലില്‍ നീന്തിക്കളിച്ചിരുന്ന മീനുകള്‍ ഉള്‍ഗ്രാമത്തിലെ ഞങ്ങളുടെ അടുക്കളയില്‍ ഭക്ഷണമാകുന്ന പ്രകൃതിയുടെ അദൃശ്യ ക്രമീകരണത്തിന്റെ പൊരുളറിയാതെ, കടല്‍നുരകളില്‍ ചവിട്ടി ഞാൻ ഷബീറലിയോടൊപ്പം പതുക്കെ നടന്നുനീങ്ങി.
വൈകുന്നേരം ജെ.ഡി.റ്റി.യിലേക്ക് തന്നെ തിരിച്ചുപോകണം. അതിനുമുമ്പ്
ഞങ്ങള്‍ കുറച്ചുസമയം കടപ്പുറത്ത് പന്തുതട്ടിക്കളിച്ചു. അപ്പോൾ ഉച്ചവെയിലിന്റെ ചൂടിലൂടെ ഷബീറലിയുടെ ഉപ്പ നടന്നുവരുന്നത് ഞങ്ങൾ കണ്ടു. നീണ്ടുമെലിഞ്ഞ ഒരാൾ. വീട്ടിലേക്ക് മടങ്ങുമ്പോൾ ഞങ്ങളോടയാൾ പല വിശേഷങ്ങളും ചോദിച്ചറിഞ്ഞു.
വൈകുന്നേരം ഞങ്ങൾ ജെ.ഡി.റ്റി.യിലേക്ക് തന്നെ തിരിച്ചുപോകാനിറങ്ങി. അവന്റെ ഉമ്മ ഞങ്ങള്‍ക്ക് കൊണ്ടുപോകാനുള്ള പലഹാരങ്ങള്‍ പൊതിഞ്ഞുതന്നു. പിന്നെ ഷബീറലിയെ അണച്ചുപിടിച്ച് അവന്റെ ഉമ്മ വിതുമ്പി. ഇനിയും വരണമെന്ന ഭാവത്തിൽ എന്നെ നോക്കി പുഞ്ചിരിച്ചു. കടലോളം നിറഞ്ഞ സമൃദ്ധമായ പുഞ്ചിരി!
വെള്ളയില്‍ കടപ്പുറത്തെ ബസ്‌സ്റ്റോപ്പ് വരെ ഷബീറലിയുടെ ഉപ്പ ഞങ്ങളോടൊപ്പം കൂട്ടിന് വന്നു. മേരിക്കുന്നിലേക്കുള്ള ബസ്സില്‍ ഞങ്ങള്‍ കയറിയിരുന്നു. അപ്പോൾ കടല്‍ക്കാറ്റ് വന്ന് എന്റെ മുടിയിഴകളില്‍ വിരലോടിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു:
''ഇനിയും വരണം...''
ബസ്സ് നീങ്ങിനീങ്ങി കണ്ണില്‍നിന്ന് മറയുന്നത് വരെ ഉപ്പയെത്തന്നെ നോക്കിക്കൊണ്ട് ഷബീറലി ഇരുന്നു, ഒന്നും മിണ്ടാതെ ഞാനും!
.....................
റസാഖ് വഴിയോരം
......................
Re - 02 2022
Subscribe to:
Post Comments (Atom)
No comments:
Post a Comment