Wednesday, January 26, 2022

അ‌ദ്ധ്യായം‌‌ - 0‌5‌ .. പച്ച‌ക്കുട‌യും‌ ചൂടിയ‌പ്പോയ‌ ഒരു‌ മഴക്കാലം‌

 അ‌ദ്ധ്യായം‌‌ - 0‌5‌

...........................................................................‌

പച്ച‌ക്കുട‌യും‌ ചൂടിയ‌പ്പോയ‌ ഒരു‌  മഴക്കാലം‌ 

.......................................................‌....................


ഷബീറലി‌ മുന്നി‌ലും‌ ഞാൻ‌ പിന്നിലുമായി‌ കടൽത്തീരത്തു‌കൂടി‌ ‌നടന്നു. എന്റെ‌ കാലുകള്‍‌ മണല്‍ത്തരികളിലൂടെയും‌, കണ്ണുകള്‍‌ കടല്‍ത്തിരകളിലൂടെയും‌ ഒഴുകി‌നടന്നു‌.‌ ആകാശത്ത്‌  നക്ഷത്രങ്ങള്‍‌‌ ഓരോന്നായി‌ ‌തെളിഞ്ഞു‌ വരുന്നുണ്ടായിരുന്നു‌. 


കട‌പ്പുറത്ത്‌ കുറച്ചാളു‌കള്‍‌ വട്ടം‌ കൂടിയിരുന്ന്‌ ശീട്ട്‌ കളിക്കുന്നത്‌  ഞങ്ങള്‍‌ കണ്ടു‌.   അവരുടെയടുത്ത്‌ ചെന്ന്‌ ഞങ്ങൾ‌ കുറച്ചുസമയം‌ നോക്കിനിന്നു‌. കളിക്കിടയില്‍‌ അവര്‍‌ ഒരു‌ സിനിമയെപ്പറ്റി‌ സംസാരിക്കുന്നുണ്ടായിരുന്നു‌. അന്നാണ്‌ ഞാന്‍ ആദ്യ‌മായി‌ '‌കടല്‍‌'‌ എന്ന‌ ഒരു‌  സിനിമയെപ്പറ്റി‌  ‌‌കേള്‍ക്കുന്നത്‌. 


ഞങ്ങൾ‌ തിരിഞ്ഞുനടക്കുമ്പോൾ‌ ഷബീറലി‌ പറഞ്ഞു:‌ 


''‌‌നീയാ‌ സിൻ‌മ‌ കണ്ട്‌ട്ട്ണ്ടാ‌..? ഞാങ്കണ്ട്ട്ട്‌ണ്ട്‌..''‌ കട്പ്പറത്ത്ന്നായിരുന്ന്‌ അയ്ന്റെ‌ ഷൂട്ടിങ്ങ്‌ ന്ന്‌ ന്റെ‌പ്പ‌ പർഞ്ഞിനി‌..''‌ 


പിന്നെ‌ അതിലെ‌ ഒരു‌ പാട്ടിന്റെ‌ നാലുവരികൾ‌ അവനെനിക്ക്‌ പാടിത്തന്നു‌.


''ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍ ആയിരം പേര്‍ വരും

കരയുമ്പോള്‍ കൂടെക്കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും''‌


പിന്നീട്‌ ഈ‌ പാട്ട്‌ കേൾക്കുമ്പോഴൊക്കെ‌ ഞാൻ‌ ഷ‌ബീ‌റലിയെ‌ ഓർമ്മിക്കും‌. 


എട്ടാം‌ ക്ലാസ്സിൽ‌ പഠിക്കുന്നത്‌ വരെ‌ ഞാൻ‌ ഒരു‌ സിനിമ‌യും‌ കണ്ടിട്ടില്ല‌.‌ സിനിമ പോയിട്ട്‌ ഒരു‌ റേഡി‌യോപാട്ട്‌ കേള്‍ക്കാന്‍‌ പോലും‌ അവസരങ്ങൾ‌ കുറവായിരുന്നു‌.  നാട്ടില്‍‌ ചുരുക്കം‌ ചില‌ വീടുകളില്‍‌ മാ‌ത്രമായിരുന്നു‌ അന്ന്‌ റേഡി‌യോ ഉ‌ണ്ടായിരുന്നത്‌. 


അതിലൊന്നായിരുന്നു‌ '‌എമ്മേക്കാരന്‍‌'‌ എന്നറിയപ്പെടുന്ന‌ ‌എം‌.എ‌. മുഹമ്മ‌ദ്‌ സാഹിബിന്റെ‌ വലിയ‌ വീട്‌. '‌പൊയില്‍‌'‌ എന്ന‌ സ്ഥലത്തായിരുന്നു‌ അദ്ധേഹത്തിന്റെ‌  വീട്‌. അദ്ദേഹം‌ കോഴിക്കോട്ടെ‌ വലിയ‌ വ്യവസായിയായിരുന്നു‌. നാലാം‌ ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍‌ എന്നെ‌ ‌പൊയിലിലെ‌  സ്കൂളിലായിരുന്നു‌ കൊണ്ടു‌പോയി‌ ചേര്‍ത്തി‌യത്‌. അന്നാണ്‌‌ ഞാൻ‌  ആദ്യമായി‌  അദ്ധേഹത്തിന്റെ‌  വീട്‌ കാണുന്നത്‌. ‌ അവിടെനിന്ന്‌ റേഡിയോ‌ പാട്ടു‌ കേള്‍‌ക്കാന്‍‌ ഞങ്ങള്‍ പല‌ ദിവസവും‌ സ്കൂള്‍‌ പുറത്തു‌വിടുമ്പോള്‍‌ വഴിയില്‍‌ പോയി‌ നില്‍ക്കാറുണ്ടായിരുന്നു‌.


അദ്ദേഹത്തിന്റെ‌ വീടി‌നോട്‌ ചേര്‍ന്ന്‌ ചെറിയൊരു‌ നിസ്ക്കാരപ്പള്ളി‌യു‌ണ്ടായിരുന്നു‌. '‌സ്രാമ്പ്യ'‌എന്നാ‌യിരുന്നു‌ അതിനെ‌ പറഞ്ഞിരുന്നത്‌. ഉച്ച‌ക്ക്‌ സ്കൂള്‍‌ വിടുമ്പോള്‍‌ ചില‌ ദിവസങ്ങളില്‍‌ ഞങ്ങള്‍‌ കഞ്ഞികുടിക്കാന്‍‌ വീട്ടിലേക്കോടിപ്പോകും‌. പോകാത്ത‌ ദിവസങ്ങളില്‍‌ ആ‌ സ്രാമ്പ്യയില്‍‌ പോയി‌ നിസ്ക്കരിക്കും‌. '‌റേഡിയോ'‌ ഒന്ന്‌ നേരില്‍‌ കാണാനുള്ള‌ കൊതിയോടെ‌‌ കിളിവാതില്‍‌ പോലെയുള്ള‌ സ്രാമ്പ്യയുടെ‌ ജ‌നല്‍‌ തുറന്ന്‌ എത്തി‌ നോക്കും‌‌.


ആ‌ സ്രാമ്പ്യയോട്‌ ചേര്‍ന്ന്‌ കുറെ‌ കല്പ‌ടവുകളുള്ള‌ വലിയൊരു‌ കുളമുണ്ടായിരുന്നു‌. വുളുവെടുക്കാനുള്ളതാണ്‌‌ ആ‌ കുളം‌. അതിലെ‌ ഇളംനീല നിറമുള്ള‌ തെളിഞ്ഞ‌ വെള്ളത്തില്‍‌ ചൂലിപ്പരലുകള്‍‌ നീന്തിക്കളിക്കുന്നത്‌ കാണാന്‍‌ നല്ല‌ രസമായിരുന്നു‌. ‌

അന്ന്‌ ടാര്‍‌ചെയ്യാത്ത‌ റോഡി‌ന്റെ‌ പകുതിയോളം‌ സ്ഥലത്തായിരുന്നു‌ ആ‌ കുളം‌.  ആ‌ കുളത്തിൽ ഒരിക്കല്‍‌ ആരോ ഒരാൾ ചാടി‌ ആത്മഹത്യ‌ ചെയ്തു‌. 


ആളുകൾ‌ ഓടിപ്പോകുന്നത്‌ കണ്ട്‌ ഞ‌ങ്ങ‌ളും‌ അവർക്ക്‌ പിന്നാലെ‌ പോയിനോക്കി‌. ചുറ്റുമതിലിന്റെ‌ വിടവിലൂടെ‌ പതുക്കെ‌  കുളത്തിലേക്ക്‌ ഏന്തി‌നോക്കി‌. മഴക്കാലം‌ കഴിഞ്ഞ‌ സമയമായിരുന്നതിനാൽ‌  കുളത്തില്‍‌ നിറയെ‌ കണ്ണാ‌ടിപോലെ‌യുള്ള‌ നല്ല‌ '‌ഒറു'‌വെള്ളം‌ നിറഞ്ഞിരുന്നു‌. 


വെള്ളത്തിനടിയില്‍‌  ഒരാള്‍‌ നിശ്ചലനായി‌ കുമ്പിട്ടുനില്‍ക്കുന്നത് അട്ടപ്പാ‌വിനിടയിലൂടെ‌ ഞങ്ങള്‍‌ തെളിഞ്ഞുകണ്ടു‌.‌ വലിയ‌ ചൂലിപ്പരലുകള്‍‌  ഒന്നുമറിയാതെ‌ ചുറ്റിലും‌ നീന്തിക്കളിക്കുന്നുണ്ടായിരുന്നു‌. 


സ്കൂളില്‍‌ ബെല്ലടിക്കുന്ന‌ ശബ്ദം‌ കേട്ട്‌ ഞങ്ങള്‍‌ കുറച്ചു കുട്ടികള്‍‌ ഓടി‌പ്പോയി‌.  ഒരാള്‍‌ വന്ന്‌ ബാക്കി‌യുള്ള‌ കുട്ടികളേയും‌ അവിടെനിന്നോടിച്ചു‌.‌ 

ഞങ്ങള്‍‌ കിതച്ചു‌കൊണ്ട്‌ സ്കൂളിലെത്തി‌. വരാന്തയില്‍‌ തോമസ്‌ മാഷ്‌ ചുരലും‌ പിടിച്ചു‌നില്‍ക്കുന്നു‌. തോമസ്‌ മാഷാണ്‌ ഹെഡ്‌മാസ്റ്റര്‍‌. കോട്ടയത്താ‌ണ്‌ മാഷെ‌ നാട്‌. അക്കാലത്ത്‌ തെക്ക്‌ നിന്നുള്ളവരായിരുന്നു‌ ഇവിടെ‌ പഠിപ്പിക്കുന്നവരിലധികവും‌. അദ്ധ്യാപക‌ ജോലിയ‌റിയുന്ന‌ ആളുകള്‍‌‌ നാട്ടിൽ‌ കുറവായിരുന്നു‌. 


തോമസ്‌ മാഷ്‌ അധികം‌ ചിരിക്കുന്നത്‌ ഞാന്‍‌ കണ്ടിട്ടില്ല‌.‌ മഷ്‌ വീട്ടില്‍‌ പോകുമ്പോള്‍‌ പോലും‌ ചൂരല്‍‌ കയ്യിലുണ്ടാവും‌.‌ അഞ്ചാം‌ ക്ലാസ്സില്‍‌ ഇംഗ്ലീഷ്‌ അക്ഷരമാല‌ പഠിപ്പിച്ചിരുന്നത്‌ തോമസ്‌ മാഷായിരുന്നു‌.

യു‌.പി‌  സ്കൂളിലെത്തിയാല്‍‌ ഇംഗ്ലീഷ്‌ പഠി‌ക്കണമെന്നും‌, അവിടെ‌ നല്ലവണ്ണം‌ അടിക്കുന്ന‌ ഒരു‌ മാഷുണ്ടെന്നും‌ എല്‍‌.പി‌.സ്കൂളില്‍‌ പഠിക്കുമ്പോഴേ‌ കുട്ടി‌ക‌ള്‍‌ പറഞ്ഞുപേടിപ്പിച്ചിരുന്നു‌. അന്ന്‌ തുടങ്ങിയതാണ്‌ ഇംഗ്ലീഷുകാരെ‌ പേടി‌.


പൊയിലെ‌  സ്കൂളില്‍‌ ആദ്യദിവസങ്ങള്‍‌ കൂളായി‌ കടന്നുപോയി‌.

മറിയമ്മട്ടീച്ചറായിരുന്നു‌ ഞങ്ങളുടെ‌‌ ക്ലാസ്സ്‌ ടീച്ച‌‌ര്‍‌. സ്കൂളി‌ല്‍‌‌നിന്ന്‌ കുറച്ചുദൂരെ‌ ചെറുവാടിയായിരുന്നു‌ ടീച്ചറുടെ‌ വീട്‌‌.

മുടി‌ പിന്നിലേക്ക്‌ വൃത്തിയായി‌ ചീകിവെച്ച്‌‌, സാരിത്തലപ്പുകൊണ്ട്‌ തല‌ പകുതി‌ മറച്ച്‌‌, ചോറ്റുപാത്രമുള്ള‌ ഒരു‌ ചെറിയ‌ ലേഡീസ്‌ ബേഗും‌ തോളിലിട്ട്‌, കുടയും‌ ചൂടി‌, പത്തു‌ മണിയാകുമ്പോള്‍‌ ചെറുവാടിയില്‍‌ നിന്നും‌ മറിയുമ്മ ടീ‌ച്ച‌‌ര്‍‌ നടന്നുവരും‌. പിന്നെ‌ ഇളകുന്ന‌ സ്റ്റൂളി‌ലിരുന്ന്‌ ഹാജറെടുക്കും‌. ഹാജര്‍പട്ടികയിലേക്ക്‌ ഹീറോപേനയില്‍‌ നിന്ന്‌ ഉറ്റിവീഴുന്ന‌ മഷിത്തുള്ളികള്‍‌ ചോക്ക്‌ കൊണ്ട്‌ ഒപ്പിയെടുക്കുന്നത്‌ ഞങ്ങള്‍‌ കൗതുകത്തോടെ‌ അടുത്ത്ചെന്ന്‌ നോക്കി‌‌നില്‍ക്കും‌...


'‌'എല്ലാരും‌ അവനവന്റെ‌ സ്ഥലത്ത്‌ പോയിരിക്കി‌...''‌


ടീച്ച‌ര്‍‌ മേശപ്പുറത്ത്‌  ചൂരലുകൊണ്ടടിച്ച്‌ ഉറക്കെ‌ പറയും‌.  വടിയെടുക്കുമെങ്കിലും‌ ടീച്ച‌ര്‍‌ അടിക്കില്ല‌. മറി‌യുമ്മ‌ ടീച്ചറെയും‌ ശാന്തമ്മ‌ ടീച്ചറേയുമെ‌ല്ലാം‌  കുട്ടികള്‍ക്ക്‌ വളരെ‌ ഇഷ്ട‌മായിരുന്നു‌.  ഹിന്ദിയായിരുന്നു‌ ശാ‌ന്തമ്മ‌‌ ടീച്ചറുടെ‌ വിഷയം‌.  ടീച്ചറെ‌ എല്ലാരും‌ '‌ഹിന്ദിടീച്ച‌‌ര്‍‌'‌ എന്നായിരുന്നു‌ വിളിച്ചിരുന്നത്‌. ഇംഗ്ലീഷും‌ കണക്കും‌ പോലെ‌  എ‌നിക്ക്‌ ഹിന്ദിയും‌ അല്പം‌ പ്രയാസമായിരുന്നു‌. 


ഒരിക്കല്‍‌ ശാ‌ന്തമ്മ‌ ടീച്ച‌‌ര്‍‌ ക്ലാസ്സിൽ‌ ഹി‌ന്ദി‌ എടുക്കുകയായിരുന്നു‌.

‌'‌ആത്താഹെ‌... ആത്തീഹെ‌..'‌ എന്താണ്‌ വ്യത്യാസം‌..?

ചോദ്യം‌ എന്നോടാ‌‌ണ്‌. ഒരു‌ വ്യത്യാസവും‌ കാണാത്തപോലെ‌ ഞാന്‍‌ നിന്നു‌.

അടുത്ത‌യാള്‍‌... ടീച്ചര്‍‌ വിരല്‍‌ ചൂണ്ടി‌.

തൊട്ടടുത്തുനിന്ന്‌ അയ്യപ്പന്‍‌ എഴുന്നേറ്റുനിന്നു‌:‌


‌'ആത്താഹെ‌ പുല്ലിംഗം‌.'‌

'‌ആത്തീഹെ‌ സ്ത്രീലിംഗം‌..


ടീ‌ച്ചര്‍‌ എന്നോട്‌ പറഞ്ഞു‌ :‌


'‌'‌നാളെ‌ പഠിച്ചിട്ടു‌ വരണം‌ കേ‌ട്ടോ‌.. ബൈട്ടോ‌‌!''‌

'‌ലിംഗബോ‌ധമില്ലാത്ത‌'‌ ഒരു‌ കോമാളിയെപ്പോലെ‌ ഞാന്‍‌ ബൈട്ടി‌.


വടിയെടുക്കുമെങ്കിലും‌ ടീച്ചറും‌ അടിക്കില്ല‌. ടീച്ചറുടെ‌ ഭര്‍ത്താവ്‌ പണ്ഡിറ്റ്‌ മാഷും‌ അതേ‌ സ്കൂളിലെ‌ മാഷായിരുന്നു‌.

തുണി‌ മുട്ടിനു‌മുകളിലായി‌ അല്പം‌ കൂട്ടിക്കുത്തി‌ അബ്ദുമാഷ്‌ വരും‌. '‌കണക്ക്‌ മാഷ്‌'‌ എന്നായിരുന്നു‌ ഞങ്ങല്‍‌ വിളിച്ചിരുന്നത്‌. എന്റെ‌ കണക്കിന്റെ‌ കാര്യം‌ കണക്കാണെന്ന്‌ ഞാന്‍‌ നേരത്തെ‌ പറഞ്ഞുവല്ലോ‌. കണക്കിന്റെ‌ മാര്‍ക്കില്‍‌ എന്റെ‌ പിറകില്‍‌ ആരുമില്ലായിരുന്നു‌.


ഒരിക്കല്‍‌ അബ്ദു‌മാഷ്‌ ഡസ്റ്ററെടുത്ത്‌ ബോര്‍ഡ്‌ മായ്ച്ച്‌ കളഞ്ഞ‌ ശേഷം‌ ബോര്‍ഡില്‍‌ എന്തൊക്കെയോ‌ എഴുതി‌‌. പിന്നെ‌ മാഷ്‌ എല്ലാവരോടുമായി‌ പറഞ്ഞു:‌


‌'‌ലാ‌.സാ‌.ഗു‌‌.‌ കാണുക‌!


അഞ്ചുമിനുട്ട്‌ കൊണ്ട്‌ എഴുതി‌ എല്ലാവരും‌ ബുക്ക്‌ മേശപ്പുറത്ത്‌ വെക്കണമെന്ന്‌ പറ‌ഞ്ഞ്‌ 

മാഷ്‌ സ്റ്റൂളില്‍‌ പോയി‌ ഇരുന്നു‌. ഞാന്‍‌ ചുറ്റും‌ നോക്കി‌. എവിടെ‌ നോക്കിയാലാണ്‌ ലാ‌.സാ‌.ഗു‌‌ കാണുക‌?

ആരും‌ ഒന്നും‌ സംസാരിക്കുന്നില്ല‌.  ഒച്ചയുണ്ടാക്കിയാല്‍‌‌ ചോക്കുപൊടിയില്‍‌ മുങ്ങിയ‌ ഡസ്റ്റര്‍‌ കൊണ്ട്‌ ഏറുവരും‌. ക്ലാസ്സില്‍‌ നിറഞ്ഞ‌ നിശ്ശബ്ദത‌!

ഓരോരുത്തരായി‌ മേശപ്പുറത്ത്‌ നോട്ടുബുക്ക്‌ കൊണ്ടുപോയി‌ വെച്ചു‌‌.   മാഷ്‌ എന്റെ‌ പുസ്തകം‌ തുറക്കുന്നതും‌   'ശ്ശെന്തോര്‌ വിഡ്ഡി‌...'‌ എന്ന്‌ പറ‌ഞ്ഞുകൊണ്ട്‌ എന്റെ‌ ചെവിയുടെ‌ മാംസളമായ‌ ഭാഗത്ത്‌ പരുത്ത‌ വിരലുകള്‍‌ കൊണ്ട് ചിത്രം വരക്കുന്നതും‌ മനസ്സിൽ‌ കണ്ടുകൊണ്ട്‌ ഞാൻ‌ അനങ്ങാതെ‌ ബെഞ്ചിലിരുന്നു‌. അന്നും‌ ഇന്നും‌ '‌ലാ‌.സാ‌.ഗു‌‌.‌'‌ എന്താണെന്ന്‌ എനിക്കറി‌യില്ല‌! 


‌ഞങ്ങളെ‌ ഇംഗ്ലീഷ്‌ പഠി‌പ്പിച്ചിരുന്ന‌ തോമസ്‌ മാഷ്‌ കൊല്ലാ‌വസാനം‌ വരെ‌ പതിനെട്ടടവ്‌ പയറ്റീട്ടും‌ ഇംഗ്ലീഷ്‌ അക്ഷരമാല‌ എന്നോ‌ട്‌ കരുണ‌കാട്ടിയില്ല‌. ഒരു‌ ദിവസം‌ തോമസ്‌ മാഷ്‌ ക്ലാസ്സില്‍‌ വന്നു‌‌‌ പറഞ്ഞു‌‌ :‌


''‌നാളെ‌ '‌ഏയീഓ‌'‌ വരും‌. എല്ലാവരും‌ '‌ഏബീസീഡി‌'‌ കാണാതെ‌ പഠിച്ചുവരണം‌. ഏയീഓ‌  ചോദിക്കുമ്പോള്‍‌ തെറ്റാതെ‌ പറഞ്ഞുകൊടുക്കണം‌. ഇന്ന്‌ നമുക്കൊന്നു‌ കാണാതെ‌ പറ‌ഞ്ഞു‌ നോക്കാം‌‌.. ആള്‍‌ സ്റ്റാന്റപ്പ്‌‌.. സിറ്റ്ഡൗണ്‍‌..''‌


ബെഞ്ചിന്റെ‌ ഒരു‌ തലക്കലേക്ക്‌ വിരൽ‌ ചൂണ്ടി‌ക്കൊണ്ട്‌ മാഷ്‌ പറഞ്ഞു:‌ 

''‌ഓരോരുത്തരായി‌ എഴുന്നേറ്റുനിന്ന്‌ കാണാതെ‌ പറയുക‌..''‌

ഓരോരോ‌ കുട്ടികൾ‌ വേഗത്തിൽ‌ എഴുന്നേറ്റു‌നിന്ന്‌  ഒഴുക്കോടെ‌ ഏബീസീഡി‌  പറഞ്ഞു‌കൊണ്ടിരുന്നപ്പോൾ‌  ഞാന്‍‌‌ ഇളകുന്ന‌ ബെഞ്ചിന്റെ‌ അറ്റത്തേക്ക്‌ നീങ്ങിനീങ്ങിയിരുന്നു‌. ‌


''‌നെക്സ്റ്റ്‌..''‌

 

മാഷ്‌ എന്റെ‌ നേരെ‌ വിരല്‍‌ ചൂണ്ടി‌. ഞാന്‍‌ വേഗത്തില്‍‌ എഴുന്നേറ്റുനിന്ന്‌ ഭയലേശമന്യേ‌ പറഞ്ഞുതുടങ്ങി‌:‌


'‌'ഏബീസീഡീഈയെഫ്‌ജീ‌..''‌ 


പിന്നെ‌ '‌എച്ചില്‍‌'‌ തട്ടി‌ ഒന്നു‌ നിന്നു‌. പിന്നില്‍‌നിന്നാരൊ‌ക്കെയോ‌ തള്ളിത്തന്നതുകൊണ്ട്‌ '‌ഓപി‌'‌ വരെ‌ നിരങ്ങിനിരങ്ങി‌ നീങ്ങി‌. അവസാ‌നം‌  '‌ക്യൂ'‌ വില്‍‌ ചെന്ന്‌ അനങ്ങാതെ‌ നിന്നു‌.

മാഷ്‌ അല്പം‌ കൂടി‌ വെയ്റ്റ്‌ ചെയ്തു‌. ‌പിന്നെ‌ മേശ‌പ്പു‌റത്തു‌‌നിന്ന്‌ ചൂരലെടുത്ത്‌ എന്റടുത്തേക്ക്‌ വന്നുനിന്നു‌. മാഷിന്റെ‌ സൗകര്യത്തിനു‌വേണ്ടി‌ എന്നെ‌ ബെഞ്ചില്‍‌ കയറ്റി‌ തിരിച്ചുനിര്‍ത്തി‌. ഞാന്‍‌ പിന്നിൽ‌ കൈ‌‌വെച്ച്‌  കഴുത്ത്‌ മക്സിമം‌ തിരിച്ചുപിടിച്ച്‌  ദയനീയമായി‌ മാഷെ‌ ഒന്ന്‌ നോക്കി‌.‌ 

ഒന്ന്‌ .. രണ്ട്‌.. മൂന്ന്‌.. ചൂരല്‍‌ അതിവേഗം‌ എന്നെ‌യാകെ‌  തഴു‌കിത്തലോടി‌. ബെഞ്ചിൽ‌ നിന്ന്‌‌ താഴെയിറങ്ങുമ്പോൾ‌  ഒരടി‌‌കൂടി‌ തന്നിട്ട്‌ മാഷ്‌ പറഞ്ഞു:‌

''‌നിത്യം‌ വരത്തോല്ല്യ‌... വന്നാലൊട്ടു‌ പഠി‌ക്കത്തോല്ല്യ‌...!''‌


ചകിരി‌‌കൊണ്ട്‌ കയര്‍‌ പിരിക്കാന്‍‌ പഠിപ്പിച്ചുതന്ന‌ റംല‌ ടീച്ചറായിരുന്നു‌ എന്റെ‌ മാതൃകാ‌ അദ്ധ്യാപിക‌. ആഴ്ച്ചയിലൊരിക്കല്‍‌ 'ക്രാഫ്റ്റ്'‌ എന്നൊരു‌ പിരീടുണ്ടാവും‌.  അന്ന്‌ എല്ലാ‌വരും‌ വീട്ടില്‍‌ നിന്ന്‌ ചകിരി‌ കൊണ്ടുവരണം‌.  എന്നിട്ട്‌ ഉപ്പുമാവുണ്ടാക്കുന്ന‌ ചെ‌രുവില്‍‌ പോയി‌ ഇരിക്കണം‌.  ഉപ്പുമാവ്‌ നെയ്യില്‍‌ മൊരിയുന്ന‌ മണം‌ വിശക്കുന്ന‌ വയറിലേക്ക്‌ മതിവരുവോളം‌ വലിച്ചെടുത്തുകൊണ്ട്‌ ഞങ്ങൾ‌ നിലത്തിരിക്കും‌. പിന്നെ‌  ടീച്ച‌ര്‍‌ കസാരയിലിരുന്ന്‌‌ ചകിരി‌ പിരിച്ച്‌ ‌ ചൂടിക്കയറുണ്ടാക്കുന്നത്‌ കാണിച്ചുതരും‌. ഞങ്ങളോട്‌ അത്‌ പോലെ‌ ചെയ്യാൻ‌ പറ‌യും‌. 


യു‌.പി‌.സ്കൂള്‍‌ കാലഘട്ടത്തില്‍‌ ഞാന്‍‌ നേടിയെടുത്ത‌ ഏറ്റവും‌ വലിയ‌ അറിവ്‌‌ ചൂടി‌ നിര്‍മ്മാണമായിരുന്നു‌. ഇന്നും‌ ഒര‌ത്യാവശ്യം‌ വന്നാല്‍‌ പരസഹായമില്ലാതെ‌ ഒരുമുഴം‌ കയറുണ്ടാക്കാന്‍‌ എനിക്കറിയാം‌.


നാലുമണിക്ക്‌ നീട്ടി‌ ബെല്ലടിച്ചു‌‌. കുട്ടികള്‍‌ അസാധാരണമായ‌ വേഗത്തില്‍‌ തിരിഞ്ഞു‌ നോക്കാതെ‌ ഇറങ്ങിയോടി‌. ഓട്ടത്തിനിടയില്‍‌ കുട്ടികള്‍‌ വിളിച്ചു‌ പറഞ്ഞു:‌ ‌


''‌നാളെ‌ '‌ഏയ്യോന്‍‌'‌ വരും‌‌...‌ കാലുറയിട്ട‌ ഏയ്യോമ്പെരും‌..  അന്ന്‌ വൈകുന്നേരം‌ ഒരു‌ മുറ്റത്തും‌ കുട്ടികള്‍‌ കളി‌ക്കാനിറങ്ങിയില്ല‌.‌ ഞാന്‍‌ വീട്ടിലെത്തി‌യപ്പോൾ‌  ഉമ്മ‌ കിണറ്റിനടുത്തിരുന്ന്‌  പാ‌ത്രവും‌ കൈലും‌ വെണ്ണീരിട്ട്‌ തേച്ചുമോറുകയായിരുന്നു‌. നിറ‌കണ്ണുകളോടെ‌ ഉമ്മയുടെ‌ അടു‌ത്ത്‌ ചെന്ന്‌‌  ഞാനാ‌ നഗ്നസത്യം‌ വിളിച്ചു‌പറഞ്ഞു:‌


'‌'‌ ഉമ്മാ‌.. നാളെ‌ ഏയ്യോമ്പെരും‌..'‌'‌


'‌'നന്നായി'‌'‌ ഉമ്മ‌ പറഞ്ഞു‌. ഞാൻ‌ എന്തു‌ പറയണമെന്നറിയാതെ‌ അവിടെത്തന്നെ‌ നിന്നു‌. 

അന്നു‌ രാത്രി‌  ഉറങ്ങാൻ‌ കിടക്കുന്നതിനുമുമ്പ്‌ 

കൂട്ടത്തില്‍‌ പുതിയ‌ കു‌പ്പായോം‌ തുണീം‌ എടുത്തു‌ത‌ന്നിട്ട്‌ ഉമ്മ‌ പറ‌ഞ്ഞു‌:‌


'‌'‌നാളെ‌ ഇതിട്ടോ‌ണ്ട്‌ സ്കൂളീ‌ പോയാമതി‌... ഏയോമ്മാര്‌ വരുമ്പം‌ വൃത്തീം‌ ബെടിപ്പൂള്ള‌‌ ഉടുപ്പിട്ട്‌  പോണം‌..'‌'‌


പെരുന്നളിനു‌ മാത്രം‌ ഉടുക്കാന്‍‌ സൂക്ഷിച്ച്‌ വെച്ചിരുന്ന‌ ആ‌ തുണീം‌ കുപ്പായോം‌  ക‌യ്യില്‍‌ വാങ്ങി‌ കട്ടിലിൽ‌ വെച്ച്‌ ഞാന്‍‌  ഉറങ്ങാന്‍‌ കിടന്നു‌‌. നല്ല‌ മഞ്ഞുകാലമായിരുന്നു‌ അത്‌. മുറ്റത്തെ‌ തേക്കിന്‍‌ ചുവട്ടില്‍‌ വീണു‌ കിടക്കുന്ന‌ ഉണങ്ങിയ‌ തേക്കിലയിലേക്ക്‌ മരക്കൊമ്പില്‍‌ നിന്നും‌ മഞ്ഞുതുള്ളികള്‍‌ വീഴുന്ന‌ '‌ടക്‌..ടക്‌..'‌ ശബ്ദം‌ എന്നെ‌ പേടിപ്പെടുത്തി‌. കറുത്ത‌ കാലുറയിട്ട്‌ അയാള്‍‌ ചവിട്ടി‌ച്ച‌വിട്ടി‌ വരുന്നുണ്ട്‌... ഏയ്യോൻ‌! ഞാന്‍‌ പുതപ്പിനുള്ളി‌ലേക്കുള്ളിലേക്ക്‌ ചുരുണ്ടു‌കിടന്നു‌.

‌‌

ചട്ട‌‌പറിഞ്ഞ‌ ടെക്സ്റ്റ്‌ ബുക്കുകളെല്ലാം‌ അടുക്കി‌വെച്ച്‌ കറുത്ത‌ റബ്ബറുകൊണ്ട്‌ ചുറ്റി‌, ഉമ്മ‌ തിരുമ്പി മടക്കിവെച്ചിരുന്ന‌  കുപ്പായവുമിട്ട്‌  ഞാൻ‌ സ്കൂളി‌ലേക്ക്‌ പോകാനൊരുങ്ങിയപ്പോൾ‌ മഴ‌ ചാറൻ‌ തുടങ്ങിയിരുന്നു‌. ചെറിയ‌ മഴ‌യൊന്നും‌  സ്കൂളില്‍‌ പോകാതിരിക്കാനുള്ള‌ കാരണമല്ല‌.‌ പ്രതീക്ഷ‌ക്കു വകനല്‍കി‌ മഴ‌യുടെ‌ ശക്തി‌ അല്പം‌ കൂടി‌.‌ ദൈവമേ‌.. ഒരു‌ കൊടുംകാറ്റ്‌ വന്ന്‌ ഈ‌ ഭൂമിയും‌ സൂര്യചന്ദ്രനക്ഷത്രങ്ങളുമെല്ലാം‌ ധൂളികളായി‌പ്പോയിരുന്നെങ്കില്‍‌..!


നിർഭാഗ്യം‌! മഴ‌ ശക്തികുറഞ്ഞു‌തുടങ്ങി‌. ഉമ്മ‌ ഒരു‌ കത്തിയുമെടുത്ത്‌ തട്ടം‌ കൊണ്ട്‌ മഴ‌മറ‌ച്ച്‌ വാഴയുടെ‌ ചുവട്ടിലേക്കോടി‌. ഒരു‌ വാഴയില‌ വെട്ടി‌, പിടിക്കാന്‍‌ പാകത്തില്‍‌ തണ്ട്‌ അല്പം‌ ബാക്കി‌ നിര്‍ത്തി‌ ഇലയുടെ‌ കുറച്ചു‌ ഭാഗം‌ കീറിക്കളഞ്ഞു‌. പിന്നെ‌ ഓടിവന്ന്‌ ഇലക്കുട‌ എന്റെ‌ കയ്യില്‍‌ തന്നിട്ട്‌ പറഞ്ഞു:‌ 


'‌'വേം‌ നടന്നോ‌..'‌'‌


'‌പച്ചക്കുട'‌യും‌ പിടിച്ച്‌ ഓരോ‌ വീടിന്റേയും‌  മുറ്റത്തു‌കൂടി‌ നട‌ന്നിട്ടു‌വേണം‌ ഇനി‌ സ്കൂളിലെത്താൻ‌. ''‌കൊട‌ നല്ല‌ ചൊർക്ക്ണ്ടല്ലോ''‌ ചിലരെല്ലാം‌ കളിയാക്കും‌. ഒരു‌ '‌അല്പാക്കൊട'‌യും‌ ചൂടി‌ ഇവരുടെയെല്ലാം‌ മുറ്റത്തുകൂടി‌ സ്കൂളി‌ലേക്കും‌ മദ്ര‌സയിലേക്കും‌ പോകണമെന്നത്‌ അക്കാലത്തെ‌ എന്റെ‌ വലിയൊരാ‌ഗ്രഹമായിരുന്നു‌.‌ വീട്ടില്‍‌ തൊപ്പിക്കുടയുള്ളത്‌ എന്റെ‌ തലക്ക്‌ പാകമാവില്ല‌‌. നല്ല‌ കാറ്റ്‌ വന്നാല്‍‌ തൊപ്പിക്കുട‌ തലയില്‍‌ നിന്ന്‌ പറന്നുപോകും‌. 


ഞാന്‍‌ ഒരു‌ കൈ‌‌കൊണ്ട്‌ പുസ്തകക്കെട്ട്‌ നെഞ്ചോട്‌ ചേര്‍ത്തു‌പിടിച്ച്‌ വലതു‌കൈ‌ കൊണ്ട്‌ ഇലക്കുടയും‌ പിടിച്ച്‌ ഇറയത്തേ‌ക്കിറങ്ങി‌.


'‌'തുണീ‌ലേക്ക്‌ ചളി‌ തെര്‍‌പ്പിക്കാതെ‌ നടന്നോ'‌'‌ അടുക്കളയില്‍‌നിന്ന്‌ ഉമ്മ‌ വിളിച്ചുപറഞ്ഞു‌.


കുരുമുളക്‌ പടര്‍ത്തിയ‌ മുരിക്കിന്‍‌ മരത്തിന‌ടി‌യിലൂടെ‌, ചുവന്ന‌ വേരുകളുള്ള‌ നീണ്ട‌ കവുങ്ങുകള്‍‌ക്കിടയിലൂടെ‌, ചുളിവു‌‌വീണ‌ ഈന്തിന്‍‌ ചുവട്ടിലൂടെ‌, ചെരിപ്പില്ലാത്ത‌ കാലുകള്‍‌ കൊണ്ട്‌  മഴ‌‌വെള്ളം‌ തട്ടിത്തെ‌റുപ്പിച്ച്‌ ഞാന്‍‌ നടന്നു‌.

'‌ഏയ്യോ'‌നോട്‌ എന്താണ്‌ പറയുകയെ‌ന്നാലോചിച്ച്‌ ആ‌ പെരുമഴയത്തും‌ ഞാന്‍‌ വിയര്‍ത്തു‌. 


ഞാന്‍‌ ഊരാളിക്കുന്നിനു‌ മുകളിലെത്തി‌. അവിടെയൊന്നും‌ ആരെയും‌ കാണാനില്ല‌. ‌

കുറച്ചു‌ ദൂരെ‌ ചൂലന്‍‌കുട്ടി‌ തെങ്ങിനു‌ തടം‌ തുറ‌ക്കുന്നുണ്ട്‌. ബീരാന്‍‌ കുട്ടി‌ ഹാജിയുടെ‌ പണിക്കാരനാണ്‌ ചൂലന്‍‌. തലയുടെ‌ നടുവില്‍‌ നിന്നും‌ മുടി‌ രണ്ടു‌വശത്തേക്കും‌ ചീകിവെച്ച‌തിനു‌ മുകളില്‍‌ എന്തോ‌ മറച്ചുവെച്ചപോലെ‌ ഒരു‌ പാളത്തൊപ്പി‌യുണ്ടാവും‌. കൂര്‍ത്തഭാഗം‌ മുന്നിലേക്കാക്കി‌ വെച്ച‌ തൊപ്പിക്കടിയില്‍‌ മുറുക്കാന്‍‌ പൊതിയുണ്ടാവും‌. നെറ്റിയില്‍‌ നീളത്തിലൊരു‌ മു‌റിയുടെ‌ പാടുണ്ട്‌. അത്‌ മുടിചീകിയ‌ വരയിലൂടെ‌ തലയുടെ‌ മുകള്‍‌ ഭാഗം‌ വരെ‌ നീണ്ടുകിടക്കും‌.'‌ കോമരം‌'‌ തുള്ളുമ്പോള്‍‌ മൂര്‍ച്ചയുള്ള‌  വാളുകൊണ്ട്‌ മുറിയു‌ന്നതാണ്‌‌.

കലങ്ങോട്ടമ്പലത്തിൽ‌ '‌കോമരം'‌ തുള്ളുന്നത്‌ ചൂലങ്കുട്ടി‌യാണ്‌‌.


മണ്ണു‌ പുരണ്ടൊരു‌  തോര്‍ത്തു‌മുണ്ടു‌മു‌ടുത്ത്‌, കൈക്കോട്ടും‌ തോളിലിട്ട്‌, ഞാറുനടുന്ന‌ കാലത്ത്‌ ചൂലങ്കുട്ടി‌ പാടവരമ്പത്തൂടെ‌ മുറുക്കിത്തുപ്പി‌ നടന്നുപോകുന്നത്‌ കാണാന്‍‌ നല്ല‌ രസമായിരുന്നു‌.

വടക്കു‌‌വീട്ടുകാരുടേയും‌ മൂലത്തുകാരുടെയുമൊക്കെ‌ ഊര്‍‌ച്ച‌ണ്ടങ്ങളില്‍‌ കാളകളുടെ‌ വാലിനു‌ക‌ടിച്ച്‌ ചൂലന്‍‌കുട്ടി‌ ഒച്ചയോടെ‌ ഊര്‍ച്ചയിടുന്നത്‌ ഞങ്ങള്‍‌ ചളിയുള്ള‌ വരമ്പത്തിരുന്ന്‌ ആവേശത്തോടെ‌ നോക്കിനിന്നിട്ടുണ്ട്‌.


'‌‌'‌വേം‌ .. പൊയ്ക്കോളിന്റെ‌ കുട്ട്യോ‌... ക്കൂള്ള്‌ ബെല്ലടിച്ചീണ്ടാവും‌..'‌'‌

ചൂലങ്കുട്ടി‌ എന്നെ‌ നോക്കി‌ വിളിച്ചുപറഞ്ഞു‌.


വേഗം‌ നടന്നാല്‍‌ വേഗം‌ സ്കൂളിലെത്തും‌. പിന്നെ‌ ഏയ്യോൻ‌! ഓര്‍ക്കാന്‍‌ വയ്യ‌!

ചൂലന്റെ‌ കാഴ്ച്ചവ‌ട്ടത്ത്‌ നിന്ന്‌ മറയുന്ന‌തു‌വരെ‌ ഞാന്‍‌ മുന്നോട്ടു‌ നടന്നു‌.‌

തലേ‌ ദിവസം‌ തടം‌‌തുറന്ന്‌ അടിത്തോലും‌ ചാണകവളവുമിട്ട‌ തെങ്ങിനു‌ ചുവട്ടില്‍‌ ഞാന്‍‌ നിന്നു‌. തടം‌ നിറയെ‌ ചാണകം‌ കലര്‍ന്ന‌ ചെ‌ളിവെള്ളം‌ കെട്ടി‌ നില്‍ക്കുന്നു‌. ഞാന്‍‌ ഇലക്കുട‌ ദൂരേക്ക്‌ വ‌ലിച്ചെറിഞ്ഞു‌. പതുക്കെ‌ തെങ്ങിന്‍‌ തടത്തിലെ‌ ചളി‌വെള്ളത്തിലേക്കിറങ്ങി‌. ചുറ്റും‌ നോക്കി‌. ആരുമില്ല‌. പിന്നെ‌ പതുക്കെ‌ വെള്ളത്തിലിരുന്നു‌, കിടന്നു, കിടന്നുരുണ്ടു‌‌‌‌. 

ഇനി‌ ഒരു‌ 'ഏയ്യോ'‌നും‌  എന്റെ‌ അടുത്തേക്ക്‌ വരില്ല‌.

ചെ‌ളിപുരണ്ട‌ പുസ്തകക്കെട്ടുകള്‍‌ നെഞ്ചോട്‌ ചേര്‍ത്തുപിടിച്ച്‌,തലയില്‍‌ ചാണകവുമായി‌,

ഞാന്‍‌ മടിച്ചുമടിച്ച്‌ ചൂലന്‍‌കുട്ടിയുടെ‌ അടുത്തെത്തി‌.


'‌'‌അയ്യന്റെ‌ കുട്ട്യോ‌..'‌'‌‌ ചൂലന്‍‌ കുട്ടി‌യെന്നെ‌  അല്‍ഭുതത്തോടെ‌  നോക്കി‌. 


'‌'‌നോക്കാണ്ട്‌ നടന്നാ‌ ബ്കാണ്ടിരിക്ക്വോ‌..!''‌


എന്റെ‌ അടുത്തേക്ക്‌ നടന്നുവരുന്നതിനിടയിൽ‌ ചൂലന്‍‌ കുട്ടി‌ ആരോടെന്നില്ലാതെ‌ പറ‌ഞ്ഞുകൊണ്ടിരുന്നു‌.

 

ചെളിപുരണ്ട‌ എന്റെ‌ രണ്ടു‌ കൈകളും‌ ‌കൂട്ടിപ്പിടിച്ച്‌  ചൂലങ്കുട്ടി‌  മുന്നോട്ടുനടന്നു‌.  ഊരാളിക്കുന്നിനുമുകളിൾ‌  ആഴം‌ കുറഞ്ഞ‌ ഒരു‌ കിണറുണ്ടായിരുന്നു‌. ഒരു‌ കലത്ത്‌ ആ‌രോ‌ കല്ലുവെട്ടിയുണ്ടാക്കിയ‌ ഒരു‌ കുഴി‌. നല്ല‌ വേനൽക്കലത്തും‌ അതിൽ‌ ഉറവയുണ്ടാകുന്നത്‌ ഒരൽഭുതമായിരുന്നു‌. '‌കുണ്ട്'‌ എന്നാണ്‌‌ ഞങ്ങളതിനെ‌ വിളിച്ചിരുന്നത്‌. മഴക്കാലമായതിനാൽ‌ കുണ്ടിൽ‌ നിറയെ‌ വെള്ളമുണ്ടായിരുന്നു‌.     

ചൂലങ്കുട്ടി‌  പാള‌യെടുത്ത്‌  വെള്ളം‌ കോരി‌ രണ്ടുമൂന്നു‌ തവണ‌ എന്റെ‌ തലയിലേക്കൊഴിച്ചു‌. 


'‌'‌നടക്കി‌..'‌'‌ ‌ചൂലങ്കുട്ടി‌ എന്റെ‌ കൈ‌ പിടിച്ച്‌ തിരിഞ്ഞുനടന്നു‌. 


എന്റെ‌ വീട്ടിലേക്കുതന്നെയാണ്‌‌ എന്നെ‌ കൊണ്ടുപോകുന്നത്‌. ഞങ്ങൾ‌ വരുന്നത്‌ കണ്ട്‌  ഉമ്മ പുറത്തേക്കിറങ്ങിവന്നു‌. ചൂലങ്കുട്ടി‌ വെറ്റിലക്കറയുള്ള‌ പല്ലുകാട്ടി‌ ചിരിച്ചു‌. പാളത്തൊപ്പിയൊന്ന്‌ ശരിയാക്കി‌‌ക്കൊണ്ട്‌ ഉമ്മയോട്‌ പറ‌ഞ്ഞു:‌

''‌ശാരല്ലെറീമ്മോ‌... ങ്കടെ‌ കുട്ട്യൊന്ന്‌ ബെളക്കി‌ ബീണ്‌‌‌..''‌ 


ഉമ്മ‌ തലയില്‍‌ കൈ‌‌വെച്ച്‌ വായിലൂടെ‌ ശ്വാസം‌ വലിച്ചു‌കൊണ്ട്‌ പറ‌ഞ്ഞു:‌


'‌'ഞാന്‍‌ തളപ്പിച്ച്‌ തിരുമ്പി‌ നന്നാക്ക്യ‌ കുപ്പായോം‌ തുണീം‌‌..‌!''‌


മുറുക്കാനൊന്ന്‌  നീട്ടിത്തുപ്പി‌, വെറ്റിലക്കറ‌ ചുവന്ന‌ പല്ലുകള്‍‌ കാട്ടി‌ച്ചിരിച്ച്‌, തിരിഞ്ഞുനടക്കുമ്പോള്‍‌ ചൂലങ്കുട്ടി‌ പറഞ്ഞു:‌


''ഓന്‍‌ മ്ട്ക്കനാവും‌...''‌


ഞാന്‍‌ ഉള്ളില്‍‌ ഊറിച്ചി‌രിച്ചുകൊണ്ട്‌ നനഞ്ഞ‌ കുപ്പായക്കുടുക്കുകള്‍‌ ഓരോന്നായി‌ ഊരി‌യെറിഞ്ഞ്‌ പെരിക്കമ്മുണ്ടെടുത്ത്‌ പുഴയിലേക്കോടി‌. പുറമണ്ണില്‍‌‌കടവിലെ‌ പേരമരത്തിലേക്ക്‌ പാഞ്ഞുകയറി‌. പിന്നെ‌ നല്ല‌ ഒഴുക്കുള്ള‌ വെള്ളത്തിലേക്ക്‌‌ മുങ്ങാംകുഴിയിട്ട്‌ നീന്തിക്കളിച്ചു‌. 


''അൻ‌ക്ക്‌ കടലി കുൾക്ക്യ‌ണോ‌..?''‌


ശബീറലിയുടെ‌ ചോദ്യം‌ എന്നെ‌  ചിന്തയിൽ‌ നിന്നുണർത്തി‌. 


''ങും‌..''‌ ഞാനൊന്ന്‌ മൂളി‌. 


ഞങ്ങൾ‌ കട‌പ്പുറത്ത്‌ അവന്റെ‌ കുടിലിനുമുമ്പിൽ‌ എത്തിയിരുന്നു‌. അവൻ‌ '‌ഉമ്മാ‌..'‌ എന്നു‌ വിളിച്ചുകൊണ്ട്‌ കോലായിലേക്ക്‌ കയറി‌. ഞാൻ‌ ആകാംക്ഷയോടെ‌ മുറ്റത്ത്‌ നിന്നു‌.


 (അ‌ദ്ധ്യായം‌‌ - 0‌5‌ പച്ച‌ക്കുട‌ ചൂടിയ‌പ്പോയ‌ ഒരു‌  മഴക്കാലം‌) 


  ‌


No comments:

Post a Comment