Wednesday, January 26, 2022

അദ്ധ്യാ‌യം - 06 മാതൃഹൃദയത്തിലുറങ്ങുന്ന‌ സംഗീതം‌


അദ്ധ്യാ‌യം - 06

............................ 

മാതൃഹൃദയത്തിലുറങ്ങുന്ന‌ സംഗീതം‌

.............................................................‌...................

രാത്രി നല്ല നിലാവുണ്ടായിരുന്നു. കടലിലേക്കുറ്റി‌ വീഴുന്ന‌ നിലാവെളിച്ചം‌  ‌തിരമാലകള്‍ക്കുമുകളിലൂടെ കരയിലേക്കൊലിച്ചു‌‌വന്നു‌. മുറ്റത്തുള്ള ചൂടിക്കട്ടിലില്‍ കടലിന്ന‌ഭിമുഖമായി ഇരിക്കുകയായിരുന്നു‌ ഞാനും ഷബീറലിയും.

അവന്റെ ഉപ്പ പുറംകടലില്‍‌ മീന്‍പിടിക്കാന്‍‌ പോയിരിക്കയാണ്‌.

മകന്റെ കൂട്ടുകാരന്‍ വന്ന സന്തോഷത്തില്‍ അവന്റെയുമ്മ‌  അടുക്കളയില്‍ തിരക്കിലാണ്‌. അവന്റെ‌  അനിയന്‍ വന്ന്‌ കൗതുകത്തോടെ  ഓ‌ലവാതിലിന്റെ മറവിലൂടെ‌ എത്തിനോ‌ക്കീട്ട് അകത്തേ‌ക്കോടിപ്പോകും‌, മാനസിക‌വളര്‍ച്ച‌യെത്താത്ത‌ കുട്ടി‌.

ഷബീറലി‌ പറ‌ഞ്ഞു:‌ 

''‌കടലിന് ഏഴുതട്ടുകളുണ്ട്‌..''‌ 

അവന്റു‌പ്പ‌ പറഞ്ഞുകൊടുത്ത കഥകളാ‌ണ്.

''ഏഴാം‌ കടലും‌ കടന്നെത്തിയാല്‍‌ പാറക്കല്ലുകള്‍‌ നിറഞ്ഞൊരു‌ ദ്വീപുണ്ട്‌. അവിടെ‌യാണ്‌ ‌ചങ്ങലകളില്‍‌ ബന്ധിക്കപ്പെട്ട‌ ആ‌ ‌ഭീകര‌രൂപം‌‌‌, ഒറ്റക്കണ്ണുള്ള‌ ദജ്ജാല്‍‌!''‌

ഞാൻ‌ കഥകൾ‌ കേൾക്കാനായി‌ അവന്റെയടുത്തേക്ക്‌ ചേർന്നിരുന്നു‌.

''‌ലോകാവസാനമാവുമ്പോള്‍‌ ചങ്ങലകള്‍‌ പൊട്ടി‌ച്ച്‌ അയാള്‍‌ കടലിലേക്കിറങ്ങി‌ വരും‌‌. വെള്ളം‌ മുഴുവന്‍‌ നക്കിക്കുടിക്കും‌. പിന്നെ‌ കട‌ലിലും‌ പുഴയിലും‌ ഒരു‌ തുള്ളി‌ വെള്ളമുണ്ടാവില്ല‌!‌ 

മനുഷ്യർ‌  ചീത്തയാകുമ്പോഴാണത്രെ‌ ദജ്ജാല്‍‌ വരിക‌!''‌

മുത്തും‌ സ്വര്‍ണ്ണവുമുള്ള‌ ദ്വീപുകളെ‌പ്പ‌റ്റിയും‌, ‌കടലിന്ന‌ടിയിലുള്ള‌ വലിയ‌ നീരാളികളെപ്പറ്റിയുമെല്ലാം‌ അവന്‍‌ പറഞ്ഞുതുടങ്ങി‌യപ്പോൾ‌ ഞാൻ‌ പേടി‌യോടെ‌ അവനെത്തന്നെ‌ നോക്കിനിന്നു‌. 

‌''‌ഷെ‌ബ്യേ‌... ആ‌ തണ്‌‌പ്പത്തങ്ങനെ‌ നിക്കണ്ട‌‌, സാസമ്മുട്ടദ്യാ‌വും‌..''‌‌  ഉമ്മ‌ അകത്തു‌നിന്ന്‌ വിളിച്ചുപറ‌ഞ്ഞു‌‌‌.

കഥ‌ പകുതിവെച്ച്‌ നിർത്തി‌ ഞങ്ങള്‍‌ അകത്തേക്ക്‌ കയറിപ്പോയി‌.

പാ‌ത്രത്തില്‍‌ നിറയെ‌ ചോറും‌ കറിയും‌ വിളമ്പിവെച്ച്‌ കാത്തിരിക്കുകയായിരുന്നു‌ ഉമ്മ‌. ഒരു‌ പാത്രത്തിൽ‌ നിറയെ‌ ചുവന്ന‌ കറി‌. അതിൽ‌ നിറയെ‌ വലിയ‌ ‌കടല്‍‌‌മീന്‍‌ കഷ്ണങ്ങൾ‌. മത്തിയും‌ ഐലയും‌ മാത്രമല്ല‌ കടലിലുള്ളതെന്ന്‌ അപ്പോഴാണ്‌‌ ഞാൻ‌ അറിയുന്നത്‌. 

മണല്‍‌‌ വിരിച്ച‌ അടുക്കളയില്‍‌ ഞങ്ങള്‍‌ പലകയിട്ട്‌ ഇരുന്നു‌. ‌ഷബീറലി‌ എന്റെ‌ പാത്രത്തിലേക്ക്‌ ചോറ്‌ കോരിയിട്ടു‌തന്നു‌. അവന്റെ‌ ഉമ്മ ഒരു‌ വലിയ‌ കഷ്ണം‌ മീൻ‌ എന്റെ‌ പാത്രത്തിലേക്ക്‌  ഇട്ടുതരുന്നതിനിടയിൽ‌  പുഞ്ചിരിയോടെ‌ എന്നെ‌ നോക്കിക്കൊ‌ണ്ട്‌  പറ‌ഞ്ഞു:‌ ‌

''‌ബെയ്‌ച്ചോളി‌...''‌

പിന്നെ‌  പൊരിച്ച‌മീനിന്റെ‌ ഒരു‌ വലിയ‌ ‌കഷ്ണം‌ കൂടി‌ ഇട്ടു‌തരുന്നതിനിടയില്‍‌ അടുത്തേക്ക്‌ നീങ്ങിയിരുകൊണ്ട്‌  ഉമ്മ‌ ചോദിച്ചു:‌

''‌യത്തീങ്കാനേന്ന്‌ ങ്ങക്ക്‌ പള്ള‌ നെ‌റ‌യാറ്ണ്ടോ‌..മക്കളേ‌..?''‌

'‌'‌ങും‌..'‌'‌ ഞങ്ങള്‍‌ മൂളി‌.

‌‌ആ‌ സ്നേഹം‌ തുളുമ്പുന്ന‌ നോട്ടത്തില്‍‌, നിറഞ്ഞ‌ പുഞ്ചിരിയില്‍‌, ദൈവത്തിന്റെ‌ മനോഹരമായ‌ പുഞ്ചിരി‌ ഞാന്‍‌ കണ്ടു‌.  മാതൃഹൃദയങ്ങളിലുറ‌ങ്ങുന്ന‌ സംഗീതം‌ ഞാന്‍‌ കേട്ടു‌.‌ ഓരോ‌ കുട്ടിയും‌ ‌ സദാ‌ നിറഞ്ഞൊഴുകുന്ന‌ ആ‌ സംഗീതം‌ അര്‍ഹിക്കുന്നുണ്ടെന്ന്‌ ഞാൻ‌ അറിഞ്ഞു‌. 

''‌‌ച്ചിരിങ്കൂടി‌ തിന്ന്‌ മോനെ‌..''‌ 

ഉമ്മ‌ എന്റെ‌ തലയില്‍‌ തടവി‌ക്കൊണ്ട്‌ അടുത്തേക്കി‌രുന്നു‌. എന്റെ‌ വയറു‌ നിറഞ്ഞു‌, കണ്ണ്‌ നിറഞ്ഞു‌!

ഞങ്ങള്‍‌ പുറത്തിറങ്ങി‌‌‌ കൈകള്‍‌ കഴുകി‌. നിലാവിന്റെ‌ തെളിച്ചം‌ കുറഞ്ഞു‌ തുടങ്ങിയിരുന്നു‌.

പിന്നെ‌ അകത്തെ‌ ചൂടിക്ക‌ട്ടിലില്‍‌ ഞാനും‌ ഷബീറലിയും‌ കിടന്നു‌‌‌. ബാക്കി‌ കഥകള്‍‌ പറഞ്ഞുറങ്ങി‌. 

‌കട‌ല്‍ക്കാറ്റു‌പിടിച്ച്‌ കുടിലിളകി‌‌‌, തിരയിളകി‌.. ആ‌ തിരമാല‌കളിലാടിയുലഞ്ഞ്‌ ‌ഞാന്‍‌ നിദ്രയുടെ‌ ഏഴാം‌ കടലിനപ്പുറത്തേക്കൊഴുകി‌‌. അവസാനം‌  പാറക്കല്ലുകള്‍‌ നിറഞ്ഞ‌ ആ‌ ദ്വീപിനടുത്ത്‌ ചെന്നു‌നിന്നു‌.

കൂറ്റന്‍‌ ചങ്ങലകളിളക്കി‌‌, പാറക്കല്ലുകൾക്കിടയിൽ‌  നിന്നെഴുന്നേറ്റ്‌ അയാള്‍‌ ഒറ്റക്കണ്ണുതുറന്നു‌.  

''ആരാണ്‌ നീ‌..?''‌ അയാള്‍‌ ചോദിച്ചു‌.

''‌കാല‌പ്രവാഹത്തിലൂടെ‌ കളിവഞ്ചി‌ തുഴഞ്ഞുപോകവെ‌ ആരോ‌ ഒഴുക്കിലേക്കെറിഞ്ഞ‌ ഒരു‌ തുണ്ട്‌ ശ്വാസം‌..''‌  ഞാന്‍‌ പറഞ്ഞു‌.

''‌എന്താ‌ണ്‌ നിനക്കറിയേണ്ടത്‌..?''‌ അയാള്‍‌ അട്ടഹസിച്ചു‌.

ഞാന്‍‌ പറഞ്ഞു‌:‌ 

''‌അനാഥരെക്കുറിച്ച്‌ എനിക്കറിയണം‌..''‌ 

''‌ആഴമുള്ളൊരു‌ വേദനക്കൊടുവിൽ‌  കുഞ്ഞിനെ‌ കാണാതെ‌ മരണത്തിലേക്ക്‌ കണ്ണടച്ച മാതാ‌വും‌‌,  നേർത്ത‌ കരച്ചിലിനിടയിൽ‌ അമ്മയെ‌ കാണാതെ‌ ജീവിതത്തിലേക്ക്‌ കണ്ണ്‌ തുറന്ന കുഞ്ഞുമാണ്‌‌  അനാഥര്‍‌!‌ പാതിചാരിയ‌ പറുദീസയുടെ‌ പടിവാതിലില്‍‌ താരാട്ടുറങ്ങുന്ന‌ കണ്ണുകളുമായി‌ അവർ‌ കുഞ്ഞുങ്ങളെ‌  കാത്തിരിക്കുന്നുണ്ട്‌.''‌

‌''‌‌ഡാ‌.. ‌ണീക്ക്‌‌.. വേം‌ ചായ‌ കുട്‌ച്ചിട്ട്‌ നുമ്മക്ക്‌  ‌കരയിലടുക്കുന്ന‌ മീന്‍വഞ്ചി‌കള്‌‌  കാണാമ്പോണം‌!''‌

ഞാന്‍‌ വേഗം‌ എഴുന്നേറ്റ്‌ പുറത്തിറങ്ങി‌. തിരമാലകള്‍ക്കു‌മുകളില്‍‌ കൈകള്‍‌‌കുത്തി‌നിന്ന്‌ ഉദയ‌സൂര്യന്‍‌ ‌എന്നെ‌ നോക്കിച്ചിരിച്ചു‌. 

''ങും‌.. പല്ലു‌ തേച്ചൊ‌..''‌‌ ഉമിക്കരി‌ പോലെ‌യൊരു‌ സാധനം‌  ഷബീറലി‌ എന്റെ‌ കയ്യിൽ‌ വെച്ചുതന്നു‌. 

‌വൈകുന്നെരം‌ ജെ‌.ഡി‌.റ്റി.യിലേക്ക്‌ മടങ്ങിപ്പോവുമ്പോള്‍‌ കൊണ്ടുപോകാനുള്ള‌ എന്തോ‌  ‌പലഹരങ്ങളുണ്ടാക്കുകയാണ്‌ അവന്റെ‌ ഉമ്മ‌.

ചായ‌ കുടിക്കുമ്പോള്‍‌ ഉമ്മ‌ ചോദിച്ചു:‌

''‌അവ്‌‌ടെ‌ രാവിലെ‌ ചായക്കെന്താ‌ ണ്ടാവാ‌..?''‌‌ ഞങ്ങള്‍‌ ചിരിച്ചു‌.

‌സുബഹ്‌ നിസ്കാരം‌ കഴിഞ്ഞാ‌ല്‍‌ എല്ലാ‌വരും‌ വരിവരിയായി‌ മെസ്സിലേക്ക്‌ പോകും‌. സ്റ്റീലിന്റെ‌ ഗ്ലാസ്സില്‍‌ കട്ടന്‍‌ ചായ‌ കിട്ടും‌.‌ പിന്നെ‌ കുളി‌ കഴിഞ്ഞു‌ വന്നാല്‍‌ എട്ടു‌മണിക്ക്‌ ഗോതമ്പ്‌ കഞ്ഞി‌. ചിലപ്പോള്‍‌ കൂട്ടാന്‍‌ ചമ്മന്തി‌യു‌ണ്ടാവും‌. ഉച്ച‌ക്ക്‌ ചോറ്‌.‌ ചില‌ ദിവസങ്ങളില്‍‌ ഇറ‌ച്ചിക്കറിയുണ്ടാവും‌. ആഴ്ച്ചയില്‍‌ ഒരു‌ ദിവസം‌ നെയ്ച്ചോര്‍‌. ചിലപ്പോല്‍‌ ആരുടെയെങ്കിലും‌ വക‌ ഒരു‌ ബിരിയാണി‌യുണ്ടാവും‌.

മെസ്സിലെ‌ വലിയ‌ ഹാളിലെത്തിയാ‌ല്‍‌ നല്ല‌ ബഹളമായിരിക്കും‌. ചിലപ്പോള്‍‌ ഭക്ഷണം‌ കഴിക്കുന്നത്‌ കാണാന്‍‌ ‌ഹസ്സനാജി‌ വരുമ്പോൾ‌  ഹാളില്‍‌ നിശ്ശബ്ദത‌ നിറയും‌. ശ്വസനം‌ നിലച്ചുപോകുന്ന‌  നിശ്ശബ്ദത‌!

‌മെസ്സിലെ‌ ഹാളിന്റെ‌ ചുമരില്‍‌ ചെറിയൊരു‌ ബോക്സുണ്ട്‌. അതിലാണ്‌ മൈക്ക്‌ സെറ്റ്‌. കുട്ടികള്‍‌ ഭക്ഷണം‌ കഴിക്കാന്‍‌ തുടങ്ങുന്നതിനുമുമ്പ്‌ മിക്ക‌ ദിവസങ്ങളി‌ലും‌

‌ഹസ്സനാജിയുടെ‌ ഒരു‌ '‌നസീഹത്ത്‌'‌ ഉണ്ടാവും‌.‌ ബോക്സില്‍‌ നിന്ന്‌ മൈക്ക്‌ കയ്യിലെ‌ടുത്ത്‌ സ്നേ‌ഹത്തോടെ‌ എല്ലാവരേയും‌ ഒന്ന്‌ നോക്കും‌. കുട്ടികള്‍‌ വളരെ‌ ശാന്തമായി‌ ഇരിക്കുന്നുണ്ടാവും‌. ജെ‌..ഡി‌.റ്റി‌ യുടെ‌ പഴയ‌‌കാല‌ ചരിത്രങ്ങള്‍‌ പറയും‌. ഭക്ഷണത്തിന്‌ പ്രയാസമുണ്ടായിരുന്ന‌ കാലം‌ ഓര്‍മ്മിപ്പിക്കും‌. അനാഥശാലയെ‌ സഹായിക്കുന്നവര്‍ക്ക്‌ വേണ്ടി‌ പ്രാര്‍ത്ഥി‌ക്കും‌. നല്ല‌ കുട്ടികളായി‌ വളരാനുള്ള‌ ഉപദേശങ്ങള്‍‌ നല്‍കും‌...

അങ്ങനെയുള്ള‌ ഒരു‌ ദിവസമായിരുന്നു‌ ഹസ്സനാജി‌ ആ‌ വാര്‍ത്ത‌ ഞങ്ങളോട്‌ പറഞ്ഞത്‌‌ :‌

‌''‌അസ്‌‌ലം‌ സാഹിബ്‌ വിമാനാപകടത്തില്‍‌ മരണപ്പെട്ടിരിക്കുന്നു‌.‌..''‌

ഹസ്സനാജി‌ ആദ്യമായി‌ വിതുമ്പിക്കരയുന്നത്‌ ഞങ്ങള്‍‌ കണ്ടു‌‌. പ്രാര്‍ത്ഥനയോടെ‌‌, നിറകണ്ണുകളോടെ‌ ഞങ്ങൾ‌ കേട്ടിരുന്നു‌.

വടിവൊത്ത‌ വെള്ളവേഷമ‌ണിഞ്ഞ്‌, വളരെ‌ വിനയത്തോടെ‌‌, പതുക്കെ‌ പതുക്കെ‌ നടന്ന്‌ ഇനി‌ മുഹമ്മദ്‌ അസ്‌‌ലം‌ സാഹിബ്‌  ജെ‌.ഡി‌.റ്റി‌.യുടെ‌ ഓഫീ‌സിലേക്ക്‌ വരില്ലെന്നറിഞ്ഞപ്പോൾ‌ കുട്ടികൾ‌ അറിയാതെ‌ വിതുമ്പി‌. 

'‌ഈ‌ യത്തീം‌ മക്കളോടൊപ്പം‌ അദ്ധേഹത്തേയും‌ സ്വ‌ര്‍ഗ്ഗ‌ത്തിൽ‌ ഒരുമിച്ചുകൂട്ടണേ‌..'‌ എന്ന‌ പ്രാർത്ഥനയോടെ‌യായിരുന്നു‌  ഹസ്സനാജി‌ പ്രസംഗം‌ അവസാനിപ്പിച്ചത്‌.  

‌കഞ്ഞി‌ കുടിച്ച്‌ കുട്ടികളെല്ലാം‌  റൂ‌മിലേക്ക്‌  പോയി‌. പത്ത്‌ മണിയാകുമ്പോൾ‌ ‌സ്കൂള്‍‌ ക്ലാസ്സിലേക്ക്‌  പോകാന്‍‌ തെയ്യറെടുക്കണം‌. ഉറക്കം‌ നല്ലപോലെ‌ തെളിയാതെയാണ്‌ മിക്ക‌ ദിവസങ്ങളിലും‌ ഉണരുന്നത്‌.‌ രാവിലത്തെ‌ കുളി കഴിഞ്ഞാലും‌ ഉറക്കം‌ വിട്ടുപോകില്ല‌.  പലപ്പോഴും‌ സ്കൂൾ‌ ക്ലാസ്സിലെ‌ ഡെസ്ക്കില്‍‌ തലവെച്ചാണ്‌ ആ‌ കുറവ്‌‌ നികത്തുന്നത്‌. 

സുബഹ്‌ ബാങ്ക്‌ കേട്ടാ‌ല്‍‌ എല്ലാ‌വരും‌ ഉണർന്ന്‌ പാ‌യ‌ മടക്കി‌‌വെച്ച്‌ വേഗം‌ പള്ളിയിലേക്ക്‌  പോകണം‌. ബാങ്ക്‌ കേട്ടാലും‌ കേള്‍ക്കാത്തപോലെ‌ ഉറങ്ങുന്ന‌ നിര്‍ദോഷികളായ‌‌ പയ്യന്മാര്‍‌ ചൂരലിന്റെ‌ ശീല്‍ക്കാരം‌ കേട്ടാല്‍‌ ഞെട്ടിയുണരും‌. ചിലപ്പോള്‍‌ പായയും‌ പിടിച്ചായിരിക്കും‌ ഓട്ടം‌. നേരത്തെ‌ ഉണരുന്ന‌ വിരുതന്മാര്‍‌ പായയില്‍‌ തലയിണ‌ നീളത്തില്‍‌ വെച്ച്‌ പുതപ്പുകൊണ്ട്‌ മൂടി‌‌ വെക്കും‌. കണ്ടാല്‍‌ ആരോ‌ ഉറങ്ങുന്നപോലെ‌ തോന്നും‌. വാര്‍ഡന്റെ‌ ചൂരല്‍‌ പ്ര‌യോഗത്തില്‍‌ ആ‌ തലയിണയില്‍‌ നിന്ന്‌ ഉന്നം‌ പറന്നുപോകുന്നതു‌നോക്കി‌ കുട്ടികള്‍‌ ഒളി‌ഞ്ഞിരുന്ന്‌ ചിരിക്കും‌. വാര്‍ഡന്‌ കലിയിളകിയാൽ‌ പിന്നെ‌ കുട്ടികൾ‌ പരക്കയോട്ടമാണ്‌‌.

‌ഒരു‌ ദിവസം‌ കഞ്ഞികുടിച്ചു‌‌വന്ന്‌ ഞാന്‍‌ വെറുതെ‌ ഒന്നു‌ കിടന്നതായിരുന്നു‌. അറി‌യാതെ‌ ഉറങ്ങിപ്പോയി‌. കുട്ടികള്‍‌ ഓരോരുത്തരായി‌ ക്ലാസിലേക്ക്‌ പോയിരുന്നു‌. ശാന്തമായ‌ അന്തരീക്ഷത്തില്‍‌ ഞാന്‍‌ ഗാഢ‌നിദ്ര‌യിലേക്കാണ്ടുപോയി‌. പെട്ടന്ന്‌ മുറ്റത്ത്‌ ഹവായ്‌ ചപ്പലിന്റെ‌ ‌ശബ്ദം‌ കേട്ട്‌ ഞാൻ‌ ഞെട്ടിയുണര്‍ന്നു‌‌. ജലനിനിടയിലൂടെ‌ നോക്കി‌യപ്പോള്‍‌ കലിയിളകിവരുന്ന‌ വാര്‍ഡന്‍‌‌!‌ സ്കൂള്‍‌ ക്ലാസ്സ്‌ തുടങ്ങിയാല്‍‌ റൂ‌മില്‍‌ കയറിയുള്ള‌‌ ഈ‌ പരിശോധന‌ പതിവുള്ളതാണ്‌. 

റൂമിൽ‌ മറ്റാരുമില്ല‌. ഞാന്‍‌ പരിഭ്ര‌മത്തോടെ‌ വാതിലിനു‌ മറ‌വിലേക്ക്‌ നീങ്ങിനിന്നു‌. ഹാവൂ‌! രക്ഷപ്പെട്ടു‌. ചെരി‌പ്പടി‌ ശബ്ദം‌ നീങ്ങിനീങ്ങിപ്പോകുന്നുണ്ട്‌. ഞാന്‍‌ പതുക്കെ‌ വാതില്‍‌ തുറന്നു‌ പുറ‌ത്തേക്കു‌ നോക്കി‌.  എന്റെ‌ തല‌ കണ്ടിട്ടാവണം‌ വാര്‍ഡന്‍‌ ദൂരെ‌‌നിന്ന്‌  എന്റെ‌ റൂമിലേക്ക്‌  തിരിച്ചു‌വന്നു‌‌. 

''‌ഉസ്താദേ‌.. ഞാന്‍‌‌.. ഉ‌..ഉ‌..ഉറങ്ങിപ്പോ...''‌

പറ‌ഞ്ഞു‌തീരും‌ മുമ്പ്‌  ചൂരലിന്റെ‌ ശീല്‍ക്കാരം‌ ആ‌ റൂമിൽ‌ നിറഞ്ഞു. 

''വൈകുന്നേരം‌ ഓഫീസിലേക്ക്‌ വാ‌..''‌ അതും‌ പറ‌ഞ്ഞ്‌ വാര്‍ഡന്‍‌ അടുത്ത‌ റൂമിൽ‌ പരിശോധ‌നക്കായി‌ കയറി‌. 

വൈകുന്നേ‌രം‌  പേടിച്ചുപേടി‌ച്ച്‌ ഞാന്‍‌ ഓഫീസിലെത്തി‌. സ്കൂള്‍‌ സമയം‌ കഴിഞ്ഞാല്‍‌ മുതിര്‍ന്ന‌ ക്ലാസ്സിലെ‌ ചില‌ കുട്ടികള്‍‌ സഹായത്തിനായി‌ ഓഫീസിലിരിക്കും‌. 'ഓഫീസ്‌ ബോയ്'‌ എന്നാണ്‌ അവരെ‌ വിളിക്കുക‌.

അന്നവിടെ‌ ഓഫീസ്‌ ബോയ്‌ അബ്ദുല്‍‌ ഖാദറായിരുന്നു‌. എന്റെ‌  ബിച്ചാപ്പയുടെ‌ മകനാണവൻ‌.  അബ്ദുല്‍‌ കാദറും‌ അ‌വന്റെ‌ അ‌നിയന്‍‌ അബ്ദുല്‍‌ ജലീലുമൊക്കെ‌ നാട്ടില്‍‌ എന്റെ‌ സുഹൃത്തുക്കളാണ്‌.‌ അതൊന്നും‌ ഇവിടെ‌ പറഞ്ഞിട്ട്‌ കാര്യമില്ല!

വാര്‍ഡന്റെ‌ കല്പനപ്രകാരം‌ ഞാന്‍‌ കാദറിന്റെ‌ കൂടെ‌ നടന്നു‌. 

‌നേരെ‌ ബാര്‍ബ‌‌ര്‍‌ ഷോപ്പിലേക്കണ്‌ പോകുന്നത്‌. കാര്യം‌ തീരുമാനമായി‌‌. ക്ലാസ്സില്‍‌ പോകാതെ‌ ഒളിച്ചിരിക്കുന്നവർക്കും‌ ചാടിപ്പോകുന്നവർക്കുമൊക്കെ‌  സാധാരണ‌ കൊടുക്കാറുള്ള‌ സമ്മാനം‌‌! ‌തല‌ മൊട്ടയടി‌!

ബാർബർ‌ ഷോപ്പിലെത്തുന്നതിനുമുമ്പ്‌  അബ്ദുല്‍‌ കാദര്‍‌  എന്റെ‌ മുഖത്തുനോക്കാതെ‌ തമാശയായി‌ ചോദിച്ചു:‌ 

''‌ബച്ചനോ‌, ബ്രൂസിലിയോ‌..?''‌

അന്നത്തെ‌ പ്രധാനപ്പെട്ട‌ ര‌ണ്ട്‌ ഹെയര്‍‌ സ്റ്റൈലുകളായിരുന്നു‌  ‌ബച്ചന്‍‌ കട്ടും‌, ബ്രൂസിലി‌ കട്ടും. അമിതാബച്ചനെപ്പോലെ ചെവിയുടെ‌ പകുതി‌ ഭാഗം‌ മൂടുന്ന‌ രൂപത്തിൽ‌ മുടി‌ കട്ട്‌ ചെയ്യുന്ന‌ രീതിയാണ്‌‌  ബച്ചന്‍‌ കട്ട്‌. ബ്രൂസിലിയെപ്പോലെ‌ മുടി‌ കട്ട്‌ ചെയ്യുന്നതാണ്‌‌  ബ്രൂസ്‌‌ലി‌ കട്ട്‌. ഇതിനൊന്നുമല്ല‌ എന്നെ‌ കൊണ്ടുപോകുന്നതെന്ന്‌‌ എനിക്ക്‌ നന്നായ‌റിയാം‌. 

‌മുഖത്തെ‌ എല്ലാ‌ പേശികളും‌ വലിച്ചുപിടിച്ച്‌ ഞാന്‍‌ അബ്ദുല്‍‌ ഖാദറിനെ‌ ഒന്നു‌ നോക്കി‌. പിന്നെ‌ ചുണ്ടിന്റെ‌ ഒരു‌ ഭാഗം‌ അല്പം‌ കോട്ടി‌ ഒന്നു‌ ചിരിച്ചു‌. ചിരിക്കാതെ‌ പ‌റ്റില്ലല്ലോ‌! അവന്‍‌ എന്റെ‌ ബിച്ചാപ്പയുടെ‌ മകനല്ലേ‌!

അഞ്ചുമിനുട്ട്‌ കൊണ്ട്‌ ഞങ്ങള്‍‌ കോവൂരിലുള്ള‌ ഒരു‌  ബാര്‍ബര്‍‌ ഷോപ്പിലെത്തി‌. ഷോപ്പിനുമുമ്പില്‍‌ അമിതാബ്‌ ബച്ചന്റെ‌ വലിയ‌ സിനിമാ‌പോസ്റ്റര്‍‌ ഒട്ടിച്ചുവെച്ചിരിക്കുന്നു‌. 

‌ഇന്നുമുതല്‍‌ കോഴിക്കോട്‌ അപ്സര‌യില്‍‌‌.. ദിവസേന‌ മൂന്നു‌ കളികള്‍‌.. ‌ഷോലെ‌.. 

ആ‌ പോസ്റ്ററിൽ‌ നിന്നും‌ ബച്ചന്‍‌ എന്നെ‌യൊന്ന്‌ ഒളികണ്ണിട്ടുനോക്കി‌. ഞാന്‍‌ മൈന്‍ഡ്‌ ചെയ്യാതെ‌ ബാര്‍ബര്‍‌ ഷോപ്പിലേക്ക്‌ കയറിയിരുന്നു‌‌, പിന്നാലെ‌ അബ്ദുല്‍‌ കാദറും‌.

നേരത്തെ‌ വന്ന‌  ഒരാ‌ളുടെ‌ മുടിവെട്ടിക്കഴിയുന്ന‌തു‌വരെ‌ ഞാന്‍‌ ബെഞ്ചിലിരുന്ന്‌ ഒരു‌ പഴയ‌ പത്രമെടുത്ത്‌ വായിക്കാൻ‌ തുടങ്ങി‌.  അതിനു‌ മുമ്പും‌ ശേഷവും‌ ഞാന്‍‌ ഒരു‌ ദിനപ്പത്രവും‌ ഇത്ര‌ ആത്മാര്‍ത്ഥതയോടെ‌ വായിച്ചിട്ടില്ല‌.

കഴുത്തില്‍‌ ചുറ്റുന്ന‌ തുണി‌ ആഞ്ഞു‌കുടഞ്ഞ്‌ ബാര്‍ബര്‍‌ എന്നെ‌ വിളിച്ചു:‌ 

''‌വന്നിരിക്ക്‌..''‌

അയാള്‍‌ എന്നെ‌ വെള്ളത്തുണി‌ പുതപ്പിച്ചു. അയാളുടെ‌  തിളങ്ങുന്ന‌ കത്തിക്കുമുമ്പിലേക്ക്‌ ഞാനെന്റെ‌  ആത്മാഭിമാനത്തിന്റെ‌ തല‌ നീട്ടിക്കൊടുത്തു‌.

മുടിച്ചുരുളുകളായി‌ എന്റെ‌ '‌സൗന്ദര്യ‌ ബോധം‌'‌ ‌ഞാൻ‌ പുതച്ച‌ തുണിയിലൂടെ‌ നിലത്തേക്കുരുണ്ടു‌വീണു‌.

പിറ്റേന്ന്‌ രാവിലേ‌ കഞ്ഞികുടിച്ച ശേഷം‌ ഞങ്ങളുടെ‌ ക്ലാസിലെ‌ കുട്ടികള്‍‌ ഓഫീസിനു‌ മുമ്പില്‍‌ വന്നു‌ നിന്നു‌. ചില‌ ദിവസങ്ങളില്‍‌ അങ്ങിനെ‌ അസംബ്ലിയുണ്ടാവും‌. എല്ലാവരും‌ വരിവരിയായി‌ നില്‍ക്കണം‌. ഏറ്റവും‌ ഉയരം‌ കൂടി‌യ‌ ആള്‍‌ ഒരറ്റത്തും‌  ഉയരം‌ കുറഞ്ഞ‌യാള്‍‌ മറ്റെ‌ അറ്റത്തുമായി‌ വലിപ്പത്തിനനുസരിച്ച്‌ നില്‍ക്കണം‌.

‌ഞങ്ങളുടെ‌ ക്ലാസ്സില്‍‌ ഏറ്റവും‌ ഉയരം‌ കുറഞ്ഞവന്‍‌ ഞാനായിരുന്നു‌‌. എന്റെ‌ തൊട്ടടുത്ത്‌ ജോഷി‌ എന്നൊരു‌ പയ്യനാണ്‌. ‌എന്നേക്കാള്‍‌ ഉയരം‌ കൂടിയവന്‍‌‌ എന്നൊരു‌ ഗമയിലാണ്‌ അവന്റെ‌ നില്പ്‌. ‌മൊട്ടയടിച്ച‌ തലയുമായാണ്‌ ഞാന്‍‌ വന്നു‌ നില്‍ക്കുന്നത്‌.

മൊട്ടത്തലയും‌‌, പൊക്കം‌ കുറഞ്ഞ‌ ഉരുണ്ട‌ ശരീരപ്രകൃതിയും‌! ‌പെട്ടന്ന്‌ കണ്ണില്‍‌ പെടും‌ ഈ‌ വൈരൂപ്യം‌. ഞാന്‍‌ വരിയുടെ‌ അറ്റത്ത്‌ നിന്ന്‌ രണ്ടുമൂന്നുപേരുടെ‌ ഇടയിലേക്ക്‌ മെല്ലെ‌ കയറിനിന്നു‌. ചെറിയൊരു‌ അഡ്ജെസ്റ്റ്മെന്റ്‌‌. ‌വാര്‍ഡന്‍‌ വന്നപ്പോൾ‌ ആദ്യം‌ വിരല്‍‌ ചൂണ്ടി‌യത്‌ എന്റെ‌യടുത്തേക്കാണ്‌‌.

''‌ആ‌ '‌മീസാന്‍‌‌കല്ലി'‌നോട്‌ ഏറ്റവും‌ അറ്റത്തേക്ക്‌ നീങ്ങി‌ നിക്കാൻ‌ പറ‌യൂ‌..''‌ ‌വാർഡൻ‌ എന്റെയടുത്തുള്ള‌ കുട്ടിയോട്‌ വിളിച്ചുപറ‌ഞ്ഞു‌. 

ഞാനാകെ‌  വിളറിവെളുത്തു‌. ആത്മനിന്ദയില്‍‌ ഞാന്‍‌ ഉരുകിയൊലിച്ചു‌. അസംബ്ലി കഴിഞ്ഞ്‌

ഞാന്‍‌ റൂമിലെക്ക്‌ ഓടിപ്പോയി‌ കണ്ണാടിയില്‍‌ നോക്കി.. അതെ‌, ഞാനൊരു‌  മീസാന്‍‌ കല്ലു‌ പോലെത്തന്നെ‌!

അന്ന്‌ വൈകുന്നേരം‌ ഞാന്‍‌ വെള്ളിമാടുകുന്നിലെ‌ പോസ്റ്റോഫീസില്‍‌ പോയി‌ പതിനഞ്ച്‌ പൈസ‌ കൊടുത്തൊരു‌ 'ഇന്‍ലന്റ്'‌ വാങ്ങി‌. രാത്രി‌ കരഞ്ഞുകൊണ്ട്‌ ‌ഉമ്മക്കൊരു‌ കത്തെഴുതി. അവസാന‌ത്തെ‌  കത്ത്‌ പോലെ‌.  

‌പൊക്കം‌ കുറഞ്ഞ‌ ഞാൻ‌ ജീവിച്ചിരുന്നിട്ട്‌ കാര്യമില്ലെന്നായിരുന്നു‌ ആ‌ കത്തിലെ‌ ഉള്ളടക്കം‌. 

‌ലോകത്തുള്ള‌ നിഷ്കളങ്കരായ‌ എല്ലാ‌ പൊക്കം‌ കുറഞ്ഞവരുടേയും‌ ആത്മരോദനങ്ങള്‍‌ മഷിയില്‍‌ മുക്കിയെഴുതിയ‌‌ ഒ‌രു‌ കത്തായിരുന്നു‌ അത്‌. 

കുറച്ചു‌ ദിവസങ്ങള്‍ക്കു‌ ശേഷം‌ എന്റെ‌ ചിന്താമണ്ഡ‌ലത്തിലേക്ക്‌ പുതിയ‌ സ്വപ്നങ്ങളും‌ പ്രതീക്ഷകളും‌ നിറക്കുന്ന‌ വാക്കുകളായി  ഉമ്മയുടെ‌ ഒരു‌ മറുപടിക്കത്ത്‌ വന്നു‌. അതെനിക്ക്‌ വലിയ‌ ആത്മവിശ്വാസം‌ പകർന്നുതന്നു‌. 

ചെമ്മീന്‍‌‌ മസാല‌ നിറച്ച‌ പൊരിച്ച‌ അട‌കള്‍‌ കടലാസില്‍‌ പൊതിഞ്ഞുതരുന്നതിനിടയില്‍‌ ഷബീറലിയുടെ‌ ഉമ്മ‌ പറഞ്ഞു:‌ 

''റൂമിലെ‌ കുട്ട്യോള്‍ക്കൊക്കെ‌ കോടുക്കണം‌ ട്ടോ‌..'‌'‌

ഞങ്ങള്‍‌ വൈകുന്നേരം‌ ജെ‌.ഡി‌.റ്റി‌‌.‌യിലേക്ക്‌ തന്നെ‌ തിരിച്ചു‌ പോകാനൊരുങ്ങുന്നതിനിടയിൽ‌  ഷബീറലി ചോദിച്ചു:‌ 


''‌അനക്ക്‌  മീന്‍‌വഞ്ചി‌ കരേലട്ക്കണത്‌ കാണ‌ണ്ടേ‌...?

''ങും‌.. കാണണം‌''‌  ഞാന്‍‌ പറഞ്ഞു.

..............................................

റസാഖ് വഴിയോരം 

...............................................

Re - 02 2022


No comments:

Post a Comment