Friday, January 21, 2022

കൃതജ്ഞത‌‌ , സമർപ്പണം‌

കൃതജ്ഞത‌

.....................


ഓർമകൾ മഞ്ഞു‌പൂക്കളായി‌  വീണുകിടക്കുന്ന‌‌  പൂർവ്വ‌കാല‌വീഥി‌യിലൂടെ‌  ‌വെറുതെയങ്ങനെ‌ നടന്നു‌പോകാൻ‌ വല്ലാത്തൊരു‌ ‌സുഖമാണ്‌‌. കാലപ്പഴക്കം‌ കൊണ്ട്‌ നിറം‌ മങ്ങിപ്പോയിട്ടുണ്ടെങ്കിലും‌  ബാല്യകൗമാരങ്ങളോടിക്കളിച്ച‌  വിദ്യാലയമുറ്റങ്ങളും‌, ചുമലിൽ‌ കൈവെച്ചുനടന്ന‌  കുഞ്ഞുസൗഹൃദങ്ങളും‌‌ മ‌നോഭിത്തികളിലെ‌  മനോഹര‌ ചിത്രങ്ങളാ‌ണിന്നും‌.  ജെ‌.ഡി‌.റ്റി‌. ഇസ്‌‌ലാം‌  അനാഥാ‌ലയം‌‌   എനിക്കങ്ങനെയൊരു‌ ഓർമച്ചിത്രമാണ്‌‌. 


ഈ‌  അനാഥാലയത്തിന്റെ‌ ആ‌രംഭം‌  തൊട്ട്‌  അവിടെ‌  അന്തേവാസികളായി പഠിച്ചു‌വളർന്ന‌  പലരും‌ കാലക്രമത്തിൽ‌  ലോകത്തിന്റെ‌ പല‌ ദിക്കുകളിലേക്കും‌ കർമ‌ജീവിത‌ത്തിന്റെ‌ സ്വപ്ന‌വിഹായസ്സിലേക്കും‌ ചിറകടിച്ചു പറ‌ന്നുപോയി‌. 


കാലമേ‌റെ‌  കഴിഞ്ഞെങ്കിലും‌  സന്തോഷങ്ങളും‌ സങ്കടങ്ങളും‌  പങ്കുവെക്കാനായി‌ ഗൃഹാതുരത്വ‌മുണർത്തുന്ന‌ ആ‌ അനാഥാ‌ലയ മുറ്റത്ത്‌ ഇന്നും‌ വർഷത്തിലൊരിക്കൽ‌ അവർ‌ ഒത്തുകൂടുന്നു‌.  എല്ലാ‌ കൊല്ലവും‌  ജനുവരി‌ 26‌ ന്‌‌  ജെ‌.ഡി‌.റ്റി‌. ഇസ്‌‌ലാം‌ അനാഥശാല‌ അലുംനി‌ അസോസ്സി‌യേഷനാണ്‌‌ ഇതിന്‌‌ വേദിയൊരുക്കുന്നത്‌. 


കഴിഞ്ഞ‌ കുറേ‌ വർഷങ്ങളായി‌  ഗൾഫിൽ‌ ജോലിയായിരുന്നതിനാൽ‌ അങ്ങനെയുള്ള‌  കൂട്ടായ്മയിലൊന്നും‌ പങ്കെടു‌ക്കാൻ‌ എനിക്കവസരം‌ കിട്ടിയില്ല‌. പിന്നീട്‌  പ്രവാസം‌ മതിയാക്കി‌ നാട്ടിൽ‌ തിരിച്ചെത്തിയപ്പോൾ‌  അങ്ങനെയൊരു‌ ഒത്തുകൂടലിൽ‌  പങ്കെടുക്കാനായി‌ ഒ‌രിക്കൽ‌  ഞാൻ‌ ആ‌ അനാ‌ഥാലയത്തിലെത്തി‌.  എന്റെ‌ ബാല്യം‌  കൊഴിഞ്ഞുവീണ‌  അനാഥാലയ മുറ്റത്ത്‌   വർഷങ്ങൾക്കുശേഷം‌  ചെന്നുനിന്നപ്പോൾ‌  ഓര്‍മ‌കളുടെ‌ കടലാഴങ്ങളിലേക്ക്‌ ഞാനറിയാതെ‌ താണുപോയി‌.   കാലം‌ പിന്നിലുപേക്ഷിച്ചുപോയ‌ ‌ പാതി‌‌മുറിഞ്ഞ ഓർമ്മച്ചിപ്പികൾ‌ ഞാൻ‌ ഓരോന്നായി‌  പെറുക്കിയെടുത്തു‌.‌ എന്റെ ബാല്യത്തിന്റെ‌  ആത്മശക‌ലങ്ങള്‍ വീണുകിട‌ക്കുന്ന അത്തരം‌  ഓർമക്കൂട്ടങ്ങളാണ്‌‌  ഈ‌ പുസ്തകം‌. 


'‌ഓര്‍മി‌ക്കാതെ പോയ ഓര്‍മ്മകള്‍‌'‌ എന്ന‌ പേരിൽ‌  ഇതിലെ‌ ഏതാനും‌ കഥ‌കൾ‌ ഞാനെന്റെ‌ ഫെയ്സ്‌‌ബുക്ക്‌  പേജിലൂടെ‌ പബ്ലിഷ്‌ ചെയ്തിരുന്നു‌. 


ഒരിക്കൽ‌, 1961‌- 67‌ കാലഘട്ടത്തിൽ‌ ജെ‌.ഡി‌.റ്റി‌.ഇസ്‌‌ലാം‌  അനാഥാലയത്തിലെ‌ വിദ്യാർത്ഥി‌യും‌  പിന്നീട്‌  സെൻ‌‌ട്രൽ‌  എക്സൈസ്‌ ആൻഡ്‌ കസ്റ്റംസ്‌ സൂപ്രണ്ടായി‌ സർവ്വീസിൽ‌ നിന്ന്‌ വിരമിക്കുകയും‌ ചെയ്ത‌ ശ്രീ‌. മുഹമ്മദ്‌ കാസിം‌ സാഹിബ്‌  ഈ‌ ഓർമ‌‌ക്കുറിപ്പുകൾ‌ വായിക്കാനിടയാവുകയും‌ അങ്ങനെ‌   എനിക്കദ്ധേഹം‌ പേഴ്സണലായി‌ ഒരു‌  മെസ്സേജ്‌ അയക്കുകയും‌ ചെയ്തു‌.  അനാഥാ‌ലയത്തിലെ‌ ആ‌  പഴയ‌ കാലത്തിലേക്ക്‌ പ്രസ്തുത‌ കഥകൾ‌ അദ്ധേഹത്തെ‌ കൂട്ടിക്കൊണ്ടു‌പോയെന്നും‌ ഇനിയും‌  തുടർന്നെഴുതണമെന്നുമായിരുന്നു‌ ആ‌ മെസ്സേ‌ജിന്റെ‌ ഉള്ളടക്കം‌. ആ‌ വാക്കുകളെനിക്ക്‌ വലിയ‌ പ്രചോദനമായി‌.  കൂടാതെ‌  കഥകൾ‌  വായിച്ച‌ പല പൂർവ്വവിദ്യാ‌ർത്ഥികളും‌  തുടർന്നെഴുതാൻ‌ എന്നെ‌  പ്രോൽസാഹിപ്പിച്ചു‌. ‌ഒരു‌‌പാട്‌  പേരുടെ‌  ഓർമ‌കൾ‌ തൊട്ടുണർത്താൻ‌ എന്റെ‌ വരികൾക്കായെന്നറിഞ്ഞപ്പോൾ‌ ഞാനേറെ‌ സന്തോഷിച്ചു‌.  


ഒരു‌ ദിവസം‌, ജെ‌.ഡി‌.റ്റിയിലെ‌ ആദ്യകാല‌ വിദ്യാർത്ഥിയും‌ ജെ‌.ഡി‌.റ്റി‌ ഇസ്‌‌ലാം‌  അലുംനി‌ അസോസ്സിയേഷന്റെ‌  ഇപ്പൊഴത്തെ‌ പ്രസിഡന്റുമായ‌ വി‌. വീ‌രാൻ‌ കുട്ടി‌ സാബ്‌ എന്നെ‌ വിളിച്ചുകൊണ്ട്‌  പറ‌ഞ്ഞു:‌ 


‌''‌‌നമുക്ക്‌ ജെ‌.ഡി‌.റ്റി ഇസ്‌‌ലാം‌ ഓർഫനേജ്‌  കമ്മറ്റിയുടെ‌ എക്സിക്യൂട്ടീവ്‌  അംഗമായ‌ മുഹമ്മദ്‌ കാസിം‌ സേഠിനേയും‌  അതുപോലെ‌ പഴയ‌‌കാലത്ത്‌ ഓർഫനേജിൽ‌  പഠിച്ചിരുന്ന‌ കുറച്ചാളുകളേയും‌ നേരിൽ‌ ചെന്ന്‌ കാണണം‌.  ആ‌ സ്ഥാപനത്തെ‌ക്കുറിച്ച്‌ എവിടേയും‌ രേഖപ്പെടാതെപോയ‌ പല‌ കാര്യ‌ങ്ങളും‌ നമുക്കവരിൽ‌ നിന്നും‌ അറിയാൻ‌ കഴിയും‌''‌


അങ്ങനെ‌ ഒരു‌‌ദിവസം‌ ഞങ്ങൾ‌ രണ്ടുപേരും‌ ‌കാസിം‌‌ സാഹിബിനെ‌ കാണാനായി‌ കോഴിക്കോട്‌  ‌‌വെള്ളിമാടു‌കുന്നിലേക്ക്‌ പുറപ്പെട്ടു‌.   അനാഥാ‌ലയത്തിൽ‌  പഠിച്ചിരുന്ന‌ കാലത്ത്‌ എല്ലാ‌ ദിവസവും‌ ഞങ്ങൾ‌ കുളിക്കാൻ‌ പോയിരുന്ന‌ ഒരു‌  പുഴയുടെ‌ വക്കത്തായിരുന്നു‌  അദ്ധേഹത്തിന്റെ‌ വീട്‌. ‌ഇടുങ്ങിയ‌ റോഡുകൾ‌ പിന്നിട്ട്‌ ഞങ്ങൾ‌ ആ‌ പുഴവക്കത്തെത്തിയപ്പോൾ‌  നേരിയ‌ ചാറ്റൽ‌മഴ‌ പെയ്തു‌ തുടങ്ങിയിരുന്നു‌.  വീ‌രാൻ‌ കുട്ടി‌ സാബ്‌ കാറിൽ‌ നിന്നിറങ്ങി‌‌യശേഷം‌, അനേകം‌ ഓർമ്മകളൊഴുകിപ്പോയ‌ ആ‌ പുഴയിലെ‌  കുഞ്ഞോളങ്ങളിലേക്ക്‌  നോക്കി‌ അല്പനേരം‌ നിന്നു‌. 


''‌‌കുട്ടിക്കാലത്ത്‌  നീന്തിക്കളിച്ച‌  ഈ‌ പുഴയിലൂടെ‌ പിന്നേയുമെത്ര‌ വെള്ളം‌ അറബിക്ക‌ടലിലേക്കൊഴുകിപ്പോയിട്ടുണ്ടാവും‌! 


കാലമേറെക്കഴിഞ്ഞിട്ടും‌ ഓരോ‌ ഓർമകളും‌    ഇന്നലെ‌ കഴിഞ്ഞ‌‌പോലെ‌‌..''‌‌ വീ‌രാൻ‌ കുട്ടി‌ സാബ്‌ എന്നെ‌ നോക്കി ആത്മഗതമെന്നോണം‌  പറ‌ഞ്ഞു‌. 


‌അപ്പോഴേക്കും‌ ഞങ്ങളെ‌ സ്വീകരിക്കാനായി‌ കാസിം‌ സാഹിബ്‌ റോഡി‌ലേക്കിറങ്ങിവന്നിരുന്നു‌.


പിന്നെ‌  കുശലങ്ങൾ‌ പറഞ്ഞു‌കൊണ്ട്‌ ഞങ്ങളെല്ലാവരും‌ കൂടി‌ അദ്ധേഹത്തിന്റെ‌ വീട്ടിലേക്ക്‌ നടന്നുനീങ്ങി‌. സ്വീകരണമുറിയിലെ‌ സോഫയിൽ‌ ഞങ്ങൾ‌ അഭിമുഖമായി‌ ഇരുന്നു‌.  


കാസിം‌ സാഹിബ്‌   തന്റെ‌ കുട്ടിക്കാലത്തെ‌  അനാഥാലയ‌‌ജീവിതം‌ ‌ഓരോന്നായി‌ ഓർത്തെടുക്കാൻ‌ തുടങ്ങുകയായിരുന്നു‌.  ‌പ്രൗഢ‌മായൊരു‌  കുടുംബ‌പശ്ചാത്തലത്തിൽ‌ നിന്നും‌ ഒരു‌ യത്തീം‌ ഖാനയുടെ‌ ഇടുങ്ങിയ‌  ജീവിതത്തിലേക്ക്‌ തന്റെ‌ കുട്ടിക്കാലം‌ പറിച്ചുനട്ടതിന്റെ‌  നനവുള്ള‌ ഓർമകൾ‌ അദ്ധേഹം‌  പറ‌ഞ്ഞുതുടങ്ങിയപ്പോൾ‌ ഞങ്ങൾ‌ നിശ്ശബ്ദരായി‌ കേട്ടിരിക്കുക‌‌ മാത്രം‌ ചെയ്തു‌. ഘടികാരം‌ കറങ്ങിത്തിരിയുന്നത‌റിയാതെ‌  ഓർമ്മകളുടെ‌ നേർത്ത‌ വരമ്പിലൂടെ‌ ഞങ്ങളൊരു‌പാട്‌ ദൂരം‌ പിറകിലേക്ക്‌  സഞ്ചരിച്ചു‌. അപ്പോൾ‌   അനാഥാ‌ലയത്തിന്റെ‌  ആദ്യകാല‌ സാരഥികളായിരുന്ന‌   മൗലാനാ‌ അബ്ദുൽ‌ ഖാദർ‌  ഖു‌സൂരിയും‌, മുഹമ്മദ്‌ അസ്‌‌ലം‌ ‌സാഹിബും‌, ഹസ്സനാജിയുമെല്ലാം‌  ഓർമകളിൽ നിന്നിറങ്ങിവന്ന്‌ ഞങ്ങളുടെ‌ ചുമലിൽ‌ കൈവെച്ച്‌  നടന്നു‌.‌ സീ‌മൗലവിയും‌,  കൊയക്കുട്ടി‌ മാഷും‌, അബ്ദുസ്സലാം‌  മാ‌ഷുമെല്ലാം‌ ഞങ്ങളോടൊപ്പം‌ ചേർന്നു‌. 


ഇടക്കെപ്പൊഴോ‌  ‌ചായയും‌ സ്വന്തമായുണ്ടാക്കിയ‌ പലഹാരങ്ങളുമായി‌  കാസിം‌ സാഹിബിന്റെ‌ ഭാര്യ‌ ‌ഞങ്ങളുടെ‌ മുമ്പിലേക്ക്‌ കടന്നു‌വന്ന‌പ്പോഴുള്ള‌  ചെറിയൊരി‌ടവേളയിൽ‌ മാത്രം‌  ഞങ്ങൾ‌ അ‌ല്പം‌ വീട്ടുകാര്യങ്ങൾ‌ സംസാരിച്ചു‌.  ആ‌  പഴയ‌ കാലം‌ പിന്നേയും‌ പിന്നേയും‌  ഓർത്തെടുക്കുകയായിരുന്നു‌ ഞങ്ങൾ‌.  

ആ‌ അനാ‌ഥാലയത്തിന്റെ‌  ചിതറിയ‌ ചിത്രങ്ങളും‌ ആദ്യകാല ചരിത്രങ്ങളും‌  അ‌വിടെവെച്ചാണ്‌‌ ഞാൻ‌ കൂടുതലായി‌ അറിഞ്ഞു‌തുടങ്ങുന്നത്‌. 


അല്പം‌ കഴിഞ്ഞ്‌   ജേ‌.ഡി‌.റ്റി‌. യിലെ‌ പൂർവ്വ‌ വിദ്യാർത്ഥിയും‌,  മുപ്പത്‌ വർഷത്തോളമായി‌ അവിടെ‌ത്തന്നെ‌  ജോലിചെയ്തുകൊണ്ടിരിക്കുന്ന‌  ശ്രീ‌. സാജിദ്‌ അലി‌യും‌ ഞങ്ങളോ‌ടൊപ്പം‌ വന്നുചേർന്നു‌.  ജെ‌.ഡി‌.റ്റി‌. യിലെ‌ വി‌.എഛ്‌. എസ്‌. എസ്‌. മിനിസ്റ്റീരിയൽ‌ സറ്റാഫ്‌ ഹെഡ്‌ കൂടിയായ‌ അദ്ധേഹത്തിൽ‌ നിന്നും‌ പുതിയ‌ കാലത്തിലേക്കുള്ള‌ സ്ഥാപനത്തിന്റെ‌  വളർച്ചയും‌  എത്തിപ്പിടിച്ച‌ നേട്ടങ്ങളും‌  കൂടുതലായി‌ കേട്ടറിഞ്ഞു‌. 


ഒന്നോ‌ രണ്ടോ‌ പുസ്തകങ്ങളിലായി‌ ഈ‌ ചരിത്രങ്ങളെല്ലാം‌  കുറഞ്ഞ‌ കാലം‌ കൊ‌ണ്ട്‌    എഴുതിത്തീർക്കുക‌യെന്നത്‌  അ‌സാധ്യമാണ്‌‌.  എങ്കിലും‌ നിരാലംബരായ‌ നിരവധി‌ കുട്ടികളെ‌ അന്തസ്സാർന്ന‌   ജീവിതസാഹചര്യത്തിലേക്ക്‌ കൈപിടിച്ചുനടത്തിയ‌   ഈ‌ മഹത്തായ‌ അനാഥാലയത്തെക്കുറിച്ചുള്ള‌ ചില‌  ഓർമകളെങ്കിലും‌ ഒരു‌ കൊച്ചു‌പുസ്തകമായി‌ പ്രസിദ്ധീകരിക്കണമെന്ന‌  എന്റെ‌ വലിയ‌ ആഗ്രഹം‌ ഞാൻ‌ അവരോട്‌ പറഞ്ഞു‌. 


ഓർഫനേജ്‌ അലുംനി‌ അസോസ്സി‌യേഷൻ‌ ഭാരവാഹികൾ‌ കൂ‌ടിയായ‌ അവരെല്ലാവാരും‌  എന്റെ‌ ആഗ്രഹത്തെ‌ പിന്തുണച്ചു‌. അങ്ങനെ‌യാണ്‌‌   അനാഥാലയത്തിൽ‌ പഠിച്ചിരുന്ന‌   കാലഘട്ടത്തിലെ‌  ചില‌ ഓർമ്മകൾ‌ മാത്രം‌ കോർത്തിണക്കിക്കൊണ്ട്‌   ഈ‌  പുസ്തകം‌ പിറവിയെടു‌ക്കുന്നത്‌‌.

 

തുടർന്നുള്ള‌ ദിവസങ്ങളിൽ‌ ‌അനാഥ‌ശാലയുമായി‌ ബന്ധപ്പെട്ട‌ പഴയ‌  ലേഖനങ്ങളും‌, ചിത്ര‌ങ്ങളും‌ സാജിദ്‌ ഭായ്‌  എനിക്കയച്ചുതന്നു‌.  ലോകപ്രശസ്ത‌ ബോക്സിംഗ്‌  താരം‌ മുഹമ്മദലി‌ ക്ലേ‌, ഇന്ത്യൻ‌ രാഷ്ട്രപതിയായിരുന്ന‌ കെ‌. ആർ‌. നാരായണൻ‌, ഇന്ത്യൻ‌ പ്രധാനമന്ത്രി‌യായിരുന്ന‌ ഇന്ധിരാ‌ഗാന്ധി‌, കേരള‌ മുഖ്യ‌മന്ത്രിയുമായിരുന്ന‌  കെ‌. കരു‌ണാകരൻ‌‌‌, അതിർത്തിഗാന്ധി‌ ഖാൻ‌ അബ്ദുൽ‌ ഗഫ്ഫാ‌ർ‌ ഖാൻ‌  തുടങ്ങിയ പല‌ പ്രമുഖരും‌  ഈ‌ അനാഥാ‌ലയം‌ സന്ദർശിച്ച‌തിന്റെ‌  അത്യപൂർവ്വ‌ ചിത്രങ്ങളും‌ വിവരണങ്ങളും‌  അതിലുണ്ടായിരുന്നു‌.  വലിയൊരു‌  പാരമ്പര്യമുള്ള‌  ഈ‌  ‌മഹാ‌‌‌സ്ഥാ‌പനത്തിന്റെ‌  ചരിത്രങ്ങളെല്ലാം‌ പുസ്തകരൂ‌പത്തിൽ‌ രേഖപ്പെടുത്തിവെക്കേണ്ടത്‌ തന്നെയാണെന്ന്‌ ഈ‌ രേഖകളെല്ലാം‌  ബോധ്യപ്പെടുത്തുന്നു‌.    


ചരിത്രവും‌, ‌ഓർമയും‌, ഭാവനയുമെല്ലാം‌ എവിടെയൊക്കെയോ‌  ചേർന്നും‌ ചിതറിയും‌  ക്രമം‌ തെറ്റി‌യ‌ടുക്കിവെച്ച‌ ഈ‌ അക്ഷര‌ക്കൂട്ടങ്ങളെ‌ കഥയെന്നോ‌, ഓർമക്കുറിപ്പെന്നോ‌‌,  ലേഖനമെന്നോ‌ എന്താണ്‌‌ പേർ‌ വിളിക്കേണ്ടതെന്ന്‌ എനിക്കറിയില്ല‌. ഇതിനെ‌ ഏത്‌ ഗണത്തിൽ‌ ഉൾപ്പെടുത്തണമെന്ന്‌ തീരുമാനിക്കേണ്ടത്‌ വായനക്കാരൻ‌ തന്നെയാണ്‌‌. 


ഈ‌ അനാഥാലയത്തിന്റെ‌ തുടക്കം‌ മുതൽ‌ അതിന്റെ‌ വളർച്ചയുടെ‌ ഓരോ‌ ഘട്ടത്തിലും‌  പങ്കുവഹിച്ച‌ എല്ലാ‌ മഹാരഥന്മാരുടെ‌യും‌  ജീവചരിത്രങ്ങൾ‌ ശേഖരിച്ച്‌ ഇതിൽ‌ ഉൾപ്പെടുത്തണമെന്ന‌ ആഗ്രഹം‌  പൂർത്തീകരിക്കപ്പെടാതെയാണ്‌‌ ഈ‌ പുസ്തകം‌ പുറത്തിറങ്ങുന്നത്‌. 

പലപ്പോഴും‌  അനാഥാ‌ലയ‌ത്തിലെ‌ ഓർമ്മകളിൽ‌ നിന്നും‌  തെന്നിമാറി‌ എന്റെ‌ ബാല്യം‌ മേഞ്ഞുനടന്ന‌ ‌ഗ്രാ‌മത്തിലൂടെയും‌  കാലത്തിലൂടെയും‌ ഈ‌ പുസ്തകം‌ വഴിമാറി‌ സഞ്ചരിച്ചിട്ടുണ്ട്‌.  അതിനാൽ‌ തന്നെ‌ പല‌ അദ്ധ്യായ‌ങ്ങളിലും‌ ‌ അനാഥാലയവുമായി‌ നേരിട്ട്‌  ബന്ധമില്ലാത്ത‌ വിഷയങ്ങളും‌ ഇതിൽ‌ കട‌ന്നുവന്നിട്ടുണ്ടാവും‌‌. പക്ഷെ‌ അതെല്ലാം‌ എന്റെ‌ ബാല്യകാല‌സ്മൃതികളിൽ‌  വേർതിരിച്ചെടുക്കാനാവാത്ത‌‌വിധം‌ കൂടിക്കലർന്നുപോയ‌ എന്റെ‌ അനുഭവങ്ങൾ‌ തന്നെയാണ്‌‌.  

ഇതൊരു‌ പുസ്തക‌മാക്കി‌ പ്രസിദ്ധീകരിക്കുന്നതിന്‌‌  എനിക്കേറെ‌  പ്രോൽസാഹനം‌ തന്ന  അനേകമാളുകളുണ്ട്‌. പ്രായാ‌ധിക്യത്താൽ‌ ഓർമ്മകളിൽ‌ ചിലതെല്ലാം‌ മങ്ങിപ്പോയിട്ടുണ്ടെ‌ങ്കിലും‌ ഞാനടുത്ത്‌ ചെല്ലുമ്പോൾ‌  ഓരൊന്നും‌ ഓർത്തെടുത്ത്‌  കഥ‌കളായി‌  എനിക്ക്‌ പറഞ്ഞുതന്നിരുന്ന‌  എന്റെ‌  ഉമ്മ‌യാണ്‌‌ അതിലേറ്റ‌വും‌ മുമ്പിലുള്ളത്‌. തൊണ്ണൂറാം‌ വയസ്സിലും‌ ഒരു‌ കൊച്ചുകുട്ടിയോടെന്ന‌പോലെ‌  ഉമ്മയെനിക്ക്‌ പറ‌ഞ്ഞു‌തന്നിരുന്ന‌ കഥകൾ‌ കേട്ടുകൊണ്ടിരുന്നപ്പോഴാണ്‌‌ ഇതെല്ലാം‌ എവിടെയെങ്കിലും‌ പകർത്തിവെക്കണമെന്ന‌ തോന്നൽ‌ എന്റെ‌ മനസ്സിലുദിക്കുന്നത്‌.‌ ആ‌ കട‌പ്പാടിനുമുമ്പിൽ‌ ഞാനിന്നും‌ കൈകൂപ്പി‌ നിൽക്കുന്നു‌. 


കഥ‌യിലെ‌ ഓരോ‌ അദ്ധ്യാ‌യ‌ങ്ങളും‌  ഫെ‌യ്സ്ബുക്കിൽ‌ പ്രസിദ്ധീകരിക്കുമ്പോൾ‌  ചില‌ ഭാഗങ്ങൾ‌  ഉമ്മക്ക്‌ കേൾപ്പിച്ചു‌കൊ‌ടുത്തിരുന്ന‌  മൂത്ത‌ ജേഷ്ട‌ൻ‌‌, കഥകളിലെ‌ നല്ല‌ ഭാഗങ്ങളോരോന്നും‌ കുടുംബ‌‌സദസ്സുകളിൽ‌   പങ്കുവെച്ച്‌‌   എനിക്ക്‌ കഥ‌യെഴുതാനുള്ള‌ ആത്മവിശ്വാസം‌  പകർന്നുതന്നിരുന്ന‌ എന്റെ‌ സഹോദരീ‌‌സഹോദരന്മാർ‌, അതുപോലെ‌ നല്ല‌ ആസ്വാദകയും‌  വിമർശകയു‌മായിരുന്ന‌ എന്റെ‌ കുടുംബിനിയും‌ പിന്നെ‌ കുടുംബാംഗങ്ങ‌ളും‌ എല്ലാവരും‌  ഈ‌ പുസ്തകരചനയിൽ‌ പങ്കാളികളാണ്‌‌. 


കഥകൾ‌ വായിച്ച്‌ ആവശ്യമായ‌  നിർദ്ദേശങ്ങൾ‌ നൽകുകയും‌ പുസ്തകത്തിന്‌‌ നല്ലൊരു‌  അവതാരിക‌ എഴുതിത്തരികയും‌ ചെയ്ത‌ ‌ശ്രീ‌. എം‌. അബ്ദുൽ‌ കരീം‌ പ്രത്യേകം‌ 

എഴുത്തിത്തുടങ്ങിയ‌ ആദ്യ‌നാളുകളിൽ‌ത്തന്നെ‌  ഇതൊരു‌ പുസ്തകമാക്കി‌  പ്രസി‌ദ്ധീ‌കരിക്കാൻ‌  എനിക്കേറെ‌ പ്രചോദനം‌ നൽകിയ‌  സഹോദരൻ‌ സലാം‌ കൊടിയത്തൂർ‌,  എന്റെ‌ സഹപാഠിയായിരുന്ന‌  ഡോ‌. എ‌. ഐ‌. വിലായത്തു‌ള്ള‌, ‌കൂടാതെ‌  ‌എഴുത്തുമായി‌ മുന്നോട്ടുപോകാൻ‌  സന്ദേശങ്ങളിലൂടെ‌ എനിക്ക്‌‌  പ്രോൽസാഹനം‌  നൽകിയ‌ നിരവധി‌ സുഹൃ‌ത്തു‌ക്കളേയും‌ ഞാനിവിടെ‌ സ്മ‌രിക്കുന്നു‌. 


പുസ്തക പ്രസാധനവുമായി ബന്ധപ്പെട്ട്‌‌  ആവശ്യമായ‌ നിർദ്ദേശങ്ങൾ‌  നൽകിയ‌  സുഹൃത്ത്‌ പി‌. കെ‌. ഫൈസൽ‌, ‌അതുപോലെ‌  ഓരോ‌ കഥയും‌  സത്യസന്ധമായി‌ വിലയിരുത്തുകയും‌, നാടുമായി‌ ബന്ധപ്പെട്ട‌  ഭാഗങ്ങൾ‌ സ്വന്തം‌ വീട്ടുകാരെ‌   കേൾപ്പിച്ചുകൊണ്ട്‌  അവരുടെ‌ പ്രതികരണങ്ങൾ‌ കൂടി‌  എനിക്ക‌യച്ചുതരികയും‌  ചെയ്തിരുന്ന‌ പ്രിയ‌സു‌ഹൃത്തുക്കളായ‌  ടി‌. കെ‌. അഷ്റഫ്‌, യു‌. ഷിഹാബ്‌, കൂടാതെ‌   ‌ഇതിന്റെ‌ പ്രസിദ്ധീകരണവുമായി‌ ബന്ധപ്പെട്ട്‌  എന്നെ‌ വളരെ‌യധികം‌ ‌സഹായിച്ച‌   സഹപ്രവർത്തകർ‌ ബാസിത്ത്‌‌ കൊടിയത്തൂർ‌, കുടിൽ‌ ഗഫൂർ‌, യാസർ‌ അറ‌ഫാത്ത്‌ തുടങ്ങിയ‌വരേയും‌ മറ‌ക്കാനാവില്ല‌.        


എന്റെ‌ മനസ്സിലുള്ള‌ ആശയം‌ കമ്പൂട്ടറിലേക്ക്‌  പകർത്താൻ‌ അനുയോജ്യമായ‌ സൊഫ്റ്റ്‌‌വെയർ‌ വികസിപ്പിച്ചുതരു‌കയും‌ യോജിച്ച‌ ചിത്രങ്ങൾ‌ വരച്ചുതരു‌കയും‌ ചെയ്ത‌  അമീൻ‌‌ വേങ്ങര‌, ഇതിന്റെ‌ കവർ‌  ഡിസൈൻ‌ അതിമനോഹമാക്കിത്തന്ന‌ അനിൽ‌ ‌ചുണ്ടേൽ‌, ലേ‌‌ഔട്ട്‌ ഭംഗിയായി‌  നിർവ്വഹിച്ച്‌  പ്രസിദ്ധീകര‌ണത്തിന്‌‌ തയ്യാറാക്കിത്തന്ന‌ റഹ്‌മാ‌ൻ‌ കനവ്‌ എന്നിവരേയും‌ ഇവിടെ‌  നന്ദിയോടെ‌ സ്മരിക്കുന്നു‌.  


എന്റെ‌ ഉപ്പയെയും‌ ഉമ്മയേയും‌ കുറി‌ച്ചുള്ള‌ ഭാഗങ്ങൾ‌ പകർത്താനൊരുങ്ങിയപ്പോൾ‌ എഴുത്ത്‌  തുടരാനാവാതെ‌ പലപ്പോഴും‌ എന്റെ‌ കണ്ണുകൾ‌ നിറഞ്ഞുപോയിട്ടുണ്ട്‌. എന്റെ‌ ബാല്യകല‌ത്തിലെ‌ 

കണ്ണീരിന്റെ‌ നനവുള്ള‌ അത്തരം‌  സ്മൃതികൾ‌ ഓർത്തെടുത്ത്‌  ഈ‌ പുസ്തകത്തിൽ‌ ഉൾപ്പെടുത്താനായതിൽ‌ എനിക്കേറെ‌  സംതൃപ്തിയുണ്ട്‌.  ഇതിൽ‌  അടയാളപ്പെടുത്താൻ‌ കഴിയാത്ത‌  എത്രയോ‌ ആ‌ളുകളുടെ‌ ജീവിതങ്ങൾ‌  എന്റെ‌ കൗമാര‌ കാലത്തും‌ അതിനു‌ ശേഷവും‌  എന്നെ‌ കടന്നുപോയിട്ടുണ്ട്‌. അവരെക്കുറിച്ചുള്ള‌ ഓർമ്മകൾ‌ ഒരു‌ നൊമ്പരമായി‌  ഇപ്പോഴും‌  എന്റെ‌ മനസ്സിൽ‌ ബാക്കി‌നിൽക്കുന്നു. അവയെല്ലാം‌  അക്ഷരങ്ങളിലേക്ക്‌ പകർത്തിയിടാൻ‌ അവസരം‌  നലകണമെന്ന്‌ ദൈവത്തോട്‌‌ പ്രാർത്ഥിക്കുന്നു‌.  


സഹസ്രം‌ കഥകൾ‌ മറഞ്ഞുകിടക്കുന്ന‌  മഹാ‌ പുസ്തകമണല്ലോ‌ ഓരോ‌ മനുഷ്യ‌ജീവിതവും‌. അവയെല്ലാം‌ മറിച്ചുനോക്കാനോ‌ പകർത്തിവെക്കാനോ‌ ഒരായുസ്സ്‌ മതിയാവില്ല‌. എങ്കിലും‌ ഓർമ്മകളൊ‌ഴുകിപ്പോകുന്ന‌ നദിക്കരയിലിരുന്ന്‌  ഇത്രയെങ്കിലും‌  ഓർത്തെടു‌ക്കാനായതിന്‌‌ ദൈവമേ‌  ഈ‌ പ്രപഞ്ചം‌ നിറയെ‌ നിനക്ക്‌ സ്തുതി‌!


കൊടിയത്തൂർ                           റസാഖ്‌ വഴിയോരം‌

01.   01.  ‌2022

ഓക്കെ 3.3.2022

 

........................................................‌

റസാഖ്‌ വഴിയോരം‌ - 11‌.01‌.20‌22‌

......................................................


സമർപ്പണം‌ :‌ തൊണ്ണൂറാം‌ വയസ്സിലും‌ എനിക്ക്‌ കഥ‌കൾ‌ പറ‌ഞ്ഞു‌ തന്ന‌ എന്റെ‌ പ്രിയപ്പെട്ട‌ ഉമ്മക്ക്‌.

എന്റെ‌ പിറവിക്കും‌ മുമ്പെ‌  ഈ‌ ഭൂമിയിൽ‌ നിന്നും‌ പറന്നുപോയ‌  എന്റെ‌ സഹോദൻ‌ അബ്ദുൽ‌ മജീദിന്‌‌‌,

എനിക്ക്‌ വഴി‌ കാണിച്ചുതന്ന‌ എന്റെ‌ പിതാവിന്‌‌.


No comments:

Post a Comment