Sunday, January 23, 2022

കഥയിലേക്ക്‌ നടന്നു‌വന്ന‌ വഴി‌കൾ‌!

‌............................................................... 


കഥയിലേക്ക്‌ നടന്നു‌വന്ന‌ വഴി‌കൾ‌! 


.....................................‌.........................‌.


'‌യത്തീമിന്റെ‌ ഏഴാനാകാശം‌'‌  ഞാനറിഞ്ഞ‌ കാലദേശ‌ത്തിന്റെ‌ പകര്‍ത്തിയെഴു‌ത്താണ്‌‌. ‌


എന്നെ‌  ക‌ട‌ന്നുപോയ‌  കാലത്തേയും‌ അടുത്തറിഞ്ഞ‌  മനുഷ്യരേയും‌  ഓർത്തെടുത്ത്‌  അക്ഷരങ്ങളായി‌  അടയാളപ്പെടുത്താനുള്ള‌ ചെറിയൊരു‌  ശ്രമം‌.

അപ്രസക്തവും‌ അവഗണിക്കപ്പെടേണ്ടതു‌മായ‌  ഒരു‌  ജീവിതവും‌‌ ഈ‌ ഭൂമിയിലില്ലല്ലോ‌!  അതുകൊണ്ടുതന്നെ‌ ഒരു‌  മനുഷ്യജീവിതവും‌ എവിടേ‌യും‌ രേഖ‌പ്പെടാതെ‌ മറ‌വിയുടെ‌ മണ്ണുമൂടി‌  മറ‌ഞ്ഞുപോകാൻ‌ പടില്ല‌. ഈയൊരു‌ ചിന്തയാണ്‌‌  കണ്ടറിഞ്ഞ‌  ജീവിതങ്ങളെ‌  വാഗ്മയചിത്രങ്ങളായി‌  വരച്ചിടുന്നതിന്‌‌  പ്രേരകം‌.  


ആത്മകഥാംശങ്ങളുള്ള‌  അനുഭവങ്ങൾ‌ ആവിഷ്കരിക്കാൻ‌‌ മാത്രം‌ സമ്പന്നമല്ല‌ എന്റെ‌ ജീവിതം‌. എങ്കിലും‌  പഴയ‌ ഓർമ്മകളോരോന്നായി‌  വെറു‌തെ‌  കടലാസിലേക്ക്‌ പകർത്തിയെഴുതാൻ‌ തുടങ്ങിയപ്പോൾ‌  ചില‌  മനുഷ്യരിലെങ്കിലും‌ എന്റെ‌  ജീവിതം‌ പ്രതിബിംബിക്കുന്നതായി‌  ‌ഞാ‌നറിഞ്ഞു‌.  ഈയൊര‌നുഭവമാണ്‌‌  എഴുത്ത്‌ തുടരാനുണ്ടായ‌  കാരണം‌.   

 

കുട്ടിക്കാലത്ത്‌ എനിക്ക്‌  താങ്ങായും‌ തണലായും‌  കടന്നുപോയ‌ അനേകം‌ ജീവിതങ്ങ‌ൾ‌  പേനത്തുമ്പിലൂടെ‌ വീണ്ടും‌ ജന്മമെടുക്കാൻ‌ തുടങ്ങിയപ്പോൾ‌  ഞാന‌നുഭവിച്ച‌റിഞ്ഞ‌ ‌ ആന‌ന്ദം‌, ആശ്ചര്യം‌, ആത്മവേദ‌ ഒന്നും‌ തന്നെ‌ വാക്കുകളിൽ‌  ഇവിടെ‌ ‌പ്രകടിപ്പിക്കാനാവുന്നില്ല‌.  


അന്യരെ പകർത്തിയെഴുതി

തന്നത്താനറിയാൻ ശ്രമിച്ചു ഞാൻ,

എന്തു ചെയ്യാനെന്നറിയില്ല,

എന്നെയെനിക്കറിയില്ല‌ - റൂമി‌‌   


പലരും‌ കണ്ടതും‌ കേട്ടതും‌ ഒന്നുതന്നെയാകാമെ‌ങ്കിലും‌, ‌എന്റെ‌ കണ്ണിൽ‌ തെളിഞ്ഞ‌ കാഴ്ചകൾ‌, ‌കാതിൽ‌ പതിഞ്ഞ‌ ശബ്ദങ്ങൾ‌‌‌ എല്ലാം‌ എന്റേതുമാത്രമായ‌  ചില‌   ഓർമ്മകളായി‌ മനസ്സിലങ്ങനെ‌ ബാക്കിയായി കി‌ടക്കുകയായിരുന്നു‌.  വാ‌യനക്കാരന്‌‌ ചിലതെല്ലാം‌  അപ്ര‌ധാന‌മായിരിക്കാമെങ്കിലും‌   അവയൊന്നും‌ ഈ‌ പുസ്തകത്താളുകളിൽ‌ നിന്നും‌  മറ‌ച്ചുവെക്കാൻ‌ എനിക്കാവുന്നില്ല‌.   


ഓർമ്മക‌ൾ‌  അക്ഷരങ്ങളിലേക്ക്‌  പകർത്തിയിടുകയെന്ന‌ത്‌  അത്രയെ‌ളുപ്പമല്ലെന്നും‌  അതിനുള്ള‌ സിദ്ധി‌ എനിക്കില്ലെന്നും‌ എഴുതിത്തുടങ്ങിയപ്പോഴാണ്‌‌ കൂടുതൽ‌  ബോധ്യമായത്‌.  എന്നിരുന്നാലും‌  ഒരു‌ നിയോഗമായി‌  ഏറ്റെടുത്ത്‌  എന്റെ‌   ശ്രമവുമായി‌ മുന്നോട്ട്‌ പോയപ്പോൾ‌  ഈയൊരു‌ ദൗത്യം‌ പൂർത്തീകരിക്കാനുള്ള‌ സമയവും‌ സൗഭാഗ്യവും‌ അദൃശ്യനായ‌ പ്രപഞ്ചശക്തി‌  കനിഞ്ഞ‌രുളുന്നത്‌ ഞാനനു‌നുഭവിച്ചറിഞ്ഞു‌. 


ജി‌.എൽ‌.പി‌. സ്കൂൾ‌ കഴുത്തൂട്ടിപ്പുറായ‌‌,‌  എ‌.യു‌. പി‌. സ്കൂൾ‌ സൗത്ത്‌ കൊടിയത്തൂർ‌  എന്നിവടങ്ങളിലായിരുന്നു‌ എന്റെ‌  പ്രാഥമിക‌‌‌വിദ്യാഭ്യാസം‌. അഞ്ചാം‌ ക്ലാസ്സിലായിരുന്ന കാലത്ത്‌ പഠനത്തിൽ‌ ഞാനല്പം‌ പിന്നിലായിരുന്നെങ്കിലും‌  എനിക്ക്‌ ചിത്രം‌ വരക്കാൻ‌ ചെറിയൊരു‌  കഴിവുണ്ടെന്ന്‌ ‌ അധ്യാപകനായിരുന്ന‌ ഗംഗാധരൻ‌ മാഷ്‌ എങ്ങനെ‌യോ‌ തിരിച്ചറിഞ്ഞു‌. 


ആറാം‌ ക്ലാസ്സിലായിരിക്കെ‌  ഒരു‌ ദിവസം‌ ‌ എന്റെ‌ ചുമലിൽ‌ കൈവെച്ചുകൊണ്ട്‌ മാഷ്‌  പറഞ്ഞു‌ :‌ 


''‌ഉപജില്ലാ‌ മൽസരത്തിൽ‌ ചിത്രരചനക്ക്‌  പങ്കെടുക്കുന്നതിനായി‌ പേര്‌‌ കൊടുത്തിട്ടുണ്ട്‌. പോകാൻ‌ തയ്യാറായി‌ വരണം''‌


അങ്ങനെ‌ ഒരു‌ ദിവസം‌  മാഷ്‌ ഞങ്ങൾ‌ കുറച്ച്‌‌ കുട്ടികളെ‌  ദൂരെയുള്ള‌ മറ്റൊരു‌ സ്കൂളിലേക്ക്‌ കൊണ്ടുപോയി‌. അവിടെ‌‌വെച്ച്‌  കടലാസും‌ ഒരു‌ പെൻസിലും‌ തന്ന്‌ ഞങ്ങളോട്‌ ഒരു‌ ചിത്രം‌ വരക്കാൻ‌ ആവശ്യപ്പെട്ടു‌.   എനിക്കറിയാവുന്ന‌ വിധത്തിൽ‌ ഞാനും‌ ഒരു‌ ചിത്രം‌ വരച്ചു‌. 


വൈകുന്നേരം‌ ലൗഡ്‌‌‌സ്പീക്കറിലൂടെ‌  ഉച്ചത്തിൽ‌  വിളിച്ചുപറയുന്ന‌ പേരുകളുടെ‌ കൂട്ടത്തിൽ‌ എന്റെ‌ പേരുമുണ്ടായിരുന്നു‌.  ചിത്രരചനയിൽ‌ എനിക്ക്‌ രണ്ടാം‌ സ്ഥാനം‌ ലഭിച്ചിരിക്കുന്നു‌. 


ആറാം‌  ക്ലാസ്സിൽ‌ പഠിക്കുന്ന‌ ഒരു‌ കുട്ടിയുടെ‌ മനസ്സിൽ‌ അതുണ്ടാക്കിയ‌ ആത്മവിശ്വാസം‌ ചെറുതല്ലായിരുന്നു‌. അതിനുശേഷമാണ്‌‌  എനിക്ക്‌ ചിത്രം‌ വരക്കാൻ‌ കഴിയുമെന്ന‌ ഒരു‌  തോന്നലുണ്ടാ‌വുന്നത്‌. 


കളർ‌പെൻസിലുകളോ‌ ബാലമാസികകളോ‌  കിട്ടാതിരുന്ന‌ ‌കാ‌ലത്ത്‌   കൈവിരലുകൾ‌  ബ്രഷും‌ ചുമരുകൾ‌  ക്യാൻവാസുമാക്കി‌ രൂപങ്ങൾ‌ വരച്ചുതുടങ്ങി‌യ‌ കുട്ടിക്കലം‌‌. ചട്ടിയിൽ‌ കുഴമ്പു‌‌പോലെ‌ മണ്ണ്‌ കലക്കി‌യ‌ വെള്ളത്തിൽ‌  തുണി‌‌ മുക്കി‌  ഉമ്മ‌ തേച്ചുമിനുക്കുന്ന‌ ചുമരുകൾ‌ ഉണങ്ങിക്കഴിയുന്ന‌ നേരത്ത്‌  അവിടെയെല്ലം‌ കൈവിരലുകൾ‌ കൊണ്ട്‌   ഓരോരോ‌ ആ‌ൾ‌‌രൂ‌പങ്ങൾ‌ വര‌ച്ചിടുന്നത്‌ കാണുമ്പോൾ‌  ഉമ്മ‌ വടിയുമായി‌  ഓടിവരുന്ന‌തും‌ രക്ഷപ്പെടാനായി‌  വാതിലിനുപിന്നിൽ‌ ഒളിച്ചിരിക്കുന്നതും‌  നിറം‌ മങ്ങാത്ത‌ ഓർമകളാണ്‌‌.      


ഏഴാം‌ ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ‌  തുടർപഠനത്തിനായി‌  വീട്ടുകാർ‌ എന്നെ‌ ഓർഫനേജിൽ‌   കൊണ്ടുപോയി‌ ചേർത്തി‌.  ജെ‌.ഡി‌.റ്റി‌.ഇസ്ലാം‌ എന്ന‌ അനാഥാലയത്തിൽ‌ നിന്നാണ്‌‌ പിന്നീട്‌ എന്റെ‌ ഓർമ്മകൾക്ക്‌ കുറച്ചുകൂടി‌ വ്യക്തത‌യു‌ണ്ടായിത്തുടങ്ങുന്നത്‌. 


സത്യത്തിൽ‌ ഒരു‌ അനാഥനായിരുന്നതുകൊണ്ടല്ല‌ മറിച്ച്‌ വീട്ടിലെ‌ ദാരിദ്ര്യമാ‌യിരുന്നു‌ എന്നെ‌യവിടെ‌യെത്തിച്ചത്‌.  ജെ‌.ഡി‌.റ്റി‌. ഓർഫനേജിൽ‌ നിന്നും‌  ഹൈസ്കൂൾ‌ വിദ്യാ‌ഭ്യാസം‌ പൂർത്തിയാക്കിയ‌ അനാഥ‌ക്കു‌ട്ടികൾക്ക്‌  അക്കാലത്ത്‌   കാർപെന്ററി‌, വെൽഡിംഗ്‌, ഇലക്ട്രി‌ക്കൽ‌ തുടങ്ങി‌യ‌   പല‌ തൊഴിലുകളിലും‌  പരിശീലനങ്ങൾ‌  നൽകിയിരുന്നു‌.  അങ്ങനെ‌ പരിശീലനം‌ കിട്ടിയ‌ പല‌  അനാഥ‌ർക്കും‌  ‌ഗൾഫിൽ‌ ജോലി‌ നേടിക്കൊടുക്കാൻ‌ അന്ന്‌ യത്തീം‌ ഖാനയുടെ‌  തലപ്പത്തുണ്ടായിരുന്ന‌ ഹസ്സനാജി അവസരങ്ങളൊരുക്കി‌.  കൂടാതെ‌  സൗദി‌ രാജാവിന്റെ‌ അഥിതി‌കളായി‌ ചെന്ന്‌ ഹജ്ജ്‌ കർമ്മം‌ നിർവ്വഹിക്കാനും‌, അദ്ധേഹം‌ സാഹചര്യങ്ങളൊരുക്കി‌യിരുന്നു‌. 


ആ‌ വഴിയിലൂടെ‌യൊന്നും‌  സഞ്ചരിക്കാനായിരുന്നില്ല‌ എന്റെ‌ നിയോഗം‌‌. പത്താം‌ ക്ലാസ്സിൽ‌  പരാജിതനായി‌ ഞാൻ‌ യത്തീം‌ ഖാനയിൽ‌ നിന്നും‌ നാട്ടിലേക്ക്‌ മടങ്ങി‌.  തുടർന്ന്‌ അറബി‌ പഠി‌ക്കുന്നതിനായി‌ പിതാവ്‌ എന്നെ‌ കുറ്റ്യാ‌ടി‌ ഇസ്ലാമിയാ‌ കോളേജിൽ‌ കൊണ്ടുപോയി‌ ചേർത്തി. ഹോസ്റ്റലിലായിരുന്നു‌ താമസം‌.  എന്റെ‌ മൂത്ത‌ സഹോദരീ‌‌ഭർത്താവ്‌‌ പോക്കർ‌ സാഹിബ്‌  അന്ന്‌ ആ‌ കോളേജിലെ‌  അധ്യാപകനായിരുന്നതിനാൽ‌ എന്റെ‌ കാര്യങ്ങളെല്ലാം‌ പിതാവ്‌‌ അദ്ധേഹത്തെ‌ ഏൽ‌‌പിച്ചു‌.  


കലാപരമായി‌  നല്ല‌ കഴിവുകളുള്ള‌ പല‌ ‌പ്രതിഭകളും‌ അന്ന‌വിടെയുണ്ടായിരുന്നു‌. ഓരോ‌ മാസവും‌ ഇറങ്ങുന്ന‌ കയ്യെഴുത്തു‌ മാഗസിനുകളിൽ‌ എഴു‌താനും‌ വരക്കാനുമൊക്കെ‌ അവിടന്ന്‌ നല്ല‌ പ്രോൽസാഹനങ്ങൾ‌ ലഭിച്ചു‌. കവിയും‌ എഴുത്തുകാരനും‌‌,  മലർവാടി‌ പത്രാ‌ധിപരുമായിരുന്ന‌ വി‌.കെ‌.അബ്ദു‌ അന്ന്‌ ഞങ്ങളുടെ‌  അധ്യാപകനായിരുന്നു‌. പല‌ മേഖലകളിലും‌ കഴിവുതെളിയിച്ച‌ പലരും‌ അന്നവിടെ‌ അധ്യാപകരായി ഉണ്ടായിരുന്നു‌.   പക്ഷെ‌  അവിടത്തെ‌ പഠനവുമായി‌ അധികകാലം‌ മുന്നോട്ടുപോകാൻ‌  എനിക്കായില്ല‌. 


ഒരു‌ ദിവസം‌ രാത്രി‌ എല്ലാ‌വരുമുറ‌ങ്ങിയ‌ നേരത്ത്‌  എന്റെ‌ ഇരുമ്പ്‌ പെട്ടിയുമെടുത്ത്‌ ഞാൻ‌ കോളേജ്‌ കോമ്പൗ‌ണ്ടിന്‌‌  പുറത്തിറങ്ങി‌. കുറ്റ്യാ‌ടിയിൽ‌ നിന്നും‌  നാദാപുരത്തുള്ള‌ മൂത്ത‌ പെങ്ങൾ‌ ആയിശത്തയുടെ‌   വീട്ടിലേക്ക്‌ പോകാ‌നായിരുന്നു‌ തീരുമാനം‌‌.  ക‌ല്ലാച്ചിയിലെത്തിയപ്പോൾ‌ അർദ്ധരാത്രി‌യോടടുത്തിരുന്നു‌.  എവിടേയും‌  ഒരു‌ മനുഷ്യനേയും‌ കാണാനില്ല‌. ഉച്ച‌ത്തി‌ൽ‌ കുരച്ചുകൊണ്ട്‌  റോ‌ഡി‌ലൂടെ‌ ഓടി‌‌നടക്കുന്ന പട്ടികൾ‌ എന്തോ‌ വിളിച്ചുപറയുന്നപോലെ‌ എനിക്കു‌ തോന്നി‌. അസ‌മയത്ത്‌  ഒരു‌ കൊച്ചു പയ്യൻ‌ പെട്ടിയും‌ തൂക്കിപ്പിടിച്ച്‌ ഒറ്റക്ക്‌ നടന്നുപോകുന്നത്‌  ഉചിതമല്ലെന്നായിരിക്കും‌ അവ‌ വിളിച്ചുപറഞ്ഞിട്ടുണ്ടാവുക‌! ഏതായാലും‌ ഞാനെന്റെ‌ നടത്തം‌ അവസാനിപ്പിച്ചു‌. അങ്ങനെ‌ ഒരു‌ പീടികക്കോലായിലെ‌ സിമന്റു‌ ബെഞ്ചിൽ‌ ഇരുമ്പുപെട്ടി‌ തലക്കുവെച്ച്‌ അന്ന്‌ ഞാൻ‌ ‌കിടന്നു.   സുബഹ്‌ നിസ്ക്കാരത്തിന്‌‌  പള്ളിയിൽ‌ പോകാൻ‌  വാർഡൻ‌  വന്നു‌ വിളിക്കുമെന്ന‌  പേടിയില്ലാതെ‌, നേരം‌ നന്നായി‌ വെളുക്കുന്നതു‌വരെ‌, നീണ്ടുകിടക്കുന്ന‌  നിരത്തു‌വക്കത്ത്‌ ഞാൻ‌ സുഖമായി‌ കിടന്നുറങ്ങി‌. 


ആ‌ ഇറങ്ങി‌‌നടത്തം‌  പഠനത്തിന്റെ‌  വഴിയിൽ‌‌നിന്നും‌  ശൂന്യമായ‌ മറ്റൊരു‌ ദിശയിലേക്ക്‌ എ‌ന്റെ‌ ജീവിതത്തെ‌ തിരിച്ചു‌‌വിട്ടു‌.  അതെ‌ന്റെ‌ പിതാവിനെ‌  വല്ലാതെ‌ വേദനിപ്പിച്ചുവെന്ന്‌ ഞാൻ മനസ്സിലാക്കി‌.  അങ്ങിനെ‌ ഒന്നും‌ ചെയ്യാനില്ലാതെ‌ വീട്ടിലിരിക്കുന്നത്‌ ഒഴിവാക്കാനായി എന്തെങ്കിലുമൊരു‌  തൊഴിൽ‌ പഠിക്കണമെന്ന‌ തീരുമാനവുമായി‌  ഞാൻ‌  ‌ചെമ്മാടിനടുത്തുള്ള‌ കുന്നുമ്പുറത്തേക്ക്‌ ബസ്സ്‌ കയറി‌.  എന്റെ‌ കുടുംബത്തി‌ന്റെ‌  വേരുകളുള്ള‌ മണ്ണായിരുന്നു‌ അത്‌.    അവിടെ‌  താമസിച്ചുകൊണ്ട്‌ ഞാൻ‌  ആശാരിപ്പണി പഠിക്കാനായി‌  പോകാൻ‌ തുടങ്ങി‌. ഉളിയും‌ ചുറ്റികയും‌ എന്റെ‌ കൈകൾക്ക്‌ വഴങ്ങാൻ‌ തുടങ്ങിയെങ്കിലും‌ ആ‌ തൊഴിൽ‌ എന്റെ‌ കുടുംബത്തിന്‌‌ ചേർന്നതല്ലെന്ന്‌ പലരും‌ പറഞ്ഞുതുടങ്ങിയതോടെ‌  ആ‌ ശ്രമം‌ ഉപേക്ഷിച്ച്‌ ഞാൻ‌ നാട്ടിലേക്കുതന്നെ‌ മടങ്ങി‌. 


എന്തെങ്കിലും‌ നല്ലൊരു‌  ജോലി‌ നേടണം‌. അത്‌ മാത്രമായിരുന്നു‌  പിന്നീടുള്ള‌ ദിവസങ്ങളിൽ‌ എന്റെ‌ ചിന്ത‌ മുഴുവൻ‌. അങ്ങനെ‌ ഒരു‌ ദിവസം‌  ആരോടും‌ പറയാതെ‌ ഞാൻ‌ മദ്രാസിലേക്ക്‌ വണ്ടി‌ കയറി‌. മദ്രാസിലെത്തിയാൽ‌  ഇഷ്ടമുള്ള‌ ഏത്‌ ജോലിയും‌  എളുപ്പത്തിൽ‌ ലഭിക്കുമെന്നൊരു‌ ധാരണ‌ കുട്ടിക്കാലത്ത്‌  എന്റെ‌ ഉപബോധമനസ്സിൽ‌ എങ്ങനേയോ‌ പതിഞ്ഞിരുന്നു‌. മദ്രാസ്‌ സ്റ്റേഷനിൽ‌ വണ്ടിയിറങ്ങി‌ നഗരത്തിന്റെ‌ അപരിചിത‌  വഴികളിലൂടെ‌ എവിടെയൊക്കയോ‌  കറ‌ങ്ങിത്തിരിഞ്ഞു‌.    ജോലി‌ തരുമോയെന്ന്‌ മലയാളത്തിൽ‌ തന്നെ‌ ചോദിച്ചുകൊണ്ട്‌ പല‌ ഹോട്ടലുകളിലും‌ കയറി‌യിറങ്ങി‌.  ആരുമെനിക്ക്‌ ജോലി‌ തന്നില്ല‌.  ഭക്ഷണം‌ കഴിക്കാൻ‌ പോലും‌  പണമില്ലാതെ‌ അവശനായി‌ക്കൊണ്ട്‌  ഒരു‌ ദിവസം‌ ഞാൻ‌ എങ്ങനേയോ‌ റെയിൽവേ‌ സ്റ്റേഷനിൽ‌ തിരിച്ചെത്തി‌ നാട്ടിലേക്കുതന്നെ‌ വണ്ടി‌ കയറി‌. 


സങ്ക‌ല്പവും‌ യാഥാ‌ർത്ഥ്യവും‌ തമ്മിൽ‌ എന്തുമാത്രം‌ അന്തരമുണ്ടെന്ന്‌ ആ‌ യാത്ര‌ എന്നെ‌ പഠിപ്പിച്ചു‌.  അവിടെ‌‌നിന്നാണ്‌‌ പഠിച്ചുമുന്നേറണം‌ എന്നൊരു‌  ഉ‌ൾവിളി‌യുണ്ടാകുന്നത്‌.   പത്താം‌ ക്ലാസ്സ്‌ പരീക്ഷ‌ എഴുതി‌ ജയിക്കണമെന്നുതന്നെ‌  ഞാൻ‌ നിശ്ചയിച്ചുറപ്പിച്ചു‌. അങ്ങനെ‌    


അടുത്ത‌ വർഷം‌ സ്വന്തമായി‌ പഠി‌ച്ച്‌ ഞാൻ‌ പത്താം‌ ക്ലാസ്സ്‌ പരീക്ഷ പാസ്സായി‌. 


അങ്ങനെയിരിക്കെ‌  ഒരു‌ ദിവസം‌  പിതാവ്‌‌ എന്നെയും‌ കൂട്ടി‌ അന്നത്തെ‌ ജമാഅത്ത്‌ അമീറായിരുന്ന‌ കെ‌. സി‌. അബ്ദുല്ല‌ മൗലവിയുടെ‌ വീട്ടിലെത്തി‌. ഇരുവഴിഞ്ഞിപ്പു‌ഴയുടെ‌ തീരത്ത്‌   തറവാടു‌വീ‌ടിന്റെ‌ വരാന്തയിൽ‌ ചാരുകസേരയിലിരുന്ന്‌ എന്തോ‌ വായിച്ചു‌കൊണ്ടിരിക്കയായിരുന്നു‌  അദ്ധേഹം‌.  വട്ട‌‌മുഖവും‌ വടിവൊത്ത‌ താടി‌യുമുള്ള‌ ഗാംഭീ‌ര്യമാർന്ന‌ ‌ആ‌ മുഖം‌ ഞാൻ‌ ആദ്യമായാണ്‌‌ നേരിൽ‌ കാണുന്നത്‌. ഞങ്ങളുടെ‌  വരവു‌കണ്ട്‌ സ്വർണ്ണ‌‌നിറ‌ത്തിലുള്ള‌  ക‌ണ്ണട‌ അല്പം‌ ശരിയാക്കി‌ അദ്ധേഹം‌ ഞങ്ങളെ‌ നോക്കി‌.  ഉപ്പ‌ സലാം‌ പറഞ്ഞ്‌ വരാന്തയിലേക്ക്‌ കയറി‌.  പിന്നെ‌ കുറേ‌ നേരം‌ അദ്ദേഹവുമായി‌  പലതും‌ സംസാരിച്ചിരുന്നു‌.  ഞാൻ‌ ഒന്നുമറിയാത്തപോലെ‌ വിദൂരതയിലേക്ക്‌ നോക്കിക്കൊണ്ട്‌  തൂണിൽ‌ ചാരി‌ അങ്ങനെ‌ നിന്നു‌.  അല്പം‌ കഴിഞ്ഞ്‌ കെ‌.സി‌. എഴുന്നേറ്റു‌വന്ന്‌ എന്റെ‌ ചുമലിൽ‌ കൈവെച്ചുകൊണ്ട്‌ സ്നേഹത്തോടെ‌   പറഞ്ഞു:‌


''‌‌ഉഷാറാവ‌ണം‌ ചങ്ങായി‌..''‌ 


ചേന്ദ‌മംഗ‌ല്ലൂർ‌  ഇസ്ലാഹിയാ‌ കോളേ‌ജി‌ൽ‌ ചേർന്നു‌പഠിക്കാനുള്ള‌ കെ‌.സി‌.യുടെ‌ ഒരു‌ കത്തുമായി‌ ട്ടായിരുന്നു‌ അന്ന്‌ ഞങ്ങൾ‌ മട‌ങ്ങിയത്‌.  മാസ്മരിക‌ ശക്തിയുള്ള‌  അദ്ദേഹത്തിന്റെ‌ ആ‌ വാക്കുകൾ‌ ഇസ്ലഹിയാ‌ കോളേജിൽ‌ ചേർന്നുപഠിക്കാൻ‌  എനിക്ക്‌ പ്രചോദനമായി‌. അക്കലത്ത്‌  പിതാവ്‌‌ അതേ‌ കോളേ‌ജിലെ‌  അദ്ധ്യാപകനായിരുന്നു‌. കവിയും‌ ചിന്തകനുമായിരുന്ന‌  യു‌.കെ‌. അബൂസഹ്‌‌ല‌യും‌  അന്ന‌വിടത്തെ‌  അധ്യാപകനായിരുന്നു‌.  എന്റെ‌ പിതാവും‌  യു‌.കെ‌.യും‌ ഒരേ‌ റൂമിലായിരുന്നു‌ അന്ന്‌ താമസിച്ചിരുന്നത്‌. 


ഒരു‌ ദിവസം‌ ഉപ്പ‌യെന്നെ‌  ഹോസ്റ്റൽ‌ റൂമിലേക്ക്‌ വിളിപ്പിച്ചു‌. കോളേ‌ജിന്റെ‌ ലെറ്റ‌ർ‌ ഹെഡിൽ‌ അറബിയിലെഴുതിയ‌ ഒരു‌ കത്തും‌ കുറ‌ച്ച്‌  അപേക്ഷാ‌ ഫോമുകളും‌  എനിക്ക്‌ നേരെ‌ നീട്ടിക്കൊണ്ട്‌ അതിലൊരിടത്ത്‌ ഒപ്പിടാൻ‌  എന്നോട്‌ പറ‌ഞ്ഞു‌.   ഇസ്ലാമിക‌ കർമ്മശാ‌സ്ത്രത്തിൽ‌ നല്ല‌ പാണ്ഡിത്യമുണ്ടായിരുന്ന‌ പിതാവ്‌‌‌  അതേ‌ വഴിയിൽ‌ത്തന്നെ‌  മകനെയും‌  വളർത്തിക്കൊണ്ടുവരണമെന്ന്‌ അതിയായി‌ ആഗ്രഹിച്ചിരിക്കണം‌. അതിനാലായിരിക്കാം‌      എ‌.ഐ‌.സി‌. പഠ‌നത്തിനിടയിൽ‌  എന്നെ‌   ഈജിപ്തിലെ‌ അൽ‌ അസ്‌‌ഹർ‌  യൂണിവേഴ്‌സിറ്റിയിൽ‌ അയച്ചു പഠിപ്പിക്കാൻ‌ തീരുമനിച്ചുകൊണ്ട്‌  ഉപ്പ‌ അവിട‌ത്തെ‌ പ്രിൻസിപ്പലായിരുന്ന‌ ഒ‌.പി‌.അബ്ദുസ്സലാം‌ മൗലവി മുഖേ‌ന‌  ഇങ്ങനെയൊരു‌ അപേക്ഷ‌  തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്‌.  ഏതായാലും‌ ഞാൻ‌ അപേക്ഷയിൽ‌ ഒപ്പിട്ടുകൊണ്ട്‌  ഉപ്പ‌ പറ‌യുന്നതെല്ലാം‌  അനുസര‌ണയോടെ‌ കേട്ടുനിന്നു‌. പിന്നെ‌ റൂമിൽ‌ നിന്ന്‌ പുറത്തിറങ്ങി‌ ക്ലാസ്സിലേക്ക്‌ പോകാനൊരുങ്ങു‌മ്പോൾ‌ ഉപ്പ‌ പറഞ്ഞു‌ :‌ 


''‌ദ്‌ വരേള്ള‌‌പോലൊന്നും‌ ആയാപോര‌.. വ്ട്ന്നങ്ങട്ട്‌  ന‌ല്ലോണം‌ പഠിക്കണം‌ ..''‌ 


ഞാൻ‌ തലയാട്ടി‌ക്കൊണ്ട്‌ എല്ലാം‌  കേട്ടുകൊണ്ടിരുന്നത്‌  കണ്ടിട്ടയിരിക്കണം‌  യു‌.കെ‌. സ്നേഹത്തോടെ‌ എന്നെ‌ നോക്കി‌ പുഞ്ചിരിച്ചു‌. ഞാ‌ൻ‌ അല്പം‌ അമ്പരപ്പോടെ‌ ക്ലാ‌സ്സിൽ‌ പോയി‌ ഇരുന്നു‌. പക്ഷെ‌  എന്റെ‌ വഴി‌ അതല്ലെന്ന്‌ നേരത്തെ‌ നിശ്ച‌യിക്കപ്പെട്ടതിനാലാവണം‌ ആ‌  വഴിക്കുള്ള‌ ശ്രമങ്ങളൊന്നും‌  വിജയിച്ചില്ല‌‌. 


അങ്ങ‌യാണ്‌‌  പ്രിഡിഗ്രി പഠനത്തിനു‌ശേഷം‌  ഞാൻ‌ കർണ്ണാടകയിലെ‌ ‌ബെൽഗാം‌ ആൾ‌ ഇന്ത്യാ‌ ഇൻസ്റ്റിറ്റ്യൂട്ടിൽ‌  ഒരു‌ ഡിപ്ലോമ‌ കോഴ്സ്‌ പഠിക്കാനായി‌  പോകുന്നത്‌. അക്കാലത്ത്‌ ഞങ്ങളുടെ‌ നാട്ടിൽ‌ നിന്നും‌ കേരള‌ത്തിനു‌‌ പുറ‌ത്ത്‌ പഠിക്കാൻ‌ പോകുന്നവർ‌ വളരെ‌ കുറവായിരുന്നു‌. അവിടെ‌ അയച്ച്‌ പഠിക്കാനുള്ള‌ സാമ്പത്തിക‌ ശേഷി‌യും‌  എന്റെ‌ കുടുംബത്തിന്‌‌ അന്നുണ്ടായിരുന്നില്ല‌. എങ്കിലും‌ പെട്ടന്നൊരു‌ ജോലി‌ ലഭിക്കുമന്ന‌ വിശ്വാസത്തിൽ‌  പിതാവ്‌‌  എന്റെ‌ ഇഷ്ടത്തിന്‌‌ സമ്മതം‌ മൂളുകയായിരുന്നു‌. 


വീട്ടിൽ‌ നിന്നും‌ വല്ലപ്പോഴും‌ മണി‌യോർഡറായി‌ വരുന്ന‌ ചെറിയ‌ സംഖ്യ‌ അവിടത്തെ‌ ചിലവിന്‌‌ തികയുമായിരുന്നില്ല‌. അതിനിടയിലാണ്‌‌ പിതാവ്‌‌  ക്യാൻസർ‌ രോഗം‌ പിടി‌പെട്ട്‌ കിടപ്പിലാകുന്നത്‌.  ഇതോടെ‌ സാമ്പത്തിക‌ പ്രയാസങ്ങൾ‌  വല്ലാതെ‌ മൂർദ്ധന്യത്തിലായി‌. പഠനം‌ മുന്നോട്ടുകൊണ്ടുപോകാനാവുമോയെന്ന്‌ പലപ്പോഴും‌ ആശങ്കപ്പെട്ടു‌‌.  അപ്പോഴൊക്കെ‌ നാട്ടിൽ‌ നിന്നും‌  ചോദിക്കാതെത്തന്നെ‌ പലരും‌ പണമയച്ചുതന്ന്‌ എന്നെ‌ സഹായിച്ചു‌.  കോഴിക്കോട്‌ മെഡിക്കൽ‌ കോളേജിൽ‌ നിന്ന്‌  ഓപറേഷൻ‌ കഴിഞ്ഞ്‌  ഉപ്പ‌ അവിടെ‌ അഡ്മിറ്റായി‌. ആ‌ സമയത്താണ്‌‌ എന്റെ‌ പരീക്ഷ‌ വരുന്നത്‌. മെഡി‌ക്കൽ‌  കോളേജിലെ‌ ക്യാൻസർ‌ വാർഡിൽ‌ പിതാവിന്റെ‌ കട്ടിലിനടുത്തിരുന്ന്‌ വായിച്ച്‌ പഠിച്ച്‌ ഞാൻ‌ പോയി‌ പരീക്ഷയെഴുതി‌. 


കോഴ്സ‌ കഴിഞ്ഞ്‌  ഒരു‌ സർക്കാർ‌ ജോലിയെന്ന‌ സ്വപ്നവുമായി‌ കുറേ‌ കാലം‌ അലഞ്ഞു‌നട‌ന്നു‌. ജീവിതത്തോട്‌ അങ്ങേയറ്റം‌ വിരക്തിയും‌ മടുപ്പും‌ തോന്നിയിരുന്ന‌ കാലമായിരുന്നു‌ അത്‌.  അതിനിടയിൽ‌ ജീവിതം‌ തിരിച്ചുപിടി‌ക്കാനായി‌  പലയിടങ്ങളിലും‌  മദ്രസാ‌ അധ്യാപകനായി‌, ട്യൂഷൻ‌ മാഷായി‌‌,  കച്ചവടക്കാരനായി‌, കണക്കെഴുത്തുകാരനായി‌‌,  ഒരു‌ പാട്ടാളക്കാരനാവാനുള്ള‌ ആഗ്രഹവുമായി‌  പല‌  ക്യാമ്പുകളിലും‌  പങ്കെടുത്തു.  എനിക്ക്‌ വേണ്ടത്ര‌  പൊക്കമില്ലാതിരുന്നതിനാൽ‌ അതിലൊന്നും‌ സെലക്‌‌ഷ‌ൻ‌ കിട്ടാതെ‌വന്നപ്പോൾ‌  ഞനേറെ‌ നിരാശനായി‌. 


പിന്നീ‌ട്‌ ഓമശ്ശേരി‌ വെൽഫ‌യ‌ർ‌ ട്രസ്റ്റിനു‌ കീഴിലുള്ള‌ ഒരു‌ പ്രൈവറ്റ്‌ സ്കൂളിൽ‌ അധ്യാപകനായി‌ ജോലി‌ കിട്ടി‌. അക്കാ‌ലത്ത്‌ അവിടെയുള്ള‌  ഒരുപാട്‌ കലാകരന്മാരുമായി‌ പരിചയപ്പെടാനും‌ കലാപ്രവർത്തനങ്ങളിലേർപ്പെടാനും‌ നാടകങ്ങളെഴുതി‌ അവതരിപ്പിക്കാനുമെല്ലാം‌  അവസരങ്ങൾ‌ ലഭിച്ചു‌. ആവാസ്‌ അബ്ദുറ‌ഹ്‌‌മാൻ‌‌, പി‌.ടി‌. മുഹമ്മദ്‌ സാദിഖ്‌‌, മനാഫ്‌ ഓമശ്ശേരി‌, ഇബ്രഹിം‌ കുട്ടി‌ പുത്തൂർ‌‌, അബ്ദുല്ല‌ തുടങ്ങിയവർ‌ അവരിൽ‌ ചിലരായിരുന്നു‌. 


ഈ‌ സമയത്താണ്‌‌  വെൽഫ‌യ‌ർ‌ ട്രസ്റ്റിന്റെ‌ വാർഷിക‌ പരിപാടിയുടെ‌ ഒരുക്കങ്ങൾ‌ നട‌ക്കുന്നത്‌. 


അങ്ങാടിയോട്‌ ചേർന്ന്‌ ഒഴിഞ്ഞുകിടക്കുന്ന‌ വിശാലമായ‌  പറ‌മ്പിലൊരുക്കിയ‌ സമ്മേളന‌  മൈതാനിയിൽ‌   ഗ്രാമത്തിലെ‌ ആബാലവൃദ്ധം‌ ജനങ്ങൾ‌ ഒരുമിച്ചുകൂടി‌. ‌വിവിധ‌ പരിപാടികൾക്കൊടുവിൽ‌ ആ‌ വലിയ‌ സ്റ്റേജിൽ‌ ഞങ്ങളൊരുക്കിയ‌ കലാവിരുന്നുകൾ‌  ആസ്വദിച്ചുകൊണ്ട്‌  ജനം‌ ആർത്തുചിരിക്കുന്ന കാഴ്ച്ച‌  എന്റെ‌ കലാജീവിതത്തിലെ‌ മറക്കാനാവാത്ത‌ ഒരോർമ്മയാണ്‌‌. (ആ‌ മൈതാനിയിലാണ്‌‌ ഇന്ന്‌ ശാന്തി‌ ഹോസ്പിറ്റൽ‌ എന്ന‌ വലിയ‌ ആശുപത്രി‌ സമുച്ചയം‌ ഉയർന്നുനിൽക്കുന്നത്‌‌)  


അപ്പോഴും‌ മുറിഞ്ഞുപോയ‌  പഠനം‌ തുടരാൻ‌ ഞാൻ‌ അതിയായി‌ ആഗ്രഹിച്ചിരുന്നു‌. പക്ഷെ‌ അതിനുള്ള‌ സാമ്പത്തിക‌ചുറ്റുപാടുകൾ‌ വീട്ടിലില്ലാത്തതിനാ‌ൽ‌ ഞാൻ‌ ഏറെ‌ നിരാശനായി.  എങ്കിലും‌ പഠനം‌ തുടരുകയെന്നതാണ്‌‌ ജീവിതത്തിൽ‌  രക്ഷപ്പെടാനുള്ള‌ ഏക‌വഴിയെന്ന്‌ മനസ്സ്‌ സദാ‌ മന്ത്രിച്ചു‌കൊണ്ടിരുന്നു‌. അങ്ങനെ തിരൂരിലുള്ള‌ ഒരു‌ പള്ളിയിൽ‌ ഇമാമായും‌ ഖത്തീബായും‌ ജോലി ചെയ്യാൻ‌  ഞാൻ‌ തീരുമാനിച്ചു‌. ഖുതുബ‌യിൽ‌ പറയേ‌ണ്ട‌തായ‌ ശർത്തും‌ ഫർളുമായ‌ കാര്യങ്ങളോരോന്നും‌  വരയുള്ള‌ ഒരു‌ നോട്ടുബുക്കിൽ‌  ഉപ്പയെനിക്ക്‌ എഴുതിത്തന്നു‌. ഞാനത്‌ മനപ്പാഠമാക്കി‌. അങ്ങനെ‌ ആ‌ പള്ളിയിൽ‌ നിന്നുകൊണ്ടുതന്നെ‌ ഞാൻ‌  അവിടെയ‌ടുത്തുള്ള‌  കോ-ഓപറേറ്റീവ്‌ കോളേജിൽ‌ എക്കണോമിക്സ്‌ വിഷയമായെടുത്ത്‌ ബി‌.എ‌. ഡിഗ്രിക്ക്‌ ചേർന്നു‌‌.  അവിടെയുള്ള‌ ഒരു‌ പൗരാണിക‌ തറവാട്ടിലെ‌ അധ്യാപകനായിരുന്ന‌ ... ബാവ‌ മാഷ്‌ കുട്ടികളെ‌ പഠിപ്പിക്കാനുള്ള‌ ചെറിയൊരു‌ ജോലിയും‌ ഭക്ഷണസൗകര്യങ്ങളും‌ ഒരുക്കി‌ത്തന്നു‌.  അവിടുത്തെ‌ ഒരു‌ സമ്പന്ന‌ കുടുംബ‌മായിരുന്ന‌ അഞ്ചര‌ക്കണ്ടി‌ തറവാട്ടിലെ‌ മൊയ്തു‌ സാഹിബിന്റെ‌ വീട്ടിലായിരുന്നു‌ താമസം‌.  എങ്കിലും‌  അധിക‌ കാലം‌  അവിടെ‌യും‌  തുടരാൻ‌ എനിക്കായില്ല‌.


ഞാൻ‌ നാട്ടിലേക്ക്‌ മടങ്ങി‌. പാതി‌ വഴിയിൽ‌ പഠനം‌ മുറിഞ്ഞുപോയെങ്കിലും‌  തുടർന്നുപഠിക്കണമെന്നത്‌ ഒരു‌ വാശിയായി‌ മനസ്സിൽ‌ വളർന്നു‌ കഴിഞ്ഞിരുന്നു‌. അങ്ങനെ‌ ഒരിടവേളക്കുശേഷം‌  ഞാൻ‌ കോഴി‌ക്കോട്‌ ഫാറൂഖ്‌ ‌കോ‌ളേ‌ജിൽ‌  ബി‌.എ‌. ഡിഗ്രിക്കു‌  ചേർന്നു‌.    കോഴിക്കോട്‌ ടൗണിലെ‌ ചില‌  ഡോക്ടർമാരുടേയും‌ വക്കീലന്മാരുടേയുമൊക്കെ‌ വീടുകളിൽ‌ കുട്ടികൾക്ക്‌ ട്യൂഷനെടുത്തുകൊണ്ടായിരുന്നു‌ ഞാനതിനുള്ള‌  പണം‌ കണ്ടെത്തി‌യത്‌. അതിനിടെ‌ ഫറോക്ക്‌ ഇർഷാദിയ‌ കോളേജിൽ‌  താമസിക്കാനും‌ അവിടെയുള്ള‌ ചില‌ വീടുകളിൽ‌  ട്യൂഷനെടുക്കാനും‌ അന്ന്‌ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിൽ‌ ജോലി ചെയ്തിരുന്ന‌ എം‌.അബ്ദുൽ‌കരീം‌ സാഹിബ്‌ സൗകര്യമൊരുക്കിത്തന്നു‌. 


ഡിഗ്രി‌ അവസാന‌‌വർഷമായി‌. പഠനത്തിന്‌‌ കൂടുതൽ‌ സാമ്പത്തിക‌ ചിലവുകളു‌ണ്ടായി‌.  ‌കുടുംബം‌  ‌വല്ലാതെ‌  സാമ്പത്തിക ഞെരുക്കം‌ അ‌നുഭവിക്കുന്ന‌ സമ‌യമാ‌യിരുന്നു‌ അത്‌.  എന്തു‌ചെയ്യണമെന്നാറിയാതെ‌ വിഷമിച്ചിരിക്കുമ്പോഴാണ്‌‌   കേരള‌ കൗമുദിയിൽ‌ ‌ലേഖകനായിരുന്ന‌ പി‌.അഹമദ്‌ ശരീഫ്‌‌ കോഴിക്കോട്‌ ചെറൂട്ടി‌ റോഡിലുള്ള‌ ഹിന്ദുസ്ഥാ‌ൻ‌ പബ്ലിക്കേഷൻ‌ എന്ന‌ സ്ഥാപനത്തിൽ‌  എനിക്കൊരു‌  ജോലി‌ ശരിയാക്കിത്തരു‌ന്നത്‌. അവിടെത്തന്നെ‌ താമസിച്ചുകൊണ്ട്‌ കോളേജിൽ‌ പോ‌കാനും‌ സൗകര്യമൊരുക്കിത്തന്നു‌. 


ഇക്കാലത്ത്‌ കാലികമായ‌ പല‌ വിഷയങ്ങളെക്കുറിച്ചും‌ ലേഖങ്ങളെഴുതാനും‌ എഡിറ്റ്‌ ചെയ്യാനും‌ ശരീഫ്‌ സാഹിബ്‌ എന്നെ‌ പ്രോൽസാഹിപ്പിക്കുകയും‌ പരിശീലനം‌ നൽകുകയും‌ ചെയ്തു‌.  അങ്ങനെ‌  പാളയം‌ ബസ്‌ സ്റ്റാന്റിൽ‌ വരിവരിയായി‌ തൂക്കിയിട്ടിരുന്ന‌ പല‌ പത്രങ്ങളുടേയും‌  ആഴ്ച്ചപ്പതിപ്പുകളുടേയും‌ പെട്ടികളിൽ‌ ഞാനെന്റെ‌ എഴുത്തുകൾ‌ കൊണ്ടുപോയി പോസ്റ്റ്‌ ചെയ്തു‌.  പല‌ ദിവസങ്ങളിലും‌  'പ്രതികരണം'‌ എന്ന‌ പംക്തിയിൽ‌ എന്റെ‌ പേരും‌ അച്ചടിച്ചുവരുന്നത്‌ കണ്ടപ്പോൾ‌  കൂടുതൽ‌ എഴുതാനും‌ വായിക്കാനും‌  ഞാൻ‌  സമയം‌ കണ്ടെത്തി‌. ആ‌ കാലത്ത്‌ പല‌ പ്രസിദ്ധീകരണങ്ങളിലും‌ കഥകളും‌  കവിതകളും‌ ലേഖനങ്ങളും‌ പ്രസിദ്ധീകച്ചു‌‌വന്നു‌. അതിനിടെ‌ ഒരു‌ ലേഖനം‌ തയ്യാറക്കുന്നതിന്റെ‌ ഭാഗമായി‌ എന്റെ‌  സഹപ്രവർത്തകനായിരുന്ന ഓമശ്ശേരിക്കാരൻ‌ കാസിം‌ എന്ന‌ സുഹൃത്തിന്റെ‌ കൂടെ‌  മലയാള‌ സാഹിത്യത്തിലെ‌ സുൽ‌ത്താൻ‌ വൈക്കം‌ മുഹമ്മദ്‌ ബഷീറിനെ‌ അദ്ധേഹത്തിന്റെ‌ വീട്ടിൽ‌ ചെന്ന്‌  കാണാനും‌ സംസാരിക്കാനും‌ കഴിഞ്ഞത്‌ മറക്കാനാവാത്ത‌ ഒരോർമ്മയാണ്‌‌.  


കോഴിക്കോട്‌ നിന്ന്‌ പ്രസിദ്ധീകരിച്ചിരുന്ന‌ 'വിവേകം'‌ വാരികയിൽ‌ ജോലിചെയ്യാനും‌  അക്കാലത്ത്‌  അവസരം‌ ലഭിച്ചു‌.   അന്ന്‌  തമിഴ്നാട്ടിലെ‌ ശിവകാശിയിൽ‌ നിന്നായിരുന്നു‌ പ്രസ്തുത‌ വാരിക‌ അച്ചടിച്ചിരുന്നത്‌. ആദ്യമൊക്കെ‌  ശിവകാശിയിൽ‌ പോകുമ്പോൾ‌ ശരീഫ്‌ സാഹിബ്‌ കൂടെ വന്നിരുന്നെങ്കിലും‌  പിന്നീട്‌ പലപ്പോഴും‌ സ്വന്തമായിത്തന്നെ‌ അവിടെ‌  പോകാനും‌ പ്രിന്റിങ്‌ സംബന്ധമായ‌ കാര്യങ്ങളെല്ലാം‌ ചെയ്യാനും‌ ഞാൻ‌ പരിശീലിച്ചു‌.   


ഇതിലൂടെയെല്ലാം‌ ലഭിച്ചിരുന്ന‌ വരുമാനം‌ കൊണ്ടായിരുന്നു‌ അന്ന്‌ ഞാൻ‌  പഠനം‌ മുന്നോട്ടുകൊണ്ടുപോയത്‌.  അങ്ങനെ‌ ഫാറൂഖ്‌ കോളേ‌ജിൽ‌ നിന്നും‌ സാമ്പത്തിക‌ ശാസ്ത്രത്തിൽ‌  ബിരുദം‌ നേടി‌. അതിനു‌ശേഷം‌  കോഴിക്കോട്‌ യൂണിവേഴ്‌സിറ്റിയിൽ‌ ഫിലോ‌സഫി വിഷയമായെടുത്ത്‌  പി‌.ജി‌. ക്ക്‌  ചേർന്നെങ്കിലും‌ സാമ്പത്തികപ്രയാസങ്ങൾ‌ കാരണം‌  പഠനം‌ തുടരാനായില്ല‌. ‌


പ്രീ‌‌ഡിഗ്രി‌ കാലഘ‌ട്ടത്തിൽ‌  ഏതാനും‌  നാടകങ്ങളെഴുതുകയും‌ അതിൽ‌ അഭിനയിക്കുകയും‌ ചെയ്തു‌കൊണ്ടായിരുന്നു‌ കലാരംഗത്തേക്ക്‌ പ്രവേശിച്ചത്‌. നാട്ടിലെ‌ ക്ലബ്ബുകളും‌ സുഹൃത്തുക്കളും‌ അതുപോലെ‌ ഇസ്ലാഹിയാ‌ കോളേ‌ജിലെ‌ പഠനവും‌   ഇത്തരം‌   കലാപ്രവർത്തനങ്ങൾക്ക്‌ അനുകൂലമായ‌ മണ്ണൊരുക്കിത്തന്നു‌.   ഇതിനിടയിൽ‌ കോഴിക്കോട്‌ വെച്ച്‌ നടന്ന‌ ഒരു‌ സമ്മേളന‌ വേദിയിൽ‌  ജോൺ‌ അബ്രഹാമിന്റെ‌  .... എന്ന‌ നാടകത്തിൽ‌ അഭിനയിക്കാൻ‌ അവസരം‌ ലഭിച്ചു‌. പ്രസ്തുത‌ നാടകം‌ അണിയിച്ചൊരുക്കി‌യത്‌‌ അബ്ബാസ്‌ കാളത്തോട്‌ എന്ന‌ സംവിധായകനായിരുന്നു‌.  ഇത്‌ അഭിനയരംഗ‌ത്തേക്ക്‌ അപകർഷതാബോധമില്ലാതെ‌ കടന്നുചെല്ലാൻ‌ എനിക്ക്‌ പ്രചോദനമായി‌. 1985‌ കാലഘട്ടത്തിൽ‌  കുറ്റ്യാ‌ടിയിലെ‌ ഒരു‌ കൂട്ടം‌ കലാകാരന്മാർ‌ നിർമ്മിക്കുന്ന‌  ഒരു‌ ടെലിസിനിമയിൽ‌  അഭിനയിക്കാൻ‌   ഇതിലൂടെ‌ അവ‌സരം‌ ലഭിച്ചെങ്കിലും‌ ആ‌ ചിത്രം‌ ഇടക്ക്‌ വെച്ച്‌ മുടങ്ങിപ്പോയി‌.


കുട്ടിക്കാലത്ത്‌ മനസ്സിൽ‌ തളിർത്തുതുടങ്ങിയ‌ കലയുടെ‌ കു‌ഞ്ഞുനാമ്പുകൾക്ക്‌   വളരാന‌വസരങ്ങളൊരുക്കിത്തരികയും‌‌,  അവയൊന്നും‌ വാടിപ്പോകാതെ‌ത്തന്നെ‌ പഠനം‌ മുന്നോട്ടുകൊണ്ടുപോകാൻ‌  എന്നെ‌ സഹായിക്കുകയും‌ ചെയ്ത‌  പരിചിതരും‌ അപരിചിതരുമായ‌ അനേകമാളുകളെ‌  നന്ദിയോടെ‌ ഓർത്തുവെക്കാനാണ്‌‌  ഇത്തരം‌  ചില‌ ഓർമ്മകളെങ്കിലും‌  ഇവിടെ‌ കുറിച്ചിടുന്നത്‌.   


1991‌ ലാണ്‌‌  ഖത്തറിലെ സൗദി‌ എംബസ്സിയിൽ‌ ഉദ്യോഗസ്ഥനായിരുന്ന‌ ശ്രീ‌. കെ‌.കെ‌ മുഹമ്മദ്‌ ഇസ്ലാഹിയുടെ‌ ശ്രമഫലമായി‌ ഒരു‌ വിസ‌ എന്റെ‌ മൂത്തമ്മയുടെ‌ മകനായ‌ ഇ‌.എൻ‌. അബ്ദുറഹ്‌‌മാൻ‌  മുഖേന‌ എന്നെ‌ തേടിയെത്തുന്നത്‌. ഏറെ‌ പ്രതീക്ഷകളുമായി‌ ഒരു‌ ജനുവരി മാസത്തിലെ‌ തണുത്ത‌ പ്രഭാതത്തിൽ‌ ബോംബെ എയർപോർട്ടിൽ‌ നിന്നും‌ ഞാൻ‌  പ്രവാ‌സത്തിലേക്ക്‌ വിമാനം‌ കയറി‌. 


എനിക്കും‌ കുടുംബത്തിനും‌ സാമ്പത്തികപ്രയാസങ്ങളിൽ‌ നിന്ന്‌ കരകയറാൻ‌ ഇതിലൂടെ‌ സാധിച്ചെങ്കിലും‌ വരണ്ടതും‌ മടുപ്പിക്കുന്നതുമായ‌ ‌ഗൾഫ്‌ ജീവിതം‌ ‌എന്റെ‌ എല്ലാ‌ സങ്കല്പങ്ങളേയും‌ മാറ്റി‌യെഴുതുകയായിരുന്നു‌.   രക്ഷപ്പെടാൻ‌  പഴുതില്ലാതെ‌ ആ‌ പ്രവാസജീവിതത്തിന്‌‌ ഞാൻ‌ പൂർണ്ണമായും‌  കീഴടങ്ങി‌.  ക്രമേണ‌  ജീവനുള്ള‌ ഒരു‌ യന്ത്രമായി‌ ഞാൻ‌ രൂപാന്തരപ്പെട്ടു‌. ഒന്നര‌ പതിറ്റാണ്ടിന്റെ‌ പ്രവാസ‌ ജീവിതത്തിനിടയിൽ‌ എന്നെ‌ കട‌ന്നുപോയ‌ അനേകം‌ അനുഭങ്ങളേയും‌ ജീവിതങ്ങളെയും‌  അക്ഷര‌ങ്ങളിലേക്ക്‌ പകർത്തിയിടുകയെന്നതാണ്‌‌  എന്റെ‌ അടുത്ത‌ ശ്രമം‌.   


‌തിരക്കുപിടിച്ചതും‌ ആവർത്തനവിരസവുമായ‌ ഗൾഫ്‌ ജീവിതത്തിനിടയിൽ‌  സർഗ്ഗപ്രവർത്ത‌ന‌ങ്ങളെക്കുറിച്ചൊന്നും‌ ചിന്തിക്കാൻ‌ സമയം‌ കിട്ടിയിരുന്നില്ല‌. എങ്കിലും‌ പ്രവാസത്തിന്റെ‌ അവസാന‌ വർഷങ്ങളിൽ‌  കലാമേഖലയുമായി  അല്പമെങ്കിലും‌ ഇടപഴകാൻ‌  ചില ഗൾഫ്‌  സൗഹൃദങ്ങൾ‌ എനിക്ക്‌ പ്രചോദനമായിട്ടുണ്ട്‌‌. 


പ്രശസ്ത‌  എഴുത്തുകാരനും‌ ഖത്തറിലെ‌ ഗൾഫ്‌ ടൈംസ്‌ പത്രത്തിലെ‌ ലേഖകനുമായിരുന്ന‌  സി‌.പി‌.‌ രവീന്ദ്രൻ‌‌, ‌ഖത്തറിലെ‌ കലാ‌ സാംസ്കാരിക‌ മേഖലയിൽ‌ നിറഞ്ഞുനിന്നിരുന്ന‌ എസ്‌.‌ എ‌.എം‌. ബഷീർ‌,  ഞാൻ‌ ജോലിചെയ്തിരുന്ന‌ സ്ഥാപ‌നത്തിലെ‌  മാനേജർ‌ കരിയാമത്ത്‌ സിദ്ദീഖ്‌‌, മാധ്യമം‌  ലേഖകനയിരുന്ന‌ സുബൈർ‌ കുന്ദ‌മഗലം‌  എന്നിവർക്കൊപ്പം‌  മനസ്സിൽ‌ ഓർമ്മിച്ചുവെക്കുന്ന‌ മറ്റനേകം‌  മുഖങ്ങളുമുണ്ട്‌.  അവരുടെയെല്ലാം‌ പ്രോൽസാഹനം‌ കൊണ്ട്‌   അ‌ക്കാലത്ത്‌ ഖത്തറിൽ‌ നടക്കുന്ന‌ പല‌ കലാമൽസരങ്ങളിലും‌ പങ്കെടുക്കാൻ‌ എനിക്കവസരം‌  ലഭിച്ചു‌.  


ഗൾഫിലായിരിക്കുമ്പോൾ‌ കടമ്മനിട്ട‌ രാ‌മകൃഷ്ണൻ‌‌, അയ്യപ്പപ്പണിക്കർ‌ തുടങ്ങിയ‌ പ്രശസ്ത‌രായ‌ കവികളിൽനിന്ന്‌ മികച്ച‌ കവിതകൾക്കുള്ള‌  പുരസ്കാരങ്ങൽ‌ ‌സ്വീകരിക്കാൻ‌ അവസരമുണ്ടായി‌.‌ ഒരിക്കൽ‌ എൻ‌.പി‌. ഹാഫിസ്‌ മുഹമ്മദ്‌ പങ്കെടുത്ത‌ ഒരു‌ പരിപാടിയിൽ‌ പ്രവാസത്തെക്കുറിച്ചുള്ള‌  ഒരു‌ കവിത‌ അവതരിപ്പിച്ചുകഴിഞ്ഞപ്പോൾ‌ അദ്ദേഹം‌ ആ‌ കവിതയുടെ‌ കോപ്പി‌ എന്നിൽ‌ നിന്ന്‌ ചോദിച്ചു‌വാങ്ങുകയും‌ പിന്നീട്‌ അത്‌ ഒരു‌ പ്രസിദ്ധീകരണത്തിൽ‌ അച്ചടിച്ചുവന്നത്‌  എനിക്കയച്ചുതരികയും‌ ചെയ്തത്‌ മറക്കാനാവാത്ത‌ ഒരു‌ അനുഭവമാണ്‌‌. 'പ്രവാസക്കവിതകൾ‌'‌ എന്ന‌ പേരിൽ‌ ഇവയെല്ലാം‌ പ്രസിദ്ധീകരിക്കാൻ‌ ആഗ്രഹമുണ്ട്‌. 


1995‌ കാലഘട്ടത്തിൽ‌  ഖത്ത‌റിലെ‌  ജീവിതത്തിനിടയിൽ‌  വീഡിയോഗ്രാഫിയിൽ‌  പരിശീലം‌ നേടുകയും‌,  വീഡിയോ‌ ക്യാമറയും‌ എഡിറ്റിംഗ്‌ സംവിധാനങ്ങളും‌ സ്വന്തമാക്കുകയും‌,  ഒഴിവു‌‌സമയങ്ങളിൽ‌  താമസസ്ഥലത്തും‌ പരിസരങ്ങളിൽ‌ വെച്ച്‌   കൊച്ചുകൊച്ചു‌ സ്കിറ്റുകൾ‌ ഷൂട്ട്‌ ചെയ്ത്‌  ‌അത്‌  വി‌.സി‌.ആർ‌ കാസ്സറ്റുകളിലാക്കി‌ കൂട്ടുകാർക്ക്‌ കാണിച്ചുകൊടുക്കുകയും‌ ചെയ്തിരുന്നത്‌  ഗൾഫിലെ‌ കലാജീവിതത്തിൽ‌ ഒരിക്കലും‌ മറ‌ക്കാനാവാത്ത‌ ഓർമ്മകളാണ്‌‌. കൂടെ‌ ജോലിചെയ്തിരുന്ന‌ ചാവക്കാട്ടുകാരനായ‌  ജലീലും‌ മാഹിക്കാരനായ‌ യൂസുഫ്ക്കയുമെല്ലാം‌  കഥയെഴുതാനും‌ അഭിനയിക്കാനുമൊക്കെ‌യായി‌  എപ്പോഴും‌ കൂടെയുണ്ടാകുമായിരുന്നു‌.‌ പക്ഷെ‌ ഗൾഫിലെ‌ തിരക്കുകളും‌ മറ്റു‌ മാനസികസംഘർഷങ്ങളും‌ മൂലം‌  ഇത്‌ മുന്നോട്ടുകൊണ്ടുപോകാനായില്ല‌. 


അപ്പോഴും‌ ‌ കാർട്ടൂൺ‌ ചിത്രകലയോടുള്ള‌ താൽ‌‌പര്യം‌ നഷ്ട‌പ്പെടാതെ‌ മനസ്സിൽ‌ കൊണ്ടുനടന്നു‌.


ഖത്തറിലെ‌ ഗൾഫ്‌ ടൈംസ്‌,‌ പെനിൻസുല‌‌ എന്നീ‌ ഇംഗ്ലീഷ്‌ പത്രങ്ങളിലും‌  മാധ്യമം‌‌, മലയാളം‌ ന്യൂസ്‌, തുടങ്ങിയ‌ പ്രസിദ്ധീ‌കരണങ്ങളിലും‌ സ്ഥിരമായി‌ കാർട്ടൂണുകൾ‌ വരച്ചു‌.  ഖത്തറിലെ‌ പ്രശസ്ത‌ ഇംഗ്ലീഷ്‌ ദിനപ്പത്രമായ‌‌ 'പെനിൻസുല'‌യിൽ  സ്റ്റാഫ്‌ കാർട്ടൂണിസ്റ്റായി‌ ജോലി‌ ചെയ്യാൻ‌ ഇതിലൂടെ‌ അവസരം‌ ലഭിച്ചു‌.  


ഇക്കാലത്ത്‌ ഖത്തറിൽ‌ വെച്ച്‌ നടന്ന‌ മൂന്നുദിവസം‌ നീണ്ടുനിന്ന‌  കാർട്ടൂൺ‌ എക്സിബിഷനിൽ‌  കാർ‌ട്ടൂ‌ണുകളെല്ലാം‌  പ്രദർശിപ്പിക്കാൻ‌ അവസരമുണ്ടായി‌.  കാർട്ടൂണിസ്റ്റ്‌  സദാനന്ദ‌ൻ‌, പി‌. കുഞ്ഞി‌രാമൻ‌ എന്നിവരുമായുള്ള‌ പരിചയം‌ ഇതിന്‌‌ സഹായകമായി‌. കാർ‌ട്ടൂ‌ണിസ്റ്റുകളായ‌ ബി‌.എം‌ ഗഫൂർ‌‌, യേശുദാസൻ‌‌, മലയള‌ സിനിമയിലെ‌ ഹാസ്യതാരം‌   ജഗതി‌ ശ്രീ‌കുമാർ‌ എന്നിവർ‌ ഈ‌ പരിപാടിയിലെ‌ മുഖ്യാ‌തിഥി‌കളായിരുന്നു‌. 


സമൂഹബോധവൽക്കരണത്തിന്‌‌ കാർട്ടൂൺ‌ ചിത്രങ്ങൾ‌ നല്ലൊരു‌ മാധ്യമമാണെന്ന്‌ തിരിച്ചറിഞ്ഞതിനാൽ‌  നാട്ടിൽ‌ വരുമ്പോഴൊക്കെ‌ ഇതിന്റെ‌ സാധ്യതകൾ‌ ഉപയോഗപ്പെടുത്താൻ‌ ശ്രമിച്ചിരുന്നു‌. 1987‌ ൽ‌  ഞങ്ങടെ‌ ഗ്രാമത്തിൽ‌ രൂപീകരിച്ചിരുന്ന‌ 'സംഗമം'‌ എന്ന‌ ക്ലബ്ബിന്റേ‌യും‌ അതിന്‌‌ നേതൃത്വം‌ നൽകിയിരുന്ന‌ അടുത്ത‌ സുഹൃത്ത്‌ കൂടിയായിരുന്ന‌  പി‌.കെ‌‌. ഫൈസലിന്റെ‌യും‌  നേതൃത്വത്തിൽ‌ അക്കാലത്ത്‌  പുഴമലിനീകരണത്തിനെതിരേയും‌  എയ്ഡ്സ്‌ ബോധവൽക്കരണത്തിനും‌  പല‌ സ്ഥലങ്ങളിലായി‌ കാർട്ടൂൺ‌ പ്രദർശ‌നങ്ങൾ‌ നടത്തി‌. മാവൂർ‌ ഗ്വാളിയോറയൺസിൽ‌ നിന്നുള്ള‌  മലിനീകരണത്തിനേതിരെ‌ നട‌ത്തിയ‌ കാർട്ടൂൺ‌ പ്രദർശ‌നങ്ങൾ‌ ഇവയിൽ‌ പ്രധാനപ്പെട്ടതാണ്‌‌.  


1998‌ കാലഘട്ടത്തിലാണ്‌‌  സലാം‌ കൊടിയത്തൂർ‌ ‌തുടങ്ങിവെച്ച‌ ഹോം‌ സിനിമാ‌ പ്രവർത്തനങ്ങളുമായി‌ സഹകരിക്കുന്നത്‌.  2002‌ ൽ‌ ‌ഖത്തറിൽ‌ ജോലി‌ ചെയ്തുകൊണ്ടിരിക്കുമ്പോൾ‌  ഗൾഫുകാരുടെ‌ ജീവിതം‌ പ്രമേയമാക്കി‌ അന്നെ‌ഴുതിയ‌ ഒരു‌ കഥ‌യാണ്‌‌ പിന്നീട്‌  ''‌‌പരേതൻ‌ തിരിച്ചുവരുന്നു‌‌''‌ എന്ന‌ പേരിൽ‌ ഹോം‌  സിനിമയായത്‌. അതിന്റെ‌ നിർമാ‌ണം‌ നിർവ്വഹിക്കാനും‌   അതിലൊരു‌  കഥാപാത്രത്തെ‌ അവതരിപ്പിക്കാനും‌ അവസരം‌ ലഭിച്ചു‌. ഈ‌ ഹോം‌ സിനിമയുടെ‌  തിരക്കഥയും‌ സംവിധാനവും‌ നിർവ്വഹിച്ചത്‌ സഹോദരൻ‌ കൂടിയായ‌ സലാം‌ കൊടിയത്തൂരായിരുന്നു‌. ‌ഗൾഫിൽ‌ വെച്ച്‌ ആദ്യമായി‌ ചിത്രീകരിച്ചിരുന്ന‌ ഹോം‌ സിനിമയായിരുന്നു‌ ഇത്‌. അതിനാൽ‌ത്തന്നെ‌  ഖത്തറിൽ‌ ഇതിന്റെ‌ ചിത്രീകരണത്തിനാവശ്യമായ‌ ഒരു‌ സാഹചര്യമൊരുക്കാ‌ൻ‌ ഏറെ‌ പ്രയാസപ്പെട്ടിട്ടുണ്ട്‌. എങ്കിലും‌ നാട്ടുകാരായ‌ പല‌ സുഹൃത്തുക്കളുടേയും‌‌, എ‌.വി‌.എം‌.ഉണ്ണി‌‌, ബന്ന‌ ചേന്ദമഗല്ലൂർ‌, എം‌.കെ‌ അഷ്‌‌റഫ്‌  തുടങ്ങിയ‌ പല‌ കലാകരന്മാരുടേയും‌ സഹായ‌ സഹകരണങ്ങൾ‌ കൊണ്ട്‌  ഗൾഫ്‌ ചിത്രീക‌രണം‌ ഭംഗിയായി‌ പൂർത്തീകരിക്കാനായത്‌ നന്ദിയോടെ‌ ഓർമി‌‌ക്കുന്നു‌. 


2010‌ ൽ‌  എഴുതിയ‌ മറ്റൊരു‌ ചെറുകഥ‌ കൊടിയത്തൂർ‌ ഗ്രാമ‌ പഞ്ചായത്ത്‌   '‌ഒറ്റച്ചിറകുള്ള‌ പക്ഷി‌'‌ എന്ന‌ പേരിൽ‌ വിദ്യാഭ്യാസ‌  ചലച്ചിത്രമാക്കുകയും‌  അതിന്‌‌ സംസ്ഥാന‌  അവാർഡ്‌‌  ലഭിക്കുകയും‌ ചെയ്തു‌. 


ഇതിനിടയിൽ‌ സർക്കാർ‌ സർവ്വീസിൽ‌  ജോലി‌ ലഭിച്ചതിനെത്തുടർന്ന്‌ 2004‌ ൽ‌ ഗ‌ൾഫ്‌ ജീവിതം‌ അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ മടങ്ങി‌. ആ‌ കാലത്താണ്‌‌ ആനിമേഷ‌ൻ‌ ചിത്രനിർമാ‌ണത്തെക്കുറിച്ച്‌  ‌കേൾക്കുന്നത്‌.  കേരളത്തിൽ‌  ആനിമേഷ‌ൻ‌ സിനിമകൾക്ക്‌  അന്നൊന്നും‌ അത്ര‌ പ്രചാരമുണ്ടയിരുന്നില്ല‌‌.  എങ്കിലും‌ ചിത്ര‌‌കലയിലുള്ള‌ അഭിരുചിയും‌ അഭിനയകലയോടുള്ള‌ താല്പര്യവും‌ ആനിമേഷൻ‌ ചിത്രങ്ങളിലേക്ക്‌ കടന്നുചെല്ലാൻ‌ എന്നെ‌ നിർബ്ബന്ധിച്ചു‌. 


അങ്ങനെ‌ നാൽ‌പ‌ത്തേഴാം‌ വയസ്സിൽ‌ സർക്കാർ‌ ജോലിയിൽ‌ നിന്നും‌   ‌അവധിയെടുത്ത്‌ ആനിമേഷൻ‌ പഠിക്കാനായി‌   കോഴിക്കോട്ടെ‌ ബി‌.എം‌.ജി‌. അക്കാദ‌മിയിൽ‌  ചേർന്നു‌.  ബി‌.എം‌ ഗഫൂറിന്റെ‌ മക്കളായ‌ തൻവീർ‌ ഗഫൂർ‌, തജ്മൽ‌ ഗഫൂർ‌ എന്നിവർ‌ ചേർന്ന്‌ നടത്തുന്ന‌ പ്രസ്തുത‌ സ്ഥാപനത്തിലെത്തിയത്‌ ജീവിതത്തിലെ‌ വലിയൊരു‌ വഴിത്തിരിവായിരുന്നു‌. പഠനത്തിനു‌ ശേഷം‌  കുറച്ചുകാലം‌ ബി‌.എം‌. ജി‌.യുമായി‌ സഹകരിച്ച്‌  ഫാറൂഖ്‌ കോളേജിൽ‌ തുടങ്ങിയിരുന്ന‌ മൾട്ടി‌ മീഡിയ‌ ഫാക്വ‌ൽറ്റിയിൽ‌  ആനിമേഷൻ‌  ഇൻസ്ട്ര‌ക്ടറായി‌  ജോലി‌ ചെയ്തു‌. അന്ന്‌ പ്രശസ്ത‌  ചിത്രകാരനായിരുന്ന‌ ഷാബി‌ കരുവാറ്റ‌യുടെയും‌  ദേശാഭിമാനി‌ കാർട്ടൂ‌ണിസ്റ്റായിരുന്ന‌ ഹമീദ്‌ സാറിന്റേയും‌ ശിഷ്യത്വം‌ ആനിമേഷൻ‌ ചിത്രകല ശാസ്ത്രീയമായി‌ അഭ്യസിക്കുന്നതിന്‌‌ ഏറെ‌ സഹായകമായി‌.


‌ബി‌.എം‌.ജി‌. യിലായിരുന്ന‌  കാലത്താണ്‌‌ അന്നവിടെ‌  പഠിച്ചിരുന്ന‌  അമീൻ‌ വേങ്ങരയുമായി‌  അടുത്തറിയുന്നത്‌.  കുട്ടികൾക്കായി‌  മലയാളത്തിൽ‌ ആനിമേഷൻ‌ ചിത്രങ്ങൾ‌ തീരെ‌ ഇല്ലാതിരുന്ന‌ ആ‌ കാലമയിരുന്നു‌ അത്‌. 


ഈ‌ സമയത്താണ്‌‌ അനിയൻ‌ സലാം‌  കൊടിയത്തൂർ‌ ഒരു‌ കഥ‌യുമായി‌ വന്ന്‌  ''‌‌ഇത്‌ കാർട്ടൂൺ‌ സിനിമയാക്കാൻ‌ പറ്റുമോ..?''‌ എന്ന്‌ ചോദിക്കുന്നത്‌. സലാം‌ എഴുതിയ‌ ഒരു‌ നാട‌കത്തിന്റെ‌ കഥയായിരുന്നു‌ അത്‌. അതിലെ‌ കഥാ‌പാത്രങ്ങളധികവും‌ മൃഗങ്ങളായിരുന്നു‌. 


ചിത്ര‌‌കലയിലും‌ ആനിമേഷൻ‌ സാങ്കേതിക‌‌വിദ്യയിലും‌ അതിസമർത്ഥനായിരുന്ന‌  അമീൻ‌ വേങ്ങരയുടെ‌  ടാലന്റിലുള്ള‌ വിശ്വാസമായിരുന്നു‌ ആ‌ പ്രൊജ‌ക്‍റ്റുമായി‌ മുന്നോട്ടുപോകാൻ‌ എനിക്ക്‌ ധൈര്യം‌ നൽകിയത്‌.  അങ്ങനെ  ഞങ്ങൾ‌ രണ്ടുപേരും‌ ചേർന്ന്‌  ആദ്യ‌ ആനിമേഷൻ‌ ചിത്രത്തിന്‌‌  സ്റ്റോറിബോർഡ്‌ തയ്യാറാക്കി‌. ഒരു‌ വർഷത്തെ‌ നിരന്തരമായ‌ പരിശ്രമത്തിനൊടുവിൽ‌ ചിത്രം‌ പൂർത്തിയായി‌. 


ഈ‌ ചിത്രത്തിന്‌‌  പ്രേക്ഷകരിൽ‌ നിന്നും‌ ലഭിച്ച‌ വൻ‌ സ്വീകാര്യത‌യാണ്‌‌ 'കാരറ്റ്‌ ക്രിയേഷൻ‌'‌ എന്ന‌ പേരിൽ‌ ഒരു‌ ആനിമേഷൻ‌ സ്റ്റുഡിയോ‌ സ്ഥാപിക്കാനും‌  കാർട്ടൂൺ‌  ചിത്ര‌‌നിർമ്മാണവുമായി‌ മുന്നോട്ട്‌ പോകാനും‌ ഞങ്ങൾക്ക്‌ പ്രചോദനമായത്‌.  ‌ തുടർന്ന്‌  ‌മലയാളം‌, ഉർദു‌, ഇംഗ്ലീഷ‌, തമിൾ‌ ഭാഷകളിലായി‌ ധാരാളം‌  ആനിമേഷൻ‌ ചിത്രങ്ങൾ‌ നിർമ്മിച്ചു‌. അതിൽ‌ കുട്ടാപ്പി‌‌, മരുപ്പച്ച‌, പൂമ്പാറ്റ‌, എന്നീ‌ ചിത്രങ്ങൾ‌‌ക്ക്‌ കേരള‌ വിദ്യാ‌ഭ്യാസ‌ വകുപ്പിൽ‌ നിന്നും‌  സംസ്ഥന‌ അവാർഡുകൾ‌ ലഭിക്കുകയുണ്ടായി‌.  രഹസ്യങ്ങളുടെ‌ താഴ്‌‌വര‌‌, നമയുടെ‌ പൂക്കൾ‌ എന്നീ‌ ചിത്രങ്ങൾ‌ക്ക്‌  ഏറെ‌  പ്രേക്ഷകരുണ്ടായി‌.  രഹസ്യങ്ങളുടെ‌ താഴ്‌‌വര‌‌ എന്ന‌ ആനിമേഷൻ‌ സീരീസ്‌  അറേബ്യൻ‌ ബുക്ക്‌ ഓഫ്‌ വേൾഡ്‌ റിക്കോഡ്‌സിൽ‌ ഇടം‌ പിടിച്ചു‌. കോവിഡിനെതിരെയുള്ള‌ ബോധവൽക്കരണ‌ത്തിന്‌‌ കേരള‌ പോലീസ്‌ വകുപ്പിൽ‌ നിന്നും‌,  യൂണിസെഫും‌ കേരള‌ വിദ്യാ‌ഭ്യാസ‌ വകുപ്പും‌ ചേർന്ന്‌ നടത്തിയ‌ ഫിലിം‌ ഫെസ്റ്റിവലിൽ‌  ഹൃസ്വ‌ചിത്രങ്ങൾക്കും‌  'കാരറ്റ്‌ ക്രിയേഷനി'‌ലെ‌ കലാകാരന്മാർക്ക്‌  സം‌സ്ഥാന‌ അവാർഡുകൾ‌  ലഭിക്കുകയുണ്ടായി‌.  ഇന്ന്‌  വിവിധ‌ മേഖലയിൽ‌ കഴിവു‌ തെളിയിച്ച‌ നിരവധി‌ കലാകാരന്മാർ‌ ജോലി‌ ചെയ്യുന്ന‌  സ്ഥാപനമാണ്‌‌ കേരറ്റ്‌ ഫിലിം‌  അക്കാദമി‌. ഇതെല്ലാം‌ കലാ‌ ജീവിതത്തിലെ‌ വലിയ‌ നേട്ടങ്ങളായി‌ ഞാനിന്നും‌ മനസ്സിൽ‌ സൂക്ഷിക്കുന്നു‌.  


അവധി‌ കഴിഞ്ഞ്‌ വീണ്ടും‌ സർക്കാർ‌ ജോലിയിൽ‌ പ്രവേശിക്കുകയും‌  201‌9‌ ൽ‌ കേരള‌ ആരോഗ്യ‌ വകുപ്പിൽ‌ നിന്ന്‌ ഹെൽത്ത്‌ ഇൻസ്പെക്ക്ടറായി‌ വിരമിക്കുകയും‌ ചെയ്ത‌ ശേഷം‌ മുഴുവൻ‌ സമയവും‌ കേരറ്റ്‌ ഫിലിൽ‌ അക്കാദമി‌യിൽ‌ സഹപ്രവർത്തകരോടൊപ്പം‌  പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്‌‌.  


‌ഓരോരുത്തരുടേയും‌ ഓർമകൾ‌  മൗന‌‌ലിപികളായി‌ അവരവരുടെ‌  മനസ്സുകളിലെവിടെയോ‌    കൊത്തിവെക്കപ്പെട്ടിരിക്കുന്നു‌.  എനിക്കുമാത്രം‌ വായിക്കാവുന്ന‌ എന്റെ‌യോർ‌മകളും‌ മനസ്സിലങ്ങനെ‌ ഉറഞ്ഞു‌കിടക്കുകയായിരുന്നു‌ ഇത്രയും‌ കാലം‌‌. ‌


ഈ‌ ഭൂമിയിലൂടെ‌ കടന്നുപോകുന്ന‌ ഒരു‌ മനുഷ്യനെന്ന‌‌നിലക്ക്‌ ചില‌ ഓർമകളെങ്കിലും‌  ഇവിടെ‌ പകർത്തിവെക്കാതിരിക്കുന്നത്‌ അപരാധമായിരിക്കും‌. അതാണിവിടെ‌ നിർവ്വഹിക്കുന്നത്‌.  ഇനിയെല്ലാം‌ വായനക്കാരന്‌‌ വിടുന്നു‌. 


ഈ‌ ‌കഥയും‌ എന്റെ‌ ജീവിതവും‌ ഒന്നു‌തന്നെയാണ്‌‌.  ‌  


ഓരോ‌ രാവിലേക്കും‌ പകലിലേക്കും‌ ദിനങ്ങൾ‌  ഇരുണ്ടു‌വെളുക്കുമ്പോൾ‌  ജീവിതത്തെ‌  തീവ്രമായി‌  പ്രണയിച്ചുകൊണ്ട്‌  ഈ‌ വഴിയോരത്ത്‌ ഞാനുണ്ട്‌.  ആദ്യ‌‌പകുതി‌ ‌പിന്നിട്ട‌  ഈ‌ ജീവിതനാടകത്തിന്റെ‌ കഥാന്ത്യം‌ എങ്ങെനെയായിരിക്കുമെന്നറിയാൻ‌ കണ്ണുകൾ‌ തുറന്നുപിടിച്ച്‌  ആകാംക്ഷയോടെ‌‌‌ ‌ഇന്നും‌  കാത്തിരിക്കുന്നു‌.    


- റസാഖ്‌ വഴിയോരം‌ ‌-  2.2.22

...................................................

No comments:

Post a Comment