അയാൾ അത്ര സമ്പന്നനായിരുന്നില്ല. അതുകൊണ്ടായിരിക്കാം ഒരു ദരിദ്ര കുടുംബത്തിലെ പെൺകുട്ടിയെത്തന്നെ അയാൾ വിവാഹം ചെയ്തത്. അവൾക്ക് വിദ്യാഭ്യാസം കുറവായിരുന്നു, സൗന്ദര്യവും. എങ്കിലും അവരുടെ ദാമ്പത്യജീവിതം സുന്ദരമായിരുന്നു.
അതിനിടയിലാണ് നല്ലൊരു ജോലി ശരിപ്പെടുത്തി അയാൾ വിദേശത്തേക്ക് പോകുന്നത്.
വർഷങ്ങൾ കടന്നുപോകവെ അയാൾ ധാരാളം പണവും സൗകര്യങ്ങളും സ്വന്തമാക്കി. സ്വാഭാവികമായും അയാളുടെ ചിന്താഗതികളിലും ക്രമേണ മാറ്റങ്ങൾ വന്നുതുടങ്ങി.
ഇതിനിടയിൽ എന്തുകൊണ്ടോ അയാൾ ഭാര്യയോട് മാനസികമായി ഒരകലം പാലിക്കാൻ തുടങ്ങിയിരുന്നു. അവളെ ഫോണിൽ വിളിക്കാനോ സംസാരിക്കാനോ അയാൾ സമയം കണ്ടെത്തിയില്ല. ഇടക്ക് നാട്ടിലേക്ക് വരാനോ അവളെ ഗൾഫിലേക്ക് കൊണ്ടുപോകാനോ അയാൾ ശ്രമിച്ചതുമില്ല.
ഒരു ദിവസം ധൃതിപ്പെട്ട് ഓഫീസിലേക്ക് പോകാനിറങ്ങവെ ഫ്ലാറ്റിന്റെ കോണിപ്പടിയിൽ നിന്ന് അയാൾ കാൽ തെറ്റി താഴെ വീണു. തലക്ക് സാരമായ ക്ഷതമേറ്റു. പെട്ടന്ന് കൂട്ടുകാർ അയാളെ ഹോസ്പിറ്റലിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നതിനാൽ അയാൾക്ക് ദിവസങ്ങളോളം ഹോസ്പിറ്റലിൽ കഴിയേണ്ടിവന്നു.
മാസങ്ങൾക്കുശേഷം ശരീരത്തിന്റെ ഒരു ഭാഗം തളർന്നുപോയ അവസ്ഥയിൽ സുഹൃത്തുക്കൾ അയാളെ നാട്ടിലേക്കെത്തിച്ചു. പ്രാഥമിക ആവശ്യങ്ങൾക്കുപോലും പരസഹായം ആവശ്യമുണ്ടായിരുന്ന അയാളെ സ്വീകരിക്കാനും പരിചരിക്കാനും അയാളുടെ ഭാര്യ മാത്രമാണുണ്ടായിരുന്നത്.
ഒരു സാന്നിധ്യമായി, സാന്ത്വനമായി അവൾ എപ്പോഴും ഭർത്താവിന്റെ കൂടെ നിന്നുകൊണ്ട് അയാളെ സ്നേഹത്തോടെ പരിചരിച്ചു. കൊതിച്ചിരുന്ന കാലത്ത് അവൾക്ക് സ്നേഹവും പരിഗണയും നൽകാതിരുന്നതിലുള്ള കുറ്റബോധം അയാളുടെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടായിരുന്നു.
പലപ്പോഴും നമ്മുടെ കണക്കുകൂട്ടലുകൾ ശരിയായി വരണമെന്നില്ല.
നാളെ ആരൊക്കെ ആർക്കെല്ലാം ഉപകാരപ്പെടുമെന്ന് പ്രവചിക്കാനുമാവില്ല. ഇന്ന് നമ്മുടെ കാര്യങ്ങളെല്ലാം വളരെ ഭദ്രമായിരിക്കാം. എങ്കിലും ശരീരം കൊണ്ടും മനസ്സ് കൊണ്ടും ഒരിക്കൽ നമ്മൾ തളർന്നുപോവുകയാണെങ്കിൽ ഹൃദയം കൊണ്ട് നമ്മെ ചേർത്തുപിടിക്കുന്ന ആരുടേയോ ഒരു സാന്നിധ്യം നമുക്കാവശ്യമായി വരും. അകലാതെ നമ്മെ അണച്ചുപിടിക്കുന്ന ചില ആത്മബന്ധങ്ങളെ നമ്മൾ ആഗ്രഹിച്ചുപോകും. മുൻവിധികളില്ലാതെ പങ്കുവെക്കപ്പെടുന്ന സ്നേഹപരിഗണനയിലൂടെ മാത്രമേ അത്തരം ഹൃദയബന്ധങ്ങൾ വളർന്നുവരികയുള്ളൂ.
എത്ര കരുതിയാലും ചിലപ്പോൾ നമ്മുടെ ജീവിതം കീഴ്മേൽ മറിയാൻ ഒരു നിമിഷത്തിന്റെ പത്തിലൊരംശം മതി. നമ്മുടെ സൗന്ദര്യം എന്നെന്നേക്കുമായി നഷ്ടപ്പെടാൻ അവിചാരിതമായി നമ്മെ തേടിയെത്തുന്ന ചെറിയൊരപകടം മതി.
സ്വന്തം സമ്പാദ്യങ്ങളെല്ലാം തീർന്നുപോകാൻ അറിയാതെ കടന്നുവരുന്ന ഏതെങ്കിലുമൊരു രോഗം മതി.
അതിനാൽ നഷ്ടപ്പെടുന്നതിനുമുമ്പ് നമുക്ക് ലഭിച്ച ഓരോന്നും എത്ര വിലപ്പെട്ടതാണെന്ന് തിരിച്ചറിയുക.
..............................................
റസാഖ് വഴിയോരം 9.12.21
No comments:
Post a Comment