Sunday, January 30, 2022
അദ്ധ്യായം :- 09 ജനിമൃതികളുടെ പൊരുളറിയാതെ..!
അദ്ധ്യായം :- 09
ജനിമൃതികളുടെ പൊരുളറിയാതെ..!
........................................................................................
സ്വന്തമായി കണ്ടെത്തിയ വഴിയിലൂടെയാണ് പുഴയൊഴുകുന്നത്.
പുഴയും കാലവും ഒരുപോലെയാണ്, പിന്നോട്ടേക്കൊഴുകാന്‍ കഴിയാത്ത നിസ്സഹായ പ്രതിഭാസങ്ങള്‍!
ഒരിക്കല്‍ ഒഴുക്കിലലിഞ്ഞ് വിസ്മൃതിയുടെ ഇരുളിലൊടുങ്ങും മുമ്പ് കാലപ്രവാഹത്തിനു കരയിലിരുന്ന് സ്വച്ഛസ്മൃതികളുടെ ഒഴുക്ക് കാണുകയാണ് ഞാന്‍!
ഒരു മഴക്കാലപ്പുലരിയില്‍ അനാഥാലയത്തിലെ മറ്റു കുട്ടികളോടൊപ്പം കുളിക്കാനായി
ഞാനും പൂളക്കടവ് പുഴക്കരയിലെത്തി. ചുവന്നുകലങ്ങിയ വെള്ളത്തിന് നല്ല ഒഴുക്കുണ്ടായിരുന്നു.
''തൊനെ ദൂര്‌ത്തേക്കൊന്നും നീന്തര്‌ത്'' വാര്‍ഡന്‍ എല്ലാവരോടുമായി വിളിച്ചുപറഞ്ഞു.
പുഴവക്കത്തെ ചെരിഞ്ഞ കരിങ്കല്‍ഭിത്തിക്കു മുകളിലിരുന്ന് ഞങ്ങള്‍ കുറച്ചുസമയം താഴോട്ടുനോക്കിനിന്നു. ഞങ്ങൾ അലക്കാറുണ്ടായിരുന്ന വലിയ കരിങ്കല്ലുകള്‍ കലങ്ങിയ വെള്ളത്തില്‍ മുങ്ങി കാണാതായിരിക്കുന്നു.
എന്റെ ഓര്‍മ്മയിലേക്ക് സൈതലവി നീന്തിവന്നു. കാലിട്ടടിച്ച് വെള്ളം തെറിപ്പിച്ചുകൊണ്ട് അവൻ എന്നെ നോക്കി വിളിച്ചുപറഞ്ഞു:
''വാ.. നമുക്കിവിടെയിരുന്ന് കുറച്ചുസമയം മീനുകൾ നീന്തിക്കളിക്കുന്നത് നോക്കിയിരിക്കാം..''
പിന്നെയവൻ ഒന്നും പറയാതെ നീന്തി നീന്തി വെള്ളത്തിനടിയിലേക്ക് അപ്രത്യക്ഷനായി. അവനുണ്ടായിരുന്നപ്പോൾ അവിടെയിരുന്നായിരുന്നു ഞങ്ങൾ മീനുകളെ നോക്കിയിരുന്നത്, അൽക്കിയിരുന്നത്, നീന്തിക്കളിച്ചിരുന്നത്..
''ഞാനിന്ന് കുളിക്കിണ്‌ല്ല, ചെറ്യ പനിള്ളപോലെ..''
ഷെബീറലിയുടെ ശബ്ദം എന്നെ ഓർമ്മകളിൽ നിന്നുമുണർത്തി. പിന്നെ ഞങ്ങൾ രണ്ടുപേരും പുഴക്കു കുറുകെയുള്ള നടപ്പാലത്തിനു മുകളിലേക്ക് നടന്നു. കുറേ സമയം പുഴയുടെ ശക്തമായ ഒഴുക്കിലേക്ക് നോക്കിയിരുന്നു. മഴക്കാലത്ത് പാലത്തിനടിയിലെ കരിങ്കല്‍ ഭിത്തിക്കുമുകലിലൂടെ വെള്ളം കവിഞ്ഞൊഴുകും. പിന്നെ ഒരു വെള്ളച്ചാട്ടം പോലെ താഴ്ച്ചയിലേക്കുപതിച്ച് പുഴ പതഞ്ഞൊഴുകും.
പുഴക്കു കുറുകെയുള്ള നടപ്പാലത്തിനു മുകളില്‍നിന്ന് വെള്ളത്തിലേക്ക് എടുത്തുചാടാന്‍ നല്ല രസമായിരുന്നു. പല കുട്ടികളും വെള്ളത്തിലേക്ക് ചാടി ഒഴുക്കിനോടൊപ്പം നീന്തിക്കൊണ്ട് പാലത്തിന്റെ സിമന്റ് തൂണില്‍ പിടിച്ചുനിന്ന് ആര്‍ത്തുചിരിച്ചു. കണ്ടുനിൽക്കുന്നവർക്ക് പേടി തോന്നും.
''ഞാനും ഇവിടന്ന് ചാടിനോക്കട്ടെ..?'' എന്റെ ചോദ്യത്തിന് ഷബീറലി തലയാട്ടി.
അങ്ങനെ സാഹസികരായ കുട്ടികളോടൊപ്പം അന്ന് ഞാനും പാലത്തില്‍ നിന്ന് കുത്തിയൊഴുകുന്ന വെള്ളത്തിലേക്ക് എടുത്തുചാടി..!
ശക്തമായ ഒഴുക്കില്‍ പൊങ്ങിക്കിടന്ന് കൈകാലിട്ടടിച്ച് പാലത്തിന്റെ ഏതോ ഒരു സിമന്റു കാലില്‍ ഒരുവിധത്തില്‍ പിടിച്ചുനിന്നു.
പിടിവിട്ടുപോയാല്‍ താഴേക്കുപതിക്കുന്ന കുത്തൊഴുക്കിലേക്ക് ഞാന്‍ എന്നെന്നേക്കുമായി അപ്രത്യക്ഷനാകും! കൈകൾ തണുത്ത് മരവിച്ചു. പിടിവിടാതിരിക്കാന്‍ കഴിയുന്നത് ശ്രമിച്ചെങ്കിലും പിടിച്ചുനിൽക്കാനാവുന്നില്ല.
ഞാൻ ഉറക്കെ കരഞ്ഞു. വെള്ളത്തിന്റെ ശബ്ദത്തിൽ എന്റെ കരച്ചിൽ ആരും കേട്ടില്ല. അടുത്തൊന്നും കൂട്ടുകാരാരുമില്ല.
എന്നെ മരണത്തിനു വിട്ടുകൊടുക്കാതെ, ജീവിതത്തിലേക്കുതന്നെ തിരിച്ചുകയറാന്‍ അന്നെനിക്കുനേരെ കൈനീട്ടിയ
അദൃശ്യൻ ആരായിരുന്നു..?
ആകസ്മികനിമിഷങ്ങളില്‍ നമുക്കുനേരെ കരുതലിന്റെ കൈനീട്ടിത്തരുന്ന ഒരു അദൃശ്യനെ അനുഭവിക്കാത്തവർ ആരെങ്കിലുമുണ്ടോ?
മരണത്തിന് എന്നെ റാഞ്ചിക്കൊണ്ടുപോകാന്‍ എതെയെത്ര കാരണങ്ങളുണ്ടായിരുന്നു എനിക്കു ചുറ്റിലും! എന്നിട്ടും ഞാനിപ്പോഴും ജീവനോടെ..!
എന്റെ തൊട്ടുമുമ്പ്, ഉമ്മയുടെ ഗര്‍ഭകോശത്തില്‍ സൃഷ്ടിയുടെ സൂക്ഷ്മസ്പന്ദനങ്ങളറിഞ്ഞവനായിരുന്നു അവന്‍, എന്റെ സഹോദരന്‍!
ബാപ്പയും ഉമ്മയും അവന് 'അബ്ദുല്‍ മജീദ്' എന്ന് പേരിട്ടു. മൂന്നു പെണ്‍ മക്കള്‍ക്കു ശേഷം ഈ ഭൂമിയിലെക്കു വിരുന്നുവന്നവനായിരുന്നു എന്റെ സഹോദരന്‍.
ഉമ്മയുടെ അഞ്ചാമത്തെ പ്രസവമടുത്തപ്പോള്‍ പതിവുപോലെ രണ്ടുമുറികള്‍ മാത്രമുള്ള വീട് പ്രസവമുറിയായി. പൊളിയില്ലാത്ത വാതിലിനു മറയായി വെള്ളത്തുണികൊണ്ടുള്ള വിരി തൂങ്ങി.
'നമ്പല'ത്തിന്റെ വേദന തുടങ്ങിയപ്പോള്‍ പേറെടുക്കാൻ 'പേറ്റിച്ചി'യെ തിരഞ്ഞ് ആളുപോയി.
പാതിരക്കു തൊട്ടുമുമ്പായി, കുറ്റിച്ചൂട്ട് മിന്നി, ചെരാങ്കുന്നിറങ്ങി പാന്താത്ത വന്നു.
പൊക്കിള്‍കൊടി മുറിക്കാനുള്ള 'മാറാങ്കത്തി'യും വെറ്റിലക്കെട്ടും അമ്മിത്തിണ്ടിന്മേൽ വെച്ച് പാന്താത്ത നിലത്തിരുന്നുകൊണ്ട് പറഞ്ഞു:
''പടച്ചോൻ സഹായ്ച്ചിട്ട് എല്ലം സലാമത്താകും..''
അതിനിടെ സഹായത്തിനായി അയല്പക്കത്തുനിന്ന് 'ആമ്മ' വന്നു. ഞങ്ങളുടെ തൊട്ടടുത്ത വീട്ടിലെ ആയിശുമ്മത്താത്തയെ ഞങ്ങൾ അങ്ങിനെയായിരുന്നു വിളിച്ചിരുന്നത്.
ആകാശത്ത് നക്ഷത്രങ്ങൾ മിഴിതുറന്നിരിക്കുന്ന രാത്രിയുടെ ഏതോ യാമത്തിൽ, മണ്ണുതേച്ച ഒറ്റമുറിത്തറയിലെ ഓലപ്പായയില്‍ കിടന്ന് ഉമ്മ പ്രസവിച്ചു.
കാലത്തിന്റെ ചാക്രികതാളങ്ങളുടെ ഇടവേളകളില്‍ അതേ മുറിയില്‍ കിടന്ന് അതേ നിലയില്‍ ഒന്നല്ല, ഒമ്പത് മക്കളെ ഉമ്മ പ്രസവിച്ചു.
ഒമ്പത് കുഞ്ഞിക്കരച്ചിലുകളില്‍ അഞ്ചാമത്തേതായിരുന്നു അബ്ദുല്‍ മജീദ്. ശ്വേതവര്‍ണ്ണമുള്ള സുമുഖനായ കുഞ്ഞ്.
തെങ്ങോലകൊണ്ട് മറച്ചുണ്ടാക്കിയ മുറ്റത്തെ കുളിമുറിയില്‍ 'മൊച്ചിങ്ങ' അരച്ചുണ്ടാക്കിയ കുഴമ്പ് തേച്ച്, കമുകിന്‍പാളയില്‍ കിടത്തി അവനെ ഉമ്മ കുളിപ്പിച്ചു.
ഒറ്റത്തിരിയുള്ള കുപ്പിവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ ഉമ്മയവനെ 'ലായില..' പാടിയുറക്കി.
ഒന്നുരണ്ടാഴ്ചകള്‍ കഴിയുന്നതിനുമുമ്പുതന്നെ പ്രസവാനന്തര ചിട്ടകളൊക്കെ മാറ്റിവെച്ച് ഉമ്മ ഞങ്ങൾക്ക് ഭക്ഷണമൊരുക്കാൻ അടുക്കളയില്‍ തിരക്കിലായി. രാത്രി നിർത്താതെ കരയുന്ന കുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ച് ഉമ്മ ഉറങ്ങാതെ കിടന്നു. അവൻ ചില രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങുകയായിരുന്നു.
ദിവസങ്ങൾ കഴിയുന്തോറും അബ്ദുല്‍ മജീദിന്റെ രോഗലക്ഷണങ്ങള്‍ കൂടിക്കൂടിവന്നു. മുലപ്പാല്‍ തീരെ കുടിക്കാതെയായി. ശരീരത്തിനു നിറമാറ്റം വന്നു.
മഞ്ഞബേഗും കക്ഷത്തിലിറുക്കിപ്പിടിച്ച് 'അസ്‌ലാന്‍ ബൈച്യര്‍' വന്നു.
വെളുത്ത കുറ്റിത്താടി തടവി അയാൾ വരാന്തയിലെ പടിയിലിരുന്നു.
വാതിൽ പൊളിയുടെ പിന്നിൽ തട്ടത്തിന്റെ ഒരറ്റം കൊണ്ട് വായ മൂടിപ്പിടിച്ചുകൊണ്ട് ഉമ്മ കുഞ്ഞിന്റെ രോഗലക്ഷണങ്ങൾ ഓരോന്നായി പറയാൻ തുടങ്ങി.
ബേഗ് തുറന്ന് ഒരു ചെറിയ ഡെപ്പിയിൽ നിന്നും തവിട്ടുനിറമുള്ള പൊടിയെടുത്ത് കൈവെള്ളയിലേക്കിട്ട് മൂക്കിലേക്ക് വലിച്ചുകയറ്റി ഒന്ന് തുമ്മിയശേഷം വൈദ്യർ പറഞ്ഞു:
''കുട്ടീനൊന്ന് കാണ്ണം..''
ഉമ്മ വെള്ള തുണിക്കഷ്ണത്തിൽ പൊതിഞ്ഞ കുഞ്ഞിനെ എടുത്തുകൊണ്ട് വന്ന് കോലായിലേക്ക് നീട്ടിപ്പിടിച്ചു. വൈദ്യർ ഇരുന്ന ഇരുപ്പിൽത്തന്നെ തലയല്പം പിന്നിലേക്ക് തിരിച്ച് കുഞ്ഞിനെ ഒന്നുരണ്ട് പ്രാവശ്യം നോക്കി.
വൈദ്യർ അല്പസമയം ആലോചിച്ചിരുന്നു. പിന്നെ രണ്ടു കൈകളും കാൽമുട്ടിനുമുകളിൽ വെച്ചുകൊണ്ട് വിദൂരതയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു:
''മോല്യാരട്‌ത്തേക്ക് ആളെ പറഞ്ഞ് ബ്‌ടണം.. ബെക്കം ബെരാമ്പറ്യേണം.. ''
പിറ്റേന്ന്, ദൂരെയെവിടെയോ ഒരു അറബിക്കോളേജിലെ അധ്യാപകനായ ബാപ്പയെത്തിരഞ്ഞ് ആള് പോയി. വൈകുന്നേരം ബാപ്പ വന്നു. പിറ്റേന്ന് രാവിലെ വൈദ്യര് ബാപ്പയെ കാണാനായി വീട്ടിൽ വന്നു.
ഓരൊരൊ കാര്യങ്ങൾ സംസാരിക്കുന്നതിനിടയിൽ വൈദ്യര്‍ ബാപ്പയൂടെ അടുത്തേക്ക് അല്പം നീങ്ങിയിരുന്നുകൊണ്ട് പറഞ്ഞു:
''ഓളറിയണ്ട, കുട്ടിന്റെ ദീനം കൊറച്ച് കൂടിപ്പോയ്റ്റ്ണ്ട്.. കവിഞ്ഞാ രണ്ടീസം കൂടി..''
അത്യുഷ്ണമുള്ള ഒരു വേനല്‍ക്കാല രാത്രിയില്‍, പാളകൊണ്ടുള്ള വീശറി വീശിക്കൊടുത്തുകൊണ്ട്, പുറത്തെ ഇരുട്ടിൽ പാറിക്കളിക്കുന്ന മിന്നാമിനുങ്ങുകളെ നോക്കിക്കൊണ്ട് ഉമ്മ കുഞ്ഞിനെയുമെടുത്ത് അടുക്കളവാതിൽക്കലിരുന്നു. ഉമ്മ ശരിക്കൊന്നുറങ്ങീട്ട് രണ്ടുമൂന്ന് ദിവസമെങ്കിലുമായിട്ടുണ്ടാവും.
ഇടക്കിടക്ക് ഉമ്മ ഉറക്കത്തിലേക്കാടിവീണുപോകുന്നതുകണ്ട് ബാപ്പ ഉമ്മയുടെ അടുത്തുവന്നുകൊണ്ട് പറഞ്ഞു:
''പോയ് കൊറച്ച് കെടന്നോ... ഓനെ ഞാന്നോക്കിക്കോളാം..''
രാത്രിയുടെ ഏതോ നിശ്ശബ്ദയാമത്തില്‍ കുഞ്ഞുമുഷ്ടികള്‍ ചുരുട്ടിപ്പിടിച്ച് അബ്ദുല്‍മജീദ് ഒന്നു കരഞ്ഞു. അര്‍ദ്ധനിദ്രയില്‍ കരച്ചിൽ കേട്ട് ഉമ്മ വീണ്ടും എഴുന്നേറ്റുവന്നു.
പാതിതുറന്ന മിഴികളിള്‍ ബാപ്പയുടേയും ഉമ്മയുടേയും മങ്ങിയ മുഖങ്ങള്‍ ഒളിപ്പിച്ചുവെച്ചുകൊണ്ട് മിന്നാമിനുങ്ങുകൾക്കിടയിലൂടെ അവന്‍ ഈ ലോകത്തുനിന്നും എന്നെന്നേക്കുമായി പറന്നുപോയി.
രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം അതേ മണ്ണുതേച്ച മുറിയില്‍ അവന്റെ മുറിഞ്ഞുപോയ നിശ്വാസത്തില്‍ തുന്നിച്ചേര്‍ത്താണ് എന്റെ ശ്വാസം തുടങ്ങുന്നത്!
ഗര്‍ഭകൂടാരത്തിന്റെ ഭിത്തികളില്‍ അവന്റെ കുഞ്ഞുനഖങ്ങള്‍ കോറിയിട്ട അവ്യക്ത ലിപികളാണ് ഞാന്‍ ആദ്യം വായിച്ച അക്ഷരങ്ങള്‍!
ജനിമൃതികളുടെ പൊരുളെന്താണെന്ന് ആരെങ്കിലുമെനിക്ക് പറഞ്ഞുതരാമോ..?
എന്റെ കുഞ്ഞുസഹോദരനെ മരണം പിടികൂടാൻ കാരണമായ
അതേ രോഗം, ടൈഫോയ്ഡ്, പിന്നീടൊരിക്കല്‍ അതേ തീവ്രതയോടെ എനിക്കുമുണ്ടായിരുന്നല്ലോ!
എന്നിട്ടും ജീവിതത്തിന്റെ നേര്‍വരമ്പുകളിലൂടെ ഞാനിന്നും എന്തുകൊണ്ടാണ് സുഖമായി നടന്നുപോകാനാവുന്നത്..?
''ഒരാള്‍ പിറക്കുമ്പോൾ ഒരു മരണവും ജനിക്കുന്നു. ജനനത്തിന്റെ മറ്റൊരു പേരാണല്ലോ മരണം! മാതാവിന്റെ ഗര്‍ഭത്തില്‍നിന്ന് ഭൂമിയുടെ ഗര്‍ഭത്തിലേക്ക് നീ തിരിഞ്ഞുകിടന്നതേയുള്ളൂ. യഥാര്‍ത്ഥ ജീവിതത്തിലേക്ക് ഇനിയും നീ പിറക്കാനിരിക്കുന്നേയുള്ളൂ..!''
എന്റെ ഉള്ളിൽനിന്നും ആരോ വിളിച്ചുപറയുന്നപോലെ എനിക്കു തോന്നി. ആ ശബ്ദം കൂടുതൽ കൂടുതൽ കേൾക്കാനായി ഞാൻ കാതോർത്തു.
''സൃഷ്ടിസംഹാരങ്ങളുടെ യുക്തി നിനക്കറിയില്ല! ദേഹിയാല്‍ ഉപേക്ഷിക്കപ്പെടുന്ന ദേഹത്തിന്റെ പരിണിതിയും നിനക്കറിയില്ല! അതിനാൽ നീ നിന്റെ കർമ്മത്തിലേക്ക് തിരിയുക! അതാണ് നിനക്ക് നിന്നെ തിരിച്ചറിയാനുള്ള എക മാർഗം!''
എനിക്കൊന്നും മനസ്സിലാകുന്നില്ല.. എനിക്കൊന്നും മനസ്സിലാകുന്നില്ല! എന്റെ ശബ്ദം പുറത്തേക്ക് വരാതെ ഉള്ളിലെവിടെയോ കുടുങ്ങി.
''നാമങ്ങള്‍ പഠിപ്പിക്കപ്പെട്ടത് നിങ്ങള്‍ക്കായിരുന്നല്ലോ! അതിൽ നിന്ന് ആശയങ്ങള്‍ ഗ്രഹിക്കാൻ കഴിവുള്ളവരും നിങ്ങൾ തന്നെ! ആത്മജ്ഞാനങ്ങള്‍ ഒളിച്ചിരിക്കുന്നത് പുസതക മടക്കുകളിലല്ല, ജീവിതത്താളുകളിലാണ്. അതിനാൽ ജീവിതത്തിന്റെ ഉച്ചവെയിലിലേക്ക് ഇറങ്ങി നടക്കുക! അപ്പോൾ നിനക്കെല്ലാം മനസ്സിലാവും..!''
ശ്ലഥചിന്തകളുടെ ഒഴുക്കുനിലച്ചു. ഉയര്‍ച്ചയില്‍ നിന്ന് താഴ്ച്ചയിലേക്ക് ജലമൊഴുകി, പുഴയൊഴുകി, കഥയൊടുങ്ങാതെ പകലൊടുങ്ങി!
.......................................................................
അദ്ധ്യായം :- 09
ജനിമൃതികളുടെ പൊരുളറിയാതെ!
(റസാഖ് വഴിയോരം) ....
.............................................................................
Subscribe to:
Post Comments (Atom)
No comments:
Post a Comment