Sunday, January 23, 2022

അവതാരിക‌ :‌ 'ആത്മ നൊമ്പരങ്ങളുടെ അത്താഴ വിരുന്ന്'

അവതാരിക‌ : 

'ആത്മ നൊമ്പരങ്ങളുടെ അത്താഴ  വിരുന്ന്'

...........................................................................

കഥയുള്ളവരാവണമെങ്കിൽ ദൈവമോ രാജാവോ പ്രഭുവോ ആകണം. ദേശത്തിന്  കഥ ഉണ്ടാവണമെങ്കിൽ ഈ പറഞ്ഞ ആരെങ്കിലും ജനിക്കുകയോ പടനയിക്കുകയോ മരിക്കുകയോ ചെയ്തിട്ടുള്ളതുമായിരിക്കണം. "മുമ്പൊരു രാജാവുണ്ടായിരുന്നു" എന്നു തുടങ്ങുന്നതായിരുന്നുവല്ലോ നാം കേട്ട കഥകൾ അധികവും.  ജീവിതം എന്ന യഥാർത്ഥ പടക്കളത്തിൽ പോരാടി വിജയിക്കുകയും പരാജയപ്പെടുകയും  ചെയ്തവന്  കഥയില്ലായിരുന്നു, ഈ അടുത്തകാലം വരെ. കഥകൾ, വരേണ്യതയെ വകഞ്ഞുമാറ്റി ഭൂമിയിലേക്ക് ഇറങ്ങി വന്നത് ഒരു വലിയ വിപ്ലവത്തിന്റെ തുടക്കമായിരുന്നു .ലോകത്തിൻറെ എല്ലാ ഭാഗത്തുമുള്ള സാഹിത്യകാരന്മാരും എഴുത്തുകാരും ഇക്കാര്യത്തിൽ വലിയ സംഭാവന നൽകി.  മലയാളത്തിൽ  ബഷീറും, ഉറൂബും പൊറ്റക്കാടും എം ടി യും ഒ വി വിജയനും യു എ ഖാദറുമെല്ലാം എഴുതിയെഴുതി സാധാരണക്കാരന്റെ ജീവിതത്തെ  ജ്വലിപ്പിച്ചവരായിരുന്നു. അപ്പോൾ ഇടവഴികൾക്കും പാടങ്ങൾക്കും കുളങ്ങൾക്കും ചന്തകൾക്കും കള്ളുഷാപ്പിനുമെല്ലാം  കഥയുണ്ടായി വന്നു . അതിരാണിപ്പാടവും എണ്ണപ്പാടവും തസ്രാക്കും തൃക്കോട്ടൂരുമെല്ലാം ഈ പുകൾപെറ്റ ഭ്രമഭൂമിയിലെ പൊലിമയാർന്ന കഥാ  കേന്ദ്രങ്ങളായി വന്നു. ഇന്ന് രാജാക്കന്മാരുടെ പടക്കങ്ങളിലെ  ആയുധങ്ങളുടെ തിളക്ക വർണ്ണനകളെക്കാളും പ്രഭുക്കളുടെ ഭോഗകാമനകളെക്കാളും ജനങ്ങൾ കൊണ്ടാടുന്നത് സാധാരണക്കാർ അങ്കം കുറിക്കുന്ന ജീവിത ഭൂമിയും അതിലെ തീക്ഷ്ണ  യാഥാർത്ഥ്യങ്ങളുമടങ്ങിയ കഥകളെയാണ്.  ദേശങ്ങൾ അറിയുന്നത് കഥാകാരനിലൂടെയാണ്, കഥാകാരൻ അറിയുന്നത് ദേശങ്ങളിലൂടെയുമാണ്.


കോഴിക്കോട് ജില്ലയിലെ ഉൾഗ്രാമമായ കൊടിയത്തൂരിൽ മുകളിൽ പറഞ്ഞവരാരും ജനിച്ചിട്ടും മരിച്ചിട്ടുമില്ല. എഴുതിപ്പൊലിപ്പിക്കാൻ അറിയപ്പെടുന്ന ഒരു കഥാകാരനും ഇവിടെ ജന്മം കൊണ്ടിട്ടുമില്ല. മറേറതാരു പ്രദേശത്തെയുo പോലെ അതിതീവ്രവും ഹൃദ്യമായ ഒത്തിരി കഥാമുഹൂർത്തങ്ങളുടെ നാടായ  ഈ ദേശം വേണ്ട രീതിയിൽ എഴുതപ്പെടുകയോ വായിക്കപ്പെടുകയോ ചെയ്തിട്ടില്ല എന്ന് തോന്നാറുണ്ട് ചിലപ്പോൾ. തലമുറകളെ പോറ്റാൻ  എല്ലുമുറിയെ മണ്ണിനോട് പടവെട്ടിയ ആണും പെണ്ണും, തീക്ഷ്ണമായ ജീവിതാനുഭവത്തിൽ എല്ലാവരെക്കാളും ഒരു പണത്തൂക്കം മുന്നിലത്രെ. സഹജീവി സ്നേഹത്തിന്റെയും മാനവസൗഹാർദ്ദത്തിന്റെയും, നക്ഷത്രങ്ങളെപ്പോലും നാണിപ്പിക്കുന്ന നാൾവഴികളുടെ ഉടമകൾ ഇവിടെയുണ്ട്. 

വിശപ്പിന്റെയും വേദനകളുടെയും നിരക്ഷരതടെയും ഉള്ളുലക്കുന്ന, പേടിപ്പെടുത്തുന്ന സങ്കടവിചാരങ്ങൾ കാരിരുമ്പിൻ മനക്കട്ടിയോടെ നേരിട്ട തലമുറകളുടെ അസ്ഥിക്കഷ്ണങ്ങൾ ഇവിടുത്തെ ശ്മശാനങ്ങളിൽ സ്പന്ദിക്കുന്നുവെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിലും  അതൊക്കെ ആരെങ്കിലും ഒന്നെഴുതി കിതാബിലാക്കിയിരുന്നെങ്കിൽ എന്ന് പലപ്പോഴും വിചാരിച്ചു പോയിട്ടുണ്ട്.


റസാഖ് വഴിയോരത്തിൻറെ  ഈ 'എഴുതലുകൾ' അതിലേക്കുള്ള ഒരു കാൽവെപ്പാണെന്ന് നിസ്സംശയം പറയാനാകും. തീർച്ചയായും ഈ ദേശത്തിൻറെ കഥയാണിത്. ഇരുവഴഞ്ഞി പ്പുഴയുടെ തീരത്ത് തുടങ്ങുകയും ഒടുങ്ങുകയും ചെയ്തവരുടെ ആശകളും നിരാശകളും, നോവുകളും സന്തോഷങ്ങളും, സന്താപങ്ങളുമെല്ലാം  ഇതിലുണ്ട്. കുട്ടിക്കാലത്ത് അനുഭവിച്ച ഒട്ടേറെ  അനുഭവങ്ങളുടെ ഓർമ്മപ്പെടുത്തലുകൾ കണ്ടപ്പോൾ സന്തോഷമാണോ സങ്കടമാണോ തോന്നേണ്ടത് എന്ന് ചിന്തിച്ചു പോയി. ജിന്നും ഇഫ്രീത്തും വാഴുന്ന ഇടവഴികളും പുറമ്പോക്കുകളും, കുറ്റിച്ചൂളാൻ കരയുന്ന പുഴക്കരകളും, പാമ്പിൻറെ ഉറ കാലിൽ തട്ടിക്കൊണ്ട് മാത്രം സഞ്ചരിക്കാവുന്ന പാണൽക്കാടുകളുടെ മധുരമൂറുന്ന കായ്കളും, എല്ലാം എല്ലാം ഓർമയിലൂടെ മിന്നി  മറയുകയായിരുന്നു.


നെഞ്ചത്തടിച്ചു കൊണ്ടുള്ള ആർത്ത് കരച്ചിൽ ഒരാൾക്കും അധികനേരം തുടരാനാവില്ല ,എന്നാൽ സങ്കടപ്പെടുന്ന നിറഞ്ഞ കണ്ണുകളോടെ  വിദൂരതയിലേക്ക് നോക്കി ഒരാൾ അങ്ങനെ ഇരിക്കുകയാണെങ്കിൽ, ആ ഇരിപ്പ്  കാണുന്നവർക്കും കേൾക്കുന്നവർക്കും അസഹനീയമാണ്. ഗ്രന്ഥകർത്താവിന്റ കണ്ണ് നിറച്ചു കൊണ്ടുള്ള ഇരിപ്പ്

 മനസ്സിനെ വായ

രചനയിലുടനീളം വായനക്കാരനെ വേട്ടയാടുന്നു. തൻറെ ചിന്തകളും വിഹ്വലതകളും  വായനക്കാരിലേക്ക് ചൂടോടെ കൈമാറാൻ ശേഷിയുണ്ടാകുമ്പോഴാണ് ഒരെഴുത്തുകാരൻ വിജയിക്കുന്നത്. "റസാഖിനന്റ ഈ ഇതിഹാസം"  വിജയിച്ച ഒരു കൃതിയാണെന്ന് ഞാൻ നിസ്സംശയം പറയും.


ആലോചിച്ചുനോക്കൂ, മണ്ണിനടിയിലകപ്പെട്ട മരങ്ങളും ജൈവാവശിഷ്ടങ്ങളും നിശ്ചലമായ ഫോസിലുകളായി കോടാനുകോടി വർഷം മണ്ണിൽ അമർന്നു സുഷുപ്തി കൊണ്ടതിനാലാണ് ലോകം ഇന്ന് ചലിക്കുന്ന പെട്രോളും ഉപോൽപ്പന്നങ്ങളുമുണ്ടായത്. മനസ്സിനുള്ളിലെ സമ്മർദ്ദപ്പെട്ട് അടിഞ്ഞു പോയ ചിന്തകളും മോഹങ്ങളും കാമനകളും എല്ലാം ഞെരിഞ്ഞമർന്ന ഘനീഭവിച്ചാൽ മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും, ചലനവേഗം സമ്മാനിക്കുന്ന ചോദകങ്ങളായി രൂപാന്തരപ്പെട്ടതായി രിക്കാം റസാക്ക് വഴിയോരത്തിന്റെ ഫലിത മുഖo എന്ന്, കഥകൾ വായിച്ചപ്പോൾ ന്യായമായും ശങ്കിച്ചു പോകുന്നു. ഹോം സിനിമകളുടെ തിരക്കഥാകാരൻ എന്ന നിലയിൽ നേരത്തെ ജനകീയനായ എഴുത്തുകാരൻ വൈകിയാണെങ്കിലും തൻറെ യഥാർത്ഥ തട്ടകം തിരിച്ചറിഞ്ഞു, സ്വയം വരിക്കുന്നു, ഈ കൃതിയിലൂടെ. ജീവിതത്തെ സൂഫി സമാനമായ നിസ്സംഗതയോടെ  കാണുന്നവർക്കേ സ്വന്തത്തെയും അതുവഴി സമൂഹത്തെയും വിമർശിക്കാനും വിലയിരുത്താനും പരിഹസിക്കാനും തരം കിട്ടൂ.

ഹോം  സിനിമകളിൽ നിന്ന് ആനിമേഷൻ ചിത്രങ്ങളിലേക്ക് സഞ്ചരിച്ച് സാഹിത്യ വാഞ്ച ഇനിയും ആർക്കും പിടികൊടുക്കാതെ മുന്നോട്ട് തന്നെ കുതിക്കട്ടെ, എഴുത്തിലൂടെ.


ആത്മകഥാ ഗന്ധിയായ ഗ്രന്ഥകാരന്റ ഈ രചനയിൽ കഥയുണ്ട്, കാലമുണ്ട്, ദേശമുണ്ട് സർവ്വോപരി ജീവൻറെ സ്പന്ദനങ്ങളുമുണ്ട്. ഇതിലെ കഥാപാത്രങ്ങൾ നമ്മുടെ മുന്നിലൂടെ നിത്യവും കടന്നുപോകുന്നവരായതിനാൽ അപരിചിതത്വമോ വെച്ച് കേട്ടലോ തോന്നുന്നില്ല. സോഷ്യൽ മീഡിയയിൽ ഇവയിൽ ഒന്ന് വായിച്ച് എൻറെ ഒരു സുഹൃത്ത്  അടുത്തതയച്ചു തരണേ എന്ന് രണ്ടുമൂന്നു തവണ മെസ്സേജ് വിട്ടത് ഓർമവരുന്നു. കൈക്കുറ തീർന്ന എഴുത്തിൻറെ, ആർജ്ജവമുള്ള ആഹ്വാനങ്ങൾ ഒരിക്കലും ഒരു തുടക്കക്കാരന്റെ  ലക്ഷണo കാണിക്കുന്നില്ല. ഞങ്ങളുടെ ദേശക്കാർക്ക് ഇതിനോടൊപ്പം വെക്കാൻ  മറ്റൊരു ഒരു കൃതിയില്ലയെന്ന് ഞാൻ വിചാരിക്കുന്നു. എഴുത്തിന്റെ വഴിയിൽ ഇനിയും കുറേ മുന്നോട്ടുള്ള  'മുതല്'  കയ്യിലുണ്ടെന്ന് വരികൾ വിളിച്ചോതുന്നുണ്ട്. കഥയില്ലാത്ത ഒരു ദേശത്തിന് കഥയുടെ കിരീടം നൽകി നൽകി എഴുന്നള്ളിക്കുന്ന പ്രിയ സുഹൃത്തിന്റെ സൃഷ്ടി വൈശിഷ്ട്യത്തെ സഹൃദയം ലോകം സന്തോഷത്തോടെ ഏറ്റുവാങ്ങും എന്നെനിക്കുറപ്പിച്ചു പറയാൻ കഴിയും..... മംഗളങ്ങൾ

...........................................

എം‌. അബ്ദുൽകരീം‌

..........................................

No comments:

Post a Comment